ന്യൂസ് ഡെസ്ക്, മലയാളം യുകെ
കാർ ഇൻഷുറൻസ് കമ്പനികൾ കൂടിയ തുക ഈടാക്കുന്നതായുള്ള പരാതികൾ പുറത്തുവന്നു. ഇൻഷുറൻസ് പുതുക്കുന്ന അവസരത്തിലാണ് വൻ കൊള്ള അരങ്ങേറുന്നത്. ഈ അവസരത്തിൽ പല ഇൻഷുറൻസ് കമ്പനികളും വളരെ കൂടിയ തുകയാണ് ഉപഭോക്താക്കളോട് പറയുന്നത്. ഇൻഷുറൻസ് കമ്പനികളുടെ തീവെട്ടി കൊള്ളയെ കുറിച്ച് യുകെ റെഗുലേറ്ററായ ഫിനാൻഷ്യൽ കണ്ടക്ട് അതോറിറ്റി (FCA) അന്വേഷിക്കണമെന്ന് ഉപഭോക്ത സംഘടനയായ വിച്ച് ആവശ്യപ്പെട്ടു.

കാർ ഇൻഷുറൻസ് ഉള്ള 2,000-ത്തിലധികം മുതിർന്നവരിൽ നടത്തിയ സർവേയിൽ ആണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ഇൻഷുറൻസ് കമ്പനികൾ വാഗ്ദാനം ചെയ്ത തുക കുറയ്ക്കണമെന്ന രീതിയിൽ വിലപേശൽ നടത്തിയ ഉപഭോക്താക്കൾക്ക് 200 പൗണ്ടോ അതിൽ കൂടുതലോ കുറവ് വരുത്തിയതായാണ് കണ്ടെത്തിയത്. അതായത് വിലപേശൽ നടത്താത്തവർക്ക് വൻതുകയാണ് നഷ്ടമായത്. പത്തിൽ ആറ് പേർ പറഞ്ഞത് തങ്ങൾക്ക് വാഗ്ദാനം ചെയ്ത ക്വട്ടേഷനെ കുറിച്ച് ഇൻഷുററുമായി ചർച്ച നടത്തിയെന്നാണ്. അവരിൽ ഭൂരിഭാഗവും ഫോണിലൂടെയാണ് അങ്ങനെ ചെയ്തത്. 61% കേസുകളിലും ഇത് അവർക്ക് കുറഞ്ഞ വില വാഗ്ദാനം ചെയ്യുന്നതിലേക്ക് നയിച്ചു.

ഉപഭോക്താക്കൾ കൂടിയ വിലകൾ വാഗ്ദാനം ചെയ്യുകയും അവർ വിലപേശൽ നടത്തിയാൽ മാത്രം കുറയുകയും ചെയ്യുന്ന ഇൻഷുറൻസ് കമ്പനിയുടെ നടപടിയാണ് ചോദ്യം ചെയ്യപ്പെടുന്നത്. ഈ സ്ഥിതി വിശേഷം കൈയ്യൂക്കുള്ളവർ കാര്യക്കാർ എന്ന സ്ഥിതിയിലേയ്ക്ക് കാര്യങ്ങൾ കൊണ്ട് ചെന്ന് എത്തിക്കുന്നതായാണ് ഉപഭോക്ത അനുകൂല സംഘാടകർ പറയുന്നത്. 2023ല്‍ പ്രാബല്യത്തിൽ വന്ന കൺസ്യൂമർ പ്രൊട്ടക്ഷൻ നിയമങ്ങളെ ഇൻഷുറൻസ് കമ്പനികൾ ലംഘിക്കുന്നതായാണ് പ്രധാന ആരോപണം.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
പാലസ്തീൻ ആക്ഷൻ ഗ്രൂപ്പിൽ അംഗമാകുകയോ പ്രവർത്തനങ്ങളിൽ പങ്കാളികളാകുകയോ ചെയ്താൽ ക്രിമിനൽ കുറ്റമാകും. ഭീകരവിരുദ്ധ നിയമങ്ങൾ പ്രകാരം ഗ്രൂപ്പിൻറെ വിലക്ക് തടയുന്നതിനുള്ള അവസാന നിമിഷനീക്കം പരാജയപ്പെട്ടതിനെ തുടർന്നാണ് ഇത് സാധ്യമായത്. യുകെയിലെ ഇസ്രായേലി ആയുധ ഫാക്ടറികളെയും അവയുടെ വിതരണ ശൃംഖലയെയും പ്രധാനമായും ലക്ഷ്യമിടുന്ന പലസ്തീൻ ആക്ഷനെതിരെയുള്ള നിരോധനം ഈ ആഴ്ച പാർലമെന്റ് അംഗീകരിച്ചിരുന്നു. എന്നാൽ ഗ്രൂപ്പിന്റെ സഹസ്ഥാപകയായ ഹുദ അമ്മോറിക്കുവേണ്ടി വാദിക്കുന്ന അഭിഭാഷകർ അത് പ്രാബല്യത്തിൽ വരുന്നത് തടയാൻ അവസാന നിമിഷ ശ്രമങ്ങൾ കോടതിയിൽ നടത്തിയിരുന്നു.

ഇതോടെ ഭീകരവാദ നിയമപ്രകാരം നിരോധിക്കപ്പെടുന്ന യുകെയിലെ ആദ്യത്തെ പ്രതിഷേധ ഗ്രൂപ്പായി പാലസ്തീൻ ആക്ഷൻ മാറും. ഇസ്ലാമിക് സ്റ്റേറ്റ്, അൽ-ഖ്വയ്ദ, തീവ്ര വലതുപക്ഷ ഗ്രൂപ്പായ നാഷണൽ ആക്ഷൻ എന്നിവയുടെ കൂട്ടത്തിൽ പാലസ്തീൻ ആക്ഷനെയും ഉൾപ്പെടുത്തും. പാലസ്തീൻ അനുകൂല സംഘടനകൾ നടത്തുന്ന പ്രതിഷേധങ്ങളും പ്രവർത്തനങ്ങളും ദേശവിരുദ്ധ സ്വഭാവം കൈക്കൊള്ളുന്നതിനെ ശക്തമായി എതിർക്കുമെന്ന് ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പർ നേരെത്തെ വ്യകതമാക്കിയിരുന്നു . ഓക്സ്ഫോർഡ്ഷയറിലെ ആർഎഎഫ് ബ്രൈസ് നോർട്ടണിലേക്ക് പാലസ്തീൻ അനുകൂല സംഘടന പ്രവർത്തകർ അതിക്രമിച്ചു കയറി രണ്ട് സൈനിക വിമാനങ്ങളിൽ ചുവപ്പ് പെയിന്റ് സ്പ്രേ ചെയ്തതിന് ദിവസങ്ങൾക്ക് ശേഷമാണ് കർശന നടപടി സ്വീകരിക്കാൻ സർക്കാർ തീരുമാനിക്കുന്നത്. ഈ സംഭവത്തെ അപമാനകരം എന്നാണ് കൂപ്പർ വിളിച്ചത് .

യുകെയുടെ പ്രതിരോധ സംരംഭങ്ങൾ രാജ്യത്തിന്റെ ദേശീയ സുരക്ഷയ്ക്ക് നിർണ്ണായകമാണെന്നും ആ സുരക്ഷയെ അപകടത്തിലാക്കുന്നവരെ ഈ സർക്കാർ വെച്ചു പൊറുപ്പിക്കില്ലെന്നും അവർ കൂട്ടിച്ചേർത്തു.
നടപടികൾ പാലസ്തീൻ ആക്ഷന് മാത്രമാണെന്നും നിയമപരമായ പ്രതിഷേധ ഗ്രൂപ്പുകളെയും മിഡിൽ ഈസ്റ്റിനെ കുറിച്ച് പ്രചാരണം നടത്തുന്ന മറ്റുള്ളവരെയും ബാധിക്കുന്നില്ലെന്നും അവർ പറഞ്ഞു. പാലസ്തീൻ അനുകൂല ഗ്രൂപ്പുകൾ, ഇസ്രായേൽ ഗവൺമെന്റിന്റെ നടപടികളെ എതിർക്കുന്നവർ, യുകെയുടെ വിദേശനയത്തിൽ മാറ്റങ്ങൾ ആവശ്യപ്പെടുന്നവർ എന്നിവരുൾപ്പെടെ സമാധാനപരമായി പ്രതിഷേധിക്കാൻ ആഗ്രഹിക്കുന്നവർക്ക് അത് തുടരാൻ കഴിയേണ്ടത് വളരെ പ്രധാനമാണ് എന്ന് കൂപ്പർ പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
വാക്‌സിനുകളെ കുറിച്ച് ശരിയായ അവബോധം ഇല്ലാതിരിക്കുക, അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ കാരണങ്ങൾ കൊണ്ട് വാക്സിനേഷൻ ലഭിക്കുന്ന കുട്ടികളുടെ എണ്ണത്തിൽ കുറവെന്ന് അധികൃതർ. വാക്സിനേഷനുകൾ എടുക്കുന്നതിനുള്ള ഭയത്തേക്കാൾ ഇത്തരത്തിലുള്ള തടസങ്ങൾ മാതാപിതാക്കളെ കൂടുതൽ നിരുത്സാഹപ്പെടുത്തുന്നതായി ശിശുരോഗ വിദഗ്ധർ പറയുന്നു. കഴിഞ്ഞ പത്ത് വർഷത്തിനിടെ യുകെയിൽ വാക്‌സിൻ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വലിയ തോതിലുള്ള കുറവാണ് ഉണ്ടായിരിക്കുന്നത്. ഇത് അഞ്ചാംപനി, വില്ലൻ ചുമ എന്നിവയുടെ പൊട്ടിപ്പുറപ്പെടലിന് കാരണമായിട്ടുണ്ട്.

2022 മുതൽ രാജ്യത്തെ 95 ശതമാനം കുട്ടികൾക്കും വാക്‌സിൻ നൽകുക ലക്ഷ്യം നേടാൻ യുകെയ്ക്ക് സാധിച്ചിട്ടില്ല. ഇതിന്റെ ഫലമായി അഞ്ചാംപനി പോലെ തടയാവുന്ന രോഗങ്ങൾ വീണ്ടും കണ്ടുവരാൻ തുടങ്ങിയിട്ടുണ്ട്. യുകെ പോലുള്ള ഒരു സമ്പന്ന രാജ്യത്ത് വാക്സിനേഷൻ നിരക്കുകളിലെ സ്ഥിരമായ ഇടിവ് ആശങ്കാജനകമാണെന്ന് റോയൽ കോളേജ് ഓഫ് പീഡിയാട്രിക്സ് ആൻഡ് ചൈൽഡ് ഹെൽത്തിലെ ഉദ്യോഗസ്ഥർ പറയുന്നു.

വാക്‌സിൻ ലഭ്യമാക്കുന്നതിനുള്ള നിരവധി തടസങ്ങൾ കണക്കുകൾ കുറയുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ജിപി സർജറികളിൽ അപ്പോയിന്റ്മെന്റുകൾ ബുക്ക് ചെയ്യുന്നതിനുള്ള ബുദ്ധിമുട്ടുകൾ, അപ്പോയിന്റ്മെന്റുകൾക്കായി സമയം ലഭിക്കാത്തത്, വാക്സിനുകളെ കുറിച്ച് ചോദിക്കാൻ ജിപിയോടോ നേഴ്‌സിനോടോ സംസാരിക്കാൻ കഴിയാത്തത് തുടങ്ങിയവയാണ് സാധാരണയായി ആളുകളെ വാക്സിൻ എടുക്കുന്നതിൽ നിന്ന് പിന്നോക്കം വലിക്കുന്നത്. വാക്സിനുകൾ ബുക്ക് ചെയ്യുന്നതിനും, വാക്സിനേഷൻ സേവനങ്ങൾ ലഭിക്കുന്നതിനും എൻഎച്ച്എസ് ആപ്പുകൾ കൂടുതൽ ജനപ്രീയമാക്കുന്നതിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
കമ്മ്യൂണിറ്റി സെന്ററിൽ വെച്ച് ഭക്ഷണം നൽകി കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത സംഭവത്തിൽ 41 വയസുകാരനായ പുരുഷനെ പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്‌ച ബെർക്ക്‌ഷെയറിലെ എയ്‌ൽസ്‌ബറിയിലുള്ള ബക്കിംഗ്ഹാം പാർക്ക് കമ്മ്യൂണിറ്റി സെൻററിൽ ആണ് സംഭവം നടന്നത് . ഇതേ തുടർന്ന് കമ്മ്യൂണിറ്റി സെന്ററിലേയ്ക്ക് പോലീസിനെ വിളിച്ചു വരുത്തിയിരുന്നു.

സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാവുന്നവർ വിവരങ്ങൾ കൈമാറണമെന്ന് തെയിംസ് വാലി പോലീസ് അഭ്യർത്ഥിച്ചു. ഒരു അറസ്റ്റ് നടത്തിയിട്ടുണ്ടെന്നും സംഭവവുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടത്തി വരുകയാണെന്നും പോലീസ് അറിയിച്ചു. വാട്ടർമീഡിൽ നിന്ന് അറസ്റ്റ് ചെയ്തയാൾ ഇപ്പോൾ കസ്റ്റഡിയിൽ തുടരുകയാണ് .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
അടുത്ത ആഴ്ച യുകെയിൽ വീണ്ടും ഉഷ്ണതരംഗം അനുഭവപ്പെടുമെന്ന് വിദഗ്ദ്ധർ. ഈ ആഴ്ച താരതമ്യേന താപനില കുറവായിരുന്നു. പല പ്രദേശങ്ങളിലും ഇടയ്ക്കിടെ മഴ ലഭിക്കുക വരെ ചെയ്‌തിരുന്നു. യുകെയിൽ നിലവിൽ അസ്ഥിരമായ കാലാവസ്ഥയാണ് അനുഭവപ്പെടുന്നതെന്ന് കാലാവസ്ഥ നിരീക്ഷകർ പറയുന്നു. ആർഗിൽ ആൻഡ് ബ്യൂട്ട്, തെക്കൻ ഹൈലാൻഡ്സ്, മുൾ, സ്കൈ എന്നിവയുൾപ്പെടെ വെസ്റ്റേൺ സ്കോട്ട്ലൻഡിന്റെ ചില ഭാഗങ്ങളിൽ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും ഉള്ള സാധ്യതയ്ക്ക് പിന്നാലെ മെറ്റ് ഓഫീസ് യെല്ലോ അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. മലപ്രദേശങ്ങളിൽ മഴ 100 മില്ലിമീറ്ററിൽ കൂടുതൽ ലഭിക്കാൻ സാധ്യത ഉണ്ട്. ഈ പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിനും വൈദ്യുതി തടസ്സത്തിനും യാത്രാ ബുദ്ധിമുട്ടുകൾക്കും സാധ്യത ഉണ്ട്.

സെൻട്രൽ, ഈസ്റ്റ് ഇംഗ്ലണ്ടിൽ വീണ്ടും 30°C യോ അതിൽ കൂടുതലോ താപനില അനുഭവപ്പെടുമെന്ന് പ്രവചനങ്ങൾ സൂചിപ്പിക്കുന്നു. 2025 ജൂൺ ഇംഗ്ലണ്ടിലെ ഏറ്റവും ചൂടേറിയ മാസമായിരുന്നു. ജൂൺ മാസം മാത്രം രണ്ട് ഉഷ്ണതരംഗമാണ് ഉണ്ടായത്. ജൂലൈ 1 ന് ലണ്ടനിലെ സെന്റ് ജെയിംസ് പാർക്കിൽ താപനില 34.7°C ആണ് രേഖപ്പെടുത്തിയത്.

അടുപ്പിച്ചുള്ള മൂന്നാമത്തെ ഉഷ്ണതരംഗം യുകെയിൽ തീവ്രമായ ഉഷ്ണതരംഗങ്ങളുടെ വർദ്ധിച്ചുവരുന്ന ആവൃത്തിയെക്കുറിച്ചുള്ള ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. ആഗോളതാപനം മൂലമാണ് ഇത്തരം സംഭവങ്ങൾ കൂടുതൽ സാധാരണമായി വരുന്നതെന്ന് കാലാവസ്ഥാ വിദഗ്ധർ അഭിപ്രായപ്പെടുന്നു. മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയ്ക്ക് തയ്യാറെടുക്കാൻ പൊതുജനങ്ങളോട് അധികൃതർ ആവശ്യപ്പെട്ടു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലേബർ പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങൾ മൂർദ്ധന്യാവസ്ഥയിൽ എത്തുന്നതിന്റെ വാർത്തകൾ ആണ് ദിനംപ്രതി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഏറ്റവും പുതിയതായി മുൻ എംപി സാറാ സുൽത്താന പാർട്ടിയിൽ നിന്ന് രാജിവെക്കുന്നതായി പ്രഖ്യാപിച്ചു. മുൻ ലേബർ പാർട്ടി നേതാവ് ജെറമി കോർബിനുമായി ചേർന്ന് പുതിയ പാർട്ടി രൂപീകരിക്കുമെന്ന് അവർ പറഞ്ഞു.

രണ്ട് കുട്ടികളുടെ ആനുകൂല്യ പരിധി നിർത്തലാക്കാനുള്ള സർക്കാർ നീക്കത്തെ പിന്തുണയ്ക്കാതിരുന്നതിന് കഴിഞ്ഞവർഷം അവർ പാർട്ടി വിപ്പ് ലംഘിച്ചിരുന്നു. ഇതിനെ തുടർന്ന് കവൻട്രി എംപി സ്ഥാനം അവർക്ക് രാജിവെയ്ക്കേണ്ടതായി വന്നു. കെയർ സ്റ്റാർമർ സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സമാന ചിന്താഗതിക്കാരായ സ്വതന്ത്ര എംപിമാരെയും പ്രവർത്തകരെയും ഉൾപ്പെടുത്തിയാണ് പുതിയ പാർട്ടിയുടെ രൂപീകരണം. ഗാസയിലെ വംശഹത്യയിൽ സർക്കാർ സജീവ പങ്കാളിയാണെന്ന് സുൽത്താന ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു . വർദ്ധിച്ചുവരുന്ന ദാരിദ്ര്യം, ക്ഷേമ പദ്ധതികളോടുള്ള സർക്കാരിന്റെ നിലപാട്, ജീവിത ചിലവ് എന്നിവയാണ് തന്റെ പുതിയ പാർട്ടി സ്ഥാപിക്കാനുള്ള കാരണങ്ങളായി അവർ എടുത്തുകാണിച്ചത്.

നിലവിൽ കെയർ സ്റ്റാർമർ സർക്കാർ കടുത്ത വിമത ഭീഷണിയാണ് നേരിടുന്നത്. കഴിഞ്ഞദിവസം വെൽഫെയർ ബിൽ പാർലമെന്റിൽ പാസാക്കുന്നതിന് നിരവധി മാറ്റങ്ങൾക്ക് സർക്കാരിന് വഴങ്ങേണ്ടിവന്നു. കഴിഞ്ഞവർഷം ഇതേ ദിവസം ജൂലൈ നാലിന് നടന്ന തെരഞ്ഞെടുപ്പിലൂടെയാണ് സർക്കാർ അധികാരത്തിലെത്തിയത്. സർക്കാരിൻറെ ഒന്നാം വാർഷികത്തിൻ്റെ അന്ന് തന്നെ മുൻ ലേബർ പാർട്ടി എംപിയുടെ പുതിയ പാർട്ടി പ്രഖ്യാപനം കെയർ സ്റ്റാർമറിനും സർക്കാരിനും കടുത്ത തിരിച്ചടിയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
വിദേശ തൊഴിലാളികൾ യുകെ വിടുകയാണോ അതോ വിസ കാലഹരണപ്പെട്ടതിന് ശേഷം നിയമവിരുദ്ധമായി ജോലിക്കായി താമസിക്കുകയാണോ എന്ന് ഹോം ഓഫീസിന് അറിയില്ലെന്ന് എംപിമാരുടെ ക്രോസ്-പാർട്ടി കമ്മിറ്റി കണ്ടെത്തി. 2020 ൽ കൺസർവേറ്റീവുകൾക്ക് കീഴിൽ സ്കിൽഡ് വർക്കർ വിസ റൂട്ട് അവതരിപ്പിച്ചതിനുശേഷം എക്സിറ്റ് ചെക്കുകൾ വിശകലനം ചെയ്യുന്നതിൽ ഹോം ഓഫീസ് പരാജയപ്പെട്ടുവെന്ന് സർക്കാർ ചെലവുകൾ പരിശോധിക്കുന്ന പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (PAC) ആണ് കണ്ടെത്തിയത്. അനധികൃത കുടിയേറ്റക്കാരെ നിരീക്ഷിക്കുന്നതിന് ഹോം ഓഫീസിന് കടുത്ത വീഴ്ച പറ്റിയതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യുകെ യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തുപോയതിനുശേഷം സ്കിൽഡ് വർക്കർ വിസ റൂട്ട് ടയർ 2 (ജനറൽ) വർക്ക് വിസയ്ക്ക് പകരമായി മാറി.
2020 ഡിസംബറിൽ ആരംഭിച്ചതിനും 2024 അവസാനത്തിനും ഇടയിൽ ഏകദേശം 1.18 ദശലക്ഷം ആളുകൾ ആണ് ഈ വിഭാഗത്തിൽ യുകെയിലേക്ക് വരാൻ അപേക്ഷിച്ചത്.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ആരോഗ്യ, സാമൂഹിക പരിചരണ മേഖലയിലെ നൈപുണ്യ ക്ഷാമവും ജോലി ഒഴിവുകളും പരിഹരിക്കുന്നതിനായി മുൻ കൺസർവേറ്റീവ് സർക്കാർ 2022-ൽ ആണ് വിസ നിബന്ധനകളിൽ ഇളവ് അനുവദിച്ചത്. ഇത് കുടിയേറ്റത്തിന്റെ തോത് വൻതോതിൽ വർദ്ധിക്കാൻ ഇടയായതായാണ് കണക്കാക്കുന്നത്.

എന്നാൽ വിസ കാലാവധി കഴിഞ്ഞതിന് ശേഷം ആളുകൾ യുകെ വിടുന്നുണ്ടോ എന്നതിനെ കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ ശേഖരിക്കുന്നതിൽ ഹോം ഓഫീസ് പരാജയപ്പെട്ടുവെന്നാണ് പിഎസി ആരോപിക്കുന്നത്. ആരെങ്കിലും രാജ്യം വിട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാൻ വകുപ്പ് ഇപ്പോഴും എയർലൈൻ യാത്രക്കാരുടെ രേഖകളെ ആശ്രയിക്കുന്നുണ്ടെന്നും 2020 മുതൽ ആ രേഖകളുടെ വിശകലനം നടന്നിട്ടില്ലെന്നും അതിന്റെ റിപ്പോർട്ട് പറയുന്നു. ആളുകൾ രാജ്യം വിട്ടുപോകുമ്പോൾ രേഖപ്പെടുത്താൻ എന്തെല്ലാം നടപടികൾ സ്വീകരിക്കണമെന്ന് ഹോം ഓഫീസ് വ്യക്തമാക്കേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഹൈ സ്ട്രീറ്റ് കടകളിലെ നിയമവിരുദ്ധ സിഗരറ്റ് വ്യാപാരത്തെ കുറിച്ചുള്ള ബിബിസിയുടെ അന്വേഷണ റിപ്പോർട്ട് പുറത്തുവന്നു. പ്രാദേശിക സ്റ്റോറുകളുടെ അടിയിൽ ആയിരക്കണക്കിന് വ്യാജ സിഗരറ്റുകളും കള്ളക്കടത്തും സൂക്ഷിക്കുന്ന രഹസ്യ അറകളാണ് അധികൃതർ കണ്ടെത്തിയത്. ഇത്തരത്തിൽ നിയമവിരുദ്ധമായി സൂക്ഷിക്കുന്ന ഉത്പന്നങ്ങൾ പലപ്പോഴും ഡോറുകൾക്ക് പിന്നിലും തറയുടെ അടിയിലും ആയി ഒളിപ്പിക്കും. ബ്രാഡ്‌ഫോർഡ്, കവൻട്രി, നോട്ടിംഗ്ഹാം തുടങ്ങിയ നഗരങ്ങളിലും വ്യാജ സിഗരറ്റ് വിൽക്കുന്ന ക്രിമിനൽ സംഘങ്ങൾ ഉണ്ടെന്നും റിപ്പോർട്ടിലുണ്ട്.

മയക്കുമരുന്ന് കടത്ത്, മനുഷ്യക്കടത്ത്, നിയമവിരുദ്ധ കുടിയേറ്റം എന്നിവയുൾപ്പെടെയുള്ള മറ്റ് ഗുരുതരമായ കുറ്റകൃത്യങ്ങളെ ബന്ധിപ്പിക്കുന്ന കണ്ണിയായാണ് നിയമവിരുദ്ധ പുകയില വ്യാപാരത്തെ ഉദ്യോഗസ്ഥർ വിശേഷിപ്പിക്കുന്നത്. ബ്ലാക്ക് മാർക്കറ്റുകളിൽ ഇവ സജീവമാകുന്നതിനോടൊപ്പം ഇത് നിയമപാലകരിലും സർക്കാരിലും പൊതുജനങ്ങളുടെ വിശ്വാസം ഇല്ലാതാക്കുകയും ചെയ്യുന്നുവെന്ന് ക്രിമിനോളജിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നു. ഹളിൽ മാത്രം 80 കടകളിൽ ഇത്തരം നിയമവിരുദ്ധ വ്യാപാരം നടക്കുന്നതായി കണ്ടെത്തി.

നിയമവിരുദ്ധമായ ഇത്തരം വ്യാപാരങ്ങൾ പൊതുജനാരോഗ്യത്തിനും സുരക്ഷയ്ക്കും ഭീഷണിയാണ്. നിയമവിരുദ്ധ സിഗരറ്റുകളിൽ ആസ്ബറ്റോസ്, മനുഷ്യ മാലിന്യങ്ങൾ, ചത്ത പ്രാണികൾ തുടങ്ങിയ ദോഷകരമായ വസ്തുക്കൾ അടങ്ങിയിട്ടുണ്ട്. ഈ ഉത്പന്നങ്ങൾ വളരെ കുറഞ്ഞ വിലയ്ക്കാണ് വിൽക്കപ്പെടുന്നതും. ജീവിത ചിലവ് വർദ്ധിച്ച് വരുന്ന ഈ കാലത്ത് ഇത്തരം സിഗരറ്റുകളുടെ വിലക്കുറവും ജനങ്ങളെ ആകർഷിക്കുന്നു. നിയമവിരുദ്ധമായി ഇത്തരം സിഗരറ്റുകൾ വിൽക്കുന്നതിൻെറ പിഴകളും ശിക്ഷകളും വർദ്ധിച്ചിട്ടുണ്ടെങ്കിലും, നിർവ്വഹണ സംവിധാനം ഇപ്പോഴും ദുർബലമായി തുടരുന്നു. ഇത്തരം പ്രവർത്തങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത് അഭയാർത്ഥികളോ നിയമവിരുദ്ധ കുടിയേറ്റക്കാരോ ആണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
മുംബൈയേയും മാഞ്ചസ്റ്ററേയും ബന്ധിപ്പിക്കുന്ന ആദ്യ ദീർഘദൂര സർവീസ് ആരംഭിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ എയർലൈനായ ഇൻഡിഗോ. ഇന്ത്യയും പ്രധാന ആഗോള വിപണികളും തമ്മിൽ മെച്ചപ്പെട്ട ബന്ധം പുലർത്തുന്നതിനായുള്ള ഒരു സുപ്രധാന നീക്കമായി ഇതിനെ വിശേഷിപ്പിക്കാം. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയും നോർത്തേൺ ഇംഗ്ലണ്ടിലെ പ്രധാന സാമ്പത്തിക, സാംസ്കാരിക കേന്ദ്രമായ മാഞ്ചസ്റ്ററും തമ്മിലുള്ള ബന്ധം വർദ്ധിപ്പിക്കുന്നതിന് ഈ പുതിയ വിമാന സർവീസ് കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ബിസിനസ്സ് യാത്രക്കാർ, വിനോദസഞ്ചാരികൾ, വിദ്യാർത്ഥികൾ, യുണൈറ്റഡ് കിംഗ്ഡത്തിൽ താമസിക്കുന്ന ഇന്ത്യൻ പ്രവാസികൾ എന്നിവർക്ക് ഈ സേവനം ഏറെ പ്രയോജനപ്പെടും. ഇത് ശക്തമായ സാമ്പത്തിക, വിദ്യാഭ്യാസ, സാംസ്കാരിക ബന്ധങ്ങൾ വളർത്തിയെടുക്കാനും സുപ്രധാന പങ്ക് വഹിക്കും. മുംബൈയേയും മാഞ്ചസ്റ്ററേയും ബന്ധിപ്പിക്കുന്ന ഒരേയൊരു എയർലൈനായിരിക്കും ഇൻഡിഗോ.

ആഴ്ചയിൽ മൂന്ന് സർവീസുകളാണ് ഇൻഡിഗോ നൽകുക. മുംബൈയിൽ നിന്നും മാഞ്ചസ്റ്ററിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിച്ചുകൊണ്ട് ദീർഘദൂര യാത്ര ആരംഭിക്കുമ്പോൾ, ആഗോള പ്രസക്തിയുള്ള എയർലൈൻ ഗ്രൂപ്പായി തങ്ങൾ മാറുകയാണെന്ന് ഇൻഡിഗോയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ശ്രീ. പീറ്റർ എൽബേഴ്‌സ് പറഞ്ഞു. ബോയിംഗ് 787-9 ഡ്രീംലൈനർ ആണ് പുതിയ സർവീസിനായി ഉപയോഗിക്കുക എന്നും അറിയിച്ചു. എല്ലാ യാത്രക്കാർക്കും പ്രത്യേകം തയ്യാറാക്കിയ സൗജന്യ ചൂടുള്ള ഭക്ഷണവും പാനീയങ്ങളും വിമാന കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്. 56 ഇൻഡിഗോ സ്ട്രെച്ച് സീറ്റുകളും 282 ഇക്കണോമി സീറ്റുകളും ഉള്ള വിമാനമാണ് മുംബൈ മാഞ്ചസ്റ്റർ സർവീസിനായി ഇൻഡിഗോ ഉപയോഗിക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
എൻഎച്ച്എസിനായി തൻറെ സർക്കാർ അവതരിപ്പിക്കുന്ന പദ്ധതികളിൽ യുകെയിലെ ആരോഗ്യമേഖലയെ സമൂലമായി മാറ്റുമെന്ന് പ്രധാനമന്ത്രി കെയർ സ്റ്റാർമാർ പറഞ്ഞു. പ്രധാനമായും ദശലക്ഷ കണക്കിന് രോഗികളെ അവരുടെ വീടിനടുത്ത് തന്നെ ചികിത്സിക്കുന്നതിന് മുൻതൂക്കം നൽകാനാണ് സർക്കാർ ആലോചിക്കുന്നത്. ആശുപത്രികളിൽ നിന്ന് പരിചരണം തൊട്ടടുത്ത ആരോഗ്യ കേന്ദ്രങ്ങളിലേയ്ക്ക് മാറ്റാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്.

പുതിയ പദ്ധതിക്കായി പ്രൈമറി ഹെൽത്ത് സെൻററുകളുടെ ഒരു ശൃംഖല തന്നെ സ്ഥാപിക്കേണ്ടതായി വരും. രോഗികൾക്ക് അവർ എവിടെ താമസിക്കുന്നുവോ അവിടെ അവർക്ക് എളുപ്പവും വേഗമേറിയതും കൂടുതൽ സൗകര്യപ്രദവുമായ പരിചരണം നൽകാനാണ് ലക്ഷ്യമിടുന്നതെന്ന് സർ കെയർ സ്റ്റാർമർ പറഞ്ഞു. എന്നാൽ ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യം ഉയർത്തി നേഴ്സിങ് ജീവനക്കാരുടെ ക്ഷാമം അടിയന്തിരമായി പരിഹരിക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കേണ്ടത് എന്നാണ് പ്രധാനമന്ത്രിയുടെ നിർദ്ദേശത്തോടെ റോയൽ കോളേജ് ഓഫ് നേഴ്സിങ് പ്രതികരിച്ചത്.

ഇംഗ്ലണ്ടിലെ എൻഎച്ച്‌എസിനായുള്ള സർക്കാരിന്റെ 10 വർഷത്തെ പദ്ധതിക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള പ്രഖ്യാപനങ്ങൾ പ്രധാനമന്ത്രി ഇന്ന് വൈകുന്നേരം ലണ്ടനിൽ നടത്തും. ഇതിൽ ഏകദേശം 200 പുതിയ അയൽപക്ക ആരോഗ്യ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതും ഉൾപ്പെടും. ഇവയിൽ ജിപിമാർ, നേഴ്‌സുമാർ, സാമൂഹിക പരിചരണ പ്രവർത്തകർ, ഫാർമസിസ്റ്റുകൾ, മാനസികാരോഗ്യ വിദഗ്ധർ, മറ്റ് ഡോക്ടർമാർ എന്നിവരുടെ ഒരു സംഘം ഉണ്ടാകും. ഈ കേന്ദ്രങ്ങൾ ദിവസത്തിൽ 12 മണിക്കൂറും ആഴ്ചയിൽ ആറ് ദിവസവും തുറന്നിരിക്കുമെന്ന് സർക്കാർ അറിയിച്ചു. സേവനങ്ങളുടെ കൃത്യമായ ഘടന പ്രാദേശിക മേഖലയെ ആശ്രയിച്ചായിരിക്കും നിർണയിക്കുന്നത്. ദുർബലരും എത്തിച്ചേരാൻ പ്രയാസമുള്ളവരുമായ രോഗികളെ ബന്ധപ്പെടാൻ ചില ഔട്ട്‌റീച്ച് ടീമുകൾ വീടുതോറും പോകുന്ന രീതിയിൽ ആയിരിക്കും ഇവയുടെ പ്രവർത്തനം. എൻഎച്ച്എസ്സിനായി ഇന്ന് അവതരിപ്പിക്കുന്ന കർമ്മ പദ്ധതികളെ യുകെ മലയാളികളും വളരെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. എൻഎച്ച്എസിന് ആധുനികതയുടെ പുതിയ മുഖം നൽകാൻ Al സാങ്കേതികവിദ്യ ഉപയോഗിക്കും എന്ന് നേരത്തെ സർക്കാർ വ്യക്തമാക്കിയിരുന്നു. ആശുപത്രി ഡേറ്റാബേസുകൾ വിശകലനം ചെയ്യുന്നതിനും സാധ്യമായ സുരക്ഷാ വീഴ്ചകൾ നേരത്തേ കണ്ടെത്തുന്നതിനും AI ഉപയോഗിക്കുന്ന ലോകത്തിലെ ആദ്യത്തെ ആരോഗ്യ സംവിധാനമായി എൻഎച്ച്എസ് മാറുമെന്നാണ് ആരോഗ്യ സെക്രട്ടറി പറഞ്ഞത് .