കൊവിഡ് 19 പ്രതിരോധത്തിനായി 3 കോടി സംഭാവന നല്‍കിയ നടന്‍ രാഘവേന്ദ്ര ലോറന്‍സിനെ പ്രശംസിച്ചും മലയാളത്തിലെ ഉള്‍പ്പെടെ സൂപ്പര്‍താരങ്ങളെ ട്രോളിയും നടന്‍ ഷമ്മി തിലകന്‍. പുതിയ ചിത്രത്തിന് അഡ്വാന്‍സ് ലഭിച്ച മൂന്ന് കോടി രൂപ സംഭാവന നല്‍കുന്നുവെന്ന രാഘവേന്ദ്ര ലോറന്‍സിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്താണ് ഷമ്മി തിലകന്റെ സര്‍ക്കാസം കലര്‍ത്തിയ പോസ്റ്റ്. ലോറന്‍സിന്റെ സംഭാവന കാര്യം അറിഞ്ഞ് തമിഴിലെയും,തെലുങ്കിലെയും മലയാളത്തിലെയും സൂപ്പര്‍ താരങ്ങള്‍ ഉല്‍കണ്ഠാകുലര്‍ ആണെന്നും ലോറന്‍സിന്റെ സിനിമകളില്‍ സഹകരിക്കുന്ന മലയാള താരങ്ങളെ വിലക്കണോ എന്ന് തീരുമാനമെടുക്കാന്‍ ഇടവേള പോലുമില്ലാത്ത പതിനഞ്ചര കമ്മിറ്റി കൂടിയാലോചന നടത്തുന്നുതായും അറിയുന്നുവെന്ന് താരസംഘടന അമ്മയെ പരോക്ഷമായി വിമര്‍ശിച്ച് ഷമ്മി തിലകന്‍.
അമ്മ സംഘടനയില്‍ അധീശത്വം ഉള്ളവര്‍ എന്ന് കോമ്പറ്റീഷന്‍ കമ്മീഷന്‍ വിധിന്യായത്തില്‍ പറഞ്ഞതും ജസ്റ്റിസ് ഹേമാ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ച മലയാള സിനിമ നിയന്ത്രിക്കുന്ന 15 അംഗ ലോബിയെയുമാണ് പരാമര്‍ശിച്ചതെന്ന് ഷമ്മി വിശദീകരിക്കുന്നുണ്ട്. അമ്മയുടെ സൂപ്പര്‍ബോഡി എന്ന പേരില്‍ അമ്മ അംഗങ്ങളുടെ ഇടയില്‍ കുപ്രസിദ്ധി നേടിയവരുമായ ‘ചില’ മഹല്‍വ്യക്തികളെ പറ്റി മാത്രമാണ്. ഫ്യൂഡലിസ്റ്റ് മനോഭാവികളായ ഈ ‘സൂപ്പര്‍ ബോഡിക്കാര്‍’ ‘തങ്ങളുടെ ഇഷ്ടത്തിനും, ഇംഗിതത്തിനും, താളത്തിനും തുള്ളാത്തവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയതായി വ്യക്തമാണെന്നും’..; എന്നാല്‍, ‘ഇത്തരക്കാരെയും അവരുടെ ആവശ്യങ്ങളെയും അവഗണിക്കാനോ തള്ളിക്കളയാനോ മലയാള സിനിമയിലെ ഖ്യാതിയുള്ള നടന്‍മാര്‍ക്ക് പോലും കഴിയാതെ പോയി’ എന്നുള്ളതും ഇത്തരക്കാരുടെ അധീശത്വം വെളിവാക്കുന്നതാകുന്നു എന്നും കൂടി ബഹു.കോമ്പറ്റീഷന്‍ കമ്മീഷന്‍ വിധിന്യായത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇതില്‍ ഖ്യാതിയുള്ള നടന്മാര്‍ എന്ന് ലാലേട്ടനേയും കൂടിയാണ് കോടതി ഉദ്ദേശിച്ചതെന്നും ഷമ്മി തിലകന്‍. ചേട്ടന്‍ എത്രയാണ് സംഭാവന നല്‍കിയത് എന്ന കമന്റിലെ ചോദ്യത്തിന് കുറച്ചു നാളുകളായി ചെയ്ത ജോലിക്കുള്ള കൂലി പോലും തരാന്‍ മുതലാളിമാര്‍ കൂട്ടാക്കുന്നില്ല. അതിനാല്‍ സംഭാവന നല്‍കാന്‍ കൈയില്‍ തല്‍ക്കാലം ഇല്ല.. ഈ പോസ്റ്റിനെ തുടര്‍ന്ന് ഇനിയുള്ള ദിവസങ്ങളില്‍ മലയാള സിനിമയിലെ കോടിപതികള്‍ നല്‍കാന്‍ പോകുന്ന കോടികളില്‍ ഒരു ചെറിയ ഭാഗം എന്റേത് കൂടിയായി കരുതാവുന്നതാണ്. എന്നാണ് ഷമ്മി തിലകന്റെ മറുപടി.
വീട്ടിനകത്ത് ഐസൊലേഷനിലാണെങ്കിലും ചലച്ചിത്ര മേഖലയിൽ പ്രവർത്തിക്കുന്നവർ വെറുതെയിരിക്കുകയല്ല. അമിതാഭ് ബച്ചനും രജനികാന്തും മമ്മൂട്ടിയും മോഹൻലാലും രൺബീർ കപൂറുമെല്ലാം ചേർന്നു തയ്യാറാക്കിയ ‘കറുത്ത കണ്ണട’യുടെ കഥ ഇതിനകം സമൂഹമാധ്യമങ്ങളിൽ വൻതരംഗമായിക്കഴിഞ്ഞു. ഇപ്പോഴിതാ 22 സെക്കന്റ് മാത്രമുള്ള വേറിട്ടൊരു ‘ജാഗ്രതാ’ സന്ദേശം പുറത്തുവിട്ടിരിക്കുകയാണ് മലയാളത്തിന്റെ പ്രിയതാരവും ദേശീയ പുരസ്‌കാര ജേതാവുമായ സുരാജ് വെഞ്ഞാറമൂട്.
ഭാര്യ സുപ്രിയ വളരെ ഗൗരവത്തില്‍ ഫോണില്‍ നോക്കിക്കൊണ്ടിരിക്കുമ്പോള്‍ അതിലേക്ക് ടെന്‍ഷനോടെ നോക്കുന്ന സുരാജ്.അച്ഛനെന്തിനാ അമ്മയുടെ ഫോണില്‍ നോക്കുന്നത്, അച്ഛന് അച്ഛന്റെ ഫോണില്‍ നോക്കികൂടെ എന്ന് മകന്റെ ചോദ്യവും.ഇത് അച്ഛന്റെ ഫോണ്‍ ആണ് എന്ന സുരാജിന്റെ അപ്പോഴത്തെ രസകരമായ മറുപടിയാണ് വീഡിയോയില്‍ ചിരിയുണര്‍ത്തുന്നത്.
സുരാജിന്റെ മകന്‍ കാശിനാഥാണ് വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്. ”ഭയമല്ല ജാഗ്രതയാണ് വേണ്ടത്. #stayhome #staysafe,’ എന്നീ ക്യാപ്ഷനുകളോടെയാണ് താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്.
View this post on Instagram
ഭയമല്ല ജാഗ്രതയാണ് വേണ്ടത് 😜😜😜 #stayhome #staysafe Shot by @__kasinadh_ss_
ലോക്ഡൗണ്‍ കാലത്ത് ക്ഷേമ പെന്‍ഷനുകള്‍ സര്‍ക്കാര്‍ വീട്ടിലെത്തിക്കുന്നു. ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നഞ്ചമ്മയ്ക്കും പെന്‍ഷന്‍ പണം വീട്ടിലെത്തി. ആ സന്തോഷവും നഞ്ചമ്മ പങ്കിട്ടത് പാട്ട് പാടികൊണ്ടാണ്. ധനകാര്യമന്ത്രി ഡോ. ടി എം തോമസ് ഐസക്കാണ് തന്റെ ഫേസ്ബുക്ക് പേഝിലൂടെ നഞ്ചമ്മയുടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
”ക്ഷേമ പെന്‍ഷനുകളുടെ രണ്ടാംഗഡു വിതരണം നടക്കുകയാണ്. പലര്‍ക്കും വിശ്വസിക്കാന്‍ കഴിയുന്നില്ല. 2400 രൂപ കിട്ടിയിട്ട് ഒരാഴ്ചയല്ലേ ആയുള്ളൂ. അപ്പോഴാണ് 6100 രൂപയുമായി സഹകരണ ബാങ്ക് ജീവനക്കാര്‍ വീണ്ടും ചെല്ലുന്നത്. അതെ, സര്‍ക്കാര്‍ വാക്കുപാലിക്കുകയാണ്. അല്ല, അതുക്കുംമേലെ. ഏപ്രില്‍ മാസത്തെ പെന്‍ഷന്‍ അഡ്വാന്‍സായിട്ടാണ് തരുന്നത്,”
”ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് പെന്‍ഷന്‍ നാളെയേ ട്രാന്‍സ്ഫര്‍ ചെയ്തു തീരുകയുള്ളൂ. അത് എടുക്കാനായിട്ട് ഒന്നാംഗഡു പെന്‍ഷന്‍ വിതരണത്തിനെന്നപോലെ ബാങ്കുകളില്‍പോയി തിക്കുംതിരക്കും ഉണ്ടാക്കേണ്ട. പോസ്റ്റോഫീസിലെ ഹെല്‍പ്പ് ലൈനില്‍ വിളിച്ചു പറഞ്ഞാല്‍ മതി. പോസ്റ്റുമാന്‍ വീട്ടില്‍ക്കൊണ്ടുതരും. ഇതിനു പോസ്റ്റോല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ആരംഭിച്ചിട്ടുളള ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്കുമായി സഹകരിക്കണമെന്ന് എല്ലാ ബാങ്കുകാരോടും പറഞ്ഞിട്ടുണ്ട്. ഏറ്റവും കൂടുതല്‍ അക്കൗണ്ടുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് കത്തും കൊടുത്തിട്ടുണ്ട്.”
”പതിവുപോലെ ഓരോ തവണയും ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്യുമ്പോള്‍ ചെറുതല്ല പാവപ്പെട്ടവരുടെ വീടുകളിലെ സന്തോഷം. പെന്‍ഷന്‍ കൈയ്യില്‍ പിടിച്ചുകൊണ്ടുള്ള നഞ്ചിഅമ്മയുടെ പാട്ട്. അതെ അയ്യപ്പനും കോശിയുമെന്ന സിനിമയില്‍ പാട്ടുപാടിയ നഞ്ചിയമ്മ തന്നെ. അട്ടപ്പാടി സര്‍വ്വീസ് സഹകരണ ബാങ്ക് ജീവനക്കാരാണ് നഞ്ചിയമ്മയ്ക്കുള്ള പെന്‍ഷന്‍ വീട്ടില്‍ എത്തിച്ചുകൊടുത്തത്. കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന് അഭിവാദ്യങ്ങള്‍,” തോമസ് ഐസക് കുറിക്കുന്നു.
തെലുങ്കു സീരിയല്‍ നടി വിശ്വശാന്തി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. ഹൈദരാബാദിലെ വസതിയിലാണ് ശാന്തിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നിലത്തിരുന്ന് കട്ടിലിന്‍മേല്‍ ചാരി കിടക്കുന്ന വിധത്തിലാണ് ശാന്തിയുടെ മൃതദേഹം കണ്ടെത്തിയത്.
വിശാഖപട്ടണം സ്വദേശിയായ ശാന്തി ഹൈദരാബാദില്‍ ഒറ്റയ്ക്കായിരുന്നു താമസം. ശാന്തിയെ പുറത്തൊന്നും കാണാതായതോടെയും വീട്ടില്‍ ആളനക്കം ഇല്ലാതായത് ശ്രദ്ധയില്‍പ്പെട്ടതോടെയും സംശയം തോന്നിയ അയല്‍ക്കാര്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.സ്ഥലത്തെത്തിയ പോലീസ് വീടിന്റെ വാതില്‍ തകര്‍ത്താണ് അകത്ത് കയറിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ശാന്തിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കൊറോണ വൈറസിനെ ചെറുക്കാനായി സാമൂഹിക അകലം പാലിക്കാന്‍ ആവശ്യപ്പെട്ട നടന്‍ റിയാസ് ഖാനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചതായി പരാതി.
സംഭവത്തെക്കുറിച്ച് ഒരു തമിഴ് മാധ്യമത്തില്‍ വന്ന റിപ്പോര്‍ട്ട് ഇങ്ങനെ:
കഴിഞ്ഞ ദിവസം റിയാസ് ഖാന്റെ ചെന്നൈ പനൈയൂരിലെ വസതിക്ക് സമീപത്താണ് സംഭവം. രാവിലെ നടക്കാനിറങ്ങിയ റിയാസ് ആളുകള്‍ കൂട്ടംകൂടി നിന്ന് സംസാരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സാമൂഹിക അകലം പാലിക്കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് തര്‍ക്കത്തിലേക്ക് നീങ്ങുകയായിരുന്നു.
തുടര്‍ന്ന് ആള്‍ക്കൂട്ടം തന്നെ മര്‍ദ്ദിക്കുകയായിരുന്നെന്ന് റിയാസ് ആരോപിച്ചു. മര്‍ദ്ദനത്തില്‍ പരുക്കേറ്റ റിയാസ് ഖാന്‍ സമീപത്തെ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ കാനതുര്‍ പൊലീസില്‍ റിയാസ് പരാതി നല്‍കി. അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
എന്‍ഡോസള്‍ഫാനില്‍ തുടങ്ങി മഹാമാരി വരെ. എല്ലാത്തിലും കയ്യൊപ്പുമായി സുരേഷ് ഗോപി എന്ന മനുഷ്യന്‍ എപ്പോഴുമുണ്ടായിരുന്നു. പക്ഷെ പലപ്പോഴും അത് അധികം പേരും അറിഞ്ഞില്ല. പക്ഷെ അപ്പോള്‍ ഈ കുറിപ്പ് വൈറലാവുകയാണ്. മകന്‍ അച്ഛനായി കുറിച്ചത്. ഈ വസ്തുതകള്‍ അറിയപ്പെടേണ്ടതാണെന്ന് തോന്നി എന്ന് വ്യക്തമാക്കി അച്ഛന്റെ കൈത്താങ്ങുകളെക്കുറിച്ച് ഗോകുല്‍ സുരേഷ് പറഞ്ഞതാണ് ഇപ്പോള്‍ വൈറലായത്.
കൊറോണ ബാധിതര്‍ കൂടുതലുള്ള കാസര്‍കോട് ജില്ലയ്ക്കായി അച്ഛന്‍ ചെയ്ത സഹായങ്ങളും മറ്റും ശ്രദ്ധിക്കപ്പെടാതെ പോകുന്നുവെന്ന് നടന്‍ ഗോകുല്‍ സുരേഷ്. സുരേഷ് ഗോപിയെ പ്രശംസിച്ച് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്ന കുറിപ്പ് പങ്കുവച്ചായിരുന്നു ഗോകുലിന്റെ പ്രതികരണം.
ഈ വസ്തുതകള്‍ അറിയപ്പെടേണ്ടത് ആണെന്ന് തോന്നി. പലപ്പോഴും ഇവ ശ്രദ്ധിക്കപ്പെടാതെയും മനഃപൂര്‍വം സംസാരിക്കപ്പെടാതെയും പോകുന്നു. ഇതുപോലത്തെ മെസ്സേജുകള്‍ കണ്ടാണ് ഇപ്പോള്‍ എന്റെ ദിനം ആരംഭിക്കുന്നത്. അദ്ദേഹത്തിന്റെ മകനായി ജനിച്ചതില്‍ അങ്ങേയറ്റം അഭിമാനിക്കുന്നു.’ഗോകുല്‍ കുറിച്ചു.
ഗോകുല്‍ സുരേഷ് പങ്കുവച്ച കുറിപ്പിന്റെ പൂര്‍ണരൂപം.
പത്ത് വര്‍ഷങ്ങള്‍ക്കു മുമ്പ് എന്‍ഡോസള്‍ഫാന്‍ ബാധിതരെ സഹായിക്കുവാന്‍ മുന്നോട്ട് വന്നതു മുതല്‍ ഇന്ന് കൊറോണ മഹാമാരി കാസര്‍കോട്ടുകാരെ വിഷമത്തിലാക്കിയപ്പോള്‍ വരെ ഒരു കൈത്താങ്ങായി സുരേഷ് ഗോപി എംപി കൂടെയുണ്ട്. മാര്‍ച്ച് അവസാനം കാസര്‍കോട് ജനറല്‍ ആശുപത്രി കോവിഡ് 19 ആശുപത്രിയാക്കി മാറ്റാന്‍ തീരുമാനിച്ച സമയം ആശുപത്രിയിലേക്ക് 212 കിടക്കകളും ഒരു ഹൈ എന്‍ഡ് മോഡ് വെന്റിലേറ്ററും പോര്‍ട്ടബിള്‍ എക്സ്റേയും തുടങ്ങിയ സജ്ജീകരണങ്ങള്‍ക്ക് സാമ്പത്തിക സഹായമായി കാസര്‍കോട്ട് കലക്ടറെ അങ്ങോട്ടു വിളിച്ച് ബന്ധപ്പെട്ട് സുരേഷ് ഗോപി എംപി 25 ലക്ഷം രൂപ സഹായം അറിയിച്ചു.
പിന്നീട് കോവിഡ് രോഗബാധയും സംക്രമണവും ഏറ്റവും കൂടുതലായ കാസര്‍കോട്ട് ജില്ലയ്ക്ക് 3 വെന്റിലേറ്റുകളും രോഗികളെ അങ്ങോട്ടെത്തിച്ച് പരിശോധന നടത്താന്‍ ആവശ്യമായ മൊബൈല്‍ എക്സ്റേ യൂണിറ്റും അനുവദിച്ചു. അതും കഴിഞ്ഞ് ഏപ്രില്‍ അഞ്ചാം തിയതി കാസര്‍കോട്ട് ജില്ലയില്‍പെട്ട ബദിയടുക്കാ, മൂളിയാര്‍. ചെറുവത്തൂര്‍, പെരിയ , മംഗല്‍പ്പാടി എന്നീ സ്ഥലങ്ങളിലെ സിഎച്ച്സി സെന്ററുകളില്‍ ഡയാലിസിസ് ചെയ്യാന്‍ വേണ്ട ഉപകരണങ്ങള്‍ക്കായി 29.25 ലക്ഷം എംപി ഫണ്ട് അനുവദിച്ചു. എന്നും അവഗണനകള്‍ നേരിട്ടപ്പോഴും കാസര്‍കോട്ടിന് കൈത്താങ്ങായി സുരേഷേട്ടന്‍ കൂടെയുണ്ടാകാറുണ്ട്.
മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരവും ടെലിവിഷന്‍ രംഗത്ത് ശ്രദ്ധേയവുമായ നടി ശ്രീലക്ഷ്മി കന്‍കാല അന്തരിച്ചു. താരദമ്പതിമാരായ ലക്ഷ്മി ദേവിയുടെയും ദേവദാസ് കന്‍കാലയുടെയും മകളാണ് ശ്രീലക്ഷ്മി. പ്രമുഖ നടന്‍ രാജീവ് കന്‍കാല സഹോദരനാണ്. ഭര്‍ത്താവ് പെഡി രാമ റാവു. രണ്ട് പെണ്‍മക്കള്‍ പ്രീണയും രംഗലീനയും.
കാന്‍സര്‍ രോഗവുമായി ഏറെ കാലമായി ചികിത്സയിലായിരുന്നു താരം. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ഹൈദരാബാദില്‍ വച്ചായിരുന്നു അന്ത്യം. ബാലതാരമായി ദൂരദര്‍ശനിലൂടെയായിരുന്നു ശ്രീലക്ഷ്മി അഭിനയ ജീവിതം ആരംഭിക്കുന്നത്. രാജശേഖര ചരിത എന്ന സീരിയലില്‍ അച്ഛന്‍ ദേവദാസിനൊപ്പമാണ് ശ്രീലക്ഷ്മി ആദ്യമായി അഭിനയിക്കുന്നത്.
2018 അമ്മയും കഴിഞ്ഞ വര്‍ഷം അച്ഛനും മരിച്ചതോടെ ശ്രീലക്ഷ്മിയും അഭിനയത്തില്‍ നിന്നും മാറി നിന്നിരുന്നു. ശ്രീലക്ഷ്മിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി നിരവധി സുഹൃത്തുക്കളും പ്രമുഖ താരങ്ങളുമെല്ലാം എത്തിയിട്ടുണ്ട്. ശ്രീലക്ഷ്മിയുടെ മരണം ഞെട്ടിക്കുന്നതാണെന്നും വിശ്വസിക്കാന്‍ കഴിയില്ലെന്നും നടന്‍ ഹര്‍ഷ വര്‍ധന്‍ സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്ത് വിട്ട വീഡിയോയില്‍ പറഞ്ഞു.
കൂടാതെ ശ്രീലക്ഷ്മിയുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ആരാധകരും സുഹൃത്തുക്കളുമെല്ലാം വരുന്നത് ഒഴിവാക്കണമെന്ന് നടിയുടെ ബന്ധുക്കള്‍ അറിയിച്ചിരിക്കുന്നതായും താരം വീഡിയോയില്‍ പങ്കുവച്ചു. കൊവിഡ് 19 എല്ലായിടത്തും വ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു അഭ്യർത്ഥന നടത്തിയിരിക്കുന്നത്.
ലോക്ഡൗണിനിടയില്‍ നടി മനോരമയുടെ മകന്‍ ഭൂപതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് എന്ന് റിപ്പോര്‍ട്ടുകള്‍. അമിതമായി ഉറക്കഗുളികകള്‍ കഴിച്ച് ആരോഗ്യം വഷളായതിനെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്നാണ് സൂചന. ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
ഭൂപതി മദ്യത്തിന് അടിമയാണെന്നും ലോക്ക്ഡൗണിനെ തുടര്‍ന്ന് മദ്യം ലഭിക്കാതായപ്പോള്‍ ഉറക്കഗുളികകള്‍ കഴിച്ചതാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രിയില്‍ നിന്നുള്ള വിവരം. നടനും ഗായകനുമായ ഭൂപതി മനോരമയുടെ ഏക മകനാണ്. വിവാഹമോചിതയായ ശേഷം മകനുമൊത്താണ് മനോരമ താമസിച്ചിരുന്നത്. 1500ലേറെ സിനിമകളില്‍ അഭിനയിച്ച നടി 2015ലാണ് അന്തരിച്ചത്.
റാഫി മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്ത ഹലോ എന്ന സിനിമയിലെ മോഹൻലാൽ കഥാപാത്രത്തെയും, ഷാഫി സംവിധാനം ചെയ്ത മായാവിയിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെയും വച്ച് ഹലോ മായാവി എന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രം അനൗണ്‍സ് ചെയ്തിരുന്നു. റാഫി മെക്കാര്‍ട്ടിന്‍ കൂട്ടുകെട്ടിന്റെ തിരക്കഥയില്‍ ഷാഫി സംവിധാനം ചെയ്യാനിരുന്ന സിനിമ. ഇത് നടക്കാതിരുന്നത് ചിലരുടെ പിടിവാശി മൂലമാണെന്ന് ഷാഫി. മമ്മൂട്ടിയും മോഹന്‍ലാലും ചിത്രത്തിനായി സമ്മതം മൂളിയിരുന്നതായും ഷാഫി. ഒരു മാധ്യമത്തിന് നൽികിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
ഹലോ- മായാവി എന്ന പേരില്‍ ലാലേട്ടനെയും (മോഹന്‍ലാല്‍) മമ്മൂക്കയെയും വെച്ച് സിനിമ ഞങ്ങള്‍ പിന്നീട് ആലോചിച്ചതാണ്. രണ്ടുപേരും വണ്‍ലൈന്‍ കേട്ട് സമ്മതംമൂളിയതുമാണ്. എന്നാല്‍ ചിലയാളുകളുടെ പിടിവാശികാരണം ആ പ്രോജക്ട് നടന്നില്ല. അല്ലെങ്കില്‍ ഗംഭീര സിനിമയായി അത് മാറുമായിരുന്നു. അതുപോലെ മായാവി-2 തിരക്കഥ റെഡിയാണ്. അതും ചില ബുദ്ധിമുട്ടുകള്‍ വന്നതിനാല്‍ ചെയ്യാന്‍ പറ്റിയിട്ടില്ല.
മായാവിക്ക് മഹി ഐഎഎസ് എന്നായിരുന്നു ആദ്യമിട്ട പേരെന്നും മമ്മൂട്ടിയാണ് മായാവിയെന്ന പേര് നിര്‍ദേശിച്ചതെന്നും ഷാഫി. എല്ലാ സിനിമകളിലും സലിംകുമാര്‍ വേണമെന്ന നിര്‍ബന്ധം ഉണ്ടായിരുന്നുവെന്നും സ്രാങ്ക് എന്ന കഥാപാത്രം ആദ്യ ആലോചനയില്‍ തന്നെ വന്നിരുന്നുവെന്നും ഷാഫി പറഞ്ഞു
ഈ കൊറോണാ കാലത്ത്, ഗള്‍ഫിൽ പ്രവാസി ആയി നിൽക്കുന്നതിലും നല്ലത് കേരളത്തില്‍ ബംഗാളി ആയി കിടക്കുന്നതാണെന്ന് സന്തോഷ് പണ്ഡിറ്റ്. പണ്ഡിന്റെ സാമൂഹ്യ നിരീക്ഷണം എന്ന തലക്കെട്ടോടെ ഫേസ്ബുക്കിൽ പങ്ക് വെച്ച് കുറിപ്പിലാണ് അദ്ദേഹം ഇങ്ങനെ പറയുന്നത്. കേന്ദ്ര സ൪ക്കാ൪ ചെയ്തത് പോലെ കേരളവും എംഎൽഎ മാരുടേയും, അവരോട് ബന്ധപ്പെട്ടു കിടക്കുന്ന സ്റ്റാഫിന്റെയും ശമ്പളവും ഒരു വ൪ഷത്തേക്ക് 30% കുറച്ചാല് അത് കേരളാ സമ്പത്ത് വ്യവസ്ഥക്ക് വലിയ ഗുണം ചെയ്തേക്കുമെന്നാണ് പണ്ഡിറ്റ് അഭിപ്രായപ്പെടുന്നത്.
സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.
പണ്ഡിറ്റിന്റെ സാമൂഹ്യ നിരീക്ഷണം കേരള സര്‍ക്കാര്‍ കേന്ദ്രത്തിന്റെ മാതൃക പിന്തുടരണം. കേന്ദ്രം എല്ലാ MP മാരുടേയും, പ്രധാനമന്ത്രി, പ്രസിഡണ്ട് അടക്കം എല്ലാവരുടേയും ശമ്ബളം 30% ഒരു വ൪ഷത്തേക്ക് വെട്ടി കുറച്ചു.എന്തിന് MP fund ഉം ഒഴിവാക്കി. ഇതിലൂടെ മാത്രം 9,000 കോടി രൂപയുടെ നേട്ടം ഇന്ത്യക്ക് ഉണ്ടായ്. കൊറോണാ കാലത്ത് തകരുന്ന ഇന്ത്യ൯ സാമ്പത്തിക വ്യവസ്ഥക്ക് ഈ 9,000 കോടി വലിയ മുതല്കൂട്ടാകും.
കേന്ദ്ര സ൪ക്കാ൪ ചെയ്തത് പോലെ കേരളവും MLA മാരുടേയും, അവരോട് ബന്ധപ്പെട്ടു കിടക്കുന്ന സ്റ്റാഫിന്ടേയും ശമ്പളവും ഒരു വ൪ഷത്തേക്ക് 30% കുറച്ചാല് അത് കേരളാ സമ്പത്ത് വ്യവസ്ഥക്ക് വലിയ ഗുണം ചെയ്തേക്കും. ഓരോ ദിവസവും കിട്ടുന്ന ദിവസ വേതനം കൊണ്ട് ജീവിതം തള്ളി നീക്കുന്നവരാണ് കേരളത്തിലെ ബഹു ഭൂരിപക്ഷം ജനങ്ങളും. അത് കൊണ്ട് തന്നെ ലോക്ക് ഡൗണ്‍ കാലത്ത് അവര്‍ക്ക് ജോലിയും ഇല്ല കൂലിയും ഇല്ല.
കഴിഞ്ഞ പ്രളയത്തില് “കേരളത്തിന്ടെ സൈന്യം” എന്നൊക്കെ പറഞ്ഞ് വാക്കുകള് കൊണ്ട് മാത്രം സുഖിപ്പിച്ച മത്സ്യ ബന്ധന മേഖലയിലെ തൊഴിലാളികളും, ഓട്ടോ തൊഴിലാളികളും, മറ്റു കൂലി പണിക്കാരും etc etc മൊത്തം കഷ്ടപ്പാടിലാണേ..ആത്മാഭിമാനം കൊണ്ട് പലരും ദാരിദ്രം പുറത്ത് പറയുന്നില്ല.
പ്രവാസികളിൽ ലക്ഷ കണക്കിന് ആളുകൾക്ക് ജോലി നഷ്ടപ്പെട്ടു കഴിഞ്ഞു. അവരുടെ കുടുംബവും ദുരിതത്തിലാണ്.
(ഇന്ന് കേരളത്തില് 3 നേരവും ഭക്ഷണം നല്ല രീതിയിര് കഴിക്കുന്ന അന്യ സംസ്ഥാന തൊഴിലാളികള് ഒഴിച്ച് ബാക്കി കൂലി പണിക്കാരെല്ലാം കഷ്ടപ്പാടിലാണ്).
കാസ൪ഗോഡ് ഇനിയെങ്കിലും നിലവാരമുള്ള ചില ആശുപത്രികൾ ഉടനെ ആരംഭിക്കണം. എന്നും ക൪ണ്ണാടകയെ മാത്രം ആശ്രയിച്ച്, അവരുടെ ഔദാര്യത്തിൽ ജീവിക്കാനാകില്ല.
അതോടൊപ്പം പച്ചക്കറിയും , കാ൪ഷിക ജോലിയും വലിയ തോതില് കേരളം തുടങ്ങണം. അല്ലെങ്കില് ക൪ണ്ണാടക, തമിഴ്നാട്, ആന്ധ്ര, മഹാരാഷ്ട്ര സംസ്ഥാനങ്ങള് ഭാവിയില് കേരളത്തോട് നിസ്സഹകരണം ചെയ്ത് സാധനങ്ങളൊന്നും കേരളത്തിലേക്ക് തരില്ല എന്നു പറഞ്ഞാല് മലയാളികള് പട്ടിണി കിടക്കും..നോക്കിക്കോ..മനുഷ്യനും, വിനിമയത്തിനായി മനുഷ്യനുണ്ടാക്കിയ പണത്തിനും വിലയില്ലാത്ത കാലമാണ് വരാന്‍ പോകുന്നത്.
വല്ലതും തിന്നണമെങ്കില് ദുരഭിമാനവും, 100% സാക്ഷരതയും ഒക്കെ മാറ്റി വെച്ച് കൃഷി തുടങ്ങിക്കോ.(വാല് കഷ്ണം..ഈ കൊറോണാ കാലത്ത്, ഗള്‍ഫില് പ്രവാസി ആയി നില്കുന്നതിലും നല്ലത് കേരളത്തില്‍ ബംഗാളി ആയി കിടക്കുന്നത് ആയിരുന്നു)Pl comment by Santhosh Pandit (എടുക്കുമ്പോള്‍ ഒന്ന്, തൊടുക്കുമ്പോള്‍ നൂറ്, തറക്കുമ്പോള്‍ ആയിരം. പണ്ഡിറ്റ് ഡാ.)