Main News

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലും വെയിൽസിലും അണ്ടർ ഗ്രാജുവേറ്റ് കോഴ്സുകൾക്കുള്ള ട്യൂഷൻ ഫീ കുത്തനെ ഉയർത്തി. ഇതിനൊപ്പം കുട്ടികൾക്കുള്ള മെയിന്റനൻസ് വായ്പകളും വർദ്ധിപ്പിച്ചിട്ടുണ്ട്. ഇത് വിദ്യാർത്ഥികൾക്ക് കൂടുതൽ ലോൺ എടുക്കാനുള്ള അവസരം നൽകും. സർവ്വകലാശാലകൾക്ക് കൂടുതൽ സാമ്പത്തിക സഹായം വേണമെന്ന ആവശ്യം ശക്തമായിരുന്നു. ഫീ വർദ്ധനവ് കുട്ടികൾക്കും രക്ഷിതാക്കൾക്കും കടുത്ത സാമ്പത്തിക ബാധ്യതയ്ക്ക് വഴിവെക്കുമെന്ന വിമർശനം ശക്തമാണ്.

2017 ന് ശേഷം ഇംഗ്ലണ്ടിൽ ട്യൂഷൻ ഫീസ് വർദ്ധിക്കുന്നത് ഇതാദ്യമാണ്. ഫീ വർദ്ധനവിന് ശേഷം സർവകലാശാലകൾക്ക് കൂടുതൽ സാമ്പത്തിക സഹായം വേണമെങ്കിൽ ദീർഘകാല ഫണ്ടിങ്ങിനുള്ള നടപടികൾ ആലോചനയിലുണ്ടെന്ന് സർക്കാർ വ്യക്തമാക്കി. ഇംഗ്ലണ്ടിലും വെയിൽസിലും അണ്ടർ ഗ്രാജുവേറ്റ് പ്രോഗ്രാമിന്റെ വാർഷിക ചിലവ് 285 പൗണ്ട് ആണ് വർദ്ധിച്ചത്. നേരത്തെയുള്ള ട്യൂഷൻ ഫീയുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 3 ശതമാനം വർദ്ധനവ് ആണ്.


ബിരുദ വിദ്യാർത്ഥികൾക്ക് അവരുടെ ദൈനംദിന ജീവിത ചിലവ് നിറവേറ്റുന്നതിന് കൂടുതൽ കടം വാങ്ങാൻ ഉള്ള നടപടികളും സർക്കാർ സ്വീകരിച്ചിട്ടുണ്ട്. ഉദാഹരണത്തിന് ലണ്ടന് പുറത്ത് മാതാപിതാക്കളിൽ നിന്ന് അകന്ന് താമസിക്കുന്ന ഇംഗ്ലണ്ടിൽ നിന്നുള്ള വിദ്യാർത്ഥികൾക്കുള്ള പരമാവധി മെയിന്റനൻസ് ലോൺ പ്രതിവർഷം £10,544 ആയി വർദ്ധിച്ചു. നേരത്തെ ഇത് £10,227 ആയിരുന്നു. മെയ് മാസത്തിൽ, ഇംഗ്ലണ്ടിലെ റെഗുലേറ്ററായ ഓഫീസ് ഫോർ സ്റ്റുഡന്റ്സ് 2025 വേനൽക്കാലത്തോടെ 10 ൽ നാലിൽ കൂടുതൽ സർവകലാശാലകൾ സാമ്പത്തിക കമ്മിയിലാകുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതും ഫീ വർദ്ധനവിന്റെ തീരുമാനമെടുക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചിട്ടുണ്ട്. കടുത്ത കുടിയേറ്റ നിയന്ത്രണങ്ങൾ മൂലം യുകെയിലെ യൂണിവേഴ്സിറ്റികളിൽ പഠിക്കാൻ വരുന്ന കുട്ടികളുടെ എണ്ണത്തിൽ വൻ കുറവാണ് ഉണ്ടായിരിക്കുന്നത്. സർവകലാശാലകളുടെ സാമ്പത്തിക ബാധ്യത വർദ്ധിക്കുന്ന കാര്യത്തിൽ ഇതും കാരണമായിട്ടുണ്ട്.

 ന്യൂസ് ഡെസ്ക്, മലയാളം യുകെ

മുൻ വർഷങ്ങളെ അപേക്ഷിച്ച് അനധികൃത കുടിയേറ്റക്കാരുടെ എണ്ണം ക്രമാതീതമായി കൂടിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഔദ്യോഗിക കണക്കുകൾ പ്രകാരം 2025 ൽ ഇതുവരെ 25,000 ത്തിലധികം കുടിയേറ്റക്കാർ ഇംഗ്ലീഷ് ചാനൽ കടന്നിട്ടുണ്ട്. ഡോവറിൽ ബുധനാഴ്ച 13 ബോട്ടുകളിലായി 898 പേരെ കരയിലേക്ക് കൊണ്ടുവന്നതായി ഹോം ഓഫീസ് അറിയിച്ചു. ഇതോടെ ഈ വർഷം യുകെയിൽ എത്തിയ അനധികൃത കുടിയേറ്റക്കാരുടെ എണ്ണം 25436 ആയി.

ഈ വർഷം മുൻ വർഷങ്ങളെ അപേക്ഷിച്ച് 25000 എന്ന സംഖ്യ വളരെ നേരത്തെ കടന്നതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. 2022 ഓഗസ്റ്റ് 27-ാം തീയതിയാണ് 25000 അനധികൃത കുടിയേറ്റക്കാർ യുകെയിൽ എത്തിയത്. മനുഷ്യക്കടത്ത് നടത്തുന്ന സംഘങ്ങളെ നേരിടാൻ നിർണ്ണായകമായ നീക്കങ്ങൾ യുകെ നടത്തുമ്പോഴാണ് ഒരു വശത്ത് അനധികൃത കുടിയേറ്റക്കാരുടെ എണ്ണം ക്രമാതീതമായി ഉയരുന്നത്. അനധികൃത കുടിയേറ്റം തടയും എന്നത് ലേബർ പാർട്ടിയുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. പുറത്തുവന്ന കണക്കുകളെ കുറിച്ച് കടുത്ത വിമർശനമാണ് പ്രതിപക്ഷം നടത്തിയിരിക്കുന്നത്. ദേശീയ അടിയന്തിരാവസ്ഥ എന്നാണ് ഷാഡോ ഹോം സെക്രട്ടറി ക്രിസ് ഫിൽപ്പ് എംപി പുറത്തുവന്ന കണക്കുകളോട് പ്രതികരിച്ചത്. ഇതുകൂടാതെ ക്രോസിംഗുകൾ തടയാൻ ലേബർ പാർട്ടി ഒന്നും ചെയ്യുന്നില്ല എന്ന് അദ്ദേഹം ആരോപിക്കുകയും ചെയ്തു.

ഇംഗ്ലീഷ് ചാനൽ കടന്നുള്ള അനധികൃത കുടിയേറ്റം തടയാൻ ഫ്രാൻസുമായി ദീർഘകാല കരാർ ഒപ്പുവെച്ചിരുന്നു. പുതിയ കരാറിന്റെ ഭാഗമായി ഫ്രഞ്ച് പോലീസിന് കൂടുതൽ അധികാരങ്ങൾ കൈമാറും. യുകെയിൽ കുടുംബ ബന്ധമുള്ള അഭയാർത്ഥികളെ സ്വീകരിക്കുന്നതിന് പകരമായി ചെറിയ ബോട്ടുകളിൽ എത്തുന്ന കുടിയേറ്റക്കാരെ ഫ്രാൻസിലേക്ക് തിരിച്ചയക്കാൻ പുതിയ കരാർ ബ്രിട്ടന് സഹായകമാവും. കാലാവസ്ഥ അനുകൂലമാകുന്നതും കൂടുതൽ മനുഷ്യ കള്ളക്കടത്തുകാർ സജീവമാകുന്നതുമാണ് അനധികൃത കുടിയേറ്റത്തിന്റെ വർദ്ധനവിന് കാരണമാകുന്നതെന്നാണ് സർക്കാർ പക്ഷം. മനുഷ്യ കടത്തുകാർക്കെതിരെ ഭീകരവിരുദ്ധ നിയമം പ്രയോഗിക്കുന്നതിനുള്ള നിയമ നിർമ്മാണവുമായി ലേബർ സർക്കാർ മുന്നോട്ടു പോകുകയാണ്.

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ, പോലീസ് സേനകൾ, പ്രത്യേകിച്ച് മെട്രോപൊളിറ്റൻ പോലീസ്, ലൈവ് ഫേഷ്യൽ റെക്കഗ്നിഷൻ (LFR) ഉപയോഗിക്കുന്നുണ്ട്. ഗുരുതരമായ കുറ്റകൃത്യങ്ങൾക്ക് തിരയുന്ന ആളുകളെ പോലീസ് ഡേറ്റാബേസുകളിലെ ചിത്രങ്ങളുമായി താരതമ്യം ചെയ്ത് തിരിച്ചറിയുന്നതിനാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്. ഇതിനകം തന്നെ ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് മെറ്റ് പോലീസ് 1,000 അറസ്റ്റുകൾ നടത്തിയിട്ടുണ്ട്. ഇപ്പോഴിതാ മെട്രോപൊളിറ്റൻ പോലീസ്, ലൈവ് ഫേഷ്യൽ റെക്കഗ്നിഷൻ (LFR) സാങ്കേതികവിദ്യയുടെ ഉപയോഗം വർദ്ധിപ്പിക്കുമെന്ന് അറിയിച്ചിരിക്കുകയാണ്.

ബജറ്റ് ക്ഷാമം കാരണം സേന പുനഃക്രമീകരിക്കുന്നതിനിടെ 1,400 ഉദ്യോഗസ്ഥരെയും 300 ജീവനക്കാരെയും സേന വെട്ടി കുറച്ചിരുന്നു. നിലവിൽ രണ്ട് ദിവസങ്ങളിലായി ആഴ്ചയിൽ നാല് തവണ ഉപയോഗിക്കുന്ന ലൈവ് ഫേഷ്യൽ റെക്കഗ്നിഷൻ അഞ്ച് ദിവസങ്ങളിലായി ആഴ്ചയിൽ 10 തവണ വരെ ഉപയോഗിക്കും. ആഗസ്റ്റ് മാസത്തെ ബാങ്ക് അവധി കാലത്ത് വരാനിരിക്കുന്ന നോട്ടിംഗ് ഹിൽ കാർണിവലിലും ഇതായിരിക്കും ഉപയോഗിക്കുക.

എന്നാൽ പോലീസ് സേനയുടെ പുതിയ നീക്കത്തിനെതിരെ മനുഷ്യാവകാശ സംഘടനകൾ ആശങ്കകൾ ഉന്നയിച്ചിട്ടുണ്ട്. സാങ്കേതികവിദ്യയ്ക്ക് ശരിയായ നിയന്ത്രണമില്ലെന്നും ഇത് ജനങ്ങളുടെ അവകാശങ്ങളെ ബാധിക്കുമെന്നും ലിബർട്ടിയിൽ നിന്നുള്ള ചാർലി വെൽട്ടൺ പറഞ്ഞു. പൊതു ക്രമസമാധാന കുറ്റകൃത്യ വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ എണ്ണം 48 ൽ നിന്ന് 63 ആയി പോലീസ് വർദ്ധിപ്പിച്ചിട്ടുണ്ട്. ഇസ്രായേൽ-പാലസ്തീൻ പ്രശ്‌നങ്ങളുമായും പരിസ്ഥിതി ആക്ടിവിസവുമായും ബന്ധപ്പെട്ട പ്രതിഷേധങ്ങളിലെ കുറ്റകൃത്യങ്ങളുടെ വർദ്ധനവാണ് ഈ നടപടിക്ക് കാരണം.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

പണിമുടക്ക് അവസാനിപ്പിച്ച് ഇംഗ്ലണ്ടിലെ റസിഡന്റ് ഡോക്ടർമാർ. പണിമുടക്ക് അവസാനിച്ചതോടെ ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗുമായി ചർച്ചകൾ പുനരാരംഭിക്കാൻ സമ്മതിക്കുകയായിരുന്നു. നേരത്തെ നടന്ന ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നായിരുന്നു അഞ്ച് ദിവസത്തെ പണിമുടക്ക് ആരംഭിച്ചത്. അടുത്ത ആഴ്ച ആദ്യം ചർച്ചകൾ പുനരാരംഭിക്കാൻ ആരോഗ്യ സെക്രട്ടറി വാഗ്‌ദാനം ചെയ്‌തു. ഇതിന് പിന്നാലെ ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ (ബിഎംഎ) ക്ഷണം സ്വീകരിച്ചു.

ശമ്പളത്തെ സംബന്ധിച്ചുള്ള ചർച്ചകൾ നടക്കില്ലെന്ന് വെസ് സ്ട്രീറ്റിംഗ് വ്യക്തമാക്കിയിരുന്നു. അതേസമയം മറ്റ് പ്രധാന വിഷയങ്ങളിൽ ചർച്ചകൾ തുടരാൻ അദ്ദേഹം തയ്യാറാണ് എന്ന് അറിയിച്ചു. ചർച്ച ചെയ്യുന്ന വിഷയങ്ങളിൽ ജോലി സാഹചര്യങ്ങൾ, കരിയർ പുരോഗതി, പരീക്ഷാ ഫീസ് തുടങ്ങിയവ ഉൾപെടും.

2023 – മുതൽ ഉള്ള കാലയളവിൽ റസിഡന്റ് ഡോക്ടർമാർ നടത്തുന്ന 12-ാമത്തെ പണിമുടക്കായിരുന്നു ഇത്. ലേബർ സർക്കാരിനു കീഴിലെ ആദ്യത്തെ പണിമുടക്കായിരുന്നു ഇത്. ആരോഗ്യ സെക്രട്ടറിയുമായി മുൻപ് നടന്ന ചർച്ചയിൽ രണ്ട് വർഷത്തിനുള്ളിൽ 22% ശമ്പള വർദ്ധനവാണ് പറഞ്ഞുറപ്പിച്ചത്. ഇതിന് പ്രകാരം റസിഡന്റ് ഡോക്ടർമാർക്ക് 5.4% ശമ്പള വർദ്ധനവും ലഭിച്ചിരുന്നു. ബിഎംഎ ജൂനിയർ ഡോക്ടർ നേതാക്കളായ ഡോ. മെലിസ റയാനും ഡോ. റോസ് ന്യൂവൗഡും ചർച്ചകളിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നുവെന്നും ഇത്തവണ സർക്കാർ കൂടുതൽ വ്യക്തവും സ്വീകാര്യവുമായ ഒരു ഓഫർ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പറഞ്ഞു.

 

സതേൺ ഇംഗ്ലണ്ടിന്റെ ചില ഭാഗങ്ങളിൽ ശക്തമായ ഇടിമിന്നലിനുള്ള സാധ്യതയെ തുടർന്ന് ഇന്ന് രാവിലെ 10 മുതൽ രാത്രി 9 വരെ യെല്ലോ വാണിംഗ് പുറപ്പെടുവിച്ചു. ബ്രിസ്റ്റോൾ, ഓക്സ്ഫോർഡ്, സതാംപ്ടൺ, ലണ്ടൻ, കെന്റ്, ഇപ്‌സ്‌വിച്ച് എന്നീ പ്രദേശങ്ങളിൽ വാണിംഗ് നിലനിൽക്കും. ദിവസം മുഴുവൻ കനത്ത മഴ, മിന്നൽ, ആലിപ്പഴം എന്നിവ ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

രണ്ട് മണിക്കൂറിനുള്ളിൽ ചില പ്രദേശങ്ങളിൽ 60 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു. ഇത് വെള്ളപ്പൊക്കം, റോഡ് അടച്ചിടൽ, വൈദ്യുതി തടസ്സം, പൊതുഗതാഗതത്തിൽ വലിയ തടസ്സങ്ങൾ എന്നിവയ്ക്ക് കാരണമായേക്കാം. വാണിംഗ് ലഭിക്കുന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അടുത്ത 24 മണിക്കൂറിനുള്ളിൽ ഇടിമിന്നൽ റിപ്പബ്ലിക് ഓഫ് അയർലണ്ടിൽ നിന്ന് നീങ്ങി, സെൻട്രൽ, സതേൺ ഇംഗ്ലണ്ട്, വെയിൽസ് എന്നിവിടങ്ങളിൽ ആഞ്ഞടിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കാലാവസ്ഥാ നിരീക്ഷകൻ ക്ലെയർ നാസിർ വിശദീകരിച്ചു. വടക്കൻ അയർലൻഡ്, പടിഞ്ഞാറൻ സ്കോട്ട്ലൻഡ്, വെയിൽസിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ ഇന്ന് ഉച്ചകഴിഞ്ഞ് വെയിലിനുള്ള സാധ്യത ഉണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

പ്രധാന ഗതാഗത നിയന്ത്രണ സംവിധാനങ്ങളിൽ ഉണ്ടായ തടസ്സത്തെ തുടർന്ന് യുകെയിൽ വ്യാപകമായി വ്യോമഗതാഗതം തടസപ്പെട്ടു. സാങ്കേതിക പ്രശ്‌നം 20 മിനിറ്റ് മാത്രമേ നീണ്ടുനിന്നുള്ളൂവെങ്കിലും വിമാന സർവീസുകളുടെ വലിയ ബാക്ക്‌ലോഗിനും കാലതാമസത്തിനും ഇത് കാരണമായി. ഹീത്രോ, സ്റ്റാൻസ്റ്റഡ്, മാഞ്ചസ്റ്റർ, എഡിൻബർഗ് എന്നിവയുൾപ്പെടെയുള്ള വിമാനത്താവളങ്ങളിൽ ആയിരക്കണക്കിന് വിമാനങ്ങൾ ആണ് നിർത്തി വച്ചത്.


യുകെയിലേയ്ക്കും തിരിച്ചുമുള്ള 150-ലധികം വിമാനങ്ങൾ റദ്ദാക്കി. ഈ പ്രശ്നം റഡാറുമായി ബന്ധപ്പെട്ടതാണ് എന്നും ഒരു ബാക്കപ്പ് സിസ്റ്റത്തിലേക്ക് മാറുന്നതിലൂടെ വേഗത്തിൽ പരിഹരിച്ചതായും സുരക്ഷ ഉറപ്പാക്കാൻ വിമാന ഗതാഗതം കുറച്ചതായും എയർ ട്രാഫിക് കൺട്രോൾ സ്ഥാപനമായ NATS പറഞ്ഞു. ഏതെങ്കിലും രീതിയിലുള്ള സൈബർ അറ്റാക്ക് സംഭവിച്ചോ എന്ന കാര്യത്തിൽ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് അറിയാൻ സാധിച്ചത്. എന്താണ് സംഭവിച്ചത് എന്ന് അറിയാൻ NATS – മായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ടെന്ന് സർക്കാർ പറഞ്ഞു. രണ്ട് വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് NATS-ന് വലിയ തകരാർ സംഭവിക്കുന്നത്.

തടസ്സത്തിന് NATS ക്ഷമാപണം നടത്തി. വിമാനങ്ങൾ റദ്ദാക്കിയത് ഒട്ടേറെ യുകെ മലയാളികളെയും ബാധിച്ചതായാണ് അറിയാൻ സാധിച്ചത്. പലരുടെയും വിമാനങ്ങൾ റദ്ദാക്കി. തടസ്സം കുറച്ച് സമയത്തേയ്ക്ക് നീണ്ടുനിന്നുവെങ്കിലും പല വിമാനങ്ങളും കാലതാമസത്തിന് വഴി വച്ചിട്ടുണ്ട്. 2023 ഓഗസ്റ്റിലെ വേനൽക്കാല ബാങ്ക് അവധിക്കാല വാരാന്ത്യത്തിൽ നടന്ന മുൻ സംഭവം 700,000-ത്തിലധികം ഉപഭോക്താക്കളെ ബാധിച്ചിരുന്നു. നിലവിലെ പ്രശ്നങ്ങൾക്ക് എത്രമാത്രം വ്യാപ്തി ഉണ്ടെന്നതിന്റെ ശരിയായ വിവരങ്ങൾ പൂർണ്ണമായും വരും ദിവസങ്ങളിലെ അനാവരണം ചെയ്യപ്പെടുകയുള്ളൂ എന്നാണ് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

കിഴക്കൻ സ്പെയിനിലെ കാറ്റലോണിയയിലെ സലോവിലുള്ള ലാർഗ ബീച്ചിൽ നീന്തുന്നതിനിടെ ചൊവ്വാഴ്ച വൈകുന്നേരം 11 ഉം 13 ഉം വയസ്സുള്ള രണ്ട് ബ്രിട്ടീഷുകാരായ കുട്ടികൾ മുങ്ങി മരിച്ചു. സ്പാനിഷ് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ പ്രൊട്ടക്ഷൻ നൽകിയ വിവരങ്ങൾ അനുസരിച്ച് ആൺകുട്ടികൾ വെള്ളത്തിൽ കുടുങ്ങി പോവുകയും തിരിച്ച് കരയിലേയ്ക്ക് കയറാൻ സാധിക്കാതെയും വരികയായിരുന്നു. കുട്ടികളോടൊപ്പം കടലിൽ ഇറങ്ങിയ അവരുടെ പിതാവിനെ രക്ഷാസംഘം രക്ഷപ്പെടുത്തുകയും ആവശ്യമായ സിപിആർ നൽകുകയും ചെയ്‌തു.

 

സംഭവസമയത്ത് കടൽത്തീരത്ത് ഒരു മഞ്ഞ പതാക ആയിരുന്നു ഉണ്ടായിരുന്നത്. നീന്തൽ അനുവദനീയമാണെങ്കിലും അപകടസാധ്യതകൾ ഉള്ളതിനാൽ ജാഗ്രത പാലിക്കണം എന്നാണ് മഞ്ഞ പതാകകൾ സൂചിപ്പിക്കുന്നത്. ആൺകുട്ടികൾ നീന്തിയ സ്ഥലത്ത് പാറക്കെട്ടുകൾ ഉണ്ടായിരുന്നതിനാൽ ഉയർന്ന വേലിയേറ്റത്തെ ചെറുക്കാൻ ഇവർക്ക് പാടായിരുന്നു.

ലാർഗ ബീച്ചിന് തൊട്ടുമുമ്പിലുള്ള ഒരു ഹോട്ടലിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. സംഭവത്തിന് പിന്നാലെ രാത്രി 8.47 ന് അടിയന്തര സേവനങ്ങൾ സംഭവസ്ഥലത്ത് എത്തി. സലോ ലോക്കൽ പോലീസ്, മോസോസ് ഡി എസ്ക്വാഡ്ര (കാറ്റലോണിയയുടെ റീജിയണൽ പോലീസ്), ജനറലിറ്റാറ്റ് ഫയർ ഡിപ്പാർട്ട്‌മെന്റ് എന്നിവയിലെ പോലീസ് ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുത്തു. പെട്ടെന്ന് രക്ഷാ സേനകൾ സംഭവ സ്ഥലത്ത് എത്തിയെങ്കിലും ആൺകുട്ടികളെ രക്ഷിക്കാൻ കഴിഞ്ഞില്ല. ഇതോടെ ഈ വേനൽക്കാലത്ത് കാറ്റലോണിയയിൽ കടൽത്തീരത്ത് ഉണ്ടായിരിക്കുന്ന മരണങ്ങളുടെ എണ്ണം മരണങ്ങളുടെ എണ്ണം 16 ആയി ഉയർന്നിരിക്കുകയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഗാസയിൽ വെടിനിർത്തൽ ഉൾപ്പെടെയുള്ള വ്യവസ്ഥകൾ പാലിക്കുന്നില്ലെങ്കിൽ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി കെയർ സ്റ്റാർമർ വ്യക്തമാക്കി. സെപ്റ്റംബറിൽ പാലസ്തീനെ രാഷ്ട്രമായി അംഗീകരിക്കും എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ഗാസയിലെ ജനങ്ങൾക്ക് സഹായ വിതരണം പുനരാരംഭിക്കാൻ ഐക്യരാഷ്ട്രസഭയെ അനുവദിക്കുക എന്നതാണ് ഇതിൽ പ്രധാനപ്പെട്ടത്.


ഇസ്രായേലിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സ്വന്തം പാർട്ടിയിൽ നിന്ന് ഉൾപ്പെടെ കടുത്ത സമ്മർദ്ദമാണ് പ്രധാനമന്ത്രി നേരിടുന്നത്. സുസ്ഥിരമായ സമാധാനം പുനസ്ഥാപിക്കുന്നതിന് പാലസ്തീനെ ഒരു രാജ്യമായി ഇസ്രായേൽ അംഗീകരിക്കണമെന്ന അഭിപ്രായമുള്ളവർ ഭരണപക്ഷത്ത് തന്നെ ഒട്ടേറെയാണ്. കഴിഞ്ഞ ആഴ്ച ഫ്രാൻസ് സെപ്റ്റംബറിൽ പാലസ്തീനെ ഒരു രാഷ്ട്രമായി അംഗീകരിക്കും എന്ന് പ്രഖ്യാപിച്ചിരുന്നു. G7 രാജ്യങ്ങളിൽ ഫ്രാൻസ് ആണ് ആദ്യമായി ഈ പിൻതുണ പ്രഖ്യാപിച്ചത്. സുരക്ഷിത ഇസ്രായേലിനൊപ്പം പരമാധികാരമുള്ള പാലസ്തീൻ എന്നതാണ് യുകയുടെ ലക്ഷ്യം എന്ന് പ്രധാനമന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

യുകെ, ഫ്രാൻസ്, ജർമ്മനി എന്നിവ അടിയന്തിര സഹായം നൽകുന്നതിനും സംഘർഷം അവസാനിപ്പിക്കുന്നതിനുമായുള്ള ഒരു പദ്ധതി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് ഡൗണിംഗ് സ്ട്രീറ്റ് വ്യക്തമാക്കി. ഈ പദ്ധതി അറബ് രാജ്യങ്ങളുമായും പങ്കിടും. ഗാസയിലെ വിശക്കുന്ന കുട്ടികൾക്ക് ഭക്ഷണം നൽകുന്നതിനായിരിക്കണം മുൻഗണന നൽകേണ്ടതെന്ന് ട്രംപും സർ കെയർ സ്റ്റാർമറും ഇത് നേതാക്കളുടെയും കൂടിക്കാഴ്ചയ്ക്ക് ശേഷം വ്യക്തമാക്കിയിരുന്നു. ഗാസയിലെ പോഷകാഹാരക്കുറവ് ആശങ്കാജനകമായ നിലയിലാണെന്ന് ലോകാരോഗ്യ സംഘടന നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഗാസ വിഷയത്തിൽ ചർച്ചകൾ നടത്താൻ യുകെ പ്രധാനമന്ത്രി സർ കെയർ സ്റ്റാർമർ ഇന്ന് അടിയന്തര മന്ത്രിസഭാ യോഗം ചേന്നിരുന്നു. ഗാസയിലെ വിവിധ പ്രദേശങ്ങൾ നേരിടുന്ന പട്ടിണിയും ആഹാരവും മറ്റ് ആവശ്യ സാധനങ്ങളുടെ ക്ഷാമവും യുഎസിൻെറ നേതൃത്വത്തിലുള്ള സമാധാന ചർച്ചകളും പരാജയപ്പെട്ടതിന് പിന്നാലെയാണ് അടുത്ത നടപടിയുമായി യുകെ മുന്നോട്ടുവന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

രാജ്യത്ത് എത്തുന്ന അനധികൃത കുടിയേറ്റക്കാരുടെ പ്രായം പരിശോധിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിക്കാൻ പദ്ധതി ഇട്ട് യുകെ സർക്കാർ. അഭയകേന്ദ്രത്തിലേയ്ക്ക് എളുപ്പത്തിൽ പ്രവേശനം ലഭിക്കുന്നതിനായി മുതിർന്നവർ കുട്ടികളായി നടിക്കുന്നത് തടയുന്നതിനാണ് ഈ നീക്കം സർക്കാർ തെരഞ്ഞെടുത്തിരിക്കുന്നത്. അടുത്തിടെ അനധികൃത കുടിയേറ്റക്കാരിൽ ചില മുതിർന്നവരെ കുട്ടികളായും ചില കുട്ടികളെ മുതിർന്നവരായും കണക്കാക്കിയതായുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.

നിലവിൽ, ഇമിഗ്രേഷൻ ഉദ്യോഗസ്ഥരും സാമൂഹിക പ്രവർത്തകരും ശാരീരിക രൂപവും ഇന്റർവ്യൂകളും വഴിയാണ് അനധികൃത കുടിയേറ്റക്കാരുടെ പ്രായം നിർണ്ണയിക്കുന്നത്. എന്നാൽ ഇതുവഴി കൃത്യമായ പ്രായം അറിയുക എന്നത് പ്രയാസമാണ്. അടുത്തിടെ ഇറങ്ങിയ റിപ്പോർട്ടിൽ 100 കേസുകളിൽ ആദ്യം മുതിർന്നവരായി അടയാളപ്പെടുത്തിയ 22 പേർ പിന്നീട് 18 വയസ്സിന് താഴെയുള്ളവരാണെന്ന് കണ്ടെത്തിയതായി പറയുന്നു. ഇത്തരത്തിലുള്ള വീഴ്‌ചകൾ അപകടമരമാണ്.

നിരവധി മുഖചിത്രങ്ങൾ അടിസ്ഥാനമാക്കി ട്രെയിൻ ചെയ്തെടുത്ത എഐ മോഡലാണ് മുഖം കണ്ട് പ്രായം തിരിച്ചറിയാൻ ഉപയോഗിക്കുന്നത്. കത്തി പോലുള്ള വസ്തുക്കൾ വാങ്ങുന്ന ഉപഭോക്താക്കളുടെ പ്രായം പരിശോധിക്കാൻ ബാങ്കുകളും ഓൺലൈൻ ഷോപ്പുകളും ഈ സാങ്കേതികവിദ്യ ഇതിനകം തന്നെ ഉപയോഗിക്കുന്നുണ്ട്. 2026 ഓടെ ഈ സംവിധാനം ഉപയോഗിക്കാൻ ആവുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. പ്രായം സ്ഥിരീകരിക്കാൻ അസ്ഥി, പല്ല് പരിശോധനകൾ മുൻ സർക്കാർ ഉപയോഗിച്ചിരുന്നു. എന്നാൽ ഇതിനെതിരെ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. എന്നാൽ എഐ സംവിധാനം ഉപയോഗിച്ച് ആളുകളെ മറ്റൊരിടത്ത് കൊണ്ടുവരാതെ അതിർത്തിയിൽ തന്നെ പ്രായം തിരിച്ചറിയാൻ സാധിക്കും.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ആളുകളെ സുരക്ഷിതമായും സ്വകാര്യമായും ഇന്റർനെറ്റ് ബ്രൗസ് ചെയ്യാൻ അനുവദിക്കുന്ന ഒരു ഉപകരണമാണ് വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക് (VPN). ഇത് ഒരു റിമോട്ട് സെർവർ വഴി കണക്റ്റ് ചെയ്‌ത് ഉപയോക്താവിന്റെ യഥാർത്ഥ ഐപി വിലാസവും ലൊക്കേഷനും മറയ്ക്കും. ഇങ്ങനെ ചെയ്യുന്നത് വഴി ഇവർ മറ്റൊരു രാജ്യത്താണെന്ന് തോന്നിപ്പിക്കും. പലരും തങ്ങളുടെ രാജ്യത്ത് ബ്ലോക്ക് ചെയ്‌തിരിക്കുന്ന ആപ്പുകളോ ഉള്ളടക്കങ്ങളോ ആക്‌സസ് ചെയ്യുന്നതിനോ അവരുടെ ഓൺലൈൻ സ്വകാര്യത സംരക്ഷിക്കുന്നതിനോ ആയാണ് വിപിഎൻ ആപ്പുകൾ ഉപയോഗിക്കുന്നത്.

പോൺഹബ്, റെഡ്ഡിറ്റ്, എക്സ് (ട്വിറ്റർ) പോലുള്ള വെബ്‌സൈറ്റുകൾ പ്രായ പരിശോധന നിർബന്ധമാക്കാൻ തുടങ്ങിയതിന് ശേഷം യുകെയിൽ ആപ്പിളിന്റെ ആപ്പ് സ്റ്റോറിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെടുന്നവയായി വി പി എൻ ആപ്പുകൾ മാറിയിരിക്കുകയാണ്. മുതിർന്നവർക്ക് ഉള്ളടക്കമുള്ള പ്ലാറ്റ്‌ഫോമുകളെ 18 വയസ്സിന് മുകളിലുള്ളവരാണോ ഉപഭോക്താക്കൾ എന്ന് പരിശോധിക്കാൻ നിർബന്ധിതമാക്കുന്ന ഓൺലൈൻ സുരക്ഷാ നിയമം മൂലമാണ് ഈ മാറ്റം ഉണ്ടായിരിക്കുന്നത്. ഈ പരിശോധനകൾ ഒഴിവാക്കാൻ, പലരും വിപിഎൻ ആപ്പുകൾ ഉപയോഗിക്കാൻ തുടങ്ങിയിരിക്കുകയാണ്.

ഒരു ജനപ്രിയ വിപിഎൻ കമ്പനിയായ പ്രോട്ടോണിൽ നിന്ന് മാത്രം ഈ വാരാന്ത്യത്തിൽ യുകെയിൽ നിന്നുള്ള ഡൗൺലോഡുകളിൽ 1,800% വർദ്ധനവാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച പ്രായ പരിശോധന നിയമങ്ങൾ പ്രാബല്യത്തിൽ വന്നതിനു ശേഷമാണ് ഈ വർദ്ധനവ് ഉണ്ടായിരിക്കുന്നത്. പുതിയ നിയമം അനുസരിച്ച് ഉപയോക്താക്കളുടെ പ്രായം തിരിച്ചറിയാൻ ഫേസ് ഐഡി, സെൽഫി എന്നിവ ഉപയോഗിക്കും. എന്നാൽ ഇത് പല ഉപയോക്താക്കളിലും ഡേറ്റാ ദുരുപയോഗം ചെയ്യപ്പെടുമെന്ന ആശങ്ക ഉയർത്തിയിട്ടുണ്ട്. ഇത് ഒഴിവാക്കാൻ പലരും വിപിഎന്നുകളെയാണ് ആശ്രയിക്കുന്നത്.

RECENT POSTS
Copyright © . All rights reserved