ദില്ലി: കൊവിഡ് 19ന്റെ വ്യാപനം തടയാന്‍ രാജ്യത്ത് സമ്പൂര്‍ണ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് മുതല്‍ 21 ദിവസത്തേക്കാണ് ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
രാജ്യത്തെ ഓരോ പൌരന്‍മാരെയും രക്ഷിക്കാനായി ഈ നടപടി അത്യന്താപേക്ഷിതമാണ്. ഇന്ന് രാത്രി മുതല്‍ പുറത്തിറങ്ങുന്നതിന് കനത്ത നിയന്ത്രണങ്ങളുണ്ടാകും. ഇത് രാജ്യത്തിന്റെ മുക്കിനും മൂലയ്ക്കും ബാധകമാണ്. ജനതാ കര്‍ഫ്യൂവിനേക്കാള്‍ കര്‍ശനമായ ലോക്ക് ഡൌണാണ് പ്രഖ്യാപിക്കുന്നത് മോദി പറഞ്ഞു.
കൊവിഡ് പശ്ചാത്തലത്തില്‍ ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. ട്വിറ്റര്‍ സന്ദേശം വഴി ഈ വിവരം അറിയിച്ചതും പ്രധാനമന്ത്രി തന്നെയാണ്. പ്രധാനമന്ത്രിയുടെ നിര്‍ണായക പ്രസ്താവനയുടെ പ്രസക്തഭാഗങ്ങള്‍ താഴെ..
ജനതാകര്‍ഫ്യൂ ജനങ്ങള്‍ വലിയ വിജയമാക്കി. അതിന് ജനങ്ങളോട് നന്ദി പറയുന്നു. എന്ത് സങ്കടമുണ്ടായാലും അതിനെ ഇന്ത്യക്കാര്‍ ഒന്നിച്ച് നേരിടുമെന്ന് നമ്മള്‍ തെളിയിച്ചു. ലോകത്തെമ്പാടും കൊറോണവൈറസ് ഒരു മഹാമാരിയായി പടരുന്നത് നമ്മള്‍ മാധ്യമങ്ങളിലൂടെ കാണുകയാണല്ലോ. പല വികസിത രാജ്യങ്ങളും ഇതിന് മുന്നില്‍ നിസ്സഹായരായി നില്‍ക്കുന്നതും നമ്മള്‍ കാണുന്നതാണ്. അവരുടെ പക്കല്‍ ഇതിനെ നേരിടാന്‍ വേണ്ട സൌകര്യങ്ങളില്ലാഞ്ഞിട്ടല്ല. എന്നിട്ടും വൈറസ് പടര്‍ന്നു പിടിക്കുകയാണ്.
ജനങ്ങള്‍ സാമൂഹ്യ അകലം പാലിക്കുക എന്നതല്ലാതെ ഈ മഹാമാരിയെ നേരിടാന്‍ വേറെ വഴിയില്ല. ഇത് മെഡിക്കല്‍ വിദഗ്ധര്‍ തന്നെ വ്യക്തമാക്കിയതാണ്. വീട്ടില്‍ അടച്ചിരിക്കൂ. സുരക്ഷിതരായിരിക്കൂ.
കൊറോണ പടര്‍ന്നുപിടിക്കുന്നത് നമുക്ക് തടഞ്ഞേ പറ്റൂ. അതിന് സാമൂഹ്യ അകലം പാലിക്കണം. ഇത് രോഗികള്‍ക്ക് മാത്രമേ വേണ്ടൂ എന്ന് ചിലര്‍ക്ക് തെറ്റിദ്ധാരണയുണ്ട്. ഇത് ശരിയല്ല. കുടുംബത്തിലെ ഓരോരുത്തരും സാമൂഹ്യ അകലം പാലിക്കണം. നിങ്ങള്‍ക്കും എനിക്കും അങ്ങനെ എല്ലാവര്‍ക്കും സാമൂഹ്യാകലം പാലിച്ചേ പറ്റൂ.
എന്നാല്‍ ചിലര്‍ നിരുത്തരവാദിത്തപരമായി പെരുമാറുന്നു. ഇത്തരം പെരുമാറ്റം തുടര്‍ന്നാല്‍ രാജ്യം അതിന് വലിയ വില കൊടുക്കേണ്ടിവരും. മിക്ക സംസ്ഥാനസര്‍ക്കാരുകളും മികച്ച രീതിയിലാണ് ഈ രോഗത്തെ നേരിടുന്നത്. അവരുടെ പ്രവര്‍ത്തനത്തെ അഭിനന്ദിച്ചേ പറ്റൂ.
അതിനാല്‍ ഇന്ന് രാത്രി 12 മണി മുതല്‍ രാജ്യമൊട്ടാകെ ലോക്ക് ഡൌണ്‍ പ്രഖ്യാപിക്കുന്നു. രാജ്യത്തെ ഓരോ പൌരന്‍മാരെയും രക്ഷിക്കാനായി ഈ നടപടി അത്യന്താപേക്ഷിതമാണ്. ഇന്ന് രാത്രി മുതല്‍ പുറത്തിറങ്ങുന്നതിന് കനത്ത നിയന്ത്രണങ്ങളുണ്ടാകും. ഇത് രാജ്യത്തിന്റെ മുക്കിനും മൂലയ്ക്കും ബാധകമാണ്. ജനതാ കര്‍ഫ്യൂവിനേക്കാള്‍ കര്‍ശനമായ ലോക്ക് ഡൌണാണ് പ്രഖ്യാപിക്കുന്നത്.
ഇതിനാല്‍ സാമ്പത്തിക പ്രതിസന്ധി രാജ്യത്തെ ബാധിച്ചേക്കാം. എന്നാല്‍ നമ്മുടെ ജീവന്‍ രക്ഷിക്കാന്‍ ഈ നടപടി അനിവാര്യമാണ്. അതിനാല്‍ ഈ പ്രഖ്യാപനവുമായി മുന്നോട്ടുപോകുന്നു.
കൊവിഡ് പശ്ചാത്തലത്തില്‍ ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. ട്വിറ്റര്‍ സന്ദേശം വഴി ഈ വിവരം അറിയിച്ചതും പ്രധാനമന്ത്രി തന്നെയാണ് .
ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് നരേന്ദ്രമോദി രാഷ്ട്രത്തെ അഭിസംബോധന ചെയ്തത്. ജനതാ കര്‍ഫ്യു അടക്കം നിര്‍ണ്ണായക പ്രഖ്യാപനങ്ങള്‍ രാഷ്ട്രം ഒറ്റക്കെട്ടായി ഏറ്റെടുത്തു. കൊവിഡ് വ്യാപനം കൂടുതല്‍ തീവ്രമായതിനെ തുടര്‍ന്ന് കേരളമടക്കം നിരവധി സംസ്ഥാനങ്ങള്‍ ലോക് ഡൗണിലേക്ക് പോയ സാഹചര്യമാണ് നിലവിലുള്ളത്. പ്രതിരോധ മുന്‍കരുതല്‍ നടപടികളോട് പ്രതീക്ഷിച്ച തരത്തില്‍ പ്രതികരിക്കുന്നില്ലെന്ന പരാതി പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പ്രകടിപ്പിച്ചിരുന്നു.
ലണ്ടൻ : ഹൃദയ സ്തംഭനം മൂലം ക്രോയിഡോണില്‍ നിര്യാതനായ സിജി ടി അലക്സിന് യുകെ മലയാളികളുടെ യാത്രാമൊഴി. ഹൃദയഭേദകമായ കാഴ്ചകളാണ് ഇന്നലെ ലണ്ടന്‍ സെന്റ് ഗ്രിഗോറിയസ് മലങ്കര ഓര്‍ത്തഡോക്സ് പള്ളി അങ്കണത്തു നടന്നത്. എന്താണ് നടക്കുന്നത് എന്ന് തിരിച്ചറിയാൻ പ്രായമാകാത്ത നാലു വയസുകാരി മകളെ കെട്ടിപ്പിടിച്ചു ഭാര്യ ബിന്‍സിയുടെ കണ്ണിൽ നിന്നും നിൽക്കാതെ ഒഴുകിയ കണ്ണുനീർ കണ്ടുനിന്നവരുടെ കണ്ണുകളെ ഈറനണിയിച്ചു. എല്ലാ പ്രവാസിമലയാളികളുടെയും പോലെ ഒരു പാട് സ്വപ്നങ്ങളുമായി ജീവിച്ച ഈ കൊച്ചു കുടുംബത്തിലേക്ക് കള്ളനെപ്പോലെ അപ്രതീക്ഷിതമായി മരണം കടന്നുവന്നപ്പോൾ എല്ലാമായിരുന്ന മക്കൾക്ക് പിതാവിനേയും ബിൻസിക്ക് തന്റെ ഭർത്താവിനെയും ആണ് നഷ്ടപ്പെട്ടത്.

ബിന്‍സിയുടെയും മക്കളുടെയും കലങ്ങിയകണ്ണുകളും വേദനയും സംസ്ക്കാര ശ്രുശൂഷകളിൽ പങ്കെടുത്തവരുടെ മനസ്സിൽ മായാത്ത മുറിവ് ഉണ്ടാക്കി. ഉറ്റവരുടെ മരണം പകർന്നു നൽകുന്ന വേദനയുടെ ആഴം എല്ലാവരും തിരിച്ചറിയുക ആയിരുന്നു. പ്രാര്‍ത്ഥനകള്‍ക്കും ശുശ്രൂഷകള്‍ക്കും ശേഷം മൃതദേഹം ക്രോയിഡോണ്‍ സെമിത്തേരിയില്‍ സംസ്‌കരിച്ചു. കൊറോണ വൈറസ് വ്യാപനത്തിന്റെ ഒരു പിടി നിയന്ത്രണങ്ങൾ നിലനിൽക്കുമ്പോൾ ആണ് മരണവും സംസ്ക്കാരവും നടക്കുന്നത്. നാട്ടിലേക്ക് കൊണ്ടുപോകുന്നതിൽ ഒരുപാടു കടമ്പകൾ കൊറോണ നിയന്ത്രണങ്ങൾ കാരണം ഉടലെടുത്തപ്പോൾ ജനിച്ച മണ്ണ് വിട്ട് അന്നം തരുന്ന നാടിൻറെ മണ്ണിനോട് ചേരുകയായിരുന്നു.

ലണ്ടന്‍ സെന്റ് ഗ്രിഗോറിയസ് മലങ്കര ഓര്‍ത്തഡോക്സ് പള്ളിയില്‍ വച്ചാണ് സിജി ടി അലക്സിന്റെ സംസ്‌കാര ശുശ്രൂഷകള്‍ നടന്നത്. മലങ്കര ഓര്‍ത്തഡോക്സ് സഭാ യുകെ യൂറോപ്പ് ആഫ്രിക്കാ ഭദ്രാസനത്തിന്റെ സെക്രട്ടറി ഫാ. ഹാപ്പി ജേക്കബ്ബ്, ഇടവക വികാരി ഫാ. എബി പി വര്‍ഗീസ് എന്നിവര്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി. ഫാ. ഹാപ്പി ജേക്കബ്ബ് മുഖ്യകാര്‍മ്മികനായി.
മൂത്ത മകന്‍ സിബിന്‍ സിജി പിതാവിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചപ്പോള്‍ കണ്ണുനീരോടെയാണ് ഏവരും ആ വാക്കുകള്‍ കേട്ടത്. ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ക്ക് സിജിയുടെ സഹോദരി ഭര്‍ത്താവായ സൈമി ജോര്‍ജ്ജ് നന്ദി പറഞ്ഞു. മലങ്കര ഓര്‍ത്തഡോക്സ് സഭാ ഭദ്രാസന സെക്രട്ടറി, ഇടവകയെ പ്രതിനിധീകരിച്ചു ട്രസ്റ്റി റോയ്സ് ഫിലിപ്പ്, സെക്രട്ടറി ബിനു ജേക്കബ്ബ് എന്നിവര്‍ പുഷ്പചക്രം സമര്‍പ്പിച്ചു.
ഇടവകയ്ക്കു വേണ്ടിയും ആധ്യാത്മിക സംഘടനകള്‍ക്കും വേണ്ടി ഫാ. എബി പി വര്‍ഗീസ് അനുശോചനം അറിയിച്ചു. ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസിനു വേണ്ടിയും ഭദ്രാസന കൗണ്‍സിലിനു വേണ്ടിയും ഭദ്രാസനത്തിനു വേണ്ടിയും ഭദ്രാസന സെക്രട്ടറി ഫാ. ഹാപ്പി ജേക്കബ്ബും മാനേജിംഗ് കമ്മിറ്റി മെമ്പര്‍ രാജന്‍ ഫിലിപ്പും അനുശോചന പ്രസംഗം നടത്തി. സംസ്‌കാര ശുശ്രൂഷകള്‍ക്കു ശേഷം ക്രോയിഡോണ്‍ മിച്ചം റോഡ് സെമിത്തേരിയില്‍ മൃതദേഹം സംസ്‌കരിച്ചു.
സീറോ മലബാര്‍ വൈദികരായ സാജു പിണക്കാട്ട്, ടോമി എടാട്ട് പിആര്‍ ഒ, ഫാ. ബിനോയ് നിലയാറ്റിങ്കല്‍ എന്നിവര്‍ വീട്ടില്‍ നടന്നുവന്നിരുന്ന വിവിധ ദിവസങ്ങളിലെ പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കി. അതു പോലെ തന്നെ ഓര്‍ത്തഡോക്സ് സഭാ വൈദികനും മാനേജിംഗ് കമ്മിറ്റി അംഗവുമായ എബ്രഹാം ജോര്‍ജ്ജ് കോര്‍ എപ്പിസ്‌കോപ്പ, മര്‍ഗീസ് ജോണ്‍ മണ്ണഞ്ചേരില്‍ എന്നിവരും ഇടവക വികാരി എബി പി വര്‍ഗീസും വീട്ടിലെത്തി സംസ്‌കാര ശുശ്രൂഷകളുടെ വിവിധ ഭാഗങ്ങള്‍ നിര്‍വ്വഹിച്ചു. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും സാമൂഹ്യ രാഷ്ട്രീയ പ്രവര്‍ത്തകരും വീട് സന്ദർശിച്ചിരുന്നു. സിജിയുടെ നാട്ടിലെ ഇടവക പള്ളിയായ ചെങ്ങന്നൂര്‍ സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ എല്ലാ ദിവസും പ്രാര്‍ത്ഥനകള്‍ നടന്നിരുന്നു. ഇടവക വികാരി, അസിസ്റ്റന്റ് വികാരി എന്നിവര്‍ ചേര്‍ന്നാണ് ചടങ്ങുകള്‍ക്ക് നേതൃത്വം വഹിച്ചത്. ക്രോയിഡോണിലെ സംസ്‌കാര ശുശ്രൂഷകള്‍ നാട്ടില്‍ ലൈവായി സംപ്രേക്ഷണം ചെയ്തിരുന്നു.

ഈ മാസം 11ന് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സിജിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രാവിലെ മുതല്‍ ചെറിയ തോതില്‍ കാല് വേദന തോന്നിയെങ്കിലും സിജി കാര്യമാക്കിയിരുന്നില്ല. എന്നാല്‍ വൈകുന്നേരം ആയപ്പോഴേക്കും വേദന കൈകള്‍ക്കും തോന്നിയപ്പോഴാണ് വീട്ടില്‍ ഉണ്ടായിരുന്ന ഭാര്യയെ കൂട്ടി ആംബുലന്‍സ് വിളിച്ചു ക്രോയ്ഡോണ്‍ സെന്റ് ജോര്‍ജ് ഹോസ്പിറ്റലില്‍ ചികിത്സ തേടിയത്. അവിടെ ഡോക്ടറെ കാത്തിരിക്കുന്നതിനിടയിലാണ് സിജിയ്ക്ക് ഹൃദയാഘാതം ഉണ്ടാകുന്നത്. ഇടയ്ക്കു രണ്ടു വട്ടം ടോയ്‌ലെറ്റില്‍ തനിയെ പോയി വന്ന സിജി ഡോക്ടറെ കാത്തിരിക്കുമ്പോള്‍ കുഴഞ്ഞു വീഴുക ആയിരുന്നു.
തുടര്‍ന്ന് അടിയന്തിര വൈദ്യ സഹായം ലഭ്യമാക്കിയെങ്കിലും ഇതിനിടയില്‍ ആന്തരിക അവയവ പ്രവര്‍ത്തനങ്ങളും താളം തെറ്റുക ആയിരുന്നു. ഈ സമയം മൂന്നു വട്ടം തുടര്‍ച്ചയായി ഹൃദയാഘാതം ഉണ്ടായതായാണ് ബന്ധുക്കള്‍ പങ്കു വയ്ക്കുന്ന വിവരം. തുടര്‍ന്ന് അബോധാവസ്ഥയിലേക്കു പോയ അദ്ദേഹത്തെ വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്താന്‍ ശ്രമിക്കുകയാണ് ചെയ്‌തത്.
എന്നാല്‍ നേരം വെളുത്തപ്പോള്‍ തിരിച്ചു പിടിക്കാന്‍ കഴിയാത്ത വിധം ആരോഗ്യ നില വഷളായി മരണത്തിനു കീഴടങ്ങുകയായിരുന്നു. മരിക്കുന്നതിന് മുൻപ് സെന്റ് ജോര്‍ജ് ഹോസ്പിറ്റല്‍ ചാപ്ലയിന്‍ ആയ ഫാ: എബി പി വര്‍ഗീസ് എത്തി അന്ത്യ കൂദാശ നല്‍കുകയും ചെയ്‌തു. അന്‍പതു വയസ് മാത്രമായിരുന്നു പ്രായം. ക്രോയിഡോണില്‍ കുടുംബ സമേതം താമസിച്ചു വരികയായിരുന്നു.
ബിന്‍സി സിജി ആണ് ഭാര്യ. പത്താം ക്ലാസ് വിദ്യാര്‍ത്ഥി സിബിന്‍, പ്രൈമറി വിദ്യാര്‍ത്ഥി അലന്‍, നാലുവയസുകാരി ദിയ എന്നിവരാണ് മക്കള്‍. പ്രവാസി കേരളാ കോണ്‍ഗ്രസ് ഭാരവാഹിയും ഓര്‍ത്തഡോക്‌സ് സഭാ യൂറോപ്പ് ഭദ്രാസന കൗണ്‍സില്‍ അംഗമായ സോജി ടി മാത്യു സഹോദരനാണ്. നാട്ടില്‍ തിരുവല്ല പുതുശ്ശേരി സ്വദേശിയാണ്. തെക്കേപടിക്കല്‍ ചെറിയാന്‍ – ലീലാമ്മ ദമ്പതികളുടെ മകനാണ്.
സ്വന്തം ലേഖകൻ
ലണ്ടൻ : യുകെയിൽ കൊറോണ വൈറസ് വ്യാപനത്തെ തടയാൻ കനത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി പ്രധാനമന്ത്രി ബോറിസ് ജോൺസൻ. രാജ്യത്ത് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 335 ആയി ഉയർന്നു. ഇന്നലെ മാത്രം 967 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 6650 ആയി. ഈയൊരു സാഹചര്യത്തിൽ സർക്കാർ നൽകുന്ന മുൻകരുതലുകൾ ജനങ്ങൾ പാലിക്കേണ്ടിയിരിക്കുന്നു. രോഗവ്യാപനത്തെ തടയാൻ വിപുലമായ നടപടികൾ ബോറിസ് ജോൺസൻ പ്രഖ്യാപിച്ചു. ഏറ്റവും പ്രധാനമായി ആളുകളോട് വീട്ടിൽ തന്നെ തുടരാൻ അദ്ദേഹം ആവശ്യപ്പെട്ടു. വളരെ അത്യാവശ്യമായിട്ടുള്ള സാഹചര്യങ്ങളിൽ മാത്രമേ വീട് വിട്ടു പുറത്തുപോകാവൂ . അതോടൊപ്പം സാമൂഹിക അകലം പാലിക്കാനും ജനങ്ങളോട് ആവശ്യപ്പെട്ടു. ഏവരും പരമാവധി 2 മീറ്റർ വരെ അകലം പാലിക്കണം.

ഭക്ഷണം, മരുന്ന് തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾക്ക് പുറത്തുപോകാം. എന്നാൽ സാമൂഹിക അകലം പാലിക്കുന്നതിൽ ശ്രദ്ധിക്കണം. ഒപ്പം നടത്തം, സൈക്ലിംഗ് പോലെയുള്ള വ്യായാമങ്ങൾ ഒറ്റയ്ക്കോ കുടുംബത്തിനൊപ്പോ ചെയ്യണം. രോഗിയെ സഹായിക്കാൻ വൈദ്യസഹായം ലഭ്യമാക്കും. അതുപോലെ വീട്ടിൽ ഇരുന്ന് ജോലി ചെയ്യാൻ ആളുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇതിന് കഴിയാതെ വരുന്നവർക്ക് അത്യാവശ്യമെങ്കിൽ മാത്രം ജോലിക്ക് പോകാം.
സ്കൂളുകൾ അനിശ്ചിതകാലത്തേക്ക് അടച്ചിട്ടിരിക്കുകയാണെങ്കിലും എൻ എച്ച് എസ് ജീവനക്കാർ, പോലീസ് തുടങ്ങി പട്ടികയിൽ പറഞ്ഞിട്ടുള്ളവരുടെ മക്കൾക്ക് സ്കൂളുകളിൽ പോകാം. വീട്ടിൽ ഒരുമിച്ചു കഴിയുന്നവർ അല്ലാതെ ആരെയും സന്ദർശിക്കാൻ ഇപ്പോൾ അനുവാദമില്ല. സുഹൃത്തുക്കളോട് അടുത്തിടപഴുകുന്നത് അവസാനിപ്പിക്കണം. ആവശ്യസാധനങ്ങൾ ഒഴികെയുള്ള എല്ലാ കടകളും ഇനി അടച്ചിടും. വസ്ത്രങ്ങൾ, ഇലക്ട്രോണിക്സ്, ബ്യുട്ടി പാർലർ, ലൈബ്രറികൾ, ജിമ്മുകൾ, കമ്മ്യൂണിറ്റി സെന്ററുകൾ, യുവജന കേന്ദ്രങ്ങൾ, ആരാധനാലയങ്ങൾ, ആർക്കേഡുകൾ, ഹോട്ടലുകൾ ഹോസ്റ്റലുകൾ, ക്യാമ്പിങ് ഇടങ്ങൾ തുടങ്ങിയവ യുകെയിൽ ഇനി അടഞ്ഞുകിടക്കും. രണ്ടിലധികം ആളുകളുടെ പൊതുസമ്മേളനങ്ങളും നിരോധിച്ചിരിക്കുന്നു. ജോലിസ്ഥലത്തെ എല്ലാ മീറ്റിംഗുകളും മറ്റ് ഒത്തുചേരലുകളും കുറയ്ക്കാൻ തൊഴിലാളികൾ ശ്രമിക്കണമെന്ന് മാർഗ്ഗനിർദ്ദേശത്തിൽ പറയുന്നു. വിവാഹം , മാമോദീസ , മറ്റ് ചടങ്ങുകൾ ഉൾപ്പെടെ എല്ലാ സാമൂഹിക പരിപാടികളും നിരോധിച്ചിരിക്കുന്നു. എന്നാൽ ശവസംസ്കാര ചടങ്ങുകൾക്ക് കുടുംബത്തിലെ അംഗങ്ങൾക്ക് മാത്രം പങ്കെടുക്കാൻ കഴിയും.

ഒത്തുചേരലുകൾ തടയാൻ പോലീസിന് അധികാരമുണ്ടായിരിക്കും. അതേസമയം നിയമങ്ങൾ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയ ആർക്കെതിരെയും പിഴ ചുമത്താം. നിയന്ത്രണങ്ങൾ നിരന്തരമായ അവലോകനത്തിലായിരിക്കുമെന്നും കുറഞ്ഞത് മൂന്ന് ആഴ്ച വരെ നീണ്ടുനിൽക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ആഗോളതലത്തിൽ ഇതുവരെ 16,515 മരണം റിപ്പോർട്ട് ചെയ്തു. കൊറോണ വൈറസ് കേസുകൾ 380,000ലേക്ക് എത്തി.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
കമ്പനികൾ ഏതെങ്കിലും സാഹചര്യത്തിൽ ഉപഭോക്ത സംരക്ഷണ നിയമം ലംഘിക്കുകയോ അമിതവില ഈടാക്കുകയോ പ്രോഡക്റ്റുകളെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങൾ പ്രചരിപ്പിക്കുകയോ ചെയ്താൽ സിഎംഎ കർശനമായ നടപടികളുമായി മുന്നോട്ടുപോകുമെന്ന് സിഎംഎ ചെയർമാൻ ലോർസ് ടൈറി പറഞ്ഞു. ജനങ്ങളുടെ മേൽ അധികഭാരം ചുമത്താൻ ശ്രമിക്കരുത് എന്ന് അദ്ദേഹം റീട്ടെയിൽ വ്യാപാരികളോട് ആവശ്യപ്പെട്ടു. അതോടൊപ്പം തന്നെ തങ്ങളുടെ സാധനങ്ങൾ ഓൺലൈൻ സൈറ്റുകൾ വഴി വിൽക്കാൻ ശ്രമിക്കുമ്പോൾ അമിത വില ഈടാക്കാതിരിക്കാൻ പൊതുജനങ്ങളും ശ്രദ്ധിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

റീട്ടെയിൽ വിപണന മേഖലയിൽ മലയാളികളുടെ ഉൾപ്പെടെയുള്ള ആവശ്യ സാധനങ്ങൾക്ക് കൂടുതൽ വില ഈടാക്കുന്നതിന്റെ വിവരങ്ങൾ മലയാളം യുകെ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. അതോടൊപ്പം പല ആവശ്യസാധനങ്ങളും കൂടുതൽ സംഭരിച്ച് മറ്റുള്ളവർക്ക് അമിതവില ഈടാക്കി ശ്രമിച്ചു വിൽക്കുന്ന പ്രവണതയും വർദ്ധിച്ചു വരുന്നുണ്ട്. ബ്രാഡ്ഫോർഡ് മൂറിലെ കൗൺസിലറായ കോൾ മുഹമ്മദ് ഷാഫിക്ക് ഈ നടപടിക്കെതിരെ രംഗത്തുവന്നിരുന്നു.10 പൗണ്ട് വിലവരുന്ന ചിക്കൻ 60 പൗണ്ടിന് വിൽപന നടത്തിയതായി പരാതി ലഭിച്ചതായി അദ്ദേഹം പറഞ്ഞു.
ഈ പ്രതിസന്ധിഘട്ടത്തിൽ സമാന രീതിയിലുള്ള ചൂഷണങ്ങൾക്കെതിരെ കരുതിയിരിക്കണമെന്ന് മലയാളംയുകെ ന്യൂസ് ഡസ്ക് വായനക്കാരെ ഓർമിപ്പിക്കുന്നു. ഏതെങ്കിലും രീതിയിൽ വിലവർദ്ധനവിന്റെ തിക്താനുഭവങ്ങൾ ഉണ്ടെങ്കിൽ ഈ വാർത്തയുടെ കമന്റ് കോളത്തിൽ രേഖപ്പെടുത്താൻ അഭ്യർത്ഥിക്കുന്നു. വിലവർധനവിനും ചൂഷണത്തിനുമെതിരെ നമുക്ക് ഒന്നിച്ച് പോരാടാം.
ലണ്ടൻ: എല്ലാവരും ഉറ്റുനോക്കിയ വാർത്താസമ്മേനം ബ്രിട്ടീഷ് പ്രധാനമന്ത്രി വളരെ വിഷമത്തോടെ തന്നെ നമ്മളെ എല്ലാവരെയും അറിയിച്ചിരിക്കുന്നു. ഭൂരിപക്ഷം വരുന്ന യുകെ ജനത വിചാരിച്ചതുപോലെ കർശനമായ നിർദ്ദേശങ്ങൾ ആണ് ഇന്ന് ബോറിസ് ജോൺസൻ പുറപ്പെടുവിച്ചിരിക്കുന്നത്. ഇങ്ങനെ ഒരു സാഹചര്യം ഒരു പ്രധാനമന്ത്രിക്കും ഉണ്ടായിട്ടില്ല അല്ലെങ്കിൽ ഉണ്ടാകരുത് എന്ന് ആമുഖമായി അദ്ദേഹം പറഞ്ഞു. കോബ്ര മീറ്റിങ്ങിന് ശേഷം വാർത്താസമ്മേനത്തിൽ പറഞ്ഞ തീരുമാനങ്ങൾ ഇങ്ങനെ…
ഇന്ന് രാത്രി മുതൽ ബ്രിട്ടനിലെ ജനത്തിന് അനാവശ്യമായി വീടിന് പുറത്തുപോകുവാൻ അനുവാദമില്ല. അതായത് ഒരു വീട്ടിലെ നിത്യോപയോക സാധനങ്ങൾ, മരുന്ന് എന്നിവ വാങ്ങുന്നതിന് മാത്രം. ഒരു ദിവസത്തിൽ ഏതെങ്കിലും തരത്തിലുള്ള ഒരു വ്യായാമത്തിന് മാത്രമേ പുറത്തുപോകുവാൻ അനുവാദമുള്ളൂ. അതോടൊപ്പം തന്നെ ഒഴിവാക്കാൻ പറ്റാത്ത തരത്തിലുള്ള ജോലിയെങ്കിൽ മാത്രം പോയി വരാൻ അനുവദിക്കുന്നു.
ഒരു വീട്ടിൽ ഒരുമിച്ചു താമസിക്കുന്ന അംഗങ്ങൾ അല്ലാതെ മറ്റൊരു തരത്തിലുള്ള കൂടിച്ചേരലുകളും ഇന്ന് മുതൽ അനുവദിക്കുന്നില്ല. അതായത് കൂട്ടുകാർ, ബന്ധുക്കൾ എന്നിവരുമായുള്ള കൂടിച്ചേരലുകളും നിരോധിച്ചിരിക്കുന്നു.
ഷോപ്പിംഗ് എന്നത് നിത്യോപയോക സാധനങ്ങൾ, മരുന്ന് എന്നിവ മാത്രമാക്കി ചുരുക്കിയിരിക്കുന്നു. അതും ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ പൂർത്തീകരിക്കുവാൻ ആവശ്യപ്പെടുകയും ചെയ്യുന്നു.
ഇത് ലംഘിക്കുന്നവർക്ക് എതിരെ നടപടി എടുക്കുവാൻ പോലീസിന് അധികാരം ഉണ്ടായിരിക്കും. അനുസരിക്കാൻ വിമുഖത കാണിച്ചാൽ ഫൈൻ അടിച്ചു കിട്ടുവാനും സാധ്യത.
നിത്യോപയോഗ സാധനങ്ങൾ വിൽക്കുന്ന കടകളൊഴികെ മറ്റെല്ലാ കടകളും ഇന്ന് രാത്രി മുതൽ തുറക്കാൻ പാടുള്ളതല്ല. എല്ലാ ഇലക്ട്രോണിക്സ് ഷോപ്പുകളും, വസ്ത്രവ്യാപാര സ്ഥാപനങ്ങളും ഇന്ന് രാത്രി മുതൽ അടച്ചിടുന്നു
ലൈബ്രറി, കളിസ്ഥലങ്ങൾ, പുറത്തുള്ള ജിമ്മുകൾ, ആരാധനാലയങ്ങൾ തുടങ്ങിയവയും തുറക്കാൻ പാടുള്ളതല്ല.
പൊതുസ്ഥലത്തു രണ്ടു പേരിൽ കൂടുതൽ കൂട്ടം കൂടുവാൻ പാടുള്ളതല്ല … കുടുംബാംഗങ്ങൾ ഒഴിച്ച്
എല്ലാ സാമൂഹിക പരിപാടികളും നിരോധിച്ചിരിക്കുന്നു .. മാമ്മോദീസ, വിവാഹം എന്നിവ ഇതിൽപ്പെടുന്നു. ശവസംസ്ക്കാരം നടത്തുന്നതിന് തടസ്സമില്ല.
പാർക്കുകൾ വ്യായാമത്തിന് വേണ്ടി തുറന്നു നൽകുമെങ്കിലും കൂട്ടം ചേരുവാൻ അനുവാദമില്ല.
മൂന്നാഴ്ചത്തേക്ക് ആണ് ഈ നിർദ്ദേശങ്ങൾ… ഓരോ ദിവസവും കൂടുതൽ നിർദ്ദേശങ്ങളും ചിലപ്പോൾ മാറ്റങ്ങളും ഉണ്ടാകാം. രോഗത്തിന്റെ സ്ഥിതി മെച്ചെപ്പെടുകയെങ്കിൽ ഇതിൽ മാറ്റങ്ങൾ വരുത്തുന്നതാണ്.
യുകെ മരണ സംഖ്യ 335 ആയി. സ്പെയിനിൽ മരിച്ചവരുടെ എണ്ണം 2000 കവിഞ്ഞു.
സ്വന്തം ലേഖകൻ
ബ്രിട്ടൻ :- കൊറോണ ബാധയെ തുടർന്ന് ഉണ്ടായ പ്രതിസന്ധിഘട്ടത്തിൽ, എൻഎച്ച്എസ് സ്റ്റാഫുകൾക്കിടയിലും സംരക്ഷണ കിറ്റുകളുടെയും, മാസ്‌ക്കുകളുടെയും ക്ഷാമം ഉണ്ടെന്ന് വ്യക്തമാക്കി ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക്. എന്നാൽ ഇവയുടെ ലഭ്യത വർധിപ്പിക്കാൻ ഉള്ള എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തുമെന്നു എന്ന് അദ്ദേഹം ഉറപ്പുനൽകി. കഴിഞ്ഞ ആഴ്ച എൻഎച്ച് സ്റ്റാഫു കളിൽ ഒരാൾ തനിക്ക് ആവശ്യമായ സംരക്ഷണ കിറ്റുകൾ ഇല്ലായെന്ന് വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തെ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും, ഒരു മില്യനിധികം മാസ്ക്കുകൾ ഇപ്പോൾ ലഭ്യമാക്കുകയും ചെയ്തതായി ആരോഗ്യ സെക്രട്ടറി ഉറപ്പുനൽകി. ഈ ആഴ്ച മുതൽ, സാധനങ്ങൾ ലഭ്യമാക്കുന്നതിൽ മിലിറ്ററിയും മുഖ്യ പങ്കു വഹിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആശുപത്രികൾക്ക് ആവശ്യമായ എല്ലാ അടിയന്തര സേവനങ്ങളും ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ആഴ്ച ആവശ്യമായ സംരക്ഷണ കിറ്റുകളും, മാസ്ക്കുകളും, കൊറോണ വൈറസ് പരിശോധന സാമഗ്രികളും മറ്റും ലഭ്യമല്ലെന്ന വാർത്ത പരന്നിരുന്നു. ഇതോടൊപ്പംതന്നെ എൻഎച്ച്എസ് സ്റ്റാഫുകളുടെ ജീവൻ ആശങ്കയിലാണെന്ന അഭ്യൂഹങ്ങളും വരുന്നു. എന്നാൽ ഇത്തരം സാഹചര്യത്തിൽ സ്റ്റാഫുകൾ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും, അടിയന്തര സാഹചര്യങ്ങൾ നേരിടാൻ അതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ആരോഗ്യ സെക്രട്ടറി പറഞ്ഞു.

24 മണിക്കൂറിനുള്ളിൽ 2.6 മില്യണിലധികം മാസ്കുകൾ ആണ് ബ്രിട്ടനിലേക്ക് കൊണ്ടുവന്നിരിക്കുന്നത്. ബ്രിട്ടനിൽ കൊറോണ ബാധ മൂലം മരിച്ചവരുടെ എണ്ണം 281 ആയി. ഇതോടൊപ്പം തന്നെ 5683 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. വിമാനത്താവളങ്ങളിലും മറ്റും അടച്ചിട്ടിരിക്കുകയാണ്. രോഗലക്ഷണങ്ങൾ കാണിക്കുന്നവരെ ഉടൻതന്നെ ഐസൊലേറ്റ് ചെയ്യാനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഇത് അനുസരിക്കാത്തവർക്കെതിരെ ആവശ്യമെങ്കിൽ കർശന നടപടി എടുക്കും എന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ബോറിസ് ജോൺസൺ വ്യക്തമാക്കിയിരുന്നു. ലോകത്താകമാനം ഏകദേശം 13,000 മരണങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മൂന്നു ലക്ഷത്തിലധികം പേർക്ക് കൊറോണ ബാധ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
സ്വന്തം ലേഖകൻ
കൊറോണാ വൈറസ് മൂലമുണ്ടായ ദുരിതങ്ങളെ തുടർന്ന്, വരും വർഷങ്ങളിൽ കനത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമെന്നും അതിൽ നിന്ന് പുറത്തുവരാൻ സമയമെടുക്കുമെന്നും ഓർഗനൈസേഷൻ ഫോർ എക്കണോമിക്സ് കോർപ്പറേഷൻ ആൻഡ് ഡെവലപ്മെന്റ് സൂചന നൽകി.
ഒ ഇ സി ഡി സെക്രട്ടറി ജനറൽ ആയ എയ്ഞ്ചൽ ഗുറിയ പറയുന്നത് ഇതുവരെ നേരിട്ട സാമ്പത്തിക മാന്ദ്യങ്ങളെ പോലെ ആയിരിക്കില്ല ഇത് എന്നാണ്. സാമ്പത്തിക രംഗത്ത് തിരിച്ചുവരവ് നടത്തണമെങ്കിൽ ഇപ്പോഴേ ക്രിയാത്മകവും പ്രത്യാശ പൂർണ്ണവുമായ ചിന്തകൾ വേണം. ആഗോള വളർച്ച കൊറോണ ഔട്ട് ബ്രേക്കിനെ തുടർന്ന് പകുതിയായി കുറയുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു . എത്ര ജോലികൾ നഷ്ടപ്പെടുമെന്നോ കമ്പനികൾ തകരുമെന്നോ ഇപ്പോൾ പറയാൻ സാധിക്കില്ല. എന്നാൽ എല്ലാ രാജ്യങ്ങളിലും വരും വർഷങ്ങളിൽ സാമ്പത്തിക വളർച്ച താഴോട്ടു പോകും.

വരാൻ പോകുന്ന തൊഴിലില്ലായ്മയെ പിടിച്ചുനിർത്താനുള്ള മാർഗങ്ങളെക്കുറിച്ച് ഇപ്പോൾതന്നെ ചിന്തിക്കേണ്ടിയിരിക്കുന്നു. എത്രപേർക്കാണ് തൊഴിൽ നഷ്ടപ്പെടുക എന്ന് കണക്കുകൂട്ടാൻ സാധ്യമല്ല. ലോകവ്യാപകമായി ഗവൺമെൻറുകൾ ഈ വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കണം.
യുകെയിൽ ജോലി എടുക്കുന്നില്ലെങ്കിൽ പോലും തൊഴിലാളികൾക്ക് ശമ്പളം നൽകാമെന്ന കാര്യത്തിൽ ഉറപ്പുനൽകിയിട്ടുണ്ട്. സമാനമായ രീതികളിലെ നടപടികളാണ് ലോകമെങ്ങും വേണ്ടത്.
ഇപ്പോഴത്തെ തകർച്ചയിൽനിന്ന് പെട്ടെന്ന് ഒരു ഉയർത്തെഴുന്നേൽപ്പ് സാധ്യമാകില്ല. ജി 20 ക്ലബ്ബിലെ പോളിസി മേക്കേഴ്സ് കരുതുന്നത് സാമ്പത്തികമായ തിരിച്ചുവരവ് ഇംഗ്ലീഷ് അക്ഷരമാലയിലെ ‘വി’ (v )ഷേപ്പ് പോലെ ആയിരിക്കും എന്നാണ്. എന്നാൽ അത് താഴെ ഭാഗത്തിന് കുറച്ചുകൂടി വീതികൂട്ടി ‘യു ‘ (u )ഷേപ്പിൽ ആവാനാണ് സാധ്യത. അതായത് തകർച്ച കുറച്ചു നാളെങ്കിലും നീണ്ടുനിൽക്കും എന്ന്. എന്നാൽ അത് ‘എൽ’ ഷേപ്പിൽ ആകാതെ ഇരിക്കണമെങ്കിൽ എല്ലാവരും ഒന്നു ചേർന്ന് ഇപ്പോൾ തന്നെ കൃത്യമായ തീരുമാനമെടുക്കണം.
ഈ കൊറോണ കാലത്ത് സൗജന്യ വൈറസ് ടെസ്റ്റിംഗ്, ഡോക്ടർമാർക്കും നഴ്സുമാർക്കും കുറച്ചുകൂടി നല്ല ആരോഗ്യ സംരക്ഷണ ഉപകരണങ്ങൾ, തൊഴിലാളികൾക്കും സ്വയം സംരംഭകർക്കും സാമ്പത്തിക സഹായം , ബിസിനസുകാർക്ക് ടാക്സ് പെയ്മെന്റ് ഹോളിഡേയ്സ് തുടങ്ങിയവയാണ് ഇപ്പോൾ അടിയന്തരമായി വേണ്ടതെന്ന് റിപ്പോർട്ടിൽ പറയുന്നു .
തിരുവനന്തപുരം: കേരളത്തിൽ ലോക് ഡൗൺ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് ഇന്ന് 28 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് അസാധാരണ നടപടികളിലേക്കും കര്‍ശന സുരക്ഷയിലേക്കും സര്‍ക്കാര്‍ കടന്നത്. ആളുകൾ പുറത്തിറങ്ങരുത്. പൊതു ഗതാഗത സംവിധാനങ്ങൾ ഉണ്ടാകില്ല. സ്വകാര്യ വാഹനങ്ങൾ തടയില്ല. പുറത്തിറങ്ങുന്നവര്‍ ശാരിരിക അകലം പാലിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. അവശ്യ സാധനങ്ങൾ ഉറപ്പ് വരുത്താൻ നടപടി എടുക്കും
28 വൈറസ് ബാധിതരിൽ 19 പേരും കാസര്‍കോട് ജില്ലയിൽ നിന്ന് ഉള്ളവരാണ്. 28 വൈറസ് ബാധിതരിൽ 25 പേരും വന്നത് ദുബൈയിൽ നിന്നാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അനിതര സാധാരണമായ സാഹചര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.
മാർച്ച് 31 വരെയാണ് നിലവിലെ ലോക്ക് ഡൗണ്. അതിനുശേഷം എന്തു വേണം എന്ന് ആലോചിച്ച് തീരുമാനിക്കും. ലോക്ക് ഡൌണിൽ സംസ്ഥാനം മൊത്തം അടച്ചിടും പൊതുഗതാഗതം ഉണ്ടാവില്ല. സ്വകാര്യ ബസുകളോ കെഎസ്ആർടിസിയോ ഉണ്ടാവില്ല. എന്നാൽ സ്വകാര്യ വാഹനങ്ങളിൽ പോകാം. ആശുപത്രികൾ പ്രവർത്തിക്കും. ഇന്ധന പാചക വിതരണം തുടരും.
ആരാധനാലയങ്ങളിൽ ആളെക്കൂട്ടിയുള്ള എല്ലാ പരിപാടികളും റദ്ദാക്കും. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കാം. മറ്റെല്ലാ കടകളും അടച്ചിടും. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ പാടില്ല. എന്നാൽ ഭക്ഷണം വാങ്ങി വീട്ടിൽ കൊണ്ടു പോകാം. അടിയന്തര ആവശ്യങ്ങൾക്കായി പുറത്തിറങ്ങുമ്പോൾ മറ്റുള്ളവരിൽ നിന്നും അകലം പാലിക്കണം.
ചികിത്സയിലുണ്ടായിരുന്ന കണ്ണൂരിലെ ഒരു രോഗി ഇന്ന് അസുഖം മാറി വീട്ടിൽ പോയി. 383 പേർ ആശുപത്രിയിൽ ഇപ്പോഴും ഉണ്ട്. 122 പേരെ ഇന്ന് ആശുപത്രിയിലേക്ക് മാറ്റി. 4291 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. 2987 എണ്ണം നെഗറ്റീവായി റിപ്പോർട്ട് ചെയ്തു.
കാസർകോട് ജില്ലയിലെ സ്ഥിതി മറ്റിടങ്ങളിൽ നിന്നും വ്യത്യസ്തമാണ്. അവിടെ കൂടുതൽ കടുത്ത നിയന്ത്രണങ്ങൾ സർക്കാർ പ്രഖ്യാപിക്കുന്നു. കാസർകോട് ജില്ലയിൽ ഇനിയൊരാളും അനാവശ്യമായി പുറത്തേക്ക് ഇറങ്ങരുത്. ഇറങ്ങിയാൽ അറസ്റ്റ് ചെയ്യുകയും കടുത്ത പിഴത്തുക ഈടാക്കുകയും ചെയ്യും. അന്യസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് വരുന്ന എല്ലാവർക്കും 14 ദിവസത്തെ നിരീക്ഷണം ആവശ്യമാണ്. എല്ലാവരും പരിശോധനക്ക് വിധേയരാകണം.
വീട്ടിൽ നിരീക്ഷണത്തിലുള്ളവർ ഇറങ്ങി നടക്കുന്നത് തടയും. നിരീക്ഷത്തിലുള്ളവരുടെ ലൊക്കേഷൻ വിവരങ്ങൾ മൊബൈൽ സർവ്വീസ് പ്രൊവൈഡർമാരിൽ നിന്നും സ്വീകരിക്കും. ഇവർ ടവർ ലൊക്കേഷൻ മറികടന്നാൽ പൊലീസ് ഇടപെട്ടും. നിരീക്ഷണത്തിലുള്ളവരുടെ അയൽവാസികളേയും ഇനി നിരീക്ഷണത്തിലുള്ള ആൾക്കാരുടെ വിവരം അറിയിക്കും.
കൊവിഡ് ബാധിതരെ ചികിത്സിക്കാൻ പ്രത്യേകം ആശുപത്രികൾ ഒരുക്കും. ഡോക്ടർമാർ അടക്കമുള്ള ആരോഗ്യപ്രവർത്തകർ ആദ്യദിനം മുതൽ വിശ്രമമില്ലാത്ത പ്രവർത്തിക്കുകയാണ്. തുടർന്നും അവരുടെ സേവനം ഉറപ്പാക്കാനായി ജോലി ചെയ്യുന്ന ആശുപത്രികൾക്ക് സമീപം തന്നെ അവർക്ക് താമസ സൗകര്യം ഉറപ്പാക്കും. രോഗം പടരാനുള്ള സാധ്യത കണക്കിലെടുത്ത് കറൻസി നോട്ടുകളും നാണയങ്ങളും അണുവിമുക്തമാക്കേണ്ടത് അത്യാവശ്യമാണ് ഇക്കാര്യം ആർബിഐയെ അറിയിക്കും. ധനകാര്യ സ്ഥാപനങ്ങളും ഇക്കാര്യം പരിശോധിക്കണം.
വിദേശത്ത് നിന്നും വരുന്നവരെ ഇനി പ്രത്യേകം തയ്യാറാക്കിയ ഐസൊലേഷൻ വാർഡിൽ പാർപ്പിക്കും. നിരീക്ഷത്തിലുള്ളവർക്ക് വേണ്ട ഭക്ഷണം ഇനി നേരിട്ട് വീടുകളിൽ എത്തിക്കും. ഈ സൗകര്യം ആവശ്യമുള്ളവർക്ക് പ്രയോജനപ്പെടുത്താം.
ചില മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ പൊതുജനങ്ങളിൽ നിന്നും പണം പിരിക്കുന്ന സാഹചര്യമുണ്ട്. ചില കളക്ഷൻ ഏജൻറുമാര്‍ ഇടപാടുകാരുടെ വീടുകളിൽ പോയിരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അങ്ങനെയുള്ള എല്ലാ കളക്ഷനും രണ്ടാഴ്ചത്തേക്ക് നിർത്തി വയ്ക്കുന്നു. മെഡിക്കൽ ഷോപ്പടക്കം എല്ലാ അവശ്യവസ്തുകൾ വിൽക്കുന്ന സ്ഥാപനങ്ങളും രാവിലെ എഴ് മണി മുതൽ അഞ്ച് വരെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂ.
ഒരു കാരണവശാലും ആൾക്കൂട്ടം അനുവദിക്കാൻ പറ്റില്ല. അനിയന്ത്രിതമായ ആൾക്കൂട്ടം എവിടെയുണ്ടായാലും അതു തടയണം. ഇതിനായി 144 പ്രഖ്യാപിക്കുന്നതടക്കമുള്ള നടപടികൾ ഉദ്യോഗസ്ഥർക്ക് സ്വീകരിക്കാവുന്നതാണ്. രോഗപകർച്ചയ്ക്ക് സാധ്യത സംശയിക്കുന്ന ആളുകളെ താത്കാലിക ഐസൊലേഷൻ സെൻ്റെറുകളിലാണ് താമസിക്കുക. എന്നാൽ ഗൌരവകരമായ രീതിയിൽ രോഗലക്ഷണങ്ങൾ ഉള്ളവരെ മെച്ചപ്പെട്ട സൌകര്യങ്ങളുള്ള ഐസൊലേഷൻ വാർഡിൽ പാർപ്പിക്കേണ്ടതുണ്ട്.
നിരീക്ഷണത്തിലുള്ളവരുടെ വിവരങ്ങൾ ഇനി അയൽവാസികൾക്ക് കൊടുക്കും. ചുമതലപ്പെട്ട ഉദ്യോഗസ്ഥരുടെ വിവരങ്ങളും ഒപ്പം നൽകും നിരീക്ഷണത്തിലുള്ളവർക്ക് പുറത്തിറങ്ങിയാൽ അയൽവാസികൾ അപ്പോൾ തന്നെ ഉദ്യോഗസ്ഥരെ അറിയിക്കണം. നിരീക്ഷണത്തിലുള്ളവർ ഇറങ്ങി നടന്നാൽ അറസ്റ്റ് ഉറപ്പാണ്.
മാധ്യമപ്രവർത്തകർക്ക് വാർത്തകൾ ശേഖരിക്കാൻ ആവശ്യമായ സൗകര്യങ്ങൾ ചെയ്തു കൊടുക്കും. എന്നാൽ രോഗബാധ ഉണ്ടാവാതിരിക്കാനുള്ള നടപടികൾ മാധ്യമപ്രവർത്തകർ സ്വയം സ്വീകരിക്കണം. ഇതേക്കുറിച്ച ചർച്ച ചെയ്യാൻ നാളെ മാധ്യമമേധാവികളുമായി ഒരു വീഡിയോ കോൺഫറൻസിംഗ് നടത്തും. അസാധാരണായ ഒരു സാഹചര്യമാണ് നാം നേരിടുന്നത്. ഒന്നായി നിന്നു മുന്നേറേണ്ട സമയമാണിത്. ലോകത്തെ പല വികസിത രാജ്യങ്ങളേയും സ്തംഭിപ്പിച്ച ഈ മഹാമാരിയെ തടയാൻ നാട്ടിലെ മുഴുവൻ ജനങ്ങളുടേയും പിന്തുണ തേടുന്നു. രോഗത്തെ നേരിടാൻ സർക്കാർ ഒപ്പമല്ല.. മുന്നിൽ തന്നെയുണ്ടാവും എന്ന് ഓർമ്മിപ്പിക്കുന്നു.
അനു എലിസബത്ത് തോമസ്, മലയാളം യുകെ ന്യൂസ് ടീം
കോവിഡ് 19 പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ മദേഴ്സ് ഡേയിൽ നേരിട്ടുള്ള ആശംസകൾ ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ആഹ്വാനം ചെയ്തിരുന്നു. അതിനോടനുബന്ധിച്ചുള്ള ഒരു ചിത്രമാണ് യുകെയിൽ തരംഗമായിരിയ്ക്കുന്നത് . തങ്ങളുടെ 68 വയസ്സുള്ള മുത്തശ്ശി സ്യുവിന് ചില്ലു ജാലകത്തിന്റെ അപ്പുറം നിന്ന് ആശംസകൾ അറിയിക്കുന്ന പേരക്കുട്ടികളായ ഐസക്കിന്റെയും ബെന്നിന്റെയും ചിത്രം. ഐസക്കിന് ആറ് വയസ്സും ബെന്നിന് എട്ട് വയസ്സുമാണ്. ഇവർ രണ്ടുപേരും പൂക്കളും, പ്രിയപ്പെട്ട മുത്തശ്ശിക്ക് ആശംസകൾ എന്ന് എഴുതിയ കാർഡും സമർപ്പിച്ചു സന്തോഷം പങ്കിട്ടു. ചില്ലു ജനാലയുടെ അപ്പുറം നിന്നാണെന്ന് മാത്രം.

തന്റെ മുത്തശ്ശിയെ കണ്ടതിന്റെ സന്തോഷം അവർക്കുണ്ട് കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കാൻ പറ്റാത്ത വിഷമം ഉണ്ടെങ്കിലും കൊറോണ വൈറസ് കാരണം സാമൂഹിക അകലം പാലിക്കുന്നതാണ് ഇപ്പോൾ ഏറ്റവും അഭികാമ്യമെന്ന് ബെൻ പറഞ്ഞു. തങ്ങളെ കാണാൻ കഴിഞ്ഞത് മുത്തശ്ശിക്ക് വളരെയധികം സന്തോഷം ഉണ്ടാക്കി. എന്നാൽ വീടിനുള്ളിൽ ചെല്ലാൻ പറ്റാത്തതും പതിവുപോലെ മുത്തശ്ശിയെ കെട്ടിപ്പിടിക്കാൻ സാധിക്കാത്തതിന്റെയും സങ്കടം ആറുവയസ്സുകാരനായ ഐസക് പ്രകടിപ്പിച്ചു. പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് ബ്രിട്ടനിലെങ്ങും അനേകരാണ് തങ്ങളുടെ അമ്മമാർക്കും മുത്തശ്ശിമാർക്കും നേരിട്ട് ആശംസകൾ നേരാതെ വീഡിയോ കോളിലൂടെയും ഫോണിലൂടെയും ആശംസ സന്ദേശങ്ങൾ കൈമാറിയത്.

സ്വന്തം ലേഖകൻ
ലണ്ടൻ : ലോകജനതയുടെ നിലനില്പിനുതന്നെ കനത്ത ഭീഷണി സൃഷ്ടിക്കുന്ന കൊലയാളി വൈറസിനെ പിടിച്ചുകെട്ടാൻ കഴിയാതെ രാജ്യങ്ങൾ. ബ്രിട്ടനിൽ രോഗബാധിതരുടെ എണ്ണം ദിനംപ്രതി വർധിച്ചുവരികയാണ്. രാജ്യത്ത് 5683 പേർക്ക് രോഗം സ്ഥിരീകരിച്ചു. മരണസംഖ്യ ഇതിനകം 281 ആയി ഉയർന്നു. കടുത്ത നിയന്ത്രണങ്ങൾ ഉൾപ്പെടെ രാജ്യം സ്വീകരിച്ചിട്ടും കേസുകളുടെ എണ്ണം കുറയുന്നില്ല. കൊറോണ വൈറസ് ഉണ്ടാകാൻ സാധ്യതയുള്ള ഇംഗ്ലണ്ടിലെ 1.5 മില്യൺ ആളുകളോട് വീട്ടിൽ തന്നെ തുടരാൻ ആവശ്യപ്പെട്ടു. സന്ദേശത്തിലൂടെ അവരെ ഇക്കാര്യം അറിയിക്കും. അവരുടെ ജീവൻ സംരക്ഷിക്കുന്നതിന് 12 ആഴ്ച പുറത്തുപോകരുതെന്ന് കർശനമായി ആവശ്യപ്പെടും. മാതൃദിനത്തിൽ പ്രിയപ്പെട്ടവരെ സന്ദർശിക്കരുതെന്നും സാമൂഹിക അകലം പാലിക്കണമെന്നും പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളോട് ആവശ്യപ്പെട്ടു. ലണ്ടൻ മേയർ സാദിഖ് ഖാൻ ഈ ഉപദേശം ശ്രദ്ധിക്കാൻ ആളുകളോട് ആവശ്യപ്പെട്ടു. വൈറസ് വ്യാപനത്തെ തടയാൻ സ്കൂളുകൾ അടച്ചും യാത്രകളിൽ വിലക്കുകൾ ഏർപ്പെടുത്തിയും പല നിയന്ത്രണങ്ങളും സർക്കാർ സ്വീകരിച്ചിട്ടുണ്ട്.

അവയവമാറ്റ ശസ്ത്രക്രിയക്ക് വിധേയരായവർ , സിസ്റ്റിക് ഫൈബ്രോസിസ് പോലുള്ള കടുത്ത ശ്വാസകോശ സംബന്ധമായ അസുഖമുള്ളവർ അല്ലെങ്കിൽ പ്രത്യേക അർബുദമുള്ളവർ എന്നിവരാണ് അപകടസാധ്യതയുള്ള ആളുകൾ. കേസുകൾ വർദ്ധിക്കുന്നതോടെ എൻ എച്ച് എസും പ്രതിസന്ധിയിലാകുകയാണ്. ശനിയാഴ്ച വൈകുന്നേരം പ്രധാനമന്ത്രി ഇപ്രകാരം പറഞ്ഞു ; “ഇറ്റലിക്ക് മികച്ച ആരോഗ്യ പരിരക്ഷാ സംവിധാനമുണ്ട്. എന്നിട്ടും അവിടുത്തെ അവസ്ഥ നമ്മുക്കറിയാം. മരണസംഖ്യ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. നമ്മൾ ഒരുമിച്ച് പ്രവർത്തിച്ചില്ലെങ്കിൽ, വ്യാപനത്തെ മന്ദഗതിയിലാക്കാൻ കൂട്ടായ ദേശീയ ശ്രമം നടത്തുന്നില്ലെങ്കിൽ – നമ്മുടെ എൻഎച്ച്‌എസും സമാനമായ പ്രതിസന്ധി നേരിട്ടേക്കാം. ” കണക്കുകൾ അനുസരിച്ച് ഇറ്റലിയിൽ രോഗം ബാധിച്ച് ഇതുവരെ 5476 പേർ മരിച്ചുകഴിഞ്ഞു. യുകെ ഇറ്റലിക്ക് രണ്ടോ മൂന്നോ ആഴ്ചകൾ പിന്നിലാണെന്നും ജോൺസൻ മുന്നറിയിപ്പ് നൽകി. നിർബന്ധമായും സാമൂഹിക അകലം പാലിക്കണമെന്ന് സർക്കാർ ആളുകളോട് നിർദേശിച്ചിട്ടുണ്ട്. എങ്കിലും ലണ്ടനിലെ ബാറ്റേഴ്സ പാർക്കിന്റെ ചില ഭാഗങ്ങളിൽ ഇന്നലെയും തിരക്കനുഭവപ്പെട്ടു.

മാതൃദിനം സംബന്ധിച്ച് ആളുകൾക്ക് ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം ശാരീരിക സാമീപ്യം ഒഴിവാക്കി വീഡിയോ കോളിലൂടെ അവരെ ബന്ധപ്പെടുക എന്നതാണ്. രോഗഭീഷണി കൂടുതലും പ്രായമായവർക്കാണ്. അതിനാൽ തന്നെ ഈ കാര്യത്തിൽ അതീവശ്രദ്ധ ചെലുത്തണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. തലസ്ഥാനത്തെ ആളുകൾ സർക്കാർ നിയന്ത്രണങ്ങൾ പാലിക്കുന്നില്ലെങ്കിൽ കടുത്ത നടപടികൾ സ്വീകരിക്കേണ്ടിവരുമെന്ന് മേയർ സാദിഖ് ഖാൻ ബിബിസിയോട് പറഞ്ഞു. ഫാർമസിസ്റ്റുകൾക്കും ജിപികൾക്കും പേർസണൽ പ്രൊട്ടക്ട്ടീവ് എക്വിപ്മെന്റ് (പിപിഇ ) എത്തിച്ചിട്ടുണ്ടെന്നും എല്ലാ സാമൂഹ്യ പരിപാലന ദാതാക്കൾക്കും ഈ വരുന്ന ആഴ്ച അത് വിതരണം ചെയ്യുമെന്നും കമ്മ്യൂണിറ്റി സെക്രട്ടറി റോബർട്ട് ജെൻറിക് അറിയിച്ചു. അതേസമയം, പലചരക്ക് പോലുള്ള അവശ്യസാധനങ്ങൾ അപകടസാധ്യതയുള്ള ആളുകൾക്ക് എത്തിക്കാൻ സായുധ സേനയിലെ അംഗങ്ങൾ സഹായിക്കുമെന്ന് സർക്കാർ അറിയിച്ചു.

4,000 നഴ്‌സുമാരും 500 ഡോക്ടർമാരും ഉൾപ്പെടെ വിരമിച്ചവർ തിരിച്ചു ജോലിയിലേക്ക് പ്രവേശിക്കാമെന്ന് സർക്കാരിനെ അറിയിച്ചിട്ടുണ്ട് . ഈയൊരു മനോഭാവത്തെ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് അഭിനന്ദിച്ചു. വൈറസ് ബാധയെത്തുടർന്ന് സോപ്പ് എമ്മർഡേൽ, കൊറോണേഷൻ സ്ട്രീറ്റ് എന്നിവയുടെ പ്രൊഡക്ഷൻ തിങ്കളാഴ്ച മുതൽ നിർത്തുമെന്ന് ഐടിവി അറിയിച്ചു. രാജ്യത്തുടനീളമുള്ള പള്ളികൾ ഓൺലൈനിലൂടെ വിശ്വാസികൾക്ക് ഞായറാഴ്ച ആരാധന എത്തിച്ചുകൊടുത്തു. ചർച്ച് ഓഫ് ഇംഗ്ലണ്ടും ചർച്ച് ഓഫ് സ്കോട്ട്ലൻഡും ഇപ്പോൾ ബഹുജനാരാധന നിരോധിച്ചിരിക്കുന്നു. ആഗോളതലത്തിൽ കേസുകളുടെ എണ്ണം 337,042 ആയി ഉയർന്നു. ഇതിനകം 14,641 മരണങ്ങളും ഉണ്ടായിക്കഴിഞ്ഞു.