Movies

ദളപതി വിജയ് ചിത്രങ്ങൾ എന്നും ആരാധകർക്ക് സമ്മാനിക്കുന്നത് ആവേശത്തിന്റെ ഉത്സവമാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ഓരോ ചിത്രങ്ങൾക്കും വലിയ വരവേൽപ്പാണ് ആരാധകർ നൽകുന്നത്. ഇത്തവണ അവർക്കായി ഒരു സ്പോർട്സ് ആക്ഷൻ സിനിമയാണ് വിജയ് എത്തിച്ചിരിക്കുന്നത്. ഇന്ന് ലോകമെമ്പാടുമുള്ള പ്രദർശന ശാലകളിൽ എത്തിയ ബ്രഹ്മാണ്ഡ തമിഴ് ചിത്രമാണ് ദളപതി വിജയ് നായകനായി എത്തിയ ബിഗിൽ. രാജ റാണി, തെരി, മെർസൽ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ആറ്റ്ലീ സംവിധാനം ചെയ്ത ഈ സ്പോർട്സ് ആക്ഷൻ ചിത്രം രചിച്ചിരിക്കുന്നത് ആറ്റ്ലീയും എസ് രമണ ഗിരിവാസനും ചേർന്നാണ്. കലപതി എസ് അഘോരം, കലപതി എസ് ഗണേഷ്, കലപതി എസ് സുരേഷ് എന്നിവർ ചേർന്ന് എ ജി എസ് എന്റർടൈൻമെൻറ്സിന്റെ ബാനറിൽ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം 150 കോടിയോളം രൂപ ചെലവിട്ടാണ് നിർമ്മിച്ചിരിക്കുന്നത്. ലേഡി സൂപ്പർ സ്റ്റാർ നയൻതാര നായികാ വേഷത്തിൽ എത്തിയിരിക്കുന്ന ഈ ചിത്രത്തിൽ ജാക്കി ഷെറോഫ്, വിവേക് എന്നിവരും പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നു. എ ആർ റഹ്മാൻ സംഗീതം നൽകിയ ഇതിലെ ഗാനങ്ങളും അതുപോലെ തന്നെ ഈ ചിത്രത്തിന്റെ ട്രെയ്ലറും വമ്പൻ പ്രേക്ഷക പ്രതികരണം ആണ് നേടിയെടുത്തത്.

രായപ്പൻ എന്നും മൈക്കൽ എന്നും പേരുള്ള രണ്ടു കഥാപാത്രങ്ങൾക്ക് ആണ് വിജയ് ഈ ചിത്രത്തിൽ ജീവൻ നൽകിയിരിക്കുന്നത്. അച്ഛനും മകനും ആയ ഇവരുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ ആണ് ഈ ചിത്രം അവതരിപ്പിക്കുന്നത്. അപ്രതീക്ഷിതമായി വനിതാ ഫുട്ബോൾ ടീമിന്റെ പരിശീലകൻ ആവേണ്ടി വരുന്ന മൈക്കൽ എന്ന കഥാപാത്രത്തിന്റെ ജീവിതത്തിൽ തുടർന്ന് സംഭവിക്കുന്ന കാര്യങ്ങളിലൂടെയും ഫ്ലാഷ് ബാക്കുകളിലൂടെയും ആണ് ഈ ചിത്രം സഞ്ചരിക്കുന്നത്.

ആറ്റ്ലി- വിജയ് ചിത്രത്തിൽ നിന്ന് പ്രതീക്ഷിക്കുന്നത് പോലെ ഒരിക്കൽ കൂടി എല്ലാത്തരം പ്രേക്ഷകരെയും ത്രസിപ്പിക്കുന്ന ഒരു എന്റെർറ്റൈനെർ ആണ് ഇത്തവണയും ഈ കൂട്ടുകെട്ട് ആരാധകർക്ക് മുന്നിൽ എത്തിച്ചിരിക്കുന്നത്. തങ്ങളുടെ മുൻ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി സ്പോർട്സ് എന്ന ഘടകം നൽകുന്ന ആവേശവും കൂടി ബിഗിലിന്റെ ഭാഗമാക്കാൻ ഇവർക്ക് സാധിച്ചിട്ടുണ്ട്. എല്ലാവിധ വിനോദ ഘടകങ്ങളും കോർത്തിണക്കിയാണ് ആറ്റ്ലിയും രമണ ഗിരിവാസനും ചേർന്ന് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആരാധകർക്ക് ആഘോഷിക്കാൻ മാസ്സ് എലമെന്റുകൾ എല്ലാം നൽകിയപ്പോൾ തന്നെ വിജയ് എന്ന നടനെ മികച്ച രീതിയിൽ ഉപയോഗിക്കാനും ഈ ചിത്രത്തിലൂടെ ശ്രമിച്ചിട്ടുണ്ട്. രസ ചരട് പൊട്ടാതെ തന്നെ സ്ത്രീ കഥാപാത്രങ്ങൾക്കു അർഹമായ പ്രാധാന്യം നൽകിയും സ്ത്രീകളുടെ പ്രാധാന്യവും ശക്തിയും എടുത്തു പറഞ്ഞുമാണ് ചിത്രം മുന്നോട്ടു പോകുന്നത്. എന്നിരുന്നാലും ആദ്യ പകുതിയിൽ അനുഭവപ്പെടുന്ന ഇഴച്ചിൽ ചിത്രത്തിന്റെ ഒഴുക്കിനെ ബാധിക്കുന്നുണ്ട്.

സ്ത്രീകൾ ഉൾപ്പെടെ ഉള്ളവരുടെ ഓരോ കഥാ സന്ദർഭങ്ങളെയും കഥാപാത്രങ്ങളെയും മാസ്സ് ആയി അവതരിപ്പിച്ചതിനൊപ്പം ഓരോ കഥാപാത്രത്തിനും വ്യക്തമായ ഒരു ഐഡന്റിറ്റി നൽകാനും അവർ വന്നു ചേരുന്ന കഥാ സന്ദര്ഭങ്ങൾക്കു വിശ്വസനീയത പകരാനും സംവിധായകന് കഴിഞ്ഞിട്ടുണ്ട്. ഇതിനൊപ്പം തന്നെ വമ്പൻ ആക്ഷൻ രംഗങ്ങളും, വിജയ് ആരാധകർക്ക് ആഘോഷിക്കാനുള്ള കിടിലൻ ഡയലോഗുകളും ആവേശവും കോമെഡിയും പ്രണയവും അടക്കം എല്ലാം തികഞ്ഞ ഒരു കംപ്ലീറ്റ് എന്റർടൈന്മെന്റ് തന്നെയാണ് ആറ്റ്ലി ഒരുക്കിയിരിക്കുന്നത്. വിജയ്- നയൻതാര ലൗ ട്രാക്കും നിലവാരം പുലർത്താത്ത കോമഡിയും അതുപോലെ പെട്ടെന്ന് കയറി വരുന്ന ഗാനങ്ങളും കല്ലുകടി ആയിട്ടുണ്ട്. ഫുട്ബാൾ രംഗങ്ങൾ അത്ര മികച്ച രീതിയിൽ ചിത്രീകരിക്കാൻ സാധിച്ചിട്ടില്ല എന്നതും അത്തരം രംഗങ്ങളിൽ ചക് ദേ ഇന്ത്യ എന്ന സിനിമയുമായി അറിഞ്ഞോ അറിയാതെയോ ഉണ്ടായ സാമ്യവും ചിത്രത്തിന് ഗുണകരമായിട്ടില്ല. വളരെയധികം പ്രവചനീയമായ രീതിയിൽ ആണ് ചിത്രം മുന്നോട്ടു പോകുന്നത് എന്നതും പറഞ്ഞേ പറ്റൂ. അതേ സമയം, ഫെമിനിസം, സ്ത്രീ ശാക്തീകരണം, അച്ഛൻ- മകൻ ബന്ധം എന്നിവയിലൂടെയെല്ലാം പ്രേക്ഷകരെ ആദ്യാവസാനം ചിത്രത്തിൽ മുഴുകിയിരിക്കാൻ പ്രേരിപ്പിക്കാനും സംവിധായകന് കഴിഞ്ഞിട്ടുണ്ട്.

തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്ന് തന്നെയാണ് വിജയ് ഈ ചിത്രത്തിന് വേണ്ടി നൽകിയത്. സ്ക്രീൻ പ്രസൻസ് കൊണ്ടും മികച്ച ഡയലോഗ് ഡെലിവറി കൊണ്ടും സ്പോർട്സ്- ആക്ഷൻ രംഗങ്ങളിൽ പുലർത്തിയ അസാമാന്യ മെയ് വഴക്കം കൊണ്ടും വിജയ് മുഴുവൻ സിനിമാ പ്രേമികളുടെയും കയ്യടി നേടി. അച്ഛനും മകനും ആയി വിജയ് തന്ന പെർഫോമൻസ് ഏറ്റവും മികച്ചതായിരുന്നു എങ്കിലും രായപ്പൻ എന്ന അച്ഛൻ കഥാപാത്രം ആയുള്ള പ്രകടനമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഫിസിയോ തെറാപ്പിസ്റ്റ് കഥാപാത്രമായെത്തിയ നയൻതാരക്ക് കാര്യമായി ഒന്നും തന്നെ ചെയ്യാൻ ഉണ്ടായിരുന്നില്ല. രണ്ടാം പകുതിയിൽ ആണ് പിന്നെയും എന്തെങ്കിലും ഈ നടിക്ക് ചെയ്യാൻ സാധിച്ചത്. ജാക്കി ഷറോഫിനും ഒരു നടനെന്ന നിലയിൽ ശക്തമായ വേഷമല്ല ലഭിച്ചത്. ശക്തനായ ഒരു വില്ലൻ ഇല്ലാത്തത് ചിത്രത്തിന്റെ നെഗറ്റീവ് തന്നെയാണ്. ഇവർക്കൊപ്പം വിവേക്, കതിർ, ഡാനിയൽ ബാലാജി, ആനന്ദ് രാജ്, രാജ്‌കുമാർ, ദേവദർശിനി, യോഗി ബാബു, സൗന്ദര്യ രാജ, ഐ എം വിജയൻ, വനിതാ ഫുട്ബോൾ പ്ലയെര്സ് ആയി എത്തിയ ഇന്ദുജ രവിചന്ദ്രൻ, റീബ മോനിക്കാ ജോൺ, വർഷ ബൊല്ലമ്മ, അമൃത അയ്യർ, ഇന്ദ്രാജാ, ഗായത്രി റെഡ്ഢി എന്നിവരും ഈ ചിത്രത്തിൽ തൃപ്തിപ്പെടുത്തുന്ന പ്രകടനമാണ് നൽകിയത്.

ഈ സ്പോർട്സ്- ആക്ഷൻ ചിത്രത്തിന് വേണ്ടി ജി കെ വിഷ്ണു ഒരുക്കിയത് മികച്ച ദൃശ്യങ്ങളാണ്. ഒരു സ്പോർട്സ് ചിത്രത്തിന്റെ ആവേശവും ആക്ഷൻ ചിത്രത്തിന്റെ എനർജിയും ഒരേപോലെ നല്കാൻ വിഷ്ണു ഒരുക്കിയ മികവാർന്ന ദൃശ്യങ്ങൾക്കായി. എ ആർ റഹ്മാൻ ഒരുക്കിയ പശ്ചാത്തല സംഗീതവും ഗാനങ്ങളും മികച്ചു നിന്നു. വിജയ്‌യുടെ ഇൻട്രോ ഗാനം ആയ വെറിതനം ഗംഭീരമായ രീതിയിൽ തന്നെ അവതരിപ്പിച്ചിട്ടുണ്ട്. അതുപോലെ സിംഗ പെണ്ണേ എന്ന ഗാനവും മികച്ചു നിന്നു. തരക്കേടില്ലാത്ത വേഗതയിൽ ഈ ചിത്രം മുന്നോട്ടു പോയത് എഡിറ്റർ റൂബന്റെ കൂടി കഴിവിന്റെ ഫലമാണ്. എന്നാൽ നിരാശപ്പെടുത്തിയത് വി എഫ് എക്‌സ് ആണ്. ഫുട്ബാൾ രംഗങ്ങളിൽ വന്ന വി എഫ് എക്‌സ് നിലവാരം പുലർത്തിയില്ല.

ചുരുക്കി പറഞ്ഞാൽ ബിഗിൽ ഒരു മാസ്സ് എന്റർടൈനറാണ്. ആവേശത്തിന്റെ അപൂർവ കോമ്പിനേഷൻ ആയ സ്പോർട്സും ആക്ഷനും ചേർന്ന ഈ ചിത്രം പതിവ് പോലെ ഒരു കംപ്ലീറ്റ് വിജയ് ഷോ ആണെന്ന് പറയാം. വിജയ്- ആറ്റ്‌ലി ടീം ഹാട്രിക്ക് വിജയം നേടുമെന്നുറപ്പ്.

മിനിസ്‌ക്രീനീലെ കുടുംബ പ്രേക്ഷകരുടെ പ്രിയ താരമാണ് നടി അർച്ചന സുശീലൻ. ഗ്ലോറി എന്ന വില്ലത്തി കഥാപാത്രത്തിലൂടെ മിനിസ്‌ക്രീൻ പ്രേക്ഷകരുടെ മനം കീഴടക്കിയ അർച്ചനയെ കൂടുതൽ ജനകീയമാക്കിയത് ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയാണ്.

വില്ലത്തി അല്ലാത്ത പാവമാണ് ‘ഗ്ലോറി’ എന്ന് തിരിച്ചറിഞ്ഞതോടെ ആരാധകരും വർദ്ധിച്ചു. ഇപ്പോഴിതാ സീരിയലിൽ സജീവമാകുകയാണ് താരം. എന്നാൽ പല സുഹൃത് ബന്ധങ്ങളും വലിയ വേദന സമ്മാനിച്ചിട്ടുണ്ടെന്നു അർച്ചന തുറന്നു പറയുന്നു. തന്റെ സ്റ്റാർ ഇമേജ് കണ്ട് കൂട്ടുകൂടിയവർ സൗഹൃദത്തെ മുതലെടുക്കാൻ ശ്രമിക്കുന്നതു കണ്ടിട്ടുണ്ട്.

സൗഹൃദം വളരെ വിശുദ്ധമായ ഒന്നായാണ് ഞാൻ കാണുന്നത്. ഞാനെന്താണോ അത് ഞാനെന്റെ സുഹൃത്തുക്കളോട് പറയാറുണ്ട്. പക്ഷേ തിരികെ ലഭിക്കുക മോശം അനുഭവങ്ങളാകും. വിശ്വാസം ആണല്ലോ പ്രധാനം. അതു പലപ്പോഴും ഇല്ലാതാകും. ഞാനതു മനസ്സിലാക്കാൻ വൈകി. ഇപ്പോൾ എനിക്കറിയാം, ആരോക്കെയാണ് നല്ല സുഹൃത്തുക്കൾ എന്ന്. അവരിൽ ഞാൻ തൃപ്തയാണ്. അർച്ചന ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പങ്കുവച്ചു.

എന്നാൽ പലപ്പോഴും പ്രേക്ഷകർ തന്നെ വെറുത്തിട്ടും തെറ്റിദ്ധരിച്ചിട്ടുമുണ്ടെന്നും ബിഗ് ബോസ് വന്നതോടെ അതു കുറെയൊക്കെ മാറിയെന്നും താരം പറഞ്ഞു. ആളുകൾക്ക് ഇപ്പോൾ എന്നെ പേടിയില്ല എന്നതാണ് പ്രശ്‌നമെന്നു പറഞ്ഞ അർച്ചന ഞാൻ ഒരു ബോൾഡ് മറയൊക്കെ ഇട്ടു നിൽപ്പായിരുന്നല്ലോ, ഇതു വരെ.

അതില്ലാതെയാകുന്നതിൽ ചെറിയ പ്രശ്‌നമുണ്ട്. കഥാപാത്രങ്ങളെ ബാധിച്ചേക്കാം. പിന്നെ, ഞാൻ മാനസികമായി സന്തോഷവതിയാണോ എന്നു ചോദിച്ചാൽ കൺഫ്യൂഷനുണ്ടെന്നും അർച്ചന കൂട്ടിച്ചേർത്തു.

ബാലഭാസ്കറിന്റെ അപ്രതീക്ഷിത മരണം മലയാള സംഗീത ലോകത്ത് ഉണ്ടാക്കിയത് വലിയ ആഘാതമാണ് . ഇന്നും ആ മരണത്തിൽ ഒട്ടേറെ അഭ്യൂഹങ്ങൾ ആണ് നടക്കുന്നത് . എന്നാൽ അതിനുമപ്പുറം നാടകീയ സംഭവങ്ങളാണ് നടന്നതെന്ന് വെളിപ്പെടുത്തുകയാണ് ബാലഭാസ്കറിന്റെ ‘അമ്മ ശാന്തകുമാരി. ബാലഭാസ്‌കര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ അച്ഛനെയും മറ്റ് ബന്ധുക്കളെയും ആശുപത്രിയില്‍ നിന്ന് ഇറക്കിവിടാന്‍ വരെ ശ്രമം നടന്നിരുന്നതായി അമ്മ ശാന്തകുമാരി.ബന്ധുക്കളുടെ സാന്നിധ്യം സുഹൃത്തുക്കളായ തമ്പിക്കും വിഷ്ണുവിനും പൂന്തോട്ടത്തെ കുടുംബത്തിനും മറ്റ് ചിലര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കിയെന്ന് ശാന്തകുമാരി പറയുന്നു. എല്ലാവരും നിന്നാല്‍ മുറിക്ക് നല്ല വാടക കൊടുക്കേണ്ടി വരുമെന്നും വേറെ എവിടെയെങ്കിലും പോകണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

ബാലുവിന്റെ മാനേജര്‍മാരിലൊരാള്‍ അച്ഛനോട് വന്ന് പറയുകയായിരുന്നു. ഇതൊക്കെ എങ്ങിനെ പറയാന്‍ തോന്നിയെന്നും ശാന്തകുമാരി ചോദിക്കുന്നു. ബാലുവിന്റെ ജീവന് വേണ്ടി പ്രാര്‍ത്ഥനയോടെ കഴിയുമ്പോള്‍ ഞങ്ങളെ ഒഴിവാക്കി ആ പണം കൂടി തങ്ങളുടെ പോക്കറ്റിലാക്കുകയായിരുന്നു അവരുടെ ലക്ഷ്യം. ഒരു പക്ഷേ അധിക സാമ്പത്തിക ബാധ്യതയാകുമോയെന്നും അവര്‍ ഭയന്നിട്ടുണ്ടാകണം. ആശുപത്രി ചെലവിനുള്ള തുക ഞങ്ങള്‍ കൊടുക്കാന്‍ തയ്യാറായിരുന്നു. ബന്ധുക്കള്‍ ഉപയോഗിക്കുന്ന മുറിയുടെ വാടകയും നല്‍കുമായിരുന്നുവെന്നും ശാന്തകുമാരി വിശദീകരിക്കുന്നു.

ഐസിയുവില്‍ ആര്‍ക്കും എപ്പോഴും കയറിയിറങ്ങാവുന്ന സ്ഥിതിയായിരുന്നു. വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗിയായിട്ടും ഒരു നിയന്ത്രണവും ഉണ്ടായിരുന്നില്ല. ബന്ധുക്കള്‍ ബഹളം വെച്ചപ്പോള്‍ മാത്രമാണ് നിയന്ത്രണമുണ്ടായത്. എന്നാല്‍ ബാലുവിന്റെ ഭാര്യ ലക്ഷ്മിയെ കാണാന്‍ ബന്ധുക്കളെ അനുവദിക്കാതെ തമ്പിയും പൂന്തോട്ടത്തെ ഡോക്ടറുടെ ഭാര്യയും കാവല്‍ നില്‍ക്കുകയായിരുന്നു. അത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ബാലുവിന്റ കുഞ്ഞ് തേജസ്വി ബാലയുടെ മൃതദേഹം സംസ്‌കരിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ അതിലും ചിലര്‍ തര്‍ക്കിച്ചു. ബാലുവിനെ കാണിക്കാന്‍ പറ്റിയ അവസ്ഥയായിരുന്നില്ല. അതിനാലാണ് ഡോക്ടര്‍മാരുടെ തീരുമാനം ഞങ്ങള്‍ എതിര്‍ക്കാതിരുന്നത്. അവനിലൂടെയുള്ള ആദായത്തിലായിരുന്നു എല്ലാവര്‍ക്കും താല്‍പ്പര്യം.

അച്ഛനും അമ്മയും പണക്കൊതിയന്‍മാരായിരുന്നുവെന്നാണ് ആശുപത്രിയില്‍ വെച്ച് പ്രചരിപ്പിച്ചത്. പൂന്തോട്ടത്തെ ഡോക്ടറും ഭാര്യയുമായുള്ള ബന്ധം വന്നതോടെ അവര്‍ക്കാണ് സാമ്പത്തിക ലാഭമുണ്ടായത്. ബാലു വീട്ടുകാരുമായി ഒരുമിച്ചാല്‍ സഹായങ്ങള്‍ നില്‍ക്കുമോയെന്ന് അവര്‍ ഭയപ്പെട്ടിരുന്നു.ബാലഭാസ്‌കറിന് അമ്മ ഇല്ലായിരുന്നുവെന്നും അവനെ ഉപേക്ഷിച്ചതാണെന്നുമൊക്കെയാണ് പറയുന്നത്. അത് കേള്‍ക്കുമ്പോള്‍ നെഞ്ച് പിടയുകയാണ്. അമ്മയെന്ന നിലയില്‍ ചെയ്യേണ്ടതെല്ലാം ചെയ്തിട്ടുണ്ട്. അവന്റെ മരണത്തോടെ എനിക്കാണ് തീരാനാഷ്ടമുണ്ടായത്.ബാലുവിന്റെ സമ്പാദ്യം തട്ടിയെടുക്കുകയായിരുന്നു പൂന്തോട്ടത്തുകാരുടെ ലക്ഷ്യം അതിനുവേണ്ടി തമ്പിയെയും വിഷ്ണുവിനെയും കൂട്ടുപിടിച്ചെന്നും ശാന്തകുമാരി പറയുന്നു.

ബാലുവിന്റെ കൈ പിടിച്ചുവന്ന് ലക്ഷ്മി അച്ഛനോട് വിവാഹക്കാര്യം പറയുകയായിരുന്നു. അവനെ പിന്‍തിരിപ്പിക്കാന്‍ പലരും പറഞ്ഞുനോക്കി. പക്ഷേ അവന്‍ ചെവിക്കൊണ്ടില്ല. തിടുക്കപ്പെട്ട് വിവാഹത്തിന് വേണ്ടതൊക്കെ സുഹൃത്തുക്കളാണ് ചെയ്തുകൊടുത്തത്. വിവാഹശേഷം മൂന്ന് മാസത്തെ സമാധാന ജീവിതമേ ബാലുവിനുണ്ടായിരുന്നുള്ളൂ. അത് കഴിഞ്ഞ് പ്രശ്‌നങ്ങള്‍ തുടങ്ങി. ബാലുവിനെ ഒരുഘട്ടത്തില്‍ മനോരാഗിയാക്കാനും ശ്രമം നടന്നു. ബാലു ഭ്രാന്ത് കാണിക്കുന്നുവെന്നാണ് ഒരിക്കല്‍ ലക്ഷ്മി ഫോണ്‍ വിളിച്ചുപറഞ്ഞത്. അച്ഛന്‍ ചെന്നുനോക്കിയപ്പോള്‍ ബാലു ദേഷ്യത്തിലായിരുന്നു. ദേഷ്യം വന്നാല്‍ ബാലു മൊബൈല്‍ വരെ എറിഞ്ഞ് പൊട്ടിക്കും. അവനെ ഡോക്ടറെ കാണിക്കണമെന്ന് ലക്ഷ്മി പറഞ്ഞു. അങ്ങനെ ന്യൂറോളജിസ്റ്റിനെ കാണിച്ചു. ബാലുവിന് മനോരോഗമില്ലെന്നാണ് അവരെല്ലാം പറഞ്ഞത്. എന്നാല്‍ ഡിമാന്‍ഡിംഗ് ആയൊരു ഭാര്യയാണ് തനിക്കുള്ളതെന്ന് ബാലു ഡോക്ടര്‍മാരോടൊക്കെ പറഞ്ഞിരുന്നു. അത് സഹിക്കാനാകുന്നില്ലെന്നും പറഞ്ഞിരുന്നുവെന്നും അമ്മ വെളിപ്പെടുത്തുന്നു.

ജീവനുതുല്യം സ്‌നേഹിച്ചിരുന്ന മ്യൂസിക് ബാന്‍ഡായ കണ്‍ഫ്യൂഷന്‍ പൊളിഞ്ഞത് അവനെ മാനസികമായി തളര്‍ത്തിയിരുന്നു. സുഹൃത്തുക്കള്‍ എന്തുകൊണ്ടോ പിണങ്ങിപ്പോവുകയായിരുന്നു. അതിന്റെ കാരണം ഇന്നുമറിയില്ല. ബാന്‍ഡ് പൊളിഞ്ഞത് തളര്‍ത്തുന്നുവെന്ന് അവന്‍ ഡോക്ടറോട് പറഞ്ഞിരുന്നു. ദേഷ്യം വരുമ്പോള്‍ കഴിക്കാന്‍ അവന് ചില മരുന്നുകള്‍ നല്‍കിയിരുന്നു. എന്നാല്‍ ഇതിന് പകരം അവര്‍ മനോരോഗത്തിനുള്ള മരുന്നാണോ നല്‍കിയതെന്ന് സംശയമുണ്ട്. ബാലുവിന്റെ തലച്ചോറിലെ മ്യൂസിക്കിന്റെ ഭാഗം വളരെ ആക്ടീവ് ആണെന്ന് ഡോക്ടര്‍ പറഞ്ഞിട്ടുണ്ട്. ഈ പരിശോധനകള്‍ക്കെല്ലാം അവനെ കൊണ്ടുപോയത് അച്ഛനാണ്. പിന്നെങ്ങനെയാണ് ഞങ്ങള്‍ അവനെ തിരിഞ്ഞുനോക്കിയില്ലെന്ന് ആരോപിക്കുന്നതെന്നും ശാന്തകുമാരി ചോദിക്കുന്നു. ഒരു ചാനലിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത് .

മഞ്ജു-ശ്രീകുമാര്‍ പ്രശ്‌നത്തില്‍ നൈസായി ഒഴിഞ്ഞ് അമ്മ ഭാരവാഹികള്‍. ഇടപെടാന്‍ പരിമിതിയുണ്ടെന്നാണ് ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞത്. മഞ്ജുവിനെ തൊഴില്‍പരമായി പിന്തുണയ്ക്കുമെന്ന് അമ്മ സംഘടന പറഞ്ഞു.നടി പൊലീസില്‍ നല്‍കിയ പരാതിയില്‍ ഇടപെടാനാകില്ല. ക്രിമിനല്‍ കേസില്‍ ഇടപെടാന്‍ സംഘടനയ്ക്ക് പരിമിതിയുണ്ട്. മഞ്ജു അയച്ച കത്ത് കിട്ടിയെന്നും ഇടവേള ബാബു പറഞ്ഞു. ഇതേ അഭിപ്രായമാണ് ഫെഫ്കയും അറിയിച്ചത്. ഇടപെടാന്‍ പരിമിതിയുണ്ടെന്ന് ഫെഫ്ക അഭിപ്രായപ്പെട്ടു. മഞ്ജുവിന്റെ കത്ത് ലഭിച്ചെങ്കിലും ക്രിമിനല്‍ കേസായതിനാല്‍ സംഘടനയ്ക്ക് ഇടപെടാനാകില്ല.

ശ്രീകുമാര്‍ മേനോന്‍ ഫെഫ്ക അംഗമല്ലെന്നും ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി. ഇന്നാണ് ശ്രീകുമാര്‍ മേനോനെതിരെ മഞ്ജു ഫെഫ്കയ്ക്ക് കത്ത് നല്‍കിയത്. മൂന്നുവരിയില്‍ മാത്രം ഒതുങ്ങുന്നതായിരുന്നു കത്ത്.അതേസമയം, സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരായ മഞ്ജു വാരിയരുടെ പരാതി പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്ന് ഡി.ജി.പി വ്യക്തമാക്കി. പൊലീസ് ആസ്ഥാനത്തെ പ്രത്യേക സംഘം പരാതി പരിശോധിക്കുമെന്നും തുടര്‍ നടപടി പ്രാഥമിക അന്വേഷണത്തിന് ശേഷമെന്നും ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി.

നടന്‍ ഷെയിന്‍ നിഗവും നിര്‍മാതാവ് ജോബി ജോര്‍ജുമായുള്ള തര്‍ക്കം പരിഹരിച്ചു. നിര്‍മാതാക്കളുടെ സംഘടനയും ‘അമ്മ’യും ഇരുവരെയും വിളിച്ചിരുത്തി ചര്‍ച്ച നടത്തിയാണ് പ്രശ്നങ്ങള്‍ പരിഹരിച്ചത്. ഇപ്പോള്‍ അഭിനയിക്കുന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായ ശേഷം ജോബി നിര്‍മിക്കുന്ന വെയിലിൽ ഷെയിന്‍ അഭിനയിക്കും. എന്നാല്‍ ജോബിയുടെ അടുത്ത സിനിമയില്‍ നിന്ന് ഷെയിന്‍ പിന്‍മാറി.

ഒരു മുടിമുറിക്കലില്‍ തുടങ്ങിയതായിരുന്നു ഷെയിനും ജോബിയും തമ്മിലുള്ള തര്‍ക്കം. ഇതാണ് ഒടുവില്‍ രണ്ട് സംഘടനകള്‍ ഒരുമിച്ച് ഇരുവരേയും വിളിച്ചിരുത്തി അനുനയ ചര്‍ച്ചയിലൂടെ പരിഹരിച്ചത്. തീരുമാനങ്ങള്‍ ഇങ്ങനെ. ഷെയിന്‍ ഇപ്പോള്‍ അഭിനയിക്കുന്ന കുര്‍ബാനിയയുടെ ചിത്രീകരണം നവംബര്‍ 10നുള്ളില്‍ പൂര്‍ത്തിയാക്കും. തുടര്‍ന്ന് ജോബി നിര്‍മിക്കുന്ന വെയിലില്‍ വീണ്ടും അഭിനയിക്കും.

കരാര്‍ പ്രകാരം ജോബി ഷെയിനിനു 40 ലക്ഷം രൂപ കൊടുക്കണം. ഇതില്‍ 30 ലക്ഷം രൂപ കൈമാറി എന്ന് ജോബി നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ അത് സത്യമല്ല, ഇനിയും 16 ലക്ഷം രൂപ നല്‍കാനുണ്ട്. ഇത് ഉടന്‍ കൈമാറും. ഷെയിന്റെ കുടുംബത്തെ അവഹേളിച്ചതില്‍ ജോബി മാപ്പ് പറഞ്ഞു.

മാധ്യമങ്ങള്‍ക്ക് മുന്നില്‍വച്ച് ഷെയിനും ജോബിയും കൈകൊടുത്ത് പിരിഞ്ഞെങ്കിലും ജോബി നിര്‍മിക്കുന്ന അടുത്ത ചിത്രത്തില്‍ നിന്ന് ഷെയിന്‍ പിന്‍മാറി. വെയിലിന്റെ ചിത്രീകരണം തുടങ്ങിയപ്പോള്‍ തന്നെ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു എന്നും അത് പരിധി വിട്ടപ്പോഴാണ് താന്‍ പ്രതികരിച്ചതെന്നും ഷെയിന്‍ പറഞ്ഞു.ഭാവിയില്‍ സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ടോ മറ്റേതേങ്കിലും കാര്യത്തിലോ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകാതിരിക്കാന്‍ സംഘനടകള്‍ മേല്‍നോട്ടം വഹിക്കും.

വെയില്‍ സിനിമയുടെ തുടക്കം മുതലേ പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തി നടന്‍ ഷെയ്ന്‍ നിഗം. മൂന്നാമത്തെ തവണ പ്രശ്നമുണ്ടായപ്പോഴാണ് പ്രതികരിച്ചത്. മാനേജറെ വിളിച്ച് ഉമ്മച്ചിയെപ്പോലും മോശമായി പറഞ്ഞപ്പോഴാണ് ലൈവില്‍ വന്നത്. ജോബി ജോര്‍ജുമായുള്ള തര്‍ക്കം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെയും അമ്മയുടെയും നേതൃത്വത്തില്‍ പരിഹരിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഷെയ്ന്‍.

ചര്‍ച്ചയില്‍ തൃപ്തനാണെന്ന് പറഞ്ഞാണ് ഷെയ്ന്‍ തുടങ്ങിയത്. ”എന്നെ നിയന്ത്രിക്കുന്ന ശക്തി എന്ന പരാമര്‍ശത്തില്‍ ജോബി ജോര്‍ജ് മാപ്പ് പറഞ്ഞിട്ടില്ല. ഇനി ഒന്നിനും പോകണ്ട, എല്ലാം ഇവിടെ വെച്ച് തീര്‍ക്കാം എന്ന് ചര്‍ച്ചയില്‍ എല്ലാവരും പറഞ്ഞു. ഞാനല്ലല്ലോ ഒന്നിനും പോയത്? ഒരാള്‍ക്കും ബുദ്ധിമുട്ടില്ലാതെ മര്യാദക്ക് പൊയിക്കൊണ്ടിരുന്നതല്ലേ ഞാന്‍’- ഷെയ്ന്‍ ചോദിക്കുന്നു.

”വെയില്‍ സിനിമ തുടങ്ങിയപ്പോള്‍ മുതല്‍ പ്രശ്നങ്ങളുണ്ടായിരുന്നു. പിന്നെ ഞാനായിട്ട് പ്രശ്നമുണ്ടാക്കണ്ടല്ലോ എന്നുകരുതി മിണ്ടാതിരുന്നതാണ്. ഈ സിനിമ കഴിഞ്ഞാല്‍ ഇവരെയൊന്നും കാണേണ്ടല്ലോ എന്ന് കരുതി. പക്ഷേ ഇത് മൂന്നാമത്തെ തവണയാണ്. ലൈവ് പോകാനുള്ള കാരണവും ഞാന്‍ പറയാം. എന്റെ മാനേജര്‍ സതീഷിനെ വിളിച്ച്, എന്റെ ഉമ്മച്ചിയെ ഉള്‍പ്പെടെ അയാള്‍ മോശമായി പറഞ്ഞു. ആ വിഷമത്തിലാണ് ലൈവ് വന്നത്. ”

”അത്ര വൈകാരികമായാണ് ഓരോ സിനിമയും ചെയ്യുന്നത്. 25 ദിവസം പ്ലാന്‍ ചെയ്തിട്ട് 16 ദിവസം കൊണ്ടാണ് ഞാന്‍ ജോബിച്ചേട്ടന്റെ ഷെഡ്യൂള്‍ തീര്‍ത്തുകൊടുത്തത്. നല്ല വശങ്ങള്‍ ആരും പറയില്ല. കുറ്റം മാത്രമേ എല്ലാവരും കണ്ടുപിടിക്കൂ– കരഞ്ഞുകൊണ്ട് ഷെയ്ന്‍ പറഞ്ഞു.

മഞ്ജു വാരിയരുടെ പരാതിയില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ കേസ്. തൃശൂര്‍ ഈസ്റ്റ് പൊലീസാണ് കേസെടുത്തത്. ജില്ലാ കൈംബ്രാഞ്ച് എസിപി സി.ഡി. ശ്രീനിവാസന്‍ അന്വേഷിക്കും. സ്ത്രീത്വത്തെ അപമാനിക്കുംവിധം അംഗവിക്ഷേപം നടത്തി, ഗൂഢഉദ്ദേശ്യത്തോടെ സ്ത്രീയെ പിന്തുടര്‍ന്നു, സമൂഹമാധ്യമങ്ങളിലൂടെ അപവാദപ്രചരണം നടത്തി എന്നിങ്ങനെ മൂന്നു വകുപ്പുകൾ ചുമത്തിയാണ് അന്വേഷണം.

ശ്രീകുമാർ മേനോൻ തന്നെയും തന്‍റെ കൂടെ നിൽക്കുന്നവരെയും ഭീഷണിപ്പെടുത്തുന്നതായി കാട്ടിയാണ് മഞ്ജു വാര്യർ ഡിജിപി ലോക്നാഥ് ബെഹ്‌റ പരാതി നൽകിയത്. ഒടിയന് ശേഷമുള്ള സൈബര്‍ ആക്രമണത്തിന് പിന്നില്‍ ശ്രീകുമാർ മേനോനാണ്. തനിക്കെതിരെ ചിലര്‍ സംഘടിതമായ നീക്കം നടത്തുന്നുവെന്നും മഞ്ജു വാരിയർ പരാതിയിൽ പറയുന്നു. ക്രിമിനൽ കേസായതിനാല്‍ വിഷയത്തില്‍ ഇടപെടാന്‍ പരിമിതിയുണ്ടെന്നാണ് സിനിമാ സംഘടനകളുടെ നിലപാട്.

തന്നോടുള്ള വ്യക്തിവൈരാഗ്യം തീർക്കാൻ പ്രമുഖ മാധ്യമപ്രവർത്തകനോടൊപ്പം ചേർന്ന് ഗൂഢാലോചന നടത്തിയെന്നും ആരോപിച്ചാണ് മഞ്ജു വാര്യർ പരാതി നൽകിയത്. ‘നാരദാ ന്യൂസ്’ എന്ന ഓൺലൈൻ മാധ്യമത്തിന്റെ ഉടമ മാത്യു സാമുവലിനെതിരെയും മഞ്ജു പരാതി നൽകിയിട്ടുണ്ട്. മാത്യു സാമുവലിന്റെ മാധ്യമം ഉപയോഗിച്ച് തന്നെ അപകീർത്തിപ്പെടുത്താൻ പദ്ധതിയിട്ടതായും പരാതിയിൽ പറയുന്നുണ്ട്.

ശ്രീകുമാർ മേനോൻ ഗൂഢാലോചന നടത്തുന്നതിന്റെയും മറ്റും ഓഡിയോ ക്ലിപ്പുകളും വീഡിയോ ക്ലിപ്പുകളും അടങ്ങിയ തെളിവുകൾ സഹിതമാണ് മഞ്ജു വാര്യർ പരാതി നൽകിയിരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. ശ്രീകുമാർ മേനോന് നിയമപരമായി പ്രതികൂലമാകുന്നതരത്തിലുള്ള നിരവധി തെളിവുകൾ പരാതിയോടൊപ്പം സമർപ്പിച്ചിട്ടുണ്ട്.

പൊലീസ് ആസ്ഥാനത്ത് നേരിട്ടെത്തിയാണ് മഞ്ജു വാര്യർ പരാതി നൽകിയത്. പൊലീസ് ആസ്ഥാനത്തെ പ്രത്യേക സംഘം പരാതി പരിശോധിക്കുമെന്നും തുടർ നടപടി പ്രാഥമിക അന്വേഷണത്തിന് ശേഷം സ്വീകരിക്കുമെന്നും ഡിജിപി വ്യക്തമാക്കി.

സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ വീണ്ടും ഷോണ്‍ ജോര്‍ജ്. ശ്രീകുമാര്‍ മേനോനെതിരെ കഴിഞ്ഞ വര്‍ഷം ഷോണ്‍ പേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഒരു വീഡിയോയാിരുന്നു. ഈ പോസ്റ്റ് വീണ്ടും എടുത്തുപറഞ്ഞു കൊണ്ടാണ് ഷോണ്‍ ജോര്‍ജ് എത്തിയത്. ഇത് ഞാന്‍ ഇന്ന് പറഞ്ഞതല്ല എന്നായിരുന്നു പോസ്റ്റിന്റെ തലകെട്ട്.

ദിലീപിനെ കേസില്‍ കുടുക്കുവാന്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ നടത്തിയ തട്ടിപ്പാണ് രണ്ടാമൂഴം സിനിമയെന്നായിരുന്നു ഷോണ്‍ ജോര്‍ജ് വീഡിയോയിലൂടെ ആരോപിച്ചത്. ശ്രീകുമാര്‍ മേനോനെതിരെ പി.സി. ജോര്‍ജ് മുമ്പ് നടത്തിയ പ്രസ്താവന ശരിവെച്ച് സംസാരിക്കുകയായിരുന്നു ഷോണ്‍. 2018 ഒക്ടോബര്‍ പതിനൊന്നിനായിരുന്നു വീഡിയോ അപ്‌ലോഡ് ചെയ്തത്.

നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപ് എങ്ങനെ കുടുങ്ങിയെന്ന സത്യം ഇനി പുറത്ത് വരും… എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ അദ്ദേഹം പങ്കുവച്ചത്. ആദ്യം കയ്ക്കും പിന്നെ മധുരിക്കും. നടി ആക്രമിക്കപ്പെട്ട വിഷയവുമായി ബന്ധപ്പെട്ട് ദിലീപ് അറസ്റ്റിലാകുമ്പോള്‍ പി.സി. ജോര്‍ജ് പറഞ്ഞിരുന്നു, ഇതിന്റെ പുറകില്‍ പ്രമുഖ സംവിധായകനുണ്ട്. ദിലിപീനെതിരെ ഗൂഢാലോചന നടന്നതും ആ സംവിധായകന്റെ നേതൃത്വത്തിലാണ്. അയാള്‍ പുറത്തിറക്കാന്‍ പോകുന്നുവെന്നു പറയപ്പെടുന്ന ബ്രഹ്മാണ്ഡപടം രണ്ടാമൂഴം അതൊരു കള്ളക്കഥയാണ്. അതൊരിക്കലും നടക്കാന്‍ പോകുന്നില്ല.

ദിലീപിനെ കുടുക്കുവാനായി സന്നാഹങ്ങള്‍ ഒരുക്കുവാന്‍ അദ്ദേഹം നടത്തിയ തട്ടിപ്പ് മാത്രമാണ് രണ്ടാമൂഴമെന്ന സിനിമയുടെ പ്രഖ്യാപനമെന്ന് പി.സി. ജോര്‍ജ് അന്ന് പറഞ്ഞിരുന്നു. അത് ഇന്ന് എം.ടി സാറും ശരിവെച്ചിരിക്കുകയാണ്. ഈ പ്രോജക്ട് നടക്കില്ലെന്നു മാത്രമല്ല അദ്ദേഹത്തെയും ഈ സംവിധായകന്‍ വഞ്ചിച്ചിരിക്കുന്നു.

ഞാന്‍ പേരുപറയുന്നില്ല. നിങ്ങള്‍ക്കെല്ലാം മനസ്സിലായെന്ന് വിശ്വസിക്കുന്നു. ഇനിയും കാര്യങ്ങള്‍ പുറത്തുവരാനുണ്ട്. ദിലീപിനെ കുടുക്കിയതാണെന്ന വാദം ചുമ്മാ പറയുന്നതല്ല, വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തില്‍ പറഞ്ഞതാണ്. കുടുക്കിയതിനു പിന്നില്‍ ഈ സംവിധായകന്‍ തന്നെയാണെന്ന് യാതൊരു സംശയവുമില്ല. പി.സി ജോര്‍ജ് പറഞ്ഞതെല്ലാം സത്യമാണെന്ന് ബോധ്യപ്പെടുന്ന തെളിവുകള്‍ ഇനിയും പുറത്തുവരുമെന്നും ഷോണ്‍ പറഞ്ഞു.

 

ചങ്ങനാശ്ശേരിയിലെ മംഗലശ്ശേരി ……. “ആരാധനാ ഭ്രാന്തു മൂത്ത ലാലേട്ടന്‍ ഫാനാണോ നീ……” പതിനെട്ടു വയസുള്ളപ്പോ ലാലേട്ടന്‍റെ മുഖം മരത്തില്‍ കൊത്തിയുണ്ടാക്കി അഗ്നിദേവന്‍ സിനിമാ സെറ്റില്‍ പോയി ലാലേട്ടന് നേരിട്ട് കൊടുത്ത് കെട്ടിപ്പിടിച്ചു നില്‍ക്കുന്ന ഫോട്ടോ കണ്ടു ഒരു കൂട്ടുകാരന്‍ എന്‍റെ മുഖത്തു നോക്കി ചോദിച്ച ചോദ്യമാണിത്…

എനിക്കെല്ലാവരെയും ഇഷ്ടമാണ് മമ്മൂട്ടിയെയും യേശുദാസിനെയും രാജനീകാന്തിനെയും ദിലീപിനെയും മണിചെട്ടനെയും എല്ലാവരെയും ..ഇവര്‍ക്കൊക്കെ അവരുടെ മുഖം എന്‍റെ സൃഷ്ടികളായ്മരത്തിലും നൂലിലും ഒക്കെയായി കൊണ്ട് കൊടുത്തിട്ടുണ്ട് പക്ഷേ എല്ലാവര്ക്കും ഉള്ള പോലെ ലലെട്ടനോട് കുറച്ചു കൂടുതല്‍ ഇഷ്ടമാണോ എന്ന് ചോദിച്ചാല്‍ മറുപടിയില്ല എന്നാലോ എന്‍റെ സ്രിഷ്ടികളിലൂടെ പലര്‍ക്കും മനസിലാകുന്ന ഒരു കാര്യമുണ്ട് ഇത് ചെറുതൊന്നുമല്ല മോനെ ..ലാലേട്ടന്‍റെ കട്ട ഫാനാണ് എന്ന് .

ഒരു മൗനസമ്മതം പോലെ ഞാന്‍ ഓര്‍ക്കും ഉള്ളം നൂലില്‍ തീര്‍ത്ത ലാലേട്ടന്‍റെ മുഖമടക്കം എത്രമാത്രം ചിത്രങ്ങള്‍ ഞാന്‍ വരച്ചിരിക്കുന്നു എത്ര ശില്പങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നു ആനപ്പുറത്തിരുന്നു റ്റാറ്റാ കൊടുക്കുന്ന ലാലേട്ടന്‍ ,പട്ടാള വേഷത്തിലെ ലാലേട്ടന്‍, ബുള്ളറ്റില്‍ പോകുന്ന ലാലേട്ടന്‍ അടുക്കളയിലെ പാത്രങ്ങള്‍ ഉപയോഗിച്ച് വരെ ലാലേട്ടന്റെ മുഖം ഉണ്ടാക്കിവൈറലായി മാറിയിട്ടുണ്ട് പുലിമുരുകന്‍ ലാലേട്ടന്‍ ,ഒടിയന്‍ ലാലേട്ടന്‍ വരാന്‍ പോകുന്ന കുഞ്ഞാലി മരക്കാര്‍ ലാലേട്ടനെ വരെ ഉണ്ടാക്കിക്കഴിഞ്ഞു.
ഇതൊക്കെ മലയാളികള്‍ക്ക് ലാലെട്ടനോടുള്ള ആരാധനയുടെ ഇഷ്ടത്തിന്‍റെ അങ്ങേയറ്റത്തിനുമാപ്പുറമാണോ എന്ന് എനിയ്ക്ക് ചിലപ്പോഴൊക്കെ തോന്നാറുണ്ട് . സിനിമാ പ്രാന്തന്‍ എന്ന് പറഞ്ഞു പുശ്ചിച്ചു തള്ളാന്‍ വരട്ടെ ഇതൊക്കെയെന്ത് എന്ന് ചോദിക്കരുത് എന്നെ ഞെട്ടിച്ചത് അല്ലെങ്കില്‍ നിങ്ങളിനി ഞെട്ടാന്‍ പോകുന്നത് ചങ്ങനാശ്ശേരിയിലെ മംഗലശ്ശേരിയെക്കുറിച്ചറിയുമ്പോഴാണ് .

മലയാളത്തിന്‍റെ മഹാനടന്‍ മോഹന്‍ലാല്‍ എന്ന അഭിനയ പ്രതിഭയുടെ കയ്യൊപ്പ് ചാര്‍ത്തിയ ദേവാസുരം, മലയാളികളുടെ പ്രിയങ്കരനായ സംവിധായകന്‍ രഞ്ജിത്ത് എന്ന തിരക്കഥാകൃത്തിന്‍റെ തൂലികയില്‍ വിരിഞ്ഞ ദേവാസുരം സിനിമയോടുള്ള ആരാധന
ഇതെല്ലാം നെഞ്ചിലേറ്റി സ്വന്തം വീട് മ്യൂസിയമായി മാറ്റിയ ടോബിന്‍ ജോസഫ് എന്ന ചെറുപ്പക്കാരന്‍റെ ആത്മ സമര്‍പ്പണം കാണുമ്പോ ഞാന്‍ ചെയ്ത കാര്യങ്ങള്‍ എത്രയോ ചെറുതാണ് എന്ന് ചിന്തിച്ചു പോയി .
ഇരുപത്തഞ്ചു വര്‍ഷം മുന്പ് തിരക്കഥയിലൂടെ മലയാളികളുടെ ഹൃദയം കവര്‍ന്ന രഞ്ജിത്ത് – ഐ വി ശശി കൂട്ടുകെട്ടിന്‍റെ ദേവാസുരം സിനിമയിലൂടെ ലാലേട്ടന്‍റെ കടുത്ത ആരാധനയില്‍ കൊണ്ട് നടന്ന തീരുമാനമാണ് ഇപ്പൊ മ്യൂസിയമായി പിറക്കുന്നത് .

ഞാനുണ്ടാക്കിയ ഒടുവില്‍ ഉണ്ണികൃഷ്ണന്റെയും മോഹന്‍ലാലിന്‍റെയും ശില്പങ്ങളുമായി ചങ്ങനാശ്ശേരിയില്‍ സൃഷ്ടിക്കപ്പെട്ട ടോബിന്‍റെ മംഗലശ്ശേരി വീട്ടിലെത്തിയപ്പോ അക്ഷരാര്‍ത്ഥത്തില്‍ അവിടത്തെ കാഴ്ചകള്‍ എന്നെ അത്ഭുത പ്പെടുത്തി.

മുറ്റത്തുള്ള മണ്ടപത്തില്‍ ചാരുകസേരയില്‍ ഇരിക്കുന്ന ലാലേട്ടന് നേരെ നീട്ടിപ്പിടിച്ച ചിലങ്കയുമായി നില്ക്കുന്ന രേവതിയുടെ പ്രതിമ ഒരു വശത്ത്. മറുവശത്ത് ജീപ്പിനു ചുറ്റും നില്‍ക്കുന്ന മങ്ങലശേരിയിലെ നീലകണ്ടന്റെ വലം കൈകളായ രാജു രാമു ശ്രീരാമന്‍ അഗസ്റ്റിന്‍ എന്നിവര്‍… എല്ലാം ഉണ്ടാക്കിവെച്ച പ്രതിമകളാണ് ജീപ്പിനു നടുവില്‍ മംഗലശ്ശേരി എന്നെഴുതിയിരിക്കുന്നു ആ സിനിമയിലെ അതേ നമ്പര്‍ KL-0A 2221. പഴയ ഏതോ ജീപ്പ് വാങ്ങി പെയിന്‍റ്അടിച്ചു എഴുതി വെച്ചിരിക്കുന്നതായിരിക്കും എന്ന് കരുതി ചോദിച്ചു അവിടെയാണ് ടോബിന്‍ എന്ന ലാലേട്ടന്‍ ആരാധകന്‍റെ ആത്മാര്‍ത്ഥ പരിശ്രമത്തിന്റെ കഥയറിയുന്നത്.

പാലക്കാട് ഒരു മനുശ്ശേരി കുടുംബത്തിന്‍റെ കയ്യിലുള്ളപ്പോഴാണ് ഒറ്റപ്പാലത്തെ വരിക്കാശേരിയിയില്‍ (ദേവാസുരം സിനിമയില്‍ ആദ്യം മുതല്‍ അവസാനം വരെ ലാലേട്ടന്‍റെ കൂടെ കാണിക്കുന്ന ജീപ്പ്) ഷൂട്ടിങ്ങിന് കൊണ്ട് വരുന്നത് സിനിമയ്ക്ക് ശേഷം അത് മറ്റൊരാള്‍ക്ക് അവര്‍ വിറ്റിരുന്നു ഇരുപത്തഞ്ചു വര്‍ഷത്തിനു ശേഷം ജീപ്പ് സ്വന്തമാക്കാന്‍ ഈ നമ്പറിലുള്ള വണ്ടി ആരെടുത്താണ് എന്നറിയാന്‍ ഗൂഗിളില്‍ തപ്പിയപ്പോഴാണു ആലത്തൂരുള്ള ശശീന്ദ്രന്‍ എന്ന ആളിന്‍റെ കയ്യിലാണ് വണ്ടി എന്നറിയുന്നത് ആലത്തൂരെത്തിയ ടോബിന്‍ ഒരുപാട് നേരം സംസാരിച്ചിട്ടും ലാലേട്ടന്‍ ആരാധകനായ ശശീന്ദ്രന്‍ വണ്ടി കൊടുക്കാന്‍ തയ്യാറായില്ല അവസാനം ലാലേട്ടന് വേണ്ടി തയ്യാറാക്കുന്ന മ്യൂസിയത്തിന്‍റെ കാര്യം പറഞ്ഞപ്പോഴാണ് വണ്ടി തരാന്‍ തയ്യാറായത് പറഞ്ഞ വില കൊടുത്ത് വാങ്ങി ചങ്ങനാശ്ശേരിയില്‍ എത്തിച്ചു.

തീര്‍ന്നില്ല എണ്ണത്തോണിയില്‍ കിടക്കുന്ന ലാലേട്ടനെ നെപ്പോളിയന്‍ ചവിട്ടുന്ന സീന്‍ ടോബിന് ഇഷ്ടപെടാത്തത് കൊണ്ടായിരിക്കണം മുണ്ടക്കല്‍ ശേഖരന്‍റെ കവിളത്ത് അടിയ്ക്കുന്ന നീലകണ്ടന്‍റെ ചലനാത്മക പ്രതിമ എന്നെക്കൊണ്ട് ചെയ്യിപ്പിച്ചത്.

മുകളിലത്തെ നിലയില്‍ ദേവാസുരത്തിന്റെ രണ്ടാം ഭാഗമായ രാവണപ്രഭുവിലെ ലാലേട്ടന്‍റെ കുറെ ചിത്രങ്ങള്‍ വരച്ചിരിക്കുന്നു രാവണപ്രഭുവിലെ ലാലേട്ടനെയും സായ്കുമാറിനെയും സിദ്ദിക്കിനെയും ജഗതിയും വസുന്ധരാദാസിനെയും ഒക്കെ ഉണ്ടാക്കണമെന്ന് എന്നോട്പറഞ്ഞു കാര്‍പോര്‍ച്ചില്‍ ഞാനുണ്ടാക്കിയ ആനയും ഉണ്ട്…

ചുവരുകളില്‍ ആ സിനിമയില്‍ ലാലേട്ടന്‍ പറഞ്ഞ ഡയലോഗുകള്‍ വളരെ അടക്കത്തോടുകൂടിത്തന്നെ ചെറിയ മരത്തടികളില്‍ എഴുതി വെച്ചിരിക്കുന്നു ഒരിടത്ത് ചുമരിലെ തട്ടില്‍ ഒരു ഹോര്‍ലിക്സ് കുപ്പിയില്‍ കുറെ പല്ലുകള്‍ ഇട്ടു വെച്ചിരിക്കുന്നു രാവണപ്രഭുവില്‍ സിദ്ദിക്കിനോട് ലാലേട്ടന്‍ പറയുന്ന ഡയലോഗ് ആരും മറക്കാനിടയില്ല .
ലാലേട്ടന്‍ ഫാനായിരുന്ന ടോബിന്‍റെ പപ്പ മരിച്ചപ്പോള്‍ തോന്നിയ ആശയം പപ്പയുടെ ഓര്‍മയ്ക്കായ്സ്വന്തം വീട് മംഗലശ്ശേരിയായി പുനസ്രിഷ്ടിക്കുകയാണ് ടോബിന്‍… ദേവാസുരം സിനിമയിലെ ഓരോ ഡയലോഗും ടോബിന് കാണാപ്പാഠമാണ് രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നു കിടക്കുന്ന ഓരോ സീനുകളും.

ഈ മ്യൂസിയത്തിന്‍റെ ജോലി ആരംഭിച്ച കാലഘട്ടം മുതല്‍ പ്രോത്സാഹനവും പിന്തുണയും കൊടുത്ത് കൊണ്ടും അയല്‍വാസിയും സംവിധായകനുമായ ജോണി ആന്റണിയുംസഹായത്തിനുണ്ട് അഞ്ചു വര്‍ഷമായി തുടങ്ങിയ പ്രയത്നമാണ് യാഥാര്‍ത്ഥ്യമാകുന്നത്.

അവിടത്തെ ഫോണ്‍ നമ്പറിനു വരെയുണ്ട് ലാലേട്ടന്‍ ടച്ച്‌ 2255 പണികള്‍ പൂര്‍ത്തിയാകുന്നതെയുള്ളൂ….നാല് മാസം കൂടിക്കഴിഞ്ഞാല്‍ കടുത്ത ലാലേട്ടന്‍ ആരാധകര്‍ക്കും അല്ലാത്തവര്‍ക്കുമായി പൊതു ജനങ്ങള്‍ക്ക്‌ കാഴ്ചകള്‍ ആസ്വദിക്കാനും കാണാനുമായി മംഗലശ്ശേരി മ്യൂസിയം തുറന്നുകൊടുക്കാനും ടോബിന് പരിപാടിയുണ്ട്… അതിനുള്ള തയ്യാറെടുപ്പുകള്‍ നടക്കുകയാണിപ്പോള്‍ .

ദേവാസുരം സിനിമയുടെ ഇരുപത്തഞ്ചാം വാര്‍ഷികമായ അവസരത്തില്‍ മംഗലശ്ശേരി നീലകണ്ടനും സഹകഥാപാത്രങ്ങളും തകര്‍ത്താടിയ രംഗങ്ങള്‍ മ്യൂസിയത്തിലെ ശില്പങ്ങളിലൂടെ നമുക്ക് നേരിട്ട് കാണാനും കണ്ടു മറന്നുപോയ സീനുകള്‍ ഓര്‍മിക്കുവാനുമുളള അവസരവുമാണ് ഒരുങ്ങുന്നത്.

തമിഴ് നാട്ടിലെ സിനിമാ താരങ്ങളോടുള്ള പ്രണയം വിവിധ കഥകളായി മുന്‍പ്നമ്മള്‍ ഒരുപാട് കേട്ടിട്ടുണ്ട് ഇങ്ങനെയൊന്നു കേരളത്തില്‍ ഉണ്ടെന്നത് ചിലപ്പോള്‍ നമ്മുടെ ലാലേട്ടന്‍ ഫാന്‍സ്‌ അസോസിയേഷന്‍ പോലും ചിലപ്പോ അറിഞ്ഞു കാണില്ല .. പക്ഷെ സത്യമാണ് ….ചങ്ങനാശ്ശേരിയിലെ മംഗലശ്ശേരി.

നമ്മുടെ ലാലേട്ടനും രഞ്ജിത്തും അവിടെ എത്തിച്ചേരും എന്നാണു പ്രതീക്ഷിക്കുന്നത് എന്നെക്കാള്‍ വലിയ കട്ട ഫാന്‍ ടോബിന്‍ജോസഫ് ഒരുക്കിയ ലാലേട്ടന്‍ സിനിമയുടെ മ്യൂസിയം കാണാന്‍ വരും …..ഇവരോടുള്ള ഏറ്റവും വലിയ ആദരവല്ലേ ഈ മ്യൂസിയം ……

ഈ കുറിപ്പ് ലാലേട്ടന്‍ കാണുന്നുണ്ടെങ്കില്‍ വരും വരാതിരിക്കില്ല ,

ഡാവിഞ്ചിസുരേഷ്

നടിക്കെതിരെയുള്ള പീഡനത്തിൽ ദിലീപിനൊപ്പം നിന്ന് വിമർശങ്ങൾ സോഷ്യൽ മിഡിയിയയിലൂടെയും സ്ത്രീപക്ഷ സിനിമ സംഘടനയിലൂടെയും നേരിട്ട ജനപ്രധിനിധിയാണ് പിസി ജോർജ്. അന്ന് പിസി മഞ്ജുവിന് ശ്രീകുമാര മേനോനുമായുള്ള അവിഹിതം മൂലമാണ് ദിലീപ് പിണങ്ങി പോയതെന്ന് പറയുകയുണ്ടായി.ശ്രീകുമാര്‍ മേനോന്‍ മഞ്ജു വാര്യര്‍ വിഷയത്തില്‍ പ്രതികരണവുമായി പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്ജ്. അതിനെതിരെ നിയമസഭയിലും വനിതാ വേദിയിലും പരാതികളിരിക്കെ പുതിയ സഭാവവിഹാസങ്ങളുടെ പശ്ചാത്തലത്തിൽ വീണ്ടും പഴയ കാര്യങ്ങൾ പൊടിതട്ടി എടുക്കുകയായിരുന്നു പിസി ജോർജ് ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ.

ദിലീപും മഞ്ജുവാര്യരും തമ്മിലുള്ള ബന്ധദം പിരിയാന്‍ കാരണം ശ്രീകുമാര്‍ മേനോനാണെന്ന് അദ്ദേഹം പറഞ്ഞു. മഞ്ജു വാര്യരും ശ്രീകുമാര്‍ മേനോനുമായുള്ള വഴിവിട്ട ബന്ധമാണ് ഇതിന് കാരണമെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.

ശ്രീകുമാര്‍ മേനോനും മഞ്ജു വാര്യരും തമ്മിലുള്ള ബന്ധം പിസി താന്‍ സൂചിപ്പിച്ചിരുന്നു. ഇതിന് വലിയ എതിര്‍പ്പാണ് പിസി ജോര്‍ജിന് നേരിടേണ്ടി വന്നത്. സോഷ്യല്‍ മീഡിയയും നടിമാരും തന്നെ ആക്രമിച്ചുവെങ്കിലും താന്‍ പിന്നോട്ട് പോയില്ല. ശ്രീകുമാര്‍ മേനോനെ നന്നായി നിരീക്ഷിച്ച ശേഷമാണ് താന്‍ സത്യം പറഞ്ഞത്. കോടിക്കണക്കിന് പണം ഉപയോഗിച്ച് മഹാഭാരതം പിടിക്കാന്‍ ഒരുങ്ങിയത് അയാളുടെ തട്ടിപ്പായിരുന്നു. പണം തട്ടാനുള്ള പണിയായിരുന്നു. ദിലീപിനെ അപമാനിച്ചാല്‍ ഒരു സ്ഥാനം കിട്ടുമെന്ന് ശ്രീകുമാര്‍ മേനോന്‍ കരുതി.

സിനിമ ലോകം ആദരിക്കുന്ന ഒരാളാണ് മഞ്ജുവാര്യര്‍, അവരെ കൊണ്ട് തനിക്കെതിരെ പറയിച്ചു. അന്നത്തെ തന്റെ പ്രതികരണത്തിനെതിരെ ഡബ്ല്യുസിസിക്ക് ആയി ബീന പോള്‍ പരാതി നല്‍കി. നിരവധി നടിമാര്‍ ഒപ്പിട്ട പരാതി സ്പീക്കറിന് നല്‍കി. സ്പീക്കര്‍ തനിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. 2017ല്‍ സ്പീക്കര്‍ നോട്ടീസ് അയച്ചു. രണ്ടാമതും മറുപടി കൊടുത്തില്ല. 2019ല്‍ സ്പീക്കര്‍ കത്തയച്ചു അതിനും മറുപടി കൊടുത്തില്ല.

മറുപടി കൊടുത്താല്‍ ഒപ്പിട്ട നടിമാരെ കുറിച്ച് പറയേണ്ടി വരും. ശ്രീകുമാര്‍ മേനോന്റെ തട്ടിപ്പില്‍ അകപ്പെട്ടവരാണിവര്‍. ഇയാള്‍ ഫ്രോഡാണ്. പടം പിടിക്കാന്‍ സ്വന്തമായി പണം കണ്ടെത്താനായി അയാള്‍ തന്നെ സൃഷ്ടിച്ചതാണ് ഈ വാര്‍ത്തകള്‍. ശ്രീകുമാര്‍ മേനോനും മഞ്ജു വാര്യരും തമ്മിലുള്ള ബന്ധമാണ് ദിലീപും മഞ്ജുവും പിരിയാന്‍ കാരണമായത്. ഇതിന്റെ കാരണം മീനാക്ഷി എന്ത് കൊണ്ട് ദിലീപിനൊപ്പം നില്‍ക്കുന്നു എന്ന് തിരക്കിയാല്‍ മനസിലാകും.

ഒരു സിനിമയ്ക്ക് എന്ന പേരില്‍ മഞ്ജു വാര്യര്‍ ബോംബെ ഉള്‍പ്പെടെയുള്ളിടങ്ങളില്‍ പോയി. ഇതിന് പിന്നാലെ ദിലീപിന്റെ ആളുണ്ടായിരുന്നു. മഞ്ജുവിനൊപ്പം ശ്രീകുമാര്‍ മേനോനുമുണ്ടായിരുന്നു. പല തെളിവും കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ ശ്രീകുമാറുമായുള്ള ബന്ധം വേണ്ടെന്ന് ദിലീപ് പറഞ്ഞു. പിന്നീട് വീണ്ടും ശ്രീകുമാര്‍ മേനോന്‍ വിളിച്ചപ്പോള്‍ അയാള്‍ക്കൊപ്പം പോകാന്‍ പാടില്ലെന്ന് മഞ്ജുവിനോട് ദിലീപ് കടിപ്പിച്ച് പറഞ്ഞു. മീനാക്ഷിയും പറഞ്ഞു പോകരുതെന്ന്. എന്നാല്‍ പോകും എന്ന് പറഞ്ഞ് അഹങ്കാരത്തോടെ അയാള്‍ക്കൊപ്പം മഞ്ജു പോയി. അതാണ് ദിലീപ് മഞ്ജുവുമായുള്ള ബന്ധം പിരിയാന്‍ കാരണം. അതാണ് മീനാക്ഷി ദിലീപിനൊപ്പം നില്‍ക്കാന്‍ കാരണം.

ഇക്കാര്യം തുറന്ന് പറഞ്ഞുകൂടേ എന്ന് ചോദിച്ചപ്പോള്‍ എന്റെ കുഞ്ഞിന്റെ അമ്മ മോശമാണെന്ന് ഞാന്‍ പറയുന്നത് ശരിയാണോ എന്നാണ് അദ്ദേഹം ചോദിച്ചത്. മഞ്ജുവാര്യര്‍ പോയതിന് ശേഷം മറ്റൊരു അവിഹിതത്തിലും നല്ലത് കാവ്യയെ ദിലീപ് വിവാഹം ചെയ്തത് തന്നെയാണ്. ദിലീപ് കാണിച്ചത് മാന്യതയാണ്. ആക്രമിക്കപ്പെട്ട നടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ ശിക്ഷ ലഭിക്കണം. ആ സംഭവത്തിലും ശ്രീകുമാര്‍ മേനോന് പങ്കുണ്ട്. ദിലീപിന് അതിന്റെ ആവശ്യമില്ല. മെമ്മറി കാര്‍ഡ് ഒക്കെ നിര്‍മ്മിച്ചെടുത്തതാണ്. മഞ്ജു സത്യങ്ങള്‍ പറയണം. ശ്രീകുമാര്‍ മേനോന്‍ ഉണ്ടാക്കിയെടുത്തതാണ് കേസ് എന്നും സംശയിക്കണം.-പിസി ജോര്‍ജ്ജ് പറയുന്നു.

റിലീസ് ചെയ്യാൻ പോകുന്ന തന്റെ പുതിയ ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കും നിർമ്മാതാവിനും എതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചു കൊണ്ട് പ്രശസ്ത നടി മറീന മൈക്കൽ മുന്നോട്ടു വന്നിരിക്കുന്നു. ചിത്രത്തിന്റെ ചിത്രീകരണ വേളയിൽ ആണ് തനിക്കു മോശം അനുഭവം ഉണ്ടായതു എന്ന് നടി ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തുകയായിരുന്നു. നടിയുടെ വാക്കുകളിലേക്ക്, ” വട്ടമേശ സമ്മേളനം എന്ന സിനിമയുടെ പേര് കേട്ടപ്പോഴേ തനിക്കു ഒരു നെഗറ്റീവ് ഫീൽ തോന്നിയിരുന്നു. ആരെങ്കിലും ഇങ്ങനെയൊക്കെ ഒരു സിനിമയ്ക്കു പേരിടുമോ. അഭിനയിച്ചു തുടങ്ങിയപ്പോൾ അവർ പറഞ്ഞത് എത്ര മോശമായിട്ടു അഭിനയിക്കാൻ സാധിക്കുമോ അത്രയും മോശമായിട്ടു ചെയ്യാനാണ്. ആ സിനിമ എന്തിനാണ് ചെയ്യാൻ തീരുമാനിച്ചത് എന്ന് ഇപ്പോൾ തോണുന്നുണ്ട് എന്നും നടി പറയുന്നു.”.

അവർ ഒരഞ്ചാറു പേര് ഉണ്ടായിരുന്നു എന്നും താൻ അവരുടെ മുന്നിൽ നിസ്സഹായ ആയിരുന്നു എന്നും മറീന മൈക്കൽ പറയുന്നു. എന്താ ചെയ്യേണ്ടത് എന്നറിയാത്ത അവസ്ഥയിൽ ആയി പോയി താൻ എന്നും അവർ പറയുന്നു. ഒരു വലിയ പ്രൊഡക്ഷൻ ആണല്ലോ എന്ന് കരുതിയും ബെൻ ഒക്കെ ചെയ്ത വിപിൻ ആറ്റ്ലിയുടെ സിനിമ ആണല്ലോ എന്ന് കരുതിയുമാണ് താൻ ആ ചിത്രത്തിലേക്ക് ചെല്ലുന്നത് എന്ന് മറീന വിശദീകരിക്കുന്നു. ആ ഒരു വിശ്വാസത്തിൽ താൻ ആ ചിത്രത്തിലേക്ക് ചെന്നപ്പോൾ ലക്ഷ്വറി ആയി തന്നെയാണ് അവിടെ ഷൂട്ട് നടന്നത് എന്നും നിർമ്മാതാവ് മുംബൈയിൽ നിന്നാണ് എന്നും മറീന വെളിപ്പെടുത്തുന്നു. ഒരുപാട് ആർട്ടിസ്റ്റുകളും കാരവാന് മുതൽ സൗകര്യങ്ങളും ഉണ്ടായിരുന്നു. എന്നാൽ നല്ലതൊന്നും അവർക്കു വേണ്ട എന്നതായിരുന്നു പെർഫോമൻസിന്റെ കാര്യത്തിലെ നിലപാട്. നന്നായി എന്തെങ്കിലും ചെയ്താൽ അപ്പോൾ കട്ട് ചെയ്യുകയും മോശമായിട്ടു ചെയ്യാൻ നിർബന്ധിക്കുകയുമായിരുന്നു എന്നും ഈ നടി തുറന്നു പറയുന്നുണ്ട്.

തോക്കു ഒക്കെ ഉപയോഗിച്ചാണ് അവർ തന്നെ കൊണ്ട് അത് ചെയ്യിച്ചത് എന്നും താൻ വളരെ ഭയപ്പെട്ടു പോയ സാഹചര്യം ആയിരുന്നു അതെന്നും അവർ പറയുന്നു. മോശപ്പെട്ട അഭിനേതാവ് എന്നറിയപ്പെടാൻ താൻ ആഗ്രഹിക്കുന്നില്ല എന്നും വിപിൻ ആറ്റ്ലി ആദ്യം തന്നെ കാണാൻ വന്നപ്പോൾ പറഞ്ഞ ചിത്രത്തിന്റെ പേര് നൊമ്പര നിമിഷങ്ങൾ എന്നായിരുന്നു എന്നും നടി ഓർത്തെടുക്കുന്നു. എന്നാൽ നിർമ്മാതാവ് വിപിൻ ആറ്റ്ലിയുമായി വഴക്കുണ്ടാക്കിയാണ് താൻ അഭിനയിച്ച ഈ ആന്തോളജി ചിത്രത്തിലെ ഭാഗത്തിന്റെ പേര് പ്ർർ എന്ന് ആക്കിയത് എന്നും മറീന പറഞ്ഞു. ഇനി തന്റെ ചിത്രങ്ങളെ കുറിച്ചോ താൻ ഇതിൽ അഭിനയിച്ച ഭാഗത്തിന്റെ പേരോ ചോദിക്കുമ്പോൾ താൻ എങ്ങനെ ആണ് പ്ർർ എന്ന് പറയുക എന്നും ഈ നടി ചോദിക്കുന്നു. ഇനി തന്റെ കുടുംബത്തെയും കൂട്ടുകാരെയും ഒക്കെ താൻ എങ്ങനെ അഭിമുഖീകരിക്കും എന്ന് ചോദിക്കുന്ന ഈ നടി തന്നെ ഇപ്പോൾ തന്നെ ഇതും പറഞ്ഞു കളിയാക്കാൻ മാത്രം വിളിക്കുന്നവരുണ്ട് എന്നും പറയുന്നു.

പടം റിലീസ് ആവുന്നവരെ ഉള്ള തന്റെ അവസ്ഥ മോശമാണ് എന്നും ഇത്രയും തുക മുടക്കി ഒരു ചിത്രം എടുത്തു അത് ഓടരുത് എന്ന് ആഗ്രഹിക്കുന്ന ഒരു നിർമ്മാതാവിനെ താൻ ആദ്യമായി കാണുകയാണ് എന്നും ഈ നടി പറഞ്ഞു. വട്ടമേശ സമ്മേളനം എന്ന പേരൊക്കെ കേട്ടപ്പോൾ താൻ ഈ ചിത്രം ഇറങ്ങില്ല എന്നാണ് പ്രതീക്ഷിച്ചിരുന്നത് എന്നും എന്നാൽ ഇപ്പോൾ പുറത്തേക്കു ഇറങ്ങുമ്പോൾ കാണുന്നത് ഏറ്റവും മോശപ്പെട്ട സിനിമ, ഏറ്റവും മോശപ്പെട്ട അഭിനേതാക്കൾ ഏറ്റവും മോശപ്പെട്ട സിനിമയുടെ മോശപ്പെട്ട ട്രൈലെർ എന്നൊക്കെ പറഞ്ഞു ഇവരിതു മാർക്കറ്റ് ചെയ്യുന്നത് ആണെന്നും മറീന പറയുന്നു. ഏതായാലും വട്ടമേശ സമ്മേളനം എന്ന ആന്തോളജി ചിത്രം ഈ വരുന്ന ഒക്ടോബർ 25 നു റിലീസ് ചെയ്യുകയാണ്. നടിയുടെ ആരോപണം സത്യമാണോ അല്ലയോ എന്ന് അറിയാൻ ചിത്രം കാണുന്ന വരെ കാത്തിരിക്കേണ്ടി വരും.

Copyright © . All rights reserved