ബെയ്ജിങ് ∙ ജനിച്ച് 30 മണിക്കൂർ മാത്രമായ കുഞ്ഞിനും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച് ചൈന. ഇതുവരെ കൊറോണ ബാധ സ്ഥിരീകരിച്ചതിൽ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് ഈ കുഞ്ഞെന്ന് ചൈനീസ് വാർത്താ ഏജൻസി പറയുന്നു. കൊറോണയുടെ പ്രഭവ കേന്ദ്രമായ വുഹാനിലാണു സംഭവം. ഗർഭിണിയായ അമ്മയിൽനിന്നു വെർട്ടിക്കൽ ട്രാൻസ്മിഷൻ വഴി കുഞ്ഞിലേക്കു വൈറസ് പടർന്നതാകാം എന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.
പ്രസവത്തിനു മുൻപ് അമ്മയ്ക്കു വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നുവെന്നാണു വിവരം. എന്നാൽ പരിശോധനയിൽ നെഗറ്റിവ് ആയിരുന്ന മറ്റൊരു യുവതി ജന്മം നൽകിയ കുഞ്ഞിനും തിങ്കളാഴ്ച കൊറോണ സ്ഥിരീകരിച്ചതായി ചൈനയുടെ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് െചയ്തു. ഡിസംബറിൽ വുഹാൻ മാർക്കറ്റിലെ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കു പടർന്നതാകാം എന്നു വിശ്വസിക്കുന്ന കൊറോണ ഇതുവരെ അഞ്ഞൂറോളം പേരുടെ ജീവനാണു കവർന്നത്.
ഷെറിൻ പി യോഹന്നാൻ
ഒരു യന്ത്രം കണക്കെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന മണിലാൽ രാമചന്ദ്രൻ.. നിർവികാരമായി മുന്നോട്ട് പോകുന്ന ജീവിതം… അന്യനാട്ടിലെ ഏകാന്തവാസം അയാളെ തീർത്തും ഒരു മരവിച്ച മനസ്സിന് ഉടമയാക്കി തീർത്തു. ഇവിടെ നിന്നാണ് കൃഷാന്ദ് സംവിധാനം ചെയ്ത വൃത്താകൃതിയിലുള്ള ചതുരം കഥ പറഞ്ഞു തുടങ്ങുന്നത്. മലയാളത്തിൽ നിന്ന് മത്സരവിഭാഗത്തിൽ പ്രദർശിപ്പിച്ച രണ്ടുചിത്രങ്ങളിൽ ഒന്ന്.
കൊറിയയിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആണ് മണി. ഇന്റർവ്യൂന് വേണ്ടി തന്റെ പ്രൊഫൈൽ കാണാതെ പഠിക്കുന്ന മണിയെ ആണ് ആദ്യം പരിചയപ്പെടുക. എന്നാൽ അപ്രതീക്ഷിതമായ ആ വിളി അയാളെ നാട്ടിലേക്ക് പോകാൻ നിർബന്ധിതനാകുന്നു. സ്വന്തം അച്ഛന്റെ മരണവാർത്തയാണ്. യാതൊരു ഭാവമാറ്റവും കൂടാതെ മണി അത് കേൾക്കുന്നു. തിരുവനന്തപുരത്തേക്ക് തിരിച്ചെത്തുന്ന മണി പിന്നീട് നടത്തുന്ന യാത്രകളും കണ്ടുമുട്ടുന്ന ജീവിതയാഥാർഥ്യങ്ങളുമാണ് സിനിമ ചർച്ച ചെയ്യുന്നത്.
ഒറ്റയ്ക്കു ജീവിച്ച അച്ഛൻ വീട്ടിൽ കിടന്ന് മരിച്ച്, നാല് ദിവസം അവിടെ തന്നെ കിടക്കുന്നു. ആദ്യം ‘തന്നെ’ കാണാതെ പഠിച്ച മണി പിന്നീട് അച്ചന്റെ മരണത്തെ കാണാതെ പഠിക്കുന്നു. പിന്നീട് അച്ചന്റെ സൈക്കിളിൽ എറണാകുളത്തേക്കും പിന്നീട് കുംതയിലേക്കും അവിടെ നിന്ന് മൃദുലനും ചിന്നുമായി വരാണസിയിലേക്കും യാത്ര നടത്തുന്ന മണി ജീവിതം തിരിച്ചറിയുന്നു.. കുടുംബബന്ധങ്ങൾ അറിയുന്നു… മനുഷ്യനെ അടുത്തറിയുന്നു. കൊറിയയും കേരളവും കർണാടകയും വരാണസിയും സിനിമയിൽ നിറയുന്നു. സൈക്കിളും വിമാനവും തീവണ്ടിയും യാത്രയ്‌ക്കെത്തുന്നു.. പുഴയും മലയും കാടും കാഴ്ചക്കാരന് വിരുന്നേകുന്നു.
യാത്രയും മരണവും ജീവിതവും കൂട്ടിയിണക്കിയ ചിത്രം. അവസാനം മോക്ഷഗംഗയിൽ മുങ്ങിനിവരുന്ന മണി അസ്വസ്ഥമായ സ്വപ്നങ്ങളിൽ നിന്നും മോചിതനാവുന്നു… വികാരമുള്ളവനായി മാറ്റപ്പെടുന്നു. ഏകാന്ത വാസവും നഷ്ടമാകുന്ന പിതൃ – പുത്ര ബന്ധവും സിനിമയിൽ നിറയുന്നു. മരണവും നീണ്ട യാത്രയും കൂട്ടിയിണക്കി സ്വാഭാവിക നർമത്തിൽ തന്നെ കഥ പറഞ്ഞവസാനിപ്പിക്കുന്നു. മാതാപിതാക്കളെ ഒറ്റയ്കാക്കുന്ന മക്കൾ കണ്ടിരിക്കേണ്ട ചിത്രം.
സ്വന്തം ലേഖകൻ
ബ്രിട്ടൻ :- തന്റെ മുന്നിലെത്തിയവർക്കു ആവശ്യമില്ലാതെ സർജറികൾ നടത്തിയ ബ്രെസ്റ്റ് സർജൻ ഇയാൻ പാറ്റേഴ്സൺ വൈദ്യശാസ്ത്രരംഗത്തിനാകമാനം നാണക്കേടാണ്. തന്റെ 14 വർഷം നീണ്ട കരിയറിൽ നൂറോളം പേർക്കാണ് അദ്ദേഹം ആവശ്യമില്ലാതെ സർജറികൾ നടത്തിയത്. എൻഎച്ച്എസ് ആശുപത്രികളിലും, വെസ്റ്റ് മിഡ്‌ലാൻഡിലെ പ്രൈവറ്റ് ആശുപത്രികളിലും അദ്ദേഹം വർഷങ്ങളോളം സേവനമനുഷ്ഠിച്ചിട്ടുണ്ട്. തന്നെ മുന്നിൽ എത്തിയ ക്യാൻസർ രോഗികൾക്ക്, സ്തനനീക്കം ആവശ്യമില്ലെങ്കിൽ കൂടി അദ്ദേഹം നിർബന്ധിച്ച് ചെയ്തു. ചിലർക്ക് ക്യാൻസർ ഉണ്ടായിരുന്നില്ല എന്ന കണ്ടെത്തലാണ് പിന്നീടുള്ള അന്വേഷണത്തിൽ പുറത്തുവന്നിരിക്കുന്നത്. ഇദ്ദേഹത്തെ ഇരുപത് വർഷത്തെ ജയിൽ ശിക്ഷയ്ക്ക് വിധിച്ചിരിക്കുകയാണ്.
ആരോഗ്യ മേഖലയിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവരണമെന്ന് ആവശ്യങ്ങൾ വളരെ ശക്തമായി ഉയർന്നിട്ടുണ്ട്. പുതിയൊരു റിപ്പോർട്ട് പ്രകാരം സർജറി നടത്തുന്നതിനു മുൻപ് രോഗിക്ക് ആലോചിക്കാനുള്ള സമയം നൽകേണ്ടത് വളരെ അത്യാവശ്യമാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. തന്റെ രോഗാവസ്ഥയെ സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും രോഗിയെ കൃത്യമായി അറിയിക്കേണ്ടതാണ്. ഈ റിപ്പോർട്ട് എൻഎച്ച്എസ് എല്ലാ ആശുപത്രികളിലും, പ്രൈവറ്റ് ആശുപത്രികളിലും നടപ്പാക്കേണ്ടതാണ് എന്ന ശക്തമായ ആവശ്യം ജനങ്ങളുടെ ഭാഗത്തുനിന്നും ഉയർന്നുവന്നിട്ടുണ്ട്.
ഇയാൻ പാറ്റേഴ്സണിന്റെ ചികിത്സയിൽ ഉണ്ടായിരുന്ന 23 രോഗികളുടെ മരണത്തെപ്പറ്റി വെസ്റ്റ് മിഡ്ലാൻഡ് പോലീസ് സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള അപാകതകൾ ഇനിയും ആരോഗ്യ സംവിധാനത്തിൽ ഉണ്ടാകാതിരിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു.
സ്വന്തം ലേഖകൻ
മരണ വൈറസ് പൊട്ടി പുറപ്പെട്ടപ്പോൾ പ്രതിരോധിക്കാൻ പരാജയപ്പെട്ട് ചൈന. ചൈനയുടെ എമർജൻസി മാനേജ്‍മെന്റ് സിസ്റ്റം വികസിപ്പിക്കണമായിരുന്നു എന്ന അപൂർവമായ കുറ്റസമ്മതം ഇപ്പോൾ നടത്തിയിരിക്കുന്നത് പോളിറ്ബ്യൂറോ സ്റ്റാന്റിംഗ് കമ്മിറ്റി ആണ്. വൈറസ് ഉത്ഭവിച്ചിരിക്കാം എന്ന് കരുതപ്പെടുന്ന അനധികൃത വനവിഭവ കച്ചവടകേന്ദ്രങ്ങൾ അടിയന്തരമായി പൂട്ടിക്കാനും തീരുമാനമായി. ഇരുപത്തിനായിരത്തിനു മുകളിൽ കേസുകൾ ഇപ്പോൾ തന്നെ സ്ഥിരീകരിച്ചു കഴിഞ്ഞു. മരണസംഖ്യ വീണ്ടുമുയർന്നു 425 ആയി.
ആരോഗ്യ രംഗത്ത് നിലവിലുള്ള കുറവുകളും പ്രശ്നങ്ങളും മനസിലാക്കുന്നു, ഉടനെ അത് നേരിടാനുള്ള നടപടികൾ ഉണ്ടാകും തുടങ്ങിയ കാര്യങ്ങൾ റിപ്പോർട്ടിൽ പറയുന്നു. നാഷണൽ എമർജൻസി മാനേജ്‍മെന്റ് സിസ്റ്റം കൂടുതൽ കാര്യക്ഷമമാക്കണം. തുടക്കത്തിൽ തന്നെ വൈറസിനെ നേരിടുന്നതിൽ രാജ്യത്തിനു പിഴവ് പറ്റി, എന്നിങ്ങനെയാണ് റിപോർട്ട് പറയുന്നത്. ആദ്യം മുതൽ തന്നെ വാർത്ത രഹസ്യമായി സൂക്ഷിക്കാൻ അധികൃതർ ശ്രദ്ധിച്ചിരുന്നു. വുഹാനിലെ ഒരു ഡോക്ടർ സഹപ്രവർത്തകരോട് വിഷയത്തിന്റെ തീവ്രത ബോധ്യപ്പെടുത്താൻ ശ്രമിച്ചപ്പോൾ, വ്യാജവാർത്ത സൃഷ്ടിച്ചു തെറ്റിദ്ധരിപ്പിക്കുന്നു എന്ന് പോലീസിൽ പരാതി വന്നിരുന്നു . പനിയോടും വരണ്ട ചുമയോടും തുടങ്ങുന്ന രോഗത്തിന്റെ മരണനിരക്ക് താരതമ്യേന കുറവാണെന്നാണ് കണ്ടെത്തൽ.
20ഓളം രാജ്യങ്ങളിൽ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ടു. 150ഓളം കേസുകൾ നിലവിൽ ഉണ്ട്. ഫിലിപ്പൈൻസ്ൽ ഒരാൾ മരിച്ചു. ചൈനയിലെ രോഗബാധിത പ്രദേശങ്ങളിൽ നിന്ന് രാജ്യങ്ങളെല്ലാം പൗരന്മാരെ രക്ഷപ്പെടുത്തിക്കൊണ്ടിരിക്കുന്നു. അങ്ങനെ വന്നവരെ 14 ദിവസം നിരീക്ഷണത്തിൽ വെച്ചിരിക്കുകയാണ്. വുഹാനിലെ 75000ത്തോളം പേർക്ക് വൈറസ് ബാധ ബാധിച്ചിരിക്കാൻ ആണ് സാധ്യത. പ്രദേശം ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ്.
ജയേഷ് കൃഷ്ണൻ വി ആർ
ഭൂരിഭാഗം കുട്ടികളും തങ്ങളുടെ കിടക്കയ്ക്കരികിൽ മൊബൈൽ ഫോൺ ഉപയോഗിച്ചാണ് ഉറങ്ങുന്നതെന്ന്പഠന റിപ്പോർട്ട് . കുട്ടികൾക്ക് വളരെ ചെറു പ്രായത്തിൽ തന്നെ മൊബൈൽ ലഭ്യമാണ്. ഏഴ് മുതൽ 16 വയസ്സ് വരെ പ്രായമുള്ളവർ മൊബൈലുകൾക്കായി ചെലവഴിക്കുന്ന ശരാശരി സമയം പ്രതിദിനം മൂന്ന് മണിക്കൂറും 20 മിനിറ്റും ആണ്. കുട്ടികളുടെ ജീവിതത്തിൽ ആധിപത്യം സ്ഥാപിക്കാൻ മൊബൈലുകൾക്ക് കഴിയുമെന്ന് ഗവേഷകൻ സൈമൺ ലെഗെറ്റ് പറയുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഫോണുകൾ എല്ലായ്പ്പോഴും വളരെ അടുത്തായിരിക്കുമ്പോൾ, കുട്ടികൾ അവ എങ്ങനെ ഉപയോഗിക്കുമെന്നതിന് മാതാപിതാക്കൾക്ക് പരിധി ഏർപ്പെടുത്തുന്നത് ബുദ്ധിമുട്ടാണ്.
അഞ്ച് മുതൽ 16 വയസ്സ് വരെ പ്രായമുള്ള 2,200 കുട്ടികളുമായുള്ള അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ സർവേ, കുട്ടികളുടെ ജീവിതത്തിൽ മൊബൈൽ ഫോണിന്റെ പ്രധാന സ്ഥാനം കാണിക്കുന്നു.
കിടക്കയ്ക്കരികിൽ എല്ലായ്പ്പോഴും ഫോൺ ഉള്ള 57% പേരും ഫോൺ സിഗ്നൽ ഇല്ലാതെ “അസ്വസ്ഥത” തോന്നുന്ന 44% പേരും ഉണ്ട്. എല്ലായ്‌പ്പോഴും തങ്ങളുടെ ഫോൺ അവരുടെ പക്കലുണ്ടെന്നും അത് ഒരിക്കലും ഓഫാക്കില്ലെന്നും പറയുന്ന 42% പേരുണ്ട്. പതിനൊന്ന് വയസ്സുള്ളപ്പോൾ സെക്കൻഡറി സ്കൂളിലേക്ക് എത്തുമ്പോൾ തന്നെ പല കുട്ടികൾക്കും ഫോൺ ലഭിക്കുകയും ചെയ്യുന്നു.
70% കുട്ടികളിലും അവരുടെ ഫോണുകളിൽ ഇന്റർനെറ്റ് സംവിധാനം ഉള്ളതാണ്. യൂട്യൂബ് എല്ലാ ദിവസവും 61% കുട്ടികൾ ഉപയോഗിക്കുന്നു. അതുപോലെതന്നെ ഭൂരിപക്ഷം കുട്ടികളും സ്‌നാപ്ചാറ്റ്, ഇൻസ്റ്റാഗ്രാം, ടിക് ടോക്കും വാട്‌സ്ആപ്പും തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ വളരെയേറെ സമയം ചിലവഴിക്കുന്നതായി പഠനം കണ്ടെത്തി .
“ഒരു കുട്ടിക്ക് ഒരു മൊബൈൽ ഫോൺ ഉള്ള നിമിഷം, നിങ്ങളുടെ കുട്ടി ഓൺലൈനിൽ എന്താണ് ചെയ്യുന്നതെന്ന് നിരീക്ഷിക്കുന്നത് ഒരു വെല്ലുവിളിയാകും”. ഗവേഷണ ഡയറക്ടർ മിസ്റ്റർ ലെഗെറ്റ് പറഞ്ഞു
ലണ്ടൻ ∙ കൊറോണ വൈറസ് ബാധ അനിയന്ത്രിതമായ സാഹചര്യത്തിൽ കഴിയുമെങ്കിൽ ചൈനയിൽനിന്നു മാറിനിൽക്കാൻ ബ്രിട്ടിഷ് പൗരന്മാർക്കു നിർദേശം. ഏതെങ്കിലും മാർഗത്തിൽ സ്വദേശത്തേക്കു തിരികെയെത്താനോ മറ്റു സുരക്ഷിതമായ രാജ്യങ്ങളിലേക്കു മാറാനോ ആണ് വിദേശകാര്യ മന്ത്രാലയം നൽകുന്ന നിർദേശം. ഇതിന് ആവശ്യമായ സഹായങ്ങൾ സർക്കാർ ചെയ്തുനൽകും.
വൈറസ് ബാധയുടെ പ്രശ്നങ്ങളിൽനിന്നും പരമാവധി ഒഴിവാകുക എന്ന ഉദ്ദേശ്യത്തോടെയാണു നിർദേശം നൽകുന്നതെന്നു വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് വ്യക്തമാക്കി. ചൈനയുടെ വിവിധ സിറ്റികളിൽനിന്നും ഇപ്പോഴും ബ്രിട്ടനിലേക്കു വിമാന സർവീസുകൾ ലഭ്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വുഹാനിൽ നിന്നും നേരത്തെ ചാർട്ടേഡ് വിമാനത്തിൽ നൂറിലറെ ആളുകളെ ബ്രിട്ടൻ തിരികെ എത്തിച്ചിരുന്നു. ഈ നടപടി തുടരുമെന്നും ആർക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താമെന്നും മന്ത്രി പറഞ്ഞു.
ഇതിനു പുറമെയാണ് ഏതുവിധേനയും ചൈനയിൽനിന്നും മാറിനിൽക്കാനും പൗരന്മാർക്ക് നിർദേശം നൽകുന്നത്. ചൈനയിൽ 30,000 ബ്രിട്ടിഷ് പൗരന്മാരുണ്ടെന്നാണ് സർക്കാർ കണക്ക്. ചൈനയിലെ ബ്രിട്ടിഷ് എംബസിയിലും കോൺസുലേറ്റുകളിലും അത്യാവശ്യത്തിനുള്ള ജീവനക്കാരെ മാത്രം നിലനിർത്തി മറ്റുള്ളവരെയെല്ലാം സർക്കാർ തിരികെ എത്തിക്കും. നിലവിൽ ബ്രിട്ടനിൽ രണ്ടുപേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 414 കേസുകൾ പരിശോധനയിൽ നെഗറ്റീവാണെന്ന് കണ്ടെത്തി. സംശയകരമായി ആശുപത്രിയിൽ എത്തുന്നവരെയെല്ലാം പരിശോധിച്ചു രോഗം പടരുന്നതു പൂർണമായും തടയാനാണ് എൻഎച്ച്എസ് ശ്രമം
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ഇടുക്കി ജില്ലയിലെ തൊടുപുഴയ്ക്ക് സമീപമുള്ള വണ്ണപ്പുറം പഞ്ചായത്തിലാണ് കാറ്റാടിക്കടവ് വിനോദസഞ്ചാര കേന്ദ്രം സ്ഥിതിചെയ്യുന്നത്. കൃത്യമായി പറഞ്ഞാൽ വണ്ണപ്പുറത്തുനിന്ന് എട്ട് കിലോമീറ്റർ യാത്ര. റോഡരികിൽ ബൈക്ക് സുരക്ഷിതമായി വെച്ച് അടുത്തുള്ള കടയിൽ നിന്ന് ഒരു കുപ്പി വെള്ളവും വാങ്ങി കാറ്റാടിക്കടവിലേക്ക് നടക്കാൻ തുടങ്ങാം. 2 കിലോമീറ്റർ മുകളിലേക്ക് നടക്കണം, കാറ്റാടികടവിനെ അനുഭവിച്ചറിയാൻ. സമുദ്രനിരപ്പിൽ നിന്ന് 2864 അടി ഉയരത്തിലാണ് കാറ്റാടിക്കടവ് സ്ഥിതിചെയ്യുന്നത്. ആദ്യത്തെ കുറെ ദൂരം കുത്തനെയുള്ള കയറ്റം ആണ്. ഇടയ്ക്കുള്ള പാറക്കല്ലുകളിൽ ഇരുന്ന് വിശ്രമിച്ച ശേഷം മുന്നോട്ട് നീങ്ങാം. കയറ്റത്തിന്റെ എല്ലാ ക്ഷീണവും നീക്കിക്കളയുന്ന അതിമനോഹര കാഴ്ചകളാണ് മലമുകളിൽ നമ്മെ കാത്തിരിക്കുന്നത്. ഏറ്റവും മുകളിലെ ഒന്നാമത്തെ വ്യൂ പോയിന്റിൽ എത്തിയാൽ 360 ഡിഗ്രിയിലുള്ള കാഴ്ചകൾ ലഭിക്കും. പച്ചപ്പട്ടുടുത്ത് നിൽക്കുന്ന പ്രകൃതിയുടെ സൗന്ദര്യം അടുത്തറിയാം. സന്ദർശകരുടെ സംരക്ഷണാർത്ഥം വൻകൊക്ക വേലി കെട്ടി തിരിച്ചിട്ടുണ്ട്. ഇവിടെ നിന്നാൽ വണ്ണപ്പുറം, തൊടുപുഴ നഗരങ്ങൾ മുഴുവനായും കാണാം.
അവിടെ നിന്ന് നോക്കിയാൽ തൊട്ട് മുന്നിൽ കാണുന്ന മരതകമലയിലാണ് രണ്ടാം വ്യൂ പോയിന്റ്. ആദ്യ ഇടത്തുനിന്നും ഒരു കിലോമീറ്ററോളം നടന്നു വേണം ഇവിടെയെത്താൻ. പാറക്കെട്ടുകൾക്കിടയിലൂടെയും വള്ളിപ്പടർപ്പുകൾക്കടിയിലൂടെയും നടന്നു മരതകമല കയറുന്നത് ഗംഭീര ട്രെക്കിങ്ങ് അനുഭവമാണ്. മലമുകളിൽ എത്തിയാൽ പിന്നീട് തെളിയുന്നത് സ്വർഗമാണ്, ഭൂമിയിലെ സ്വർഗം. ചുറ്റും മലനിരകൾ, വളർന്നുനിൽക്കുന്ന പുല്ലുകൾ. ഒപ്പം ഏറ്റവും മുകളിൽ നമ്മൾ. ചാറി നിന്ന മഴ മാറി കോട വിരുന്നെത്തിയ കാഴ്ച ഏതൊരുവനെയും ആനന്ദിപ്പിക്കുന്നതാണ്. ഇടത്തുനിന്നും മലനിരകളെയും നമ്മളെയും തഴുകി വലത്തേക്ക് കോട ഒഴുകി നീങ്ങും.
വൈകുന്നേരം 4 മണിക്കാണ് ഞങ്ങൾ മല കയറിയത്. കോട മാറിനിന്നപ്പോൾ വൈകുന്നേരത്തെ സൂര്യൻ തെളിഞ്ഞു. ദിക്കുകളിലേക്ക് പരന്നൊഴുകുന്ന സൂര്യ രശ്മികൾ. മലയുടെ മുകളിൽ നിന്ന് സൂര്യനെ കയ്യെത്തിപിടിക്കാൻ ആരുമൊന്ന് കൊതിച്ചുപോകും. പ്രകൃതി സമ്മാനിക്കുന്ന അതിമനോഹര കാഴ്ചയെ ഹൃദയത്തിലേറ്റി മലയിറങ്ങാം. സദാനേരവും കാറ്റ് വീശുന്ന ഇവിടം, വണ്ണപ്പുറം പഞ്ചായത്തിന്റെ കീഴിലുള്ള ഹെറിറ്റേജ് ഫാം ആൻഡ് ഹില്ലി ടൂറിസം സൊസൈറ്റിയുടെ കീഴിലാണുള്ളത്. രാവിലെ 6 മുതൽ വൈകുന്നേരം 6 വരെയാണ് പ്രവേശനം. കോട്ടപ്പാറ ഹിൽസ്റ്റേഷൻ, തൊമ്മൻകുത്ത് വെള്ളച്ചാട്ടം, ആനയാടികുത്ത് വെള്ളച്ചാട്ടം, വെണ്മണി വ്യൂ പോയിന്റ് എന്നിവ കാറ്റാടിക്കടവിന് സമീപം സന്ദർശിക്കാവുന്ന മനോഹര ഇടങ്ങളാണ്.
സ്വന്തം ലേഖകൻ
ബ്രിട്ടൻ – ചൈനയിൽ പടർന്നു കൊണ്ടിരിക്കുന്ന കൊറോണ വൈറസിന്റെ പേരിൽ വിവാദങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. മരണപ്പെട്ടവരുടെ എണ്ണം ചൈന മറയ്ക്കുവാൻ ശ്രമിക്കുന്നതായി ഇവിടെ അകപ്പെട്ടുപോയ 37 കാരനായ ബ്രിട്ടീഷ് അധ്യാപകൻ ടോം എല്ലെന്റർ ആരോപിച്ചു. കഴിഞ്ഞദിവസം ചൈനയിൽ ഉണ്ടായിരുന്ന ബ്രിട്ടീഷ് പൗരന്മാരുമായി തിരികെ ബ്രിട്ടനിലേക്ക് പോയ ഇവാക്കുവേഷൻ ഫ്ലൈറ്റിൽ ഇദ്ദേഹത്തിന് പോകുവാൻ സാധിച്ചില്ല. താൻ ഇവിടെ അകപ്പെട്ടുപോയ അവസ്ഥയാണെന്നും, അടുത്ത നിമിഷം എന്ത് സംഭവിക്കും എന്ന് ഉറപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. വുഹാനിലെ അധികാരികൾ അവിടെ നടക്കുന്ന സംഭവങ്ങൾ മറച്ചുപിടിക്കാനാണ് ശ്രമിക്കുന്നത്. യഥാർത്ഥ മരണ കണക്കുകൾ ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
നിലവിലുള്ള കണക്ക് പ്രകാരം ഏകദേശം 9700 കേസുകളാണ് ചൈനയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഏകദേശം 213 പേർ കൊറോണ ബാധമൂലം മരണപ്പെട്ടിട്ടുണ്ട്. ഇതുവരെ ബ്രിട്ടനിൽ നിന്നും ചൈനയിലേക്ക് രണ്ട് ഇവാക്കുവേഷൻ ഫ്ലൈറ്റുകൾ ആണ് എത്തിയത്. ഇതിൽ രണ്ടിലും ടോമിന് ലഭിച്ചില്ല. തന്റെ രക്ഷയ്ക്കായുള്ള എല്ലാ മാർഗങ്ങളും ശ്രമിക്കുകയാണ് അദ്ദേഹമിപ്പോൾ. ചൈനയിൽ മതിയായ മാസ്കുകൾ പോലും ലഭിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തന്റെ രക്ഷപെടലിനായി ഒരു പേജ് തന്നെ അദ്ദേഹം ക്രിയേറ്റ് ചെയ്തിട്ടുണ്ട്.
ഇതിനിടയിൽ കൊറോണ വൈറസ് കുറച്ച് മാസങ്ങളും കൂടി ഉണ്ടാകുമെന്ന് ബ്രിട്ടീഷ് ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്ക് വ്യക്തമാക്കി. ചൈനയിൽ നിന്ന് ബ്രിട്ടനിലേക്ക് ഉള്ള രണ്ടാമത്തെ ഫ്ലൈറ്റ് ഞായറാഴ്ച എത്തിച്ചേർന്നിട്ടുണ്ട്. ചൈനയ്ക്ക് പുറത്ത്, ഫിലിപ്പീൻസിൽ കൊറോണ ബാധ മൂലം ഒരാൾ മരണപ്പെട്ടിട്ടുണ്ട്. ബ്രിട്ടണിൽ രണ്ട് കേസുകളാണ് നിലവിൽ സ്ഥിരീകരിച്ചിരിക്കുന്നത്.
സ്വന്തം ലേഖകൻ
ലണ്ടൻ : കാമുകിയുടെ മാതാപിതാക്കളുടെ തല മുറിച്ചുമാറ്റാൻ കാമുകിയോട് തന്നെ ആവശ്യപ്പെട്ട് കാമുകൻ. തീവ്രവാദ ബന്ധം സംശയിക്കുന്ന യുവാവിനെ പോലീസ് വെടിവെച്ചുകൊന്നു. 20 കാരനായ സുദേഷ് അമ്മാൻ ആണ് കൊല്ലപ്പെട്ടത്. തിരക്കേറിയ ലണ്ടൻ നഗരത്തിൽ രണ്ടു പേരെ അദ്ദേഹം കുത്തി പരുക്കേൽപ്പിച്ചു. ചെറുപ്രായത്തിൽ നിന്ന് തൊട്ടേ തീവ്രവാദ സ്വഭാവങ്ങൾ കാണിച്ചുതുടങ്ങിയ സുദേഷ്, 17 വയസ്സുള്ളപ്പോൾ ചെറിയ രീതിയിൽ തീവ്രവാദ അക്രമങ്ങൾ നടത്തി. 2018 ഏപ്രിലിൽ ആണ് സുദേഷിന്റെ പ്രവർത്തനങ്ങളെ കുറിച്ച് പോലീസ് മനസ്സിലാക്കുന്നത്. അതിനെ തുടർന്ന് അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടു. ഒരു തീവ്രവാദ അക്രമത്തിന്റെ വിവരങ്ങളാണ് സുദേഷിന്റെ കമ്പ്യൂട്ടറും ഫോണും പരിശോധിച്ച പോലീസിന് ലഭിച്ചത്. തീവ്രവാദ രേഖകൾ കൈവശം വച്ചതും തീവ്രവാദ പ്രസിദ്ധീകരണങ്ങൾ പ്രചരിപ്പിച്ചതും തുടങ്ങി 13 കുറ്റങ്ങൾ സമ്മതിച്ച അമ്മാൻ കഴിഞ്ഞ മാസം ആണ് പകുതി ശിക്ഷ അനുഭവിച്ച ശേഷം ജയിലിൽ നിന്ന് പുറത്തിറങ്ങിയത്.
സിറിയയിൽ യുഎസ് നടത്തിയ ആക്രമണത്തിനിടെ കൊല്ലപ്പെട്ട ഇസ്ലാമിക് സ്റ്റേറ്റ് നേതാവ് അബുബക്കർ അൽ ബാഗ്ദാദിയുടെ ചിത്രം 2017 ഡിസംബറിൽ അമ്മാൻ സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. ഒപ്പം ഐഎസ് എന്നും നിലനിൽക്കുമെന്ന് തന്റെ സഹോദരനോട് അമ്മാൻ പറയുകയും ചെയ്തു. യാസിദി സ്ത്രീകളെ അടിമകളായി വിശേഷിപ്പിച്ച അദ്ദേഹം അവരെ ബലാത്സംഗം ചെയ്യുന്നത് ഖുറാൻ അനുവദിച്ചിട്ടുണ്ടെന്നും പറഞ്ഞു. ഒപ്പം മാതാപിതാക്കളെ ശിരഛേദം ചെയ്യാൻ കാമുകിയെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
സ്വന്തം ലേഖകൻ
ഫുഡ് ബാങ്ക് വോളന്റീയേഴ്സ് നൽകിയ സഹായത്തിനു നന്ദി പറയാൻ വാക്കുകളില്ലെന്നു യുവതി.
നെതെർലണ്ടിൽ ഒരു എംപ്ലോയ്മെന്റ് ഏജൻസിയിൽ ജോലി ചെയ്തുകൊണ്ടിരുന്ന കാലത്താണ് കരോളിൻ രണ്ടാമതും ഗർഭിണിയാകുന്നത്. ആ സമയത്ത് ഭർത്താവ് ഉപേക്ഷിച്ചു പോയതും വീട്ടുവാടകയിൽ നേരിട്ട ബുദ്ധിമുട്ടുകളും ആരോഗ്യപ്രശ്നങ്ങളും അവരെ വല്ലാതെ തളർത്തി. 35പൗണ്ട് വരുമാനത്തിൽ ജീവിച്ചു കൊണ്ടിരുന്ന കരോളിൻ സകല പ്രശ്നങ്ങളെയും അതിജീവിച്ചത് ഫുഡ് ബാങ്കിന്റെ സഹായത്തോടെയാണ്. സാമ്പത്തികമായി ബാധ്യത നേരിടുന്ന ഏതൊരാൾക്കും ആശ്രയിക്കാവുന്ന ഇടമാണ് ഫുഡ് ബാങ്ക് എന്ന് സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിൽ കരോളിൻ സാക്ഷ്യപ്പെടുത്തുന്നു.
സ്റ്റോക്ക് ഓൺ ട്രെൻഡ് ബാങ്ക് ആണ് തന്റെയും മക്കളുടെയും ജീവൻ നിലനിർത്തിയത്. അവിടുത്തെ സന്നദ്ധ സേവകർ തന്റെ ജീവിതത്തിൽ കണ്ടതിലേക്കും ഏറ്റവും നല്ല മനുഷ്യരാണ്. നിങ്ങളാരാണ്, എത്തരക്കാരാണ്, എവിടെനിന്നു വരുന്നു, വിദ്യാഭ്യാസം ഉണ്ടോ ഇല്ലയോ, ഉദ്യോഗസ്ഥരാണോ അല്ലയോ അതൊന്നും അവിടെ നിന്ന് സഹായം ലഭിക്കാൻ ഒരു ഘടകമേ അല്ല. അവിടെ നിങ്ങളെ വിലയിരുത്താനോ ജഡ്ജ് ചെയ്യാനോ ആരുമില്ല. എപ്പോ വേണമെങ്കിലും കയറിച്ചെന്ന് സഹായമഭ്യർത്ഥിക്കാവുന്ന ഒരിടം ആണിത്.
രണ്ടാമത്തെ മകനെ ഗർഭം ധരിച്ചു 18 മാസത്തിനുശേഷം കരോളിൻ ലണ്ടനിലെത്തി. മൂത്ത കുട്ടിക്ക് ഒമ്പതും രണ്ടാമത്തെ കുട്ടിക്ക് 7 വയസ്സും ആണ് ഇപ്പോൾ പ്രായം. ഭർത്താവ് പിരിഞ്ഞതിൽ പിന്നെ കുട്ടികളെ വളർത്താൻ മറ്റൊരു സഹായവും എവിടെനിന്നും ലഭിച്ചില്ല. എവിടെ നിന്നും സഹായം വേണ്ട എന്ന് കണ്ണടച്ച് തീരുമാനിച്ചിരുന്നുവെങ്കിൽ ഇപ്പോൾ ഒരു പക്ഷെ ജീവനോടെ ഉണ്ടാകുമായിരുന്നില്ല. സഹായം ആവശ്യമുള്ള ഘട്ടങ്ങളിൽ അത് ചോദിക്കാൻ മടിക്കരുത്. മാന്യമായ രീതിയിൽ അതിനുപറ്റിയ ഇടങ്ങളാണ് ഈ ഫുഡ് ബാങ്കുകൾ.
ഇനിയുമൊരു വിഷമഘട്ടം ഉണ്ടായാൽ തീർച്ചയായും താൻ തിരിഞ്ഞു നടക്കുക അവിടേക്ക് ആയിരിക്കുമെന്നും കരോളിൻ പറയുന്നു.