ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ കന്യാസ്ത്രീ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് അറിഞ്ഞിരുന്നുവെന്ന മദര്‍ സുപ്പീരിയറിന്റെ കത്ത് പുറത്ത്. ഇതോടെ ബിഷപ്പിനെതിരായ കേസില്‍ മദര്‍ സുപ്പീരിയറെ ചോദ്യം ചെയ്യും. അവര്‍ക്കെതിരേ കേസെടുക്കുന്നതും ആലോചനയിലുണ്ട്. ബിഷപ്പ് പീഡിപ്പിച്ചെന്നു പരാതി നല്‍കിയ കന്യാസ്ത്രീയുടെ സഹോദരിയായ കന്യാസ്ത്രീ മദര്‍ സുപ്പീരിയര്‍ക്കു നല്‍കിയ പരാതിക്കുള്ള മറുപടിക്കത്തിലാണ് ബിഷപ്പിനെതിരായ ആരോപണം അറിഞ്ഞിരുന്നുവെന്ന് സൂചിപ്പിച്ചിരിക്കുന്നത്.ഇതിന്റെ പകര്‍പ്പ് ഒരു പ്രമുഖ മാധ്യമത്തിന് ലഭിച്ചു. കഴിഞ്ഞ ഏപ്രില്‍ 23-നാണ് കന്യാസ്ത്രീയുടെ സഹോദരി മദര്‍ സുപ്പീരിയര്‍ക്കു കത്തയച്ചത്. മേയ് അഞ്ചിനു നല്‍കിയ മറുപടിയിലാണ് ബിഷപ്പുമായുള്ള കന്യാസ്തീയുടെ പ്രശ്‌നങ്ങള്‍ അറിയാമെന്നു പറഞ്ഞിരിക്കുന്നത്.
ബിഷപ്പുമായി കന്യാസ്ത്രീക്ക് ചില പ്രശ്‌നങ്ങള്‍ ഉണ്ടെന്നു മനസിലാക്കുന്നു. എന്നാല്‍ എങ്ങനെയാണ് ഒരു ബിഷപ്പിനെതിരേ നടപടി സ്വീകരിക്കാന്‍ നമുക്കു കഴിയുക. നമ്മുടെ സഭയുടെ നിലനില്‍പ്പിന് ബിഷപ്പിന്റെ പിന്തുണ ആവശ്യമാണ്.വ്യക്തിപരമായ പ്രശ്‌നങ്ങളുണ്ടെങ്കില്‍ പരസ്പരം ചര്‍ച്ച ചെയ്ത് പരിഹരിക്കണം. സഭയുടെ പേരിനു കളങ്കമുണ്ടാക്കുന്ന സമീപനം കന്യാസ്ത്രീയുടെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്നും മദറിന്റെ കത്തിലുണ്ട്. പീഡനത്തിനിരയായ കന്യാസ്ത്രീയുടെ സഹോദരി മദര്‍ സുപ്പീരിയര്‍ക്ക് അയച്ച കത്തില്‍ ബിഷപ്പിനെതിരേ അതിരൂക്ഷമായ പരാമര്‍ശങ്ങളാണുള്ളത്. ബിഷപ്പിന്റെ ഓരോ ഇടപെടലിലും മദറിന്റെ മൗനസമ്മതം ഉണ്ടായിരുന്നുവെന്നാണ് കത്തിലെ ഒരു പരാമര്‍ശം. നിരവധി കന്യാസ്ത്രീകളുടെ പരീക്ഷ മുടക്കുന്ന സാഹചര്യം വരെ ഉണ്ടായി.
കന്യാസ്ത്രീകളുടെ തിരുവസ്ത്രം ഊരിക്കുമെന്ന് ബിഷപ്പ് ഭീഷണി മുഴക്കി. ആരോപണങ്ങളുടെ പേരില്‍ നിങ്ങളുടെ മുന്നില്‍ നഗ്നതാ പരിശോധനയ്ക്കു വരെ തന്റെ സഹോദരിക്കു നില്‍ക്കേണ്ടിവന്നു. ഇങ്ങനെയൊരു സാഹചര്യം ഒരു കന്യാസ്ത്രീക്കു നേരിടേണ്ടിവന്നത് എത്രയേറെ വേദനാജനകമാണെന്ന് ഓര്‍ക്കുമല്ലോ എന്നാണ് കന്യാസ്ത്രീയുടെ സഹോദരി മദര്‍ സുപ്പീരിയര്‍ക്കുളള കത്തില്‍ ചോദിച്ചിരിക്കുന്നത്. തന്റെ സഹോദരിയും ബിഷപ്പുമായി തെറ്റിയെന്നു മനസിലാക്കി നിങ്ങള്‍ ഗൂഢനീക്കം നടത്തുകയാണെന്നും കത്തിലുണ്ട്.ജലന്ധര്‍ രൂപതയുടെ കീഴില്‍ കണ്ണൂരില്‍ പരിയാരത്തും പരവൂരിലുമുള്ള മഠങ്ങളില്‍ ഡിവൈ.എസ്.പി. കെ. സുഭാഷിന്റെ നേതൃത്വത്തിലുള്ള സംഘം തെളിവെടുപ്പ് നടത്തി. കുറവിലങ്ങാട്ടെ മഠത്തില്‍ 13 തവണ വന്ന കാലഘട്ടതില്‍ ഈ മഠങ്ങളില്‍ ബിഷപ് ഫ്രാങ്കോ നാലു തവണയേ ചെന്നിട്ടുള്ളുവെന്ന് കണ്ടെത്തി.
ഈ സന്ദര്‍ശന വേളയില്‍ മഠത്തില്‍ താമസിച്ചതിനു രേഖയില്ല. കണ്ണൂര്‍ പരിയാരം ആയുര്‍വേദ ആശുപത്രിക്കു പിന്‍വശ ത്തുള്ള മീഷനറീസ് ഓഫ് ജീസസ് എന്ന സ്ഥാപനത്തിലാണ് ഇന്നലെ വെകുന്നേരം മൂന്നുമണിയോടെ സംഘം പരിശോധനയ്‌ക്കെത്തിയത്.കോട്ടയം കുറവിലങ്ങാട്, കണ്ണൂര്‍ പരിയാരം, മാതമംഗലം എന്നിവിടങ്ങളി ലാണ് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലുമായി ബന്ധപ്പെട്ട കേരളത്തിലെ സ്ഥാപനങ്ങള്‍.കന്യാസ്ത്രീയുടെ പരാതിയില്‍ കണ്ണൂരിലെ മഠങ്ങളെക്കുറിച്ച് പറയുന്നില്ലെങ്കിലും ബിഷപ് കേരളത്തില്‍ എത്തുമ്ബോള്‍ ഇവിടെയും സന്ദര്‍ശനം നടത്തിയിരുന്നോ എന്നാണ് അന്വേഷിച്ചത്. ഇവിടെയുള്ള അന്തേവാസികളുടെ മൊഴിയെടുത്തു. രേഖകള്‍ പരിശോധിച്ചു.
കന്യാസ്ത്രീയുടെ പരാതിയില്‍ പറയുന്ന ദിവസങ്ങളില്‍ ബിഷപ്പ് കുറുവിലങ്ങാടിനു പുറത്ത് എവിടെങ്കിലും താമസിച്ചിട്ടുണ്ടൊ എന്നു പരിശോധിക്കുന്നതിന്റെ ഭാഗമായാണ് ജലന്ധര്‍ രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന രണ്ടു മഠങ്ങളില്‍ പരിശോധന നടത്തിയത്. സഭ വിട്ടുപോയ ഒരു കന്യാസ്ത്രീയുടെ മൊഴിയും പോലീസ് രേഖപ്പെടുത്തി. ബിഷപ്പിന് എതിരായാണ് ഇവര്‍ മൊഴി നല്‍കിയതെന്ന് അറിയുന്നു. സഭ വിട്ട മറ്റൊരു കന്യാസ്ത്രീയുടെ മൊഴിയെടുക്കാന്‍ പോലീസ് ഭോപ്പാലിനു പോയേക്കും.
മരണപ്പെട്ട വിദ്യാർഥിനിയെ പരിശീലകൻ നിർബന്ധപൂർവ്വം തള്ളിയിടുന്നതായ വിഡിയോ ദൃശ്യങ്ങൾ പുറത്ത്. ചാടാൻ മടിച്ച പെൺകുട്ടിയെ പിന്നിൽ നിന്നു തള്ളിയിടുകയായിരുന്നുവെന്ന് വിഡിയോ ദൃശ്യങ്ങളിൽ വ്യക്തം. പരിശീലകന്റെ അശ്രദ്ധയാണ് ഇവിടെ വിനയായത്.
അപകടത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയില്‍ പ്രചരിച്ചതോടെയാണ് സത്യം പുറത്തായത്. പെണ്‍കുട്ടി ചാടാന്‍ മടി കാണിക്കുന്നത് വിഡിയോയില്‍ വ്യക്തമാണ്. എന്നാല്‍ പരിശീലകന്‍ പിന്നില്‍ നിന്നു തള്ളുകയായിരുന്നു. ഒന്നാം നിലയിലെ സണ്‍ഷൈഡിലാണ് തലയിടിച്ചത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകാതെ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജിലേക്കു മാറ്റി. ഇവിടെ വച്ചായിരുന്നു മരണം.
കെട്ടിടത്തിനു താഴെ മറ്റു വിദ്യാര്‍ത്ഥികള്‍ പിടിച്ചിരിക്കുന്ന വലയിലേക്കാണു ചാടേണ്ടത്. തീപിടിത്തം പോലെയുളള സാഹചര്യങ്ങളെ നേരിടാന്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കുകയായിരുന്നു കോളേജ് അധികൃതരുടെ ലക്ഷ്യം. വൈകുന്നേരം 4 മണിയോടെയായിരുന്നു സംഭവം.
ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ മേല്‍നോട്ടത്തിലാണ് മോക് ഡ്രില്‍ നടന്നതെന്ന് കോളേജ് അധികൃതര്‍ പറഞ്ഞെങ്കിലും സംഭവം അറിഞ്ഞിട്ടില്ലെന്നാണ് തമിഴ്നാട് ദുരന്തനിവാരണ ഏജന്‍സി പ്രതികരിച്ചത്. സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി കെ.പി.അന്‍പളകന്‍ വ്യക്തമാക്കി. രണ്ടാം വര്‍ഷ ബിബിഎ വിദ്യാര്‍ത്ഥിനിയാണ് മരിച്ച ലോഗേശ്വരി.
ദേശീയ ദുരന്ത നിവാരണ സേനയിലെ പരിശീലകനെന്ന് അവകാശപ്പെടുന്ന ആര്‍.അറുമുഖനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. പെണ്‍കുട്ടി ചാടുന്നതിന് മുമ്പ് മറ്റ് അഞ്ച് വിദ്യാര്‍ത്ഥികള്‍ പരിശീലനം പൂര്‍ത്തിയാക്കിയിരുന്നു. ആര്‍ക്കും പരുക്കു പറ്റിയിരുന്നില്ല.
പത്തനംതിട്ട മുക്കട്ടുതറയില്‍ നിന്ന് അപ്രത്യക്ഷയായ ജെസ്‌ന ജെയിംസിന്റെ തിരോധാനത്തില്‍ രണ്ടു ദിവസത്തിനിടെ നിര്‍ണായക വഴിത്തിരുവകള്‍. ആദ്യം മുണ്ടക്കയത്തെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങള്‍ ജെസ്‌നയുടേതാണെന്ന് ഉറപ്പിച്ച പോലീസ് പെണ്‍കുട്ടി ജീവനോടെ ഇപ്പോഴും ഉണ്ടെന്ന കാര്യം ഉറപ്പിച്ചിട്ടുണ്ട്. തുടര്‍ അന്വേഷണത്തില്‍ നിര്‍ണായകമായേക്കുന്നതാണ് ജെസ്‌ന മരിച്ചിട്ടില്ലെന്ന അന്തിമ വിലയിരുത്തല്‍. അതോടൊപ്പം മറ്റൊരു കാര്യത്തില്‍ കൂടി പോലീസിന് വ്യക്തത ലഭിച്ചിട്ടുണ്ട്.
ജെസ്‌നയെ കാണാതായ ദിവസം കോളജില്‍ ഒപ്പം പഠിക്കുന്ന പുഞ്ചവയല്‍ സ്വദേശിയായ ആണ്‍സുഹൃത്തിനെ വിളിച്ചിട്ടുണ്ടെന്ന വിവരമാണത്. ജെസ്‌ന ഓട്ടോയില്‍ കയറി പോകുന്നതിന് അരമണിക്കൂര്‍ മുമ്പാണ് ഈ കോള്‍ പോയിരിക്കുന്നത്. പത്തു മിനിറ്റോളം ഇരുവരും സംസാരിച്ചിട്ടുണ്ട്. എന്നാല്‍ ചോദ്യം ചെയ്യലില്‍ ആണ്‍കുട്ടി കാര്യങ്ങള്‍ തെളിച്ചു പറയാത്തത് പോലീസിനെ കുഴപ്പിക്കുന്നുണ്ട്.
ജെസ്‌ന മുണ്ടക്കയത്ത് എത്തിയെന്ന് തെളിഞ്ഞതും ആ സമയത്ത് ആണ്‍കുട്ടിയുടെ സാന്നിധ്യം ഇവിടെ ഉണ്ടായിരുന്നുവെന്ന കാര്യവും സ്ഥിരീകരിച്ചതോടെ ആണ്‍കുട്ടിയില്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം ഇപ്പോള്‍ പുരോഗമിക്കുന്നത്. അതേസമയം ജെസ്നയെ തേടി ബെംഗളൂരുവിലെത്തിയ അന്വേഷണസംഘം വിമാനത്താവളത്തില്‍ നിന്ന് മാര്‍ച്ച് 22 മുതല്‍ ഒരാഴ്ച വിദേശത്തേക്കും ഹൈദരാബാദ് ഉള്‍പ്പെടെ മറ്റു സ്ഥലങ്ങളിലേക്കും പോയ യാത്രക്കാരുടെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്.
ജെസ്യോടു സാമ്യമുള്ള പെണ്‍കുട്ടിയെ മേയ് അഞ്ചിന് വിമാനത്താവളത്തില്‍ കണ്ടെന്ന് കാഞ്ഞിരപ്പള്ളി സ്വദേശി അറിയിച്ചതിനെ തുടര്‍ന്നായിരുന്നു അന്വേഷണസംഘം ബംഗളൂരുവിലെത്തിയത്. വിമാനത്താവളത്തില്‍ ജോലിയുള്ള ഏതാനും മലയാളികളോടു വിവരങ്ങള്‍ ആരാഞ്ഞെങ്കിലും അവരാരും ഇത്തരത്തില്‍ ഒരു പെണ്‍കുട്ടിയെ കണ്ടില്ലെന്നായിരുന്നു പറഞ്ഞത്. വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങളും എമിഗ്രേഷന്‍ രേഖകളും പരിശോധിക്കാന്‍ പോലീസിനായില്ല. എന്തായാലും ജെസ്‌നയെ അടുത്തു തന്നെ കണ്ടെത്താമെന്ന പ്രതീക്ഷ പോലീസിന് വര്‍ധിച്ചിട്ടുണ്ട്.
ചെന്നൈ: തീപിടുത്ത സാഹചര്യത്തെ നേരിടുന്നതെങ്ങിനെ എന്ന് കാണിക്കാന്‍ നടത്തിയ മോക്ഡ്രില്ലില്‍ പരിശീലകന്‍ കെട്ടിടത്തിന്റെ മുകളില്‍നിന്നും തള്ളിത്താഴെയിട്ട വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. താഴേയ്ക്കു വീഴുന്നതിനിടയില്‍ ഷേഡില്‍ തലയിടിച്ച് യുവതി മരിക്കുകയായിരുന്നു. ക്യാംപസില്‍ നടത്തിയ മോക്ഡ്രില്ലില്‍ കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്നുമായിരുന്നു പരിശീലകന്‍ 19 കാരിയെ തള്ളിയിട്ടത്.
കോയമ്പത്തൂരിലെ കോവൈ കലൈമഗള്‍ കോളേജില്‍ ലോകേശ്വരി എന്ന പെണ്‍കുട്ടിയാണ് മരണമടഞ്ഞത്. അപകടത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. താഴേയ്ക്ക് ചാടാന്‍ മടികാട്ടിയ പെണ്‍കുട്ടിയെ പരിശീലകന്‍ തള്ളിയിടുന്നതും വീഴുന്നതിനിടയില്‍ പെണ്‍കുട്ടിയുടെ തല സണ്‍ഷേഡില്‍ ഇടിയ്ക്കുന്നതുമായ ഞെട്ടിപ്പിക്കുന്ന ദൃശ്യമാണ് പുറത്തുവന്നത്. പരിശീലകനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
തീപിടുത്തം പോലെയുള്ള സാഹചര്യങ്ങളെ നേരിടാന്‍ വേണ്ടിയുള്ള പരിശീലനമാണ് നല്‍കിയത്. രണ്ടാം നിലയില്‍ നിന്നും താഴെ കുട്ടികള്‍ നിവര്‍ത്തിപ്പിടിച്ച വലയിലേക്കായിരുന്നു ചാടേണ്ടിയിരുന്നത്. എന്നാല്‍ പെണ്‍കുട്ടി ചാടാന്‍ മടി കാട്ടുകയായിരുന്നു. തുടര്‍ന്ന് പരിശീലകനെത്തി തള്ളിയിട്ടു. പെണ്‍കുട്ടിക്ക് മുമ്പ് മറ്റ് അഞ്ചുപേര്‍ പരിശീലനം അപകടം കൂടാതെ പൂര്‍ത്തിയാക്കി.
ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ മേല്‍നോട്ടത്തിലാണ് മോക്ഡ്രില്‍ നടന്നതെന്നാണ് കോളേജ് പറയുന്നത്. എന്നാല്‍ തങ്ങള്‍ വിവരം അറിഞ്ഞിട്ടില്ലെന്ന് ദേശീയ ദുരന്ത നിവാരണ ഏജന്‍സി വ്യക്തമാക്കി. വ്യാഴാഴ്ചയാണ് മോക്ഡ്രില്‍ നടത്തിയത്.
പെണ്‍കുട്ടി ചാടാന്‍ മടി കാട്ടുന്നത് വീഡിയോയില്‍ വ്യക്തമാണ്. പരിശീലകന്‍ ആര്‍ അറുമുഖന്‍ തള്ളിയിട്ട പെണ്‍കുട്ടിയുടെ തല ഒന്നാം നിലയിലെ ഷേഡില്‍ വന്നടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ഉടന്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജിലേക്കും മാറ്റിയെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. രണ്ടാം വര്‍ഷ ബിബിഎ വിദ്യാര്‍ത്ഥിയാണ് ലോകേശ്വരി. സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ നടപടി എടുക്കുമെന്ന് കെ പി അന്‍പളകന്‍ വ്യക്തമാക്കി.
കാത്തിരുന്ന ശുഭവാർത്ത ലോകം മുഴുവൻ ആഘോഷിക്കുന്നതിനിടെ അമ്പരപ്പിക്കുന്ന വെളിപ്പെടുത്തല്‍. അടിയന്തര രക്ഷാപ്രവർത്തനത്തിടെയും ഗുഹയിൽ നിറഞ്ഞ വെള്ളം നിരന്തരമായി പുറത്തേക്ക് പമ്പ് ചെയ്തു കളയുന്നുണ്ടായിരുന്നു. ഇതിനിടയിലാണ് പതിമൂന്ന് പേരെയും പുറത്തെത്തിച്ചതും. എന്നാൽ പതിമൂന്ന് പേരെയും പുറത്തെത്തിച്ച് മണിക്കൂറുകൾക്കുള്ളിൽ വാട്ടർ പമ്പുകൾ പ്രവർത്തന രഹിതമായി. ഇതേത്തുടർന്ന് ഗുഹയിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നെന്ന് അകത്തുണ്ടായിരുന്ന ്രഡൈവർമാർ വെളിപ്പെടുത്തി. രക്ഷാപ്രവർത്തനസമയത്ത് യാതൊരു കുഴപ്പവുമില്ലായിരുന്ന പമ്പുകൾ പെട്ടെന്ന് പ്രവർത്തനരഹിതമാകാനുള്ള കാരണം വ്യക്തമല്ല.
കുട്ടികൾ അകത്തുണ്ടായിരുന്നപ്പോഴാണ് പമ്പുകൾ പണിമുടക്കിയിരുന്നതെങ്കിൽ രക്ഷാപ്രവർത്തനം തകിടം മറിഞ്ഞേനെ. പതിമൂന്ന് പേരുടെയും ജീവനും അപകടത്തിലായേനെയെന്ന് രക്ഷാപ്രവർത്തകസംഘം പറയുന്നു.
13 പേര്‍ക്കുവേണ്ടി ലോകം മുഴുവൻ ഒരുമനസ്സോടെ പ്രാർഥിച്ച ദിനങ്ങൾ ആണ് കടന്നുപോയത്. ദിവസങ്ങൾ നീണ്ടുനിന്ന ലോകോത്തര രക്ഷാദൗത്യത്തിനൊടുവിലാണ് താം ലുവാങ് ഗുഹയിൽ കുടുങ്ങിയ 12 കുട്ടികളെയും ഫുട്ബോൾ കോച്ചിനെയും രക്ഷപെടുത്തി പുറത്തെത്തിച്ചത്. രണ്ട് ദിവസമെടുത്താണ് ഇവരെ പുറത്തെത്തിച്ചത്.
ജൂൺ 23നാണ് പന്ത്രണ്ട് കുട്ടികളും ഫുട്ബോൾ പരിശീലകനും ഗുഹക്കുള്ളിൽ കുടുങ്ങിപ്പോയത്. പത്താം ദിവസമാണ് ഇവരെ കണ്ടെത്തിയത്. ആദ്യദിവസം നാല് പേരെയും രണ്ടാം ദിവസം ബാക്കി ഒൻപത് പേരെയും പുറത്തെത്തിച്ചു.
സംഭവ ബഹുലമായ ദൗത്യം ഇങ്ങനെ:
പ്രകൃതിയുടെ നിഗൂഢതകളെ അടുത്തറിഞ്ഞ ദിവസങ്ങള്‍. ലോകം നോക്കിയിരുന്നു ആ രക്ഷാദൗത്യം. മനുഷ്യസാധ്യമോ എന്ന് പോലും പകച്ച മണിക്കൂറുകള്‍. ഒടുവില്‍ പ്രതിസന്ധികള്‍ തീവ്രപരിശ്രമങ്ങള്‍ക്ക് മുന്നില്‍ വഴിമാറി. അപകടത്തില്‍പ്പെട്ട ഒരാള്‍ക്ക് പോലും ജീവഹാനിയോ ഒരുപോറല്‍ പോലും ഏല്‍ക്കാതെ രക്ഷാദൗത്യം സേന പുറത്തെത്തിച്ചു. കൃത്യമായ മുന്നൊരുക്കങ്ങളും വരുംവരായ്കകളും മുന്‍കൂട്ടി കണ്ടുള്ള നീക്കങ്ങളാണ് ഘട്ടംഘട്ടമായി വിജയത്തിലേക്കെത്തിച്ചത്. ഒരാള്‍ക്ക് കഷ്ടിച്ച് നിരങ്ങി നീങ്ങാന്‍ കഴിയുന്ന ഇടങ്ങള്‍ വരെ ഗുഹയ്ക്കുള്ളിലുണ്ടായിരുന്നു. അതിനെയെല്ലാം മറികടന്നാണ് കുട്ടികളെയും പരിശീലകനെയും പുറത്തെത്തിച്ചത്. കുട്ടികള്‍ കുടുങ്ങിയ നാലുകിലോമീറ്റര്‍ മറികടക്കുക എന്നത് നിസാരമായിരുന്നില്ല. കൂരിരുട്ടിൽ ഗുഹയിലെ വെള്ളക്കെട്ടിലൂടെ മുങ്ങാങ്കുഴിയിട്ടും നീന്തിയും ചിലയിടങ്ങളിൽ ഒരാൾക്കു കഷ്ടി നീങ്ങാൻ കഴിയുന്ന ഇടുക്കിലൂടെ നിരങ്ങിക്കയറിയും ഇടയ്ക്കു നടക്കുകയും വേണം. ഇങ്ങനെ പിന്നിടേണ്ടത് നാലു കിലോമീറ്റര്‍.
കഴിഞ്ഞ തിങ്കളാഴ്ച 12 കുട്ടികളെയും പരിശീലകനെയും കണ്ടെത്തിയശേഷം ഇവരെ സുരക്ഷിതമായി പുറത്തെത്തിക്കാൻ ദൗത്യ സംഘം തയാറാക്കിയ രക്ഷാപദ്ധതി ഇതാണ്. വെള്ളത്തിനടിയിലൂടെയുള്ള നീന്തലിനിടെ കുട്ടികൾ വല്ലാതെ ഭയന്നുപോകുമോ എന്നതായിരുന്നു പ്രധാന വെല്ലുവിളി. കുട്ടികളിൽ ആർക്കും നീന്തൽ പരിചയം ഇല്ലായിരുന്നു. മുഖം മറയ്ക്കുന്ന സ്കൂബ മാസ്ക്, ഹെൽമറ്റ്, ദേഹമാസകലം മൂടുന്ന നനവിറങ്ങാത്ത വസ്ത്രം, ബൂട്ട് എന്നിവ ധരിച്ചശേഷം രണ്ടു നീന്തൽ വിദഗ്ധരുടെ നടുവിലായിരുന്നു പുറത്തേക്കുള്ള യാത്ര. ഗുഹയ്ക്കുള്ളിലെ നീന്തലിനു പ്രത്യേകം പരിശീലനം ലഭിച്ചവരാണ് ഇവർ. ഗുഹാമുഖത്തുനിന്ന് കുട്ടികളെ കണ്ടെത്തിയ സ്ഥലം വരെ നാലു കിലോമീറ്റർ ദൂരത്തിൽ വലിച്ചുകെട്ടിയ 8 മി.മീ. കനമുള്ള ഇളകാത്ത കേബിൾ ആയിരുന്നു ദൗത്യസംഘാംഗങ്ങൾക്കുള്ള വഴികാട്ടി. മുന്നിലുള്ള ഡൈവറാണു കുട്ടിയുടെ ഓക്സിജൻ ടാങ്ക് ചുമന്നത്. മുന്നിലുള്ളയാളുമായി കുട്ടിയെ ബന്ധിപ്പിക്കുകയും ചെയ്തു.
ഇതായിരുന്നു ഗുഹയ്ക്കുള്ളില്‍ കുടുങ്ങിയ 13 പേരെ രക്ഷാസംഘം പുറത്തെത്തിച്ചത്. സമീപകാലത്തു ലോകം കണ്ട അതീവ ദുഷ്കരദൗത്യങ്ങളിെലാന്നായി ഇതിനെ വിലയിരുത്താം. തീവ്രരക്ഷാദൗത്യത്തിനിടെ, തായ് നാവികസേനാ മുൻ ഉദ്യോഗസ്ഥൻ സമൻ കുനോന്ത് (38) മരിച്ചതു നൊമ്പരമായി. ഗുഹയിൽ കുടുങ്ങിയ 13 പേർക്കായി ഓക്സിജൻ എത്തിച്ചശേഷം ആഴമേറിയ വെള്ളക്കെട്ടിലൂടെ മടങ്ങുംവഴി സ്വന്തം ശേഖരത്തിലെ ജീവവായു തീർന്നാണു നീന്തൽ വിദഗ്ധനായ സമൻ കുനോന്ത് മരിച്ചത്. ജൂൺ 23നാണ് ഉത്തര തായ്‍ലൻഡിൽ താം ലുവാങ് ഗുഹയിൽ 12 കുട്ടികളും അവരുടെ ഫുട്ബോൾ പരിശീലകനും കയറിയത്. ഇവർ കയറുന്ന സമയത്തു ഗുഹയ്ക്കുള്ളില്‍ വെള്ളമുണ്ടായിരുന്നില്ല. പിന്നീട് പെയ്ത പെരുമഴയില്‍ വെള്ളം ഇരച്ചുകയറി. ഗുഹാകവാടം ചെളിമൂടി. ചെളിയും മാലിന്യങ്ങളും ഗുഹയുടെ ഇടുങ്ങിയ ഭാഗങ്ങളിലും നിറഞ്ഞു. വെളിച്ചം മറഞ്ഞു. തുടർച്ചയായി മഴ പെയ്തതോടെ, 10 കിലോമീറ്റർ നീളമുള്ള, ചുണ്ണാമ്പുകല്ലു നിറഞ്ഞ ഗുഹയുടെ നാലു കിലോമീറ്റർ അകത്തെത്തിയിരുന്നു കുട്ടികൾ.
ബ്രിട്ടൻ, യുഎസ്, ചൈന, മ്യാൻമർ, ലാവോസ്, ഓസ്ട്രേലിയ, ജപ്പാൻ, റഷ്യ, ഫിൻലൻഡ്, ഡെന്മാർക്ക്, സ്വീഡൻ, നെതർലൻഡ്സ്, ബെൽജിയം, ജർമനി, ചെക്ക് റിപ്പബ്ലിക്, യുക്രെയ്ൻ, ഇസ്രയേൽ തുടങ്ങിയ രാജ്യങ്ങളുടെ ഏകോപനമാണു രക്ഷാപ്രവർത്തനം വിജയമാക്കിയത്.
വെള്ളച്ചാട്ടത്തിനു മുകളിൽ നിന്നു വീണു പ്രമുഖ യൂട്യൂബ് താരങ്ങൾക്കും അതിലൊരാളിന്റെ കാമുകിക്കും ദാരുണാന്ത്യം. ‘ഹൈ ഓൺ ലൈഫ് സൺഡേ ഫൺഡേയ്സ്’ എന്ന യൂട്യൂബ് ചാനൽ ഉടമകളായ റൈക്കർ ഗാമ്പിൾ, അലക്സി ല്യാക്ക്, അലക്സിയുടെ കാമുകി മേഗൻ സക്രാപ്പർ എന്നിവരാണ് മരിച്ചത്. കാനഡയിലെ ബ്രിട്ടിഷ് കൊളംബിയയിലുള്ള ഷാനൻ വെള്ളച്ചാട്ടത്തിൽനിന്ന് 100 അടി താഴ്ചയിലേക്കു വീണായിരുന്നു അന്ത്യം. ചൊവ്വാഴ്ച വെള്ളച്ചാട്ടത്തിൽ നീന്തുന്നതിനിടയിൽ കാൽവഴുതി വീണ മേഗനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മറ്റു രണ്ടുപേരും അപകടത്തിൽ പെട്ടത്. ബുധനാഴ്ച വൈകിട്ടാണ് ഇവരുടെ മൃതദേഹങ്ങൾ മുങ്ങൽവിദഗ്ധർ കണ്ടെടുത്തത്.
2012–ലാണ് റൈക്കർ ഗാമ്പിളും അലക്സി ല്യാക്കും മറ്റൊരു സുഹൃത്തും ചേർന്നു യുട്യുബ് ചാനൽ ആരംഭിക്കുന്നത്. വിനോദസഞ്ചാര കേന്ദ്രങ്ങളുടെയും സാഹസിക യാത്രകളുടെയും വിഡിയോകൾ സ്ഥിരമായി അപ്‌ലോഡ് ചെയ്തിരുന്ന ചാനലിന് അഞ്ചു ലക്ഷത്തിലധികം വരിക്കാർ ഉണ്ടായിരുന്നു. ഇൻസ്റ്റഗ്രമിലും ഇവർ പ്രശസ്തരായിരുന്നു. സാഹസികത യാത്രകളുടെ ഭാഗമായി ദേശീയോദ്യാനങ്ങളിൽ അതിക്രമിച്ചു കടക്കാൻ ശ്രമിച്ചതിന് ഇവർ ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. കാനഡയിൽ വൻ ജനസ്വീകാര്യതയുള്ള ഇവരുടെ മരണാനന്തര ചടങ്ങുകൾക്കു പണം സ്വരൂപിക്കാൻ സുഹൃത്തുക്കൾ ‘ഗോ ഫണ്ട് മീ’ എന്ന പേരിൽ യൂട്യൂബിൽ ക്യാംപെയ്നും ആരംഭിച്ചിട്ടുണ്ട്.
എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യുവിന്റെ വേർപാടിൽ മനംനൊന്ത് സുഹൃത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. അനുരാഗ് ശശിധരൻ എന്ന സഹപാഠിയുടെ കുറിപ്പിൽ അഭിമന്യുവിന് കൂട്ടൂകാർക്കിടയിലുള്ള സ്ഥാനം എന്തെന്ന് വ്യക്തമാക്കുന്നു. അഭിമന്യുവിന്റെ ഫുട്ബോൾ കമ്പവും പാട്ടുകളും കുറിപ്പിൽ എടുത്തു പറയുന്നു.
പോസ്റ്റിന്റെ പൂർണരൂപം….
അഭി … നമ്മുടെ ഹോസ്റ്റൽ ഇപ്പോൾ നിശബ്ദമാണ് കഴിഞ്ഞ രാത്രി പന്ത്രണ്ട് മണിവരെ നിന്റെ ഉച്ചത്തിലുള്ള ശബ്ദവും കളിയാക്കലുകളും പാട്ടും നിലച്ച് ഒരു ശ്മശാനമെന്നോണം എം സി ആർ വി വിറങ്ങലിച്ച് നിൽക്കുകയാണെടാ…
നമ്മൾ ഒന്നിച്ചിരുന്ന് ലോകകപ്പ് കാണുമ്പോൾ നീയുണ്ടാക്കുന്ന ആവേശം. നിന്റെ കളിയാക്കൽ ഭയന്നാണ് ഒരോരുത്തരും സ്വന്തം ടീം ജയിക്കാനാഗ്രഹിക്കുന്നത്. കഴിഞ്ഞ ദിവസം പോർച്ചുഗൽ തോറ്റപ്പോൾ നീ നാട്ടിലായിരുന്നതിൽ ഞാൻ ആശ്വസിച്ചിരുന്നു. നാട്ടിൽ ചേച്ചിയുടെ കല്യാണ ഒരുക്കവും ഡിവൈഎഫ്ഐ സമ്മേളനവും കഴിഞ്ഞ് സ്റ്റീൽ ബോബിനെ കളിയാക്കാൻ ഞാൻ വരാം .ഞാനില്ലാത്തതിന്റെ പേരിൽ അധികം ആശ്വസിക്കണ്ട എന്ന് തലേന്ന് പറഞ്ഞാണ് നീ പോയത് ..
ഞായർ രാത്രി നിന്റെ കളിയാക്കൽ പേടിച്ച് ഞാൻ നിന്റെ മുന്നിൽപെടാതെ മാറി നിൽക്കുകയായിരുന്നു പക്ഷെ ആ ഒളിച്ച്കളിക്ക് അധിക നേരം ആയുസ്സുണ്ടായിരുന്നില്ല. നീ എന്നെ കണ്ടെത്തി വയറു നിറച്ച് തന്നാണ് വിട്ടത് . അന്ന് ഞാൻ നിന്റെ ടീമായ കൊളംബിയ തോറ്റുപോകണേയെന്ന് പ്രാകിയിരുന്നു.. ഇന്ന് നിന്റെ ടീമിന്റെ കളിയുണ്ടെടാ കാണാൻ നീയില്ലാ… ഇന്ന് നിനക്ക് വേണ്ടി നിന്റെ ടീം ജയിക്കണം അത് കണ്ടെങ്കിലും ഞങ്ങൾക്ക് സന്തോഷിക്കാലോ …
ഉള്ളു നിറയെ സ്നേഹം നിറച്ച നിന്റെ നെഞ്ച് കുത്തി കീറിയ ക്രൂരതയ്ക്ക് പക്ഷെ നിന്റെയുള്ളിലെ സ്നേഹത്തിനെ നൻമയെ ഒരു പോറൽപോലും ഏൽപ്പിക്കാൻ കഴിഞ്ഞിട്ടില്ലെടാ.. നീ പോയ രാത്രി
ആ ആശുപത്രിക്ക് പുറത്ത് പെയ്ത മഴമുഴുവൻ നനഞ്ഞാണ് ഞങ്ങൾ നിന്നത് അന്ന് പെയ്തത് നീ തന്നെയാണ് നിന്റെയുള്ളിലെ നൻമയാണ് എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത് .
കോളേജ് വിട്ട് വൈകുന്നേരം ഹോസ്റ്റൽ ഗേറ്റിൽ നീ പാടിക്കൊണ്ടിരുന്ന വൈകുന്നേരങ്ങൾ. ഹോസ്റ്റലിലെ നടുമുറ്റത്ത് നമ്മൾ മഴ നനഞ്ഞ് പാടിയ കാലം …
മെസ്സില്ലാത്ത അവധികാലത്ത് കഞ്ഞിവെച്ച് കുടിച്ച് കഴിച്ചു കൂട്ടിയ രാത്രി .. അവധിക്ക് എല്ലാരും നാട്ടിൽപോയപ്പോൾ ട്രെയിനിൽ യാത്ര ചെയ്യാനാഗ്രഹിച്ച് കോഴിക്കോടെയും മലപ്പുറത്തേയും സുഹൃത്തുകളുടെ വീട്ടിലും സന്ദർശിച്ച് .അവസാനം എന്റെ വീട്ടിലുമെത്തി ആ അനുഭവങ്ങൾ മുഴുവൻ പറഞ്ഞ് ഇനി നാട്ടിലേക്ക് എന്നും പറഞ്ഞ് ഇറങ്ങിപോയത് ഇപ്പോഴും ഓർമ്മകളിൽ അലയടിക്കുന്നുണ്ട് …
നിനക്ക് ഒരുപാട് സ്വപ്നങ്ങളുണ്ടായിരുന്നു നിന്റെ നാട്ടിൽ നിലനിൽക്കുന്ന ജാതി വിവേചനം ഇല്ലായ്മ ചെയ്യണം .നാട്ടിലെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകി വരും തലമുറയെ മുഴുവൻ ആ വിപത്തിൽ നിന്ന് പുറത്തെത്തിക്കണം എന്നൊക്കെ നീ ആഗ്രഹിച്ചിരുന്നല്ലോ.. മഹാരാജാസിൽ ഡിഗ്രിയിലും പീജിയിലും പഠിക്കുന്ന പലരോടും തന്റെ നാട്ടിൽ വന്ന് ക്ലാസെടുക്കാൻ നീ ക്ഷണിച്ചിരുന്നു .. ഒരിക്കൽ എന്നോടും വരണമെന്ന് നീ പറഞ്ഞിരുന്നു അതൊക്കെ സാധിച്ചെടുക്കാൻ നീ ഇപ്പോൾ ഈ ഭൂമിയിലില്ലെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെടാ..
നിന്നെകുറിച്ച് എഴുതിയാലും എഴുതിയാലും തീരില്ല .ഇന്നലെ രാത്രി മുഴുവൻ നീ ഉറങ്ങുന്ന ജനറൽ ഹോസ്പിറ്റലിന്റെ പുറത്ത് ഞങ്ങളെല്ലാം കഴിഞ്ഞുപോയ നശിച്ച നിമിഷത്തെ പഴിച്ച് കാത്തിരുന്നു. എല്ലാം ഒരു ദുസ്വപ്നമാകണെയെന്ന് ആഗ്രഹിച്ച് നിന്റെ തിരിച്ച് വരവ് കൊതിച്ച്…നീ ഞങ്ങൾക്കൊക്കെ പ്രിയപ്പെട്ടവനായിരുന്നു വരാനിരിക്കുന്ന ചേച്ചിയുടെ കല്യാണത്തിന് മുഴുവൻ എം സി ആർ വി കാരെയും കൊണ്ടുപോകാൻ വണ്ടിയേർപ്പാടാക്കുമെന്നും ആ നാട് മുഴുവൻ നിങ്ങളെ ഞാൻ കാണിക്കുമെന്നും പറഞ്ഞ് ആ ദിവസത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു നീ, നിന്റെ സ്വർഗ്ഗത്തിലേക്ക് ആഘോഷപൂർവ്വം വരാൻ ഞങ്ങളും …
ഇന്നലെ നീ പറഞ്ഞ ആ മനോഹരമായ നാട്ടിലേക്ക് ഞങ്ങൾ വന്നിരുന്നു പക്ഷെ ആ യാത്രക്ക് നിന്റെ പാട്ടുകളുടെ അകമ്പടിയില്ലായിരുന്നു നിന്റെ തമാശകളും നിർദ്ദേശങ്ങളുമ്മില്ലായിരുന്നു പകരം തളംകെട്ടി നിൽക്കുന്ന മൗനവും ഘനീർഭവിച്ച ദുഖവും ചിതയിലേക്കെടുക്കുമുൻപ് നിനക്കായി നെഞ്ചുതട്ടി ഉറക്കെ വിളിക്കാൻ മനസ്സിൽ കെട്ടി നിൽക്കുന്ന മുദ്രാവാക്യങ്ങളും മാത്രമായിരുന്നു കൂട്ട്
അഭി ..
നീയെന്നും ഞങ്ങളിലുണ്ടാകും നിന്റെ ശബ്ദം നമ്മുടെ ക്യാമ്പസിൽ ഇപ്പഴും അലയടിക്കുന്നുണ്ടാകും മതേതര യൗവ്വന മഹാ സ്മാരകമായ മഹാരാജാസിൽ വർഗ്ഗീയതയുടെ വിഷവിത്തുപാകാനെത്തിയ നരഭോജികളെ ഇടനെഞ്ചുകൊണ്ട് നീ ചെറുത്ത ഈ ദിനം ..നിന്റെ ഉജ്വല രക്തസാക്ഷിത്വത്തിന്റെ പേരിൽ എന്നും ഓർമ്മിക്കപ്പെടും.
ലോകം മൊത്തം വൈറലായിരിക്കുകയാണ് ഇൗ അര്‍ജന്റീനന്‍ ആരാധകനും ഇൗ സുരക്ഷാ ജീവനക്കാരിയും. ടിക്കറ്റ് എവിടെ എന്നുചോദിച്ചതിന് ഉത്തരമായി ചുംബനം കിട്ടിയാലോ..? സംഭവം ഇങ്ങനെ: അർജന്റീന-നൈജീരിയ മത്സരത്തിനിടയിൽ സീറ്റിലിരിക്കാതെ ചവിട്ടുപടിയിൽ വന്നു നിൽക്കുകയായിരുന്നു ഈ അർജന്റീന ആരാധകൻ. ഇതു കണ്ടുവന്ന സുരക്ഷാ ജീവനക്കാരി ആരാധകനോട് ടിക്കറ്റു ചോദിച്ചു. ഇതിനടിയിലാണ് അർജന്റീന ഗോളടിച്ചത്.
പിന്നെ പറയണോ പൂരം. അവേശം അല തല്ലിയ ആരാധകന്‍ പിന്നീട് ചെയ്തതെല്ലാം യാന്ത്രികമായിരുന്നു.സുരക്ഷാ ജീവനക്കാരിയെ കെട്ടിപ്പിടിച്ച് ചുംബിക്കുകയായിരുന്നു കക്ഷി. ചോദിച്ചത് ടിക്കറ്റ്, കിട്ടിയത് ചുംബനം..! ഏതു സമയത്താണാവോ ഇയാളോട് ടിക്കറ്റ് ചോദിക്കാന്‍ തോന്നിയതെന്ന് മനസില്‍ പറഞ്ഞിട്ടുണ്ടാകും ഇൗ സുരക്ഷാജീവനക്കാരി.
ഇതോടെ ടിക്കറ്റു പരിശോധന അവസാനിപ്പിച്ച ജീവനക്കാരി സ്ഥലം കാലിയാക്കി. ആവേശം അണപൊട്ടിയൊഴുകുന്ന ആരാധകന്‍റെയും ഈ ആവേശത്തിനു മുന്നിൽ പെട്ടുപോയ സുരക്ഷാ ജീവനക്കാരിയുടെയും വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്. അര്‍ജന്റീന ഗോള്‍ അടിച്ചാല്‍ പിന്നെ ചുറ്റുമുള്ളതൊന്നും കാണാന്‍ പറ്റില്ല..കുറ്റബോധം തോന്നിയില്ലെങ്കിലും ചെയ്യുന്നതെല്ലാം താന്ത്രികമായിരിക്കുെമന്നാണ് ചിലരുടെ കമന്റുകള്‍
ചാലക്കുടിക്കാരായ രണ്ടു പെണ്‍കുട്ടികള്‍ ബുള്ളറ്റില്‍ ഹിമാലയന്‍ യാത്ര വിജയകരമായി പൂര്‍ത്തിയാക്കി തിരിച്ചെത്തി. പതിനാറു ദിവസമെടുത്താണ് പതിനെട്ടുകാരികള്‍ ബുള്ളറ്റില്‍ മടങ്ങി എത്തിയത്.യാത്രയിലുടനീളം കൊടും തണുപ്പും മഞ്ഞും. ഉയരം കൂടുംതോറം ശ്വാസംകിട്ടാത്ത അവസ്ഥ. പലപ്പോഴും മരണം മുന്നില്‍ കണ്ടു. ഇടയ്ക്ക് ബുള്ളറ്റ് മഞ്ഞില്‍ കുടുങ്ങി. അങ്ങനെ, നിരവധി പ്രതിസന്ധികള്‍ മറികടന്ന് ഈ രണ്ടു പെണ്‍കുട്ടികള്‍ ഹിമാലയം കീഴടക്കി.
ചാലക്കുടി സ്വദേശികളായ ആന്‍ഫി മരിയ ബേബിയും അനഘയും. ഹിമാലയത്തിലേക്കൊരു ബൈക്ക് യാത്ര ഈ പെണ്‍കുട്ടികളുടെ സ്വപ്നമായിരുന്നു. ആ സ്വപ്നമാണ് യാഥാര്‍ഥ്യമായത്.
ന്യൂഡല്‍ഹിയില്‍ നിന്ന് ചണ്ഡീഗണ്ഡ് , മണാലി വഴിയായിരുന്നു യാത്ര. രണ്ടു പേരും കുട്ടിക്കാലെ തൊട്ടേ കൂട്ടുകാരായിരുന്നു. പ്ലസ്ടുവിന് പഠിക്കുമ്പോഴായിരുന്നു ഹിമാലയത്തിലൂടെയുള്ള ബൈക്ക് യാത്ര ഇവരുടെ സ്വപ്നത്തില്‍ ഇടംപിടിച്ചത്.
വീട്ടുകാര്‍ സമ്മതിച്ചോടെ യാത്രയ്ക്കായുള്ള പരിശീലനവും തയാറെടുപ്പും തുടങ്ങി.ബൈക്കിലൂടെയുള്ള യാത്ര കാമറയില്‍ പകര്‍ത്താന്‍ ഒരുസംഘത്തേയും കൂടെക്കൂട്ടിയിരുന്നു. കോയമ്പത്തൂരില്‍ ബി.ബി.എ. എവിയേഷന്‍ മാനേജ്മെന്റ് വിദ്യാര്‍ഥിനിയാണ് ആന്‍ഫി. അനഘയാകട്ടെ ഗ്രാഫിക് ഡിസൈന്‍ കോഴ്സിന് പഠിക്കുന്നു.
റോഡിൽ പ്രതിഷേധക്കാരെ ഒാടിക്കാന്‍ ജലപീരങ്കി പ്രയോഗിക്കുന്നത് കണ്ടിട്ടുണ്ടെങ്കിലും വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ചാല്‍ ഇങ്ങനൊരു മറുപണി ഒരിക്കലും പ്രതിഷിച്ചിരിക്കില്ല. അതും തണുത്തു മരവിച്ചു പുറത്താക്കാം എന്നാണ് പുതിയ കണ്ടെത്തല്‍. പുറപ്പെടാൻ വൈകിയ വിമാനത്തിനുള്ളിൽ ഭക്ഷണവും വെള്ളവും ലഭിക്കാതെ ഒന്നര മണിക്കൂർ കഴിയേണ്ടിവന്ന യാത്രക്കാര്‍ പ്രതിഷേധിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.
കൊൽക്കത്തയിൽനിന്നു ബഗ്ദോഗ്രയിലേക്കുള്ള എയർ ഏഷ്യ വിമാനത്തിലാണു സംഭവം. വിമാനത്തിലെ എസി പൂർണതോതിൽ പ്രവർത്തിപ്പിച്ചു യാത്രക്കാരെ പുറത്തുചാടിക്കാന്‍ പൈലറ്റ് ശ്രമിച്ചു. ഇതോടെ രംഗം കയ്യാങ്കളിലേക്ക് കടന്നു. ഒപ്പമുണ്ടായിരുന്ന യാത്രക്കാരില്‍ ഒരാള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഫെയ്സ്ബുക്കില്‍ പങ്കുവച്ചതോടെ സംഭവം വൈറലായി.
രാവിലെ ഒൻപതിനു പുറപ്പെടേണ്ടിയിരുന്ന വിമാനം വൈകിയതിനെ തുടർന്ന് ഭക്ഷണവും വെള്ളവും ലഭിക്കാതെ യാത്രക്കാർക്ക് ഒന്നര മണിക്കൂറാണ് വിമാനത്തിനുള്ളിൽ കഴിയേണ്ടിവന്നത്. ഒന്നര മണിക്കൂറിനുശേഷം യാത്രക്കാരോട് പുറത്തിറങ്ങാൻ പൈലറ്റ് ആവശ്യപ്പെട്ടു. മഴ കാരണം പുറത്തിറങ്ങാൻ വിസമ്മതിച്ച യാത്രക്കാരെ പുറത്തിറക്കാൻ പൈലറ്റ് എയർ കണ്ടീഷണർ പൂർണതോതിൽ പ്രവർത്തിപ്പിച്ചു.
ഇതോടെ വിമാനത്തിനുള്ളിൽ പുക നിറഞ്ഞു. ശ്വാസംമുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്ന് കുട്ടികൾ ഉൾപ്പെടെയുള്ള യാത്രക്കാർ നിലവിളിക്കുകയും ചിലർ ഛർദ്ദിക്കുകയും ചെയ്തു. തുടർന്ന്, എസി പ്രവർത്തിപ്പിക്കുന്നതു നിർത്താൻ ആവശ്യപ്പെട്ടു യാത്രക്കാർ വിമാനത്തിലെ ജീവനക്കാരും തമ്മില്‍ വാക്കുതർക്കത്തിലായി. സംഭവം പുറത്തറിഞ്ഞതോടെ, സാങ്കേതിക കാരണങ്ങളാൽ വിമാനം വൈകിയെന്നും യാത്രക്കാർക്കു നേരിട്ട ബുദ്ധിമുട്ടിൽ ഖേദിക്കുന്നുവെന്നും കാട്ടി എയർഏഷ്യ വിശദീകരണക്കുറിപ്പ് പുറത്തിറക്കിയിരിക്കുകയാണ്.