ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനെ മുൾമുനയിൽ നിർത്തിയ കുടിയേറ്റ വിരുദ്ധ കലാപത്തിന്റെ പിന്നാമ്പുറ രഹസ്യങ്ങൾ പുറത്തു വന്നു തുടങ്ങി. യുകെയിൽ വ്യാപകമായ കലാപത്തിന് കാരണമായെന്ന് കരുതുന്ന തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിന് പാക്കിസ്ഥാനി പോലീസ് ഒരാൾക്കെതിരെ സൈബർ തീവ്രവാദ കുറ്റം ചുമത്തിയതായുള്ള റിപ്പോർട്ടുകൾ ആണ് ഇപ്പോൾ വ്യാപക ചർച്ചയ്ക്ക് വിഷയമായിരിക്കുന്നത്. ഫ്രീലാൻസ് വെബ് ഡെവലപ്പറായ ഫർഹാൻ ആസിഫ് (32) ആണ് പിടിയിലായതെന്ന് ലാഹോറിലെ അന്വേഷണ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഇമ്രാൻ കിഷ്വാർ പറഞ്ഞു.
ജൂലൈ 29 ന് സൗത്ത്‌പോർട്ടിലെ ഒരു ഡാൻസ് ക്ലാസിൽ വെച്ച് അക്രമി മൂന്ന് പെൺകുട്ടികളെ കുത്തി കൊലപ്പെടുത്തുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തതിന് ശേഷം യുട്യൂബിൽ നിന്നും ഫേസ്ബുക്കിൽ നിന്നും തെറ്റായ വിവരങ്ങൾ ഇയാൾ പ്രചരിപ്പിച്ചുവെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. 17 വയസ്സുകാരനായ കൊലയാളി അടുത്ത കാലത്ത് യുകെയിൽ എത്തിയ മുസ്ലിം മത വിഭാഗത്തിൽ പെട്ട അനധികൃത കുടിയേറ്റക്കാരനാണെന്ന തെറ്റായ വിവരമാണ് വ്യാപകമായി സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കപ്പെട്ടത്. തെറ്റായ വിവരങ്ങൾ വ്യാപകമായി പ്രചരിപ്പിച്ചതിനെ തുടർന്ന് അടുത്ത ദിവസം അക്രമാസക്തമായ ജനക്കൂട്ടം പെൺകുട്ടികളുടെ കൊല നടന്നതിന് സമീപമുള്ള ഒരു മുസ്ലിം പള്ളി ആക്രമിക്കുന്നതിലേയ്ക്ക് കാര്യങ്ങൾ എത്തിയിരുന്നു.
കലാപം കത്തി പടർന്നതിനെ തുടർന്ന് പ്രായ പൂർത്തിയാകാത്ത പ്രതിയുടെ വിവരങ്ങൾ നടപടിക്രമങ്ങളെ മറികടന്ന് പോലീസ് പുറത്തു വിട്ടിരുന്നു. വലതുപക്ഷ തീവ്രവാദികൾ ഏറ്റുപിടിച്ച കലാപം അടിച്ചമർത്തുന്നതിന് യുകെയിൽ ഉടനീളം പോലീസ് കഠിനാധ്വാനം ചെയ്യേണ്ടിവന്നു. കുടിയേറ്റ വിരുദ്ധ സമരത്തിനെതിരെയുള്ള സമരം കൂടിയായപ്പോൾ യുകെയിലെ പ്രധാനപ്പെട്ട നഗരങ്ങളിലെല്ലാം കുറെ നാളുകളായി അശാന്തിയുടെ ദിനങ്ങളായിരുന്നു. കലാപത്തിൽ പങ്കെടുത്തതിന് യുകെയിൽ ഉടനീളം ആയിരത്തിലധികം അറസ്റ്റുകളാണ് നടന്നത്. സമൂഹമാധ്യമങ്ങളിൽ കൂടി തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചവരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- താലിബാൻ ഭരണത്തിന്റെ കീഴിൽ വിദ്യാഭ്യാസം നിർത്തലാക്കുവാൻ നിർബന്ധിക്കപ്പെട്ടതിനെ തുടർന്ന്, അഫ്ഗാനിൽ നിന്ന് 19 ട്രെയിനി വനിതാ ഡോക്ടർമാർ തങ്ങളുടെ മെഡിക്കൽ ബിരുദം പൂർത്തിയാക്കാനായി എഡിൻബർഗിൽ എത്തിയിരിക്കുകയാണ്. 2010ൽ അഫ്ഗാനിസ്ഥാനിൽ വച്ച് കൊല്ലപ്പെട്ട സ്കോട്ടിഷ് ചാരിറ്റി വർക്കർ ലിൻഡ നോർഗ്രോവിൻ്റെ മാതാപിതാക്കളുടെ മൂന്ന് വർഷത്തെ പ്രവർത്തനങ്ങളുടെ ഫലമായാണ് ചൊവ്വാഴ്ച 19 സ്ത്രീകൾ യുകെയിലെത്തിയത്. ലിൻഡ നോർഗ്രോവിൻ്റെ മാതാപിതാക്കളായ ജോണും ലോർണയും ചേർന്നാണ് ലിൻഡ നോർഗ്രോവ് ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നത്.
താലിബാൻ അഫ്ഗാനിസ്ഥാനിൽ അധികാരം വീണ്ടെടുത്തതിനുശേഷം പെൺകുട്ടികൾ വീട്ടിൽ തന്നെ ഭീതിയിലായിരുന്നു കഴിഞ്ഞു വന്നിരുന്നതെന്നും, അവർക്ക് വിദ്യാഭ്യാസത്തിനുള്ള ഒരു സാധ്യതയും ഉണ്ടായിരുന്നില്ലെന്നും ഫൗണ്ടേഷൻ വ്യക്തമാക്കി. ഈ 19 പെൺകുട്ടികൾക്ക് യുകെയിലേക്ക് വരുന്നതിനുള്ള സുരക്ഷിതമായ പാതയും, കൃത്യമായ സ്റ്റുഡന്റ് വിസകളും ക്രമീകരിക്കുന്നതിന് യുകെ, സ്കോട്ടിഷ് സർക്കാർ ഉദ്യോഗസ്ഥരുമായി ഫൗണ്ടേഷൻ ചേർന്ന് പ്രവർത്തിച്ചു. സൗജന്യ വിദ്യാഭ്യാസം ലഭിക്കുന്നതിന് അർഹമാകുവാൻ വേണ്ടി നിയമങ്ങളിൽ ചെറിയ മാറ്റം വരുത്തുവാൻ സ്കോട്ടിഷ് മന്ത്രിമാർ കൂടി തയ്യാറായതോടെ, ഇവർക്ക് നാല് മെഡിക്കൽ സ്കൂളുകളിൽ അഡ്മിഷൻ ലഭ്യമായി. ഇംഗ്ലീഷ് ഭാഷാ പരീക്ഷകൾ സംഘടിപ്പിക്കുന്നതിനും സ്കൈപ്പ് വഴി യൂണിവേഴ്സിറ്റി ഇൻ്റർവ്യൂ സംഘടിപ്പിക്കുന്നതും ഉൾപ്പെടെ, ഇവരെ യുകെയിലേക്ക് കൊണ്ടുവരുന്നതിനുള്ള നിയമപരവും മറ്റുമായുള്ള തടസ്സങ്ങൾ ഒഴിവാക്കുന്നതിനും ഫൗണ്ടേഷൻ നടത്തിയ പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ്.
സ്കോ ട്ട്ലൻഡിലെത്തിയ സ്ത്രീകളിൽ ഭൂരിഭാഗവും കാബൂളിൽ നിന്നുള്ളവരാണെങ്കിലും, ബാമിയാൻ, വാർഡക്, ഡേകുണ്ടി എന്നിവയുൾപ്പെടെയുള്ള വിദൂര പ്രവിശ്യകളിൽ നിന്ന് വന്നവരും ഉണ്ട്. പാക്കിസ്ഥാനിലെ ഇസ്ലാമാബാദിൽ നിന്നാണ് ഇവർ യുകെയിലേക്ക് ഫ്ലൈറ്റ് കയറിയത്. പാക്കിസ്ഥാനിലേക്കുള്ള ഇവരുടെ യാത്ര, യുകെ വിസകൾ, വിദ്യാർത്ഥികളുടെ അക്കോമഡേഷൻ മുതലായവയ്ക്കായി 60,000 ത്തോളം പൗണ്ടാണ് ഫൗണ്ടേഷൻ ചെലവാക്കിയത്. തങ്ങളുടെ ജീവനും ജീവിതവും ആണ് ഇവർ തിരിച്ചു നൽകിയതെന്ന് വിദ്യാർത്ഥികൾ മാധ്യമങ്ങളോട് പറഞ്ഞു. 2010 സെപ്തംബറിൽ കുനാർ പ്രവിശ്യയിൽ വെച്ച് ഇസ്ലാമിസ്റ്റ് തീവ്രവാദികൾ തട്ടിക്കൊണ്ടു പോയപ്പോൾ 36 വയസ്സുള്ള ലിൻഡ നോർഗ്രോവ്, ഡെവലപ്‌മെൻ്റ് ആൾട്ടർനേറ്റീവ്സ് ഇൻകോർപ്പറേറ്റഡ് എന്ന യുഎസ് ചാരിറ്റിയിൽ ജോലി ചെയ്തുവരികയായിരുന്നു. തങ്ങളുടെ മകളുടെ ഓർമ്മയ്ക്കായാണ് അവളുടെ മാതാപിതാക്കൾ ഈ ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ നടത്തിവരുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
രണ്ടായിരമാണ്ടിന്റെ തുടക്കത്തിലാണ് യുകെയിലേയ്ക്ക് മലയാളി കുടിയേറ്റം ഇന്നത്തെ രീതിയിൽ ആരംഭിച്ചത്. പ്രധാനമായും നേഴ്സുമാരും ആരോഗ്യ പ്രവർത്തകരുമാണ് ജോലി സംബന്ധമായി യുകെയിൽ ആദ്യം എത്തിയത്. പിന്നീടാണ് മലയാളി വിദ്യാർത്ഥി വിദ്യാർത്ഥിനികൾ യുകെയിലേക്ക് കുടിയേറ്റം ആരംഭിച്ചത്. പഠനത്തിനായി യുകെയിൽ എത്തി അതിനോട് അനുബന്ധിച്ച് ലഭിക്കുന്ന സ്റ്റേ ബാക്ക് പ്രയോജനപ്പെടുത്തി ജോലിയും പെർമനന്റ് വിസയും സംഘടിപ്പിക്കുകയായിരുന്നു മിക്ക മലയാളി സ്റ്റുഡൻസും ലക്ഷ്യം വച്ചിരുന്നത്. യുകെയിൽ എത്തുന്ന വിദ്യാർത്ഥികളിൽ നല്ലൊരു ശതമാനവും മലയാളികൾ ആയിരുന്നു എന്നാണ് കണക്കുകൾ കാണിക്കുന്നത്.
ഇത്രയും മലയാളികൾ യുകെയിൽ എത്തിയെങ്കിലും യുകെയിൽ ഏറ്റവും കൂടുതൽ സംസാരിക്കുന്ന ഇംഗ്ലീഷ് ഒഴികെയുള്ള 10 ഭാഷകളുടെ കണക്കെടുക്കുമ്പോൾ മലയാളം അതിലില്ല. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിക്സിന്റെ കണക്കുകൾ പ്രകാരം യുകെയിൽ താമസിക്കുന്ന 4.1 ദശലക്ഷം ആളുകൾക്ക് ഇംഗ്ലീഷ് മാതൃഭാഷയല്ല. ലണ്ടനിൽ മാത്രം 300 ലധികം ഭാഷകൾ സംസാരിക്കുന്ന ആളുകൾ ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സ്കോട്ട്സ്, വെൽഷ്, ഐറിഷ് ഗാലിക്, സ്കോട്ടിഷ് ഗാലിക്, കോർണിഷ് എന്നിവയുൾപ്പെടെ യുകെയിലെ പ്രാദേശിക ഭാഷകൾക്ക് പുറമേയാണിത്. പടിഞ്ഞാറൻ ലണ്ടൻ, സ്ലോ, സതാംപ്ടൺ, ബർമിംഗ്ഹാം, ലീഡ്സ് എന്നിവിടങ്ങളിൽ 612,000 പേർ സംസാരിക്കുന്ന പോളിഷ് ആണ് ഇംഗ്ലീഷ് ഇതര ഭാഷകളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. അഞ്ച് ലക്ഷം പേരോളം സംസാരിക്കുന്ന യൂറോപ്യൻ ഭാഷയായ റൊമാനിയൻ ആണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത് ഉള്ളത്. മൂന്ന് ലക്ഷത്തോളം പേർ സംസാരിക്കുന്ന പഞ്ചാബിയാണ് പട്ടികയിൽ മൂന്നാം സ്ഥാനത്തും ഇന്ത്യൻ ഭാഷയിൽ ആദ്യ സ്ഥാനത്തുള്ളതും .
ഏകദേശം 270,000 സംസാരിക്കുന്ന ഉറുദു നാലാം സ്ഥാനത്താണ്. ഉർദു സംസാരിക്കുന്ന ഭൂരിഭാഗം ആളുകളും സ്കോട്ട്‌ലൻഡ്, വെസ്റ്റ് മിഡ്‌ലാൻഡ്‌സ്, മാഞ്ചസ്റ്റർ, ലീഡ്‌സ് എന്നിവിടങ്ങളിലാണ് താമസിക്കുന്നത്.
ബ്രിട്ടൻ്റെ ഇന്ത്യയിലെ കോളനിവൽക്കരണവും കോമൺവെൽത്ത് വഴിയുള്ള കുടിയേറ്റം സുഗമമാക്കിയ 1948 ലെ ബ്രിട്ടീഷ് നാഷണാലിറ്റി ആക്‌റ്റും യുകെയിൽ ഇന്ത്യൻ ഭാഷകളുടെ വ്യാപനത്തിന് കാരണമായി കണക്കാക്കാം. ഇംഗ്ലീഷ് ഒഴികെ രാജ്യത്ത് ഏറ്റവും കൂടുതൽ സംസാരിക്കുന്ന 10 ഭാഷകളുടെ പട്ടിക ഇവയൊക്കെയാണ്. ബ്രാക്കറ്റിൽ സംസാരിക്കുന്നവരുടെ എണ്ണം കൊടുത്തിരിക്കുന്നു. പോളിഷ് (612,000 ), റൊമാനിയൻ (472,000 ) , പഞ്ചാബി ( 291,000 ) , ഉർദു ( 270,000 ) , പോർച്ചുഗീസ് (225,000 ) , സ്പാനിഷ് (215,000 ) , അറബി ( 204,000 ) , ബംഗാളി ( 199,000 ) , ഗുജറാത്തി ( 189,000 ) , ഇറ്റാലിയൻ
( 160,000).
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സ്കോട്ട് ലൻഡിൽ ഉടനീളം എൻഎച്ച്എസ് നേഴ്സുമാർക്കും ഹെൽത്ത് കെയർ ജീവനക്കാർക്കും 5.5 ശതമാനം ശമ്പള വർദ്ധനവ് പ്രഖ്യാപിച്ചു. മിഡ്‌വൈഫ്‌മാർ, പാരാമെഡിക്കുകൾ, അനുബന്ധ ആരോഗ്യ പ്രൊഫഷണലുകൾ, പോർട്ടർമാർ എന്നിവരുൾപ്പെടെ ഏകദേശം 170,000 ജീവനക്കാർക്ക് 2024-25 ലെ ശമ്പള വർദ്ധനവ് മുൻകാല പ്രാബല്യത്തോടെ ഏപ്രിൽ മാസം മുതൽ ലഭിക്കും. നിർദിഷ്ട ശമ്പള വർദ്ധനവ് നടപ്പിലാക്കുന്നതിന് 448 മില്യൺ പൗണ്ട് ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. ഡോക്ടർമാരുടെ വേതനം പ്രത്യേക കരാർ ആയി ചർച്ച ചെയ്യുന്നതിനാൽ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.
മാസങ്ങളായി ചെലുത്തിയ സമ്മർദ്ദഫലമായാണ് ശമ്പള വർധനവിന് സർക്കാർ തയ്യാറായിരിക്കുന്നത് എന്ന് സ്കോട്ട്ലൻഡിലെ റോയൽ കോളേജ് ഓഫ് നഴ്സിംഗ് (ആർസിഎൻ) ഡയറക്ടർ കോളിൻ പൂൾമാൻ പറഞ്ഞു. ശമ്പള വർദ്ധനവ് നേരത്തെ നടപ്പിലാക്കേണ്ടതായിരുന്നുവെന്നും ഇത്രയും കാലം കാത്തിരുത്തിയത് അന്യായമാണെന്നുമാണ് യൂണിയൻറെ നിലപാട്. ആർസിഎൻ ഉൾപ്പെടെയുള്ള യൂണിയനുകൾ ഇംഗ്ലണ്ടിൽ സമരം നടത്തിയപ്പോഴും സ്കോട്ട് ലൻഡിൽ സമരം നടന്നിരുന്നില്ല. എന്നിരുന്നാലും ഇവിടെയും പരിചരണത്തിനായുള്ള വെയ്റ്റിംഗ് ലിസ്റ്റ് വളരെ കൂടുതലാണ്. നിലവിൽ 7 ലക്ഷം പേരോളമാണ് വിവിധ ചികിത്സകൾക്കായി സ്കോട്ട് ലൻഡിൽ കാത്തിരിക്കുന്നത്.
സ്കോട്ട് ലൻഡിൽ നേഴ്സുമാർക്കും ഹെൽത്ത് കെയർ സ്റ്റാഫുകൾക്കും എൻഎച്ച്എസ് നടപ്പിലാക്കിയ ശമ്പള പരിഷ്കരണം ഇംഗ്ലണ്ടിലേതിന് സമാനമാണ്. കഴിഞ്ഞമാസം അവസാനം എൻ എച്ച് എസ് ഇംഗ്ലണ്ട് ശമ്പള പരിഷ്കരണം പ്രഖ്യാപിച്ചിരുന്നു . നേഴ്സുമാർക്ക് 5.5 ശതമാനം മാത്രം ശമ്പള വർദ്ധനവ് ലഭിക്കുമ്പോൾ ജൂനിയർ ഡോക്ടർമാർക്ക് അതിൻറെ നാലിരട്ടിയിലേറെ ശമ്പള വർദ്ധനവ് ആണ് ഇംഗ്ലണ്ടിൽ ലഭിക്കുന്നത്. ജൂനിയർ ഡോക്ടർമാർക്കായി 22 % വരെ ശമ്പള വർദ്ധനവിന്റെ പാക്കേജ് ആണ് ഇംഗ്ലണ്ടിൽ സർക്കാർ മുന്നോട്ട് വച്ചത്. മലയാളികളിൽ ഭൂരിഭാഗവും ജോലി ചെയ്യുന്ന നേഴ്സിംഗ് മേഖലയിലെ ശമ്പള വർദ്ധനവിൽ നിരാശരാണ് മിക്ക മലയാളി നേഴ്സുമാരും. പണപ്പെരുപ്പത്തിനും ജീവിത ചിലവ് വർദ്ധനവിനും ആനുപാതികമായ ശമ്പള വർധനവ് ലഭിച്ചില്ലെന്നാണ് ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടത്. വരും ദിവസങ്ങളിൽ തങ്ങളുടെ അംഗങ്ങൾക്കിടയിൽ ശമ്പള വർദ്ധനവിനെ കുറിച്ച് അഭിപ്രായ സർവേ നടത്തുമെന്ന് ആർസിഎൻ അറിയിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെ മലയാളി നേഴ്സ് മരിച്ച് മണിക്കൂറുകൾക്കകം ഭർത്താവും യാത്രയായി. ചികിത്സക്ക് നാട്ടിൽ പോയി മടങ്ങിയെത്തിയ സോണിയ അനിൽ യുകെയിൽ തിരിച്ചെത്തി ഉടനെ കുഴഞ്ഞു വീണ് മരണമടഞ്ഞിരുന്നു. ഇതിൻറെ മനോവിഷമത്തിലാണ് ഭർത്താവ് അനിൽ ചെറിയാൻ ജീവനൊടുക്കിയത്. സോണിയയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിനിടെയാണ് യുകെ മലയാളികളെ ഒന്നാകെ ഞെട്ടിച്ച് അനിനെ വീടിനടുത്ത് ആളൊഴിഞ്ഞ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.കോട്ടയം പനച്ചിക്കാടാണ് അനിൽ ചെറിയാന്റെ സ്വദേശം. അനിലും മരണം വരിച്ചതോടെ ഇവരുടെ രണ്ടു മക്കളായ ലിയയും ലൂയിസും അനാഥരായി.
സോണിയയുടെ ആശ്രിത വിസയിൽ ആയിരുന്നു അനിൽ യുകെയിൽ എത്തിയത്. സോണിയയുടെ മരണത്തോടെ ഇനി എന്ത് എന്ന ചോദ്യം അനിലിനെ മാനസികമായി തളർത്തിയിരുന്നു എന്നാണ് സുഹൃത്തുക്കൾ പറയുന്നത്. ഞാൻ സോണിയയുടെ അടുത്തേയ്ക്ക് പോകുകയാണ് മക്കളെ നോക്കണം എന്ന് അനിൽ സുഹൃത്തുക്കൾക്ക് മെസേജ് അയച്ചിരുന്നു. ഭാര്യ മരിച്ചതിനെ തുടർന്ന് ആശ്രിത വിസയിൽ വന്ന തന്റെയും മക്കളുടെയും യുകെയിലെ ഭാവി അനിലിന് മുന്നിൽ ചോദ്യചിഹ്നമായി ഉയർന്നു വന്നു എന്നാണ് പുറത്തു വരുന്ന സൂചനകൾ.
റെഡ്ഡിച്ചിലെ അലക്സാണ്ട്ര ഹോസ്പിറ്റലിലെ നേഴ്സ് ആയിരുന്നു അനിലിന്റെ ഭാര്യ സോണിയ . 39 വയസു മാത്രമായിരുന്നു പ്രായം. കാലിലെ ഒരു സർജറി സംബന്ധമായി പത്ത് ദിവസം മുമ്പ് നാട്ടിൽ പോയി മടങ്ങിയെത്തിയ ഉടനെയാണ് ആകസ്മിക മരണം സോണിയയെ തേടിയെത്തിയത്.
സോണിയയുടെയും അനിലിൻെറയും നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ജർമ്മൻ ബഹിരാകാശ പേടക കമ്പനിയായ റോക്കറ്റ് ഫാക്ടറി ഓഗ്സ്ബർഗിൽ (ആർഎഫ്എ) യുകെയിലെ ഷെറ്റ്ലൻഡിലുള്ള സാക്സവോർഡ് സ്‌പേസ്‌പോർട്ടിൽ നടത്തിയ വിക്ഷേപണ പരീക്ഷണത്തിനിടെ സ്‌ഫോടനം. പരീക്ഷണത്തിൽ യുകെയുടെ ആദ്യത്തെ ലംബ റോക്കറ്റ് വിക്ഷേപണത്തിന് തയ്യാറെടുക്കാനുള്ള ആർഎഫ്എ യുടെ ശ്രമങ്ങളുടെ ഭാഗമായി ഒമ്പത് എഞ്ചിൻ ട്രയൽ ഉൾപ്പെട്ടിരുന്നു. പൊട്ടിത്തെറിയിൽ ആർക്കും പരുക്കുകൾ ഇല്ല. അപകടത്തിൽ ലോഞ്ച് പാഡിന് കേടുപാടുകൾ ഒന്നും ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സ്ഥിതിഗതികൾ നിയന്ത്രണത്തിലാണെന്നും എത്രയും വേഗം പതിവ് പ്രവർത്തനങ്ങൾ പുനരാരംഭിക്കാനാണ് തങ്ങളുടെ ലക്ഷ്യമെന്നും ആർഎഫ്എ പ്രതികരിച്ചു. വിക്ഷേപണം പരാജയപ്പെട്ടതിൻെറ കാരണം നിർണ്ണയിക്കാൻ ഒരു സ്‌പേസ്‌പോർട്ടും അധികാരികളും ചേർന്ന് പ്രവർത്തിക്കുകയാണ്. എത്രയും പെട്ടെന്ന് പ്രവർത്തനം സാധാരണ നിലയിലേക്ക് എത്തിക്കാനാണ് കമ്പനിയുടെ ശ്രമം. മൂന്ന് മാസം മുമ്പ് വിജയകരമായ ഒരു റോക്കറ്റ് പരീക്ഷണം ആർ എഫ് എ ഇവിടെ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എട്ട് സെക്കൻഡ് എഞ്ചിൻ ഫയറിംഗ് നടത്താൻ കമ്പനി തയാറായത്.
650 ഓളം നിവാസികളുള്ള ബ്രിട്ടീഷ് ദ്വീപുകളുടെ ഏറ്റവും വടക്കേ അറ്റമായ അൺസ്റ്റ്, ഇപ്പോൾ റോക്കറ്റ് വിക്ഷേപണങ്ങളുടെ പ്രധാന സ്ഥലമായി മാറിയിരിക്കുകയാണ്. ദ്വീപിൻ്റെ സ്ഥാനം റോക്കറ്റുകളെ ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ പറക്കുന്നത് ഒഴിവാക്കാൻ അനുവദിക്കുന്നു. യുകെ സിവിൽ ഏവിയേഷൻ അതോറിറ്റി അടുത്തിടെ ബഹിരാകാശ വിക്ഷേപണങ്ങൾക്കായി അൺസ്റ്റ് അംഗീകരിച്ചിരുന്നു.
ബ്രിട്ടനെ ഞെട്ടിച്ച് വീണ്ടും കത്തിയാക്രമണം. കിഴക്കൻ മാഞ്ചസ്റ്ററിലെ ഗോർട്ടണിലാണ് ആൽബെർട്ട ഒബിനിം എന്ന സ്ത്രീ കുത്തേറ്റു മരിച്ചത്. ഇവർക്ക് 43 വയസ്സായിരുന്നു പ്രായം. മറ്റ് രണ്ട് പേർ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ ആണ്. കൊലപാതകത്തിനും രണ്ട് പേരെ ക്രൂരമായി കുത്തി പരിക്കേൽപ്പിച്ചതിനും ഒരാളെ അറസ്റ്റു ചെയ്തു. കത്തിയാക്രമണത്തിൽ 17 വയസ്സുള്ള ഒരു പെൺകുട്ടിയും 64 വയസ്സുള്ള ഒരു പുരുഷനുമാണ് പരുക്കേറ്റ മറ്റ് രണ്ടുപേർ. ഇവർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പ്രാഥമിക അന്വേഷണത്തിൽ 22 വയസ്സുകാരനായ പ്രതിയെ ഇരകൾക്ക് നേരത്തെ പരിചയമുണ്ടെന്ന് ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസ് പറഞ്ഞു. സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ കസ്റ്റഡിയിൽ എടുത്തയാളെ ചോദ്യം ചെയ്തു വരുകയാണ്. കത്തി കുത്തിൽ യുവതി മരിക്കുകയും രണ്ട് പേർക്ക് ഗുരുതര പരുക്കേൽക്കുകയും ചെയ്തത് ഒരു ഒറ്റപ്പെട്ട സംഭവമാണെന്നാണ് കരുതുന്നതെന്ന് പോലീസ് മേധാവികൾ അറിയിച്ചു. തങ്ങളുടെ അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും ഇതിനെ കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ഉള്ളവർ ഉണ്ടെങ്കിൽ മുന്നോട്ട് വരണമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.
ഇറ്റലിയുടെ തീരത്ത് കൊടുംകാറ്റിൽ പെട്ട് ആഡംബര കപ്പൽ മുങ്ങിയ സംഭവത്തിൽ ആറ് വിനോദസഞ്ചാരികളെ കാണാതായ വാർത്ത ഇന്നലെ പുറത്തുവന്നിരുന്നു. പ്രമുഖ ബ്രിട്ടീഷ് ഐ ടി വ്യവസായിയും 18 വയസ്സുകാരി മകളും ഇതിൽ ഉൾപ്പെടുന്ന വാർത്താ വ്യവസായ ലോകത്ത് കടുത്ത ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. മൈക്കിന്റെ ഭാര്യയെയും മറ്റു 14 പേരെയും രക്ഷിക്കാനായി . 184 അടി നീളമുള്ള ബേസിയൻ എന്ന നൗകയിൽ 10 ജീവനക്കാർ ഉൾപ്പെടെ 22 പേരാണ് ഉണ്ടായിരുന്നത്.
ബ്രിട്ടനിലെ ബിൽഗേറ്റ്സ് എന്നാണ് മൈക്ക് ലിഞ്ച് അറിയപ്പെട്ടിരുന്നത്. ഇറ്റലിയുടെ തെക്കു ഭാഗത്തുള്ള സിസിലി തീരത്തു നിന്നും തിങ്കളാഴ്ച പുലരും മുൻപാണ് നൗക പുറപ്പെട്ടത്. അപ്രതീക്ഷിതമായി ആഞ്ഞടിച്ച കൊടുങ്കാറ്റാണ് ദുരന്തം ഉണ്ടാകാനുള്ള കാരണം. കാണാതായ യാത്രക്കാരിൽ 4 ബ്രിട്ടീഷുകാരും രണ്ട് അമേരിക്കക്കാരുമാണ് ഉള്ളത്. രക്ഷപ്പെടുത്തിയ പതിനഞ്ചു പേരിൽ ഒരു വയസ്സ് വരുന്ന ഇംഗ്ലീഷ് പെൺകുട്ടിയും ഉൾപ്പെടുന്നുണ്ട്. കുട്ടിയെ പലേർമോയിലെ ശിശുരോഗാശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കപ്പലിൽ ഉണ്ടായിരുന്നവരിൽ ഭൂരിഭാഗം പേരും യുകെയിൽ നിന്നുള്ളവരാണ്. സിസിലിയിൽ നടക്കുന്ന രക്ഷാപ്രവർത്തനത്തിൻെറ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഇതിൽ ഏകദേശം 50 മീറ്റർ താഴ്ചയിൽ കിടക്കുന്ന കപ്പലിൻെറ അവശിഷ്ടങ്ങൾ കാണാം. കാണാതായ ആറ് പേർക്കായി സ്‌കൂബ ഡൈവർമാർ തിരച്ചിൽ നടത്തുന്നുണ്ട്. കഴിഞ്ഞ ആഴ്ച പകുതി മുതൽ, പടിഞ്ഞാറൻ മെഡിറ്ററേനിയനിൽ മോശം കാലാവസ്ഥയാണ്. ഇടയ്ക്കിടെ കൊടുങ്കാറ്റുകളും മറ്റും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. സംഭവ സമയത്ത് പ്രദേശത്ത് കനത്ത മഴയും കാറ്റും ഉണ്ടായിരുന്നു. 2008-ൽ നിർമ്മിച്ച ഈ ആഡംബര കപ്പൽ ഭൂരിഭാഗം യാത്രകളും നടത്തിയത് മെഡിറ്ററേനിയൻ പ്രദേശങ്ങളിലാണ്. റെവ്‌ടോം ലിമിറ്റഡിൻ്റെ ഉടമസ്ഥതയിലുള്ളതാണ് ഈ കപ്പൽ
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇന്ന് പുലർച്ചെ സിസിലി തീരത്ത് ആഡംബര ബ്രിട്ടീഷ് കപ്പലായ ബയേസിയൻ മുങ്ങിയ സംഭവത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. സംഭവത്തിൽ ആറ് പേരെ കാണാതായതാണ് പുറത്ത് വരുന്ന റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. 56 മീറ്റർ നീളമുള്ള ആഡംബര കപ്പൽ ചുഴലിക്കാറ്റിനെ തുടർന്ന് പലേർമോയ്ക്ക് സമീപം മുങ്ങുകയായിരുന്നു. കപ്പലിൽ ഉണ്ടായിരുന്ന 22 പേരിൽ ബ്രിട്ടീഷ്, അമേരിക്കൻ, കനേഡിയൻ പൗരന്മാർ ഉൾപ്പെടുന്നുണ്ട്. ഇതുവരെ 15 പേരെയാണ് തീരസംരക്ഷണ സേന രക്ഷപ്പെടുത്തിയത്.
രക്ഷപ്പെടുത്തിയ പതിനഞ്ചു പേരിൽ ഒരു വയസ്സ് വരുന്ന ഇംഗ്ലീഷ് പെൺകുട്ടിയും ഉൾപ്പെടുന്നുണ്ട്. കുട്ടിയെ പലേർമോയിലെ ശിശുരോഗാശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കപ്പലിൽ ഉണ്ടായിരുന്നവരിൽ ഭൂരിഭാഗം പേരും യുകെയിൽ നിന്നുള്ളവരാണ്. സിസിലിയിൽ നടക്കുന്ന രക്ഷാപ്രവർത്തനത്തിൻെറ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഇതിൽ ഏകദേശം 50 മീറ്റർ താഴ്ചയിൽ കിടക്കുന്ന കപ്പലിൻെറ അവശിഷ്ടങ്ങൾ കാണാം. കാണാതായ ആറ് പേർക്കായി സ്‌കൂബ ഡൈവർമാർ തിരച്ചിൽ നടത്തുന്നുണ്ട്.
കഴിഞ്ഞ ആഴ്ച പകുതി മുതൽ, പടിഞ്ഞാറൻ മെഡിറ്ററേനിയനിൽ മോശം കാലാവസ്ഥയാണ്. ഇടയ്ക്കിടെ കൊടുങ്കാറ്റുകളും മറ്റും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. സംഭവ സമയത്ത് പ്രദേശത്ത് കനത്ത മഴയും കാറ്റും ഉണ്ടായിരുന്നു. 2008-ൽ നിർമ്മിച്ച ബയേഷ്യൻ എന്ന ഈ ആഡംബര കപ്പൽ ഭൂരുഭാഗം യാത്രകളും നടത്തിയത് മെഡിറ്ററേനിയൻ പ്രദേശങ്ങളിലാണ്. റെവ്‌ടോം ലിമിറ്റഡിൻ്റെ ഉടമസ്ഥതയിലുള്ളതാണ് ഈ കപ്പൽ.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സൗത്ത് പോർട്ടിൽ 17 വയസ്സുകാരൻ നടത്തിയ കത്തിയാക്രമണത്തെ തുടർന്ന് നടന്ന തീവ്ര വലതുപക്ഷ കലാപത്തിന് ശേഷം യുകെയിലെ ഭൂരിപക്ഷം മുസ്ലീങ്ങളും തങ്ങളുടെ സുരക്ഷയെ കുറിച്ച് കൂടുതൽ ആശങ്കയിലാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. കലാപത്തിനു മുൻപ് ഇത്തരം ആശങ്കയുള്ള മുസ്ലിം വിഭാഗത്തിൽ പെട്ടവരുടെ എണ്ണം വെറും 16 ശതമാനം മാത്രമായിരുന്നു. എന്നാൽ ഏറ്റവും പുതിയതായി നടന്ന അഭിപ്രായ സർവേയിൽ ഇത്തരം ആശങ്കകൾ ഉള്ളവരുടെ എണ്ണം 75 ശതമാനമാണെന്ന കണക്കുകൾ ആണ് പുറത്തു വന്നിരിക്കുന്നത്. യുകെയിൽ ഉടനീളം നടന്ന വലതുപക്ഷ കലാപത്തിന് ശേഷം 60 ശതമാനം വർദ്ധനവ് ആണ് ഉണ്ടായിരിക്കുന്നത്.
സൗത്ത് പോർട്ടിലെ സംഭവത്തിനുശേഷം തങ്ങൾ തദേശീയരിൽ നിന്ന് ശത്രുത നേരിട്ടതായി അഞ്ചിൽ ഒരാൾ പറഞ്ഞു. സൗത്ത് പോർട്ടിലെ ആക്രമണത്തിനു ശേഷം പ്രതിയായ 17 കാരനെ കുറിച്ച് പ്രചരിച്ച തെറ്റായ വിവരങ്ങൾ ആണ് തീവ്ര വലതുപക്ഷ വിഭാഗങ്ങളുടെ കലാപത്തിന് കാരണമായത്. പ്രതി യുകെയിലേയ്ക്ക് അനധികൃതമായി കുടിയേറിയ മുസ്ലീമാണെന്ന തെറ്റായ വിവരം വ്യാപകമായി സമൂഹമാധ്യമങ്ങളിൽ കൂടി പ്രചരിച്ചതാണ് കലാപത്തിന് കാരണമായത്.
കുടിയേറ്റ വിരുദ്ധ കലാപവും തീവ്ര വലതുപക്ഷക്കാർക്ക് എതിരെ നടന്ന പ്രകടനങ്ങളും കടുത്ത അശാന്തിയാണ് രാജ്യത്ത് സൃഷ്ടിച്ചത്. യുകെയിലെ കലാപത്തിൽ പങ്കുവഹിച്ചവർക്ക് 5 വർഷത്തിന് പകരം 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തണമെന്ന് ജഡ്ജി ജോൺ താക്കറെ ആവശ്യപ്പെട്ടിരുന്നു. ഹള്ളിലെ ആക്രമണത്തിനിരയായ വനിതാ പോലീസുകാരിയെ നിലത്തടിച്ചയാളെ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് ജഡ്ജി ഈ നിർദേശം മുന്നോട്ടു വച്ചത്. അക്രമം, മോഷണം, സാമൂഹിക വിരുദ്ധ പെരുമാറ്റം തുടങ്ങിയ കുറ്റങ്ങളാണ് അറസ്റ്റിലായവരുടെ പേരിൽ ചുമത്തിയിരിക്കുന്നത്. കലാപത്തിന് ശ്രമിച്ചവർക്കെതിരെയുള്ള അന്വേഷണം മാസങ്ങളോളം നീണ്ടു നിന്നേക്കാമെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.