Movies

തിയേറ്ററുകളില്‍ വമ്പന്‍ ഹിറ്റായി പ്രദര്‍ശനം തുടരുന്ന മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ എട്ട് ദിവസം കൊണ്ട് ആഗോള ബോക്‌സ് ഓഫീസില്‍ 100 കോടി കളക്ഷന്‍ കടന്നു. ആശിര്‍വ്വാദ് സിനിമാസ് ആണ് ഔദ്യോഗിക എഫ്ബി പേജിലൂടെ സന്തോഷം പങ്കുവെച്ചത്. വിജയത്തില്‍ പ്രേക്ഷകരോട് നന്ദിയുണ്ടെന്നും തുടര്‍ന്നും പിന്തുണ അഭ്യര്‍ത്ഥിച്ചുമാണ് നിര്‍മ്മാതാക്കള്‍ എഫ്ബി പോസ്റ്റിട്ട്.

മാര്‍ച്ച് 28ന് റിലീസ് ചെയ്ത സിനിമ കേരളത്തില്‍ മാത്രം 400 തീയേറ്ററുകളിലാണ് പ്രദര്‍ശിപ്പിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ മാത്രമല്ല, യുഎസ് യുകെ തുടങ്ങീ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലും സിനിമ പ്രദര്‍ശനം തുടരുകയാണ്. പുലിമുരുകനേക്കാള്‍ കളക്ഷന്‍ ലൂസിഫര്‍ കടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ആശിര്‍വാദിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്;

പ്രിയപ്പെട്ടവരേ,
വളരെ സന്തോഷമുള്ള ഒരു വാര്‍ത്ത നിങ്ങളെ അറിയിക്കാനാണ് ഈ കുറിപ്പ്. ഞങ്ങളുടെ ”ലൂസിഫര്‍” എന്ന സിനിമ നൂറു കോടി ഗ്രോസ് കളക്ഷന്‍ എന്ന മാന്ത്രിക വര ലോക ബോക്‌സോഫിസില്‍ കടന്നു എന്നറിയിച്ചുകൊള്ളട്ടെ. റിലീസ് ചെയ്ത് എട്ട് ദിവസത്തിനുള്ളില്‍ ഇത് സാധ്യമായത് നിങ്ങളേവരും ഈ സിനിമയെ സ്‌നേഹാവേശത്തോടെ നെഞ്ചിലേറ്റിയത് കൊണ്ടും ഈശ്വരാനുഗ്രഹം കൊണ്ടുമാണ്. ഇതാദ്യമായാണ് കളക്ഷന്‍ വിവരങ്ങള്‍ ഔദ്യോഗികമായി നിങ്ങളോടു ഞങ്ങള്‍ പങ്കുവയ്ക്കുന്നത്. കാരണം, മലയാള സിനിമയുടെ
ഈ വന്‍ നേട്ടത്തിന് കാരണം നിങ്ങളുടെ ഏവരുടെയും സ്‌നേഹവും നിങ്ങള്‍ തന്ന കരുത്തും ആണ്. ഇത് നിങ്ങളെ തന്നെയാണ് ആദ്യം അറിയിക്കേണ്ടത്. വലിയ കുതിപ്പാണ് ‘ലൂസിഫര്‍’ നടത്തിക്കൊണ്ടിരിക്കുന്നത്.
നിങ്ങളെയേവരെയും
ഈ സിനിമയിലൂടെ രസിപ്പിക്കാന്‍ കഴിഞ്ഞു എന്നത് വലിയ ഒരു കാര്യമാണ് ഞങ്ങള്‍ക്ക്. ഇന്ത്യന്‍ സിനിമ വ്യവസായം ഒന്നടങ്കം ”ലൂസിഫ”റിനെ ഉറ്റു നോക്കുന്ന ഈ വേളയില്‍, നമുക്ക് ഏവര്‍ക്കും അഭിമാനിക്കാം, ആഹ്ലാദിക്കാം.
എന്ന്,
നിങ്ങളുടെ സ്വന്തം
ടീം എല്‍

 

യുവ താരങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് അപര്‍ണ്ണ ബാലമുരളി. മഹേഷിന്റെ പ്രതികാരം എന്ന് ചിത്രത്തിലൂടെയാണ് നായികയായി താരം ചുവട് വെയ്ക്കുന്നത്. ശ്രദ്ധേയ വേഷങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ അപര്‍ണ്ണ സൂര്യയുടെ നായികയാകുന്നു എന്നാണ് പുതിയ വാര്‍ത്ത. എന്‍ജികെ, കാപ്പാന്‍ എന്നീ ബിഗ് ബഡ്ജറ്റ് ചിത്രങ്ങള്‍ക്കു പിന്നാലെ ഒരുങ്ങുന്ന സൂര്യയുടെ പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് സുധ കൊങ്ങരയാണ്. ദ്രോഹി, ഇരുതുസുട്രു, ഗുരു തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് സുധ.

സൂര്യയുടെ 38ാം ചിത്രമാണിത്. ചിത്രത്തിന് പേര് നിശ്ചയിച്ചിട്ടില്ല. ചിത്രത്തിന്റെ പൂജ ചെന്നൈയില്‍ നടന്നു. ഇതിന്റെ ചിത്രങ്ങള്‍ അപര്‍ണ്ണ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. സൂര്യയ്ക്കും അപര്‍ണയ്ക്കും പുറമെ ശിവകുമാര്‍, കാര്‍ത്തി, ജിവി പ്രകാശ് കുമാര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് എപ്രില്‍ ഏട്ടിന് ആരംഭിക്കും. എയര്‍ ഡെക്കാന്‍ വിമാന കമ്പനി സ്ഥാപകന്‍ ക്യാപ്റ്റന്‍ ഗോപിനാഥിന്റെ ബയോപിക്കാണ് ചിത്രമെന്നാണ് സൂചന. അപര്‍ണ്ണയുടെ രണ്ടാമത്തെ തമിഴ് ചിത്രമാണിത്.

സൂര്യയുടെ തന്നെ പ്രൊഡക്ഷന്‍ ബാനറായ 2ഡി എന്റര്‍ടെയ്ന്‍മെന്റാണ് ചിത്രം നിര്‍മ്മിക്കുന്നത്. നികേത് ബൊമി റെഡ്ഡി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമയുടെ പ്രൊഡക്ഷന്‍ ഡിസൈന്‍ ജാക്കിയും എഡിറ്റിങ്ങ് സതീഷ് സൂര്യയുമാണ് നിര്‍വ്വഹിക്കുന്നത്.

Image may contain: 30 people, people smiling, people standing

മലയാളത്തിന്റെ പ്രിയ നടന്‍ അനശ്വരനായ സത്യന്റെ ജീവിതം സിനിമയാകുന്നു. സത്യന്‍റെ ജീവിതം വെള്ളിത്തിരയില്‍ എത്തിക്കുന്നത് യുവതാരം ജയസൂര്യയാണ്. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നാണ് റിപ്പോര്‍ട്ട്. ഫുട്ബോള്‍ താരം വി.പി സത്യന്റെ ക്യാപ്റ്റന് ശേഷം ജയസൂര്യ അഭിനയിക്കുന്ന രണ്ടാമത്തെ ബയോപിക് ആയിരിക്കും ഈ ചിത്രം. ക്യാപ്റ്റനിലെയും ഞാന്‍ മേരിക്കുട്ടിയിലെയും അഭിനയത്തിന് കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരവും ജയനെ തേടിയെത്തിയിരുന്നു.

തൃശ്ശൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ക്ഷുഭിതനായി തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയും നടനുമായ സുരേഷ് ഗോപി. തൃശൂര്‍ അതിരൂപതയിലെ എളവള്ളി ഇടവക പള്ളിയിലും സമീപസ്ഥലങ്ങളിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയതാണ് സുരേഷ് ഗോപി. താരത്തെ കണ്ടതും പള്ളിയിലെ കുട്ടികള്‍ ഓടികൂടുകയും സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. തൃശൂര്‍ ജില്ലയിലെ ബിജെപി നേതാക്കളും സുരേഷ് ഗോപിക്കൊപ്പമുണ്ടായിരുന്നു. ഇതിനിടയിലാണ് സുരേഷ് ഗോപിക്കൊപ്പം സെല്‍ഫിയെടുക്കാന്‍ വിദ്യാര്‍ഥി ശ്രമിച്ചത്. പുറകില്‍ നിന്നിരുന്ന വിദ്യാര്‍ഥി സെല്‍ഫിയെടുക്കാന്‍ തോളില്‍ കൈവച്ചതും സുരേഷ് ഗോപി ക്ഷുഭിതനായി.

വിദ്യാര്‍ഥിയുടെ കൈ അദ്ദേഹം തട്ടിമാറ്റുന്നതും രൂക്ഷമായി വിദ്യാര്‍ഥിയെ നോക്കുന്നതും വീഡിയോയില്‍ കാണാം. തനിക്ക് ചുറ്റും കൂടിയ വിദ്യാര്‍ഥികള്‍ക്കൊപ്പം ഏതാനും സമയം ചെലവഴിച്ചാണ് പിന്നീട് സുരേഷ് ഗോപി അവിടെ നിന്ന് മടങ്ങിയത്. തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയായ സുരേഷ് ഗോപിയുടെ പ്രചാരണം ജില്ലയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയായ സുരേഷ് ഗോപിയുടെ പ്രചാരണം ജില്ലയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷം സുരേഷ് ഗോപി നടത്തിയ പ്രസംഗം വിവാദമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി 15 ലക്ഷം രൂപ അണ്ണാക്കിലേക്ക് തള്ളി തരുമെന്ന് കരുതിയോ എന്ന് അദ്ദേഹം പ്രസംഗത്തിനിടെ ചോദിക്കുകയായിരുന്നു. ഇത് പിന്നീട് വലിയ വിവാദമായിരുന്നു.

ബാഹുബലിക്ക് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ആര്‍ ആര്‍ ആര്‍. 400 കോടിയിധികം ബജറ്റ് പ്രതീക്ഷിക്കുന്ന സിനിമയില്‍ നിന്നും പിന്മാറുന്നുവെന്നാണ് ബ്രിട്ടീഷ് നടി ഡെയ്‌സി എഡ്ജര്‍ ജോണ്‍സ് ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്.

കുടുംബസാഹചര്യങ്ങള്‍ കാരണമാണ് താന്‍ ഇത്രയും നല്ലൊരു ചിത്രത്തില്‍ നിന്നും പിന്മാറുന്നതെന്ന് ഡെയ്‌സി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഉജ്ജ്വലമായ തിരക്കഥയില്‍ ഇറങ്ങുന്ന സിനിമയില്‍ വലിയൊരു കഥാപാത്രമായിരുന്നു തന്റേത്. തനിക്ക് ലഭിച്ച സ്വീകാര്യത തനിക്ക് പകരം വരുന്ന നടിക്കും ലഭിക്കട്ടെയെന്ന് ഡെയ്‌സി ആശംസിച്ചു. ആര്‍ ആര്‍ ആറിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലും നടി പിന്മാറിയ കാര്യം അറിയിച്ചിട്ടുണ്ട്. മാഡലും നടിയുമായ ഡെയ്‌സിയുടെ സ്വദേശം ലണ്ടനാണ്. 15 വയസ്സ് മുതല്‍ അഭിനയിക്കുന്ന നടി ടിവി സീരിയലുകളിലൂടെയാണ് ശ്രദ്ധേയമായത്.

2018 നവംബര്‍ 19ന് ആര്‍ ആര്‍ ആറിന്റെ ചിത്രീകരണം ആരംഭിച്ചുവെന്ന് രാജമൗലി ട്വീറ്റ് ചെയ്തിരുന്നു. 2020 ജൂലൈ 30ന് റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ബോളിവുഡ് നടി ആലിയ ഭട്ടും ചിത്രത്തിലുണ്ടെന്നതാണ് മറ്റൊരു സവിശേഷത.
1920കളിലെ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യസമര സേനാനികളുടെ കഥയാണ് ചിത്രം പറയുന്നത്. തമിഴ്‌നടന്‍ സമുദ്രക്കനിയും ചിത്രത്തിലെത്തും. ഡിവിവി എന്റര്‍ടെയ്‌മെന്റ്‌സിന്റെ ബാനറില്‍ ഡിവിവി ധനയ്യയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

സത്യന്‍ അന്തിക്കാടിന്റെ പുതിയ വീട്ടിലേക്ക് ആദ്യമായാണ് സുരേഷ്ഗോപി വരുന്നത്. സിനിമ നടനായല്ല, സ്ഥാനാര്‍ഥിയായി വോട്ടു ചോദിക്കാന്‍.ഇതൊരു നിയോഗമാണെന്ന് സത്യന്‍ അന്തിക്കാട് പറഞ്ഞു. പ്രാര്‍ഥനകള്‍ ഒപ്പമുണ്ടാകുമെന്ന് വോട്ടഭ്യര്‍ഥനയ്ക്കു മറുപടിയായി സത്യന്‍ അന്തിക്കാട് സുരേഷ് ഗോപിയോട് പറഞ്ഞു.

സിനിമാ മോഹവുമായി ചെന്നൈയില്‍ താമസിക്കുന്ന കാലം. സുരേഷ് ഗോപി നിരവധി സംവിധായകരുടെ സെറ്റുകളില്‍ പോയി. ഒരു ചാന്‍സ് കിട്ടാന്‍. മോഹന്‍ലാലിനെ നായകനാക്കി സത്യന്‍ അന്തിക്കാട് ടി.പി.ബാലഗോപാലന്‍ എം.എ സിനിമ സംവിധാനം ചെയ്യുന്ന സമയം. സുരേഷ് ഗോപി പലതവണ സെറ്റില്‍ വന്ന് ചാന്‍സ് ചോദിച്ചു. മനസലിഞ്ഞപ്പോള്‍ സത്യന്‍ അന്തിക്കാട് ഒരു റോള്‍ വച്ചുനീട്ടി. നായകന്‍റെ സഹോദരിയെ പെണ്ണു കാണാന്‍ വരുന്ന ചെക്കന്‍റെ റോള്‍. അന്ന്, സുരേഷ് ഗോപി സൂപ്പര്‍ സ്റ്റാറായിട്ടില്ല. അന്ന് മോഹന്‍ലാല്‍ സ്റ്റാറാണ്. നായകന്‍റെ മുന്നില്‍വച്ച് സീനിന്‍റെ കാര്യം ഗൗരവമായി പറഞ്ഞ സത്യന്‍ അന്തിക്കാടിനെ സുരേഷ് ഗോപി ഓര്‍ത്തെടുത്തു.

പിന്നെ, ശ്രീധരന്‍റെ ഒന്നാം തിരുമുറിവില്‍ നല്ലൊരു റോള്‍. സമൂഹം എന്ന സിനിമയിലും മികച്ച റോള്‍. ഇങ്ങനെ, മൂന്നു സിനിമകളിലാണ് സത്യന്‍ അന്തിക്കാട് സുരേഷ് ഗോപിയെ അഭിനയിപ്പിച്ചത്. ടി.പി.ബാലഗോപാലന്‍ സിനിമ ഇപ്പോള്‍ ടിവിയില്‍ വരുമ്പോള്‍ പലരും ഇതു സുരേഷ് ഗോപിയല്ലേയെന്ന കാര്യം ചോദിക്കാറുണ്ടെന്ന് ഇരുവരും പറഞ്ഞു.

മകന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ സുരേഷ് ഗോപി അഭിനയിക്കുന്നുണ്ട്. നടി ശോഭനയ്ക്കും നസ്രിയയ്ക്കും ഒപ്പം. ചിത്രീകരണം തുടങ്ങിയിട്ടില്ല. തന്റെ അടുത്ത തലമുറയുമായി സുരേഷ് ഗോപി അഭിനയിക്കുന്നതിലെ സന്തോഷം സത്യന്‍ അന്തിക്കാട് പങ്കുവച്ചു. പേരക്കുട്ടി അദ്വൈതിനെ കയ്യിലെടുത്തപ്പോള്‍ കുഞ്ഞ് സുരേഷ് ഗോപിയുടെ കൂളിങ് ഗ്ലാസ് എടുത്തതും കൂടിക്കാഴ്ചയില്‍ ചിരി പടര്‍ത്തി. സത്യന്‍ അന്തിക്കാടിന്റെ കുടുംബാംഗങ്ങളോടും വോട്ടഭ്യര്‍ഥിച്ച ശേഷമാണ് സ്ഥാനാര്‍ഥി മടങ്ങിയത്.

 

ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ആനന്ദവല്ലി അന്തരിച്ചു.തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. 66 വയസ്സായിരുന്നു. ദേവി കന്യാകുമാരി’ എന്ന ചിത്രത്തില്‍ നടി രാജശ്രീക്ക് ശബ്ദം നല്‍കികൊണ്ടാണ് ഡബ്ബിങ് മേഖലയിലേക്കെത്തിയത്. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന സിനിമയില്‍ പൂര്‍ണിമ ജയറാമിനു വേണ്ടി ഡബ്ബ് ചെയ്തു. മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റിനുളള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരമടക്കം നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.

സിനിമയില്‍ ഞാൻ ശരീരവും ആനന്ദവല്ലി എന്റെ ശബ്ദവുമായിരുന്നു. ശബ്ദം പോയപ്പോഴുള്ള ഒരു മാനസികാവസ്ഥയിലാണ് ഞാനിപ്പോൾ. വളരെ നല്ലൊരു സൗഹൃദമായിരുന്നു ആനന്ദവല്ലിയുമായി ഉണ്ടായിരുന്നത്. ആദ്യകാലത്ത് അവരുടെയും ഞങ്ങളുടെയുമെല്ലാം താവളം ആയിരുന്നു മദ്രാസ്. ഒന്നിച്ച് ജോലി ചെയ്യുന്ന കാലത്ത് ഷൂട്ടിങ് ഇല്ലാത്ത സമയങ്ങളിൽ ഞങ്ങൾ​ അവരുടെ വീട്ടിൽ പോവുകയും അവർ ഞങ്ങളുടെ വീട്ടിൽ വരികയുമൊക്കെ ചെയ്യുമായിരുന്നു. പിന്നീട് ഞങ്ങൾ തിരുവനന്തപുരത്തേക്ക് താമസം മാറി, അവരും തിരുവനന്തപുരത്തേക്ക് വന്നു.

മകൻ ദീപന്റെ മരണം അവരെ വല്ലാതെ തളർത്തിയിരുന്നു. അകാലത്തിലുള്ള ആ മരണത്തിനും മുൻപ് ദീപന്റെ ആദ്യ ഭാര്യയും ആനന്ദവല്ലിയുടെ അമ്മയും കൊല ചെയ്യപ്പെട്ട ഒരു ദുരനുഭവവും ഉണ്ടായി. മോഷണ ശ്രമത്തിനിടെയായിരുന്നു അത് സംഭവിച്ചത്. ആ ദുരന്തത്തിന്റെ വേദന അവരെ എന്നും വേട്ടയാടിയിരുന്നു. എപ്പോൾ കാണുമ്പോഴും അവർ അതിനെ കുറിച്ച് പറഞ്ഞു വിഷമിക്കുമായിരുന്നു. കൊലപാതകങ്ങൾ നടന്ന ആ വീടിന്റെ ഭാഗത്തേക്ക് പോകാൻ പേടിയാവുന്നു എന്നു പറയുമായിരുന്നു.

ജീവിതത്തിന്റ കയ്പേറിയ കുറേയേറെ അനുഭവങ്ങൾ ഉണ്ടായിട്ടും അവർ പിടിച്ചുനിന്നു, മറ്റാരെങ്കിലും ആയിരുന്നു അവരുടെ സ്ഥാനത്തെങ്കിൽ പിടിച്ചു നിൽക്കുമായിരുന്നോ എന്ന് സംശയമാണ്. അമ്മയും ഗർഭിണിയായ മരുമകളും കൊലചെയ്യപ്പെട്ടുന്നു,അമ്മ ജീവിച്ചിരിക്കെ മകൻ മരിക്കുന്നു. ഇത്രയൊക്കെ അനുഭവിക്കേണ്ടി വന്നിട്ടും അവരുടെ മുഖത്ത് എപ്പോഴും ഒരു ചിരിയുണ്ടായിരുന്നു.

മകനും മരുമകളും അമ്മയുമെല്ലാം പോയിട്ടും അവർ ജീവിതത്തെ വെല്ലുവിളിയോടെ നേരിട്ടു. ഞങ്ങളെയെല്ലാം വിളിച്ച് സംസാരിക്കുന്നതിൽ ആയിരുന്നു അവർ സന്തോഷം കണ്ടെത്തിയിരുന്നത്. ഞങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ മീറ്റിങ്ങുകൾക്ക് സ്ഥിരമായി വരുമായിരുന്നു. “എല്ലാവരെയും കണ്ട് സംസാരിക്കാലോ, അതൊക്കെയല്ലേ ഒരു സന്തോഷം മേനകാ,” എന്നു ചോദിക്കും. അതൊക്കെ അവർക്കൊരു ആശ്വാസമായിരുന്നു.

ജീവിതത്തെ വെല്ലുവിളിച്ച് അവർ മുന്നോട്ടു പോകുന്നതിനിടയിലാണ് അസുഖങ്ങൾ അവരെ തളർത്തി തുടങ്ങിയത്. രോഗങ്ങൾ മൂലമുള്ള ബുദ്ധിമുട്ടുകൾ അവർ അനുഭവിച്ചു, മരുന്നിനൊക്കെ ഏറെ ബുദ്ധിമുട്ടി. അവരുടെ കഷ്ടപ്പാടുകളെല്ലാം ഏറെ അടുത്തു നിന്നവരായിരുന്നതിനാൽ ഞാനും സുരേഷേട്ടനും ഭാഗ്യലക്ഷ്മിയും ഒക്കെ അറിഞ്ഞിരുന്നു. അവരുടെ ബുദ്ധിമുട്ടേറിയ കാലത്ത് കൂടെ നിൽക്കാനും സഹായിക്കാനും സാധിച്ചു എന്നതാണ് ആശ്വാസം.

അസുഖങ്ങൾ ബുദ്ധിമുട്ടിക്കുമ്പോഴും അവർ ഉത്സാഹത്തോടെ തന്നെ ആളുകളോട് സംസാരിക്കുകയും ഇടപഴകുകയും ഒക്കെ ചെയ്തിരുന്നു. കഴിഞ്ഞ ആഴ്ച വരെ അവർ ഫെയ്സ്ബുക്കിലും ആക്റ്റീവ് ആയിരുന്നു. പെട്ടെന്നാണ് രോഗം മൂർച്ഛിച്ച് അബോധാവസ്ഥയിലായത്. ബ്രെയിൻ ഡെത്ത് സംഭവിച്ചിരുന്നതിനാൽ വെന്റിലേറ്ററിനും രക്ഷിക്കാനായില്ല. ഒരു ഉറക്കത്തിലെന്ന പോലെയാണ് അവർ മരണത്തിലേക്കു നടന്നുപോയത്.

ആനന്ദവല്ലി ഇനിയില്ല എന്നോര്‍ക്കുമ്പോള്‍ വിഷമമുണ്ട്. എനിക്ക് എത്രയോ പേർ ഡബ്ബ് ചെയ്തിട്ടുണ്ട്. ലിസി, ഭാഗ്യലക്ഷ്മി, തുടങ്ങി നിരവധിയേറെ ഡബ്ബിങ് ആർട്ടിസ്റ്റുകൾ. പക്ഷെ എന്റെ മെച്വേർഡ് വോയിസ് എല്ലാം ആനന്ദവല്ലിയാണ് ഡബ്ബ് ചെയ്തത്. വളരെ അനായേസേന അവർക്ക് ശബ്ദം മാറ്റി ഡബ്ബ് ചെയ്യാൻ സാധിക്കുമായിരുന്നു. ‘കൂട്ടിനിളംകിളി’ എന്ന ചിത്രത്തിൽ അവർ അഭിനയിക്കുമ്പോൾ അതിലൊരു നാണിത്തള്ള എന്ന കഥാപാത്രം ഉണ്ടായിരുന്നു.

സിനിമ കണ്ടപ്പോൾ ‘ആ നാണിത്തള്ളയാണോ ഡബ്ബ് ചെയ്തിരിക്കുന്നത്, എങ്ങനെ നിങ്ങൾ അവരെ കൊണ്ട് ഡബ്ബ് ചെയ്യിപ്പിച്ചു?’ എന്നു ഞാൻ സംവിധായകനോട് ചോദിച്ചു. അല്ല, അത് ആനന്ദവല്ലി ചെയ്തതാണെന്നായിരുന്നു മറുപടി. അത്രയേറെ പെർഫെക്റ്റ് ആയിട്ടായിരുന്നു അവർ ശബ്ദം നൽകിയത്. പ്രൊഡ്യൂസർമാര്‍ക്കും സംവിധായകർക്കും ആർട്ടിസ്റ്റുകൾക്കുമെല്ലാം ഇഷ്ടമുള്ള കലാകാരിയായിരുന്നു ആനന്ദവല്ലി. ആ ശബ്ദം ഇനിയില്ല എന്നത് തീരാവേദനയാണ്.

 

വൈശാഖ് സംവിധാനം ചെയ്‍ത പോക്കിരിരാജയില്‍ മമ്മൂട്ടിയും പൃഥ്വിരാജും ആയിരുന്നു പ്രധാന കഥാപാത്രങ്ങളായി എത്തിയത്. ചിത്രത്തിന്റെ രണ്ടാം ഭാഗമായ മധുരരാജയില്‍ പൃഥ്വിരാജ് ഇല്ല. എന്തുകൊണ്ടാണ് പൃഥ്വിരാജ് ഇല്ലാത്തത് എന്നതിന് രസകരമായ മറുപടിയുമായി എത്തിയിരിക്കുകയാണ് മമ്മൂട്ടി. പോക്കരിരാജയില്‍ തന്റെ സഹോദരനായെത്തിയത് പൃഥ്വിരാജ് ആണ്. എന്നാല്‍ അയാള്‍ വിവാഹം കഴിഞ്ഞ് ലണ്ടനിലായതിനാല്‍ മധുരരാജയുടെ കഥ നടക്കുന്ന സഥലത്ത് എത്തിപ്പെടാന്‍ കഴിഞ്ഞില്ലെന്നായിരുന്നു മമ്മൂട്ടിയുടെ തമാശ. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.

എല്ലാത്തരം സിനിമകളിലും അഭിനനയിക്കണം എന്നതാണ് ആഗ്രഹമെന്നും മമ്മൂട്ടി പറയുന്നു. നടനാകുമ്പോൾ എല്ലാ കഥാപാത്രങ്ങളും പരിശ്രമിക്കണമെന്നുണ്ട്. അതിനുള്ള ധൈര്യം 36 വർഷമായി രംഗത്തുള്ള തനിക്ക് പ്രേക്ഷകർ തന്നിട്ടുണ്ട്. സിനിമയ്ക്ക് ദേശകാലാന്തരങ്ങളില്ല. മാനുഷിക വികാരങ്ങള്‍ക്കോ മൂല്യങ്ങള്‍ക്കോ കാലങ്ങള്‍ക്കനുസരിച്ച് മാറ്റമുണ്ടാകുമെന്നും തോന്നുന്നില്ല. നന്മയുടെ ഭാഗത്തുള്ള സിനിമയാണ് മധുരരാജയെന്നും മമ്മൂട്ടി പറയുന്നു.

നടിയെ ആക്രമിച്ച കേസിൽ രഹസ്യ വിചാരണ നടത്താ​മെന്ന്​ എറണാകുളം സി.ബി.ഐ വിചാരണ കോടതി ഉത്തരവ്​. കേസി​​​​​ന്റെ പ്രത്യേക സ്വഭാവം പരിഗണിച്ചാണ്​ കോടതി തീരുമാനം. ദിലീപ്​ ആവശ്യപ്പെട്ട രേഖകൾ കൈമാറാമെന്നും അതിൽ തടസമില്ലെന്നും കോടതി അറിയിച്ചു. എന്നാല്‍ ഏതൊക്കെ രേഖകളാണ്​ കൈമാറാൻ കഴിയാത്തതെന്ന്​ പ്രോസിക്യൂഷൻ വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

കേസിലെ മുഴുവന്‍ പ്രതികളോടും ഇന്ന് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടെങ്കിലും ആരും ഹാജരായില്ല. കേസിൽ ദിലീപിനെതിരെ ഉടൻ കുറ്റം ചുമത്തില്ലെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ഇന്നലെ അറിയിച്ചിരുന്നു. സുപ്രീം കോടതിയിലെ ഹർജി തീർപ്പാക്കുന്നതു വരെ കുറ്റം ചുമത്തരുതെന്ന ദിലീപിന്റെ ആവശ്യത്തെ തുടർന്നാണിത്.

നടി ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യമടങ്ങിയ മെമ്മറി കാർഡിന്റെ പകർപ്പ്​ ആവശ്യ​പ്പെട്ടുള്ള ദിലീപിന്റെ ഹർജി പരിഗണിക്കുന്നത്​ അടുത്ത മാസം ഒന്നാം തീയതിയിലേക്ക്​ മാറ്റി. നേരത്തെ ഹൈക്കോടതിയിൽ ഈ ആവശ്യമുന്നയിച്ചെങ്കിലും മെമ്മറി കാർഡ് കേസിലെ​ തൊണ്ടിയാണെന്നും നൽകാൻ സാധിക്കില്ലെന്നും കാണിച്ച്​ ഹൈക്കോടതി ഹർജി തള്ളുകയായിരുന്നു.

ആറ് മാസത്തിനകം വിചാരണ പൂർത്തിയാക്കമെന്നാണ് ഹൈക്കോടതിയുടെ നിർദ്ദേശം. നടിയെ ആക്രമിച്ച കേസിൽ വിചാരണ വൈകിപ്പിക്കാൻ പ്രതിഭാഗം ശ്രമിക്കുകയാണെന്ന് ഹൈക്കോടതി വിമർശിച്ചിരുന്നു.ഫെബ്രുവരി 17നാണ് കൊച്ചിയിൽ നടി ആക്രമിക്കപ്പെടുന്നത്. കൊച്ചിയ്ക്കടുത്ത് ദേശീയപാതയിലൂടെ സഞ്ചരിച്ച സിനിമാനടിയുടെ കാറിൽ അതിക്രമിച്ചു കയറിയ സംഘം അപകീർത്തികരമായ വീഡിയോ ചിത്രീകരിച്ചു. ഫെബ്രുവരി 18ന് സംഭവസമയത്ത് നടിയുടെ കാറോടിച്ചിരുന്ന മാർട്ടിൻ ആൻറണി പിടിയിലായി. സുനിൽകുമാർ അടക്കം 6 പേർക്കെതിരെ പോലീസ് കേസെടുത്തിരുന്നു.

കേസിൽ ജൂൺ 18ന് സുനിൽകുമാറിനെ ഒന്നാംപ്രതിയാക്കി അങ്കമാലി ഫസ്റ്റ്കൽസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. മൊത്തം 7 പ്രതികളും 165 സാക്ഷികളുമുണ്ട്. ജൂലൈ 10നാണ് കേസിൽ ദിലീപ് അറസ്റ്റിലാവുന്നത്. ആലുവ പൊലീസ് ക്ലബിൽവെച്ച് ദിലീപിനെ വൈകിട്ട് ആറരയോടെയാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എറണാകുളത്തെ ഇടതു സ്ഥാനാര്‍ത്ഥി പി. രാജീവ് എത്തിയത് ഫഹദ് ഫാസിലിന്റെ സിനിമാ ലൊക്കേഷനില്‍. ലൊക്കേഷനില്‍ എത്തിയ സ്ഥാനാര്‍ത്ഥിക്ക് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്.

ഫഹദ് ഫാസിലിന് പുറമെ രാജീവിന്റെ സുഹൃത്തുക്കളും ചലച്ചിത്ര പ്രവര്‍ത്തകരുമായ അന്‍വര്‍ റഷീദ്, അമല്‍ നീരദ് എന്നിവര്‍ ചേര്‍ന്നാണ് സ്ഥാനാര്‍ത്ഥിയെ വരവേറ്റത്. കലൂര്‍ എജെ ഹാളില്‍ ഷൂട്ടിംഗ് പുരോഗമിക്കുന്ന ട്രാന്‍സ് സിനിയുടെ ലൊേക്കേഷനിലേയ്ക്കാണ് തന്റെ സുഹൃത്തുക്കളെ കാണാനായി പ്രചാരണത്തിരക്കിനിടെ പി രാജീവ് എത്തിയത്. സിനിമയിലെ നായകന്‍ ഫഹദ് ഫാസിലും സംവിധായകന്‍ അന്‍വര്‍ റഷീദും ഛായാഗ്രാഹകന്‍ അമല്‍ നീരദും ചേര്‍ന്ന് രാജീവിനെ സ്വീകരിച്ചു.

Image may contain: 5 people, people smiling, people standing and indoor

മൂവര്‍ക്കുമൊപ്പം ഫഹദിന്റെ ഭാര്യയും നടിയുമായ നസ്രിയയുമുണ്ടായിരുന്നു. തുടര്‍ന്ന് സുഹൃത്തുക്കള്‍ക്കൊപ്പം ഉച്ചഭക്ഷണം. പിന്നീട് രാജീവിനെ യാത്രയാക്കുന്നതിനു മുന്‍പ് എല്ലാവരുടെയും വക സ്ഥാനാര്‍ത്ഥിക്ക് വിജയാശംസ. സുഹൃത്തുക്കളെ കണ്ട സന്തോഷം രാജീവ് പങ്കുവെക്കുന്നതിനിടെ അമല്‍ നീരദിന്റെ കമന്റ് ഇങ്ങനെ.

Image may contain: 10 people, people smiling, people standing

‘പി രാജീവിന്റെ കല്യാണം നടന്നത് ഇതേ ഹാളിലാണ്. അതേ.. അപ്പോള്‍ ഭക്ഷണം കഴിക്കാന്‍ പ്രത്യേക സുഖമുണ്ടെന്ന് രാജീവിന്റെ മറുപടി’ കുടുംബാംഗങ്ങളോട് തന്റെ അന്വേഷണം പറയണമെന്നായിരുന്നു യാത്ര പറഞ്ഞിറങ്ങവെ രാജീവിനോട് നസ്രിയക്ക് പറയാനുണ്ടായിരുന്നത്. ഒരു മണിക്കൂറോളം സുഹൃത്തുക്കള്‍ക്കൊപ്പം ചെലവിട്ട ശേഷമാണ് രാജീവ് ലൊക്കേഷനില്‍ നിന്ന് മടങ്ങിയത്.

Copyright © . All rights reserved