Movies

ബിഗ് ബോസ് ഷോയ്ക്ക് ശേഷം നടിയും അവതാരകയുമായ ആര്യയ്ക്ക് നേരെ കടുത്ത സൈബര്‍ ആക്രമണം നടന്നിരുന്നു. സീസണ്‍ 2വില്‍ ആണ് ആര്യ മത്സരാര്‍ത്ഥിയായി എത്തിയത്. തങ്ങള്‍ നടത്തിയിരുന്ന തുണിക്കടയിലേക്ക് വിളിച്ച് ഭീഷണിപ്പെടുത്തലുകള്‍ നടന്നതായി ആര്യ പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടിയിരുന്നു.

കടയിലെ കോണ്‍ടാക്ട് നമ്പര്‍ പബ്ലിക് ആയത് കൊണ്ട് അതിലേക്ക് വിളിച്ച് കട പൂട്ടിക്കും, അല്ലേല്‍ കത്തിക്കും എന്നൊക്കെ ഭീഷണിപ്പെടുത്താറുണ്ട് എന്നാണ് ആര്യ പറയുന്നത്. ഡിസൈനിംഗ് കോഴ്സ് പഠിച്ചിറങ്ങിയ ചില പിള്ളേരും ഉണ്ടായിരുന്നു. ഒരു ദിവസം നല്ല പ്രായമുള്ള ഒരു ആന്റി വിളിച്ചു. ട്രെയിനിയായി വന്ന ഒരു കുട്ടിയാണ് ഫോണ്‍ എടുത്തത്.

അവരെ പറയാന്‍ ബാക്കി ഒന്നുമില്ലാത്ത വര്‍ത്തമാനമാണ് പറഞ്ഞത്. അങ്ങനെ ആ കുട്ടി ജോലി റിസൈന്‍ ചെയ്ത് പോയി. അത്തരത്തിലുള്ള ഒരുപാട് ഫോണ്‍ കോളുകള്‍ വന്നിട്ടുണ്ട്. നല്ല സ്റ്റാന്‍ഡേര്‍ഡ് ആയി സംസാരിക്കുന്നവരും വിളിച്ചിട്ടുണ്ടെന്നും ആര്യ പറയുന്നു. അമേരിക്കയില്‍ നിന്നോ മറ്റോ ഇതുപോലെ പ്രായമുള്ളൊരു സ്ത്രീ വിളിച്ചു.

അവളോട് അടങ്ങി ഒതുങ്ങി വീട്ടില്‍ ഇരിക്കാന്‍ പറഞ്ഞോളു. ഞങ്ങളുടെ സാറിനെ എന്തേലും ചെയ്താല്‍ അവളെ അവിടെ വന്ന് അടിക്കുമെന്ന് പറഞ്ഞിട്ടുണ്ട്. ഫാന്‍ അറ്റാക്ക് തന്റെ ബിസിനസിനെയും ഒത്തിരി ബാധിച്ചു. ഗൂഗിള്‍ റിവ്യൂ നല്ല രീതിയില്‍ ഉണ്ടായിരുന്നു. മനഃപൂര്‍വ്വം കുറേ ആളുകള്‍ കയറി മോശം അഭിപ്രായമിട്ടു.

സോഷ്യല്‍ മീഡിയയില്‍ എന്തെങ്കിലും പോസ്റ്റ് ഇട്ടാല്‍ കുറച്ച് പിള്ളേര്‍ ഒരു ടൈംപാസിന് എന്ന രീതിയില്‍ എന്റെ പോസ്റ്റിന് താഴെ വന്ന് കമന്റിടും. ഇപ്പോള്‍ പോസ്റ്റിന് താഴെ നാലഞ്ച് പച്ചില പാമ്പിന്റെ ഫോട്ടോ ഇട്ടിട്ട് പോകും. അല്ലാതെ കുഴപ്പമൊന്നുമില്ലെന്നും ആര്യ പറയുന്നു.

തമിഴകത്തിലെ ഏറ്റവും വിലകൂടിയ നടിയാണ് മലയാളികളുടെ സ്വന്തം നയൻതാര. തെന്നിന്ത്യൻ സിനിമ ലോകത്തിൽ ലേഡി സൂപ്പർ സ്റ്റാറായി അറിയപ്പെടുന്ന താരം ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന തെന്നിന്ത്യൻ നായിക കൂടി ആണ്. മലയാളത്തിൽ നിന്നും ആണ് താരം തന്റെ അഭിനയ ലോകം തുടങ്ങുന്നത് എങ്കിൽ കൂടിയും നയൻതാരയുടെ തട്ടകം എന്ന് പറയുന്നത് തമിഴ് സിനിമ ലോകമാണ്.

ഒറ്റക്ക് നിന്ന് വിജയങ്ങൾ നേടാൻ കഴിവുള്ള നായികയായി വളർന്ന നയൻ‌താര തമിഴിൽ സൂപ്പർ താരങ്ങളുടെ എല്ലാം നായിക ആയിട്ടുണ്ട്. ശരത് കുമാറിന്റെ നായികയായി ആണ് തമിഴിൽ താരം എത്തിയത് എങ്കിൽ കൂടിയും തുടക്കകാലത്തിൽ ഐറ്റം ഡാൻസ് മാത്രം ചെയ്യുന്ന താരമായി വരെ സിനിമയിൽ വന്നിട്ടുണ്ട്. ശിവാജിയിൽ രജനീകാന്തിനൊപ്പം ഇൻട്രോ ഗാനത്തിൽ മാത്രമായി എത്തിയിട്ടുണ്ട്. അതുപോലെ ഗജിനി എന്ന സൂര്യ ചിത്രത്തിൽ രണ്ടാം നായികയുടെ വെഷവും ചെയ്തിട്ടുണ്ട് ഇന്നത്തെ ലേഡി സൂപ്പർ സ്റ്റാർ.

തമിഴിൽ സ്ത്രീകൾക്ക് ഏറ്റവും കൂടുതൽ ബഹുമാനം കൊടുക്കാൻ നടൻ രജനികാന്ത് ആണെന്ന് ആയിരുന്നു നയൻ‌താര പറയുന്നത്. താൻ ജീവിതത്തിൽ കണ്ട അത്ഭുത നടൻ രജനിയുടെ ആണ് എന്നും നയൻതാര പറയുന്നു നയൻതാരയുടെ വാക്കുകൾ ഇങ്ങനെ.. ഇത് പോലെ നന്മയും എളിമയും ഉള്ള മറ്റൊരു നടനെ താൻ കണ്ടട്ടില്ല എന്നും ഷൂട്ടിങ് ലൊക്കേഷനിൽ നിരവധി സ്ത്രീകൾ അദ്ദേഹത്തെ കാണാനും നേരിട്ട് സംസാരിക്കാനും ആയി എത്തും അപ്പോൾ അദ്ദേഹത്തിന് വേണമെങ്കിൽ ഇരുന്ന് തന്നെ സംസാരിക്കാം എന്നാൽ സ്ത്രീകളെ കാണുമ്പോൾ എഴുന്നേറ്റ് നിന്ന് കൈകൂപ്പി വിനയത്തോടെ അദ്ദേഹം സംസാരിക്കൂ – നയൻതാര പറയുന്നു.

കുസേലൻ , ശിവാജി , ചന്ദ്രമുഖി , ദർബാർ തുടങ്ങിയ ചിത്രങ്ങളിൽ രജനികാന്തിനൊപ്പം നയൻ‌താര അഭിനയിച്ചിട്ടുണ്ട്. സിരുതൈ ശിവ സംവിധാനം ചെയ്യുന്ന രജനിയുടെ പുതിയ ചിത്രത്തിലും നായിക നയൻ‌താര തന്നെയാണ്.

2020 ല്‍ മലയാളത്തില്‍ ഇറങ്ങിയ സിനിമകളില്‍ മികച്ച പ്രതികരണം നേടിയ ചിത്രങ്ങളിലൊന്നായിരുന്നു വരനെ ആവശ്യമുണ്ട്. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ ആയിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. ജോണി ആന്റണിയും ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഡോ. ബോസ് എന്നായിരുന്നു അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ പേര്. ജോണി ആന്റണി ഷൂട്ടിംഗ് സെറ്റിലും വളരെ പോസിറ്റീവായിരുന്നെന്ന് അനൂപ് പറയുന്നു.

‘ജോണി ചേട്ടന്റെ സീന്‍ ഷൂട്ട് ചെയ്യാനുണ്ടെങ്കില്‍ ഒരു കോമഡി സിനിമ കാണുന്ന മൂഡിലാണ് ലൊക്കേഷനിലേക്ക് ചെല്ലുക. എല്ലാത്തിലും ഹ്യൂമറാണ്. സി.ഐ.ഡി. മൂസ എന്ന സിനിമ സംവിധാനം ചെയ്ത സംവിധായകനാണ്. അതുകൊണ്ടു തന്നെ അപാര ടൈമിംഗാണ്. നമ്മള്‍ കട്ടെന്ന് പറയുന്നത് തന്നെ ചിരിച്ചു കൊണ്ടായിരിക്കും,’ അനൂപ് പറയുന്നു.

സിനിമയില്‍ ഈ ക്യാരക്ടറിനെ മാത്രമാണ് കെട്ടഴിച്ച് വിട്ടതെന്നും അനൂപ് കൂട്ടിച്ചേര്‍ത്തു. ആക്ഷന്‍ തുടങ്ങി കഴിഞ്ഞാല്‍ നമ്മളെ സര്‍പ്രൈസ് ചെയ്യിക്കുന്ന ഒരുപാട് കാര്യങ്ങള്‍ ജോണിയില്‍ നിന്ന് കിട്ടുമെന്നും അദ്ദേഹം പറഞ്ഞു.

താന്‍ സ്ത്രീവിരുദ്ധനാണെന്ന വിമര്‍ശനത്തിന് മറുപടിയുമായി നടനും ബിഗ്‌ബോസ് താരവുമായ സാബു. ബിഗ് ബോസിനുള്ളില്‍ വെച്ച് ഹിമ ശങ്കറിന്റെ കഴുത്തിന് കുത്തി പിടിക്കുകയും രഞ്ജിനിയെ തെറിവിളിക്കുകയും ചെയ്തതായി വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ആരോപണങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം.

‘സീസണ്‍ ഒന്നില്‍ സാബുമോന്‍ കുറച്ച് സ്ത്രീ വിരുദ്ധത പ്രകടിപ്പിച്ചില്ലേ. പിന്നീട് നിങ്ങളുടെ ആര്‍മി തന്നെ സീസണ്‍ 2 വിലെ രജിത് കുമാറിനെയും സീസണ്‍ മൂന്നില്‍ വന്ന സജ്ന-ഫിറോസിനെയും സപ്പോര്‍ട്ട് ചെയ്തില്ലേ’- എന്നായിരുന്നു വിമര്‍ശകന്റെ ചോദ്യം.

ഇതിനു താരത്തിന്റെ മറുപടി ഇങ്ങനെ… ‘ഹിമയോട് എന്ത് സ്ത്രീവിരുദ്ധതയാണ് ഞാന്‍ ചെയ്തത്. അതിനൊരു ക്ലാരിഫിക്കേഷന്‍ വേണം. എന്നെ സ്പ്രേ കുപ്പി വെച്ച് അടിച്ചിരുന്നു. എന്റെ ദേഹം നോവുകയാണെങ്കില്‍ ലോകത്തെ ഏത് മനുഷ്യനെ ആണെങ്കിലും ഇടിച്ച് ഞാന്‍ ശരിയാക്കി കളയും. അതില്‍ ഒരു സംശയവുമില്ല. ഇടിച്ച് തറയിലിടാന്‍ പറ്റാത്തത് കൊണ്ടുള്ള എന്റെ യാദൃശ്ചികമായ പ്രതികരണമാണിത്. അതാണോ സ്ത്രീവിരുദ്ധത. എന്റെ ശരീരത്തിന് എതിരെ ആക്രമിക്കുന്നത് പ്രതിരോധിക്കുന്നതാണോ സ്ത്രീവിരുദ്ധത. സ്ത്രീ എന്നല്ല ഏത് പുരുഷനാണെങ്കിലും എന്റെ ശരീരത്തേക്ക് കടന്ന് കയറിയാല്‍ കുരവള്ളി പൊട്ടിച്ച് കളയും. ഇപ്പോള്‍ ഞാന്‍ നടന്ന് പോകുമ്പോള്‍ ഒരു പുലിയാണ് ദേഹത്തേക്ക് ചാടുന്നതെങ്കില്‍ അതിനെതിരെയും പോരാടും.’

‘എന്റെ ശരീരത്ത് തൊട്ടതിനാണ് ഞാന്‍ തിരിച്ച് കൊടുത്തത്. ഒരു മനുഷ്യനെന്ന നിലയില്‍ നമ്മള്‍ പ്രതികരിക്കും. അതെങ്ങനെയാണ് സ്ത്രീ വിരുദ്ധത ആവുന്നത്. അതിനകത്ത് എങ്ങനെയാണ് ലിംഗസമത്വം ഇല്ലാതെയാകുന്നത്. ഈ പബ്ലിക് പ്ലാറ്റ് ഫോമില്‍ ഞാന്‍ കാണിച്ച സ്ത്രീവിരുദ്ധത എന്താണെന്ന് തുറന്ന് കാണിക്കൂ. രഞ്ജിനി ഹരിദാസിനെ ഞാന്‍ തെറി വിളിച്ചെന്നും നിങ്ങള്‍ പറഞ്ഞു. എന്ത് തെറിയാണ് വിളിച്ചതെന്ന് ചോദിച്ചപ്പോള്‍ മറുപടിയില്ല. ഹിമയുടെ കൊങ്ങയ്ക്ക് കുത്തി പിടിച്ചിരുന്നു. കണ്ണൂരുള്ള ചേച്ചിയെ ചീത്ത വിളിച്ചു, കലാഭവന്‍ മണിയെ വിഷം കൊടുത്ത് കൊന്നു, തുടങ്ങിയ ഊച്ചാളിത്തരം കൊണ്ട് ഇങ്ങോട്ട് വരരുത്.’- സാബു പറഞ്ഞു

എം.മോഹനന്‍ സംവിധാനം ചെയ്ത് ശ്രീനിവാസന്‍ തിരക്കഥയും സഹനിര്‍മ്മാണവും നിര്‍വ്വഹിച്ച ചിത്രമാണ് കഥ പറയുമ്പോള്‍. ചിത്രത്തില്‍ അശോക് രാജായി വേഷമിട്ട മമ്മൂട്ടി അഭിനയിച്ചതിന് കാശ് വാങ്ങിയിട്ടില്ലെന്നാണ് ശ്രീനിവാസന്‍ പറയുന്നത്. നടന്‍ മുകേഷും ശ്രീനിവാസനും ചേര്‍ന്ന് നടത്തുന്ന നിര്‍മ്മാണകമ്പനിയായ ലൂമിയര്‍ ഫിലിം കമ്പനിക്ക് കാശ് വാങ്ങിക്കാത്തവരോടാണ് കൂടുതല്‍ ഇഷ്ടമെന്നും ശ്രീനിവാസന്‍ പറയുന്നു. ഇതുപോലെ തുടര്‍ന്നും കാശ് വാങ്ങാതെ എല്ലാവരും തങ്ങളോട് അഭിനയിച്ച് സഹകരിക്കണമെന്നും ശ്രീനിവാസന്‍ പറയുന്നു.

ലൂമിയര്‍ ഫിലിം കമ്പനി തുടങ്ങിയതിനെക്കുറിച്ച് ശ്രീനിവാസന്‍ നേരത്തേ മറ്റൊരഭിമുഖത്തില്‍ പറഞ്ഞിരുന്നു.

‘ഞങ്ങള്‍ ലൂമിയര്‍ ഫിലിം കമ്പനി എന്ന ബാനര്‍ ഉണ്ടാക്കുന്നത് അപ്രതീക്ഷിതമായിട്ടാണ്. മുകേഷിന് അറിയാവുന്ന രണ്ടുപേര്‍ക്ക് സിനിമ നിര്‍മ്മിക്കാന്‍ ആഗ്രഹമുണ്ടെന്നും എന്തെങ്കിലും കഥയുണ്ടേല്‍ പറയണമെന്നും മുകേഷ് പറഞ്ഞിരുന്നു. എന്റെ മനസില്‍ ഒരു കഥ വന്നപ്പോള്‍ ഞാന്‍ അത് മുകേഷിനോട് പറഞ്ഞു. അങ്ങനെ മുകേഷിന്റെ പരിചയക്കാര്‍ സിനിമ നിര്‍മ്മിക്കട്ടെ എന്ന് തീരുമാനിച്ചു.

പക്ഷേ അവര്‍ക്ക് ആ സമയത്ത് എന്തോ ഫണ്ട് റെഡിയായില്ല. അങ്ങനെയൊരു അവസരത്തില്‍ മുകേഷ് എന്നോട് ചോദിച്ചു. ഇത് നമുക്ക് തന്നെ നിര്‍മ്മിച്ചാലോ എന്ന്. അങ്ങനെയാണ് ലൂമിയര്‍ ഫിലിം കമ്പനി സംഭവിക്കുന്നത്,’

പ്രിയ മാതാവിന്റെ അപ്രതീക്ഷ വിയോഗത്തില്‍ നൊമ്പരകുറിപ്പുമായി ഗായകന്‍ കണ്ണൂര്‍ ഷരീഫ്. കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് ഷരീഫിന്റെ മാതാവ് അഫ്‌സത്ത് പുത്തോന്‍ മരിച്ചത്. താനും കുടുംബവും ക്വാറന്റീനില്‍ ആയിരുന്നതിനാല്‍ അവസാനമായി പ്രിയപ്പെട്ട ഉമ്മയെ ഒരു നോക്കു കാണാന്‍ സാധിച്ചില്ലെന്ന് ഷരിഫ് വേദനയോടെ കുറിച്ചു.

ഉമ്മ ജീവിതത്തിലേയ്ക്കു മടങ്ങി വരുമെന്ന പ്രതീക്ഷയില്‍ക്കഴിയവേയാണ് അപ്രതീക്ഷിതമായി വിയോഗവാര്‍ത്ത തന്നെ തേടിയെത്തിയതെന്നും അതുമായി പൊരുത്തപ്പെടാന്‍ എത്ര ശ്രമിച്ചിട്ടും മനസ്സിനു കഴിയുന്നില്ലെന്നും ഷരീഫ് കുറിക്കുന്നു. വലിയ ആഗ്രഹങ്ങളൊന്നുമില്ലാത്ത ഒരാളായിരുന്നു ഉമ്മ. മരിക്കുമ്പോള്‍ മക്കള്‍ അരികിലുണ്ടാകണം എന്നതായിരുന്നു ഉമ്മയുടെ ഏറ്റവും വലിയ ആഗ്രഹം. പക്ഷേ.. ഉമ്മാ.. അത് സാധിച്ചു തരാന്‍ എനിക്ക് കഴിയാതെ പോയല്ലോ എന്നും ഷെരീഫ് ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം;

ഭൂമിയിലെനിക്കേറ്റവും പ്രിയപ്പെട്ട എന്റെ ഉമ്മ വിടപറഞ്ഞു. എന്റെ നാലാമത്തെ വയസ്സിൽ വാപ്പ മരണപ്പെടുമ്പോൾ ഉമ്മാക്ക് 29 വയസ്സായിരുന്നു പ്രായം. അവിടന്നങ്ങോട്ട്
മരണം വരെ മക്കൾക്ക് വേണ്ടി ജീവിച്ചു തീർത്തു ഉമ്മ.
ജീവിതത്തിലെ കറുത്ത ദിനങ്ങളെ കരുത്തോടെ നേരിട്ട ഉമ്മ..!
വാപ്പയില്ലാത്തതിന്റെ കുറവ് അറിയിക്കാതെയാണ് ഉമ്മ ഞങ്ങളെ വളർത്തിയത്.
ചെറുപ്പത്തിൽ ഞാൻ ആരാവാനാണ് ഉമ്മയുടെ ആഗ്രഹം എന്ന് ചോദിച്ചപ്പോൾ “ഒന്നുമായില്ലെങ്കിലും, നല്ല മനുഷ്യനാവണം” എന്ന് പറഞ്ഞ് പഠിപ്പിച്ച്, അങ്ങിനെ ജീവിച്ച് സ്വയം മാതൃക കാട്ടിത്തന്നു ഉമ്മ..!
എന്നുമെപ്പോഴും മക്കൾ അരികിലുണ്ടാവണം എന്നതായിരുന്നു ഉമ്മയുടെ ആഗ്രഹം. അതുകൊണ്ട് തന്നെയാണ്, സ്വന്തമായൊരു വീട് വെക്കാൻ ആലോചിച്ചപ്പോൾ അത് തറവാടിന്റെ തൊട്ടടുത്ത് തന്നെ വേണം എന്ന് തീരുമാനിച്ചത്. പ്രോഗ്രാമിന്റെ തിരക്കുകൾ എത്രയുണ്ടെങ്കിലും നാട്ടിലുണ്ടെങ്കിൽ ഞാനെന്നും ഉമ്മയുടെ അടുത്തുണ്ടാകും.
ഉമ്മാക്ക് കോവിഡ് ആണെന്നറിഞ്ഞപ്പോൾ തകർന്നു പോയി ഞാൻ. ഞാനും കുടുംബവും കോവിഡ് ബാധിച്ച് കോറന്റൈനിലായിരുന്നതിനാൽ ഉമ്മയെ കാണാനോ അടുത്തിരുന്ന് ഒന്ന് തലോടാനോ കഴിയാതെ നെഞ്ച് പൊട്ടുകയായിരുന്നു. ഒക്സിജന്റെ ലെവൽ വളരെ താഴ്ന്ന് ദിവസങ്ങളോളം ആശുപത്രിയിലായിരുന്നെങ്കിലും ഉമ്മ തിരികെവരും എന്ന് തന്നെയായിരുന്നു പ്രതീക്ഷ. പക്ഷേ..!!
വലിയ ആഗ്രഹങ്ങളൊന്നുമില്ലാത്ത ഒരാളായിരുന്നു ഉമ്മ. മരിക്കുമ്പോൾ മക്കൾ അരികിലുണ്ടാകണം എന്നതായിരുന്നു ഉമ്മയുടെ ഏറ്റവും വലിയ ആഗ്രഹം. പക്ഷേ.. ഉമ്മാ.. അത് സാധിച്ചു തരാൻ എനിക്ക് കഴിയാതെ പോയല്ലോ..
ഉമ്മയുടെ അവസ്ഥ വളരെ മോശമാണ് എന്നറിഞ്ഞ് അവസാനമായി ഒരു നോക്ക് കാണാൻ ഞാൻ ആശുപത്രിയിലെത്തിയെങ്കിലും അതിന് മിനിറ്റുകൾക്ക് മുൻപ് ഉമ്മ വിടപറഞ്ഞു.
അവസാന നിമിഷങ്ങളിൽ എന്നെയൊരുനോക്ക് കാണാൻ ഉമ്മ എത്രമാത്രം കൊതിച്ചിട്ടുണ്ടാകും എന്നോർക്കുമ്പോൾ സങ്കടം സഹിക്കാൻ കഴിയുന്നില്ല. കരളിലെരിയുന്ന നെരിപ്പൊടിന്റെ നീറ്റലിനെ ഒരല്പമെങ്കിലും ശമിപ്പിക്കാൻ കണ്ണീരിന് കഴിഞ്ഞിരുന്നെങ്കിൽ..!
വിധിയെ തടുക്കാൻ ആർക്കുമാവില്ല എന്നറിയാം.. പക്ഷേ, ഇനി ഉമ്മയില്ല എന്ന സത്യവുമായി മനസ്സ് പൊരുത്തപ്പെടാൻ ഒരുപാട് സമയമെടുക്കും.
പ്രിയപ്പെട്ടവരേ എനിക്ക് നിങ്ങളോട് പറയാനുള്ളത്..
ജീവിച്ചിരിക്കുമ്പോൾ നമ്മുടെ മാതാപിതാക്കളെ നന്നായി നോക്കുക. നമ്മുടെ സ്വത്തും മുതലും പേരും പ്രശസ്തിയുമൊന്നുമല്ല,നമ്മുടെ സാമീപ്യമാണ് അവർക്ക് വേണ്ടത്..
അവരെ ചേർത്ത് പിടിക്കുക.. ആ കരുതലാണ് അവർ ആഗ്രഹിക്കുന്നത്.. അവർക്കൊരു
ഉമ്മ കൊടുക്കുക.. അന്നേരം അവരുടെ മുഖത്ത് തെളിയുന്ന പ്രകാശമുണ്ടല്ലോ.. അത് നമ്മുടെ ജീവിതത്തിന്റെ വിളക്കാകും. ആ മുഖത്ത് വിരിയുന്ന പുഞ്ചിരിയുണ്ടല്ലോ.. അതാണ്.. അത് മാത്രമാണ് നമുക്ക് നാളേക്കുള്ള സമ്പാദ്യം..!!
ഓർക്കുക..
നഷ്ടപ്പെട്ടാൽ ഒരിക്കലും തിരികെ ലഭിക്കാത്ത ഭൂമിയിലെ അമൂല്യമായ രത്നങ്ങളാണ് മാതാപിതാക്കൾ.
നഷ്ടപ്പെടുമ്പോഴേ അതിന്റെ വിലയെന്തെന്നറിയൂ..!!
അവസാന ദിവസങ്ങളിൽ സ്വന്തം മക്കളെപ്പോലെ ഉമ്മയെ പരിപാലിച്ച കണ്ണൂർ ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർ, നഴ്‌സുമാർ… സങ്കട സമയങ്ങളിൽ, വിഷമിക്കല്ലേ.. എന്തിനും ഞങ്ങൾ കൂടെയുണ്ടെന്നോതിയ ഒട്ടനവധി പേർ,
ഞങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയും ഞങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്ത പ്രിയ സൗഹൃദങ്ങൾ.. നന്ദി.. ഏവർക്കും..!!🙏
പ്രിയമുള്ളവരേ..
എത്രയോ കരുതലോടെയായിരുന്നു ഞങ്ങൾ കോവിഡിനെ പ്രതിരോധിക്കാൻ ശ്രമിച്ചിരുന്നത്. എന്നിട്ടും ഞങ്ങൾക്കിടയിൽ കോവിഡ് താണ്ഡവമാടി. ഏറ്റവും പ്രിയപ്പെട്ട ഒരു ജീവനും കവർന്നു. ഒന്നേ പറയാനുള്ളൂ.. നിങ്ങളേവരും ശ്രദ്ധയോടെയിരിക്കുക. ഗവണ്മെന്റും ആരോഗ്യപ്രവർത്തകരും പറയുന്ന നിർദ്ദേശങ്ങൾ അവഗണിക്കാതിരിക്കുക. എല്ലാം മാറി നല്ലൊരു നാളെ പുലരാനായ് പ്രാർത്ഥിക്കുന്നു.

ഷക്കീല പ്രധാന കഥാപാത്രമായ കിന്നാരത്തുമ്പികളില്‍ അഭിനയിച്ചതിന്റെ ഓര്‍മ്മകള്‍ പങ്കുവെയ്ക്കുകയാണ് നടന്‍ സലിംകുമാര്‍. ഒരു പരിപാടിക്കിടെ സലിംകുമാര്‍ പറഞ്ഞ വാക്കുകളാണ് വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്. ‘കിന്നാരത്തുമ്പികള്‍ ആ രീതിയില്‍ എടുക്കണമെന്ന് വിചാരിച്ച സിനിമയല്ല. ഷക്കീല ആദ്യമായി മലയാളത്തില്‍ അഭിനയിച്ച പടമായിരുന്നു. എന്റെ ഒരു സുഹൃത്താണ് ഈ പടത്തിലേക്ക് വിളിക്കുന്നത്. എടാ ഒരു അവാര്‍ഡ് പടമുണ്ട്. നീ വന്ന് അഭിനയിക്കണം എന്ന് പറഞ്ഞു. മൂന്നാര്‍ ഭാഗത്തായിരുന്നു ഷൂട്ട്.

ഞാന്‍ ഒക്കെ പറഞ്ഞു. ഷൂട്ട് ചെയ്യുമ്പോഴും എന്റെ ഭാഗത്ത് ഒന്നും അങ്ങനെയൊന്നുമില്ല. പടത്തില്‍ യാതൊരുവിധ സെക്‌സോ ഒന്നുമില്ലായിരുന്നു. ഷൂട്ട് ചെയ്യുന്ന സമയത്ത് ആ പടത്തിലും അങ്ങനെയൊന്നുമില്ലായിരുന്നു. ഷൂട്ട് ഒക്കെ കഴിഞ്ഞ്, ഈ സിനിമ പ്രദര്‍ശിപ്പിക്കാന്‍ ആയി അവര്‍ ഒരുപാട് നടന്നു. സിനിമയുടെ സംവിധായകനും നിര്‍മാതാവും ഒരു നല്ല സിനിമയാണ് പ്രതീക്ഷിച്ചത്,’ എന്നും സലീം പറഞ്ഞു.

ഡബ്ബിംഗിന് ഞാന്‍ ചെല്ലുമ്പോഴാണ് എല്ലാവരും വല്ലാത്ത അവസ്ഥയില്‍ നില്‍ക്കുകയാണ്. അപ്പോള്‍ പടത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ എന്നോട് പറഞ്ഞു സലീമേ… ഞങ്ങള്‍ ഒരു കാര്യം തീരുമാനിച്ചു. ഒരാള്‍ക്കും പടം വേണ്ട. എന്തെങ്കിലും ഇതിനകത്ത് ചേര്‍ക്കണം എന്ന്. ഞാന്‍ പറഞ്ഞു, അങ്ങനെയാണെങ്കില്‍ ചേര്‍ത്തോളൂ.

പക്ഷെ എന്ത് ചെയ്താലും നിങ്ങളെനിക്ക് ഒരു വാക്ക് തരണം, സിനിമയുടെ പോസ്റ്ററില്‍ എന്റെ ഫോട്ടോ വെയ്ക്കരുത്. അവര്‍ വാക്കുപാലിച്ചു. പോസ്റ്ററില്‍ എന്റെ ഫോട്ടോ വെച്ചില്ല. ഷക്കീലയുമായി ഒരുമിച്ച് അഭിനയിക്കുന്ന സീനുകളൊന്നുമില്ലായിരുന്നുവെന്നും സലീം പറഞ്ഞു. സംവിധായകന്‍ പോലും അറിയാതെയാണ് ചിത്രത്തില്‍ അത്തരം രംഗങ്ങള്‍ കൂട്ടിച്ചേര്‍ത്തതെന്നും സലീം കുമാര്‍ പറഞ്ഞു.

അയാള്‍ കഥയെഴുതുകയാണ് എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കുമ്പോഴുണ്ടായ അനുഭവം പങ്കുവെച്ച് നടി കുളപ്പുള്ളി ലീല. ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തിലാണ് നടി മനസ്സുതുറന്നത്.

‘അയാള്‍ കഥയെഴുതുകയാണ് എന്ന ചിത്രത്തില്‍ മോഹന്‍ലാലിനെ ഞാന്‍ ചൂലുകൊണ്ടടിക്കുന്ന ഒരു സീനുണ്ട്. അങ്ങനൊരു സീനുണ്ടെന്ന് ഡയറക്ടര്‍ കമല്‍ സാര്‍ പറഞ്ഞപ്പോള്‍ അയ്യോ എന്നെക്കൊണ്ട് പറ്റില്ലെന്നാണ് ഞാന്‍ പറഞ്ഞത്.

അപ്പോള്‍ ലാല്‍ കടന്നുവന്നു, എന്തിനാണ് മടിക്കുന്നത്. കേരളത്തിലെന്നല്ല, ഇന്ത്യാമഹാരാജ്യത്ത് പോലും എന്നെ ഒരാള്‍ ചൂലുകൊണ്ട് തല്ലിയിട്ടില്ല. പുറത്തിറങ്ങി നാലു പേരോട് പറഞ്ഞൂടെ മോഹന്‍ലാലിനെ ചൂലുകൊണ്ട് അടിച്ചുവെന്ന്. ചേച്ചി തല്ലിക്കോളൂവെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്,’ കുളപ്പുള്ളി ലീല പറയുന്നു.

‘റിഹേഴ്സലില്‍ പറ്റുന്നില്ല, ഷോട്ടില്‍ തല്ലിക്കോളാമെന്ന് ഞാന്‍ പറഞ്ഞു. ചേച്ചി ഒരു ആര്‍ട്ടിസ്റ്റല്ലേ റിഹേഴ്സലില്‍ തന്നെ ശരിക്കും തല്ലണം, അല്ലെങ്കില്‍ എനിക്ക് ദേഷ്യം വരുമെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. അങ്ങനെ റിഹേഴ്സലില്‍ തന്നെ ഞാന്‍ മോഹന്‍ലാലിനെ ചൂലുകൊണ്ട് തല്ലി,’ ലീല പറയുന്നു.

പ്രശസ്ത സ്റ്റിൽ ഫോട്ടോഗ്രാഫറും സംവിധായകനുമായ ശിവൻ അന്തരിച്ചു. 89 വയസായിരുന്നു.സിനിമ, സാഹിത്യം, നാടകം, ഡോക്യുമെന്ററി തുടങ്ങിയ വിവിധ മേഖലകളിൽ സജീവ സാന്നിധ്യമായിരുന്നു.

1959 ൽ സ്ഥാപിച്ച ശിവൻ സ്റ്റുഡിയോയുടെ ഉടമയാണ്. ചെമ്മീൻ സിനിമയുടെ സ്റ്റിൽ ഫോട്ടോഗ്രാഫറായിരുന്നു.മൂന്നുതവണ ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയിട്ടുണ്ട്

മലയാളത്തിലെ ആദ്യത്തെ കുട്ടികളുടെ ചിത്രമായ അഭയത്തിന്റെ സംവിധായകനായിരുന്നു ശിവൻ. ഒരു യാത്ര, സ്വപ്നം, യാഗം, കേശു എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.

സന്തോഷ് ശിവൻ, സഞ്ജീവ് ശിവൻ ,സംഗീത് ശിവൻ എന്നിവർ മക്കളാണ്.

‘മെയ്തീനേ ആ ചെറ്യേ സ്പാനറിങ്ങെടുത്തേ’…കുതിരവട്ടം പപ്പു തീര്‍ത്ത വിസ്മയത്തില്‍ പകുതിപങ്കും കൈപ്പറ്റിയിരുന്നത് അദ്ദേഹത്തിന്റെ ഡയലോഗ് ഡെലിവറിയിലുള്ള അസാമാന്യമായ തഴക്കം തന്നെയായിരുന്നു. ചെറുപ്പം മുതലേ കോഴിക്കോടിന്റെ നാടകവളര്‍ച്ചയില്‍ പങ്കുചേര്‍ന്ന കുതിരവട്ടം പപ്പുവിന്റെ അഭിനയം നേരിട്ടുകണ്ട രാമുകാര്യാട്ട് പിടിച്ചപിടിയാലെ അദ്ദേഹത്തെ സിനിമയിലേക്കുകൊണ്ടുവന്നു. കുതിരവട്ടം പപ്പുവിന്റെ ഓര്‍മകള്‍ക്ക് ഇരുപത്തൊന്നാണ്ട് തികയുമ്പോള്‍ അച്ഛനെക്കുറിച്ച് സംസാരിക്കുകയാണ് മകന്‍ ബിനു പപ്പു.

മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട താരമാണ് കുതിരവട്ടം പപ്പു. അദ്ദേഹം വിട പറഞ്ഞിട്ടും താരത്തിന്റേ സിനിമകളും കഥാപാത്രങ്ങളുമെല്ലാം പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്. തേൻമാവിൻ കൊമ്പത്ത്, മണിച്ചിത്രത്താഴ്, വെള്ളാനകളുടെ നാട്,മിന്നാരം എന്നിങ്ങനെ 1500ൽ പരം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഇതെല്ലാം പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടിട്ടുമുണ്ട്. നരസിംഹമാണ് അദ്ദേഹം ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രം.

അച്ഛന്റെ പാത പിന്തുടർന്ന് മകൻ ബിനു പപ്പുവും സിനിമയിൽ എത്തിയിട്ടുണ്ട്. 2015 മുതലാണ് ബിനു സിനിമയിൽ എത്തിയതെങ്കിലും പ്രേക്ഷകരുടെ ഇടയിൽ കൂടുതൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത് ഓപ്പറേഷൻ ജാവ എന്ന ചിത്രത്തിലൂടെയാണ്. സൈബർ സെൽ ഉദ്യോഗസ്ഥനായി അദ്ദേഹം മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. അതുപോലെ തന്നെ മമ്മൂട്ടി ചിത്രമായ വണ്ണിലും മികച്ച വേഷത്തിലെത്തിയിരുന്നു. കൈയടക്കത്തോടെയുള്ള ബിനു പപ്പുവിന്റെ അഭിനയമായിരുന്നു പ്രേക്ഷകരുടെ ഇടയിൽ കൂടുതൽ ചർച്ചയായത്. ഇപ്പോഴിത അച്ഛൻ പപ്പു വേണ്ടെന്ന് വെച്ച ഹിറ്റ് ചിത്രത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് ബിനു പപ്പു.

ഒരു അഭിമുഖത്തിലാണ് നടൻ ഇക്കാര്യം വെളിപ്പെടുത്തിയത്. സമ്മർ ഇൻ ബത്‌ലഹേം എന്ന ചിത്രത്തിൽ കലാഭവൻ മണി ചേട്ടന്റെ കഥാപത്രം ചെയ്യേണ്ടത് അച്ഛൻ ആയിരുന്നു. ഊട്ടിയിലായിരുന്നു സിനിമയുടെ ചിത്രീകരണം.

സുന്ദരകില്ലാഡി എന്ന ചിത്രത്തിന് ശേഷം അദ്ദേഹം നേരെ പോകുന്നത് ഊട്ടിയിലെ ഈ സെറ്റിലേയ്ക്കാണ്. കോയമ്പത്തൂരിൽ വെച്ചായിരുന്നു സുന്ദരകില്ലാഡിയുടെ ചിത്രീകരണം. ആ സമയം അവിടെ ഭയങ്കരമായ ചൂടായിരുന്നു. ചൂട് കൊണ്ട് ഉണ്ടാവുന്ന പ്രശ്നങ്ങൾ അച്ഛൻ ഉൾപ്പെടെയുള്ള എല്ലാ താരങ്ങൾക്കും ഉണ്ടായിരുന്നു. ചിത്രം ശ്രദ്ധിക്കുമ്പോൾ മനസ്സിലാകും, രണ്ടാം ഭാഗമാകുമ്പോൾ അച്ഛന്റേയും ദിലീപേട്ടന്റേയും നന്ദു ചേട്ടന്റേയുമൊക്കെ സ്കിൻ ടോൺ മാറിയിരിക്കുന്നത്. ഒരുപാട് മലകൾ ഉള്ള സ്ഥലത്തായിരുന്നു ചിത്രീകരണം.

ഈ ചൂടുള്ള കാലവസ്ഥയിൽ നിന്ന് നേരെ അച്ഛൻ പോയത് ഊട്ടിയിലെ സമ്മർ ഇൻ ബത്‌ലഹേമിന്റെ സെറ്റിലേയ്ക്കാണ്. ചിത്രത്തിൽ ആദ്യം എടുക്കുന്ന സീൻ ത് മണി ചേട്ടൻ ഓടി കയറുന്ന ആ പാട്ട് രംഗമായിരുന്നു. അത് ചെയ്തപ്പോൾ തന്നെ അച്ഛന് ശ്വാസം കിട്ടാതെ ആയി. ഉടൻ തന്നെ പറഞ്ഞിട്ട് അദ്ദേഹം റൂമിലേയ്ക്ക് പോയി. എന്നിട്ടും ഓക്കെ ആയിരുന്നില്ല. അങ്ങനെയാണ് ആ ചിത്രത്തിൽ നിന്ന് പിൻമാറുന്നത്. അവർ ആശുപത്രിയിൽ കൊണ്ട് പോകാമെന്ന് പറഞ്ഞിരുന്നു. അദ്ദേഹം വേണ്ട സിനിമ ചെയ്യുന്നില്ലെന്ന് പറഞ്ഞ് തിരികെ വരുകയായിരുന്നു.

ഇങ്ങനെ അച്ഛനെ സംബന്ധിച്ചടത്തോളം സിനിമയും നാടകവുമായിരുന്നു ജീവിതം. അഭിനയമാണ് അച്ഛനെ വളർത്തിയത്. കാലും കയ്യും കെട്ടിയിട്ടാലും അദ്ദേഹം അഭിനയിക്കും. അങ്ങനെയുള്ള അച്ഛൻ സിനിമ ചെയ്യുന്നില്ല എന്ന് പറണമെങ്കിൽ അത്രയ്ക്ക് വയ്യാതായിരുന്നു. അത് കഴിഞ്ഞ് വീട്ടിൽഎത്തി പരിശോധിച്ചപ്പോഴാണ് നിമോണിയാണെന്ന് മനസ്സിലായത്. അതിന് ശേഷം ഒരു വർഷത്തോളം അദ്ദേഹത്തെ അഭിനയിക്കാൻ വിട്ടിരുന്നില്ല. യാത്ര ചെയ്യരുതെന്ന് ഡോക്ടറുടെ കൃത്യമായ നിർദ്ദേശം ഉണ്ടായിരുന്നു. എന്നിട്ടും അതിന് ശേഷവും അദ്ദേഹം അഭിനയിച്ചിരുന്നു. നരസിംഹമായിരുന്നു അവസാനം അഭിനയിച്ച ചിത്രം

RECENT POSTS
Copyright © . All rights reserved