ആതിര സരാഗ് , മലയാളം യുകെ ന്യൂസ് ടീം
ഡൽഹി : രാജ്യം കണ്ടതിൽ വെച്ച് ഏറ്റവും ശക്തമായ തിരഞ്ഞെടുപ്പ് പോരാട്ടത്തിലേക്കാണ് അടുത്തമാസം ഡൽഹി കണ്ണു തുറക്കാൻ പോകുന്നത്.
പൗരത്വ നിയമത്തിനെതിരായ ശക്തമായ പ്രതിഷേധങ്ങള്‍ക്കിടയിൽ നടക്കുന്ന ഈ തെരഞ്ഞെടുപ്പ് വളരെ നിർണായകമാണ്.
1,46,92,136 വോട്ടര്‍മാര്‍. എഴുപത് നിയമസഭാ മണ്ഡലങ്ങളിലായി
13,750 പോളിങ് സ്റ്റേഷനുകള്‍. ആം ആദ്മി പാര്‍ട്ടി, ബി.ജെ.പി, കോണ്‍ഗ്രസ് എന്നീ പാർട്ടികളുടെ തീപാറുന്ന ത്രികോണമല്‍സരമാണ് ഡൽഹി സാക്ഷ്യം വഹിക്കാൻ പോകുന്നത്.
ഈ മാസം 14ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങും. 21വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. 22ന് സൂക്ഷമ പരിശോധന. കഴിഞ്ഞ തവണത്തെ വിജയമാവർത്തിക്കാൻ ആം ആദ്മി പാർട്ടി മത്സരരംഗത്ത് ഇറങ്ങുമ്പോൾ പ്രതിച്ഛായ മിനുക്കി രാജ്യഹൃദയം പിടിച്ചെടുക്കാനാണ് ബി.ജെ.പി ശ്രമിക്കുക. സഖ്യകക്ഷി ചേർന്നു മുൻതെരഞ്ഞെടുപ്പുകളിലെ വിജയം ആവർത്തിക്കാനാകും കോൺഗ്രസിന്റെ പദ്ധതി. ആശങ്കകൾക്കും ആകുലതകൾക്കും നടുവിൽ നിൽക്കുന്ന രാജ്യത്തിന്റെ ഭാവിയാണ് രാജ്യതലസ്ഥാനം വിധിയെഴുതാൻ പോകുന്നത്. ആരു തന്നെ ജയിച്ചാലും വരുവാൻ പോകുന്ന മറ്റു തെരഞ്ഞെടുപ്പുകളെ അത് ബാധിക്കുമെന്ന് ഉറപ്പ്.
നിലവിലെ നിയമസഭയുടെ കാലാവധി ഫെബ്രുവരി 22ന് അവസാനിക്കാനിരിക്കെയാണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്.
ഫെബ്രുവരി 8നാണ് ഒറ്റഘട്ടമായി വോട്ടെടുപ്പ്. 11ന് വോട്ടെണ്ണല്‍. 13ന് തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാകും.
പ്രായമായവര്‍ക്കും ശാരീരിക ബുദ്ധിമുട്ടുള്ളവര്‍ക്കും പോസ്റ്റല്‍ വോട്ടിന് സൗകര്യമുണ്ടാകുമെന്നും
കേന്ദ്ര ബജറ്റില്‍ ഡല്‍ഹിക്കായി പ്രഖ്യാപനങ്ങള്‍ പാടില്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി.
വിദ്യാഭ്യാസം, ആരോഗ്യം, സ്ത്രീകൾക്ക് ബസിൽ സൗജന്യയാത്ര, 200 യൂണിറ്റ് വരെയുള്ള വൈദ്യുതി സൗജന്യം, സൗജന്യ വൈ-ഫൈ, പുതിയ ജലവിതരണ കണക്ഷനുകൾക്കുള്ള നിരക്ക് കുറച്ചത്, മുതിർന്ന പൗരന്മാർക്ക് സൗജന്യതീർഥാടനപദ്ധതി എന്നിങ്ങനെ വ്യത്യസ്തമേഖലയിൽ നടത്തിയ വികസന പ്രവർത്തനങ്ങളാണ് അരവിന്ദ് കേജരിവാളിന്റെ തുറുപ്പ്ചീട്ട്. കഴിഞ്ഞ തവണത്തെ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ 70ല്‍ 67 സീറ്റും നേടിയാണ് എ.എ.പി അധികാരത്തിലെത്തിയത്.
എന്നാൽ 2017 ഏപ്രിലിൽ നടന്ന മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പും കഴിഞ്ഞവർഷം നടന്ന ലോക്സഭാ തിരഞ്ഞെടുപ്പും തൂത്തുവാരിയതിന്റെ ആത്മവിശ്വാസത്തിലാണ് ബി.ജെ.പി. രാജ്യമെങ്ങും പ്രതിഷേധങ്ങൾക്ക് നടുവിൽ നിൽക്കുമ്പോൾ ഡൽഹി പിടിച്ചടക്കേണ്ടത് ബി.ജെ.പിയുടെ ഒരു ആവശ്യമായി മാറുന്നു. അനധികൃത കോളനികളിൽ താമസിക്കുന്ന 40 ലക്ഷം പേർക്ക് ഉടമസ്ഥാവകാശരേഖ നൽകാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം തിരഞ്ഞെടുപ്പിൽ വോട്ടാക്കി മാറ്റാനാകും എന്നാണ് ബിജെപിയുടെ പ്രതീക്ഷ.
പുതിയ തന്ത്രങ്ങൾ മെനഞ്ഞും സഖ്യകക്ഷി ചേർന്നും മറ്റു സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ നടത്തിയ മുൻവിജയങ്ങൾ ആവർത്തിക്കുവാൻ കോൺഗ്രസും മുന്നിൽ തന്നെയുണ്ട്.
പൗരത്വനിയമത്തോടുള്ള എതിർപ്പ്, കേന്ദ്രസർവകലാശാലകളിലെ പ്രശ്നങ്ങൾ, നോട്ട് അസാധുവാക്കലിലെ ആശയകുഴപ്പം എന്നിവ ബിജെപിക്കെതിരാകുമ്പോൾ
അന്തരീക്ഷ മലിനീകരണമാണ് എഎപിക്ക് തിരിച്ചടി ആവുക. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒരു സീറ്റ് പോലും നേടാനാവാത്ത കോൺഗ്രസ് നില മെച്ചപ്പെടുത്തുവാൻ മികച്ച തന്ത്രങ്ങൾ തന്നെ പുറത്തെടുക്കുമെന്ന് പ്രതീക്ഷിക്കാം.
നിലവിൽ ഡൽഹി നിയമസഭയിൽ എ.എ.പി.ക്ക് 62 സീറ്റും ബി.ജെ.പി.ക്ക് 4 സീറ്റുമാണുള്ളത്. രജോരി ഗാർഡൻ എം.എൽ.എ. ആയിരുന്ന എ.എ.പി.യുടെ ജെർണയിൽ സിങ് പഞ്ചാബ് നിയമസഭയിലേക്ക് മത്സരിക്കാനായി രാജിവെച്ചതിനെത്തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിലാണ് ബി.ജെ.പി. 4 എന്ന സംഖ്യയിലേക്ക് ഉയർന്നത്.
രാജ്യതലസ്ഥാനത്തെ പോരാട്ടത്തിൽ വിജയം ആർക്കൊപ്പമാണെങ്കിലും അത് ഈ വർഷം നടക്കുവാൻ പോകുന്ന ബിഹാർ, അസം തിരഞ്ഞെടുപ്പുകളിലേക്കുള്ള ഒരു സൂചന തന്നെയായി മാറും. ഡൽഹിയിൽ മാത്രം വേരുകളുള്ള എ.എ.പിക്ക് ഇത് നിലനിൽപ്പിന്റെ പോരാട്ടമാണ്. ഒരു പ്രാദേശികപാർട്ടിയുടെ മുന്നിൽ ദേശീയ പാർട്ടിയായ ബി.ജെ.പി വീണ്ടും മുട്ടുകുത്തുമോ എന്ന ചോദ്യത്തിനുള്ള മറുപടി നൽകാൻ ബിജെപിയും, ഷീല ദീക്ഷിതിന്റെ മരണത്തിനുശേഷം നഷ്ടപ്പെട്ടുപോയ പ്രതാപം തിരിച്ചു പിടിക്കാനായി കോൺഗ്രസും. ഡൽഹി ചൂടുപിടിക്കുകയാണ്, ശക്തമായ തെരഞ്ഞെടുപ്പ് ചൂട്. ഡൽഹി ആർക്കൊപ്പം, ഉത്തരത്തിനായി കാത്തിരിക്കാം.
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
കാട് നാടായി മാറുന്നിടത്താണ് കാന്തൻ കഥപറയുന്നത്. മരങ്ങൾ വെട്ടിയും കുന്നുകൾ ഇടിച്ചുനിരത്തിയും പ്രകൃതിയെ ഇല്ലായ്മ ചെയ്യുന്ന നാമൊക്കെ തീർച്ചയായും ഈ ചിത്രം കാണണം. കഴിഞ്ഞ വർഷത്തെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ ചിത്രം സംവിധാനം ചെയ്തത് ഷരീഫ് സി ആണ്. വയനാട്ടിലെ അടിയ വിഭാഗത്തിൽപ്പെട്ട ആദിവാസി ഊരുകളിലെ ജീവിതത്തിന്റെ നേർക്കാഴ്ചകൾ പകർത്തിയ ചിത്രമാണിത്. പത്തു വയസ്സുകാരൻ കാന്തനും അവന്റെ മുത്തശ്ശിയും പിന്നെ ഒരു നായ്കുട്ടിയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. കാടിന്റെ കഥയാണ് ചിത്രം പറയുന്നത്.
തന്റെ ലോകം നിറമുള്ളതായി കാണാൻ കാന്തൻ ആഗ്രഹിക്കുന്നു. എന്നാൽ ആ നിറം കാരണം തന്നെ അവന്റെ ക്ലാസ്സിൽ ഏറ്റവും പുറകിൽ ഒറ്റയ്ക്ക് ഇരിക്കേണ്ടി വരുന്നു. ദാരിദ്ര്യം മൂലം ഒറ്റ യൂണിഫോം ധരിക്കേണ്ടി വരുന്നു. എന്നാൽ തന്റെ ലോകം നിറമുള്ളതാക്കാൻ പരിശ്രമിക്കുന്ന കാന്തൻ വൃക്ഷങ്ങളാണ് അതിനായി തിരഞ്ഞെടുത്തത്.
കളഞ്ഞുകിട്ടിയ ഒരു മാവിൻ തൈ കൊണ്ടുവന്ന് നട്ട്, പരിപാലിച്ച് കൂടെ കൊണ്ടുനടക്കുന്ന കാന്തൻ മരം മുറിച്ചുമാറ്റുന്നവരെ ഭയപ്പെടുന്നവൻ കൂടിയാണ്. മാറ്റി നിർത്തപ്പെട്ട ഒരു കൂട്ടം ആളുകളുടെ കഥ പറയുന്നതോടൊപ്പം കർഷക ആത്മഹത്യയും ആദിവാസികളുടെ തനത് ജീവിത ശൈലിയും വിശ്വാസങ്ങളും ആചാരങ്ങളും ചിത്രം ചർച്ച ചെയ്യുന്നു. വൃക്ഷത്തെ അത്രമാത്രം സ്നേഹിക്കുന്നത്കൊണ്ടാണ് അവൻ ഇത്തിയമ്മയോട് ആവശ്യപ്പെടുന്നത്, മരിച്ചാലും ഒരു മരമായി മുളച്ചുവരാൻ… എന്നാൽ മരങ്ങൾക്ക് എന്നും ഈ പ്രകൃതിയിൽ നിലനില്പില്ലെന്ന് ഒരു നിമിഷത്തിൽ തിരിച്ചറിയുന്ന കാന്തൻ സ്വയം പറിച്ചു മാറ്റി നടുന്ന മാവിനോടൊപ്പം മണ്ണിൽ ലയിച്ചുചേരുന്നുണ്ട്.
ഫെസ്റ്റിവൽ സിനിമകളുടെ സ്ലോ പേസ് തന്നെയാണ് ഈ ചിത്രവും പിന്തുടരുന്നത്. മനുഷ്യാവകാശ പ്രവർത്തകയായ ദയാഭായ് ആണ് ഇത്തിയമ്മ ആയി അഭിനയിക്കുന്നത്. കാലിഡോസ്കോപ് വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിച്ചത്. മികച്ച സന്ദേശം നൽകി, തിരിച്ചറിവിന്റെ പാഠങ്ങൾ മനുഷ്യന് മുന്നിൽ തുറന്നിടുന്ന കാന്തനെ തീർച്ചയായും പരിചയപ്പെടുക
സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ക്ലറിക്കൽ കേഡറിലെ ജൂനിയർ അസോഷ്യേറ്റ് (കസ്റ്റമർ സപ്പോർട്ട് ആൻഡ് സെയിൽസ്) തസ്‌തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 8000 ഒഴിവുകളാണുള്ളത്. കേരള സർക്കിൾ/ സെന്ററിൽ 400 ഒഴിവുകളുണ്ട്. ഓൺലൈനിൽ അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 26.
ഏതെങ്കിലും ഒരു സംസ്ഥാനത്തെ ഒഴിവുകളിലേയ്ക്കു മാത്രം അപേക്ഷിക്കുക. ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കുന്ന സംസ്‌ഥാനത്തെ ഔദ്യോഗിക/ പ്രാദേശിക ഭാഷയിൽ പ്രാവീണ്യം (എഴുതാനും വായിക്കാനും സംസാരിക്കാനും മനസിലാക്കാനും) ഉണ്ടായിരിക്കണം.
ശമ്പളം: 11765–31450 രൂപ.
വിദ്യാഭ്യാസ യോഗ്യത (2020 ജനുവരി ഒന്നിന്): ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ തത്തുല്യം.
പ്രായം: 2020 ജനുവരി ഒന്നിന് 20 – 28. ഉയർന്ന പ്രായത്തിൽ പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും വികലാംഗർക്ക് 10 വർഷവും (പട്ടികവിഭാഗം– 15, ഒബിസി –13) ഇളവ് ലഭിക്കും. വിമുക്‌തഭടൻമാർക്കും മറ്റും ഇളവുണ്ട്.
തിരഞ്ഞെടുപ്പ്: പ്രിലിമിനറി, മെയിൻ പരീക്ഷകളുണ്ടാകും. ഒരു മണിക്കൂർ ദൈർഘ്യമുള്ള പ്രിലിമിനറി ഓൺലൈൻ പരീക്ഷയിൽ (ഫെബ്രുവരി/മാർച്ച്) ഇംഗ്ലിഷ് ലാംഗ്വേജ്, ന്യൂമെറിക്കൽ എബിലിറ്റി, റീസനിങ് എബിലിറ്റി എന്നീ വിഭാഗങ്ങളിൽ നിന്നുള്ള 100 ഒബ്‌ജെക്‌ടീവ് ചോദ്യങ്ങളാണ്.
പ്രിലിമിനറി പരീക്ഷയ്‌ക്കു ശേഷം ഷോർട്ട് ലിസ്‌റ്റ് ചെയ്യപ്പെടുന്നവർക്കു മെയിൻ പരീക്ഷ നടത്തും. ഒബ്‌ജെക്‌ടീവ് മാതൃകയിലുള്ള ചോദ്യങ്ങൾ ഉൾപ്പെടുന്നതാണ് ഓൺലൈൻ വഴിയുള്ള മെയിൻ പരീക്ഷ. പരീക്ഷ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റിലെ വിജ്‌ഞാപനം കാണുക.
പ്രാദേശിക ഭാഷാപരിജ്ഞാനം പരിശോധിക്കാൻ ലാംഗ്വേജ് ടെസ്റ്റും നടത്തും. പത്താം ക്ലാസ് അല്ലെങ്കിൽ പന്ത്രണ്ടാം ക്ലാസ് തലം വരെ പ്രാദേശികഭാഷ (മാർക്ക് ഷീറ്റ് / സർട്ടിഫിക്കറ്റ്) പഠിച്ചുവെന്നു കാണിക്കുന്ന രേഖ ഹാജരാക്കുന്നവർക്ക് ഇതു ബാധകമല്ല. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആറു മാസം പ്രൊബേഷനുണ്ടാകും.
കേരളത്തിൽ (സ്‌റ്റേറ്റ് കോഡ്: 25) കൊച്ചി, കോട്ടയം, ആലപ്പുഴ, കൊല്ലം, കണ്ണൂർ, പാലക്കാട്, തൃശൂർ, കോഴിക്കോട്, തിരുവനന്തപുരം, മലപ്പുറം എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രമുണ്ട്. ലക്ഷദ്വീപിൽ കവരത്തിയിലാണ് പരീക്ഷാകേന്ദ്രം.
സംവരണാനുകൂല്യമുള്ളവർ അഭിമുഖത്തിനു ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം. പട്ടികവിഭാഗം, വികലാംഗർ, വിമുക്‌തഭടൻ, ഒബിസി എന്നിവരുടെ ഇളവുകൾ സംബന്ധിച്ച വ്യവസ്‌ഥകൾ വിജ്‌ഞാപനത്തിലുണ്ട്. കാഴ്‌ചക്കുറവുള്ളവർക്കു വ്യവസ്‌ഥകൾക്കു വിധേയമായി പരീക്ഷയെഴുതാൻ സഹായിയെ നിയോഗിക്കാം.
പട്ടികജാതി/വർഗം/ന്യൂനപക്ഷ സമുദായാംഗങ്ങൾക്ക് പ്രീ–എക്‌സാമിനേഷൻ ട്രെയിനിങ്ങിന് സൗകര്യമുണ്ട്. കേരളത്തിൽ തിരുവനന്തപുരത്താണ് പ്രീ–എക്‌സാമിനേഷൻ ട്രെയിനിങ്ങുള്ളത്.
അപേക്ഷാ ഫീസ്: 750 രൂപ. പട്ടികവിഭാഗം, വിമുക്തഭടൻ, വികലാംഗർക്ക് ഫീസില്ല. ഓൺലൈൻ രീതിയിലൂടെ ഫീസ് അടയ്‌ക്കണം. ഡെബിറ്റ്/ ക്രെഡിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിങ് മുഖേന ഓൺലൈനിലൂടെ ഫീസ് അടയ്‌ക്കാം. ഓൺലൈൻ അപേക്ഷാഫോം പേയ്‌മെന്റ് ഗേറ്റ്‌വേയുമായി ചേർത്തിരിക്കും. ഫീസ് അടയ്‌ക്കുന്നതിനുള്ള നിർദേശങ്ങളും സ്‌ക്രീനിൽ ലഭിക്കും. ഫീസ് അടയ്‌ക്കുന്നതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ നൽകിയിട്ടുള്ളതു കാണുക.
അപേക്ഷിക്കേണ്ട വിധം: www.bank.sbi, www.sbi.co.in എന്നീ വെബ്‌സൈറ്റുകളിലൂടെ ഓൺലൈൻ അപേക്ഷ അയയ്‌ക്കാം. അപേക്ഷിക്കുന്നതിനുള്ള നിർദേശങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും.
അപേക്ഷിക്കുന്നതിനു മുൻപു വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്‌ഞാപനത്തിലെ നിർദേശങ്ങളും വ്യവസ്‌ഥകളും വായിച്ചു മനസിലാക്കണം.
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
വാഷിംഗ്ടൺ : ഇറാഖിൽ നിന്ന് അമേരിക്കൻ സൈന്യത്തെ പിൻവലിക്കില്ലെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി മാർക്ക് എസ്പർ. ഇറാഖിൽ നിന്നും വിട്ടുപോകാൻ തീരുമാനമില്ലെന്നും അദ്ദേഹം പറഞ്ഞു. സൈന്യം പിന്മാറുന്നു എന്ന തരത്തിലുള്ള യു.എസ് ജനറലിൻെറ കത്ത് അദ്ദേഹം തള്ളി. ആ കത്ത് എന്താണെന്ന് തനിക്ക് അറിയില്ലെന്നും അതെവിടെ നിന്നാണ് വന്നതെന്ന് കണ്ടെത്താൻ ശ്രമിക്കുകയാണെന്നും എസ്പർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇറാഖിൽ നിന്ന് യു.എസ് സൈന്യത്തെ പിൻവലിക്കുമെന്നറിയിച്ച് ഇറാഖിലെ യു.എസ് സൈന്യത്തിൻെറ ടാസ്‌ക് ഫോഴ്‌സ് മേധാവി ജനറൽ വില്യം എച്ച് സീലി സംയുക്ത സൈനിക ഡെപ്യൂട്ടി ഡയറക്ടർ അബ്ദുൽ അമീറിന് അയച്ച കത്താണ് പുറത്തായത്.
ഇറാഖിൽ തങ്ങളുടെ അയ്യായിരത്തോളം സൈന്യം ഉണ്ടെന്ന് അമേരിക്ക അറിച്ചിരുന്നു. ഇറാൻ ജനറൽ ഖാസിം സുലൈമാനിയെ യു.എസ് കൊലപ്പെടുത്തിയതിനെ തുടർന്ന് വിദേശ ശക്തികൾ രാജ്യംവിടണമെന്ന് ഇറാഖ് പാർലമെന്റ് കഴിഞ്ഞ ദിവസം പ്രമേയം പാസ്സാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അമേരിക്കയുടെ മറുപടി. ഒപ്പം സുലൈമാനിയുടെ വധത്തെ തുടർന്ന് യുഎസ് സൈന്യത്തെയും പെന്റഗണിനെയും തീവ്രവാദ സംഘടനകളായി പ്രഖ്യാപിച്ചുള്ള പ്രമേയം ഇറാൻ പാർലമെന്റ് പാസ്സാക്കി. പ്രമേയത്തിന് പാർലമെന്റ് അംഗങ്ങൾ ഏകകണ്ഠമായി വോട്ട് ചെയ്തതായി ഇറാൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
2015ലെ ആണവ കരാറിലെ വ്യവസ്ഥകൾ ലംഘിക്കുന്ന നടപടികൾ അരുതെന്ന് ഇറാനോട് ജർമനിയും ഫ്രാൻസും ബ്രിട്ടനും ആവശ്യപ്പെട്ടിട്ടുണ്ട്. സുലൈമാനിയുടെ വധത്തിനു പിന്നാലെ പശ്ചിമേഷ്യയെ മുൾമുനയിലാക്കി യുദ്ധഭീതി കനക്കുകയാണ്.
ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം
കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങളുള്ള ഏകദേശം 75 ലക്ഷത്തോളം ഫോട്ടോകളും വീഡിയോകളും ഇന്റർനെറ്റിൽ ലഭ്യമാണെന്ന്, ഇന്റർനെറ്റ് വാച്ച് ഫൗണ്ടേഷൻ റിപ്പോർട്ട്. ഇതിൽ ഒരു ലക്ഷത്തി മുപ്പത്തിരണ്ടായിരം കണ്ണികളും ലൈംഗിക കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടവ ആണെന്ന് ചാരിറ്റി അറിയിച്ചു. ഈ വിവരങ്ങളെല്ലാം തന്നെ നമ്മൾ സാധാരണയായി ഉപയോഗിക്കുന്ന വെബ്ബിൽ ലഭ്യമാണ്.
ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ സുസി ഹാർഗ്രീവ്സ് ഇതിനെ വലിയ ഒരു ദുരന്തം എന്നാണ് വിശേഷിപ്പിക്കുന്നത്. ക്ലിയർ വെബ് എന്നറിയപ്പെടുന്ന ദൈനംദിന ഓൺലൈൻ ശേഖരങ്ങളിൽ ആണ് ഇവ കാണപ്പെടുന്നത്. അതായത് നമ്മൾ വാർത്തകൾ കാണാനും വിവരശേഖരണത്തിനും ഷോപ്പിങ്ങിനും ആയി ഉപയോഗിക്കുന്ന നിത്യോപയോഗ മേഖലയിൽ. ഈ റിപ്പോർട്ടുകളുടെ എണ്ണം വർദ്ധിച്ചു കൊണ്ടിരിക്കുന്നതും ഭയാനകമായ വസ്തുതയാണ്.
എന്നാൽ ചാരിറ്റിയുടെ ഹോട്ട്‌ലൈൻ മാനേജറായ ക്രിസ് പറയുന്നത് ഈ വർദ്ധനവിന് പിന്നിൽ മറ്റ് കാരണങ്ങളും ഉണ്ടെന്നാണ്. ഇതിനായി കൂടുതൽ സ്റ്റാഫ് അവയർനസും വൈദഗ്ധ്യവും ആവശ്യമാണ്. ചൈൽഡ് അബ്യൂസ് എന്ന പേരിൽ ഞങ്ങളുടെ മുന്നിലെത്തുന്ന ചിത്രങ്ങളെല്ലാം ഞങ്ങൾ നിരീക്ഷിക്കാറുണ്ട്, എന്നാൽ അവയിൽ പലതും കുറ്റകൃത്യങ്ങൾ അല്ലതാനും. തെറ്റായ വിവരങ്ങൾ നൽകി ജനങ്ങൾ ഞങ്ങളുടെ സമയം നഷ്ടപ്പെടുത്തുന്നത് കുറയ്ക്കണം. 2018 ൽ മാത്രം ചാരിറ്റിക്ക് ഇതിലൂടെ 150,500 പൗണ്ടാണ് നഷ്ടം വന്നിരിക്കുന്നത്, ഏകദേശം നാലര വർഷം സമയവും പാഴായി. ഇതിന്റെ വെബ്സൈറ്റ്, കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ പാലിക്കേണ്ട കൃത്യമായ മാനദണ്ഡങ്ങൾ നൽകുന്നുണ്ട്. പൊതുജനങ്ങൾ അതനുസരിച്ച് പെരുമാറാൻ തയ്യാറാവണം.
കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങൾ തീർച്ചയായും ഭയാനകമായ കുറ്റം തന്നെയാണ്, എന്നാൽ യാഥാർത്ഥ്യത്തെ മുഖവിലക്കെടുക്കാൻ നാമെല്ലാവരും തയ്യാറാകണമെന്ന് മിസ്സ് ഹാർഗ്രീവ്സ് ആവർത്തിച്ചു.
ജിബിൻ എ.എ , മലയാളം യുകെ ന്യൂസ് ടീം
അധ്യാപകർ സമൂഹത്തിന് പുതിയ അറിവുകൾ നൽകുന്നതോടൊപ്പം, ഒരു നവ തലമുറയെ ശരിയുടെ പാതയിൽ നയിക്കുന്നവരാണ്. നമ്മൾ എല്ലാവരും ആ അധ്യാപക ശ്രേഷ്ടരുടെ ശിക്ഷണത്തിൽ വളർന്നുവന്നവരുമാണ്. അധ്യാപകരുടെ ശിക്ഷണങ്ങൾക്കു വിധേയരായ സമയത്ത് എപ്പോഴെങ്കിലും അവരോട് അരിശം തോന്നുകയും അത് പ്രകടിപ്പിക്കുകയും ചെയ്തവരാണ് നാമെല്ലാവരും. പക്ഷേ അവർ അനുഭവിക്കുന്ന വേദനകൾ ഒരുപക്ഷേ നാം അറിഞ്ഞിട്ടുണ്ടാകില്ല. പല വേദനകളും ഉള്ളിൽ ഒതുക്കി ചിരിച്ചുകൊണ്ട് പെരുമാറുകയും, വിമർശിക്കേണ്ടിടത്ത് വിമർശിച്ചും പോകുന്നവരാണ് അധ്യാപകർ.എന്നാൽ നമ്മുടെ പല അധ്യാപകരും ശമ്പളമില്ലാതെ ഓവർടൈം പണിയെടുക്കുന്നവരാണെന്ന വസ്തുത അറിയാത്തവരാണ് നാം. ധാരാളം അധ്യാപകർ അമിതജോലിഭാരവും , കുറഞ്ഞ വേദനവും കൊണ്ട് ബുദ്ധിമുട്ടുന്നവരാണ്.നല്ല ശമ്പളം ലഭിക്കുന്നു എന്നൊക്കെ പുറമേ പറയുമെങ്കിലും ഇതാണ് ശരിയായ വസ്തുത.
പഠിപ്പിക്കുന്നതിനായി വർക്ക് ചെയ്യുന്ന അധ്യാപകർ, വിദ്യാർത്ഥികൾക്ക് നൽകുന്ന അസൈൻമെന്റ് പോലുള്ള എക്സ്ട്രാ ആക്റ്റിവിറ്റീസിന് എടുക്കുന്ന സമയം പോലും ശമ്പളത്തിന്റെ പരിധിയിൽ വരുന്നില്ല എന്ന വസ്തുത നാം തിരിച്ചറിയണം. ഇതിനായി അധ്യാപകർ എടുക്കുന്ന പരിശ്രമം ചെറുതല്ല. പല വിഷയങ്ങളും പരിശോധിച്ചാവും വർക്കുകൾ തരുന്നതും. അപ്പോൾ തന്നെ പരീക്ഷ ചോദ്യപേപ്പർ തയ്യാറാക്കുക, മൂല്യനിർണയം നടത്തുക തുടങ്ങിയ കാര്യങ്ങൾ വലിയ സമ്മർദ്ദം അധ്യാപകരിൽ ഉണ്ടാക്കുന്നു. ഇത്തരം കാര്യങ്ങൾ ചെയ്യുവാൻ കൂടുതൽ സമയം സ്കൂളിൽ ചെലവഴിക്കേണ്ടി വരുന്നു, എന്നാൽ അതിനുള്ള ശമ്പളവും ലഭിക്കുന്നില്ല.
യുണൈറ്റഡ് കിംഗ്ഡത്തിലെ(യുകെ)ട്രേഡ് യൂണിയൻ കോൺഗ്രസ്(ടി.യു.സി) ശേഖരിച്ച കണക്കുകൾ പ്രകാരം അധ്യാപകർ ഓരോ ആഴ്ചയും 12.2 മണിക്കൂർ ശമ്പളമില്ലാതെ കൂടുതൽ സമയം ജോലി ചെയ്യുന്നു. പ്രീ സ്കൂൾ അധ്യാപകർ ആഴ്ചയിൽ 6.4 മണിക്കൂർ ശമ്പളമില്ലാതെ അധികസമയം ജോലി ചെയ്യുന്നു എന്ന് പറയപ്പെടുന്നു. പ്രൈമറി അധ്യാപകർ 13മണിക്കൂർ അധികവും, ഹയർസെക്കൻഡറി അധ്യാപകർ ശരാശരി 12.8 മണിക്കൂർ അധികവും ജോലി ചെയ്യുന്നു എന്നാണ് പറയുന്നത്. അപ്പോൾ നമ്മുടെ അധ്യാപകർ അനുഭവിക്കുന്ന മാനസിക സമ്മർദ്ദം ഊഹിക്കാവുന്നതാണ്. അധ്യാപക ജീവിതത്തിലെ പ്രതിസന്ധികൾ എത്രയോ ഗൗരവതരമാണെന്ന വസ്തുത നാം തിരിച്ചറിയാതെ പോകരുത്.
രാജു കാഞ്ഞിരങ്ങാട്
വന്നെത്തി വൃദ്ധസദനത്തിൽ നിന്നും
ശകടം തുരുതുരാ ഹോണടിച്ചീടുന്നു
ചങ്ങാതിമാർ വേലി ചാരിച്ചരിഞ്ഞങ്ങ്
കണ്ണീര് കോന്തലയാൽ തുടച്ചീടുന്നു
കട്ടിലിലൊട്ടിക്കിടക്കുന്ന കെട്ടിയോൾ
കാര്യമറിയാതെ മേലോട്ടു നോക്കുന്നു
വന്നെത്തുമോയെന്റെ പൊന്നോമന –
മക്കൾ
വേണ്ടെന്ന് തിണ്ണം പറഞ്ഞീടുമോ
ഒത്തിരി ഒത്തിരി പൊക്കമുള്ളോരവർ
നാടിന്നഭിമാനമായോർ
വന്നെത്തിനോക്കുവാൻ നേരമില്ലൊട്ടുമേ
അവരെ ഞാനോർക്കുന്നുയെന്നും
ഒത്തിരിക്കാലമീ ഒക്കത്തിരുന്നതിൻ
പാടുണ്ട് തഴമ്പായി, യിന്നും
മക്കളെല്ലാരുമൊരുമകാത്തീടുവാൻ
ഓഹരിവെച്ചു സ്വത്തെല്ലാം
ആണായൊരുതരി മാത്രമല്ലേയുള്ളു
അവനായി നൽകിയീ വീടും
പണ്ടേയവനൊരു ബുദ്ധി കുറഞ്ഞവനെന്നു
കരുതും ഞാൻ വിഡ്ഢി
അച്ഛനുമമ്മയ്ക്കും രണ്ടു സീറ്റലോ ഉറപ്പിച്ചു
വൃദ്ധസദനത്തിൽ
ബുദ്ധിമാൻ മാത്രമോ സദ്ഗുണ സമ്പന്നൻ
ഫ്ലാറ്റിനി വേഗം പണിയാം
പട്ടണത്തിൽ മഹാ സൗധത്തിൽ വാഴുവോൻ
നേരമില്ലൊട്ടുമേനോക്കാൻ
തഞ്ചത്തിലെല്ലാമേ കൈവശമാക്കിലും
എന്റെ നെഞ്ചത്തിലവനുണ്ട് യെന്നും
ഇല്ല ഞാൻ ചൊല്ലില്ല മക്കൾതൻ പോരായ്മ
നെഞ്ചകം ചുട്ടുനീറീടിലും
എങ്കിലും ആശിച്ചു പോകുന്നു ഉള്ളകം
അവസാന നാളുകൾ എണ്ണിക്കഴിക്കവേ
ഈ മണ്ണിൽ തന്നെയടിഞ്ഞു മണ്ണാകുവാൻ
വന്നെത്തുമോയെന്റെ പൊന്നോമനമക്കൾ
പോണ്ടെന്ന് തിണ്ണം പറയുമോ
രാജു കാഞ്ഞിരങ്ങാട്
സ്ഥലം :- കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലുള്ള കാഞ്ഞിരങ്ങാട്
അച്ഛൻ :- കല്ല്യാടൻ വീട്ടിൽ കണ്ണൻ നായർ
അമ്മ :- കെല്ലറേത്ത് കാർത്ത്യായനിയമ്മ
ഭാര്യ :- അഴീക്കോടൻ ശോഭന
മക്കൾ:- രസ്ന ,രസിക, രജിഷ
ജോലി: – തളിപ്പറമ്പ ആർട്സ് & സയൻസ് കോളേജ് കാഞ്ഞിരങ്ങാട്
ആനുകാലികങ്ങളിൽ എഴുതാറുണ്ട്
ആകാശവാണിയിൽ കഥ, കവിത അവതരിപ്പിക്കാറുണ്ട്
തുളുനാട് മാസിക പുരസ്കാരം, ചിലങ്കം മാസിക ജനപ്രിയ പുരസ്കാരം, മലയാള രശ്മി മാസിക പുരസ്കാരം,കണ്ണൂർ നർമ്മവേദി പുരസ്കാരം, ചിലങ്ക സാംസ്കാരിക വേദി പുരസ്കാരം, യുവ ആർട്സ് ജില്ലാതല പുരസ്കാരം, പാലക്കാട് സൃഷ്ടികവിതാ പ്രത്യേക ജൂറി പുരസ്കാരം, KCEU കണ്ണൂർ ജില്ലാതല കവിതാ പുരസ്കാരം, വിരൽ മാസിക പുരസ്കാരങ്ങൾ ( 2018, 2019) തിരുവനന്തപുരം (കലാലയ കൂട്ടായ്മ പുരസ്കാരം 20l 8, വാലെന്റൈൻ പുരസ്കാരം 2019, സ്പെഷ്യൽ അവാർഡ് )എന്നിവ ലഭിച്ചിട്ടുണ്ട്
പ്രസിദ്ധീകരിച്ച പുസ്തകൾ:-
1, ആസുരകാലത്തോടു വിലാപം
2 ,കാൾ മാർക്സിന്
3, കണിക്കൊന്ന (ബാലസാഹിത്യം )
4. ഒരു സ്ത്രീയും പറയാത്തത്
എന്നീ കവിതാ സമാഹാരങ്ങൾ ‘ബാനത്തെ വിശേഷങ്ങൾ’എന്ന നോവൽ മലയാള രശ്മി മാസികയിൽ ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചു.
ഫോൺ :- 9495458138
Email – [email protected]
കാരൂർ സോമൻ
പ്രവാസി മലയാളിയുടെ പ്രശ്നപരിഹാര വേദിയായ ലോക കേരള സഭ തിരുവന്തപുരത്തു് സമാപിച്ചു. ഈ അടുത്ത ദിവസങ്ങളിൽ ലോക കേരള സഭയെ ചൊല്ലി വാദപ്രതിവാദങ്ങൾ കൊഴുക്കുകയാണ്. പ്രവാസിക്ക് കയ്ച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും വയ്യാത്ത ഒരവസ്ഥ. കേന്ദ്ര മന്ത്രി പറയുന്നു. ഇത് ഭൂലോക തട്ടിപ്പ്, പ്രതിപക്ഷം പറയുന്നു ധൂർത്തും അഴിമതിയും, വോട്ടു ബാങ്ക് രാഷ്ട്രീയം. കേരള സർക്കാർ പറയുന്നു നാടിന്റ വികസനം, പ്രവാസികളെ ഒരു കുടകിഴിൽ കൊണ്ടുവരണം. ഇതിൽ ആര് പറയുന്നതാണ് വിശ്വസിക്കേണ്ടത്? കേരള സ്പീക്കർ പറയുന്നത് എട്ടര കോടി ഇതിനായി ചിലവഴിച്ചു അല്ലാതെ ഇരുപത് കോടിയോന്നുമല്ല. സ്‌പീക്കർ പറയുന്നത് വിശ്വസിക്കാനാണ് എനിക്കിഷ്ടം. അഥവ ധൂർത്തും അഴിമതിയും നടന്നെങ്കിൽ അത് പുറത്തു വരട്ടെ. ഇതിലെ പ്രധാന സംശയം. പ്രവാസികളെ ഒരു കുട കിഴിൽ എന്ന് പറയുമ്പോൾ ആ കുടക്ക് കൊടിയുടെ നിറം വല്ലതുമുണ്ടോ? അധികാരം കിട്ടിയാൽ ഏത് രാഷ്ട്രീയ പാർട്ടിയാണ് പണം ധൂർത്തടിക്കാത്തത്? അഞ്ചു വർഷങ്ങൾകൊണ്ട് അടുക്കളപെണ്ണിനും അഴക് വര്ധിപ്പിക്കുന്ന പാർട്ടികളെയല്ലേ നമ്മൾ കണ്ടിട്ടുള്ളത്. കേരളത്തിന്റ സമ്പദ് സമൃദ്ധിയിൽ അരങ്ങേറിയ ഈ മഹോത്സവ൦ കണ്ട് വന്നവരൊക്ക അത്യധികം ആഹ്ളാദിച്ചു. പ്രതിപക്ഷം പറയുന്നത് അടുത്ത തെരെഞ്ഞെടുപ്പിൽ വോട്ട് തട്ടിയെടുക്കാനുള്ള തന്ത്രമാണ് പാവപെട്ടവന്റ് പണം ധൂർത്തടിച്ചുള്ള പഞ്ച നക്ഷത്ര ഹോട്ടലിലേക്കുള്ള പ്രവാസി പ്രജകളുടെ ഭക്തിപൂർണ്ണമായ ഈ വരവേൽപ്പ്. കേരളത്തിലെത്തുന്ന ഉദാരമതികളായ സമ്പത്തുള്ളവരെ മാറോടണച്ചു് മന്ദഹാസം പൊഴിക്കുമ്പോൾ ഈ പ്രവാസിക്ക് മുന്നോട്ട് വെക്കാനുള്ള ഒരു നിർദ്ദേശo. ലോക കേരള സഭ ചിലവ് പാവം മലയാളിയുടെ തലയിൽ കെട്ടിവെക്കാതെ അതിൽ വന്ന കോടിശ്വരന്മാരുടെ ജീവകാരുണ്യ സംഭാവനയായി വാങ്ങി ഈ ലോകാപവാദത്തിന്റ ചൂടൊന്നു തണുപ്പിച്ചുകൂടെ?
അടിസ്ഥാനവർഗ്ഗത്തെ മറന്നുകൊണ്ടുള്ള ഈ മഹാ സഭ കണ്ട് ഒരു പറ്റം പ്രവാസികളുടെ മനസ്സ് വിങ്ങുന്നു. ഇപ്പോഴും പല നിരപരാധികൾ ജയിലിലാണ്, ആരും തിരിഞ്ഞു നോക്കുന്നില്ല. മറ്റ് ചിലർക്ക് നിയമ പരിരക്ഷ കൊടുക്കാൻ പോലും ആരും വരുന്നില്ല. ജോലി ചെയ്തിട്ടും ശമ്പളം കിട്ടാത്തവർ, വരണ്ട മരുഭൂമിയിൽ തൊണ്ട വരണ്ടു കഴിയുന്ന പാവങ്ങൾ, കുട്ടികളെ പഠിപ്പിക്കാൻ നിവർത്തിയില്ലാതെ ഞെരിപിരികൊള്ളുന്നവർ, റിക്രൂട്ട്മെന്റ് ഏജൻസികളാൽ വഞ്ചിക്കപ്പെട്ടവർ, തൊഴിൽ രംഗത്ത് ചൂഷണത്തിന് കിഴ്പ്പെടുന്നവർ, വിദ്യാഭ്യാസ യോഗ്യത ഉണ്ടെങ്കിലും വിദേശത്തു പോകാൻ കഴിയാതെ സാമ്പത്തിക പ്രതിസന്ധി നേരിടുന്നവർ, വിമാനക്കമ്പനികളുടെ ആകാശ കൊള്ള, മടങ്ങിവരുന്ന പ്രവാസികളുടെ പുനരധിവാസം, എംബസികൾ റബർ സ്റ്റാമ്പാടിച്ചു വൻ ഫീസ് ഈടാക്കുന്നത്, സ്കൂളുകളിലെ കുട്ടികളിൽ നിന്നും ഈടാക്കുന്ന വൻ ഫീസ്, ആരോഗ്യ രംഗത്ത് പാവപ്പെട്ട പ്രവാസി നേരിടുന്ന പ്രശനങ്ങൾ, നോർക്കയുടെ സമീപന രീതികൾ, അവർ വഴി എത്ര തൊഴിലാളികൾ വിദേശത്തുപോയി ഇങ്ങനെ ആഴത്തിൽ മുറിവേറ്റ ഭാഗങ്ങൾ ചികിൽസിച്ചു സുഖപ്പെടുത്താനാണ് ലോകമലയാളികളുടെ മുന്നിൽ നിഴൽവിളക്കുപോലെ പ്രകാശിക്കുന്നവരെത്തിയത്. അല്ലാതെ ആനന്ദസാഗരത്തിൽ മുങ്ങി കുളിക്കാനല്ല. സംഗമത്തിന്റ മൂന്നാം ദിനം അവർ ബഹുദൂരം സഞ്ചരിച്ചതായി പറയുന്നു. മരുപ്പച്ചയിലവർ വിത്ത് വിതച്ചു. വളമിട്ട് മൂന്ന് ദിവസങ്ങൾ വെള്ളമൊഴിച്ചു. ഇനിയും വളർച്ചയുടെ കാലമാണ്. അടുത്ത വര്ഷം വിളവെടുപ്പ് വരും. അതിൽ നിന്ന് കിട്ടുന്നത് മധുരിക്കുമോ എന്നത് കാത്തിരുന്നു കാണാം.
കഴിഞ്ഞ ലോക കേരള സഭയിൽ കേട്ടത് പ്രവാസികളുടെ അടിസ്ഥാന 40 വിഷയങ്ങൾ അവതരിപ്പിച്ചു. വിരലിൽ എണ്ണാൻ ചിലത് നടപ്പാക്കിയെന്ന് കേട്ടു. 47 രാജ്യങ്ങളിൽ നിന്ന് വന്നവർക്ക് തൃപ്തികരമായ ഒരു വിശദികരണം പേപ്പറിൽ എഴുതി കൊടുക്കാൻ, മാധ്യമങ്ങൾക്ക് കൊടുക്കാൻ ഈ മഹാ സഭക്ക് സാധിച്ചിരുന്നെങ്കിൽ ജനഹ്ര്യദയങ്ങളിൽ ആശങ്ക വളരില്ലായിരുന്നു. ഇതൊക്കെ കിട്ടാത്തതുകൊണ്ടാണ് കിളികളെപോലെ പലരും ലോകത്തിന്റ പല ഭാഗത്തുള്ള മരങ്ങളിലിരുന്ന് ചിലക്കുന്നത്. എന്തിനും ഏതിനും ഒരു വരവ് ചിലവുണ്ട്. ഏതു പ്രസ്ഥാനത്തിനും ഒരു കണക്കപിള്ള കാണു൦. ഇതിന്റ കണക്കപിള്ള അതൊന്നും കൊടുക്കാതെ വീട്ടിൽ വറുക്കലും പൊരിക്കലുമായി സമയം തള്ളിവിട്ടതാണോ ഇങ്ങനെ ഒരു പേരുദോഷത്തിന് കാരണമായത്? ഈ കണക്കപിള്ള കണക്കിൽ വല്ല തിരിമറി നടത്തിയോ? ഈ ധൂർത്തിന്റ കരച്ചിലും പിഴിച്ചിലും പല കോണുകളിൽ നിന്നുമുയരുന്നുണ്ട്. മംഗളദീപമെരിയുന്ന വിശാലമായ ആഡംബര ഗോപുരം കണ്ടപ്പോൾ അതിരറ്റ ആനന്ദമൊന്നും എല്ലാം പ്രവാസികൾക്കുമുണ്ടായില്ല. അതിന്റ പ്രധാന കാരണം പ്രളയത്തിൽ ദുഃഖദുരിതമനുഭവിക്കുന്നവരുടെ നെടുവീർപ്പുകൾ കാണാതെ ഇങ്ങനെ ഒരു മാമാങ്കം എന്തിന്? ചില മനുഷ്യരെപ്പോലെ തരാതരത്തിനു നിന്ന് തള്ളി പറയാൻ, തട്ടിപ്പറിക്കാൻ, പൊട്ടിത്തെറിക്കാൻ, സ്വന്തം കീശ വീർപ്പിക്കാൻ ഇങ്ങനെ എത്രയോ മേളകൾ മലയാളി മക്കൾ കണ്ടിരിക്കുന്നു. ആ രഹസ്യ അജണ്ടയിൽ വോട്ടു മാത്രമല്ല സമ്പത്തും, അധികാരവുമാണ് പ്രധാനം.
നമ്മുടെ സമുദായ നേതാക്കന്മാരുമായുള്ള രഹസ്യ അജണ്ട ഇന്ന് നാട്ടിൽ പാട്ടാണ്. അധികാരമുണ്ടെങ്കിൽ സത്യം അസത്യമാകും. കൊലയാളി നിരപരാധിയാകും. അതാണ് നമ്മുടെ ജനാധിപത്യം. കള്ളപണമുണ്ടാക്കുന്നവർ വാരിക്കോരി കൊടുക്കും. അധികാരമില്ലെങ്കിൽ സമ്പത്തുണ്ടാകില്ല. പാവം പ്രവാസികളെയോർത്തു് സങ്കടപെടുന്നവരാണ് നമ്മുടെ ഭരണാധിപന്മാർ. 1960 മുതൽ അവർ സങ്കടം പങ്കുവെക്കുന്നു. 2020 ൽ പരസ്പരം സങ്കടപ്പെടാൻ പരിഹാരം കാണാൻ ഒരു വേദിയുണ്ടായിരിക്കുന്നു. തല്ലുകൊള്ളാൻ ചെണ്ട അല്ലെങ്കിൽ വിയർപ്പൊഴുക്കുന്നവർ, പണം വാങ്ങാൻ മാരാർ എന്നു പറഞ്ഞാൽ സമ്പന്നർ. പ്രവാസികൾക്കായി നല്ല വിത്താണ് വിതച്ചിരിക്കുന്നത്. നല്ല ഫലം തരാതിരിക്കില്ല. എല്ലാ വർഷവും അധികാരികളുടെ, സമ്പന്നരുടെ മുന്നിൽ തൊഴും കയ്യുമായി തണുവണങ്ങി പുഞ്ചിരി തൂകി ഒരു വഴിപാടുപോലെ ആരാധന നടത്തി പോകാൻ ഇടവരാതിരിക്കട്ടെ.
പ്രവാസികളെപ്പറ്റി പറയുമ്പോൾ വിങ്ങുന്ന, വേദനിക്കുന്ന മറ്റൊരു കൂട്ടർ വിദേശ രാജ്യങ്ങളിലുണ്ട്. ഭരണഘടന വിഭാവനം ചെയ്യുന്ന തൊഴിൽ കൊടുക്കാതെ വന്നപ്പോൾ പട്ടിണി മാറ്റാൻ കേരളത്തിൽ നിന്ന് രക്ഷപ്പെട്ട് വിദേശത്ത് പൗരത്വം നേടിയവർ. പൗരത്വം കിട്ടിയതുകൊണ്ട് ഈ സഭയിൽ നിന്ന് പുറത്താകുമോ? തൊഴിൽ കൊടുക്കാതെ പുറത്താക്കി. ഇപ്പോൾ ഇതിൽ നിന്നും പുറത്താക്കിയിരിക്കുന്നു. അവർക്കും കൊടിയുടെ നിറം വേണമോ? കേരളത്തിന് പ്രളയംപോലുള്ള വിപത്തുണ്ടായപ്പോൾ മാത്രമല്ല എല്ലാം രംഗത്തും കടന്നു വരുന്നവരാണ് വിദേശ മലയാളി പൗരൻമാർ. അവരുടെ തായ് വേര് കേരളത്തിലാണ്. അഴക് വിരിച്ചു നിൽക്കുന്ന ഇന്നത്തെ കേരളത്തിന് ശ്രെഷ്ടമായ സംഭാവനകൾ ചെയ്തവരെ കേവലമായ വോട്ട് ബാങ്ക് നോക്കി അകറ്റിനിർത്തുന്നത് വെറും കമ്പോള അധികാര രാഷ്ട്രീയമല്ലേ? ഭൂതകാലത്തെപോലെ ഭാവികലത്തിന്റ വിധി നിർണ്ണയത്തിൽ അവരും പങ്കാളികൾ ആകേണ്ടതല്ലേ? അത് വോട്ടു ബാങ്ക് നിർണ്ണയമെങ്കിൽ അവർ ശ്രമിച്ചാലും കുറെ വോട്ടുകൾ മാറിമറിയും. അവരുടെ ബന്ധുമിത്രാദികൾ, സുകൃത്തുക്കൾ ധാരാളം കേരളത്തിലുണ്ട്. പലരും വീടുകൾക്കും, വസ്തുവകകൾക്കും നികുതി കൊടുക്കുന്നവരാണ്. വിദേശ രാജ്യങ്ങളിൽ അവർ നേരിടുന്ന പ്രശ്നങ്ങൾക്ക് ഈ മഹാ സഭ എന്ത് തീരുമാനമാണ് കൈകൊണ്ടത്?. അവർക്ക് കേരളത്തിൽ വോട്ടില്ല എന്നതുകൊണ്ട് തള്ളിക്കളയാവുന്നതാണോ അവരുടെ പ്രശ്നങ്ങൾ? ഇവരും ഇന്ത്യൻ എംബസ്സിയിൽ പല ആവശ്യങ്ങൾക്കായി പോകാറുണ്ട്. ചില രേഖകൾക്ക് ഇന്ത്യൻ എംബസ്സി സ്റ്റാമ്പ് ആവശ്യമാണ്. വിമാന കമ്പനിക്കാരെപോലെ കാറ്റുള്ളപ്പോൾ തൂറ്റണമെന്നാണ് എംബസ്സികളുടെ നയം. ഒരു പേപ്പറിൽ സ്റ്റാമ്പ് അടിക്കുന്നതിന് സാരമായ ഒരു തുക വാങ്ങാതെ വൻ തുക വാങ്ങുന്ന വിയർക്കുന്ന വർഗ്ഗം. ഈ ലോകത്തെ വാർത്തെടുത്തത് തൊഴിലാളികളാണ് അവരുടെ പേരിൽ പലരും മുതലാളിമാരായി മാറിയിട്ടുണ്ട്. വിദേശ പൗരത്വം ലഭിച്ചവർ പ്രവാസലോകത്തും കേരളത്തിലും ചൂക്ഷണം നേരിടുന്നത് ഈ മഹാ സഭ അല്ലെങ്കിൽ നോർക്ക വകുപ്പ് കാണാറുണ്ടോ? ആഴങ്ങളിൽ നീന്തിത്തുടിക്കുന്ന സ്രാവുകൾ വേദികൾ പങ്കിടുമ്പോൾ ഈ പരൽ മീനുകൾക്ക് ഈ വേദിയിൽ എന്ത് കാര്യമെന്ന് വിവേകശാലികൾക്ക് ചിന്തിക്കാൻ പറ്റുമോ? കേരളത്തിന്റ കൂടെപ്പിറപ്പായി ഒപ്പം നിന്നവരെ ഇങ്ങനെ തള്ളിക്കളയുരുത്. അവർ ഒഴുക്കിയ വിയർപ്പും കണ്ണുനീരും കണ്ണുതുറന്ന് കണ്ടിരുന്നെങ്കിൽ അവരും ഈ വേദിയിൽ കാണുമായിരിന്നു.
കേരളത്തിൽ നിന്ന് പാശ്ചാത്യ രാജ്യങ്ങളിലേക്കും, ഗൾഫിലേക്കും കുടിയേറ്റം തുടങ്ങുന്നത് 1960 മുതലാണ്. പ്രവാസിയുടെ സമ്പത്ത് 2017/ 2018 ൽ 2 ലക്ഷം കോടിയിൽ കൂടുതൽ എന്നാണ് കണക്കന്മാർ പറയുന്നത്. എന്നാൽ എത്ര മലയാളികൾ ഏതെല്ലാം രാജ്യങ്ങളിലുണ്ട് എന്നതിന് കൃത്യമായ ഒരു കണക്കില്ല. ഈ മഹാസഭയിൽ ഇത് ആരെങ്കിലും ചോദിച്ചു് ഒരുത്തരം കണ്ടെത്തിയോ? നീണ്ട വർഷങ്ങൾ കേരളത്തിൻറെ വളർച്ചക്കായി രാപകൽ അധ്വാനിച്ച വിദേശ മലയാളി പൗരന്മാരുടെ സമ്പത്തിന്റ കണക്ക് വോട്ടു ബാങ്ക് രാഷ്ട്രീയം എത്ര വേഗത്തിലാണ് മറക്കുന്നത്. അവർ വിദേശത്തു വിത്തിറക്കി സമ്പത്തു കൊടുത്തപ്പോൾ പഞ്ചസാര പായസമായിരിന്നു. ഇപ്പോൾ ഒരു വിത്തിൽ പല വിത്ത് വിളയിക്കുന്നവർ അത് വോട്ട് ബാങ്ക് രാഷ്ട്രീയമാകട്ടെ, മാലോകരാറിയാത്ത വിദേശത്തുള്ള കുട്ടുകച്ചവടമാകട്ടെ, കള്ള പണം വെളുപ്പിക്കലാകട്ടെ, അനധികൃത സ്വത്തു് സമ്പാദ്യമാകട്ടെ ഇപ്പോൾ വിളവൊന്നും എടുക്കാനില്ലെന്ന് കണ്ട് അവരെ കറിവേപ്പിലപോലെ തള്ളിക്കളയുന്നു. ഇതും ഒറ്റപെടുത്തലിന്റെ, വേർതിരിക്കുന്നതിന്റ രാഷ്ട്രീയമാണ്. എല്ലാവരോടും തുല്യ നീതി പുലർത്താത്ത രാഷ്ട്രീയം ഫാസിസമാണ്.
സൂക്ഷ്മതയോടെ ശ്രദ്ധിച്ചാൽ പ്രതിപക്ഷ പാർട്ടികൾ മാത്രമല്ല പ്രവാസികൾക്കും സംശങ്ങൾ ഏറെയാണ്. ഇതിൽ പങ്കെടുത്തവർ ആരുടെ പ്രതിനിധിയാണ്? ഇതിലെ അംഗങ്ങൾ ഓരോ രാജ്യങ്ങളെ പ്രനിധികരിക്കുന്നുവെന്ന് കേട്ടപ്പോൾ കണ്ണില്ലാത്തവന് എന്തിന് കണ്ണാടി എന്നൊക്കെ പലർക്കും തോന്നുന്നു. മൂന്നാം ലോക മലയാള സഭയിലേക്ക് കാഴ്ച്ചക്കാരായിട്ടെങ്കിലും പ്രവാസികളെ സ്വാഗതം ചെയ്താൽ കയ്യടിക്കാൻ ആൾക്കാരെ കിട്ടും. പാവം പ്രവാസികളും കേരളത്തിലെ പാവം മലയാളികളും എന്തിനും കാഴ്ചക്കാർ ആണല്ലോ. പീഡനങ്ങൾ ഏറ്റുവാങ്ങാൻ, കയ്യടിക്കാൻ, വിയർപ്പൊഴുക്കാൻ, പോലീസിന്റ തല്ലുകൊള്ളാൻ വിധിക്കപ്പെട്ടവർ. ഇതിൽ പങ്കെടുത്തവർ ആരാണ്? ആരുടെ പ്രതിനിധിയാണ്, ഇവരുടെ യോഗ്യതകൾ, അവരുടെ സാമുഹ്യ സംഭാവനകൾ എന്തൊക്കെ എന്നത് നോർക്ക വഴി വെളിപ്പെടുത്തുമോ? ബ്രിട്ടനിൽ ചെറുതും വലുതുമായ ധാരാളം സംഘടനകളുണ്ട്. സംഘടനകളെ പ്രതിനിധികരിച്ചാണ് വന്നതെങ്കിൽ യൂറോപ്പിലെ മാത്രമല്ല ലോകത്തെ ഏറ്റവും വലിയ സംഘടനയായ യൂക് മയിൽ നിന്ന് ആരാണ് വന്നത്? ബ്രിട്ടനിലെ പ്രമുഖ സാഹിത്യ സംഘടനയായ ലണ്ടൻ മലയാള സാഹിത്യ വേദി, ലണ്ടൻ മലയാളി കൌൺസിൽ അങ്ങനെ ധാരാളം കലാസാംസ്കാരിക-ജീവ കാരുണ്യ സംഘടനകളുണ്ട്. ഇതിൽ നിന്ന് ആരൊക്കെ വന്നു? അതുപോലെ ബ്രിട്ടനിൽ നിന്നുള്ള ജീവ കാരുണ്യ മേഖല, കലാ സാഹിത്യകാരൻന്മാർ, മെഡിക്കൽ രംഗത്ത് നിന്നുള്ളവർ, വ്യവസായികൾ, ശാസ്ത്ര-സാങ്കേതിക രംഗത്തുള്ളവർ, മാധ്യമ രംഗത്ത് നിന്നുള്ളവർ എത്രയെന്ന് ഇവിടുത്തെ പ്രമുഖ ഓൺലൈൻ വഴിയെങ്കിലും ഒന്നു വെളിപ്പെടുത്താനുള്ള ആർജ്ജവമുണ്ടോ?
ഏത് പാർട്ടിയായാലും കൊടിയുടെ നിറ൦ നോക്കി കേരളത്തിൽ എഴുത്തുകാരെ വേർതിരിക്കുന്നതുപോലെ വിദേശ രാജ്യങ്ങളിലും കോടിയുടെ നിറം നോക്കി ആ വേർതിരിവ് പലതിലും നടപ്പാക്കാറുണ്ട്. പഴയെ ജന്മി കുടിയൻ വ്യവസ്ഥിതി. ഇവിടെ ജന്മിയായി വരുന്നത് കൊടിയുടെ നിറമുള്ളവരാണ്. ഫ്യൂഡൽ വ്യവസ്ഥിതിക്കെതിരെ പടപൊരുതിയവരുടെ അനന്തരാവകാശികൾ. അധികാരം കിട്ടിയാൽ മാതൃ ഭാഷയിൽ പോലും വെറുപ്പിന്റ രാഷ്ട്രീയമാണ് വളർത്തുന്നത്. ഇത് എന്ത് ജനാധിപത്യബോധമാണ്? ലോക കേരള സഭ പ്രവാസിക്ക് സുരക്ഷിതമായ ഒരു താവളമാകണം. അത് ലോകവീക്ഷണമുള്ള ഒരു വേദിയാക്കണം അല്ലാതെ അവസരവാദ രാഷ്ട്രീയ വേദിയായി മാറ്റരുത്. ഏത് പാർട്ടിയായാലും പ്രവാസി നേരിടുന്ന പ്രശ്നങ്ങൾക്കാണ് മുൻഗണന കൊടുക്കേണ്ടത്. പ്രവാസിയുടെ സുരക്ഷിതത്വം എല്ലാം പാർട്ടിക്കാരും എല്ലാം രംഗത്തുനിന്നുള്ളവരും ഒന്നായി നിന്ന് നേരിടുകയാണ് വേണ്ടത്. ഏത് വിശ്വാസ ആശയത്തിൽ അടിയുറച്ചവരായാലും പ്രവാസികളിൽ സ്വീകാര്യത വളർത്തുന്നത് എല്ലാവരും ഒന്നായി നിന്ന് പുരോഗമന ആശയങ്ങൾ പ്രവാസികൾക്കായി പങ്കുവെക്കുമ്പോഴാണ്. അതിലുപരി എതിർപ്പിന്റ, വെറുപ്പിന്റ ശബ്‌ദം. കൊടിയുടെ നിറം നോക്കി എതിരാളികളെ നിശബ്തരാക്കുന്നത്,അടിച്ചമർത്തുന്നത് ക്രൂരതയാണ്.
പ്രവാസികൾക്ക് സംഗമിക്കാൻ. ഐക്യബോധം വളർത്താൻ, പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഈ വേദി ഇന്നും എപ്പോഴും അതിന് ചുക്കാൻ പിടിച്ച സർക്കാരും നല്ലതാണ്. അതിന് ആരും എതിരല്ല. അവിടെ സങ്കുചിത താല്പര്യങ്ങൾ, കൊടിയുടെ നിറം കടന്നുവരുമ്പോഴാണ് മനുഷ്യരിൽ വെറുപ്പിന്റ രാഷ്ട്രീയം വളരുന്നത്. പ്രതിപക്ഷം പറയുന്ന ധൂര്ത്തു് സത്യമല്ലെന്ന് സ്ഥാപിക്കാൻ സർക്കാർ ഇതിന്റ കണക്കുകൾ പുറത്തുവിടുകയാണ് വേണ്ടത്. പ്രവാസികളിലെ ഐക്യബോധം, പരസ്‌പര സഹകരണം, സ്‌നേഹം, ഭാഷയോടുള്ള കടപ്പാട് മതരാഷ്ട്രീയത്തെക്കാൾ ഏറ്റവും മൂല്യവത്തായി കാണുന്നവരാണ്. ലോക മലയാള സംഗമവേദി ആരിലും അസ്വസ്ഥത വളർത്താതെ പ്രവാസികളെ പുതുക്കിപ്പണിയാനുള്ള ഒരു വേദിയായി മാറട്ടെ.
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ലണ്ടൻ : ഇറാനും യുഎസും തമ്മിലുള്ള സംഘർഷത്തിലെ നിർണായക വഴിത്തിരിവായിരുന്നു സുലൈമാനിയുടെ വധം. ജനറൽ ഖാസിം സുലൈമാനിയെ വ്യോമാക്രമണത്തിൽ കൊലപ്പെടുത്തിയ യുഎസ് നടപടിക്കെതിരെ ഇറാന്‍ തലസ്ഥാനം ടെഹ്റാനിൽ വൻ പ്രതിഷേധം നടന്നു. ഒപ്പം ടെഹ്റാനിലെത്തിച്ച മൃതദേഹത്തിന് ആദരാജ്ഞലി അർപ്പിക്കാൻ പതിനായിരക്കണക്കിന് ആളുകളാണ് എത്തിയത്. മൃതദേഹം വഹിച്ചുള്ള വിലാപയാത്രയിലുടനീളം ‘ഡെത്ത് ടു അമേരിക്ക’ മുദ്രാവാക്യങ്ങളുമായാണ് ജനങ്ങൾ പിന്തുടർന്നത്. എന്നാൽ സുലൈമാനിയുടെ മരണത്തിൽ തങ്ങൾക്ക് ദുഃഖമില്ലെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ തുറന്നുപറഞ്ഞു. ആയിരക്കണക്കിന് നിരപരാധികളായ സിവിലിയന്മാരുടെയും പാശ്ചാത്യ ഉദ്യോഗസ്ഥരുടെയും മരണത്തിന് കാരണമായ പ്രവർത്തനങ്ങളിൽ അദ്ദേഹത്തിന്റെ പങ്കു കണക്കിലെടുക്കുമ്പോൾ, അദ്ദേഹത്തിന്റെ മരണത്തിലും ഞങ്ങൾ വിലപിക്കില്ല എന്നാണ് ജോൺസൻ പറഞ്ഞത്. അതേസമയം യുകെ സൈനികരെ കൊല്ലുമെന്ന മുന്നറിയിപ്പ് ഇറാൻ നൽകിയിട്ടുണ്ട്.
പ്രശ്ന ബാധിത പ്രദേശങ്ങളിലെ ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ സുരക്ഷ വർദ്ധിപ്പിക്കാൻ യുകെ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ജോൺസൻ സ്ഥിരീകരിച്ചു.യുഎസ് സഖ്യകക്ഷികളായ ബ്രിട്ടൻ, ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങളും ഉൽകണ്ഠ പ്രകടിപ്പിച്ചു. സൗദി അറേബ്യ, തുർക്കി എന്നിവയുൾപ്പെടെ മിഡിൽ ഈസ്റ്റിലുടനീളമുള്ള ബ്രിട്ടീഷുകാർക്ക് വിദേശകാര്യ ഓഫീസ് ശക്തമായ യാത്രാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സൈബർ പോരാട്ട രംഗത്ത് അതിശക്തരായ ഇറാൻ യുഎസിനു നേരെ ഇന്റർനെറ്റിലൂടെ തിരിച്ചടി നൽകിയേക്കുമെന്നാണു സൂചന. ഈ കാര്യത്തിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്, ബോറിസ് ജോൺസൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ എല്ലാ സ്ഥാപനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
ഇറാനിലെ രണ്ടാമത്തെ ഏറ്റവും വലിയ ഡ്രോൺ ആക്രമണത്തെക്കുറിച്ച് ആദ്യമായാണ് ബോറിസ് ജോൺസൻ സംസാരിക്കുന്നത്. ട്രംപ് , ഇമ്മാനുവേൽ മാക്രോൺ, ജർമ്മൻ ചാൻസലർ ആഞ്ചല മെർക്കൽ എന്നിവരുമായി ജോൺസൺ നേരത്തെ തന്നെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. എല്ലാ വിദേശ സൈനികരും രാജ്യം വിടണമെന്ന് ഇറാഖ് പാർലമെന്റ് പറയുന്നുണ്ട്. യുഎസ് – ഇറാൻ സംഘർഷം ലോക രാജ്യങ്ങളെ എല്ലാം തന്നെ സാരമായി ബാധിച്ചിരിക്കുന്നു.
അനുപമ എസ് ബട്ട്, മലയാളം യുകെ ന്യൂസ് ടീം
റഷ്യ, ചൈന, നോർത്ത് കൊറിയ എന്നീ രാജ്യങ്ങൾക്കൊപ്പം, അമേരിക്കയ്ക്ക് നേരെ ഉണ്ടാകുന്ന സൈബർ ആക്രമണങ്ങളിൽ മുഖ്യപങ്കുവഹിക്കുന്ന ഒരു രാജ്യമാണ് ഇറാൻ. അമേരിക്കയുടെ ദേശീയ സ്ഥാപനങ്ങളെ പലപ്പോഴും ഇറാൻ നോട്ടമിട്ടിരുന്നു. ഇറാൻ ഹാക്കർമാർ എപ്പോഴും അമേരിക്കയെ നേരിടുന്നതിൽ ശ്രദ്ധാലുക്കളായിരുന്നു. വിവരങ്ങൾ ചോർത്തുക എന്നത് പലപ്പോഴും ഒരു സാധാരണ സംഭവമായി മാറിയിരിന്നു. എന്നാൽ ഖാസിം സുലൈമാനിയുടെ വധത്തിനുശേഷം സ്ഥിതിഗതികൾ വഷളായി കൊണ്ടിരിക്കുകയാണ്. അമേരിക്കയ്ക്ക് നേരെ എന്തു തരത്തിലുള്ള ആക്രമണവും അഴിച്ചുവിടാൻ ഇറാൻ സന്നദ്ധമാണെന്ന് പ്രതിരോധമന്ത്രി അറിയിച്ചിരുന്നു.
യുദ്ധത്തേക്കാൾ ഉപരി സൈബർ ആക്രമണങ്ങളാണ് ഇറാൻ ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. രാജ്യത്തെ ഹാക്കർമാർ അമേരിക്കയുടെ ശക്തി കേന്ദ്രങ്ങൾ ആക്രമിക്കാൻ ആരംഭിക്കുകയാണ്. യുഎസ് സൈബർ സെക്യൂരിറ്റി അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മുൻപ് 2012 ൽ ഷാമൂൺ എന്ന വൈറസ് ഇറാന്റെ സൃഷ്ടിയായിരുന്നു എന്ന അഭ്യൂഹങ്ങളും അന്ന് ഉണ്ടായിരുന്നു.
ഇറാനു നേരെയും ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. അമേരിക്കയും ഇസ്രയേലും ഒരുമിച്ച് ചേർന്ന് നിർമ്മിച്ച സ്റ്റാസ്നെറ്റ് എന്ന വൈറസ് ഇറാന്റെ ആണവ പദ്ധതിയെ സാരമായി ബാധിച്ചിരുന്നു. നിലവിലെ സാഹചര്യത്തിൽ ഇറാന്റെ ഭാഗത്തുനിന്നും സൈബർ ആക്രമണങ്ങൾ ഉണ്ടാകുമെന്ന കരുതലിലാണ് യുഎസ്. ഖാസിം സുലൈമാന്റെ വധത്തിന് ഇറാന്റെ ഭാഗത്തുനിന്ന് വേണ്ടതായ പ്രതികാരനടപടികൾ ഉണ്ടാകുമെന്നാണ് ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനി അറിയിച്ചത്.