Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

സാൻഫോർഡിലെ ഒരു വീട്ടിൽ എട്ട് വയസ്സുകാരിയായ പെൺകുട്ടിയെയും സ്ത്രീയെയും മരിച്ച നിലയിൽ കണ്ടെത്തി. മരിച്ച സ്ത്രീക്ക് 40 വയസ്സ് പ്രായമുണ്ടെന്ന് ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസ് പറഞ്ഞു. ഇന്നലെ രാവിലെ 10. 30 നാണ് വിവരം പോലീസിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് . ഇതേ തുടർന്ന് നോർത്ത് വെസ്റ്റ് ആംബുലൻസ് സർവീസിൻ്റെയും ഗ്രേറ്റർ മാഞ്ചസ്റ്റർ ഫയർ ആൻഡ് റെസ്ക്യൂ സർവീസിൻ്റെയും സഹായത്തോടെയും നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയെയും സ്ത്രീയെയും സംഭവസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

മരിച്ചവരുടെ അടുത്ത ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ടെന്നും കുടുംബത്തിന് സ്പെഷ്യലിസ്റ്റ് ഓഫീസർമാരുടെ പിന്തുണ ഉറപ്പാക്കിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. ഒരു സ്ത്രീയെയും പെൺകുട്ടിയെയും ദാരുണമായി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താൻ തങ്ങൾ പരിശ്രമിക്കുകയാണെന്ന് ഡെറ്റ് സൂപ്റ്റ് സൈമൺ മൊയ്ൽസ് പറഞ്ഞു. സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ കൈമാറാൻ സാധിക്കുന്നവർ മുന്നോട്ട് വരണമെന്ന് പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്. സംഭവത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 101 എന്ന നമ്പറിൽ വിളിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

എൻഎച്ച്എസിലെ നീണ്ട കാത്തിരിപ്പു സമയം ജനങ്ങളെ ബുദ്ധിമുട്ടിലാക്കാൻ തുടങ്ങിയിട്ട് നാളുകളായി. കോവിഡ് മൂലമുണ്ടായ അധിക സമ്മർദ്ദവും നേഴ്സുമാരുടെയും ജൂനിയർ ഡോക്ടർമാരുടെയും പണിമുടക്കും മതിയായ ജീവനക്കാരുടെ അഭാവവുമാണ് കാത്തിരിപ്പു സമയം ഇത്രയും കൂടാനുള്ള കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്. നിലവിൽ 7 ദശലക്ഷത്തിലധികം ആളുകളാണ് എൻഎച്ച്എസ്സിൽ ചികിത്സയ്ക്കായി കാത്തിരിക്കുന്നത്.


ഇതിനിടെ ഇംഗ്ലണ്ടിലെ എൻഎച്ച്എസ്സിന്റെ വെയ്റ്റിംഗ് ലിസ്റ്റ് കുറയ്ക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി പരസ്പരം സഹകരിക്കാൻ യുകെയിലെയും വെയിൽസിലെയും സർക്കാരുകൾ നടപടികൾ സ്വീകരിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ലിവർപൂളിൽ നടക്കുന്ന ലേബറിൻ്റെ വാർഷിക സമ്മേളനത്തിൽ വെൽഷ് സെക്രട്ടറി ജോ സ്റ്റീവൻസ് നടത്തിയ പ്രസംഗത്തിലാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്. വെയിൽസിലെ എൻഎച്ച്എസ്സിന്റെ പ്രവർത്തനം നിയന്ത്രിക്കുന്നത് എലുനെഡ് മോർഗൻ്റെ നേതൃത്വത്തിലുള്ള വെൽഷ് സർക്കാരിൻ്റെ ഉത്തരവാദിത്തമാണ്. ഇംഗ്ലണ്ടിലെ എൻഎച്ച്എസ്സിന്റെ നടത്തിപ്പ് യുകെ സർക്കാരിൻറെ മേൽനോട്ടത്തിലാണ് .


വെയിൽസിലെ എൻഎച്ച്സിലും ഉയർന്ന തോതിലാണ് വെയ്റ്റിംഗ് ലിസ്റ്റ് നിലവിൽ ഉള്ളത്. തങ്ങൾ മുന്നിട്ടു നിൽക്കുന്ന മേഖലയിലെ വിഭവശേഷി പരസ്പരം പങ്കു വെയ്ക്കുന്നത് ഇരു കൂട്ടർക്കും ഉപകാരപ്പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വെയിൽസിൽ ഏകദേശം 593,000 ആളുകളാണ് എൻഎച്ച്എസ് ചികിത്സകൾക്കായി കാത്തിരിക്കുന്നത്. നിലവിൽ യുകെയിലും വെയിൽസിലും ലേബർ പാർട്ടിയാണ് ഭരണം കൈയ്യാളുന്നത് . ഇതാണ് പരസ്പര സഹകരണത്തിനുള്ള സാഹചര്യം ഉടലെടുക്കുന്നതിന് കാരണമായത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലെ നേഴ്സുമാർക്ക് ഗവൺമെന്റ് വാഗ്ദാനം ചെയ്ത ശമ്പള വർദ്ധനവ് നിരസിച്ചതായി റോയൽ കോളേജ് ഓഫ് നേഴ്സിംഗ് (ആർസിഎൻ) അറിയിച്ചു. ആർ സി എൻ അംഗങ്ങൾക്കിടയിൽ നടത്തിയ വോട്ടെടുപ്പിലാണ് ശമ്പള വാഗ്ദാനം നിരസിക്കപ്പെട്ടത്. 145,000 പേർ പങ്കെടുത്ത വോട്ടെടുപ്പിൽ മൂന്നിൽ രണ്ട് അംഗങ്ങളും 5.5 ശതമാനം ശമ്പള വർദ്ധനവിനെതിരെ വോട്ടു ചെയ്തതായാണ് റിപ്പോർട്ടുകൾ.


പൊതു തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടിയുടെ വിജയത്തിന് തൊട്ടു പിന്നാലെയാണ് ജൂലൈ അവസാനം ചാൻസലർ 2024 – 25 വർഷത്തേക്കുള്ള ശമ്പള വർദ്ധനവ് പ്രഖ്യാപിച്ചത്. തങ്ങൾക്കും രോഗികൾക്കും എൻ എച്ച് എസിനും വേണ്ടി നിലകൊള്ളാനാണ് ഇംഗ്ലണ്ടിലെ നേഴ്സുമാർ തീരുമാനിച്ചിരിക്കുന്നത് എന്ന് ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗിന് അയച്ച കത്തിൽ ആർസിഎൻ ജനറൽ സെക്രട്ടറി പ്രൊഫ. നിക്കോള റേഞ്ചർ പറഞ്ഞു.


ഇംഗ്ലണ്ടിലെ ജൂനിയർ ഡോക്ടർമാർക്ക് സാമാന്യം ഭേദപ്പെട്ട ശമ്പള വർദ്ധനവ് സർക്കാർ നടപ്പിലാക്കിയിരുന്നു. ഏകദേശം 22.3 ശതമാനം ശമ്പള വർദ്ധനവാണ് ജൂനിയർ ഡോക്ടർമാർക്ക് ലഭിച്ചത്. ഡോക്ടർമാരുമായി താരതമ്യം ചെയ്യുമ്പോൾ തങ്ങൾക്ക് ലഭിച്ച ശമ്പള വർദ്ധനവ് വളരെ കുറവാണെന്ന പരാതിയാണ് മലയാളികൾ ഉൾപ്പെടെയുള്ള യുകെയിലെ നേഴ്സുമാർക്ക് ഉള്ളത്. സർക്കാരിൽനിന്ന് തങ്ങൾ ആവശ്യപ്പെടുന്നത് ഡോക്ടർമാർക്ക് നൽകിയത് പോലുള്ള ന്യായമായ പരിഗണനയാണെന്ന് ആർസിഎൻ പ്രസിഡൻറ് പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ജൂലൈ നാലിന് നടന്ന പൊതു തിരഞ്ഞെടുപ്പിലെ ഒരു മുഖ്യ ചർച്ചാവിഷയം അനധികൃത കുടിയേറ്റം ആയിരുന്നു. കഴിഞ്ഞ 12 വർഷം യുകെയിൽ അധികാരത്തിലിരുന്ന കൺസർവേറ്റീവ് പാർട്ടി അനധികൃത കുടിയേറ്റം തടയുന്നതിൽ പരാജയപ്പെട്ടത് ഋഷി സുനക് സർക്കാരിൻറെ ജനപ്രീതി ഇടിയുന്നതിൽ വഹിച്ച പങ്ക് വളരെ വലുതാണ്. അനധികൃതമായി യുകെയിൽ എത്തുന്നവരെ റുവാണ്ടയിലേയ്ക്ക് നാടുകടത്താനുള്ള പദ്ധതിയും വൻ വിമർശനങ്ങൾ ആണ് വിളിച്ചു വരുത്തിയത്. അനധികൃത കുടിയേറ്റം തടയാൻ നടപടി സ്വീകരിക്കുമെന്നതായിരുന്നു കെയർ സ്റ്റാർമറിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പിനെ നേരിട്ട ലേബർ പാർട്ടി പ്രധാനമായും മുന്നോട്ടു വെച്ച വാഗ്ദാനം.


പുതിയ ഗവൺമെൻറ് അധികാരമേറ്റതിനു ശേഷമുള്ള അനധികൃത കുടിയേറ്റ കണക്കുകളും ഒട്ടും ആശാവാഹമല്ല. ശനിയാഴ്ച മാത്രം യുകെയിലേക്ക് അനധികൃതമായി 707 പേർ ഇംഗ്ലീഷ് ചാനൽ കടന്നെത്തി എന്ന റിപ്പോർട്ടുകൾ പുറത്തു വന്നു. ഈ വർഷം ഒരു ദിവസം ഇംഗ്ലീഷ് ചാനൽ കടന്നെത്തിയവരുടെ ഏറ്റവും കൂടിയ രണ്ടാമത്തെ പ്രതിദിന കണക്കാണിത്. 2024 ൽ ഇതുവരെ 24,335 പേർ യുകെയിൽ അനധികൃതമായി എത്തിയതായാണ് കണക്കുകൾ കാണിക്കുന്നത്. ജൂൺ 18 – ന് 882 പേരാണ് ഒരു ദിവസം യുകെയിൽ എത്തിയത്. പ്രതിദിന കണക്കുകളുടെ കാര്യത്തിൽ ഏറ്റവും കൂടുതൽ പേർ എത്തിയത് ജൂൺ 18 – ന് ആണ്.

ജൂലൈയിൽ നടന്ന തെരഞ്ഞെടുപ്പിൽ ലേബർ പാർട്ടി വിജയിച്ചതിന് ശേഷം 10,000-ത്തിലധികം ആളുകൾ ആണ് ചാനലിലൂടെ യുകെയിൽ എത്തിയത്. എന്നാൽ മുൻ പോലീസ് മേധാവി മാർട്ടിൻ ഹെവിറ്റിനെ പുതിയ അതിർത്തി സുരക്ഷാ കമാൻഡറായി നിയമിച്ചതിന് ശേഷം, ക്രോസിംഗുകൾ തടയാനുള്ള ശ്രമത്തിൽ പുരോഗതിയുണ്ടെന്ന് സർക്കാർ അറിയിച്ചു. ചെറിയ ബോട്ട് ഉപയോഗിച്ചുള്ള ക്രോസിംഗുകൾ തടയാൻ യൂറോപ്യൻ പോലീസ് സേനയുമായി സർക്കാർ പ്രവർത്തിക്കുമെന്ന് ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പർ പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയുടെ ചില ഭാഗങ്ങളിൽ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി . ഇത് പല സ്ഥലങ്ങളിലും വെള്ളപ്പൊക്കത്തിനും ഗതാഗത തടസ്സത്തിനും കാരണമാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ന് പുലർച്ചെ മുതൽ ഇംഗ്ലണ്ടിന്റെ മധ്യ, തെക്കൻ പ്രദേശങ്ങളിൽ കനത്ത മഴയുണ്ടാകും എന്നാണ് കാലാവസ്ഥ മുന്നറിയിപ്പ് നൽകിയിരിക്കുന്നത് .


കടുത്ത പ്രതികൂല കാലാവസ്ഥ ഉടലെടുക്കുന്ന സാഹചര്യത്തിൽ ഇംഗ്ലണ്ടിന്റെയും വെയിൽസിന്റെയും പല ഭാഗങ്ങളിലും വ്യാപകമായി യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിന്റെ പല ഭാഗങ്ങളിലും വൈദ്യുതി മുടക്കം ഉണ്ടാകുമെന്ന് നാഷണൽ ഗ്രിഡ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വെള്ളിയാഴ്ച മുതൽ ഇംഗ്ലണ്ടിലെയും വെയിൽസിന്റെയും പല ഭാഗങ്ങളിലും പെയ്യുന്ന കനത്ത മഴ സാധാരണ ജനജീവിതം തടസ്സപ്പെടുത്തി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- ‘ദി വാണ്ടഡ് ‘ എന്ന ബോയ് ബാൻഡിലൂടെ ആരാധകർ നെഞ്ചിലേറ്റിയ ടോം പാർക്കറുടെ വിധവ കെൽസി പാർക്കർ താനൊരു പുതിയ ബന്ധത്തിൽ ആണെന്ന് ഇൻസ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ്. 2022 ൽ മുപ്പത്തി മൂന്നാമത്തെ വയസ്സിൽ ബ്രെയിൻ ക്യാൻസർ ബാധിച്ചാണ് പ്രശസ്ത ഗായകനായ ടോം മരണത്തിന് കീഴടങ്ങിയത്. 2018 ലായിരുന്നു ഇരുവരും വിവാഹിതരായത്. ഈ ബന്ധത്തിൽ ഇരുവർക്കും ഒറേലിയ, ബോധി എന്ന രണ്ട് കുട്ടികളുമുണ്ട്. എന്നാൽ തന്റെ പുതിയ ബന്ധത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ കെൽസി പുറത്തു വിട്ടിട്ടില്ല. തനിക്ക് പറ്റിയ ഒരു കൂട്ടാളിയെ ടോം കാട്ടിത്തരുമെന്ന് കഴിഞ്ഞ ജൂണിൽ കെൽസി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ടോമിന്റെ മരണത്തിനു ശേഷമുള്ള കെൽസിയുടെ രണ്ടാമത്തെ ബന്ധമാണ്.

ഇതിനു മുൻപ് കെൽസി ഷോൺ ബോഗൻസുമായുള്ള ബന്ധം 2023 ഡിസംബറിൽ വേർപിരിഞ്ഞിരുന്നു. തന്റെ കുട്ടികളോടൊപ്പം ഉള്ള ബ്ലോഗുകൾക്കും, അതോടൊപ്പം തന്നെ പോഡ്കാസ്റ്റർ എന്ന നിലയിലും കെൽസി സോഷ്യൽ മീഡിയയിൽ ആരാധകർക്ക് പ്രിയപ്പെട്ടവളാണ്. പുതിയ ബന്ധം സോഷ്യൽ മീഡിയയിൽ അറിയിച്ചപ്പോൾ, നിരവധി ആരാധകരാണ് ഇവരെ സന്തോഷത്തോടെ സ്വാഗതം ചെയ്തിരിക്കുന്നത്. തന്റെ ടോമിന്റെ അഭാവം തനിക്ക് എപ്പോഴും അനുഭവപ്പെടുന്നുണ്ടെന്ന് കെൽസി കഴിഞ്ഞ മാർച്ചിൽ എഴുതിയ ഹൃദയസ്പർശിയായ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടനിൽ ട്രാഫിക് പിഴ ഈടാക്കുന്നതിൽ വൻ വർദ്ധനവ് ഉണ്ടായതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. വിവിധ ട്രാഫിക് നിയമലംഘനങ്ങളുടെ പേരിൽ ചുമത്തുന്ന പിഴയിൽ 53 ശതമാനം വർദ്ധനവ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത് . ട്രാൻസ്പോർട്ട് ഫോർ ലണ്ടൻ ആണ് തലസ്ഥാനത്തെ പാതകളിലെ ഗതാഗത നിയമലംഘനങ്ങൾക്ക് പിഴ ചുമത്തുന്നതിന് മേൽ നോട്ടം വഹിക്കുന്നത്.


2023 – 24 സാമ്പത്തിക വർഷത്തിൽ വിവിധ ഗതാഗത നിയമ ലംഘനങ്ങൾക്ക് 89.3 മില്യൺ ആണ് പിഴയായി ഈടാക്കിയത് . എന്നാൽ 2018 – 19 -ൽ ഇത് 56.8 മില്യൺ മാത്രമായിരുന്നു എന്ന് കണക്കുകൾ കാണിക്കുന്നു. കൂടുതൽ ഫലവത്തായ സിസിടിവി ക്യാമറകൾ ഉപയോഗിക്കുന്നത് ചെറിയ നിയമലംഘനങ്ങൾ പോലും കണ്ടുപിടിക്കാൻ സഹായിക്കുന്നതാണ് പിഴ തുക ഉയരാൻ ഒരു കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം ട്രാൻസ്പോർട്ട് ഫോർ ലണ്ടൻ 138 മില്യൺ പൗണ്ട് ലാഭം ഉണ്ടാക്കിയതായാണ് വാർഷിക റിപ്പോർട്ടിൽ ചൂണ്ടി കാണിച്ചിരിക്കുന്നത്.


കർശനമായ ഗതാഗത നിയമങ്ങൾ പാലിക്കുന്ന രാജ്യമാണ് യുകെ. എന്നാൽ ട്രാൻസ്പോർട്ട് ഫോർ ലണ്ടൻ ഡ്രൈവർമാരിൽ നിന്ന് അനാവശ്യമായി പിഴ ഈടാക്കുകയാണെന്ന ആക്ഷേപം ശക്തമാണ്. 2022 – ൽ ട്രാൻസ്പോർട്ട് ഫോർ ലണ്ടന്റെ പെനാൽറ്റി ചാർജ് 130 പൗണ്ടിൽ നിന്ന് 160 പൗണ്ട് ആയി വർധിപ്പിച്ചിരുന്നു. റോഡ് നിയമങ്ങൾ നടപ്പിലാക്കുന്നതിലുപരി ട്രാൻസ്പോർട്ട് ഫോർ ലണ്ടന് വരുമാനം ഉണ്ടാക്കാൻ ഡ്രൈവർമാരെ ആവശ്യമാണെന്നാണ് ഈ വിഷയത്തിൽ ബ്രിട്ടീഷ് മോട്ടറിങ്ങ് അസോസിയേഷൻ പ്രതികരിച്ചത് .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- നിലവിൽ സമ്പന്നരായ നാല് ശതമാനം കുടുംബങ്ങൾ മാത്രമാണ് യു കെയിൽ അനന്തരാവകാശ നികുതി അടക്കുന്നത്. എന്നാൽ ലേബർ സർക്കാരിന്റെ ഒക്ടോബർ മാസം അവതരിപ്പിക്കുവാനിരിക്കുന്ന ബഡ്ജറ്റിനെ സംബന്ധിച്ച ആശങ്കകൾ ശക്തമായിരിക്കുകയാണ്. ബഡ്ജറ്റിൽ കനത്ത മാറ്റങ്ങൾ ഉണ്ടായാൽ കൂടുതൽ പേർക്ക് അനന്തരാവകാശ നികുതി അടയ്ക്കേണ്ടി വരുമെന്ന ആശങ്കയാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്. അനന്തരാവകാശ നികുതി ഭൂരിഭാഗം എസ്റ്റേറ്റുകളെയും ബാധിക്കുന്നില്ലെങ്കിലും, ബ്രിട്ടനിലെ ഏറ്റവും വെറുക്കപ്പെട്ട നികുതിയായാണ് ഇത് വിശേഷിപ്പിക്കപ്പെടുന്നത്. ഏറ്റവും പുതിയ എച്ച് എം ആർ സി കണക്കുകൾ പ്രകാരം, ഈ വർഷം ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെ എസ്റ്റേറ്റുകൾ 3.5 ബില്യൺ പൗണ്ട് നികുതിയായി നൽകിയിട്ടുണ്ട്. ഇത് 2023 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 0.3 ബില്യൺ പൗണ്ട് കൂടുതലാണ്. സാധാരണയായി ഒരാളുടെ മരണശേഷം, അയാളുടെ നികുതിരഹിത പരിധിക്ക് മുകളിലുള്ള ആസ്തികൾക്കാണ് 40 ശതമാനം അനന്തരാവകാശ നികുതി ചുമത്തപ്പെടുന്നത്. ഒരു എസ്റ്റേറ്റിൻ്റെ വലുപ്പം കണക്കാക്കാനായി നിങ്ങൾ ഏതെങ്കിലും വസ്തുവിന്റെ മോർട്ട്ഗേജുകൾ ഒഴിവാക്കിയുള്ള വില, നിക്ഷേപങ്ങൾ, സമ്പാദ്യം, മറ്റ് ആസ്തികൾ എന്നിവയുടെ മൂല്യം കൂട്ടിച്ചേർക്കേണ്ടതുണ്ട്. അവിവാഹിതനായ ഒരാൾക്ക് 325,000 പൗണ്ട് മൂല്യവും, വിവാഹബന്ധത്തിൽ അല്ലെങ്കിൽ സിവിൽ പങ്കാളിത്തത്തിൽ ഉൾപ്പെട്ടിരിക്കുന്നവർക്ക് 650,000 പൗണ്ടും വരെ അനന്തരാവകാശ നികുതിക്ക് ബാധകമാവുകയില്ല. ഇതിനെ നിൽ റേറ്റ് ബാൻഡ് എന്നാണ് നിയമങ്ങളിൽ പ്രതിപാദിക്കുന്നത്. എന്നാൽ ഒരാൾക്ക് ഇതിലും കൂടുതൽ മൂല്യമുള്ളവരാണെങ്കിൽ പോലും, സ്വന്തം വീട് തങ്ങളുടെ നേരിട്ടുള്ള പിൻഗാമികൾക്ക് വിട്ടുകൊടുക്കുകയാണെങ്കിൽ 175,000 പൗണ്ട് വ്യക്തിഗത അലവൻസ് കൂടി ലഭിക്കും.

എന്നാൽ ഒക്ടോബറിൽ അവതരിപ്പിക്കുന്ന ലേബർ പാർട്ടിയുടെ പുതിയ ബഡ്ജറ്റിൽ കനത്ത മാറ്റങ്ങൾ ഉണ്ടാവുകയാണെങ്കിൽ കൂടുതൽ പേർക്ക് അനന്തരാവകാശ നികുതി അടയ് ക്കേണ്ടി വരും എന്ന ഭീതിയാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്. നിലവിലെ നികുതിപരിധികൾ വെട്ടി കുറയ്ക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ ഇത്തരം ആശങ്കകൾക്ക് ഉള്ള ഉത്തരം ബഡ്ജറ്റിലൂടെ മാത്രമേ ലഭിക്കുകയുള്ളൂ.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

പ്രധാനമന്ത്രിയായതിന് ശേഷം കെയർ സ്റ്റാർമറിൻ്റെ ജനപ്രീതി കുത്തനെ ഇടിഞ്ഞതായി ഒബ്സർവറിൻറെ പുതിയ അഭിപ്രായ സർവേ. പ്രധാനമന്ത്രിയെ നേരത്തെ പിന്തുണച്ചിരുന്നവരിൽ 24% വോട്ടർമാർ മാത്രമാണ് ഇപ്പോഴും അദ്ദേഹത്തെ പിന്തുണയ്ക്കുന്നത്. 50 % പേർ പ്രധാനമന്ത്രിയുടെ നയങ്ങൾ അംഗീകരിക്കുന്നില്ല. ടോറി നേതാവും മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായ റിഷി സുനകിന്റെ അഭിപ്രായ സർവ്വേ കെയർ സ്റ്റാർമറിനേക്കാൾ ഒരു പോയിന്റ് മുന്നിലാണ്. പ്രധാനമന്ത്രിയെന്ന നിലയിൽ കെയർ സ്റ്റാർമറിൻ്റെ ആദ്യ ലേബർ പാർട്ടി സമ്മേളനത്തിന് തൊട്ടുമുമ്പാണ് ജനപ്രീതിയിൽ ഇടിവ് സംഭവിച്ചിരിക്കുന്നത്.

ജനപ്രീതിയുടെ കാര്യത്തിൽ കാര്യമായ ഇടിവ് നേരിടുന്നത് പ്രധാനമന്ത്രി കെയർ സ്റ്റാർമർ മാത്രമല്ല. ജൂലൈ മുതലുള്ള കണക്കനുസരിച്ച് ചാൻസിലർ റേച്ചൽ റീവ്സിന് 36 പോയിൻ്റ് ഇടിവാണ് ഉണ്ടായിരിക്കുന്നത്. ശീതകാല ഇന്ധന പേയ്‌മെൻ്റുകൾ വെട്ടി കുറച്ചതും വരാനിരിക്കുന്ന ബജറ്റിൽ നികുതി വർദ്ധിപ്പിക്കുമെന്നുള്ള സൂചനകളും ഇതിന് കാരണമായിട്ടുണ്ട്.

മുതിർന്ന ക്യാബിനറ്റ് അംഗങ്ങളുടെ അംഗീകാര റേറ്റിംഗുകൾ കുറയുന്നതോടെ പുതിയ സർക്കാരിൻ്റെ “ഹണിമൂൺ” കാലയളവ് അവസാനിച്ചതായാണ് പ്രമുഖ മാധ്യമങ്ങൾ അഭിപ്രായപ്പെടുന്നത്. നിലവിലെ വെല്ലുവിളികൾക്ക് മുൻ കൺസർവേറ്റീവ് ഗവൺമെൻ്റിനെ ഇപ്പോഴും കുറ്റപ്പെടുത്തുന്നുണ്ടെങ്കിലും, അവരുടെ കുറവുകൾ നികത്താൻ പുതിയ സർക്കാരിന് സാധിച്ചെന്ന് വിശ്വസിക്കുന്നത് 27% പേരാണ്. അതേസമയം, ലേബർ വോട്ടർമാരിൽ 32% പേരും പുതിയ സർക്കാരിൻെറ നയങ്ങളിൽ അതൃപ്‌തി പ്രകടിപ്പിച്ചു. സർക്കാർ സാമ്പത്തിക വളർച്ചയ്ക്ക് കൂടുതൽ ഊന്നൽ നൽകണമെന്ന് ജനങ്ങൾക്കിടയിൽ അഭിപ്രായം ഉയരുന്നുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിസ്റ്റോളിലെ ഈസ്റ്റ് വില്ലെയിൽ കത്തിയാക്രമണത്തിൽ ഒരാൾ ദാരുണമായി കൊല്ലപ്പെട്ടു. 25 വയസ്സുകാരനായ യുവാവാണ് മരണമടഞ്ഞത്. സംഭവത്തിൽ 32 വയസ്സുകാരനായ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്നലെ വൈകുന്നേരം 5.45നാണ് ബ്രിസ്റ്റോളിലെ ഈസ്റ്റ് വില്ലെ ഏരിയയിൽ വെച്ചാണ് ഇയാളെ പിടികൂടിയത്.


കത്തി കുത്തേറ്റ ആളെ അടിയന്തിര ശുശ്രൂഷകൾ നൽകി പാരാമെഡിക്കലുകളുടെ സഹായത്തോടെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ വൈകിട്ടോടെയാണ് ഇയാളുടെ മരണം സ്ഥിരീകരിച്ചത്. കുറ്റവാളിയെ സഹായിച്ചുവെന്ന് സംശയിക്കുന്ന 36 ഉം 47 ഉം വയസ്സ് പ്രായമായ രണ്ട് സ്ത്രീകൾ അറസ്റ്റിലായിട്ടുണ്ട്. നിലവിൽ ഇവർ ഇരുവരും പോലീസ് കസ്റ്റഡിയിൽ തുടരുകയാണ്. സംഭവത്തെ കുറിച്ച് എന്തെങ്കിലും വിവരങ്ങൾ അറിയാവുന്നവർ മുന്നോട്ട് വന്ന് വിവരങ്ങൾ കൈമാറണമെന്ന് പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്.

Copyright © . All rights reserved