ന്യൂസ് ഡെസ്ക്, മലയാളം യുകെ
സ്‌കൻതോർപ്പിലെ ബ്രിട്ടീഷ് സ്റ്റീൽ കമ്പനിയിൽനിന്ന് ആയിരക്കണക്കിന് തൊഴിലാളികളെ പിരിച്ചുവിടാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു . ബ്ലാസ്റ്റ് ഫർണർ ചൂളകളുടെ പ്രവർത്തനം നിർത്തുന്നതാണ് ഏകദേശം 2500 തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെടുന്ന സാഹചര്യം ഉടലെടുക്കാൻ കാരണമാകുന്നത്. ഈ വർഷം ക്രിസ്തുമസിന് മുമ്പ് നിരവധി തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെടുമെന്നും അത് ലിങ്കൺ ഷെയറിലെ ലോക്കൽ കമ്മ്യൂണിറ്റിയെ വളരെ അധികം ബാധിക്കുമെന്നും ജി എം ബി യൂണിയൻ മുന്നറിയിപ്പ് നൽകി.
മലിനീകരണം കുറയ്ക്കുന്നതിനുള്ള പുതിയ സാങ്കേതികവിദ്യ ബ്രിട്ടീഷ് സ്റ്റീലിൽ നടപ്പിലാക്കുന്നതിനുള്ള ചർച്ചകൾ കമ്പനിയും യുകെ ഗവൺമെന്റുമായി പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനായി 600 മില്യൺ പൗണ്ടിന്റെ സഹായമാണ് ഗവൺമെൻറ് കമ്പനിക്ക് നൽകുന്നത്. ഈ ഫണ്ട് ഉപയോഗിച്ച് ബ്ലാസ്റ്റ് ഫർണറുകൾ അടയ്ക്കുകയും അതിനുപകരം ഇലക്ട്രിക് ഫർണറുകൾ കമ്പനിയിൽ സ്ഥാപിക്കുന്നതിനുമുള്ള നടപടികളാണ് പുരോഗമിച്ചു കൊണ്ടിരിക്കുന്നത്. ചൂളകൾ അടച്ചുപൂട്ടുന്നതിലൂടെ തൊഴിലാളികൾക്ക് ഉണ്ടാകുന്ന തൊഴിൽ നഷ്ടത്തെ കുറിച്ച് ഉടനടി ചർച്ച നടത്തണമെന്ന് ജി എം ബി ട്രേഡ് യൂണിയൻ ബ്രിട്ടീഷ് സ്റ്റീലിനോടും യുകെ ഗവൺമെന്റിനോടും ആവശ്യപ്പെട്ടു. എന്നാൽ തൊഴിലാളികളെ പിരിച്ചുവിടുന്ന കാര്യങ്ങളെ കുറിച്ച് ഒരു തീരുമാനവും എടുത്തിട്ടില്ലെന്നാണ് ബ്രിട്ടീഷ് സ്റ്റീലിന്റെ ഉടമസ്ഥരായ ചൈനീസ് കമ്പനിയുടെ നിലപാട്.
യുകെയിലെ മറ്റൊരു സ്റ്റീൽ നിർമ്മാണ കമ്പനിയായ ഇന്ത്യൻ ഉടമസ്ഥതയിലുള്ള ടാറ്റാ സ്റ്റീലിന് സമാനമായ സാഹചര്യം ഉടലെടുത്തിരുന്നു. ടാറ്റാ സ്റ്റീലിൽ തൊഴിലാളികളെ പിരിച്ചു വിടുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് തൊഴിലാളി യൂണിയനുകൾ ഉയർത്തിയത്. 40 വർഷത്തെ ചരിത്രത്തിൽ ആദ്യമായി കമ്പനിയിൽ തൊഴിലാളികൾ പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നു. എന്നാൽ കമ്പനിയും തൊഴിലാളികളും തമ്മിൽ നടത്തിയ ചർച്ചയിൽ പുരോഗതി ഉണ്ടായതിനെ തുടർന്ന് കഴിഞ്ഞ മാസം ജൂലൈ 8 മുതൽ നടക്കാനിരുന്ന പണിമുടക്ക് മാറ്റിവെയ്ക്കുകയായിരുന്നു . തൊഴിലാളികളുടെ ക്ഷേമത്തിനായുള്ള പദ്ധതികളും കൂടുതൽ നിക്ഷേപങ്ങളും നടത്തുന്നതിനെ കുറിച്ച് കമ്പനിയുടെ ഭാഗത്തുനിന്നും അനുകൂല സമീപനം ചർച്ചകളിൽ ഉരുത്തിരിഞ്ഞതാണ് തൊഴിലാളികൾ പണിമുടക്ക് ഒഴിവാക്കുന്ന സാഹചര്യം സൃഷ്ടിച്ചത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബെർമിംഗ്ഹാമിലെ നോർത്ത് ഫീൽഡിൽ താമസിക്കുന്ന മാർട്ടിൻ കെ ജോസിന്റെയും പ്രേമ മാർട്ടിന്റെയും മകൾ ഡെലീന ജോസ് ജിസിഎസ്ഇ പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കി. കിംഗ്സ് എഡ്‌വേർഡ് സിക്സ്ത് ഹാൻഡ്സ് വർത്ത് സ്കൂൾ ഫോർ ഗേൾസിൽ പഠിച്ച ഡെലീന എല്ലാ വിഷയങ്ങൾക്കും എ സ്റ്റാർ നേടിയാണ് യുകെ മലയാളികൾക്ക് അഭിമാനമായി മാറിയത്. എ ലെവൽ പഠനത്തിനു ശേഷം മെഡിസിനിൽ ചേരാനാണ് ആഗ്രഹമെന്ന് ഡെലീന മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. പഠനത്തോടൊപ്പം ഡാൻസും ഇഷ്ടപ്പെടുന്നയാളാണ് ഡെലീന.
ഡെലീനയുടെ പിതാവ് മാർട്ടിൻ കെ ജോസഫ് യുകെയിൽ മോർഗേജ്, ടൂർസ് ആൻഡ് ട്രാവൽസ് എന്നിവകൾ കൈകാര്യം ചെയ്യുന്ന കോൺഫിഡൻസ് ഗ്രൂപ്പ് ഉടമയാണ്. മാതാവ് പ്രേമ മാർട്ടിൻ ബെർമിംഗ് ഹാമിലെ ക്യൂൻ എലിസബത്ത് ഹോസ്പിറ്റലിൽ സ്റ്റാഫ് നേഴ്സ് ആണ്. ഡെലീനയുടെ സഹോദരി ലിയോണ മാർട്ടിൻ ഇയർ 11- ൽ കിംഗ് എഡ്വേർഡ് ഫൈവ് വെയ്സിലും സഹോദരൻ ഡിയോൺ മാർട്ടിൻ കിംഗ് എഡ്വേർഡ് ബോയ്സ് ഹാൻസ് വർത്തിൽ ഇയർ 8 ലും ആണ് പഠിക്കുന്നത്. മികച്ച വിജയം കരസ്ഥമാക്കിയ ഡെലീനയ്ക്ക് മലയാളം യുകെ ന്യൂസിന്റെ വിജയാശംസകൾ നേരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇന്നലെ യുകെയിലെ വിവിധ ഭാഗങ്ങളിൽ യാത്ര തടസങ്ങൾ സൃഷ്ടിച്ച് ലിലിയൻ കൊടുങ്കാറ്റ്. കൊടുങ്കാറ്റ് മൂലമുള്ള ശക്തമായ കാറ്റും മഴയും കാരണം ലീഡ്‌സ് ഫെസ്റ്റിവലിലെ മൂന്ന് സ്റ്റേജുകൾ അടച്ചിടുകയും ചെഷയറിലെ ക്രീംഫീൽഡ് സംഗീതോത്സവത്തിലേയ്ക്കുള്ള പ്രവേശനം അധികൃതർ വൈകിപ്പിക്കുകയും ചെയ്‌തിരുന്നു. ശക്തമായ കാറ്റിനേയും മഴയെയും തുടർന്ന് വൈദ്യുതി ലൈനുകൾ തകർന്നതിനാൽ നിരവധി ആളുകൾക്കാണ് വൈദ്യുതി മുടങ്ങിയത്. ഇന്ന് മുതൽ സ്ഥിതി മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെങ്കിലും തെക്കൻ ഇംഗ്ലണ്ടിൻ്റെ ചില ഭാഗങ്ങളിൽ കനത്ത മഴയ്ക്ക് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ യെല്ലോ വാണിംഗ് ആണ് പുറപ്പെടുവിച്ചിരിക്കുന്നത്.
യെല്ലോ വാണിംഗ് കനത്ത മഴയെ തുടർന്ന് സാധ്യമായ തടസ്സങ്ങളും വെള്ളപ്പൊക്കവും സൂചിപ്പിക്കുന്നു. ലിലിയൻ കൊടുങ്കാറ്റ് മൂലം വെള്ളിയാഴ്ച പുലർച്ചെ നോർത്ത് വെസ്റ്റ് ഇംഗ്ലണ്ടിലും വെയിൽസിലും 70 മൈൽ വേഗതയിലുള്ള കാറ്റാണ് അനുഭവപ്പെട്ടത്. വെയിൽസിലെ കാപ്പൽ ക്യൂരിഗിൽ മണിക്കൂറിൽ 72 മൈൽ വേഗതയിൽ വരെയുള്ള കാറ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
ശക്തമായ കാറ്റ് കാരണം സൈറ്റിൻ്റെ പ്രധാന കവാടം തുറക്കുന്നത് വൈകിയതിനാൽ ലീഡ്‌സിലെ ഫെസ്റ്റിവലിൽ തടസങ്ങൾ നേരിട്ടു. ബിബിസി റേഡിയോ 1, ഷെവ്‌റോൺ, ഓക്‌സ് സ്‌റ്റേജുകൾ അടച്ചു, ഷെവ്‌റോൺ മാത്രമേ ശനിയാഴ്ച ഉച്ചയോടെ വീണ്ടും തുറക്കൂ എന്നാണ് ഇപ്പോൾ കിട്ടിയ വിവരങ്ങൾ സൂചിപ്പിക്കുന്നത്. മറ്റ് രണ്ട് സ്റ്റേജുകൾ ഞായറാഴ്ച വരെ അടച്ചിടും. 60 മൈൽ വേഗതയിൽ കാറ്റ് വീശുന്നതിനാൽ പരിപാടികളിൽ പങ്കെടുക്കാൻ വന്നവരോട് ടെൻ്റുകളിലും കാറുകളിലും തുടരാൻ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ശ്വാസകോശ ക്യാൻസറിന് എതിരായ വാക്‌സിൻ്റെ പ്രാരംഭ ഘട്ട പരീക്ഷണവുമായി എൻഎച്ച്എസ് ഇംഗ്ലണ്ട്. കോവിഡ് വാക്‌സിനുകളിൽ ഉപയോഗിക്കുന്നതു പോലെ എംആർഎൻഎ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന പുതിയ ശ്വാസകോശ ക്യാൻസർ വാക്‌സിൻെറ വാക്സിൻ പരീക്ഷണത്തിൽ യുകെയിൽ നിന്നുള്ള 67 കാരനാണ് പങ്കെടുക്കുന്നത്. ക്യാൻസർ കോശങ്ങളെ ലക്ഷ്യമിടാനും നശിപ്പിക്കാനും രോഗപ്രതിരോധം നൽകുന്നതിനും ആണ് പഠനം ലക്ഷ്യമിടുന്നത്. യൂണിവേഴ്സിറ്റി കോളേജ് ലണ്ടൻ ഉൾപ്പെടെ ഏഴ് രാജ്യങ്ങളിലെ 34 ഗവേഷണ സൈറ്റുകളിലായി 130 രോഗികളാണ് പഠനത്തിൽ പങ്കാളികളായിരിക്കുന്നത്.
ബയോഎൻടെക് വികസിപ്പിച്ചെടുത്ത BNT116 വാക്സിൻ, ശ്വാസകോശ അർബുദ കോശങ്ങളെ ലക്‌ഷ്യം വച്ച് ആരോഗ്യകരമായ കോശങ്ങൾക്ക് കേടുപാടുകളോ പാർശ്വഫലങ്ങളോ വരുത്താതിരിക്കാൻ രൂപകൽപന ചെയ്‌തവയാണ്. ക്യാൻസർ കോശങ്ങളുടെ അടയാളങ്ങൾ തിരിച്ചറിയുന്നതിലൂടെ ശ്വാസകോശ അർബുദം തിരിച്ചറിയാനും ചെറുക്കാനും ഇത് രോഗപ്രതിരോധ സംവിധാനത്തെ പഠിപ്പിക്കുന്നു. ഈ എംആർഎൻഎ അടിസ്ഥാനമാക്കിയുള്ള ചികിത്സ ആരോഗ്യ രംഗത്തെ വഴികാട്ടിയാകുമെന്നാണ് വിദഗ്ധാഭിപ്രായം. പരീക്ഷണത്തിൻ്റെ യുകെ ഭാഗത്തിന് നേതൃത്വം നൽകുന്ന പ്രൊഫ. സിയോ മിംഗ് ലീ പഠനം വിജയകരമാകുകയാണെങ്കിൽ ഇത് വളരെ അധികം പേർക്ക് ഉപകാരപ്പെടും എന്ന് പ്രതികരിച്ചു.
എൻഎച്ച്എസ് ഇംഗ്ലണ്ടിൻ്റെ ദേശീയ ക്യാൻസർ ഡയറക്ടർ, ഡാം കാലി പാമർ, എംആർഎൻഎ വാക്സിൻ, രോഗികൾക്ക് വാക്‌സിനേഷൻ നൽകുന്നത് വഴി ഭാവിയിൽ രോഗം വരുന്നതിനുള്ള സാധ്യതയും എടുത്ത് കളയുമെന്ന് പറയുന്നു. പരീക്ഷണത്തിൽ നോൺ-സ്മോൾ സെൽ ലംഗ് ക്യാൻസർ (NSCLC) രോഗികളും ഉൾപ്പെടുന്നുണ്ട്. ക്യാൻസറിൻെറ വിവിധ ഘട്ടങ്ങളിലുള്ള രോഗികളും പഠനത്തിൽ പങ്കെടുക്കുന്നുണ്ട്. ഇവർ സാധാരണ ചികിത്സയ്‌ക്കൊപ്പം വാക്‌സിനും സ്വീകരിക്കും
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- തിങ്കളാഴ്ച പുലർച്ചെ സിസിലിയുടെ തീരത്ത് ആഡംബരം നൗക തകർന്നുണ്ടായ അപകടത്തിൽ ബ്രിട്ടീഷ് ടെക് വ്യവസായി മൈക്ക് ലിഞ്ചിൻ്റെ മൃതദേഹം ബോട്ടിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കണ്ടെത്തി. എന്നാൽ കാണാതായ അദ്ദേഹത്തിന്റെ മകൾ 18 വയസ്സുകാരി ഹാനായ്ക്ക് വേണ്ടിയുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. ഒരുതരത്തിലും മുങ്ങാത്ത വിധം സുരക്ഷിതമെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ‘ ബെസിയൻ ‘ എന്ന ലിഞ്ചിന്റെ തന്നെ ആഡംബര നൗകയിൽ ലിഞ്ചും ഭാര്യയുമടക്കം 22 പേരായിരുന്നു ഉണ്ടായിരുന്നത്. ഒരു വയസ്സുള്ള കുട്ടിയും ലിഞ്ചിൻ്റെ ഭാര്യ ആഞ്ചെല ബകേറസും ഉൾപ്പെടെ 15 പേർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. മുങ്ങിമരിച്ച ആറുപേരുടെ മൃതദേഹവും രക്ഷാപ്രവർത്തകർ കണ്ടെത്തി.
മൈക്ക് ലിഞ്ച്, മകൾ ഹാനാ, മോർഗൻ സ്റ്റാൻലി ഇൻ്റർനാഷണൽ ബാങ്ക് ചെയർമാൻ ജോനാഥൻ ബ്ലൂമർ, ഭാര്യ ജൂഡി ബ്ലൂമർ, ക്ലിഫോർഡ് ചാൻസ് അഭിഭാഷകൻ ക്രിസ് മോർവില്ലോ, ഭാര്യ നെഡ മോർവില്ലോ, ബോട്ടിൻ്റെ ഷെഫ് റെക്കൽഡോ തോമസ് എന്നിവരെയാണ് ബയേസിയൻ മുങ്ങിയപ്പോൾ കാണാതായത്. ഇതിൽ ലിഞ്ചിന്റെ മകളുടെ ഒഴിച്ച് ബാക്കി എല്ലാവരുടെയും മൃതദേഹം കണ്ടെത്തിയതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇറ്റാലിയൻ നിയമമനുസരിച്ച്, ഔപചാരികമായ തിരിച്ചറിയൽ ഉണ്ടാകുന്നതുവരെ, മരിച്ചവരുടെ പേരുകൾ പങ്കുവയ്ക്കാൻ ഉദ്യോഗസ്ഥർക്ക് അനുവാദമില്ല. മുങ്ങിപ്പോയ ബോട്ടിനെ ഉയർത്തി തിരികെ തീരത്ത് എത്തിക്കണമോ എന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും നിലവിൽ രക്ഷാപ്രവർത്തനമാണ് മുഖ്യമെന്നും ഇറ്റാലിയൻ കോസ്റ്റ് ഗാർഡ് അധികൃതർ വ്യക്തമാക്കി. കടലിനടിയിൽ 165 അടി താഴ്ചയിലുള്ള നൗകയുടെ അവശിഷ്ടങ്ങൾക്കിടയിലുള്ള തിരച്ചിൽ അതി കഠിനമാണ്.
യുകെ ടെക്ക് ഇൻഡസ്ട്രിയിലെ ഒഴിവാക്കാനാവാത്ത സാന്നിധ്യമായിരുന്നു മൈക്ക് ലിഞ്ച്. കമ്പ്യൂട്ടർ അധിഷ്ഠിത ഡിറ്റക്ഷനും, വിരലടയാള തിരിച്ചറിയലിലും ശ്രദ്ധ കേന്ദ്രീകരിച്ച കേംബ്രിഡ്ജ് ന്യൂറോഡൈനാമിക്സ് എന്ന സ്ഥാപനമായിരുന്നു മൈക്ക് ലിഞ്ച് തുടക്കത്തിൽ സ്ഥാപിച്ചത്. അഞ്ച് വർഷത്തിന് ശേഷം അദ്ദേഹം ബ്രിട്ടീഷ് ടെക് സ്ഥാപനമായ ഓട്ടോണമിയുടെ സഹസ്ഥാപകനായി. 2011-ൽ, ലിഞ്ച് തൻ്റെ കമ്പനിയെ യുഎസ് കംപ്യൂട്ടിംഗ് മേഖലയിലെ വൻകിട കമ്പനിയായ ഹ്യൂലറ്റ്-പാക്കാർഡിന് 11 ബില്യൺ ഡോളറിന് വിൽക്കുകയും ചെയ്തു. എന്നാൽ ഇതേ തുടർന്ന് അദ്ദേഹത്തിനെതിരെ യുഎസിൽ നിരവധി ഫ്രോഡ് ചാർജുകൾ എടുത്തിരുന്നു. എന്നാൽ ഇതിൽ നിന്നെല്ലാം അദ്ദേഹത്തെ കുറ്റവുമുക്തമാക്കിയതിന്റെ ആഘോഷമായിരുന്നു സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും ഒപ്പം അദ്ദേഹം തന്റെ സ്വന്തം ആഡംബരം നൗകയിൽ നടത്തിയത്. പ്രമുഖരായ നിരവധി പേർ ലിഞ്ചിന്റെ മരണത്തിൽ ദുഃഖം അറിയിച്ചു. മകൾക്കായുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബർമിംഗ് ഹാമിലെ ഒരു വീടിന് പുറത്ത് മരിച്ച നിലയിൽ കണ്ടെത്തിയ ഒരാളെ ആക്രമിച്ചതായി കരുതുന്ന രണ്ട് നായ്ക്കൾക്കായുള്ള തിരച്ചിൽ പോലീസ് ഊർജിതമാക്കി. ബുധനാഴ്ചയാണ് 33 കാരനെ ആബറിലെ വീടിൻറെ പിൻഭാഗത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് ഇതിനോടകം രണ്ട് നായ്ക്കളെ പിടികൂടിയിരുന്നു. എന്നാൽ കൊല്ലപ്പെട്ടയാളെ ആക്രമിച്ചു എന്നു കരുതുന്ന രണ്ട് നായ്ക്കളെ കൂടി പിടികൂടാനുണ്ടെന്ന് പോലീസ് അറിയിച്ചു.
കൊല്ലപ്പെട്ടയാളുടെ മരണത്തെ കുറിച്ച് അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണെന്നും എന്നാൽ നിലവിൽ ഏറ്റവും കൂടുതൽ മുൻഗണന നൽകുന്നത് അതിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് വിശ്വസിക്കുന്ന മറ്റു നായ്ക്കളെ കണ്ടെത്തുക എന്നതാണെന്നും വെസ്റ്റ് മിഡ്‌ലാൻഡ്‌സ് പോലീസ് ഡോഗ് യൂണിറ്റിലെ ഇൻസ്‌പി ലീൻ ചാപ്‌മാൻ പറഞ്ഞു. നായ്ക്കളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു എന്ന് സംശയിക്കുന്ന ആളുടെ മരണ കാരണം കണ്ടെത്തുന്നതിന് വേണ്ടി പോസ്റ്റുമോർട്ടം റിപ്പോർട്ടിനു വേണ്ടി കാത്തിരിക്കുകയാണ് പോലീസ്. ഒരു നായയുടെ ആക്രമണത്തിലാണോ നായ്ക്കൾ കൂട്ടമായി നടത്തിയ ആക്രമണമാണോ മരണത്തിലേയ്ക്ക് നയിച്ചത് എന്ന കാര്യത്തിൽ വ്യക്തത വരണമെങ്കിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തു വരണം.
ബുധനാഴ്ച രാവിലെയാണ് ഹെർഫോർഡ് ക്ലോസിലുള്ള ഒരു വീട്ടിൽ നായ്ക്കളുടെ ആക്രമണമുണ്ടായതായി പോലീസിന് അടിയന്തിര സഹായത്തിനായുള്ള വിളി എത്തിയത്. ആക്രമണം നടത്തിയതായി കരുതുന്ന നായ്ക്കൾക്കായി വിപുലമായ തിരച്ചിൽ ആണ് പോലീസ് നടത്തുന്നത്. വിശാലമായ പ്രദേശത്ത് തിരച്ചിൽ നടത്താൻ ഡ്രോണുകളും ഉപയോഗിക്കുന്നുണ്ട് . നായ്ക്കളെ കണ്ടെത്തിയാൽ അവ ആക്രമകാരികളാണെന്നും സമീപിക്കരുതെന്നുമുള്ള മുന്നറിയിപ്പ് പോലീസ് നൽകിയിട്ടുണ്ട്. ഏതെങ്കിലും വ്യക്തികൾ നായ്ക്കളെ അഴിച്ചുവിട്ടതായി കണ്ടെത്തിയാലും പോലീസിനെ അറിയിക്കണം.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
എൻ എച്ച് എസിലും യുകെയിലെ ഹെൽത്ത് കെയർ മേഖലയിലും ജോലി ചെയ്യാൻ എത്തുന്ന വിദേശികളുടെ എണ്ണത്തിൽ വൻ കുറവ് വന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 2024 ജൂൺ വരെയുള്ള കാലയളവിൽ 286,382 തൊഴിൽ വിസകൾ ആണ് അനുവദിച്ചത്. ഇത് മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 11 ശതമാനം കുറവാണെന്ന് കണക്കുകൾ കാണിക്കുന്നു. ഇതേ കാലയളവിൽ ആരോഗ്യ പരിചരണ മേഖലയ്ക്കായി 89,085 വിസകൾ ആണ് നൽകിയത്. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ആരോഗ്യ പരിചരണ മേഖലയിലെ വിസകളുടെ എണ്ണത്തിൽ 80 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
മുൻ പ്രധാനമന്ത്രി ഋഷി സുനകിന്റെ ഭരണത്തിൽ കുടിയേറ്റം വളരെ ഉയർന്നതായുള്ള കടുത്ത വിമർശനമാണ് ഭരണപക്ഷം നേരിട്ടത്. മുൻ കൺസർവേറ്റീവ് സർക്കാർ വിദേശത്തുനിന്ന് വരുന്നവർക്കും അവരുടെ കുടുംബങ്ങൾക്കും കുടിയേറ്റം കുറയ്ക്കുന്നതിനുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിന് ശേഷമാണ് യുകെയിലേക്ക് വരാൻ ആഗ്രഹിക്കുന്ന തൊഴിലാളികളുടെ എണ്ണം കുറഞ്ഞത് . വിദേശ തൊഴിലാളികളെ നിയന്ത്രിക്കാനായി മുൻ ആഭ്യന്തര സെക്രട്ടറി ജയിംസ് ക്ലവർലി നടപ്പിലാക്കിയ നയങ്ങളാണ് വിദേശ തൊഴിലാളികളുടെ എണ്ണം വൻതോതിൽ കുറയാൻ കാരണമായത് എന്നാണ് വിലയിരുത്തപ്പെടുന്നത്. 2024 ജൂൺ വരെ 432,000 വിസകൾ ആണ് വിദേശ വിദ്യാർത്ഥികൾക്കായി അനുവദിച്ചിട്ടുള്ളത്. ഇത് മുൻ വർഷത്തെ അപേക്ഷിച്ച് 13 ശതമാനം കുറവാണെന്നാണ് കാണിക്കുന്നത്.
നേരത്തെ സ്റ്റുഡൻറ് വിസയിൽ എത്തുന്ന വിദ്യാർത്ഥികൾക്ക് ആശ്രിത വിസയിൽ അടുത്ത ബന്ധുക്കളെ കൊണ്ടുവരാമായിരുന്നു. അതു മാത്രമല്ല കോഴ്സ് കഴിയുന്ന സ്റ്റേ ബാക്ക് പീരിയഡും പിന്നീട് പെർമനന്റ് വിസ ലഭിക്കാനുള്ള നടപടിക്രമങ്ങളും കുറച്ചു കൂടി ആകർഷകമായിരുന്നു. എന്നാൽ മലയാളികൾ ഉൾപ്പെടെ യുകെയിലേയ്ക്ക് വരാൻ സ്വപ്നം കണ്ടിരുന്ന വിദ്യാർഥികളുടെ പ്രതീക്ഷകളെ തകിടം മറിക്കുന്ന തീരുമാനമാണ് യുകെ ഗവൺമെൻറ് നടപ്പിലാക്കിയത്. ഗവേഷണ വിദ്യാർത്ഥി വിസയിൽ എത്തുന്നവർക്ക് മാത്രമേ ആശ്രിത വിസയിൽ അടുത്ത ബന്ധുക്കളെ യുകെയിലേയ്ക്ക് കൊണ്ടുവരാൻ നിലവിൽ സാധിക്കുകയുള്ളൂ. യുകെയിൽ ജോലി ചെയ്യാനും അടുത്ത ബന്ധുക്കളെ യുകെയിലെത്തിക്കാനുള്ള ശമ്പള പരുധി മുൻപുള്ളതിനേക്കാൾ വളരെ ഉയർത്തുകയും ചെയ്തു . ഇതിന്റെയൊക്കെ ഫലമായി 2024 വരെ യുകെയിൽ സ്റ്റുഡൻറ് വിസയിൽ എത്തിച്ചേർന്നവരുടെ അടുത്ത ബന്ധുക്കൾക്ക് അനുവദിച്ച ആശ്രിത വിസകളുടെ എണ്ണം 80 ശതമാനമാണ് കുറഞ്ഞത്. ഹെൽത്ത് കെയർ വിസയിൽ യുകെയിൽ എത്തുന്നവർക്ക് അടുത്ത ബന്ധുക്കളെ കൊണ്ടുവരുന്നതിനുള്ള ആശ്രിത വിസ നിർത്തലാക്കിയതാണ് മലയാളികൾക്ക് ഏറ്റവും വലിയ തിരിച്ചടിയായത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ട്, വെയിൽസ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിലെ ജിസിഎസ്ഇ ഫലങ്ങൾ പ്രഖ്യാപിച്ചു. കോവിഡിന് മുമ്പുള്ളതിനു സമാനമായ ജിസിഎസി ഇ റിസൾട്ടുകൾ ആണ് പുറത്തു വന്നിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . എന്നാൽ യുകെയിൽ ഉടനീളമുള്ള ഫലങ്ങളിൽ പ്രാദേശിക തലത്തിൽ ഒട്ടേറെ വ്യത്യാസങ്ങൾ ദൃശ്യമാണെന്നാണ് അറിയാൻ സാധിച്ചത്. ലണ്ടനിലെ വിദ്യാർത്ഥികൾ പ്രീപാൻഡമിക് നിലവാരത്തിനും കൂടിയ ഗ്രേഡുകൾ ലഭിച്ചപ്പോൾ വെയിൽസിലും അയർലണ്ടിലും മുൻ വർഷത്തെ അപേക്ഷിച്ച് ഉയർന്ന ഗ്രേഡുകളുടെ എണ്ണം കുറഞ്ഞു .
കോവിഡ് സമയത്ത് ലോക്ക്ഡൗണും മറ്റ് നിയന്ത്രണങ്ങളും മൂലം പൊതുപരീക്ഷകൾ ഒഴിവാക്കിയിരുന്നു. അധ്യാപകർ നടത്തിയ ഇൻ്റേർണൽ ഇവാലുവേഷൻ ആണ് കുട്ടികളുടെ ഗ്രേഡ് നിശ്ചയിക്കാൻ ഉപയോഗിച്ചത്. അതുകൊണ്ട് തന്നെ ആ കാലയളവിൽ കുട്ടികൾക്ക് നേരത്തെ ഉണ്ടായിരുന്നതിനേക്കാൾ കൂടിയ ഗ്രേഡുകൾ ലഭിച്ചിരുന്നു. എന്നാൽ ഇംഗ്ലണ്ടിലെ പരീക്ഷ റെഗുലേറ്റർ ആയ ഇയാൻ ബക്കാം കുറച്ചുകൂടി സ്ഥിരതയാർന്ന പരീക്ഷാ ഫലങ്ങളാണ് ഈ വർഷം പുറത്തു വന്നിരിക്കുന്നത് എന്ന് അഭിപ്രായപ്പെട്ടു.
മലയാളി വിദ്യാർത്ഥി വിദ്യാർത്ഥിനികൾ ജിസിഎസ്ഇ പരീക്ഷയിൽ മികച്ച നേട്ടം കരസ്ഥമാക്കിയതായാണ് ആദ്യ ഫലസൂചനകൾ കാണിക്കുന്നത് . കുട്ടികൾ പഠിക്കുന്ന സ്കൂളുകൾക്കും സ്ഥലങ്ങൾക്കും അനുസരിച്ച് ഫലത്തിൽ വൻ വ്യത്യാസങ്ങൾ ഉണ്ടായതായുള്ള ആക്ഷേപങ്ങൾ ശക്തമാണ്. ജിസിഎസ് ഇ ഫലങ്ങൾ സന്തോഷത്തിന് വക നൽകുന്നതായും നിങ്ങൾ എവിടെയാണ് താമസിക്കുന്നത് ഏതുതരത്തിലുള്ള സ്കൂളിലാണ് പഠിക്കുന്നത് തുടങ്ങിയ കാര്യങ്ങൾ ഫലത്തെ സ്വാധീനിക്കുന്നത് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അസമത്വങ്ങളെ കുറിച്ച് കാര്യമായി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതായും ഇംഗ്ലണ്ടിലെ സ്കൂൾ മിനിസ്റ്റർ കാതറിൻ മക്കിന്നൽ പറഞ്ഞു
ന്യൂസ് ഡെസ്ക്, മലയാളം യുകെ
പകൽ സമയങ്ങളിൽ കാലടി പാലത്തിലെ ഗതാഗത കുരുക്ക് നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്ന് യാത്ര ചെയ്യുന്നവർക്ക് പേടിസ്വപ്നമായി മാറി തുടങ്ങിയിരിക്കുന്നു. എം സി റോഡിൽ പെരുമ്പാവൂരിനും നെടുമ്പാശ്ശേരി എയർപോർട്ടിനും ഇടയിലാണ് പാലം. പലപ്പോഴും കിലോമീറ്ററുകളോളം രൂപപ്പെടുന്ന ഗതാഗത കുരുക്കിന്റെ പ്രധാന കാരണം പാലത്തിൻറെ വീതിയില്ലായ്മയും എയർപോർട്ടിൽ എത്താനുള്ള സമയം കണക്കുകൂട്ടി അവധി കഴിഞ്ഞ് വീട്ടിൽ നിന്ന് തിരിച്ചു പോകുന്ന ഒട്ടേറെ മലയാളികൾക്കാണ് പാലത്തിലെ ഗതാഗത കുരുക്കും മൂലം യാത്ര മുടങ്ങിയത്.
കഴിഞ്ഞദിവസം വെസ്റ്റ് യോർക്ക് ഷെയറിൽ നിന്നുള്ള മലയാളി കുടുംബത്തിന് യാത്ര പാലത്തിലെ ഗതാഗത കുരുക്കു മൂലം മുടങ്ങിയിരുന്നു. 6 ലക്ഷത്തിൽ അധികം രൂപയാണ് ഇവർക്ക് ടിക്കറ്റ് ചാർജ് ഇനത്തിൽ മാത്രം നഷ്ടമായത്. യാത്ര മുടങ്ങിയ മലയാളി കുടുംബം അടുത്ത ദിവസത്തെ വേറെ ടിക്കറ്റ് ബുക്ക് ചെയ്താണ് യുകെയിൽ എത്തിയത്.
പതിറ്റാണ്ടുകൾ പഴക്കമുള്ള പാലത്തിൻറെ നവീകരണത്തിനായി വിവിധ സർക്കാരുകളുടെ ഭാഗത്തുനിന്നും യാതൊരു ശ്രമവും ഉണ്ടാകുന്നില്ല എന്നതാണ് ഏറ്റവും ദയനീയമായ കാര്യം.
1963 ലാണ് കാലടിയിൽ പെരിയാറിന്റെ ഇരു കരകളെയും ബന്ധിപ്പിച്ച് പാലം ഗതാഗതത്തിനായി തുറന്നു കൊടുത്തത് അതുകഴിഞ്ഞ് എം സി റോഡിൽ പല വീതി കൂട്ടൽ ഉൾപ്പെടെയുള്ള പല നവീകരണങ്ങൾ നടന്നെങ്കിലും പാലം ഉദ്ഘാടന സമയത്തെ അതെ രീതിയിലാണ് ഇപ്പോഴും തുടരുന്നത്. കാലടി പാലത്തിന് സമാന്തരമായി പുതിയ പാലം ഒക്ടോബറിൽ തുറക്കുമെന്ന് 2023 ഏപ്രിൽ മാസത്തിൽ കേരളത്തിൻറെ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പ്രഖ്യാപിച്ചിരുന്നു. പുതിയ പാലത്തിൻറെ വിശദാംശങ്ങൾ കേരളത്തിലെ മാധ്യമങ്ങൾ വാർത്തയാക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ പ്രഖ്യാപനങ്ങളെല്ലാം ജലരേഖയായതിൽ ഏറ്റവും കൂടുതൽ കഷ്ടപ്പെടുന്നത് നെടുമ്പാശ്ശേരി എയർപോർട്ടിനെ ആശ്രയിക്കുന്ന കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലയിൽ നിന്നുള്ള പ്രവാസികൾ ആണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
തുടർച്ചയായ രണ്ട് ആത്മഹത്യകളുടെ ഞെട്ടലിലാണ് യുകെ മലയാളികൾ. കട്ടപ്പന സ്വദേശി അനീഷ് ജോയി ആത്മഹത്യ ചെയ്തു. കുടുംബപ്രശ്നങ്ങൾ ആണ് ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്ന വിവരങ്ങൾ ആണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. അനീഷ് ലങ്കന്‍ഷെയര്‍ ആന്റ് സൗത്ത് കുംബ്രിയ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ് ജീവനക്കാരനായിരുന്നു. ഭാര്യ ടിൻറു അഗസ്റ്റിൻ എൻഎച്ച്എസിൽ നേഴ്സാണ്. രണ്ട് മക്കളാണ് ഇവർക്ക് ഉള്ളത്.
അമിത മദ്യപാനത്തെ തുടർന്നുള്ള പ്രശ്നങ്ങൾ അനീഷിനെ അലട്ടിയിരുന്നു. ഇതിനോട് അനുബന്ധ ചികിത്സകൾക്കും അനീഷ് വിധേയനായിരുന്നു. എന്നാണ് അറിയാൻ സാധിച്ചത്. ഒരാഴ്ച മുമ്പ് വീട്ടിൽ വെച്ച് നടന്ന കുടുംബ പ്രശ്നങ്ങളെ തുടർന്ന് പോലീസ് എത്തി അനീഷിനെ കസ്റ്റഡിയിൽ എടുത്തിരുന്നു . ഇതിനെ തുടർന്ന് രണ്ടുദിവസം ഇയാൾക്ക് ജയിലിൽ കഴിയേണ്ടി വന്നു. കുടുംബവുമായി മൂന്നുമാസത്തേയ്ക്ക് ബന്ധപ്പെടില്ലെന്ന ഉറപ്പിലാണ് അന്ന് അനീഷിന് കോടതി ജാമ്യം അനുവദിച്ചത് .
ഇതിനെ തുടർന്ന് മാറി താമസിക്കുകയായിരുന്ന അനീഷിനെ ഫോണിൽ വിളിച്ചിട്ട് കിട്ടാതിരുന്നതിനെ തുടർന്ന് സുഹൃത്തുക്കൾ അറിയിച്ചതിനെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് മരണവിവരം പുറത്തറിഞ്ഞത് . ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെത്തി എന്നാണ് അറിയാൻ സാധിച്ചത്. കട്ടപ്പന മണ്ഡലം മുൻ കോൺഗ്രസ് പ്രസിഡന്റ് ജോയി പെരുന്നോയിയുടെ മകനാണ് അനീഷ്.
അനീഷ് ജോയിയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
കഴിഞ്ഞ ദിവസമാണ് കോട്ടയം പനച്ചിക്കാട് സ്വദേശിയായ അനിൽ ചെറിയാൻ റെഢിച്ചിൽ ആത്മഹത്യ ചെയ്തത്. നാട്ടിൽ പോയി മടങ്ങിയെത്തിയ ഉടൻ അനിലിന്റെ ഭാര്യയും നേഴ്സുമായ സോണിയ കുഴഞ്ഞുവീണ് മരണമടഞ്ഞിരുന്നു. ഇതിന്റെ മനോവിഷമത്തിലാണ് രണ്ടു കുട്ടികളെ ആരോരുമില്ലാതാക്കി അനിൽ സ്വയം ജീവനൊടുക്കിയത്. ഉറ്റവരുടെയും ബന്ധുക്കളുടെയും സാമിപ്യവും സ്വാന്തനവും ഇല്ലാത്തതും മദ്യപാനശീലവും ആണ് പലരെയും കടുംകൈ ചെയ്യാൻ പ്രേരിപ്പിക്കുന്നത് എന്നാണ് അടുത്തടുത്ത് നടന്ന രണ്ട് സംഭവങ്ങളും സൂചിപ്പിക്കുന്നത്.