Movies

വ്യത്യസ്തമായ ആലാപന ശൈലിയുമായി ആസ്വാദക ഹൃദയത്തില്‍ ഇടംപിടിച്ച ഗായികയാണ് സിതാര. അടിപൊളിയും മെലഡിയുമൊക്കെ ഒരുപോലെ തനിക്ക് വഴങ്ങുമെന്ന് ഇതിനകം തന്നെ സിതാര തെളിയിച്ചിട്ടുണ്ട്. ഓരോ പാട്ടിനും എന്താണ് ഓരോ ശബ്ദമെന്ന ചോദ്യം താന്‍ നിരവധി തവണ നേരിട്ടിരുന്നുവെന്ന് സിതാര പറയുന്നു. ഫ്‌ളവേഴ്‌സ് ചാനലിലെ ടോപ് സിംഗറില്‍ എത്തിയതോടെ സിതാരയോടുള്ള പ്രേക്ഷകരുടെ ഇഷ്ടം കൂടുകയായിരുന്നു. കുരുന്ന് ഗായകര്‍ക്ക് നല്‍കുന്ന പിന്തുണയും രസകരമായ നിമിഷങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറാറുണ്ട്. മത്സരാര്‍ത്ഥികള്‍ക്കെല്ലാം സിതാര ആന്റിയെ പ്രത്യേക ഇഷ്ടമാണ്.

കുരുന്ന് ഗായകരുടെ അമ്പരപ്പിക്കുന്ന പ്രകടനത്തിന് മുന്നില്‍ ആസ്വാദകര്‍ മാത്രമല്ല വിധികര്‍ത്താക്കളും സ്തബ്ധരാവാറുണ്ട്. കുട്ടികള്‍ക്ക് ശക്തമായ പിന്തുണയാണ് ഇവര്‍ നല്‍കാറുള്ളത്. സിതാരയുടെ ചിരിയും എം ജി ശ്രീകുമാറിന്റെ കോമഡിയുമൊക്കെയാണ് ഈ പരിപാടിയെ വേറിട്ട് നിര്‍ത്തുന്നത്. ഇടയ്ക്ക് പാട്ടുപാടിയും ഇവരെത്താറുണ്ട്. എന്നാല്‍ അടുത്തിടെയായി സിതാരയെ ടോപ് സിംഗറില്‍ കാണാത്തതിനെക്കുറിച്ചുള്ള ആശങ്കയിലാണ് ആരാധകര്‍. അനുരാധയും വിധുപ്രതാപുമൊക്കെയാണ് ഇപ്പോള്‍ വിധികര്‍ത്താക്കളായുള്ളത്. ഇനി സിതാര തിരിച്ചുവരില്ലേയെന്ന തരത്തിലുള്ള ചോദ്യങ്ങളും ഇതിനിടയില്‍ ഉയര്‍ന്നുവന്നിരുന്നു. ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് സിതാര.

ടോപ് സിംഗര്‍ വിട്ടോ?

ടോപ് സിംഗറില്‍ നിന്നും എവിടേക്കാണ് പോയതെന്നുള്ള ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് സിതാര ഇപ്പോള്‍. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് സിതാര ഇതേക്കുറിച്ച് വ്യക്തമാക്കിയത്. കുറച്ചധികം യാത്രകള്‍ വേണ്ടി വന്നിരിക്കുകയാണ് ഇപ്പോള്‍. പ്രൊജക്ട് മലബാറിക്കസ് എന്ന തന്റെ ബ്രാന്‍ഡുമായി ബന്ധപ്പെട്ട തിരക്കുകളിലാണ്. ഒറ്റയ്ക്കുള്ള കാര്യമല്ല ഇത്. കൂടെ കുറച്ച് മ്യൂസിഷന്‍സും ഉണ്ട്. അവരും അതിന്റെ ഭാഗമാണ്.

മാറാനുള്ള കാരണം

അവര്‍ക്കൊപ്പം താനും വേണ്ടതാണ്. അതൊരു ലോംഗ് ടേം പ്രൊജക്റ്റാണ്. യാത്രകളും വേണ്ടി വരുന്നുണ്ട്. അതിനാല്‍ ടോപ് സിംഗറില്‍ കൃത്യമായി എത്താനാവുന്നുണ്ടായിരുന്നില്ല. ഇത് തനിക്കും ബുദ്ധിമുട്ടായി തോന്നിയപ്പോഴാണ് പരിപാടിയില്‍ നിന്നും മാറിയതെന്ന് സിതാര പറയുന്നു. ഇതിനിടയില്‍ തന്റെ പ്രാക്ടീസും മുടങ്ങുന്ന അവസ്ഥയായിരുന്നു. ഇതൊക്കെ കൊണ്ടാണ് താന്‍ ടോംപ് സിംഗറില്‍ നിന്നും മാറിയതെന്ന് ഗായിക വ്യക്തമാക്കിയിട്ടുണ്ട്.

ഇനിയൊരു തിരിച്ചുവരവ്

പരിപാടിയില്‍ ഇല്ലെങ്കിലും കുട്ടികളെല്ലാവരുമായി തനിക്ക് ബന്ധമുണ്ടെന്ന് സിതാര പറയുന്നു. അവരെ വിളിക്കാറുണ്ട്. അവരെ മിസ്സ് ചെയ്യുന്നുണ്ട്. ഇനിയൊരു തിരിച്ചുവരവിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അങ്ങനെ വരാനും വരാതിരിക്കാനും സാധ്യതയുണ്ടെന്നും ഇതേക്കുറിച്ച് തനിക്ക് തന്നെ അറിയില്ലെന്നും അവര്‍ പറയുന്നു. ഇടവേളയ്ക്ക് ശേഷം സിതാര തിരിച്ചെത്തുമെന്വ പ്രതീക്ഷയിലാണ് ആരാധകര്‍.

പ്രൊജക്ട് മലബാറിക്കസ് സ്വന്തം ഐഡിയായിരുന്നു. അതിന് പിന്തുണയുമായി ഒരുപാട് പേര്‍ ഒപ്പം ചേരുകയായിരുന്നു. ലതിക ടീച്ചറുടെ പാട്ടുകളെല്ലാം സജീഷേട്ടന് ഇഷ്ടമാണ്. സായുവിന് അറബിക് പാട്ടുകളെല്ലാം ഇഷ്ടമാണ്. കഥ പറയാനല്ല പാട്ടുപാടാനാണ് എന്റടുത്ത് പറയാനുള്ളത്. സജീഷേട്ടനാണ് കഥ പറഞ്ഞുകൊടുക്കാറുള്ളത്. അമ്മയും കഥ പറഞ്ഞ് കൊടുക്കാറുണ്ട്. സിതാരയ്‌ക്കൊപ്പം പാട്ടുപാടി ഇടയ്ക്ക് കുഞ്ഞു സായു അമ്പരപ്പിക്കാറുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടാണ് അത്തരത്തിലുള്ള വീഡിയോകള്‍ വൈറലായി മാറാറുള്ളത്.

ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ ഇന്റർവ്യൂവിലാണ് താരം ഇത് വെളിപ്പെടുത്തിയത്.

കൊച്ചിയിൽ കായലോരത്തെ ഫ്ലാറ്റിൽ നജീബിലേക്കുള്ള പരിണാമത്തിലാണു പൃഥ്വിരാജ്. കർശനമായ ഭക്ഷണനിയന്ത്രണം, വർക്ക് ഔട്ട്. ശരീരഭാരം 10 കിലോഗ്രാമോളം കുറച്ചു. താടി വളർന്നുതിങ്ങി. ബെന്യാമിന്റെ ‘ആടുജീവിത’ത്തിലെ നായകൻ നജീബ്… 3 മാസം സിനിമയിൽനിന്ന് അവധിയെടുക്കുന്നുവെന്നു സമൂഹമാധ്യമത്തിലൂടെ താരം വെളിപ്പെടുത്തിയിട്ട് ഏതാനും ദിവസങ്ങൾ മാത്രം. കാരണങ്ങൾ രണ്ടാണ്. വീട്ടിൽ തനിക്കായി കാത്തിരിക്കുന്ന 2 ‘സ്ത്രീകൾ’, അവരുടെ സന്തോഷം. ഒപ്പം, സഹനത്തിന്റെ മരുഭൂവിൽനിന്ന് അനുഭവങ്ങളുടെ തീച്ചൂട് പ്രേക്ഷകരിലേക്കു പകരാൻ കാത്തിരിക്കുന്ന നജീബ്.

110 ചിത്രങ്ങൾ പിന്നിടുന്ന അഭിനയജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ വേഷത്തിനായി 100 ശതമാനം സ്വയം സമർപ്പിക്കുകയാണ് പൃഥ്വി. ആടുജീവിതത്തിൽ പൃഥ്വിരാജ് വേണ്ട, വേണ്ടതു നജീബ് മാത്രം എന്ന ദൃഢനിശ്ചയം.

ഇന്റർവ്യൂവിലെ പ്രസക്ത ഭാഗങ്ങൾ

∙ആരാധകരുടെ കല്ലേറും ഏറെ ഏറ്റുവാങ്ങിയ ആളാണ്?

സമൂഹ മാധ്യമങ്ങളുടെ വളർച്ചയാണ് ഇതിന്റെ പ്രധാന കാരണം. ഒരു സെലിബ്രിറ്റിയുടെ ഫെയ്സ്ബുക്ക് പേജിൽ പോയി കമന്റിട്ടാൽ മുഖത്തു നോക്കി ചീത്ത വിളിക്കുന്ന സുഖം കിട്ടും. കൂടുതൽ പേരിലേക്ക് ഇതു നിമിഷങ്ങൾക്കുള്ളിൽ എത്തും. സമൂഹമാധ്യമത്തിലൂടെയുള്ള വിമർശനം ഒരു ആൾക്കൂട്ടക്കല്ലെറിയലായി പരിണമിക്കാൻ നിമിഷങ്ങൾ മതി. അവരോടു മറുപടി നൽകി നമ്മളെ ന്യായീകരിക്കാൻ അവസരമില്ല. മുൻപ് വിരാട് കോഹ്ലി പറഞ്ഞിട്ടുണ്ട്, സമൂഹമാധ്യമത്തിലെ കമന്റുകൾ വായിക്കാറില്ല എന്ന്. ചില സാഹചര്യങ്ങളിൽ ഇതു ഗുണം ചെയ്യും. നമ്മളെ കല്ലെറിയാൻ ഡിജിറ്റൽ ലോകത്ത് ഒരു ആൾക്കൂട്ടം രൂപപ്പെട്ടു കഴിഞ്ഞാൽ പൂർണമായും വിട്ടുനിൽക്കുകയാണ് ഉചിതം. എന്റെ അനുഭവം അതാണു പഠിപ്പിച്ചത്. സമൂഹമാധ്യമങ്ങളിലൂടെ എന്നെ കല്ലെറിയാനെത്തുന്നവരോട് ഒന്നേ പറയാനുള്ളൂ. നിങ്ങൾ വെറുതെ സമയം പാഴാക്കുകയാണ്!

 

∙ഏറെ ആരാധകരുള്ള പൃഥ്വരാജിന്റെ ആരാധന ആരോടാണ്?

ആദ്യമായി തോന്നിയതു സച്ചിനോടാണ്. എന്റെ തലമുറയിലുള്ള ക്രിക്കറ്റ് കണ്ടു വളർന്ന എല്ലാവർക്കും അങ്ങനെയാകും എന്നു തോന്നുന്നു. അബ്ദുൽഖാദറിനെ 3 സിക്സ് പറത്തിയ കൗമാരക്കാരന്റെ ഫാന്‍ ആയതാണു ഞാൻ. അതു വിജയങ്ങളെ അടിസ്ഥാനമാക്കിയുള്ള ആരാധനയായിരുന്നില്ല. പിന്നീട് ഒട്ടേറെ തവണ സച്ചിനുമായി സംസാരിച്ചിട്ടുണ്ട്. ഒരുമിച്ചിരുന്നു ക്രിക്കറ്റ് കളി കാണാനും അവസരം കിട്ടി. എന്നാൽ, ഇപ്പോഴും നേരിട്ടു കാണുമ്പോൾ ആരാധനയ്ക്ക് കുറവൊട്ടുമില്ല. ടിവിയിൽ സച്ചിന്റെ ഒരു ഇന്നിങ്സ് കാണിച്ചാൽ ഇന്നും ഞാനിരുന്നു കാണും. അഭിനേതാവായ ശേഷം മമ്മൂക്കയോടും ലാലേട്ടനോടും കടുത്ത ആരാധനയുണ്ട്.

 

∙കുറച്ചു കാലമായി വിസ്മയിപ്പിക്കുന്ന പ്രകടനം കാഴ്ചവയ്ക്കുന്ന സുരാജാണ് ഈ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം?

എല്ലാ നടൻമാരും ആഗ്രഹിക്കുന്നതാണ് അത്തരമൊരു മാറ്റം. മുതിർന്ന നടൻമാരിൽ നമ്മെ അങ്ങനെ അതിശയിപ്പിച്ചിട്ടുള്ളവരാണു സിദ്ദിഖ് ചേട്ടനും സലിമേട്ടനുമൊക്കെ(നടൻ സിദ്ദിഖും സലിംകുമാറും). അഭിനയത്തിന്റെ പുതിയ മേഖലകൾ തേടാനുള്ള അടങ്ങാത്ത ആഗ്രഹവും ഇച്ഛാശക്തിയുമാണ് അത്തരം നടൻമാരെ സൃഷ്ടിക്കുന്നത്. വർഷങ്ങൾക്കു മുൻപ്, താന്തോന്നിയുടെ ഷൂട്ടിങ് സമയത്തെന്നാണ് ഓർമ, സുരാജ് ചോദിച്ചു. ‘‘ എടാ എനിക്കൊരു വില്ലൻ വേഷം ചെയ്യണം, അങ്ങനെ ഒരവസരം തരുമോ?’’ അന്നു സുരാജ് മലയാളത്തിലെ തിരക്കേറിയ കൊമേഡിയനാണ്. അടിസ്ഥാനപരമായി ആ ആഗ്രഹത്തിന്റെ ശക്തിയാണു സുരാജിന്റെ മികച്ച പ്രകടനം. ഡ്രൈവിങ് ലൈസൻസിന്റെ കഥ കേട്ടപ്പോൾ ആരാധകന്റെ റോളിൽ ആദ്യം മനസ്സിൽ തോന്നിയതു സുരാജിന്റെ മുഖം തന്നെയാണ്.

∙‘എമ്പുരാൻ’ എന്നത്തേക്കു കാണാനാകും?

ഈ ചോദ്യം ആദ്യം ചോദിക്കേണ്ടതു മുരളി ഗോപിയോടാണ്. മുരളി എനിക്ക് ബൗണ്ട് സ്ക്രിപ്റ്റ് എന്നു തരുന്നോ, ആ തീയതിയിൽനിന്ന് ആറാം മാസം ഞാൻ ഷൂട്ട് തുടങ്ങിയിരിക്കും. സിനിമയുടെ പ്ലോട്ട് ഉൾപ്പെടെയുള്ള കാര്യങ്ങളെപ്പറ്റി കൃത്യമായ ധാരണ എനിക്കും മുരളിക്കുമുണ്ട്. വളരെ ചുരുങ്ങിയ സമയം കൊണ്ടു പൂർത്തിയാക്കിയ സിനിമയാണു ലൂസിഫർ. പൂർണമായ സ്ക്രിപ്റ്റ്, പ്രീപ്രൊഡക്‌ഷനായി 4 മാസത്തോളം സമയം, പിന്നെ ടീമിന്റെ സഹകരണം. ഇവയെല്ലാമാണ് അതിനു സഹായിച്ചത്. സിനിമയെ സംബന്ധിച്ചിടത്തോളം ഏറ്റവും എളുപ്പം നടക്കേണ്ടതു ഷൂട്ടിങ് ആണെന്നാണ് എന്റെ കാഴ്ചപ്പാട്. ലൂസിഫറിനേക്കാൾ കുറെക്കൂടി പരിശ്രമം വേണ്ട സിനിമയാണ് ‘എമ്പുരാൻ’. അപ്പോൾ സ്ക്രിപ്റ്റ് ലഭിച്ചു കഴിഞ്ഞ് 6 മാസമെങ്കിലും മുന്നൊരുക്കങ്ങൾക്കായി വേണം.

 

 

ഡൽഹി ജാമിയ സർവകലാശാലയിലെ വിദ്യാർഥികൾക്ക് ഐക്യദാർഢ്യം അറിയിച്ച് ഹോളിവുഡ് താരം ജോൺ കുസാക്ക്. സർവകലാശാലയിലെ പൊലീസ് അതിക്രമത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച താരം ‘ഐക്യദാർഢ്യം’ എന്ന് കുറിച്ചു. പൗരത്വ നിയമത്തിനെതിരെ കാലിഫോർണിയയിൽ നടക്കുന്ന പ്രതിഷേധത്തിന്റെ ചിത്രങ്ങളും കുസാക്ക് പങ്കുവെച്ചിട്ടുണ്ട്.

ബോളിവുഡ് താരങ്ങളും സംവിധായകരും പൊലീസിനെയും സർക്കാരിനെയും വിമർശിച്ച് രംഗത്തെത്തിയിരുന്നു. സംവിധായകൻ അനുരാഗ് കശ്യപ്, രാജ്കുമാർ റാവു, നടി സ്വര ഭാസ്കർ എന്നിവരുൾപ്പെടെയുള്ളവർ വിദ്യാർഥികളെ പിന്തുണച്ചെത്തിയിരുന്നു.

നാല് മാസത്തെ ഇടവേളക്ക് ശേഷം ട്വിറ്ററിൽ മടങ്ങിയെത്തിയാണ് അനുരാഗ് കശ്യപ് പ്രതിഷേധം അറിയിച്ചത്. സർക്കാരിനെ ഫാസിസ്റ്റ് എന്ന് വിശേഷിപ്പിച്ച കശ്യപ് ഇനിയും നിശബ്ദനായിരിക്കാൻ സാധ്യമല്ലെന്നും കുറിച്ചു.

ഒരു ജനാധിപത്യ രാജ്യത്ത് സമാധാനപരമായി പ്രതിഷേധം നടത്താനുള്ള അവകാശം എല്ലാ പൗരന്മാർക്കുമുണ്ടെന്നും അക്രമം ഒന്നിനും പരിഹാരമല്ലെന്നും രാജ്കുമാർ റാവു കുറിച്ചു.

 

പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതികരിച്ച് സിനിമാ പ്രവര്‍ത്തകര്‍ പലരും രംഗത്ത്. സംവിധായകന്‍ ആഷിക് അബുവിനുപിന്നാലെ നടി അമല പോളും പ്രതികരിച്ചു. ഇന്ത്യ തന്റെ തന്തയുടെ വകയല്ല എന്ന് എഴുതിയ പോസ്റ്റാണ് അമല ഷെയര്‍ ചെയ്തത്. പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികളുടെ ഫോട്ടോകളും താരം പങ്കുവെച്ചിട്ടുണ്ട്. ഹൃദയം കൊണ്ട് ജാമിയ മില്ലിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പമെന്നും അമല കുറിച്ചു.

ഡല്‍ഹി പോലീസിനെ ഓര്‍ത്ത് ലജ്ജിക്കുന്നുവെന്ന് പുതുമുഖ നടന്‍ സര്‍ജാനോ ഖാലിദ്. പൗരത്വ ഭേദഗതി ബില്ലിലൂടെ ഹിന്ദു, സിഖ്, ജൈന, ക്രിസ്ത്യന്‍ അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യ വിട്ടുപോകേണ്ടി വരില്ലെന്ന് ഉറപ്പുനല്‍കികൊണ്ട് അമിത് ഷാ കൊല്‍ക്കത്തയില്‍ നടത്തിയ പ്രസംഗത്തിനെതിരെ നടന്‍ സിദ്ധാര്‍ത്ഥും പ്രതികരിച്ചു.

അമിത് ഷാ ഹോം മോണ്‍സ്റ്റര്‍ ആണെന്ന് സിദ്ധര്‍ത്ഥ് വിമര്‍ശിച്ചു. വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചതിനെതിരെ താരം പ്രതികരിച്ചു. മോദിയും അമിത്ഷായും കൃഷ്ണനും അര്‍ജുനനുമല്ല, ദുര്യോധനനും ശകുനിയുമാണെന്ന് സിദ്ധാര്‍ത്ഥ് കുറിച്ചു.

ശ്രീനിവാസൻ നായകനായി ശരത്തിന്റെ സംവിധാനത്തിൽ 2012 ഒക്ടോബർ 26-ന് പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പറുദീസ. തമ്പി ആന്റണി, ജഗതി ശ്രീകുമാർ, ശ്വേത മേനോൻ, ഇന്ദ്രൻസ്, ജയ‹ഷ്ണൻ, കൃഷ്ണ പ്രസാദ്, ടോം ജേക്കബ്, നന്ദു, ലക്ഷ്മി മേനോൻ അംബികാമോഹൻ, വിഷ്ണുപ്രിയ, തൊടുപുഴ വാസന്തി എന്നിവർ ഇതിലെ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. മേലുകാവിലും ഈരാറ്റുപേട്ടയിലുമാണ് ചിത്രീകരിച്ചിരിക്കുന്നത്. ഒ.എൻ.വി. കുറുപ്പ് രചിച്ച ഗാനങ്ങൾക്ക് ഔസേപ്പച്ചനും ഐസക് തോമസ് കൊട്ടുകപ്പള്ളിയുമാണ് സംഗീതം നൽകിയിരിക്കുന്നത്. കായൽ ഫിലിംസ് നിർമിച്ച ചിത്രം രമ്യാ മൂവിസ് വിതരണം ചെയ്തിരിക്കുന്നു. മതപുരോഹിതന്മാരുടെ എതിർപ്പിനെത്തുടർന്ന് ചിത്രത്തിന്റെ റിലീസിങ് വൈകിയിരുന്നു.

ചിത്രത്തിന്റെ യൂട്യൂബിൽ ഉള്ള ഇംഗ്ലീഷ് വേർഷനാണ് ഇപ്പോൾ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. നദി തെക്കേക്ക് ആണ് സബ്ടൈറ്റിൽ ചെയ്തിരിക്കുന്നത്. ചിത്രം ഇതുവരെ കണ്ടത് അഞ്ച് ലക്ഷത്തിനു മുകളിൽ ആളുകളാണ്. പാരഡൈസ് എന്നാണ് സിനിമയുടെ ഇംഗ്ലിഷ് പതിപ്പിനു നൽകിയിരിക്കുന്ന പേര്. മികച്ച പ്രതികരണമാണ് ചിത്രത്തിനു ലഭിക്കുന്നതും. വിദേശികളാണ് ചിത്രം കണ്ട ശേഷം യുട്യൂബിൽ പ്രതികരണവുമായി എത്തുന്നത്. 2013-ലെ മെക്സിക്കോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച തിരക്കഥയ്ക്കുള്ള രാജ്യാന്തര പുരസ്കാരം, 2013-ലെ ആംസ്റ്റർഡാം ചലച്ചിത്രമേളയിൽ എഡിറ്റിങ്ങിനുള്ള പുരസ്കാരം എന്നിവ ചിത്രം നേടിയിട്ടുണ്ട്.

ദിലീപിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ തുടർച്ചയായി ഉന്നയിച്ച വ്യക്തിയാണ് പല്ലിശ്ശേരി. ഇപ്പോഴിതാ വീണ്ടും മലയാള സിനിമയെ വിവാദത്തിലാക്കുന്ന ആരോപണങ്ങളുയര്‍ത്തി സിനിമാ അണിയറ കഥകള്‍ എഴുതി വിവാദനായകനായ ലേഖകന്‍ രത്‌നകുമാര്‍ പല്ലിശ്ശേരി. ദിലീപിന്റെ വിവാഹമോചനവും കാവ്യ മാധവനുമായുള്ള വിവാഹവും, പൃഥ്വിരാജിനോട് ദിലീപിനുള്ള വിരോധവുമൊക്കെയാണ് ഇത്തവണ പല്ലിശ്ശേരിയുടെ കോളത്തില്‍ നിറഞ്ഞിരിക്കുന്നത്. ദിലീപിന്റെ വിവാഹമോചനത്തിലേക്ക് നയിച്ചത് കാവ്യ മാധവനുമായുള്ള പ്രണയബന്ധമാണെന്നും ഇവരുടെ പ്രണയം തന്നോട് ആദ്യമായി വെളിപ്പെടുത്തിയത് ദിലീപ് സ്വന്തം സഹോദരനെ പോലെ കണ്ടിരുന്ന കൊച്ചിന്‍ ഹനീഫയാണെന്നും പല്ലിശ്ശേരി പറയുന്നു. എല്ലാവര്‍ക്കും നന്മ വരണമെന്ന് ആഗ്രഹിക്കുന്ന ഒരു നടനായിരുന്നു കൊച്ചിന്‍ ഹനീഫ. ആരെ കുറിച്ചും മോശം പറയാറില്ല. പക്ഷേ കാവ്യയെ സംബന്ധിച്ച്‌ ഒരു കഥ കൊച്ചിന്‍ ഹനീഫ തന്നോട് പറഞ്ഞിരുന്നെന്ന് പറയുകയാണ് പല്ലിശ്ശേരി ഇപ്പോള്‍.

മീശ മാധവന്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ച്‌ കാവ്യയും ദിലീപും പ്രണയത്തിലാണ് എന്നതിന്റെ സാഹചര്യത്തെളിവുകള്‍ അടക്കം ലഭിച്ചെന്നും. ചിത്രത്തില്‍ കാവ്യയുമായി അടുത്തിടപഴകാനുള്ള ചില രംഗങ്ങള്‍ ദിലീപിന്റെ പ്രത്യേക താല്‍പര്യപ്രകാരം സംവിധായകനും എഴുത്തുകാരും ചേര്‍ത്തിട്ടുണ്ടെന്നും പല്ലിശ്ശേരി ആരോപിക്കുന്നു. മീശ മാധവനിലൂടെയാണ് ദിലീപ് ഒരു സൂപ്പര്‍ താരപദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നതെന്നും ചിത്രത്തിന്റെ തകർപ്പൻ വിജയത്തെ തുടര്‍ന്ന് പിന്നീട് ചെയ്ത ചിത്രത്തിലൂടെ അവാര്‍ഡ് വാങ്ങാനുള്ള മനഃപ്പൂര്‍വ്വമായ ശ്രമം നടന്‍ നടത്തിയിരുന്നെന്നും സംവിധാന മോഹമുണ്ടായിരുന്നെന്നും പല്ലിശ്ശേരി ആരോപിച്ചു.

എന്നാല്‍, തൊട്ടുപിന്നാലെ സിനിമാലോകത്ത് എത്തി, യുവനടനായി തിളങ്ങിയ നടന്‍ പൃഥ്വിരാജിനോട് ദിലീപിന് ശത്രുത തോന്നിയെന്നും പല്ലിശ്ശേരി അഭിമുഖത്തില്‍ ആരോപിക്കുന്നു. ഒരിക്കല്‍ കൊച്ചിന്‍ ഹനീഫയോട് താന്‍ ദിലീപ്- കാവ്യ പ്രണയം കൊടുംപിരി കൊള്ളുകയാണെന്ന് കേട്ടല്ലോ എന്ന് പറഞ്ഞപ്പോള്‍ അങ്ങനെ ഒന്നും ഞാന്‍ കേട്ടില്ല, പക്ഷേ മറ്റൊരു കാര്യം കേട്ടു എന്നാണ് കൊച്ചിന്‍ ഹനീഫ പറഞ്ഞതെന്നും പല്ലിശ്ശേരി പറഞ്ഞു.

തന്നോട് കാവ്യ പൃഥ്വിരാജിനെ പറ്റി എന്താണ് അഭിപ്രായം എന്ന് ചോദിച്ചു എന്നാണ് കൊച്ചിന്‍ ഹനീഫ അന്ന് പറഞ്ഞിരുന്നതെന്ന് പല്ലിശ്ശേരി പറയുന്നു. കാവ്യയെ സ്വന്തം സഹോദരിയെ പോലെ കരുതിയിരുന്ന കൊച്ചിന്‍ ഹനീഫയാണ് അന്ന് അങ്ങനെ പറഞ്ഞത്. എന്താണ് പൃഥ്വിയെ കുറിച്ച്‌ ചോദിച്ചത് എന്ന് മറുചോദ്യം ചോദിച്ചപ്പോള്‍ അറിഞ്ഞിരിക്കാന്‍ വേണ്ടിയാണ് എന്നായിരുന്നു കാവ്യയുടെ മറുപടി. പിന്നീടാണ് കാവ്യയുടെ മനസിലിരിപ്പ് മനസിലാകുന്നതെന്നും പൃഥ്വിരാജ് ഇഷ്ടപ്പെടുകയാണെങ്കില്‍ കല്യാണം കഴിക്കാമെന്ന് ഒരു ആഗ്രഹം കാവ്യയ്ക്ക് ഉണ്ടായിരുന്നുവെന്നും പല്ലിശ്ശേരി പറയുന്നു.

പക്ഷേ പൃഥ്വി വേറെ ട്രാക്കിലാണ് പോയത്. കാവ്യയുടെ ആഗ്രഹം നടന്നില്ല. കാരണമെന്തെന്ന് അറിയില്ലെന്നും. പക്ഷെ അവർക്കിടയിൽ രഹസ്യമായി നടന്ന എന്തോ സംഭവത്തെ തുടർന്ന് ദിലീപും പൃഥ്വിരാജും തമ്മില്‍ മാനസികമായി അകന്നു എന്നും പല്ലിശ്ശേരി പറയുന്നു. പക്ഷേ അത് എന്തിന്റെ പേരിലാണെന്ന് കൃത്യമായി പറയാന്‍ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. അന്ന് മുതല്‍ ദിലീപിന്റെ ശത്രുക്കളുടെ ലിസ്റ്റിലാണ് പൃഥ്വി. പിന്നീട് നടന്നതൊക്കെ നമുക്കറിയാവുന്നതാണെന്നും പൃഥ്വിയുടെ ചിത്രങ്ങള്‍ കൂവിത്തോല്‍പ്പിക്കാന്‍ ആളെ ഇറക്കിയെന്നും കുഞ്ചാക്കോ ബോബനെന്ന പാവത്താന്റെ ചിത്രങ്ങള്‍ കുറയ്ക്കാന്‍ പിന്നില്‍ നിന്ന് ചരടുവലികള്‍ നടത്തിയെന്നും പല്ലിശ്ശേരി പറയുന്നു.

ടെലിവിഷൻ സീരിയലിലൂടെ മലയാളപ്രേക്ഷകരുടെ പ്രിയതാരമായ നടിയാണ് സ്വാസിക.ഇതിനോടകം തന്നെ നിരവധി സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട് .ഇപ്പോഴിതാ ഉണ്ണിമുകന്ദനെ കുറിച്ചുള്ള സ്വാസികയുടെ ഫേസ്ബുക് പോസ്റ്റാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത് .ഓരോ കഥാപാത്രങ്ങൾക്കും ഓരോ മുഖങ്ങൾ ഓരോ സ്വഭാവങ്ങൾ ഓരോ ശൈലികൾ ആണ് ഉണ്ണി നടത്തുന്നതെന്ന് സ്വാസിക പറയുന്നു.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം:

ഓരോ കഥാപാത്രങ്ങൾക്കും ഓരോ മുഖങ്ങൾ ഓരോ സ്വഭാവങ്ങൾ ഓരോ ശൈലികൾ.. മല്ലു സിംഗ്, മസിൽ അളിയൻ, ജോൺ തെക്കൻ, മാർകോ ജൂനിയർ,ക്രിസ്തുദാസ് ചന്ദ്രോത് പണിക്കർ. അങ്ങനെ എന്റെ മനസ്സിൽ കയറി കൂടിയ ഒരുപാട് കഥാപാത്രങ്ങൾ ഓരോ കഥാപാത്രത്തിനും അദ്ദേഹം മാനസികമായും ശാരീരികമായും കൊണ്ട് വരുന്ന ആ മാറ്റങ്ങൾ.. എവിടെയും അത് അങ്ങനെ പരാമർശിച്ചു ഞാൻ കണ്ടിട്ടില്ല. എന്നാൽ ഒറീസയുടെ ഷൂട്ടിംഗ് ടൈമിൽ നേരിട്ട് അറിഞ്ഞതാണ് ആരും അറിയാതെ അദ്ദേഹം കഥാപാത്രത്തിന് വേണ്ടി ചെയുന്ന വലിയ മാറ്റങ്ങൾ.എന്റെ വളരെ പേർസണൽ ഫേവറിറ്റ് ആയൊരു റോൾ ആയിരുന്നു ഒറീസയിലെ ക്രിസ്തുദാസ് എന്ന കഥാപാത്രം.അതിന്റെയും സംവിധായകൻ പപ്പേട്ടൻ ആയിരുന്നു.

ഒറീസയിലെ പോലിസ്കാരൻ ആവാൻ ആഗ്രഹമില്ലാതെ പോലിസ് ആയ ആ കഥാപാത്രം അത്ര ഫിറ്റ്‌ ആയാൽ ശരിയാവില്ല എന്ന് സ്വയം മനസിലാക്കി വയറും തടിയും കൂട്ടി ആ കഥാപാത്രമായി മാറുന്നത് കണ്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി.ഇതൊന്നും ആരും അറിയുന്നില്ലലോ എന്ന വിഷമം നന്നായി ഉണ്ടായിരുന്നു. ഇങ്ങനെ ഉണ്ണിയുടെ പല കഠിന പ്രയത്‌നങ്ങൾക്കും വേണ്ട വിധം അംഗീകാരങ്ങൾ എവിടെയും ലഭിക്കുന്നത് ഞാൻ കണ്ടിട്ടില്ല. Finally Chandroth Panicker.. മാമാങ്കത്തിലെ ഏറ്റവും ഇഷ്ടപ്പെട്ട Character.ആക്ഷന് അധികം പ്രാധാന്യം കൊടുക്കാതെ കഥാപാത്രത്തിനും ഇമോഷനും മുൻഗണന കൊടുത്ത ഒരു അത്യുഗ്രൻ characterisation.ക്ലൈമാക്സിലെ ഫൈറ്റ് സീൻസ് ഒക്കെ.. ഇതിന്റെയും സംവിധായകൻ പപ്പേട്ടൻ ആണെന്നുള്ളത് ആണ് ഏറ്റവും സന്തോഷം. എല്ലാം കാലം കരുതി വെച്ചത് ആണെന്ന് വിശ്വസിക്കുന്നു.. സിനിമ കണ്ടിറങ്ങിയിട്ടും ചന്ദ്രോത് പണിക്കരും അനന്ദ്രവൻ അച്യുതനുമായുള്ള ആ ഒരു ബോണ്ടിങ് മനസ്സിൽ നിന്ന് പോവുന്നില്ല.ഒറീസയുടെ സെറ്റിൽ വെച്ച് തുടങ്ങിയ സൗഹൃദം ആണ്, ഉണ്ണി മുകുന്ദൻ എന്ന ആ വലിയ നല്ല മനുഷ്യനെ എല്ലാവരും ഇത് പോലെ അംഗീകരിക്കുന്ന ആ ദിവസത്തിനായി ഒരുപാട് ആഗ്രഹിച്ചിരുന്നു,ഇന്ന് സിനിമ കണ്ടപ്പോൾ ഒരുപാട് സന്തോഷം ആയി.. Fell in love with him once again.. Crush Forever..

 

ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വസതിയിൽ ബോംബ് സ്ഫോടനം ഉണ്ടാകുമെന്ന തരത്തിൽ‌ വ്യാജ ഇമെയിൽ സന്ദേശമയച്ച പതിനാറുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഈ സന്ദേശം ലഭിച്ചയുടൻ അടുത്ത രണ്ടുമണിക്കൂറിനുള്ളിൽ സൽമാൻ ഖാന്റെ ബാന്ദ്രയിലെ ​ഗാലക്സി അപ്പാർട്മെന്റിൽ‌ ബോംബ് പൊട്ടിത്തെറിയുണ്ടാകും.

നിങ്ങൾക്ക് കഴിയുമെങ്കിൽ തടയൂ’, എന്നായിരുന്നു യുവാവ് പൊലീസ് സ്റ്റേഷനിലേക്കയച്ച സന്ദേശം. ഉത്തർപ്രദേശിലെ ​ഗാസിയാബാദ് സ്വദേശിയായ യുവാവിനെ മുംബൈ പൊലീസാണ് അറസ്റ്റ് ചെയ്തത്. ഡിസംബർ നാലിനാണ് യുവാവ് ബാന്ദ്ര പൊലീസ് സ്റ്റേഷനിലേക്ക് വ്യാജ സന്ദേശമയച്ചത്. ഗാസിയാബാദിലെ പ്രതിയുടെ വീട്ടിലെത്തുകയും വീട്ടുകാരോട് കേസിനെക്കുറിച്ച് പൊലീസ് വിശദീകരിക്കുകയും ചെയ്തു. ശേഷം പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ജുവനയിൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി വിട്ടയച്ചു.

പൊലീസെത്തിയ സമയത്ത് സൽമാൻ ഖാൻ വീട്ടിലുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ പിതാവ് സലിം ഖാനെയും മാതാവ് സൽമ ഖാനെയും സഹോദരി അർപ്പിതയെയും വീട്ടിൽനിന്ന് പുറത്തിറക്കിയതിന് ശേഷം പൊലീസും ബോംബ് സ്ക്വാഡും സംയുക്തമായി ചേർന്ന് വീട് പരിശോധിക്കുകയായിരുന്നു. നാല് മണിക്കൂറോളം വീടും പരിസരവും പരിശോധിച്ചെങ്കിലും ബോംബ് കണ്ടെത്താനായില്ല. തുടർന്ന് താരത്തിന്റെ കുടുംബത്തെ തിരിച്ച് വീട്ടിലെത്തിച്ചതായും പൊലീസ് പറഞ്ഞു.

തന്റെ ചിത്രങ്ങൾക്ക് താഴെ അശ്ലീലകമന്റിടുന്നവർക്ക് മറുപടി പറയുകയാണ് മീര നന്ദൻ. ഒരു സിനിമാ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മീര ഉറച്ച നിലപാട് വ്യക്തമാക്കിയത്.തന്റെ വസ്ത്രത്തിന്റെ നീളം അളക്കാന്‍ ആര്‍ക്കും സ്വാതന്ത്ര്യം കൊടുത്തിട്ടില്ലെന്നും ആള്‍ക്കാരെ ബോധ്യപ്പെടുത്താനായി ജീവിക്കാനാകില്ലെന്നും മീര അഭിമുഖത്തില്‍ പറഞ്ഞു.

‘ഒരുപാട് മോശം കമന്റുകള്‍ ചിത്രത്തിന് താഴെ വന്നിരുന്നു. ആദ്യമൊക്കെ മറുപടി കൊടുക്കുമായിരുന്നു. പിന്നെ ഇത്തരക്കാര്‍ക്ക് മറുപടി കൊടുത്തിട്ട് കാര്യമില്ല എന്ന് മനസ്സിലായി. രണ്ട് വിഭാഗം ആളുകളുണ്ട്, ഒന്ന് നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് ചെയ്യൂ എന്ന് പറയുന്നവര്‍. മറ്റു ചിലരാകട്ടെ എന്തിനാണ് വേണ്ടാത്ത പണിക്ക് പോകുന്നത് എന്ന് ചോദിക്കുന്നവര്‍. എനിക്ക് ആള്‍ക്കാരെ ബോധിപ്പിക്കാന്‍ വേണ്ടി ജീവിക്കാന്‍ പറ്റില്ല. എന്റെ പേജില്‍ എനിക്ക് ഇഷ്ടമുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യും. അതൊക്കെയാണല്ലോ ഈ സ്വാതന്ത്ര്യമെന്ന് പറയുന്നത്?”- മീര പറയുന്നു.

പണ്ടൊക്കെ പുറത്തിറങ്ങുമ്പോൾ ആളുകൾ സിനിമ കാണാറുണ്ടെന്നാണ് പറയാറ്. ഇപ്പോൾ ഇൻസ്റ്റഗ്രാമിലെ ഫോട്ടോ കാണാറുണ്ടെന്നാണ് പറയാറ്. ഇന്‍സ്റ്റാഗ്രാമിലെ ചിത്രങ്ങള്‍ വലിയ ചര്‍ച്ചയായി മാറുന്നു. ദിവസം കഴിഞ്ഞാണ് ഞാന്‍ ആ കാര്യമെല്ലാം അറിയുന്നത്. ഫോട്ടോകള്‍ എന്റെ മാതാപിതാക്കള്‍ക്ക് അയച്ചു കൊടുത്തതിന് ശേഷമാണ് ഞാന്‍ പോസ്റ്റ് ചെയ്യുന്നത്.

ഓണ്‍ലൈന്‍ വാര്‍ത്തകളില്‍ എന്റെ ഫോട്ടോ നിറഞ്ഞു കിടക്കുകയാണ്. ഞാനിട്ട ഡ്രസിന്റെ നീളം കുറഞ്ഞുവെന്നാണ് പറയുന്നത്. അതിന് നീളം കുറവാണെന്ന് എനിക്ക് തോന്നിയിട്ടില്ല. ഇതിലെ ഏറ്റവും വലിയ കോമഡി എന്താണെന്ന് വച്ചാല്‍, വാര്‍ത്തകള്‍ കണ്ട് എന്നെ എന്റെ അമ്മാമ വിളിച്ചിരുന്നു. ”എന്റെ മീര എന്താണിത്, ദുബായിലായിട്ടും ആള്‍ക്കാര്‍ക്ക് പുതിയ ലോകത്തെക്കുറിച്ച് വിവരമില്ലേ? ഇവരൊക്കെ ഏത് നൂറ്റാണ്ടിലാണ് ജീവിക്കുന്നത്”. അപ്പോള്‍ തഗ് ലൈഫ് അമ്മാമ എന്ന് പറയാനാണ് എനിക്ക് തോന്നിയത്– മീര കൂട്ടിച്ചേര്‍ക്കുന്നു.

മലയാളിയുടെ പ്രിയ ഗായിക അനുരാധ ഫെയ്സ്ബുക്കിൽ പങ്കുവച്ച ഒരു അനുഭവം ആണ് . തമിഴ്നാട്ടിലെ അരുണാചല എന്ന തീർഥാടന കേന്ദ്രത്തിലേക്കുള്ള യാത്രക്കിടെ തന്നെ സഹായിക്കാൻ എത്തിയ ഒരു കൂട്ടം യുവാക്കളെ കുറിച്ചാണ് ഗായികയുടെ ഹൃദയം തൊടുന്ന കുറിപ്പ്.

പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ;

‘അരുണാചലയിലേക്കുള്ള മലകയറ്റത്തിനിടയിൽ എന്നെ സഹായിക്കാനെത്തിയ ആ ആൺകുട്ടികളെ ദൈവമാണ് ആ സമയത്ത് അവിടേക്ക് അയച്ചത് എന്നു ഞാൻ വിശ്വസിക്കുന്നു. കടുത്ത ചൂടിൽ ഞാൻ ആകെ തളർന്നിരുന്നു. ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാൻ ഒരുമണിക്കൂർ കൂടി നടക്കണമായിരുന്നു. എന്നാൽ അതിനു മുൻപേ ഞാൻ തളർന്നു വീഴുമെന്ന് എനിക്ക് ഉറപ്പായിരുന്നു.

ആ സമയത്താണ് ഒരുകൂട്ടം ചെറുപ്പക്കാർ അവിടേക്കു വന്നത്. അവർ വന്ന് എല്ലാ തീർഥാടകർക്കും ഗ്ലൂക്കോസും വെള്ളവും ഒക്കെ നൽകി. അവർ എന്നെ ഒരുപാട് സഹായിച്ചു. ആ സ്നേഹവും കരുതലും കൊണ്ടാണ് ഞാൻ എന്റെ തീർഥാടനം പൂർത്തിയാക്കിയത്. മാത്രവുമല്ല എനിക്ക് വളരെയധികം ഊർജം ലഭിച്ചതായും തോന്നി. ഒരാൾ സ്വയം ദൈവത്തിനു പൂർണമായ് സമർപ്പിക്കുകയാണെങ്കിൽ ദൈവം അവരെ കരുതലോടെ കൊണ്ടു നടക്കുമെന്ന് എനിക്ക് മനസിലായി’ എന്റെ യാത്രയിലൂടെ ഭഗവാന്റെ അനുഗ്രഹം ഞാൻ ശരിക്കും അനുഭവിച്ചറിഞ്ഞു’. അനുരാധ ഫെയ്സ്ബുക്കിൽ കുറിച്ചു. പോസ്റ്റിനൊപ്പം യുവാക്കൾക്കൊപ്പം നിൽക്കുന്ന ചിത്രവും പങ്കുവച്ചിട്ടുണ്ട്.

Copyright © . All rights reserved