ആരാധകരെയെല്ലാം ഞെട്ടിച്ച് ഒരു സത്യം പറഞ്ഞിരിക്കുകയാണ് ലേഡി ഗാഗയെന്ന പോപ് ക്വീൻ. അവസാനമായി കുളിച്ചതെന്നാണെന്ന് ഓർമയില്ലെന്നായിരുന്നു ഗാഗയുടെ ട്വീറ്റ്. എൽജി–6 എന്ന പുതിയ ആൽബം പുറത്തിറക്കാനുള്ള തിരക്ക് കൊണ്ടാണ് കുളി ഉപേക്ഷിച്ചതെന്നും ഗാഗ തുറന്ന് പറയുന്നു. അടുത്ത വർഷമാണ് ഗാഗയുടെ ആറാമത്തെ ആൽബമായ എൽജി 6 പുറത്തിറങ്ങുക.
അസിസ്റ്റന്റാണ് ചിരിപ്പിക്കുന്ന ഈ ചോദ്യം ഗാഗയോട് ചോദിച്ചത്. സത്യസന്ധമായാണ് ഗാഗ മറുപടി പറഞ്ഞതെന്ന് പറയുന്ന ആരാധകർ കുളിച്ചില്ലെങ്കിലും ഗാഗ തന്നെയാണ് പ്രിയതാരമെന്നും കൂട്ടിച്ചേർക്കുന്നു. ആരാധകരുമായി സംവദിക്കുന്നതിന് എൽജി6 എന്ന ഹാഷ്ടാഗോടെയാണ് ഗാഗയുടെ ട്വീറ്റ്. എന്തായാലും ട്വീറ്റ് വൈറലായി. ഗാഗ പറഞ്ഞത് സത്യമാണെങ്കിൽ ഒരു വർഷത്തിന് മേലെയായി പോപ്താരം കുളി പാസാക്കിയിട്ടില്ലെന്നാണ് ചില വിരുതൻമാരുടെ ട്വീറ്റ്.
നേരത്തെ ലോകാ സമസ്താ സുഖിനോ ഭവന്തുവെന്ന ഗാഗയുടെ ട്വീറ്റും വൈറലായിരുന്നു. യോഗ പഠിച്ചപ്പോഴാണ് തനിക്ക് സംസ്കൃതത്തോട് ഇഷ്ടം തോന്നിയതെന്നും താരം അന്ന് വെളിപ്പെടുത്തിയിരുന്നു. ഇതോടെ ലേഡി ഗാഗയല്ല, ഇനി ലേഡി ഗംഗയെന്നാണ് ആരാധകർ സ്നേഹപൂർവം വിളിച്ചത്.
#LG6
my assistant: when’s the last time you bathed
me: i don’t remember— Lady Gaga (@ladygaga) December 19, 2019
മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രം ബിഗ് ബ്രദറിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ഇതൊരു ബിഗ് ചിത്രമാകുമെന്ന് പറയാം. ഒരു ആക്ഷന്‍ സസ്‌പെന്‍ഡ് ചിത്രമാണ് ബിഗ് ബ്രദര്‍. വിയറ്റ്‌നാം കോളനി മുതല്‍ തുടങ്ങിയതാണ് മോഹന്‍ലാല്‍ സിദ്ദിഖ് കൂട്ടുകെട്ട്. അതുകൊണ്ടുതന്നെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്.
ഹണി റോസ്, സര്‍ജാനോ ഖാലിദ്, ടിനി ടോം, അനൂപ് മേനോന്‍, സിദ്ദിഖ്, മിര്‍ണ തുടങ്ങിയവര്‍ അഭിനയിക്കുന്നു. പുതുമുഖ നായകന്‍ സര്‍ജാനോ ഖാലിദ് മോഹന്‍ലാലിന്റെ കൊച്ചനുജനായിട്ടാണ് വേഷമിടുന്നത്. സര്‍ജാനോ ഖാലിദിന്റെ മാസ് ഡയലോഗിലാണ് ട്രെയിലര്‍ അവസാനിക്കുന്നത്. അത് എന്റെ ബിഗ് ബ്രദര്‍ ആണെന്ന് താരം പറയുന്നത് കേള്‍ക്കാം.
മമ്മുട്ടി നായകനായ പേരന്‍പിലൂടെ അഭിനയരംഗത്തേക്ക് ചവടുവെച്ച ട്രാന്‍സ് നായികയാണ് അഞ്ജലി അമീര്‍. കോഴിക്കോട് താമരശ്ശേരി സ്വദേശി ജംഷീര്‍ എങ്ങനെ അഞ്ജലി അമീറായി എന്നു കാണിച്ചു തരുന്ന ട്രാന്‍സിഷന്‍ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ജംഷീര്‍ ആയിരുന്ന കാലം മുതല്‍ ഉള്ള താരത്തിന്റെ പഴയകാല പാസ്‌പോര്‍ട്ട് സൈസ് ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയുള്ളതാണ് അഞ്ജലിയുടെ വീഡിയോ.
‘എന്റെ മനോഹരമായ യാത്ര…. എന്റെ പരിവര്‍ത്തനം’ എന്ന തലക്കെട്ടിലാണ് അഞ്ജലി ഇന്‍സ്റ്റാഗ്രാമില്‍ വീഡിയോയില്‍ പങ്കുവെച്ചത്. അപമാനം, ഏകാന്തത, വേദന എന്നീ ഹാഷ് ടാഗുകളും അഞ്ജലി ഉള്‍പ്പെടുത്തിയിരുന്നു.
പേരന്‍പ് കൂടാതെ സുവര്‍ണ പുരുഷന്‍ എന്ന മലയാള സിനിമയിലും മറ്റൊരു തെലുങ്ക് ചിത്രത്തിലും അഞ്ജലി ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജ് ക്യാംപസിലെ ബിരുദ വിദ്യാര്‍ത്ഥികൂടിയാണ് അഞ്ജലി.
തന്റെ അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ മലയാളത്തിലെ എണ്ണം പറഞ്ഞ വിജയങ്ങളിൽ ഒന്ന് സ്വന്തമാക്കിയ സംവിധായകൻ ആണ് ലാൽ ജൂനിയർ. ആദ്യ സിനിമ ‘ഹണിബീ’ക്കും മുന്നേ ‘ഡെബ്റ്റ് ‘എന്ന ഹ്രസ്വ ചിത്രത്തിലൂടെ സ്റ്റേറ്റ് അവാർഡ് സ്വന്തമാക്കിയ അദ്ദേഹം പക്ഷേ തന്റെ രണ്ടാമത്തെ ചിത്രത്തിലൂടെ പ്രേക്ഷകരെ അമ്പരിപ്പിക്കുകയായിരുന്നു . ‘ഹൈ, ഐ ആം ടോണി ‘എന്ന ഡാർക്ക് മൂഡിലുള്ള ത്രില്ലർ സിനിമ നിരൂപകരും സിനിമ പ്രേമികളും ഒരുപാട് പുകഴ്ത്തിയെങ്കിലും , ഒരു വിഭാഗം പ്രേക്ഷകർ ആ സിനിമയെ ആക്രമിക്കുകയും പരാജയപ്പെടുത്തുകയും ചെയ്തു. ‘ഹണിബീ- 2’ വിലൂടെ വീണ്ടും മടങ്ങി വന്നെങ്കിലും ഹണിബീയുടെ പ്രേക്ഷകരെ പഴയ പോലെ തൃപ്തിപ്പെടുത്താൻ സാധിക്കാതെ പോയത് ആ സിനിമയെയും മറ്റൊരു പരാജയത്തിലേക്ക് നയിച്ചു. പക്ഷേ തോൽവികളിൽ തളരാതെ അയാൾ പിന്നെയും തിരിച്ചു വന്നു, ക്യാമറയുടെ മുന്നിലേക്ക്. ഈ വർഷം ഇറങ്ങിയ അണ്ടർവേൾഡ് എന്ന സിനിമയിലെ പ്രതിനായകനായി ലാൽ ജൂനിയർ പ്രേക്ഷകരുടെ കയ്യടി നേടി , വീണ്ടും സംവിധായക മേലങ്കി അണിയാൻ തീരുമാനിച്ചപ്പോൾ ലാൽ ജൂനിയറിനോടൊപ്പം കൈ കോർക്കാൻ മലയാളത്തിന്റെ പ്രിയപ്പെട്ട നടനും നിർമ്മാതാവും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരനും മലയാള സിനിമയുടെ ഏറ്റവും വിലപിടിപ്പുള്ള എഴുത്തുകാരൻ സച്ചിയും തയാറായതോടെ ആണ് ‘ഡ്രൈവിംഗ് ലൈസൻസ് ‘എന്ന സിനിമ പിറവി കൊണ്ടത് .
മലയാള സിനിമയിലെ ഏറ്റവും മികച്ച കൂട്ടുകെട്ടുകളില്‍ ഒന്നാണ് സിദ്ദിഖ് ലാലിന്റെത്. സിദ്ദിഖ് ലാല്‍ ലേബലില്‍ വന്ന പല സിനിമകളും വിലിയ ഹിറ്റുകളാണ് സമ്മാനിച്ചിട്ടുള്ളത്. എന്നാല്‍ ഇടയ്ക്ക് വച്ച് ഈ കൂട്ടുകെട്ട് ഇല്ലാതായി. അതിന്റെ കാരണങ്ങള്‍ ഇന്നും പ്രേക്ഷകര്‍ക്ക് വ്യക്തമല്ല. സിനിമകള്‍ ഒന്നിച്ച് ചെയ്യാറില്ലെങ്കിലും വ്യക്തിപരമായി ഇവര്‍ തമ്മില്‍ ഇന്നും വലിയ സൗഹൃദം തന്നെയാണ്.
തന്റെ എല്ലാ സിനിമകളെക്കുറിച്ചും സിദ്ദിഖ് അങ്കിള്‍ അഭിപ്രായം പറയാറുണ്ടെന്നും ടോണിയാണ് അങ്കിളിനിഷ്ടപ്പെട്ട സിനിമയെന്നുമാണ് അഴിമുഖത്തിനു നല്‍കിയ അഭിമുഖത്തില്‍ ലാല്‍ ജൂനിയര്‍ പറഞ്ഞു. സിദ്ദിഖ് സാര്‍ ലാല്‍ ജൂനിയറിന്റെ സിനിമകള്‍ കണ്ട് അഭിപ്രായം പറയാറുണ്ടോ എന്ന ചോദ്യത്തിനായിരുന്നു മറുപടി.
“എന്റെ സിനിമകളില്‍ സിദ്ദിഖ് അങ്കിളിന് ഏറ്റവും ഇഷ്ടം ടോണി ആണ്. ആ സിനിമ കണ്ടിട്ട് സിദ്ദിഖ് അങ്കിള്‍ എന്നോട് പറഞ്ഞത് നീ ചെയ്യേണ്ടത് ഇങ്ങനത്തെ സിനിമകള്‍ ആണ്, ബാക്കി സിനിമകള്‍ ഒക്കെ ചെയ്യാന്‍ പിന്നെയും ആളുകളുണ്ട്, പക്ഷേ ടോണി പോലുള്ള സിനിമകള്‍ എല്ലാവര്‍ക്കും ചെയ്യാന്‍ പറ്റുന്നതല്ല എന്നാണ്. അതൊരു വലിയ അവാര്‍ഡ് ആയിരുന്നു.” ലാല്‍ ജൂനിയര്‍ പറഞ്ഞു.
അഭിമുഖത്തിന്റെ പൂര്‍ണ്ണ രൂപം വായിക്കാം
എന്താണ് ഡ്രൈവിംഗ് ലൈസൻസ്?
ഡ്രൈവിംഗ് ലൈസൻസ് സത്യത്തിൽ ഒരു “പൊളിറ്റിക്കൽ ഡ്രാമ “ആണ് .അധികാരം ഉള്ള ഒരാൾ അധികാരം ഇല്ലാത്ത മറ്റൊരാളെ എങ്ങനൊക്കെ ഉപദ്രവിക്കാം, അതുപോലെ മനുഷ്യന്റെ മനസ്സിലുള്ള ഈഗോ വർക്ഔട്ട് ആവുമ്പോൾ രണ്ടു പേർ തമ്മിൽ എങ്ങനൊക്കെ പ്രശ്നങ്ങൾ ഉണ്ടാവാം എന്നൊക്കെ സംസാരിക്കുന്ന ഒരു സിനിമ ആണ്. പിന്നെ ഇന്ത്യയിലെ ആളുകളെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്ന രണ്ട് കാര്യങ്ങളാണ് സിനിമയും ക്രിക്കറ്റും, അത്രത്തോളം ആരാധകർ ഉള്ള രണ്ട് മേഖലകൾ ആണത്. അത്തരത്തിൽ ഒരു ആരാധകന്റെയും അയാളിഷ്ടപ്പെടുന്ന ഒരു സൂപ്പർ താരത്തിന്റെയും കഥ പറയുന്ന സിനിമ കൂടി ആണ് ഡ്രൈവിംഗ് ലൈസൻസ്.
എങ്ങനെയാണ് ഡ്രൈവിംഗ് ലൈസൻസിലേക്ക് എത്തുന്നത്?
ആദ്യ സിനിമ ഹണിബീക്ക് ശേഷം എന്ത് പ്രൊജക്റ്റ് എന്ന് ആലോചിക്കുന്ന സമയത്താണ് ഒരു സൂപ്പർസ്റ്റാർ പടം ചെയ്യാം എന്നൊരു തോട്ട് ഉണ്ടാവുന്നത് .സച്ചിയേട്ടൻ ശരിക്കും മറ്റൊരു സംവിധായകന് വേണ്ടി എഴുതിയ കഥയായിരുന്നു ഇത്. സച്ചിയേട്ടനിൽ നിന്ന് ഈ കഥ കേട്ടപ്പോ തന്നെ എനിക്ക് ഭയങ്കര ഇഷ്ടമായി, അങ്ങനെ ഞാൻ പുള്ളീടെ പുറകെ നടന്ന് ചോദിച്ച് ഒടുവിൽ പപ്പയെ കൊണ്ട് വിളിപ്പിച്ച് ആ കഥ വാങ്ങുകയായിരുന്നു. അന്നത് മമ്മൂക്കയെ വച്ച് ചെയ്യാം എന്ന പ്ലാനിലായിരുന്നു, പക്ഷേ പല കാരണങ്ങൾ കൊണ്ട് മമ്മൂക്ക മാറിയപ്പോൾ, പിന്നെ അത് മുൻപോട്ട് കൊണ്ടുപോകാൻ കെൽപ്പുള്ള ഒരു സ്റ്റാറിനെ കിട്ടാതെ വരികയും അങ്ങനെ ആ തിരക്കഥ നമ്മൾ ഹോൾഡ് ചെയ്ത് വയ്ക്കുകയും ചെയ്തു. അങ്ങനെ ആണ് ടോണിയും, കിംഗ് ലയറും, ഹണി ബീ 2വും സംഭവിച്ചത്. അങ്ങനെ ഇരിക്കെ സച്ചിയേട്ടനിൽ നിന്ന് പൃഥ്വിരാജ് ഈ കഥ കേട്ടു. പുള്ളിക്ക് അത് ഭയങ്കരമായി ഇഷ്ടപ്പെട്ടു. അങ്ങനെ ആണ് ഡ്രൈവിംഗ് ലൈസൻസ് സംഭവിക്കുന്നത്.
മമ്മൂക്കയ്ക്ക് ശേഷം പൃഥ്വിരാജ് എന്ന തീരുമാനം?
പൃഥ്വിരാജിനെ നമ്മൾ തീരുമാനിച്ചതല്ല, പുള്ളി ഈ കഥ ഇഷ്ടപ്പെട്ട് അത് ചെയ്യാം എന്ന് തീരുമാനിക്കുകയായിരുന്നു. എന്തുകൊണ്ടോ അതൊരു ശരിയായ തീരുമാനം ആയിരുന്നു. ഞാൻ ഈ കഥയുമായി എനിക്ക് ചെല്ലാൻ കഴിയുന്ന അഭിനേതാക്കളുടെ അടുത്തൊക്കെ പോയതാണ്, അവർക്കെല്ലാവർക്കും തന്നെ ഈ കഥ വളരെ ഇഷ്ടപ്പെടുകയും ചെയ്തതാണ്. പക്ഷേ അവർക്കാർക്കും ഈ കഥാപാത്രത്തെ പുൾ ഓഫ് ചെയ്യാനുള്ള ഒരു കോൺഫിഡൻസ് ഉണ്ടായിരുന്നില്ല. ഒരു സൂപ്പർസ്റ്റാർ എന്ന റോൾ ചെയ്യണമെങ്കിൽ ഒന്നുകിൽ അത് ഒരു റിയൽ സൂപ്പർസ്റ്റാർ ആയിരിക്കണം, അല്ലെങ്കിൽ അത് നിലനിൽക്കില്ല. മമ്മൂട്ടി, മോഹൻലാൽ എന്നിവർക്ക് ശേഷം മലയാള സിനിമയിൽ അത് പുൾ ഓഫ് ചെയ്യാൻ ഇപ്പോൾ പൃഥ്വിരാജിനേ കഴിയൂ .ഞാൻ ആയിട്ട് തീരുമാനിച്ചതല്ല, എനിക്ക് ഭാഗ്യം പോലെ വന്ന് സെറ്റ് ആയതാണ്.
സുരാജ് വെഞ്ഞാറമൂടിനെ ഈ കഥയിലേക്ക് എത്തിച്ചത് എങ്ങനെയാണ്?
അത് ശരിക്കും പൃഥ്വിരാജ്ന്റെ സജഷൻ ആയിരുന്നു. നമ്മൾ ഇങ്ങനെ ഒരുപാട് പേരെ ആലോചിക്കുകയും ഫിക്സ് ആവാതിരിക്കുകയും ചെയ്യുന്ന സമയത്ത് രാജുവേട്ടനാണ് സുരാജ് ചെയ്താ നന്നാവില്ലേ എന്ന് എന്നോട് ചോദിച്ചത്. കേട്ടപ്പോൾ നല്ല ഓപ്ഷൻ ആണെന്ന് തോന്നുകയും അങ്ങനെ സുരാജേട്ടനിലേക്ക് എത്തുകയും ആയിരുന്നു.
സൂപ്പർസ്റ്റാറിന്റെ ആരാധകനായി സുരാജ് എത്തിയപ്പോൾ?
ഒരു സൂപ്പർസ്റ്റാറും ഒരു സാധാരണക്കാരനായ ആരാധകനും. അവരാണ് ഈ കഥയിലെ നായകന്മാർ. സുരാജേട്ടന് അങ്ങനെ ഒരു സാധാരണക്കാരന്റെ ഇമേജ് നമുക്കെല്ലാവർക്കും ഇടയിലുണ്ട്. ആളുകൾ സ്വന്തം വീട്ടിലെ ഒരു അംഗം എന്നത് പോലെ അംഗീകരിച്ചിട്ടുള്ള ഒരു ആക്ടർ ആണ് സുരാജേട്ടൻ. അതുകൊണ്ട് തന്നെ പുള്ളിക്ക് ഇത് ചെയ്യാൻ കഴിയുമോ എന്നൊരു സംശയം ഒന്നും നമുക്കില്ലായിരുന്നു. ഞാൻ ഈ കഥ പറഞ്ഞ എല്ലാ താരങ്ങളും പറഞ്ഞത് സുരാജേട്ടന്റെ റോൾ ചെയ്തോളാം എന്നാണ്, അതത്രയ്ക്ക് മനോഹരമായ ഒരു ക്യാരക്ടർ ആണ്. സുരാജേട്ടൻ അത് ഗംഭീരമാക്കിയിട്ടുണ്ട്.
ആദ്യമായിട്ടാണ് മറ്റൊരാളുടെ തിരക്കഥ സംവിധാനം ചെയ്യുന്നത്, എങ്ങനെയുണ്ടായിരുന്നു?
അത് ഗംഭീര അനുഭവം ആയിരുന്നു. ഞാനൊന്നും സത്യത്തിൽ ഒരു നല്ല എഴുത്തുകാരനല്ല എന്ന് തിരിച്ചറിയുകയായിരുന്നു. ശരിക്കും ഇഷ്ടപ്പെട്ടു ആ പ്രോസസ്സ്. കാരണം ഞാൻ ഇത്തവണ സംവിധായകൻ എന്ന നിലയിൽ എന്റെ വർക്കിൽ മാത്രമായിരുന്നു ശ്രദ്ധിച്ചത്. പിന്നെ അത് വളരെ സോളിഡ് ആയ ഒരു തിരക്കഥ ആയിരുന്നു. അതിനെ എത്ര അടിപൊളി ആയി എടുക്കാം എന്നത് ഒരു വെല്ലുവിളി ആയിരുന്നു. എനിക്ക് അറിയാവുന്ന മേഖലയിൽ ഇത്തവണ എനിക്ക് ഒരുപാട് എക്‌സ്‌പ്ലോർ ചെയ്യാൻ പറ്റി. അത് ഈ സിനിമയ്ക്കും എനിക്കും ഒരുപാട് ഗുണം ചെയ്തിട്ടുണ്ട്.
മൂന്ന് സിനിമകൾ ചെയ്തതിൽ രണ്ടും പരാജയങ്ങൾ ആയിരുന്നു, പരാജയങ്ങളിൽ വിഷമം തോന്നിയിട്ടുണ്ടോ?
തീർച്ചയായിട്ടും, വിഷമം തോന്നിയിട്ടില്ലെന്ന് പറഞ്ഞാൽ അത് വലിയ നുണയായിപ്പോകും. നമ്മൾ എല്ലാ സിനിമകൾ ചെയ്യുന്നതും സൂപ്പർഹിറ്റ് ആവാൻ വേണ്ടി തന്നെയാണ്. നമുക്ക് നിലനിൽപ്പുള്ളതും സിനിമകൾ ഓടുമ്പോൾ തന്നെയാണ്. ടോണി ഞാൻ ഏറ്റവും എൻജോയ് ചെയ്ത് വർക്ക് ചെയ്ത ഒരു സിനിമയാണ്. എന്റെ വളരെ അടുത്ത സുഹൃത്തുക്കളായ അഭിനേതാക്കൾ, എന്ത് ചോദിച്ചാലും തരുന്ന ഒരു പ്രൊഡ്യൂസർ. ശരിക്കും ടോണി ഒരു ടെക്നിക്കൽ സിനിമ ആയിരുന്നു. ഒരു ടെക്‌നിഷ്യൻ എന്ന നിലയിൽ ഞാൻ ഒരുപാട് എക്‌സ്‌പ്ലോർ ചെയ്ത സിനിമയാണ്. അതുകൊണ്ട് എനിക്ക് അത്ര നിരാശ തോന്നിയില്ല. പക്ഷേ ഹണിബീ 2 ശരിക്കും വിഷമിപ്പിച്ചു. അത് ശരിക്കും കാശ് ഉണ്ടാക്കാൻ വേണ്ടി ചെയ്ത ഒരു കൊമേർഷ്യൽ സിനിമ ആയിരുന്നു. അല്ലാതെ ഒരു ആർട്ട് എലമെന്റ് ഒന്നും അതിനുണ്ടായിരുന്നില്ല. ആ സിനിമയുടെ പരാജയം എന്നെ പഠിപ്പിച്ചത് എനിക്ക് പറ്റുന്ന തരത്തിലുള്ള സിനിമ ചെയ്താ മതി എന്നാണ്. അങ്ങനെ നോക്കുമ്പോള്‍ പരാജയങ്ങൾ നേട്ടവുമാണ്.
ഹണി ബി 2 ചെയ്യേണ്ടിയില്ലായിരുന്നു എന്ന് തോന്നിയിരുന്നോ?
ശരിക്കും അത് മറ്റൊരു നടനെ വച്ച് ചെയ്യാൻ വേണ്ടി ആലോചിച്ച വേറൊരു കഥയായിരുന്നു. അത് ഹണി ബീയുടെ പ്ലോട്ടിലേക്ക് ഇടുകയായിരുന്നു, പക്ഷേ ആ കഥ അങ്ങനെ അല്ലായിരുന്നു പറയേണ്ടിയിരുന്നത്. ഹണി ബീ 2 സംഭവിക്കുമായിരുന്നു, പക്ഷേ അതിങ്ങനെ ആവില്ലായിരുന്നു.
ടോണി ഈ കാലഘട്ടത്തിൽ ചെയ്തിരുന്നേൽ സ്വീകരിക്കപ്പെടുമായിരുന്നു എന്ന് വിശ്വസിക്കുന്നുണ്ടോ?
പരീക്ഷണം എന്നത് എന്നെങ്കിലും സ്വീകരിക്കപ്പെടും, എന്നാൽ അതിൽ മിക്കതും ഇറങ്ങിയ കാലത്ത് പരാജയം ആയിരിക്കും. ടോണി ഒരു പരാജയപ്പെട്ട പരീക്ഷണം ആയിരുന്നു, അതിന്ന് ചെയ്‌താൽ വിജയിക്കുമോ എന്നൊന്നും എനിക്കറിയില്ല. പക്ഷേ ഞാൻ മനസിലാക്കിയ ഒരു കാര്യം പറയാം, നമ്മൾ പരീക്ഷണം നടത്തുമ്പോൾ കഴിവതും നമ്മുടെ പൈസയ്ക്ക് തന്നെ ചെയ്യാൻ ശ്രമിക്കണം, അല്ലേൽ അത് വല്ലാത്ത ഒരു ഭാരം ആയിരിക്കും. ഇപ്പോൾ ഞാൻ ഒരു സിനിമ ആലോചിക്കുന്നുണ്ട് ” ഫ്ലവർ പവർ ” ,അത് പൂർണ്ണമായും ഒരു പരീക്ഷണമാണ്,വളരെ അധികം സെൻസേഷണൽ ആയ വിഷയം പറയുന്ന ഒരു ഫീമെയിൽ ഓറിയന്റഡ് സിനിമ ആണ്. അത് ഞാൻ എന്റെ സ്വന്തം പ്രൊഡക്ഷൻ ബാനറിൽ ചെയ്യാനാണ് ഉദ്ദേശിക്കുന്നത്, അതിന്റെ ഒരുക്കത്തിലാണ്.
നടനായി ഇനിയും പ്രതീക്ഷിക്കാമോ?
എനിക്കറിയില്ല, ശരിക്കും നമുക്ക് ആക്ടിങ് കരിയർ പ്ലാൻ ചെയ്യാൻ പറ്റില്ല. മറ്റുള്ളവരാണ് നമ്മുടെ ഭാവി അതിൽ തീരുമാനിക്കുന്നത്. ഞാനായിട്ട് കഥ എഴുതി സംവിധാനം ചെയ്യുന്ന ഒരു സിനിമയിൽ ഞാൻ ഒരിക്കലും അഭിനയിക്കില്ല, എനിക്ക് ചെയ്യാൻ പറ്റുന്ന നല്ല വേഷങ്ങൾ വന്നാൽ തീർച്ചയായിട്ടും അഭിനയിക്കും.
ടീസറിലും ട്രെയ്ലറിലും ഒക്കെ കണ്ട ഫാൻ എന്ന സിനിമയുമായി ഉള്ള സാമ്യം?
സാമ്യം ഉണ്ടാവാം, കാരണം ഫാൻ ഒരു ആരാധകന്റെ കഥ ആയിരുന്നു പറഞ്ഞത്. ഇതിലും ഒരു ആരാധകന്റെ കഥ പറയുന്നുണ്ട്. രണ്ടിലും പറയുന്ന ഇമോഷൻ ഒന്നാണ്, പക്ഷേ അത് പറയുന്ന വിഷയങ്ങൾ വേറെയാണ്.
ഡ്രൈവിംഗ് ലൈസൻസിലെ മറ്റ് അഭിനേതാക്കൾ ആരൊക്കെയാണ്?
പൃഥ്വിരാജ് , സുരാജ് എന്നിവർ കഴിഞ്ഞാൽ മിയ, ദീപ്തി സതി, മാസ്റ്റർ ആദിഷ്, നന്ദു, ലാലു അലക്സ്, സുരേഷ് കൃഷ്ണ, സൈജുകുറുപ്പ്, മേജർ രവി, വിജയരാഘവൻ, ഇടവേള ബാബു, അരുൺ, നന്ദു പൊതുവാൾ, ശിവജി ഗുരുവായൂർ, സുനിൽ ബാബു, വിജയകുമാർ, അനീഷ് ജി മേനോൻ, മൃദുൽ നായർ, സോഹൻ സീനുലാൽ, കലാഭവൻ നവാസ്, കലാഭവൻ ഹനീഫ് അങ്ങനെ ഒരുപാട് വലിയ ആർട്ടിസ്റ്റുകൾ ഈ സിനിമയുടെ ഭാഗം ആണ്.
മലയാള സിനിമയിൽ ഈ അടുത്തൊന്നും ഇത്രയും വലിയ ആർട്ടിസ്റ്റുകൾ ഉള്ള ഒരു സിനിമ വന്നിട്ടില്ല, എങ്ങനെയായിരുന്നു ഈ കാസ്റ്റിംഗ്?
ഈ പടത്തിൽ കാസ്റ്റിംഗ് വളരെ പ്രധാനം ആയിരുന്നു. ഇവരെല്ലാവരും തന്നെ ഡിമാൻഡിങ് ആയിരുന്നു ഈ കഥയിൽ. ഇതിലെ കഥാപാത്രങ്ങൾ എല്ലാവരും പറയുന്ന കാര്യങ്ങൾ പ്രാധാന്യം ഉള്ളതും ആളുകളിലേക്ക് എത്തേണ്ടതും ആണ്. അപ്പോ ഒരു പുതിയ ആളെ കൊണ്ട് വന്ന് ആളുകൾക്ക് പരിചയപ്പെടുത്താനുള്ള സമയം തിരക്കഥയിൽ ഇല്ല. അതുകൊണ്ട് പ്രേക്ഷകർക്ക് കാണുമ്പോൾ തന്നെ ആ കഥാപാത്രത്തെ റിലേറ്റ് ചെയ്യാൻ പറ്റുന്ന ഒരു ആർട്ടിസ്റ്റിനെ ചൂസ് ചെയ്യുകയായിരുന്നു. അത് വളരെ നന്നായി വന്നിട്ടുമുണ്ട്.
സ്ഥിരം ടീമിൽ നിന്ന് ചെറിയ മാറ്റങ്ങൾ വരുത്തിയാണ് ഇത്തവണ വരുന്നത്, അതിന്റെ കാരണം?
ശരിക്കും ഈ പടം ആദ്യം പ്ലാൻ ചെയ്യുമ്പോൾ എന്റെ സ്‌ഥിരം ടീം തന്നെയായിരുന്നു. പിന്നെ ഞാൻ അണ്ടർവേൾഡിൽ അഭിനയിക്കുമ്പോഴാണ് അലക്സിനെയും യാക്സ്നെയും നേഹയെയും ഒക്കെ പരിചയപ്പെടുന്നത്. പിന്നേ ഈ സിനിമ തുടങ്ങേണ്ട സമയം എന്റെ കൂടെ ഉണ്ടായിരുന്നവർ അവരുടെ മറ്റ് പ്രോജക്ടുകളുടെ തിരക്കിലായിരുന്നു. പിന്നെ മാറ്റം നല്ലതാണ്, കാരണം ഞാൻ പഠിക്കുന്നത് എന്റെ ഒപ്പം വർക്ക് ചെയ്യുന്നവരിൽ നിന്നാണ്. പുതിയ ആളുകൾ വരുമ്പോൾ നമ്മുടെ അറിവും കൂടും എന്നാണ് ഞാൻ വിശ്വസിക്കുന്നത്.
സിദ്ദിഖ് സാർ ലാൽ ജൂനിയറിന്റെ സിനിമകൾ കണ്ട് അഭിപ്രായം പറയാറുണ്ടോ?
തീർച്ചയായിട്ടും. എന്റെ സിനിമകളിൽ സിദ്ദിഖ് അങ്കിളിന് ഏറ്റവും ഇഷ്ടം ടോണി ആണ്. ആ സിനിമ കണ്ടിട്ട് സിദ്ദിഖ് അങ്കിൾ എന്നോട് പറഞ്ഞത് നീ ചെയ്യേണ്ടത് ഇങ്ങനത്തെ സിനിമകൾ ആണ്, ബാക്കി സിനിമകൾ ഒക്കെ ചെയ്യാൻ പിന്നെയും ആളുകളുണ്ട്, പക്ഷേ ടോണി പോലുള്ള സിനിമകൾ എല്ലാവർക്കും ചെയ്യാൻ പറ്റുന്നതല്ല എന്നാണ്. അതൊരു വലിയ അവാർഡ് ആയിരുന്നു.
വീട്ടുകാരുടെ ഇടപെടൽ ഉണ്ടോ സിനിമകളിൽ? അവരുടെ ഒരു പിന്തുണയെ പറ്റി?
എന്റെ സപ്പോർട്ട് എന്നും അവര് തന്നെയാണ്. ഒരു കഥ വന്ന് കഴിഞ്ഞാൽ എന്റെ ആദ്യ ഘട്ട ചർച്ചകൾ ഒക്കെ വീട്ടിൽ തന്നെയാണ്, അവരെല്ലാം എന്റെ സിനിമകളിൽ ഇൻവോൾവ്ഡ് ആണ്. ഫാസിൽ സാർ വീട്ടുകാരെ റിലീസിന് മുന്നേ സിനിമ കാണിക്കുന്ന ആളായിരുന്നു, പപ്പയും പണ്ട് മുതലേ റിലീസിന് മുന്നെ എല്ലാരേയും സിനിമ കാണിക്കുവായിരുന്നു. ഞാനും ആ രീതി തന്നെ ആണ് ഫോളോ ചെയ്യാറ്. അവരെ എല്ലാം ഞാൻ സിനിമ കാണിക്കാറുണ്ട് റിലീസിന് മുന്നെ, അവരുടെ അഭിപ്രായങ്ങൾ എനിക്ക് വളരെ പ്രധാനം ആണ്.
അടുത്ത സിനിമ?
അടുത്തത് പപ്പ തിരക്കഥ എഴുതി ഞാൻ സംവിധാനം ചെയ്യുന്ന സിനിമയാണ്. “സുനാമി” എന്നാണ് പേരിട്ടിരിക്കുന്നത്. ആസിഫ് ആണ് നായകൻ, ഒപ്പം ബാലു വർഗ്ഗീസും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പിന്നെ അഭിനയിക്കാൻ ഓഫർ വന്നിട്ടുള്ള രണ്ട് പ്രൊജക്ടുകൾ ഉണ്ട്. അതിന് ശേഷമാണ് “ഫ്ലവർ പവർ” ചെയ്യുന്നത്. അതെന്റെ ഒരു ഡ്രീം സിനിമ ആണ്.
നയൻതാര, തൃഷ, നസ്രിയ, സായ് പല്ലവി എന്നീ നായകമാരുടെ ചിത്രങ്ങൾ കാണിച്ച് അവതാരക ചോദിച്ച ചില കുഴപ്പിക്കുന്ന ചോദ്യങ്ങൾക്ക് രസകരമായി മറുപടി പറഞ്ഞ് നിവിൻ പോളി. നാലുപേരിൽ ആരാണ് കൂടുതൽ ശാന്തമായി സംസാരിക്കുന്നത് എന്ന ചോദ്യത്തിന് സായ് പല്ലവി എന്നാണ് നിവിൻ മറുപടി കൊടുത്തത്. സദസിനൊപ്പം നിറഞ്ഞ ചിരിയോടെയാണ് സായ് പല്ലവി അത് കേട്ടത്.
അവരിൽ ആരാണ് കൂടുതൽ സമ്മാനങ്ങൾ നൽകിയിട്ടുള്ളതെന്ന് ചോദിച്ചപ്പോൾ നസ്രിയ ആണെന്നും പറഞ്ഞു. താൻ തമാശയ്ക്കു പോലും വഴക്കുണ്ടാക്കുന്ന ആളല്ലെന്നും നാലു പേരോടും വളരെ നല്ല സൗഹൃദം ഉണ്ടെന്നും താരം കൂട്ടിച്ചേർത്തു.
ബിഹൈൻഡ് വുഡ്സ് പുരസ്കാര ദാനവേദിയിൽ സ്വന്തം സിനിമയിലെ ഗാനത്തിന് ചുവടു വച്ച് നിവിൻ പോളി കാണികളെ കയ്യിലെടുത്തു. ‘ലവ് ആക്്ഷൻ ഡ്രാമ’ എന്ന ചിത്രത്തിലെ കുടുക്കു പൊട്ടിയ കുപ്പായം എന്ന സൂപ്പർഹിറ്റ് ഗാനത്തിനാണ് ചുവട് വെച്ചത്. വടിവേലുവിന്റെ ഡാൻസുമായി കൂട്ടിയിണക്കിയ വിഡിയോ കാണിച്ച ശേഷമാണ് നിവിനോടു ചുവടു വയ്ക്കാൻ ആവശ്യപ്പെട്ടത്. ആദ്യം വിസമ്മതിച്ചുവെങ്കിലും പിന്നീട് ചെറുതായൊന്ന് ചുവടു വച്ച് താരം സദസിനെ സന്തോഷിപ്പിച്ചു. നിവിന്റെ ഡാൻസിന്റെ വിഡിയോ യൂട്യൂബ് ട്രെൻഡിങിൽ ഇടം നേടി.
ഗീതു മോഹൻ ദാസ് സംവിധാനം ചെയ്ത ‘മൂത്തോൻ’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് നിവിൻ പോളിക്ക് പുരസ്കാരം ലഭിച്ചത്. പുരസ്കാരം ഏറ്റുവാങ്ങാൻ വേദിയിലെത്തിയ നിവിനോട് അവതാരക ചില ചോദ്യങ്ങൾ ചോദിച്ചു. ജീവിതത്തിൽ ആദ്യമായി പ്രപ്പോസൽ വന്നത് എപ്പോഴാണെന്നുള്ള ചോദ്യത്തിന് പ്ലസ്ടു കാലത്തായിരുന്നവെന്നും എന്നാൽ എന്താണ് പറഞ്ഞതെന്ന് താൻ ഓർക്കുന്നില്ലെന്നും സരസമായി നിവിൻ മറുപടി പറഞ്ഞു. മലയാളത്തിൽ തനിക്ക് ഏറ്റവും ഇഷ്ടമുള്ള നായിക മഞ്ജു വാര്യർ ആണെന്നും തമിഴിൽ തൃഷ ആണെന്നും നിവിൻ വെളിപ്പെടുത്തി
‘ഞാൻ ഫെയ്സ്ബുക്കിൽ പങ്കുവച്ച പോസ്റ്റ് തെറ്റാണെന്ന് മനസിലായി. മാപ്പു ചോദിക്കുന്നു..’ നടൻ ടിനി ടോം ഫെയ്സ്ബുക്ക് ലൈവിലെത്തി പറഞ്ഞ വാക്കുകളാണ്. അൽപം മുൻപ് ടിനി ടോം പങ്കുവച്ച ഫെയ്സ്ബുക്ക് പോസ്റ്റാണ് അദ്ദേഹത്തെ പ്രതിഷേധത്തിലും രോഷത്തിലും ചാടിച്ചത്. ‘1672 ൽ ഒരു നാട്ടിൽ അക്രമാസക്തമായ ജനക്കൂട്ടം അവിടുത്തെ പ്രധാനമന്ത്രിയെ കൊന്നുതിന്നു..’
ഇതായിരുന്നു ടിനി ടോം പങ്കുവച്ച പോസ്റ്റ്. ‘വെറുതേ പറഞ്ഞുവെന്നയുള്ളൂ’ എന്ന് തലക്കെട്ടോടെ താരം പങ്കുവച്ച കുറിപ്പ് വലിയ പ്രതിഷേധത്തിന് ഇടയാക്കി. പ്രധാനമന്ത്രിയെ കൊല്ലാൻ പരോക്ഷമായി ആഹ്വനം ചെയ്തു എന്ന തരത്തിൽ പോസ്റ്റ് സൈബർ ലോകത്ത് പ്രചരിച്ചതോടെ പോസ്റ്റ് പിൻവലിച്ച് താരം മാപ്പു പറഞ്ഞു.
ഫെയ്സ്ബുക്ക് ൈലവിലെത്തിയാണ് ടിനി ടോം മാപ്പു പറഞ്ഞിരിക്കുന്നത്. തന്റെ പോസ്റ്റ് ചിലർ തെറ്റിദ്ധരിപ്പിച്ച് വ്യാഖ്യാനിക്കുകയായിരുന്നെന്നും പോസ്റ്റിട്ടത് തെറ്റായി പോയെന്ന് മനസിലായെന്നും ടിനി ടോം പറയുന്നു. എല്ലാവരോടും ക്ഷമ ചോദിക്കുന്നതായും താരം വ്യക്തമാക്കി.
കാറ്റിനരികെ എന്ന ചിത്രത്തിനുവേണ്ടി കെ.എസ്. ഹരിശങ്കര്‍ പാടിയ ഏറ്റവും പുതിയ ഗാനം സംഗീതപ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റി. കപ്യൂച്ചിന്‍ വൈദികനായ റോയ് ജോസഫ് കാരയ്ക്കാട്ട് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കാറ്റിനരികെ. ഇന്ത്യയില്‍ത്തന്നെ ഇതാദ്യമായാണ് ഒരു പുരോഹിതന്‍ സിനിമാ സംവിധായകനാകുന്നത്.
ഈ ചിത്രത്തിലെ ‘നീലാകാശം ചൂടാറുണ്ടേ നീഹാര താരാഗണങ്ങള്‍…’എന്നു തുടങ്ങുന്ന ആദ്യഗാനമാണ് ഹരിശങ്കര്‍ മനോഹരമായി ആലപിച്ചിരിക്കുന്നത്. മനോരമ മ്യൂസിക്കാണ് കാറ്റിനരികെയിലെ മ്യൂസിക് പുറത്തിറക്കുന്നത്. ‘ജീവാംശമായി…’ ‘പവിഴമഴയേ…’ തുടങ്ങിയ ഗാനങ്ങളിലൂടെ സംഗീതപ്രേമികളെ മനസില്‍ ചിരപ്രതിഷ്ഠ നേടിയ യുവഗായകനാണ് ഹരിശങ്കര്‍. വിശാല്‍ ജോണ്‍സന്റെ വരികള്‍ക്ക് നോബിള്‍ പീറ്ററിന്റേതാണ് സംഗീതം.
സംവിധായകരായ ലാല്‍ ജോസ്, വി.കെ. പ്രകാശ്, വിജി തമ്പി, മണിയന്‍പിള്ള രാജു, സിനിമാതാരങ്ങളായ മിയ ജോര്‍ജ്, നിഖില വിമല്‍ എന്നിവരാണ് അവരുടെ സ്വന്തം സോഷ്യല്‍മീഡിയ പേജുകളിലൂടെയാണ് ആദ്യഗാനം പുറത്തുവിട്ടത്.
അശോകനും സിനി ഏബ്രാഹാമും പ്രധാന റോളുകളില്‍ അഭിനയിക്കുന്ന ചിത്രത്തില്‍ അതിമനോഹരമായ ലൊക്കേഷനും സിനിമാറ്റോഗ്രഫിയുമാണ് കാപ് ക്രിയേഷന്‍സ് അവതരിപ്പിക്കുന്ന കാറ്റിനരികെയിലെ ആദ്യ ഗാനത്തിലൂടെ വെളിവാകുന്നത്. വാഗമണ്ണിന്റെ ഇതുവരെ ആരും കാണാത്ത അതിമനോഹരമായ കാഴ്ചകള്‍ ഒപ്പിയെടുക്കുന്നതാണ് ഷിനൂബ് ടി. ചാക്കോയുടെ കാമറയെന്ന് ഈ ഗാനരംഗങ്ങള്‍ വ്യക്തമാക്കുന്നു.
ഈ ചിത്രത്തിലെ രണ്ടാമത്തെ ഗാനം ആലപിച്ചിരിക്കുന്നത് സിതാരയാണ്.
ആന്റണി എല്‍. കപ്പൂച്ചിനും റോയ് കാരക്കാട്ട് കപൂച്ചിന്‍ എന്നിവരുടെ കഥയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സ്മിറിന്‍ സെബാസ്റ്റിയനും റോയ് കാരയ്ക്കാട്ടും ചേര്‍ന്നാണ്. അസോസിയേറ്റ് ഡയറക്ടര്‍ സ്‌റ്റെബിന്‍ അഗസ്റ്റിന്‍ ഈ ചിത്രത്തില്‍ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നു.
ക്രൗഡ് ഫണ്ടിംഗിലൂടെ പുറത്തിറക്കുന്ന ചിത്രത്തിന് ബോബി ചെമ്മണ്ണൂരും കെഎസ്എഫ്ഡിസിയും പിന്തുണ നല്കുന്നു.
പുതിയ ചിത്രം ലാൽ സിങ് ഛദ്ദയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് കേരളത്തിലാണ് ആമിർ ഖാൻ. കോട്ടയത്തും മൂന്നാറുമായി കറങ്ങി നടക്കുന്ന ബോളിവുഡ് സൂപ്പർതാരത്തിന്റെ വിഡിയോ കഴിഞ്ഞ ദിവസങ്ങളിൽ തരംഗമായിരുന്നു. കാപ്പിൽ ബീച്ചിലായിരുന്നു കഴിഞ്ഞ ദിവസം ഷൂട്ട്. മൂന്നാറിലെ ഷൂട്ടിന് ശേഷമാണ് ആമിർ കാപ്പിലിൽ ഷൂട്ടിനെത്തിയത്. കടലും കായലും ചേരുന്ന മനോഹരമായ പ്രദേശമാണ് കാപ്പിൽ. ഇന്നലെ രാത്രി മൂന്നാറിൽ നിന്ന് കൊല്ലത്തെ റാവിസ് ഹോട്ടലിൽ എത്തിയ സംഘം അവിടെ തങ്ങിയ ശേഷമാണ് ഷൂട്ടിനായി കാപ്പിലിൽ എത്തിയത്.
കഴിഞ്ഞ ദിവസം കൊല്ലത്തേക്കുള്ള യാത്ര അദ്ദേഹം ചങ്ങനാശേരി ബൈ പാസ് റോഡിൽ ഇറങ്ങി ജോഗിങ് നടത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആണ്. യാതൃശ്ചികമായി റോഡിലൂടെ ഓടുന്ന ആളെ കണ്ടിട്ട് താടിയും നീട്ടിവളർത്തിയ മുടിയും ഉള്ള ആൾ അമീർ ഖാൻ ആണെന്ന് നാട്ടുകാർക്ക് മനസിലായില്ല
ഹർത്താൽ ആയതിനാൽ സുഗമമായി തന്നെ ഷൂട്ടിങ് ആദ്യദിവസം പൂർത്തിയാക്കി. താരത്തെ കാണാൻ രാവിലെ മുതൽ തന്നെ ആരാധകരുടെ വൻസംഘം സ്ഥലത്ത് എത്തിയിരുന്നു. സ്വകാര്യ സുരക്ഷാസംഘവും പൊലീസും താരത്തിന് സുരക്ഷ ഒരുക്കി.
കാപ്പിലിലെ ഷൂട്ടിങിനു ശേഷം കന്യാകുമാരിയിലേക്കാണ് ടീം പോകുന്നത്. കൊൽക്കത്തയിലെ ഷൂട്ടിങ് ഷെഡ്യൂളിന് ശേഷമാണ് സംഘം കേരളത്തിലെത്തിയത്. ബീച്ചിൽ ഷൂട്ടിംഗിന് ശേഷം ആരാധകർക്കൊപ്പം സെൽഫിയും എടുത്ത ശേഷമാണ് ഹോട്ടലിലേക്ക് താരം തിരികെ പോയത്.
1994ൽ ഇറങ്ങിയ ടോം ഹാങ്ക്സ് സംവിധാനം ചെയ്ത ഫോറസ്റ്റ് ഗംപ് എന്ന സിനിമയുടെ റീമേക്കാണ് ലാൽ സിങ് ഛദ്ദ. വ്യത്യസ്ത ഗെറ്റപ്പുകളിലാകും ആമിർ ചിത്രത്തിൽ എത്തുക. .സീക്രട്ട് സൂപ്പർ സ്റ്റാർ സിനിമയുടെ സംവിധായകൻ അദ്വൈത് ചൗഹാനാണ് ചിത്രത്തിന്‍റെ സംവിധായകൻ. കരീന കപൂർ നായികയാകുന്നു.
വ്യത്യസ്തമായ ആലാപന ശൈലിയുമായി ആസ്വാദക ഹൃദയത്തില്‍ ഇടംപിടിച്ച ഗായികയാണ് സിതാര. അടിപൊളിയും മെലഡിയുമൊക്കെ ഒരുപോലെ തനിക്ക് വഴങ്ങുമെന്ന് ഇതിനകം തന്നെ സിതാര തെളിയിച്ചിട്ടുണ്ട്. ഓരോ പാട്ടിനും എന്താണ് ഓരോ ശബ്ദമെന്ന ചോദ്യം താന്‍ നിരവധി തവണ നേരിട്ടിരുന്നുവെന്ന് സിതാര പറയുന്നു. ഫ്‌ളവേഴ്‌സ് ചാനലിലെ ടോപ് സിംഗറില്‍ എത്തിയതോടെ സിതാരയോടുള്ള പ്രേക്ഷകരുടെ ഇഷ്ടം കൂടുകയായിരുന്നു. കുരുന്ന് ഗായകര്‍ക്ക് നല്‍കുന്ന പിന്തുണയും രസകരമായ നിമിഷങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറാറുണ്ട്. മത്സരാര്‍ത്ഥികള്‍ക്കെല്ലാം സിതാര ആന്റിയെ പ്രത്യേക ഇഷ്ടമാണ്.
കുരുന്ന് ഗായകരുടെ അമ്പരപ്പിക്കുന്ന പ്രകടനത്തിന് മുന്നില്‍ ആസ്വാദകര്‍ മാത്രമല്ല വിധികര്‍ത്താക്കളും സ്തബ്ധരാവാറുണ്ട്. കുട്ടികള്‍ക്ക് ശക്തമായ പിന്തുണയാണ് ഇവര്‍ നല്‍കാറുള്ളത്. സിതാരയുടെ ചിരിയും എം ജി ശ്രീകുമാറിന്റെ കോമഡിയുമൊക്കെയാണ് ഈ പരിപാടിയെ വേറിട്ട് നിര്‍ത്തുന്നത്. ഇടയ്ക്ക് പാട്ടുപാടിയും ഇവരെത്താറുണ്ട്. എന്നാല്‍ അടുത്തിടെയായി സിതാരയെ ടോപ് സിംഗറില്‍ കാണാത്തതിനെക്കുറിച്ചുള്ള ആശങ്കയിലാണ് ആരാധകര്‍. അനുരാധയും വിധുപ്രതാപുമൊക്കെയാണ് ഇപ്പോള്‍ വിധികര്‍ത്താക്കളായുള്ളത്. ഇനി സിതാര തിരിച്ചുവരില്ലേയെന്ന തരത്തിലുള്ള ചോദ്യങ്ങളും ഇതിനിടയില്‍ ഉയര്‍ന്നുവന്നിരുന്നു. ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് സിതാര.
ടോപ് സിംഗര്‍ വിട്ടോ?
ടോപ് സിംഗറില്‍ നിന്നും എവിടേക്കാണ് പോയതെന്നുള്ള ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് സിതാര ഇപ്പോള്‍. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് സിതാര ഇതേക്കുറിച്ച് വ്യക്തമാക്കിയത്. കുറച്ചധികം യാത്രകള്‍ വേണ്ടി വന്നിരിക്കുകയാണ് ഇപ്പോള്‍. പ്രൊജക്ട് മലബാറിക്കസ് എന്ന തന്റെ ബ്രാന്‍ഡുമായി ബന്ധപ്പെട്ട തിരക്കുകളിലാണ്. ഒറ്റയ്ക്കുള്ള കാര്യമല്ല ഇത്. കൂടെ കുറച്ച് മ്യൂസിഷന്‍സും ഉണ്ട്. അവരും അതിന്റെ ഭാഗമാണ്.
മാറാനുള്ള കാരണം
അവര്‍ക്കൊപ്പം താനും വേണ്ടതാണ്. അതൊരു ലോംഗ് ടേം പ്രൊജക്റ്റാണ്. യാത്രകളും വേണ്ടി വരുന്നുണ്ട്. അതിനാല്‍ ടോപ് സിംഗറില്‍ കൃത്യമായി എത്താനാവുന്നുണ്ടായിരുന്നില്ല. ഇത് തനിക്കും ബുദ്ധിമുട്ടായി തോന്നിയപ്പോഴാണ് പരിപാടിയില്‍ നിന്നും മാറിയതെന്ന് സിതാര പറയുന്നു. ഇതിനിടയില്‍ തന്റെ പ്രാക്ടീസും മുടങ്ങുന്ന അവസ്ഥയായിരുന്നു. ഇതൊക്കെ കൊണ്ടാണ് താന്‍ ടോംപ് സിംഗറില്‍ നിന്നും മാറിയതെന്ന് ഗായിക വ്യക്തമാക്കിയിട്ടുണ്ട്.
ഇനിയൊരു തിരിച്ചുവരവ്
പരിപാടിയില്‍ ഇല്ലെങ്കിലും കുട്ടികളെല്ലാവരുമായി തനിക്ക് ബന്ധമുണ്ടെന്ന് സിതാര പറയുന്നു. അവരെ വിളിക്കാറുണ്ട്. അവരെ മിസ്സ് ചെയ്യുന്നുണ്ട്. ഇനിയൊരു തിരിച്ചുവരവിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അങ്ങനെ വരാനും വരാതിരിക്കാനും സാധ്യതയുണ്ടെന്നും ഇതേക്കുറിച്ച് തനിക്ക് തന്നെ അറിയില്ലെന്നും അവര്‍ പറയുന്നു. ഇടവേളയ്ക്ക് ശേഷം സിതാര തിരിച്ചെത്തുമെന്വ പ്രതീക്ഷയിലാണ് ആരാധകര്‍.
പ്രൊജക്ട് മലബാറിക്കസ് സ്വന്തം ഐഡിയായിരുന്നു. അതിന് പിന്തുണയുമായി ഒരുപാട് പേര്‍ ഒപ്പം ചേരുകയായിരുന്നു. ലതിക ടീച്ചറുടെ പാട്ടുകളെല്ലാം സജീഷേട്ടന് ഇഷ്ടമാണ്. സായുവിന് അറബിക് പാട്ടുകളെല്ലാം ഇഷ്ടമാണ്. കഥ പറയാനല്ല പാട്ടുപാടാനാണ് എന്റടുത്ത് പറയാനുള്ളത്. സജീഷേട്ടനാണ് കഥ പറഞ്ഞുകൊടുക്കാറുള്ളത്. അമ്മയും കഥ പറഞ്ഞ് കൊടുക്കാറുണ്ട്. സിതാരയ്‌ക്കൊപ്പം പാട്ടുപാടി ഇടയ്ക്ക് കുഞ്ഞു സായു അമ്പരപ്പിക്കാറുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടാണ് അത്തരത്തിലുള്ള വീഡിയോകള്‍ വൈറലായി മാറാറുള്ളത്.
ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ ഇന്റർവ്യൂവിലാണ് താരം ഇത് വെളിപ്പെടുത്തിയത്.
കൊച്ചിയിൽ കായലോരത്തെ ഫ്ലാറ്റിൽ നജീബിലേക്കുള്ള പരിണാമത്തിലാണു പൃഥ്വിരാജ്. കർശനമായ ഭക്ഷണനിയന്ത്രണം, വർക്ക് ഔട്ട്. ശരീരഭാരം 10 കിലോഗ്രാമോളം കുറച്ചു. താടി വളർന്നുതിങ്ങി. ബെന്യാമിന്റെ ‘ആടുജീവിത’ത്തിലെ നായകൻ നജീബ്… 3 മാസം സിനിമയിൽനിന്ന് അവധിയെടുക്കുന്നുവെന്നു സമൂഹമാധ്യമത്തിലൂടെ താരം വെളിപ്പെടുത്തിയിട്ട് ഏതാനും ദിവസങ്ങൾ മാത്രം. കാരണങ്ങൾ രണ്ടാണ്. വീട്ടിൽ തനിക്കായി കാത്തിരിക്കുന്ന 2 ‘സ്ത്രീകൾ’, അവരുടെ സന്തോഷം. ഒപ്പം, സഹനത്തിന്റെ മരുഭൂവിൽനിന്ന് അനുഭവങ്ങളുടെ തീച്ചൂട് പ്രേക്ഷകരിലേക്കു പകരാൻ കാത്തിരിക്കുന്ന നജീബ്.
110 ചിത്രങ്ങൾ പിന്നിടുന്ന അഭിനയജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ വേഷത്തിനായി 100 ശതമാനം സ്വയം സമർപ്പിക്കുകയാണ് പൃഥ്വി. ആടുജീവിതത്തിൽ പൃഥ്വിരാജ് വേണ്ട, വേണ്ടതു നജീബ് മാത്രം എന്ന ദൃഢനിശ്ചയം.
ഇന്റർവ്യൂവിലെ പ്രസക്ത ഭാഗങ്ങൾ
∙ആരാധകരുടെ കല്ലേറും ഏറെ ഏറ്റുവാങ്ങിയ ആളാണ്?
സമൂഹ മാധ്യമങ്ങളുടെ വളർച്ചയാണ് ഇതിന്റെ പ്രധാന കാരണം. ഒരു സെലിബ്രിറ്റിയുടെ ഫെയ്സ്ബുക്ക് പേജിൽ പോയി കമന്റിട്ടാൽ മുഖത്തു നോക്കി ചീത്ത വിളിക്കുന്ന സുഖം കിട്ടും. കൂടുതൽ പേരിലേക്ക് ഇതു നിമിഷങ്ങൾക്കുള്ളിൽ എത്തും. സമൂഹമാധ്യമത്തിലൂടെയുള്ള വിമർശനം ഒരു ആൾക്കൂട്ടക്കല്ലെറിയലായി പരിണമിക്കാൻ നിമിഷങ്ങൾ മതി. അവരോടു മറുപടി നൽകി നമ്മളെ ന്യായീകരിക്കാൻ അവസരമില്ല. മുൻപ് വിരാട് കോഹ്ലി പറഞ്ഞിട്ടുണ്ട്, സമൂഹമാധ്യമത്തിലെ കമന്റുകൾ വായിക്കാറില്ല എന്ന്. ചില സാഹചര്യങ്ങളിൽ ഇതു ഗുണം ചെയ്യും. നമ്മളെ കല്ലെറിയാൻ ഡിജിറ്റൽ ലോകത്ത് ഒരു ആൾക്കൂട്ടം രൂപപ്പെട്ടു കഴിഞ്ഞാൽ പൂർണമായും വിട്ടുനിൽക്കുകയാണ് ഉചിതം. എന്റെ അനുഭവം അതാണു പഠിപ്പിച്ചത്. സമൂഹമാധ്യമങ്ങളിലൂടെ എന്നെ കല്ലെറിയാനെത്തുന്നവരോട് ഒന്നേ പറയാനുള്ളൂ. നിങ്ങൾ വെറുതെ സമയം പാഴാക്കുകയാണ്!
∙ഏറെ ആരാധകരുള്ള പൃഥ്വരാജിന്റെ ആരാധന ആരോടാണ്?
ആദ്യമായി തോന്നിയതു സച്ചിനോടാണ്. എന്റെ തലമുറയിലുള്ള ക്രിക്കറ്റ് കണ്ടു വളർന്ന എല്ലാവർക്കും അങ്ങനെയാകും എന്നു തോന്നുന്നു. അബ്ദുൽഖാദറിനെ 3 സിക്സ് പറത്തിയ കൗമാരക്കാരന്റെ ഫാന്‍ ആയതാണു ഞാൻ. അതു വിജയങ്ങളെ അടിസ്ഥാനമാക്കിയുള്ള ആരാധനയായിരുന്നില്ല. പിന്നീട് ഒട്ടേറെ തവണ സച്ചിനുമായി സംസാരിച്ചിട്ടുണ്ട്. ഒരുമിച്ചിരുന്നു ക്രിക്കറ്റ് കളി കാണാനും അവസരം കിട്ടി. എന്നാൽ, ഇപ്പോഴും നേരിട്ടു കാണുമ്പോൾ ആരാധനയ്ക്ക് കുറവൊട്ടുമില്ല. ടിവിയിൽ സച്ചിന്റെ ഒരു ഇന്നിങ്സ് കാണിച്ചാൽ ഇന്നും ഞാനിരുന്നു കാണും. അഭിനേതാവായ ശേഷം മമ്മൂക്കയോടും ലാലേട്ടനോടും കടുത്ത ആരാധനയുണ്ട്.
∙കുറച്ചു കാലമായി വിസ്മയിപ്പിക്കുന്ന പ്രകടനം കാഴ്ചവയ്ക്കുന്ന സുരാജാണ് ഈ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം?
എല്ലാ നടൻമാരും ആഗ്രഹിക്കുന്നതാണ് അത്തരമൊരു മാറ്റം. മുതിർന്ന നടൻമാരിൽ നമ്മെ അങ്ങനെ അതിശയിപ്പിച്ചിട്ടുള്ളവരാണു സിദ്ദിഖ് ചേട്ടനും സലിമേട്ടനുമൊക്കെ(നടൻ സിദ്ദിഖും സലിംകുമാറും). അഭിനയത്തിന്റെ പുതിയ മേഖലകൾ തേടാനുള്ള അടങ്ങാത്ത ആഗ്രഹവും ഇച്ഛാശക്തിയുമാണ് അത്തരം നടൻമാരെ സൃഷ്ടിക്കുന്നത്. വർഷങ്ങൾക്കു മുൻപ്, താന്തോന്നിയുടെ ഷൂട്ടിങ് സമയത്തെന്നാണ് ഓർമ, സുരാജ് ചോദിച്ചു. ‘‘ എടാ എനിക്കൊരു വില്ലൻ വേഷം ചെയ്യണം, അങ്ങനെ ഒരവസരം തരുമോ?’’ അന്നു സുരാജ് മലയാളത്തിലെ തിരക്കേറിയ കൊമേഡിയനാണ്. അടിസ്ഥാനപരമായി ആ ആഗ്രഹത്തിന്റെ ശക്തിയാണു സുരാജിന്റെ മികച്ച പ്രകടനം. ഡ്രൈവിങ് ലൈസൻസിന്റെ കഥ കേട്ടപ്പോൾ ആരാധകന്റെ റോളിൽ ആദ്യം മനസ്സിൽ തോന്നിയതു സുരാജിന്റെ മുഖം തന്നെയാണ്.
∙‘എമ്പുരാൻ’ എന്നത്തേക്കു കാണാനാകും?
ഈ ചോദ്യം ആദ്യം ചോദിക്കേണ്ടതു മുരളി ഗോപിയോടാണ്. മുരളി എനിക്ക് ബൗണ്ട് സ്ക്രിപ്റ്റ് എന്നു തരുന്നോ, ആ തീയതിയിൽനിന്ന് ആറാം മാസം ഞാൻ ഷൂട്ട് തുടങ്ങിയിരിക്കും. സിനിമയുടെ പ്ലോട്ട് ഉൾപ്പെടെയുള്ള കാര്യങ്ങളെപ്പറ്റി കൃത്യമായ ധാരണ എനിക്കും മുരളിക്കുമുണ്ട്. വളരെ ചുരുങ്ങിയ സമയം കൊണ്ടു പൂർത്തിയാക്കിയ സിനിമയാണു ലൂസിഫർ. പൂർണമായ സ്ക്രിപ്റ്റ്, പ്രീപ്രൊഡക്‌ഷനായി 4 മാസത്തോളം സമയം, പിന്നെ ടീമിന്റെ സഹകരണം. ഇവയെല്ലാമാണ് അതിനു സഹായിച്ചത്. സിനിമയെ സംബന്ധിച്ചിടത്തോളം ഏറ്റവും എളുപ്പം നടക്കേണ്ടതു ഷൂട്ടിങ് ആണെന്നാണ് എന്റെ കാഴ്ചപ്പാട്. ലൂസിഫറിനേക്കാൾ കുറെക്കൂടി പരിശ്രമം വേണ്ട സിനിമയാണ് ‘എമ്പുരാൻ’. അപ്പോൾ സ്ക്രിപ്റ്റ് ലഭിച്ചു കഴിഞ്ഞ് 6 മാസമെങ്കിലും മുന്നൊരുക്കങ്ങൾക്കായി വേണം.