യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് മദ്യശാലകള്‍ ആരംഭിക്കാന്‍ പഞ്ചായത്തുകളുടെ എന്‍ഒസി നിര്‍ബന്ധമാക്കുന്ന നിയമഭേദഗതി കൊണ്ടുവന്നത്.

സുപ്രിം കോടതി വിധിയെ തുടര്‍ന്ന് പൂട്ടിയ ദേശീയപാതയോരങ്ങളിലെ മദ്യശാലകള്‍ മാറ്റി സ്ഥാപിക്കാനുള്ള ശ്രമം പലസ്ഥലങ്ങളിലും പ്രാദേശികമായ എതിര്‍പ്പിനെ തുടര്‍ന്ന് സാധിച്ചിരുന്നില്ല. പലസ്ഥലങ്ങളിലും പഞ്ചായത്തുകള്‍ അനുമതിയും നല്‍കിയില്ല. ഇത് സംസ്ഥാന സര്‍ക്കാരിന് ചെറുതല്ലാത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചത്.

മദ്യശാലകള്‍ അടച്ചുപൂട്ടിയതിനെ തുടര്‍ന്ന് ബിവ്‌റിജസ് കോര്‍പ്പറേഷന്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പഞ്ചായത്തുകളുടെ എന്‍ഒസി നിര്‍ബന്ധമാക്കുന്ന നിയമം എടുത്തുകളയാന്‍ മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്.

അതേസമയം, ദേശീയ പാതയോരങ്ങളിലെ പൂട്ടിയ മദ്യശാലകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ അരൂര്‍-തിരുവനന്തപുരം, കണ്ണൂര്‍-കുറ്റിപ്പുറം ദേശീയപാതയിലെ നാല്‍പ്പതോളം മദ്യശാലകള്‍ തുറക്കും.

അരൂര്‍-തിരുവനന്തപുരം, കണ്ണൂര്‍-കുറ്റിപ്പുറം പാതകളുടെ ദേശീയപദവി എടുത്തുകളഞ്ഞ 2014 ലെ ദേശീയപാതാ അതോറിറ്റിയുടെ വിജ്ഞാപനം ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഉത്തരവ്.