Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഗ്ലാസ്ഗോയിലെ ബുക്കാനൻ സ്ട്രീറ്റിൽ ശനിയാഴ്ച കുടിയേറ്റ വിരുദ്ധരും വംശീയതയ്‌ക്കെതിരായ പ്രതിഷേധക്കാരും തമ്മിൽ കടുത്ത സംഘർഷം നടന്നു. “സ്റ്റോപ്പ് ദി ബോട്ട്സ്”, “യുണൈറ്റ് ദി കിംഗ്ഡം” എന്നീ മുദ്രാവാക്യങ്ങളുമായി പ്രതിഷേധക്കാർ എത്തിയപ്പോൾ, എതിർ പക്ഷമായി യൂണിയനുകളും പൗരാവകാശ സംഘടനകളും “ബെയേൺസ് നോട്ട് ബിഗോട്ട്സ്”, “റഫ്യൂജീസ് വെൽക്കം” തുടങ്ങിയ സന്ദേശങ്ങളുമായി റാലി നടത്തി.

സംഘർഷ സാധ്യതകൾ ഉയർന്നപ്പോൾ വ്യാപകമായ പൊലീസ് സാന്നിധ്യം ഉറപ്പാക്കി ഇരു വിഭാഗവും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടൽ തടയുകയായിരുന്നു. വംശീയ വിരുദ്ധ പ്രവർത്തകർ സംഗീതവും മുദ്രാവാക്യങ്ങളും മുഴക്കിയപ്പോൾ കുടിയേറ്റ വിരുദ്ധരുടെ പ്രസംഗങ്ങൾ കേൾപ്പിക്കപ്പെടാൻ പോലും പ്രയാസമായി. മൂന്ന് മണിക്കൂറോടെ ‘യൂണിറ്റി റാലി’ പിരിഞ്ഞെങ്കിലും, പ്രതിരോധക്കാരിൽ ചിലർ സ്ഥലത്ത് തുടർന്നു. ഒരു പൊലീസ് ഓഫീസറെ ആക്രമിച്ച കേസിൽ 47-കാരനെ അറസ്റ്റ് ചെയ്തതായി സ്കോട്ട് ലാൻഡ് പൊലീസ് അറിയിച്ചു.

ബ്രിട്ടൻ മുഴുവനും കുടിയേറ്റ വിഷയം ശക്തമായ രാഷ്ട്രീയ-സാമൂഹിക ചർച്ചയായി മാറിയിരിക്കുകയാണ്. കഴിഞ്ഞ വർഷം ഇംഗ്ലണ്ടിലും നോർത്ത് അയർലണ്ടിലും വംശീയ അക്രമങ്ങൾ ഉണ്ടായപ്പോൾ സ്കോട്ട്‌ ലൻഡിൽ സ്ഥിതി ശാന്തമായിരുന്നു. എന്നാൽ ഇപ്പോൾ അവിടേയ്ക്കും പ്രതിഷേധങ്ങൾ ശക്തമാകുന്നുവെന്നതാണ് ശ്രദ്ധേയമായ മാറ്റം. അഭയാർത്ഥി പാർപ്പിടം, ആരോഗ്യ സൗകര്യങ്ങളുടെ ക്ഷാമം, തൊഴിൽ പ്രശ്നങ്ങൾ എന്നിവയെല്ലാം ചേർന്ന് കുടിയേറ്റം ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ ഏറ്റവും വിവാദ വിഷയങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഹീത്രു ഉൾപ്പെടെ യൂറോപ്പിലെ നിരവധി വിമാനത്താവളങ്ങളിലെ ചെക്ക്-ഇൻ, ബാഗേജ് സിസ്റ്റങ്ങൾ സൈബർ ആക്രമണത്തെ തുടർന്ന് തകരാറിലായി. കൊളിൻസ് എയറോസ്പേസ് നൽകുന്ന ‘മ്യൂസ്’ സോഫ്റ്റ്‌വെയറാണ് ഹാക്കർമാരുടെ ആക്രമണത്തിന് ഇരയായത് . ബ്രസ്സൽസ്, ബെർലിൻ, ഡബ്ലിൻ വിമാനത്താവളങ്ങളുടെ പ്രവർത്തനങ്ങളും തകരാറിലായതായതാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചില വിമാനങ്ങൾ റദ്ദാക്കുകയോ വൈകുകയോ ചെയ്തു. ബ്രിട്ടീഷ് എയർവേയ്‌സ് മാത്രമാണ് ബാക്കപ്പ് സിസ്റ്റം ഉപയോഗിച്ച് സാധാരണ സർവീസുകൾ തുടരുന്നത്.

യൂറോ കൺട്രോൾ ചില സർവീസുകൾ റദ്ദാക്കാൻ നിർദ്ദേശം നൽകിയപ്പോൾ ആയിരക്കണക്കിന് യാത്രക്കാർ ആണ് മണിക്കൂറുകളോളം കുടുങ്ങി കിടക്കുന്ന അവസ്ഥയാണ് ഉള്ളത് . ചില വിദഗ്ധർ റാൻസംവെയർ ആക്രമണമാകാമെന്ന് സൂചിപ്പിച്ചെങ്കിലും ആക്രമണത്തിന്റെ ഉറവിടം വ്യക്തമല്ല. ഗതാഗത വകുപ്പ് സംഭവ വികാസങ്ങൾ നിരീക്ഷിക്കുകയാണെന്ന് അറിയിച്ചു. കഴിഞ്ഞ വർഷം ക്രൗഡ്‌സ്ട്രൈക്ക് നൽകിയ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് പിഴവ് കാരണം ആഗോളതലത്തിൽ വിമാന സർവീസുകൾ മണിക്കൂറുകളോളം നിലച്ചിരുന്നു. അമേരിക്കയിൽ നിരവധി വിമാനങ്ങളുടെ യാത്ര മുടങ്ങിയപ്പോൾ യൂറോപ്പിലും സർവീസുകളിൽ തടസ്സം നേരിട്ടു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ആറു മുതിർന്നവരുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ സൗത്ത് വെസ്റ്റേൺ ആംബുലൻസ് സർവീസിലെ രണ്ട് ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. 2023-ൽ തുടങ്ങിയ അന്വേഷണത്തിലാണ് അറസ്റ്റുകൾ ഉണ്ടായത്. മുപ്പത് വയസ് കഴിഞ്ഞ ഒരു പുരുഷനെ കഴിഞ്ഞ വർഷം അറസ്റ്റു ചെയ്തിരുന്നു. ഗുരുതരമായ അശ്രദ്ധ കൊണ്ടുള്ള കൊലപാതകം തുടങ്ങിയ വകുപ്പുകളാണ് ആറു പേരുടെ മരണത്തിൽ പോലീസ് പ്രതികളുടെ മേൽ ചുമത്തിയിരിക്കുന്നത്. ഇത് കൂടാതെ രോഗികളെ ദുരുപയോഗം ചെയ്തതോ ഉപേക്ഷിച്ചതോ സംബന്ധിച്ച കുറ്റങ്ങളും ഉൾപെടുത്തിയുട്ടുണ്ട് . ഈ വർഷം മാർച്ചിൽ 59-കാരിയായ സ്ത്രീയെയും സമാനമായ കുറ്റത്തിന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇരുവരെയും ഇപ്പോൾ ജാമ്യത്തിൽ വിട്ടതായി വിൽഷെയർ പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങൾക്കും പ്രിയപ്പെട്ടവർക്കും എല്ലാ പിന്തുണയും നൽകുമെന്നും മേജർ ക്രൈം ടീം ഡിറ്റക്ടീവ് ചീഫ് ഇൻസ്പെക്ടർ ഫിൽ വാക്കർ വ്യക്തമാക്കി. വിവരം അറിഞ്ഞയുടനെ തന്നെ ജീവനക്കാരെ എല്ലാവരെയും ഉടൻ തന്നെ എല്ലാ ചുമതലകളിൽ നിന്നും ഒഴിവാക്കിയിരുന്നു എന്ന് ആംബുലൻസ് സർവീസ് അധികൃതർ പറഞ്ഞു. ഒരാളും ഇപ്പോൾ ട്രസ്റ്റിൽ ജോലി ചെയ്യുന്നില്ലെന്നും ഇത് ഒറ്റപ്പെട്ട സംഭവമാണെന്നും രോഗികൾക്ക് തുടർന്നും സുരക്ഷിതമായി 999 എമർജൻസി സേവനം വിളിക്കാമെന്നും സൗത്ത് വെസ്റ്റേൺ ആംബുലൻസ് സർവീസിന്റെ വക്താവ് പറഞ്ഞു.

പോലീസ് ഇപ്പോഴും മരണങ്ങളുടെ കൃത്യമായ സാഹചര്യങ്ങൾ വ്യക്തമാക്കിയിട്ടില്ല. എന്നാൽ, പ്രാഥമിക പരിശോധനകൾ പ്രകാരം മരണം സംഭവിച്ചത് ജീവനക്കാരുടെ ഗുരുതരമായ അശ്രദ്ധയും സേവനത്തിലെ വീഴ്ചകളുമാണെന്ന സംശയമാണ് ശക്തമാകുന്നത്. സംഭവം പുറത്തു വന്നതോടെ പ്രാദേശിക സമൂഹത്തിലും ആരോഗ്യരംഗത്തും ഞെട്ടലാണ് ഉളവാക്കിയിരിക്കുന്നത്. ഭാവിയിൽ ഇത്തരത്തിലുള്ള ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനായി കർശനമായ നിരീക്ഷണവും ഉത്തരവാദിത്തവും ഉറപ്പാക്കണമെന്നും മരിച്ചവരുടെ കുടുംബങ്ങൾ ആവശ്യപ്പെട്ടു. 2022-ൽ നടന്ന അവസാന പരിശോധനയിൽ കെയർ ക്വാളിറ്റി കമ്മീഷൻ സൗത്ത് വെസ്റ്റേൺ ആംബുലൻസ് സർവീസിനെ “ഗുഡ്” എന്നാണ് റേറ്റിംഗ് നൽകിയിരുന്നത്. പരിചരണത്തിൽ “ഔട്ട്‌സ്റ്റാൻഡിംഗ്” റേറ്റിംഗും ലഭിച്ചിരുന്നു. എന്നാൽ അടിയന്തിര സേവനങ്ങളിലും അടിയന്തര പരിചരണത്തിലും മെച്ചപ്പെടുത്തൽ ആവശ്യമുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടിയിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ 12 വയസ്സുകാരിയെ ബലാത്സംഗം ചെയ്തതും ഡസൻ കണക്കിന് കുട്ടികളെ ഓൺലൈനിലൂടെ ചൂഷണം ചെയ്തതുമായ കുറ്റത്തിന് 22 വയസുകാരനായ സ്റ്റുവർട്ട് ലാത്താമിന് 14 വർഷത്തെ തടവുശിക്ഷ വിധിച്ചു. 22 കാരനായ പ്രതി 11 മുതൽ 13 വരെ പ്രായമുള്ള നൂറുകണക്കിന് പെൺകുട്ടികളിൽ നിന്ന് അശ്ലീല ദൃശ്യങ്ങൾ ആവശ്യപ്പെട്ടതായി പൊലീസ് കണ്ടെത്തി. ഇയാളുടെ ഉപകരണങ്ങളിൽ നിന്ന് 4,000-ലധികം അശ്ലീല ചിത്രങ്ങൾ കണ്ടെടുത്തു. അതിൽ 1,000-ത്തിലധികം “കാറ്റഗറി എ” വിഭാഗത്തിൽപ്പെട്ടവയായിരുന്നു.

പ്രസ്റ്റൺ ക്രൗൺ കോടതിയിൽ നടന്ന വിചാരണയിൽ ലാത്താം 49 കുറ്റങ്ങൾക്കാണ് കുറ്റസമ്മതം നടത്തിയത്. കുറഞ്ഞത് 41 പേരാണ് ഇതുവരെ കണ്ടെത്തിയ ഇരകളെന്ന് പൊലീസ് പറഞ്ഞു. കുട്ടികളോട് “ജോഷ്” എന്ന 14 കാരനായിട്ടാണ് ഇയാൾ സോഷ്യൽ മീഡിയ വഴി ഇടപെട്ടത് . കുട്ടികളെ ഭീഷണിപ്പെടുത്തിയും പണം വാഗ്ദാനം ചെയ്തുമാണ് ഇയാൾ ലൈംഗിക ദൃശ്യങ്ങൾ ആവശ്യപ്പെട്ടിരുന്നത്.

“അത്യന്തം അപകടകരമായ കുറ്റവാളി”യെന്നാണ് ഗ്രേറ്റർ മാഞ്ചസ്റ്റർ പൊലീസ് ഉദ്യോഗസ്ഥൻ ഡിഎസ് സൈമൺ ഫ്രാൻസ് പ്രതിയെ വിശേഷിപ്പിച്ചത് . സാമൂഹ്യമാധ്യമങ്ങളിൽ പ്രായപരിശോധന ശക്തമാക്കണമെന്നും മാതാപിതാക്കൾ കുട്ടികളുടെ ഓൺലൈൻ പ്രവർത്തനങ്ങൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കോടതി ലാത്താമിന്റെ പ്രവൃത്തികളെ ക്ഷമിക്കാനാവാത്തത് എന്നാണ് വിശേഷിപ്പിച്ചത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

വെസ്റ്റ് സസ്സെക്സിലെ ന്യൂപൗണ്ട് കോമൺ, വിസ്ബറോ ഗ്രീൻ പ്രദേശത്ത് വെള്ളിയാഴ്ച രാവിലെ 9 മണിയ്ക്ക് ഹോട്ട് എയർ ബലൂണിൽ നിന്നു വീണ് ഒരാൾ മരിച്ചു. പോലീസ് ഡ്രോണുകളും നായകളും ഉപയോഗിച്ച് നടത്തിയ തിരച്ചിലിൽ, വൈകുന്നേരം 1:50 ന് മൃതദേഹം കണ്ടെത്തി. മരണമടഞ്ഞ ആളെ ഔദ്യോഗികമായി ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല . ഇയാൾ ബില്ലിംഗ്സ്‌ഹർസ്റ്റ് മുതൽ ഡൺസ്ഫോൾഡ് വരെ നടത്തിയ ബലൂൺ യാത്രയിൽ പങ്കെടുത്തവരിലൊരാളാണ് എന്നാണ് സസെക്സ് പൊലീസ് അറിയിച്ചത്.

ഒറ്റപ്പെട്ട സംഭവമാണ് ഇതെന്നാണ് പോലീസ് അറിയിച്ചത്. ഇത്തരം അപകടങ്ങൾ രാജ്യത്ത് വളരെ അപൂർവമാണ്. അമേരിക്കൻ സെൻറർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ (CDC) പ്രകാരം ഹോട്ട് എയർ ബലൂണിൽ നിന്നു വീണ് മരിച്ചവരുടെ എണ്ണം വളരെ കുറവാണ്. വിശദമായ പരിശോധനകൾക്ക് ശേഷമേ അപകടത്തിന്റെ യഥാർത്ഥ കാരണം സ്ഥിരീകരിക്കാൻ കഴികയുള്ളു എന്ന് പോലീസ് അറിയിച്ചു.
പരിസ്ഥിതി വ്യത്യാസങ്ങളും കാലാവസ്ഥാ പ്രവണതകളും ബലൂൺ യാത്രകൾക്കിടെ അപകടത്തിൽ വലിയ പങ്ക് വഹിക്കാം എന്നാണ് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. പ്രാദേശികാരോഗ്യ, സുരക്ഷാ ഉദ്യോഗസ്ഥർ, ബലൂൺ ഓപ്പറേറ്റർമാർക്കൊപ്പം ചേർന്ന് ഇത്തരത്തിലുള്ള യാത്രകൾക്ക് കൂടുതൽ സുരക്ഷാ മാർഗരേഖകൾ നിർദ്ദേശിക്കുകയും അവ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യണമെന്ന ആവശ്യം ശക്തമാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ആഫ്ഗാനിസ്ഥാനിൽ കഴിഞ്ഞ എട്ടുമാസത്തിലേറെയായി തടവിലായിരുന്ന ബ്രിട്ടീഷ് ദമ്പതികളായ പീറ്റർ റെയ്നൾഡ്സും (80) ഭാര്യ ബാർബിയും (76) ഒടുവിൽ മോചിതരായി. ഖത്തറിന്റെ ഇടപെടലിലൂടെയാണ് ഇവരെ വിട്ടയച്ചത് . ആദ്യം ഖത്തറിലേയ്ക്ക് കൊണ്ടുപോയി മെഡിക്കൽ പരിശോധനകൾക്ക് വിധേയരാക്കിയതിന് ശേഷം അവർ ബ്രിട്ടനിലേയ്ക്ക് മടങ്ങുമെന്നാണ് വിവരം. 2021-ൽ താലിബാൻ അധികാരം പിടിച്ചടക്കിയപ്പോൾ പല പാശ്ചാത്യരും രാജ്യം വിട്ടെങ്കിലും രണ്ടര പതിറ്റാണ്ടായി ബാമിയാൻ പ്രവിശ്യയിൽ ജീവിച്ചിരുന്ന ഇവർ ആഫ്ഗാനിസ്ഥാൻ വിട്ടുപോകാൻ തയാറായില്ലായിരുന്നു.

പീറ്ററും ബാർബിയും 1970-ൽ കാബൂളിൽ വെച്ചാണ് വിവാഹിതരായത് . കഴിഞ്ഞ 18 വർഷമായി അവർ ആഫ്ഗാനിസ്ഥാനിൽ പ്രാദേശികർക്കായി തൊഴിൽ പരിശീലന പരിപാടി നടത്തുകയായിരുന്നു. താലിബാൻ അധികാരം പിടിച്ച ശേഷവും പ്രാദേശിക അധികാരികളുടെ അംഗീകാരത്തോടെ സേവനം തുടരുകയായിരുന്നു. 2025 ഫെബ്രുവരി 1-ന് അവർ യാത്ര ചെയ്യുന്നതിനിടെ താലിബാൻ ഭരണകൂടം ഇവരെ തടവിലാക്കുകയായിരുന്നു . നിയമലംഘനമാണെന്നാരോപിച്ച് പിടികൂടിയെങ്കിലും വ്യക്തമായ കുറ്റപത്രം ഇതുവരെ നൽകിയിരുന്നില്ല . തടവിലിരിക്കെ ഇവർ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ നേരിട്ടതായി മക്കളും യു.എന്നും വ്യക്തമാക്കിയിരുന്നു. മകൻ ജോനാഥൻ റെയ്നൾഡ്സ് പറഞ്ഞത് പ്രകാരം, പിതാവ് പലപ്പോഴും കുഴഞ്ഞു വീഴുകയും മാതാവ് ക്ഷയരോഗം, പോഷകാഹാര കുറവ് എന്നിവ മൂലവും അവശയായിരുന്നു.

കുടുംബാംഗങ്ങളും അന്താരാഷ്ട്ര സംഘടനകളും മാസങ്ങളായി നടത്തിയ ശക്തമായ ഇടപെടലോടെയാണ് മോചനം നടന്നത്. ഖത്തർ സ്ഥാനപതി ഇവർക്ക് മരുന്നും ഡോക്ടർ സഹായവും കുടുംബവുമായി ബന്ധപ്പെടാനുള്ള സൗകര്യവും തടവിനിടെ ഒരുക്കിയിരുന്നു. ബ്രിട്ടീഷ് സർക്കാർ താലിബാനെ അംഗീകരിക്കുന്നില്ലെന്നും കാബൂളിലെ എംബസി അടച്ചിരിക്കുന്നതിനാൽ സഹായം പരിമിതമാണെന്നും വിദേശകാര്യ ഓഫീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഒടുവിൽ, ബ്രിട്ടീഷ് പ്രത്യേക പ്രതിനിധി റിച്ചാർഡ് ലിൻഡ്സിയ്ക്ക് കൈമാറിയാണ് ദമ്പതികളെ ഖത്തറിലേയ്ക്കുള്ള വിമാനത്തിൽ അയച്ചത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: യുകെയും ഫ്രാൻസും തമ്മിൽ കഴിഞ്ഞ മാസം ഒപ്പുവെച്ച ‘വൺ ഇൻ വൺ ഔട്ട്’ കരാറിന്റെ ഭാഗമായി ഇംഗ്ലീഷ് ചാനൽ വഴി എത്തിയ ആദ്യ കുടിയേറ്റക്കാരനെ യുകെ അധികൃതർ ഫ്രാൻസിലേക്ക് തിരിച്ചയച്ചു. വ്യാഴാഴ്ച രാവിലെ എയർ ഫ്രാൻസ് വിമാനത്തിലൂടെ പാരീസിലെത്തിച്ചയാൾ ഇന്ത്യക്കാരനാണ്. ഈ കരാർ നടപ്പിലാക്കുന്നതോടെ അനധികൃതമായി ചെറിയ ബോട്ടുകളിൽ കടന്നു വരുന്നവരെ തടയാമെന്നതാണ് സർക്കാരിന്റെ പ്രതീക്ഷ.

അതേസമയം, ഒരു എറിട്രിയൻ കുടിയേറ്റക്കാരനെ താൽക്കാലികമായി മടക്കി അയക്കുന്നത് തടയാനുള്ള ഹർജി ഹൈക്കോടതി തള്ളി. 2019-ൽ സ്വന്തം രാജ്യത്ത് നിന്ന് നിർബന്ധിത സൈനിക സേവനം ഒഴിവാക്കാനായി പല രാജ്യങ്ങളിലും താമസിച്ച ശേഷമാണ് ഇയാൾ ഡങ്കിർക്കിൽ എത്തി ഇംഗ്ലണ്ടിലേക്ക് കടക്കാൻ ശ്രമിച്ചത്. എന്നാൽ അഭയം തേടിയ അപേക്ഷയും മനുഷ്യക്കടത്തിൻറെ ഇരയാണെന്ന വാദവും അധികൃതർ നിരാകരിച്ചതോടെയാണ് തിരിച്ചയക്കാനുള്ള നടപടികൾക്ക് കോടതി അനുമതി നൽകിയത്.


‘വൺ ഇൻ വൺ ഔട്ട്’ കരാറിന്റെ ഭാഗമായി കൂടുതൽ വിമാന യാത്രകൾ ഉടൻ നടക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു . കരാറിൻറെ ഭാഗമായി ഇപ്പോൾ ഏകദേശം 100 പുരുഷന്മാർ ലണ്ടനോട് ചേർന്നുള്ള കുടിയേറ്റ തടങ്കൽ കേന്ദ്രങ്ങളിൽ കഴിയുകയാണ്. ഇവരിൽ പലർക്കും തിരിച്ചയക്കാനുള്ള തീയതി ലഭിച്ചിട്ടില്ലെങ്കിലും, നിരവധി പേർ അടിമത്തത്തിനും മനുഷ്യക്കടത്തിനും ഇരയായതായി വാദിച്ച് നടപടികളെ ചോദ്യം ചെയ്യാൻ ശ്രമിക്കുന്നുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടീഷ് രാജകുടുംബം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും പ്രഥമ വനിതയായ മെലാനിയ ട്രംപിനും നൽകിയ സ്വീകരണം ചരിത്രത്തിൽ സമാനതകളില്ലാത്തതായിരുന്നു. രാജാവും റാണിയും പ്രിൻസ്, പ്രിൻസസ് ഓഫ് വെയിൽസ് എന്നിവർ ചേർന്ന് നടത്തിയ വരവേൽപ്പിൽ രഥയാത്ര മുതൽ സൈനിക ബഹുമതികൾ ഉൾപ്പെടെയുള്ള ചടങ്ങുകൾ മുൻപ് ഒരിക്കലും ഒരു അമേരിക്കൻ പ്രസിഡന്റിനും ലഭിക്കാത്ത രീതിയിലായിരുന്നു.

ട്രംപിന്റെ രാജ കുടുംബത്തോടുള്ള ഇഷ്ടത്തിന് പിന്നിൽ അദ്ദേഹത്തിന്റെ ബാല്യകാലവും ന്യൂയോർക്കിലെ സമ്പന്നരുടെ ലോകത്തുണ്ടായിരുന്ന നിരാകരണവും വലിയ പങ്കുവഹിക്കുന്നതായാണ് വിദഗ്ധർ വിലയിരുത്തുന്നത്. പഴയ പണക്കാരുടെ കൂട്ടായ്മയിൽ അംഗീകരിക്കപ്പെടാത്തതിന്റെ പ്രതികാരമായി തന്നെ ട്രംപ് സ്വന്തം അനുചര വൃത്തങ്ങൾ സൃഷ്ടിച്ചെങ്കിലും ബ്രിട്ടീഷ് രാജകുടുംബത്തെ പോലെ ചരിത്രപ്രാധാന്യമുള്ള കുടുംബങ്ങളെ അദ്ദേഹം എപ്പോഴും ആരാധിച്ചിരുന്നു എന്നാണ് അമേരിക്കൻ രാഷ്ട്രീയ വിദഗ്ധനായ ഡേവിഡ് ആൻഡേഴ്‌സൺ അഭിപ്രായപ്പെട്ടത് .

ട്രംപിൻ്റെ രാജകീയ സ്വീകരണത്തെ ബ്രിട്ടൻ വ്യാപാര, നയതന്ത്ര താല്പര്യങ്ങൾക്കായി വിജയകരമായി പ്രയോജനപ്പെടുത്തുന്നതായും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ട്രംപിനെ യു.എസിലെ രാജാവ്’ എന്ന രീതിയിലാണ് മാധ്യമങ്ങൾ അവതരിപ്പിക്കുന്നത്. ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ആയിരം വർഷം പഴക്കമുള്ള പാരമ്പര്യവും കൊട്ടാരങ്ങളും കാഴ്ചകളുമാണ് ട്രംപിന് തന്റെ ജീവിതകാല സ്വപ്നം സഫലമായെന്ന അനുഭവം നൽകുന്നത്. അമേരിക്കക്കാർക്ക് സ്വന്തം രാജ്യത്ത് ഇല്ലാത്ത ‘രാജകീയ സ്വപ്നം’ ബ്രിട്ടീഷ് രാജകുടുംബത്തിലൂടെയാണ് കാണാൻ കഴിയുന്നത്, അതുകൊണ്ട് തന്നെ ട്രംപിന്റെ ഈ സ്വീകരണം അവർക്കും വലിയൊരു ആകർഷണമായി മാറുന്നു.

യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയുടെ ഉത്ഭവം നേരിട്ട് ബ്രിട്ടനോടാണ് ബന്ധിപ്പിക്കപ്പെടുന്നത്. 1607-ൽ ഇംഗ്ലീഷ് കുടിയേറ്റക്കാർ വെർജീനിയയിലെ ജേംസ്‌ടൗണിൽ താമസം ആരംഭിച്ചതോടെ 13 ഇംഗ്ലീഷ് കോളനികൾ രൂപപ്പെട്ടു. ബ്രിട്ടന്റെ കർശനമായ നികുതി നിയമങ്ങളും നിയന്ത്രണങ്ങളും കോളനികളിൽ പ്രതിഷേധങ്ങൾക്കിടയാക്കി, ഒടുവിൽ 1776-ൽ അമേരിക്ക സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തി. എട്ടുവർഷത്തെ യുദ്ധത്തിന് ശേഷം 1783-ൽ ബ്രിട്ടൻ അമേരിക്കയുടെ സ്വാതന്ത്ര്യം അംഗീകരിച്ചു. അതിനുശേഷവും അമേരിക്കയുടെ ഭരണക്രമം, ഭാഷ, നിയമവ്യവസ്ഥ, സംസ്കാരം തുടങ്ങി പല മേഖലയിലും ബ്രിട്ടീഷ് സ്വാധീനം നിലനിൽക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നുള്ള 13,578 കോടി രൂപയുടെ വൻ തട്ടിപ്പിൽ പ്രധാനപ്രതിയായ നീരവ് മോദിയെ ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ വീണ്ടും സങ്കീർണ്ണമാകുകയാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു . വെസ്റ്റ്മിൻസ്റ്റർ കോടതിയിൽ കഴിഞ്ഞ മാസം സമർപ്പിച്ച അപ്പീൽ കോടതി അംഗീകരിച്ചതോടെ ഇയാളെ ഇന്ത്യയിലെത്തിച്ച്‌ വിചാരണ ചെയ്യുന്നത് വൈകാനാണ് സാധ്യത . ഇന്ത്യയിൽ വിചാരണ നേരിടേണ്ടി വന്നാൽ പല ഏജൻസികളും ചോദ്യം ചെയ്ത് പീഡനം ഏൽപ്പിക്കാമെന്ന ആശങ്കയാണ് മോദി കോടതിയിൽ ഉന്നയിച്ചിരിക്കുന്നത്.

2019 മാർച്ച് 19 മുതൽ ലണ്ടനിലെ വാൻഡ്‌സ്വർത്ത് ജയിലിലാണ് നീരവ് മോദി തടങ്കലിൽ കഴിയുന്നത്. 2021 ഫെബ്രുവരി 25-ന് വെസ്റ്റ്മിൻസ്റ്റർ മജിസ്ട്രേറ്റ് കോടതിയും 2022 നവംബർ 9-ന് യുകെ ഹൈക്കോടതിയും അദ്ദേഹത്തിനെ തിരിച്ച്ചയാക്കണമെന്നുള്ള ഇന്ത്യയുടെ ആവിശ്യം അംഗീകരിച്ചിരുന്നു. സുപ്രീം കോടതിയിലേയ്ക്ക് അപ്പീൽ ചെയ്യാനുള്ള അപേക്ഷയും തള്ളിക്കളഞ്ഞതോടെ നിയമപരമായ വഴികൾ അവസാനിച്ച സാഹചര്യത്തിലായിരുന്നു ഇപ്പോഴത്തെ പുതിയ അപേക്ഷ. തിരിച്ചയക്കലിന് അന്തിമാനുമതി ഉണ്ടായ സാഹചര്യത്തിലാണ് കോടതി വീണ്ടും അപേക്ഷ സ്വീകരിച്ചതെന്നതാണ് ഇന്ത്യൻ അന്വേഷണ ഏജൻസികൾക്ക് വെല്ലുവിളിയായി മാറുന്നത്.

പി.എൻ.ബി.യിൽ നിന്നും വ്യാജമായ ലെറ്റർ ഓഫ് അണ്ടർടേക്കിങ് ഉപയോഗിച്ച് 6,498 കോടി രൂപ കൈക്കലാക്കി വിദേശസ്ഥാപനങ്ങളിലൂടെ കള്ളപ്പണം വെളുപ്പിക്കലിനായി ഉപയോഗിച്ചെന്നാണ് ആരോപണം. അദ്ദേഹത്തിന്റെ ആസ്തികളിൽ 2,598 കോടി രൂപ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) പിടിച്ചെടുത്തിട്ടുണ്ട്. കൂടാതെ 981 കോടി രൂപ ബാങ്കുകളിലേക്ക് മടക്കി നൽകിയിട്ടുണ്ട്. കേന്ദ്ര അന്വേഷണ ഏജൻസികൾ അദ്ദേഹത്തിന്റെ വിദേശ ആസ്തികളായ 130 കോടി രൂപ ഇന്ത്യയിലേക്ക് മാറ്റുന്നതിനുള്ള നിയമനടപടികളുമായി മുന്നോട്ടു കൊണ്ടുപോവുകയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

വിലക്കയറ്റം പിടിച്ചുനിര്‍ത്താനായുള്ള ശ്രമത്തില്‍ വീണ്ടും കടുത്ത നിലപാടുമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട്. പ്രധാന പലിശനിരക്ക് 4% ആയി തുടരണം എന്നാണ് ബാങ്കിന്റെ തീരുമാനം. ഒന്‍പതംഗങ്ങളുള്ള മാനറ്ററി പോളിസി കമ്മിറ്റി (MPC)യില്‍ ഏഴ് അംഗങ്ങള്‍ പലിശ നിരക്കുകൾ തൽസ്ഥിതി തുടരുന്നതിന് പിന്തുണ നല്‍കിയപ്പോൾ രണ്ട് പേര്‍ ചെറിയ കുറവ് ആവശ്യപ്പെട്ടതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ആഗസ്റ്റ് മാസത്തിലെ പണപ്പെരുപ്പം 3.8% എന്ന നിലയില്‍ തുടർന്നത് ബാങ്കിന്റെ തീരുമാനത്തെ ബാധിച്ചതായാണ് വിദഗ്ദ്ധർ വിലയിരുത്തുന്നത്.. ബാങ്കിന്റെ പ്രഖ്യാപിത പണപ്പെരുപ്പനിരക്ക് 2 ശതമാനമാണ്. നിലവിലെ പണപ്പെരുപ്പം ഈ ലക്‌ഷ്യത്തിന്റെ ഇരട്ടിയോളമാണ് . വിലക്കയറ്റം കുറയുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും, അടിസ്ഥാന ശമ്പളവര്‍ധനവുൾപ്പെടെ ചില ഘടകങ്ങള്‍ നിരക്കുകള്‍ താഴേക്ക് വരുന്നത് തടയുകയാണ്.

ഇതിനിടെ നവംബര്‍ മാസത്തിലെ അടുത്ത പലിശനിരക്ക് തീരുമാനം ഉറ്റുനോക്കുന്ന അവസ്ഥയാണ് എല്ലാവരും . 2024 ഓഗസ്റ്റ് മുതല്‍ ഓരോ മൂന്നു മാസത്തിനും ഒരിക്കല്‍ കുറവുണ്ടായിരുന്നുവെങ്കിലും, നിലവിലെ വിലക്കയറ്റവും ബജറ്റ് പ്രഖ്യാപനത്തെ ചുറ്റിപ്പറ്റിയ ആശങ്കകളും നവംബറില്‍ മാറ്റമുണ്ടാകുമോ എന്ന കാര്യത്തിലും സന്ദേഹം ഉണ്ടാക്കിയിട്ടുണ്ട്. ലേബര്‍ സര്‍ക്കാര്‍ അധികം നികുതിവരവ് ലക്ഷ്യമിടുന്ന സാഹചര്യത്തില്‍, നിക്ഷേപകരും വായ്പകള്‍ സ്വീകരിക്കുന്നവരും ഡിസംബര്‍ വരെ കാത്തിരിക്കേണ്ടി വന്നേക്കും. പ്രത്യേകിച്ച്, ബജറ്റില്‍ പുതിയ നികുതി നിർദ്ദേശങ്ങൾ ഉണ്ടാകാനുള്ള സാധ്യത പരിഗണിച്ചാല്‍, പലിശനിരക്കുകളില്‍ മാറ്റങ്ങള്‍ ഡിസംബര്‍ മാസത്തിന് ശേഷമേ ഉണ്ടാകുകയുള്ളൂ എന്നാണ് വിദഗ്ധാഭിപ്രായം.

RECENT POSTS
Copyright © . All rights reserved