Main News

ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

ഇറാൻ : ഇറാനിലെ അമ്മമാർക്കുള്ള ഒരു തുറന്ന കത്തിലൂടെ തന്റെ അവസ്ഥ ലോകത്തെ അറിയിച്ച പൊരുതാനുറച്ചിരിക്കുകയാണ് നസാനിൻ എന്ന യുവതി. 2016 ചാരപ്രവർത്തനത്തിന്റെ പേരിൽ അറസ്റ്റ് ചെയ്ത നാസ്നിന് അഞ്ചു വർഷത്തേക്കാണ് കോടതി തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. യുവതിയും ബന്ധുക്കളും ഇത് പാടേ നിഷേധിക്കുന്നു. തന്റെ മകളെ ബന്ധുക്കളെ കാണിക്കാൻ ഇറാനിലേക്ക് കൊണ്ടുവന്നതായിരുന്നു യുവതി. എന്നാൽ അവർ ഇറാനിലെ ജനങ്ങളെ മാധ്യമ പ്രവർത്തനം നടത്താൻ പഠിപ്പിക്കുകയും വഴിതെറ്റിക്കുകയും ചെയ്യുന്ന ചാര പ്രവർത്തക എന്നാരോപിച്ചായിരുന്നു അറസ്റ്റ് ചെയ്തത്.

ഫോറിൻ സെക്രട്ടറിയായ ഡൊമിനിക് റാബ് കത്തിനെ ഹൃദയഭേദകമായത് എന്നാണ് വിശേഷിപ്പിച്ചത്. നസാനിൻ സകാരി റാഡ്ക്ലിഫ്ന്റെ അറസ്റ്റ് ന്യായീകരിക്കാനോ അംഗീകരിക്കാനോ സാധിക്കാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വന്തം കുഞ്ഞിന്റെ വിദ്യാഭ്യാസത്തിനു വേണ്ടിയാണ് അവർ ഇപ്പോൾ പോരാടുന്നത്. കഴിഞ്ഞ ആഴ്ച പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇറാൻ പ്രസിഡണ്ടുമായി നസാനിന്റെ മോചനത്തെ കുറിച്ച് ചർച്ച നടത്തിയിരുന്നു.

40 വയസ്സുകാരിയായ നസാനിന്റെ അഞ്ചു വയസ്സായ മകൾ ഗബ്രിയേലയ്ക്കെങ്കിലും ഇറാൻ എക്സിറ്റ് വിസ നൽകണമെന്ന ആഗ്രഹം ആണ് ഇപ്പോൾ അവർക്കുള്ളത്. ബ്രിട്ടനിൽ ഉള്ള ഭർത്താവ് സകാരി റാഡ്ക്ലിഫ്ന്റെ അടുത്തെത്തി മകൾക്ക് സ്കൂൾ വിദ്യാഭ്യാസം കൊടുത്തു തുടങ്ങാനാണ് കുടുംബത്തിന്റെയും ആഗ്രഹം. എന്നാൽ രാഷ്ട്രീയ ചെസ്സ് കളിയിലെ വെറും ഒരു കളിപ്പാവ മാത്രമാണ് താൻ എന്നും തനിക്ക് നീതി കിട്ടുമെന്ന പ്രതീക്ഷയില്ല എന്നും അവർ പറഞ്ഞു.

ലിസ മാത്യു, മലയാളം യുകെ ന്യൂസ്‌ ടീം

ബ്രിട്ടൻ :- ബ്രിട്ടനിലെ രാജകുടുംബവും പത്ര മാധ്യമങ്ങളും തമ്മിലുള്ള ബന്ധം വഷളാകുന്നതിന്റെ സൂചനയായി, ബ്രിട്ടീഷ് പത്രങ്ങളായ സൺ, മിററർ എന്നിവയ്ക്കെതിരെ ഹാരി രാജകുമാരൻ, തങ്ങളുടെ സ്വകാര്യത ലംഘിച്ച് ഫോൺ ചോർത്തിയതിന് നിയമനടപടികളുമായി മുന്നോട്ടു പോവുകയാണ്. ഇതിന്റെ മുന്നോടിയായി തന്റെ ഭാര്യ മേഗനോടുള്ള ബ്രിട്ടീഷ് മാധ്യമങ്ങളുടെ മോശമായ ഇടപെടലിനെ കുറിച്ച് ഹാരി രാജകുമാരൻ ശക്തമായി പ്രതികരിച്ചിരുന്നു. ഹൈക്കോടതിയിൽ കേസ് നൽകിയെന്ന പ്രസ്താവനയെ ശരിവയ്ക്കുന്നതായായിരുന്നു ബക്കിങ്ഹാം കൊട്ടാരത്തിന്റെ പ്രതികരണം.


മാധ്യമങ്ങൾ ജനശ്രദ്ധ ആകർഷിക്കുന്നതിനായും, പുതിയ ന്യൂസ് സ്റ്റോറികൾ ഉണ്ടാക്കുന്നതിനായും പ്രശസ്തരായവരുടെ സ്വകാര്യ ജീവിതത്തിലേക്ക് കടന്നു കയറുന്നു എന്ന ആരോപണമാണ് ഉന്നയിക്കപ്പെട്ടിരിക്കുന്നത്. ക്ലിന്റൺസ് എന്ന നിയമ സ്ഥാപനമാണ് പരാതിയുമായി മുന്നോട്ടു പോയിരിക്കുന്നത്. ഇത്തരത്തിൽ മുൻപും അവർ സ്വകാര്യത ലംഘനത്തിന് പരാതി നൽകുകയും, നഷ്ടപരിഹാരം നേടുകയും ചെയ്തിരുന്നു.

ഇതിനോടൊപ്പം തന്നെ ഹാരി രാജകുമാരന്റെ ഭാര്യ മേഗൻ, ബ്രിട്ടീഷ് പത്രമായ മെയിലിനെതിരെ സ്വകാര്യത ലംഘനത്തിന് പരാതി നൽകിയിരുന്നു. തന്റെ ഉപേക്ഷിക്കപ്പെട്ട പിതാവിന് മേഗൻ അയച്ച കത്ത് അവർ പ്രസിദ്ധീകരിച്ചു എന്നതായിരുന്നു കാരണം. വ്യക്തികൾക്ക് നേരെ എന്ത് ആരോപണവും ഉന്നയിക്കാം എന്ന അവസ്ഥയിലേക്ക് മാധ്യമങ്ങൾ എത്തിയിരിക്കുകയാണെന്ന് ഹാരി രാജകുമാരൻ കുറ്റപ്പെടുത്തി. മാധ്യമങ്ങൾ തങ്ങളുടെ എല്ലാ മൂല്യങ്ങളും നഷ്ട്ടപെടുത്തിയിരിക്കുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആദ്യം   തൻെറ അമ്മയും, ഇപ്പോൾ   ഭാര്യയും മാധ്യമങ്ങളുടെ ഇരകളായി തീർന്നിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

അനുപമ എസ് ബട്ട്,  മലയാളം യുകെ ന്യൂസ് ടീം

ഇതു വരെ അഭിമുഖീകരിച്ചിട്ടില്ലാത്ത ഒരു ദുരന്ത മുഖത്താണ് മരടിലെ പ്രവാസി മലയാളികൾ ഉൾപ്പെടെയുള്ള ഫ്ലാറ്റ് ഉടമകളും   തദേശവാസികളും . കോടതി വിധി നടപ്പാക്കുമ്പോൾ കുറ്റക്കാർക്കൊപ്പം ശിക്ഷിക്കപ്പെടുന്നത് നിരപരാധികളായ കുറെയേറെ മനുഷ്യരും കൂടിയാണ് .കഥയറിയാതെ പെട്ടുപോയവർ . റിട്ടയർമെന്റ് ജീവിതം സ്വസ്ഥമായി ചിലവഴിക്കാൻ ആഗ്രഹിച്ചവർ . അന്യനാടുകളിൽ നിന്ന് തിരിച്ചു വരുമ്പോൾ ഒരു കിടപ്പാടത്തിനായി ഫ്ലാറ്റ് മേടിച്ചവർ. സത്യത്തിൽ വഞ്ചിക്കപ്പെട്ട ഒരു സമൂഹമാണ് മരട് ഫ്ലാറ്റ് നിവാസികൾ . ഈ വഞ്ചനയ്ക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ ഇപ്പോഴും കാണാമറയത്താണ്. അനധികൃത നിർമാണ അനുമതി തൊട്ടു നടന്ന കള്ള കളികൾ പുറത്തു കൊണ്ടുവരണം .

കോടതി വിധിയെ കേരള പൊതുസമൂഹം സ്വാഗതം ചെയ്യുന്നുണ്ട്. കാരണം പ്രകൃതിയുടെ അസംതുലതാവസ്ഥ മൂലം വരും കാലങ്ങളിൽ വരാനിരിക്കുന്ന വൻദുരന്തങ്ങളുടെ സൂചനകളായി പ്രളയവും വെള്ളപ്പൊക്കവും ഉരുൾപൊട്ടലും നമ്മുടെ മുൻപിലുണ്ട് . മൂന്നാറും കുമരകവും ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ കുടിയേറ്റങ്ങളും റിസോർട്ടുകളും രാഷ്ട്രീയ ഉദ്യോഗസ്ഥ സ്വാധീനത്തിൻെറ പേരിൽ തലയെടുപ്പോടെ ഒരു പോറൽ പോലും ഏൽക്കാതെ ഇപ്പോഴും കേരള മനഃസാക്ഷിയെ അലോസരപെടുത്തുന്നുണ്ട് .

പുനരധിവാസവും നഷ്ടപരിഹാരവും പൊതുഖജനാവിൽ നിന്ന് വിനിയോഗിക്കുന്നത് നീതികേടാണ് . ഫ്ലാറ്റ് നിർമ്മാതാക്കളുടെ ആസ്തികൾ കണ്ടുകെട്ടാനും പരസ്യപ്പെടുത്താനും ഉള്ള ബാധ്യത സർക്കാരിനുണ്ട് . നിയമലംഘകർ ആരായാലും ശിക്ഷിക്കപെടുന്നതിനോടൊപ്പം നിർമാണത്തിനായി അനുമതി നൽകിയ ഉദ്യോഗസ്ഥ മേധാവികളും ശിക്ഷാർഹരാണ് . ഇനിയെങ്കിലും കിടപ്പാടത്തിനു വേണ്ടിയും നിക്ഷേപത്തിനായിട്ടും കേരളത്തിലേയ്ക്കു വരുന്ന പ്രവാസികൾ ഉൾപ്പെടെയുള്ള പൊതുജനം ഭരണ ഉദ്യോഗസ്ഥ മേധാവികളുടെ അഴിമതി മൂലം ബുദ്ധിമുട്ടിൽ ആകാതിരിക്കട്ടെ .

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

വടക്കൻ അയർലണ്ട് : വടക്കൻ അയർലണ്ടിലെ ഗർഭച്ഛിദ്ര നിയമങ്ങൾ മനുഷ്യാവകാശ ലംഘനമെന്ന് കോടതി വിധിച്ചു. സാറ എവാർട്ട് എന്ന യുവതിയുടെ കേസിലാണ് കോടതി ഈ വിധി പ്രഖ്യാപിച്ചത്. ഗർഭച്ഛിദ്രം നടത്താൻ തീരുമാനിച്ച സാറയ്ക്ക് നിയമങ്ങൾ വിലങ്ങുതടിയായപ്പോഴാണ് ഗർഭച്ഛിദ്ര നിയമങ്ങൾ മനുഷ്യാവകാശ ലംഘനമാണെന്ന വിധി കോടതി പുറപ്പെടുവിച്ചത്. ഈ വിധി സ്ത്രീകൾക്ക് ഒരു വഴിത്തിരിവാകുമെന്ന് സാറ പ്രതികരിച്ചു.

വെസ്റ്റ്മിൻ‌സ്റ്ററിൽ ഇതിനകം പാസാക്കിയ നിയമനിർമ്മാണത്തിന്റെ വെളിച്ചത്തിലാണ് ശ്രീമതി ജസ്റ്റിസ് കീഗൻ ഈ തീരുമാനം കൈകൊണ്ടത്. ഒക്ടോബർ 21നകം ഗർഭച്ഛിദ്രം ക്രിമിനൽ കുറ്റമല്ല എന്ന നിയമം ഉണ്ടാവാൻ സാധ്യതയുണ്ട്. ഗർഭച്ഛിദ്ര വിരുദ്ധ പ്രചരണ ഗ്രൂപ്പായ പ്രെഷ്യസ് ലൈഫിലെ അംഗങ്ങൾ വാദം കേൾക്കുന്നതിനിടെ കോടതിയ്ക്ക് പുറത്ത് പ്രതിഷേധിച്ചു. ജനിക്കാത്ത കുഞ്ഞുങ്ങൾക്ക് ജീവിക്കാനുള്ള അവകാശം നൽകാത്തത് നിർഭാഗ്യകരമാണെന്ന് ബെർണി സ്മിത്ത് പറഞ്ഞു.

വടക്കൻ അയർലണ്ടിൽ ഗർഭച്ഛിദ്രം നിയമവിധേയം അല്ല. സ്ത്രീയുടെ മാനസിക ആരോഗ്യത്തിനും ശാരീരിക ആരോഗ്യത്തിനും പ്രശ്നം നേരിട്ടാൽ മാത്രമേ ഗർഭച്ഛിദ്രം നടത്തൂ. ജനിച്ചുകഴിഞ്ഞാലും കുട്ടി രക്ഷപെടില്ലെന്ന് ഡോക്ടർമാർ പറഞ്ഞിട്ടും നിയമപരമായി ഗർഭച്ഛിദ്രം നടത്താൻ സാറയ്ക്ക് കഴിഞ്ഞില്ല. അതിനായി ഇംഗ്ലണ്ടിലേക്ക് നടത്തിയ യാത്ര തന്റെ കുടുംബത്തിനുണ്ടാക്കിയ ആഘാതത്തെയും അധിക ചെലവുകളെയും കുറിച്ച് സാറ മാധ്യമങ്ങളോട് സംസാരിച്ചു.

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ഇംഗ്ലണ്ട് : യുകെയിലെ പ്രധാന പദവികളിലൊന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ സ്ഥാനം. ഇപ്പോഴത്തെ ഗവർണർ മാർക്ക്‌ കാർണി 2020 ജനുവരി 31ന് സ്ഥാനമൊഴിയും. പുതിയ ഗവർണറെ കണ്ടെത്താനുള്ള നിയമനടപടികൾ ഏപ്രിലിൽ തന്നെ ആരംഭിച്ചിരുന്നു. വേനൽകാലത്ത് തന്നെ അഭിമുഖങ്ങൾ പൂർത്തിയാക്കിയിരുന്നു. ശരത്കാലത്ത് പുതിയ ഗവർണറെ പ്രഖ്യാപിക്കാനായിരുന്നെങ്കിലും ബ്രെക്സിറ്റ് കാലതാമസവും പൊതുതെരഞ്ഞെടുപ്പും ഉൾപ്പെടെ വൻ പ്രതിസന്ധികൾ രാജ്യം നേരിടുന്നതിനാൽ പ്രഖ്യാപനം വൈകിയേക്കുമെന്നാണ് സൂചന.

പലിശ നിരക്ക് നിശ്ചയിക്കുന്നതും, സാമ്പത്തിക സ്ഥിരത നിരീക്ഷിക്കുന്നതും, സാമ്പത്തിക മേഖലയെ നിയന്ത്രിക്കുന്നതുമായ മൂന്ന് പ്രധാന കമ്മിറ്റികളുടെ അധ്യക്ഷനായിരിക്കും പുതിയ ഗവർണർ. ഒപ്പം ഐഎംഎഫ് സമ്മേളനത്തിലും ജി 7നിലും യുകെയെ പ്രതിനിധീകരിക്കുന്നത് ഇദ്ദേഹമായിരിക്കും. ഗവർണർ പദവിയിലേക്ക് എത്തിയേക്കാവുന്ന പ്രധാന വ്യക്തികൾ ഇവരൊക്കെയാണ് ;
ആൻഡ്രൂ ബെയ്ലി – 1985ൽ ബാങ്ക് ഓഫ് ഇംഗ്ലണ്ടിൽ ചേർന്ന ബെയ്‌ലി, ഡെപ്യൂട്ടി ഗവർണർ, ചീഫ് കാഷ്യർ തുടങ്ങിയ പ്രധാന സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.പല വിവാദങ്ങൾക്കും പാത്രമാവേണ്ടി വന്നു.
ശ്രീതി വടേര – ഉഗാണ്ടയിൽ ജനിച്ചശേഷം യുകെയിലേക്ക് മാറിയ ശ്രീതി, ലേബർ ഗവണ്മെന്റിൽ മന്ത്രിയായിരുന്നു. 1999 ൽ യുകെ ട്രഷറിയുടെ സാമ്പത്തിക ഉപദേഷ്ടാക്കളുടെ സമിതിയിൽ ചേരുന്നതിന് മുമ്പ് സ്വിസ് നിക്ഷേപ ബാങ്കായ യുബിഎസിൽ പത്തുവർഷത്തിലേറെ പ്രവർത്തിച്ചു. നിലവിൽ സാന്റാൻഡർ യുകെയിൽ ചെയർമാനായി പ്രവർത്തിക്കുന്നു.
ബെൻ ബ്രോഡ്‌ബെന്റ്- മുൻ ഗോൾഡ്മാൻ സാക്സ് സാമ്പത്തിക ശാസ്ത്രജ്ഞനും ട്രഷറിയിൽ നിരവധി സ്ഥാനങ്ങൾ വഹിക്കുകയും ചെയ്ത ഇദ്ദേഹം, ന്യൂയോർക്കിലെ കൊളംബിയ യൂണിവേഴ്‌സിറ്റിയിൽ ഇക്കണോമിക്‌സ് പ്രൊഫസറായിയിരുന്നു. 2011 ൽ പലിശ നിരക്ക് നിശ്ചയിക്കുന്നയാളായി ബാങ്കിൽ ചേർന്നശേഷം 2014 ൽ ധനനയത്തിന്റെ ഡെപ്യൂട്ടി ഗവർണറായി.ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥ നിലച്ച ഒന്നാണെന്ന പരാമർശത്തിന് വിമർശനങ്ങൾ നേരിടേണ്ടി വന്നു.


ജോൺ കൻലിഫ് – 2013ൽ ബാങ്ക് ഓഫ് ഇംഗ്ലണ്ടിൽ ചേർന്നു. യൂറോപ്യൻ യൂണിയനിൽ യുകെയുടെ പ്രതിനിധി ആയിരുന്നു. 2016 ലെ ബ്രെക്സിറ്റ് വോട്ടെടുപ്പിന് മുന്നോടിയായി, ബാങ്ക് ഓഫ് ഇംഗ്ലണ്ടിൽ പ്രോജക്ട് ബുക്കെൻഡ് എന്ന് വിളിക്കപ്പെടുന്ന ഒരു രഹസ്യ ടാസ്‌ക്ഫോഴ്‌സിന് അദ്ദേഹം നേതൃത്വം നൽകി.

മിനൗച്ചെ ഷാഫിക് – 36-ാം വയസ്സിൽ, നെമാറ്റ് മിനൗച്ചെ ഷാഫിക് ലോക ബാങ്കിന്റെ എക്കാലത്തെയും പ്രായം കുറഞ്ഞ വൈസ് പ്രസിഡന്റായി. മാർക്കറ്റ്സ്, ബാങ്കിംഗ് എന്നിവയുടെ ഡെപ്യൂട്ടി ഗവർണറായി ബാങ്ക് ഓഫ് ഇംഗ്ലണ്ടിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.ഐഎംഎഫിന്റെ മാനേജിങ് ഡയറക്ടറും ആയിരുന്നു.

ജോൺ കിംഗ്മാൻ, ജെറാർഡ് ലിയോൺസ്, ഹോവാർഡ് ഡേവിസ് തുടങ്ങിയ പ്രമുഖരും സാധ്യത പട്ടികയിലുണ്ട്.

ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

ലണ്ടൻ : ഇൻഡിപെൻഡൻഡ്, ഗാർഡിയൻ, ദി ടൈംസ് തുടങ്ങിയ പ്രമുഖ മാധ്യമങ്ങളിൽ എല്ലാം റിപ്പോർട്ടർ ആയി പ്രവർത്തിച്ചിരുന്ന കഴിവുറ്റ മാധ്യമ പ്രവർത്തകയായിരുന്നു ഹന്ന. ഹ്രസ്വമായ കരിയർ കാലയളവിൽതന്നെ വിവാദപരവും നിസ്സാരമല്ലാത്തതുമായ ധാരാളം റിപ്പോർട്ടുകൾ ഹന്ന ചെയ്തിട്ടുണ്ട്. കോസ്റ്റാ കോഫിയിലെ മോശമായ തൊഴിൽ സാഹചര്യം, തെരുവിലെ മനുഷ്യ ജീവിതങ്ങളുടെ അന്തി ഉറക്കം, പാർപ്പിടം ഇല്ലായ്മ തുടങ്ങിയവയാണ് പ്രധാന റിപ്പോർട്ടുകൾ.

ഇൻഡിപെൻഡൻഡിൽ എഴുതുന്ന സമയത്ത് “റേസിസം ഇൻ ദ മീഡിയ “, “ജോയ്‌സ് ഓഫ് ഹലാൽ ഹോളിഡേയ്‌സ് ” തുടങ്ങിയവ ഹന്നയുടെ ശ്രദ്ധേയമായ വർക്കുകൾ ആയിരുന്നു . കഴിഞ്ഞ രണ്ട് വർഷമായി ഹന്ന ബിബിസിയുടെ റിപ്പോർട്ടറാണ്. ഹന്നയുടെ മരണത്തിൽ തീവ്രമായ ദുഃഖമുണ്ടെന്ന് ബിബിസി ഡയറക്ടർ ഫ്രാൻ അൺസ്വാർത്‌ പറഞ്ഞു.

ഹന്ന യൂസഫ് അത്യധികം പ്രതിഭയുള്ള ഒരു മാധ്യമ പ്രവർത്തകയും ബിബിസിയിൽ ആരാധിക്കപ്പെട്ട ഒരു റിപ്പോർട്ടറും ആയിരുന്നു . തിളങ്ങിനിന്ന ഒരു വ്യക്തി പ്രഭാവം പെട്ടെന്ന് ഈ ലോകത്തുനിന്ന് ഇല്ലാതാകുന്നത് വേദനാജനകമാണ് എന്ന് കോർപ്പറേഷൻ ചീഫ് ഇന്റർനാഷണൽ കറസ്പോണ്ടൻസ് ആയ ലൈസ് ഡൗസെറ്റ് പറഞ്ഞു . നെതർലൻഡ്സിലും മാഞ്ചസ്റ്ററിലും ലണ്ടനിലും ആയി ജീവിച്ച ഹന്ന 1992 സൊമാലിയയിൽ ആണ് ജനിച്ചത് . മരണ കാരണം എന്താണെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല .

ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

വേൽസ് : 23 വയസ്സുള്ള പീഡിയാട്രിക് നഴ്സിനെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ നിന്നും ചൊവ്വാഴ്ച വെളുപ്പിനെയോടെയാണ് കാണാതായത്. കാണാതായ സമയത്ത് നീല നിറത്തിലെ നഴ്സുമാരുടെ യൂണിഫോമും കറുത്ത ഷൂസും ആണ് അവർ ധരിച്ചിരുന്നത്. കാർപള്ളിയിൽ നിന്നുള്ള നഴ്സ് രാത്രി 1 നാല്പതോടെ ആണ് ഡ്യൂട്ടി അവസാനിപ്പിച്ച് ഹോസ്പിറ്റലിൽ നിന്നും മടങ്ങിയത്.

പൈലി വില്ലേജിലെ സർവ്വ ഈ നദിയിൽ നിന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ ഗ്വെന്റ് പോലീസ് ശരീരം കണ്ടെത്തി. മരണത്തിൽ അസ്വാഭാവികത ഒന്നും ഇല്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ലോറിയുടെ മൃതശരീരം തിരിച്ചറിഞ്ഞ് കുടുംബാംഗങ്ങൾ അന്വേഷണത്തിനു സഹായിച്ച ഉദ്യോഗസ്ഥരോടും ബന്ധുമിത്രാദികളും നന്ദി അറിയിച്ചു. ദുഃഖത്തിൽ പങ്കു ചേരാൻ എത്തിയവരോടുള്ള സ്നേഹാദരവുകൾ അവർ പങ്കുവെച്ചു.

 

കാർഡ് ആൻഡ് വെയിൽ യൂണിവേഴ്സിറ്റിയിലെ ഹെൽത്ത് ബോർഡ് നഴ്സിന്റെ വേർപാടിൽ ദുഃഖാചരണം നടത്തി. മറ്റുള്ളവരെ സഹായിക്കാൻ വേണ്ടി കരിയർ തെരഞ്ഞെടുത്ത ലോറി ജോൺസ് പ്രതിഭയുള്ള ഒരു വ്യക്തി ആയിരുന്നു എന്നും അധികൃതർ പറഞ്ഞു.

ലിസ മാത്യു, മലയാളം യുകെ ന്യൂസ്‌ ടീം

ബ്രിട്ടൻ :- ട്രാൻസ്ജെൻഡേഴ്സിനെ അംഗീകരിക്കാൻ വിസമ്മതിച്ച ക്രിസ്ത്യൻ ഡോക്ടർ ഡേവിഡ് മേക്കറെത്തിനെതിരെ കോടതി വിധി. തന്റെ ക്രിസ്ത്യൻ വിശ്വാസം ട്രാൻസ്ജെൻഡേഴ്സിനെ അംഗീകരിക്കാൻ തന്നെ പ്രേരിപ്പിക്കുന്നില്ല എന്നാണ് ഡേവിഡിന്റെ വാദം. വെസ്റ്റ് മിഡ്‌ലാൻഡിലെ ഡൂഡിലിയിൽ നിന്നുള്ള ഡേവിഡ്, തനിക്ക് ചിന്തിക്കാൻ ഉള്ള സ്വാതന്ത്ര്യവും, ഇഷ്ടമുള്ള വിശ്വാസം പിന്തുടരുന്നതിനുള്ള അവകാശവുമാണ് ലംഘിക്കപ്പെട്ടിരിക്കുന്നത് എന്ന് അഭിപ്രായപ്പെട്ടു.

ആറടി ഉയരവും, മീശയും ഉള്ള ഒരു പുരുഷനെ താൻ സ്ത്രീയെന്ന് വിളിക്കാത്തത് തനിക്കെതിരെയുള്ള ആരോപണം എന്ന ഡേവിഡ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. എന്നാൽ ഡേവിഡിന്റെ കാഴ്ചപ്പാട് വ്യക്തികളുടെ അന്തസ്സിനും അഭിമാനത്തിനും കോട്ടം തട്ടുന്നതാണെന്ന് പാനൽ അംഗങ്ങൾ കണ്ടെത്തി. ബർമിങ്ഹാമിലെ ട്രിബ്യൂണൽ പാനൽ ഡേവിഡിന്റെ എല്ലാ പരാതികളും തള്ളി.

ഓരോ വ്യക്തിയുടെയും സ്വാതന്ത്ര്യത്തിനും, അവകാശത്തിനും എതിരാണ് ഡേവിഡിന്റെ കാഴ്ചപ്പാട് എന്ന കണ്ടെത്തലിനെ തുടർന്നായിരുന്നു ഇത്തരമൊരു വിധി പുറപ്പെടുവിച്ചത് എന്ന് ട്രിബ്യൂണൽ പാനലിലെ അംഗങ്ങൾ വ്യക്തമാക്കി. എന്നാൽ തന്റെ വിശ്വാസത്തിൽ താൻ ഉറച്ചു നിൽക്കുന്നുവെന്നും, തന്റെ 30 വർഷത്തെ അനുഭവം അതിനു തന്നെ പ്രേരിപ്പിക്കുന്നതെന്നും അമ്പത്തിയാറുകാരനായ ഡേവിഡ് വ്യക്തമാക്കി. താൻ ഒരു ക്രിസ്ത്യാനിയാണെന്നതിൽ ഉറച്ചു നിൽക്കുന്നുവെന്നും, തന്റെ അവകാശത്തിനും സ്വാതന്ത്ര്യത്തിനുവേണ്ടിയും പോരാടുമെന്നും ഡേവിഡ് വ്യക്തമാക്കി. എന്നാൽ ആരുടേയും അവകാശത്തിന് എതിരെ വിധി പ്രഖ്യാപിച്ചിട്ടില്ലെന്നും, മനുഷ്യത്വത്തിനാണ് പ്രാധാന്യം കൊടുത്തതെന്നും ട്രിബ്യൂണൽ അംഗങ്ങൾ വ്യക്തമാക്കി.

ലണ്ടൻ∙ ഹൈദരാബാദ് നിസാമിന്റെ സ്വത്തിനെച്ചൊല്ലി ദശാബ്ദങ്ങള്‍ നീണ്ടുനിന്ന കേസിൽ പാക്കിസ്ഥാനു തിരിച്ചടി. കേസിൽ പാക്കിസ്ഥാന്റെ വാദങ്ങൾ തള്ളിയ യുകെ ഹൈക്കോടതി ഇന്ത്യയ്ക്കനുകൂലമായ വിധി പുറപ്പെടുവിക്കുകയായിരുന്നു. 1947ൽ ഇന്ത്യ വിഭജന സമയത്തു ലണ്ടനിലെ ബാങ്ക് അക്കൗണ്ടിൽ നിസാം നിക്ഷേപിച്ച തുകയെച്ചൊല്ലിയായിരുന്നു തർക്കം.

ജസ്റ്റിസ് മാർകസ് സ്മിത്ത്

നിസാമിന്റെ പിന്തുടര്‍ച്ചക്കാരായ മുഖറം ജാ രാജകുമാരൻ, സഹോദരൻ മുഫഖം ജാ എന്നിവർ ഇന്ത്യന്‍ സർക്കാരിനോടൊപ്പം ചേർന്നു നടത്തിയ കേസിലാണു ദശാബ്ദങ്ങൾക്കുശേഷം വിജയം നേടിയത്. യുകെയിലെ നാറ്റ്‍വെസ്റ്റ് ബാങ്കിലെ 3.5 കോടി പൗണ്ടിനെച്ചൊല്ലിയായിരുന്നു ഇരു രാജ്യങ്ങളും തമ്മിലുള്ള നിയമയുദ്ധം. നിസാം ഏഴാമനാണ് ഈ തുകയുടെ മുഴുവൻ അർഹതയെന്ന് ലണ്ടൻ റോയൽ കോടതി ജഡ‍്ജി ജസ്റ്റിസ് മാർകസ് സ്മിത്ത് വിധിച്ചു.

10.08 ലക്ഷം പൗണ്ടും 9 ഷില്ലിങ്ങുമാണ് 1948ൽ ഹൈദരാബാദ് നിസാം പുതുതായി രൂപംകൊണ്ട പാക്കിസ്ഥാന്റെ ബ്രിട്ടനിലെ ഹൈക്കമ്മിഷനറുടെ അക്കൗണ്ടിലേക്ക് അന്നു കൈമാറിയത്. ബാങ്കിലെ ഈ തുക‌ നിലവിൽ 3.5 കോടി പൗണ്ടായി ഉയർന്നു. ഇന്ത്യൻ സർക്കാരിന്റെ പിന്തുണയോടെ, തുക തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് നിസാമിന്റെ പിൻതുടർച്ചക്കാർ വാദിച്ചു. എന്നാൽ തുക തങ്ങളുടേതാണെന്നായിരുന്നു പാക്കിസ്ഥാന്റെ അവകാശവാദം.

ഇന്ത്യ വിഭജന സമയത്ത് ഹൈദരാബാദിന്റെ ഏഴാമത്തെ നിസാം ആയിരുന്ന മിർ ഒസ്മാൻ അലി ഖാൻ ഇന്ത്യയിലും പാക്കിസ്ഥാനിലും ചേരാൻ തയാറായിരുന്നില്ല. ഈ സമയത്താണ് സൂക്ഷിക്കുന്നതിനായി 10 ലക്ഷം പൗണ്ട് യുകെയിലെ പാക്ക് ഹൈക്കമ്മിഷണര്‍ ആയിരുന്ന ഹബീബ് ഇബ്രാഹിം റഹിംതുലയുടെ ലണ്ടനിലെ അക്കൗണ്ടിലേക്കു മാറ്റുന്നത്. ഹൈദരാബാദിന് നൽകിയ ആയുധങ്ങളുടെ തുകയാണ് ഇതെന്നാണ് പാക്കിസ്ഥാൻ വാദിച്ചിരുന്നത്.

എന്നാൽ പാക്കിസ്ഥാന്റെ വാദഗതിക്കു തെളിവില്ലെന്ന് ലണ്ടൻ കോടതി കണ്ടെത്തി. കോടതി വിധി പരിശോധിച്ചശേഷം തുടർ നടപടികൾ കൈക്കൊള്ളുമെന്ന് പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

 

ഷിബു മാത്യൂ

നേട്ടങ്ങൾ കൊയ്ത് മലയാളികൾ ബ്രിട്ടണിൽ മുന്നേറുകയാണ്. ഗ്രേറ്റ് ബ്രട്ടീഷ് കെയർ അവാർഡ്‌ നൈറ്റ് ഒക്ടോബർ 26 ന് മാഞ്ചസ്റ്ററിൽ നടക്കാനിരിക്കെ ബെസ്റ്റ് കെയർഹോം രജിസ്ട്രേഡ് മാനേജർ വിഭാഗത്തിൽ ഏറ്റവും മികച്ച മാനേജർക്കായുള്ള അവാർഡിന് പരിഗണിക്കപ്പെട്ടവരുടെ ലിസ്റ്റിൽ മാഞ്ചെസ്റ്ററിൽ നിന്നുള്ള സിന്ധു സാജുവും ഇടം നേടി. നോർത്ത് വെസ്റ്റ് റീജിയണിൽ നിന്നുമായി പാശ്ചാത്യർ ഉൾപ്പെടെ അഞ്ച് പേരാണ് ലിസ്റ്റിൽ പരിഗണിച്ചിരിക്കുന്നത്. ഭാഗ്യം സിന്ധുവിനെ തുണച്ചാൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാളി എന്ന ഖ്യാദിയും സിന്ധുവിൽ വന്നു ചേരും.

2004 ലാണ് സിന്ധു സാജു യുകെയിലെത്തിയത്. 2008 ൽ യൂണിറ്റി ഹോംസ് ലിമിറ്റഡിന്റെ കീഴിലുള്ള നെഴ്സിംഗ് ഹോമിൽ നെഴ്സായി ജോലിയാരംഭിച്ചു. 2016ൽ ഇതേ കമ്പനിയുടെ കീഴിലുള്ള മാഞ്ചെസ്റ്ററിലെ ബ്ളൂബെൽ കോർട്ട്, വില്ലോസ് എന്നീ നെഴ്സിംഗ് ഹോമുകളുടെ മാനേജരായി നിയമിതയായി. പിന്നീടങ്ങോട്ടുള്ള സിന്ധുവിന്റെ പ്രവർത്തന മികവാണ് ചുരുക്കം ചിലർക്ക് മാത്രം ലഭിക്കുന്ന അവാർഡിനരികിൽ എത്തിച്ചിരിക്കുന്നത്. ആധുനിക കാലഘട്ടങ്ങളിലെ മത്സരങ്ങളെ നേരിട്ട്, മാനേജ്മെന്റിലെ വൈവിധ്യമാർന്ന കഴിവുകൾ പ്രദർശിപ്പിച്ചവർക്കും സ്വായത്തമായവർക്കും നല്കുന്ന അവാർഡാണിത്. രോഗീപരിപാലനത്തിനും വാർദ്ധക്യ പരിചരണത്തിനും വ്യക്താനിഷ്ട്യമായ രീതികൾ പിൻതുടരുകയും തനതായ മാർഗ്ഗങ്ങൾ കണ്ടെത്തുകയും ചെയ്യുന്നതോടൊപ്പം സഹപ്രവർത്തകർക്ക് രോഗീപരിപാലനത്തിൽ മാനേജരെന്ന നിലയിൽ നല്കിയ പിൻന്തുണയും പ്രധാന ഘടകമാണ്.

കേരളത്തിൽ അങ്കമാലി തുറവൂര് പുന്നശ്ശേരി വീട്ടിൽ ജോസ് പുന്നശ്ശേരിയുടെയും മേരി ജോസ് പുന്നശ്ശേരിയുടെയും രണ്ട് മക്കളിൽ മൂത്തയാളാണ് സിന്ധു. ഇളയ സഹോദരൻ സിനോ ജോസ് കുടുംബസമേതം യുകെയിലാണ് താമസം. അങ്കമാലിയിൽ മഞ്ഞപ്ര പുതിയിടത്ത് വീട്ടിൽ സാജു പാപ്പച്ചനാണ് സിന്ധുവിന്റെ ഭർത്താവ്. ഇവർക്ക് രണ്ട് മക്കളാന്നുള്ളത്. സോണിയാ സാജുവും സാമുവേൽ സാജുവും. കുടുംബസമേതം മാഞ്ചെസ്റ്ററിലാണ് ഇവർ താമസിക്കുന്നത്.

ഈ മാസം 26 ന് മാഞ്ചെസ്റ്ററിലെ പ്രൻസിപ്പാൾ ഹോട്ടലിൽ ക്ഷണിക്കപ്പെട്ട സദസ്സിന് മുമ്പാകെ അവാർഡ് പ്രഖ്യാപനം നടക്കും. തുടന്ന് അവാർഡ് ദാന ചടങ്ങുകളും നടക്കും. മലയാളം യുകെ ന്യൂസിന്റെ അഭിനന്ദനങ്ങളും ആശംസകളും.

RECENT POSTS
Copyright © . All rights reserved