ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെ ഉപയോക്താക്കളിൽ നിന്നുള്ള ദശലക്ഷക്കണക്കിന് ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പോസ്റ്റുകൾ ഉപയോഗിച്ച് തങ്ങളുടെ AI – യെ പരിശീലിപ്പിക്കാൻ ഒരുങ്ങി മെറ്റാ. യുകെയുടെ ഇൻഫർമേഷൻ കമ്മീഷണർ ഓഫീസുമായി (ഐസിഒ) നടത്തിയ കൂടികാഴ്ചകൾക്ക് ശേഷം ഇതിന് വേണ്ട മാറ്റങ്ങൾ നടത്തിയെന്നാണ് മെറ്റാ അവകാശപ്പെടുന്നത്. പദ്ധതിക്ക് ഐസിഒ ഔപചാരികമായി അംഗീകാരം നൽകിയിട്ടില്ല. നിലവിൽ ഔദ്യോഗിക വൃത്തങ്ങൾ മെറ്റായുടെ പ്രവർത്തികൾ നിരീക്ഷിച്ച് വരികയാണ്. പുതിയ മാറ്റങ്ങൾ അനുസരിച്ച് ഉപയോക്താക്കൾക്ക് അവരുടെ പോസ്റ്റുകൾ പ്രോസസ്സ് ചെയ്യുന്നത് ഒഴിവാക്കാൻ സാധിക്കും.
അതേസമയം ഉപയോക്താക്കളെ ടെസ്റ്റ് കേസസ് ആക്കിയെന്ന് ആരോപിച്ചുകൊണ്ട് ഓപ്പൺ റൈറ്റ്‌സ് ഗ്രൂപ്പ് (ORG) രംഗത്ത് വന്നു. യൂറോപ്പിൽ ഈ നീക്കം താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. അതേസമയം യുകെയിൽ ഇത് നടപ്പിലാക്കാൻ ഒരുങ്ങുകയാണ് കമ്പനി. പൊതുവായി പങ്കിട്ട പോസ്റ്റുകൾ ഉപയോഗിച്ചായിരിക്കും വിവരങ്ങൾ എടുക്കുക. എന്നാൽ 18 വയസ്സിന് താഴെയുള്ള ഉപയോക്താക്കളിൽ നിന്നുള്ള സ്വകാര്യ സന്ദേശങ്ങളും ഉള്ളടക്കവും ഒഴിവാക്കും.
AI മോഡലുകളെ പരിശീലിപ്പിക്കാൻ ഉപയോക്താക്കളുടെ ഡാറ്റ ഉപയോഗിക്കുന്ന സ്ഥാപനങ്ങൾ ഡാറ്റ എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെ കുറിച്ച് സുതാര്യമായിരിക്കണമെന്നും സുരക്ഷാ മാർഗങ്ങൾ നടപ്പിലാക്കാൻ ശ്രദ്ധിക്കണമെന്നും ഐസിഒയുടെ റെഗുലേറ്ററി റിസ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ സ്റ്റീഫൻ ആൽമണ്ട് പറഞ്ഞു. മെറ്റയുടെ പ്ലാനുകൾക്ക് ഐസിഒ റെഗുലേറ്ററി അംഗീകാരം നൽകിയിട്ടില്ലെന്നും സ്വകാര്യതാ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് മെറ്റയുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
റെഡ്ഡിച്ചിൽ മരിച്ച മലയാളി ദമ്പതികൾക്ക് ഇന്ന് അന്ത്യവിശ്രമമൊരുങ്ങും. അനിൽ ചെറിയാൻ – സോണിയ ദമ്പതികളുടെ സംസ്കാരം ഇന്ന് സെപ്റ്റംബർ 14 ന്. ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ ആർ.സി ചർച്ചിൽ ആരംഭിക്കുന്ന പൊതു ദർശനത്തിനും ശ്രൂഷകൾക്കും പിന്നാലെ റെഡ്ഡിച്ച് ബറോ സെമിത്തേരിയിലായിരിക്കും സംസ്കാരം. ഓഗസ്റ്റ് 18 നായിരുന്ന സോണിയ അനിലിന്റെ (39) ആകസ്മിക വിയോഗം. കാലിലെ ശസ്ത്രക്രിയയ്ക്കായി നാട്ടിൽ പോയി മടങ്ങിയെത്തിയ സോണിയ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. സോണിയയുടെ വിയോഗം താങ്ങാനാകാതെ അനിൽ പിറ്റേന്ന് രാത്രി ജീവനൊടുക്കുകയായിരുന്നു.
ഇരുവർക്കും രണ്ടു കുട്ടികൾ ഉണ്ട്. കോട്ടയം വാകത്താനം വലിയപറമ്പിൽ കുടുംബാംഗമാണ് അനിൽ ചെറിയാൻ. റെഡ്ഡിച്ചിലെ അലക്സാന്ദ്ര ആശുപത്രിയിലെ നഴ്സായിരുന്നു സോണിയ. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ വിവാഹിതരായവരാണ് അനിലും സോണിയയും. ഒടുവിൽ മരണത്തിലും ഇവർ ഒന്നിച്ചപ്പോൾ തനിച്ചായിരിക്കുകയാണ് രണ്ടു കുഞ്ഞുങ്ങൾ. സംസ്‌കാര ശുശ്രൂഷകളുടെ ചടങ്ങിൻെറ ലൈവ് സ്ട്രീമിങ് ഉണ്ടായിരിക്കുന്നതാണ്.
ശവസംസ്‌കാര ശുശ്രൂഷകൾ നടക്കുന്നത്;
Church – Our Lady Of Mount Carmel R C Church
Beoley Rd W, Redditch B98 8LT, United Kingdom
map: https://maps.app.goo.gl/sRXwAaTv9UBQXYvx7
Burial Service – Borough Of Redditch Cemeteries & Crematorium
Bordesley La, Redditch B97 6RR, United Kingdom
map:https://maps.app.goo.gl/2VzCrJRfHNwVF7Vx7
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ചാരവൃത്തി ആരോപിച്ച് ആറ് ബ്രിട്ടീഷ് നയതന്ത്രജ്ഞരുടെ അക്രഡിറ്റേഷൻ റദ്ദാക്കി റഷ്യ. റഷ്യയുടെ സുരക്ഷാ സേവനമായ എഫ്എസ്ബി തങ്ങളുടെ പക്കൽ യുകെയ്‌ക്കെതിരെയുള്ള രേഖകൾ ഉണ്ടെന്ന് അവകാശപ്പെട്ടു. അതേസമയം ഈ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് പറഞ്ഞു കൊണ്ട് യുകെ വിദേശകാര്യ ഓഫീസ് ഇത് തള്ളിക്കളഞ്ഞു. യുകെ പ്രധാനമന്ത്രി സർ കെയർ സ്റ്റാർമറുടെ വാഷിംഗ്ടൺ സന്ദർശനത്തിന് പിന്നാലെയാണ് റഷ്യ നടപടി സ്വീകരിച്ചിരിക്കുന്നത്. അദ്ദേഹം യുക്രെയിനുമായി ബന്ധപ്പെട്ട ചർച്ചകൾ യുഎസ് പ്രസിഡൻ്റ് ജോ ബൈഡനുമായി ചർച്ച ചെയ്‌തെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
റഷ്യയെ ലക്ഷ്യം വച്ചുള്ള ആക്രമണങ്ങൾ നടത്താൻ നാറ്റോ രാജ്യങ്ങൾ ഉക്രെയ്നെ അനുവദിച്ചാൽ ഇത് ഗുരുതര കുറ്റകൃത്യമായി കണക്കാക്കുമെന്നും ഇത് യുദ്ധത്തിൽ നേരിട്ടുള്ള പങ്കാളിത്തമാകുമെന്നും റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ മുന്നറിയിപ്പ് നൽകി. ഇത്തരം സാഹചര്യത്തിൽ റഷ്യ ഇവർക്കെതിരെ നടപടികൾ എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദേശീയ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിൻെറ ഭാഗമായി നടത്തിയ നിലപാടാണ് ഇതെന്ന് ബ്രിട്ടീഷ് നയതന്ത്രജ്ഞരുടെ അക്രഡിറ്റേഷൻ റഷ്യ റദ്ദാക്കിയതിന് കാരണമായി യുകെ വിദേശകാര്യ ഓഫീസ് പറഞ്ഞത്.
2022 ഫെബ്രുവരിയിൽ റഷ്യയുടെ ഉക്രെയ്ൻ അധിനിവേശത്തിനു ശേഷം ഇത്തരം പുറത്താക്കലുകൾ വർദ്ധിച്ചു വരികയാണ്. ചാരവൃത്തി ആരോപിച്ച് ലണ്ടനിൽ നിന്ന് ഒരു റഷ്യൻ പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനെ പുറത്താക്കിയതിനെ തുടർന്ന് ഈ വർഷം ആദ്യം ബ്രിട്ടീഷ് നയതന്ത്രജ്ഞൻ ക്യാപ്റ്റൻ അഡ്രിയാൻ കോഗിൽ റഷ്യയിൽ നിന്ന് പുറത്താക്കപ്പെട്ടിരുന്നു. അടുത്തിടെ യുകെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി ഉക്രെയ്‌നിന് 600 മില്യൺ പൗണ്ട് സഹായം പ്രഖ്യാപിച്ചിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
എൻഎച്ച്എസ് സംഘടിപ്പിക്കുന്ന ഷെഫ് 2024 മത്സരത്തിന്റെ അവസാന റൗണ്ടിൽ സസെക്സിൽ നിന്നുള്ള മലയാളിയായ സെൽജൻ അർഹത നേടി. സെൽജനും കൂട്ടത്തിൽ അവിനാഷുമാണ് ഒക്ടോബർ 14-ാം തീയതി ആരംഭിക്കുന്ന അവസാന റൗണ്ടിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്. രാജ്യത്തിൻറെ വിവിധ സ്ഥലങ്ങളിലെ എൻഎച്ച്എസ്സിന്റെ ഷെഫുമാർ മാറ്റുരയ്ക്കുന്ന മത്സരത്തിൽ 8 ടീമുകളാണ് അവസാന റൗണ്ടിൽ എത്തിച്ചേർന്നത്. സെമിഫൈനലിൽ സെൽജനും അവിനാഷും മികച്ച പ്രകടനമാണ് കാഴ്ചവച്ചതെന്ന് ചിചെസ്റ്റർ & വർത്തിംഗ് കേറ്ററിംഗ് മേധാവി ടോണി ഷിയ പറഞ്ഞു.
ആരോഗ്യകരമായ ഭക്ഷണവും പാചക മികവും പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് എൻഎച്ച്എസ് വർഷംതോറും നടത്തുന്ന ഷെഫ് മത്സരങ്ങൾ. വിവിധ എൻ എച്ച് എസ് ട്രസ്റ്റുകളിൽ നിന്നുള്ള ഷെഫുകൾക്ക് അവരുടെ കഴിവും സർഗാത്മകതയും പ്രദർശിപ്പിക്കുന്നതിന് അനുയോജ്യമായ വേദിയാണ് ഈ മത്സരങ്ങൾ. രുചികരമായ ഭക്ഷണം ഒരുക്കുന്നതിനൊപ്പം കർശനമായ മാർഗനിർദ്ദേശങ്ങൾ പാലിക്കുകയും പോഷക സമൃദ്ധവും ആരോഗ്യകരവുമായ വിഭവങ്ങൾ തയ്യാറാക്കുക എന്നതാണ് ഷെഫ് മത്സരത്തിൽ പങ്കെടുക്കുമ്പോൾ നേരിട്ട വെല്ലുവിളിയെന്ന് സെൽജിൻ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.
സെൽജിൻ കഴിഞ്ഞ 12 വർഷമായി വെസ്റ്റ് സസെക്സിലെ എൻഎച്ച്എസ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ഷെഫായി ജോലി ചെയ്യുകയാണ്. ഭാര്യ ലിൻസി സെൽജൻ എൻഎച്ച്എസ് സസെക്സിൽ മെന്റൽ ഹെൽത്ത് നേഴ്സ് ആയി ആണ് സേവനം അനുഷ്ഠിക്കുന്നത്. സെൽജൻ ലിൻസി ദമ്പതികളുടെ മകൻ റോബ്‌സൺ സെൻ്റ് ഓസ്‌കാർ റൊമാരോ കാത്തലിക് സ്‌കൂളിൽ ഒമ്പതാം ക്ലാസ്സിലും മകൾ റോസന്ന ഇംഗ്ലീഷ് മാർട്ടിസ് സ്കൂളിൽ അഞ്ചാം ക്ലാസ്സിലുമാണ് പഠിക്കുന്നത്. 14 വർഷം മുമ്പ് യുകെയിൽ എത്തിയ സെൽജിന്റെ സ്വദേശം വൈക്കത്തിനടുത്തുള്ള കുടവച്ചൂർ ആണ് . മണ്ണത്തലയിൽ എം ജെ ദേവസ്യയുടെയും ഫിലോമിനയുടെയും മകനായ സെൽജിൻ്റെ സഹോദരൻ അലക്സും ഭാര്യ ബിന്ദുവും വെസ്‌റ്റ് യോർക്ക് ഷെയറിലെ വെയ്ക്ക് ഫീൽഡിൽ ആണ് താമസിക്കുന്നത്. സെൽജൻ്റെ ഏക സഹോദരി സെൽമയുടെ രണ്ടു മക്കളും യുകെയിൽ ആണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- രാത്രി 9 മണിക്ക് മുൻപ് ജങ്ക് ഫുഡ് പരസ്യങ്ങൾ ടെലിവിഷനിൽ കാണിക്കുന്നത് നിരോധിക്കാനുള്ള നടപടി 2025 ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് സർക്കാർ സ്ഥിരീകരിച്ചിരിക്കുകയാണ്. കുട്ടികൾക്കിടയിലെ അമിതവണ്ണത്തെ നേരിടുന്നതിനാണ് ഇത്തരത്തിലൊരു നടപടി. കൂടാതെ, കൊഴുപ്പും ഉപ്പും പഞ്ചസാരയും കൂടുതലുള്ള ഉൽപ്പന്നങ്ങളുടെ ഓൺലൈൻ പരസ്യങ്ങൾ പൂർണമായും നിരോധിക്കുമെന്ന് പൊതുജനാരോഗ്യ മന്ത്രി ആൻഡ്രൂ ഗ്വിൻ വ്യാഴാഴ്ച കോമൺസിൽ വ്യക്തമാക്കി. സർക്കാർ ഈ പ്രതിസന്ധി എത്രയും പെട്ടെന്ന് നേരിടാനാണ് ആഗ്രഹിക്കുന്നതെന്നും കാലതാമസം ഉണ്ടാവുകയില്ലെന്നും മന്ത്രി വ്യക്തമാക്കി.
ഈ വർഷത്തെ പൊതുതിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ ലേബർ പാർട്ടിയുടെ പ്രകടനപത്രികയിലെ വാഗ്ദാനമായിരുന്നു ഈ തീരുമാനം നടപ്പിലാക്കുമെന്നത്. കുട്ടികളിലെ അമിത വണ്ണം നിയന്ത്രിക്കുന്നതിനായി പ്രവർത്തിക്കുന്ന റോയൽ സൊസൈറ്റി ഫോർ പബ്ലിക് ഹെൽത്ത് (ആർ എസ് പി എച്ച് ) നിരോധനത്തെ സ്വാഗതം ചെയ്തു. ആരോഗ്യമുള്ള തലമുറയെ കെട്ടിപ്പടുക്കുന്നതിനുള്ള ചവിട്ടുപടിയാണ് കുട്ടിക്കാലത്തെ പോഷണമെന്നും, അതിനാൽ ഈ നടപടി സ്വാഗതാർഹമാണെന്നും ആർ എസ് പി എച്ചിലെ പോളിസി ആൻഡ് പബ്ലിക് അഫയേഴ്സ് മേധാവി സൈമൺ ഡിക്സൺ ബിബിസി ന്യൂസിനോട് പറഞ്ഞു.
ഇംഗ്ലണ്ടിലെ അഞ്ചിലൊന്ന് കുട്ടികളും പ്രൈമറി സ്കൂൾ തുടങ്ങുമ്പോഴേക്കും അമിതഭാരമുള്ളവരോ പൊണ്ണത്തടിയോടെ ജീവിക്കുന്നവരോ ആണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ജങ്ക് ഫുഡ് പരസ്യങ്ങൾ കാണുന്തോറും അനാരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കാനുള്ള സാധ്യത ഏറുകയാണ്. അതിനാലാണ് രാത്രി 9 മണിക്ക് മുൻപ് ഇത്തരത്തിലുള്ള പരസ്യങ്ങൾ ടെലിവിഷനിൽ നിന്ന് ഒഴിവാക്കുന്നത്. 2023 ജനുവരി മുതൽ ഈ തീരുമാനം നടപ്പിലാക്കുമെന്ന് മുൻ കൺസർവേറ്റീവ് ഗവൺമെന്റ് അറിയിച്ചിരുന്നു. എന്നാൽ ആ തീരുമാനം നടപ്പിലാകാതെ പോയി. പുതിയ തീരുമാനം ഗവൺമെന്റിന്റെ ശക്തമായ നടപടിയെയാണ് സൂചിപ്പിക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- ലോകമെമ്പാടുമുള്ള ഡോക്ടർമാരെ അമ്പരപ്പിച്ച പ്രതിഭാസമാണ് ചെറുപ്പക്കാർക്കിടയിൽ വർദ്ധിച്ചുവരുന്ന കുടൽ അർബുദ കേസുകൾ. സാധാരണയായി പ്രായമായവരിൽ കണ്ടുവരുന്ന ഈ രോഗം, കഴിഞ്ഞ 30 വർഷത്തിനിടയിൽ 20 മുതൽ 40 വയസ്സു വരെയുള്ളവരിൽ 50% വർദ്ധിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഇതിന് പിന്നിൽ പല കാരണങ്ങൾ ഉണ്ടായേക്കാമെങ്കിലും, വിവിധ റിസർച്ചുകൾക്കും ചർച്ചകൾക്കും ഒടുവിൽ ലോകത്തിലെ തന്നെ പ്രശസ്തരായ രണ്ട് ക്യാൻസർ വിദഗ്ധർ ചൂണ്ടിക്കാട്ടുന്ന സൂചനകൾ ആശങ്കാജനകമാണ്. ഹെൽത്ത് ഫൗണ്ടേഷനു നൽകിയ അഭിമുഖത്തിൽ യുകെയിലെ ക്യാൻസർ റിസർച്ച് ചീഫ് ക്ലിനിഷ്യൻ ഡോ. ചാൾസ് സ്വാൻടൺ, കുട്ടിക്കാലത്ത് പലരിലും കണ്ടെത്തുന്ന ഇ കൊളൈ ബാക്ടീരിയയുടെ ചില പ്രത്യേക തരങ്ങൾ ക്യാൻസർ ബാധയുടെ തുടക്കങ്ങൾക്ക് കാരണമാകുന്നുവെന്ന് വ്യക്തമാക്കി. മറ്റൊരു ക്യാൻസർ സ്പെഷ്യലിസ്റ്റ് ആയ യുഎസിലെ ഡാന ഫാർബർ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ യംഗ് ഓൺസെറ്റ് കൊളോറെക്റ്റൽ ക്യാൻസർ സെൻ്റർ ഡയറക്ടർ ഡോ. കിമ്മി എൻജിയും ഇതേ അഭിപ്രായമാണ് മുന്നോട്ടുവയ്ക്കുന്നത്. നിരവധി കുട്ടികളിലാണ് കോളോ – റക്റ്റൽ ക്യാൻസർ താൻ കണ്ടെത്തിയിരിക്കുന്നത് എന്ന് അവർ വ്യക്തമാക്കി. ജീവിതത്തിൽ കുട്ടിക്കാലത്ത് തന്നെ ഇ കൊളൈ ബാധ ഇത്തരത്തിൽ ക്യാൻസർ രോഗ തുടക്കത്തിന് കാരണമാകുന്നുവെന്ന് അവർ വ്യക്തമാക്കി.
കുടൽ അർബുദം മാത്രമല്ല, ചെറുപ്പക്കാർക്കിടയിൽ തൈറോയ്ഡ് ക്യാൻസറും കിഡ്നി ക്യാൻസറും വർദ്ധിച്ചു വരുന്നതായും അവർ പറഞ്ഞു. വിദഗ്‌ധർ ഇത്തരത്തിൽ ചൂണ്ടിക്കാണിച്ച ഇ.കൊളൈയുടെ തരം പികെഎസ് പോസിറ്റീവ് ഇ.കൊളൈ എന്നറിയപ്പെടുന്ന ഒരു പ്രത്യേക സ്‌ട്രെയിനാണ്. ഇത് എത്തരത്തിലാണ് വികസിക്കുന്നതെന്ന് ശാസ്ത്രജ്ഞർക്ക് വലിയ ധാരണയില്ല. എന്നാൽ 2022 – ൽ നടന്ന പഠനത്തിൽ വൻകുടൽ ക്യാൻസറിലും പാശ്ചാത്യ രീതിയിലുള്ള ഭക്ഷണക്രമത്തിലും ഇതേ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. വൻകുടലിലെ സെല്ലുകളെ നശിപ്പിക്കാൻ കഴിയുന്ന തരത്തിലുള്ള ടോക്സിക് പദാർത്ഥങ്ങൾ പുറപ്പെടുവിക്കുവാൻ ഈ ബാക്ടീരിയയ്ക്ക് സാധിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. പുകവലി, അമിതവണ്ണം, ജങ്ക് ഫുഡ് പദാർത്ഥങ്ങളുടെ അമിത ഉപയോഗം എന്നിവയെല്ലാമാണ് സാധാരണയായി ക്യാൻസർ രോഗത്തിന് കാരണമായി പ്രതിപാദിക്കപ്പെടുന്നത്. തൻ്റെ അനുഭവത്തിൽ തൻ്റെ രോഗികളിൽ പലരും ചെറുപ്പമാണെന്നും അമിതവണ്ണമുള്ളവരല്ലെന്നും ഡോ എൻജി അവകാശപ്പെടുന്നു. ആരോഗ്യപരമായ ജീവിതം നയിക്കുന്ന പലരിലും ഈ രോഗം കണ്ടെത്തിയിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. അതിനാൽ തന്നെ ബാക്ടീരിയയുടെ സാന്നിധ്യം രോഗ തുടക്കത്തിന് കാരണമാകുന്നു എന്ന അഭിപ്രായം ശക്തമായി പരിഗണിക്കപ്പെടുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
എൻഎച്ച്എസിന് നിലവിൽ അനുവദിച്ചിരിക്കുന്ന ഫണ്ടിൽ കാര്യമായ പരിഷ്‌കാരങ്ങൾ നടത്തിയാൽ മാത്രമേ ഇനി അധിക ഫണ്ട് അനുവദിക്കുകയുള്ളൂ എന്ന് പ്രധാനമന്ത്രി സർ കെയർ സ്റ്റാർമർ. ആരോഗ്യ രംഗത്തെ അടുത്ത പത്ത് വർഷത്തിനായുള്ള പ്ലാൻ തയാറാക്കാനും പ്രധാനമന്ത്രി പദ്ധതിയിടുന്നുണ്ട്. എൻഎച്ച്എസ് ഇംഗ്ലണ്ടിനെ കുറിച്ചുള്ള നിർണായക റിപ്പോർട്ടിന് പിന്നാലെയാണിത്. നവീകരണത്തിനായി സ്റ്റാർമർ മൂന്ന് പ്രധാന മേഖലകൾ ആണ് ചൂണ്ടി കാട്ടിയത്. ആശുപത്രികളിൽ നിന്ന് കമ്മ്യൂണിറ്റി ക്രമീകരണങ്ങളിലേയ്ക്ക് ചികിത്സ മാറ്റുക, രോഗത്തെ ചികിത്സിക്കുന്നതിനേക്കാൾ പ്രതിരോധ പരിചരണത്തിന് മുൻഗണന നൽകുക തുടങ്ങിയവ അവയിൽ ചിലതാണ്.
അതേസമയം ലേബർ പാർട്ടിയുടെ നയങ്ങൾ വാക്കിൽ മാത്രം ഒതുങ്ങി പോകുന്നെന്നും പ്രവർത്തിയിൽ കാണുന്നില്ലെന്നും കൺസർവേറ്റീവ് പാർട്ടി വിമർശിച്ചു. മൂഹിക പരിചരണ പരിഷ്കരണ പദ്ധതികൾ ഒഴിവാക്കാനും പുതിയ ആശുപത്രി നിർമ്മാണം നിർത്തി വയ്ക്കാനുമുള്ള സർക്കാർ തീരുമാനത്തിനും പിന്നാലെയാണ് ഈ വിമർശനം ഉയർന്ന് വന്നത്.
എൻഎച്ച്എസിൽ പരിഷ്‌കാരങ്ങൾ ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി ഇത് ധനസഹായം കൊണ്ട് മാത്രം പരിഹരിക്കാനാവില്ലെന്ന് ഊന്നി പറഞ്ഞു. പ്രാദേശിക ഹൈ സ്ട്രീറ്റുകളിലും ടൗൺ സെൻ്ററുകളിലും കൂടുതൽ ആരോഗ്യപരിരക്ഷയും പരിശോധനകളും സ്കാനുകളും ലഭ്യമാകുന്ന “നെയ്ബർഹുഡ് ആരോഗ്യ സേവനം” ആയി എൻഎച്ച്എസിനെ മാറ്റാൻ അദ്ദേഹം നിർദ്ദേശിച്ചു. ഡിജിറ്റൽ കൺസൾട്ടേഷനുകളും മറ്റും പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- നീണ്ട കാത്തിരിപ്പ് സമയങ്ങളും, സുപ്രധാന ചികിത്സകൾ ലഭിക്കുന്നതിനുള്ള കാലതാമസവുമെല്ലാം ഇംഗ്ലണ്ടിലെ എൻ എച്ച് എസിന്റെ അതിശോചനീയമായ അവസ്ഥയാണ് കാണിക്കുന്നതെന്ന് സർക്കാർ ചുമതലപ്പെടുത്തിയ സ്വതന്ത്ര അന്വേഷണത്തിന്റെ റിപ്പോർട്ട് വ്യക്തമാക്കിയിരിക്കുകയാണ്. എൻ എച്ച് എസ് സർജനായ ലോർഡ് ഡാർസിയുടെ 9 ആഴ്ചത്തെ അവലോകനത്തിനു ശേഷമുള്ള റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ, ആരോഗ്യ സേവനത്തിലെ വീഴ്ചകൾ കണ്ടെത്തി സ്വതന്ത്രമായ റിപ്പോർട്ട് തയ്യാറാക്കുവാൻ ലേബർ സർക്കാർ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. ഗുരുതരമായ അവസ്ഥയിൽ ആയിരിക്കുന്ന ഒരു ആരോഗ്യ സേവനത്തിന്റെ ചിത്രമാണ് അദ്ദേഹത്തിന്റെ റിപ്പോർട്ട് തുറന്നുകാട്ടുന്നത്. കഴിഞ്ഞ ലേബർ ഗവൺമെൻ്റിൽ ആരോഗ്യ മന്ത്രിയായി സേവനമനുഷ്ഠിച്ച സർജനായ ഡാർസി, എൻ എച്ച് എസ് ഇപ്പോഴും കോവിഡ് പകർച്ചവ്യാധിയുടെ ആഘാതങ്ങളിൽ നിന്ന് കരകയറിയിട്ടില്ലെന്ന് വ്യക്തമാക്കി.
ക്യാൻസർ പോലുള്ള രോഗങ്ങളുടെ ചികിത്സയിൽ ഉണ്ടാകുന്ന കാലതാമസം, ആക്സിഡന്റ്& എമർജൻസിയിൽ വൈകുന്ന ചികിത്സ തുടങ്ങിയവയെല്ലാം എൻ എച്ച് എസിന്റെ പരാജയത്തെയാണ് വെളിപ്പെടുത്തുന്നത്. അടിസ്ഥാന കെട്ടിടങ്ങളുടെ അഭാവവും, സാങ്കേതികവിദ്യയിലെ നിക്ഷേപങ്ങളുടെ അഭാവവുമെല്ലാം പരാജയത്തിന്റെ വിവിധ കാരണങ്ങളാണ്. മറ്റു വികസിത രാജ്യങ്ങളെ അപേക്ഷിച്ച് എൻ എച്ച് എസിന്റെ സാങ്കേതിക വിദ്യകൾ ഇപ്പോഴും പുരോഗമിച്ചിട്ടില്ലെന്ന് ഡാർസി തന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. അതോടൊപ്പം തന്നെ രോഗികളുടെ എണ്ണത്തിലുള്ള വർദ്ധനവ് അനുസരിച്ച് സ്റ്റാഫുകളുടെ എണ്ണം വർധിക്കാത്തതും സാഹചര്യങ്ങളെ രൂക്ഷമാക്കുന്നു. 2012-ലെ കൂട്ടുകക്ഷി ഗവൺമെൻ്റ് അവതരിപ്പിച്ച പരിഷ്‌കാരങ്ങളെ ഡാർസി വിമർശിക്കുന്നുണ്ട്.
റിപ്പോർട്ടിനെ സംബന്ധിച്ച പ്രധാനമന്ത്രിയുടെ പ്രതികരണം ഇന്ന് ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എൻ എച്ച് എസിനെ ശക്തമായി നവീകരിക്കുന്നതിന് ആവശ്യമായ നടപടികൾ അദ്ദേഹം നൽകുമെന്ന പ്രതീക്ഷയാണ് ജനങ്ങൾക്ക് ഉള്ളത്. കൂടുതൽ സാങ്കേതിക വിദ്യകൾ ഉപയോഗിക്കുക, രോഗപ്രതിരോധത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക തുടങ്ങിയവയ്ക്ക് മുൻഗണന നൽകണമെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. നവീകരണത്തിനായി സർക്കാർ ഇനിയും അർത്ഥവത്തായ പദ്ധതികൾ ആവിഷ്‌കരിച്ചിട്ടില്ലെന്ന് ഷാഡോ ഹെൽത്ത് സെക്രട്ടറി വിക്ടോറിയ അറ്റ്കിൻസ് പ്രതികരിച്ചു. എന്നിരുന്നാലും ലേബർ സർക്കാരിന്റെ മേലെ സമ്മർദ്ദം വർദ്ധിപ്പിക്കുന്നതാണ് പുതിയ റിപ്പോർട്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ആരോഗ്യ മേഖലയിൽ കോവിഡ് -19 ൻെറ ആഘാതത്തെ കുറിച്ച് നടത്തുന്ന അന്വേഷണത്തിൻെറ ഭാഗമായി താൻ നേരിട്ട ദുരവസ്ഥ പങ്കിട്ട് കാതറിൻ ടോഡ് എന്ന അമ്മ. ഇവരുടെ മകൻ 2021 ജൂലൈ 21 ന് ജനിച്ചയുടൻ മരിക്കുകയായിരുന്നു. ഈ സമയം ഒക്കെയും കോവിഡ് പ്രോട്ടോക്കോളുകൾ കാരണം പിപിഇ കിറ്റുകൾ ധരിച്ച് മാത്രമേ ഇവർക്ക് നിൽക്കാൻ സാധിച്ചിരുന്നുള്ളൂ.
ഗർഭിണിയായി 28 ആഴ്ച ആയപ്പോഴാണ് ടോഡിന് കോവിഡ് ബാധിച്ചത്. രോഗനിർണയത്തിന് ശേഷം ഒരു പതിവ് ഗർഭാവസ്ഥ സ്കാൻ റദ്ദാക്കിയിരുന്നു. പിന്നീട് അവൾക്ക് അസുഖവും കുഞ്ഞിൻ്റെ ചലനങ്ങളെ കുറിച്ച് ആശങ്കയും പ്രകടിപ്പിച്ചപ്പോൾ കോവിഡ് വ്യാപനം കുറയ്ക്കാൻ വീട്ടിൽ പ്രാഥമിക നടപടികൾ സ്വീകരിക്കാനാണ് മെറ്റേണിറ്റി യൂണിറ്റ് ഉപദേശിച്ചത്. കോവിഡ് -19 രോഗനിർണ്ണയം കാരണം തൻ്റെ ഗർഭ പരിചരണം വൈകിയെന്ന് വിശ്വസിക്കുന്നതായി അന്വേഷണത്തിൽ കാതറിൻ സാക്ഷ്യപ്പെടുത്തി.
കാതറിൻെറ ആരോഗ്യനില മോശമായപ്പോൾ ആശുപത്രിയിലെ അത്യാഹിത വിഭാഗം സന്ദർശിക്കാൻ ജിപി അവളെ ഉപദേശിക്കുകയായിരുന്നു. ജനിച്ച ഉടൻ കുട്ടിയെ നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. പിന്നീട് കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതർ അറിയിച്ചെങ്കിലും കുട്ടി മരിക്കുകയായിരുന്നു. തൻെറ മകൻ മരിച്ച സമയവും പിപിഇ കിറ്റ് ധരിക്കേണ്ടി വന്നതിൻെറ നിരാശ കാതറിൻ പ്രകടിപ്പിച്ചു. മകനുമായുള്ള അവസാന നിമിഷങ്ങൾ ആയിരുന്നു ഇതെന്ന് അവർ പറഞ്ഞു. സംഭവത്തിൽ ഇതുവരെ ആശുപത്രി അധികൃതർ പ്രതികരിച്ചിട്ടില്ല.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ കെയർ മേഖലയിൽ ജോലി ചെയ്യുന്ന നിരവധി പേർ കടുത്ത ദാരിദ്ര്യത്തിലാണ് ജീവിക്കുന്നത് എന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. പലരും അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാത്ത അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. പത്തിൽ ഒരാൾക്ക് പതിവായി ഭക്ഷണം കഴിക്കാനോ ഹീറ്ററുകൾ ഉപയോഗിക്കുന്നതിനോ സാധിക്കാത്ത അവസ്ഥയുണ്ടെന്ന് ഈ മേഖലയിൽ ഉള്ള ആൾക്കാരിൽ നടത്തിയ പഠനത്തിൽ കാണിക്കുന്നു.
കെയർ മേഖലയിൽ ജോലി ചെയ്യുന്ന പത്തിൽ ഒരാൾ കടുത്ത ബുദ്ധിമുട്ടുള്ള ജീവിത സാഹചര്യത്തിലൂടെ കടന്നു പോകുന്നതായുള്ള കണ്ടെത്തലുകൾ കാരേഴ്‌സ് യുകെ ആണ് പ്രസിദ്ധീകരിച്ചത്. പരിചരിക്കുന്ന നിരവധി പേർ ശമ്പളം ലഭിക്കാതെ ദാരിദ്ര്യത്തിലാണ് കഴിയുന്നത് വളരെ അസ്വസ്ഥവും ഞെട്ടിക്കുന്നതുമാണ് എന്ന് കാരേഴ്‌സ് യുകെയുടെ പോളിസി ആൻഡ് പബ്ലിക് അഫയേഴ്‌സ് ഡയറക്ടർ എമിലി ഹോൾഷൗസെൻ പറഞ്ഞു. എൻഎച്ച്എസിൻ്റെ മേലുള്ള സമ്മർദ്ദം കുറയ്ക്കുന്നതിന് ഒരു പരുധിവരെ കാരണമാകുന്നത് കെയർ മേഖലയിൽ ജോലി ചെയ്യുന്നവരുടെ സമർപ്പണവും അർപ്പണബോധവുമാണ്. എന്നാൽ അവരുടെ ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് സർക്കാർ തലത്തിൽ കാര്യമായ ഇടപെടൽ നടത്തുന്നില്ലെന്നുള്ള ആക്ഷേപം ശക്തമാണ്.
ലേബർ പാർട്ടി തിരഞ്ഞെടുപ്പിന് മുൻപ് നൽകിയ വാഗ്ദാനങ്ങൾ പാലിക്കണമെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ ആവശ്യപ്പെട്ടു. തങ്ങളുടെ പ്രിയപ്പെട്ടവരെ പരിചരിക്കുന്നതിനായി ഒരു ദിവസം 600 പേരെങ്കിലും ജോലി ഉപേക്ഷിക്കുന്നതായാണ് കാരേഴ്‌സ് യുകെ വെളിപ്പെടുത്തിയത്. എന്നാൽ ഇത്തരക്കാർക്ക് നൽകുന്ന അലവൻസ് ആഴ്ചയിൽ 151 പൗണ്ട് മാത്രമാണ്. കെയറർ അലവൻസിന്റെ കുറവാണ് പലരെയും കടുത്ത ദാരിദ്ര്യത്തിലേയ്ക്ക് തള്ളി വിടുന്നതിന്റെ പ്രധാന കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്. പണപ്പെരുപ്പവും ജീവിത ചിലവിലെ വർദ്ധനവും ശമ്പളം ലഭിക്കാത്ത കെയറർമാരെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്.