ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ലണ്ടൻ : ബ്രെക്സിറ്റ് പ്രതിസന്ധിയിൽ നിന്ന് ഒരുതരത്തിലും രക്ഷ നേടാനാകാതെ കുഴങ്ങിയിരിക്കുകയാണ് ബോറിസ് ജോൺസൻ. ഇന്നലെ അവതരിപ്പിച്ച പുതിയ കരാറിനും പിന്തുണയില്ല. അതുകൊണ്ട് തന്നെ ബ്രിട്ടന് ഉടനൊന്നും യൂറോപ്യൻ യൂണിയൻ വിട്ടുപോരാൻ കഴിയില്ല. യൂറോപ്യൻ യൂണിയനുമായി ധാരണയായതിന് ശേഷമാണ് പുതിയ കരാറുമായി എംപിമാരുടെ അടുത്തേക്ക് ജോൺസൻ വന്നത്. എന്നാൽ ഇന്നലെ കൂടിയ പാർലമെന്റ് സമ്മേളനത്തിൽ ഈ കരാറിനെ പിന്തുണച്ചില്ലെന്ന് മാത്രമല്ല, യൂറോപ്യൻ യൂണിയനിൽ നിന്നുള്ള ബ്രിട്ടന്റെ പിൻവാങ്ങൽ വൈകിപ്പിക്കണമെന്നും എംപിമാർ ആവശ്യപ്പെട്ടു. അതിനാൽ ബെൻ ആക്ട് പ്രകാരം യൂറോപ്യൻ യൂണിയനോട് മൂന്നു മാസത്തെ കാലതാമസം ആവശ്യപ്പെടാൻ പ്രധാനമന്ത്രി നിർബന്ധിതനാകും.

ഇന്നലത്തെ അസാധാരണ ശനിയാഴ്ച സമ്മേളനത്തിൽ പുതിയ ബ്രെക്സിറ്റ് കരാർ അംഗീകരിക്കാൻ സാധിക്കില്ലെന്ന് ഭൂരിഭാഗം എംപിമാരും വ്യക്തമാക്കി. ഇതോടെ സ്വതന്ത്ര എംപിയായ ഒലിവർ ലെറ്റ്‌വിന്റെ നേതൃത്വത്തിൽ ഇരുകക്ഷികളിലെയും അംഗങ്ങൾ യോജിച്ച് ഒരു ബദൽ ഭേദഗതി അവതരിപ്പിച്ചു. 306നെതിരെ 322 വോട്ടുകൾക്ക് ഈ ഭേദഗതി പാസ്സാക്കുകയും ചെയ്തു. ഒരു നിയമനിർമാണത്തിലൂടെ കരാർ പാസ്സാകും വരെ ബ്രെക്സിറ്റ് തടയാൻ ഉദ്ദേശിച്ചുള്ളതാണ് ഈ ഭേദഗതി. എന്നാൽ ഒരു തരത്തിലും ബ്രെക്സിറ്റ് വൈകിപ്പിക്കില്ലെന്നും താൻ പറഞ്ഞതുപോലെ ഒക്ടോബർ 31ന് തന്നെ യൂറോപ്യൻ യൂണിൻ വിടും എന്നുമുള്ള നിലപാടിൽ ഉറച്ചാണ് ജോൺസൻ. ബ്രെക്സിറ്റ് വൈകിപ്പിക്കുന്നത് സംബന്ധിച്ച് യൂറോപ്യൻ യൂണിയനുമായി ചർച്ചക്കില്ലെന്നും അടുത്താഴ്ച വിടുതൽ ബിൽ പാർലമെന്റിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബോറിസ് ജോൺസന്റെ ബ്രെക്സിറ്റ് ഇടപാടിനെക്കുറിച്ച് ചർച്ച ചെയ്യാനും വോട്ടുചെയ്യാനുമായി 37 വർഷത്തിനിടെ ഇതാദ്യമായാണ് പാർലമെന്റ് ഒരു ശനിയാഴ്ച സമ്മേളിക്കുന്നത്. കോമൺസിൽ ഇന്നലയേറ്റ തിരിച്ചടി ജോൺസനെ സംബന്ധിച്ചിടത്തോളം വളരെ വലുതാണ്. അതിനിടെ പുതിയ കരാറിന് പിന്തുണയില്ലാത്ത സാഹചര്യത്തിൽ, ബ്രിട്ടന്റെ ബ്രെക്സിറ്റ് പദ്ധതിയെക്കുറിച്ച് എത്രയും വേഗം വിശദീകരണം നൽകണമെന്ന് യൂറോപ്യൻ യൂണിയൻ ആവശ്യപ്പെട്ടു. ബ്രിട്ടനിൽ ഉടൻ തന്നെ ഇടക്കാല തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് നിലവിലെ സാഹചര്യങ്ങൾ നൽകുന്ന സൂചന. ബ്രെക്സിറ്റ് പ്രശ്നത്തിൽ ഒരു പരിഹാരം ഈ ആഴ്ച തന്നെ കണ്ടെത്താനാകും ഇനി ജോൺസൻ ശ്രമിക്കുക.
ലിസ മാത്യു, മലയാളം യുകെ ന്യൂസ് ടീം
ബ്രിട്ടൻ :- നാഷണൽ ഹെൽത്ത് സർവീസിന്റെ ഹോസ്പിറ്റലുകളിൽ ഒന്നിൽനിന്ന് കമ്പ്യൂട്ടർ ഉപയോഗിക്കാൻ അറിയില്ല എന്ന കാരണത്താൽ 89 കാരിയായ ജീവനക്കാരിയെ പിരിച്ചുവിട്ട സംഭവത്തിൽ ഹോസ്പിറ്റലിന് എതിരെ നിയമ നടപടിയുമായി ജീവനക്കാരി. എയ്ലീൻ ജോളി എന്ന ജീവനക്കാരിയെയാണ് റോയൽ ബെർക്ക്ഷെയർ ഹോസ്പിറ്റലിൽ നിന്നും 2017 ജനുവരിയിൽ പിരിച്ചുവിട്ടത്. ഹോസ്പിറ്റലിലെ കമ്പ്യൂട്ടർ സിസ്റ്റം ശരിയായ രീതിയിൽ അല്ല ഉപയോഗിച്ചത് എന്ന കാരണത്താലാണ് പിരിച്ചു വിട്ടത്. അധികൃതർ തന്റെ പ്രായത്തെ അധിക്ഷേപിച്ചതായും ജീവനക്കാരി കുറ്റപ്പെടുത്തി. ജോലിയിൽ വളരെ ആത്മാർത്ഥത ഉണ്ടായിരുന്ന എയ്ലീൻ 10 വർഷത്തിനിടയിൽ ഒരു അവധി പോലും എടുത്തിരുന്നില്ല. 2004 – ൽ എയ്ലീനിന് ഹൃദയാഘാതം സംഭവിച്ചിരുന്നെങ്കിലും തൻെറ ജോലിയിൽ വളരെ കൃത്യതയോടെ എയ്ലീൻ പ്രവർത്തിച്ചിരുന്നു.

താനനുഭവിച്ച വിവേചനത്തിനെതിരെ അവർ കോടതിയിൽ പരാതി നൽകുകയും, കോടതി വിധി അവർക്ക് അനുകൂലമായി ലഭിക്കുകയും ചെയ്തു. ഇതിനെ തുടർന്ന് റോയൽ ബർക്ക്ഷെയർ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ് കോടതിക്ക് പുറത്തുവെച്ച് പ്രശ്നം പരിഹരിക്കുവാനും, നഷ്ടപരിഹാരം നൽകുവാനുമായി വാഗ്ദാനങ്ങൾ നൽകിയിരിക്കുകയാണ്. തന്നെ ഒരു ബാധ്യതയായി ആണ് ആശുപത്രി അധികൃതർ കണ്ടതെന്ന് ട്രിബ്യൂണലിനു നൽകിയ പരാതിയിൽ എയ്ലീൻ രേഖപ്പെടുത്തി.

എയ്ലീൻ വിവേചനം അനുഭവിച്ചു എന്ന് കേസ് പരിഗണിച്ച ജഡ്ജി ആൻഡ്രൂ കണ്ടെത്തി. എന്നാൽ കേസിന്റെ വിധിയിൽ തങ്ങൾ അസംതൃപ്തർ ആണെന്ന് ഹോസ്പിറ്റൽ ഫൗണ്ടേഷൻ അറിയിച്ചു. തങ്ങൾ എല്ലാ ചട്ടങ്ങളും പാലിച്ചാണ് പ്രവർത്തിച്ചു വരുന്നതെന്നും, ഇനിയും ഇത്തരം ആരോപണങ്ങൾ ഉണ്ടാകാതിരിക്കാൻ ഉള്ള എല്ലാ നടപടികളും സ്വീകരിച്ചു എന്നും അവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എയ്ലീനന് നഷ്ടപരിഹാരം നൽകുവാൻ ആശുപത്രി അധികൃതർ തയ്യാറായിട്ടുണ്ട്.
ഇപ്പോൾ ജീവിച്ചിരിക്കുന്ന മലയാളികൾ കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തമായ 2018ലെ പ്രളയത്തിന്റെ മുഴുവൻ ജലവും മണ്ണിലേക്ക് തന്നെ വലിഞ്ഞെങ്കിലും നഷ്ടങ്ങളുടെ തൊരാ മഴയും കണ്ണുനീരും ഇന്നും ബാക്കി നിൽക്കുന്നു. സാമ്പത്തിക സൂചികകളിൽ വളരെ പിന്നിലും എന്നാൽ ജനസംഖ്യയിൽ മുന്നിലും നിൽക്കുന്ന ഇന്ത്യാ രാജ്യത്തിലെ ഒരു സംസ്ഥാനത്തിന് അതിൽ നിന്ന് കുളിച്ചു കയറുക എളുപ്പമല്ല. പ്രളയത്താൽ ചെളിയിൽ കുതിർന്ന അനേകായിരങ്ങളിൽ ഒരുവനായി ഞാനും , വെലിയിൽ ഉണങ്ങിയെങ്കിലും ചെളിമണം വിട്ടുമാറാതെ പ്രളയ ധനസഹായമെന്ന ഒരു ചെറിയ ആശ്വാസത്തിനായി ഇപ്പോളും നമ്മുടെ ഭരണ സംവിധാനങ്ങളിൽ കയറിയിറങ്ങിക്കൊണ്ടിരിക്കുന്നു.

ധനാപാലും കുടുംബവും
ഇക്കാലയളവിൽ ഒരമ്പത് തവണയെങ്കിലും വിവിധ സർക്കാർ ഓഫീസുകളിൽ ബന്ധപ്പെട്ടെങ്കിലും പല കാരണങ്ങളാൽ എന്റെ അപേക്ഷ ഫോമിന് പരിസമാപ്തിയുണ്ടായില്ല. ഒരു കമ്പ്യൂട്ടർ ബിരുദധാരി എന്നതുകൊണ്ടായിരിക്കാം പ്രളയ സഹായ വിതരണ ശൃംഖലയിൽ സാങ്കേതിക വിദ്യയുടെ സാധ്യതകൾ വേണ്ട വിധം പ്രയോജനപ്പെടുത്തിയോ അതോ ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും ഇതിന്മേലുള്ള ഉത്തരവാദിത്വവും വ്യക്തമായ ആക്ഷൻ പ്ലാനും സമയബന്ധിതവും കുറ്റമാറ്റതുമായി നടപ്പാക്കാൻ പറ്റാത്തതാണോ എന്ന ചോദ്യം മുന്നിട്ട് നിൽക്കുന്നു.
ഒരു വീട്ടിൽ രണ്ടും മൂന്നൂം സ്മാർട് ഫോണുകൾ ഉള്ള നമ്മുടെ ജീവിത സാഹചര്യത്തിൽ എന്റെ അപേക്ഷയുടെ നിജസ്ഥിതി അറിയാൻ പഞ്ചായത്തും കലക്ടറേറ്റും കയറിയിറങ്ങി എന്നത് നമ്മുടെ സാങ്കേതിക വിദ്യകളുടെ പ്രയോഗികവൽക്കരണത്തിന്റെ ന്യൂനതയായി വേണം കാണാൻ.
പ്രളയശേഷമുള്ള മാസങ്ങളിൽ പല സമായത്തായി രണ്ട് ടീമുകൾ എന്റെ വീടിന്റെ കേടുപാടുകളുടെ ഫോട്ടോ എടുത്തിട്ട് പോയെങ്കിലും എന്റെ അപേക്ഷ നഷ്ടപരിഹാര ലിസ്റ്റിൽ കയറിയില്ല. സ്വന്തമായി നല്ലൊരു പേര് വീടിന് ഇല്ലാഞ്ഞത് വിനയായി. അപേക്ഷയിൽ തറവാടിന്റെ പേരും എന്റെ വീട്ടുപേരും ഒന്നായത് എന്റെ അപേക്ഷ നിരസിക്കുന്നതിന് കാരണമായതായി അറിഞ്ഞു. ലിസ്റ്റിൽ വരാത്തവർക്കുള്ള അപേക്ഷ ഫോമുകൾ വീണ്ടും ഒന്നൊന്നായി കൊടുത്ത് അതിന്റെ അവസ്‌ഥ അറിയാൻ പഞ്ചായത്തും കലക്ടറേറ്റും കയറി ഇറങ്ങിയപ്പോൾ സ്വന്തമായി റേഷൻ കാർഡ് ഇല്ലാത്തതിനാലാണ് അപേക്ഷ നിരസിച്ചത് എന്നറിഞ്ഞു.

പ്രളയ ശേഷം ചെളിമൂടിയ കാർ
ഒരു എസ് എം എസിലൂടെ അറിയാൻ കഴിയുന്ന കാര്യങ്ങൾ അറിയാൻ നാലഞ്ച് മാസങ്ങളെടുത്തു. എന്റെ അവസ്‌ഥ മനസിലാക്കിയിട്ടാവണം മാതാപിതാക്കളുടെ കാർഡിൽ നിന്ന് എന്റെ പേര് നീക്കം ചെയ്ത് എനിക്ക് പുതിയ റേഷൻ കാർഡ് നൽകാൻ ആലുവ സപ്ലൈ ഓഫീസ് ജീവനക്കാർ ഒരാഴ്ച്ച പോലുമെടുത്തില്ല. അതോടെ എന്റെ ഉത്സാഹം കൂടി. ഈ കാർഡ് നമ്പർ അപേക്ഷയിൽ ചേർക്കുന്നതോടെ ഹൈക്കോടതി ഉത്തരവിട്ടതുപോലെ പ്രളയ സഹായം വേഗം വീട്ടിലെത്തുമെന്ന് ഞാൻ പ്രത്യാശിച്ചു. പഞ്ചായത്തിൽ ഇതെല്ലാം കൊടുത്ത് കലക്ടറേറ്റിൽ വീണ്ടും ആഴ്ചകൾക്ക് ശേഷം അന്വേഷിച്ചു ചെന്നപ്പോൾ എന്റെ അപേക്ഷ കാർഡ് ഇല്ലാത്തതിനാൽ മുൻപേ തള്ളി പോയെന്നും ഇനിയത് പരിഗണിക്കാൻ നമ്മുടെ നിയമവും വ്യവസ്ഥയും അനുവദിക്കുന്നില്ല എന്നു കേട്ടതോടെ ആ പ്രതീക്ഷയും നശിച്ചു.
ഇങ്ങനെ നടന്നിട്ട് കാര്യമില്ല എന്ന് മനസിലാക്കി ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്കും എറണാകുളം കലക്ടർക്കും ഒരു പരാതി കൂടി അയച്ച് , ഞാൻ തന്നെ എന്റെ ഫയൽ അടച്ചതായി പ്രഖ്യാപിച്ച് എന്റെ ഈ ഓട്ടത്തിൽ നിന്ന് മുക്തി നേടി. വീടിന്റെ വിള്ളൽ വീണ ചുമരുകളിൽ പുട്ടിയിട്ട് പെയിന്റ് ചെയ്ത് വീട് സുന്ദരമാക്കി. പക്ഷെ വിള്ളൽ വീണ്ടും കണ്ണു തുറന്ന് തുടങ്ങി. ഇലക്ട്രിക് വയറുകളിൽ ചെളി കയറിയതിന്റെ ബുദ്ധിമുട്ടുകളും തല പൊക്കാൻ തുടങ്ങി. ഇതിനിടയിൽ എന്റെ പരാതി കളക്ടറേറ്റിൽ കിട്ടിയിട്ടുണ്ടെന്നും അത് താലൂക്കിലേയ്ക്ക് അയച്ചിട്ടുണ്ട് എന്നും അറിയിപ്പ് ലഭിച്ചു.

മലയാള മനോരമ ദിനപത്രത്തിൽ ധനാപാലിന് പ്രളയ ദുരിതാശ്വാസ സഹായം നിഷേധിച്ചതിനെ കുറിച്ച് വന്ന വാർത്ത
രണ്ടാഴ്ച കഴിഞ്ഞു പുതിയ നീക്കങ്ങളൊന്നും കാണാത്തതിനാൽ ഞാൻ സ്വയം കീഴടങ്ങി. 2019ൽ വീട് ഒലിച്ചുപോയവരെയും പ്രളയം രൂക്ഷമായി ബാധിച്ച അനേകായിരങ്ങളെയും ഓർത്തപ്പോൾ എന്റെ നഷ്ടങ്ങൾ നിസ്സാരമല്ലേ എന്ന ചിന്ത എനിക്ക് വന്നു. 2018ലെ പ്രളയത്തിന്റെ ഒരു ചിഹ്നമായി മാറിയ, വീടിന്റെ ടെറസിനു മുകളിൽ എഴുതി നേവി ആകാശത്തു നിന്ന് പകർത്തിയ, ‘ THANKS ‘ എന്ന് എഴുതിയ ആൾ എന്ന നിലയ്ക്ക് എന്റെ നെട്ടോട്ടത്തെ കുറിച്ച് ഒക്ടോബർ 15 ലെ ഒരു മലയാള ദിന പത്രത്തിൽ വാർത്ത വന്നു. ഇതിനിടയിൽ വീടിന്റെ തകരാർ മനസ്സിലാക്കി റിപ്പോർട്ട് തയ്യാറാക്കാൻ വില്ലേജ് ഓഫീസിലെ ഉദ്യോഗസ്ഥർ എത്തി. വളരെ പ്രതീക്ഷയോടെ ഞാനും എന്റെ മനസ്സിൽ പല കണക്കുകളും ഉണ്ടാക്കി കാത്തിരിക്കുന്നു.
വളരെ അപ്രതീക്ഷിതമായ ദുരന്തം നേരിടുമ്പോൾ സർക്കാർ സംവിധാനത്തിലെ പരിമിതികളും സർക്കാരിന്റെ സാമ്പത്തിക ബാധ്യതകളും വിവേകപൂർവ്വം വിലയിരുത്തുന്ന ഒരാൾ സ്വാഭാവികമായും ചിന്തിക്കും, ഓൺലൈനായി ഈ അപേക്ഷ സമർപ്പിക്കുവാനും അതിന്റെ മേലുള്ള നടപടി അറിയുവാനും നമ്മൾക്ക് സുതാര്യമായ ഒരു മാർഗം വേണ്ടേ?
സഹായം ഉണ്ടെങ്കിലും ഇല്ലെങ്കിലും അത് അപേക്ഷകൻ അറിയുന്ന വിധത്തിൽ ഒരു സംവിധാനമൊരുക്കാൻ ചന്ദ്രനിലേക്ക് കൃത്യമായി ഉപഗ്രഹം അയക്കുന്ന നമുക്ക് ഇനിയും എത്ര വർഷം കാത്തിരിക്കേണ്ടിവരും?

ധനപാൽ : ആലുവ കടുങ്ങല്ലൂരിൽ താമസം. എറണാകുളത്ത് ഐ. ടി കമ്പനിയിൽ പ്രോജക്ട് മാനേജർ ആണ് . ഭാര്യ ദീപ ചേർത്തല എൻ .എസ് .എസ് കോളേജിൽ അദ്ധ്യാപിക . 2 മക്കൾ, മൂത്ത മകൻ അർജുൻ 8 – ) o ക്ലാസ്സിൽ രാജഗിരി ക്രിസ്തു ജയന്തി പബ്ലിക് സ്‌കൂൾ കാക്കനാടിൽ പഠിക്കുന്നു , ഇളയ മകൾ ഐശ്വര്യ 3 വയസ്സ് .

പൂളിൽ മലയാളിയായ കെന്‍ വിനോദ് വര്‍ക്കിയുടെ മരണം (17 ) ഇന്ന് സംഭവിച്ചപ്പോൾ നാല് ദിവസത്തിനുള്ളിൽ മൂന്ന് മരണം സംഭവിച്ചപ്പോൾ യുകെയിലെ മലയാളി സമൂഹത്തിന് വേദനകൾ വരുന്നത് തുടർച്ചായി എന്ന് വേണം കരുതാൻ.
പതിനാറാം തിയതി വാറ്റ് ഫോർഡിൽ നേഴ്‌സായ ബീന, പതിനെട്ടാം തിയതി, ഇന്നലെ ബിർമിങ്ഹാമിൽ മേരി… ഇന്ന് പൂളിൽ താമസിക്കുന്ന ചെങ്ങന്നൂര്‍ വെണ്മണി സ്വദേശികളായ വിനോദ് വര്‍ക്കി – ജൂലി വിനോദ് ദമ്പതികളുടെ ഏക മകന്‍ കെന്‍ വിനോദ് വര്‍ക്കി (17). ഇങ്ങനെ മൂന്ന് മരണം ആണ് നാല് ദിവസത്തിനുള്ളിൽ സംഭവിച്ചിരിക്കുന്നത്. ഇന്ന് രാവിലെ 11:15 ന് വേദനകൾ ഇല്ലാത്ത ലോകത്തേക്ക് കെൻ യാത്രയായത്. രോഗബാധിതനായിരുന്ന പ്രിയപ്പെട്ട കെന്‍ വിധിക്കു കീഴടങ്ങുമ്പോള്‍ പൂള്‍ നിവാസികള്‍ എങ്ങനെ ഏക മകനെ നഷ്ടപ്പെട്ട വർക്കി- ജൂലി ദമ്പതികളെ ആശ്വസിപ്പിക്കുക എന്ന മനോവിഷമത്തിൽ എത്തിയിരിക്കുന്നു. മാതാപിതാക്കളുടെയും കൂട്ടുകാരുടെയും പ്രാർത്ഥനകളും വിഫലമാക്കിയാണ് കെൻ വിട്ടുപിരിഞ്ഞത്.
കെന്‍ വിനോദ് വര്‍ക്കിയുടെ ശവസംസ്‌കാര ചടങ്ങുകള്‍ നാട്ടില്‍വെച്ചായിരിക്കും നടത്തുക എന്നാണ് അറിയുവാൻ കഴിയുന്നത്. യു.കെ യില്‍ പൊതു ദർശനത്തിനുള്ള സൗകര്യം ഒരുക്കുന്നതിന് മലയാളി അസോസിയേഷനും മറ്റു സംഘടനകളും ബന്ധുമിത്രാദികളും ചേർന്ന് സജീവമായി പ്രവര്‍ത്തിക്കുന്നു. ഫ്യൂണറൽ ഡിറക്ടർസ് അറിയിക്കുന്നതനുസരിച്ചു പൊതു ദർശനത്തിനുള്ള തീയതി പിന്നീട് അറിയിക്കുന്നതായിരിക്കും.
കെന്നിന്റെ നിര്യണത്തിൽ ദുഃഖാർത്ഥരായ കുടുംബത്തോടൊപ്പം മലയാളം യുകെ പങ്കുചേരുകയും അനുശോചനം അറിയിക്കുകയും ചെയ്യുന്നു.
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ലണ്ടൻ : വളരെക്കാലമായി നീണ്ടുനിന്ന ബ്രെക്സിറ്റ് പ്രശ്‌നത്തിന് താത്കാലിക പരിഹാരം ആണ് ഈ പുതിയ ഉടമ്പടി. ബ്രിട്ടന്റെയും യൂറോപ്യൻ യൂണിയന്റെയും പ്രതിനിധി സംഘങ്ങൾ തമ്മിൽ ദിവസങ്ങളായി നടന്നു വന്ന ചർച്ചയ്ക്കൊടുവിൽ വ്യാഴാഴ്ച രാവിലെയാണ് പുതിയ ഉടമ്പടിയിൽ എത്തിച്ചേർന്നത്. മഹത്തായ ഉടമ്പടിയെന്നാണ് ഈ കരാറിനെ പ്രധാനമന്ത്രി ജോൺസൻ വിശേഷിപ്പിച്ചത്. ഈ പുതിയ ബ്രെക്സിറ്റ് കരാർ ചർച്ച ഇന്ന് ബ്രിട്ടീഷ് പാർലമെന്റിൽ നടക്കാനിരിക്കുകയാണ്. യൂറോപ്യൻ പാർലമെന്റിന്റെയും ബ്രിട്ടീഷ് പാർലമെന്റിന്റെയും അംഗീകാരംകൂടി ലഭിച്ചാൽ മാത്രമേ ഉടമ്പടി പ്രാബല്യത്തിൽ വരൂ. ഇന്നത്തെ പ്രത്യേക സമ്മേളനത്തിൽ ഈ കരാർ എംപിമാർ അംഗീകരിച്ചാൽ ഒക്ടോബർ 31ന് തന്നെ ബ്രിട്ടന് യൂറോപ്യൻ യൂണിയൻ വിടാം.

എന്നാൽ ബോറിസ് ജോൺസൻ അഭിമുഖീകരിക്കുന്ന പ്രധാന വെല്ലുവിളി ഇന്നത്തെ പാർലമെന്റ് സമ്മേളനം തന്നെയാണ്. കാരണം ഡെമോക്രാറ്റിക് യൂണിയണിസ്റ്റ് പാർട്ടി ഈയൊരു ഉടമ്പടിയ്ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർത്തിയിരിക്കുന്നത്. ഡിയുപി വോട്ട് ചെയ്യില്ല എന്ന് വരെ ഡിയുപിയുടെ ബ്രെക്സിറ്റ് വക്താവ് സാമി വിൽസൺ അറിയിച്ചുകഴിഞ്ഞു. ബ്രെക്സിറ്റ് നടത്താനായി പാർലമെന്റ് അംഗീകാരം നൽകുമെന്ന ഉറച്ച വിശ്വാസത്തിലാണ് ജോൺസൻ. കരാർ അംഗീകാരം നേടാൻ എംപിമാരെ തങ്ങളുടെ ടീം ബന്ധപ്പെടുന്നുണ്ടെന്ന് ജോൺസന്റെ ഒരു വക്താവ് പറഞ്ഞിരുന്നു. നിലവിൽ 300ൽ താഴെ മാത്രം എംപിമാരുടെ പിന്തുണയുള്ള സർക്കാരിന് 625 അംഗ പാർലമെന്റിൽ പുതിയ ഉടമ്പടി പാസാക്കുക അത്ര എളുപ്പമല്ല. അതിനാൽ കരാർ അംഗീകാരം നേടാൻ എതിർ പാർട്ടിയുടെയും സ്വതന്ത്രരായ 23 മുൻ കൺസർവേറ്റീവ് എംപിമാരുടെ പിന്തുണയും പ്രധാനമന്ത്രി ഉറപ്പാക്കേണ്ടതായി വരും. പാർലമെന്റ് ഈ ഉടമ്പടി തള്ളിയാൽ വീണ്ടും അനിശ്ചിതത്വം തുടരും.

പുതിയ കരാറിനെ വിമർശിച്ചു ലേബർ പാർട്ടിയും രംഗത്തെത്തിയിരുന്നു. പാർലമെന്റിലൂടെ കരാർ അംഗീകാരം നേടാൻ കഴിയുന്നില്ലെങ്കിൽ ബ്രെക്‌സിറ്റ് സമയപരിധി മൂന്ന് മാസത്തേക്ക് നീട്ടണമെന്ന് പ്രധാനമന്ത്രി യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെടേണ്ടതായി വരും. എന്നാൽ ബ്രെക്സിറ്റ് തീയതി ഇനി നീട്ടുന്ന പ്രശ്നമില്ലെന്ന് ഈയു പ്രസിഡന്റ് ജങ്കറും വ്യക്തമാക്കിയിട്ടുണ്ട്. ബ്രെക്സിറ്റ് കരാർ ഘട്ടം ഘട്ടമായി പാർലമെന്റിൽ പാസാക്കി ഒരു നിയമം ആകുന്നതുവരെ സമയപരിധി നീട്ടാൻ ആവശ്യപ്പെടുന്ന ഒരു ഭേദഗതി മുൻ കൺസർവേറ്റീവ് എംപി ഒലിവർ ലെറ്റ്വിൻ അവതരിപ്പിച്ചു. മൂന്നര പതിറ്റാണ്ടിന്റെ ഇടവേളയ്ക്കു ശേഷം ആദ്യമായാണ് ബ്രിട്ടീഷ് പാർലമെന്റ് ശനിയാഴ്ച പ്രത്യേക സമ്മേളനം ചേരുന്നത്.
ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം
യുകെ : തകരാറിന്റെ കാര്യം കണക്കിലെടുക്കും എന്നും ഉടൻ പരിഹരിക്കുമെന്നും സാംസങ് അറിയിച്ചു. പ്രശ്നം പരിഹരിക്കാൻ ഉള്ള സോഫ്റ്റ്‌വെയർ ഉടൻതന്നെ കൊണ്ടുവരുമെന്ന് കമ്പനി പറഞ്ഞു. വിലകുറഞ്ഞ ഒരു ഫോൺ കവറിനുള്ളിൽ ഫോൺ ഇട്ടശേഷം ഭർത്താവിന്റെ വിരലടയാളം ഉപയോഗിച്ചും ഫോൺ തുറക്കാൻ ആകുമെന്ന് കണ്ടെത്തിയത് ബ്രിട്ടീഷ് വനിതയായ ലിസാ നീൽസൺ ആണ്. കഴിഞ്ഞ മാർച്ചിൽ എസ് 10 പുറത്തിറക്കിയപ്പോൾ അതിന്റെ ഫിംഗർ പ്രിന്റ് ഓതെന്റിഫിക്കേഷൻ സിസ്റ്റത്തെ വിപ്ലവാത്മകം എന്നാണ് വിശേഷിപ്പിച്ചത്.

ഉപയോക്താക്കളുടെ 3ഡി വിരലടയാളം തിരിച്ചറിയാൻ അൾട്രാ സൗണ്ട് സിസ്റ്റം ആണ് എസ്10 ഉപയോഗിക്കുന്നത്. അതാണ് ഇപ്പോൾ തകരാറിലായതായി കണ്ടെത്തിയത്. സൗത്ത് കൊറിയയുടെ ഓൺലൈൻ ഒൺലി കാക്കോ ബാങ്ക് ഉപയോക്താക്കളോട് പ്രശ്നം പരിഹരിക്കും വരെ ഫിംഗർ പ്രിന്റ് ഉപയോഗിക്കേണ്ട എന്ന് നിർദ്ദേശിച്ചിരിക്കുകയാണ്. ഇതിനുമുൻപും ചില സ്ക്രീൻ പ്രൊട്ടക്ടറുകൾ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന ചെറിയ എയർ ഗ്യാപ്പ് മൂലം സ്കാനിങ്ങിന് തടസ്സം ഉണ്ടായിട്ടുണ്ട്.
വലതു വിരലിന് പകരം ഇടതു വിരൽ ഉപയോഗിച്ച് ഫോൺ തുറന്നതാണ് ആദ്യം പ്രശ്നം ശ്രദ്ധയിൽ പെടാൻ കാരണം. അതിനുശേഷം ഭർത്താവിനെക്കൊണ്ട് തുറപ്പിച്ചു. മറ്റൊരു ബന്ധുവിനും സമാനമായ അനുഭവം ഉണ്ടായതോടെ കമ്പനിയെ അറിയിക്കുകയായിരുന്നു.
ലിസ മാത്യു, മലയാളം യുകെ ന്യൂസ് ടീം
ബ്രിട്ടൻ :- രാത്രികാല പോലീസ് പെട്രോളിങ് സേവനത്തിന് ബ്രിസ്റ്റോൾ യൂണിവേഴ്സിറ്റി പണം മുടക്കുന്നു. വിദ്യാർത്ഥികളെ കുറിച്ചുള്ള വർഷങ്ങൾ നീണ്ട പരാതികളെ തുടർന്നാണ് ഇത്തരമൊരു നീക്കം. രാത്രികാലങ്ങളിൽ ഉച്ചത്തിലുള്ള പാർട്ടികൾ നടത്തുന്നതായും, അയൽവാസികൾക്ക് ശല്യം ഉണ്ടാക്കുന്നതായും ഒട്ടേറെ പരാതികൾ ഉയർന്നു വന്നിട്ടുണ്ട്. വിദ്യാർഥികളുടെയും അധ്യാപകരുടെയും സുരക്ഷയ്ക്കായി സാധാരണയായി യൂണിവേഴ്സിറ്റികൾ പോലീസ് സേവനം ഉപയോഗിക്കാറുണ്ടെങ്കിലും, ആദ്യമായാണ് ക്യാമ്പസിന് ചുറ്റുമുള്ള താമസക്കാർക്ക് വിദ്യാർത്ഥികളിൽ നിന്നുള്ള സുരക്ഷയ്ക്ക് ഒരു യൂണിവേഴ്സിറ്റി പോലീസ് സേവനം ഉപയോഗിക്കുന്നത്.

ഓപ്പറേഷൻ ബീച്ച് എന്ന് പേരിട്ടിരിക്കുന്ന ഉദ്യമത്തിൽ, ബുധൻ, വെള്ളി, ശനി ദിവസങ്ങളിൽ രാത്രി 2 മണി വരെയുള്ള പെട്രോളിങ് ഉൾപ്പെടും. അതോടൊപ്പം തന്നെ പരിസരവാസികൾക്ക് അവരുടെ പരാതികൾ അറിയിക്കുവാനായി കംപ്ലയിന്റ് നമ്പരും പോലീസ് ലഭ്യമാക്കിയിട്ടുണ്ട്. 25000 പൗണ്ടാണ് എവൺ, സോമർസെറ്റ് എന്നിവിടങ്ങളിലെ പോലീസ് ഉദ്യോഗസ്ഥർക്ക് നൽകുന്നതെന്ന് യൂണിവേഴ്സിറ്റി വൃത്തങ്ങൾ അറിയിച്ചു. പ്രദേശത്തെ സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ വർദ്ധിച്ചുവരുന്നതായി സ്ഥലവാസികൾ നൽകിയ പരാതികളെ തുടർന്നാണ് പെട്രോളിങ് ഏർപെടുത്തിയതെന്നു പോലീസ് വൃത്തങ്ങൾ അറിയിച്ചു.

യൂണിവേഴ്സിറ്റിക്കെതിരെ ധാരാളം പരാതികൾ ജനങ്ങളിൽ നിന്നും ഉയർന്നു വന്നിട്ടുണ്ട്. പ്രധാനമായും ക്യാമ്പസിന്റെ വടക്ക് ഭാഗത്തുള്ള റെഡ്‌ലാൻഡ് പോലുള്ള ഡിസ്ട്രിക്ടിൽ നിന്നാണ് ഏറ്റവും കൂടുതൽ പരാതികൾ രേഖപ്പെടുത്തിയിരിക്കുന്നത്. സ്വന്തമായി വീടുകൾ എടുത്ത് താമസിക്കുന്ന വിദ്യാർത്ഥികളുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ യൂണിവേഴ്സിറ്റിക്ക് ആയിട്ടില്ലെന്ന് അവർ കുറ്റപ്പെടുത്തി. അഞ്ചു വർഷത്തോളമായി ഇത്തരം പ്രശ്നങ്ങൾ ഉണ്ടെന്ന് സ്ഥലവാസിയായ ആൻഡ്രൂ വാലർ രേഖപ്പെടുത്തി. രാത്രിയായാൽ വലിയ ഉച്ചത്തിൽ പാട്ടുകൾ ഇട്ടു പാർട്ടികൾ നടത്തുന്നതാണ് വിദ്യാർത്ഥികളുടെ ശീലം എന്ന് അദ്ദേഹം പറഞ്ഞു.
ഓരോ വർഷവും വിദ്യാർഥികളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. 2002- ൽ പതിനായിരത്തിൽ താഴെ ഡിഗ്രി വിദ്യാർത്ഥികൾ ഉണ്ടായിരുന്നതിൽ നിന്ന് , ഇപ്പോൾ ഏകദേശം ഇരുപതിനായിരത്തോളം ഡിഗ്രി വിദ്യാർത്ഥികളും, നാലായിരത്തോളം പി ജി വിദ്യാർത്ഥികളും ഉണ്ട് എല്ലാ വിദ്യാർഥികൾക്കും കൂടിയുള്ള ഹോസ്റ്റൽ സൗകര്യങ്ങൾ യൂണിവേഴ്സിറ്റിയിൽ ലഭ്യമല്ല. ഇത്തരം പരാതികൾക്ക് വേണ്ടതായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് യൂണിവേഴ്സിറ്റി വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.
ഷാർജയിൽ ഡെസേർട്ട് ഡ്രൈവിനിടെ വാഹനം മറിഞ്ഞ് രണ്ട് മലയാളികൾ മരിച്ചു. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ഷബാബ്, തേഞ്ഞിപ്പലം സ്വദേശി നിസാം എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കൾ രക്ഷപെട്ടു. മദാമിനടുത്ത് വച്ചായിരുന്നു അപകടം. റിയാദിൽ നിന്ന് സന്ദർശക വീസയിലാണ് നിസാം യുഎഇയിലെത്തിയത്. ഇരുവരുടെയും മൃതദേഹങ്ങൾ നടപടിക്രമങ്ങൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സാമൂഹ്യപ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരി പറഞ്ഞു.
സ്വർണ്ണം തേടിയാണ് പ്രധാനമായും മോഷ്ട്ടാക്കൾ മലയാളികളുടെ വീടുകൾ തേടിയെത്തുന്നത് .വിന്റർ ആരംഭിച്ചതോടു കൂടി മലയാളികളുടെ വീടുകളിൽ മോഷണ പരമ്പര ആരംഭിച്ചിരിക്കുകയാണ് .ചെസ്റ്ററിലെ കൈപ്പുഴ സ്വദേശിയായ മലയാളിയുടെ വീട്ടിൽ വൻ മോഷണമാണ് നടന്നിരിക്കുന്നത് എങ്കിലും വീട്ടുകാർ എല്ലാവരും സുരക്ഷിതരാണെന്നആശ്വാസത്തിലാണ് ചെസ്റ്റർ നിവാസികൾ .

സ്വർണ്ണവും ബിഎംഡബ്ല്യൂ കാറും ഉൾപ്പെടെ വീടിൻെറ താഴെത്ത നിലയിലുള്ള എല്ലാ വസ്തുവകകളും നഷ്ട്ടപ്പെട്ടു . ഭാര്യവും ഭർത്താവും കുട്ടികളും കൂടി മുകളിലത്തെ നിലയിൽ ഉറങ്ങുന്ന സമയത്താണ് താഴത്തെ നിലയിൽ മോഷണം നടന്നത് . ടെലിവിഷൻ ഉൾപ്പെടെയുള്ള എല്ലാ ഇലക്ട്രോണിക്സ് സാധനങ്ങളും നഷ്ടപെട്ടെന്നാണ് ലഭ്യമാകുന്ന വിവരം.

9 .30 -ഓടുകൂടി പോലീസ് എത്തി വിരലടയാളം ശേഖരിച്ചു. ഏകദേശം 4 മണിക്കൂറുകൾക്കു ശേക്ഷം നഷ്ടപെട്ട കാർ മോഷ്ടാക്കളുമായി പോകുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതായി പോലീസ് അറിയിച്ചു. വിന്റർ ആരഭിച്ചതോടുകൂടി മോഷണ പരമ്പരകൾ മലയാളി കുടുംബങ്ങളെ വേട്ടയാടുമോ എന്ന ഭയത്തിലാണ് യുകെയിലെ പ്രവാസി മലയാളികൾ .
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ലണ്ടൻ : ബ്രെക്സിറ്റ് വിഷയത്തിൽ ബ്രിട്ടനും യൂറോപ്യൻ യൂണിയനും തമ്മിൽ പുതിയ കരാറിന് ധാരണയായി.ബ്രസൽസിൽ യൂറോപ്യൻ യൂണിയൻ നേതാക്കളുടെ യോഗം ആരംഭിക്കുന്നതിന് തൊട്ടുമുമ്പേ യൂറോപ്യൻ കമ്മീഷൻ പ്രസിഡണ്ട് ജീൻ ക്ലോഡ് ജങ്കറാണ് ട്വിറ്ററിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.യൂറോപ്യൻ യൂണിയനുമായി പുതിയ കരാറിൽ എത്തിയെന്നു പ്രധാനമന്ത്രി ജോൺസണും വ്യക്തമാക്കി. ശനിയാഴ്ച നടക്കുന്ന ബ്രിട്ടീഷ് പാർലമെന്റ് സമ്മേളനം കരാറിന് അംഗീകാരം നൽകുമെന്നും അതിനായി എംപിമാർ എല്ലാവരും ഒന്നിച്ചു പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാർട്ടി ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തി. അവർ പിന്തുണ നിഷേധിക്കുകയും ചെയ്തു. ഡിയുപിയുടെ എതിർപ്പ് ഈ ബ്രെക്സിറ്റ് കരാറിനെ എങ്ങനെ ബാധിക്കുമെന്ന് കാണേണ്ടിയിരിക്കുന്നു.

നവംബർ ഒന്ന് മുതൽ ബ്രിട്ടനുമായി ഒരു പുതിയ ബന്ധം സ്ഥാപിക്കാൻ ശ്രമിക്കുമെന്ന് ജങ്കർ പറഞ്ഞു. പുതിയ കരാര്‍ യുറോപ്യന്‍ യൂണിയനിലെ മറ്റ് അംഗരാജ്യങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ കരാർ വടക്കൻ അയർലണ്ടിന് ഗുണകരം ആയിരിക്കില്ല എന്നാണ് ഡിയുപി വാദിച്ചത്. ഇപ്പോഴും ബ്രെക്‌സിറ്റ് ഉടമ്പടിക്കെതിരാണ് ഡെമോക്രാറ്റിക് പാര്‍ട്ടി. തീരുമാനത്തെ അംഗീകരിക്കാനാവില്ലെന്ന് ഡെമോക്രാറ്റുകള്‍ വ്യക്തമാക്കി. മേയുടെ കരാറിനേക്കാൾ മോശപ്പെട്ട ഒന്നാണിതെന്ന് ജെറമി കോർബിൻ അഭിപ്രായപ്പെട്ടു. അതിനാൽ എംപിമാർ ഇത് നിരസിക്കണമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ കരാറോടെയോ അല്ലാതെയോ അന്തിമ സമയപരിധിയായ ഒക്ടോബർ 31നകം ബ്രെക്സിറ്റ് നടപ്പാക്കുമെന്ന് ബോറിസ് ജോൺസൺ ഉറപ്പിച്ചു പറഞ്ഞിരുന്നു. സമയപരിധി അവസാനിക്കാൻ രണ്ടാഴ്ച മാത്രം ബാക്കിയുള്ളപ്പോഴാണ് കരാർ സംബന്ധിച്ച ധാരണയിലേക്ക് ബ്രിട്ടനെത്തുന്നത്. ഈ ശനിയാഴ്ച കൂടുന്ന പാർലമെന്റ് യോഗമാണ് ഇനി ബ്രിട്ടന്റെ ഭാവി നിശ്ചയിക്കുന്നത്.