ലിസ മാത്യു, മലയാളം യു കെ ന്യൂസ് ടീം
ബ്രിട്ടൻ :- 136 കേസുകൾ ഉൾപ്പെടെ, 159 ലൈംഗിക ആരോപണങ്ങളിൽ പ്രതിയായ റെയ്ൻഹാർഡ് സിന്ഗ എന്ന വ്യക്തിക്ക് ജീവപര്യന്തം. 36 കാരനായ ഇദ്ദേഹം 190 ഓളം പേരെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ബ്രിട്ടന്റെ ചരിത്രത്തിൽ ഇത്തരം കേസുകൾ അപൂർവ്വമാണെന്ന് കോടതി വിലയിരുത്തി. മുപ്പതു വർഷം എങ്കിലും മിനിമം ജയിൽ ശിക്ഷ അനുഭവിക്കണമെന്ന് ജഡ്ജി വിധിച്ചു. മാഞ്ചസ്റ്റർ ക്രൗൺ കോടതിയാണ് വിധി പുറപ്പെടുവിച്ചത്.
2018 ൽ നടന്ന ശിക്ഷാ വിധി അനുസരിച്ച് ഇപ്പോൾ തന്നെ ജയിൽ ശിക്ഷ അനുഭവിക്കുകയാണ് ഇദ്ദേഹം. ഇന്തോനേഷ്യ ക്കാരനായ ഇദ്ദേഹത്തിനെതിരെ 136 റേപ്പ് കേസുകൾ ആണ് നിലവിലുള്ളത്. ഇതു വരെ 48 ഇരകളെ മാത്രമാണ് നിയമത്തിനു മുന്നിൽ കൊണ്ടു വന്നിട്ടുള്ളത്. യുവാക്കളെ തന്റെ ഫ്ലാറ്റിൽ വിളിച്ചുവരുത്തി ലൈംഗിക അതിക്രമത്തിന് ഇരയാക്കുക ആയിരുന്നു ഇദ്ദേഹം.
അതീവ ഹീനമായ കുറ്റകൃത്യമാണ് സിന്ഗ ചെയ്തിരിക്കുന്നത് എന്നും ഇത്തരത്തിലൊരു കുറ്റവാളിയെ വെറുതെ വിടുന്നത് സമൂഹത്തിന് ആപത്താണെന്നും ജഡ്ജി വിലയിരുത്തി. ജ്യൂസ് കുടിക്കാൻ എന്ന വ്യാജേന യുവാക്കളെ ക്ഷണിച്ചു ബോധംകെടുത്തി, ഉപയോഗിക്കുകയാണ് ഇദ്ദേഹം ചെയ്തത് എന്നാണ് റിപ്പോർട്ടുകൾ. 2015 മുതൽ 2017 വരെയുള്ള കുറ്റകൃത്യങ്ങൾക്കാണ് ഇപ്പോൾ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. എന്നാൽ ഇതിനു മുൻപേ അദ്ദേഹം കുറ്റകൃത്യങ്ങൾ ചെയ്തതായി പോലീസ് റിപ്പോർട്ട് ചെയ്യുന്നു. ഇദ്ദേഹത്തിനെതിരെ വേണ്ട തെളിവുകൾ കിട്ടുവാൻ ജനങ്ങളോട് സഹായം തേടിയിരിക്കുകയാണ് പോലീസ്.
അഖിൽ മുരളി
ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസമെഴുതി മലയാള കവിതയെ പുതു വഴികളിലേക് നയിച്ച
മഹാവ്യക്തിത്വo ശ്രീ അച്യുതൻ നമ്പൂതിരിക്ക് ഈ വർഷത്തെ ജ്ഞാനപീഠപുരസ്‌കാരം.
മലയാളത്തിന് ലഭിക്കുന്ന ആറാമത്തെ ജ്ഞാനപീഠ പുരസ്‌കാരമാണിത്. കവി ജി ശങ്കരക്കുറുപ്പാണ് ആദ്യമായി പുരസ്‌കാരം ഏറ്റുവാങ്ങുന്നത്.
മലയാള കവിതയിലെ കാല്പ്നിക വസന്തത്തിന്റെ നീലചവി മങ്ങിത്തുടങ്ങിയ കാലഘട്ടത്തിലാണ് ആധുനികത ഇവിടെ ഉദയം ചെയ്യുന്നത്. ആധുനിക മലയാളകവികളുടെ കൂട്ടത്തിൽ ആശയങ്ങളുടെ വൈപുല്യം കൊണ്ടും രചനകളുടെ വൈവിധ്യം കൊണ്ടും ആവിഷ്കരണത്തിലുള്ള ലാളിത്യം കൊണ്ടും ഉന്നതശീർഷനായി നില്ക്കുന്ന കവിയാണ് അക്കിത്തം അച്യുതൻ നമ്പൂതിരി.
1926 മാർച്ച് 18-നു കേരളത്തിലെ പാലക്കാട് ജില്ലയിലെ കുമരനല്ലൂരിൽ ജനിച്ചു. അമേറ്റൂർ അക്കിത്തത്ത് മനയിൽ വാസുദേവൻ നമ്പൂതിരിയും ചേകൂർ മനയ്ക്കൽ പാർവ്വതി അന്തർജ്ജനവുമാണ് മാതാപിതാക്കൾ.
ബാല്യത്തിൽ സംസ്കൃതവും സംഗീതവും ജ്യോതിഷവും പഠിച്ചു.പതിറ്റാണ്ടുകൾ പിന്നിട്ട കാവ്യസപര്യയിൽ വജ്രസൂക്ഷ്മമായ മനുഷ്യസ്നേഹത്തെ വിട്ടുവീഴ്ചയില്ലാതെ പാലിച്ചു പോന്ന പ്രകാശ സ്രോതസ്സാണ് അക്കിത്തം എന്ന വെളിച്ചം . ഇടശ്ശേരി പകർന്നു കൊടുത്ത കവിതയുടെ ബാലപാoങ്ങളിൽ നിന്ന് അക്കിത്തം പ്രധാനമായി ഗ്രഹിച്ചത് ‘ ജന്മന ഏതു മനുഷ്യനും നല്ലവനാണ് ‘ എന്ന ജീവവാക്യമാണ്….
“വെളിച്ചം ദുഃഖ മാണുണ്ണി തമസ്സല്ലോ സുഖപ്രദം” എന്ന പ്രശസ്തമായ വരികൾ അറിയാത്ത മലയാളികൾ ഉണ്ടാകില്ല. അരനൂറ്റാണ്ടി ലേറെയായി രചിച്ചു കൊണ്ടിരിക്കുന്ന ഈ “ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസത്തിന്റെ” രചനകൾ ഇനിയും കാലാ കാലങ്ങൾ ആയി നിലനില്ക്കും..
കവിത, ചെറുകഥ, നാടകം, വിവർത്തനം, ഉപന്യാസം എന്നിങ്ങനെയായി മലയാള സാഹിത്യത്തിൽ 46-ഓളം കൃതികൾ രചിച്ചിട്ടുണ്ട് അക്കിത്തം.
അഖിൽ മുരളി
സ്വദേശം ആലപ്പുഴ ജില്ലയിൽ ചെട്ടികുളങ്ങര.
തിരുവല്ലാ മാൿഫാസ്റ്റ് കോളേജിൽ എംസിഎ അവസാന വർഷ വിദ്യാർത്ഥി. അച്ഛൻ മുരളീധരൻ നായർ, അമ്മ കൃഷ്ണകുമാരി, ജേഷ്ഠൻ അരുൺ മുരളി. കാവ്യാമൃതം, ചന്തം ചൊരിയും ചിന്തകൾ, മണ്ണായ് മടങ്ങിയാലും മറവി എടുക്കാത്തത് തുടങ്ങിയ കവിത സമാഹാരങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചു.
ഗ്രന്ഥലോകം, മലയാള മനോരമ,മാതൃഭൂമി, കവിമൊഴി, എഴുത്തോല, മാധ്യമം തുടങ്ങിയ സമകാലീനങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. “നിഴൽ കുപ്പായം ” എന്ന കവിത സമാഹാരം സെപ്റ്റംബർ മാസം 29 തീയതി തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ വെച്ച് ബഹുമാന്യ സാംസ്‌കാരിക വകുപ്പ് മന്ത്രി ജി സുധാകരൻ നോവലിസ്റ്റും ചലച്ചിത്ര കഥാകൃത്തുമായ ഡോ. ജോർജ് ഓണക്കൂറിന് നൽകി നിർവഹിച്ചു.
നിലവിൽ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിൽ(CSIR) പ്രോജക്റ്റ് അസിസ്റ്റന്റ് ഗ്രേഡ്- I ആയി ജോലി ചെയ്യുന്നു.
ശരറാന്തൽ വെളിച്ചം
പള്ളിയിൽ പോകാനായി സിസ്റ്റർ കാർമേലും ഷാരോണും പുറത്തെ വരാന്തയിലെത്തി. സിസ്റ്റർ അകത്തേക്ക് നോക്കി വിളിച്ചുപറഞ്ഞു.
“” ഏലീയാമ്മേ! ഞങ്ങള് പള്ളിലോട്ട് പോകുവാണേ”
പെട്ടന്ന കയ്യിലൊരു തവിയുമായി ഏലീയാമ്മ കടന്നു വന്നു.
“”സിസ്റ്ററെ! എനിക്കുംകൂടങ്ങ് വരണോന്നൊണ്ടാരുന്നു.
അടുക്കളയിൽ അല്പം പണിയുണ്ട്. ഒാഫീസ്സിലും പോണം”
“” ഒാ… സാരമില്ല. ഞങ്ങളങ്ങ് പോയേച്ചും വരാം. അടുത്തല്ലേ.
“” ഞാന് കാറിറക്കട്ടേ പെങ്ങളെ” വരാന്തയിൽ മുരളിയുമായി സംസ്സാരിച്ചിരുന്ന കോശി ചോദിച്ചു.
“” ഒാ…. പിന്നെ…. ഇൗ പള്ളിമുറ്റത്തെത്താനല്ലേ കാറ്.
നീ നിന്റെ ജോലി നോക്ക് കോശി…..വാ മോളെ”
സിസ്റ്റർ കാർമേൽ ഷാരോണിന്റെ കൈ കവർന്നു നടന്നു നീങ്ങി. ഷാരോൺ കോശിക്കും ഏലീയാമ്മക്കും ” ബൈ ” കാണിച്ചു.
അവർ പള്ളിയിലെത്തുമ്പോൾ വിശുദ്ധകുർബാനയുടെ ഒരുക്കങ്ങൾ അൾത്താരയിൽ നടക്കുന്നു. മുൻവരിയിലുണ്ടായിരുന്ന രണ്ട് കന്യാസ്ത്രീകളുടെ അരികിലായി സിസ്റ്റർ കാർമേൽ കടന്നുചെന്നു. ഷാരോൺ അവരുടെ പിറകിലും.
നീണ്ട വർഷങ്ങൾക്ക് ശേഷം സ്വന്തം മാതൃഭാഷയിൽ അർപ്പിക്കപ്പെട്ട ആ ദിവ്യബലിയിൽ തന്റെ സ്വന്തം ജീവിത ഭൂപടങ്ങളിലെ വിശ്വാസ കർമ്മതലങ്ങൾ സിസ്റ്റർ കാർമേൽ തൃപ്തിയോടും ആത്മനിർവൃതിയോടും സമർപ്പിച്ചു. ഒപ്പംതന്നെ തന്റെ പ്രിയപ്പെട്ട പിതാവിന്റെ ഒാർമ്മകളും ആ മകൾ സമർപ്പണം ചെയ്തു ദിവ്യബലിയിൽ.
കുർബാന കഴിഞ്ഞ് തന്നോടൊപ്പമുണ്ടായിരുന്ന കന്യാസ്ത്രീകളോട് കുശലം പറഞ്ഞു. ആ ദേവാലയത്തിനകം സൂക്ഷമതയോടെ നോക്കികണ്ടു. ബ്രിട്ടനിൽ ആരാധകരുടെയെണ്ണം ദേവാലയത്തിനുള്ളിൽ കുറഞ്ഞുകൊണ്ടിരിക്കുമ്പോൾ ഇവിടെ ഇരിക്കാൻ സ്ഥലമില്ലാതെ പള്ളിക്ക് പുറത്ത് ജനങ്ങൾ നില്ക്കുന്നത് കൗതുകപൂർവ്വം കണ്ടു.
ഇടയന്റെ കുഞ്ഞാടെന്ന കണക്കെ ഷാരോൺ തന്റെ അമ്മായിയുടെ പിറകിൽ നടന്നു.
പിതാവിന്റെ കല്ലറ കാണാൻ മനസ്സ് വെമ്പൽകൊണ്ടുനിന്നു. തൊട്ടടുത്തുള്ള പള്ളിസെമിത്തേരിയിലേക്ക് നടന്നു.
ശവകല്ലറകൾ ഒരു ഉദ്യാനംപോലെ തോന്നിച്ചു. നടപ്പാതകൾക്കു അടുക്കും ചിട്ടയോടും കൂടി ചുവപ്പും മഞ്ഞയും കറുപ്പും നിറങ്ങളിൽ ഒാട് പാകിയിരിക്കുന്നു.
ജനനതീയതിയും മരണതീയതിയും കുറിച്ചുവെച്ച കല്ലറ കുരിശുകൾ പേരുകൾക്കൊപ്പം. വികസിത രാജ്യങ്ങളിലെ പള്ളി പരിസരത്ത് മുന്നൂറ് വർഷങ്ങൾ പഴക്കമുള്ള കല്ലറകൾ ഇതുപോലെ പേരെഴുതി കണ്ടിട്ടുണ്ട്. ഇന്ന് എല്ലാവർക്കും പൊതുശ്മശാനമുണ്ട്. ഇവിടെ പലഭാഗത്തും ആഡംബരകല്ലറകളും കണ്ടു.
അതാ!…. തന്റെ പിതാവിന്റെ കല്ലറ!
മാർബിളിൽ തീർത്ത കല്ലറ. മനോഹരമായ കുരിശ് സൂര്യപ്രഭയിൽ തിളങ്ങുന്നു. പിതാവിന്റെ അന്നത്തെ പ്രതാപം ഒാർമ്മിപ്പിക്കും വിധത്തിൽ മനോഹരമായിരിക്കുന്നു. അന്തസ്സും പ്രൗഡിയുമുള്ള കൊട്ടാരം തറവാട്ടിലെ മകൻ കോശി പിതാവിനുവേണ്ടി ഒടുവിലായി ചെയ്തുതീർത്ത സൽക്കർമ്മം. ഒാർമ്മകളെ ജ്വലിപ്പിച്ചു നിർത്തുന്ന കല്ലറകൾ!
ങേ! ഇതെന്താണ്?
കുഴിമാടം തുടച്ചുവൃത്തിയാക്കി പൂക്കൾവിതറി, നടുവിൽ പൂക്കളിൽ തന്നെ കുരിശടയാളവും ചെയ്തുവെച്ചിരിക്കുന്നു. ആ കുരിശിൽ ചുവപ്പ് റോസാപൂക്കളിൽ തീർത്ത വലിയൊരുമാലയും ചാർത്തിയിരിക്കുന്നു. കല്ലറക്ക് ചുറ്റും മെഴുകുതിരികൾ കുത്തിനിറുത്തിയിരിക്കുന്നു. അവയിൽ തിരികൊളുത്താൻ ഒരു തീപ്പെട്ടിപോലും കുരിശിന്റെ താഴെയായി വെച്ചിരിക്കുന്നു.
സിസ്റ്റർ കാർമേൽ അത്ഭുതപ്പെട്ടുപോയി. മെല്ലെ മുഖം തിരിച്ച് ഷാരോണിനെ നോക്കി. ആ നോട്ടത്തിന്റെ അർത്ഥം മനസ്സിലാക്കി അവൾ പറഞ്ഞു.
“” ഞാനും പപ്പായും നേരത്തേ വന്നു ചെയ്തതാണ് സിസ്റ്റർ ആന്റി ഇതൊക്കെ.”
സിസ്റ്റർ കാർമേൽ അവളെ അണച്ചുപിടിച്ച് നെറ്റിയിൽ ചുംബിച്ചു.
ഷാരോൺ വല്യച്ഛന്റെ കുഴിമാടത്തിലെ മെഴുകുതിരികളൊക്കെയും കത്തിച്ചുനിറുത്തി. ഒരു പുതുജീവൻ പ്രാപിച്ചവളെപോലെ സിസ്റ്റർ കാർമേലും ഒരു തിരികത്തിച്ചു. അതിനുമുന്നിൽ വിതുമ്പലോടെ നിന്നു. വിറയാർന്ന അധരങ്ങളിൽ നേരിയ ചലനങ്ങൾ. ആ ചലനങ്ങൾ പ്രാർത്ഥനയാണോയെന്ന മട്ടിൽ ഷാരോൺ നോക്കി.
പ്രാർത്ഥനയല്ല.
“”അപ്പച്ചാ…….അപ്പച്ചാ…..എന്റെ അപ്പച്ചാ……” ഒരു വിതുമ്പലോടെ നീട്ടിവിളിക്കുകയായിരുന്നു. പെട്ടന്ന് ആ മകൾ കല്ലറ കാൽക്കൽ മുട്ടുകുത്തിനിന്നു. കൈകൂപ്പി കണ്ണുകളടച്ചു.
ആ കണ്ണുകൾ നിറഞ്ഞുതുളുമ്പി വിങ്ങിപ്പൊട്ടി. ആ കല്ലറകാൽക്കൽ ആ ശ്രേഷ്ഠ കന്യാസ്ത്രീ മുഖം ചേർത്ത് വെച്ച് തേങ്ങി തേങ്ങി കരഞ്ഞു. സ്വന്തം പിതാവിന്റെ മടിയിലെന്നവണ്ണം ആ സന്യാസിനി മകൾ മുഖം അമർത്തി വെച്ച് കണ്ണീർവാർത്തു.
ഷാരോണിന്റെ മിഴികളിലും നീർകണികകൾ.
നിമിഷങ്ങളോളമുള്ള ആ അവസ്ഥയിൽ നിന്നും സിസ്റ്റർ കാർമേൽ വിടുതൽതേടി മിഴികളൊപ്പി എഴുന്നേറ്റ് നിന്നു. ആ സമയം ആകാശത്ത് ഒരു വെള്ളരിപ്രാവ് വട്ടമിട്ടുപറന്നു. ഒരാശ്വാസമെനന്നപോല ഷാരോൺ സിസ്റ്ററാന്റീയുടെ കൈപിടിച്ച് മുന്നോട്ട് നടത്തി. സിസ്റ്റർ കാർമേൽ കണ്ടത്.
“” അതാ……..അതാ……..ഒരു വെള്ളരി പ്രാവ്……” ചേതോഹരമായ ആ മാർബിൾ കുരിശിന്റെ മധ്യത്തിൽ വന്നുനില്ക്കുന്നു. പിതാവിന്റെ ആത്മാവാണോ?!! സിസ്റ്റർ കാർമേലിന്റെ മനസ്സിൽ തൃപ്തിയുടെ വേലിയേറ്റങ്ങൾ. ഷാരോണിനെ അണച്ചു പിടിച്ചുകൊണ്ട് സിസ്റ്റർ നീങ്ങി. അല്പനിമിഷങ്ങളിലെ നിശ്ശബ്ദതയിൽ നിന്നും വിടുതൽ പ്രാപിച്ചുകൊണ്ട് കല്ലറയിലേക്ക് ഒരിക്കൽകൂടി തിരിഞ്ഞുനേക്കി നിന്നു. ഷാരോണും തിരിഞ്ഞുനോക്കി.
“”മോളെ….എന്റെ മോളെ…. ഇൗ സിസ്റ്ററാന്റിക്ക് സന്തോഷമായി….” ഷാരോൺ ജന്മപൂർണ്ണതയിലെന്നവണ്ണം ആനന്ദത്തോടെ സിസ്റ്ററെ നേക്കി. വിദൂരതയിലേക്ക് മിഴികൾ പായിച്ച് ഒരു തത്വജ്ഞാനിയെപ്പോലെ സിസ്റ്റർ തുടർന്നു.
“” കുടുംബബന്ധങ്ങളോട് അകലം പാലിക്കപ്പെടേണ്ട വസ്ത്രമാണ് ഞാൻ ധരിച്ചിരിക്കുന്നത്..എന്നാലും….. എന്നാലും എനിക്കുകിട്ടിയ സ്വന്തംരക്തത്തിലെ ബന്ധങ്ങൾ. തൃപ്തിയായി മോളെ….തൃപ്തിയായി……”
പറഞ്ഞുതീർന്നയുടനെ സിസ്റ്റർ തന്റെ ഉടുപ്പിന്റെ പോക്കറ്റിൽ നിന്നും രണ്ട് ചോക്ലേറ്റുകളെടുത്ത് ഒരെണ്ണം ഷാരോണിന്റെ വായിൽവെച്ചുകൊടുത്തു. അവൾ ചിരിച്ചുകൊണ്ട് നോക്കിയപ്പോൾ സിസ്റ്ററും ഒരെണ്ണം ചവച്ചിറക്കി. സിസ്റ്ററുടെ പോക്കറ്റിലെപ്പോഴും ചോക്ലേറ്റ് കരുതുന്നത് നടന്ന് നടന്ന് ക്ഷീണതയാകുമ്പോൾ ഇതാണ് ഒരാശ്വാസം.
അവർ മെല്ലെ നടന്നുപള്ളി സെമിത്തേരിയിലെ ചെറിയ ചാപ്പലിലെത്തി. അവിടുത്തെ ചെറിയ കുരിശ് രൂപത്തെ നോക്കി സിസ്റ്റർ നിശ്ശബ്ദം പ്രാർത്ഥന നടത്തി.
ഇൗ സമയത്ത് ഷാരോൺ കയ്യിൽ കരുതിയിരുന്ന ചെറിയ ബാഗിൽ നിന്നും ഒരു പുസ്തകമെടുത്ത് നിവർത്തി. പ്രാർത്ഥനക്കു ശേഷം അവരിരുവരും ചാപ്പലിലെ ചാരു ബെഞ്ചിലിരുന്നു. ഷാരോണിന്റെ കൈവശമുണ്ടായിരുന്ന പുസ്തകം വാങ്ങി നോക്കിക്കൊണ്ട് സിസ്റ്റർ പറഞ്ഞു.
“” ങേ! ഇതെന്താ?. “”മാൽഗുഡി ഡേയ്സ് ” വളരെ പഴയതാണല്ലോ. ആർ.കെ നാരായണനെ അടയാളപ്പെടുത്തിയ പുസ്തകം. തൊണ്ണൂറുകളിൽ ഇറങ്ങിയതാണ്. അൻപതിലധികം പതിപ്പുകൾ വന്നുകഴിഞ്ഞു. എന്നാലും പുതുപുത്തൻ തന്നെ. അല്ലാ….. ഇതെന്താ മോളിപ്പം വായിക്കുന്നത് ”
“” സിസ്റ്ററാന്റി ഇതെന്റെ ഫേവറേറ്റ് ആണ്. റിവിഷൻ മാതിരി ഇടയിക്കിടെ വായിക്കാനിഷ്ടമാണ് ”
“” ങ്ഹാ…ങാഹാ… എന്റെ സുന്ദരിക്കുട്ടി മിടുക്കിയാണല്ലോ. വായിക്കണം മോളെ വായിക്കണം. വായനാശീലം മനുഷ്യന് ലഭിച്ച ഒരനുഗ്രഹമാണ്. ദൈവാനുഗ്രഹം.
ലോകാനുഭവം കിട്ടുന്നത് പുസ്തകങ്ങളിൽ നിന്നും യാത്രകളിലൂടെയാണ്. ഗുഡ്…. വെരിഗുഡ്….വായന തലച്ചോറിന്റെ ആഘോഷമാണ്.”
“”ജാക്കിയും നല്ല വായനക്കാരനാണ്..” ഷാരോൺ ഉത്സാഹത്തോടെ പറഞ്ഞു.
അവൾ തുടർന്നു.
“” ഞാൻ അവനോട് അന്നേ പറഞ്ഞതാ പട്രിക്ക കോണവേലിന്റെ പോസ്റ്റുമാർട്ടം നോവലും മാർഗ്രറ്റ് അറ്റ്വ്യുട്ടിന്റെ ദി ബൈ്ലയിഡ് അസ്സസ്സും വാങ്ങി കൊടുത്തുവിടണമെന്ന്. മടിയൻ ചെയ്തില്ല.”
“”ഹേയ് ! അവൻ മടിയനൊന്നുമല്ല നല്ല കുട്ടിയാണ്.
പ്രായത്തിൽ കവിഞ്ഞ പക്വതയും പാകതയും സ്വന്തമാക്കിയവൻ
അവൻ അവിടെ വന്നതല്ലേയുള്ളു. മോൾ നല്ലൊരു വായനക്കാരിയെന്ന് ഞാനറിഞ്ഞില്ല. ഞാൻ മടങ്ങിചെന്നിട്ട് മോൾക്കു ഇഷ്ടമുള്ള പുസ്തകം ഞാനിവിടെ എത്തിക്കാം. എന്താ പോരെ”. അവളുടെ കണ്ണുകൾ വികസിച്ചു. സന്തോഷത്തോടെ പറഞ്ഞു.
“” അതുമതി ആന്റി” “” ഇംഗ്ലീഷുകാർ ധാരാളം വായിക്കുന്നവരാണ്. പുസ്തകം അവരുടെ കൂടെപ്പിറപ്പുകളാണ്. മോൾക്ക് ജാക്കിയെ ഇഷ്ടമാണോ?
“”ഇഷ്ടമാണാന്റി.” പെട്ടന്നവൾ പറഞ്ഞു നാക്കുകടിച്ചു.
ആ നാക്ക് കടിക്കൽ സിസ്റ്റർ കാർമേൽ അത്യന്തം ശ്രദ്ധിച്ചു. അവളുടെ ഉള്ളിലിരുപ്പ് മനസ്സിലാക്കാനെന്നവണ്ണം ആ നിഗൂഡാർത്ഥം അന്വേഷിക്കുന്ന ഗവേഷകയെപ്പോലെ സിസ്റ്റർ കാർമേലിന്റെ വക ഒരു കുസൃതിചോദ്യം.
“”ങേ!ങേ! എങ്ങനത്തെ ഇഷ്ടം….?” പതുങ്ങി പതുങ്ങി കുസൃതി ചിരിയോട്.
“” ഇഷ്ടം….ഇഷ്ടം….മാത്രം. വേറെ…. ഒന്നുമില്ല…..”
“”വേറെ എന്തെങ്കിലുമുണ്ടോയെന്ന് എന്റെ സുന്ദരികുട്ടിയോട് ചോദിച്ചില്ലല്ലോ…..? ഞാൻ ചോദിച്ചോ….?”
ഷാരോൺ തെല്ലൊന്ന് ചൂളിപ്പോയി. ജാള്യതയും പരുങ്ങലും ചേർന്നൊരു മുഖഭാവത്തോടെ അവൾ
“”പോ സിസ്റ്ററാന്റി. അങ്ങനെയൊന്നുമില്ലന്നേ….” ഒരു കള്ള ശുണ്ഠി ആ ഒാമന മുഖത്തിൽ അഴക് വർദ്ധിപ്പിച്ചു. “”ങേ്….എങ്ങനൊന്നുമല്ലാന്ന്” സിസ്റ്റർ വിട്ടുകൊടുക്കാതെ തന്നെ പിൻതുടർന്നു.
അവളുടെ നാണം കലർന്ന കള്ളശുണ്ഠി കാണാനുള്ള വ്യഗ്രതയോടെ സിസ്റ്റർ തുടർന്നു. ഉള്ളിൽ ചിരിയും ഉൗർന്നുവരുന്നുണ്ട്.
“” അവനെ സിസ്റ്ററാന്റീടെ സുന്ദരിക്കുട്ടിക്ക് കെട്ടിച്ചു തരട്ടെ. പപ്പായോട് പറയാം…”
സ്വന്തം മകളെപോലെ അതീവവാത്സ്യല്യത്തോടെ അവളെ ഇറുകെ കെട്ടിപിടിച്ചു.
“” അയ്യോ…അയ്യോ…വേണ്ട….വേണ്ട…” ഒരു ഞെട്ടലോടെ പറഞ്ഞു.
കുസൃതിചിന്ത വെടിഞ്ഞു ഒരു താത്വികവിശാല വീക്ഷണം ഉൾവാങ്ങിയപോലെ സിസ്റ്റർ കാർമേൽ തുടർന്നു.
“” ഒന്നിലുമൊന്നിലും തെറ്റ് കണ്ടുപിടിക്കരുത്. നല്ലതുകൾ എപ്പോഴും എവിടെയും ശരികളാണ്. മതത്തേക്കാൾ വലുത് മനുഷ്യനാണ്. മനുഷ്യർ സ്നേഹമുള്ളവരും വിശുദ്ധിയുള്ളവരുമാകണം. അതാണ് എന്റെ മതം.” ഷാരോൺ അത്ഭുതത്തോടെ സിസ്റ്ററെ നോക്കി.
“” സിസ്റ്ററാന്റിക്ക് പ്രസംഗിക്കണമെങ്കിൽ ധാരാളം വായിക്കണം അല്ലേ?
“”ഉം…ഉം…വായന ഒഴുവാക്കാനാവില്ല. അത് ഞങ്ങളുടെ ട്രെയിനിംഗിന്റെ ഭാഗമാണ്. ജീവിതത്തിന് ശ്രേഷ്ടതകൾ ഉണ്ടാവണം. ഒന്നുമല്ലാത്തത് ജീവിതമല്ല. മുള്ളുകളിൽ നിന്ന് മുന്തരിപ്പഴവും ഞെരിഞ്ഞിലുകളിൽ നിന്ന് അത്തിപ്പഴവും പറിക്കാറുണ്ടോയെന്ന തിരുവെഴുത്തുകൾ നമ്മേ പഠിപ്പിക്കുന്നതും അതു തന്നെയാണ്. കറുത്ത ബോർഡിൽ കറുത്ത ചോക്കുകൊണ്ടെഴുതുന്നതു പോലെയാകരുത് നമ്മുടെ ജീവിതം.”
ഷാരോണിന്റെ മുഖത്ത് നോക്കിയപ്പോൾ അവൾ തന്റെ കണ്ണുകളിലേക്ക് മാത്രം നോക്കികൊണ്ടിരിക്കുന്നതാണ് കണ്ടത്.
“” സിസ്റ്ററാന്റി! നമുക്ക് മറ്റു മതഗ്രന്ഥങ്ങൾ വായിച്ചു പഠിക്കാൻ നിയന്ത്രണങ്ങളുണ്ടോ?”
അതിന്റെയുത്തരം സിസ്റ്ററുടെ പുഞ്ചരിമാത്രം. എന്നാലും തുടർന്നു. “”ങ്ഹാ! പഴയകാലങ്ങളിൽ അതൊക്കെ ഉണ്ടായിരുന്നതാണ്.
ഇന്നില്ല. നോക്കു മോളെ! ദാനം-ദാനമെന്ന സൽക്കർമ്മം മുഴുവനായും മനസ്സിലാക്കാൻ നാം ഖുർആൻ വായിക്കണം. കർമ്മങ്ങൾ എന്തെന്ന് മനസ്സിലാക്കാൻ ഗീതയും രാമായണവും വായിക്കണം. അതോക്കെ വായിക്കാത്തതാണ് മനുഷ്യർ തെറ്റിൽ നിന്നും തെറ്റിലേക്ക് പോകുന്നത്”
“”അതൊരു സത്യമാണ് സിസ്റ്ററാന്റി”
“”നോക്കു മോളെ! സ്നേഹം എന്ന വെറും രണ്ടക്ഷരം എത്രമാത്രം ശക്തവും സൗമ്യവുമായ പദം. അതിന്റെ ഉൾകരുത്താണ് നമ്മുടെ മതം.”
സിസ്റ്റർ അല്പം നിർത്തി. പറയണോ വേണ്ടയോ എന്ന ചിന്തശക്തമായിരിക്കുമോ? ഷാരോണിന് അങ്ങനെ തോന്നിപ്പോയി. സിസ്റ്റർ തുടർന്നു.
“” എന്നാൽ മറ്റോന്ന് കർമ്മം. അതായത് ജോലി. അതിന്റെ സവിശേഷത ഏത് വിശുദ്ധ ഗ്രന്ഥത്തിലും കാണാവുന്നതാണ്!
അത് ഭഗവദ്ഗീതയിൽ നമുക്ക് ദർശിക്കാം…
കർമ്മണ്യേ വാദികാരസ്തെ:മാ:ഫലേഷുകദാചന:
എന്ന് തുടങ്ങുന്ന ശ്ലോകവാക്യങ്ങൾ പ്രതിഫലം പ്രതീക്ഷിക്കാത്ത കർമ്മത്തെ സൂചിപ്പിക്കുന്നു. നമ്മുടെ കരുതലും ത്യാഗവും ധ്യാനവും പ്രാർത്ഥനയും മറ്റുള്ളവർക്ക് വേണ്ടിയുള്ള
നിഷ്കാമ കർമ്മമാണ്.” “”ആന്റി….സിസ്റ്ററാന്റീ എനിക്ക് ഇനിയും കുറെയേറെ പഠിക്കാനുണ്ട്. പറഞ്ഞുതാ……പറഞ്ഞു താ……” ഒരു കൊച്ചു കുട്ടിയെപ്പോലെ അവൾ കൊഞ്ചി പറഞ്ഞു.
“” എന്റെ പൊന്നുമോളെ…എന്റെ സുന്ദരിക്കുട്ടി…..”
മന്ദഹാസ പ്രഭയോടെ സിസ്റ്റർ അവളെ അണച്ചു പിടിച്ചു മൂർദ്ധാവിൽ ചുംബിച്ചു. ആ ചുംബനത്തിൽ നിറഞ്ഞു നിന്നത് എരിയുന്ന സ്നേഹമെന്ന അഗ്നിയുടെ ശക്തിയായിരുന്നു. അതിന് താമരപ്പൊയ്കയിലെ സുഗന്ധവും ജലത്തിന്റെ തണുപ്പുമുണ്ടായിരുന്നു. ഹിമാലയത്തിൽ തപസ്സനുഷ്ടിക്കുന്ന സ്വാമിമാരെപ്പറ്റി അവൾ ആരാഞ്ഞു.
“” അവർ എന്താണ് നമ്മുടെ മദ്ധ്യത്തിൽ ജീവിക്കുന്ന ഇൗ പാപികളായ മനുഷ്യരെ നന്മയിലേക്ക്
നയിക്കാൻ വരാത്തത്.” സിസ്റ്റർ കാർമേൽ ഷാരോണിനെ വീണ്ടും നോക്കി. അവളുടെ ദൃഷ്ടി തന്റെ മുഖത്ത് തന്നെ. “” മോളെ ശാസ്ത്രജ്ജൻമാർക്ക് അവരുടെ പരീക്ഷണശാല പോലെയാണ് മനസ്സും ശരീരവും ഏകാഗ്രമാക്കി ഇൗ ലോകത്തിനായി നന്മക്കായി പ്രാർത്ഥിക്കുന്ന ഹിമാലയത്തിലെ യോഗീശ്വരൻന്മാർ. വ്യാസമഹർശി സരസ്വതി നദീതീരത്തുള്ള ഒരു ഗുഹയിൽ തപസ്സനുഷ്ടിച്ച് ഭഗവദ്ഗീത തന്നില്ലേ? രാമായണം വാൽമീകി മഹർഷി തന്നില്ലേ? അതുപോലുള്ള വിശുദ്ധ ഗ്രന്ഥങ്ങൾ വായിച്ചാൽ എല്ലാ തിന്മകളും മാറും. വായിക്കാത്ത മനുഷ്യരുടെ എണ്ണം കൂടുമ്പോൾ തിന്മകൾ പെരുക്കും. വിശുദ്ധവചനങ്ങൾ തന്നത് മനുഷ്യരുടെയിടയിൽ പ്രവർത്തിച്ച ദൈവങ്ങളാണ്. യേശുക്രസ്തുവിന്റെ പതിനൊന്ന് ശിഷ്യന്മാർ രക്തസാക്ഷികളായില്ലേ? എന്തിനാണവരെ കൊന്നത്? തിന്മകളെ എതിർത്തതിന്. നല്ല വചനം ജീവനാണ്.”
ഷാരോൺ മിഴിവിടർത്തി സിസ്റ്ററെ ആശ്ചര്യത്തോടെ നോക്കി. മനസ്സിനെ ഏകാഗ്രമാക്കിയിരുന്ന ഷാരോണിനോട് ചോദിച്ചു.
“”അല്ല കൊച്ചേ! നമുക്ക് വീട്ടിൽപോകണ്ടായോ? നിന്റെ മമ്മി കഷ്ടപ്പെട്ട് എന്തെല്ലാം ഉണ്ടാക്കിവെച്ചു കാണും. നാടൻ ആഹാരം കഴിച്ചിട്ടും കഴിച്ചിട്ടും കൊതി തീരുന്നില്ല. വാ….വാ… പോകാം…” സിസ്റ്റർ ഒരു കൊച്ചുകുട്ടിയെപ്പോലെ പറഞ്ഞു. “”ആന്റി….സിസ്റ്ററാന്റീ എനിക്ക് ഇനിയും കുറെയേറെ പഠിക്കാനുണ്ട്. അഹിംസയപ്പറ്റി…. പറഞ്ഞുതാ…….” “” എന്റെ പൊന്നുമോളെ…എന്റെ സുന്ദരിക്കുട്ടി…..” അതേ വികാരവേശത്തോടെ തന്നെ സിസ്റ്റർ അവളെ അണച്ചു പിടിച്ചു മൂർദ്ധാവിൽ ചുബിച്ചു.
“”ങ്ഹാ! അഹിംസ ഹിംസ അരുതെന്ന തത്വം. സമകാല സുഖലോലുപരുടെ കൊടുംമുടിയിൽ നിന്നും മിതത്വത്തിലേക്ക് ഇറങ്ങി വന്ന സിദ്ധാർത്ഥനേയും മനസ്സിലാക്കേണ്ടതുമാണ്. മടുത്തുപോയ ജീവിതരേഖ മറ്റുള്ളവർക്ക് പാഠമാകുന്നു. അവരുടെ ധർമ്മപഥമെന്ന പ്രമാണഗ്രന്ഥം നമ്മെ അത്പഠിപ്പിക്കുന്നു. പക്ഷെ…പക്ഷെ…… എല്ലാറ്റിനുമുപരി ഇൗ ലോകത്തിന് സ്നേഹവും സമാധാനവും നല്കിയത് യേശുക്രിസ്തുവാണ്.”
“”നമുക്ക് ഇനിയും ഇവിടെ വരണം”
“”ഉം…ഉം വരാം. മേളുവാ…..”
സിസ്റ്റർ ഷാരോണിനെ അണച്ചുപിടിച്ച് കൊണ്ടുതന്നെ ചാപ്പൽ വിട്ടിറങ്ങി വീട്ടിലെത്തി.
ഏലീയാമ്മ തയ്യാറാക്കിവെച്ച പുട്ടും കടലക്കറിയും പപ്പടവും പുഴുങ്ങിയ പഴവും കഴിച്ച് അവരിരുവരും കോശിയുടെ വയലുകൾ കാണാൻ പുറപ്പെട്ടു.
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ലണ്ടൻ : എൻഎച്ച്‌എസിലെ ഐടി സംവിധാനങ്ങൾ കാലഹരണപ്പെട്ടതാണെന്നു കണ്ടെത്തി. ഇതുമൂലം എൻ എച്ച് എസ് ഡോക്ടർമാർക്കും ഉദ്യോഗസ്ഥർക്കും 15 വ്യത്യസ്ത സിസ്റ്റം ഉപയോഗിച്ച് ലോഗിൻ ചെയ്യേണ്ടതായി വരുന്നു. എക്സ് റേ ക്രമീകരിക്കുന്നതിനും ലാബ് ഫലങ്ങൾ കിട്ടാനായും വിവിധ സിസ്റ്റം ഉപയോഗിക്കുമ്പോൾ സമയനഷ്ടവും ഉണ്ടാകുന്നു. ഐടി നവീകരിക്കുന്നതിന്റെ ഭാഗമായി സിസ്റ്റം സംവിധാനങ്ങൾ കാര്യക്ഷമമാക്കാൻ ശ്രമിക്കുകയാണെന്ന് ഇംഗ്ലണ്ടിലെ സർക്കാർ അറിയിച്ചു. അടുത്ത വർഷം സിംഗിൾ സിസ്റ്റം ലോഗിൻ കൊണ്ടുവരുന്നു. ഇതിനായി ഏകദേശം 40 ദശലക്ഷം പൗണ്ട് നീക്കിവച്ചിട്ടുണ്ട്. ലിവർപൂളിലെ ആൽഡർ ഹേ ആശുപത്രിയിൽ ഇത് പരീക്ഷിച്ചിരുന്നു. ലോഗിൻ ചെയ്യാൻ എടുക്കുന്ന 45 സെക്കന്റ് സമയം പുതിയ സംവിധാനത്തിലൂടെ 10 സെക്കന്റ് ആയി കുറഞ്ഞു. പ്രതിദിനം അയ്യായിരത്തോളം ലോഗിനുകൾ ഉള്ളതിനാൽ ഇതിലൂടെ 130 മണിക്കൂറിലധികം സമയം ലഭിക്കാനും കഴിഞ്ഞു.
അടിസ്ഥാനകാര്യങ്ങൾ ശരിയായി മനസ്സിലാക്കാനുള്ള സമയമാണിതെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് അഭിപ്രായപ്പെട്ടു. “നമ്മുടെ ഡോക്ടർമാരും നഴ്സുമാരും ഒന്നിലധികം സിസ്റ്റങ്ങളിലേക്ക് ലോഗിൻ ചെയ്യുമ്പോൾ വളരെയധികം സമയം പാഴാക്കുന്നു എന്നത് തികച്ചും പരിഹാസ്യമാണ്. പലപ്പോഴും കാലഹരണപ്പെട്ട സാങ്കേതികവിദ്യ , ജീവനക്കാരെ നിരാശപ്പെടുത്തുകയും ചെയ്യും.” അദ്ദേഹം കൂട്ടിച്ചേർത്തു. സാങ്കേതികവിദ്യയിൽ പുരോഗതി കൈവരിക്കുന്നതിനായി എൻഎച്ച്‌എസ് എക്സ് എന്ന പേരിൽ ഒരു പുതിയ ഏജൻസി രൂപീകരിച്ച സർക്കാർ വരും വർഷങ്ങളിൽ എൻ എച്ച് എസിന്റെ ഉയർച്ചയാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്നും ഹാൻകോക്ക് പറഞ്ഞു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗം കൂട്ടുക എന്നതും ഈ പദ്ധതിയിലൂടെ ലക്ഷ്യമിട്ടിരിക്കുന്നു. എന്നാൽ ഈയൊരു നീക്കം എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കില്ലെന്ന് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ നേതാവ് ഡോ. ചന്ദ് നാഗ്പോൾ പറഞ്ഞു. പല ഐടി സംവിധാനങ്ങളും പഴഞ്ചനാണെന്നും നവീകരണം ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിശാലമായ ഐടി സംവിധാനങ്ങൾക്ക് നിക്ഷേപം ആവശ്യമാണെന്ന് എൻഎച്ച്‌എസ് പ്രൊവൈഡേഴ്‌സിന്റെ ആദം ബ്രിമെലോ പറയുകയുണ്ടായി.
കൃഷ്ണപ്രസാദ് ആർ , മലയാളം യുകെ ന്യൂസ് ടീം
പുകവലി ആരോഗ്യത്തിന് ഹാനികരം എന്നതിനെ ഇരുത്തിയുറപ്പിക്കുന്ന കണ്ടെത്തലുമായി എത്തിയിരിക്കുകയാണ് യൂണിവേഴ്സിറ്റി കോളേജ് ഓഫ് ലണ്ടൻ (UCL) ഒരു പറ്റം ഗവേഷകർ.പുകവലിക്കുന്നവരും വലിച്ചിരുന്നവരുമായ ആളുകൾ ജീവിതത്തിൽ ഇതുവരെ പുകവലിക്കാത്തവരെക്കാൾ വേദനയനുഭവിക്കുന്നു എന്നതാണ് കണ്ടെത്തൽ.യുസിഎൽ നടത്തിയ 220,000 ൽ അധികം ആളുകളിൽ നിന്നുള്ള ഡാറ്റയുടെ വിശകലനത്തെ അടിസ്ഥാനമാക്കിയാണ് കണ്ടെത്തലുകൾ.
ജീവിതത്തിൽ ഇതുവരെ പുകവലിക്കാത്തവരെയും , പുകവലി ഉപേക്ഷിച്ചവരെയും , ഇപ്പോളും തുടരുന്നവരെയും ഒന്നിച്ചാണ് വിവരങ്ങൾ ശേഖരിച്ചത്. അതിന്റെ അടിസ്ഥാനത്തിലാണ് പുകവലി ശരീരത്തിന് അധികവേദന സമ്മാനിക്കുന്നുവെന്ന വസ്തുതയിലെത്തിയത്. ഒരു നിമിഷത്തെ സുഖത്തിനായി പുകവലിച്ചുതള്ളുമ്പോൾ ജീവിതം മുഴുവൻ വേദനയനുഭവിക്കാനുള്ള സാധ്യതകൾക്ക് വഴി തുറക്കുകയാണ് . പുകവലിമൂലം ശരീരത്തിൽ വിഷാംശം കടക്കുകയും പിന്നീട് അത് ശരീരത്തിന് ദോഷമായി ബാധിക്കുന്നതുമാകാം വേദനയനുഭവപ്പെടാനുള്ള കാരണം എന്നാണ് ശാസ്ത്രലോകം കരുതുന്നത്. പുകവലി ദോഷമായ ശീലമാണെന്നു എല്ലാവർക്കുമറിയാവുന്ന വസ്തുതതന്നെയാണ് അതിനാൽ ഇത് വലിയ ഞെട്ടൽ ഉളവാക്കുന്ന ഒന്നല്ല എന്നാണ് പുകവലി വിരുദ്ധ സംഘമായ ആഷിന്റെ അഭിപ്രായം.
എന്നാൽ പുകവലിയെ വേദനയുടെ കാരണമായി കാണാൻ സാധിക്കില്ല എന്നൊരഭിപ്രായവും ഉയർന്നുവന്നിട്ടുണ്ട്, മറിച്ച് അതൊരു രോഗലക്ഷണമായി കണക്കാക്കാം എന്ന വാദവും ശക്തമാണ്. അതിവേദന അനുഭവിക്കുന്ന ആളുകൾ പുകവലിയിലേക്ക് തിരിയാനുള്ള സാധ്യതയും കൂടുതലാണ്. എന്നിരുന്നാലും പുകവലി ഒരു നല്ല ശീലമാണെന്ന് ആർക്കും അഭിപ്രായമില്ലാത്തസ്ഥിതിക്ക് എത്രയും വേഗം ഉപേക്ഷിച്ചാൽ അത്രയും നല്ലത്.
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ന്യൂഡൽഹി : ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ ഇന്ത്യൻ ഗവൺമെന്റിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ബ്ലോക്ക് ചെയിൻ പരിശീലനം നൽകുന്നു. ഇന്ത്യയിലെ വൈദ്യുതി മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ പവർ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് (എൻപിടിഐ) ആണ് രാജ്യത്തെ പല നഗരങ്ങളിൽ ബ്ലോക്ക് ചെയിൻ പരിശീലനം നൽകുന്നത്. ” ബ്ലോക്ക് ചെയിൻ ടെക്നോളജി ” എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിശീലന പരിപാടി 2020 ജനുവരി 6 മുതൽ 10 വരെ നംഗലിലും, ഫെബ്രുവരി 17 മുതൽ 21 വരെ ന്യൂഡൽഹിയിലും, മാർച്ച് 16 മുതൽ 20 വരെ മധ്യപ്രദേശിലെ ശിവപുരിയിലും നടത്തപ്പെടും. എൻപിടിഐ ഇതിനകം ഫരീദാബാദിൽ രണ്ടു ദിവസത്തെ വർക്ക് ഷോപ്പുകളും കഴിഞ്ഞ വർഷം ദുർഗാപൂരിൽ അഞ്ചു ദിവസത്തെ ബ്ലോക്ക്ചെയിൻ ടെക്നോളജി പ്രോഗ്രാമും നടത്തിയിട്ടുണ്ട്.
ബ്ലോക്ക്‌ചെയിൻ ടെക്നോളജിയുടെ വർധിച്ചു വരുന്ന പ്രാധാന്യവും വിവിധ മേഖലകളിലെ അതിന്റെ സാധ്യതയും കണക്കിലെടുത്ത് അഞ്ചു ദിവസത്തെ പരിശീലന പരിപാടിയാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്നും വ്യവസായ മേഖലയിലെ വിദഗ്ധർ വിവിധ സെഷനുകൾ നയിക്കുമെന്നും എൻപിടിഐ അറിയിച്ചു. അഞ്ച് ദിവസത്തെ പരിപാടിയിൽ 14 സെഷനുകൾ, ഒരു ലാബ്, ഹാൻഡ്സ് ഓൺ പരീക്ഷണങ്ങൾ, തുറന്ന ചർച്ച എന്നിവ ഉൾപ്പെടുന്നു. ബ്ലോക്ക്ചെയിൻ, അതിന്റെ ഉപയോഗങ്ങൾ, സ്മാർട്ട് കരാറുകൾ, ലെഡ്ജറുകൾ, ഈതീരീയം ഫ്രെയിംവർക്ക്, ക്രിപ്റ്റോകറൻസിയുടെ ആശയങ്ങളും പ്രയോഗങ്ങളും, ക്രിപ്റ്റോയുടെയും ബ്ലോക്ക്ചെയിന്റെയും സംയോജനം, ബിറ്റ്കോയിൻ, ഖനനം വിഷയങ്ങളിലാണ് പങ്കെടുക്കുന്നവർ പഠനം നടത്തുക. ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷൻ (എ ഐ സി ടി ഇ ട്രെയിനിംഗ് ആന്റ് ലേണിംഗ് (എടിഎൽ) അക്കാദമി സ്പോൺസർ ചെയ്യുന്ന ബ്ലോക്ക്ചെയിൻ പ്രോഗ്രാമിൽ രജിസ്ട്രേഷൻ സൗജന്യമാണ്. ഒപ്പം ഓരോ കോഴ്സിനും 50 പേർക്ക് വരെ പങ്കെടുക്കാം.
ഇന്ത്യയിലുടനീളം വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സംഘടിപ്പിക്കുന്ന ക്രിപ്റ്റോ, ബ്ലോക്ക്ചെയിനുമായി ബന്ധപ്പെട്ട നിരവധി കോഴ്സുകൾ ഉണ്ട്.നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻഐടി) പുതുച്ചേരി ” ബ്ലോക്ക്‌ചെയിൻ ആപ്ലിക്കേഷൻ ഡെവലപ്‌മെന്റ് യൂസിങ് ഹൈപ്പർലെഡ്ജർ ആൻഡ് എതെറിയം” എന്ന വിഷയത്തിൽ 2019 ഡിസംബർ 27 മുതൽ 31 വരെ അഞ്ച് ദിവസത്തെ ദേശീയ വർക്ക്‌ഷോപ്പ് നടന്നിരുന്നു. ഈ വർക്ക്‌ഷോപ്പിൽ ഉൾപ്പെടുത്തിയിരുന്ന വിഷയങ്ങളിൽ ക്രിപ്‌റ്റോകറൻസികളും എക്‌സ്‌ചേഞ്ചുകളും ഉൾപ്പെടുന്നു. ജെഎൻടി യൂണിവേഴ്സിറ്റി, മോത്തിലാൽ നെഹ്‌റു നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, യൂണിവേഴ്സിറ്റി വിശ്വേശ്വരായ കോളേജ് ഓഫ് എഞ്ചിനീയറിംഗ്, ബാംഗ്ലൂർ യൂണിവേഴ്സിറ്റി എന്നിവയാണ് ഇന്ത്യയിൽ ബ്ലോക്ക്ചെയിൻ പ്രോഗ്രാമുകൾ വാഗ്ദാനം ചെയ്യുന്ന മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ.
ടോം ജോസ് തടിയംപാട്
ഇടുക്കി മരിയാപുരം സ്വദേശി അമ്പഴക്കാട്ടു ഏപ്പുചേട്ടനു വീടുവച്ചു നൽകുന്നതിനു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തിയ ചാരിറ്റിയിലൂടെ യു കെ മലയാളികൾ നൽകിയ 4003 പൗണ്ട് ( 3,63000 രൂപ) ഇന്നു ഇടുക്കി ഇടുക്കി എം പി ഡീൻ കുര്യക്കോസ് വീടുപണിയാൻ കൂടിയ കമ്മറ്റിയുടെ സാന്നിധ്യത്തിൽ ഏപ്പുചേട്ടനു കൈമാറി
ഏപ്പുചേട്ടന്റെ വാർത്ത ഞങൾ പ്രസിദ്ധികരിച്ചപ്പോൾ വലിയ പിന്തുണയാണ് യു കെ മലയാളികളിൽനിന്നും ലഭിച്ചത്.4003 പൗണ്ട് ഞങളുടെ അക്കൗണ്ടിൽ ലഭിച്ചു .കൂടാതെ Harefiled London Lady of Rosary night vigil group 45000 രൂപയുടെ വീടുപണിയാനുള്ള സാധനങ്ങൾ വാങ്ങി നേരിട്ടു നൽകുമെന്ന് ഞങ്ങളെ അറിയിച്ചിരുന്നു . .ആകെകൂടി 413000 രൂപയുടെ സഹായം നൽകാൻ യു കെ മലയാളികൾക്ക് കഴിഞ്ഞു. സഹായിച്ച എല്ലാവർക്കും ദൈവത്തിൻറെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
യു കെ മലയാളികളുടെ നല്ലമനസുകൊണ് ഏകദേശം 79 ലക്ഷം രൂപ ഇതുവരെ നാട്ടിലെയും യു കെ യിലെയും ആളുകൾക്ക് നൽകി സഹായിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട് ..
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തിൽ നിന്നും യു കെയിൽ കുടിയേറിയ കഷ്ട്ടപാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്‌മയാണ്. ഞങ്ങള്‍ ഇതുവരെ സൂതാരൃവും സതൃസന്തവുമായി ജാതി ,മത ,വർഗ ,വർണ്ണ, സ്ഥലകാല ഭേതമെന്യയെ കേരളത്തിലും, യു കെ യിലും , നടത്തിയ ചാരിറ്റി പ്രവര്‍ത്തനത്തിന് യു കെ മലയാളികൾ നല്‍കിയ വലിയ പിന്തുണയെ നന്ദിയോടെ സ്മരിക്കുന്നു
ഏപ്പുചേട്ടനുവേണ്ടി വീടുപണിയാൻ നാട്ടുകാരുടെ നേതൃത്വത്തിൽ ഒരു കമ്മറ്റി രൂപികരിച്ചു പ്രവർത്തനം ഭംഗിയായി മുൻപോട്ടു പോകുന്നു. വിജയൻ കൂറ്റാ൦തടത്തിൽ, തോമസ് പി ജെ. ,ബാബു ജോസഫ് നിക്സൺ തോമസ് .എന്നിവരുടെ നേതൃത്വത്തിലാണ് കമ്മറ്റി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത് വീടുപണി ഈ മാസം പൂർത്തീകരിക്കുമെന്നാണ് അവർ അറിയിച്ചിരിക്കുന്നത്
ഇടുക്കി ചാരിറ്റി ഗ്രൂപ്പിന് നേതൃത്വം കൊടുക്കുന്നത് സാബു ഫിലിപ്പ്, ടോം ജോസ് തടിയംപാട്,സജി തോമസ്.എന്നിവരാണ് ഞങ്ങൾ മൂന്നുപേരുടെയും പേരിലാണ് ബാങ്ക് അക്കൗണ്ടും .
“ദാരിദ്രൃം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു.”
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ലണ്ടൻ : ബ്രെക്സിറ്റ് വിഷയത്തിലെ അനിശ്ചിതത്വം യുകെയിലെ വീട് വിപണിയെയും വല്ലാതെ ബാധിച്ചിരിക്കുന്നു. കഴിഞ്ഞ പന്ത്രണ്ട് മാസമായി വീട് വിപണിയും അനിശ്ചിതത്വത്തിൽ തന്നെയാണ്. വീട് വിൽക്കുവാനോ വാങ്ങുവാനോ ആരും തയ്യാറല്ല. വീട് വില കുറഞ്ഞും കൂടിയുമായി നിൽക്കുന്നു. നാഷണൽവൈഡ് ബിൽഡിംഗ് സൊസൈറ്റിയുടെ കണക്ക് പ്രകാരം യുകെയിലെ ഭവന വില ശരാശരി 1.4 ശതമാനം ഉയർന്നു. വിലയിൽ കുറവ് കണ്ടത് ലണ്ടനിൽ മാത്രമാണ്. മറ്റിടങ്ങളിൽ വീട് വില ഉയർന്നതായി കാണപ്പെട്ടു. കൗണ്ടി ഡർഹാമിലെ ബില്ലിംഗ്ഹാമിൽ ആണ് ഏറ്റവും വലിയ വിലക്കയറ്റം ഉണ്ടായതെന്ന് മോർട്ട്ഗേജ് ലെൻഡർ ഹാലിഫാക്സ് സൂചിപ്പിക്കുന്നു. 2019 ഒക്ടോബറിൽ ഇത് 12.3 ശതമാനം ആയി ഉയർന്നിരുന്നു. ഇതേ കാലയളവിൽ ഇൽകെസ്റ്റണിൽ 9.1 ശതമാനം വില വർധനയുമുണ്ടായി. സെയിൽ, വിൽസ്ലോ, ബ്ലാക്ക്ബേൺ, ബോൾട്ടൺ, ബർൺലി, ചോർലി, ബൂട്ടിൽ, സൗത്ത്പോർട്ട് എന്നിവിടങ്ങളിലെല്ലാം 6% ത്തിന്റെ വർധനവ് ഉണ്ടായി.
പൊതുതെരഞ്ഞെടുപ്പിന് ശേഷമുള്ള ജോൺസന്റെ ഭരണകാലം, ഇംഗ്ലണ്ടിൽ ഒരു രാഷ്ട്രീയ സ്ഥിരത നിലനിർത്തുന്നതിന് കാരണമായിട്ടുണ്ട്. വീട് വിപണിയുടെ അവസരങ്ങൾ വർധിച്ചേക്കാം എന്ന് വിദഗ്ദർ പറയുന്നുണ്ടെങ്കിലും അത് ദീർഘകാലം നിലനിൽക്കും എന്നവർ കരുതുന്നില്ല. യൂറോപ്യൻ യൂണിയനുമായുള്ള യുകെയുടെ ഭാവി ബന്ധത്തെക്കുറിച്ചുള്ള അനിശ്ചിതത്വവും സംവാദവും വീട് വിപണിയുടെ മേഖലയിൽ കാര്യമായ മാറ്റങ്ങൾ വരുത്തും. 2020 അവസാനത്തോടെ വീട് വിലയിൽ 2% വർധനവ് ഉണ്ടായേക്കാമെന്ന് വിദഗ്ദർ അഭിപ്രായപ്പെടുന്നു.
മറ്റു മേഖലകളായ സ്കൂൾ, ഗതാഗതം തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ വീട് വില കൂടുതൽ ബാധിക്കപ്പെട്ടേക്കാം. ഗ്ലാസ്‌ഗോ, ബെൽഫാസ്റ്റ്, ലിവർപൂൾ എന്നിവിടങ്ങളിൽ ഭവന വിലയിൽ 4% വരെ വർധനവ് ഉണ്ടായേക്കാമെന്ന് സൂപ്ല ഡയറക്ടർ റിച്ചാർഡ് ഡോണെൽ അഭിപ്രായപ്പെട്ടു. ബ്രെക്സിറ്റ്, ബ്രിട്ടന്റെ സമ്പദ്‌വ്യവസ്ഥയെ തന്നെ ബാധിക്കുമെന്ന് റോയൽ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ചാർട്ടേഡ് സർവേയേഴ്സിലെ (ആർഐസിഎസ്) സൈമൺ റൂബിൻസോൺ പറഞ്ഞു.
ആതിര സരാഗ് , മലയാളം യുകെ ന്യൂസ് ടീം
ഇംഗ്ലണ്ട്: വിദ്യാലയങ്ങളിൽ വംശീയ അധിക്ഷേപം ക്രമാതീതമായി ഉയരുന്നതായി റിപ്പോർട്ട്. വംശീയാധിക്ഷേപം മൂലം സ്കൂളിൽ നിന്ന് പിരിഞ്ഞു പോകുന്നവരുടെ എണ്ണത്തിൽ 40 ശതമാനത്തോളം വർദ്ധനവാണ് കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിൽ ഉണ്ടായിരിക്കുന്നത്.
നിരന്തരമായി വംശീയ അധിക്ഷേപത്തിന്റെ വാർത്തകൾ പുറത്തുവന്നിട്ടും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും കുട്ടികൾ ഇന്നും ശക്തമായ വേർതിരിവും അവഗണനയുമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. പ്രൈമറി തലം മുതൽ യൂണിവേഴ്സിറ്റി തലം വരെ ഇവ നീളുന്നു.
2017-18 കാലഘട്ടത്തിൽ മാത്രം 496 പേരാണ് വംശീയ അധിക്ഷേപം നേരിട്ടതു മൂലം പ്രൈമറി വിദ്യാഭ്യാസം ഉപേക്ഷിച്ചത്. പഠനകാലയളവിൽ നിരന്തരമായ അധിക്ഷേപങ്ങൾക്ക് വിധേയമായി വിദ്യാലയം ഉപേക്ഷിക്കേണ്ടി വരുന്ന കുട്ടികൾ കടുത്ത മാനസിക സമ്മർദ്ദത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. സഹപാഠികളിൽ നിന്നുണ്ടാകുന്ന ദുരനുഭവം പലപ്പോഴും സ്കൂൾ അധികൃതർ കണ്ടില്ലെന്ന് നടിക്കുന്നു. വ്യത്യസ്ത രാജ്യം, നിറം, വംശം, മതം എന്നിവയുടെ പേരിലെല്ലാം കുട്ടികളെ അധിക്ഷേപിക്കുന്ന രീതി ഇംഗ്ലണ്ടിലെ വിദ്യാലയങ്ങളിൽ വർധിച്ചുവരികയാണ്. അന്യമതസ്ഥനോടോ മറ്റുരാജ്യക്കാരനോടോ മിണ്ടുവാൻ പാടില്ലെന്ന കർശന നിയന്ത്രണം മാതാപിതാക്കളിൽ നിന്ന് ലഭിക്കുന്നതായി ചില കുട്ടികൾ പറയുന്നു.
സ്വന്തം രാജ്യത്തേക്ക് മടങ്ങി പോകൂ എന്ന ശാസനയും നിറത്തെ ചൊല്ലിയുള്ള കളിയാക്കലുകളും വിദ്യാലയങ്ങളിൽ സ്ഥിരം കാഴ്ചയായി മാറുകയാണ്. ഈ അകൽച്ചയും വിദ്വേഷവും വെറുപ്പും കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്നു. ഇത്തരം കുറ്റകൃത്യങ്ങളുടെ എണ്ണത്തിലും കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
വിദ്യാഭ്യാസം ശരിക്കുള്ള വാതിലാണ്. അതുകൊണ്ട് പിന്നെ തെറ്റായ പ്രവണതകൾ അവസാനിപ്പിക്കേണ്ടത് വിദ്യാലയത്തിൽ നിന്ന് തന്നെയാണ്. ഒരു മനുഷ്യനെ അവന്റെ നിറം കൊണ്ടോ, മതം കൊണ്ടോ, രാജ്യം കൊണ്ടോ വേർതിരിച്ച് കാണേണ്ടതില്ല. ഈ അറിവ് പകർന്നു കൊടുത്ത്, അധിക്ഷേപങ്ങൾ അവസാനിപ്പിക്കുവാൻ കൃത്യമായ നടപടികൾ എടുക്കുകയും അധിക്ഷേപം അനുഭവിക്കുന്ന കുട്ടികൾക്കു ഒപ്പം നില്ക്കുകയും ചെയ്യേണ്ടത് വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ഉത്തരവാദിത്വമാണ്. സമൂഹത്തിന്റെ പ്രതിബിംബമായി നിൽക്കുന്ന വിദ്യാലയത്തിൽ നിന്ന് തന്നെ മാറ്റം ആരംഭിക്കണം.
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ഈ ദശാബ്ദത്തിൽ പ്രേക്ഷകനിലേക്ക് എത്തിയ മലയാളസിനിമകൾ എണ്ണിയാൽ തീരാത്തവ ആണെന്ന് പറയേണ്ടതില്ലല്ലോ.. എങ്കിലും അവയിൽ നിന്ന് ഞാൻ ഇഷ്ടപെടുന്ന, വീണ്ടും വീണ്ടും കാണാൻ ആഗ്രഹിക്കുന്ന ചിത്രങ്ങൾ പറഞ്ഞുവെക്കുന്നു. തികച്ചും വ്യക്തിപരമായ തിരഞ്ഞെടുപ്പ് മാത്രം.
സിനിമ, നിരന്തരം മാറ്റങ്ങൾക്ക് വിധേയം ആയികൊണ്ടിരിക്കുന്നു. കഥ അവതരണത്തിലും രൂപത്തിലും എല്ലാം മാറ്റങ്ങൾ പരീക്ഷിച്ച മലയാള സിനിമ, ലോക സിനിമയ്ക്കു മുമ്പിലും ഇന്ന് അഭിമാനത്തോടെ നിലകൊള്ളുന്നു. ഈ പതിറ്റാണ്ട് മലയാളി പ്രേക്ഷകന് സമ്മാനിച്ച മികച്ച സിനിമകൾ ഇവിടെ പറയുന്നു. ഇതിലും മികച്ച വിജയം നേടിയ ചിത്രങ്ങൾ ഉണ്ടാകാം.. എങ്കിലും കലാമൂല്യവും തിയേറ്റർ വിജയവും അടിസ്ഥാനപ്പെടുത്തിയാണ് സിനിമകളെ തിരഞ്ഞെടുത്തിരിക്കുന്നത്.
2010 ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെന്റ് ഈ ദശാബ്ദത്തിന്റെ തുടക്കത്തിൽ മികച്ച വിജയം നേടിയ ചിത്രമാണ്. രഞ്ജിത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം ആ വർഷത്തെ മികച്ച ചിത്രങ്ങളിൽ ഒന്നുമായിരുന്നു. മലയാള സിനിമയെ മറ്റു ഭാഷകളിലേക്ക് കൊണ്ടുപോയ സിദ്ദിഖിന്റെ ദിലീപ് ചിത്രം ബോഡി ഗാർഡും മമ്മൂട്ടിയുടെ ബെസ്റ്റ് ആക്ടറും മലയാളി 2010ൽ ആസ്വദിച്ച മികച്ച ചിത്രങ്ങളാണ്.
2011ൽ എനിക്കിഷ്ടപ്പെട്ട മലയാള ചിത്രം ട്രാഫിക് ആണ്. വൻ താരനിര തന്നെ അണിനിരന്ന ട്രാഫിക്കിനൊപ്പം ഉറുമിയും ചാപ്പ കുരിശും സാൾട്ട് ആൻഡ് പെപ്പെറും 2011ലെ മികച്ച ചിത്രങ്ങളായി കണക്കാക്കാം. തിയേറ്ററിൽ വീണു പോയെങ്കിലും പിന്നീട് മികച്ച ചിത്രമായി ആളുകൾ വാഴ്ത്തിപ്പാടിയ പെല്ലിശ്ശേരിയുടെ സിറ്റി ഓഫ് ഗോഡും ആ വർഷത്തിലെ ഇഷ്ടചിത്രമാണ്. 2012ൽ മലയാളികളുടെ മനം കവർന്ന രണ്ടുചിത്രങ്ങൾ ആയിരുന്നു ഉസ്താദ് ഹോട്ടലും പ്രിത്വിരാജിന്റെ ആയാളും ഞാനും തമ്മിലും. ഒപ്പം ആഷിഖ് അബുവിന്റെ 22 ഫീമെയിൽ കോട്ടയം നിരൂപക പ്രശംസ പിടിച്ചുപറ്റിയ ചിത്രമാണ്.
പിന്നീടാണ് ഈ പതിറ്റാണ്ടിലെ മികച്ച ചിത്രമായി വിലയിരുത്താവുന്ന ജിത്തു ജോസഫിന്റെ മോഹൻലാൽ ചിത്രം ദൃശ്യം കടന്നുവരുന്നത്. പല ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട ചിത്രം ഇന്ന് ചൈനീസ് സിനിമയിലും എത്തി നിൽക്കുന്നു. മലയാളികളുടെ അഭിമാന ചിത്രം… ഒപ്പം ജീത്തുവിന്റെ തന്നെ മെമ്മറീസും ക്രൈം ത്രില്ലർ വിഭാഗത്തിലെ മികച്ച ചിത്രമാണ്. അന്നയും റസൂലും, സെല്ലുലോയ്ഡ്, പുണ്യാളൻ അഗർബത്തീസ് എന്നിവ 2013ലെ മികച്ച ചിത്രങ്ങൾ ആവുമ്പോൾ ലിജോ ജോസിന്റെ ആമേൻ ആ വർഷത്തെ ഗംഭീര ചിത്രമായി പറയാം. മലയാള സിനിമയിൽ മാറ്റങ്ങൾ കൊണ്ടുവന്ന്, കറുത്ത ഹാസ്യവും മാജിക്കൽ റിയലിസവും ചേർത്ത് അവതരിപ്പിച്ച മനോഹര ചിത്രം. 2014ലെ മികച്ച ചിത്രമായി ബാംഗ്ലൂർ ഡേയ്‌സ്, ഇയ്യോബിന്റെ പുസ്തകം എന്നീ സിനിമകളെ തിരഞ്ഞെടുക്കാം. ഓം ശാന്തി ഓശാന, വെള്ളിമൂങ്ങ എന്നീ ചിത്രങ്ങളും ആ കൊല്ലത്തെ ഹിറ്റ് ചിത്രങ്ങളാണ്.
പ്രേമം, എന്ന് നിന്റെ മൊയ്‌ദീൻ എന്നീ ചിത്രങ്ങൾ 2015ലെ ഹിറ്റ് ചിത്രങ്ങൾ ആയപ്പോൾ ആ വർഷത്തെ മികച്ച ചിത്രമായി ഞാൻ വിലയിരുത്തുന്നത് സലിം അഹമ്മദിന്റെ പത്തേമാരിയാണ്. പ്രവാസിജീവിതം തുറന്നുകാട്ടിയ പച്ചയായ ചിത്രം. ഒപ്പം ചാർളിയും 2015ലെ മികച്ച ചിത്രമായിരുന്നു. മലയാളത്തിലെ ആദ്യ 100 കോടി ചിത്രം, പുലിമുരുഗൻ പുറത്തിറങ്ങിയത് 2016ലാണ്. എന്നാൽ 2016ലെ മികച്ച ചിത്രമായി പറയാവുന്നത് മഹേഷിന്റെ പ്രതികാരം തന്നെയാണ്. ഫഹദ് ഫാസിൽ കസറിയ ചിത്രം. കൂട്ടിന് ദിലീഷ് പോത്തന്റെ സംവിധാനവും. അതുപോലെ തന്നെ രാജീവ് രവിയുടെ കമ്മട്ടിപ്പാടം. ഉഗ്രൻ ചിത്രമെന്ന് തന്നെ പറയാം. ആക്ഷൻ ഹീറോ ബിജു, ഗപ്പി എന്നീ ചിത്രങ്ങളും മലയാളികൾ കണ്ടാസ്വദിച്ച ചിത്രങ്ങളാണ്. ആഷിഖ് അബുവിന്റെ മായാനദി 2017ലെ ചിത്രമാണ്. പ്രണയകാവ്യം രചിച്ച ഗംഭീര ചിത്രം. സൗബിന്റെ പറവയാണ് ആ വർഷം ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം. അതുപോലെ തന്നെ സുരാജും ഫഹദും മത്സരിച്ചഭിനയിച്ച തൊണ്ടിമുതലും ദൃക്‌സാക്ഷിയും, പുതുമുഖങ്ങൾ അണിനിരന്ന അങ്കമാലി ഡയറീസ്, ടേക് ഓഫ് എന്ന ചിത്രങ്ങളും 2017ലെ മലയാളിയുടെ ഇഷ്ടചിത്രങ്ങളായി മാറിയവയാണ്.
2018ലെ ഇഷ്ടചിത്രം പെല്ലിശേരിയുടെ ഈ. മ. യൗ തന്നെയാണ്. ഗംഭീര സിനിമ അനുഭവം. ഒപ്പം സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രവും. രണ്ടു ചിത്രങ്ങളും ഒന്നിനൊന്നു മെച്ചം. എബ്രിഡ് ഷൈന്റെ പൂമരം, കാർബൺ, അഞ്ജലി മേനോന്റെ കൂടെ, വരത്തൻ, ജോജുവിന്റെ മികച്ച പ്രകടനവുമായി ജോസഫ്, മാജിക്കൽ ഫാന്റസി ചിത്രം ഇബ്‌ലീസ് തുടങ്ങിയവയും 2018ലെ മികച്ച ചിത്രങ്ങളായി വിലയിരുത്താം.
അടുത്ത ദശാബ്ദത്തിന്റെ തുടക്കത്തിലും, 2020ൽ മലയാളിക്ക് പ്രതീക്ഷയോടെ കാത്തിരിക്കാവുന്ന ചിത്രങ്ങൾ ഒരുങ്ങുകയാണ്. കുഞ്ചാക്കോബോബന്റെ ത്രില്ലെർ അഞ്ചാം പാതിരാ, ഫഹദിന്റെ ട്രാൻസ്, ദുൽഖറിന്റെ കുറുപ്പ്, സക്കറിയയുടെ ഒരു ഹലാൽ ലവ് സ്റ്റോറി, സിദ്ധാർഥ് ഭരതന്റെ സൗബിൻ ചിത്രം ജിന്ന്, തല്ലുമാല, ബേസിൽ ജോസെഫിന്റെ മിന്നൽ മുരളി, ടിനു പാപ്പച്ചന്റെ അജഗജാന്തരം, തങ്കം, 2403 ഫീറ്റ്, പൃത്വിരാജിന്റെ കടുവ, മോഹൻലാൽ ചിത്രം മരക്കാർ, ബ്ലസി ചിത്രം ആടുജീവിതം, ഫഹദ് ചിത്രം മാലിക് തുടങ്ങിയവയൊക്കെ നമ്മൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളാണ്. മലയാള സിനിമ വളർച്ചയുടെ പാതയിൽ തന്നെ മുന്നോട്ട് കുതിക്കട്ടെ എന്ന് ഓരോ സിനിമ പ്രേമിക്കും പ്രത്യാശിക്കാം….