ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ വീണ്ടും സൈബർ ആക്രമണം നടന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഈ പ്രാവശ്യം 19 റെയിൽവേ സ്റ്റേഷനുകളെ സൈബർ ആക്രമണം ബാധിച്ചതായി നെറ്റ്‌വർക്ക് റെയിൽ അറിയിച്ചു. റെയിൽവേ സ്റ്റേഷനിലെ വൈഫൈ ഹാക്ക് ചെയ്ത് ഭീകരാക്രമണത്തെ കുറിച്ചുള്ള സന്ദേശം പ്രദർശിപ്പിച്ചതായാണ് റിപ്പോർട്ടുകൾ.
ലണ്ടൻ യൂസ്റ്റൺ, മാഞ്ചസ്റ്റർ പിക്കാഡിലി, ലിവർപൂൾ ലൈം സ്ട്രീറ്റ്, ബിർമിംഗ്ഹാം ന്യൂ സ്ട്രീറ്റ്, എഡിൻബർഗ് വേവർലി, ഗ്ലാസ്ഗോ സെൻട്രൽ തുടങ്ങിയ സ്റ്റേഷനുകളിലെ വൈ-ഫൈ സംവിധാനങ്ങളെ സൈബർ ആക്രമണം ബാധിച്ചതായി നെറ്റ്‌വർക്ക് റെയിൽ സ്ഥിരീകരിച്ചു. വൈഫൈ ഇപ്പോഴും പ്രവർത്തന രഹിതമാണെന്ന് നെറ്റ്‌വർക്ക് റെയിൽ വക്താവ് പറഞ്ഞു. റെയിൽവേ സ്റ്റേഷനുകളിൽ സൈബർ സുരക്ഷയിൽ വൻ വീഴ്ച സംഭവിച്ചതായാണ് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. സൈബർ ആക്രമണത്തെ കുറിച്ച് ട്രാൻസ്പോർട്ട് പോലീസ് അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
കഴിഞ്ഞ ജൂൺ മാസത്തിൽ എൻഎച്ച്എസ് സമാനമായ രീതിയിൽ സൈബർ ആക്രമണം നേരിട്ടിരുന്നു. 3000 ത്തിലധികം ആശുപത്രികളുടെ ആയിരക്കണക്കിന് ജിപി അപ്പോയിൻമെന്റുകളും സൈബർ ആക്രമണം മൂലം തടസ്സപ്പെട്ടതയാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് . രോഗികളുടെ പേരുകൾ, ജനനത്തീയതി, എൻഎച്ച്എസ് നമ്പറുകൾ, രക്തപരിശോധനയുടെ വിവരണങ്ങൾ എന്നിവ ഉൾപ്പെടെ മോഷ്ടിക്കപ്പെട്ടു എന്ന് ബിബിസി റിപ്പോർട്ട് ചെയ്തു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- നിതംബ സൗന്ദര്യം വർദ്ധിപ്പിക്കുന്നതിനായി നടത്തുന്ന ബ്രസീലിയൻ ബട്ട് ലിഫ്റ്റ് ശസ്ത്രക്രിയ നടത്തിയ ബ്രിട്ടീഷ് യുവതി മണിക്കൂറുകൾക്കകം മരിച്ചു. മുപ്പത്തിനാലുകാരിയും അഞ്ചു കുട്ടികളുടെ മാതാവുമായ ആലീസ് വെബ് ആണ് തിങ്കളാഴ്ച നടത്തിയ ശസ്ത്രക്രിയയ്ക്ക് ശേഷം മണിക്കൂറുകൾ കഴിഞ്ഞ് മരണത്തിന് കീഴടങ്ങിയത്. യുകെയിൽ ഈ ശസ്ത്രക്രിയയ്ക്ക് ശേഷം മരിക്കുന്ന ആദ്യത്തെ വ്യക്തിയാണ് ഇവർ. മരണത്തെ സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണെന്നും, രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഗ്ലോസെസ്റ്റർഷയർ പോലീസ് സ്ഥിരീകരിച്ചു. അറസ്റ്റിലായവരുടെ പേരുകൾ പോലീസ് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ശസ്ത്രക്രിയ നടത്തിയ സർജന്മാരിൽ ഒരാളാണ് അറസ്റ്റിൽ ആയതെന്ന് പുറത്തുവന്നിരിക്കുന്ന വാർത്തകൾ വ്യക്തമാക്കുന്നു. ഗ്ലൗസെസ്റ്റർഷെയറിൽ വട്ടൺ-അണ്ടർ-എഡ്ജിലെ ക്രിസ്റ്റൽ ക്ലിയർ എന്ന സ്ഥാപനം നടത്തിവരികയായിരുന്നു എസ്തെറ്റിക് പ്രാക്ടീഷണറായിരുന്ന ആലീസ്. ഭർത്താവിനും അഞ്ചു കുട്ടികൾക്കും ആവശ്യമായ എല്ലാ പിന്തുണയും നൽകണമെന്ന് ആലിസിന്റെ സുഹൃത്ത് അബിഗയിൽ ഇർവിൻ സോഷ്യൽ മീഡിയയിലൂടെ ആവശ്യപ്പെട്ടു.
ഇത്തരത്തിലുള്ള സർജറികൾ നടത്തുന്നത് സംബന്ധിച്ചുള്ള നിയമങ്ങളിൽ ഗവൺമെന്റ് കൂടുതൽ കർശനമാക്കണമെന്ന് മുൻപ് തന്നെ ആവശ്യപ്പെട്ടിട്ടുള്ളതാണെന്ന് ‘സേവ് ഫേസ് ‘ എന്ന ഗ്രൂപ്പിന് നേതൃത്വം നൽകുന്ന ആഷ്ടൺ കോളിൻസ് വ്യക്തമാക്കി. ഇത്തരത്തിലുള്ള നൂറുകണക്കിന് പരാതികളാണ് തങ്ങൾക്ക് ലഭിക്കുന്നതെന്നും, സെപ്സിസ് മൂലമാണ് പല മരണങ്ങളും സംഭവിക്കുന്നതെന്നും അടിയന്തര നടപടികൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ജൂലൈ മാസത്തിൽ ‘സേവ് ഫേസ് ‘ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം, സ്തന വളർച്ച ശസ്ത്രക്രിയകൾ, ബ്രസീലിയൻ ബട്ട് ലിഫ്റ്റ് ശസ്ത്രക്രിയകൾ എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണത്തിൽ ഭയാനകമായ വർദ്ധനയുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. ഇത്തരം ശസ്ത്രക്രിയകൾ നിരവധി പേരിൽ ഇൻഫെക്ഷൻ, സെപ്സിസ് പോലുള്ള അവസ്ഥകൾക്ക് കാരണമാവുകയും, അത് ജീവന് തന്നെ ഭീഷണിയാകുന്ന സാഹചര്യത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. കൃത്യമായ വൈദഗ്ധ്യം ഉള്ള ഡോക്ടർമാർ ശസ്ത്രക്രിയ നടത്താത്തത് കൂടുതൽ ഭീഷണികൾ ഉണ്ടാക്കുന്നു. ജനങ്ങളുടെ സുരക്ഷ മാനിച്ചു ഈ പ്രക്രിയകൾ നിരോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യുവതിയുടെ മരണം സംബന്ധിച്ച് അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അധികൃതർ അറിയിച്ചു. തുർക്കി, മെക്‌സിക്കോ, ഡൊമിനിക്കൻ റിപ്പബ്ലിക് തുടങ്ങിയ സ്ഥലങ്ങളിൽ ഇത്തരം പ്രക്രിയകൾക്ക് ചിലവ് കുറവായതിനാൽ, അവിടെ പോയി ശസ്ത്രക്രിയ നടത്തുന്നത് നിരവധി ബ്രിട്ടീഷ് വനിതകളാണ്. എന്നാൽ അവരിൽ പലരും മരണത്തിന് കീഴടങ്ങുന്നത് വാർത്തയാകുന്നില്ല. ഇത്തരത്തിൽ ആദ്യമായാണ് യുകെയിൽ ബ്രസീലിയൻ ബട്ട് ലിഫ്റ്റ് പ്രക്രിയ മൂലം ഒരാൾ മരണപ്പെടുന്നത്. സർക്കാരിന്റെ ഭാഗത്തുനിന്നും അടിയന്തര നടപടികൾ ഉണ്ടാകുമെന്ന് പ്രതീക്ഷയിലാണ് ആരോഗ്യ വിദഗ്ധർ.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടീഷ് യൂത്ത് മൊബിലിറ്റി സ്‌കീമിൻ്റെ ഭാഗമായി ജോലി ചെയ്യാൻ കഴിഞ്ഞ വർഷം യുകെയിൽ വന്നത് വെറും 23,000 പേർ മാത്രമാണ് എന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. 12 ഓളം രാജ്യങ്ങളിൽ നിന്ന് രണ്ടോ മൂന്നോ വർഷത്തേയ്ക്ക് ബ്രിട്ടനിൽ ജോലി ചെയ്യാൻ അനുവദിക്കുന്ന പദ്ധതിയാണ് യൂത്ത് മൊബിലിറ്റി സ്കീം (വൈ എം എസ് ). ഇങ്ങനെ എത്തിയവരിൽ ഭൂരിഭാഗം പേരും ഓസ്ട്രേലിയയിലും ന്യൂസിലൻഡിലും നിന്നുള്ളവരാണ്. ഓസ്ട്രേലിയയിൽ നിന്ന് 9900 ഉം ന്യൂസിലൻഡിൽ നിന്ന് 5300 പേരുമാണ് ഈ പദ്ധതിയുടെ ഭാഗമായി യുകെയിൽ എത്തിയത്.
ഈ പദ്ധതി പ്രയോജനപ്പെടുത്തുന്ന ഇന്ത്യക്കാരുടെ എണ്ണം താരതമ്യേന വളരെ കുറവാണെന്നാണ് കണക്കുകൾ കാണിക്കുന്നത്. 2023 -ൽ ഈ പദ്ധതി പ്രകാരം 2106 പേരാണ് ഇന്ത്യയിൽ നിന്ന് യുകെയിൽ എത്തിയത്. 2024 ൽ ഇതുവരെ 1288 ഇന്ത്യക്കാർ യൂത്ത് മൊബിലിറ്റി സ്കീമിന്റെ ഭാഗമായി യുകെയിൽ എത്തിയിട്ടുണ്ട്. എന്നാൽ സ്റ്റുഡൻറ് വിസയിൽ യുകെയിലെത്തുന്ന വിദ്യാർത്ഥികളിൽ ഇന്ത്യയിൽ നിന്നുള്ളവരുടെ എണ്ണം താരതമ്യേന മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കൂടുതലാണ്. എന്നിരുന്നാലും ബ്രിട്ടന്റെ പരിഷ്കരിച്ച കുടിയേറ്റ നിയമങ്ങൾ പ്രകാരം സാധാരണ വിദേശ വിദ്യാർത്ഥികൾക്ക് ആശ്രിത വിസ അനുവദിക്കാത്തത് മൂലം ബ്രിട്ടനിലെ സർവകലാശാലകളിലേയ്ക്ക് വരുന്ന മലയാളികൾ ഉൾപ്പെടെയുള്ള വിദേശ വിദ്യാർഥികളുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ട് എന്നാണ് കണക്കുകൾ കാണിക്കുന്നത്.
ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, ദക്ഷിണ കൊറിയ, ജപ്പാൻ, ഇന്ത്യ , അൻഡോറ, ഐസ്‌ലാൻഡ്, ജപ്പാൻ, മൊണാക്കോ, സാൻ മറിനോ, ഉറുഗ്വേ, തായ്‌വാൻ, ഹോങ്കോംഗ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കും വിദേശരാജ്യങ്ങളിൽ ജോലിചെയ്യുന്ന ബ്രിട്ടീഷ് പൗരന്മാർക്കും യൂത്ത് മൊബിലിറ്റി സ്‌കീമിന്റെ ആനുകൂല്യം ലഭിക്കും. 2023 ലെ 7 ലക്ഷത്തിലധികം വരുന്ന മൊത്തം കുടിയേറ്റത്തിൽ വളരെ ചെറിയ ഒരു ശതമാനം മാത്രമാണ് മൊബിലിറ്റി യൂത്ത് സ്കീം വഴി വരുന്നവരുടെ എണ്ണം. പുതിയ ലേബർ ഗവൺമെൻറ് യൂത്ത് മൊബിലിറ്റി സ്കീം കുടിയേറ്റമായി കണക്കാക്കുന്നതായുള്ള വിമർശനം ശക്തമാണ്. 18 നും 30 നും ഇടയിൽ പ്രായമുള്ളവർക്കാണ് ഈ സ്കീമിൽ രാജ്യത്ത് വരാൻ സാധിക്കുക.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലെബനനിൽ കരമാർഗമുള്ള ആക്രമണത്തിന് ഇസ്രയേൽ തയ്യാറെടുക്കുകയാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഇസ്രയേൽ ലക്ഷ്യമായി ഹിസ്ബുള്ള മിസൈലുകൾ അയച്ചതിന് പിന്നാലെയാണ് ഇസ്രയേൽ സൈനിക മേധാവി ലഫ്റ്റനന്റ് ജനറൽ ഹെർസി ഹാലേവി ഈ പ്രഖ്യാപനം നടത്തിയത്. ഇന്നലെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 50 ലധികം ആളുകൾ കൊല്ലപ്പെട്ടതായി ലെബനൻ ആരോഗ്യ മന്ത്രി പറഞ്ഞു. യുകെയും യുഎസും ഉൾപ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികൾ ഈ മേഖലയിലെ യുദ്ധം ഒഴിവാക്കാൻ പ്രവർത്തിക്കുകയാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. യുഎസിന്റെ ഭാഗത്തുനിന്നുള്ള മുതിർന്ന നയതന്ത്ര ഉദ്യോഗസ്ഥർ ഇരുപക്ഷവും തമ്മിലുള്ള പോരാട്ടത്തിന് വിരാമമിടാൻ ശ്രമിക്കുന്നതായി ഇന്നലെ നിരവധി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഏകദേശം 4000 മുതൽ 6000 വരെ ബ്രിട്ടീഷ് പൗരന്മാർ ലെബനനിലുണ്ടെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞദിവസം ബ്രിട്ടീഷ് പൗരന്മാർ എത്രയും പെട്ടെന്ന് ലെബനൻ വിടണമെന്ന് പ്രധാനമന്ത്രി കെയർ സ്റ്റാർമർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ലെബനനിൽ നിന്നുള്ള വിമാന സർവീസുകൾ മുടങ്ങിയതിനാൽ ബ്രിട്ടീഷുകാർ ഉൾപ്പെടെയുള്ള വിദേശ പൗരന്മാർ ഇവിടെ കുടുങ്ങി കിടക്കുന്നതായാണ് അറിയാൻ സാധിച്ചത്. അടിയന്തിര പാലായനം ആവശ്യമായി വന്നാൽ പിന്തുണ നൽകാൻ ബ്രിട്ടീഷ് സർക്കാർ 700 ലധികം സൈനികരെ സൈപ്രസിലേക്ക് അയച്ചിട്ടുണ്ട്.
ലെബനനിൽ കുടുങ്ങി കിടക്കുന്ന ബ്രിട്ടീഷുകാർ രാജ്യം വിടാനുള്ള ഗതാഗത സൗകര്യത്തിന്റെ അഭാവത്തെ കുറിച്ച് തങ്ങളുടെ ആശങ്ക പങ്കുവെച്ചതായി ബിബിസി വെളിപ്പെടുത്തി. രാജ്യത്തെ ഏക സിവിലിയൻ വിമാനത്താവളമായ ബെയ്‌റൂട്ട്-റാഫിക് ഹരിരി ഇൻ്റർനാഷണൽ എയർപോർട്ടിൽ നിന്നുള്ള ഒട്ടനവധി വിമാനങ്ങൾ റദ്ദാക്കപ്പെട്ടതായാണ് അറിയാൻ സാധിക്കുന്നത്. മിഡിൽ ഈസ്റ്റ് എയർലൈൻസും ഇറാഖി എയർവേസും ഇറാൻ എയർവെയ്‌സും മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്ന ഏക കമ്പനികൾ. ഇവിടെ നിന്നും രക്ഷപ്പെടാൻ ഫ്ലൈറ്റ് ടിക്കറ്റിനായി പരിശ്രമിച്ച് ലഭിക്കാത്തതിനെ കുറിച്ച് ഒട്ടേറെ ബ്രിട്ടീഷുകാരാണ് പരാതി രേഖപ്പെടുത്തിയത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിസ്റ്റോളിൽ യുകെ മലയാളി ഹൃദയാഘാതം മൂലം മരണമടഞ്ഞു. കോട്ടയത്തിനടുത്ത് സംക്രാന്തി സ്വദേശി ടി. എസ്. സതീശൻ ആണ് വിട പറഞ്ഞത്. 64 വയസ്സ് പ്രായമുണ്ടായിരുന്ന സതീശനെ സെപ്റ്റംബർ 21-ാം തീയതി നെഞ്ചുവേദനയെ തുടർന്ന് ബ്രിസ്റ്റോൾ സൗത്ത് മേഡ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് ഇദ്ദേഹം മരണമടഞ്ഞത്.
യുകെയിലെ ആദ്യകാല മലയാളികളിൽ ഒരാളായ സതീശൻ 20 വർഷം മുമ്പാണ് ഇവിടെ എത്തിയത്. കുടുംബമായി യുകെയിൽ താമസിച്ചിരുന്ന അദ്ദേഹം സംക്രാന്തി കൈലാസം തേവർകാട്ടുശ്ശേരിൽ കുടുംബാംഗമാണ്. സംഗീതിക യുകെ, പ്രവാസി എസ്എൻഡിപി യോഗത്തിന്റെ ചെമ്പഴന്തി കുടുബയോഗം, എന്നിവയുടെ സജീവ പ്രവർത്തകനായിരുന്നു. പ്രവാസി എസ്എൻഡിപി യോഗം യുകെ വൈസ് പ്രസിഡന്റ് ശ്യാമള സതീശനാണ് ഭാര്യ. സുസ്മിത്, തുഷാര എന്നിവർ മക്കളാണ്. പരേതനായ ടി. കെ. സുകുമാരൻ, സരള എന്നിവരാണ് മാതാപിതാക്കൾ. സുഗത, സാബു, മനോജ് എന്നിവർ സഹോദരങ്ങൾ ആണ്.
ടി . എസ്. സതീശൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ജനങ്ങളുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോൾ യുകെയിൽ ഏറ്റവും കുറവ് ബാങ്ക് ബ്രാഞ്ചുകൾ ഉള്ള സ്ഥലം യോർക്ക് ഷെയർ ആണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഇൻറർനെറ്റ് ബാങ്കിങ്ങും മൊബൈൽ ബാങ്കിംഗും വന്നതോടെയാണ് ബാങ്കുകൾ ശാഖകളുടെ എണ്ണം വൻതോതിൽ വെട്ടി കുറച്ചത്. ബ്രാഞ്ചുകളുടെ എണ്ണം വെട്ടി ചുരുക്കുന്നതിലൂടെ ജീവനക്കാരുടെ എണ്ണം കുറയ്ക്കാനും വാടക ഇനത്തിലും മറ്റും ബാങ്കുകൾക്ക് വൻ ലാഭം കൊയ്യാൻ സാധിക്കും. എന്നാൽ മൊബൈൽ ബാങ്കിങ് പോലുള്ള ടെക്നോളജിയുമായി പൊരുത്തപ്പെടാൻ സാധിക്കാത്ത നല്ലൊരു ശതമാനം ആളുകൾക്ക് ബ്രാഞ്ചുകളുടെ എണ്ണം കുറച്ചത് ബുദ്ധിമുട്ടുണ്ടാക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.
യോർക്ക്ഷെയറിലും ഹംബർ മേഖലയിലും ഇപ്പോൾ 248 ശാഖകൾ ആണ് അവശേഷിക്കുന്നത് . ഈ ശാഖകൾ 5.6 ദശലക്ഷം ആളുകൾക്കാണ് സേവനം നൽകേണ്ടത്. അതായത് യോർക്ക്ഷെയറിൽ ഓരോ ഒരുലക്ഷം ആളുകൾക്കും 4.4 ശാഖകൾ മാത്രമാണ് ഉള്ളത് എന്നാണ് ഇതിനർത്ഥം. കഴിഞ്ഞ ഒമ്പത് വർഷമായി എന്നന്നേയ്ക്കുമായി അടച്ചു പൂട്ടിയ യുകെ ബാങ്ക് ശാഖകളുടെ എണ്ണം 6000 കടന്നതായാണ് കണക്കുകൾ കാണിക്കുന്നത്. രാജ്യത്ത് ഉടനീളം കണക്കെടുക്കുമ്പോൾ 30 പാർലമെൻറ് മണ്ഡലങ്ങളിൽ ആണ് ഒരു ബാങ്കിന്റെയും ബ്രാഞ്ച് ഇല്ലാതെയുള്ളത്. അതായത് മൂന്ന് ദശലക്ഷം ആളുകൾക്ക് സേവനം നൽകാൻ ഒരു ബാങ്കിൻറെ ബ്രാഞ്ച് പോലും ഇല്ലാത്ത സ്ഥിതിവിശേഷമാണ് ഈ സ്ഥലങ്ങളിൽ ഉടെലെടുത്തിരിക്കുന്നത് .
നിലവിലുള്ള വിവിധ ബാങ്കുകളുടെ 55 ശാഖകൾ കൂടി അടച്ചു പൂട്ടാൻ പദ്ധതിയിടുന്നതായുള്ള റിപ്പോർട്ടുകൾ ഈ മാസം ആദ്യം പുറത്തുവന്നിരുന്നു. ഓൺലൈനിലായും മൊബൈൽ ബാങ്കിലൂടെയും പണം ഇടപാടുകൾ നടത്തുന്ന ഉപഭോക്താക്കൾ പരമ്പരാഗത കൗണ്ടർ സേവനങ്ങളിൽ താല്പര്യപ്പെടുന്നവരല്ലെന്നതാണ് ശാഖകൾ അടച്ചുപൂട്ടുന്നതിന് ബാങ്കുകൾ നൽകുന്ന വിശദീകരണം . ബാങ്ക് ബ്രാഞ്ചുകൾ അടച്ചുപൂട്ടുന്നത് നിരവധി പേരെ പ്രതികൂലമായി ബാധിക്കുന്നതായാണ് റിപ്പോർട്ടുകൾ. പ്രത്യേകിച്ച് ചില കടയുടമകൾക്കും ചെറുകിട ബിസിനസുകാർക്കും അവരുടെ പണം നിക്ഷേപിക്കാൻ മൈലുകളോളം സഞ്ചരിക്കേണ്ട സാഹചര്യമാണ് പലസ്ഥലങ്ങളിലും നിലനിൽക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ ഇ – ബൈക്കുകൾ വ്യാപകമായി നിയമവിരുദ്ധമായി പരിഷ്കരിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. കഴിഞ്ഞവർഷം ലണ്ടൻ സിറ്റിയിൽ നിന്ന് മാത്രം ഈ രീതിയിൽ പരിഷ്കരിച്ച ഒട്ടേറെ ബൈക്കുകൾ ആണ് പിടിച്ചെടുത്തത് . ഇവയിൽ ഭൂരിഭാഗവും ഭക്ഷണം വിതരണം ചെയ്യുന്നവയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
യുകെയിലെ നിയമമനുസരിച്ച് ഇ – ബൈക്കുകളുടെ വേഗ പരുധി 15 .5 മൈലാണ് . ഇതിലും കൂടുതൽ വേഗത്തിൽ സഞ്ചരിക്കുന്നതിനായാണ് ഉടമസ്ഥർ ഇ – ബൈക്കുകളിൽ നിയമവിരുദ്ധമായി പരിഷ്കരിക്കുന്നത്. കഴിഞ്ഞ വർഷം മാത്രം ഇങ്ങനെ പിടിച്ചെടുത്ത വാഹനങ്ങളുടെ എണ്ണത്തിൽ കുത്തനെ വർദ്ധനവ് ഉണ്ടായതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത്തരം സാഹചര്യത്തിൽ നിയമ വിരുദ്ധമായി പരിഷ്കരിച്ച ബൈക്കുകളുമായി ഡെലിവറി നടത്തുന്ന ഡ്രൈവർമാരുമായി സഹകരിക്കുകയില്ലെന്ന് ഫുഡ് ഡെലിവറി സർവീസ് ഡെലിവു അറിയിച്ചു കഴിഞ്ഞു.
ഇ – ബൈക്കുകൾ എന്ന് വിശേഷിപ്പിക്കുമ്പോഴും പെഡലുകൾ ഉപയോഗിക്കുന്ന വാഹനങ്ങൾ ആണ് ഡെലിവറി ചെയ്യുന്നവർ ഉപയോഗിക്കുന്നത്. ഇത്തരം വാഹനങ്ങളുടെ മോട്ടറുകൾ 250 വാട്ട് പവറിൽ കൂടാൻ പാടില്ല. ഇവ ഇലക്ട്രിക്കലി അസിസ്റ്റഡ് പെഡൽ സൈക്കിളുകളാണ് (EAPC). നിയമപ്രകാരം ഇവ ഒരു സൈക്കിൾ പോലെയാണ് പരിഗണിക്കുന്നത്. അതുകൊണ്ട് തന്നെ യുകെയിലെ നിയമപ്രകാരം ഇത്തരം വാഹനങ്ങൾക്ക് ഇൻഷുറൻസ് അടയ്ക്കേണ്ടതില്ല. നിയമവിരുദ്ധമായി ഇത്തരം ബൈക്കുകൾ കൂടുതൽ ശക്തമായ മോട്ടോർ ഘടിപ്പിക്കുന്നതിലൂടെ വേഗത്തിൽ സഞ്ചരിക്കാൻ സാധിക്കും. ഇത്തരം ബൈക്കുകൾക്ക് വേണ്ടിയുള്ള മോഡിഫിക്കേഷൻ കിറ്റുകൾ 300 പൗണ്ടിന് ലഭ്യമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത്തരം മോഡിഫിക്കേഷൻ കിറ്റുകൾ ഉപയോഗിക്കുന്നതിലൂടെ ഈ വാഹനങ്ങൾക്ക് മണിക്കൂറിൽ 60 മൈൽ സ്പീഡ് വരെ കൈവരിക്കാൻ സാധിക്കും. ലണ്ടൻ സിറ്റിയിൽ മാത്രം കഴിഞ്ഞ വർഷം ഇത്തരം 295 വാഹനങ്ങൾ ആണ് പിടികൂടിയത് .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലെബനനിൽ ഇസ്രയേൽ നടത്തുന്ന ആക്രമണത്തിൽ മരണസംഖ്യ 550 ലധികം ആയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ലെബനനിൽ 1000 ലധികം വ്യോമാക്രമങ്ങളാണ് ഇസ്രയേൽ നടത്തിയത്. ആയിരക്കണക്കിന് പേജറുകൾ പൊട്ടിത്തെറിച്ച് ആരംഭിച്ച ആക്രമണം ഇസ്രയേലും ഹിസ്ബുള്ളയും തമ്മിലുള്ള നേരിട്ട യുദ്ധമായി പരിണമിച്ചിരിക്കുകയാണ്. മരിച്ചവരിൽ 50 ഓളം കുട്ടികളും ഉൾപ്പെട്ടിട്ടുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ഒക്ടോബറിൽ ഹമാസ് ഇസ്രയേലിൽ നടത്തിയ ആക്രമണമാണ് പശ്ചിമ പൂർവ്വ ഏഷ്യയിൽ നിലവിലെ സംഘർഷത്തിന് തുടക്കം കുറിച്ചത്.
ഇതിനിടെ ലെബനിൽ ഇസ്രയേൽ ആക്രമണം തുടരുന്ന സാഹചര്യത്തിൽ എത്രയും പെട്ടെന്ന് രാജ്യം വിടാൻ ബ്രിട്ടീഷ് പൗരന്മാരോട് പ്രധാനമന്ത്രി സർ കെയർ സ്റ്റാർമർ ആവശ്യപ്പെട്ടു. ലെബനനിൽ നിന്ന് ബ്രിട്ടീഷ് പൗരന്മാരെ ഒഴിപ്പിക്കാനുള്ള തയ്യാറെടുപ്പിനായി പ്രതിരോധ മന്ത്രാലയം (MoD) 700 സൈനികരെ അടുത്തുള്ള സൈപ്രസിലേക്ക് അയച്ചു കഴിഞ്ഞതായാണ് റിപ്പോർട്ടുകൾ. ഇതുകൂടാതെ ലെബനനിലേയ്ക്ക് ഉള്ള എല്ലാ യാത്രയ്ക്ക് എതിരെയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 2021 ഓഗസ്റ്റിൽ അഫ്ഗാൻ ഭരണം താലിബാൻ പിടിച്ചടക്കിയപ്പോൾ ഉണ്ടായ അരാജകത്വം ലെബനനിൽ ആവർത്തിക്കില്ലെന്ന് ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 500 ലധികം ആളുകൾ ലബനനിൽ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ബ്രിട്ടീഷ് പൗരന്മാർക്ക് ഉള്ള മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സംഘർഷത്തിൽ നിന്ന് പിന്മാറാൻ ഇസ്രയേലിനോട് ലോക നേതാക്കൾ അഭ്യർത്ഥിച്ചിട്ടുണ്ട്. കൂടുതൽ ദാരുണമായ ജീവഹാനി തടയാൻ സംഘർഷത്തിൽ നിന്ന് പിന്മാറാൻ ഞങ്ങൾ എല്ലാ പക്ഷങ്ങളോടും അഭ്യർത്ഥിക്കുന്നതായി പ്രതിരോധ സെക്രട്ടറി ജോൺ ഹീലി പറഞ്ഞു. സ്ഥിതിഗതികൾ വഷളാവുകയാണെങ്കിൽ ലെബനനിലുള്ള ബ്രിട്ടീഷ് പൗരന്മാരെ പിന്തുണയ്ക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം ഒക്ടോബർ 7 ന് ഹമാസ് തോക്കുധാരികൾ ഇസ്രായേലിനെ ആക്രമിക്കുകയും 1,200 ഓളം പേരെ കൊല്ലുകയും 251 പേരെ ബന്ദികളാക്കുകയും ചെയ്തതു മുതൽ മിഡിൽ ഈസ്റ്റിലുടനീളം സംഘർഷം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഒക്‌ടോബർ 7 മുതൽ ഗാസയിൽ ഇസ്രായേൽ നടത്തിയ സൈനിക നീക്കത്തിൽ 41,000-ത്തിലധികം പേർ കൊല്ലപ്പെട്ടതായി ആണ് റിപ്പോർട്ടുകൾ.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
വെറും 30 മണിക്കൂറിനുള്ളിൽ 81 വർഷത്തെ പോലീസിന്റെ അന്വേഷണം പൂർത്തിയാക്കാൻ സഹായിക്കുന്ന ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സാങ്കേതികവിദ്യ ബ്രിട്ടൻ ഉപയോഗിക്കാൻ തുടങ്ങുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഇതോടെ രാജ്യത്തെ ചില കുപ്രസിദ്ധമായ തെളിയാത്ത കേസുകൾ പരിഹരിക്കാൻ സാധിക്കും എന്നാണ് കരുതപ്പെടുന്നത്. സോസ് ടൂൾ എന്നാണ് ഈ സാങ്കേതികവിദ്യയ്ക്ക് നൽകിയിരിക്കുന്ന പേര്.
ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് വീഡിയോ ദൃശ്യങ്ങൾ, സാമ്പത്തിക ഇടപാടുകൾ, സോഷ്യൽ മീഡിയ, ഈമെയിലുകൾ മറ്റ് ഡോക്യുമെൻ്റ്സ് എന്നിവ ഒരേസമയം വിശകലനം ചെയ്യാൻ സാധിക്കും. വെറും 30 മണിക്കൂറിനുള്ളിൽ 27 സങ്കീർണമായ കേസുകളുടെ തെളിവുകൾ അവലോകനം ചെയ്യാൻ ഈ സാങ്കേതിക വിദ്യയ്ക്ക് സാധിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഇത്രയും ജോലി ഒരു മനുഷ്യൻ ചെയ്യുന്നതിന് 81 വർഷം വരെ എടുക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.
രാജ്യത്തെ ഏറ്റവും പഴക്കമേറിയതും പരിഹരിക്കപ്പെടാത്തതുമായ ചില കേസുകൾ അവസാനിപ്പിക്കാൻ ഈ സാങ്കേതികവിദ്യ സഹായിക്കുമെന്ന് ദേശീയ പോലീസ് മേധാവികളുടെ കൗൺസിൽ ചെയർ ഗാവിൻ സ്റ്റീഫൻസ് പറഞ്ഞു. യുകെയിലെ പോലീസ് സേനാംഗങ്ങളിൽ പലരും ഇതുവരെ പരിഹരിക്കപ്പെടാത്ത കൊലപാതകം ഉൾപ്പെടെ ഒട്ടനവധി കുറ്റകൃത്യങ്ങൾ തെളിയിക്കാനായി വളരെ നാളുകളായി പ്രവർത്തിക്കുകയാണെന്ന മാധ്യമ റിപ്പോർട്ടുകൾ ഈയിടെ പുറത്തുവന്നിരുന്നു. ഈ ഒരു സാഹചര്യത്തിൽ പുതിയ സാങ്കേതികവിദ്യ തെളിയിക്കപ്പെടാത്ത കേസുകളിൽ ഉത്തരം കണ്ടെത്താൻ പ്രയോജനപ്രദം ആകുമെന്നാണ് വിലയിരുത്തുന്നത്. ഞങ്ങളുടെ ഉത്തരവാദിത്വങ്ങൾ സാങ്കേതികവിദ്യയെ ഏൽപ്പിക്കുകയല്ല മറിച്ച് കൂടുതൽ നന്നായി ജോലി ചെയ്യാൻ സാങ്കേതികവിദ്യ ഞങ്ങളെ സഹായിക്കുകയാണ് ചെയ്യുന്നത് എന്ന് ദേശീയ പോലീസ് മേധാവികളുടെ കൗൺസിൽ ചെയർ ഗാവിൻ സ്റ്റീഫൻസ് പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- കഴിഞ്ഞവർഷം തന്റെ തൊണ്ണൂറ്റിനാലാം വയസ്സിൽ മരണപ്പെട്ട പ്രമുഖ കോടീശ്വരനും വ്യവസായിയുമായ മുഹമ്മദ് അൽ ഫയാദിനെതിരെ ലൈംഗിക പീഡന ആരോപണവുമായി നിരവധി സ്ത്രീകൾ രംഗത്തെത്തിയിരിക്കുകയാണ്. അഞ്ചു സ്ത്രീകളാണ് ഫയാദ് തങ്ങളെ റേപ്പ് ചെയ്തുവെന്ന് ആരോപിച്ച് മുന്നോട്ടുവന്നിരിക്കുന്നത്. നിരവധി പേർ അദ്ദേഹം തങ്ങളെ മറ്റുതരത്തിൽ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ടെന്നും ആരോപിക്കുന്നു. പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലയായ ഹാരോഡ്സിന്റെ ഉടമസ്ഥൻ ആയിരുന്നു അൽ ഫയാദ്. ഹറോഡ്‌സ് സർവൈവേഴ്സ് എന്ന പേരിൽ ഇരകളെ പ്രതിനിധീകരിക്കുന്ന അഭിഭാഷകയായ മരിയ മുല്ല കഴിഞ്ഞ വ്യാഴാഴ്ച 37 സ്ത്രീകൾ തങ്ങളോട് അവരുടെ അനുഭവങ്ങൾ വെളിപ്പെടുത്തിയതായും, ഇനിയും നൂറുകണക്കിന് പേർ മുന്നോട്ടുവരാൻ ഉണ്ടെന്നും മാധ്യമങ്ങളോട് പറഞ്ഞു.
ലൈംഗികാതിക്രമ ആരോപണങ്ങളിൽ ഫയാദിനെ പ്രോസിക്യൂട്ട് ചെയ്യുന്നതിൽ രണ്ട് തവണ പരാജയപ്പെട്ടതായി ക്രൗൺ പ്രോസിക്യൂഷൻ സർവീസും അംഗീകരിച്ചു. 2008 – ൽ 15 വയസുകാരിയെ അസഭ്യം പറഞ്ഞതിനും 2013 – ൽ ബലാത്സംഗത്തിനും മുഹമ്മദ് അൽ ഫായിദിനെതിരെ മെട്രോപൊളിറ്റൻ പോലീസ് രണ്ടുതവണ തെളിവ് നൽകിയതായി സിപിഎസ് വക്താവ് പറഞ്ഞു. എന്നാൽ കേസ് നടപ്പിലാക്കാനും മാത്രം ശക്തമായ തെളിവുകൾ ഇല്ലായിരുന്നതിനാലാണ് പ്രോസിക്യൂഷൻ സർവീസ് അത് ഒഴിവാക്കിയതെന്ന് അദ്ദേഹം വ്യക്തമാക്കി.
ഡിപ്പാർട്ട്മെന്റ് സ്റ്റോറായ ഹാറോഡ്സിൽ ജോലി ചെയ്യുമ്പോഴാണ് തങ്ങൾക്ക് ദുരനുഭവം ഉണ്ടായതെന്ന് സ്ത്രീകൾ പറയുന്നു. അൽ ഫയാദിനെ സംബന്ധിച്ച് ബിബിസി പുറത്തിറക്കിയ അന്വേഷണാത്മകമായ ഡോക്യുമെന്ററിക്ക് ശേഷമാണ് നിരവധി സ്ത്രീകൾ തങ്ങളുടെ അനുഭവങ്ങൾ തുറന്നു പറയാൻ ശക്തമായി രംഗത്തെത്തിയത്. ഈജിപ്റ്റിൽ ജനിച്ച അൽ ഫയാദ് പിന്നീട് ബ്രിട്ടനിലേക്ക് കുടിയേറുകയായിരുന്നു. ഹറോഡ്സ് ശൃംഖലയ്ക്ക് പുറമേ , റിട്സ് പാരിസ് ഹോട്ടൽ, ഫുൾഹാം എഫ് സി ഫുട്ബോൾ ക്ലബ് എന്നിവയുടെ എല്ലാം ഉടമസ്ഥൻ ആയിരുന്നു അൽ ഫയാദ്. ഇദ്ദേഹത്തിന്റെ മകനായിരുന്ന ദോദി അൽ ഫയാദും ഡയാന രാജകുമാരിയും ഒരുമിച്ചായിരുന്നു കാർ അപകടത്തിൽ മരണപ്പെട്ടത്.