ന്യൂസ് ഡെസ്ക്
അമർജവാൻ വിളികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ ധീരജവാന് രാജ്യം വിടനല്കി. ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സി ആര്‍ പി എഫ് ജവാന്‍ വസന്ത് കുമാറിന്റെ മൃതദേഹം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. ശനിയാഴ്ച ഉച്ച കഴിഞ്ഞ് രണ്ടേകാലോടെയാണ് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിച്ച ഭൗതികദേഹം രാത്രി പത്തോടെയാണ് സംസ്‌കരിച്ചത്. തൃക്കെപ്പറ്റയിലെ കുടുംബ ശ്മശാനത്തിലായിരുന്നു ചടങ്ങുകള്‍.
സംസ്ഥാന സര്‍ക്കാരിന് വേണ്ടി മന്ത്രിമാര്‍ അടക്കമുള്ളവര്‍ മൃതദേഹം ഏറ്റുവാങ്ങി അന്തിമോപചാരം അര്‍പ്പിച്ചു. തുടര്‍ന്ന് വയനാട്ടിലേക്കുള്ള യാത്രയില്‍ വിവിധ ഇടങ്ങളില്‍ വെച്ച് നിരവധി ആളുകളാണ് അന്തിമോപചാരം അര്‍പ്പിക്കാനെത്തിയത്. കോഴിക്കോട്, തൊണ്ടയാട്, കൊടുവള്ളി, താമരശ്ശേരി തുടങ്ങിയ ഇടങ്ങളിലെല്ലാം വസന്തകുമാറിന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ ആളുകള്‍ കാത്തുനിന്നിരുന്നു.
വസന്തകുമാറിന്റെ ഭാര്യയും മക്കളും അമ്മയും താമസിക്കുന്ന പൂക്കോട് വെറ്റിനറി സര്‍വകലാശാലയോട് ചേര്‍ന്നുള്ള വീട്ടിലേക്കാണ് മൃതദേഹം ആദ്യം എത്തിച്ചത്. തുടര്‍ന്ന് വസന്തകുമാര്‍ പഠിച്ച ലക്കിടി ജി.എല്‍.പി.എസ് സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ചു. ശേഷം സംസ്‌കാരച്ചടങ്ങുകള്‍ക്കായി തൃക്കൈപ്പറ്റയിലേക്ക് എത്തിക്കുകയായിരുന്നു. പോലീസിന്റെയും സിആര്‍പിഎഫിന്റെയും ഔദ്യോഗിക ബഹുമതികള്‍ നല്‍കിയതിന് ശേഷമാണ് സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത്
സ്പെഷ്യല്‍ കറസ്പോണ്ടന്‍റ്
സീറോ മലബാര്‍ വിശ്വാസ സമൂഹത്തിന്റെ ശക്തി കേന്ദ്രമാണ് ലെസ്റ്റര്‍. 2000ല്‍ യു.കെയില്‍ മലയാളി കുടിയേറ്റം ശക്തമായപ്പോള്‍ മുതല്‍ സഭയോട് വിശ്വസ്തത പുലര്‍ത്തി വിശ്വാസ സമൂഹം അരീക്കാട്ടച്ഛനിലൂടെ കൂട്ടായ്മയായി തങ്ങളുടെ സഭാ പ്രയാണം ലെസ്റ്ററില്‍ ആരംഭിച്ചു. ബ്ലെസ്സഡ് സാക്രമെന്റ് കത്തോലിക്ക ദേവാലയത്തില്‍ തുടങ്ങി 17/02/2019ല്‍ മദര്‍ ഓഫ് ഗോഡ് ദേവാലയത്തില്‍ സീറോ മലബാര്‍ ആരാധനാക്രമത്തിലുള്ള എല്ലാ ഞായര്‍ ദിവസങ്ങളിലുമുള്ള കുര്‍ബാനയുടെ പുനഃസ്ഥാപനം സാധ്യമാകുന്ന ഈ വേളയില്‍ നിശ്ചയദാര്‍ഢ്യത്തിന്റെ, നിശബ്ദമായ പ്രവര്‍ത്തനത്തിന്റെ ആത്മസാക്ഷാത്കാര നിമിഷങ്ങളാണ്. ലെസ്റ്ററിലെ 200ല്‍പ്പരം വരുന്ന കുടുംബങ്ങളുടെ തീക്ഷ്ണമായ പ്രാര്‍ത്ഥനയുടെ, ഉപവാസത്തിന്റെ, ക്ഷമാപൂര്‍ണമായ കാത്തിരിപ്പിന്റെ സമ്മാനമാണ് കുര്‍ബാനയുടെ പുനഃസ്ഥാപനം. സര്‍വോപരി ദൈവത്തിന്‍ മഹാ കരുണയാണ്.
യൂറോപ്പിലെ മിശ്ര സംസ്‌ക്കാരത്തിന്റെ അടിയൊഴുക്കില്‍ അകപ്പെടാതെ സഭയോട് ചേര്‍ന്ന് വിശ്വാസ ജീവിതം ശക്തമായി കെട്ടിപ്പടുക്കാനും ഭാവിയില്‍ മിഷനായി പൂര്‍ണ ഇടവക സമൂഹമായി മാറുവാനുമുള്ള അവസരമാണ് സംജാതമായിരിക്കുന്നത്. ചെറിയ ഇടവേളയ്ക്കു ശേഷമാണ് ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് ദേവാലയത്തില്‍ എല്ലാ ഞായര്‍ ദിവസങ്ങളിലുമുള്ള കുര്‍ബാന സജീവമാകുന്നത്. 2017 സെപ്തംബര്‍ ഫാദര്‍ ജോര്‍ജ് തോമസ് സീറോ മലബാര്‍ വിശ്വാസ സമൂഹത്തിന്റെ ചാപ്ലയിനായി നിയമിതനായെങ്കിലും മദര്‍ ഓഫ് ഗോഡ് ദേവാലയത്തില്‍ സീറോ മലബാര്‍ ആരാധനാക്രമത്തിലുള്ള എല്ലാ ഞായര്‍ ദിവസങ്ങളിലുമുള്ള കുര്‍ബാന സാധ്യമായിരുന്നില്ല. നോട്ടിങ്ഹാം രൂപതാ അധ്യക്ഷന്‍ തന്റെ ഉത്തരവിനാല്‍ ജോര്‍ജ് തോമസ് അച്ചനെ മദര്‍ ഓഫ് ഗോഡ് ദേവാലയത്തില്‍ വികാരിയായി നിയമിച്ചതോടെ അനുകൂലമായ സാഹചര്യങ്ങള്‍ക്ക് വഴിയൊരുങ്ങി.
ദൈവത്തിന്‍ വലിയ ഇടപെടലും അത്ഭുതവുമായിട്ടാണ് രൂപതാ അധ്യക്ഷന്‍ സ്രാമ്പിക്കല്‍ പിതാവ് നിയമനത്തോട് പ്രതികരിച്ചത്. ഫെബ്രുവരി 17 പിതാവിന്റെ വിശുദ്ധ കുര്‍ബാനയോടെ ലെസ്റ്ററിലെ വിശ്വാസികളുടെ കാത്തിരിപ്പിന് വിരാമമാകുന്നു. ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് ദേവാലയത്തില്‍ 2017 മെയ് മാസത്തില്‍ യാതൊരു മുന്നറിയിപ്പും കൂടാതെ മലയാളം കുര്‍ബാന നിര്‍ത്തലാക്കിയ സാഹചര്യത്തില്‍ നിന്ന് കമ്മറ്റി രൂപപ്പെടുകയും പള്ളിയുടെ രൂപതയായ നോട്ടിങ്ഹാം രൂപതാ അധ്യക്ഷന് 150 പേര്‍ ഒപ്പിട്ട നിവേദനം നല്‍കുകയും 20 ജുലൈ 2017 സീറോ മലബാര്‍ സമൂഹത്തിനായി വൈദികനെ അയക്കാം എന്ന അറിയിപ്പുണ്ടാകുകയും ചെയ്തു. സെപ്റ്റംബര്‍ മുതല്‍ മാസത്തില്‍ ഒരിക്കല്‍ കുര്‍ബാന എന്ന നിബന്ധനയാല്‍ ജോര്‍ജ് അച്ചന്‍ ലെസ്റ്ററിലെ സൈന്റ്‌റ് എഡ്വേഡ് ദേവാലയ വികാരിയായി നിയമിതനായി
ജോര്‍ജ് അച്ചന്റെ ചിട്ടയായ പ്രവര്‍ത്തനങ്ങളും കമ്മറ്റിയുടെ തുടര്‍ നടപടികളും രൂപതാ അധ്യക്ഷന്‍ സ്രാമ്പിക്കല്‍ പിതാവിന്റെ സഹായവും ഇടയ സന്ദര്‍ശന വേളയില്‍ സ്രാമ്പിക്കല്‍ പിതാവ് നല്‍കിയ ഉറപ്പും സര്‍വോപരി ലെസ്റ്ററിലെ സമൂഹത്തിന്റെ ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥനയും ഒത്തുചേര്‍ന്നപ്പോള്‍ വിശുദ്ധ കുര്‍ബാനയുടെ പുനഃസ്ഥാപനം സാധ്യമായി. നിശ്ശബ്ദമായി പ്രവര്‍ത്തിച്ച കമ്മറ്റി തങ്ങളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുമ്പോള്‍ തമ്പുരാന്‍ കൂടെയുള്ളപ്പോള്‍ എന്തും സാധ്യമാകും എന്ന വിശ്വാസം ഒരിക്കല്‍ കൂടി ഊട്ടിയുറപ്പിക്കുകയാണ്. അവിടുത്തെ ഭക്തന്മാരുടെ മേല്‍ തലമുറ തോറും അവിടുന്ന് കരുണ വര്‍ഷിക്കും.
കാലാവസ്ഥാ മാറ്റത്തില്‍ സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ വന്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍. മൂന്നു വയസു മുതല്‍ പ്രായമുള്ള ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളാണ് കാലാവസ്ഥാ മാറ്റത്തിനെതിരെ നടക്കുന്ന ആദ്യ പഠിപ്പുമുടക്ക് സമരത്തില്‍ പങ്കെടുത്തത്. സ്‌കോട്ടിഷ് ഹൈലാന്‍ഡ് മുതല്‍ കോണ്‍വാള്‍ വരെയുള്ള മേഖലയില്‍ 60 പ്രദേശങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. യുകെ കാലാവസ്ഥാ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ അര്‍ത്ഥവത്തായ ഒരു മാറ്റം കൊണ്ടുവരാനുള്ള സമയം അതിക്രമിച്ചിരിക്കുകയാണെന്ന് യുകെ സ്റ്റുഡന്റ് ക്ലൈമറ്റ് നെറ്റ് വര്‍ക്കിന്റെ പ്രതിനിധിയായ അന്ന ടെയ്‌ലര്‍ പറഞ്ഞു. അതുകൊണ്ടാണ് സര്‍ക്കാരുകളുടെ ദയനീയമായ കാലാവസ്ഥാ നയങ്ങള്‍ക്കെതിരെ യുവജനത രംഗത്തെത്തുന്നതെന്നും അന്ന വ്യക്തമാക്കി.
അനുകൂല നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ കാലാവസ്ഥാ മാറ്റത്തിന്റെ കാലത്ത് വളരുന്ന തലമുറയുടെ ഭാവി നിറങ്ങളില്ലാത്തതായി മാറുമെന്നും അന്ന കൂട്ടിച്ചേര്‍ത്തു. രാവിലെ 11 മണിക്ക് പാര്‍ലമെന്റ് സ്‌ക്വയറിലാണ് സമരത്തിന് ആരംഭം കുറിച്ചത്. മാറ്റങ്ങള്‍ കൊണ്ടുവരാനായി നിയമലംഘനം നടത്താനുള്ള തയ്യാറെടുപ്പിലാണ് തങ്ങളെന്ന് വിദ്യാര്‍ത്ഥി സമൂഹം ഈ പ്രതിഷേധത്തിലൂടെ വ്യക്തമാക്കി. കാലാവസ്ഥാ പ്രതിസന്ധിക്കും പരിസ്ഥിതി നാശത്തിനുമെതിരെ ഇപ്പോള്‍ പ്രതികരിച്ചില്ലെങ്കില്‍ പിന്നീട് സാധിക്കില്ല എന്ന തിരിച്ചറിവിലാണ് യുവ തലമുറയെന്ന് ഈ ഫെയിസ്ബുക്ക് ഇവന്റ് പ്രഖ്യാപിക്കുന്നു. അതേസമയം കാലാവസ്ഥാ മാറ്റം പോലെയുള്ള പ്രശ്‌നങ്ങളില്‍ കുട്ടികള്‍ ഇടപെടുന്നത് പ്രധാനമാണെങ്കിലും സ്‌കൂള്‍ സമയം നഷ്ടമാക്കുന്നത് പഠനത്തെ ബാധിക്കുമെന്നായിരുന്നു ഡൗണിംഗ് സ്ട്രീറ്റ് പ്രതികരിച്ചത്.
നമ്മെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ കുട്ടികള്‍ ഇടപെടുന്നത് മികച്ച ഒരു ഭാവി നമുക്ക് സമ്മാനിക്കുമെന്നതില്‍ സംശയമില്ല. പക്ഷേ ക്ലാസുകള്‍ മുടങ്ങിയാല്‍ അത് അധ്യാപകരുടെ ജോലിഭാരം വര്‍ദ്ധിപ്പിക്കുകയും പഠന സമയം കുറയ്ക്കുകയും ചെയ്യുമെന്ന് നമ്പര്‍ 10 വക്താവ് പറഞ്ഞു. കാലാവസ്ഥാ പ്രശ്‌നമുള്‍പ്പെടെയുള്ളവ കൈകാര്യം ചെയ്യാന്‍ ശേഷിയുള്ള ശാസ്ത്രജ്ഞന്‍മാരും എന്‍ജിനീയര്‍മാരും അഭിഭാഷകരുമായി വളരാന്‍ സഹായകരമാകുന്ന സമയമാണ് ഈ വിധത്തില്‍ നഷ്ടമാകുന്നതെന്ന് ഓര്‍മിക്കണമെന്നും വക്താവ് പറഞ്ഞു.
ഐസിസില്‍ നിന്ന് തിരികെയെത്തുന്ന ബ്രിട്ടീഷുകാര്‍ രാജ്യത്തിന് ഭീഷണിയാകുമെന്ന് എംഐ6 തലവന്‍ അലക്‌സ് യംഗര്‍. എന്നാല്‍ അവര്‍ രാജ്യത്തേക്ക് തിരികെയെത്തുന്നതിനെ തടയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രത്യേക പരിശീലനവും തീവ്രവാദ ബന്ധങ്ങളുമുള്ള ഇവര്‍ തിരിച്ചെത്തുന്നത് വലിയ ഭീഷണിയായിരിക്കും സൃഷ്ടിക്കുകയെന്ന് അപൂര്‍വമായി മാത്രം നടത്തുന്ന പൊതു പ്രസ്താവനയില്‍ അദ്ദേഹം വ്യക്തമാക്കി. ലണ്ടനില്‍ നിന്ന് റഖിലെത്തി ഐസിസ് വധുവായ ഷമീമ ബീഗം എന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിനി തിരികെ യുകെയില്‍ എത്തണമെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് വന്‍ ചര്‍ച്ചകളാണ് ഇക്കാര്യത്തില്‍ നടക്കുന്നത്. 2015ല്‍ ഐസിസില്‍ ചേര്‍ന്ന ഷമീമയ്ക്ക് യുകെയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കണമെന്ന് കുടുംബം ആവശ്യമുന്നയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇന്റലിജന്‍സ് തലവന്റെ പ്രസ്താവന.
അതേസമയം ഷമീമയ്ക്ക് രാജ്യത്ത് പ്രവേശനം അനുവദിക്കില്ലെന്നാണ് ഹോം സെക്രട്ടറി സാജിദ് ജാവീദ് കഴിഞ്ഞ ദിവസം പറഞ്ഞത്. സിറിയയില്‍ അന്തിമ യുദ്ധം നടക്കുന്ന സാഹചര്യത്തില്‍ ഐസിസ് കേന്ദ്രങ്ങളില്‍ നിന്ന് ആയിരക്കണക്കിന് തീവ്രവാദികള്‍ രക്ഷപ്പെട്ടിട്ടുണ്ട്. ഐസിസിന്റെ ഏറ്റവും അവസാനത്തെ ശക്തികേന്ദ്രത്തിനെതിരെ ശക്തമായ യുദ്ധമാണ് ഇപ്പോള്‍ നടക്കുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ ഭീകര സംഘടനയില്‍ നിന്ന് ഒട്ടേറെപ്പേര്‍ തിരികെയെത്താന്‍ സാധ്യതയുണ്ട്. ഷമീമയുടെ പേര് എടുത്തു പറയാതെയാണ് യംഗര്‍ പ്രസ്താവന നടത്തിയതെന്ന് ഈവനിംഗ് സ്റ്റാന്‍ഡാര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. പൊതുജനങ്ങളുടെ സുരക്ഷയാണ് തങ്ങളുടെ പ്രഥമ പരിഗണനയെന്നും മ്യൂണിക്ക് സെക്യൂറിറ്റി കോണ്‍ഫറന്‍സില്‍ അദ്ദേഹം വ്യക്തമാക്കി. യുകെയില്‍ തിരികെയെത്തുന്നവര്‍ക്കെതിരെ അന്വേഷണം നടത്തുമെന്നും അവരെ ചോദ്യം ചെയ്യുമെന്നും യംഗര്‍ പറഞ്ഞു. അവര്‍ നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തിന് നേരത്തേയുള്ള അനുഭവങ്ങളാണ് ഇത്തരമൊരു നിലപാടിലേക്ക് തങ്ങളെ എത്തിക്കുന്നത്. തീവ്രവാദ സംഘങ്ങളുമായി ബന്ധപ്പെടുകയും പിന്നീട് തിരിച്ചെത്തുകയും ചെയ്തവര്‍ അപകടകാരികളായി മാറിയ അനുഭവമാണ് ഉള്ളത്. ഭാവിയില്‍ എന്താണ് സംഭവിക്കുക എന്നത് പ്രവചിക്കാനാകില്ല. പക്ഷേ സങ്കീര്‍ണ്ണമായ ഒരു സാഹചര്യമാണ് ഇത്. പക്ഷേ ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് രാജ്യത്തേക്ക് തിരിച്ചു വരാന്‍ അവകാശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ഈ വിധത്തില്‍ തിരിച്ചെത്തുന്നവര്‍ അന്വേഷണങ്ങളെ നേരിടാനും കടുത്ത നിയന്ത്രണത്തിലും നിരീക്ഷണത്തിലും ജീവിക്കാനും തയ്യാറായി വേണം മടങ്ങാനെന്ന് കൗണ്ടര്‍ ടെററിസം പോലീസിംഗ് അസിസ്റ്റന്റ് കമ്മീഷണര്‍ നീല്‍ ബസു മുന്നറിയിപ്പ് നല്‍കി.
മോഷ്ടാക്കളാണെന്നു കരുതി പോലീസ് പിന്തുടര്‍ന്നതിനെത്തുടര്‍ന്ന് ഉണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ട ദമ്പതികള്‍ നിരപരാധികളെന്ന് സ്ഥിരീകരണം. ഞായറാഴ്ച വെസ്റ്റ് ലണ്ടനിലെ ഈസ്റ്റ് ആക്ടണില്‍ എ 40 പാതയിലുണ്ടായ അപകടത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. പാട്രിക് മക്‌ഡോണാ (19), ഭാര്യ ഷോണ (18) എന്നിവരാണ് അപകടത്തില്‍ ദാരുണമായി കൊല്ലപ്പെട്ടത്. പൂര്‍ണ്ണ ഗര്‍ഭിണിയായിരുന്ന ഷോണ വാലന്റൈന്‍സ് ദിനത്തില്‍ കുഞ്ഞിന് ജന്മം നല്‍കാനിരുന്നതാണ്. പിറക്കാനിരുന്ന പെണ്‍കുഞ്ഞിന് സിയെന്ന മാരി എന്ന പേരു പോലും ഇവര്‍ കണ്ടുവെച്ചിരുന്നുവെന്ന് ബന്ധുക്കള്‍ അറിയിച്ചു. അടുത്തിടെയാണ് ഇവര്‍ വിവാഹിതരായത്. പോലീസ് അതിവേഗത്തില്‍ പിന്തുടര്‍ന്നതിനെത്തുടര്‍ന്ന് റോഡില്‍ തെറ്റായ ദിശയിലേക്ക് കയറിയ ഇവരുടെ റെനോ മെഗാന്‍ കാര്‍ ഒരു കോച്ചുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടം നടന്ന സ്ഥലത്തിന് 11 മൈല്‍ അകലെ ഹാരോയ്ക്ക് സമീപം പിന്നറില്‍ നാലംഗ അക്രമി സംഘം മൂന്നു പേരെ ഹണ്ടിംഗ് നൈഫും സ്‌ക്രൂഡ്രൈവറും കാട്ടി ഭീഷണിപ്പെടുത്തുകയും കൊള്ളയടിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തില്‍ അന്വേഷണം നടത്തുകയായിരുന്ന സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് സംഘത്തിന്റെ പത്തു പോലീസ് കാറുകളും ഒരു ഹെലികോപ്ടറുമാണ് ദമ്പതികളെ പിന്തുടര്‍ന്നത്. അക്രമികളാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു പോലീസ് ഇവരെ അതിവേഗത്തില്‍ പിന്തുടര്‍ന്നതെന്നാണ് വിശദീകരണം. പാട്രിക്കും ഷോണയും കാറിലുണ്ടായിരുന്ന പേരുവിവരങ്ങള്‍ ലഭ്യമല്ലാത്ത മറ്റൊരാളും കൊള്ള നടന്ന സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്ന് മെട്രോപോളിറ്റന്‍ പോലീസ് നടത്തിയ ക്രാഷ് ഇന്‍വെസ്റ്റിഗേഷനില്‍ വ്യക്തമായി. ഇതിന്റെ റിപ്പോര്‍ട്ട് ഇന്‍ഡിപ്പെന്‍ഡന്റ് ഓഫീസ് ഫോര്‍ പോലീസ് കോണ്‍ഡക്ടില്‍ സമര്‍പ്പിച്ചു.
ദമ്പതികള്‍ ഇരുവരും സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചതായി സ്ഥിരീകരിച്ചു. പോലീസ് വാഹനങ്ങള്‍ ദമ്പതികള്‍ സഞ്ചരിച്ചിരുന്ന റെനോ കാറിനെ പത്തു മിനിറ്റോളം പിന്തുടര്‍ന്നുവെന്ന് ഇന്‍ഡിപ്പെന്‍ഡന്റ് ഓഫീസ് ഫോര്‍ പോലീസ് കോണ്‍ഡക്ട് പ്രസ്താവനയില്‍ അറിയിച്ചു. പക്ഷേ അതിനു ശേഷം പോലീസ് ഉദ്യമം ഉപേക്ഷിച്ചുവെന്നും നാഷണല്‍ പോലീസ് എയര്‍ സര്‍വീസ് ഹെലികോപ്ടര്‍ കാറിന്റെ ചലനങ്ങള്‍ നിരീക്ഷിക്കുകയായിരുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു. കാറിലുണ്ടായിരുന്നവര്‍ക്ക് കൊള്ളയടിയില്‍ യാതൊരു പങ്കുമില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായ സ്ഥിതിക്ക് പോലീസ് നടപടിയില്‍ അന്വേഷണമുണ്ടാകുമെന്നും ഐഒപിസി അറിയിച്ചു. കാറിലുണ്ടായിരുന്ന മൂന്നാമനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
ബ്രെക്‌സിറ്റില്‍ പ്രധാനമന്ത്രി തെരേസ മേയ്ക്ക് വീണ്ടും തിരിച്ചടി. ബ്രെക്‌സിറ്റ് ചര്‍ച്ചകളില്‍ മേയുടെ സമീപനത്തില്‍ എംപിമാര്‍ വിയോജിപ്പ് വ്യക്തമാക്കി. ഗവണ്‍മെന്റിന്റെ നെഗോഷ്യേറ്റിംഗ് സമീപനം സംബന്ധിച്ചുള്ള പ്രമേയത്തെ 303 എംപിമാര്‍ എതിര്‍ത്തു. 258 എംപിമാര്‍ മാത്രമാണ് സര്‍ക്കാരിന് അനുകൂലമായി വോട്ടു ചെയ്തത്. എന്നാല്‍ നിയമപരമായി സാധുതയില്ലാത്ത വോട്ടായതിനാല്‍ യൂറോപ്യന്‍ യൂണിയനുമായുള്ള ചര്‍ച്ചകളില്‍ പ്രധാനമന്ത്രിയുടെ സമീപനത്തെ സ്വാധീനിക്കാന്‍ ഇതിന് സാധിക്കില്ലെന്ന് ഡൗണിംഗ് സ്ട്രീറ്റ് പ്രതികരിച്ചു. അതേസമയം ബ്രെക്‌സിറ്റ് നയം പരാജയമാണെന്ന് പ്രധാനമന്ത്രി സമ്മതിക്കണമെന്ന് പ്രതിപക്ഷ നേതാവ് ജെറമി കോര്‍ബിന്‍ ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ സമീപനത്തിനെതിരെ ടോറി എംപിമാരില്‍ ചിലരും രംഗത്തെത്തിയിരുന്നു. യൂറോപ്യന്‍ റിസര്‍ച്ച് ഗ്രൂപ്പ് എന്നറിയപ്പെടുന്ന ബ്രെക്‌സിറ്റ് അനുകൂലികളായ എംപിമാരാണ് സര്‍ക്കാരിനെതിരെ നിലപാടെടുത്തത്. നോ ഡീല്‍ ബ്രെക്‌സിറ്റ് നടപ്പാക്കരുതെന്ന ആവശ്യം പ്രധാനമന്ത്രി നിരന്തരം നിരസിക്കുകയാണ്. വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാട് ഉപാധി രഹിത ബ്രെക്‌സിറ്റിലേക്ക് നയിക്കുമെന്നാണ് കടുത്ത ബ്രെക്‌സിറ്റ് അനുകൂലികള്‍ പോലും വിലയിരുത്തുന്നത്. നോ ഡീല്‍ ബ്രെക്‌സിറ്റിനെ നിരാകരിക്കുന്ന എംപിമാരെല്ലാം സര്‍ക്കാരിനും പ്രധാനമന്ത്രിക്കുമെതിരെയാണ് വോട്ടു ചെയ്തത്.
കടുത്ത ബ്രെക്‌സിറ്റ് വാദികള്‍ മാത്രമല്ല, റിമെയിന്‍ പക്ഷക്കാരായ ടോറി എംപിമാരും ഗവണ്‍മെന്റിന് പിന്തുണ നല്‍കിയില്ല. ബ്രെക്‌സിറ്റിനെ അനുകൂലിക്കുന്ന ടോറി എംപിമാരായ പീറ്റര്‍ ബോണ്‍, സര്‍ ക്രിസ്റ്റഫര്‍ ചോപ്, ഫിലിപ്പ് ഹോളോബോണ്‍, ആന്‍ മാരി മോറിസ്, റിമെയിന്‍ പക്ഷത്തുള്ള സാറാ വോളാസ്റ്റണ്‍ തുടങ്ങിയവരാണ് സര്‍ക്കാരിനെ പിന്തുണക്കാതിരുന്നത്. പരാജയത്തില്‍ ജെറമി കോര്‍ബിനെയാണ് ഡൗണിംഗ് സ്ട്രീറ്റ് കുറ്റപ്പെടുത്തുന്നത്. ദേശീയ താല്‍പര്യത്തേക്കാള്‍ പക്ഷപാത സമീപനത്തിനാണ് പ്രതിപക്ഷം പ്രാമുഖ്യം കൊടുക്കുന്നതെന്ന് ഡൗണിംഗ് സ്ട്രീറ്റ് ആരോപിച്ചു.
നോ ഡീല്‍ സാഹചര്യം ഒഴിവാക്കുന്നതിനായി ബ്രെക്‌സിറ്റ് വൈകിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയത്തിന് പിന്തുണ നല്‍കരുതെന്ന ജെറമി കോര്‍ബിന്റെ ആവശ്യം നിരാകരിച്ച് ലേബര്‍ എംപിമാര്‍. 41 എംപിമാരാണ് ലേബര്‍ നേതാവിന്റെ ആവശ്യം തള്ളിയത്. മൂന്നു മാസത്തേക്കെങ്കിലും ആര്‍ട്ടിക്കിള്‍ 50 ദീര്‍ഘിപ്പിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെടണമെന്ന് നിര്‍ദേശിക്കുന്ന പ്രമേയം എസ്എന്‍പിയാണ് അവതരിപ്പിച്ചത്. ഇതിനെ പിന്തുണക്കരുതെന്ന് കോര്‍ബിന്‍ എംപിമാരോട് ആവശ്യപ്പെട്ടു. വോട്ടുകളുടെ വിശദാംശങ്ങളില്‍ നിന്നാണ് 41 എംപിമാര്‍ എസ്എന്‍പി നേതാവ് ഇയാന്‍ ബ്ലാക്ക്‌ഫോര്‍ഡിന്റെ നിര്‍ദേശത്തിന് പിന്തുണ നല്‍കിയതായി വ്യക്തമായത്. ടോറി എംപിമാരായ കെന്‍ ക്ലാര്‍ക്ക്, സാറാ വൊളാസ്റ്റന്‍ എന്നിവരും പ്രമേയത്തെ അനുകൂലിച്ചു. ലേബറിലുണ്ടായിരിക്കുന്ന ഈ ഭിന്നത റിമെയിന്‍ പക്ഷക്കാര്‍ വിഘടിച്ച് പോകുന്ന സാഹചര്യത്തിലേക്കു വരെ എത്തിയേക്കുമെന്ന് ബ്രിട്ടീഷ് മാധ്യമങ്ങള്‍ വിലയിരുത്തുന്നു.
ടോറി ബ്രെക്‌സിറ്റിനെ പിന്തുണയ്ക്കുന്ന സമീപനമാണ് കോര്‍ബിന്‍ സ്വീകരിക്കുന്നതെന്ന് ഒരു മുതിര്‍ന്ന ലേബര്‍ എംപി കുറ്റപ്പെടുത്തി. തെരേസ മേയുടെ ഉടമ്പടി നടപ്പാക്കാന്‍ സൗകര്യമൊരുക്കിയാല്‍ വോട്ടര്‍മാരില്‍ നിന്ന് ലേബറിന് തിരിച്ചടി നേരിടേണ്ടി വരുമെന്ന് ക്ലൈവ് ലൂയിസ് അഭിപ്രായപ്പെട്ടു. ആര്‍ട്ടിക്കിള്‍ 50 അവതരിപ്പിക്കുന്നതിനെ എതിര്‍ത്തു വോട്ട് ചെയ്യുന്നതിനായി ഷാഡോ ക്യാബിനറ്റില്‍ നിന്ന് പുറത്തുവന്ന എംപിയാണ് ഇദ്ദേഹം. ബ്രെക്‌സിറ്റില്‍ രണ്ടാം ഹിതപരിശോധന വേണമെന്ന് ആവശ്യപ്പെടാത്തതില്‍ പ്രതിഷേധിച്ച് ഷാഡോ ക്യാബിനറ്റില്‍ പൊട്ടിത്തെറിയുണ്ടായേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ലൂയിസ് ഈ അഭിപ്രായ പ്രകടനം നടത്തിയിരിക്കുന്നത്.
അതേസമയം രണ്ടാം ഹിതപരിശോധനയ്ക്കുള്ള ആവശ്യം സജീവമായ പരിഗണനയിലുണ്ടെന്നാണ് ഷാഡോ ചാന്‍സലര്‍ ജോണ്‍ മക്‌ഡോണല്‍ അറിയിച്ചത്. ഒരു ഇടക്കാല തിരഞ്ഞെടുപ്പിന് സാധ്യത ഇപ്പോള്‍ ഇല്ലെന്നാണ് ലേബര്‍ വിലയിരുത്തുന്നത്. ബ്രെക്‌സിറ്റ് ഉടമ്പടിയില്‍ ഫെബ്രുവരി 27ന് വീണ്ടും വോട്ടെടുപ്പ് നടത്തുകയോ അല്ലെങ്കില്‍ നടപടികളില്‍ പാര്‍ലമെന്റിന് പൂര്‍ണ്ണ നിയന്ത്രണം നല്‍കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പുതിയ പ്രമേയം ഇന്നലെ ലേബര്‍ അവതരിപ്പിച്ചിട്ടുണ്ട്.
തെരുവില്‍ കഴിയുന്നയാള്‍ 1600 പൗണ്ട് പിഴയടക്കണമെന്ന് എച്ച്എംആര്‍സി. ക്രിസ്റ്റോഫ് പോകോറോവ്‌സ്‌കി എന്നയാള്‍ക്കാണ് എച്ച്എംആര്‍സി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇയാള്‍ ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കാന്‍ വൈകുന്നുവെന്നാണ് കാരണമായി വിശദീകരിക്കുന്നത്. തെരുവില്‍ സ്ലീപ്പിംഗ് ബാഗില്‍ ഉറങ്ങുന്ന ശരിയായ അഡ്രസ് പോലുമില്ലാത്ത ഇയാളെ പിഴയടക്കാന്‍ എച്ച്എംആര്‍സി നിന്ദിക്കുകയാണെന്ന് കോടതിയില്‍ വ്യക്തമാക്കപ്പെട്ടു. ഈസ്റ്റ് ലണ്ടനിലെ വാല്‍ത്താംസ്റ്റോവിലുള്ള വീട്ടില്‍ നിന്ന് പുറത്താക്കപ്പെട്ട പോകോറോവ്‌സ്‌കിക്ക് എച്ച്എംആര്‍സിയുടെ കത്ത് ലഭിച്ചിട്ടു പോലുമില്ല. ഇയാളുടെ സ്വത്തുവകകള്‍ നഷ്ടപ്പെടുകയോ കൊള്ളയടിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. തീര്‍ത്തും ദരിദ്രനായ ഇദ്ദേഹത്തോടുള്ള പെരുമാറ്റം ഞെട്ടിക്കുന്നതാണെന്ന് ജഡ്ജ് അഭിപ്രായപ്പെട്ടു.
തെരുവിലുറങ്ങുന്ന ഒരാളുടെ മേല്‍വിലാസം കൃത്യമായി സൂക്ഷിക്കുന്ന എച്ച്എംആര്‍സിയുടെ നടപടി പരിഹാസ്യവും അസംബന്ധവുമാണെന്ന് പിഴ ഒഴിവാക്കിക്കൊണ്ടുള്ള റൂളിംഗില്‍ ജഡ്ജി നിക്കോളാസ് അലക്‌സാന്‍ഡര്‍ പറഞ്ഞു. ഒരു ഇലക്ട്രീഷ്യനായിരുന്ന പോകോറോവ്‌സ്‌കിയുടെ ജീവിതം തകര്‍ന്നത് 2014ല്‍ ഒരു ബാറില്‍ വെച്ച് അദ്ദേഹത്തിന്റെ ഡ്രിങ്കില്‍ മയക്കുമരുന്ന് കലര്‍ന്നതായി കണ്ടെത്തിയതോടെയാണ്. ഇതോടെ ഇയാള്‍ക്ക് ജോലിയും സമ്പാദ്യവും നഷ്ടമാകുകയും വീട്ടില്‍ നിന്ന് ഇറക്കി വിടുകയും ചെയ്യപ്പെട്ടു. പോകോറോവ്‌സ്‌കിയുടെ വസ്തുക്കളെല്ലാം തെരുവിലേക്കെറിയപ്പെട്ടു. ടാക്‌സ് റെക്കോര്‍ഡുകളും മറ്റു രേഖകളും ഉള്‍പ്പെടെ നഷ്ടമായി. 2016 ക്രിസ്മസ് കാലത്ത് ഒരു ഹോംലെസ് ഷെല്‍റ്ററില്‍ അഭയം ലഭിക്കുന്നതു വരെ ഇയാള്‍ തെരുവില്‍ കഴിച്ചുകൂട്ടൂകയായിരുന്നു.
അടുത്ത വര്‍ഷം ഇയാള്‍ ഒരു വീട് കണ്ടെത്തുകയും ജോലി ചെയ്യാന്‍ ആരംഭിക്കുകയും ചെയ്തുവെന്ന് ഫസ്റ്റ് ടയര്‍ ടാക്‌സ് ട്രൈബ്യൂണലില്‍ വാദം കേട്ടു. 2015 ഏപ്രിലില്‍ ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തിയതി കഴിഞ്ഞിട്ടും അത് നല്‍കിയില്ല എന്നാണ് എച്ച്എംആര്‍സിയുടെ പരാതി. ഇക്കാലത്ത് ഇയാള്‍ തെരുവിലായിരുന്നു എന്ന കാര്യം പരിഗണിക്കാതെയാണ് നടപടി. 2017 ഫെബ്രുവരി വരെയുള്ള കാലയളവില്‍ ഇയാള്‍ക്ക് ഏര്‍പ്പെടുത്തിയ പിഴ 1600 പൗണ്ട് ആയി ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ പ്രത്യേകതയൊന്നുമില്ലെന്ന് എച്ച്എംആര്‍സി വാദിച്ചെങ്കിലും ജഡ്ജി അത് തള്ളുകയായിരുന്നു.
ന്യൂസ് ഡെസ്ക്
കേരളത്തിലെ എല്ലാ ക്രൈസ്തവ സഭാ വിഭാഗങ്ങളുടെയും വരവു ചിലവു കണക്കുകൾക്ക് സുതാര്യത പകരുന്ന നിയമ നിർമ്മാണത്തിനായുള്ള നടപടികൾ ആരംഭിച്ചു. സഭകളുടെ കീഴിലുള്ള സ്ഥാപനങ്ങളും സ്ഥാവരജംഗമ വസ്തുക്കളും ഇതിൽ ഉൾപ്പെടുത്തി മേൽനോട്ടത്തിനു വിധേയമാക്കും. ഇതിനായുള്ള ദി കേരള ചർച്ച് ബിൽ 2019 കരട് ബിൽ പ്രസിദ്ധീകരിച്ചു. ഓരോ സഭാ വിഭാഗങ്ങളും സാമ്പത്തിക ഇടപാടുകളുടെ ചാർട്ടേർഡ് അക്കൗണ്ടൻറ് ഓഡിറ്റ് ചെയ്ത കണക്കുകൾ ലഭ്യമാക്കണം. സഭകളുടെ കീഴിലുള്ള സമ്പത്തിന്റെ ദുർവിനിയോഗം തടയുന്നതിനും കണക്കുകൾ വിശ്വാസികൾക്ക് ലഭ്യമാകുന്നതിനും അതുവഴി സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ഉണ്ടാകാവുന്ന തെറ്റിദ്ധാരണകൾ ഒഴിവാക്കുന്നതിനും ക്രമക്കേടുകൾ ഉണ്ടായി എന്ന് സംശയിക്കുന്നപക്ഷം അത് റിപ്പോർട്ട് ചെയ്യുന്നതിനായി കാര്യക്ഷമമായ മേൽനോട്ടം നടത്താൻ നിലവിലെ സംവിധാനങ്ങൾ അപര്യാപ്തമെന്ന് ബോധ്യപ്പെട്ടതിനാലുമാണ് പുതിയ നിയമ നിർമ്മാണത്തിന് സർക്കാർ തയ്യാറായിരിക്കുന്നത്.
ദി കേരള ചർച്ച് കരട് ബിൽ 2019 ലിങ്കിന്നായി ഇവിടെ ക്ലിക്ക് ചെയ്യുക
ക്രൈസ്തവ സഭയിലോ ഏതെങ്കിലും വിഭാഗത്തിലോ ഉള്ള ഏതൊരാൾക്കും ഫണ്ട് വിനിയോഗം സംബന്ധിച്ചോ സ്വത്തുക്കളുടെ ഭരണം സംബന്ധിച്ചോ പരാതിയുണ്ടെങ്കിൽ ആക്ടിന്റെ ഭാഗമായി രൂപീകരിക്കപ്പെടുന്ന ട്രൈബ്യൂണലിനു മുമ്പാകെ അവതരിപ്പിക്കാൻ അവസരം ലഭിക്കും. ജില്ലാ ജഡ്ജിയോ ജില്ലാ ജഡ്ജിയുടെ പദവി വഹിച്ചിരുന്ന ആളോ അംഗമായ ഏകാംഗ ട്രൈബ്യൂണലോ, ജില്ലാ ജഡ്ജി അദ്ധ്യക്ഷനായുള്ള അതേ യോഗ്യതയുള്ള മറ്റു രണ്ടു പേർ കൂടി അംഗങ്ങളായ മൂന്നംഗ ട്രൈബ്യൂണലോ ആണ് നിലവിൽ വരുന്നത്.
സഭകളിലെ മെമ്പർഷിപ്പ്, സംഭാവനകൾ, സേവന പ്രവർത്തനങ്ങളും ശുശ്രൂഷകൾക്കുമുള്ള ഫണ്ട് തുടങ്ങിയവയും ഈ ആക്ടിന്റെ പരിധിയിൽ വരും. കേരള നിയമ പരിഷ്കരണ കമ്മീഷൻ തയ്യാറാക്കിയ ബിൽ കമ്മീഷന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ജനുവരിയില്‍ യുകെയുടെ നാണ്യപ്പെരുപ്പ നിരക്ക് രണ്ടു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. ഓഫീസ് ഓഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകള്‍ അനുസരിച്ച് ജനുവരിയിലെ കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡെക്‌സ് 1.8 ശതമാനമാണ്. ഡിസംബറില്‍ ഇത് 2.1 ശതമാനമായിരുന്നു. ഉയര്‍ന്ന വിമാന യാത്രാ, ചരക്ക് നിരക്കുകള്‍ കാരണമായിരുന്നു ഡിസംബറില്‍ സിപിഐ നിരക്ക് ഉയര്‍ന്നു നിന്നത്. സാമ്പത്തിക വിദഗ്ദ്ധര്‍ പ്രവചിച്ചതിലും ഏറെയായിരുന്നു ഈ നിരക്കെന്നാണ് റിപ്പോര്‍ട്ട്. 2017 നവംബറിലായിരുന്നു നാണ്യപ്പെരുപ്പ നിരക്ക് ഏറ്റവും ഉയരത്തിലെത്തിയത്. 3.1 ശതമാനമായിരുന്നു ഇത്. ഇതിനു മുമ്പ് 2017 ജനുവരിയില്‍ 1.8 ശതമാനം രേഖപ്പെടുത്തിയിരുന്നു.
ജനുവരിയില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ലക്ഷ്യമിടുന്നത് അനുസരിച്ച് നാണ്യപ്പെരുപ്പം 2 ശതമാനമായി താഴുമെന്ന് സാമ്പത്തിക വിദ്ഗ്ദ്ധര്‍ പ്രവചിച്ചിരുന്നു. ഗ്യാസ്, ഇലക്ട്രിസിറ്റി, പെട്രോള്‍ എന്നിവയുടെ വിലയിലുണ്ടായ കുറവു മൂലമാണ് നാണ്യപ്പെരുപ്പ നിരക്കില്‍ കുറവുണ്ടാകുന്നതെന്ന് ഓഫീസ് ഓഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സിലെ ഇന്‍ഫ്‌ളേഷന്‍ വിഭാഗം തലവന്‍ മൈക്ക് ഹാര്‍ഡി പറഞ്ഞു. ഫെറി ടിക്കറ്റ് നിരക്കുകളും വിമാന നിരക്കുകളും കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ വളരെ സാവധാനമാണ് കുറയുന്നതെങ്കിലും ഇത് സാധ്യമാകുന്നുണ്ട്. ജനുവരി 1 മുതല്‍ നിലവില്‍ വന്ന ഓഫ്‌ജെം എനര്‍ജി പ്രൈസ് ക്യാപ് നാണ്യപ്പെരുപ്പം കുറയാന്‍ ഒരു പരിധി വരെ സഹായിച്ചിട്ടുണ്ട്.
എന്നാല്‍ ഈ പരിധി ഇപ്പോള്‍ ഉയര്‍ത്തിയിട്ടുണ്ട്. ഇത് ഭാവിയില്‍ സിപിഐ നിരക്കുകളെ ബാധിച്ചേക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ഡിസംബറിനും ജനുവരിക്കുമിടയില്‍ പെട്രോള്‍ വിലയില്‍ 2.1 ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ക്രൂഡോയില്‍ വിലയില്‍ കുറവുണ്ടായതാണ് ഇതിന് കാരണം. ഹോട്ടല്‍, റെസ്‌റ്റോറന്റ് നിരക്കുകളും സ്ത്രീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങളുടെ വില തുടങ്ങിയവയും മുന്‍ വര്‍ഷത്തേക്കാള്‍ കുറഞ്ഞതും നാണ്യപ്പെരുപ്പം കുറയാന്‍ കാരണമായിട്ടുണ്ട്.