Movies

പ്രശസ്ത ബോളിവുഡ് ഗായകന്‍ സോനു നിഗം ഭക്ഷണത്തിലൂടെയുള്ള അലര്‍ജി മൂലം ആശുപത്രിയില്‍. ഒഡീഷയിലെ ജയ്പൂരില്‍ വച്ച് ഒരു പാര്‍ട്ടിയ്ക്കിടെ കടല്‍ വിഭവങ്ങളടങ്ങിയ ഭക്ഷണം കഴിച്ചതാണ് സോനുവിനു വിനയായത്.

മുംബൈയിലെ നാനാവതി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട സ്വന്തം ചിത്രം ഗായകന്‍ തന്നെയാണ് ഇന്‍സ്റ്റഗ്രമിലൂടെ പുറത്തു വിട്ടത്. ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും ഇടത് കണ്ണിന് വീക്കം ഉണ്ടെന്നും സോനു നിഗം പറയുന്നു. ചികിത്സ പുരോഗമിക്കുന്നു. ഉടന്‍ സുഖം പ്രാപിക്കുമെന്നും ജയ്പൂരിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കുമെന്നും പറഞ്ഞു. സുഖവിവരങ്ങള്‍ അന്വേഷിച്ച ആരാധകര്‍ക്കു നന്ദി. അലര്‍ജിക്കിടയാക്കുന്ന ഭക്ഷണങ്ങള്‍ ആരും കഴിക്കരുതെന്നും ഉപദേശം. തനിക്കു സീ ഫുഡ് അലര്‍ജിയാണ്. തന്നെ പരിചരിച്ച ഡോക്ടര്‍മാര്‍ക്കും സംഘത്തിനും നന്ദി പറയുന്നെന്നും സോനു നിഗം ഇന്‍സ്റ്റഗ്രമില്‍ കുറിച്ചു.

ജൂനിയർ ആര്‍ട്ടിസ്റ്റായിരുന്ന ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തിയ സംവിധായകന്‍ പോലീസ് പിടിയിൽ. ചെന്നൈ ജാഫര്‍ഖാന്‍പേട്ടില്‍ താമസിക്കുന്ന എസ്.ആര്‍. ബാലകൃഷ്ണനാണ് സിനിമകളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായിരുന്ന ഭാര്യ സന്ധ്യയെ ക്രൂരമായി കൊലപ്പെടുത്തിയത്. സന്ധ്യയുടെ ശരീരഭാഗങ്ങള്‍ വെട്ടിനുറുക്കി വിവിധയിടങ്ങളിലെ കുപ്പത്തൊട്ടികളില്‍ ഉപേക്ഷിക്കുകയായിരുന്നു. 2015ല്‍ പുറത്തിറങ്ങിയ ‘കാതല്‍ ഇളവസം’ എന്ന ചിത്രത്തിന്റെ സംവിധായകനും നിര്‍മ്മാതാവുമാണ് ബാലകൃഷ്ണന്‍.

ജനുവരി 19ന് രാത്രിയിലാണ് കൊലപാതകം നടന്നത്. 21ന് പള്ളിക്കരണിയില്‍ മാലിന്യശേഖരണകേന്ദ്രത്തില്‍നിന്ന് രണ്ട് കാലുകളും ഒരു കൈയും കണ്ടെത്തിയതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സംഭവം പുറത്തറിയുന്നത്. തലയടക്കമുള്ള ഭാഗങ്ങള്‍ ഇനിയും കണ്ടെത്താനുണ്ട്.

തൂത്തുക്കുടി സ്വദേശിയായ ബാലകൃഷ്ണനും കന്യാകുമാരി സ്വദേശിയായ സന്ധ്യയും 17 വര്‍ഷംമുമ്പാണ് പ്രണയിച്ച് വിവാഹം കഴിച്ചത്. അക്കാലത്ത് സഹസംവിധായകനായിരുന്നു ബാലകൃഷ്ണന്‍, സന്ധ്യ ജൂനിയര്‍ ആര്‍ട്ടിസ്റ്റും. സിനിമാസെറ്റില്‍വെച്ചാണ് ഇരുവരും പരിചയപ്പെട്ടത്. ഇവര്‍ക്ക് പ്ലസ്ടു വിദ്യാര്‍ഥിയായ മകനും അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയായ മകളുമുണ്ട്. ബാലകൃഷ്ണന്റെ തൂത്തുക്കുടിയിലുള്ള അച്ഛനമ്മമാര്‍ക്കൊപ്പമാണ് കുട്ടികള്‍ താമസിക്കുന്നത്.

അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് ഏറെ നാളായി ബാലകൃഷ്ണനും സന്ധ്യയും പിരിഞ്ഞ് താമസിക്കുകയായിരുന്നു. തര്‍ക്കം പരിഹരിക്കുന്നതിനുവേണ്ടി പൊങ്കല്‍ അവധിക്കാലത്താണ് സന്ധ്യ ജാഫര്‍ഖാന്‍പേട്ടിലുള്ള വീട്ടിലെത്തിയത്. എന്നാല്‍, സന്ധ്യയെ കൊലപ്പെടുത്തിയ ബാലകൃഷ്ണന്‍ തെളിവ് നശിപ്പിക്കുന്നതിനായി ശരീരം വെട്ടിനുറുക്കി കോടമ്പാക്കം, എം.ജി.ആര്‍. നഗര്‍ തുടങ്ങിയിടങ്ങളിലുള്ള കുപ്പത്തൊട്ടികളില്‍ ഉപേക്ഷിക്കുകയായിരുന്നു.

കോര്‍പ്പറേഷന്‍ ശുചീകരണത്തൊഴിലാളികളാണ് പള്ളിക്കരണിയില്‍ മാലിന്യം ശേഖരിക്കുന്നിടത്ത് നിന്ന് വലതുകൈയും രണ്ട് കാലുകളും കണ്ടെടുത്തത്. മകളെ കാണാനില്ലെന്ന് സന്ധ്യയുടെ അമ്മ തൂത്തുക്കുടി പൊലീസില്‍ നല്‍കിയ പരാതിയില്‍ സൂചിപ്പിച്ചിരുന്ന അടയാളമാണ് കേസ് അന്വേഷണത്തിലെ തുമ്പായത്. കൈയില്‍ ശിവപാര്‍വതിരൂപം പച്ചകുത്തിയതായിരുന്നു അടയാളം.ചോദ്യംചെയ്യലില്‍ ബാലകൃഷ്ണന്‍ പരസ്പരവിരുദ്ധമായി മറുപടി പറഞ്ഞതോടെയാണ് പൊലീസിന്റെ സംശയം ബലപ്പെട്ടത്.

കൂടുതല്‍ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചു. സന്ധ്യയ്ക്ക് മറ്റൊരാളുമായി അവിഹിതബന്ധമുണ്ടായിരുന്നെന്നും ഇതാണ് തങ്ങള്‍ക്കിടയിലെ വഴക്കിന് കാരണമെന്നും ഇയാള്‍ മൊഴിനല്‍കി. ബാലകൃഷ്ണനില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലില്‍ അഡയാര്‍ നദീതീരത്തുനിന്ന് സന്ധ്യയുടെ ഇടുപ്പുമുതല്‍ കാല്‍മുട്ട് വരെയുള്ള ഭാഗവും കണ്ടെടുത്തു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടുജോലിക്ക് നിര്‍ത്തി പീഡിപ്പിച്ചെന്ന പരാതിയില്‍ നടി ഭാനുപ്രിയയ്ക്ക് ക്ലിന്‍ചിറ്റ്. പെണ്‍കുട്ടിയുടെ അമ്മയ്ക്കെതിരെ മോഷണം ആരോപിച്ച് ഭാനുപ്രിയ നല്‍കിയ പരാതിയിന്മേല്‍ നടത്തിയ അന്വേഷണമാണ് അപ്രതീക്ഷിത ട്വിസ്റ്റിലേക്ക് വ‍ഴിമാറിയത്. ഭാനുപ്രിയയുടെ വീട്ടിൽ നിന്ന് പെൺകുട്ടി സ്വർണ്ണവും പണവും മോഷ്ടിച്ചെന്ന് സ്ഥിരീകരിച്ചതായി പൊലീസ് പറയുന്നു. പെൺകുട്ടിയുടെ അമ്മ പ്രഭാവതി കുറ്റം സമ്മതിച്ചു. പെൺകുട്ടിയെ ജുവനൈൽ ഹോമിലേക്കും അമ്മയെ പുഴൽ ജയിലിലേക്കും മാറ്റിയതായി പൊലീസ്.

പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ നടിയുടെ വീട്ടിൽ നിന്ന് രക്ഷിച്ചെന്ന വാർത്തയായിരുന്നു പുറത്തുവന്നത്. എന്നാല്‍ ചൈൽഡ് ലൈൻ ഹോമിലേക്ക് മാറ്റിയ പെൺകുട്ടിയെ ചോദ്യം ചെയ്തതിൽ നിന്നാണ് കാര്യങ്ങൾ വ്യക്തമായതെന്ന് പൊലീസ് പറയുന്നു. ജനുവരി 25 നാണ് നടി ഭാനുപ്രിയയ്ക്കെതിരെ കേസെടുത്തത്. ആന്ധ്രാപ്രദേശില്‍ നിന്നുമുള്ള പതിനാലുകാരിയായ പെണ്‍കുട്ടിയെ പതിനെട്ട് മാസമായി ശമ്പളം നല്‍കാതെ പീഡിപ്പിക്കുകയാണെന്നാണ് പരാതി. തുടര്‍ന്ന് കേസില്‍ മനുഷ്യക്കടത്ത് ബന്ധം പോലും അന്വേഷിച്ചിരുന്നു.

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പരിപാടിയിൽ സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ കേസിൽ നടൻ കൊല്ലം തുളസി കീഴടങ്ങി. ചവറ സിഐ ഓഫീസിലാണ് കൊല്ലം തുളസി കീഴടങ്ങിയത്. നേരത്തെ ശബരിമല യുവതീപ്രവേശ വിഷയത്തിൽ സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമർശം നടത്തിയെന്ന കേസിൽ മുൻകൂർ ജാമ്യം ഹൈക്കോടതി തള്ളിയിരുന്നു. ഒക്ടോബർ 12 ന് ചവറയിൽ ബിജെപിയുടെ പരിപ‌‌‌ാടിയിൽ വച്ചായിരുന്നു വിവാദ പ്രസംഗം.

കൊല്ലം ചവറയിൽ എൻ.ഡി.എ സംഘടിപ്പിച്ച വിശ്വാസ സംരക്ഷണ ജാഥയിൽ നടത്തിയ പ്രസംഗത്തിന്‍റെ പേരിലാണ് ചവറ പോലീസ് കേസ് എടുത്തത്. . ശബരിമലയിൽ പോകുന്ന യുവതികളെ രണ്ടായി വലിച്ച് കീറണമെന്നും ഒരു ഭാഗം ദില്ലിയിലേക്കും മറ്റൊരുഭാഗം പിണറായി വിജയന്‍റെ മുറിയിലേക്കും എറിയണമെന്നായിരുന്നു പ്രസംഗം.

വിധി പ്രസ്താവിച്ച ജഡ്ജിമാർ ശുംഭൻമാരാണെന്നും പ്രസംഗത്തിൽ കൊല്ലം തുളസി വിമർശിച്ചിരുന്നു. ഡിവൈഎഫ്ഐ പ്രവർത്തകൻ നൽകിയ ഹ‍ർജിയിലാണ് ചവറ പോലീസ് കേസ് എടുത്തത്. പ്രസംഗത്തിനെതിരെ വനിത കമ്മീഷൻ സ്വമേധയാ കേസ് എടുത്തിരുന്നു. ശബരിമല വിഷയത്തിൽ സ്‌ത്രീകൾക്കെതിരെ കൊലവിളി നടത്തിയ കൊല്ലം തുളസിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.

അന്വേഷണ ഉദോഗസ്ഥന് മുന്നിൽ കീഴടങ്ങണമെന്നും കോടതി നിർദേശിച്ചിരുന്നു. ഒക്ടോബർ 12ന് ചവറയിൽ നടന്ന വിശ്വാസ സംരക്ഷണ ജാഥയിൽ പ്രസംഗത്തിനിടെ ശബരിമലയിൽ പോകുന്ന യുവതികളെ രണ്ടായി വലിച്ചു കീറണമെന്നും ഒരു ഭാഗം ഡൽഹിക്കും ഒരുഭാഗം പിണറായി വിജയെന്റെ മുറിയിലേയ്‌ക്കും എറിയണമെന്നുമാണ്‌ കൊല്ലം തുളസി പ്രസംഗിച്ചത്. ഇത്തരം പ്രസംഗങ്ങൾ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരാണ്. നാട്ടിൽ അക്രമങ്ങളുണ്ടാവാൻ പ്രസംഗം കാരണമായെന്നും കോടതി പറഞ്ഞിരുന്നു.

ഡി.വൈ.എഫ്.ഐ ചവറ ബ്ലോക്ക് കമ്മിറ്റി നൽകിയ പരാതിയിലാണ് മതസ്‌പർദ്ദ വളർത്തൽ, മതവികാരത്തെ വ്രണപ്പെടുത്തൽ, സ്‌തീത്വത്തെ അപമാനിക്കൽ, സ്ത്രീകളെ പൊതുസ്ഥലത്തുവെച്ച്‌ അവഹേളിക്കൽ, അസഭ്യം പറയൽ തുടങ്ങിയ കുറ്റകൃത്യങ്ങൾക്കനുസൃതമായ വകുപ്പുകൾ ചേർത്ത് കേസ് രജിസ്റ്റർ ചെയ്‌തത്.വിവാദ പരാമർശത്തിൽ കൊല്ലം തുളസി നേരത്തെ മാപ്പ് പറഞ്ഞിരുന്നു. അതൊരു അബദ്ധ പ്രയോഗമായിരുന്നെന്നും പ്രാർത്ഥനാ യോഗത്തിൽ പങ്കെടുത്ത അമ്മമാരുടെ പ്രയോഗത്തിൽ ആവേശം തോന്നിയപ്പോൾ നടത്തിയ പ്രതികരണമായിരുന്നു അതെന്നും അദ്ദേഹം ഒരു ഓൺലെെൻ മാദ്ധ്യമത്തിനോട് പറഞ്ഞു.

അയ്യപ്പഭക്തൻ എന്ന നിലയിൽ തന്റെ വേദനയാണ് അവിടെ പങ്കുവച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പ്രാർത്ഥനായോഗത്തിൽ ഇനിയും പങ്കെടുക്കുമെന്നും. അത് നമ്മുടെ അവകാശത്തിന്റെ ഭാഗമാണ്. ഇവർക്ക് സത്ബുദ്ധി നൽകണമെന്നാണ് പ്രാർത്ഥനായോഗത്തിൽ പ്രാർത്ഥിക്കുന്നത്. മലയാളികളുടെ സ്വകാര്യ സമ്പത്താണ് അയ്യപ്പൻ. അയ്യപ്പന്റെ പൂങ്കാവനം സ്ത്രീകൾ കയറി ആചാരങ്ങൾ തെറ്റിക്കാൻ അനുവദിക്കില്ല. അവിടെ തുടരുന്ന ചില അനുഷ്ഠാനങ്ങൾ തുടരാനുള്ളതാണെന്നും തുളസി നേരത്തെ വ്യക്തമാക്കിയിരുന്നു.

മോഹന്‍ലാലിന്റെ രാഷ്ട്രീയ പ്രവേശമാണ് കഴിഞ്ഞ കുറച്ചു നാളുകളായി കേരള രാഷ്ട്രീയത്തിലും ആരാധകര്‍ക്കൃമിടയില്‍ ചര്‍ച്ചയായിരിക്കുന്നത്. ഇതിനിടെ മോഹന്‍ലാല്‍ മത്സരിക്കില്ലെന്ന് സംവിധായകന്‍ മേജര്‍ രവി പറഞ്ഞു. ‘ഞാനറിയുന്ന മോഹന്‍ലാല്‍ മത്സസരിക്കില്ല. കേള്‍ക്കുന്നതെല്ലാം അഭ്യൂഹങ്ങള്‍ മാത്രമാണ്. കഴിഞ്ഞ ദിവസം ഇക്കാര്യം മോഹന്‍ലാലുമായി ഫോണില്‍ സംസാരിച്ചിരുന്നു.

മത്സസരിക്കുമെന്ന അഭ്യൂഹങ്ങളെപ്പറ്റി ചോദിച്ചപ്പോള്‍ ചിരിച്ചുതള്ളുകയാണ് മോഹന്‍ലാല്‍ ചെയ്തത്. അവര്‍ എന്തെങ്കിലുമൊക്കെ പറയട്ടെ എന്നാണ് ലാല്‍ പറഞ്ഞത്. അഭിനയമാണ് മോഹന്‍ലാലിന് ഏറ്റവും ചേരുക. ഇങ്ങനെയൊരു നടനെ ഇനി കിട്ടില്ലെന്നും മേജര്‍ രവി പറഞ്ഞു.

തമിഴ്‌നാട്ടില്‍ എംജിആര്‍ മത്സസരിച്ചതുപോലുള്ള സാഹചര്യമല്ല കേരളത്തിലുള്ളത്. മോഹന്‍ലാല്‍ സിനിമയില്‍ തുടരുകയാണ് വേണ്ടത്. രാഷ്ട്രീയത്തില്‍ വേറെ നേതാക്കളെ കിട്ടും എന്നാല്‍ സിനിമയില്‍ ഇങ്ങനെയൊരു നടനെ കിട്ടാന്‍ ബുദ്ധിമുട്ടാണ്.

തിരുവനന്തപുരത്ത് സുരേഷ് ഗോപി മത്സസരിക്കുന്നത് നല്ലതായിരിക്കുമെന്നും മേജര്‍ രവി പറഞ്ഞു. ചില വിഷയങ്ങളില്‍ സുരേഷ് ഗോപി ശക്തമായ നിലപാടെടുത്തിരുന്നു. സിനിമാനടി ഹേമമാലിനി രാഷ്ട്രീയത്തില്‍ ഇറങ്ങിയിട്ട് എന്ത് ഗുണമുണ്ടായി എന്നും മേജര്‍ രവി ചോദിച്ചു.

ചെന്നൈ: ചലച്ചിത്ര നടി ഭാനുപ്രിയയുടെ ചെന്നൈയിലെ വീട്ടില്‍ റെയിഡ്. കുട്ടികളുടെ അവകാശ സംരക്ഷണത്തിനുള്ള ദേശീയ സമിതിയാണ് റെയ്ഡ് നടത്തിയത്. പരിശോധനയില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെ കണ്ടെത്തിയതായാണ് വിവരം. തങ്ങള്‍ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് പെണ്‍കുട്ടികള്‍ സമിതിക്ക് മൊഴി നല്‍കിയിട്ടുണ്ട്. ഈ കുട്ടികളില്‍ ഒരാളുടെ അമ്മയായ പ്രഭാവതിയാണ് ഭാനുപ്രിയക്കെതിരെ പോലീസില്‍ പരാതി നല്‍കിയത്.

ഒന്നര വര്‍ഷമായി വീട്ടുജോലിക്ക് നില്‍ക്കുന്ന തന്റെ മകള്‍ക്ക് ശമ്പളം നല്‍കാതെ പീഡിപ്പിക്കുകയാണെന്നും മകളെ കാണാന്‍ പോലും അനുവദിക്കുന്നില്ലെന്നുമായിരുന്നു പരാതി. ബാലാവകാശ പ്രവര്‍ത്തകനായ അച്യുത റാവു എന്‍സിപിസിആറിനും സംസ്ഥാന കമ്മീഷനും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് റെയിഡ് നടന്നത്. നടിയുടെ വീട്ടില്‍ നാല് പെണ്‍കുട്ടികളുണ്ടെന്നും മനുഷ്യക്കടത്താണ് ഇതെന്ന് സംശയമുണ്ടെന്നും പറയുന്ന കത്തില്‍ ഭാനുപ്രിയയെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെടുന്നു.

പതിനാല് വയസ്സുള്ള പെണ്‍കുട്ടിയെ വീട്ടുജോലിക്ക് നിര്‍ത്തി ക്രൂരമായി പീഡിപ്പിച്ചെന്ന പരാതിയില്‍ താരത്തിനെതിരെ നേരത്തേ കേസെടുത്തിരുന്നു. അതിന് ശേഷം നടന്ന അന്വേഷണമാണ് റെയിഡില്‍ എത്തിയത്. ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയില്‍ നിന്നുളള വീട്ടമ്മയായ പ്രഭാവതി സമാല്‍കോട്ട് പൊലീസ് സ്റ്റേഷനിലാണ് നടിക്കെതിരെ പരാതി നല്‍കിയത്.

ബി.ജെ.പി സ്ഥാനാര്‍ഥിയായി മല്‍സരിക്കാന്‍ സമ്മതം മൂളാത്ത മോഹന്‍ലാലിനെ ജനകീയ മുന്നണി സ്ഥാനാര്‍ഥിയാക്കാന്‍ ആര്‍.എസ്.എസ് ശ്രമം. തിരുവനന്തപുരം ലോക്സഭാ മണ്ഢലത്തിലെ പ്രമുഖരെ ഉള്‍പ്പെടുത്തി ജനകീയ മുന്നണി കമ്മിറ്റിയുണ്ടാക്കാനുള്ള ശ്രമം ആര്‍.എസ്.എസ് ആരംഭിച്ചു.ബി.െജ.പി ക്കാര്‍ ആരും ജനകീയ മുന്നണി കമ്മിറ്റിയില്‍ ഉള്‍പ്പെടില്ല. ഇതിനു പുറമേ പത്തനംതിട്ടയിലും ,തൃശൂരും പൊതു സമ്മതരെ മല്‍സരിപ്പിക്കാനുള്ള നീക്കവും ആര്‍.എസ്.എസ്. ആരംഭിച്ചിട്ടുണ്ട്.

അയ്യപ്പഭക്തസംഗമവും, ശബരിമല സമരവും കര്‍മ സമിതി നടത്തിയതുപോലെ പ്രത്യേക ജനകീയ മുന്നണി കമ്മിറ്റിയുണ്ടാക്കി മോഹന്‍ലാലിനെ സ്ഥാനാര്‍ഥിയാക്കാനാണ് ആര്‍.എസ്.എസ് ശ്രമം. അയ്യപ്പ ഭക്ത സംഗമത്തില്‍ വേദിയില്‍ പോലും ബിജെപി സംസ്ഥാന പ്രസിഡന്റുള്‍പ്പെടെയുള്ളവരെ കയറ്റിയിരുന്നില്ല. സംവിധായകന്‍ പ്രിയദര്‍ശന്‍, നിര്‍മാതാവ് സുരേഷ് കുമാര്‍ തുടങ്ങിയ പ്രമുഖര്‍ ഉള്‍പ്പെട്ട ജനകീയമുന്നണിയാണെങ്കില്‍ എല്ലാ മത വിഭാഗക്കാരുടേയും വോട്ടും സമാഹരിക്കാന്‍ കഴിയുമെന്ന ചിന്തയാണ് ആര്‍.എസ്.എസ് നീക്കത്തിനു പിന്നില്‍.

കൂടാതെ പാര്‍ട്ടിയുടേതല്ലാത്ത സ്ഥാനര്‍ഥിയായി ആണെങ്കില്‍ മോഹന്‍ലാലും സമ്മതം പ്രകടിപ്പിക്കുമെന്നാണ് ആര്‍.എസ്.എസ് പ്രതീക്ഷ. പ്രഞ്ജാവാഹക് ദേശീയ കോര്‍ഡിനേറ്റര്‍ ജെ.നന്ദകുമാര്‍ അടക്കമുള്ള ഉന്നതരാണ് നീക്കത്തിനു പിന്നില്‍ . സ്ഥാനാര്‍ഥിയാകണമെന്നു മോഹന്‍ലാലിനെ പ്രധാനമന്ത്രിയടക്കമുള്ളവരെ കൊണ്ട് നേരിട്ടു ആവശ്യമുന്നയിക്കാനും നീക്കമുണ്ട്.

ജനകീയ മുന്നണി രുപീകരണവുമായി ബന്ധപ്പെട്ട് നഗരത്തിലെ പല പ്രമുഖരേയും ആര്‍.എസ്.എസ്. സമീപിച്ചിട്ടുണ്ട്. ക്രൈസ്തവ മത മേലധ്യക്ഷന്മാരേയും കമ്മിറ്റിയിലുള്‍പ്പെടുത്തുന്നതിനും ശ്രമമുണ്ട് . പാര്‍ട്ടിക്കു സാധ്യതയുണ്ടെന്നു വിലയിരുത്തുന്ന പാലക്കാട്ടും തൃശൂരും സമാനരീതിയിലുള്ള പരീക്ഷണം നടത്തും . തെരഞ്ഞെടുപ്പിന്റെ പ്രവര്‍ത്തനങ്ങളെല്ലാം ഏറ്റെടുത്ത ആര്‍.എസ്.എസ്. എല്ലാ മണ്ഢലങ്ങളിലും ചുമതലക്കാരെയും ഇതിനോടകം നിയോഗിച്ചു കഴിഞ്ഞു. പുതിയ പരീക്ഷണം വിജയിച്ചാല്‍ പഞ്ചായത്ത് , നിയമസഭാ തെരഞ്ഞെടുപ്പുകളിലും സമാന നീക്കം നടപ്പാക്കും.

ചെന്നൈ: തമിഴ് നടന്‍ രജനിയുടെ തലൈവനെന്ന് വിളിച്ച് പിന്നാലെ നടക്കുന്നവരെ തിരുത്താനാവില്ല, കൊല്ലുകയാണ് വേണ്ടതെന്ന് സംവിധായകന്‍ നാം തമിഴര്‍ കച്ചി നേതാവുമായി സീമാന്‍. രജനിയുടെ രാഷ്ട്രീയ പ്രവേശനത്തിനെതിരെ മുന്‍പും രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചിട്ടുള്ള വ്യക്തിയാണ് സീമാന്‍. രജനി തമിഴകത്തിന്റെ നേതാവായി അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം തമിഴ് പോലുമല്ലെന്നുമാണ് സീമാന്റെ വാദം. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് രജനി സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെന്ന വാര്‍ത്തകള്‍ക്കിടയിലാണ് സീമാന്റെ വിവാദ പരാമര്‍ശം.

വിഷയത്തോട് രജനികാന്ത് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. നടന്‍ രജനീകാന്തിനെ നേതാവെന്നു വിളിക്കുന്നവരെ ഒരിക്കലും പറഞ്ഞു മനസ്സിലാക്കാന്‍ സാധിക്കില്ലെന്നും കൊന്നുകളയുകയാണ് വേണ്ടത്. സിനിമാകൊട്ടകയില്‍മാത്രമാണ് നടന്മാര്‍ നേതാക്കളാകുന്നത്. രജനീകാന്തിനെപ്പോലെയുള്ളവരെ നേതാവെന്നു വിളിച്ചാല്‍ കാമരാജിനെപ്പോലെയുള്ളവരെ സാമൂഹികവിരുദ്ധരെന്ന് വിളിക്കുമോയെന്നും സീമാന്‍ ചോദിച്ചു. സുരേഷ് കാമാച്ചി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ‘ടീസര്‍’ പുറത്തിറക്കുന്ന ചടങ്ങില്‍ സംസാരിക്കവെയാണ് സീമാന്റെ വിവാദ പരാമര്‍ശങ്ങള്‍.

രജനികാന്ത് ബി.ജെ.പിയിലേക്ക് ചേക്കേറുമെന്ന് വാര്‍ത്തകള്‍ നേരത്തെ പ്രചരിച്ചിരുന്നു. എന്നാല്‍ താരം ഇക്കാര്യം നിഷേധിച്ചു. തമിഴ്‌നാട്ടില്‍ ബി.ജെ.പി വിരുദ്ധ വികാരം വര്‍ധിക്കുന്നതിനാല്‍ രജനി അത്തരമൊരു നീക്കം നടത്തില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. അതേസമയം കേരളത്തില്‍ മോഹന്‍ലാലിനെയും തമിഴ്‌നാട്ടില്‍ രജനികാന്തിനെയും ഇറക്കാന്‍ ബി.ജെ.പി സമ്മര്‍ദ്ദം ചെലുത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ രജനിയെ ഇക്കാര്യം നേരിട്ടറിയിക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.

ബ്ലസി ഒരുക്കുന്ന ആടുജീവിതത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ ജോർദാനില്‍ പുരോഗമിക്കുകയാണ്. ചിത്രത്തിൽ നജീബിനെ അവതരിപ്പിക്കുന്ന പൃഥ്വിരാജിന്റെ ലുക്ക് ആണ് സമൂഹമമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ലൂസിഫര്‍ തിരക്കിനിടെ താരത്തെ ഈ ഗെറ്റപ്പില്‍ കണ്ടതോടെ അമ്പരപ്പിലാണ് ആരാധകര്‍.

കഥാപാത്രത്തിനുവേണ്ടി വമ്പന്‍ മേക്കോവറാണ് പൃഥ്വിരാജ് നടത്തിയിരിക്കുന്നത്. ഇരുണ്ട മുഖവും തടിച്ചുരുണ്ട ശരീരവുമുള്ള പൃഥ്വിയെ ചിത്രത്തിൽ കാണാം. ശാരീരികമായി പൃഥ്വിക്ക് ഏറെ മാറ്റങ്ങൾ വേണ്ടിവരുന്നതും വെല്ലുവിളികൾ നേരിടേണ്ടതുമായ ചിത്രമാണ് ആടുജീവിതം. ഏറെ അഭിനയ സാദ്ധ്യതയുള്ള കഥാപാത്രമാണ് നജീബ്. സിനിമയുടെ അടുത്ത ഷെഡ്യൂളിൽ പൃഥ്വിക്ക് മെലിേയണ്ടി വരും.

ബിഗ് ബജറ്റ് ചിത്രമായ ആടുജീവിതത്തിൽ അമലാപോളാണ് നായിക. നജീബിന്റെ ഭാര്യ സൈനുവായാണ് അമല എത്തുന്നത്. വിനീത് ശ്രീനിവാസൻ, അപർണാ ബാലമുരളി, സന്തോഷ് കീഴാറ്റൂർ, ലെന തുടങ്ങിയവരും ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. കെ.ജി.എ ഫിലിംസിന്റെ ബാനറിൽ കെ.ജി അബ്രഹാമാണ് ചിത്രം നിർമ്മിക്കുന്നത്. കുട്ടനാടും, ജോർദാനും, ഈജിപ്തുമാണ് ചിത്രത്തിന്റ പ്രധാന ലൊക്കേഷനുകൾ. ബെന്യാമിന്റെ നോവലിനോട് പൂർണമായും നീതി പാലിക്കുന്ന ചിത്രമായിരിക്കും ആടുജീവിതമെന്ന് സംവിധായകൻ ബ്ലെസി പറഞ്ഞു.

നജീബിന്റെ കേരളത്തിലെ രംഗങ്ങളാണ് ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. അവശേഷിക്കുന്ന മൂന്ന് ഷെഡ്യൂളുകളും വിദേശത്ത് ചിത്രീകരിക്കേണ്ടവയാണ്. ജോര്‍ദാനിലും ഈജിപ്തിലുമായാണ് ഇനിയുള്ള ഷെഡ്യൂള്‍ പൂര്‍ത്തിയാക്കുക. മൊറോക്കോയിലും ചിത്രീകരണമുണ്ടാകുമെന്നാണ് സൂചന.

റിലീസ് ചെയ്യാനാണ് അണിയറ പ്രവർത്തകർ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ റിലീസിനു കാലതാമസമുണ്ടാകുമെന്ന് ബ്ലെസി പറഞ്ഞിരുന്നു.

കാൽനൂറ്റാണ്ടിനു ശേഷം സംഗീത മാന്ത്രികൻ എ.ആർ. റഹ്മാൻ ആടുജീവിതത്തിലൂടെ ഒരു മലയാള ചിത്രത്തിനു സംഗീത സംവിധാനം നിർവഹിക്കുന്നു. ചിത്രത്തിന്റെ സൗണ്ട് ഡിസൈൻ കൈകാര്യം ചെയ്യുന്നത് റസൂൽ പൂക്കുട്ടിയാണ്. കെ.യു. മോഹനാണ് ഛായാഗ്രഹണം. രഞ്ജിത്ത് അമ്പാടി മേക്കപ്പ്.

മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയവര്‍ രാഷ്ട്രീയത്തിലിറങ്ങുമോ എന്നതും ആരാധകരെ എന്നും കുഴയ്ക്കുന്ന ഒരു ചോദ്യമാണ്. താനൊരു ഇടതുപക്ഷ അനുഭാവി ആണെന്ന് മമ്മൂട്ടി എത്രയോ മുമ്പ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കൈരളി ചാനലിന്റെ ഉടമസ്ഥാവകാശമുള്ള മലയാളം കമ്മ്യൂണിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയർമാൻ കൂടിയാണ് മമ്മൂട്ടി. മലയാള സിനിമയിലേക്ക് നോക്കിയാല്‍, നിലവില്‍ ഇന്നസെന്റ്, കെ.ബി ഗണേഷ് കുമാര്‍, മുകേഷ്, സുരേഷ് ഗോപി തുടങ്ങിയവര്‍ സജീവ രാഷ്ട്രീയത്തിലുള്ളവരാണ്. ജഗദീഷ്, ഭീമന്‍ രഘു, സംവിധായകന്‍ രാജസേനന്‍ തുടങ്ങിയവര്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

എന്നാല്‍ മോഹല്‍ലാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ? കുറച്ചധികം നാളുകളായി ഈയൊരു ചോദ്യം പലയിടത്തു നിന്നും ഉയര്‍ന്നു കേള്‍ക്കുന്നു. അദ്ദേഹം തിരുവനന്തപുരത്തു നിന്നും ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നും അക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയത് എന്ന തരത്തിലുള്ള വാര്‍ത്തകളും പുറത്തു വന്നിരുന്നു.

എന്നാല്‍ താന്‍ മത്സരിക്കുന്നില്ലെന്നും രാഷ്ട്രീയത്തില്‍ താത്പര്യമില്ലെന്നും വ്യക്തമാക്കിക്കൊണ്ട് മോഹന്‍ലാല്‍ തന്നെ രംഗത്തെത്തിയിരുന്നു. അതിനു പുറകെയാണ് മത്സരിക്കാനായി മോഹന്‍ലാലിനെ നിര്‍ബന്ധിക്കുന്നുണ്ടെന്ന വെളിപ്പെടുത്തലുമായി ബിജെപി എംഎല്‍എ ഒ.രാജഗോപാല്‍ എത്തിയത്.

വീണ്ടും മോഹന്‍ലാലിന്റെ രാഷ്ട്രീയ പ്രവേശനം ചൂടുപിടിച്ച ചര്‍ച്ചയാകുമ്പോള്‍ മോഹൻലാൽ ആരാധകർ ഒരേ സ്വരത്തിൽ ആ സാധ്യത തള്ളിക്കളയുകയാണ്. എല്ലാ തിരഞ്ഞെടുപ്പിലും ഉള്ള ഊഹാപോഹങ്ങൾ മാത്രമാണ് ഇതെന്നാണ് ആരാധകർ പറയുന്നത്.

‘ലാല്‍ സാര്‍ മത്സരിക്കുന്നൊന്നുമില്ല. ഓരോ തിരഞ്ഞെടുപ്പ് വരുമ്പോഴും ഓരോ ആളുകള്‍ ഇങ്ങനെ പറയും. അദ്ദേഹം ഞങ്ങളോട് സംസാരിച്ചിട്ടുണ്ട് ഇക്കാര്യത്തെ കുറിച്ച്. അദ്ദേഹം മത്സരിക്കില്ല എന്ന് ഞങ്ങള്‍ക്ക് ഉറപ്പാണ്. ഓരോ കാലത്തും ഓരോ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ആളുകളും അദ്ദേഹത്തോട് സംസാരിക്കാറുണ്ട്. അവരോടൊക്കെ ഇല്ല എന്നു തന്നെയാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്,’ ഓൾ കേരളാ മോഹൻലാൽ ഫാൻസ് അസോസിയേഷൻ ജനറല്‍ സെക്രട്ടറി വിമല്‍ പറയുന്നു.

മാധ്യമങ്ങളോട് മാത്രമല്ല, മോഹന്‍ലാല്‍ അസോസിയേഷന്‍ ഭാരവാഹികളോടും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നാണ് അസോസിയേഷൻ സ്റ്റേറ്റ് കമ്മിറ്റി അംഗം ഷിബു പറയുന്നത്. നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച മോഹന്‍ലാലിന്റെ രാഷ്ട്രീയ പ്രവേശനത്തിനുള്ള തുടക്കമാണെന്നതൊക്കെ മാധ്യമങ്ങള്‍ കെട്ടിച്ചമ്മയ്ക്കുന്നതാണെന്നും ഷിബു വ്യക്തമാക്കി.

‘അദ്ദേഹം മത്സരിക്കില്ല. പ്രധാനമന്ത്രിയെ കാണാന്‍ പോയത് അദ്ദേഹം തുടങ്ങാന്‍ പോകുന്ന ക്യാന്‍സര്‍ കെയര്‍ സെന്ററിന്റെ ആവശ്യവുമായി ബന്ധപ്പെട്ടാണ്. അപ്പോളേക്കും മാധ്യമങ്ങള്‍ അതിനെ വളച്ചൊടിക്കുകയാണ് ഉണ്ടായത്. പുള്ളി മത്സരിക്കുന്നു എന്നൊക്കെ അപ്പോഴേക്കും വാര്‍ത്ത വന്നു. പുള്ളി എന്തായാലും രാഷ്ട്രീയത്തില്‍ വരില്ല,’ ഷിബു വ്യക്തമാക്കി.

ഇത്തരം വാര്‍ത്തകള്‍ ചമയ്ക്കുന്നതിലൂടെ ബിജെപി പുകമറ സൃഷ്ടിക്കുകയാണ് എന്നായിരുന്നു അസോസിയേഷന്‍ സ്‌റ്റേറ്റ് പ്രസിഡന്റ് രാജന്റെ പ്രതികരണം.

‘അദ്ദേഹം വളരെ വ്യക്തമായി പറഞ്ഞിട്ടുള്ള കാര്യമാണ് രാഷ്ട്രീയത്തിലേക്ക് ഇല്ല എന്നത്. ഇനി സിനിമാ മേഖലയില്‍ നിന്നും രാജ്യസഭാ അംഗമായി നോമിനേറ്റ് ചെയ്താല്‍ പോലും അദ്ദേഹം മത്സരിക്കില്ല. ഒരുപാട് പേര് അദ്ദേഹത്തെ നിര്‍ബന്ധിക്കുന്നുണ്ട്. പക്ഷെ അദ്ദേഹത്തിന് രാഷ്ട്രീയം താത്പര്യമില്ല. അദ്ദേഹം ബിജെപിയെ പിന്തുണയ്ക്കുന്നു എന്ന് തോന്നിപ്പിക്കാന്‍, ഒരു പുകമറ സൃഷ്ടിയ്ക്കാന്‍ ആയിരിക്കും ഒ. രാജഗോപാല്‍ അങ്ങനെ പറഞ്ഞിട്ടുണ്ടാവുക,’ രാജന്‍ പറയുന്നു.

RECENT POSTS
Copyright © . All rights reserved