Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിൽ മാലിന്യ സംസ്കരണത്തിനുള്ള നടപടിക്രമങ്ങൾ അടിമുടി മാറ്റം വരുന്നതായുള്ള വാർത്തകൾ പുറത്തുവന്നു. ഇനിമുതൽ ഓരോ വീട്ടിലും നാല് ബിന്നുകൾ ആണ് വിവിധ തരത്തിലുള്ള മാലിന്യം ശേഖരിക്കുന്നതിനായി സ്ഥാപിക്കപ്പെടുന്നത്. 2025 മാർച്ചിൽ പുതിയ രീതി നിലവിൽ വരുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

മാലിന്യ സംസ്കരണത്തിനായി കൂടുതൽ മെച്ചപ്പെട്ട സംവിധാനത്തിനായി വിവിധ തരത്തിലുള്ള ചർച്ചകൾ തുടങ്ങിയിട്ട് കുറെ നാളുകളായിരുന്നു. തുടക്കത്തിൽ വിവിധതരം മാലിന്യങ്ങൾക്കായി ഏഴ് ബിന്നുകൾ വരെയാണ് നിർദ്ദേശിക്കപ്പെട്ടിരുന്നത്. എന്നിരുന്നാലും, ലേബർ ഗവൺമെൻ്റ് ഇപ്പോൾ ബിന്നുകളുടെ എണ്ണം നാലായി കുറയ്ക്കുന്ന ഒരു നവീകരിച്ച പദ്ധതിക്കുള്ള രൂപരേഖയാണ് അന്തിമമായി തയ്യാറാക്കിയിരിക്കുന്നത്. വിവിധ വിഭാഗത്തിൽപ്പെട്ട മാലിന്യങ്ങൾക്കായാണ് 4 ബിന്നുകൾ ഉപയോഗിക്കപ്പെടുന്നത്.


ഇംഗ്ലണ്ടിൽ ഉടനീളം ഒരു ഏകീകൃത റിസൈക്ലിംഗ് നയം സൃഷ്ടിക്കുകയാണ് പുതിയ മാറ്റത്തിലൂടെ സർക്കാർ ലക്ഷ്യം വയ്ക്കുന്നത്. പുനരുപയോഗം ചെയ്യാവുന്ന മാലിന്യങ്ങളുടെ കാര്യക്ഷമമായ സംസ്കരണം വ്യത്യസ്ത വിഭാഗങ്ങൾക്കായി 4 ബിന്നുകൾ അവതരിപ്പിക്കുന്നതിലൂടെ സാധിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത് മലിനീകരണത്തിന്റെ അപകട സാധ്യത കുറയ്ക്കാൻ സഹായിക്കും. ഇതിനോട് അനുബന്ധിച്ച് പ്ലാസ്റ്റിക്, ലോഹങ്ങൾ, ഗ്ലാസ് തുടങ്ങിയ മറ്റെല്ലാ ഡ്രൈ റീസൈക്കിൾ ചെയ്യാവുന്നവയും ഒരുമിച്ച് ശേഖരിക്കാം.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കനത്ത മൂടൽമഞ്ഞ് മൂലം യുകെയിലെ മിക്ക വിമാനത്താവളങ്ങളിലും യാത്രാ ദുരിതം തുടരുന്നു. പല സ്ഥലങ്ങളിലും വിമാനങ്ങൾ റദ്ദാക്കപ്പെടുകയോ വൈകുകയോ ചെയ്തതിന്റെ വാർത്തകൾ പുറത്തു വന്നു കൊണ്ടിരിക്കുകയാണ്. ഗാറ്റ്‌വിക്കിലെയും സ്റ്റാൻസ്റ്റെഡിലെയും ഭൂരിഭാഗം വിമാനങ്ങളെയും ശനിയാഴ്ച ഉച്ചയോടെ മോശം കാലാവസ്ഥ കൊണ്ടുള്ള പ്രശ്നങ്ങൾ ബാധിച്ചു. പ്രശ്നങ്ങൾ ഇന്ന് കൂടി ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.

ശനിയാഴ്ച ഉച്ചതിരിഞ്ഞ് മാഞ്ചസ്റ്റർ വിമാനത്താവളത്തിൽ നിന്ന് നിരവധി കാലതാമസങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു, ഡസൻ കണക്കിന് വിമാനങ്ങൾ ഹീത്രൂവിലും ബർമിംഗ്ഹാമിലും വൈകി. മൂടൽ മഞ്ഞ് മൂലം കാണാൻ ബുദ്ധിമുട്ടുള്ളതു കൊണ്ട് താത്കാലിക നിയന്ത്രണങ്ങൾ ഇന്ന് കൂടി ഉണ്ടാകുമെന്ന് യുകെയിലെ പ്രധാന എയർ ട്രാഫിക് കൺട്രോൾ പ്രൊവൈഡർ, നാറ്റ്സ് അറിയിച്ചു. ഇംഗ്ലണ്ടിലെയും വെയിൽസിലെയും ഭൂരിഭാഗം പ്രദേശങ്ങളിലും മൂടൽമഞ്ഞ് നിലനിൽക്കുമെന്നും പ്രത്യേകിച്ച് തെക്കൻ പ്രദേശങ്ങളിൽ അത് നീണ്ടുനിൽക്കുമെന്നും കാലാവസ്ഥാ നിരീക്ഷകർ പറഞ്ഞു.

യാത്രക്കാർക്ക് അവരുടെ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. അവധിക്ക് പലസ്ഥലങ്ങളിലും യാത്ര പോയപ്പോൾ തങ്ങളുടെ വിമാനങ്ങൾ റദ്ദാക്കപ്പെട്ടതിനെ തുടർന്ന് ക്രിസ്മസ് അവധിക്കാലം നീട്ടിയതായുള്ള റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. യുകെയിൽ ഉടനീളമുള്ള ഡസൻ കണക്കിന് ഫ്ലൈറ്റുകൾ റദ്ദാക്കിയതായും നൂറുകണക്കിന് വിമാനങ്ങൾ വൈകിയതായും ഫ്ലൈറ്റ് ട്രാക്കിംഗ് വെബ്സൈറ്റ് ആയ ഫ്ലൈറ്റ് റഡാർ 24 – റിപ്പോർട്ട് ചെയ്തു. എന്നാൽ മൂടൽ മഞ്ഞുള്ള കാലാവസ്ഥ തങ്ങൾക്ക് അധികം പ്രശ്നം ഉണ്ടാക്കിയില്ലെന്ന് യുകെയിലെ മോട്ടോർവേകളിലും ഏറ്റവും തിരക്കേറിയ എ-റോഡുകളിലും വാഹന ഗതാഗതം നടത്തുന്ന നാഷണൽ ഹൈവേസ് പറഞ്ഞു. ഞായറാഴ്ചയോടെ സ്ഥിതി മെച്ചപ്പെടുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

വെയിൽസിൽ പനി പടർന്നു പിടിക്കുന്നതായുള്ള ആശങ്കകൾ പുറത്തു വന്നു. ഇതിനെ തുടർന്ന് കനത്ത സുരക്ഷാ നടപടികളുമായി ഭരണകൂടം രംഗത്ത് വന്നു. അണുബാധയുടെ വ്യാപനം നിയന്ത്രിക്കാൻ സൗത്ത് വെയിൽസിൽ ഉടനീളമുള്ള ആശുപത്രികളിലെ രോഗികളോടും സന്ദർശകരോടും മാസ്ക് ധരിക്കണമെന്ന് കർശന നിർദ്ദേശം നൽകപ്പെട്ടു കഴിഞ്ഞു.

കാർഡിഫ് ആൻഡ് വെയ്ൽ, ഹൈവെൽ ഡിഡ, അനൂറിൻ ബെവൻ, സിഡബ്ല്യുഎം ടാഫ് മോർഗൻവ്ഗ് എന്നീ ഹെൽത്ത് ബോർഡുകൾ എല്ലാം വെള്ളിയാഴ്ച മാസ്ക് ധരിക്കുന്നതിനുള്ള പുതിയ നിയമങ്ങൾ പ്രഖ്യാപിച്ചു. വൈറസിന്റെ വ്യാപനം തടയുന്നതിന് മാസ്കുകളുടെ ഉപയോഗം നിർണായകമാണെന്ന് ഹെൽത്ത് ബോർഡ് പറഞ്ഞു. വെയിൽസിലെ ഇൻഫ്ലുവെൻസ് ബാധിച്ച രോഗികളുടെ എണ്ണം കഴിഞ്ഞ ആഴ്ച ഒരു ലക്ഷത്തിൽ 33. 1 ശതമാനമായി ഉയർന്നത് കടുത്ത ആശങ്ക ഉളവാക്കുന്നതായാണ് ആരോഗ്യ മേഖലയിലെ വിദഗ്ധർ പറയുന്നത്. അന്ന് തൊട്ട് മുൻപുള്ള ആഴ്ചയിൽ പനി ബാധിച്ചവരുടെ എണ്ണം 21.4 ശതമാനമായിരുന്നു.

അടുത്ത ആഴ്ച അവസാനത്തോടെ ഇൻഫ്ലുവൻസ കേസുകളുടെ എണ്ണം കുതിച്ചുയരുമെന്നാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. രോഗവ്യാപനം കുറയ്ക്കുന്നതിന് വാർഷിക ഇൻഫ്ലുവൻസ പ്രതിരോധ കുത്തിവയ്പ്പുകൾ എടുക്കണമെന്ന് ആശുപത്രിയിലെ നേഴ്‌സിംഗ് ഡെപ്യൂട്ടി ഹെഡ് മെയ്‌നിർ വില്യംസ് ജനങ്ങളോട് അഭ്യർത്ഥിച്ചു. പനി ബാധിച്ചവർ ആശുപത്രിയിൽ സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ എത്തുന്നത് മറ്റുള്ള രോഗികളുടെയും ആരോഗ്യത്തിന് ദോഷം ചെയ്യുമെന്നാണ് ആരോഗ്യവിദഗ്ധർ കരുതുന്നത്. അതുകൊണ്ടു തന്നെ ശ്വാസകോശ സംബന്ധമായ അണുബാധ ലക്ഷണങ്ങളുണ്ടെങ്കിൽ ആശുപത്രി സന്ദർശിക്കരുതെന്ന് ആളുകളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സ്വാഭാവികമെന്ന് കരുതാവുന്ന ഒരു മരണം കൊലപാതകമാണെന്ന് തെളിഞ്ഞത് യുകെയിലാകെ വാർത്തയായിരിക്കുകയാണ് . ക്രിസ്മസ് ദിനത്തിൽ സ്റ്റാഫോർഡ് ഷെയറിൽ 33 വയസ്സുകാരനായ പ്രൈസിനെ ഒരു വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രാഥമിക പരിശോധനയിൽ ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്നാണ് കരുതപ്പെട്ടത്. എന്നാൽ പോലീസിന്റെ തുടർ അന്വേഷണത്തിൽ ഇത് കൊലപാതകം ആണെന്ന് കണ്ടെത്തുകയായിരുന്നു.

നോർട്ടൺ കെയ്‌നിലെ ലൂയിസ് പ്രൈസിനെ കൊലപ്പെടുത്തിയ കേസിൽ 33 കാരിയായ കിർസ്റ്റി കാർലെസിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. മരണമടഞ്ഞ പ്രൈസിന് 6 മക്കളാണ് ഉള്ളത്. നാല് പെൺമക്കളും രണ്ട് ആൺമക്കളും. കൊലപാതക കുറ്റം ചുമത്തി സ്ത്രീയെ അറസ്റ്റ് ച്യ്തതെങ്കിലും വിശദാംശങ്ങൾ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

എഡിൻബറോയിൽ കാണാതായ യുകെ മലയാളിയുടെ മൃതദേഹം കണ്ടെത്തി. രണ്ടാഴ്ച മുൻപാണ് സാന്ദ്രയെ കാണാതായതായി സോഷ്യൽ മീഡിയയിലും മറ്റും വഴി വാർത്ത വന്നത്. സാന്ദ്ര താമസിച്ചിരുന്ന എഡിൻബറോയ്ക്ക് അടുത്തുള്ള ഗ്രാമമായ ന്യൂ ബ്രിഡ്ജിൽ നിന്നാണ് ശരീരം കണ്ടെത്തിയത്. ന്യൂ ബ്രിഡ്ജിന് സമീപമുള്ള നദിയുടെ കൈവഴിയിൽ നിന്നാണ് ശരീരം കണ്ടെത്തിയത് എന്നാണ് പുറത്തുവരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്.

മരണത്തെ സംബന്ധിച്ചുള്ള വിശദമായ വിവരങ്ങൾ പിന്നീട് വെളിപ്പെടുത്തുമെന്ന് സ്കോട്ടിഷ് പോലീസ് അറിയിച്ചു. സാന്ദ്രയെ കാണാതായതിന് പിന്നാലെ അവസാനമായി കണ്ട സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട ശേഷവും അന്വേഷണത്തിന് അനുകൂലമായ രീതിയിൽ സൂചനകൾ ഒന്നും ലഭിച്ചിരുന്നില്ല. സോഷ്യൽ മീഡിയയിലും മറ്റും സാന്ദ്രയെ പലയിടങ്ങളിലായി കണ്ടതായി ആളുകൾ പോലീസിനെ അറിയിച്ചെങ്കിലും അവ സ്ഥിരീകരിക്കാൻ പോലീസിന് സാധിച്ചിരുന്നില്ല.

വീട്ടിൽ നിന്ന് കാണാതായതിന് പിന്നാലെ സാന്ദ്ര മൊബൈൽഫോൺ ഉപയോഗിക്കാതിരുന്നത് അന്വേഷണത്തെ കാര്യമായി ബാധിച്ചിരുന്നു. പോലീസ് പുറത്തുവിട്ടിരുന്ന സിസിടിവി ദൃശ്യങ്ങളിൽ സാന്ദ്ര മുഖത്ത് മാസ്ക് ധരിച്ചിരുന്നു. ഇതിനാൽ സാന്ദ്രയെ തിരിച്ചറിയാനുള്ള സാധ്യത കുറവാണെന്ന് സോഷ്യൽ മീഡിയ ചൂണ്ടി കാട്ടിയിരുന്നു.

എഡിൻ ബറോയിലെ സൗത്ത് ഗൈഡ് ഭാഗത്ത് നിന്നും ഡിസംബർ ആറിനാണ് സാന്ദ്രയെ കാണാതായത്. ഇതിന് പിന്നാലെ മൂന്നാഴ്ചയോളം നടത്തിയ തിരച്ചിലിൻെറ ഒടുവിലാണ് സാന്ദ്രയുടെ മൃതശരീരം പോലീസിന് കണ്ടെത്താനായത്. ഹെരിയോട്ട് – വാട്ട് യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിനിയായിരുന്നു സാന്ദ്ര. കേരളത്തിൽ പെരുമ്പാവൂർ സ്വദേശിനിയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഗാറ്റ്‌വിക്കും മാഞ്ചസ്റ്ററും ഉൾപ്പെടെ രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിൽ മൂടൽമഞ്ഞ് കാരണം വിമാന സർവീസുകൾ തടസ്സപ്പെട്ടു. ക്രിസ്മസ് പുതുവത്സരം ആഘോഷിക്കാൻ പുറപ്പെട്ട പല കുടുംബങ്ങളുടെയും യാത്ര ഇതോടെ തടസ്സപ്പെട്ടു. യാത്രാ തടസ്സം നേരിട്ടവരിൽ ഒട്ടേറെ മലയാളികളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച കനത്ത കാറ്റ് വീശിയതിനെ തുടർന്ന് 100 ഓളം യാത്രാ വിമാനങ്ങൾ റദ്ദാക്കിയിരുന്നു. ഇതിന് പുറമെയാണ് അപ്രതീക്ഷിതമായി മൂടൽ മഞ്ഞ് മൂലം വിമാനങ്ങൾ റദ്ദാക്കേണ്ടതായി വന്നിരിക്കുന്നത്.


സുരക്ഷാ കാരണങ്ങളാൽ വിമാന സർവീസുകളുടെ എണ്ണം കുറച്ചതായി യുകെയിലെ പ്രധാന എയർ ട്രാഫിക് കൺട്രോൾ പ്രൊവൈഡർ നാറ്റ്സ് പറഞ്ഞു. ഹീത്രൂവിൽ നിന്നുള്ള ഡസൻ കണക്കിന് വിമാനങ്ങൾ വൈകുകയോ റദ്ദാക്കുകയോ ചെയ്‌തു. വ്യാപകമായ മൂടൽമഞ്ഞ് കാരണം യുകെയിലുടനീളമുള്ള നിരവധി വിമാനത്താവളങ്ങളിൽ ഇന്ന് താൽക്കാലിക വിമാന ഗതാഗത നിയന്ത്രണങ്ങൾ നിലവിലുണ്ടെന്ന് നാറ്റ്സ് പറഞ്ഞു. യാത്രക്കാർ തങ്ങളുടെ ഫ്ലൈറ്റിന്റെ സ്റ്റാറ്റസ് യാത്ര തുടങ്ങുന്നതിന് മുൻപ് പരിശോധിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

യുകെയിൽ ഉടനീളമുള്ള ഡസൻ കണക്കിന് ഫ്ലൈറ്റുകൾ റദ്ദാക്കിയതായും നൂറുകണക്കിന് വിമാനങ്ങൾ വൈകിയതായും ഫ്ലൈറ്റ് ട്രാക്കിംഗ് വെബ്സൈറ്റ് ആയ ഫ്ലൈറ്റ് റഡാർ 24 – റിപ്പോർട്ട് ചെയ്തു . എന്നാൽ മൂടൽ മഞ്ഞുള്ള കാലാവസ്ഥ തങ്ങൾക്ക് അധികം പ്രശ്നം ഉണ്ടാക്കിയില്ലെന്ന് യുകെയിലെ മോട്ടോർവേകളും ഏറ്റവും തിരക്കേറിയ എ-റോഡുകളും നടത്തുന്ന നാഷണൽ ഹൈവേസ് പറഞ്ഞു. ഞായറാഴ്ചയോടെ സ്ഥിതി മെച്ചപ്പെടുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

അടുത്ത 30 വർഷത്തിനുള്ളിൽ മനുഷ്യ വംശത്തിന് എഐ നാശം വിതച്ചേക്കാമെന്ന മുന്നറിയിപ്പുമായി പ്രശസ്ത ബ്രിട്ടീഷ്-കനേഡിയൻ കമ്പ്യൂട്ടർ ശാസ്ത്രജ്ഞനും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിലെ മുൻനിര വ്യക്തിയുമായ ജെഫ്രി ഹിൻ്റൺ. എഐയിലെ തൻെറ സംഭാവനകൾക്ക് ഈ വർഷം ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം നേടിയ ശാസ്ത്രജ്ഞനാണ് ജെഫ്രി ഹിൻ്റൺ. സാങ്കേതിക വികസനം പ്രതീക്ഷിച്ചതിലും വേഗതയിലാണ് നടക്കുന്നതെന്ന് അദ്ദേഹം പറയുന്നു.


ബിബിസി റേഡിയോ 4-ൻ്റെ ടുഡേ എന്ന പ്രോഗ്രാമിൽ സംസാരിച്ച ഹിൻ്റൺ, എഐ മനുഷ്യരാശിക്ക് എങ്ങനെ വിനാശകരമാകാം എന്നതിനെ പറ്റി സംസാരിച്ചു. എഐയുടെ വികസനത്തിന് പിന്നാലെ നടക്കുന്ന മാറ്റങ്ങളിൽ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ഇത് മുൻകൂട്ടി കാണാൻ കഴിയാത്തതും വിനാശകരവുമായ പ്രത്യാഘാതങ്ങൾക്കുള്ള സാധ്യതകൾ വർദ്ധിപ്പിക്കുമെന്നും എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എഐ മാനവികതയെ തുടച്ചുനീക്കാനുള്ള സാധ്യതയെ കുറിച്ച് ജെഫ്രി ഹിൻ്റൺ പറയുന്നു.

ലണ്ടനിൽ ജനിച്ച ടൊറൻ്റോ സർവകലാശാലയിലെ പ്രൊഫസറായ ഹിൻ്റൺ, മനുഷ്യനെപ്പോലെയുള്ള ബുദ്ധി ആവശ്യമുള്ള ജോലികൾ ചെയ്യാൻ കഴിയുന്ന എഐ സംവിധാനങ്ങൾ അതുല്യമായ അപകടസാധ്യതകൾ സൃഷ്ടിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷം,എഐ മൂലമുള്ള അപകടങ്ങളെ കുറിച്ച് പുറം ലോകത്തെ അറിയിച്ചതിന് പിന്നാലെ ഗൂഗിളിലെ തൻെറ ജോലി രാജി വച്ചിരുന്നു. താൻ ആദ്യം പ്രതീക്ഷിച്ചതിലും വളരെ വേഗത്തിൽ എഐ വികസനം പുരോഗമിച്ചതായി ഹിൻ്റൺ പറയുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

മിക്ക ബ്രിട്ടീഷുകാർക്കും ഒരു കപ്പ് ചായ ഇല്ലാതെ ദിവസം ആരംഭിക്കുന്നത് ചിന്തിക്കാൻ ആവില്ല. എന്നാൽ ചായക്കുടിക്കുന്നത് അത്ര നന്നല്ലെന്ന വെളിപ്പെടുത്തലുമായി യൂണിവേഴ്‌സിറ്റാറ്റ് ഓട്ടോനോമ ഡി ബാഴ്‌സലോണയിലെ ശാസ്ത്രജ്ഞർ. ഒരു ടീ ബാഗ് ഉപയോഗിക്കുമ്പോൾ മാത്രം കോടിക്കണക്കിന് അപകടകരമായ മൈക്രോപ്ലാസ്റ്റിക് നിങ്ങളുടെ ശരീരത്തിലേക്ക് കടക്കുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു.

പഠനത്തിൽ ഇത്തരത്തിൽ ശരീരത്തിലേക്ക് പ്രവേശിക്കുന്ന മൈക്രോപ്ലാസ്റ്റിക്കുകൾ മ്യൂക്കസ് ഉത്പാദിപ്പിക്കുന്ന കുടൽ കോശങ്ങൾ ഏറ്റെടുക്കുന്നതായി സംഘം കണ്ടെത്തി. ഇവയിൽ ചിലത് സെൽ ന്യൂക്ലിയസിൽ വരെ പ്രവേശിക്കാം. ജനിതക വസ്തുക്കൾ ഉൾക്കൊള്ളുന്ന സെല്ലിൻ്റെ ഭാഗമാണ് ന്യൂക്ലിയസ്. എന്നാൽ ഇതുവരെയും ഇവ വഴി മനുഷ്യൻെറ ആരോഗ്യത്തിന് വരുന്ന പ്രത്യാഘാതങ്ങൾ വ്യക്തമല്ല. ഹെർബൽ/ടീബാഗുകൾ ഉൾപ്പെടെയുള്ള ഭക്ഷണ പാക്കേജിംഗ് ഉപയോഗിക്കുന്നത് വഴി കോടിക്കണക്കിന് അപകടകരമായ മൈക്രോപ്ലാസ്റ്റിക് നിങ്ങളുടെ ശരീരത്തിൽ പ്രവേശിക്കുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു.

ഭക്ഷണ പാക്കേജിങ്ങുകൾ വഴിയാണ് മൈക്രോപ്ലാസ്റ്റിക്കുകൾ പ്രധാനമായും ശരീരത്തിൽ പ്രവേശിക്കുക. എന്നിരുന്നാലും, ടീ ബാഗുകളിൽ നിന്ന് ശരീരത്തിലേക്ക് പ്രവേശിക്കുന്ന മൈക്രോപ്ലാസ്റ്റിക്കുകളുടെ എണ്ണത്തെ കുറിച്ച് ഇതുവരെ ഗവേഷണം നടന്നിട്ടില്ല. മൂന്ന് ജനപ്രിയ ടീബാഗുകൾ അടിസ്ഥാനമാക്കിയ പഠനത്തിൻെറ റിപ്പോർട്ട് കീമോസ്ഫിയർ എന്ന മാസികയിൽ പ്രസിദ്ധീകരിച്ചിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രൈടൺ സിറ്റി സെൻററിൽ 19 വയസ്സുകാരനെ രണ്ട് പേർ ലൈംഗികമായി പീഡിപ്പിച്ചു. സംഭവത്തിൽ 40 വയസ്സുകാരായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുകയാണെന്നും അറസ്റ്റിലായ പ്രതികൾ ഇപ്പോഴും കസ്റ്റഡിയിൽ തുടരുന്നുണ്ടെന്നും പോലീസ് അറിയിച്ചു.


ശനിയാഴ്ച പുലർച്ചെ ഓൾഡ് സ്റ്റൈനിലെ ഹാരി റാംസ്‌ഡെൻസിന് സമീപം ആണ് യുവാവിന് ക്രൂരമായ പീഡനം ഏൽക്കേണ്ടതായി വന്നത് . സംഭവത്തെ തുടർന്ന് കൗമാരക്കാരൻ വഴിയാത്രക്കാരുടെ സഹായം തേടുകയും തുടർന്ന് പോലീസിനെ വിളിക്കുകയും ആയിരുന്നു. സംഭവം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് പോലീസ് പെട്ടെന്ന് തന്നെ അന്വേഷണം ആരംഭിച്ചു. ഇതേ തുടർന്ന് ഇന്നലെ എഷറിലെ സറേയിലെ റെഡ്ഹിൽ സ്വദേശിയായ 40 വയസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ചെസിംഗ്ടണിൽ നിന്നുള്ള 42 കാരനായ ഒരാളെ കെൻ്റിലെ റാംസ്ഗേറ്റിൽ നിന്ന് പിടികൂടി. സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നവർ മുന്നോട്ടു വരണമെന്ന് ഡിറ്റക്ടീവ് ഇൻസ്പെക്ടർ സീൻ ബൂത്ത് അഭ്യർത്ഥിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- ജനനസമയത്ത് എൻഎച്ച്എസ് പിഴവുകൾ മൂലം അനാവശ്യമായി മരിക്കുന്ന കുഞ്ഞുങ്ങളുടെയും കുട്ടികളുടെയും എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് മെയിൽ പത്രത്തിന്റെ അന്വേഷണം കണ്ടെത്തിയിരിക്കുകയാണ്. 2014-നും 2022-നും ഇടയിൽ, പ്രസവസമയത്ത് മസ്തിഷ്‌കാഘാതം സംഭവിച്ച് മരണമടഞ്ഞ കുഞ്ഞുങ്ങൾ, നവജാതശിശു മരണങ്ങൾ, കുട്ടികളുമായി ബന്ധപ്പെട്ട മെഡിക്കൽ അശ്രദ്ധയുടെ കേസുകൾ എന്നിവ ഏകദേശം 16 ശതമാനം വർദ്ധിച്ചതായി മെയിൽ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഷ്രൂസ്ബറി, നോട്ടിംഗ്ഹാം , ഈസ്റ്റ് കെൻ്റ് എന്നിവിടങ്ങളിലെ എൻഎച്ച്എസ് ആശുപത്രികളിലെ പ്രസവ പരിചരണത്തിലെ വീഴ്ചകളുമായി ബന്ധപ്പെട്ട അഴിമതികളുടെ ഒരു പരമ്പരയെ തുടർന്നാണ് ഇപ്പോൾ റിപ്പോർട്ട്‌ പുറത്തുവന്നിരിക്കുന്നത്. ഈ പ്രശ്നങ്ങൾ രാജ്യത്തുടനീളം വ്യാപകമാണെന്ന് ഹെൽത്ത് കെയർ റെഗുലേറ്റർ ഈ വർഷം ആദ്യം മുന്നറിയിപ്പ് നൽകിയിരുന്നു. ശിശു മരണങ്ങളോ അപകടങ്ങളോ കൃത്യമായി ശ്രദ്ധിക്കുന്നില്ലെന്നും , അപകടങ്ങളിൽ നിന്നും പാഠങ്ങൾ പഠിക്കുന്നില്ലെന്നും കെയർ ക്വാളിറ്റി കമ്മീഷനും വ്യക്തമാക്കി. ലഭ്യമായ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2022 ഏപ്രിൽ വരെയുള്ള 12 മാസങ്ങളിൽ മെഡിക്കൽ അശ്രദ്ധ ക്ലെയിമിലേക്ക് നയിച്ച സാഹചര്യങ്ങളിൽ 234 കുട്ടികളാണ് മരണപ്പെട്ടതെന്ന് വ്യക്തമാക്കുന്നു. എന്നിരുന്നാലും, അടുത്തിടെ മരിച്ച കുഞ്ഞുങ്ങളുടെ കുടുംബങ്ങൾ മുന്നോട്ട് വന്ന് നിയമനടപടികൾ ആരംഭിക്കാൻ മൂന്ന് വർഷമുള്ളതിനാൽ യഥാർത്ഥ വർദ്ധനവ് ഇതിലും കൂടുതലായിരിക്കുമെന്ന് വിദഗ്ധർ പറയുന്നു.

ഈ വർദ്ധനവ് പല അമ്മമാർക്കും ലഭിക്കുന്ന നിലവാരമില്ലാത്ത പ്രസവ പരിചരണത്തിൻ്റെ ദാരുണമായ പ്രതിഫലനമാണെന്ന് അഭിഭാഷക ജോഡി മില്ലർ പറഞ്ഞു. സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതാണ് ഏറ്റവും നിർണായകമായ പ്രശ്നം. അടിസ്ഥാനകാര്യങ്ങളിലേക്ക് മടങ്ങാനും സുരക്ഷിതമായ പരിചരണം സാധാരണമാണെന്ന് ഉറപ്പാക്കാനും അടിയന്തര നടപടി സ്വീകരിക്കണമെന്നും അവർ ഓർമ്മിപ്പിച്ചു. ഇത്തരം ഒരു സാഹചര്യത്തിൽ അടിയന്തിരമായ നടപടികൾ എൻ എച്ച് എസിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.

RECENT POSTS
Copyright © . All rights reserved