ചലച്ചിത്ര വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസിക്കെതിരെ നടന്‍ സിദ്ദിഖ് രംഗത്ത്. നേരത്തെയും വനിതാ കൂട്ടായ്മയ്‌ക്കെതിരെ സിദ്ദിഖ് പ്രതികരിച്ചിരുന്നു. ആക്രമിക്കപ്പെട്ട നടിക്കുവേണ്ടി വനിതാ കൂട്ടായ്മ എന്താണ് ചെയ്തതെന്ന് സിദ്ദിഖ് ചോദിക്കുന്നു. നടിക്ക് വേണ്ടി ഒരു സഹായവും ഡബ്ല്യൂ.സി.സി ചെയ്തിട്ടില്ല.
നടി ആക്രമിക്കപ്പെട്ടതിന് ശേഷം നടന്റെ പേര് നാല് മാസത്തിന് ശേഷമാണ് പറയുന്നത് ഇതില്‍ ദുരൂഹതയുണ്ട്. നടിക്കു വേണ്ടി നില്‍ക്കുന്നുവെന്ന് അവകാശപ്പെടുന്നവര്‍ ചാനല്‍ ചര്‍ച്ചകളില്‍ മാത്രമേ രംഗത്ത് വരൂ. അവര്‍ക്കൊരു ആശ്വാസമായിക്കൊള്ളട്ടെയെന്ന് കരുതി സംസാരിക്കുന്നതാണെന്ന് ചിലര്‍ പറഞ്ഞിട്ടുണ്ടെന്നും സിദ്ധിഖ് പറഞ്ഞു.
അക്രമമുണ്ടായെന്ന് അറിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സംഘടനയുടെ ഭാരവാഹിയെന്ന നിലയിലും സഹപ്രവര്‍ത്തകനെന്ന നിലയിലും മുഖ്യമന്ത്രിയെയും ഡിജിപിയെയും നേരില്‍ കണ്ട് സംസാരിച്ചിരുന്നുവെന്ന് സിദ്ദിഖ് പറയുന്നു. തുടര്‍ന്നുള്ള മൂന്നാമത്തെ ദിവസമാണ് പ്രതികളെ പിടികൂടിയത്. നടി ഇവരെ തിരിച്ചറിയല്‍ പരേഡില്‍ തിരിച്ചറിയുകയും ചെയ്തു. നടിക്കൊപ്പമാണ് ഇപ്പോഴും എല്ലാവരും നില്‍ക്കുന്നത്.
പോലീസുകാരുടെ മാനസിക സമ്മര്‍ദ്ദം കുറക്കുന്നതിന് റൂറല്‍ പോലീസ് സംഘടിപ്പിച്ച പരിപാടിയിലാണ് സിദ്ദിഖ് ഇക്കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറഞ്ഞത്. നടന്‍ കുറ്റവാളിയാണെന്ന് കോടതി പറയുകയാണെങ്കില്‍ മാത്രം ആ രീതിയില്‍ കണ്ടാല്‍ മതിയെന്നും സിദ്ദിഖ് പറഞ്ഞു.
ദൃശ്യം’ – ചില കാണാക്കാഴ്ച്ചകൾ
“ജോർജൂട്ടിയില്ലേ…?..”
വാതിൽ തുറന്ന റാണി (മീന) അയാളെ എവിടെയോ കണ്ട ഓർമ്മയിൽ മനസ്സിൽ ചികഞ്ഞു.
“അകത്തേയ്ക്ക് വരൂ…ഉണ്ട്..”
“റാണിക്ക് എന്നെ ഓർമ്മയുണ്ടോ..
“ഓർമ്മ കാണും, പക്ഷേ ഈ കോലത്തിലായോണ്ട്..”
“മനസ്സിലാക്കാൻ പാടാ..ജോർജൂട്ടിയെ വിളിക്ക്..”
റാണി ഒന്നുകൂടി അയാളെ ചുഴിഞ്ഞ് നോക്കി. വലതു കാലിന് കുറച്ച് മുടന്തുണ്ട്, വലതു കൈ മുട്ടിന് താഴെ അറ്റു പോയിരിക്കുന്നു. നെറ്റിയിൽ നീളത്തിൽ മുറിവേറ്റ പാട്. വലത് കൺപോള പാതി അടഞ്ഞ മട്ടിൽ.
കണ്ണുകൾ ചുവന്ന് കലങ്ങിയിരിക്കുന്നു. കഷണ്ടി കയറി നരച്ച മുടിയിഴകൾ.അയാൾ വേച്ച് വേച്ച് സിറ്റൗട്ടിലേയ്ക്ക് കയറി കസേരയിൽ ഇരിക്കവേ ജോർജൂട്ടി ഇറങ്ങി വന്നു. ഒപ്പം റാണിയും. അയാൾ എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും ജോർജൂട്ടി തടഞ്ഞു കൊണ്ട് എതിരെയുള്ള കസേരയിലിരുന്നു കൊണ്ട് അയാളെ നോക്കി. ജോർജൂട്ടിയും ഓർമ്മയിൽ പരതുന്നുണ്ട്…എവിടെയാണ്…?..
“ജോർജൂട്ടിയും എന്നെ മറന്നു ല്ലേ..
വർഷം പത്തിരുപതായില്ലേ…
ഞാനീ പരുവത്തിലും..”
അയാൾ ചിരിച്ചു കൊണ്ട് റാണിയെ നോക്കി. റാണി ചിരിക്കാൻ ശ്രമിച്ചു കൊണ്ട് ജോർജൂട്ടിക്ക് അടുത്ത് വന്ന് നിന്നു. ജോർജൂട്ടി കസേരയിൽ നിന്നും മുന്നോട്ടാഞ്ഞു കൊണ്ട് അയാളെ നോക്കി… “സ…സഹ..ദേവൻ..സാറല്ലേ..?”
ആ പേര് കേട്ടതും റാണി ഞെട്ടി, അതെ ഇതയാളാണ്..! ദേഹമാസകലം ഒരു വിറപടർന്നു കയറി. അതെ..ഇതയാൾ തന്നെ..!
സഹദേവൻ ശബ്ദമില്ലാതെ ചിരിച്ചു.
“….ജോർജൂട്ടി ഓർത്തെടുക്കുമെന്ന് എനിക്കറിയാരുന്നു. എനിക്കൊരു ചായ തരാനുണ്ടാകോ…
വെള്ളമായാലും മതി.”
സഹദേവൻ റാണിയെ നോക്കി.
റാണി അയാളെ തന്നെ നോക്കി മരവിച്ച് നിൽപ്പാണ്.
“പേടിക്കണ്ട റാണി ..ഞാൻ കുഴപ്പത്തിനൊന്നും വന്നതല്ല..”
സഹദേവൻ ശാന്തമായ മുഖത്തോടെ ഇരുവരെയും നോക്കി. റാണി ചിരി വരുത്താൻ ശ്രമിച്ച് കൊണ്ട് അകത്തേയ്ക്ക് കയറിപ്പോയി. ജോർജൂട്ടി ഞെട്ടൽ മറച്ച് സ്വാഭാവികമായ് ചിരിക്കാൻ ശ്രമിച്ച് കസേരയിൽ ചാരിയിരുന്നു.
“സാറിപ്പോ… ഇതെന്താ പറ്റിയത്…ആകെ മാറിയല്ലോ. കണ്ടിട്ട് വിശ്വസിക്കാൻപറ്റുന്നില്ല.”
ജോർജൂട്ടി സഹദേവനെ അടിമുടി വീക്ഷിച്ചു കൊണ്ടേയിരുന്നു. മനസ്സിലുള്ള സഹദേവന്റെ ചിത്രം എത്രയൊക്കെ മാറ്റി വരയ്ക്കാൻ ശ്രമിച്ചിട്ടും മുന്നിലുള്ള രൂപവുമായി പൊരുത്തപ്പെടുന്നില്ല.അത്രയ്ക്ക് മാറിപ്പോയിരുന്നു സഹദേവൻ.
” ഒരു കണക്കിന് ഈ കോലം നല്ലതാ..ആർക്കും മനസ്സിലാകില്ലല്ലോ..പഴയ സഹദേവൻ അത്ര നല്ലവനൊന്നുമല്ലെന്ന് ജോർജജൂട്ടിക്കറിയില്ലേ..”
സഹദേവൻ ചിരിച്ചു കൊണ്ട് പാതി അറ്റുപോയ വലതു കൈയ്യിലേയ്ക്ക് നോക്കി.
“ഒരു കേസ് വന്ന് പെട്ടു..കാശ് കൊറേ കിട്ടി പക്ഷേ.., ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ പിള്ളേര് വീട്ടിൽ കയറി പണി തന്നു…ഈ അറ്റുപോയതും, മുഖത്ത് തന്നിട്ടു പോയതൊന്നുമല്ല…കൊല്ലാതെ വിട്ടുകളഞ്ഞു അതായിരുന്നു പണി..!”
റാണി ചായ സഹദേവന് നേരെ നീട്ടി. സഹദേവൻ ചിരിയോടെ ചായയെടുത്ത് മൊത്തി.
“…..ആ കേസ് പിന്നെ എടങ്ങേറായി..പണി പോയി….യൂണിഫോം എന്നും കൂടെയുണ്ടാകുമെന്ന് കരുതി..അതു കൊണ്ട് സമ്പാദിക്കാനൊന്നുംമിനക്കെട്ടില്ല. ഒരു മകളുണ്ടായിരുന്നതിനെ കെട്ടിച്ചയച്ചു.ഓട്ടോ ഡ്രൈവറാ… മലപ്പുറത്ത് കവളപ്പാറ. പിന്നെ ഞാനും ന്റെ ഭാര്യേം അവിടെയൊരു പെട്ടിക്കടയിക്കെയിട്ടങ്ങ് കൂടി…സുഖമായിരുന്നു..സ്വസ്ഥം….പക്ഷേ….”
സഹദേവന്റെ മുഖം വാടി..നെടുവീർപ്പിട്ടുകൊണ്ട് ഗ്ലാസിലുണ്ടായിരുന്ന ചായ ഒറ്റ വലിക്ക് കുടിച്ചു.
“അവിടെയല്ലേ…ഉരുൾ ..പൊട്ടി…” ജോർജൂട്ടി പാതിയിൽ നിർത്തി. സഹദേവൻ നെടുവീർപ്പോടെ ‘അതെ’യെന്ന് തലയാട്ടി.
“മ്…ഹ്..ന്റെ ഭാര്യ പോയി…. ഒപ്പം ന്റെ മോളും…ആറ്റ് നോറ്റ് ഞങ്ങൾക്ക് വൈകിയുണ്ടായൊരു പേരക്കുട്ടീം….!മരുമോൻ ചെക്കനേം, എന്നെയും ദൈവം ബാക്കി വച്ചു..മരിച്ചവരെ ഓർത്ത് കരയാനാരെങ്കിലും വേണ്ടേ..! സഹദേവൻ നിറഞ്ഞ കണ്ണ് തുടച്ചു.
മുന്നിലിരുന്നു കരയുന്ന സഹദേവനെ ജോർജൂട്ടിക്ക് വിശ്വസിക്കാനായില്ല. ഇത് സഹദേവൻ തന്നെയാണോ…! പഴയ സഹദേവന്റെ തരിമ്പ് പോലും തന്റെ മുന്നിലിരിക്കുന്ന ഈ മനുഷ്യനിലില്ല. ജോർജൂട്ടി എന്ത് പറയണെന്നറിയാതെ റാണിയെ നോക്കി… റാണി ആകെ വിയർത്ത് നിൽപ്പാണ്.
“..അതൊക്കെ പോട്ടെ.. ഞാൻ വന്നത് എന്റെ കഥ പറഞ്ഞ് മൂക്ക് പിഴിയാനല്ല ജോർജൂട്ടി.. ആ പഴയ കേസില്ലേ… വരുൺ പ്രഭാകർ… അതിനെ കുറിച്ച് ചിലത് പറയാനാ…നമ്മൾ മൂന്ന് പേർക്കിടയിൽ മാത്രമേ ഇക്കാര്യം നിൽക്കൂ. നിങ്ങളെ വീണ്ടും കുഴപ്പത്തിലാക്കാനല്ല ഞാൻ വന്നത്..
പക്ഷേ..ഇതെനിക്ക് പറയാതെ വയ്യ.. ചിലതൊക്കെ ജോർജൂട്ടിക്ക് എന്നോട് പറയേണ്ടിയും വരും..”
സഹദേവൻ വളരെ ശാന്തനായാണ് സംസാരിച്ചത്. ജോർജൂട്ടി കുറുകിയ മിഴികളോടെ സഹദേവനെ നോക്കി. റാണിയുടെ മിഴികളിലും ഭയമിരുണ്ടു കൂടി.
“ഈശ്വരാ…ഇത്രയും വർഷങ്ങൾക്ക് ശേഷം…വീണ്ടും..!!”
“....ഇവിടെ തെളിവെടുപ്പിനു വരുന്നതിന്റെ തലേ ദിവസം വരുണിന്റെ അച്ഛൻ എന്നെ നേരിൽ കാണണമെന്ന് പറഞ്ഞിട്ട് ഞങ്ങൾ പണി നടക്കുന്ന പുതിയ സ്റ്റേഷന്റെ മുന്നിൽ വച്ച് മീറ്റ് ചെയ്തിരുന്നു.
മറ്റൊന്നിനുമല്ല ജോർജ്കുട്ടിയോടുള്ള വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ കേസ് വഴിതിരിച്ച് വിടരുതെന്നും,അന്വേഷണം ശരിയായരീതിയിൽ നടത്തി മകനെ കണ്ടെത്തണമെന്ന് അപേക്ഷിക്കാൻ..!
അന്ന് അദ്ദേഹത്തിന്റെ വണ്ടിയിൽ വരുണിന്റെ വളർത്തുനായ റൂണിയും ഉണ്ടായിരുന്നു.ഞങ്ങൾ സംസാരിച്ചു കൊണ്ടിരിക്കേ റൂണി വണ്ടിയിൽ നിന്നും ചാടിപ്പോയി. രാത്രിയായതു കൊണ്ട് തിരയാൻ നിന്നില്ല …
രാവിലെ തിരഞ്ഞ് കണ്ടുപിടിച്ച് വീട്ടിലെത്തിക്കാമെന്ന് ഞാൻ സാറിനോട് പറയുകയും ചെയ്തു. എന്തെങ്കിലും ഓർമ്മ വരുന്നുണ്ടോ ജോർജൂട്ടീ.?..ആ പട്ടിയെ…. ഓർമ്മയുണ്ടോ?..ഏതാണാ പട്ടിയെന്ന് മനസ്സിലായോ?..സഹദേവനിൽ അപ്പോൾ പഴയ പോലീസുകാരന്റെ ശൗര്യമുണർന്നത് ജോർജൂട്ടി മനസ്സിലാക്കി.
“സാറെന്തൊക്കെയാ ഈ പറയുന്നേ.. സാറല്ലേ അവിടെയുണ്ടായിരുന്നത്.. അത് എന്നോട് ചോദിച്ചാലോ….? എനിക്കൊരു പട്ടിയെയും ആറിയില്ല..” ജോർജൂട്ടി ചിരിച്ചു കൊണ്ട് റാണിയെ നോക്കി. റാണി പരിഭ്രമം മറച്ച് ചിരിച്ചു.
“ജോർജൂട്ടി പറഞ്ഞത് ശരിയല്ല എന്ന് കുറച്ചു കഴിയുമ്പോൾ ജോർജൂട്ടി തന്നെ പറയും.. അത് വിടാം..ഇനി ഞാൻ മിനഞ്ഞെടുത്ത ഒരു കഥ പറയാം..വെറും കഥ…..
ജോർജൂട്ടിയോ റാണിയോ, കല്ല്യാണം കഴിഞ്ഞ നിങ്ങളുടെ മകളോ…ആരോ ഒരാളാണ് വരുണിനെ കൊന്നത്.. നിങ്ങൾ സമ്മതിച്ചാലും ഇല്ലെങ്കിലും അതാണ് സത്യം…
വരുണിന്റെ ബോഡി ഇവിടെ ഈ പറമ്പിൽ തന്നെയാണ് കുഴിച്ചിട്ടതും..
പക്ഷേ… തെളിവെടുക്കുന്നതിന്റെ തലേ ദിവസം ജോർജ്ജൂട്ടി ആ ബോഡി ഇവിടെ നിന്നും മാറ്റി.!!… തറപ്പണി നടക്കാനിരുന്ന രാജാക്കാട് പോലീസ് സ്റ്റേഷന്റെ മണ്ണിനടിയിലേയ്ക്ക്….!!
അന്ന് ഞാനും വരുണിന്റെ അച്ഛനും പുതിയ സ്റ്റേഷന്റെ മുന്നിൽ നിന്ന് സംസാരിക്കുമ്പോൾ ജോർജൂട്ടി അകത്ത് വരുണിനെ കുഴിച്ചിടുന്ന താരക്കിലായിരുന്നു…
ജോർജൂട്ടി ഞങ്ങളെ കണ്ടിരിക്കാം..കണ്ടില്ലായിരിക്കാം.. അതെനിക്ക് ഉറപ്പില്ല…. അന്ന് വരുണിന്റെ വളർത്തു നായ ചാടിപ്പോയതും ഇപ്പോഴാണ് ജോർജൂട്ടി അറിയുന്നത്…!!
കൃത്യമായി പറഞ്ഞാൽ പുതിയ സ്റ്റേഷനിൽ എസ് ഐ ഇരിക്കുന്നത് മറവ് ചെയ്ത വരുണിന്റെ ബോഡിക്ക് മുകളിലാണ്…ല്ലേ ജോർജൂട്ടീ…??!!! ”
ജോർജ്ജൂട്ടി ദേഷ്യത്തിൽ ചാടിയെഴുന്നേറ്റു, റാണി ആകെ ഞെട്ടിത്തരിച്ചു നിന്നു പോയി.
“നിങ്ങൾ ആവശ്യമില്ലാതെ ഓരോ കഥ മെനഞ്ഞിട്ട് ഞാനത് സമ്മതിക്കണോ, നിങ്ങൾ പോണം സാറേ….എനിക്ക് കുറച്ച് തിരക്കുണ്ട്…
നിങ്ങളാരാണെന്ന് തിരിച്ചറിഞ്ഞപ്പോൾ ആട്ടിയിറക്കി വിടണമായിരുന്നു…അത്രത്തോളം നിങ്ങൾ ഞങ്ങളെ ദ്രോഹിച്ചിട്ടുണ്ട്..വീണ്ടും വന്നിരിക്കുവാണല്ലേ
…”
സഹദേവൻ ചിരിച്ചു.
“കേസ് കൊടുമ്പിരി കൊണ്ട് നിന്ന സമയത്ത് പോലും ജോർജ്ജൂട്ടി ഇത്ര ദേഷ്യപ്പെട്ടിട്ടില്ല… ഞാൻ പറഞ്ഞില്ലേ എനിക്ക് നിങ്ങളെ ഉപദ്രവിക്കണ്ട… ജോർജ്ജൂട്ടിക്കറിയാം ഞാനിപ്പോൾ ഇവിടെ പറഞ്ഞ കാര്യങ്ങൾ അറിയേണ്ടവരെ അറിയിച്ചാൽ എല്ലാം താറുമാറാകുമെന്ന്…എനിക്ക് നിങ്ങളോടെ പകയുണ്ടായിരുന്നെങ്കിൽ ഞാൻ അതായിരിക്കില്ലേ ആദ്യം ചെയ്യുക..?”
ജോർജ്ജൂട്ടി സഹദേവനെ നോക്കി.
“ഇരിക്ക് ജോർജ്ജൂട്ടി.. റാണിയും ഇരിക്ക്..” സഹദേവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
ജോർജ്ജൂട്ടിയും,റാണിയും പരസ്പരം നോക്കിക്കൊണ്ട് സെറ്റിയിൽ ഇരുന്നു.
“ഇത്രയും വർഷങ്ങൾക്ക് ശേഷം ഞാൻ ഇതെങ്ങെനെ അറിഞ്ഞെന്നാകും..പറയാം… അന്നിവിടെ തെളിവെടുപ്പിൽ വരുണിന്റെ ബോഡിക്ക് പകരം പശുവിനെ തോണ്ടിയെടുത്ത് കേസ് മുഴുവൻ ജോർജൂട്ടിക്ക് അനുകൂലമായി. എനിക്ക് സ്ഥലം മാറ്റം കിട്ടി. രണ്ടാഴ്ച്ച കഴിഞ്ഞ് എസ് ഐ സാറിനെ ഒരു കേസ് ഫയൽ ഏൽപ്പിക്കാൻ ഞാൻ നമ്മുടെ പുതിയ പോലീസ് സ്റ്റേഷനിൽ വന്നപ്പോൾ ഞാനവിടെ റൂണിയെ കണ്ടു…!
ഞാൻ നേരത്തെ പറഞ്ഞ വരുണിന്റെ പെറ്റ്. രണ്ടാഴ്ച്ചയ്ക്ക് മുൻപ് അതിനെ ആരോ ഉപദ്രവിച്ചിട്ട് അവിടെയുള്ള ജോലിക്കാർ തന്നെ മരുന്ന് വച്ച് കെട്ടിക്കൊടുത്തിരുന്നു.
ഞാൻ സ്റ്റേഷനിൽ ചെല്ലുമ്പോൾ എസ് ഐ ഇരിക്കുന്ന ടേബിളിനു കീഴിൽ നിന്ന് കോൺസ്റ്റബിൾസ് രണ്ട് പേർ റൂണിയെ ലാത്തി കൊണ്ട് തട്ടി പുറത്തിറക്കുന്ന കാഴ്ച്ചയാണ് കാണുന്നത്. എത്ര ആട്ടിപ്പായിച്ചാലും ആ പട്ടി പിന്നെയും ആ ടേബിളിനു കീഴിൽ വന്ന് കിടക്കുമെന്ന് കോൺസ്റ്റബിൾ പറഞ്ഞത് എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട്.
ഞാനപ്പോൾ തന്നെ വരുണിന്റെ അച്ഛനെ വിളിച്ചു റൂണിയുടെ കാര്യം പറഞ്ഞു. ‘കാണാതെ പോയ മകനെഇതു വരെ കണ്ടുകിട്ടിയില്ല. അവന്റെ പട്ടിയെ കണ്ടു പിടിച്ചു അല്ലേ…നിങ്ങൾക്ക് നാണമുണ്ടോ ഇത് വിളിച്ച് പറയാൻ..’ ഇതായിരുന്നു പ്രതികരണം ഞാൻ പിന്നെ അത് വിട്ടു…”
സഹദേവൻ ജോർജൂട്ടിയെ നോക്കി. ജോർജൂട്ടി എല്ലാം കേട്ടു കൊണ്ട് തല കുമ്പിട്ട് നിലത്തേയ്ക്ക് നോക്കിയിരുപ്പാണ്. ജോർജൂട്ടിയുടെ കൈയ്യിൽ പിടിച്ച് കൊണ്ട് പരിഭ്രമത്തിൽ റാണി സഹദേവനെയും,ജോർജൂട്ടിയെയും മാറി മാറി നോക്കി.
സഹദേവൻ തുടർന്നു… “…..ജോർജ്ജൂട്ടി വരുണിനെ പൊലീസ് സ്റ്റേഷനിൽ കുഴിച്ചിടുന്ന നേരം കാറിനുള്ളിൽ നിന്നും വരുണിനെ മണം പിടിച്ച് റൂണി കാറിൽ
നിന്നും പുറത്തിറങ്ങിയതാകും..
അവൻ കുരച്ച് ബഹളം വച്ചിരിക്കാം.. ജോർജൂട്ടിയെ ആക്രമിക്കാനും ശ്രമിച്ചിരിക്കാം. പിന്നെ വന്ന് കുഴി മാന്തിയാലോന്ന് ഭയന്നിട്ടാകാം കൈയ്യിലിരുന്ന പിക്കാസോ തൂമ്പയോ വച്ച് ജോർജൂട്ടി റൂണിയെ വെട്ടി.. കൊല്ലാൻ വേണ്ടി തന്നെ…!…പക്ഷേ റൂണി രക്ഷപെട്ടു..!!!! ഇതാണ് സത്യം… ഇപ്പോൾ രാജാക്കാട് സ്റ്റേഷനിൽ കുഴി തോണ്ടിയാൽ വരുണിന്റെ അസ്ഥിക്കൂടം കിട്ടും…. ജോർജൂട്ടീ ഇതാണുണ്ടായത്…ഇതല്ലേ സത്യം…”
ജോർജൂട്ടി ഒന്നും മിണ്ടിയില്ല. റാണി എല്ലാം കേട്ട് അമ്പരന്നിരിക്കുകയാണ്. അവൾ ജോർജൂട്ടിയുടെ കൈയ്യിൽ അമർത്തിപ്പിടിച്ചു.
“…നിങ്ങളെ..നിങ്ങളുടെ കുടുംബത്തെ തകർക്കാൻ ശേഷിയുള്ള എന്തോ ഒരു കാരണം വരുണിൽ ഉണ്ടായിരുന്നു… അവൻ മരണത്തിൽ കുറഞ്ഞ് ഒന്നും അർഹിക്കുന്നില്ല എന്ന് നിങ്ങൾ അടിയുറച്ച് വിശ്വസിക്കുന്നു..തീരുമാനിച്ചിരുന്നു… അതു കൊണ്ടാണ് നിങ്ങൾ ഇത്രയധികം ഫൈറ്റ് ചെയ്ത് പിടിച്ചു നിന്നത്. കുറച്ചെങ്കിലും കുറ്റബോധം വരുണിന്റെ മരണത്തിൽ ജോർജൂട്ടിക്കുണ്ടായിരുന്നെങ്കിൽ കൊന്നത് ജോർജൂട്ടിയല്ലെങ്കിൽ കൂടി ഭാര്യക്കും മകൾക്കും വേണ്ടി ജോർജൂട്ടി കുറ്റം ഏറ്റ് ജയിലിൽ പോയേനെ..! വരുണിന്റെ മരണത്തിന് പിന്നിലെ കാരണം …അത് നിങ്ങൾക്ക് മാത്രമേ അറിയൂ…എനിക്ക് അറിയുകയും വേണ്ട… ജോർജൂട്ടിയുടെ ഈ മൗനം മാത്രം മതിയെനിക്ക്…
എന്റെ നിഗമനങ്ങൾ ശരിയായിരുന്നുവെന്ന ആശ്വാസം മതിയെനിക്ക്…”
സഹദേവൻ പതിയെ എഴുന്നേറ്റു.
“ഞാനെന്നാ….ഇനിയും നിങ്ങളെ ബുദ്ധി മുട്ടിക്കുന്നില്ല…”
ജോർജൂട്ടി അനങ്ങിയില്ല, റാണി എഴുന്നേറ്റ് കൊണ്ട് ജോർജ്ജൂട്ടിയെ തട്ടി വിളിച്ചു. ജോർജൂട്ടി എഴുന്നേറ്റു. സഹദേവൻ ചെരുപ്പിട്ടു കൊണ്ട് ജോർജൂട്ടിയെ നോക്കി ചിരിച്ചു.
“ഞാനിവിടെ വന്നിട്ടില്ലാന്ന് കരുതിക്കോ…..”
സഹദേവൻ തിരിഞ്ഞ് നടക്കാൻ തുടങ്ങി.
“ഇ..ഇ..ഇതെങ്ങെനെ…ഇപ്പോൾ… എവിടുന്ന്….നിങ്ങൾക്കീ സത്യം മനസ്സിലാക്കാൻ എങ്ങെനെ പറ്റി.. ഞാനിത് എന്റെ ഭാര്യയോട് പോലും പറഞ്ഞിട്ടില്ല…” ജോർജൂട്ടിക്ക് ഞെട്ടലും പരിഭ്രമവും പൂർണ്ണമായും മാറിയിട്ടുണ്ടായിരുന്നില്ല.
സഹദേവൻ നിന്നു, തിരിഞ്ഞ് നോക്കാതെ പുഞ്ചിരിച്ചു. “…. ഉരുൾ പൊട്ടലിൽ ഒരു മല മുഴുവനായും തെറിച്ച് ഞങ്ങൾ കുറെ പേരുടെ വീടിനു മുകളിൽ വീണു.
വീടിന്റെ ഒരടയാളം പോലും അവിടെ കാണാനുണ്ടായിരുന്നില്ല. എന്റെ സുലു..സുലോചന…മകൾ..പേരക്കുട്ടി.
പിന്നെ കുറെ…കുറെ..ആളുകൾ.. എല്ലാവരും ജീവനോടെ അടക്കം ചെയ്യപ്പെട്ടു……. കുറച്ച് നേരം സഹദേവൻ കണ്ണടച്ച് മൗനമായ് നിന്നു.
“…….എനിക്കൊരു വളർത്തു നായയുണ്ടായിരുന്നു മോളിക്കുട്ടി..എങ്ങെനെയോ അവൾ രക്ഷപെട്ടു. വിവരമറിഞ്ഞ് ഞാനും മരുമോൻ ചെക്കനും ഓടിപ്പാഞ്ഞ് വന്നപ്പോൾ
വീട് നിന്നിടത്ത് ഒരടയാളമായി എന്റെ മോളിക്കുട്ടി ചുരുണ്ട് കൂടി കിടക്കുന്നു… ഞങ്ങളെ കണ്ട് അവൾ ശബ്ദമില്ലാതെ കരഞ്ഞു….”സഹദേവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.
“…ദിവസങ്ങളോളം മോളിക്കുട്ടി അവിടെ നിന്നനങ്ങിയില്ല….മോളിക്കുട്ടിയാണ് എനിക്ക് വരുൺ എവിടെയാണെന്ന് പറഞ്ഞു തന്നത്…ജോർജൂട്ടിക്ക് മാത്രമറിയാവുന്ന ആ സത്യം
എനിക്ക് കാട്ടി തന്നത്..
ജോർജൂട്ടി….നീയും വിശ്വസ്തനായ ഒരു വളർത്തു നായയാണ്, നിന്നെ തകർക്കാൻ വന്നവനെ കുഴിച്ചിട്ട് അതിനു മുകളിൽ സ്വന്തം കുടുംബത്തിനു വേണ്ടി കാവൽ നിൽക്കുന്ന നായ..
കുടുംബമില്ലാതാകുന്നവന്റെ നെഞ്ചിലെ പിടപ്പ് പഴയ സഹദേവനറിയിലായിരുന്നു.
ഇപ്പോ ശരിക്കറിയാം…ജോർജൂട്ടിയെയും..മോളിക്കുട്ടിയോട് ക്ഷമിച്ചേക്ക് ജോർജൂട്ടീ!.”..
സഹദേവൻ കണ്ണ് തുടച്ചു കൊണ്ട് മുന്നോട്ട് നടന്നു. പഴയ സഹദേവൻ പൊലീസ് നടന്നകലുന്നത് ജോർജൂട്ടി മരവിപ്പോടെ നോക്കി നിന്നു.
(ശ്യാം വർക്കല ‘സിനിമ പാരഡിസോ ക്ലബിൽ എഴുതിയ കുറിപ്പ്)
മണിരത്‌നം ഇന്ത്യൻ സിനിമയുടെ അഭിമാനമായ സംവിധായകനാണ്.അദ്ദേഹം മലയാളത്തിൽ ഒരു സിനിമ ചെയ്തിട്ടുണ്ട്. താരചക്രവർത്തി മോഹൻലാലിനെ നായകനാക്കി ഉണരൂ എന്ന ചിത്രമാണ് മണിരത്‌നം സംവിധാനം ചെയ്തത്.അത് മണിരത്‌നം സംവിധാനം ചെയ്ത രണ്ടാമത്തെ സിനിമയുമായിരുന്നു. ഈ നാട്, ഇനിയെങ്കിലും എന്നീ ചിത്രങ്ങളുടെ തുടർച്ചയെന്നോണമാണ് തിരക്കഥാകൃത്ത് ടി ദാമോദരൻ ഉണരൂ എഴുതിയത്.
എൻ ജി ജോൺ എന്ന ജിയോ കുട്ടപ്പൻ ആയിരുന്നു ചിത്രം നിർമ്മിച്ചത്. 1984 ഏപ്രിൽ 14ന് വിഷു ചിത്രമായാണ് ഉണരൂ പ്രദർശനത്തിനെത്തിയത്.ചിത്രം ആദ്യദിവസം തന്നെ കണ്ട മമ്മൂട്ടി നിർമ്മാതാവിനെ വിളിച്ച് ഈ സിനിമയുടെ ക്ലൈമാക്‌സ് മാറ്റണം എന്ന് ആവശ്യപ്പെട്ടു.
ക്ലൈമാക്‌സ് മാറ്റിയാൽ പടം ഹിറ്റാകുമെന്നും അല്ലെങ്കിൽ ബോക്‌സോഫീസിൽ നേട്ടമുണ്ടാക്കില്ലെന്നും മമ്മൂട്ടി നിർമ്മാതാവിനോട് പറഞ്ഞത്രേ.ക്ലൈമാക്‌സ് മാറ്റി ഷൂട്ട് ചെയ്യാൻ വേണമെങ്കിൽ ഒരു ലക്ഷം രൂപ നൽകാമെന്നും മമ്മൂട്ടി ഓഫർ ചെയ്തു.
എന്നാൽ അന്നത്തെക്കാലത്ത് ക്ലൈമാക്‌സ് മാറ്റുന്നതൊന്നും ചിന്തിക്കാൻ കഴിയുന്ന സംഗതിയായിരുന്നില്ല. ആ ചിത്രം അങ്ങനെ തന്നെ തുടരട്ടെ എന്നാണ് നിർമ്മാതാവ് നിലപാടെടുത്തത്.ചിത്രം ബോക്‌സോഫീസിൽ പരാജയപ്പെട്ടു. മമ്മൂട്ടി പറഞ്ഞതുപോലെ ക്ലൈമാക്‌സ് മാറ്റിയിരുന്നെങ്കിൽ ചിലപ്പോൾ സിനിമ രക്ഷപ്പെടുമായിരുന്നു എന്ന് വിശ്വസിക്കുന്നവർ ഏറെയുണ്ട്.
വളരെ ലൗഡ് ആയ, ഡയലോഗ് ഓറിയന്റഡായ തിരക്കഥകളാണ് ടി ദാമോദരന്റേത്. എന്നാൽ പതിഞ്ഞ താളത്തിലുള്ള, ദൃശ്യങ്ങൾക്ക് പ്രാധാന്യമുള്ള സിനിമകളോടാണ് മണിരത്‌നത്തിന് പ്രിയം.ഈ രണ്ട് വ്യത്യസ്ത രീതികളും തമ്മിൽ ക്ലാഷായതാണ് ഉണരൂ എന്ന സിനിമ ബോക്‌സോഫീസിൽ വീഴാൻ കാരണം.മോഹൻലാലിനെക്കൂടാതെ സുകുമാരൻ, രതീഷ്, ബാലൻ കെ നായർ, ഉണ്ണിമേരി, സബിത ആനന്ദ് തുടങ്ങിയവരും ആ സിനിമയിൽ അഭിനയിച്ചിരുന്നു. ഇളയരാജയായിരുന്നു സംഗീതം.
സോഷ്യൽ മീഡിയയിൽ ഗ്ലാമർ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്ന യുവതികൾക്ക് നേരെ പ്രത്യേകിച്ച് നടിമാർക്ക് നേരം അശ്ലീല കമന്റുകൾ ഇപ്പൾ സർവ്വ സാധാരണമാണ്.അതുപോലെ തങ്ങളുടെ ഗ്ലാമർ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്യാത്ത നടിമാരും ഇപ്പോൾ വിരളം ആണ്.
ഇൻസ്റ്റാഗ്രാമിൽ നിറയെ ഫോളോവേഴ്സ് ഉള്ള നടിമാർ നേരിടുന്ന അശ്ലീല കമന്റുകളും അനവധിയാണ്.സമീപ കാലത്ത് ഐശ്വര്യ, ദൃശ്യ രഘുനാഥ്, അനു മോൾ, സാനിയ ഇയ്യപ്പൻ എന്നിവരൊക്കെ ധാരാളം മോശം കമന്റുകൾ കെട്ടിട്ടുള്ളവർ ആണ്.
ആ കൂട്ടത്തിലേക്ക് ആണ് ഇപ്പോൾ നടി സാധിക വേണുഗോപാലു എത്തിയിരിക്കുന്നത്.ശരീര പ്രദർശനം നടത്തി സാധിക ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്ത ചിത്രത്തിൽ ആണ് ആരാധകൻ ഞാൻ ആ പൊക്കിളിൽ ഒന്ന് തൊട്ടോട്ടെ എന്നുള്ള കമന്റ് ഇട്ടത്.
ഇത്തരത്തിൽ പോസ്റ്റിൽ കമന്റുമായി എത്തിയ ആൾക്ക് കൃത്യമായി മറുപടിയും സാധിക നൽകി.മോനെ ലോകത്തു എല്ലാ ജീവജാലങ്ങളും ഒരിക്കൽ ജീവിച്ചത് ഈ പറയുന്ന പൊക്കിളിലൂടെ ആണ്. പൊക്കിൾ കൊടിയില്ലാതെ മനുഷ്യന്മാർ ആരും മുട്ട വിരിഞ്ഞു ഉണ്ടായിക്കാണില്ല.
അപ്പൊ നക്കാനും തൊടാനും ഒക്കെ ഏറ്റവും നല്ലതു ആ ബന്ധമുള്ള സ്വന്തം അമ്മയുടെ പോക്കിളാകും.ബന്ധങ്ങൾക്ക് വിലയുള്ളതല്ലേ? പൊക്കിൾകൊടി ബന്ധം’ ഇങ്ങനെയായിരുന്നു ആ ഞരമ്പ് രോഗിക്ക് സാധിക വേണുഗോപാൽ മറുപടി കൊടുത്തത്.
പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വിരുന്നില്‍ വിവേചനം കാണിച്ചതില്‍ അതൃപ്തി വെളിപ്പെടുത്തി എസ് പി ബാലസുബ്രഹ്മണ്യം. മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നടത്തിയ വിരുന്നില്‍ തങ്ങളോട് ഫോണ്‍ വാങ്ങിവെച്ചുവെന്നും, എന്നാല്‍ ഈ വിരുന്നില്‍തന്നെ താരങ്ങള്‍ എടുത്ത സെല്‍ഫി തന്നെ അമ്പരപ്പിക്കുന്നുവെന്നും എസ് പി ബാലസുബ്രഹ്മണ്യം. ഫെയ്‌സ്ബുക്ക് കുറുപ്പിലാണ് ഒരേ വേദിയില്‍ രണ്ടുതരം സമീപനം കാണിച്ചതിലുള്ള അനിഷ്ടം അദ്ദേഹം തുറന്ന് പറഞ്ഞത്. ഒട്ടേറെപ്പേര്‍ ഈ പോസ്റ്റ് ഷെയര്‍ ചെയ്തു.
എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ കുറിപ്പ്:
കഴിഞ്ഞ 29ന് പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തിന്റെ വസതിയില്‍ വച്ച് നടത്തിയ ഒരു വിരുന്നില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചിരുന്നു. ആ പരിസരത്ത് എത്തിയപ്പോള്‍ത്തന്നെ ഞങ്ങളുടെ ഫോണുകള്‍ സുരക്ഷാഉദ്യോഗസ്ഥരെ ഏല്‍പ്പിക്കാനുള്ള നിര്‍ദേശം ലഭിച്ചു. പകരം ടോക്കണുകള്‍ നല്‍കി. പക്ഷേ താരങ്ങള്‍ അതേദിവസം പ്രധാനമന്ത്രിയുമൊത്ത് സെല്‍ഫിയെടുക്കുന്നത് കണ്ട് അമ്പരപ്പ് തോന്നി. ക്ഷണം സ്വീകരിക്കാന്‍ തോന്നിപ്പിക്കുന്ന കാര്യങ്ങള്‍ തന്നെ. അല്ലേ?
ഷാരൂഖ് ഖാന്‍, ആമിര്‍ ഖാന്‍, കങ്കണ റണൗത്ത് തുടങ്ങി ബോളിവുഡില്‍ നിന്ന് ഒട്ടേറെ പ്രമുഖ താരങ്ങള്‍ പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്തിരുന്നു. അവരില്‍ പലരും സോഷ്യല്‍ മീഡിയയിലൂടെ പ്രധാനമന്ത്രിക്കൊപ്പം അന്നെടുത്ത സെല്‍ഫികള്‍ പങ്കുവെച്ചിരുന്നു.
ബാബു നമ്പൂതിരി എന്ന പേര് കേൾക്കുമ്പോൾ തന്നെ ഓർമ്മ വരിക തൂവാനത്തുമ്പിയിലെ തങ്ങളെയാണ്. ആ കഥാപാത്രം അത്രമേൽ മലയാളിയുടെ മനസിൽ പതിഞ്ഞു കഴിഞ്ഞതിന് പിന്നിൽ ബാബു നമ്പൂതിരി എന്ന കെ.എൻ നീലകണ്‌ഠൻ നമ്പൂതിരിയുടെ അഭിനയവഴക്കമാണെന്നതിൽ സംശയമില്ല. തൂവാനത്തുമ്പികൾക്ക് ശേഷവും നിരവധി കഥാപാത്രങ്ങളിലൂടെ മലയാളസിനിമയിൽ നിറസാന്നിധ്യമാകാൻ അദ്ദേഹത്തിന് കഴിഞ്ഞു. കൃത്യമായി പറഞ്ഞാൽ 38 വർഷം 214 സിനിമ.
സിനിമാനടൻ എന്നതിലുപരി ബാബു നമ്പൂതിരിക്ക് സ്വന്തം നാട്ടുകാർക്കിടയിൽ മറ്റൊരു പരിവേഷം കൂടിയുണ്ട്. വലിയ തിരുമേനി അഥവാ ക്ഷേത്രപൂജാരി എന്ന പരിവേഷം. ഏതെങ്കിലുമൊരു സിനിമയിൽ അഭിനയിച്ചു ഫലിപ്പിച്ച കഥാപാത്രത്തോടുള്ള സ്‌നേഹം കൊണ്ടു വിളിക്കുന്നതല്ല അത്. യഥാർത്ഥത്തിൽ ഒരു ‘വലിയ തിരുമേനി’ തന്നെയാണ് ബാബു നമ്പൂതിരി.കോട്ടയം കുറവിലങ്ങാടിനടുത്ത് മണ്ണനയ്‌ക്കാട് വലിയപാറചിറയിൽ ഗണപതി ക്ഷേത്രത്തിൽ എത്തിയാൽ പൂജാരിയായ ബാബു നമ്പൂതിരിയെ കാണാം.
എന്നാൽ എന്നും അതിന് കഴിയില്ല കേട്ടോ, 300 വർഷം പഴക്കമുള്ള ഈ കുടുംബക്ഷേത്രത്തിലെ പ്രധാന ശാന്തിക്കാരന് അസൗകര്യം വരുമ്പോൾ മാത്രമാണ് ബാബു നമ്പൂതിരി വലിയ തിരുമേനിയാവുക. ഒറ്റയട, ഷോഡശദ്രവ്യഗണപതി ഹോമം, 108 കുടം അഭിഷേകം എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന വഴിപാട്.’സ്കൂളിൽ പഠിക്കുമ്പോൾ മുതൽ പൂജാ വിധികൾ അറിയാം. ശാന്തിക്കാരന് അസൗകര്യം വന്നാൽ ആ നിമിഷം ചുമതല ഏറ്റെടുക്കും.
അതെന്റെ കർമ്മമാണ്. നിത്യപൂജയുള്ള ക്ഷേത്രമാണ്. നമ്പൂതിരി സമുദായത്തിൽ ശാന്തിപ്പണി അറിയുന്നവർ ഇപ്പോൾ കുറവാണ്. പുതിയ തലമുറയ്‌ക്ക് താൽപര്യവുമില്ല’-ബാബു നമ്പൂതിരി പറയുന്നു. കേരളകൗമുദി ഫ്ളാഷ് മൂവീസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് സിനിമയ്‌ക്ക് പുറത്തും അകത്തുമുള്ള തന്റെ വിശേഷങ്ങൾ അദ്ദേഹം പങ്കുവച്ചത്.
പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂർ എന്ന സ്ഥലത്താണ് എന്റെ വീട്. ഞാനും അമ്മയും മാത്രമാണ് വീട്ടിൽ ഉള്ളത്. ഞാൻ പത്തനാപുരം സെന്റ്. മേരീസ് സ്‌കൂളിൽ ആറാം ക്‌ളാസിലാണ് പഠിക്കുന്നത്. ഷൂട്ടിന്റെ തിരക്കുകാരണം സ്‌കൂളിലെ മാവേലിയാണ് ഞാൻ. എങ്കിലും ടീച്ചേഴ്സും കൂട്ടുകാരുമെല്ലാം നല്ല സപ്പോർട്ടാണ്. നോട്സൊക്കെ വാട്സാപ്പിൽ അയച്ചുതരും.ഷൂട്ടിനൊക്കെ പോകുമ്പോള്‍ വീടു മിസ് ചെയ്യാറുണ്ട്. എവിടെയൊക്കെ താമസിച്ചാലും എന്റെ ബെഡ്റൂമില്‍ കിടക്കുമ്പോള്‍ ഒരു പ്രത്യേക സന്തോഷമാണ്.
എനിക്ക് കിട്ടിയ സമ്മാനങ്ങള്‍ കൊണ്ടാണ് വീട് അലങ്കരിച്ചിരിക്കുന്നത്. എന്റെ റൂമിലും കുറെ ഫോട്ടോസും ട്രോഫികളും ഒക്കെ വച്ചിട്ടുണ്ട്. പഠിക്കാന്‍ അധികം സമയം ഇല്ലാത്തതുകൊണ്ട് മുറിയില്‍ സ്റ്റഡി ടേബിള്‍ ഇല്ല. ഊണുമുറിയില്‍ ഇരുന്നാണ് ഞാന്‍ പഠിക്കുന്നത്.എനിക്ക് ചെറുപ്പത്തിൽ പട്ടാളക്കാരൻ ആകാമായിരുന്നു താൽപര്യം. പിന്നെ പൈലറ്റ് ആകാം എന്നായി. ഇപ്പോൾ ഇഷ്ടം, പഠിച്ചു ഒരു ഐഎഎസ്സുകാരൻ ആകണം എന്നാണ്.
അൽസാബിത്തിന്റെ അമ്മ ബീന ബാക്കി വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു.എന്റെ നാട് കോന്നിയാണ്. വിവാഹശേഷം ഞങ്ങൾ കലഞ്ഞൂരിൽ നാലുസെന്റ് ഭൂമി വാങ്ങി ഒരു ഇരുനില വീട് പണിതു. പക്ഷേ അൽസാബിത്ത് കുഞ്ഞായിരിക്കുമ്പോൾത്തന്നെ ഭർത്താവ് വീടുവിട്ടുപോയി. അതോടെ ഞങ്ങൾക്ക് ഏറെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായി. വീട് ജപ്തിയാകുമെന്ന സ്ഥിതിയായി. ഭാഗ്യം പോലെയാണ് ആ സമയത്തു കുഞ്ഞിന് മിനിസ്‌ക്രീനിൽ അവസരം കിട്ടുന്നത്. കുഞ്ഞു ജോലി ചെയ്തുണ്ടാക്കിയ കാശുകൊണ്ടാണ് ഞങ്ങളുടെ കടങ്ങൾ എല്ലാം വീട്ടിയത്.
ലിവിങ്, ഡൈനിങ്, കിച്ചൻ, നാലു കിടപ്പുമുറികൾ…ഇത്രയും വീട്ടിൽ ഒരുക്കിയിട്ടുണ്ട്. ചെറിയ പ്ലോട്ടിൽ നിർമിച്ചതുകൊണ്ട് വീടിന്റെ ഭിത്തി തന്നെ മതിലായി വരുന്ന വിധമാണ് ക്രമീകരണം. അടുത്തിടയ്ക്ക് ഞങ്ങൾ ഒരു കാർ മേടിച്ചു. അതിനെ ഉൾക്കൊള്ളിക്കാൻ മുൻവശത്ത് റൂഫിങ് ഷീറ്റ് ഇട്ടു.നഷ്ടമാകുമെന്ന് കരുതിയിടത്തുനിന്നാണ് ദൈവം ഞങ്ങള്‍ക്ക് ഈ വീട് തിരിച്ചുതന്നത്. അതുകൊണ്ടുതന്നെ വീടിനോട് വലിയ സ്നേഹമാണ്. മോന്റെ അധ്വാനമായതുകൊണ്ട് അവനും വീടിനോട് വലിയ ഇഷ്ടമാണ്. ദൈവം ഇനിയും കൂടെയുണ്ടാകുമെന്ന പ്രതീക്ഷയാണ് ഞങ്ങളെ മുന്നോട്ടുനയിക്കുന്നത്…
മുംബൈ: മീടു ആരോപണ വിധേയനായ സംഗീത സംവിധായകൻ പങ്കെടുക്കുന്ന റിയാലിറ്റി ഷോയെ പുകഴ്ത്തിയ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറിനെതിരെ വിമർശനം. ബോളിവുഡ് ഗായികയായ സോണ മഹപത്രയാണ് സച്ചിനെ വിമർശിച്ച് രംഗത്തെത്തിയത്. പ്രിയ സച്ചിൻ താങ്കൾക്ക് ഇന്ത്യൻ മീടു സംബന്ധിച്ച് അറിവുണ്ടോയെന്ന് സോണ ചോദിച്ചു.
‘പ്രിയ സച്ചിന്, താങ്കള്‍ ഇന്ത്യയിലെ മീടുവിനെക്കുറിച്ച് ബോധവാനാണോ? പ്രായപൂർത്തിയാവാത്ത പെൺകുട്ടികൾ ഉൾപ്പെടെ അനു മാലിക്കിനെതിരെ പൊതുസമൂഹത്തിൽ മുന്നോട്ടുവന്ന നിരവധി സ്ത്രീകളുടെ മീടു അനുഭവം അറിയുമോ? ഇവരുടെ മുറിവുകളൊന്നും ഒരു വിഷയമല്ലെന്നും ആരെയും സ്പര്ശിക്കുകയുമില്ലെന്നാണോ? സോണ ട്വിറ്ററിൽ ചോദിച്ചു.
അനു മാലിക്ക് വിധികർത്താവായ ഇന്ത്യൻ ഐഡൾ എന്ന സംഗീതപരിപാടിയേയാണ് സച്ചിൻ പുകഴ്ത്തിയത്. ഇന്ത്യൻ ഐഡളിലെ യുവ ഗായകരുടെ ആലാപനവും അവരുടെ ജീവിതവും ഹൃദയസ്പര്‍ശിയാണെന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വന്ന രാഹുല്‍, ചെല്‍സി ദിവാസ്, സണ്ണി എന്നിഗായകരുടെ സംഗീതത്തോടുള്ള ആഗ്രഹവും സമര്‍പ്പണവും അഭിനന്ദനീയമാണ്. എനിക്കുറപ്പാണ് അവര്‍ ഉയരങ്ങളിലേക്ക് പോകും. എന്നായിരുന്നു സച്ചിന്റെ ട്വീറ്റ്.
മീടു ആരോപണത്തെ തുടർന്ന് കഴിഞ്ഞ സീസണിൽ ഇന്ത്യൻ ഐഡളിൽനിന്ന് അനു മാലിക്കിനെ മാറ്റിയിരുന്നു. എന്നാൽ പുതിയ സീസണിൽ പ്രധാന വിധികർത്താവായി അനു മാലിക്ക് തിരിച്ചെത്തി. ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരുന്ന സാഹചര്യത്തിലാണ് സച്ചിന് സംഗീത പരിപാടിയെ പുകഴ്ത്തി രംഗത്തെത്തിയത്.
ഹോളിവുഡ് ചലച്ചിത്രം ജോക്കറിന്‍റെ പ്രദര്‍ശനത്തിനിടെ അള്ളഹു അക്ബര്‍ വിളി കേട്ട് ആളുകള്‍ തിയറ്ററില്‍ നിന്നും ഇറങ്ങിയോടി. ഫ്രാന്‍സ് തലസ്ഥാനമായ പാരീസിലാണ് സംഭവം അരങ്ങേറിയത്. ഒക്ടോബര്‍ 27 ഞായറാഴ്ച നടന്ന സംഭവം ഫ്രഞ്ച് മാധ്യമം ലെ പാരീസിയന്‍ ആണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പാരീസിലെ ഗ്രാന്‍റ് റെക്സ് തിയറ്ററിലാണ് സംഭവം നടന്നത്.
ഒക്ടോബർ 27 ഞായറാഴ്ച വൈകുന്നേരം സിനിമ പ്രദർശിപ്പിക്കുന്നതിനിടെ 34 വയസുള്ള വ്യക്തി എഴുന്നേറ്റ് നിന്ന് അള്ളാഹു അക്ബർ വിളിക്കുകയായിരുന്നുവെന്നാണ് ഫ്രഞ്ച് മാധ്യമം പറയുന്നത്. ഇത് കേട്ടതോടെ തിയേറ്ററിലുണ്ടായിരുന്നവർ പരിഭ്രാന്തിയോടെ പുറത്തേക്ക് ഓടി. ഓടുന്നതിനിടെ പലരും വീണു.
അതേസമയം, സംഭവത്തിന് കാരണക്കാരനായ യുവാവിനെ പൊലീസ് പിടികൂടി. ഇയാളുടെ മാനസികാരോഗ്യ നിലയിൽ സംശയം തോന്നിയതിനെ തുടർന്ന് വിദഗ്ധരുടെ നിരീക്ഷണത്തിലാണെന്നാണ് വിവരം. അതിനിടെ ഇതൊരു മോഷണ ശ്രമമാണെന്ന വാദവുമായി ഗ്രാന്റ് റെക്‌സ് തിയേറ്റർ ഡയറക്ടർ രംഗത്ത് എത്തി. ജനങ്ങളെ പരിഭ്രാന്തരാക്കി പുറത്തെത്തിച്ച ശേഷം അവർ ഉപേക്ഷിക്കുന്ന വിലയേറിയ സാധനങ്ങൾ മോഷ്ടിക്കാനായിരുന്നു പദ്ധതിയെന്നാണ് ആരോപണം.
ഇയാള്‍ മാത്രമല്ല ഇത് ഒരു സംഘമായിരിക്കാം എന്നും ഗ്രാന്‍റ് റെക്സ് തിയറ്റര്‍ ഡയറക്ടര്‍ ഹോളിവുഡ് റിപ്പോര്‍ട്ടര്‍ എന്ന മാധ്യമത്തോട് പറഞ്ഞു. ഇതിന് മുന്‍പ് ഇത്തരം ഒരു തന്ത്രം പാരീസിലെ മെട്രോയില്‍ ചില കള്ളന്മാര്‍ പയറ്റിയിരുന്നതായും ഇയാള്‍ ആരോപിക്കുന്നു.
മോഹന്‍ലാലിനെ നായകനാക്കി താന്‍ ഒരു സിനിമ സംവിധാനം ചെയ്യാന്‍ പോകുന്ന വാര്‍ത്ത സംവിധായകന്‍ വിനയന്‍ പങ്കുവച്ചത് ഏറെ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. മോഹന്‍ലാലുമായി നടത്തിയ ചര്‍ച്ചയില്‍ ഒന്നിച്ച് സിനിമ ചെയ്യാന്‍ ധാരണയായെന്നും കഥയെപറ്റി തീരുമാനമായില്ലെങ്കിലും മാര്‍ച്ച് അവസാനവാരം ഷൂട്ടിങ് തുടങ്ങുന്ന തന്റെ പുതിയ ചിത്രത്തിന് ശേഷം ഈ ചിത്രത്തിന്റെ പേപ്പര്‍ ജോലികള്‍ ആരംഭിക്കുമെന്നും ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ വിനയന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചിരുന്നു.
എന്നാലിപ്പോള്‍ വിനയന്‍ തന്റെ ഫെയ്സ്ബുക്കിലൂടെ പങ്കുവച്ച ഒരു ചിത്രമാണ് വൈറലായി മാറുന്നത്. ഇതിഹാസ കഥാപാത്രം രാവണന്റെ വേഷത്തില്‍ മോഹന്‍ലാലിനെ സങ്കല്‍പ്പിച്ചുകൊണ്ടുള്ള ചിത്രമാണിത്. ഇതിലൂടെ പുതിയ ചിത്രത്തെക്കുറിച്ചുള്ള സൂചനയാണോ വിനയന്‍ നല്‍കുന്നതെന്ന ചര്‍ച്ചകളാണ് സജീവമാകുന്നത്. മോഹന്‍ലാല്‍-വിനയന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം രാവണന്റെ കഥായാണോ എന്ന ചോദ്യത്തിന് വിനയന്‍ പ്രതികരിക്കുന്നു.
മോഹന്‍ലാല്‍ ചിത്രത്തിന്റെ പ്രഖ്യാപനമാണോ ഇത്?
ഞാന്‍ പുതിയതായി ചെയ്യാന്‍ പോകുന്ന ചിത്രം ആകാശഗംഗയുടെ രണ്ടാം ഭാഗം ആണ്. മോഹന്‍ലാലിനെ വച്ച് ചെയ്യാനുദ്ദേശിക്കുന്ന ചിത്രത്തിന്റെ കഥയില്‍ രാവണന്‍ എന്ന കഥാപാത്രം ഉണ്ട്. അത് ചര്‍ച്ച ചെയ്യുന്നതിനിടയില്‍ എന്റെ കൂടെയുള്ള എഴുത്തുകാരില്‍ ഒരാള്‍ വരച്ചു തന്ന ചിത്രമാണ് ഞാന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചത്. അത് പരിഗണയില്‍ ഉള്ള ഒരു കാര്യമാണ്, അതല്ലാതെ ആ കഥാപാത്രം ഫിക്‌സ് ചെയ്തിട്ടില്ല.
മോഹന്‍ലാലിനെ ഈ മാസം ഇരുപതാം തിയതിയേ ഞാന്‍ കാണുകയുള്ളൂ. അദ്ദേഹമിപ്പോള്‍ അമേരിക്കയിലോ മറ്റോ ആണ്. ഞങ്ങള്‍ തമ്മില്‍ ചര്‍ച്ച ചെയ്തിട്ട് ഈ കഥ ആണ് ഒരു തീരുമാനത്തില്‍ എത്തുന്നതെങ്കില്‍ ഫൈനലൈസ് ചെയ്യും. അതുകൊണ്ടാണ് ഞാന്‍ ആ രീതിയില്‍ അനൗണ്‍സ് ചെയ്യാതിരുന്നത്.
എന്തുകൊണ്ട് രാവണന്‍?
രാവണന്‍ എന്ന കഥാപാത്രത്തെ വച്ച് ഒരു ചിത്രം ചെയ്യണമെന്ന് എന്റെ മനസ്സില്‍ പണ്ട് തൊട്ടേ ഉള്ള ആഗ്രഹമാണ്. ലാലിനെ പോലുള്ള ഒരാള്‍ അതിന് സമ്മതം അറിയിക്കുകയാണെകില്‍ ചെയ്യാന്‍ താല്പര്യമുള്ളതാണ്. കാരണം വ്യത്യസ്ത മാനങ്ങളുള്ള, നമ്മുടെ പുരാണങ്ങളില്‍ മറ്റേത് കഥാപാത്രങ്ങളെക്കാളും അത് അര്‍ജുനന്‍ ആയിക്കോട്ടെ, ഭീമന്‍ ആയിക്കോട്ടെ ആരെക്കാളും മുകളില്‍ നില്‍ക്കുന്നതായി കുഞ്ഞുനാള്‍ മുതല്‍ എന്റെ മനസില്‍ ഉള്ളത് രാവണന്‍ ആണ് .
നമ്മുടെ പുരാണം അദ്ദേഹത്തെ സൃഷ്ടിച്ചിട്ടുള്ളത് ഭയങ്കര ഹീറോയിക് ആയ, വല്യ മനസിന്റെ ഉടമയായ, ഒരു വില്ലന്‍ ആയിട്ടാണ്. അതെന്റെ മനസ്സില്‍ കിടപ്പുണ്ട്. അതൊരു വലിയ പ്രൊജക്റ്റ് ആണ്. ലാലിനെ പോലൊരു നടനെ വച്ച് ഒരു ചിത്രം ചെയ്യുമ്പോള്‍ അത്തരമൊരു സിനിമ ചെയ്യാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.
അതൊരു വലിയ ക്യാന്‍വാസില്‍ പറയുന്ന ചിത്രമാകില്ലേ?
എല്ലാവര്‍ക്കുമറിയാം പത്തു പതിനെട്ട് വര്‍ഷം മുന്‍പ് തന്നെ വലിയ ക്യാന്‍വാസില്‍ ഗ്രാഫിക്‌സിന്റെയും മറ്റു സാങ്കേതികവിദ്യയുടെയും സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തി അത്ഭുതദ്വീപ് പോലുള്ള സിനിമയെടുത്തിട്ടുള്ള ആളാണ് ഞാന്‍. ഇന്നും ഇന്നലെയൊന്നുമല്ലല്ലോ അത്. എനിക്കീ ഗ്രാഫിക്സും അതുപോലെ പത്തു മുന്നൂറ് കുഞ്ഞന്മാരെ വച്ചിട്ട് അന്ന് അങ്ങനെ ഒരു പടം ചെയ്യാമെങ്കില്‍ ഇത്തരമൊരു പ്രോജക്ട് ഒന്നും എന്റെ മനസില്‍ ഒരു വലിയ പ്രശ്‌നമായി തോന്നുന്നില്ല.
അപ്പോള്‍ രാവണന്റെ കഥ യാഥാര്‍ഥ്യമാകുമോ?
രാവണന്റെ കഥയായിരിക്കും. രാവണന്‍ തന്നെയായിരിക്കും അതിലെ ഹീറോ. അല്ലാതെ ശ്രീരാമനോ, സീതയോ ഒന്നുമായിരിക്കില്ല. അവരൊക്കെ രാവണന്റെ ജീവിതത്തില്‍ വന്നുപോകുന്ന കഥാപാത്രങ്ങള്‍ ആയിരിക്കും. ഇത് രാവണന്‍ എന്ന ഇതിഹാസത്തിന്റെ, തുടക്കം മുതല്‍ ഒടുക്കം വരെയുള്ള ഒരു കഥയായിരിക്കും.
പക്ഷെ സംഭവം എന്തെന്ന് വച്ചാല്‍ ലാലിന്റെ കൂടി അഭിപ്രായം അറിഞ്ഞിട്ടേ എനിക്കത് കണ്‍ഫോം ചെയ്യാന്‍ പറ്റുള്ളൂ. കഥയുടെ ചര്‍ച്ചകള്‍ നടക്കാന്‍ പോകുന്നതേയുള്ളൂ. ഞാന്‍ ലാലിനെ കാണാന്‍ പോകുമ്പോള്‍ ആദ്യം പറയുന്ന സബ്ജക്ടും ഈ രാവണന്റെ കഥ തന്നെയായിരിക്കും. എന്നാല്‍ ഞങ്ങള്‍ തമ്മിലുള്ള ചര്‍ച്ചയ്ക്ക് ശേഷമേ ഇക്കാര്യത്തില്‍ ഒരു തീരുമാനമാകൂ.