ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ നടന്ന സംഭവങ്ങള്‍ക്കു പിന്നില്‍ ലഷകര്‍ ആണെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ് ആരോപിച്ചതിനു കാരണമായ ഹഫീസ് സഈദിന്റെ പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ട് വ്യാജം. ക്യാംപസിലെ അഫ്‌സല്‍ ഗുരു അനുസ്മരണത്തിനു പിന്നില്‍ താനാണെന്ന് വ്യാജ അക്കൗണ്ട് മുന്‍ നിര്‍ത്തി പറഞ്ഞ ഇന്ത്യന്‍ ആഭ്യന്തര മന്ത്രിയുടെ നിലപാട് സ്വന്തം ജനങ്ങളെ മണ്ടന്‍മാരാക്കുന്നതിനുളള നല്ല ഉദാഹരണമാണെന്ന് ലഷ്‌കര്‍ നേതാവ് ഹാഫിസ് സഈദ് ട്വീറ്റ് ചെയ്തു.
വിദ്യാര്‍ത്ഥികള്‍ക്കു പിന്നില്‍ ഭീകര സംഘടനയാണെന്നും ഭീകര ബന്ധം അന്വേഷിക്കുമെന്നുമായിരുന്നു രാജ്‌നാഥ് സിങ് ഇന്നലെ പറഞ്ഞത്. എന്നാല്‍ വ്യാജ അക്കൗണ്ട് കാട്ടിയുള്ള മന്ത്രിയുടെ പ്രസ്താവനയെ തീവ്രവാദി നേതാവ് തന്റെ ട്വീറ്റിലൂടെ പരിഹസിക്കുകയാണ്. കശ്മീരികള്‍ അവരുടെ ഉറച്ച തീരുമാനത്തിലൂടെ ചരിത്രം രചിക്കുകയാണ്. അവിടുത്തെ യുവാക്കള്‍ ആരുടെ ഉത്തരവുകളെയും അനുസരിക്കില്ലെന്നും സഈദ് പറഞ്ഞു.
കടുത്ത പീഡനങ്ങള്‍ വേണ്ടുവോളം ഏറ്റുവാങ്ങേണ്ടി വന്നതിനാല്‍ അവര്‍ ഇപ്പോള്‍ പിന്‍വലിഞ്ഞാലും പൂര്‍വസ്ഥിതി പ്രാപിക്കും. പാകിസ്താന്‍ വിശ്വസിക്കുന്ന പ്രത്യയശാസ്ത്രം ശ്രീനഗറില്‍ നിന്നും ഡല്‍ഹിവരെ മുഴങ്ങുന്നുവെന്ന യാഥാര്‍ത്ഥ്യത്തെ മറച്ചുവെയ്ക്കാന്‍ കഴിയില്ല. പാകിസ്താനോടുളള ശത്രുതയുടെയും വെറുപ്പിന്റെയും അടിസ്ഥാനത്തിലാണ് ഇന്ത്യ തനിക്കെതിരെ ആരോപണമുന്നയിക്കുന്നതെന്നും ഹാഫിസ് സന്ദേശത്തില്‍ വ്യക്തമാക്കി.
ലണ്ടന്‍: ഇസ്രയേല്‍ വസ്തുക്കള്‍ ബഹിഷ്‌ക്കരിക്കുന്നതില്‍ നിന്ന് രാജ്യത്തെ പ്രാദേശിക കൗണ്‍സിലുകളെയും പൊതുസ്ഥാപനങ്ങളെയും സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയനുകളെയും വിലക്കി. ഇതോടെ സര്‍ക്കാര്‍ ധനസഹായം നല്‍കുന്ന ഒരു സ്ഥാപനങ്ങള്‍ക്കും അധാര്‍മികമായി പ്രവര്‍ത്തിക്കുന്ന കമ്പനികളില്‍ നിന്നുളള സാധനങ്ങള്‍ വാങ്ങാതിരിക്കാന്‍ സാധ്യമല്ല. ആയുധവ്യാപാരം നടത്തുന്ന കമ്പനികളുടെയും ഫോസില്‍ ഇന്ധനങ്ങള്‍ വ്യാപാരം ചെയ്യുന്ന കമ്പനികളുടെയും പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്ന കമ്പനികളുടെയും വെസ്റ്റ് ബാങ്കിലെ അധിനിവേശ പ്രദേശങ്ങളിലെ ഇസ്രയേല്‍ സെറ്റില്‍മെന്റുകളില്‍ നിന്നുമുളള സാധനങ്ങളും സേവനങ്ങളും വേണ്ടെന്ന് വയ്ക്കാന്‍ ഇനി സാധ്യമല്ല.
ഇത്തരം കമ്പനികളുടെ സാധനങ്ങള്‍ ബഹിഷ്‌ക്കരിക്കുന്നവരില്‍ നിന്ന് കനത്ത പിഴ ഈടാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. ബഹിഷ്‌ക്കരണത്തെ തങ്ങള്‍ അടിച്ചമര്‍ത്തിയതായി മുതിര്‍ന്ന സര്‍ക്കാര്‍ വ്യത്തങ്ങള്‍ അറിയിച്ചു. ഇല്ലെങ്കില്‍ അത് സമുദായ ബന്ധങ്ങളെ ബാധിക്കുമെന്നും അധികൃതര്‍ പറഞ്ഞു. ഇത് സമൂഹത്തെ വിഷലിപ്തമാക്കും. സെമിറ്റിസ വിരുദ്ധതയ്ക്ക് എണ്ണപകരാനും ഇതിടയാക്കും. എന്നാല്‍ സര്‍ക്കാര്‍ നടപടി ജനാധിപത്യ ധ്വംസനമാണെന്നാണ് വിമര്‍ശകരുടെ പക്ഷം. സര്‍ക്കാര്‍ നടപടി പ്രാദേശിക ജനാധിപത്യത്തിന് മേലുളള കടന്ന് കയറ്റമാണെന്നാണ് ലേബര്‍ പാര്‍ട്ടി നേതാവ് ജെറെമി കോര്‍ബിന്റെ വക്താവ് പ്രതികരിച്ചത്.
തങ്ങളുടെ പ്രാദേശിക പ്രതിനിധികളെ തെരഞ്ഞെടുക്കാന്‍ ജനങ്ങള്‍ക്ക് പൂര്‍ണ അധികാരമുണ്ട്. ഇത് പൂര്‍ണമായും കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയ നിയന്ത്രണങ്ങളില്‍ നിന്ന് സ്വതന്ത്രമായി ആയിരിക്കണം. ധാര്‍മികവും മനുഷ്യാവകാശപരവുമായ പ്രശ്‌നങ്ങള്‍ കാട്ടി നിക്ഷേപത്തില്‍ നിന്ന് പിന്‍മാറാനും സാധനങ്ങള്‍ വേണ്ടെന്ന് വയ്ക്കാനും അവര്‍ക്ക് അധികാരവും ഉണ്ട്. സര്‍ക്കാര്‍ വലിയ വലിയ കാര്യങ്ങള്‍ പറഞ്ഞ് കൊണ്ട് തികച്ചും യാഥാസ്ഥിതിക നയങ്ങളാണ് വച്ച് പുലര്‍ത്തുന്നത്. ഈയാഴ്ച ഇസ്രയേല്‍ സന്ദര്‍ശിക്കുന്ന ക്യാബിനറ്റ് ഓഫീസ് മിനിസ്റ്റര്‍ മാറ്റ് ഹാന്‍കോക്ക് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കും.
വെസ്റ്റ്ബാങ്കില്‍ നിക്ഷേപമുളളതടക്കമുളള ഇസ്രയേല്‍ കമ്പനികളുടെ സാധനങ്ങളാണ് നേരത്തെ ബഹിഷ്‌ക്കരിച്ചിരുന്നത്. അനധികൃത സെറ്റില്‍മെന്റുകളില്‍ നിന്നുളള വ്യാപാരം നിരുത്സാഹപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സ്‌കോട്ടിഷ് സര്‍ക്കാരും ലെസ്റ്റര്‍ സിറ്റി കൗണ്‍സിലും മറ്റും നേരത്തെ ബഹിഷ്‌കരണത്തിന് ആഹ്വാനം നല്‍കിയിരുന്നു. എന്നാല്‍ ഇനി മുതല്‍ ഇത് തുടരാന്‍ സാധ്യമല്ല. സര്‍ക്കാര്‍ നടപടിയെ ബഹിഷ്‌കരണവാദികള്‍ അപലപിച്ചു.
തീയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന നിവിന്‍ പോളി ചിത്രം ആക്ഷന്‍ ഹീറോ ബിജുവിനെ പുകഴ്ത്തി എഎസ്പി മെറിന്‍ ജോസഫിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. വെള്ളിത്തിരയില്‍ പൊലീസിനോട് നീതി കാണിച്ചുവെന്ന ആമുഖത്തോടെയാണ് മെറിന്റെ തന്റെ കുറിപ്പ് ആരംഭിക്കുന്നത്.
പൊലീസിന്റെ ദൈനംദിന ജീവിതം എങ്ങനെയെന്നുള്ളത് ചിത്രത്തില്‍ കൃത്യമായി കാണിക്കുന്നുണ്ട്. സ്ഥിരം ചേരുവകള്‍ ഒഴിവാക്കി, ഒട്ടും അതിഭാവുകത്വമോ അമാനുഷികതയോ ചേര്‍ക്കാതെയാണ് സിനിമയുടെ കഥ പറഞ്ഞിരിക്കുന്നത്. ജീവിതവുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന വിഷയവും ആഖ്യാനവുമാണ് ചിത്രത്തിന്റെ പ്രത്യേകത. ജീവിതം, മരണം, മനുഷ്യവികാരങ്ങള്‍, നിയമം എന്നിവയാണ് സിനിമ ചര്‍ച്ച ചെയ്യുന്ന വിഷയങ്ങള്‍. ഇതു തന്നെയാണ് പൊലീസ് കൈകാര്യം ചെയ്യുന്നതും. സിനിമ നല്‍കുന്ന സന്ദേശം പ്രേക്ഷകര്‍ ഹൃദയത്തില്‍ കുറിച്ചുവെക്കുമെന്നും മെറിന്‍ ജോസഫിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഹൈദരാബാദ്: വിവാഹം മുടങ്ങിയതിന്റെ പ്രതികാരം തീര്‍ക്കാന്‍ വനിതാ ഡോക്ടര്‍ക്ക് അശ്ലീല സന്ദേശം അയച്ച ടെക്കി അറസ്റ്റില്‍. ഹൈദരാബാദിലാണ് സംഭവം. യുകെയില്‍ ജോലി ചെയ്യുന്ന അസോക് കുമാര്‍(40) എന്ന കമ്പ്യൂട്ടര്‍ എന്‍ജിനീയറാണ് അറസ്റ്റിലായത്. അശോക് കുമാര്‍ ഏറെനാളായി ഒരു വനിതാ ഡോക്ടറുമായി സൗഹൃദത്തിലായിരുന്നു. ഇതേ തുടര്‍ന്ന് അവരുമായുള്ള വിവാഹം ആലോചിക്കുന്നതിനായാണ് അടുത്തിടെ ഇന്ത്യയിലെത്തിയത്.
എന്നാല്‍, ഡോക്ടറുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് വിവാഹം മുടങ്ങിയതോടെ യുവതിയെയും കുടുംബത്തെയും അസഭ്യം പറഞ്ഞ് അശ്ലീല സന്ദേശങ്ങള്‍ അയക്കുകയായിരുന്നു. തുടക്കത്തില്‍ താന്‍ അത് അവഗണിച്ചെങ്കിലും നിരന്തരം അശ്ലീല സന്ദേശങ്ങള്‍ക്കൊപ്പം ഭീഷണിയും വന്നതോടെയാണ് പൊലീസില്‍ പരാതി നല്‍കിയതെന്ന് ഡോക്ടര്‍ പറഞ്ഞു. ഫോണ്‍ നമ്പര്‍, ഇ മെയില്‍ വിലാസം തുടങ്ങിയവ നേരത്തെ തന്നെ ഇരുവരും കൈമാറിയിരുന്നു. ഏതുകാരണത്താലാണ് വിവാഹം മുടങ്ങിയതെന്ന് വ്യക്തമല്ല. വനിതാ ഡോക്ടറുടെ ചില പിടിവാശികളാണ് വിവാഹം മുടങ്ങാന്‍ ഇടയായതെന്ന് ടെക്കി തന്റെ ചില സുഹൃത്തുക്കളോട് പറഞ്ഞതായി പൊലീസ് പറഞ്ഞു.
വിവാഹം മുടങ്ങിയത് പ്രതികാര നടപടിയെന്നോണം ഡോക്ടറുടെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അശ്ലീല ചിത്രങ്ങളും സന്ദേശങ്ങളും അശോക് കുമാര്‍ അയച്ചുകൊടുക്കുകയും ചെയ്തു. ഡോക്ടറുടെ പേരില്‍ വ്യാജ ഇ മെയില്‍ അക്കൗണ്ട് ഉണ്ടാക്കിയശേഷമായിരുന്നു സന്ദേശമയച്ചത്. യുവതിയുടെ പരാതി വിശദമായി അന്വേഷിച്ചശേഷമാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈനികര്‍ക്കുനേരെ ഗ്രാമീണര്‍ കല്ലേറ് നടത്തിയതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ രണ്ടുപേര്‍ മരിച്ചു. പുല്‍വാമ ജില്ലയില്‍ ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. സൈന്യം തീവ്രവാദികളെ നേരിടുന്നതിനിടെയാണ് ജനക്കൂട്ടം സംഘടിച്ചെത്തി കല്ലേറ് നടത്തിയത്. ഷെയ്ത (25), ഡാനിഷ് റഷീദ് മിര്‍ (24) എന്നിവരാണ് മരിച്ചത്. ഏറ്റുമുട്ടലിനിടെ ഒരു തീവ്രവാദിയെ സൈന്യം വധിച്ചു.
സംഘര്‍ഷത്തിനിടെ വെടിയേറ്റും കണ്ണീര്‍വാതക ഷെല്‍ പതിച്ചും പത്തോളം ഗ്രാമീണര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ശ്രീനഗറിലെ ആസ്പത്രിയിലേക്ക് മാറ്റി. സൈന്യവും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നുവെന്ന വാര്‍ത്ത പ്രചരിച്ചതിന് പിന്നാലെയാണ് ഒരുസംഘം ഗ്രാമീണര്‍ സൈനികര്‍ക്കുനേരെ തിരിഞ്ഞത്. രണ്ട് ഗ്രാമീണര്‍ മരിച്ചതിനെത്തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
ഭുവനേശ്വര്‍ : സുഹൃത്തുമായുള്ള വീഡിയോ ചാറ്റിംഗിനിടെ യുവഗവേഷക കഴുത്തില്‍ കുരുക്കിട്ട് ജീവനൊടുക്കി. ഒഡിഷയിലെ ഭുവനേശ്വറിലായിരുന്നു സംഭവം. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മിനൈറല്‍സ് ആന്‍ഡ് മെറ്റീരിയല്‍സ് ടെക്‌നോളജിയിലെ ഗവേഷക വിദ്യാര്‍ത്ഥിനി സുബ്ബലക്ഷ്മി ആചാര്യയാണ് ജീവനൊടുക്കിയത്.
ആത്മഹത്യയ്ക്ക് കാരണം എന്താണെന്ന് അറിവായിട്ടില്ല. രണ്ടു വര്‍ഷമായി മാഞ്ചേശ്വറിലെ ഒരു ഫല്‍റ്റില്‍ ഒറ്റയ്ക്കാണ് സുബ്ബലക്ഷ്മി താമസിച്ചിരുന്നത്. ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെയാണ് സുബ്ബലക്ഷ്മി നാഗ്പൂരിലുള്ള പുരുഷ സുഹൃത്തിനെ വിളിച്ചത്. വീഡിയോ കോളില്‍ സംസാരിക്കുന്നതിനിടെ മുറിയിലുണ്ടായിരുന്ന തുണിയെടുത്തു കഴുത്തില്‍ കുടുക്കിട്ടു തൂങ്ങുകയായിരുന്നു. ദൃശ്യങ്ങള്‍ കണ്ട് സുഹൃത്ത് ഭുവനേശ്വര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. യുവതിയുടെ വീട്ടു വിലാസവും അറിയിച്ചു.
പോലീസ് പെട്ടെന്ന് വീടിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ച് സുബ്ബലക്ഷ്മിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തിക്കും മുമ്പു തന്നെ മരിച്ചിരുന്നു. ശരീരം തൂങ്ങി നില്‍ക്കുന്നത് ഷൂട്ട് ചെയ്യാവുന്ന വിധം സ്മാര്‍ട്ട്‌ഫോണ്‍ ഒരുക്കിവെച്ചാണ് സുബ്ബലക്ഷ്മി തൂങ്ങിയതെന്നു പോലീസ് കണ്ടെത്തി
ടോം ജോസ് തടിയംപാട്
കൊടിയില്‍ നിന്നും വീണ് ജീവിതം ആശുപത്രികിടക്കയില്‍ തളക്കപ്പെട്ട പടമുഖം മുണ്ടുതറയില്‍ ബിനോയ് ഏബ്രഹാമിന്റെ കുടുംബത്തെ സഹായിക്കണം എന്നു അഭ്യര്‍ത്ഥിച്ചു കൊണ്ട് പടമുഖം സേക്രഡ് ഹാര്‍ട്ട് പള്ളി വികാരി ഫാദര്‍ സാബു മാലിതുരുത്തിയിലിന്റെ കത്ത് ലഭിച്ചു. അച്ചന്റെയും റിട്ടയേര്‍ഡ് സപ്‌ളൈ ഓഫീസര്‍ പി കെ സോമന്റെയും നേതൃത്വത്തിലാണ് സഹായസമിതി രൂപീകരിച്ചിട്ടുള്ളത്.
ബിനോയ്ക്ക് ഓപ്പറേഷന്‍ വേണ്ടി എട്ടുലക്ഷം രൂപ ചെലവ് വരും എന്നാണ് അറിയാന്‍ കഴിയുന്നത. വളരെയെറെ ബുദ്ധിമുട്ടില്‍ കഴിയുന്ന ബിനോയിയുടെ കുടുംബത്തിന് അതിനുള്ള ത്രാണി ഇല്ല എന്നുള്ളത് കൊണ്ടാണ് സന്മനസുള്ള നിങ്ങളെ സമിപിക്കുന്നത്. നിങ്ങളെ കഴിയുന്നത് സഹായിക്കണം എന്നു അച്ഛന്‍ അഭ്യര്‍ത്ഥിക്കുന്നു.
രണ്ടു പെണ്‍കുട്ടികളും ഭാര്യയും 92 വയസുള്ള അപ്പനും അടങ്ങുന്ന കുടുംബമാണ് ബിനോയിയുടേത്. മുരിക്കാശ്ശേരി ടൗണില്‍ ഒരു ചെറിയ ടയര്‍ പഞ്ചര്‍ ഒട്ടിക്കുന്ന ജോലിയെടുത്തു കുടുംബം പുലര്‍ത്തിയിരുന്നത്. വീടിനു പുറകില്‍ ഉള്ള കുരുമുളക് കൊടിയില്‍ മുളക് പറിക്കാന്‍ കയറിയ ബിനോയ് കൊടിയില്‍ നിന്നും താഴെ വീണു നട്ടെല്ലിനു മൂന്നു ഒടിവ് ഉണ്ടായി. അതുകൂടാതെ കാലുകള്‍ രണ്ടും ഒടിഞ്ഞു തളര്‍ന്നു പോയി. വരിയെല്ലുകളും ഒടിഞ്ഞു. കൂടാതെ മലമൂത്രവിസര്‍ജ്ജനം അറിയാന്‍ പോലും കഴിയുന്നില്ല.
കഴിഞ്ഞ ഒരുമാസമായി കിടങ്ങൂര്‍ ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ ആയിരുന്നു കഴിഞ്ഞ ദിവസം കോട്ടയം കരിത്താസ് ആശുപത്രിയിലേക്ക് മാറ്റി. ആകെയുണ്ടായിരുന്ന വരുമാനം നഷ്ട്ടപ്പെട്ട ബിനോയ് കുടുബം കുട്ടികളെ പഠിപ്പിക്കാനും മുന്‍പോട്ടു ചികിത്സ നടത്തികൊണ്ട് പോകാന്‍ സാധിക്കാത്ത അവസ്ഥയിലാണ്.
സഹായസമിതി അംഗം ആയ പടമുഖം സ്‌കൂള്‍ റിട്ട്‌യെഡ് ഹെഡ് മാസ്റ്റര്‍ ജോണി തോട്ടത്തിലാണ്. അച്ഛന്റെ ലെറ്ററും ഫോട്ടോയും എല്ലാം എത്തിച്ചു തന്നത്.
ഈ കുടുംബത്തെ സഹായിക്കാന്‍ നിങ്ങളെ കഴിയുന്നത് ചെയ്യണം എന്നു ഇടുക്കി ചാരിറ്റിക്ക് വേണ്ടി അപേക്ഷിക്കുന്നു. ഞങ്ങള്‍ പിരിക്കുന്ന മുഴുവന്‍ തുകയും ചെക്ക് മുഖേന സഹായ സമിതി നേതാക്കളായ ഫാദര്‍ സാബുവിന്റെയും സോമന്റെയും കൈകളില്‍ എത്തിക്കും എന്നു അറിയിക്കുന്നു. പിരിഞ്ഞു കിട്ടുന്ന തുകയുടെ ബാങ്ക് സ്റ്റേറ്റ്‌മെന്റ് നിങ്ങള്‍ക്ക് അയച്ചു തരുന്നതാണ്.
ബാങ്ക് വിവരങ്ങള്‍ താഴെ കൊടുക്കുന്നു
ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS
ഇടുക്കി ചാരിറ്റിയുടെ. കണ്‍വീനര്‍ സാബു ഫിലിപ്പ് സെക്രട്ടറി ടോം ജോസ് തടിയംപാട്, ജോയിന്റ് സെക്രട്ടറി സജി തോമസ്. ഈ മൂന്നു പേരുടെ പേരില്‍ ആണ് ഇടുക്കി ചാരിറ്റി അക്കൗണ്ട് എന്നും അറിയിക്കുന്നു. ഞങ്ങള്‍ നടത്തുന്ന ഈ എളിയ പ്രവര്‍ത്തനം തികച്ചും സത്യസന്ധവും സുതാര്യവും ആയിരിക്കും എന്ന്‍ ഉറപ്പു തരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ നമ്പരില്‍ ബന്ധപ്പെടുക. സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320
ബ്രസല്‍സ്: യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള അഭയാര്‍ഥി പ്രവാഹവും നിയമവിരുദ്ധമായ മനുഷ്യക്കടത്തും തടയാന്‍ നാറ്റോ സേനയുടെ നാവിക വിഭാഗത്തിന് നിര്‍ദേശം നല്‍കി. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ അഭയാര്‍ഥി പ്രതിസന്ധി പരിഹരിക്കാന്‍ ലക്ഷ്യമിട്ട് നാറ്റോ നാവിക വിഭാഗത്തോട് ഏജിയന്‍ സമുദ്രത്തിലെത്തി നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെട്ടതായി നാറ്റോ ജനറല്‍ സെക്രട്ടറി ജെന്‍സ് സ്റ്റോള്‍ട്ടന്‍ബെര്‍ഗ് വ്യക്തമാക്കി. തുര്‍ക്കിക്കും ഗ്രീസിനും ഇടയില്‍ ദിനംപ്രതി ആയിരക്കണക്കിന് പേര്‍ നിലവില്‍ അഭയം തേടി സമുദ്ര യാത്രയില്‍ ഏര്‍പ്പെടുന്നുണ്ട്. അതോടൊപ്പം അഭയാര്‍ഥി പ്രതിസന്ധി മുതലെടുത്ത് മനുഷ്യക്കടത്തും ഇവിടെ വ്യാപകമാണ്. ഒരു താമസവും കൂടാതെ എത്രയും വേഗം നാറ്റോ നാവിക വിഭാഗം ഏജിയന്‍ സമുദ്രത്തിലെത്തി നിരീക്ഷണം ആരംഭിക്കാന്‍ ഉത്തരവിട്ടിട്ടുണ്ടെന്ന് നാറ്റോയുടെ യൂറോപ്യന്‍ കമാന്‍ഡര്‍ ജനറല്‍ ഫിലിപ്പ് ബ്ലീഡ്‌ലോ നിര്‍ദേശം നല്‍കി. സമുദ്രത്തില്‍ നിരീക്ഷണം നടത്തുന്നതിനുള്ള കപ്പലുകള്‍ സഞ്ചാരം ആരംഭിച്ചതായും സ്റ്റോള്‍ട്ടന്‍ ബെര്‍ഗ് പറഞ്ഞു.
നാറ്റോക്ക് എങ്ങനെയാണ് അനധികൃത മനുഷ്യക്കടത്തും യൂറോപ്പിലേക്കുള്ള കുടിയേറ്റവും തടയാന്‍ കഴിയുക എന്നതിനെ കുറിച്ച് യു എസ് പ്രതിരോധ സെക്രട്ടറിക്ക് മുമ്പാകെ നാറ്റോ നാവിക വിഭാഗം നേരത്തെ വിശദീകരണം നല്‍കി. തുര്‍ക്കി, ജര്‍മനി, ഗ്രീസ് എന്നീ രാജ്യങ്ങളോടും അഭയാര്‍ഥി പ്രതിസന്ധി പരിഹരിക്കാന്‍ കാര്യമായി ഇടപെടണമെന്ന് പ്രതിരോധ സെക്രട്ടറി അഭ്യര്‍ഥിച്ചിരുന്നു. മെഡിറ്ററേനിയന്‍ സമുദ്രം വഴി യൂറോപ്പിലേക്കെത്താനുള്ള ശ്രമത്തിനിടെ ഈ വര്‍ഷം 409 അഭയാര്‍ഥികള്‍ മുങ്ങിമരിച്ചു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അഭയാര്‍ഥി പ്രവാഹം വര്‍ധിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ജര്‍മനി, സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങള്‍ ലക്ഷ്യമാക്കിയാണ് കൂടുതല്‍ അഭയാര്‍ഥികളും സിറിയയില്‍ നിന്നും ഇറാഖില്‍ നിന്നും വരുന്നതെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.
ചലച്ചിത്ര പിന്നണിഗാനാലാപനരംഗത്ത് അന്‍പതുവര്‍ഷം പൂര്‍ത്തിയാക്കിയ മലയാളികളുടെ സ്വന്തം ദേവഗായകന്‍ ശ്രീ. പി. ജയചന്ദ്രന്റെ ശബ്ദം ഇന്നും കാല്‍പനികവും നിത്യഹരിതവുമാണ്. കാലം കാത്തുസൂക്ഷിച്ച മധുരസ്വരവും ആലാപനവുമാണ് അദ്ദേഹത്തിന്റേത്. കുംഭമാസത്തിലെ തിരുവാതിര നക്ഷത്രമായ 2016 ഫെബ്രുവരി 18നാണ് അദ്ദേഹത്തിന്റെ എഴുപത്തിരണ്ടാം പിറന്നാള്‍. മാര്‍ച്ച് 3ന് ജന്മദിനവും. ഗാനാലാപനരംഗത്ത് അന്‍പതുവര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ കാലാതിവര്‍ത്തിയായ ആയിരക്കണക്കിന് മധുരഗാനങ്ങളില്‍ക്കൂടി ഓരോ മലയാളിയുടെയും ഹൃദയത്തില്‍ സ്ഥാനം പിടിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഓരോ ഗാനവും നമ്മുടെ മനസ്സുകളില്‍ അനുഭൂതികളുടെ വസന്തം സൃഷ്ടിക്കുന്നു.
ശ്രീ. പി. ജയചന്ദ്രന്റെ അനുഗ്രഹീതശബ്ദം കാലം കഴിയുംതോറും ചെറുപ്പമായിക്കൊണ്ടിരിക്കുന്ന ഒരു പ്രതിഭാസമാണ്. ഇക്കഴിഞ്ഞ 2015ലും ഈ നിത്യഹരിതഗായകന്റെ ശബ്ദത്തില്‍ ഇരുപതിലേറെ അതിമനോഹരങ്ങളായ ഗാനങ്ങള്‍ നാം ആസ്വദിച്ചു. കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ ഹിറ്റ് ഗാനങ്ങളും ജയേട്ടന്റേതുതന്നെ. ‘ചിറകൊടിഞ്ഞ കിനാവുകള്‍’ എന്ന ചിത്രത്തില്‍ ഹരിനാരായണന്‍ദീപക് ദേവ് ടീമിന്റെ ‘നിലാക്കുടമേ..നിലാക്കുടമേ’ എന്ന സുന്ദരഗാനം കഴിഞ്ഞ ഒരു വര്‍ഷത്തോളമായി സംഗീതസ്‌നേഹികളുടെ പ്രിയഗീതമാണ്. ഈ പ്രകൃതിയുടെ സമസ്തസൌന്ദര്യങ്ങളും സ്വന്തം പ്രണയിനിക്ക് സമര്‍പ്പിക്കുന്ന പ്രണയഭാവങ്ങളുടെയുള്ളില്‍ നോവിന്റെ ഒരു കണികയെ ഗാനത്തില്‍ ആദ്യന്തം ജ്വലിപ്പിച്ചുനിര്‍ത്തുന്ന ശ്രേഷ്ഠമായ ആലാപനവൈഭവം വേറിട്ടുനില്ക്കുന്നു. ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഗാനങ്ങള്‍ എക്കാലവും മലയാളിക്ക് പ്രിയമാണ്.
‘ജിലേബി’ എന്ന ചിത്രത്തിലെ ‘ഞാനൊരു മലയാളി’, ‘ഉടോപ്യയിലെ രാജാവ്’ എന്ന ചിത്രത്തിലെ ‘ചന്തം തെളിഞ്ഞൂ ചന്ദ്രിക വന്നൂ’, ‘മൈ ഗോഡ്’ എന്ന ചിത്രത്തിലെ ‘പണ്ട് പണ്ടാരോ’ എന്നിവ ജയചന്ദ്രന്റെ ശബ്ദത്തില്‍ കഴിഞ്ഞ വര്‍ഷം കേട്ട ഇത്തരത്തിലുള്ള ഗാനങ്ങളാണ്. മലയാളിയ്ക്ക് ഇന്ന് അന്യമായിക്കൊണ്ടിരിക്കുന്ന ആ പഴയ കാലത്തെ നല്ല സ്മരണകള്‍ ഉണര്‍ത്തി മനസ്സുകളിലെ ‘മതിലുകളും’ ‘അതിരുകളും’ ഇല്ലാതാക്കുന്ന ഗാനമാണ് ഈസ്റ്റ്‌കോസ്റ്റ് വിജയന്‍ രചിച്ച് ബിജിബാല്‍ സംഗീതം നല്കിയ ഞാനൊരു മലയാളി.
ജയചന്ദ്രന്റെ ഓരോ ഗാനവും നിലാവിന്റെ സുഖാനുഭൂതി പകര്‍ന്നുനല്‍കുന്നവയാണ്. ദേവഗായകന്റെ മുഴക്കമുള്ള മധുരസ്വരത്തിലുള്ള ‘ചന്തം തെളിഞ്ഞൂ ചന്ദ്രിക വന്നൂ’ എന്ന ഗാനം സ്‌നേഹത്തിന്റെ ചന്ദ്രിക പെയ്യിക്കുന്നു. ഇതുപോലെ അടിമുടി മലയാളിത്തം നിറഞ്ഞുനില്ക്കുന്ന റഫീക്ക് അഹമ്മദും ബിജിബാലും ചേര്‍ന്നൊരുക്കിയ ‘പണ്ടു പണ്ടാരോ കൊണ്ടുകളഞ്ഞൊരു’ എന്ന ഗാനം ജയചന്ദ്രന്റെ കാല്‍പ്പനികമായ ആലാപനത്താല്‍ ധന്യമാകുമ്പോള്‍ ഓരോ ശ്രോതാവിന്റെയും മനസ്സില്‍ സ്വര്‍ഗീയമായ ആനന്ദാനുഭൂതി നിറയുന്നു. ബാല്യകാലത്തിന്റെ നിഷ്‌കളങ്കതയും കൊച്ചുപിണക്കങ്ങളും പ്രണയവുമെല്ലാം ആവിഷ്‌കരിക്കുന്ന ഗാനമാണ് ‘ആന മയില്‍ ഒട്ടകം’ എന്ന ചിത്രത്തിലെ ‘വരിനെല്ലിന്‍ പാടത്ത്’. ഈ ഗാനം ആലപിക്കുമ്പോഴുള്ള സൂക്ഷ്മമായ ഭാവപ്രകടനങ്ങള്‍ ദേവഗായകന്റെ സ്വരത്തിന് എന്നും പതിനാറാണെന്ന് ഓരോ ശ്രോതാവിനും തോന്നിപ്പിക്കുന്നു.
ലളിതമായ വരികളും സംഗീതവും ഒരുമിച്ചുചേര്‍ന്ന ഏവര്‍ക്കും ആസ്വാദ്യകരവും വ്യത്യസ്തവുമായ ഒരു ഗാനമാണ് ‘എന്നു നിന്റെ മോയ്തീനി’ലെ ‘ശാരദാംബരം ചാരു ചന്ദ്രികാ ധാരയില്‍’. അയത്‌നലളിതമായ ആലാപനത്തിലൂടെ ഹൃദയങ്ങള്‍ തമ്മിലുള്ള പ്രണയത്തിന്റെ ആഴം ആവിഷ്‌കരിക്കുന്ന ഒരു ഗീതമാണ് ‘എന്റെ ജനലരികിലിന്ന് ഒരു ജമന്തിപ്പൂ വിരിഞ്ഞു’. സരളമായ സംഗീതത്തിന്റെ ഭാഷയിലൂടെയുള്ള ഈ ഗാനം ‘സു സുധി വാത്മീകത്തില്‍’ സന്തോഷ് വര്‍മ്മ ബിജിബാല്‍ ടീമിന്റെതാണ്. നിര്‍മ്മലമായ അനുരാഗത്തിന് വര്‍ണ്ണനാതീതമായ തലങ്ങള്‍ ഉണ്ടെന്ന് ആലാപനവൈഭവത്തിലൂടെ അദ്ദേഹം വീണ്ടും തെളിയിച്ച ഗാനം.
സ്വപ്നതുല്യമായ കൗതുകങ്ങളും അദ്ഭുതങ്ങളും ഓരോ സംഗീതാസ്വാദകനും അനുഭവിച്ചറിയാനാകുന്ന രണ്ടു ഗാനങ്ങളാണ് 2015ല്‍ ജയചന്ദ്രന്‍ ആലപിച്ചത്. ‘ഞാന്‍ സംവിധാനം ചെയ്യും’ എന്ന ചിത്രത്തിലെ ‘മറന്നോ സ്വരങ്ങള്‍’,ജയചന്ദ്രന്റെ സ്വരവിശേഷം കൊണ്ട് ശ്രദ്ധേയമാണ് ‘ഉറുമ്പുകള്‍ ഉറങ്ങാറില്ല’ എന്ന ചിത്രത്തിലെ ‘മുത്തേ മുത്തേ സ്വപ്നം പോലെ’ എന്ന മധുരമായ വിരഹഗാനവും, ഇവ രണ്ടും യുഗ്മഗാനങ്ങളാണ്. ‘റോക്ക്സ്റ്റാര്‍’ എന്ന ചിത്രത്തിലെ ‘അരികില്‍ നിന്നരികില്‍’ എന്ന ഗാനം ആരംഭിക്കുന്നതുതന്നെ ജയചന്ദ്രന്റെ സ്വരത്തിലെ ഹൃദയഹാരിയായ ഒരു ഹമ്മിങ്ങിലൂടെയാണ്. ഭാവതീവ്രമായ ആലാപനം പ്രണയിക്കുന്ന മനസ്സുകലെ അകലാതെ അരികത്തുതന്നെ നിര്‍ത്തുന്ന പ്രതീതി സൃഷ്ടിക്കുന്നു.അനുരാഗത്തിന്റെ സുഖം പകരുന്ന മറ്റൊരു ഗാനം.
എല്ലാം നഷ്ടപ്പെട്ട് തേങ്ങുന്ന ഒരു മനസ്സിന്റെ ദു:ഖത്തിന്റെ തീവ്രത അനുപമമായ ഭാവസ്പര്‍ശത്തില്‍ വികാരഭരിതമായ ആലാപനത്തിലൂടെ നമ്മുടെ ഹൃദയങ്ങളിലെത്തിക്കുന്ന കുക്കിലിയാര്‍ എന്ന ചിത്രത്തിലെ ‘മതിലേഖ മിഴി ചാരി മറയുന്നതെന്തേ..ഒരു വാക്കു പറയാതെ അകലുന്നതെന്തേ..’ എന്ന ഗാനം എത്ര കേട്ടാലും മതിവരില്ല. അസാമാന്യഭാവസ്പര്‍ശത്തിലൂടെ അദ്ദേഹത്തിന്റെ അനുപമമായ ആലാപനശൈലി വ്യക്തമാക്കുന്ന മറ്റൊരു ഗാനമാണ് ‘കളിയച്ഛനി’ലെ ‘പാപലീലാലോലനാവാന്‍’. ദേവഗായകന്‍ ജയചന്ദ്രന്റെ നിത്യഹരിതസ്വരത്തില്‍ കാലത്തെ അതിജീവിക്കുന്ന ഒട്ടേറെ മനോഹരഗാനങ്ങള്‍ കഴിഞ്ഞ അന്‍പതുവര്‍ഷങ്ങളായി മലയാളികള്‍ കേട്ടുകൊണ്ടിരിക്കുന്നു, ഇന്നും.
പിന്നിട്ട അമ്പതു വര്‍ഷങ്ങളായി ശ്രീ. പി. ജയചന്ദ്രന്‍ ആലപിച്ച ആയിരക്കണക്കിന് മലയാളചലച്ചിത്രഗാനങ്ങളില്‍ ഞാന്‍ തിരഞ്ഞെടുത്ത അതിസുന്ദരങ്ങളായ മുപ്പത് പഴയ അപൂര്‍വ്വഗാനങ്ങള്‍ ഇതാ:
1. പകലുകള്‍ വീണു (മാപ്പുസാക്ഷി, 1972) ശ്രീകുമാരന്‍ തമ്പി എം. എസ്. ബാബുരാജ്
2. ശൃംഗാരഭാവനയോ (സപ്തസ്വരങ്ങള്‍, 1974) ശ്രീകുമാരന്‍ തമ്പി വി. ദക്ഷിണാമൂര്‍ത്തി
3. നീരാട്ടുകടവിലെ നീരജങ്ങള്‍ (കല്യാണസൗഗന്ധികം, 1975) പി. ഭാസ്‌കരന്‍ പുകഴേന്തി
4. മാരി പൂമാരി (ബോയ്ഫ്രണ്ട്, 1975) ശ്രീകുമാരന്‍ തമ്പി ജി. ദേവരാജന്‍
5. കളഭചുമരു വച്ച മേട (അവള്‍ ഒരു തുടര്‍ക്കഥ, 1975) വയലാര്‍ എം. എസ്. വിശ്വനാഥന്‍
6 . പഞ്ചമി പാലാഴി (പഞ്ചമി, 1976) യൂസഫലി കേച്ചേരി എം. എസ്. വിശ്വനാഥന്‍
7. സ്വരങ്ങള്‍ നിന്‍ പ്രിയസഖികള്‍ (കന്യാദാനം, 1976) ശ്രീകുമാരന്‍ തമ്പി എം. കെ. അര്‍ജ്ജുനന്‍
8. നിശാസുന്ദരീ നില്‍ക്കൂ (ലൈറ്റ് ഹൗസ്, 1976) ശ്രീകുമാരന്‍ തമ്പി എം. കെ. അര്‍ജ്ജുനന്‍
9. ആരെടാ വലിയവന്‍ (നീലസാരി, 1976) ചെറി വിശ്വനാഥ്‌വി. ദക്ഷിണാമൂര്‍ത്തി
10. വര്‍ണ്ണച്ചിറകുള്ള വനദേവതേ (സഖാക്കളേ മുന്നോട്ട്, 1977) മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ജി. ദേവരാജന്‍
11. സുഗന്ധീ സുമുഖീ (കര്‍ണ്ണപര്‍വ്വം, 1977)മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ജി. ദേവരാജന്‍
12. തല കുലുക്കും ബൊമ്മ (ആരാധന, 1977) ബിച്ചു തിരുമല കെ. ജെ. ജോയ്
13. നീലമേഘമാളികയില്‍ (യത്തീം, 1977) പി. ഭാസ്‌കരന്‍എം. എസ്. ബാബുരാജ്
14. മംഗലപ്പാല തന്‍ (മധുരസ്വപ്നം, 1977) ശ്രീകുമാരന്‍ തമ്പി എം. കെ. അര്‍ജ്ജുനന്‍
15. ഉത്സവകൊടിയേറ്റകേളി (വരദക്ഷിണ, 1977) ശ്രീകുമാരന്‍ തമ്പി ജി. ദേവരാജന്‍
16. രഘുവംശരാജപരമ്പരയ്ക്കഭിമാനം (രഘുവംശം, 1978) അന്‍വര്‍ സുബൈര്‍എ. റ്റി. ഉമ്മര്‍
17. ഞായറും തിങ്കളും (രണ്ടു പെണ്‍കുട്ടികള്‍, 1978) ബിച്ചു തിരുമലഎം. എസ്. വിശ്വനാഥന്‍
18. ശ്രുതിമണ്ഡലം(രണ്ടു പെണ്‍കുട്ടികള്‍, 1978) ബിച്ചു തിരുമലഎം. എസ്. വിശ്വനാഥന്‍
19. സദാചാരം സദാചാരം (ഇതാണെന്റെ വഴി, 1978) ബിച്ചു തിരുമലകെ. ജെ. ജോയ്
20. അഞ്ജനശിലയിലെ വിഗ്രഹമേ (കൃഷ്ണപ്പരുന്ത്, 1978) ഓണക്കൂര്‍ രാധാകൃഷ്ണന്‍ ശ്യാം
21. മധുമാസം ഭൂമി തന്‍ മണവാട്ടി ചമഞ്ഞു (ഏഴാം കടലിനക്കരെ, 1979) പി. ഭാസ്‌കരന്‍ എം. എസ്. വിശ്വനാഥന്‍
22. സ്വപ്നമേ നിനക്കു നന്ദി (അവള്‍ എന്റെ സ്വപ്നം, 1979) ശശി പേരൂര്‍ക്കട വി. ദക്ഷിണാമൂര്‍ത്തി
23. മധ്യവേനല്‍ രാത്രിയില്‍ (അശോകവനം, 1979) ശ്രീകുമാരന്‍ തമ്പിവി. ദക്ഷിണാമൂര്‍ത്തി
24 . വിഷാദസാഗരതിരകള്‍ (തീരം തേടുന്നവര്‍, 1980) സത്യന്‍ അന്തിക്കാട്എം.എസ്.വിശ്വനാഥന്‍
25 . പാല്‍ക്കുടമേന്തിയ രാവ് (ഗ്രീഷ്മജ്വാല, 1981) പൂവച്ചല്‍ ഖാദര്‍ എ.റ്റി. ഉമ്മര്‍
26 . സിന്ദൂരച്ചെപ്പു തട്ടി മറിഞ്ഞു (കാമശാസ്ത്രം, 1981) ബിജു വി. വിശ്വനാഥന്‍
27 . കാഞ്ചനനൂപുരം (ചിലന്തിവല, 1982) പൂവച്ചല്‍ ഖാദര്‍ഗുണസിംഗ്
28 . സോപാനനടയിലെ (അദ്ധ്യായം, 1984) കാവാലം നാരായണപ്പണിക്കര്‍എം. എസ്. വിശ്വനാഥന്‍
29 . മനസ്സും മഞ്ചലും (കല്‍ക്കി, 1984) മലയാറ്റൂര്‍ രാമകൃഷ്ണന്‍ ജി. ദേവരാജന്‍
30. ആദിഭിക്ഷുവിനോടെന്ത് ചോദിക്കാന്‍ (സ്വരലയം, 1987) പൂവച്ചല്‍ ഖാദര്‍ കെ. വി. മഹാദേവന്‍
ഇസ്‌ലാമാബാദ് : വലന്റൈന്‍സ് ദിനം ആഘോഷിക്കരുതെന്ന് പാകിസ്താന്‍ പ്രസിഡന്റ് മമ്‌നൂണ്‍ ഹുസൈന്‍ രാജ്യത്തെ ജനങ്ങളോട് ആഹ്വാനം ചെയ്തു.
സര്‍ദാര്‍ അബ്ദുര്‍ റബ് നിശ്താറിന്റെ ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിലാണ് ഹുസൈന്‍ ഇക്കാര്യം പറഞ്ഞതെന്ന് പാകിസ്താനിലെ ഡോണ്‍ പത്രം റിപോര്‍ട്ടു ചെയ്തു. രാജ്യത്തിന്റെ സംസ്‌കാരവുമായി വലന്റൈന്‍സ് ദിനത്തിന് യാതൊരു ബന്ധവുമില്ലെന്നും ആഘോഷം ഒഴിവാക്കണമെന്നുമാണ് പ്രസിഡന്റ് പറഞ്ഞത്. പടിഞ്ഞാറന്‍ സംസ്‌കാരത്തിന്റെ ദൂഷ്യഫലങ്ങള്‍ ഒരു അയല്‍രാജ്യത്തെ സാരമായി ബാധിച്ചതായും ഹുസൈന്‍ പറഞ്ഞു. വലന്റൈന്‍സ് ദിനാഘോഷം മുസ്ലീം പാരമ്പര്യത്തിന്റെ ഭാഗമല്ലെന്നും പടിഞ്ഞാറന്‍ സംസ്‌കാരത്തിന്റെ ഭാഗമാണതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.