Movies

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ 2019ലെ മികച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു . മുരളി ഗോപിയുടെ തിരക്കഥയും പൃഥ്വിയുടെ സംവിധാനവും മോഹന്‍ലാലിന്റെ അഭിനയം കൂടിയായപ്പോള്‍ സിനിമ തീയേറ്ററില്‍ സൂപ്പര്‍ഹിറ്റായി. പ്രേക്ഷകരെ ആവേശത്തിലാക്കി ലൂസിഫറിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന പ്രഖ്യാപനവും അണിയറ പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നുണ്ടായി.

ലൂസിഫറിന്റെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന പ്രഖ്യാപനം വന്നതോടെ ആരാധകര്‍ക്ക് പിന്നെ അറിയേണ്ടിയിരുന്നത് ചിത്രം എന്ന് തീയേറ്ററുകളിലെത്തുമെന്നാണ്. ഗതികെട്ട് ഒരു പ്രേക്ഷകന്‍ മുരളി ഗോപിയുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ എത്രയും പെട്ടെന്ന് സിനിമ തന്നില്ലെങ്കില്‍ കാല് പിടിക്കുമെന്ന് വരെ കമന്റിട്ടു. ഒടുവിൽ ഇതാ ഒരഭിമുഖത്തിൽ സിനിമയുടെ ചീത്രീകരണം എപ്പോള്‍ ആരംഭിക്കുമെന്നതിനെക്കുറിച്ച്‌ മനസ് തുറന്നിരിക്കുകയാണ് മുരളി ഗോപി.

‘ലൂസിഫര്‍ 2ന് മുൻപേ ഞാന്‍ വേറൊരു പ്രൊജക്‌ട് ചെയ്യുന്നുണ്ട്. ലാലേട്ടനും വേറൊരു പ്രൊജക്ടുണ്ട്. അദ്ദേഹം സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രം. ഇത് രണ്ടും കഴിഞ്ഞിട്ടായിരിക്കും ലൂസിഫര്‍ 2. 2021അവസാനത്തോടെ ചിത്രീകരണം തുടങ്ങും’-മുരളി ഗോപി പറഞ്ഞു.

നടന്‍ കലാഭവന്‍ മണിയുടെ മരണം കൊലപാതകമല്ലെന്ന് സിബിഐ. റിപ്പോര്‍ട്ട് കോടതിക്ക് കൈമാറി. മരണകാരണം കരള്‍രോഗമാണെന്ന് അന്വേഷണറിപ്പോര്‍ട്ടില്‍ പറയുന്നു.

തുടര്‍ച്ചയായ മദ്യപാനമാണ് കലാഭവന്‍ മണിയെ കരള്‍ രോഗത്തിലേക്കും മരണത്തിലേക്കും നയിച്ചതെന്നാണ് സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. വയറ്റില്‍ കണ്ടെത്തിയ വിഷാംശം മദ്യത്തില്‍ നിന്നുള്ളതാണ്. കരള്‍രോഗമുള്ളതിനാല്‍ മദ്യത്തിന്‍റെ അംശം വയറ്റില്‍ അവശേഷിക്കുകയായിരുന്നു. അങ്ങനെയാണ് മദ്യം മരണകാരണമായതെന്നും സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. പോണ്ടിച്ചേരി ജിപ്മെറിലെ വിദഗ്‍ധ ഡോക്ടര്‍മാരുടെ സംഘമാണ് ഇതു സംബന്ധിച്ച പിരശോധന റിപ്പോര്‍ട്ട് സിബിഐക്ക് നല്‍കിയത്.

എറണാകുളം സിബിഐ കോടതിയിലാണ് റിപ്പോർട്ട് നൽകിയത്. സിബിഐ ഏഴു പേരെ നുണ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. കലാഭവൻ മണിയുടെ പാടിയിലെ പാർട്ടിയിൽ പങ്കെടുത്തവരെയാണ് നുണ പരിശോധനയ്ക്ക് വിധേയമാക്കിയത്. പരിശോധനാ റിപ്പോർട്ടിൽ ദുരൂഹതയില്ലെന്നും സിബിഐ പറഞ്ഞു.

കീരിക്കാടൻ ജോസെന്ന മലയാള സിനിമയുടെ പ്രിയപ്പെട്ട വില്ലനെ കുറിച്ച് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാർത്തകൾ സത്യമല്ലെന്ന് സുഹൃത്തും നടനും നിർമാതാവുമായ ദിനേശ് പണിക്കർ. വെരിക്കോസ് വെയിന്റെ ചികിത്സയ്ക്കായി തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ കഴിയുന്ന കീരിക്കാടനെ(മോഹൻരാജ്) സന്ദർശിച്ച ശേഷമായിരുന്നു ദിനേശ് പണിക്കരുടെ ഫെയ്സ്ബുക്ക് കുറിപ്പ്. ജനറൽ ആശുപത്രിയിൽ വച്ച് നടനെ കണ്ട ആരോ പകർത്തിയ ചിത്രങ്ങളാണ് നേരത്തെ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. ഇത് തെറ്റാണെന്നും ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയതാണെന്നും അദ്ദേഹത്തിന്റെ കുടുംബം വ്യക്തമാക്കിയിരുന്നു.

ദിനേശ് പണിക്കരുടെ ഫെയ്സ്ബുക്ക് പോസ്റ്റിങ്ങനെ..

‘കീരിക്കാടന്‍ ജോസ്, 1989ല്‍ ഞാന്‍ നിര്‍മ്മിച്ച മോഹന്‍ലാല്‍ ചിത്രമായ കിരീടത്തിലെ ഒരിക്കലും മറക്കാനാകാത്ത വില്ലന്‍. ഇദ്ദേഹമാണ് കഴിഞ്ഞ ഒരാഴ്ച്ചയായി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. ഗുരുതര രോ​ഗം ബാധിച്ച് മോഹന്‍രാജ് ആശുപത്രിയിൽ വളരെ മോശം അവസ്ഥയിൽ കിടക്കുകയാണെന്നും അ​ദ്ദേഹത്തിന് സാമ്പത്തിക സഹായം ആവശ്യമാണെന്നുമുള്ള തരത്തിൽ ആരോ തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചു.

ഞാൻ നിർമ്മിച്ച മൂന്ന് സിനിമകളിൽ‌ (കിരീടം,ചെപ്പുകിലുക്കണ ചങ്ങാതി, സ്റ്റാലിന്‍ ശിവദാസ്) അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അടുത്ത സുഹൃത്തെന്ന നിലയ്ക്ക് കീരിക്കാടനെ പോയി കണ്ടിരുന്നു. വെരിക്കോസ് വെയിനിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് അദ്ദേഹം തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്‍ഷുറന്‍സ് കവറേജ് ഉണ്ട്. സാധാരണ ജീവിതത്തിലേക്ക് പെട്ടെന്ന് തന്നെ മടങ്ങിയെത്തുകയും ചെയ്യും.

ആ കുടുംബത്തെ വളരെ അടുത്തറിയാവുന്ന ആളെന്ന നിലയിൽ അവരുടെ സാമ്പത്തിക സ്ഥിതി ഭദ്രമാണെന്ന് കൂടി എനിക്ക് ഉറപ്പ് നൽകാൻ സാധിക്കും. നിലവിൽ ആരുടെയും സാമ്പത്തിക സഹായം കീരിക്കാടന് ആവശ്യമില്ല. പൂർണ ആരോഗ്യത്തോടെ അഭിനയരംഗത്തേക്ക് കീരിക്കാടന് വേഗം മടങ്ങിയെത്താൻ എല്ലാ പ്രാർഥനകളും.’

 

പുതിയ ചിത്രം പ്രഖ്യാപിച്ച് നടനും സംവിധായകനുമായ ജൂഡ് ആന്തണി ജോസഫ്. ഡിറ്റക്ടീവ് പ്രഭാകരൻ എന്നാണ് സിനിമയുടെ പേര്. പ്രശസ്ത എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ ജി.ആർ. ഇന്ദുഗോപന്റെ കഥയെ അടിസ്ഥാനമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. ചിത്രത്തിന്റെ തിരക്കഥ ഇന്ദുഗോപൻ തന്നെയാണ്.

സിനിമയുടെ പേര് പ്രഖ്യാപിച്ചെങ്കിലും നായകൻ ആരെന്ന് അറിയാനുള്ള ആകാംക്ഷയിൽ ഇരിക്കുന്ന പ്രേക്ഷകർക്ക് മറ്റൊരു അമ്പരപ്പ് ആണ് സംവിധായകൻ സമ്മാനിക്കുന്നത്. ഈ സിനിമയിലെ നായകനെ പ്രേക്ഷകർക്ക് തീരുമാനിക്കാനുള്ള അവസരമാണ് ജൂഡ് ഒരുക്കുന്നത്. നിങ്ങൾക്കിഷ്ടപ്പെട്ട നായകൻ ആരായാലും അവരുടെ പേര് കമന്റ് വഴി നിർദേശിക്കാം. ഇന്ത്യൻ സിനിമയിൽ തന്നെ ഇതാദ്യമായാകും ഇങ്ങനെയൊരു തിരഞ്ഞെടുപ്പെന്ന് സംവിധായകൻ പറയുന്നു.

ജൂഡിന്റെ വാക്കുകൾ: വർഷങ്ങൾക്കു മുൻപ് പ്രഭാകരൻ സീരീസ് വായിച്ചപ്പോൾ അമ്പരന്ന് പോയിട്ടുണ്ട് . എന്തേ ഇത് വരെ ആരും ഇത് സിനിമയാക്കിയിട്ടില്ല എന്ന്.പിന്നീട് പ്രിയ സുഹൃത്ത് ടോണി വഴി ഇന്ദുഗോപൻ ചേട്ടനെ പരിചയപ്പെട്ടപ്പോൾ മനസിലായി പല പ്രമുഖ സംവിധായകരും ഇത് ചോദിച്ചു ചെന്നിട്ടുണ്ടെന്നു.എന്റെ ഭാഗ്യത്തിന് ചേട്ടൻ ഇത് എനിക്ക് തന്നു. ജനകീയനായ ഒരു കുറ്റാന്വേഷകൻ. അതാണ് ഞങ്ങളുടെ പ്രഭാകരൻ.

പ്രഭാകരനെ വായിച്ചിട്ടുള്ളവർക്കറിയാം ഓരോ പേജിലും ഉദ്വേഗം ജനിപ്പിക്കുന്ന നീക്കങ്ങൾ. പ്രിയ വായനക്കാരോടും പ്രേക്ഷകരോടും അതേ ഉദ്വേഗത്തോടെ ആകാംക്ഷയോടെ പ്രഭാകരനെ അവതരിപ്പിക്കാനാണ് എന്റെയും ആഗ്രഹം. അവതരിപ്പിക്കുന്നു ” ഡിറ്റക്ടീവ് പ്രഭാകരൻ “.

ഒരുപക്ഷേ ലോകസിനിമയിൽ ആദ്യമായി പ്രേക്ഷകർക്ക് കാസ്റ്റിങ് ചെയ്യാനുള്ള ആദ്യ അവസരം . നിങ്ങളുടെ മനസിലുള്ള പ്രഭാകരനെ കമന്റ് വഴി നിർദ്ദേശിക്കൂ . ഞങ്ങൾ കാത്തിരിക്കുന്നു . Announcing the title here.’

അനന്തവിഷന്റെ ബാനറിൽ ആണ് നിർമാണം. നീണ്ട ഇടവേളയ്ക്കുശേഷം ഇന്ദുഗോപന്റെ ശക്തമായ മടങ്ങിവരവു കൂടിയാകും ഈ സിനിമ. ക്ലാസ്സ്‌മേറ്റ്സ്, ചോക്ലേറ്റ്, മെമ്മറീസ്‌ തുടങ്ങിയ ഹിറ്റുകളുെട സ്രഷ്ടാക്കളായ അനന്തവിഷൻ ബാനർ ആണ് നിർമാണം.

അതേസമയം ജൂഡിന്റേതായി പ്രഖ്യാപിച്ച ബിഗ് ബജറ്റ് ചിത്രം ‘2403 ഫീറ്റ്’ന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായി കഴിഞ്ഞു. ഏറെ മുതൽമുടക്കുള്ള പ്രോജക്ട് ആയതിനാൽ നിരവധി മുന്നൊരുക്കങ്ങള്‍ സിനിമയ്ക്ക് ആവശ്യമാണ്. ചിത്രീകരണം പുരോഗമിക്കുന്ന സിനിമ അടുത്ത വർഷം പൂർത്തിയാകും.

ചെമ്പന്‍ വിനോദ് എന്ന നടന്‍രെ വളര്‍ച്ച പെട്ടെന്നായിരുന്നു. ചെറിയ വേഷം പോലും മികവുറ്റതാക്കി ചെമ്പന്‍ വിനോദ് നായക കഥാപാത്രത്തോളം ഉയര്‍ന്നു. വ്യക്തിജീവിതത്തില്‍ ഒട്ടേറെ പ്രശ്‌നങ്ങള്‍ നേരിട്ട ആളാണ് വിനോദ്. നന്നായി ഭക്ഷണം കഴിക്കും, മദ്യപിക്കും. ഇതേക്കുറിച്ച് ചാനല്‍ അവതാരകന്‍ ചോദിച്ചപ്പോള്‍ ചെമ്പന്‍ വിനോദ് കിടിലം മറുപടി നല്‍കി.

ഞാന്‍ വഴി തെറ്റിപ്പോയി തിരിച്ചുവന്നയാളാണ്. പിന്നെ ഭക്ഷണവും മദ്യവും. ഭക്ഷണം മതിയാവുവോളം കഴിക്കും. അമ്മ ഉണ്ടാക്കിവെച്ച പന്നിയും ബീപുമൊക്കെ കഴിക്കുന്നതാണ് എനിക്കിഷ്ടം. ഞാന്‍ സമ്പാദിക്കുന്ന കാശുകൊണ്ട് മദ്യപിക്കുന്നു. സര്‍ക്കാരിന് നികുതിയും കൊടുക്കുന്നു. സര്‍ക്കാര്‍ തന്നെ വില്‍ക്കുന്ന മദ്യം വാങ്ങി ഞാന്‍ വീട്ടില്‍വെച്ചു കഴിക്കുന്നു. അതില്‍ ആര്‍ക്കാണ് പരാതിയെന്ന് താരം ചോദിക്കുന്നു.

പൊതുജനത്തിന് ശല്യമാകാന്‍ പോകുന്നില്ല. ഞാന്‍ തരക്കേടില്ലാത്ത ഒരു തല്ലിപ്പൊളിയാണ്. എന്നോട് ചോദിച്ചാല്‍ പറഞ്ഞുതരുമെന്നും ചെമ്പന്‍ ചെറുപുഞ്ചിരിയോടെ പറയുന്നു. ജീവിതത്തിന്റെ കാര്യം എടുക്കുമ്പോള്‍ ചെമ്പന്‍ വിനോദിന് വേദനയുണ്ട്. തന്റെ മകനെയോര്‍ത്താണ് ആ വേദന.

മകന്‍ അമ്മയ്‌ക്കൊപ്പം അമേരിക്കയിലാണ്. അവന് ഇപ്പോള്‍ 10 വയസ്സുണ്ട്. മകന്‍ എന്നും കാണാന്‍ പറ്റാത്തതിന്റെ വിഷമമുണ്ട്. സമ്മര്‍ അവധിക്ക് ഞാന്‍ അങ്ങോട്ടുപോകാറുണ്ട്. എന്റെ തിരക്കുകള്‍ മാറ്റിവെച്ച് ഇടയ്ക്കിടെ പോകാന്‍ പറ്റില്ല. അമേരിക്ക പോലുള്ള സ്ഥലത്ത് അമ്മയുടെ കൂടെ മാത്രം മകന്‍ ജീവിക്കുക അല്ലെങ്കില്‍ വേര്‍പിരിഞ്ഞ് ജീവിക്കുക എന്നത് സാധാരണകാര്യമാണ്. മകനായാല്‍ തന്നെയും അവിടെ അവന്റെ സ്‌പേസ് കൊടുത്തേപറ്റൂ. അവന് ഇതൊക്കെ മനസിലാക്കാന്‍ പറ്റും എന്നുതന്നെയാണ് എന്റെ വിശ്വാസം എന്നും ചെമ്പന്‍ വിനോദ് പറയുന്നു.

മഞ്ജു വാര്യരുമായി അഭിനയിക്കാന്‍ സിനിമ ആവശ്യപ്പെട്ടാല്‍ തയ്യാറാണെന്ന് ദിലീപ്. അവരുമായി ഒന്നിച്ചു അഭിനയിക്കുന്നതില്‍ യാതൊരു തടസവുമില്ല. മഞ്ജുവുമായി ശത്രുതയില്ലെന്നും ദിലീപ് ചാനല്‍ ഷോയ്ക്കിടെ പറഞ്ഞു. മുന്‍പും ദിലീപ് മഞ്ജുവിനോടുള്ള സ്‌നേഹവും ബഹുമാനവും പങ്കുവെച്ചിരുന്നു.

ഡബ്ലൂസിസിയില്‍ ഉള്ളവരെല്ലാം തന്റെ സഹപ്രവര്‍ത്തകരാണെന്നും അവര്‍ക്കെല്ലാം നല്ലതുവരാന്‍ ആഗ്രഹിക്കുന്നുവെന്നും ദിലീപ് പറഞ്ഞു. നടിയെ ആക്രമിച്ച കേസില്‍ തനിക്ക് അറിയാവുന്നതെല്ലാം ഒരിക്കല്‍ തുറന്നുപറയുമെന്നും ദിലീപ് പറഞ്ഞു. കേസ് കോടതിയില്‍ ആയതിനാല്‍ ഇപ്പോള്‍ പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സിനിമയില്‍ ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്ന ലഹരി ഉപയോഗത്തെക്കുറിച്ചും ദിലീപിനോട് ചോദിക്കുകയുണ്ടായി. എന്നാല്‍, ലഹരി വസ്തുക്കളുടെ ഉപയോഗത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നും ദിലീപ് പറഞ്ഞു.

സിനിമാപ്രവര്‍ത്തകര്‍ക്കിടയില്‍ തന്നെ പൗരത്വ ബില്ലുമായി ബന്ധപ്പെട്ട് അസ്വാരസ്യങ്ങള്‍. സംവിധായകനും മുന്‍ സൈനികനുമായ മേജര്‍ രവിക്കെതിരെ ആഞ്ഞടിച്ച് സംവിധായകന്‍ കമല്‍ രംഗത്ത്. മതത്തിന്റെ പേരിലുള്ള വേര്‍തിരിവിനെതിരെയാണ് സമരം എന്നും ബ്രിട്ടീഷുകാരന്റെ ഷൂ നക്കിയ പാരമ്പര്യമുള്ളവര്‍ കലാകാരന്മാരെ ദേശസ്‌നേഹം പഠിപ്പിക്കേണ്ടെന്നും കമല്‍ വിമര്‍ശിക്കുന്നു.

ഞങ്ങള്‍ ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നാണ് മേജര്‍രവി അടക്കം പറയുന്നത്. യഥാര്‍ത്ഥത്തില്‍ അവര്‍ക്കാണ് തെറ്റിദ്ധാരണ. ഞങ്ങള്‍ക്ക് രാഷ്ട്രീയമുണ്ട് എന്നാണ് മേജര്‍രവി പറഞ്ഞത്. അദ്ദേഹത്തിന് രാഷ്ട്രീയം ഉള്ളതുകൊണ്ടാണല്ലോ അങ്ങനെ പറഞ്ഞതെന്നും കമല്‍ പറയുന്നു. ഞങ്ങള്‍ക്ക് വ്യക്തമായ രാഷ്ട്രീയം ഉണ്ട്. കലാകാരന്മാര്‍ക്ക് രാഷ്ട്രീയം പാടില്ലാ എന്ന് ആരാണ് പറഞ്ഞിട്ടുള്ളത്. പക്ഷെ അത് ബിജെപിയോടുള്ള വിരോധമല്ല. അങ്ങനെയായിരുന്നെങ്കില്‍ ഒരു പാര്‍ട്ടി കൊടിക്ക് കീഴില്‍ ഞങ്ങള്‍ അണിനിരക്കുമായിരുന്നു. അതാണോ ഉണ്ടായതെന്നും കമല്‍ ചോദിക്കുന്നു.

സമരത്തില്‍ പങ്കെടുത്തവര്‍ രാജ്യത്തോട് കൂറില്ലാത്തവരാണെന്ന് കുമ്മനം പറഞ്ഞത് കേട്ടപ്പോള്‍ യഥാര്‍ത്ഥത്തില്‍ ചിരിയാണ് വന്നത്. കലാകാരന്മാരുടെ രാജ്യസ്‌നേഹം അളക്കാനുള്ള മീറ്റര്‍ ബിജെപിയുടെ കയ്യിലാണോ ഉള്ളത്. ബ്രിട്ടീഷ്‌കാരന്റെ ചെരിപ്പ് നക്കിയ പാരമ്പര്യമുള്ളവര്‍ക്ക് അങ്ങനെയേ പറയാനാകൂ എന്നും കമല്‍ പ്രതികരിച്ചു. ഞങ്ങളെ രാജ്യദ്രോഹികളാക്കി ചിത്രീകരിച്ചാലേ ഗോഡ്‌സെ രാജ്യ സ്‌നേഹിയെന്ന് പറയുന്നവര്‍ക്ക് രാജ്യത്ത് നിലനില്‍പ്പുള്ളൂവെന്നും കമല്‍ പറഞ്ഞു.

പൃഥ്വിരാജിനെ നായകനാക്കി ജീൻ പോൾ ലാൽ സംവിധാനം ചെയ്‌ത ഡ്രൈവിംഗ് ലൈസൻസ് നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ് .9 എന്ന സിനിമയ്ക്ക് ശേഷം പൃഥ്വിരാജ് പ്രൊഡക്ഷൻസ് നിർമിക്കുന്ന ചിത്രമാണ് ഡ്രൈവിങ് ലൈസൻസ്. ലിസ്റ്റിൻ സ്റ്റീഫൻ മാജിക് ഫ്രെയിംസ് ചിത്രത്തിൻറെ സഹ നിർമാതാക്കളിൽ ഒരാൾ ആണ്.സച്ചിയാണ് തിരക്കഥ.

ലൂസിഫർ മൂലം തനിക്ക് ഉണ്ടായ ഏറ്റവും വലിയ നഷ്ടം എന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പൃഥ്വിരാജ് സുകുമാരൻ ഇപ്പോൾ.ലൂസിഫർ വലിയ ഹിറ്റായതിന് ശേഷം രജനി സാർ എന്നെ വിളിക്കുകയുണ്ടായി. പടം കണ്ട് ഇഷ്ടമായെന്ന് അദ്ദേഹം എന്നെ അറിയിച്ചു.അതോടൊപ്പം അദ്ദേഹത്തിന്റെ അടുത്ത ചിത്രം സംവിധാനം ചെയ്യുവാനുള്ള ഒരു അവസരവും അദ്ദേഹം എനിക്ക് വെച്ചു നീട്ടുകയുണ്ടായി.എന്നാൽ ആടുജീവിതത്തിന്റെ ഷൂട്ടിംഗ് തിരക്കുകൾ ഉള്ളതിനാൽ അത് ചെയ്യുവാൻ സാധിക്കില്ല എന്ന് ഞാൻ അദ്ദേഹത്തെ അറിയിച്ചു.എന്റെ ജീവിതത്തിൽ ഞാൻ ഒരാൾക്ക് അയക്കുന്ന ഏറ്റവും നീളമുള്ള സോറി മെസ്സേജ് അതായിരിക്കും, പൃഥ്വിരാജ് പറഞ്ഞു.

‘സൂപ്പർ ഫാൻസ്’ പരിപാടിയിലായിരുന്നു പൃഥ്വി ആരാധകരോട് സംവദിച്ചത്.ജെയ്ൻ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികളുമായും പൃഥ്വി സംവദിച്ചു. സൂപ്പര്‍ താരങ്ങളുടെ ഔദ്യോഗിക ഫാൻസ് അസോസിയേഷനിൽ അംഗത്വമുള്ളരായിരുന്നു പരിപാടിയിൽ പങ്കെടുത്തത്. മമ്മൂട്ടി, മോഹൻലാൽ, വിജയ്, അജിത്, വിക്രം, രജനീകാന്ത്, ധനുഷ്, സൂര്യ, കമൽഹാസൻ എന്നിവരുടെ ആരാധകരുമായിട്ടായിരുന്നു കൂടിക്കാഴ്ച. പുതിയ ചിത്രം ‘ഡ്രൈവിങ് ലൈസൻസിന്റെ’ പ്രചരണാർഥമാണ് ആരാധകർക്കൊപ്പം പൃഥ്വി സമയം ചെലവിട്ടത്.

മനോഹരമായ ഗാനങ്ങളിലൂടെ മലയാളിയുടെ ഹൃദയം കവര്‍ന്ന സംഗീത സംവിധായകനും ഗായകനുമാണ് എം.ജയചന്ദ്രന്‍. ആസ്വാദകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച മലയാളിയുടെ ചുണ്ടുകള്‍ എല്ലായിപ്പോഴും ഈണമിട്ട് പാടിയ ഒരുപിടി ഗാനങ്ങള്‍ക്കാണ് അദ്ദേഹം ഈണം നല്‍കിയത്.

ഇപ്പോഴിതാ, 17 വയസ്സുള്ളപ്പോള്‍ വേദിയില്‍ പാടുന്ന വീഡിയോ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ചിരിക്കുകയാണ് എം ജയചന്ദ്രന്‍. 31 വര്‍ഷം മുന്‍പുള്ളതാണ് വീഡിയോ. ‘ചെമ്പക പുഷ്പ…’ എന്ന ഗാനം ആലപിക്കുന്നതിന്റെ വീഡിയോയാണിത്. 1988 ഡിസംബര്‍ 3ന് തിരുവനന്തപുരത്തുവെച്ച് നടന്ന കസിന്റെ വിവാഹവിരുന്നിനിടെ ജയചന്ദ്രന്‍ പാടുന്നതിന്റെ വീഡിയോയാണിത്.

 

രാജീവ് പോൾ

നിരവധി പുരസ്‌കാരങ്ങൾ നേടിയ പ്രശസ്ത ഗായകൻ ചിൽപ്രകാശ് ഒരിടവേളക്ക് ശേഷം വീണ്ടും മലയാള ചലച്ചിത്ര സംഗീത രംഗത്ത് സജീവമാകുന്നു . കോസ്മോപോളിറ്റൻ മൂവീസ് നിർമിക്കുന്ന സെറീൻ എന്ന മലയാള ഷോർട് ഫിലിമിലെ അതി മനോഹരമായ ഒരു ഗാനവുമായാണ് ഗായകൻ ചിൽപ്രകാശ് തിരിച്ചെത്തുന്നത് .
കോസ്മോപോളിറ്റൻ മൂവീസിന്റെ മലയാളം ഷോർട് ഫിലിം സെറീൻ ഷൂട്ടിങ് പുരോഗമിക്കുന്നു . സെറീനിലെ പ്രിയതേ എന്ന് തുടങ്ങുന്ന ഗാനം
ഡിസംബർ ഇരുപത്തി അഞ്ചു ,ക്രിസ്മസ് ദിനത്തിൽ കോസ്മോപൊളിറ്റൻ മൂവീസിന്റെ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്തു ..
ശ്രി ഭരണിക്കാവ് പ്രേംകൃഷ്ണയുടെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് യുവ സംഗീത സംവിധായകനായ ശ്രി അനന്തു ശാന്തജനാണ് .
ഗാനം ആലപിച്ചിരിക്കുന്നത് പ്രശസ്ത ഗായകനായ ശ്രി ചിൽ പ്രകാശാണ് . ഗാനത്തിന്റെ ഓർക്കസ്ട്രഷൻ നിർവഹിച്ചിരിക്കുന്നത് സീ. എസ്സ് .സനൽകുമാറും ഫ്ലളൂട്ട് വായിച്ചിരുന്നത് പ്രശസ്ത സംഗീതജ്ഞനായ ശ്രി ജോസ്സി ആലപ്പുഴയാണ് .തബല -ജോർജ്കുട്ടി .മാസ്റ്ററിങ് & മിക്സിങ്ങ് -അനൂപ് ആനന്ദ് , എ ജെ മീഡിയ ചേർത്തല .ഗാനത്തിന്റെ റെക്കോർഡിങ് ആലപ്പുഴ ഗാനപ്രിയ റെക്കോർഡിങ് സ്റുഡിയോയിലും ശ്രീജിത്ത് ദുബായിലും ആണ് പൂർത്തിയായത്. ഈ വരുന്ന ഈസ്റ്റർ ദിനത്തിൽ റിലീസ് ചെയ്യാനുദ്ദേശിക്കുന്ന “സെറീൻ” എന്ന ചിത്രത്തിന്റെ ഛായാഗ്രഹണമാവും എഡിറ്റിങ്ങും ശ്രി സോബിജോസഫും ,രചനയും സംവിധാനവും ശ്രി ജി .രാജേഷും നിർവഹിച്ചിരിക്കുന്നു .
യുകെയിലെ ബ്രിസ്റ്റോൾ കേന്ദ്രമായി പ്രവർത്തിക്കുന്ന കോസ്മോപോളിറ്റൻ ക്ലബ്ബിന്റെ നിർമാണ കമ്പനിയാണ് കോസ്മോപോളിറ്റൻ മൂവീസ് .

ഗാനം കേൾക്കാൻ (ഓഡിയോ )youtube link

RECENT POSTS
Copyright © . All rights reserved