അഞ്ജു റ്റിജി
വെള്ളിമൂങ്ങയ്ക്കും, മുന്തിരി വള്ളികൾ തളിർക്കുമ്പോൾ എന്നീ സിനിമകൾക്ക് ശേഷം സംവിധായകൻ ജിബു ജേക്കബ് സംവിധാനം ചെയ്ത സിനിമയാണ് ആദ്യരാത്രി.പക്ഷേ, ആദ്യ രണ്ടു സിനിമകളുടെ പ്രതീക്ഷകളുമായി വരുന്ന പ്രേക്ഷകരെ നിരാശപ്പെടുത്തുന്നതാണീ സിനിമ. മുല്ലക്കര എന്ന ഗ്രാമത്തിലെ കല്യാണ ബ്രോക്കർ എന്ന് വിശേഷിപ്പിക്കുന്നതിനപ്പുറം വിവാഹങ്ങളുടെ ഇവൻറ് മാനേജറായ മനോഹരനാണ് ബിജു മേനോൻ അവതരിപ്പിക്കുന്ന നായക കഥാപാത്രം. നല്ല രീതിയിൽ കൊണ്ടുപോകാവുന്ന ഒരു കഥ , നായക കഥാപാത്രത്തെ സൂപ്പർ നായകനാക്കാനുള്ള വെമ്പലിൽ പാളിപോയൊരു സിനിമയാണ് ആദ്യരാത്രി .വെള്ളിമൂങ്ങ എഫക്ടിൽ അജു വർഗീസിനെയും കൂട്ടി കുറേ തമാശകൾ കുത്തിനിറച്ച സിനിമ .അടുത്തിടെ കണ്ടതിൽ വെച്ച് ഏറ്റവും വ്യക്തിത്വമില്ലാത്ത നായികാ കഥാപാത്രത്തെ ആദ്യരാത്രിയിൽ കാണാം. അനശ്വര രാജൻ അവതരിപ്പിക്കുന്ന അശ്വതി എന്ന കഥാപാത്രം. പലപ്പോഴും അജു വർഗീസിന്റെ തമാശകൾ വിഡ്ഢിവേഷം കെട്ടുന്നതിലേക്ക് തരംതാഴുന്നു .ഇടവേളയ്ക്കു മുൻപ് അവതരിപ്പിക്കുന്ന വില്ലൻ കഥാപാത്രങ്ങൾ പിന്നീട് കഥയുടെ പരിണാമഗതിയിൽ യാതൊരു സ്‌ഥാനവുമില്ലാതെ ഏച്ചുകെട്ടിയതുപോലെ മുഴച്ചുനിൽക്കുന്നു.
സാമാന്യ യുക്തിക്ക് നിരക്കാത്ത ഒരു കല്യാണത്തോടെ കഥപറഞ്ഞവസാനിപ്പിക്കുമ്പോൾ വെള്ളിമൂങ്ങയുടെ അനുരണനങ്ങളിൽ കുറേ പ്രേക്ഷകരെ ലഭിയ്ക്കുമെന്നായിരിക്കും അണിയറ പ്രവർത്തകർ കരുതിയിരിക്കുക. ഗാനങ്ങൾ ശരാശരി നിലവാരം പുലർത്തി . സാദിഖ് കബീറിൻെറ ക്യാമറ കുട്ടനാടിൻെറ സൗന്ദര്യം ഒപ്പിയെടുക്കുന്നതിൽ വിജയിച്ചു .ബിജു സോപാനം , മനോജ് ഗിന്നസ് ഉൾപ്പെടെയുള്ള സഹ കഥാപാത്രങ്ങളുടെ അഭിനയ മുഹൂർത്തങ്ങൾ പലതും മനസ്സിൽ തങ്ങി നിൽക്കുന്നതാണ് . പല സംഭാഷണങ്ങളും സംവിധായകൻ ഉദ്ദേശിച്ച രീതിയിൽ പ്രേക്ഷകരിലേയ്ക്ക് എത്തിപ്പെട്ടോ എന്നത് സംശയമാണ് . വിവാഹത്തിനു പെൺകുട്ടിയുടെ സമ്മതം പരമപ്രധാനമാണെന്ന സത്യം എടുത്തുപറയാൻ സംവിധായകൻ പലവട്ടം ശ്രമിക്കുന്നുണ്ട് . പക്ഷേ സിനിമയുടെ കഥ നടക്കുന്നത് പത്തൊൻപതാം നൂറ്റാണ്ടിൽ ഒന്നുമല്ലല്ലോ .ഒരു ശരാശരി കോമഡി സിനിമയ്ക്കപ്പുറം ആദ്യരാത്രി നമ്മുടെ മനസ്സിൽ ഒന്നും അവശേഷിപ്പിക്കുന്നില്ല.
വിശാഖ് എസ് രാജ് , മലയാളം യുകെ ന്യൂസ് ടീം
കയറുപൊട്ടിച്ചു പായുന്ന പോത്തിന് പുറകെ ഓടുന്ന കുറേയേറെ മനുഷ്യരുടെ കഥയാണ് ഒറ്റനോട്ടത്തിൽ ജെല്ലിക്കട്ട് എന്ന സിനിമ. ഒരു മൃഗത്തിനെ പിടിക്കാനോടുന്ന വേറൊരു കൂട്ടം മൃഗങ്ങളുടെ കഥയെന്ന് തോന്നും പിന്നീടുള്ള ചിന്തകളിൽ. കൂടുതൽ ആഴ്ന്നിറങ്ങാൻ നിങ്ങളിലെ പ്രേക്ഷകൻ തയ്യാറാണെങ്കിൽ മനുഷ്യർ മനുഷ്യരെതന്നെ പിടിക്കാൻ ഭ്രാന്ത് പിടിച്ചോടുന്നതിന്റെ കഥയാണെന്ന് ബോധ്യപ്പെടും. ഇങ്ങനെ നിരവധി മാനങ്ങളിലേയ്ക്ക് ഒരു പോത്തിനേയും പുറകെ കുറെ മനുഷ്യരെയും അഴിച്ചു വിട്ടിരിക്കുകയാണ് ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകൻ.
പ്രശസ്ത കഥാകൃത്ത് എസ് ഹരീഷിന്റെ മാവോയിസ്റ്റ് എന്ന ചെറുകഥയിൽ നിന്നാണ് ജെല്ലിക്കട്ടിന്റെ പിറവി. എസ് . ഹരീഷും ആർ. ജയകുമാറും ചേർന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നു. ഗിരീഷ് ഗംഗാധരൻ ഛായാഗ്രഹണവും രംഗനാഥ് രവി പശ്ചാത്തല സംഗീതവും നിർവഹിച്ചിരിക്കുന്നു. ആന്റണി വർഗീസ്, ചെമ്പൻ വിനോദ് , ജാഫർ ഇടുക്കി , സാബുമോൻ , ശാന്തി ബാലചന്ദ്രൻ തുടങ്ങിയവരാണ് അഭിനേതാക്കൾ.
സ്നേഹം , കരുണ , സഹാനുഭൂതി , സഹജീവി സ്നേഹം , ക്ഷമിക്കാനും മറക്കുവാനുമുള്ള കഴിവ് ഇതൊക്കെയാണ് മനുഷ്യനെ മറ്റു ജീവിവർഗ്ഗങ്ങളിൽ നിന്ന് വേറിട്ടു നിർത്തുന്നത്. മേൽപ്പറഞ്ഞതെല്ലാം ഒത്തുചേരുമ്പോൾ മനുഷ്യത്വം ആയി. ഒരേ ആവാസ വ്യവസ്‌ഥയിൽ ജീവിക്കുമ്പോഴും മനുഷ്യൻ മറ്റൊരു മൃഗമാകാതിരിക്കുന്നത് ഈ മനുഷ്യത്വം ഉള്ളതിനാലാണ്. എന്നാൽ മനുഷ്യത്വത്തിന് പരിധിയുണ്ടോ? ഒരു വേലി. അപ്പുറത്ത് മൃഗതൃഷ്ണ. അതുകടന്ന് വന്നാണ് നീ മനുഷ്യനായത്. പക്ഷെ ആ വേലി ബലമുള്ളതോ ? ചാടി കടക്കാനാകാത്ത വിധം ഉയരമുള്ളതോ ? ഒരാൾ വേലി ചാടി അപ്പുറം പോയാൽ ? കുറെ മനുഷ്യർ ഒരുമിച്ചു പോയാൽ ? സിനിമയിലെ കഥാപാത്രങ്ങൾ പോത്തിന് പുറകെ ഓടുമ്പോൾ നമ്മിലെ പ്രേക്ഷകൻ ഈ ചോദ്യങ്ങളുമായി മനുഷ്യരുടെ പുറകെ ഓടുകയാണ്. ആര് ആർക്ക് പുറകെയാണ് ഓടുന്നതെന്ന് അമ്പരക്കുകയാണ്. ആരെയാണ് പിടിച്ചു കെട്ടേണ്ടതെന്ന് സംശയിക്കുകയാണ്. നാളെ ജലത്തിന് ക്ഷാമം ഉണ്ടായാൽ , ഭക്ഷണത്തിനും ഇന്ധനത്തിനും ക്ഷാമം വന്നാൽ നമ്മിലെ സംസ്കാരചിത്തനായ മനുഷ്യൻ നിലനിൽപ്പിന് വേണ്ടി ഏതറ്റം വരെ പോയേക്കാം ? അതുതന്നെയല്ലേ ഇടുക്കിയിലെ ആ മലയോരഗ്രാമത്തിലെ പോത്തിനെ പിടിക്കാനോടുന്ന മനുഷ്യരും ചെയ്യുന്നത് ? മനുഷ്യനാകാൻ മനസ്സിന്റെ അടിത്തട്ടിലേയ്ക്ക് ചവിട്ടിത്താഴ്ത്തിയ വന്യത പുറത്തുവരാൻ അധിക സമയം വേണ്ടി വരുമോ ? എത്ര നാൾ താൻ
വെറുമൊരു മൃഗമല്ലെന്ന് സ്വയം വിശ്വസിപ്പിച്ചു പിടിച്ചു നിൽക്കാനാകും ?
സിനിമയുടെ അവസാന മിനിറ്റുകൾ മനുഷ്യത്വത്തിന്റെ വീരഗാഥകളിൽ അഭിരമിക്കുന്നവർക്ക് അസ്വസ്ഥതയുണ്ടാക്കിയേക്കാം. അരാജകത്വം പന്തം കൊളുത്തി ആയുധങ്ങളുമായി മലയിറങ്ങുന്ന കാഴ്ച്ച ഭീതിജനകമാണ്. ഇവിടെ നിലനിൽപ്പിന്റെ പരിണാമ ശാസ്ത്രമെഴുതിയ ആചാര്യന്റെ വാക്കുകൾ ശരി വെയ്ക്കുകയാണ് സംവിധായകൻ. ശാസ്ത്ര സിദ്ധാന്തത്തിന് സെല്ലുലോയിഡിൽ ഒരു പ്രൂഫ്.
കാഴ്ചയിൽ സിനിമ മനോഹരമാണ്. രാത്രി ദൃശ്യങ്ങൾ ഇത്ര ഭംഗിയിൽ കാണാൻ കഴിഞ്ഞ മറ്റൊരു മലയാള സിനിമയില്ല. നായിക വെള്ളത്തിലേക്ക് ചാടുമ്പോൾ കാമറയും ചടട്ടെ എന്നുള്ള ശ്രീനിവാസൻ കോമഡി പോലെ ഇവിടെ ഗിരീഷ് ഗംഗാധരന്റെ കാമറ പോത്തിനും ജനത്തിനുമൊപ്പം ഓടുകയാണ്. സഞ്ചരിക്കാൻ ബുദ്ധിമുട്ടുള്ള ഇടവഴികളിലും ഇടങ്ങളിലും ദൈർഘ്യമുള്ള സിംഗിൾ ഷോട്ടുകളുമായി കാമറ കഥാപാത്രങ്ങൾക്കൊപ്പം സഞ്ചരിക്കുന്നു.
പേരെടുത്ത് അറിയാവുന്നവരും അല്ലാത്തവരുമായ അഭിനേതാക്കൾ എല്ലാം തന്നെ മികച്ച പ്രകടനമാണ് നടത്തിയിരിക്കുന്നത്. പ്രഗൽഭരല്ലാത്തവരെകൊണ്ട് അഭിനയിപ്പിച്ചെടുക്കാനുള്ള സംവിധായകന്റെ കഴിവ് അങ്കമാലി ഡയറീസിൽ നാം കണ്ടതാണ്. ജെല്ലിക്കട്ടിൽ എത്തുമ്പോൾ ആ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും അയാൾ വരുത്തിയിട്ടില്ല. ആന്റണി വർഗീസും സാബുമോനുമാണ് അഭിനയത്തിൽ മുന്നിട്ട് നിന്നത്. പാത്ര സൃഷ്ടിയിൽ കൂടുതൽ ഇടം ലഭിച്ച കഥാപാത്രങ്ങളും ഇവർ രണ്ടുപേരുടെയുംതന്നെ.
മരണ വീട്ടിലെ തമാശ പോലെ (ഈ മ യൗ) ഇവിടെ കലാപത്തിന്റെ പന്തംകൊളുത്തി പ്രകടനത്തിനിടയിലും ചില ചിരിക്കൂട്ടുകളുണ്ട്. പക്ഷേ ചിരിക്കാനുള്ള സിനിമയല്ല. നിങ്ങൾ നിങ്ങളിലെ മനുഷ്യത്വംതന്നെ ഉരച്ചു നോക്കുന്ന പരുഷ യാഥാർത്ഥ്യങ്ങളുടെ തിരക്കാഴ്ചയാണ്. എല്ലാവരും തൃപ്തിപ്പെടണമെന്നില്ല.
അവസാനമായി സംവിധായകനെക്കുറിച്ച്. സിനിമ കണ്ടിറങ്ങിയപ്പോൾ ഒരു സുഹൃത്തിനെ വിളിച്ചു. സിനിമ എങ്ങനെയുണ്ടെന്ന് സുഹൃത്തിന്റെ ചോദ്യം. തിരശീലയിൽ കണ്ട കാഴ്ചകളുടെ ഭ്രമത്തിൽ ആദ്യം വാക്കുകൾ പുറത്തേക്ക് വന്നില്ല. പിന്നെ ഇങ്ങനെ പറഞ്ഞു : ” an absolute master class “. അതുതന്നെയല്ലാതെ സംവിധായകനെക്കുറിച്ചും മറ്റൊന്നും പറയാനില്ല.
വിശാഖ് എസ് രാജ്
നമ്മളിൽ നിന്ന് അന്യമായ സമൂഹങ്ങളും അവരുടെ ജീവിതരീതികളുമെല്ലാം നമ്മുക്കെപ്പോഴും പ്രാകൃതമായിരിക്കും. അറി അസ്തറിന്റെ രണ്ടാമത്തെ സംവിധാന സംരംഭം മിഡ്‌സോമർ മുന്നോട്ട് വെയ്ക്കുന്ന ആശയതലം ഇത്തരത്തിൽ ഒന്നാണ്. തികച്ചും വ്യത്യസ്തമായ ആവാസവ്യവസ്ഥയിലേയ്ക്ക് പുറമെ നിന്ന് വന്നൊരാൾ നോക്കുന്ന നോട്ടമാണ് മിഡ്‌സോമറിലെ കാഴ്ചകൾ.
വിഷാദ രോഗിയായ ഡാനിയിൽ നിന്നാണ് സിനിമ തുടങ്ങുന്നത്. അച്ഛനെയും അമ്മയെയും കൊന്നതിന് ശേഷം ഡാനിയുടെ സഹോദരി ടെറി ആത്മഹത്യ ചെയ്യുന്നതോടെ അവൾ മാനസികമായി കൂടുതൽ തളരുന്നു. കാമുകൻ ക്രിസ്റ്റ്യൻ ആണ് ഏത് തകർച്ചയിലും അവളുടെ ഏക ആശ്വാസം. ഡാനിയെ അവളുടെ ദുഃഖത്തിൽ നിന്ന് രക്ഷിക്കാൻ ക്രിസ്റ്റ്യൻ ഒരു ആശയം മുന്നോട്ട് വെയ്ക്കുന്നു. ക്രിസ്റ്റ്യന്റെ സുഹൃത്താണ് പെല്ലേ. പെല്ലേ സ്വീഡനിൽ നിന്നുള്ള ആളാണ്. സ്വീഡനിൽ പെല്ലേയുടെ ഗ്രാമത്തിൽ നടക്കാനിരിക്കുന്ന ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കാൻ ക്രിസ്റ്റ്യൻ ഡാനിയെ ക്ഷണിക്കുന്നു. തൊണ്ണൂറ് വർഷങ്ങൾക്ക് ശേഷം നടത്തപ്പെടുന്ന ഉത്സവം പുറംനാടുകളിൽ നിന്നുള്ളവർക്ക് വിചിത്രമായ അനുഭവമായിരിക്കുമെന്ന പെല്ലേയുടെ വാക്കുകൾ കൂടിയായപ്പോൾ ഡാനി ആ ക്ഷണം സ്വീകരിക്കുന്നു. മറ്റു രണ്ടു സുഹൃത്തുക്കളായ മാർക്കും ജോഷും അവരോടൊപ്പം യാത്രയിൽ പങ്കാളികളാകുന്നു.
അമ്പരപ്പിക്കുന്ന കാഴ്ചകളാണ് പേല്ലേയുടെ ഗ്രാമത്തിൽ ഡാനിയെയും കൂട്ടരെയും കാത്തിരുന്നത്. സൂര്യൻ അസ്തമിക്കാത്ത ഗ്രാമം. ഇരുപത്തിനാല് മണിക്കൂറും വെട്ടിത്തിളങ്ങുന്ന പകൽ വെളിച്ചം. രക്തബന്ധത്തിലുള്ളവർ തമ്മിൽ ലൈംഗിക ബന്ധത്തിലേർപെട്ടുണ്ടാകുന്ന പുതുതലമുറകൾ. വെള്ള നിറമുള്ള വിചിത്ര വേഷമണിഞ്ഞ മനുഷ്യർ. ഭീതിപ്പെടുത്തുന്ന ചിത്രങ്ങൾ വരച്ചിട്ട കെട്ടിടങ്ങൾ. ഒൻപത് ദിവസം നീണ്ടു നിൽക്കുന്ന ഉത്സവത്തിന്റെ ആദ്യ ദിവസം എഴുപത്തിരണ്ട് വയസുള്ള രണ്ട് ഗ്രാമീണർ ആത്മഹത്യ ചെയ്യുന്നു. ആചാരമാണത്. എഴുപത്തിരണ്ട് വയസ്സാകുമ്പോൾ അവിടെ എല്ലാവരും മരിക്കുന്നു. നാല് ഋതുക്കളിലൂടെ കടന്ന് എഴുപ്പതിരണ്ടിലെത്തി ജീവിതചക്രം അവസാനിക്കുന്നുവെന്ന് ഗ്രാമം വിശ്വസിക്കുന്നു. അപ്പോൾ അവർ സ്വയം മരണത്തിലേയ്ക്ക് കാലെടുത്ത് വെയ്ക്കുന്നു. ലണ്ടനിൽ ഉത്സവം കാണാനെത്തിയ രണ്ട് യുവാക്കൾ ഇത്തരം ആചാരങ്ങളിൽ അസ്വസ്ഥരായി തിരികെ പോകാനൊരുങ്ങുന്നു. എന്നാൽ പിന്നീട് ഇവരെ കാണാതാകുന്നു. അമേരിക്കയിലേയ്ക്ക് മടങ്ങാമെന്ന് ഡാനി നിർബന്ധിക്കുന്നുണ്ടെങ്കിലും ക്രിസ്റ്റ്യൻ അത് നിരസിക്കുന്നു. (നരവംശശാസ്ത്ര വിദ്യാർത്ഥിയായ ക്രിസ്റ്റ്യൻ തന്റെ തീസിസിന് ആവശ്യമായ വിഷയം ഗ്രാമീണാഘോഷത്തിൽ കണ്ടെത്തിയതാണ് നിരാസത്തിന് പിന്നിൽ). അങ്ങനെ അവർ അവിടെ തുടരുന്നു. ആ തീരുമാനത്തിന് അവർ കൊടുക്കേണ്ടി വരുന്ന വിലയാണ് സിനിമയുടെ പിന്നീടുള്ള ഭാഗങ്ങൾ.
മിഡ്‌സോമർ ഭയപ്പെടുത്താൻ ഉദ്ദേശിച്ചുള്ള സിനിമയല്ല. ഇരുട്ടുകൊണ്ടോ വികൃത രൂപങ്ങൾകൊണ്ടോ പേടിപ്പെടുത്താൻ സംവിധായകൻ ശ്രമിക്കുന്നേയില്ല. ശാന്തമായിരിക്കുന്ന നിങ്ങളുടെ മനസിൽ കുറച്ച് അസ്വസ്ഥതയുളവാക്കണം , നിങ്ങൾ ഇരുന്നിടത്തിരുന്ന് ഒന്ന് ഞെരുപിരി കൊള്ളണം , ഇടയ്ക്ക് ഹിംസാമകമായ രംഗങ്ങൾ കണ്ട് സ്ക്രീനിൽ നിന്ന് നിങ്ങൾ കണ്ണും പറിച്ചെടുത്തോടണം , സ്വന്തം മുറിയിൽ ഇരിക്കുമ്പോഴും പരിചിതമല്ലാത്ത വിദൂര ദേശത്ത് എത്തിപ്പെട്ടവനെപ്പോലെ വെപ്രാളപ്പെടണം. അറി അസ്തർ ലക്ഷ്യം വെക്കുന്നത് ഇത്രയുമാണ്. അതിന് അയാൾ കൂട്ടുപിടിക്കുന്നതോ മനോഹരമായ വിഷ്വൽസും തുളച്ചു കയറുന്ന പശ്ചാത്തല സംഗീതവും. ചില രംഗങ്ങളിൽ കാമറയുടെ ചലനങ്ങൾ നമ്മെ ഭയപ്പെടുത്തും. മറ്റു ചിലപ്പോൾ കാമറ ഒന്ന് ചലിച്ചിരുന്നെങ്കിൽ എന്ന് നാം ആഗ്രഹിക്കും.
ഹിംസയുടെ മറയില്ലാത്ത ചിത്രീകരണം എല്ലാ പ്രായത്തിലുള്ളവരും ചിത്രം കാണാൻ പാടില്ല എന്നു വിലക്കുന്നു. ലൈംഗിക വേഴ്ചയുടെ രംഗങ്ങൾ അറപ്പുളവാക്കുന്നതാണ്. ഇതൊക്കെയാവാം മിഡ്‌സോമർ ഇന്ത്യയിൽ റിലീസ് ചെയ്യാതിരുന്നതിന് കാരണം.
ദി വിക്കർ മാൻ(the wicker man) , ഗെറ്റ് ഔട്ട് (get out) തുടങ്ങിയ സിനിമകൾ കണ്ടിട്ടുള്ളവർക്ക് ഊഹിച്ചെടുക്കാൻ കഴിയുന്ന കഥാഗതി ആണ് ചിത്രത്തിനുള്ളത്. രണ്ടര മണിക്കൂർ ദൈർഘ്യവും പതിഞ്ഞ താളത്തിലുള്ള അവതരണവും കുറച്ചു പേർക്കെങ്കിലും മടുപ്പുളവാക്കിയേക്കാം.
ഇനി സിനിമ എന്താണ് പറയാൻ ശ്രമിക്കുന്നതെന്ന് നോക്കാം. ഒരു ഗ്രാമം. അവിടുത്തെ വിചിത്രമായ ആഘോഷങ്ങൾ. അമേരിക്കയിൽ നിന്നെത്തുന്നവർക്ക് അവ വിചിത്രവും പ്രാകൃതവുമായി അനുഭവപ്പെടുന്നു. സിനിമയിൽ കാണിച്ചിരിക്കുന്ന സംഭവങ്ങൾ പ്രാകൃതം തന്നെയാണ്. അത്രയും അംഗീകരിക്കാവുന്നതാണ്. എന്നാൽ ഈ സിനിമ കണ്ടിറങ്ങുന്ന ഒരു ശരാശരി പ്രേക്ഷകന്റെ ചിന്ത എന്തായിരിക്കും ? അയാൾ ഇന്ത്യയിലേയ്ക്ക് യാത്ര ചെയ്യുന്നു എന്ന് കരുതുക. ഇവിടുത്തെ ഏതെങ്കിലും പ്രാദേശിക ഉത്സവം കണ്ടിട്ട് അതിനെ പ്രാകൃതം എന്ന് അയാൾ സംബോധന ചെയ്യുന്നെങ്കിലോ ? ജൈന സന്യാസിമാർ പട്ടിണി കിടന്ന് മരണം വരിക്കുന്ന രീതി ജൈന മതക്കാർക്ക് ഇടയിലുണ്ട്. വസ്ത്രം ധരിക്കാത്ത സന്ന്യാസിമാർ ഹിന്ദു മതത്തിലും ജൈന മതത്തിലുമുണ്ട്. പ്രകൃതിയെ ആരാധിക്കുന്നവർ ഉണ്ട്. ഇന്ത്യയിൽ ഉള്ളവർ പൊതുവിൽ ഈ പറഞ്ഞതൊന്നും പ്രാകൃതം ആണെന്ന് അഭിപ്രായപ്പെടാറില്ല. അവയുടെയൊക്കെ പിന്നിലുള്ള തത്വങ്ങളെക്കുറിച്ചുള്ള ബോധ്യം ഉള്ളതുകൊണ്ടാണ് നാം അങ്ങനെ ചെയ്യാത്തത്. എന്നാൽ തത്വം അറിയില്ലാത്തൊരാൾക്ക് , പ്രത്യേകിച്ചും പുറമെ നിൽക്കുന്ന ഒരുവന് ഇത്തരം ആചാരങ്ങളെ ഉൾകൊള്ളാൻ കഴിയണമെന്നില്ല. മിഡ്‌സോമറിന്റെ കാര്യത്തിൽ പുറത്ത് നിന്നുള്ള കാഴ്ച്ച മാത്രമാണ് അറി അസ്തർ നമ്മുക്ക് നൽകുന്നത്. അകത്തേക്ക് കടന്ന് ചെന്ന് തത്വം അറിയാനുള്ള ശ്രമം സംവിധായകൻ നടത്തുന്നില്ല. സിനിമയുടെ തിയറിയുടെ അടിസ്ഥാനത്തിലാണെങ്കിൽ നമ്മുക്ക് ഏത് നാടിനെയും അവരുടെ രീതികളെയും സംസ്ക്കാരമില്ലാത്തതെന്ന് മുദ്ര കുത്താൻ സാധിക്കും. മൂല്യങ്ങളും ധർമ്മാധർമ്മങ്ങളും കാല ദേശങ്ങൾക്കാനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും എന്ന ചിന്ത ഉൾച്ചേർന്നിട്ടില്ല എന്നിടത്താണ് ആശയപരമായി മിഡ്‌സോമർ പിന്നോക്കം പോകുന്നത്. അത്രയും മാറ്റി നിർത്തിയാൽ നിർബന്ധമായും കണ്ടിരിക്കേണ്ട ഒരു ചലച്ചിത്രാനുഭവം തന്നെയാണ് മിഡ്‌സോമർ.
വിഷുവിന് പൂക്കാതിരിക്കാനാവാത്ത കണിക്കൊന്നയെപ്പോലെയാണ് ചിലപ്പോൾ പേനയും – ചില സിനിമകൾ കണ്ടാൽ അതേപ്പറ്റി എഴുതാതിരിക്കാനാവില്ല..! അത്തരമൊരു സിനിമയാണ് ‘ഫൈനൽസ്’. ചിത്രം അനൗൺസ് ചെയ്തപ്പോൾ തന്നെ മനസ്സിൽ കുറിച്ചിട്ടതാണ് ഇത് കാണണം എന്ന്; കാരണം രജിഷ വിജയൻ എന്ന ‘ഉറപ്പ്’ തന്നെ… തിയേറ്ററിൽ പൊതുവേ ആളു കുറവായപ്പോൾ തന്നെ തീർച്ചയായി, ചിത്രം വളരെ നല്ലതായിരിക്കുമെന്ന്! (അല്ല, അതാണല്ലോ പൊതുവേയുള്ള ഒരു രീതി; പിന്നീട് അഭിപ്രായങ്ങളൊക്കെ വന്ന ശേഷമേ മിക്ക നല്ല പടങ്ങളും വിജയിച്ചിട്ടുള്ളൂ…) ഈ റിവ്യൂ മുഴുവൻ വായിക്കാൻ മടിയുള്ളവർക്കു വേണ്ടി ആദ്യം തന്നെ പറയാം, നിങ്ങൾ ഈ സിനിമ കണ്ടില്ലെങ്കിൽ അതൊരു തീരാ നഷ്ടമായിരിക്കും, തീർച്ച…
ഇനി, തുടർന്നു വായിക്കാൻ താൽപര്യമുള്ളവർക്കു വേണ്ടി:
രജിഷയുടെ സിനിമയെന്നു പറഞ്ഞു ടിക്കറ്റെടുക്കുന്നവരെക്കൊണ്ട് സുരാജ് വെഞ്ഞാറമൂടിന്റെ സിനിമയെന്നു മാറ്റിപ്പറയിക്കുന്ന ഒരു സിനിമ – അതാണ് ‘ഫൈനൽസ്’… ടിനി ടോമിന്റെ ഒരു കരിയർ ബെസ്റ്റ് എന്നു പറയാവുന്ന സിനിമ; നിരഞ്ജ് മണിയൻ പിള്ള രാജു എന്ന പയ്യൻ മലയാള സിനിമക്ക് ഒരു വാഗ്ദാനമാണെന്നു വെളിവാക്കുന്ന സിനിമ; ശ്വാസമടക്കിപ്പിടിച്ചിരുന്നു കാണേണ്ടുന്ന ഒരു സ്പോർട്സ് സിനിമ – ഇതൊക്കെയാണ് ഫൈനൽസ്..! ഒരു വ്യക്തിയെ, അതിലൂടെ ഒരു സമൂഹത്തെ, സ്വപ്നങ്ങളെ, ഒക്കെയും രാഷ്ട്രീയ താൽപര്യങ്ങളും മാധ്യമ മുൻവിധികളും എത്രത്തോളം സ്വാധീനിക്കുന്നു എന്ന് അക്കമിട്ടു നിരത്തുന്ന ഈ സിനിമ ചെയ്യാൻ ധൈര്യം കാണിച്ച സംവിധായകനും നിർമ്മാതാക്കൾക്കുമിരിക്കട്ടെ ആദ്യ കൈയടി…
നമ്മുടെ രാഷ്ട്രീയ – സാമൂഹിക – മാധ്യമ വ്യവസ്ഥിതികളോടുള്ള രോഷ പ്രകടനമാണ് ‘ഫൈനൽസ്’ എന്നും വേണമെങ്കിൽ പറയാം…
സംഭാഷണങ്ങളെക്കാളേറെ, മൗനമാണ് ഈ ചിത്രത്തിൽ സ്‌കോർ ചെയ്തിരിക്കുന്നത്!
‘ഇന്റർവെൽ’ എന്ന് സ്ക്രീനിൽ തെളിയുമ്പോൾ പ്രേക്ഷകർ വാച്ചിൽ നോക്കി ‘ഇത്ര പെട്ടെന്നോ’ എന്നൊരു ചോദ്യം ചോദിക്കും, ഉറപ്പ്. രണ്ടാം പകുതിയിൽ തുടക്കം കുറച്ചു ‘വലിച്ചിഴച്ചു’ എന്ന് പറയാതെ വയ്യ. സെന്റിമെൻസ് വർകൗട് ആകണമെങ്കിൽ വലിച്ചു നീട്ടണം എന്ന സംവിധായകന്റെ മിഥ്യാ ധാരണയാവാം ഒരുപക്ഷേ അങ്ങനെയൊന്നിന് കാരണമായത്! ചില സ്ഥലങ്ങളിൽ പശ്ചാത്തല സംഗീതം അരോചകമായി തോന്നി… ക്യാമറാമാനും സംവിധായകനും തമ്മിലുള്ള ഒരു ആരോഗ്യകരമായ മത്സരം സിനിമയിലുടനീളം കാണാം. രണ്ടുപേരും വിജയിക്കുന്ന ഒരു മത്സരം! ഇടക്ക് തോന്നുന്ന ‘ലാഗ്’ ‘ആവിയായി’ പോകുന്ന ഒരു മാന്ത്രികതയാണ് ക്ളൈമാക്സിനപ്പുറം സ്ക്രീനിൽ തെളിയുന്ന ചില വാർത്താ ചിത്രങ്ങൾ…(അത് നിങ്ങൾ തിയേറ്ററിൽ കാണുക). രജിഷയെപ്പറ്റി ഒന്നും പറയാത്തത്, അങ്ങനെയൊരു പറച്ചിലിന്റെ ആവശ്യമുണ്ടെന്ന് തോന്നാത്തതുകൊണ്ടാണ് – അത്രമേൽ തന്മയത്വത്തോടെ തന്റെ കഥാപാത്രമായി രജിഷ മാറിയിരിക്കുന്നു… ആവർത്തിക്കുന്നു, താര രാജാക്കന്മാർ അരങ്ങു വാഴുന്നില്ല എന്ന ഒറ്റക്കാരണത്താൽ ‘ഫൈനൽസും’ ‘അത്ര പോരാ’ എന്ന പാഴ് വാക്കിലൊതുക്കി പരാജിത ചിത്രങ്ങളുടെ ‘ഹിറ്റ് ലിസ്റ്റിൽ’ എഴുതിച്ചേർക്കരുത്; ഇതൊരു അപേക്ഷയാണ്…
റോഷിൻ എ റഹ്‌മാൻ. കൊല്ലം ജില്ലയിലെ ഓച്ചിറ സ്വദേശി. ഇലക്ട്രിക്കൽ എഞ്ചിനിയറിംഗിൽ ബിരുദം, ഹ്യൂമൻ റിസോഴ്‌സ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദം. പാരലൽ കോളേജ് അധ്യാപകൻ. കവിത, സിനിമാ നിരൂപണം എന്നീ മേഖലകളിൽ സമൂഹമാധ്യമങ്ങളിലും ആനുകാലികങ്ങളിലും സജീവം.
റോഷിൻ എ റഹ്‌മാൻ
പ്രിയപ്പെട്ട അമ്പിളീ, മാപ്പ്… നിന്റെ നിഷ്കളങ്കത തമാശയായി കണ്ട് ആർത്തു ചിരിച്ചതിന്; നിന്റെ മനസ്സു കാണാതെ, നീ പ്രകടമാക്കിയ ചേഷ്ടകളിൽ മാത്രം രസിച്ചതിന്; ഒക്കെയും മാപ്പ്… നീ എന്തിനാണ് അമ്പിളീ ഞങ്ങളൊക്കെ വെറും ചെറിയ മനുഷ്യ ജന്മങ്ങളാണെന്ന് പറയാതെ പറഞ്ഞുവച്ചത്? സ്നേഹക്കൂടുതലുള്ളവരൊക്കെ ഭ്രാന്തന്മാരാണെന്ന് പേരറിയാത്ത ആ സ്ത്രീ പറഞ്ഞത് എത്രയോ ശരി! ആ സ്നേഹക്കൂടുതൽ കൊണ്ടാവും, നീ സൗബിൻ ഷാഹിർ എന്ന പ്രതിഭയിലേക്ക് അത്രമേൽ ലയിച്ചു ചേർന്നത്, അല്ലേ? നീയാണ് ഈ ലോകത്തിലെ ഏറ്റവും വലിയ ഭ്രാന്തൻ എന്നു പറയുമ്പോൾ, അല്പം ജാള്യതയോടെ പറയട്ടെ, ഞങ്ങളൊക്കെയും ഈ ലോകത്ത് ഭ്രാന്തില്ലാതെ ജീവിക്കുന്നു എന്നത് എന്തോ, വലിയൊരു തെറ്റായി തോന്നുന്നു… ഡോക്ടർ ചൗധരി പറഞ്ഞതുപോലെ, നമ്മെ തേടി വരുന്ന സ്നേഹം മനസ്സിലാക്കുമ്പോഴേക്കും നമ്മുടെ കണ്ണു നിറഞ്ഞിരിക്കും… സത്യം, നീ ഞങ്ങളുടെ കണ്ണു നിറച്ചു – മനസ്സും..! ടീനയെപ്പോലൊരു പെൺകുട്ടിയും, കുര്യച്ചനെപ്പോലെയൊരു പിതാവും നമ്മുടെയിടയിൽ എവിടെയെങ്കിലുമൊക്കെ ഉണ്ടാവണേ എന്ന് അറിയാതെയെങ്കിലും ആഗ്രഹിച്ചുപോയെങ്കിൽ, പ്രിയ കഥാകൃത്തേ, അത് താങ്കളുടെ വിജയത്തിന്റെ പൂർണതയാണ്!
സാധാരണക്കാരന്റെ നിഷ്കളങ്കതയെയും നിസ്സഹായതയെയും ചൂഷണം ചെയ്യുന്ന കോർപറേറ്റ് ചിന്താഗതിയെ വെറുമൊരു നാട്ടിൻപുറത്തിന്റെ പച്ചനിറമുള്ള, ഏലയ്ക്കാ മണമുള്ള ക്യാൻവാസിൽ എത്ര തന്ത്രപരമായാണ് ജോൺ പോൾ ജോർജ്, താങ്കൾ വരച്ചിട്ടത്! ‘ഫ്ളക്സിലേക്ക്’ മാറാൻ താൽപര്യമില്ലാത്ത അമ്പിളിയെ ‘പൊട്ടൻ’ എന്ന് വിളിക്കുന്നവരെ ഷേവിംഗ് മിററിലൂടെ സ്വന്തം ഉള്ളു കാണിച്ചു കൊടുക്കുന്ന താങ്കളുടെ ബ്രില്യൻസ് അപാരം..! മിസ്റ്റർ ബീനിലേക്കും, ‘ദൈവ തിരുമകളിലെ’ കൃഷ്ണയിലേക്കുമൊക്കെ വഴുതി പോകാമായിരുന്ന ‘അമ്പിളി’യെ സ്വന്തം വ്യക്തിത്വത്തിൽ തന്നെ ഉറപ്പിച്ചു നിർത്തിയ സൗബിനെ എത്ര അഭിനന്ദിച്ചാലും മതിവരില്ല…
തയ്യൽക്കടക്കാരൻ ചേട്ടനും, പ്രസ്സ് മുതലാളിയും, പാൽക്കാരൻ തമിഴനും, ബൈക്ക് മെക്കാനിക്കുമെല്ലാം നമുക്കിടയിൽ ഇന്നും ജീവിക്കുന്നവരാണെന്നു നിസ്സംശയം പറയാം… ജോൺ പോൾ ജോർജ് എന്ന അതുല്യ പ്രതിഭ ജലാശയത്തിലെ ‘ഗപ്പി’യിൽ നിന്നും ആകാശത്തെ ‘അമ്പിളി’യിലേക്ക് ഉയർന്നു പൊങ്ങിയപ്പോൾ ഓരോ മലയാളി പ്രേക്ഷകനും ലഭിച്ചത് നേരിന്റെയും തിരിച്ചറിവുകളുടെയും നിലാവെളിച്ചമാണ്…
ചില നഷ്ടപ്പെടലുകളിലേക്കും, മറ്റു ചില തിരിച്ചറിവുകളിലേക്കും വെളിച്ചം വിതറുന്ന എന്തോ ഒരു മാന്ത്രികത ഈ ‘അമ്പിളി’യിലുണ്ട്, തർക്കമില്ല (ഇടയ്ക്കെപ്പോഴോ ഒരു ‘ലാഗ്’ അടിപ്പിച്ചു എന്നതൊഴിച്ചാൽ)… ശുദ്ധ ഹാസ്യം മരിച്ചിട്ടില്ല എന്ന വസ്തുതയും ‘അമ്പിളി’ വെളിവാക്കുന്നു. അമ്പിളി എന്ന ചിത്രത്തെ ഏത് ഗണത്തിൽ പെടുത്തണം എന്ന് സത്യമായും അറിയില്ല; അല്ലെങ്കിലും ചിലതിനെ ഒരു ഗണത്തിലും പെടുത്താതെ സ്വതന്ത്രമായി വിടുന്നതാണ് ഉചിതം…
അമ്പിളിയുടെ യാത്രകൾ തുടരട്ടെ, കാലങ്ങളോളം, മണ്ണിലും മനസ്സിലും…
റോഷിൻ എ റഹ്‌മാൻ. കൊല്ലം ജില്ലയിലെ ഓച്ചിറ സ്വദേശി. ഇലക്ട്രിക്കൽ എഞ്ചിനിയറിംഗിൽ ബിരുദം, ഹ്യൂമൻ റിസോഴ്‌സ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദം. പാരലൽ കോളേജ് അധ്യാപകൻ. കവിത, സിനിമാ നിരൂപണം എന്നീ മേഖലകളിൽ സമൂഹമാധ്യമങ്ങളിലും ആനുകാലികങ്ങളിലും സജീവം.
റോഷിൻ എ റഹ്‌മാൻ.
ഒരു സാധാരണ പ്രേക്ഷകനെന്ന നിലയിൽ സ്വാഭാവികമായും രണ്ടു കാര്യങ്ങളാണ് ‘തണ്ണീർമത്തൻ ദിനങ്ങൾ’ കാണാൻ എന്നെ തിയേറ്ററിൽ എത്തിച്ചത്: 1.യൂട്യൂബിലും വാട്‌സ്ആപ്പ് സ്റ്റാറ്റസുകളിലും തരംഗമായ ‘ജാതിക്കാ തോട്ടം’ എന്ന ഗാനം. 2.വിനീത് ശ്രീനിവാസൻ എന്ന ‘മിനിമം ഗ്യാരണ്ടി’… ‘നിങ്ങൾ ഇത് കണ്ടേ പറ്റൂ’ എന്ന് പറയാതെ പറയുന്ന തുടക്കം. പിന്നീടങ്ങോട്ട് പ്രേക്ഷകനിലേക്ക് പരകായ പ്രവേശം നടത്തുന്ന കഥാപാത്രങ്ങളുടെ കടന്നുവരവ്… ഇടക്കെപ്പോഴോ ‘ഇത് പഴയ ഞാനല്ലേ?’ എന്ന് ഏതെങ്കിലും ഒരു കഥാപാത്രത്തെയെങ്കിലും കാണുമ്പോൾ പ്രേക്ഷകന് മനസ്സിൽ തോന്നാതിരിക്കില്ല എന്നത് ഏതാണ്ടുറപ്പാണ്. ബോറടിപ്പിക്കാത്ത തമാശകളും,
‘ജാതിക്കാത്തോട്ടത്തിനായുള്ള’ കാത്തിരിപ്പുമായി ഫസ്റ്റ് ഹാഫ് കടന്നുപോയി. ഏതൊരു ‘സ്‌കൂൾ’ സിനിമയെയും പോലെ, വെക്കേഷൻ തുടങ്ങുന്നിടത്ത് ‘പഞ്ചുകൾ’ ഇല്ലാതൊരു ഇന്റർവെൽ… സെക്കൻഡ് ഹാഫിന്റെ തുടക്കം അത്ര പുതുമ നിറഞ്ഞതെന്ന് അവകാശപ്പെടാനാവില്ലെങ്കിലും, കണ്ടും കേട്ടും പരിചയിച്ച പലതിനെയും സംവിധായകൻ തന്റേതായൊരു കൈയൊപ്പു ചാർത്തി അവതരിപ്പിച്ചിരിക്കുന്നു എന്ന് നിസ്സംശയം പറയാം. ഇടക്കെപ്പോഴോ ഒന്നു വാച്ചിൽ നോക്കേണ്ടി വന്നു! ക്ളൈമാക്‌സ് സീനിലേക്ക് പ്രേക്ഷകനെ ചെറിയൊരു നെഞ്ചിടിപ്പോടെ നടത്താൻ ശ്രമം നടത്തിയെങ്കിലും, സിനിമ ‘തീർക്കാൻ വേണ്ടി തീർത്ത’ ഒരു പ്രതീതി അനുഭവപ്പെട്ടു (തികച്ചും വ്യക്തിപരമായ അഭിപ്രായം)… ജോമോനും കീർത്തിയും രവി സാറുമൊക്കെ എന്നോ നമുക്കിടയിൽ ജീവിച്ചിരുന്നവരോ, അല്ലെങ്കിലൊരുപക്ഷേ നമ്മൾ തന്നെയോ ആവാം… രവി സാറായുള്ള വിനീതിന്റെ കടന്നുവരവിൽ തന്നെ, ഏതൊരു സ്ഥിരം പ്രേക്ഷകനും ഊഹിക്കാൻ ഒന്നുണ്ട് – ഒന്നുകിൽ അയാളൊരു ‘നന്മ മരം’, അല്ലെങ്കിൽ ഒരു ‘ഗജ ഫ്രോഡ്’ (ഇതിൽ ഏതാണെന്ന് സിനിമ കാണുമ്പോൾ അറിഞ്ഞാൽ മതി!). ഒരു അധ്യാപകൻ എന്ന നിലയിലും, +2 ജീവിതം ഒരു സർക്കാർ സ്‌കൂളിൽ ആസ്വദിച്ച ആളെന്ന നിലയിലും, ഒരു ശരാശരി +2 വിദ്യാർത്ഥിയുടെ ‘വേവ് ലെങ്ത്’ അറിയുന്നതുകൊണ്ടും, ‘തണ്ണീർ മത്തൻ ദിനങ്ങളിൽ’ രണ്ടുമൂന്നു ദിവസമായി സോഷ്യൽ മീഡിയ ‘പെരുപ്പിച്ചു കാട്ടുന്ന’ ‘വേറെ ലെവൽ’ കണ്ടന്റുകൾ ഒന്നും കാണാൻ കഴിഞ്ഞില്ല, ക്ഷമിക്കണം! ‘ഒമർ ലുലുവൊക്കെ ഇത് കണ്ട് പഠിക്കണം’ എന്ന ട്രോൾ വായിച്ചിട്ടാണ് സിനിമക്ക് പോയതെങ്കിലും അത്രമാത്രം പഠിക്കാനുള്ളതൊന്നും ഇതിലുണ്ടെന്നു തോന്നിയില്ല…മനസ്സിൽ ഒന്നും ബാക്കി വെക്കാതെ കണ്ടിറങ്ങാവുന്ന ഒരു ശരാശരി സ്‌കൂൾ ചിത്രം, അത്രക്ക് മധുരമേയുള്ളൂ ഈ ‘തണ്ണീർമത്തന്’…
റോഷിൻ എ റഹ്‌മാൻ. കൊല്ലം ജില്ലയിലെ ഓച്ചിറ സ്വദേശി. ഇലക്ട്രിക്കൽ എഞ്ചിനിയറിംഗിൽ ബിരുദം, ഹ്യൂമൻ റിസോഴ്‌സ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദം. പാരലൽ കോളേജ് അധ്യാപകൻ. കവിത, സിനിമാ നിരൂപണം എന്നീ മേഖലകളിൽ സമൂഹമാധ്യമങ്ങളിലും ആനുകാലികങ്ങളിലും സജീവം.