ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇന്ന് കേരളത്തിൽ പ്ലസ് ടു കഴിഞ്ഞ് ഏറ്റവും അധികം കുട്ടികൾ പോകുന്നത് നേഴ്സിംഗ് കോഴ്സുകൾക്കാണ്. ബയോ സയൻസ് പഠിച്ച കുട്ടികൾ ബിഎസ്സി നേഴ്സിംഗിന് പോകുമ്പോൾ കൊമേഴ്സ് പഠിക്കുന്ന കുട്ടികൾ ജനറൽ നേഴ്സിംഗിന് പോകുന്ന സ്ഥിതിയാണ് ഇന്ന് കേരളത്തിൽ കണ്ടുവരുന്നത്. ഈ കുട്ടികളുടെയെല്ലാം ആഗ്രഹം എങ്ങനെയും വിദേശത്ത് പോയി ജോലി സമ്പാദിക്കുക എന്നതാണ്. എന്നാൽ നേഴ്സിംഗ് കഴിഞ്ഞ് കെയർ വിസയിലെങ്കിലും യുകെയിൽ എത്താൻ ആഗ്രഹിക്കുന്ന ഒട്ടേറെ പേരുടെ കണ്ണീരിൽ കുതിർന്ന അനുഭവങ്ങളാണ് കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് പുറത്തുവരുന്നത്. കെയർ വിസയ്ക്ക് വേണ്ടി ലക്ഷങ്ങൾ മുടക്കി ചതി കുഴിയിൽ വീണ നേഴ്സുമാരുടെ അനുഭവങ്ങൾ ബിബിസി വൻ പ്രാധാന്യത്തോടെയാണ് പ്രസിദ്ധീകരിക്കുന്നത് .
കേരളത്തിൽ കോതമംഗലത്ത് മാത്രം ഏകദേശം 30 ഓളം പേരാണ് ലക്ഷക്കണക്കിന് രൂപ ഏജൻ്റുമാർക്ക് നൽകി ചതി കുഴിയിൽ പെട്ടത്. ബ്രാഡ് ഫോർഡിൽ പ്രവർത്തിക്കുന്ന അൽചിത കെയർ ഹോം സ്പോൺസർ ചെയ്യുന്ന ഫാമിലി വിസ കിട്ടാനായി കേരളത്തിലെ ഏജന്റിനെ വിശ്വസിച്ചാണ് പലരും പണം നൽകിയത് . പക്ഷേ യുകെയിൽ എത്തിയവർക്ക് പോലും പ്രതീക്ഷിച്ച രീതിയിലുള്ള ജോലി ലഭിച്ചില്ല. പലരും ശമ്പളമില്ലാതെ പരിശീലന പരിപാടികൾ പങ്കെടുക്കേണ്ടതായി വന്നു. പ്രതിഷേധങ്ങൾക്ക് ഒടുവിൽ ചിലർക്കാകട്ടെ ആഴ്ചയിൽ മൂന്ന് ദിവസം മാത്രമാണ് ജോലി ലഭിച്ചത് എന്ന് പേരു വെളുപ്പെടുത്താത്ത ഒരു കെയർ നേഴ്സിന്റെ ഭർത്താവ് ബിബിസിയോട് പറഞ്ഞു. ഒടുക്കം പിടിച്ചുനിൽക്കാനാകാതെ പലർക്കും കേരളത്തിലേയ്ക്ക് മടങ്ങേണ്ടി വരുകയും ചെയ്തു എന്നാണ് അറിയാൻ കഴിഞ്ഞത്. റിക്രൂട്ടിംഗ് ഏജൻസികളുടെയും ഇടനിലക്കാരുടെയും കെയർ ഹോം ഉടമകളുടെയും ചൂഷണത്തിന്റെ ഫലമായി ലക്ഷങ്ങൾ നഷ്ടപ്പെട്ട നിരവധി പേരാണ് ഇന്ന് കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ ഉള്ളത്.
കേരളത്തിലേയ്ക്ക് തിരിച്ചു വരാൻ മടിച്ച ചിലരുടെയൊക്കെ സ്ഥിതി പരിതാപകരമാണെന്നാണ് അറിയാൻ സാധിച്ചത്. പലരും അന്നത്തെ ആഹാരത്തിനു വേണ്ടി കഷ്ടപ്പെടുന്ന അവസ്ഥയാണ് . ഏജൻ്റിന് കടം മേടിച്ചും ലോണെടുത്തും വീടുവിറ്റും നൽകിയ ലക്ഷങ്ങളുടെ ബാധ്യതയാണ് പലരെയും നാട്ടിലേക്ക് തിരിച്ചു വരുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നത്. തങ്ങൾക്ക് വാടകയ്ക്കും ഭക്ഷണത്തിന് പോലും പണം കണ്ടെത്താൻ കഷ്ടപ്പെടുകയാണന്ന് കേരളത്തിൽനിന്ന് യുകെയിൽ കെയർ വിസയിൽ എത്തിയവർ പറഞ്ഞതായി ആണ് ബിബിസി റിപ്പോർട്ട് ചെയ്തത്.
സോഷ്യൽ കെയറിലെ ഒഴിവുകൾ നികത്തുന്നതിനായി ബ്രെക്സിറ്റിന് ശേഷം നിലവിൽ വന്ന വിസ പദ്ധതിയുടെ രൂപകല്പന വളരെ മോശമായിരുന്നു എന്നും അത് ഭയാനകമായി കുടിയേറ്റ തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിന് വഴിവെച്ചുവെന്നും യുകെയിലെ ആൻറി സ്ലേവറി വാച്ച് ഡോഗ് നേരെത്തെ റിപ്പോർട്ട് ചെയ്തിരുന്നു. 2022 ഫെബ്രുവരിയിൽ ആണ് കൺസർവേറ്റീവ് സർക്കാർ കെയർ വർക്കർ വിസ റൂട്ട് അവതരിപ്പിച്ചത്. ഈ വിസ നയത്തിനെ കുറിച്ചാണ് വ്യാപകമായ പരാതികൾ ഉയർന്നുവന്നത്. ഇത്തരം വിസകൾ ശരിക്കും ചൂഷണത്തിന് കാരണമായതായി കമ്മീഷണർ എലനോർ ലിയോൺസ് പറഞ്ഞു.
വഞ്ചന, ദുരുപയോഗം, ചൂഷണം എന്നിവയെ കുറിച്ചുള്ള ആരോപണങ്ങൾ കാരണം കുടിയേറ്റ തൊഴിലാളികളെ സ്പോൺസർ ചെയ്യുന്നതിനുള്ള 470-ലധികം കെയർ കമ്പനികളുടെ ലൈസൻസുകൾ റദ്ദാക്കിയതായി ഹോം ഓഫീസ് കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. ഇതേ തുടർന്ന് ബോറിസ് ജോൺസന്റെ മുൻ പ്രത്യേക ഉപദേഷ്ടാവായ ഇൻഡിപെൻഡൻ്റ് ആൻറി സ്ലേവറി കമ്മീഷൻ വർക്ക് വിസ നയത്തെ കുറിച്ച് ശക്തമായി പ്രതികരിച്ചത്. 2022 ഫെബ്രുവരി മുതൽ 2024 ഡിസംബർ വരെ യുകെയിൽ എത്തിയ ഏകദേശം 155,000 കെയർ തൊഴിലാളികളിൽ നാലിലൊന്നിലധികം പേരും പിന്നീട് ലൈസൻസ് നഷ്ടപ്പെട്ട തൊഴിലുടമകളാണ് നിയമിച്ചത്. സർക്കാർ തെറ്റായ ഏജൻസികൾക്ക് എതിരെ നടപടികളെടുക്കുന്നത് നല്ലതാണെങ്കിലും അതിൻറെ പേരിൽ പെരുവഴിയിലാകുന്ന തൊഴിലാളികളെ കുറിച്ച് തനിക്ക് കടുത്ത ആശങ്ക ഉണ്ട് എന്ന് ലിയോൺസ് പറഞ്ഞു. തൊഴിൽ ഉടമയുടെ ലൈസൻസ് നഷ്ടപ്പെട്ടാൽ 60 ദിവസത്തിനകം പുതിയ സ്പോൺസറെ കണ്ടെത്തേണ്ട ബാധ്യത തൊഴിലാളികളുടേതാണ് . പുതിയ തൊഴിലാളികളെ വിദേശത്തുനിന്ന് നിയമിക്കുന്നതിന് മുൻപ് ഇംഗ്ലണ്ടിൽ ഉള്ള തൊഴിലാളികളിൽ നിന്ന് നിയമനം വേണമെന്ന പുതിയ നിബന്ധന ജോലി നഷ്ടപ്പെട്ടവർക്ക് ഗുണകരമാകുമെന്നാണ് പൊതുവെ പ്രതീക്ഷിക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സെൻട്രൽ ലണ്ടനിൽ നടപ്പാതയിലേയ്ക്ക് വാൻ ഇടിച്ചു കയറിയ സംഭവത്തിൽ ഒരു യുവതി ദാരുണമായി കൊല്ലപ്പെട്ടു. കിംഗ്സ് കോളേജിന് സമീപമാണ് അപകടം നടന്നത്. മരിച്ച 20 വയസ്സുകാരിയായ യുവതി കിംഗ്സ് കോളേജിലെ വിദ്യാർത്ഥിനി ആണെന്നാണ് പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഇത് കൂടാതെ മറ്റ് രണ്ടു പേരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അതിൽ ഒരാളുടെ പരുക്ക് ഗുരുതരമാണെന്നാണ് അറിയാൻ സാധിച്ചത്.
സംഭവസ്ഥലത്ത് വെച്ചുതന്നെ 26 വയസുകാരനായ വാഹനത്തിൻറെ ഡ്രൈവർ അറസ്റ്റിലായി. ഇയാൾ നിലവിൽ കസ്റ്റഡിയിൽ തുടരുകയാണെന്ന് പോലീസ് അറിയിച്ചു. സംഭവത്തിന്റെ ദൃക്സാക്ഷികളിൽ നിന്ന് പോലീസ് മൊഴിയെടുത്തു. സംഭവത്തിന് ഏതെങ്കിലും രീതിയിൽ തീവ്രവാദവുമായി ബന്ധമുണ്ടെന്ന് കരുതുന്നില്ലെന്ന് പോലീസ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. അപകടം നടന്ന സ്ഥലം കാൽനട യാത്രയ്ക്കായി മാത്രം ഉപയോഗിക്കുന്ന പാതയാണെന്നും ഇതുവഴി വാഹനങ്ങൾ പോകാറില്ലെന്നും കിംഗ്സ് കോളേജിലെ ഗവേഷണ വിദ്യാർത്ഥിയായ അലി പറഞ്ഞു. സംഭവത്തിൽ ഏതെങ്കിലും രീതിയിലുള്ള ദുരൂഹത ഉണ്ടോ എന്ന് പോലീസ് പരിശോധിച്ച് വരുകയാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളുടെ സാമ്പത്തിക വളർച്ചാ നിരക്ക് നേരത്തെ പ്രവചിച്ചതിനേക്കാളും പിന്നിലാകുമെന്ന റിപ്പോർട്ടുകൾ പുറത്തു വന്നു. പ്രസിഡൻ്റ് ആയി ഡൊണാൾഡ് ട്രംപ് അധികാരമേറ്റതിനുശേഷം നടപ്പിലാക്കിയ വ്യാപാര നയങ്ങളാണ് ഇതിന് കാരണങ്ങളായി ചൂണ്ടി കാണിക്കപ്പെടുന്നത്. ഇതിൻറെ ഫലമായി ആഗോള സാമ്പത്തിക വളർച്ചാ നിരക്കിനെ ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ-ഓപ്പറേഷൻ ആൻഡ് ഡെവലപ്മെൻ്റ് (ഒഇസിഡി) തരം താഴ്ത്തി.
യുകെ ഉൾപ്പെടെയുള്ള പ്രധാന സമ്പദ് വ്യവസ്ഥകൾക്ക് പ്രതീക്ഷിച്ചതിലും കുറഞ്ഞ ജിഡിപി നിരക്ക് ആയിരിക്കും ഉണ്ടായിരിക്കുക എന്നതാണ് പ്രവചനം. ഇറക്കുമതി ചെയ്യുന്ന പല സാധനങ്ങൾക്കും യുഎസ് അമിതമായി നികുതി ചുമത്തുന്നത് ആണ് ഇതിന് പ്രധാന കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്. യുകെയുടെ സമ്പദ് വ്യവസ്ഥയുടെ വളർച്ച നേരത്തെ പ്രതീക്ഷിച്ചിരുന്നത് 1.7 ശതമാനമായിരുന്നു. എന്നാൽ ഈ വർഷത്തെ വളർച്ച 1.4 ശതമാനം മാത്രമെ ഉണ്ടാവുകയുള്ളൂ എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
യുകെയുടെ ജിഡിപി ജനുവരിയിൽ അപ്രതീക്ഷിതമായി കുറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ഏറ്റവും പുതിയതായി പുറത്തുവരുന്ന വിവരങ്ങൾ ചാൻസലർ റേച്ചൽ റീവ്സിന് ഹിതകരമായിരിക്കില്ലെന്നാണ് സാമ്പത്തിക വിദഗ്ധർ അനുമാനിക്കുന്നത്. അധികാരമേറ്റ നാൾ മുതൽ യുകെയുടെ സമ്പദ് വ്യവസ്ഥയുടെ വളർച്ചയാണ് തങ്ങളുടെ പ്രഥമ പരിഗണനയെന്ന് ലേബർ പാർട്ടി സർക്കാർ ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. താരിഫുകൾ മൂലമുണ്ടാകുന്ന ഉയർന്ന വ്യാപാര തടസ്സങ്ങളും അവ നടപ്പിലാക്കുന്നതിനുള്ള നയപരമായ അനിശ്ചിതത്വവും കാരണം ആഗോള ജിഡിപി 2024-ൽ 3.2 ശതമാനത്തിൽ നിന്ന് 2025-ൽ 3.1 ശതമാനമായും 2026ൽ 3 ശതമാനമായും കുറയുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. യുഎസിന്റെ വളർച്ചാ പ്രവചനത്തിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. യുഎസ് വളർച്ച 2025-ൽ 2.2% ആയും 2026-ൽ 1.6% ആയും കുറയും എന്നാണ് പുതിയ പ്രവചനം. ഈ വർഷവും അടുത്ത വർഷവും 2.4 ശതമാനവും 3.1 ശതമാനവും ഉയർന്ന ജിഡിപി പ്രതീക്ഷിച്ചിരുന്നു. യുഎസ് ചരക്കുകൾക്ക് യൂറോപ്യൻ യൂണിയൻ്റെ പ്രതികാര നികുതികൾ ഇനിയും നടപ്പിൽ വരാത്തതിനാൽ വളർച്ച നിരക്കിൽ അത് എങ്ങനെ പ്രതിഫലിക്കും എന്നത് പ്രവചനാതീതമാണെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
മതിയായ ഗവൺമെൻറ് ധനസഹായം ലഭിച്ചില്ലെങ്കിൽ പ്രവർത്തനസമയം വെട്ടി കുറയ്ക്കേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ഫാർമസികൾ രംഗത്ത് വന്നു. ഫാർമസികളുടെ ഫണ്ടിന്റെ 90 ശതമാനവും എൻഎച്ച്എസ് വഴിയാണ് നൽകുന്നത്. മരുന്നുകളും വാക്സിനുകളും ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് ആണ് ഈ ഫണ്ട് ഉപയോഗിക്കുന്നത്.
എന്നാൽ നിലവിൽ 2024 – 25 , 2025 – 26 എന്നീ സാമ്പത്തിക വർഷത്തേയ്ക്കുള്ള ഫണ്ടിനെ കുറിച്ചുള്ള ഒരു സ്ഥിരീകരണവും ഫാർമസികൾക്ക് ലഭിച്ചിട്ടില്ല എന്നാണ് നാഷണൽ ഫാർമസി അസോസിയേഷൻ (എൻഎഫ്എ) പറഞ്ഞു . അതുകൊണ്ടു തന്നെ ചരിത്രത്തിൽ ആദ്യമായി നാഷണൽ ഫാർമസി അസോസിയേഷനിലെ അംഗങ്ങൾ കൂട്ടായി കടുത്ത നടപടികൾ സ്വീകരിക്കാൻ ഒരുങ്ങുകയാണെന്ന് യൂണിയൻ അറിയിച്ചു.
2017 മുതൽ ഇതുവരെ 1300 ഫാർമസികൾ പൂട്ടിയതായി എൻഎഫ്എ അറിയിച്ചു. നവംബറിൽ നടന്ന എൻഎഫ് എയുടെ വോട്ടെടുപ്പിൽ ഏകദേശം 3300 ഫാർമസികൾ പങ്കെടുത്തിരുന്നു. ഏതെങ്കിലും ഫാർമസികൾ സേവനങ്ങൾ കുറയ്ക്കുന്നതിന് മുൻപ് അഞ്ചാഴ്ചത്തെ മുന്നറിയിപ്പ് എൻഎച്ച്എസിന് നൽകണമെന്നാണ് നിലവിലെ ചട്ടം അനുശാസിക്കുന്നത്. ഫാർമസികൾക്ക് മതിയായ ധനസഹായം ലഭിക്കുന്നില്ലെങ്കിൽ രോഗികൾക്ക് അവരുടെ പ്രാദേശിക ഫാർമസികളുടെ സേവനം പൂർണ്ണമായും നഷ്ടപ്പെടുമെന്നും ആരോഗ്യ സേവന സംവിധാനത്തെ ഇത് തകർക്കും എന്നും ഇൻഡിപെൻഡൻ്റ് ഫാർമസി അസോസിയേഷന്റെ ചീഫ് എക്സിക്യൂട്ടീവ് ഡോ. ലെയ്ല ഹാൻ ബെക്ക് പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടനിൽ ജനക്കൂട്ടത്തിനിടയിലേയ്ക്ക് വാൻ ഇടിച്ചു കയറി രണ്ട് പേർക്ക് പരുക്ക് പറ്റിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. സെൻട്രൽ ലണ്ടനിൽ കിംഗ്സ് കോളേജ് പരിസരത്താണ് സംഭവം നടന്നത് . പരുക്കു പറ്റിയ രണ്ടുപേരും കാൽ നടക്കാരാണെന്നാണ് പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നത്.
അപകടം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് അത്യാഹിത വിഭാഗം അടിയന്തര സേവനം നടത്തി. കാർ ജനക്കൂട്ടത്തിലേയ്ക്ക് ഇടിച്ചു കയറിയ സംഭവത്തിൽ തീവ്രവാദ ബന്ധമില്ലെന്ന് പോലീസ് അറിയിച്ചു. വിദ്യാർത്ഥികളുടെ ഇടയിലേയ്ക്ക് കാർ ഓടിച്ചു കയറിയത് കടുത്ത പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. സംഭവത്തെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടിരുന്നു.
നോർത്താംപ്ടൺ: നോർത്താംപ്ടൺ മലയാളികൾക്ക് ഞെട്ടൽ നൽകി മലയാളി യുവതിയുടെ ആകസ്മിത മരണം. വയനാട് സ്വദേശിനിയായ അഞ്ജു അമൽ(29) ആണ് മരണമടഞ്ഞത്. ഇന്ന് പുലർച്ചെ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരണം സംഭവിച്ചിരിക്കുന്നത്. കണ്ണ് സ്വദേശിയായ അമൽ അഗസ്റ്റിൻ ആണ് ഭർത്താവ്. രണ്ട് വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം നടന്നത്. പുൽപ്പള്ളി മാരപ്പൻമൂല ആനിത്തോട്ടത്തിൽ ജോർജ്ജ് – സെലിൻ ദമ്പതികളുടെ മകളാണ്. സഹോദരി – ആശ(ഇസാഫ് ബാങ്ക്. ( തിരൂർ )
പനിയുമായിട്ടാണ് കുറച്ചു ദിവസം മുൻപ് അഞ്ജു ആശുപത്രിയിൽ അഡ്മിറ്റ് ആകുന്നത്. എന്നാൽ പെട്ടെന്ന് തന്നെ അഞ്ജുവിന്റെ ആരോഗ്യ നില വഷളാവുകയും മരണം സംഭവിക്കുകയും ആയിരുന്നു.
കഴിഞ്ഞ അഞ്ച് വർഷമായി നോർത്താംപ്ടനിലെ താമസക്കാരിയായാണ് പരേതയായ അഞ്ജു. ചികിത്സയിൽ ഇരിക്കെയാണ് ഇന്ന് വെളിപ്പിന് മരണം സംഭവിച്ചത്.
അകാലത്തിൽ വേർപിരിഞ്ഞ അഞ്ജുവിന്റെ വേർപാടിൽ ദുഃഖാർത്ഥരായ കുടുംബാംഗങ്ങളെ മലയാളം യുകെയുടെ അനുശോചനം അറിയിക്കുന്നതിനൊപ്പം ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു. കൂടുതൽ വിവരങ്ങൾ പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഡ്രൈവിംഗ് ടെസ്റ്റ് വിജയിച്ച വെറും അഞ്ചാഴ്ചകൾക്ക് ശേഷം അശ്രദ്ധമായി വാഹനം ഓടിച്ച് മൂന്നുപേരുടെ മരണത്തിന് ഇടയാക്കിയ സംഭവത്തിൽ കൗമാരക്കാരൻ കുറ്റസമ്മതം നടത്തി. എഡ്വേർഡ് സ്പെൻസർ എന്ന 19 കാരനാണ് ഈ സംഭവത്തിൽ വിചാരണ നേരിടുന്നത്. ഡ്രൈവർമാർ കാർ അശ്രദ്ധമായി ഓടിച്ചാൽ സംഭവിക്കുന്ന വിനാശകരമായ പ്രത്യാഘാതങ്ങൾ എന്താണെന്നതിന് ഉത്തമോദാഹരണമാണ് പ്രസ്തുത സംഭവം എന്ന് പോലീസ് പറഞ്ഞു.
2023 ഏപ്രിലിൽ ചിപ്പിംഗ് കാംപ്ഡനും ഷിപ്പ്സ്റ്റൺ-ഓൺ-സ്റ്റോറിനും ഇടയിലാണ് സംഭവം നടന്നത്. അശ്രദ്ധമായി വാഹനം ഓടിച്ച് മൂന്നുപേരുടെ മരണത്തിനും മറ്റ് മൂന്നു പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത സംഭവത്തിലാണ് വാർവിക്ക് ക്രൗൺ കോടതിയിൽ ഇയാൾ വിചാരണ നേരിടുന്നത്. സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബി 4035 ക്യാമ്പ്ഡൻ റോഡിൽ വെച്ച് സ്പെൻസറിന് തൻ്റെ ഫോർഡ് ഫിയസ്റ്റയുടെ നിയന്ത്രണം നഷ്ടപ്പെട്ടതായി വാർവിക്ഷയർ പോലീസ് പറഞ്ഞു. സ്പെൻസറിൻ്റെ കാറിലെ യാത്രക്കാരായ ഗ്ലൗസെസ്റ്റർഷെയറിലെ ചിപ്പിംഗ് കാംപ്ഡൻ സ്കൂളിലെ സഹ വിദ്യാർത്ഥികളായ ഹാരി പർസെൽ (17), ടില്ലി സെക്കോംബ് (16), ഫ്രാങ്ക് വോർമാൽഡ് (16) എന്നിവർ പരിക്കേറ്റതിനെ തുടർന്ന് മരിച്ചു. മറ്റൊരു കാറിൽ യാത്ര ചെയ്തിരുന്ന ഒരു സ്ത്രീയും രണ്ട് കൊച്ചുകുട്ടികളും ഗുരുതരമായി പരിക്കേറ്റു. ഇവർ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിൽ നിന്ന് രണ്ടാം ലോക മഹായുദ്ധത്തിൽ പങ്കെടുത്ത അവസാന പൈലറ്റും നിര്യാതനായി. ബ്രിട്ടീഷ് പൈലറ്റായ ജോൺ ഹെമിംഗ്വേ 105 വയസ്സിലാണ് മരണമടഞ്ഞത്. ഡബ്ലിനിൽ നിന്നുള്ള അദ്ദേഹം രണ്ടാം ലോക മഹായുദ്ധത്തിന് മുമ്പ് തൻെറ കൗമാരപ്രായത്തിൽ റോയൽ എയർഫോഴ്സിൽ (ആർ എ എഫ്) ചേരുകയായിരുന്നു. തൻെറ 21-ാം വയസ്സിൽ, ബ്രിട്ടൻ യുദ്ധത്തിൽ അദ്ദേഹം ഒരു പൈലറ്റായി പോരാടി. ഈ കാലയളവിൽ, ജർമ്മനിയുടെ വ്യോമസേനയായ ലുഫ്റ്റ്വാഫെയുടെ ആക്രമണത്തിൽ നിന്ന് യുകെയെ സംരക്ഷിക്കാൻ അദ്ദേഹം മൂന്ന് മാസം പോരാടി.
രണ്ടാം ലോക മഹായുദ്ധം അവസാനിപ്പിക്കാനും നമ്മുടെ സ്വാതന്ത്ര്യം സംരക്ഷിക്കാനും മറ്റ് ആർ എ എഫ് പൈലറ്റുമാർക്കൊപ്പം ജോൺ ഹെമിംഗ്വേ സുപ്രധാന പങ്ക് വഹിച്ചതായി, പ്രധാനമന്ത്രി സർ കെയർ സ്റ്റാർമർ അദ്ദേഹത്തെ ആദരിക്കുന്ന വേളയിൽ പറഞ്ഞു. അന്ന് മൂന്നര മാസത്തെ യുദ്ധത്തിൽ പങ്കെടുത്തവർ, അന്നത്തെ പ്രധാനമന്ത്രി സർ വിൻസ്റ്റൺ ചർച്ചിലിൻ്റെ സുപ്രാധാന പ്രസംഗത്തെ തുടർന്ന് “ദി ഫ്യു” എന്നാണ് അറിയപ്പെട്ടിരുന്നത്. ഇവരോട് ബ്രിട്ടൺ എന്നും കടപ്പെട്ടിരിക്കുമെന്നും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു.
ജോൺ ഹെമിംഗ്വേയുടെ സ്ക്വാഡ്രൺ 1940 മെയ് മാസത്തിൽ 90 ശത്രുവിമാനങ്ങളെ വെറും 11 ദിവസത്തിനുള്ളിൽ വെടിവച്ചു വീഴ്ത്തുകയും, ബാറ്റിൽ ഓഫ് ഫ്രാൻസിൽ പങ്കെടുക്കുകയും ചെയ്തു. രണ്ടാം ലോകമഹായുദ്ധ കാലത്ത് അദ്ദേഹത്തിന് നാല് തവണ വെടിയേറ്റിട്ടുണ്ട്. 1941 ജൂലൈയിൽ, യുദ്ധസമയത്തെ ധീരതയ്ക്കും അർപ്പണബോധത്തിനും ആർ എ എഫ് പൈലറ്റുമാർക്ക് നൽകുന്ന ബഹുമതിയായ വിശിഷ്ടമായ ഫ്ലയിംഗ് ക്രോസ് അദ്ദേഹത്തിന് ലഭിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ ആദ്യകാല കുടിയേറ്റക്കാരിൽ ഒരാളും ലണ്ടൻ ഗയ്സ് ആൻഡ് സെന്റ് തോമസ് ഹോസ്പിറ്റലിലെ ഫിസിയോതെറാപ്പിസ്റ്റ് ആയിരുന്ന സുരഭി പി ജോണിന് ഇന്ന് അകലങ്ങളിൽ ഇരുന്ന് യുകെ മലയാളികൾ വിട പറയും. ഇന്ന് മാർച്ച് 18-ാം തീയതി ചൊവ്വാഴ്ച രാവിലെ 11 മണിക്ക് കറുകുറ്റി ക്രിസ്തുരാജാശ്രമ ദേവാലയത്തിൽ വെച്ചാണ് മൃത സംസ്കാര ശുശ്രൂഷകൾ നടക്കുന്നത്.
44 വയസു മാത്രം പ്രായമുണ്ടായിരുന്ന സുരഭി ഒരു വർഷമായി ക്യാൻസർ രോഗത്തിന് ചികിത്സയിലായിരുന്നു. ഒരുമാസം മുൻപാണ് യുകെയിൽ നിന്ന് നാട്ടിൽ എത്തിയത്. തൃശൂർ പഴുവിൽ ആലപ്പാട്ട് പള്ളിപ്പുറത്തുകാരൻ ബിജോയ് വർഗീസ് ആണ് ഭർത്താവ്. ബെൻ, റിച്ചാർഡ്, വിക്ടോറിയ എന്നിവരാണ് മക്കൾ. എറണാകുളം ജില്ലയിലെ അങ്കമാലി കറുകുറ്റി പൈനാടത്ത് പരേതരായ പി. ജെ. ജോൺ, ഏലിക്കുട്ടി എന്നിവരാണ് മാതാപിതാക്കൾ. ഷാജു പി. ജോൺ, ജോഷി പി. ജോൺ, ഷിബു പി. ജോൺ, ബിജു പി. ജോൺ (ഇരുവരും സ്റ്റോക്ക് ഓൺ ട്രെന്റ്, യുകെ) എന്നിവരാണ് സഹോദരങ്ങൾ.
20 വർഷം മുൻപാണ് സുരഭിയും കുടുംബവും യുകെയിൽ എത്തിയത്. ഈസ്റ്റ് സസക്സ് ടൺബ്രിഡ്ജ് വെൽസിലെ മലയാളികളുടെ സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്ന വ്യക്തിയായിരുന്നു സുരഭി . അതുകൊണ്ടുതന്നെ സുരഭിയുടെ അകാലത്തിൽ ഉള്ള വിയോഗം കടുത്ത വേദനയാണ് ബന്ധുക്കളിലും സുഹൃത്തുക്കളിലും സൃഷ്ടിച്ചത്.
സുരഭിയുടെ മരണം സ്റ്റോക്ക് ഓൺ ട്രെൻഡ് മലയാളികളുടെയും വേദനയായി മാറുകയാണ്. സുരഭിയുടെ സഹോദരങ്ങളായ ഷിബു പി. ജോൺ, ബിജു പി. ജോൺ എന്നിവർ സ്റ്റോക്ക് ഓൺ ട്രെൻഡ് മലയാളികളാണ്.
മൃതസംസ്കാര ശുശ്രൂഷകളുടെ തത്സമയ ദൃശ്യങ്ങൾ താഴെ കൊടുത്തിരിക്കുന്ന യൂട്യൂബ് ലിങ്കിലൂടെ കാണാം.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
തായ്ലൻഡിൽ ബോട്ടിന് തീപിടിച്ച് വിനോദ സഞ്ചാരത്തിനെത്തിയ ബ്രിട്ടീഷ് വനിതയെ കാണാതായതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. അലക്സാന്ദ്ര ക്ലാർക്ക് എന്ന പേരുകാരിയായ യുവതിയാണ് അപകടത്തിൽ പെട്ടതെന്നാണ് പബ്ലിക് റിലേഷൻ ഓഫീസ് പുറത്തുവിട്ട വിവരങ്ങൾ സൂചിപ്പിക്കുന്നത്. 16 വിനോദസഞ്ചാരികൾ, രണ്ട് ക്രൂ അംഗങ്ങൾ, രണ്ട് ഡൈവിംഗ് ഇൻസ്ട്രക്ടർമാർ, രണ്ട് അസിസ്റ്റൻ്റ് ഡൈവിംഗ് ഇൻസ്ട്രക്ടർമാർ എന്നിവർ ഉൾപ്പെടെ അപകടത്തിൽപ്പെട്ട ബോട്ടിൽ 22 പേരുണ്ടായിരുന്നു. അപകടത്തിൽ പെട്ട ബോട്ടിലെ ഏക യാത്രക്കാരി അലക്സാന്ദ്ര ക്ലാർക്ക് ആയിരുന്നു.
ബ്രിട്ടീഷ് യുവതിക്ക് വേണ്ടി അപകടം നടന്ന ഉടനെ തിരച്ചിൽ സംഘങ്ങൾ രക്ഷാപ്രവർത്തനം നടത്തിയിരുന്നു . തീപിടിത്തം റിപ്പോർട്ട് ലഭിച്ചതിന് ശേഷം, സൂറത്ത് താനി പ്രവിശ്യാ മറൈൻ ഓഫീസ് സ്വകാര്യ ബോട്ടുകളുമായും സന്നദ്ധപ്രവർത്തകരുമായും ഏകോപിപ്പിച്ച് വിനോദസഞ്ചാരികളെയും ജീവനക്കാരെയും സുരക്ഷിതമായി മറ്റൊരു ബോട്ടിലേക്ക് വേഗത്തിൽ എത്തിക്കാൻ സഹായിക്കുകയും ചെയ്തു. യാത്രയ്ക്കിടെ ബോട്ടിന്റെ ഇന്ധന ടാങ്ക് നിറച്ചപ്പോൾ കവിഞ്ഞൊഴുകി തീപിടുത്തം ഉണ്ടായതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. തായ്ലൻഡിൽ കാണാതായ ഒരു ബ്രിട്ടീഷ് വനിതയുടെ കുടുംബത്തെ ഞങ്ങൾ പിന്തുണയ്ക്കുകയും പ്രാദേശിക അധികാരികളുമായി ബന്ധപ്പെടുകയും ചെയ്യുന്നു എന്ന് യുകെ വിദേശകാര്യ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു.