Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

പ്രിസ്റ്റണിൽ താമസിക്കുന്ന റോയ് മാത്യു (61) നിര്യാതനായി. പുതുശ്ശേരി തുരുത്തിമാമേപ്രത്ത് കുടുബാംഗമാണ് പരേതൻ. ഹൃദയാഘാതം മൂലമായിരുന്നു മരണം സംഭവിച്ചത്. ഭാര്യ ഓമന പ്രിസ്റ്റൺ ഹോസ്പിറ്റലിൽ ഒഫ്താമോളജി വിഭാഗത്തിൽ നേഴ്സ് ആയി ജോലി ചെയ്യുന്നു. റോയി മാത്യു ഓമന ദമ്പതികൾക്ക് 2 പെൺകുട്ടികൾ ആണുള്ളത്.

റോയ് മാത്യുവിന്റെ സംസ്കാര ശുശ്രൂഷകൾ യുകെയിൽ തന്നെ നടത്തുവാനാണ് ബന്ധുക്കൾ തീരുമാനിച്ചിരിക്കുന്നത്. കേരളത്തിൽ മല്ലപ്പള്ളിക്ക് അടുത്ത് പുതുശ്ശേരിയാണ് റോയ് മാത്യുവിന്റെ സ്വദേശം. എം ജി ഡി ഹൈസ്കൂൾ പുതുശ്ശേരി, ബിഎഎം കോളേജ് തുരുത്തിക്കാട് എന്നിവിടങ്ങളിൽ ആയിരുന്നു വിദ്യാഭ്യാസം.

റോയ് മാത്യുവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

നോട്ടിംഗ്ഹാമിൽ മലയാളി നേഴ്സ് മരണമടഞ്ഞു. കേരളത്തിൽ പെരുമ്പാവൂർ സ്വദേശിയായ അരുൺ ശങ്കരനാരായണൻ (39) ആണ് വിടവാങ്ങിയത്. ഏതാനും നാളുകൾക്കു മുമ്പ് അരുണിന് റെക്ടൽ ക്യാൻസർ കണ്ടെത്തിയിരുന്നു. എന്നാൽ രോഗം തിരിച്ചറിഞ്ഞപ്പോൾ മൂർദ്ധന്യാവസ്ഥയിൽ എത്തിയിരുന്നു. കഴിഞ്ഞ ആറുമാസമായി ആരോഗ്യം മോശമായതിനെ തുടർന്ന് നോട്ടിംഗ്ഹാം സിറ്റി ഹോസ്പിറ്റലിലെ പാലിയേറ്റീവ് വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയായിരുന്നു.

2021 ലാണ് അരുൺ കുടുംബസമേതം യുകെയിൽ എത്തിയത്. ഭാര്യ സീന ഇടുക്കി ഉപ്പുതറ സ്വദേശിയാണ്. ഏക മകൻ ആരവിന് ആറു വയസ്സാണ് പ്രായം. അരുണിന്റെ അസുഖം കാരണം കുറെ നാളുകളായി അരുണിനും ഭാര്യയ്ക്കും ജോലിക്ക് പോകാൻ സാധിക്കാത്ത അവസ്ഥയിലായിരുന്നു.

അരുൺ ശങ്കരനാരായണൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

വീടിന് തീപിടിച്ച് കുട്ടികൾ മരിച്ച സംഭവത്തിൽ 30 കാരിയായ യുവതിക്ക് പത്ത് വർഷം തടവ് ശിക്ഷ വിധിച്ചു. 2021 ഡിസംബർ 16 – നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ദേവേക റോസ് എന്ന യുവതി തന്റെ നാല് കുട്ടികളെ വീട്ടിൽ പൂട്ടിയിട്ടിട്ട് സാധനങ്ങൾ മേടിക്കാൻ പോയപ്പോഴാണ് അതിദാരുണമായ സംഭവം നടന്നത്.


അവർ പുറത്തു പോയപ്പോൾ സൗത്ത് വെസ്റ്റ് ലണ്ടനിൽ ദേവേകയുടെ വീടിന് തീപിടിച്ചത് നാലു കുരുന്നു ജീവനുകൾ ആണ് രക്ഷപ്പെടാൻ കഴിയാതെ മരണമടഞ്ഞത്. ഓൾഡ് ബെയിലിൽ നടന്ന വിചാരണയിൽ റോസിന് നാല് നരഹത്യകൾക്ക് കുറ്റക്കാരിയാണെന്നാണ് കണ്ടെത്തിയത്. തറയിലാകെ ചപ്പുചവറുകളും മറ്റും ഉള്ള വൃത്തിഹീനമായ ഒരു വീട്ടിലായിരുന്നു റോസും കുട്ടികളും താമസിച്ചിരുന്നത്. വലിച്ചെറിയപ്പെട്ട സിഗരറ്റിൽ നിന്നോ മറിഞ്ഞ ടീ ലൈറ്ററിൽ നിന്നോ തീ പടർന്നാണ് അഗ്നി ബാധ സംഭവിച്ചതെന്നും തറയിലെ ചപ്പുചവറുകൾ കാരണം തീ ആളിക്കത്താൻ കാരണമായതും വിചാരണവേളയിൽ വെളിപ്പെടുത്തപ്പെട്ടിരുന്നു.


തീപിടുത്തമുണ്ടായ ദിവസം റോസ് വാങ്ങാൻ പോയ സാധനങ്ങൾ അത്യാവശ്യമോ സുപ്രധാനമോ അല്ലായിരുന്നെന്ന വിലയിരുത്തലും ശിക്ഷ വിധിച്ചു കൊണ്ട് ജഡ്ജി മാർക്ക് ലു ക്രാഫ്റ്റ് നടത്തി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനെ വിറപ്പിച്ച ഇയോവിൻ കൊടുങ്കാറ്റിൽ രാജ്യമെങ്ങും കനത്ത നാശനഷ്ടങ്ങൾ ഉണ്ടായതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. അയർലണ്ടിൽ ഒരാൾ മരിച്ചതൊഴിച്ചാൽ ജീവന് നേരെ ഭീഷണി ഉണ്ടായിട്ടില്ലെന്നാണ് പുറത്തു വന്ന ഏറ്റവും പുതിയ വിവരങ്ങൾ സൂചിപ്പിക്കുന്നത്. കൗണ്ടി ഡൊണഗലിൽ ഒരു മരം കാറിൽ വീണ് ആണ് ഒരാൾ മരിച്ചതെന്ന് ഗാർഡൈ (ഐറിഷ് പോലീസ്) പറഞ്ഞു. അയർലണ്ടിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലാത്ത ഏറ്റവും ശക്തമായ കാറ്റിൽ 725,000 വീടുകളിൽ വൈദ്യുതിയും 138,000 പേർക്ക് വെള്ളവും നഷ്ടപ്പെട്ടു.


വെള്ളിയാഴ്ച യുകെയിലുടനീളം, 100 മൈൽ (മണിക്കൂറിൽ 160 കിലോമീറ്റർ) വേഗതയിൽ വീശിയ കാറ്റ് രേഖപ്പെടുത്തിയതിനാൽ ദശലക്ഷക്കണക്കിന് ആളുകളോട് വീട്ടിൽ തന്നെ തുടരാൻ ആവശ്യപ്പെട്ടു. സ്കോട്ട്ലൻഡിൽ അഞ്ച് വിമാനങ്ങളിൽ ഒന്ന് റദ്ദാക്കുകയും എല്ലാ ട്രെയിനുകളും നിർത്തിവയ്ക്കുകയും ചെയ്തു. കൊടുങ്കാറ്റിൽ കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും മരങ്ങൾ കടപുഴകി വീഴുകയും ചെയ്തതിനാൽ വടക്കൻ അയർലണ്ടിലെ എല്ലാ സ്കൂളുകളും അടച്ചു. സ്കോട്ട്ലൻഡിന്റെ ചില ഭാഗങ്ങളിൽ ആംബർ വിൻഡ് മുന്നറിയിപ്പ് നിലവിലുണ്ട്. അടുത്ത കുറച്ച് ദിവസങ്ങളിൽ യുകെയിലുടനീളം കാറ്റ്, മഴ, മഞ്ഞ്, ഐസ് എന്നിവയ്ക്കുള്ള യെല്ലോ മുന്നറിയിപ്പുകളും ഉണ്ട്. മെറ്റ് ഓഫീസ് പുറപ്പെടുവിച്ച ഏറ്റവും ഗുരുതരമായ കാലാവസ്ഥാ മുന്നറിയിപ്പിലാണ് ഇയോവിൻ കൊടുങ്കാറ്റിനോട് അനുബന്ധിച്ച് പുറപ്പെടുവിച്ചിരിക്കുന്നത്.


27 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ കൊടുങ്കാറ്റിനാണ് യുകെ സാക്ഷ്യം വഹിച്ചത്. സ്കോട്ട്ലൻഡിന്റെ ഫസ്റ്റ് മിനിസ്റ്റർ ജോൺ സ്വിന്നി കൊടുങ്കാറ്റിനെ അസാധാരണമായ കാലാവസ്ഥാ സംഭവം എന്ന് വിളിക്കുകയും ഉയർന്ന തലത്തിലുള്ള ജാഗ്രത ആവശ്യമാണെന്ന് പറയുകയും ചെയ്തു. വിമാനത്താവളങ്ങളിൽ ഗുരുതരമായ തടസ്സമുണ്ടായതായും റിപോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്. ഏകദേശം 1,124 വിമാനങ്ങൾ റദ്ദാക്കി. ഇത് ഏകദേശം 150,000 യാത്രക്കാരെ ബാധിച്ചതായി ഏവിയേഷൻ അനലിറ്റിക്സ് സ്ഥാപനമായ സിറിയം പറഞ്ഞു. ഡബ്ലിൻ, എഡിൻബർഗ്, ഹീത്രോ, ഗ്ലാസ്ഗോ വിമാനത്താവളങ്ങളെയാണ് ഏറ്റവും കൂടുതൽ ബാധിച്ചത് . 100 വര്‍ഷത്തില്‍ ഒരിക്കല്‍ നേരിടുന്ന കൊടുങ്കാറ്റായി ഇയോവിൻ മാറാനുള്ള സാധ്യതകളാണ് ഉള്ളത് എന്നത് കടുത്ത ആശങ്കയാണ് ഉളവാക്കിയിരിക്കുന്നത്. ഇയോവിൻ കൊടുങ്കാറ്റിനെ തുടർന്ന് 4.5 ലക്ഷം ആളുകൾക്കാണ് സുരക്ഷാ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കൊടുങ്കാറ്റിനെ തുടർന്ന് വ്യാപകമായ രീതിയിൽ ഗതാഗത തടസ്സം ഉണ്ടായേക്കാമെന്ന ആശങ്കയും ശക്തമായുണ്ട്. വെറും ഒരു മാസം മുമ്പ് ക്രിസ്മസ് കാലത്ത് വീശിയടിച്ച ദറാഗ് കൊടുങ്കാറ്റ് ബ്രിട്ടനിലെ ജനജീവിതം താറുമാറാക്കിയിരുന്നു. അന്ന് വെയിൽസിൻ്റെ ചില ഭാഗങ്ങളിലും തെക്ക്-പടിഞ്ഞാറൻ ഇംഗ്ലണ്ടിലുമായി ഏകദേശം മൂന്ന് ദശലക്ഷം ആളുകൾക്ക് എമർജൻസി അലർട്ട് നൽകിയത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെ ബിസിനസുകളുടെ വ്യാജ റിവ്യൂകൾക്കെതിരെ നടപടികൾ എടുക്കാൻ ഒരുങ്ങി ഗൂഗിൾ. കോംപറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി (സിഎംഎ) അറിയിച്ചത് പ്രകാരമാണ് ഗൂഗിളിൻെറ ഈ നീക്കം. കൃത്രിമമായി റേറ്റിംഗ് വർദ്ധിപ്പിക്കുന്ന കമ്പനികൾക്ക് മുന്നറിയിപ്പ് നൽകുക, ഗുരുതരമായ കുറ്റവാളികൾക്കുള്ള അവലോകന പ്രവർത്തനങ്ങൾ പ്രവർത്തനരഹിതമാക്കുക, വ്യാജമോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ അവലോകനങ്ങൾ ആവർത്തിച്ച് പോസ്റ്റ് ചെയ്യുന്ന വ്യക്തികളെ ആഗോളതലത്തിൽ നിരോധിക്കുക തുടങ്ങിയ നടപടികൾ സ്വീകരിക്കും.

ഉപഭോക്തൃ ഗ്രൂപ്പായ വിച്ച്? ഈ നീക്കത്തെ സ്വാഗതം ചെയ്‌തു. നടപടികൾ കർശനമായി പാലിക്കപെടുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും അവർ പറയുന്നു. ഗൂഗിൾ നടപ്പിലാക്കാൻ പോകുന്ന ഇത്തരത്തിലുള്ള മാറ്റങ്ങൾ വിശ്വസനീയമായ അവലോകനങ്ങൾ ഉറപ്പാക്കാൻ സഹായിക്കുമെന്നും മികച്ച തിരഞ്ഞെടുപ്പുകൾ നടത്താൻ ആളുകളെ അനുവദിക്കുമെന്നും സിഎംഎ ചീഫ് എക്‌സിക്യൂട്ടീവ് സാറാ കാർഡെൽ പറയുന്നു. നടപടികൾ ഗൂഗിൾ, ഗൂഗിൾ മാപ്സ് എന്നിവയിലെ ബിസിനസ്സ് അവലോകനങ്ങൾക്ക് മാത്രമേ ബാധകമാകൂ.

ഇത്തരം വ്യാജ അവലോകനങ്ങൾ കൈകാര്യം ചെയ്യുന്നതിനായുള്ള ആദ്യ നീക്കമല്ലിത്. കൃത്രിമബുദ്ധി (AI) യുടെ ഉപയോഗം വൻ തോതിൽ വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ ഇത്തരം പ്രശ്‌നങ്ങൾ കുത്തനെ വർദ്ധിച്ച് വരികയാണ്. ആമസോണിലും ഗൂഗിളിലും നടക്കുന്ന വ്യാജ അവലോകനങ്ങളെ കുറിച്ച് 2021 ജൂൺ മുതൽ CMA അന്വേഷിച്ച് വരികയാണ്. ഇതിന് പിന്നാലെ ഗൂഗിൾ അതിൻ്റെ ബിസിനസ് ലിസ്റ്റിംഗുകൾക്കുള്ളിലെ വ്യാജ അവലോകനങ്ങളെ ചെറുക്കുന്നതിൽ വേണ്ടത്ര നീക്കങ്ങൾ സ്വീകരിക്കുന്നില്ലെന്ന് ഉപഭോക്തൃ ഗ്രൂപ്പായ വിച്ച്?കണ്ടെത്തിയിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

പുതിയതായി ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നവർക്ക് നിരവധി സംശയങ്ങളാണുള്ളത്. തങ്ങളുടെ പെട്രോൾ, ഡീസൽ വാഹനങ്ങൾ പോലെ തന്നെ പ്രവർത്തനക്ഷമത നീണ്ടുനിൽക്കുമോ എന്ന സംശയത്തിൽ ഇലക്ട്രിക് വാഹന വിപണിയിൽ പ്രവേശിക്കുവാൻ മടി കാണിക്കുന്നവർ നിരവധിയാണ്. പെട്രോൾ വാഹനങ്ങളേക്കാൾ വില കൂടുതൽ നൽകേണ്ടി വരും ഇലക്ട്രിക് വാഹനങ്ങൾക്ക്. പണം കൂടുതൽ കൊടുത്ത് വയ്യാവേലി തലയിൽ കയറ്റണമോ എന്ന സംശയം ആർക്കെങ്കിലും തോന്നിയാൽ അവരെ കുറ്റം പറയാൻ പറ്റില്ല.


എന്നാൽ ബ്രിട്ടനിലെ റോഡുകളിൽ ഇലക്ട്രിക് പവർ കാറുകൾ മറ്റ് ഇന്ധനങ്ങൾ ഉപയോഗിക്കുന്നവ പോലെതന്നെ നിലനിൽക്കുമെന്ന ശുഭകരമായ റിപ്പോർട്ടുകൾ പുറത്തുവന്നു. നേച്ചർ എനർജി ജേണലിൽ വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച ഒരു പിയർ-റിവ്യൂഡ് പഠനത്തിലാണ് ഈ വിവരങ്ങൾ പുറത്തുവന്നത്. പെട്രോൾ കാറുകൾക്ക് 18.7 വർഷവും ഡീസലുകൾക്ക് 16.8 വർഷവുമായി താരതമ്യപ്പെടുത്തുമ്പോൾ, ഒരു ഇലക്ട്രിക് കാറിന് 18.4 വർഷത്തെ ആയുസ്സ് ഉണ്ടാകുമെന്ന് ഒരു അന്താരാഷ്ട്ര ഗവേഷക സംഘം കണക്കാക്കി എന്നാണ് ഗവേഷണ റിപ്പോർട്ടിൽ പറയുന്നത്. ഏകദേശം 300 ദശലക്ഷം വിവരങ്ങൾ പഠനവിധേയമാക്കിയാണ് ഈ കണ്ടെത്തലുകൾ നടത്തിയിരിക്കുന്നത്.


ബർമിംഗ്ഹാം സർവകലാശാല, ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ്, കാലിഫോർണിയ സാൻ ഡീഗോ സർവകലാശാല, സ്വിറ്റ്സർലൻഡിലെ ബേൺ സർവകലാശാല എന്നിവിടങ്ങളിലെ ഗവേഷകരാണ് പഠനത്തിന് നേതൃത്വം നൽകിയത്. ബാറ്ററി കാറുകളിൽ ഏറ്റവും കൂടുതൽ ആയുസ്സ് ടെസ്‌ല കാറുകൾക്കാണെന്ന് വിശകലനം കണ്ടെത്തി. സാങ്കേതികവിദ്യ മെച്ചപ്പെട്ടതോടെ എല്ലാ പുതിയ വാഹനങ്ങളുടെയും ഉപയോഗ കാലായളവിൽ വർദ്ധനവ് ഉണ്ടായതായും കണ്ടെത്തിയിട്ടുണ്ട്. ഈ മെച്ചപ്പെടലുകൾ ഏറ്റവും കൂടുതൽ ഉള്ളത് ഇലക്ട്രിക് കാറുകളിലാണ്. ബാറ്ററി മോഡലുകളിലെ ആദ്യകാല തെറ്റുകളിൽ നിന്ന് കാർ നിർമ്മാതാക്കൾ വേഗത്തിൽ പഠിക്കുന്നതിന്റെ ഫലമാണിതെന്ന് ഗവേഷകർ പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഏറ്റവും കൂടുതൽ ആളുകൾ വേദനസംഹാരിയായി ഉപയോഗിക്കുന്ന ഇബുപ്രോഫെൻ സുരക്ഷിതമല്ലെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകി. കടുത്ത പാർശ്വഫലങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഈ ഗുളികകൾ മിതമായി മാത്രമേ ഉപയോഗിക്കാൻ പാടുള്ളു എന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. സന്ധിവാതം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾക്ക് ബ്രിട്ടീഷുകാർ പതിവായി ഉപയോഗിക്കുന്ന മരുന്നാണ് ഇബുപ്രോഫെൻ . എന്നാൽ നീണ്ട കാലം ഇത്തരം ഗുളികകൾ കഴിക്കുന്നത് ആശങ്കാജനകമായ പ്രശ്നങ്ങൾക്ക് കാരണമാകും.


ഇത്തരം മരുന്നുകൾ ഹൃദയാഘാത സാധ്യത ഇരട്ടിയാക്കും. രക്തസമ്മർദ്ദം കൂടുന്നതിനും ഈ മരുന്ന് വഴിവെക്കും. ഇബുപ്രോഫെനുമായി ബന്ധപ്പെട്ട ഏറ്റവും സാധാരണമായ ചില പ്രശ്നങ്ങൾ വയറ്റിലെ അൾസർ, വൃക്കകളുടെ പ്രവർത്തനത്തെ തകരാറിലാക്കൽ, ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ എന്നിവയാണെന്ന് ഫാർമസിസ്റ്റ് ഡോ ലെയ്‌ല ഹാൻബെക്ക് പറഞ്ഞു . 2013 ലെ ഒരു പഠനത്തിൽ ഈ മരുന്ന് മൂന്ന് മാസത്തിനുള്ളിൽ ദിവസത്തിൽ മൂന്ന് തവണ കഴിക്കുന്നത് വയറ്റിലെ അൾസർ, കടുത്ത തലവേദന തുടങ്ങിയ ലക്ഷണങ്ങൾ പ്രകടിപ്പിക്കാൻ പര്യാപ്തമാണെന്ന് കണ്ടെത്തിയിരുന്നു .

ആസ്പിരിൻ, നാപ്രോക്‌സെൻ എന്നിവ ഉൾപ്പെടുന്ന നോൺ-സ്റ്റിറോയ്ഡൽ ആൻറി-ഇൻഫ്ലമേറ്ററി മരുന്നുകൾ (NSAIDs) എന്ന ഒരു കൂട്ടം മരുന്നുകളിൽ പെടുന്നതാണ് ഇബുപ്രോഫെൻ. ഇബുപ്രോഫെൻ കഴിക്കുന്ന നൂറിൽ ഒരാൾക്ക് തലവേദന, തലകറക്കം, ഓക്കാനം, ദഹനക്കേട് എന്നിവ അനുഭവപ്പെടുന്നതായി എൻഎച്ച്എസ് ജിപി ഡോ. ഹന പട്ടേൽ പറഞ്ഞു. ഇബുപ്രോഫെൻ ശരിയായ അളവിൽ കഴിക്കുമ്പോൾ പോലും അത് നെഞ്ചെരിച്ചിലും ദഹനക്കേടും ഉണ്ടാക്കുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകി. രക്തസ്രാവമോ കുടലിൽ അൾസറോ ഉള്ളവർ മരുന്ന് പൂർണ്ണമായും ഒഴിവാക്കണമെന്നാണ് ഡോക്ടർമാർ പറയുന്നത് .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലെ ശിശു മരണ നിരക്ക് കൂടുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഇടക്കാലത്ത് മഹാമാരിയുടെ സമയത്ത് ശിശുമരണ നിരക്ക് കുറഞ്ഞിരുന്നു. എന്നാൽ ഇത് പിന്നീട് കൂടി മഹാമാരിക്ക് മുമ്പുള്ള സമയത്തിനോട് സമാനമായതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. PLOS മെഡിസിൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് പുതിയ വിവരങ്ങൾ പുറത്തുവന്നത്. ബ്രിസ്റ്റോൾ സർവകലാശാലയിലെ ഗവേഷകരാണ് പഠനത്തിന് നേതൃത്വം നൽകിയത്.


2020 ഏപ്രിലിനും 2021 മാർച്ചിനും ഇടയിൽ ശിശു മരണ നിരക്ക് കുറവായിരുന്നു. കോവിഡ് കാരണമുള്ള ലോക്ഡൗൺ നിലനിന്നിരുന്ന സമയമായിരുന്നു അത്. ഈ കാലയളവിൽ 377 ശിശു മരണങ്ങൾ കുറവായിരുന്നു എന്നാണ് കണക്കുകൾ കാണിക്കുന്നത്. അടുത്തവർഷം 2021 – 22 ലെ മരണങ്ങളുടെ എണ്ണം മഹാമാരിക്ക് മുൻപുള്ളതിന് സമാനമായിരുന്നു. വെള്ളക്കാരല്ലാത്ത പശ്ചാത്തലത്തിൽ നിന്നുള്ള കുട്ടികളുടെ ആപേക്ഷിക മരണനിരക്ക് വെള്ളക്കാരുമായി താരതമ്യം ചെയ്യുമ്പോൾ കൂടുതലാണെന്നും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.


മഹാമാരിയുടെ സമയത്ത് കടുത്ത സുരക്ഷാ മുൻകരുതലുകൾ ശിശുമരണ നിരക്ക് കുറയ്ക്കാൻ കാരണമായതായി പഠനം പറയുന്നു. വൈറസ് പകരാതിരിക്കാനായി നടപ്പിലാക്കിയ കൈ കഴുകലും മാസ്ക് ധരിക്കലും പോലുള്ള നടപടികൾ ശിശുമരണ നിരക്കുകൾ കുറയുന്നതിന് സഹായിക്കുന്നതായാണ് വിലയിരുത്തപ്പെടുന്നത്. വെള്ളക്കാരല്ലാത്ത ദരിദ്ര ജനവിഭാഗങ്ങൾക്കിടയിൽ ശിശുമരണ നിരക്ക് ഉയരുന്നത് ആശങ്കാജനകമാണെന്ന് നാഷണൽ ചൈൽഡ് മോർട്ടാലിറ്റി ഡാറ്റാബേസ് പ്രോഗ്രാം ഡയറക്ടറും ബ്രിസ്റ്റോൾ സർവകലാശാലയിലെ നിയോനാറ്റൽ മെഡിസിൻ പ്രൊഫസറുമായ കാരെൻ ലൂയിറ്റ് പറഞ്ഞു. 2019 ഏപ്രിലിനും 2023 മാർച്ചിനും ഇടയിൽ മരണമടഞ്ഞ ഇംഗ്ലണ്ടിലെ എല്ലാ കുട്ടികളുടെയും വിവരങ്ങൾ വിശദമായി പരിശോധിച്ചാണ് ഗവേഷകർ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇന്നുമുതൽ യുകെയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ കൊടുങ്കാറ്റ് വീശിയടിക്കുമെന്നുള്ള കാലാവസ്ഥാ മുന്നറിയിപ്പ് പുറത്തുവന്നു. ഓവിൻ എന്ന് പേരിട്ടിരിക്കുന്ന കൊടുങ്കാറ്റ് ലണ്ടൻ മുതൽ ബ്രിസ്റ്റോൾ വരെ ശക്തമായി വീശിയടിക്കും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യുകെയുടെ ചില ഭാഗങ്ങളിൽ വളരെ ശക്തമായ കാറ്റിനുള്ള അപൂർവ റെഡ് അലർട്ട് ആയ ലെവല്‍ 2 അലര്‍ട്ടാണ് യൂറോപ്യന്‍ സ്റ്റോം ഫോര്‍കാസ്റ്റ് എക്സ്പരിമെന്റ് പുറപ്പെടുവിച്ചിരിക്കുന്നത്.

ഇന്ന് വെള്ളിയാഴ്ചയും നാളെ ശനിയാഴ്ചയും യുകെയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റ് വീശിയടിക്കുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പിൽ അറിയിച്ചിരിക്കുന്നത്. വെള്ളിയാഴ്ച രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ വടക്കൻ അയർലൻഡ് മുഴുവനും, രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ സ്കോട്ട്ലൻഡിന്റെ ചില ഭാഗങ്ങളിലും വളരെ അപകടകരമായ സാഹചര്യങ്ങൾ ഉണ്ടാകുമെന്നും വ്യാപകമായ നാശനഷ്ടങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകർ പറഞ്ഞു. മണിക്കൂറിൽ 90 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനുള്ള സാധ്യത ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. അയർലണ്ടിന്റെ തീരപ്രദേശങ്ങളിൽ കാറ്റിന്റെ വേഗത 125 മൈൽ വരെ എത്തിയേക്കാമെന്ന് മുന്നറിയിപ്പിൽ പറയുന്നു . കടുത്ത അപകട സാധ്യത മുന്നിൽ കണ്ട് ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ഐറിഷ് പ്രധാനമന്ത്രി സൈമൺ ഹാരിസ് മുന്നറിയിപ്പ് നൽകി.


100 വര്‍ഷത്തില്‍ ഒരിക്കല്‍ നേരിടുന്ന കൊടുങ്കാറ്റായി ഓവിൻ മാറാനുള്ള സാധ്യതകളാണ് ഉള്ളത് എന്നത് കടുത്ത ആശങ്കയാണ് ഉളവാക്കിയിരിക്കുന്നത്. ഓവിൻ കൊടുങ്കാറ്റിനെ തുടർന്ന് 4.5 ലക്ഷം ആളുകൾക്കാണ് സുരക്ഷാ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കൊടുങ്കാറ്റിനെ തുടർന്ന് വ്യാപകമായ രീതിയിൽ ഗതാഗത തടസ്സം ഉണ്ടായേക്കാമെന്ന ആശങ്കയും ശക്തമായുണ്ട്. വെറും ഒരു മാസം മുമ്പ് ക്രിസ്മസ് കാലത്ത് വീശിയടിച്ച ദറാഗ് കൊടുങ്കാറ്റ് ബ്രിട്ടനിലെ ജനജീവിതം താറുമാറാക്കിയിരുന്നു. അന്ന് വെയിൽസിൻ്റെ ചില ഭാഗങ്ങളിലും തെക്ക്-പടിഞ്ഞാറൻ ഇംഗ്ലണ്ടിലുമായി ഏകദേശം മൂന്ന് ദശലക്ഷം ആളുകൾക്ക് എമർജൻസി അലർട്ട് ലഭിച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഒട്ടേറെ സ്വപ്നങ്ങൾ ബാക്കിവെച്ച് ഭാര്യയെയും രണ്ടു മക്കളെയും തനിച്ചാക്കി സ്വിണ്ടനിൽ യുകെ മലയാളി മരണമടഞ്ഞു. ഇരിങ്ങാലക്കുട സ്വദേശിയായ അരുൺ വിൻസെൻ്റ് ആണ് തൻറെ 37-ാം മത്തെ വയസ്സിൽ ലുക്കീമിയ ബാധിച്ച് മരണമടഞ്ഞത്. ഏറെനാളായി ലുക്കീമിയയുടെ ചികിത്സയിലായിരുന്നു അരുൺ. ജീവിതത്തിലേയ്ക്ക് തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചിരുന്ന സമയത്താണ് ആകസ്മികമായി അരുൺ വിട പറഞ്ഞത്.

ലിയോ അരുൺ ആണ് ഭാര്യ . ഇവർക്ക് രണ്ട് മക്കളാണുള്ളത്. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് അരുൺ സഹോദരിയുടെ വിവാഹത്തിനായി നാട്ടിൽ പോയി മടങ്ങിയെത്തിയത്.

അരുൺ വിൻസെൻ്റിൻ്റെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

അരുൺ വിൻസൻ്റിന്റെ കുടുംബത്തെ സഹായിക്കാനായി വിൽറ്റ്ഷെയർ മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ ഫണ്ട് ശേഖരണം ആരംഭിച്ചിട്ടുണ്ട് . താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് നിങ്ങളുടെ സംഭാവനകൾ നൽകാൻ സാധിക്കും

https://gofund.me/98132d23

 

RECENT POSTS
Copyright © . All rights reserved