Movies

ഷൂട്ടിങ്ങിനിടെ താരം അപകടത്തില്‍പ്പെട്ടു. കല്ലാര്‍കുട്ടി ഡാമിലെ ഷൂട്ടിങ്ങിനിടയിലാണ് നടന്‍ അഷ്‌കര്‍ സൗദന്‍ വെള്ളത്തില്‍ മുങ്ങിപ്പോയത്. രാത്രി 9 മണിയോടെയായിരുന്നു അപകടം. ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് താരത്തെ രക്ഷപ്പെടുത്തിയത്.

മൂന്നാം പ്രളയം എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് അപകടം. സംവിധായകന്‍ രതീഷ് രാജു, നിര്‍മാതാവ് ദേവസ്യ, സഹതാരം ബേസില്‍ മാത്യു എന്നിവരാണ് താരത്തെ രക്ഷപ്പെടുത്തിയത്.

പുല്‍വാമയിലെ ജവാന്‍മാരുടെ മരണവും കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളും ഭീകരത തന്നെയെന്ന് മോഹന്‍ലാല്‍. പെരിയയിലെ ഇരട്ടക്കൊലപാതകം പരോക്ഷമായി സൂചിപ്പിച്ചാണ് മോഹന്‍ലാലിന്റെ ബ്ലോഗ്. ‘അവര്‍ മരിച്ചുകൊണ്ടേയിരിക്കുന്നു, നാം ജീവിക്കുന്നു’ എന്ന തലക്കെട്ടിലാണ് ബ്ലോഗിന്‍റെ തുടക്കം. ജവാൻമാർ രാജ്യത്തിൻറെ കാവൽക്കാരാണെങ്കിൽ ഇവിടെ കൊല്ലപ്പെടുന്നത് കുടുംബത്തിന്‍റെ കാവല്‍ക്കാരാണെന്ന് ബ്ലോഗില്‍ പറയുന്നു.

ബ്ലോഗ് പോസ്റ്റിന്‍റെ പൂർണരൂപം

അവർ മരിച്ചുകൊണ്ടേയിരിക്കുന്നു…. നാം ജീവിക്കുന്നു
കുറച്ച് കാലമായി എഴുതിയിട്ട്…. പറയാനും എഴുതാനും ഒരുപാട് കാര്യങ്ങളുണ്ട്. പക്ഷെ…. എന്തിന്. ആരോട് പറയാൻ!!! ആര് കേൾക്കാൻ. ഇപ്പോൾ എഴുതണം എന്ന് തോന്നി….. അതിനാൽ ഒരു കുറിപ്പ്….
വടക്ക് നിന്നും വീണ്ടും മൃതേദഹ പേടകങ്ങൾ വിറങ്ങലിച്ച് നിൽക്കുന്ന വീട്ടുമുറ്റങ്ങളിലെത്തി…. പ്രിയപ്പെട്ടവന്റെ ചിതറിയ ശരീരം ആ പേടകങ്ങളിൽ വെള്ള പുതുച്ചുകിടന്നു.
തീഗോളമായി ചിതറും മുമ്പ് അവർ ആരോടൊക്കെയോ സംസാരിച്ചിരുന്നു; അമ്മയോട്, അച്ഛനോട്, ഭാര്യയോട്, പൊന്നുമക്കളോട്…..

ആരോടൊക്കെയോ അവർ വിശേഷങ്ങൾ പങ്കുവച്ചു….വേഗം വരാം എന്ന് ആശ്വസിപ്പിച്ചു. ‘ഒന്നും സംഭവിക്കില്ല’ എന്ന് പ്രതീക്ഷിച്ചു.

കശ്മീരിന്റെ തണുപ്പിനെ നേരിടാൻ അവർക്ക്, ആ ജവാന്മാർക്ക് പ്രിയപ്പെട്ടവരുടെയും, കാത്തിരിക്കുന്നവരുടെയും, സ്നേഹച്ചൂട് മതിയായിരുന്നു….
ആ ചൂടിൽ, അവർ ചിറകൊതുക്കവെ മരണം അവന്റെ രൂപത്തിൽ വന്നു. സ്വയം ചിതറി, മറ്റുള്ളവരെ കൊല്ലുന്ന നാണമില്ലാത്ത, ഭീരുവിന്റെ രൂപത്തിൽ…. തണുത്ത നിലങ്ങളിൽ അവർ ചിതറി…. ഭൂമി വിറച്ചു: പർവതങ്ങൾ ഉലഞ്ഞു. തടാകങ്ങൾ നിശ്ചലമായി…… ദേവദാരുക്കൾ പോലും കണ്ണടച്ച് കൈകൂപ്പി…. പിന്നീടവർ മൃതദേഹ പേടകങ്ങളിലേറി വീടുകളിലേക്ക് പോയി. എല്ലാ പ്രതീക്ഷകളും ഒരു വലിയ വിലാപത്തിൽ മുങ്ങി. ആ വിടുകളിൽ സൂര്യൻ അസ്തമിച്ചു. ഇനിയൊരു ഉദയമില്ലാതെ………..

ആ വീരജവാന്മാർ പോയ വഴികളിലൂടെ ഒന്നിലധികം തവണ ഞാൻ കടന്നുപോയിട്ടുണ്ട്. നടനായിട്ടാണെങ്കിലും അവർ നിന്നയിടങ്ങളിൽ നിന്ന്, ആ ചങ്കിടുപ്പുകളെ സ്വാംശീകരിക്കാൻ ശ്രമിച്ചിട്ടുണ്ട്…..
അവരുടെ വേദനകൾ, സങ്കടങ്ങൾ, പരാതികൾ കേട്ടിട്ടുണ്ട്.

അവർ പകർന്ന കരുതലിന്റെ സുരക്ഷിതത്വം അനുഭവിച്ചിട്ടുണ്ട്. ഓരോ നിമിഷവും, അവരുടെ പാദങ്ങളിൽ പ്രണമിക്കാൻ തോന്നിയിട്ടുണ്ട്.

ശമ്പളത്തിന് മാത്രമല്ല നമ്മുടെ ധീരജവാന്മാർ ജോലി ചെയ്യുന്നത്, മരണം മുന്നിൽ വന്ന് നിൽക്കുമ്പോൾ അവർ അതിനെക്കുറിച്ച് ഓർക്കാറേയില്ല. ശത്രുക്കൾ പതുങ്ങുന്ന അതിർത്തിയിലേക്ക് കണ്ണുനട്ടിരിക്കുമ്പോൾ തനിക്ക് പിറകിൽ ഒരു മഹാരാജ്യമാണ് പരന്നുകിടക്കുന്നത് എന്ന കാര്യം അവനറിയാം. താൻ മരിച്ചാലും രാജ്യം ജീവിക്കണം, സുരക്ഷിതമാകണം, സുഖമായുറങ്ങണം, ഉണരണം, ഉയരങ്ങളിലേക്ക് വളരണം.

ഓരോ ജവാനും ഓരോ നിമിഷവും ഇതുപറയുന്നു. അതാണ് നമ്മെ ജീവിപ്പിക്കുന്നത്.
ആ ജന്മകടത്തിന് മുന്നിൽ സാഷ്ടാംഗ പ്രണാമം…….

ഞങ്ങൾക്കറിയാം….. നിങ്ങൾ മരിച്ചുകൊണ്ടേയിരിക്കുന്നു. ഞങ്ങൾ ജീവിക്കുന്നു. നിസാര കാര്യങ്ങൾക്ക് കലഹിച്ചുകൊണ്ട്, നിരർത്ഥ‌ക മോഹങ്ങളിൽ മുഴുകിക്കൊണ്ട്…………..

രാജ്യത്തിന്റെ വടക്ക് ഭാഗത്ത് ജവാന്മാർ കൊല്ലപ്പെടുമ്പോൾ, നമ്മുടെ നാട്ടിലും കൊലപാതകങ്ങൾ നടക്കുന്നു.

രണ്ടും ഭീകരത തന്നെ…. ജവാന്മാർ രാജ്യത്തിന്റെ കാവൽക്കാരാണെങ്കിൽ ഇവിടെ കൊല്ലപ്പെടുന്നവർ കുടുംബത്തിന്റെ കാവൽക്കാരായിരുന്നു.

അതിർത്തിക്കപ്പുറത്തുള്ള ഭീകരത ഇല്ലാതാക്കാം….
നമുക്കിടയിലുള്ള ഭീകരരെ എന്തു ചെയ്യും.

അവരെ ഒറ്റപ്പെടുത്തു…. തള്ളിക്കളയുക…. ആരായിരുന്നാലും ശരി, സഹായിക്കാതിരിക്കുക…..

മക്കൾ നഷ്ടപ്പെട്ട മാതാപിതാക്കളുടെ വേവുന്ന വേദന ഇനിയും കാണാൻ ഇടവരാതിരിക്കട്ടെ.

അവരുടെ കരച്ചിലും കാത്തിരിപ്പും നമ്മുടെ പേടിസ്വപ്നങ്ങളിൽ നിറയാതിരിക്കട്ടെ.

അതെ…. അവർ മരിച്ചുകൊണ്ടേരിയിക്കുന്നു…. നാം ജീവിക്കുന്നു.

ജീവിച്ചിരിക്കുന്ന, ഹൃദയമുള്ള മനുഷ്യർക്ക് വേണ്ടി ഞാൻ ചോദിക്കുന്നു……. മാപ്പ്….. മാപ്പ്. ലജ്ജയോടെ, തകർന്ന ഹൃദയത്തോടെ, ഞങ്ങൾ ജീവിതം തുടരട്ടെ…..

സ്നേഹപൂർവം
മോഹൻലാൽ

തനിക്കെതിരെ മീ ടൂ ആരോപണം നടത്തിയ ദിവ്യ ഗോപിനാഥിനോട് പരസ്യമായി ക്ഷമ ചോദിച്ച നടന്‍ അലന്‍സിയറിന്റെ പ്രവര്‍ത്തിയെ സ്വാഗതം ചെയ്ത് ഡബ്യുസിസി. സിനിമയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന സുരക്ഷിതത്വമില്ലായ്മക്കും അപമാനത്തിനും ഇതൊരു പരിഹാരമൊന്നുമല്ലെന്നും എന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. എങ്കിലും നടന്‍ അലന്‍സിയറിന്റെ ഈ മാപ്പപേക്ഷ മുറിവുണക്കലിന്റെ ചെറിയൊരു ആംഗ്യ പ്രകടനമായി ഞങ്ങള്‍ വിലയിരുത്തുന്നതായും ഔദ്യോഗിക പേജിലൂടെ ഡബ്ലിയുസിസി വ്യക്തമാക്കുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

തൊഴിലിടത്ത് അപമര്യാദയായി പെരുമാറിയതിന് ഞങ്ങളുടെ സഹപ്രവര്‍ത്തക ദിവ്യ ഗോപിനാഥിനോട് നടന്‍ അലന്‍സിയര്‍ മാപ്പു പറഞ്ഞിരിക്കുകയാണ്. മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം ലോകം അറിയുന്നത്. സിനിമയില്‍ സ്ത്രീ അനുഭവിക്കുന്ന സുരക്ഷിതത്വമില്ലായ്മക്കും അപമാനത്തിനും ഇതൊരു പരിഹാരമൊന്നുമല്ലെന്നും എന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. എല്ലാ തരത്തിലുമുള്ള ലൈംഗിക പീഡനങ്ങളെയും അപമാന ശ്രമങ്ങളെയും ഡബ്ല്യു.സി.സി. അപലപിക്കുന്നു. എന്നാല്‍ നടന്‍ അലന്‍സിയറിന്റെ ഈ മാപ്പപേക്ഷ മുറിവുണക്കലിന്റെ ചെറിയൊരു ആംഗ്യ പ്രകടനമായി ഞങ്ങള്‍ വിലയിരുത്തുന്നു. അത്തരം അപമാനകരമായ പെരുമാറ്റങളെക്കുറിച്ചുള്ള തിരിച്ചറിവുകള്‍ പ്രധാനമാണ് . ഈ മാപ്പു പറച്ചില്‍ ഭാവിയില്‍ അത്തരം തിരിച്ചറിവിന്റെ മുന്നോടിയായി കണക്കാക്കാവുന്നതാണ്.

 

ഒമർ ലുലുവിന്റെ അഡാർ ലവ് വിവാദത്തിനു നടുവിൽ ഒരു അഡാർ ലവിന് പുതിയ ക്ലൈമാക്സ്. പരിഷ്കരിച്ച ക്ലൈമാക്സ് രംഗങ്ങളുമായി എല്ലാ തിയേറ്ററുകളിലും സിനിമ വ്യാഴാഴ്ച എത്തും.ചിത്രത്തെ ‍‍ഡീഗ്രേഡ് ചെയ്യുന്നത് ചിലർ ബോധപൂര്‍വം നടത്തുന്ന ശ്രമങ്ങളാണെന്നും സംവിധായകൻ പറഞ്ഞു.എന്നാൽ ചിത്രത്തിലെ നായിക നൂറിൻ ഷെരീഫ് ചില വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു.

കണ്ണിറുക്കല്‍ ഹിറ്റായപ്പോള്‍ നായികാ സ്ഥാനത്തു നിന്ന് തന്നെ മാറ്റിയതിൽ തനിക്ക് സങ്കടമുണ്ടായിരുന്നു.സിനിമ ഇറങ്ങിയ ശേഷം എനിക്ക് കിട്ടുന്ന പിന്തുണയില്‍ ഒരുപാട് സന്തോഷമുണ്ട്. ചെയ്ത അധ്വാനത്തിന് വൈകിയാണെങ്കിലും ഫലം കിട്ടിയല്ലോ?നൂറിൻ പ്രതികരിച്ചു.അതേസമയം പ്രിയ വാര്യർക്കൊപ്പം സിനിമയിൽ അഭിനയിക്കുമോ എന്ന ചോദ്യത്തിനു ‘പ്രതികരിക്കാനില്ല’ എന്നാണ് നൂറിൻ പറഞ്ഞത്.ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു നൂറിൻ ഇങ്ങനെ പറഞ്ഞത്.

Related image

അതേസമയം സിനിമയിലെ നായകൻ റോഷന്റെ കൂടെ അഭിനയിക്കാൻ തനിക്ക് താല്പര്യമുണ്ടെന്നും, റോഷന് താല്പര്യമുണ്ടെങ്കിൽ ,നല്ല കഥയാണെങ്കിലും അഭിനയിക്കും എന്നാണ് നൂറിൻ പ്രതികരിച്ചത്.

തനിക്കെതിരെ ഉയർന്ന ലൈംഗിക ആരോപണത്തിൽ നടി നടി ദിവ്യ ഗോപിനാഥിനോട് മാപ്പ് അപേക്ഷിച്ച് നടൻ അലൻസിയർ ലോപ്പസ്. സിനിമാ ചിത്രീകരണത്തിനിടെ അലൻസിയർ തന്നെ ലൈംഗികച്ചുവയോടെ സമീപിച്ചെന്ന് തുറന്നു പറഞ്ഞ നടി അഭിനേതാക്കളുടെ സംഘടനയായ അമ്മയിൽ പരാതി കൊടുത്തിരുന്നു. എന്നാൽ പരാതി കൊടുത്ത് ഒരു വർഷമായിട്ടും കാര്യമായ പുരോഗതിയൊന്നും ഉണ്ടായില്ല. അലൻസിയർ പരസ്യമായി മാപ്പു പറയണമെന്ന ആവശ്യത്തിൽ ദിവ്യ ഉറച്ചു നിന്നതോടെ അലൻസിയർ പരസ്യമായി മാപ്പു പറയുകയായിരുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു മാപ്പുപറച്ചിൽ.

ആരോപണങ്ങളെ തുടർന്ന് അപ്രഖ്യാപിത വിലക്ക് താൻ നേരിടുകയാണെന്നും സിനിമയിൽ നിന്ന് അവസരങ്ങൾ കുറഞ്ഞതായും അലൻസിയർ തുറന്നു പറഞ്ഞിരുന്നു. എന്‍റെ തെറ്റിന് ക്ഷമ ചോദിക്കുന്നു. ദിവ്യയോട് മാത്രമല്ല എന്‍റെ പ്രവൃത്തി മൂലം മുറിവേറ്റ എല്ലാ സഹപ്രവര്‍ത്തകരോടും ക്ഷമ ചോദിക്കുന്നതായും അലന്‍സിയര്‍ പറഞ്ഞു. ഞാനൊരു വിശുദ്ധനല്ല. തെറ്റുകള്‍ പറ്റുന്ന സാധാരണക്കാരനായ മനുഷ്യനാണ്. തെറ്റ് അംഗീകരിക്കുകയും ചെയ്തുപോയ പ്രവൃത്തിയിൽ പശ്ചാത്തപിക്കുകയും ചെയ്യാനാണ് ഇനി കഴിയുകയെന്നും അലൻസിയർ പറഞ്ഞു. ഇത് ദിവ്യയോട് മാത്രമല്ലെന്നും, താൻ മൂലം മുറവേറ്റ എല്ലാവരോടുമായാണ് മാപ്പ് ചോദിക്കുന്നതെന്നും അലൻസിയർ കൂട്ടിച്ചേർത്തു.

തന്റെ പ്രവൃത്തികള്‍ ദിവ്യയെ വേദനിപ്പിച്ചെന്ന് തിരിച്ചറിഞ്ഞതോടെ വ്യക്തിപരമായി ദിവ്യയോട് താൻ ക്ഷമ ചോദിച്ചിരുന്നുവെന്നും എന്നാല്‍ പരസ്യമായി ക്ഷമ പറയണമെന്ന് ദിവ്യ ആവശ്യപ്പെടുകയായിരുന്നുവെന്നും അലൻസിയർ പറഞ്ഞു. മീ ടു സിനിമ മേഖലയിൽ വൻ ചലനം സൃഷ്ടിച്ചു കൊണ്ടിരുന്ന സമയത്തായിരുന്നു നടൻ അലൻസിയറിനെതിരെ നടി ദിവ്യ ഗോപിനാഥ് രംഗത്തെത്തിയത്. ആഭാസം സിനിമയുടെ സെറ്റിൽവെച്ച് അലൻസിയർ മോശമായി പെരുമാറിയെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. ദിവ്യയെ പിന്തുണച്ച് അന്ന് ആ സെറ്റിലുളളവരും സിനിമ പ്രവർത്തകരും രംഗത്തെത്തിയിരുന്നു.

ഇന്ത്യന്‍ സിനിമാ രംഗത്തെ ഞെട്ടിച്ച മീ ടൂ വെളിപ്പെടുത്തലുകളിലൊന്നായിരുന്നു ഗായകന്‍ കാര്‍ത്തിക്കിനെതിരെ വന്നത്. ഗായിക ചിന്‍മയി ശ്രീപദയാണ് കാര്‍ത്തിക്കിനെതിരേ ലൈംഗികാരോപണവുമായി രംഗത്തു വന്നത്. കാര്‍ത്തിക്കിനെതിരേയുള്ള മീ ടൂ ക്യാമ്പെയ്‌നില്‍ തന്നോടൊപ്പം പേരു വെളിപ്പെടുത്താത്ത പല പെണ്‍കുട്ടികളും ചേരുമെന്നും ചിന്‍മയി ട്വിറ്ററില്‍ കുറിച്ചു.

ആരോപണങ്ങള്‍ ഉയര്‍ന്ന് മൂന്ന് മാസത്തോളം പ്രതികരിക്കാതിരുന്ന കാര്‍ത്തിക് ഇപ്പോള്‍ മൗനം വെടിഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ്. ട്വിറ്ററിലൂടെയാണ് കാര്‍ത്തിക് വിഷയത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നത്. കശ്മീരില്‍ വീരമൃത്യു വരിച്ച സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് ആദരമര്‍പ്പിച്ചാണ് കാര്‍ത്തിക് തന്റെ പ്രസ്താവന തുടങ്ങുന്നത്.

ഒരുപാടു ആരോപണങ്ങളും വിവാദങ്ങളും ട്വിറ്ററില്‍ ഞാന്‍ കണ്ടു. എന്റെ മനസാക്ഷിയെ തൊട്ടു ഞാന്‍ പറയുന്നു, ഞാന്‍ ആരെയും വേദനിപ്പിച്ചിട്ടില്ല. ഒരു വ്യക്തിയെയും അയാളുടെ അനുമതി അവഗണിച്ചുകൊണ്ട് ഉപദ്രവിച്ചിട്ടില്ല. എന്റെ പ്രവര്‍ത്തികള്‍ മൂലം ആര്‍ക്കെങ്കിലും ബുദ്ധിമുട്ടുകള്‍ നേരിട്ടിട്ടുണ്ടെങ്കില്‍ ദയവായി മുന്നോട്ട് വരണം. ഒരാളുടെ പ്രവര്‍ത്തിയുടെ അനന്തരഫലം അനുഭവിക്കേണ്ടതാണ് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഞാന്‍ മീടുവിനെ പൂര്‍ണമായും പിന്തുണയ്ക്കുന്നു. പരാതിക്കാരിയുടെ ദുഃഖത്തില്‍ സത്യമുണ്ടെങ്കില്‍ ഞാന്‍ മാപ്പു പറയാന്‍ തയ്യാറാണ്, അതിനേക്കളുപരി നിയമനടപടികള്‍ നേരിടാനും തയ്യാറാണ്. കാരണം ആരുടേയും ജീവിതത്തില്‍ ഒരു കയ്പ്പേറിയ അനുഭവം സമ്മാനിക്കാന്‍ ഞാന്‍ താല്പര്യപ്പെടുന്നില്ല.

എന്റെ അച്ഛന്‍ ഏതാനും മാസങ്ങളായി ഗുരുതരമായ രോഗാവസ്ഥയുമായി പോരാടുകയാണ്. അച്ഛന്റെ ആരോഗ്യത്തിനും രോഗമുക്തിക്കുമായി പ്രാര്‍ത്ഥിക്കണമെന്ന് ആരാധകരോടും സുഹൃത്തുക്കളോടും അപേക്ഷിക്കുകയാണ്. കാര്‍ത്തിക്കിന്റെ കുറിപ്പില്‍ പറയുന്നു

karthik

നടി ആക്രമിക്കപ്പെട്ട കേസില്‍ പല താരങ്ങളും ദിലീപിനെ പിന്തുണച്ചിരുന്നു. അതിലൊരാളായിരുന്നു തെസ്‌നി ഖാന്‍. പിന്തുണച്ചതിന് തെസ്‌നി ഖാന് നേരെ വിമര്‍ശനങ്ങളുടെ പൊങ്കാല തന്നെയുണ്ടായിരുന്നു. ഏറെ വിവാദങ്ങളും സൃഷ്ടിച്ചിരുന്നു.

ഇപ്പോഴും തെസ്‌നി ഖാന്‍ ദിലീപിനെ പിന്തുണയ്ക്കുകയാണ്. അതിനു കാരണവുമുണ്ട്. സഹപ്രവര്‍ത്തകനും സുഹൃത്തുമായ ദിലീപിനെ, ഒരുപാട് വര്‍ഷങ്ങളായി അറിയാമെന്നും അദ്ദേഹം അങ്ങനെയൊരു കുറ്റകൃത്യം ചെയ്യില്ലെന്ന് ഉറപ്പുണ്ടെന്നും തെസ്നി പറയുന്നു. സത്യം പുറത്തു വരുന്നത് വരെ ദിലീപിനെ കുറ്റപ്പെടുത്തരുതെന്നും തെസ്നി ആവശ്യപ്പെട്ടു.

ആക്രമിക്കപ്പെട്ട നടിയെ തനിക്ക് അറിയാമെന്നും തങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്നും തെസ്നി പറഞ്ഞു. അമ്മ ഷോയില്‍ ആരെയും കളിയാക്കിയിട്ടില്ലെന്നും വിമര്‍ശിക്കുന്നവര്‍ അത് ഒന്നുകൂടി കണ്ടു നോക്കണമെന്നും തെസ്നി ആവശ്യപ്പെട്ടു.

ജഗതി ശ്രീകുമാര്‍ വീണ്ടും ക്യാമറയ്ക്കു മുന്നിലേക്ക്. രണ്ടായിരത്തി പന്ത്രണ്ടിലുണ്ടായ വാഹനാപകടത്തിനു പിന്നാലെ സംസാരശേഷി പോലും നഷ്ടപ്പെട്ട് സിനിമയില്‍ നിന്നു വിടപറഞ്ഞ ജഗതി പരസ്യ ചിത്രത്തിലൂടെയാണ് വീണ്ടും അഭിനയ രംഗത്തേക്കു വരുന്നത്. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണ് ജഗതിയെ വീണ്ടും അഭിനയ രംഗത്തേക്ക് കൊണ്ടുവരുന്നതെന്ന് മകന്‍ രാജ്കുമാര്‍ അറിയിച്ചു.

അഭ്രപാളിയിലെ രോഗക്കിടക്കയില്‍ പോലും നമ്മളെ ചിരിപ്പിച്ചിട്ടേയുളളൂ ജഗതി. പക്ഷേ ഏഴു വര്‍ഷം മുമ്പുണ്ടായ വാഹനാപകടം മഹാനടന്‍റെ ജീവിതം തന്നെ മാറ്റിമറിച്ചു. സംസാരിക്കാനോ പരാശ്രയമില്ലാതെ സഞ്ചരിക്കാനോ പോലുമാകാതെ വീല്‍ചെയറില്‍ തളയ്ക്കപ്പെട്ടു. അവിടെ നിന്നാണ് അദ്ദേഹം തിരിച്ചെത്തുന്നത്.

ചികില്‍സയില്‍ കാര്യമായ പുരോഗതി കൈവന്നതോടെയാണ് ജഗതിയെ വീണ്ടും അഭിനയ രംഗത്തേക്ക് എത്തിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതെന്ന് മകന്‍ രാജ്കുമാര്‍ പറയുന്നു. ഇഷ്ടമേഖലയിലേക്ക് തിരിച്ചെത്തുന്നതോടെ ജഗതിക്ക് സംസാരശേഷിയടക്കം തിരിച്ചു കിട്ടുംവിധമുളള അദ്ഭുതങ്ങളും പ്രതീക്ഷിക്കുന്നു പ്രിയപ്പെട്ടവര്‍.

വാട്ടര്‍ തീം പാര്‍ക്കിന്‍റെ പരസ്യത്തിലൂെടയാണ് മടങ്ങിവരവ്. ചിത്രീകരണം ഈ മാസം ഇരുപത്തിയേഴിന് നടക്കും. സിനിമയിലെ ജഗതിയുടെ സഹപ്രവര്‍ത്തകരടക്കം പ്രോല്‍സാഹനവുമായി ചിത്രീകരണ വേദിയിലുണ്ടാകുമെന്നും മകന്‍ അറിയിച്ചു.

ചലച്ചിത്ര താരം ശ്രീദേവി ആകസ്മികമായി മരണമടഞ്ഞിട്ട് ഒരാണ്ട് തികയാറാകുന്നു. ശ്രീയുടെ ഓർമ്മയിൽ ഭർത്താവും മക്കളും സഹോദരീ സഹോദരനും അടങ്ങുന്ന കുടുംബം ഇന്ന് ചെന്നൈയിലെ താരത്തിന്റെ വസതിയിൽ ഒത്തു ചേരും എന്ന് ഡിഎൻഎ റിപ്പോർട്ട് ചെയ്യുന്നു. ഹിന്ദു മതാചാര പ്രകാരമുള്ള ചടങ്ങുകളും ഓർമ്മ ദിവസവുമായി ബന്ധപ്പെട്ടു നടക്കുമെന്നും ശ്രീദേവിയുടെ സുഹൃത്തുക്കളും സഹപ്രവർത്തകരും പങ്കെടുക്കും എന്നും റിപ്പോർട്ടിൽ പറയുന്നു.

ശ്രീദേവിയുടെ വലിയ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു തമിഴ് താരം അജിത്തിനെ നായകനാക്കി ഒരു ചിത്രം ഒരുക്കുക എന്നത്. അവരുടെ മരണാനന്തരം ഭർത്താവ് ബോണി കപൂർ ആ ആഗ്രഹം സഫലീകരിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഹിന്ദി ചിത്രമായ ‘പിങ്കി’ന്റെ തമിഴ് പതിപ്പ് താൻ നിർമ്മിക്കുന്നു എന്നും അതിൽ തല അജിത് നായകനാകും എന്നുമൊക്കെയുള്ള അറിയിപ്പുകൾ നടത്തിക്കഴിഞ്ഞു അദ്ദേഹം. ഇന്നത്തെ ഓർമ്മ ദിവസ ചടങ്ങുകളിലും അജിത് പങ്കെടുക്കും എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

കഴിഞ്ഞ വർഷം ഫെബ്രുവരി ഇരുപത്തിനാലിനാണ് ശ്രീദേവി മരിക്കുന്നത്. ദുബായിലെ ആഡംബര ഹോട്ടലിൽ വച്ച് ബാത്ത്ടബ്ബിൽ മുങ്ങിയാണ് മരണകാരണമായി പറയപ്പെടുന്നത്. ഭർത്താവ് ബോണി കപൂറിന്റെ അനന്തരവന്റെ വിവാഹാഘോഷങ്ങളിൽ പങ്കെടുക്കാനാണ് അവർ കുടുംബ സമേതം ദുബായിൽ എത്തിയത്. വിവാഹം കഴിഞ്ഞു മകൾ ഖുഷിയും ബോണി കപൂറും ഇന്ത്യയിലേക്ക് മടങ്ങിയപ്പോൾ ശ്രീദേവി മാത്രം തുടർന്നും ദുബായിൽത്തന്നെ തങ്ങുകയായിരുന്നു. ദിവസങ്ങൾക്ക് ശേഷം ഭർത്താവ് ദുബായിൽ തിരിച്ചെത്തിയ ദിവസമാണ് അവരുടെ മരണം സംഭവിക്കുന്നത്.

ദുബായിലെ അന്വേഷണങ്ങൾക്ക് ശേഷം ഇന്ത്യയിൽ എത്തിച്ച അവരുടെ ഭൗതിക ശരീരം ഫെബ്രുവരി ഇരുപത്തിയെട്ടിനു മുംബൈയിൽ വലിയൊരു ജനാവലിയെ സാക്ഷി നിർത്തി, ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. രാജ്യത്തെ ഏറ്റവും മികച്ച അഭിനേത്രികളിൽ ഒരാളായ ശ്രീദേവിയുടെ വിയോഗത്തിന്റെ നഷ്ടവുമായി ഇനിയും പൂർണ്ണമായി പൊരുത്തപ്പെട്ടിട്ടില്ല ആരാധകരും സിനിമാലോകവും. മരിച്ചിട്ടു ഒരു വർഷം തികയുമ്പോൾ പോലും ആരാധകരുടെ മനസ്സിൽ മായാതെ നിൽക്കുന്നുണ്ട് അഭിനയത്തിന്റെ മുഖശ്രീയായി മാറിയ ആ താരം.

ഉയർന്ന വിവാദങ്ങൾക്കും അവഹേളനങ്ങൾക്കും വിരാമമിട്ട് ഗായിക അഭയ ഹിരൺമയി. സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള ബന്ധത്തെച്ചൊല്ലിയുള്ള വിവാദങ്ങൾക്കാണ് പ്രണയദിനത്തോടനുബന്ധിച്ച് താരം മറുപടി നൽകിയിരിക്കുന്നത്. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് അഭയയുടെ മറുപടി. ഗോപി സുന്ദറിനൊപ്പമുള്ള ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്.

‘2008മുതൽ 2019 വരെ ഞങ്ങളൊരുമിച്ച് പൊതുവേദികളിലെത്തിയിട്ടുണ്ടെങ്കിലും ഇതുവരെ പ്രണയത്തെ കുറിച്ച് തുറന്നുപറഞ്ഞിട്ടില്ല. അതെ ‍ഞാൻ വിവാഹിതനായ ഒരാളുമായി പ്രണയത്തിലാണ്. അദ്ദേഹവുമായി കഴിഞ്ഞ എട്ടുവർഷമായി ഞാൻ ജീവിക്കുന്നു. ഞാൻ മുൻപ് വിവാഹം കഴിച്ചിട്ടില്ല. ഞങ്ങൾ തമ്മിൽ 12 വയസിന്റെ വ്യത്യാസമുണ്ട്. അതെ അദ്ദേഹത്തിന് മുന്നിൽ ഞാൻ തീരെ ചെറുതാണ്. ഇങ്ങനെ പല വ്യത്യാസങ്ങളുണ്ടെങ്കിലും ഞങ്ങൾ സന്തോഷത്തോടെയാണ് ജീവിക്കുന്നത്. മഞ്ഞപ്പത്രങ്ങൾക്ക് എന്നെ കീപ്പെന്നോ കാമുകിയെന്നോ കുലസ്ത്രീയെന്നോ വിളിക്കാം.

ഒരു കുടുംബം നശിപ്പിച്ചവളെന്നും വിളിക്കാം. ഒളിച്ചോട്ടങ്ങൾ മടുത്തു. ഇനിയും പേടിച്ച് ജീവിക്കാൻ വയ്യ. അതുകൊണ്ട് ഇൗ കുറിപ്പ് ഗോപി സുന്ദറിന്റെ ഒൗദ്യോഗിക പേജിലും പോസ്റ്റ് ചെയ്യുന്നുണ്ട്. പൊങ്കാലകൾക്ക് സ്വാഗതം. ആറ്റുകാൽ പൊങ്കാലയല്ലേ.. എല്ലാവർക്കും പ്രാർഥിക്കാം.’ അഭയ ഫെയ്സ്ബുക്കിൽ കുറിച്ചു.

മുൻപ് അഭയുമായുള്ള ചിത്രം പങ്കുവച്ചപ്പോൾ ഗോപി സുന്ദറിനെ പരിഹസിച്ച് ഭാര്യ പ്രിയ രംഗത്തെത്തിയിരുന്നു. ചിലർ ചില കാര്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വളച്ചൊടിക്കുന്നത് ഇങ്ങനെയാണ്. ഇത് സത്യമാണോ എന്നറിയില്ല. എന്തായാലും ഇക്കാര്യം ഇതുവരെ കോടതിയിൽ അറിയിച്ചിട്ടില്ല. എങ്കിലും ചിലരെ ഇത്രയും വർഷം കൂടെ നിർത്തിയതിന് അഭിനന്ദനങ്ങൾ’ പ്രിയ അന്നുകുറിച്ചിരുന്നു. ഇതേ തുടർന്ന് ഗോപി സുന്ദറും അഭയയും തമ്മിലുള്ള ബന്ധം വലിയ ചർച്ചയായിരുന്നു. ഇതേ തുടർന്നാണ് ഇപ്പോൾ താരത്തിന്റെ വിശദീകരണം.

Copyright © . All rights reserved