ബ്ലസി ഒരുക്കുന്ന ആടുജീവിതത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ ജോർദാനില്‍ പുരോഗമിക്കുകയാണ്. ചിത്രത്തിൽ നജീബിനെ അവതരിപ്പിക്കുന്ന പൃഥ്വിരാജിന്റെ ലുക്ക് ആണ് സമൂഹമമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ലൂസിഫര്‍ തിരക്കിനിടെ താരത്തെ ഈ ഗെറ്റപ്പില്‍ കണ്ടതോടെ അമ്പരപ്പിലാണ് ആരാധകര്‍.
കഥാപാത്രത്തിനുവേണ്ടി വമ്പന്‍ മേക്കോവറാണ് പൃഥ്വിരാജ് നടത്തിയിരിക്കുന്നത്. ഇരുണ്ട മുഖവും തടിച്ചുരുണ്ട ശരീരവുമുള്ള പൃഥ്വിയെ ചിത്രത്തിൽ കാണാം. ശാരീരികമായി പൃഥ്വിക്ക് ഏറെ മാറ്റങ്ങൾ വേണ്ടിവരുന്നതും വെല്ലുവിളികൾ നേരിടേണ്ടതുമായ ചിത്രമാണ് ആടുജീവിതം. ഏറെ അഭിനയ സാദ്ധ്യതയുള്ള കഥാപാത്രമാണ് നജീബ്. സിനിമയുടെ അടുത്ത ഷെഡ്യൂളിൽ പൃഥ്വിക്ക് മെലിേയണ്ടി വരും.
ബിഗ് ബജറ്റ് ചിത്രമായ ആടുജീവിതത്തിൽ അമലാപോളാണ് നായിക. നജീബിന്റെ ഭാര്യ സൈനുവായാണ് അമല എത്തുന്നത്. വിനീത് ശ്രീനിവാസൻ, അപർണാ ബാലമുരളി, സന്തോഷ് കീഴാറ്റൂർ, ലെന തുടങ്ങിയവരും ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. കെ.ജി.എ ഫിലിംസിന്റെ ബാനറിൽ കെ.ജി അബ്രഹാമാണ് ചിത്രം നിർമ്മിക്കുന്നത്. കുട്ടനാടും, ജോർദാനും, ഈജിപ്തുമാണ് ചിത്രത്തിന്റ പ്രധാന ലൊക്കേഷനുകൾ. ബെന്യാമിന്റെ നോവലിനോട് പൂർണമായും നീതി പാലിക്കുന്ന ചിത്രമായിരിക്കും ആടുജീവിതമെന്ന് സംവിധായകൻ ബ്ലെസി പറഞ്ഞു.
നജീബിന്റെ കേരളത്തിലെ രംഗങ്ങളാണ് ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. അവശേഷിക്കുന്ന മൂന്ന് ഷെഡ്യൂളുകളും വിദേശത്ത് ചിത്രീകരിക്കേണ്ടവയാണ്. ജോര്‍ദാനിലും ഈജിപ്തിലുമായാണ് ഇനിയുള്ള ഷെഡ്യൂള്‍ പൂര്‍ത്തിയാക്കുക. മൊറോക്കോയിലും ചിത്രീകരണമുണ്ടാകുമെന്നാണ് സൂചന.
റിലീസ് ചെയ്യാനാണ് അണിയറ പ്രവർത്തകർ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ റിലീസിനു കാലതാമസമുണ്ടാകുമെന്ന് ബ്ലെസി പറഞ്ഞിരുന്നു.
കാൽനൂറ്റാണ്ടിനു ശേഷം സംഗീത മാന്ത്രികൻ എ.ആർ. റഹ്മാൻ ആടുജീവിതത്തിലൂടെ ഒരു മലയാള ചിത്രത്തിനു സംഗീത സംവിധാനം നിർവഹിക്കുന്നു. ചിത്രത്തിന്റെ സൗണ്ട് ഡിസൈൻ കൈകാര്യം ചെയ്യുന്നത് റസൂൽ പൂക്കുട്ടിയാണ്. കെ.യു. മോഹനാണ് ഛായാഗ്രഹണം. രഞ്ജിത്ത് അമ്പാടി മേക്കപ്പ്.
മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയവര്‍ രാഷ്ട്രീയത്തിലിറങ്ങുമോ എന്നതും ആരാധകരെ എന്നും കുഴയ്ക്കുന്ന ഒരു ചോദ്യമാണ്. താനൊരു ഇടതുപക്ഷ അനുഭാവി ആണെന്ന് മമ്മൂട്ടി എത്രയോ മുമ്പ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കൈരളി ചാനലിന്റെ ഉടമസ്ഥാവകാശമുള്ള മലയാളം കമ്മ്യൂണിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയർമാൻ കൂടിയാണ് മമ്മൂട്ടി. മലയാള സിനിമയിലേക്ക് നോക്കിയാല്‍, നിലവില്‍ ഇന്നസെന്റ്, കെ.ബി ഗണേഷ് കുമാര്‍, മുകേഷ്, സുരേഷ് ഗോപി തുടങ്ങിയവര്‍ സജീവ രാഷ്ട്രീയത്തിലുള്ളവരാണ്. ജഗദീഷ്, ഭീമന്‍ രഘു, സംവിധായകന്‍ രാജസേനന്‍ തുടങ്ങിയവര്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
എന്നാല്‍ മോഹല്‍ലാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ? കുറച്ചധികം നാളുകളായി ഈയൊരു ചോദ്യം പലയിടത്തു നിന്നും ഉയര്‍ന്നു കേള്‍ക്കുന്നു. അദ്ദേഹം തിരുവനന്തപുരത്തു നിന്നും ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നും അക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയത് എന്ന തരത്തിലുള്ള വാര്‍ത്തകളും പുറത്തു വന്നിരുന്നു.
എന്നാല്‍ താന്‍ മത്സരിക്കുന്നില്ലെന്നും രാഷ്ട്രീയത്തില്‍ താത്പര്യമില്ലെന്നും വ്യക്തമാക്കിക്കൊണ്ട് മോഹന്‍ലാല്‍ തന്നെ രംഗത്തെത്തിയിരുന്നു. അതിനു പുറകെയാണ് മത്സരിക്കാനായി മോഹന്‍ലാലിനെ നിര്‍ബന്ധിക്കുന്നുണ്ടെന്ന വെളിപ്പെടുത്തലുമായി ബിജെപി എംഎല്‍എ ഒ.രാജഗോപാല്‍ എത്തിയത്.
വീണ്ടും മോഹന്‍ലാലിന്റെ രാഷ്ട്രീയ പ്രവേശനം ചൂടുപിടിച്ച ചര്‍ച്ചയാകുമ്പോള്‍ മോഹൻലാൽ ആരാധകർ ഒരേ സ്വരത്തിൽ ആ സാധ്യത തള്ളിക്കളയുകയാണ്. എല്ലാ തിരഞ്ഞെടുപ്പിലും ഉള്ള ഊഹാപോഹങ്ങൾ മാത്രമാണ് ഇതെന്നാണ് ആരാധകർ പറയുന്നത്.
‘ലാല്‍ സാര്‍ മത്സരിക്കുന്നൊന്നുമില്ല. ഓരോ തിരഞ്ഞെടുപ്പ് വരുമ്പോഴും ഓരോ ആളുകള്‍ ഇങ്ങനെ പറയും. അദ്ദേഹം ഞങ്ങളോട് സംസാരിച്ചിട്ടുണ്ട് ഇക്കാര്യത്തെ കുറിച്ച്. അദ്ദേഹം മത്സരിക്കില്ല എന്ന് ഞങ്ങള്‍ക്ക് ഉറപ്പാണ്. ഓരോ കാലത്തും ഓരോ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ആളുകളും അദ്ദേഹത്തോട് സംസാരിക്കാറുണ്ട്. അവരോടൊക്കെ ഇല്ല എന്നു തന്നെയാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്,’ ഓൾ കേരളാ മോഹൻലാൽ ഫാൻസ് അസോസിയേഷൻ ജനറല്‍ സെക്രട്ടറി വിമല്‍ പറയുന്നു.
മാധ്യമങ്ങളോട് മാത്രമല്ല, മോഹന്‍ലാല്‍ അസോസിയേഷന്‍ ഭാരവാഹികളോടും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നാണ് അസോസിയേഷൻ സ്റ്റേറ്റ് കമ്മിറ്റി അംഗം ഷിബു പറയുന്നത്. നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച മോഹന്‍ലാലിന്റെ രാഷ്ട്രീയ പ്രവേശനത്തിനുള്ള തുടക്കമാണെന്നതൊക്കെ മാധ്യമങ്ങള്‍ കെട്ടിച്ചമ്മയ്ക്കുന്നതാണെന്നും ഷിബു വ്യക്തമാക്കി.
‘അദ്ദേഹം മത്സരിക്കില്ല. പ്രധാനമന്ത്രിയെ കാണാന്‍ പോയത് അദ്ദേഹം തുടങ്ങാന്‍ പോകുന്ന ക്യാന്‍സര്‍ കെയര്‍ സെന്ററിന്റെ ആവശ്യവുമായി ബന്ധപ്പെട്ടാണ്. അപ്പോളേക്കും മാധ്യമങ്ങള്‍ അതിനെ വളച്ചൊടിക്കുകയാണ് ഉണ്ടായത്. പുള്ളി മത്സരിക്കുന്നു എന്നൊക്കെ അപ്പോഴേക്കും വാര്‍ത്ത വന്നു. പുള്ളി എന്തായാലും രാഷ്ട്രീയത്തില്‍ വരില്ല,’ ഷിബു വ്യക്തമാക്കി.
ഇത്തരം വാര്‍ത്തകള്‍ ചമയ്ക്കുന്നതിലൂടെ ബിജെപി പുകമറ സൃഷ്ടിക്കുകയാണ് എന്നായിരുന്നു അസോസിയേഷന്‍ സ്‌റ്റേറ്റ് പ്രസിഡന്റ് രാജന്റെ പ്രതികരണം.
‘അദ്ദേഹം വളരെ വ്യക്തമായി പറഞ്ഞിട്ടുള്ള കാര്യമാണ് രാഷ്ട്രീയത്തിലേക്ക് ഇല്ല എന്നത്. ഇനി സിനിമാ മേഖലയില്‍ നിന്നും രാജ്യസഭാ അംഗമായി നോമിനേറ്റ് ചെയ്താല്‍ പോലും അദ്ദേഹം മത്സരിക്കില്ല. ഒരുപാട് പേര് അദ്ദേഹത്തെ നിര്‍ബന്ധിക്കുന്നുണ്ട്. പക്ഷെ അദ്ദേഹത്തിന് രാഷ്ട്രീയം താത്പര്യമില്ല. അദ്ദേഹം ബിജെപിയെ പിന്തുണയ്ക്കുന്നു എന്ന് തോന്നിപ്പിക്കാന്‍, ഒരു പുകമറ സൃഷ്ടിയ്ക്കാന്‍ ആയിരിക്കും ഒ. രാജഗോപാല്‍ അങ്ങനെ പറഞ്ഞിട്ടുണ്ടാവുക,’ രാജന്‍ പറയുന്നു.
അരുൺ ഗോപിയുടെ സംവിധാനത്തിൽ പ്രണവ് മോഹന്‍ലാല്‍ നായകനായ ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിനെതിരെ വിമർശനവുമായി അധ്യാപികയായ മിത്ര സിന്ധു. മോഹന്‍ലാല്‍ മകന്റെ പടം കണ്ട് അവന് പറ്റിയ ജോലി കണ്ടെത്തിക്കൊടുക്കണമെന്നും അല്ലെങ്കില്‍ ഫാസില്‍ ചെയ്തതു പോലെ ഏതേലും നല്ല സ്കൂള് കണ്ടെത്തി മോനെ അവിടെ അഭിനയം പഠിക്കാൻ വിടണമെന്നും മിത്ര സിന്ധു തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ പറയുന്നു.
കൂടാതെ സിനിമയുടെ നിർമ്മാതാവിനെയും തന്റെ ഫേസ്ബുക്കിന് പോസ്റ്റിൽ രൂക്ഷമായി വിമർശിക്കുകയാണ് സിന്ധു ‘പൂത്ത പണം കൂടുതലാണെങ്കി മുഖ്യമന്ത്രീടെ ദുരിതാശ്വാസ നിധിയിലിട്ടേ’.. എന്നാണ് നിർമ്മാതാവിനോട് സിന്ധു പറയുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
ഇരുപത്തൊന്നാം നൂറ്റാണ്ട്
പദ്മഭൂഷൺ മോഹൻലാൽ സ്വന്തം കാശു മുടക്കി പ്രണവ് മോഹൻലാലിന്റെയും അരുൺ ഗോപിയുടെയും ഈ രണ്ടാമൂഴമൊന്നു കാണണം.. എന്നിട്ട് ഈ നിഷ്കളങ്കനും നിർമമനുമായ മകന് പറ്റിയ ഒരു ജോലി കണ്ടെത്തിക്കൊടുക്കണംഇല്ലേൽ അന്തസ്സായി പണ്ട് പാച്ചിക്ക ചെയ്ത പോലെ ഏതേലും നല്ല സ്കൂള് കണ്ടെത്തി മോനെ അവിടെ അഭിനയം പഠിക്കാൻ വിടണം.. ഒരു നടന് തന്നെ അടയാളപ്പെടുത്തുന്നതിനുള്ള ഉപാധി ശരീരവും ശബ്ദവുമാണല്ലോ.. പ്രണയം ,വിരഹം, വിഷാദം ,കലഹം എന്നീ അവസ്ഥകളിലെല്ലാം ശരീരഭാഷയും ഭാവശബ്ദാദികളും
ഏകതാനമായി നിലനിർത്താ നേ ഈ പാവം പയ്യന് ആകുന്നുള്ളൂ. നിഷ്കളങ്കതയും നിർവികാരതയും ഒരു പക്ഷേ ജീവിതത്തിൽ നല്ല താകും എന്നാൽ അഭിനയത്തിൽ അതൊട്ടും ഗുണം ചെയ്യില്ലെന്ന് ഞങ്ങളേക്കാളേറെ താങ്കൾക്കറിയുമല്ലോ..
പിന്നെ ആ മുളക് പാടം മൊതലാളിയോടൊന്നു പറയണം നൂറ്റാണ്ടിലെ കിട്ടിയ സിനിമകളിൽ നിന്നൊക്കെ എടുത്ത സന്ദർഭങ്ങളും ഡയലോഗും കൂട്ടിക്കലർത്തി ആരേലും പടം പിടിക്കാൻ കഥയും കൊണ്ടു വന്നാ കാശിങ്ങനെ വാരിക്കോരി ക്കൊടുത്തേക്കരുതെന്ന്! പൂത്ത പണം കൂടുതലാണെങ്കി മുഖ്യമന്ത്രീടെ ദുരിതാശ്വാസ നിധിയി ലിട്ടേച്ചാ മതീന്ന്! ഒരു ഉപകാരത്തിൽ പെടുമല്ലോ.
ആ അരുൺ ഗോപിയോട് പറയണം ജയിലില് നൂറു ദിവസം കെടന്ന ഒരു പാവം ചേട്ടന്റെ പടമായോണ്ട് മാത്രാ ഞങ്ങളന്ന് രാമലീല കണ്ട് സഹകരിച്ച് തന്നതെന്ന്! ഇനി ണ്ടാവില്ലാന്നാ സത്യായിട്ടും അന്ന് കരുതീത്. അതും കഴിഞ്ഞ് ഇരുപത്തൊന്നാം നൂറ്റാണ്ട് എന്ന് പേരിട്ട് പത്തൊമ്പതാം നൂറ്റാണ്ടിലെ ട്രെയിൻ ഫൈറ്റ് ഒക്കെ കാണിച്ച് ഞങ്ങളെയൊന്നും പറ്റിക്കരുതെന്ന്!.. വാട്സാപ്പും ഫേസ് ബുക്ക് ലൈവും ഒക്കെ ഉപയോഗിച്ച് ധർമ്മജൻ ബോൾഗാട്ടി വരെ ‘വീര ശൂര ഓപ്പറേഷൻ ‘ നടത്തുമ്പോ പാവം പോലീസുകാര് മാത്രം റോഡ് ഷോ നടത്തുന്ന കാഴ്ച അതീവ ദയനീയമായിപ്പോയി… ഇതൊന്നും ആ കൊച്ചന്റെ ചങ്ക് ഫാൻസ് പോലും സഹിക്കൂലാ ട്ടോ.. പാർക്വാറിന് പകരം സർഫിങ് ഒന്നും കൊണ്ടു വന്നാലൊന്നും ഇരുപത്തൊന്നാം നൂറ്റാണ്ടാവില്ലെന്ന് ഗോപിക്കൊന്നു പറഞ്ഞു കൊടുക്കണേ!
തീർന്നില്ല, ഗോപീ സുന്ദറിനോടും ഒരു കാര്യം പറയാനുണ്ട്.. ഒരാൾടെ എല്ലാ സിനിമക്കും ഒരേ സംഗീതം എടുത്തിടുന്നത് ശരിയല്ലാന്ന്!. പത്തു വയസ്സുകാരി മോള് സിനിമക്കിടയിൽ പറഞ്ഞു ” മമ്മാ ഇത് രാമലീലേലെ മ്യൂസിക് ആണല്ലോ ” എന്ന്.. (അവൾക്ക് നേരായിട്ടും അറിയില്ലാര്ന്നു ഇത് രാമലീലേടെ ആൾടെ ലീല തന്നെ ആണെന്ന്!)
എന്ത്? ആ ചെഗുവേര ചുരുട്ടു വലിച്ച് വന്നപ്പോള്ള സീനിലെ മ്യൂസിക് ! ഒന്നും കൂടി കേട്ടു നോക്കണേ! ഒരു പാവം സംവിധായകനെ, തിരക്കഥാകൃത്തിനെ ഇങ്ങനെ പറ്റിക്കാൻ പാടില്ലായിരുന്നു… ല്ലേ? സത്യായിട്ടും ഈ സിനിമേല് ആകെ ഇഷ്ടായാ ഒന്നായിരുന്നു മദർ തെരേസയും
ചെഗുവേരയും കൂടിളള ആ കോമ്പിനേഷൻ! എന്നാൽ അതു പോലും ഇവിടെ ഞങ്ങടെ എട്ടാം ക്ലാസ്കാര് അവരുടെ സാഹിത്യ സമാജം പീരിയഡിൽ ചെയ്യുന്ന ഒന്നായിപ്പോയി..
പിന്നേ സായക്കുട്ടിയോട് പറയണം.പുരികം മേലോട്ടും താഴോട്ടും ചലിപ്പിച്ചാലും ചുണ്ട് ഇടത്തോട്ടും വലത്തോട്ടും വലിച്ചിട്ടാലും അഭിനയം ആവില്ലാന്ന്.. ഇതൊക്കെ ആ സംവിധായകൻ പറഞ്ഞു കൊടുത്തതാകുമോ!?ഏതായാലും അടുത്ത സിനിമേലെങ്കിലും കുട്ടിക്ക് നന്നാവാൻ കഴിയട്ടെ.
ഇനി ഇവരെല്ലം കൂടി ‘മൂന്നാം പിറ ‘ക്കുള്ള വട്ടം കൂട്ടലാണെന്ന ഒരു അനൗൺസ്മെന്റും കേട്ടു..
ദൈവമേ.. ഇവരെ രക്ഷിക്കണേ.. സ്വന്തം ഫാൻസ്കാര്ടെ കൂടി തല്ലുമേടിക്കാനിടവരുത്താതെ ഈ കൊച്ചുങ്ങളെ കാത്തോളണേ.!
വാല് :- പിന്നേയ് ,ഒരു കാര്യം ണ്ട്
അടുത്ത പടം ഇതിലും പൊളിയാണെങ്കി ഒരു ഗുണം കിട്ടും.. ചില വല്യ നിരൂപകമ്മാര് ഇത് വമ്പൻ സിനിമയായിരുന്നു എന്നൊക്കെ എഴുതിയങ്ങ് വൈറലാക്കിത്തരും.. ഇരുപത്തൊന്നാം നൂറ്റാണ്ട് രാമലീല പോലെ ശക്തമായ സിനിമയായില്ല എന്നൊക്കെ പറഞ്ഞ് രാമലീലയെ എട്ത്തങ്ങ് ഉയർത്തിയ പോലെ..!
ലാലേട്ടാ..അപ്പൊ ശരി.. എല്ലാം പറഞ്ഞപോലെ..
മിത്ര സിന്ധു.
പ്രളയകാലത്ത് കൈയ്മെയ് മറന്നിറങ്ങി രക്ഷാപ്രവർത്തന രംഗത്ത് സജീവമായി രംഗത്തുണ്ടായിരുന്ന നടനാണ് ടൊവീനോ. പ്രശസ്തിക്കും സിനിമാ പ്രൊമോഷനും വേണ്ടിയായിരുന്നു ഇതെന്ന് വിമർശനമുയര്‍ന്നെങ്കിലും പലരും ആ നല്ല മനസിന് കയ്യടിച്ചു. പ്രളയകാലത്തെ ടൊവീനോയുടെ ഇടപെടലിനെ നർമരസത്തോടെ അവകരിപ്പിച്ചിരിക്കുകയാണ് നടനും സംവിധായകനും അവതാരകനുമായ രമേഷ് പിഷാരടി.
പ്രശസ്തിക്കു വേണ്ടി ടൊവീനോ ആണ് പ്രളയമുണ്ടാക്കിയതെന്നു വരെ ചിലർ പറഞ്ഞേക്കാമെന്ന് പിഷാരടി പറഞ്ഞപ്പോൾ ഒപ്പമുണ്ടായിരുന്ന ടൊവീനോ പൊട്ടിച്ചിരിച്ചു, പിന്നെ പ്രതികരിച്ചു.
ഇത്തരം വിമർശനങ്ങളോട് എങ്ങനെയാണ് പ്രതികരിക്കുക എന്ന പിഷാരടിയുടെ ചോദ്യത്തിന് അത് സാമാന്യ ബുദ്ധിയുള്ള ആർക്കും മനസിലാകുന്ന കാര്യമാണെന്നായിരുന്നു ടൊവീനോ മറുപടി പറഞ്ഞത്. നോക്കിനിൽക്കുമ്പോളാണ് വെള്ളം ഉയർന്നുകൊണ്ടിരുന്നത്. നാളെ കേരളം തന്നെ ഉണ്ടാകുമോ എന്ന ആശങ്കക്കിടയിൽ എന്തു സിനിമ? എന്തു പ്രൊമോഷന്‍?” ടൊവീനോ വിഡിയോയിൽ പറയുന്നു.
സിനിമാ–സീരിയൽ താരം അമ്പിളി ദേവിയും ആദിത്യനും തമ്മിലുള്ള വിവാഹം കേരമാകെ ചർച്ചയായി. ഇതിന് പിന്നാലെ ആദിത്യന്റെ നാലാം വിവാഹമാണിതെന്നും വിവാഹതട്ടിപ്പ് കേസിൽ പ്രതിയായിട്ടുണ്ടെന്നുമടക്കം വാർത്തകൾ പൊന്തിവന്നു. അമ്പിളി ദേവിയുടെ മുൻ ഭർത്താവും ക്യാമറാമാനുമായ ലോവൽ ഷൂട്ടിങ് സെറ്റിൽ േകക്ക് മുറിച്ച് ആഘോഷിക്കുന്ന വിഡിയോയും പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ കൊഴുത്തു. സീരിയൽ കഥയെക്കാൾ ട്വിസ്റ്റുകൾ നിറഞ്ഞ വിവാഹകഥ ഇരുവരും തുറന്നു പറയുകയും ചെയ്തു.
38 വയസിനിടെ നാലുകല്ല്യാണം കഴിച്ചുവെന്ന വാർത്തകൾ ജയൻ ആദിത്യൻ നിഷേധിച്ചു. ഒപ്പം കേരളത്തിലെ ഒരു എംഎല്‍എയാണ് തനിക്കെതിരെ എല്ലാ നീക്കങ്ങളും നടത്തിയെതെന്ന് ആദിത്യന്‍ തുറന്നടിക്കുന്നു. ആദിത്യന്റെ വാക്കുകള്‍ ഇങ്ങനെ: 2009 ൽ എന്റെ സ്വകാര്യജീവിതവുമായി ബന്ധപ്പെട്ട കാര്യത്തിന് ഒരു എംഎൽഎ എന്നെ അദ്ദേഹത്തിന്റെ വീട്ടിൽ വിളിച്ചു. എന്നേക്കാൾ വലിയ നടൻമാരെ ഒതുക്കിയ നാടാണ് ഇത്. സ്ത്രീവിഷയത്തിലും ആക്രമണകേസിലും ആണ് ഒതുക്കിയിരിക്കുന്നത്. 2009 ൽ എന്നെ വീട്ടിൽ വിളിച്ചു സംസാരിച്ചപ്പോൾ ഞാൻ പറഞ്ഞു. ചേട്ടാ, എനിക്കു ചേട്ടൻ പറയുന്ന കാര്യം മനസിലാകുന്നില്ല. ഇത് എന്റെ സ്വകാര്യ കാര്യമാണ്. ഞാൻ ഒരാൾക്ക് അടി കൊടുത്തിട്ടുണ്ടെങ്കിൽ അതിനു വ്യകതമായ കാരണമുണ്ട്. ക്ഷമിക്കുകയോ പ്രവർത്തിക്കുകയോ പറഞ്ഞു തീർക്കുകയോ ചെയ്യണമെങ്കിൽ ഞാനാണ് ചെയ്യേണ്ടത്.
അതിനു പിന്നിൽ പ്രമുഖരായ രണ്ട് നടൻമാർ ഉണ്ടായിരുന്നു. വളരെയധികം നേരം തർക്കിച്ചതിനു ശേഷമാണ് ഞാൻ അന്നു അയാളുടെ വീട്ടിൽ നിന്ന് ഇറങ്ങിപ്പോന്നത്. എനിക്കു നൊന്ത കാര്യം ഞാൻ നിങ്ങൾ പറഞ്ഞാൽ വിടുമോ..? എനിക്കു മാനസികമായി നൊന്ത കാര്യമാണ് ഇത്. പിറ്റേദിവസം ഏക്സിക്യൂട്ടിവ് മീറ്റിങ്ങ് കൂടി ഞാൻ ഗുണ്ടാബന്ധമുളള ആളാണെന്ന് അയാൾ പറഞ്ഞു.
അന്ന് തുടങ്ങിയ കഷ്ടകാലം ആണിത്. വരുന്ന വർക്കുകളെല്ലാം മുടങ്ങും. പല നിർമ്മാതാക്കളും ജയാ, ഒന്നു പോയി സംസാരിക്കൂവെന്ന് പറയുന്നുണ്ടായിരുന്നു. ഒരു പരിധി വരെ ഞാൻ സംസാരിച്ചു. സുകുമാരിയമ്മ എന്നെ വളരെയധികം പിന്തുണച്ചു. ഈ പറയുന്ന എംഎൽഎ എന്റെ പല വർക്കുകളും ഇല്ലാതാക്കി. അത് എന്നോട് വ്യക്തമായി പറഞ്ഞ ആൾക്കാരുണ്ട്.
പിന്നാലെ പല സംഭവങ്ങളും നടന്നു. എനിക്കു ഭീഷണിയുടെ സ്വരമുളള ഫോൺ കോളുകൾ വന്നുകൊണ്ടിരുന്നു. ഞാനും എന്റെ അമ്മയും ഏഴുമാസം ഗർഭിണിയായ എന്റെ അനുജത്തിയും കേസിൽ പ്രതികളായി. എന്റെ അമ്മ മരിക്കാൻ തന്നെ കാരണം ഈ കേസുമായി ബന്ധപ്പെട്ടാണ്. എംഎൽഎയുടെ വീട്ടിൽ ചെന്ന് മുപ്പതോളം പേരുടെ മുൻപിൽ ചെന്ന് എന്റെ അമ്മ കാലു പിടിച്ചു. ഞാനും കാലുപിടിച്ച് ഇനി ഉപദ്രവിക്കരുതെന്ന് പറഞ്ഞു. എസിപിയുടെ ഓഫിസിൽ വച്ചു എന്റെ അനുജത്തിക്ക് ബ്ലീഡിങ് ആയി. അന്വേഷണത്തിനൊടുവിൽ റിപ്പോർട്ട് എനിക്ക് അനുകൂലമായി തീരുകയും െചയ്തു– ആദിത്യന്‍ പറഞ്ഞു.
നാല് വിവാഹം കഴിച്ചെന്നുള്ള പ്രചാരണങ്ങള്‍ക്കു ശക്തമായ മറുപടിയുമായി നടന്‍ ആദിത്യന്‍. കഴിഞ്ഞ ദിവസം നടി അമ്പിളി ദേവിയെ വിവാഹം കഴിച്ചതിനുപിന്നാലെ ഉയര്‍ന്ന ആരോപണങ്ങള്‍ ചെറുതല്ല.
എന്നാല്‍, താന്‍ നാല് വിവാഹം കഴിച്ചിട്ടുണ്ടെന്ന വാര്‍ത്ത ശരിയല്ല. ഇത്തരം പ്രചാരണങ്ങള്‍ക്കുപിന്നില്‍ ഒരു സിനിമാ നിര്‍മ്മാതാവാണെന്ന് ആദിത്യന്‍ പറയുന്നു.ഇയാള്‍ക്കെതിരെ പല തെളിവുകളും വാര്‍ത്തകളും തന്റെ കൈയിലുണ്ടെന്നും ഇനിയും കുപ്രചാരണങ്ങള്‍ തുടരുകയാണെങ്കില്‍ താന്‍ പത്രസമ്മേളനം വിളിച്ച് ഇതെല്ലാം വെളിപ്പെടുത്തുമെന്നും ആദിത്യന്‍ പറയുന്നു. എന്റെ ജീവിതവും കരിയറും നശിപ്പിക്കാന്‍ ശ്രമിക്കുകയാണ് അയാള്‍. ഒരു വര്‍ക്ക് ലഭിച്ചാല്‍ അത് മുടക്കും.
തിരുവനന്തപുരത്തു നിന്ന് താമസം മാറാന്‍ തന്നെ കാരണം അയാളാണെന്നും ആദിത്യന്‍ വെളിപ്പെടുത്തുന്നു.18 കൊല്ലമായി അഭിനയ രംഗത്ത് ഞാന്‍ വന്നിട്ട്. നിരവധി നടിമാരുമായി അഭിനയിച്ചിട്ടുണ്ട്. അവര്‍ക്കാര്‍ക്കെങ്കിലും എന്നില്‍ നിന്ന് മോശം അനുഭവം ഉണ്ടായിട്ടുണ്ടോ. ഞാന്‍ ചില തെളിവുകള്‍ പുറത്തുവിട്ടാല്‍ കേരളത്തില്‍ നടിയെ ആക്രമിച്ച കേസിലും വലിയ കോളിളക്കം ഉണ്ടാകുമെന്നും ആദിത്യന്‍ പറഞ്ഞു.
ഞാന്‍ ഒരിക്കല്‍ മാത്രമേ വിവാഹിതനായിട്ടുള്ളൂ. ആ ബന്ധം വൈകാതെ അവസാനിക്കുകയും ചെയ്തു. ഒരു പ്രമുഖ സീരിയല്‍ നടിയാണ് എന്റെ ആദ്യ ഭാര്യ. അവരുമായി ഉണ്ടായ ചില അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്നാണ് വിവാഹമോചിതനാവുന്നത്. അതിന് ശേഷമാണ് ഈ വിവാഹം. ഇക്കാര്യം അമ്പിളിക്കും അവളുടെ കുടുംബത്തിനും നന്നായി അറിയാം. ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിന് പിന്നില്‍ ചിലരുടെ താത്പര്യങ്ങളാണ്. ആരാണ് ഇതിന്റെ പിന്നിലെന്ന് എനിക്ക് നന്നായി അറിയാമെന്നും ആദിത്യന്‍ പറയുന്നു.
2013 മുതല്‍ സ്വസ്ഥത എന്താണെന്ന് ഞാന്‍ അറിഞ്ഞിട്ടില്ല. എന്റെ ആദ്യ ഭാര്യയുടെ ഭാഗത്ത് നിന്ന് എന്നെ ദ്രോഹിക്കാന്‍ നടത്തിയ ശ്രമങ്ങളാണ് എനിക്ക് ജീവിതം കൈ വിട്ടുപോകാന്‍ ഇടയാക്കിയത്. ആ ബന്ധം ഉപേക്ഷിച്ച് അവര്‍ അവരുടെ വഴിനോക്കി പോയി. പിന്നീടാണ് എനിക്ക് കണ്ണൂരില്‍ നിന്നും ഒരു ആലോചന വരുന്നത്. എല്ലാം വാക്കാലുറപ്പിച്ച ശേഷമാണ് അതിലെ ചില പ്രശ്നങ്ങള്‍ ഞാനറിയുന്നത്. അങ്ങനെ അതില്‍ നിന്നും പിന്മാറിയെന്നും ആദിത്യന്‍ വ്യക്തമാക്കി.
ആദിത്യനും അമ്പിളിയും തമ്മിലുള്ള വിവാഹം ചർച്ചയായ സാഹചര്യത്തിൽ, പുതിയ വെളിപ്പെടുത്തലുമായി ആദിത്യൻ. തനിക്ക് 15 വർഷം മുമ്പേ അമ്പിളിയോട് പ്രണയമുണ്ടായിരുന്നു. എന്നാൽ ആ പ്രണയത്തെക്കുറിച്ച് തുറന്നുപറയാൻ സാധിച്ചിരുന്നില്ലെന്ന് ആദിത്യൻ വെളിപ്പെടുത്തി. പ്രമുഖ പത്ര മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ആദിത്യന്റെ തുറന്നുപറച്ചിൽ.
ആദിത്യന്റെ വാക്കുൾ ഇങ്ങനെ:
പതിനെട്ട് വർഷം മുമ്പേ എനിക്ക് അമ്പിളിയെ എനിക്കറിയാം. ഞങ്ങളൊരുമിച്ച് വർഷങ്ങൾക്ക് മുൻപ് തന്നെ ഒട്ടേറെ സീരിയലുകളിൽ അഭിനയിച്ചിരുന്നു. അവളുടെ ആദ്യനായകന്‍ ഞാനാണ്. അന്നൊക്കെ മറ്റാർക്കും ഇല്ലാത്ത ഒരു പ്രത്യേകത അമ്പിളിക്കുണ്ട്. എല്ലാവർക്കും വലിയ ഇഷ്ടമാണ്. സെറ്റലും ആള് വളരെ സൈലന്റാണ്. എനിക്ക് അമ്പിളിയോട് പതിനഞ്ച് വർഷം മുമ്പേ പ്രണയം തോന്നിയിരുന്നു. അമ്പിളിയുടെ അച്ഛനും എന്നെ ഇഷ്ടമായിരുന്നു. ഞങ്ങൾ വിവാഹിതരാകണമെന്ന് ആഗ്രഹിച്ച ഒരുപാട് പേരുണ്ട്. പക്ഷെ ഞാനെന്റെ പ്രണയം തുറന്നുപറഞ്ഞിട്ടില്ല. അപ്പോഴേക്കും ലോവൽ അമ്പിളിയുടെ ജീവിതത്തിലേക്ക് കടന്നുവന്നു. അദ്ദേഹം എന്റെ നല്ല സുഹൃത്തായിരുന്നു.
പിന്നീട് ഇവരുടെ ജീവിതത്തിലെ ചില പ്രശ്നങ്ങളും എന്നോട് ചർച്ച ചെയ്തിട്ടുണ്ട്. ഒരുപാട് പ്രശ്നങ്ങൾ അയാളുമായുള്ള ജീവിതത്തിൽ അമ്പിളി അനുഭവിച്ചു. ഇക്കാര്യങ്ങളൊക്കെ എനിക്ക് അറിയാം. ഒരിക്കലും ഒത്തുപോകാനാവാത്ത രണ്ടുപേർ പിരിയുന്നതാണ് നല്ലതെന്ന തീരുമാനം എടുത്തതോടെയാണ് ഇവർ വേർപിരിയുന്നത്. പിന്നെ എന്തിനാണ് ഇപ്പോൾ കേക്ക് മുറിച്ച് ആഘോഷിക്കുന്നത്. കുറ്റങ്ങളെല്ലാം അമ്പിളിയുടെ മുകളിൽ ചാർത്താൻ മാത്രമാണത്. ഇത്തരം ആക്ഷേപങ്ങള്‍ പ്രതീക്ഷിച്ച് തന്നെയാണ് ഞങ്ങൾ ജീവിതം തുടങ്ങിയത്. അതുകൊണ്ട് ഇതൊന്നും ഞങ്ങളെ ബാധിക്കുന്ന വിഷയമല്ല.
കല്ല്യാണം കഴിഞ്ഞ് മണ്ഡപത്തിൽ നിന്നിറങ്ങി അമ്പിളിയെയും കൂട്ടി ഞാൻ ആദ്യം പോയത് ഡാൻസ് പരിപാടിക്കായിരുന്നു. ഇന്നലെ മകന്റെ പിറന്നാൾ ഞങ്ങളൊരുമിച്ചാണ് കേക്ക് മുറിച്ച് ആഘോഷിച്ചത്. അമ്പിളി എന്ന കലാകാരിയെയും നർത്തകിയെയും മലയാളി ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്ന പോലെ ഞാനും എന്നും ഒപ്പമുണ്ടാകും. ചിലർ വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ നടത്തുന്ന ഇത്തരം ആരോപണങ്ങളെയും അനാവശ്യ വിവാദങ്ങളെയും ഞങ്ങൾ ഒരുമിച്ച് അവഗണിക്കുകയാണ്. മുന്നിൽ കൈവിട്ടുപോയി എന്ന് ഞാൻ കരുതിയ ജീവിതം മടക്കി കിട്ടിയ സന്തോഷമാണുള്ളത്.
15 വർഷം മുമ്പ് ആദിത്യൻ പ്രണയം തുറന്നുപറഞ്ഞിരുന്നെങ്കിൽ ജീവിതം മറ്റൊന്നാകുമായിരുന്നുവെന്ന് അമ്പിളിയും പ്രതികരിച്ചു.
‘പേരൻപ്’ മഹത്തായ സ്നേഹത്തിന്റെ കഥ പറയുന്ന പേരൻപ് ഫെബ്രുവരി ഒന്നിന് തിയറ്ററുകളിൽ എത്തുകയാണ്. അതിന് മുന്നോടിയായി കൊച്ചിയിൽ നടത്തിയ പ്രീമിയർ ഷോയിൽ മമ്മൂട്ടിയും സംവിധായകൻ റാമും മറ്റ് അണിയറപ്രവർത്തകരും എത്തി. ഇതോടൊപ്പം മലയാളസിനിമയിലെ താരങ്ങളും സംവിധായകരും ചേർന്നതോടെ പ്രീമിയർ ഷോ ആഘോഷം തന്നെയായി. ഷോയ്ക്ക് ശേഷം നടത്തിയ പരിപാടിയിൽ എന്തുകൊണ്ട് മമ്മൂട്ടിയെ പേരൻപിൽ തിരഞ്ഞെടുത്തു എന്ന് പലരും ചോദിച്ചു. അതിനുള്ള മറുപടി മമ്മൂട്ടി തന്നെ പറഞ്ഞത് ഇങ്ങനെ;
ഞാൻ ഇവിടെ അലഞ്ഞുതിരിഞ്ഞു നടന്നപ്പോഴല്ല റാം എന്നെ ഈ പടത്തിലേയ്ക്ക് തിരഞ്ഞെടുക്കുന്നത്. എന്നെ മമ്മൂട്ടി ആക്കി മാറ്റിയത് നിങ്ങളും എന്റെ മുൻസിനിമകളുടെ സംവിധായകരുമാണ്. അല്ലാതെ എന്നെ ആര് അറിയാനാണ്. അതിനുശേഷമാണ് റാം എന്നെ തിരഞ്ഞെടുക്കുന്നത്. അതിനുള്ള ഓരോ ക്രെഡിറ്റും ഇവിടെയുള്ള സംവിധായകർക്കാണ്- താരത്തിന്റെ വാക്കുകൾ ആവേശത്തോടെയാണ് കാണികൾ സ്വീകരിച്ചത്.
രഞ്ജിത്ത്, സത്യൻ അന്തിക്കാട്, ജോഷി, സിബി മലയിൽ, ബി. ഉണ്ണികൃഷ്ണൻ, എസ്.എൻ.സ്വാമി, രണ്‍ജി പണിക്കർ, ലിജോജോസ് പെല്ലിശ്ശേരി, ഹനീഫ് അദേനി, നാദിർഷ, രമേശ് പിഷാരടി, രഞ്ജിത്ത് ശങ്കർ, ബാലചന്ദ്രൻ ചുള്ളിക്കാട്, വിജയലക്ഷ്മി, ആന്റോ ജോസഫ്, നിവിൻ പോളി, അനുസിത്താര, അനുശ്രീ, നിമിഷ സജയൻ, സംയുക്ത വർമ്മ തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു.
മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ മറ്റൊരു നാഴികക്കല്ലെന്നാണ് പേരൻപിനെ വാഴ്ത്തുന്നത്. പത്തുവർഷത്തിന് ശേഷം മമ്മൂട്ടി തമിഴിൽ അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്. അതിനേക്കാളുപരി ഇതിൽ അഭിനയിക്കാൻ ഒരു രൂപ പോലും മമ്മൂട്ടി പ്രതിഫലം വാങ്ങിച്ചിട്ടില്ലെന്നുള്ളത് തമിഴ്നാട്ടിലും കേരളത്തിലും ഒരുപോലെ സംസാരവിഷയമാണ്.
ഒരു തമിഴ് ചാനൽ നടത്തിയ ടോക്ക് ഷോയിൽ നിർമാതാവ് പിഎൽ തേനപ്പനാണ് താരത്തിന്റെ സാന്നിധ്യത്തിൽവെച്ച് ഇത് പറയുന്നത്. പേരൻപിൽ അഭിനയിച്ചതിന് ഇതുവരെയും പ്രതിഫലം വാങ്ങിയിട്ടില്ല എന്ന് കേൾക്കുമ്പോൾ അത്ഭുതത്തോടെയാണ് അവതാരക കാരണം ചോദിക്കുന്നത്. കാശ് വാങ്ങാതെ പടം ചെയ്യാനും മാത്രം വിശ്വാസം ഉണ്ടായിരുന്നോ എന്ന് ചോദിക്കുമ്പോൾ. “കഥ പുടിച്ചുപോച്ച്, എല്ലാ പടവും കാശുക്കാകെ പണ്ണ മുടിയാത്” (കഥ ഇഷ്ടമായി, എല്ലാ സിനിമയും കാശിന് വേണ്ടി ചെയ്യാൻസാധിക്കില്ല) – എന്ന് തമിഴിൽ തന്നെ മറുപടി പറഞ്ഞതും വൈറലാണ്. അതിനോടൊപ്പമാണ് ഇന്നത്തെ മറുപടിയും തരംഗമായിരിക്കുന്നത്.
മലയാളത്തിലെ അനശ്വര നടനായ ജയന്റെ സഹോദര പുത്രൻ ആദിത്യന്റെ നാലാം വിവാഹത്തിൽ ഞെട്ടിയിരിക്കുകയാണ് സോഷ്യൽ മീഡിയ. കഴിഞ്ഞ ദിവസമാണ് മലയാളികൾ ഹൃദയത്തിൽ കൊണ്ടുനടന്ന സിനിമാനടിയും സീരിയൽ നടിയുമായ അമ്പിളിദേവിയെ ആദിത്യൻ ജീവിത സഖിയാക്കി മലയാളികളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചത്. താരങ്ങൾ വിവാഹിതരാകുന്നതിൽ ഇത്രയ്‌ക്കെന്താണ് ഞെട്ടാനുള്ളതെന്ന് ചോദ്യങ്ങൾ ഉയരുമെങ്കിലും സോഷ്യൽ മീഡിയയെ കണ്ണുതള്ളിപ്പിച്ചത് ആദിത്യന്റെ നാലാം വിവാഹവും, അമ്പിളി ദേവിയുടെ രണ്ടാം വിവാഹവും എന്ന പ്രത്യേകത തന്നെയായിരുന്നു.
സീരിയല്‍ മേഖലയില്‍ ഉള്ളവര്‍ക്ക് പോലും തികച്ചും അപ്രതീക്ഷിതമായിരുന്നു ഇവരുടെ വിവാഹം. ഇതറിഞ്ഞ സഹപ്രവര്‍ത്തകരുടെുയും ആരാധകരുടെയും ചോദ്യം അമ്പിളിക്ക് വേറെ ആരെയും കിട്ടിയില്ലേ എന്നാണ്. ആദിത്യന്റെ വിവാഹബന്ധങ്ങള്‍ തന്നയാണ് ഈ ചോദ്യങ്ങള്‍ ഉയരാനും കാരണം. കൊല്ലം സ്വദേശിനിയായ പെണ്‍കുട്ടിയായിരുന്നു ആദിത്യന്റെ ആദ്യ ഭാര്യ. ഹണി എന്നു പേരുളള ഈ പെണ്‍കുട്ടി ഒരു നഴ്‌സായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ആ ബന്ധം തകര്‍ന്ന ശേഷം സീരിയല്‍ രംഗത്ത് തന്നെയുള്ള ഒരു നായികയുമായി ആദിത്യന്‍ കടുത്ത പ്രണയത്തിലായി. സ്ത്രീധനം സീരിയലിലെ പ്രതിനായിക ആയിരുന്ന ഏറെ പ്രശസ്തയായ പെണ്‍കുട്ടി സീരിയലില്‍ മിന്നി നില്‍ക്കുന്ന സമയമായിരുന്നു.
എന്നാല്‍ ബന്ധത്തിലെ പ്രശ്‌നങ്ങളെ തുടര്‍ന്ന് ആ പെണ്‍കുട്ടി രണ്ടു വര്‍ഷത്തിലേറെ നീണ്ട ബന്ധം മുറിച്ചെറിഞ്ഞ് രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് നടി സീരിയല്‍ രംഗത്ത് സജീവമായി. ഇപ്പോള്‍ ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ഒരു സീരിയലില്‍ കേന്ദ്രകഥാപാത്രത്തെ ഈ നടിയാണ് അവതരിപ്പിച്ചിരുന്നത്. എന്നാല്‍ മാസങ്ങള്‍ക്ക് മുമ്പ് മറ്റൊരു യുവാവിനെ കല്യാണം കഴിച്ച് ഇവര്‍ സീരിയല്‍ രംഗത്ത് നിന്നും മാറുകയും ചെയ്തു.
പിന്നീടാണ്, കണ്ണൂരുള്ള ഒരു പെണ്‍കുട്ടിയുമായി ആദിത്യന്‍ അടുപ്പത്തിലാവുന്നത്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്കും ഈ ബന്ധം അറിയാമായിരുന്നു. തുടര്‍ന്ന് വിവാഹം വാക്കാല്‍ പറഞ്ഞുറപ്പിക്കുകയും ചെയ്തു. പലപ്പോഴായി രണ്ടര ലക്ഷത്തോളം രൂപ ആദിത്യന്‍ പെണ്‍കുട്ടിയില്‍ നിന്ന് കൈപ്പറ്റി എന്നാണ് ആരോപണം. കല്യാണത്തില്‍ നിന്ന് ആദിത്യന്‍ വഴുതി മാറിയതോടെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതിപ്പെട്ടു. ആദിത്യന്‍ അറസ്റ്റിലാവുകയും ചെയ്തു.
2013 ലായിരുന്നു അറസ്റ്റ്. വിവാഹനിശ്ചയം നടത്തി പണവും സ്വര്‍ണവും തട്ടി എന്നതായിരുന്നു കേസ്. 2007ല്‍ ഗുരുവായൂരില്‍ വച്ചായിരുന്നു വിവാഹ നിശ്ചയം. തുടര്‍ന്നു പല ഘട്ടങ്ങളിലായി പണവും സ്വര്‍ണവും ആദിത്യന്‍ തട്ടിയെടുക്കുകയായിരുന്നു. ഗുരുവായൂരില്‍ നടന്ന വിവാഹനിശ്ചയ ചടങ്ങിന്റെ ഫോട്ടോകള്‍ ഉള്‍പ്പെടെ 2012ലാണ് പെണ്‍കുട്ടി കണ്ണൂര്‍ ടൗണ്‍ പോലീസില്‍ പരാതി നല്‍കിയത്. ഈ വാർത്തകൾ ഏറെ വിവാദമാവുകയും ചെയ്തിരുന്നു.
അതിന് ശേഷമാണ് പുനലൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയുമായി അടുപ്പത്തിലാവുന്നതും വിവാഹം കഴിക്കുന്നതും. ഈ ബന്ധത്തിലുള്ളതാണ് കുട്ടി. മൂന്നാം ഭാര്യയുമായി പിരിഞ്ഞിട്ട് മാസങ്ങള്‍ മാത്രമാണ് ആയതെന്നാണ് റിപ്പോര്‍ട്ട്. മറ്റ് ബന്ധങ്ങളും ആദിത്യനുണ്ടെന്ന് നടനുമായി അടുപ്പമുള്ളവര്‍ പറയുന്നു. താഴ്‌വാര പക്ഷികള്‍ എന്ന മലയാള പരമ്പരയിലൂടെ അഭിനയ രംഗത്തേക്കു കടന്നു വന്ന അമ്പിളി ദേവി, 2001 സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ ‘കലാതിലകം’ ആയതിനു ശേഷമാണ് സിനിമകളിലേക്ക് എത്തിച്ചേരുന്നത്. അമ്പിളിയുടെ കലാതിലക പട്ടത്തിന് പിന്നിലും മലയാളികൾക്ക് മറക്കാനാകാത്ത ഒരു കഥയുണ്ടായിരുന്നു. നവ്യ നായരും അമ്പിളി ദേവിയും തമ്മിലുണ്ടായിരുന്ന ചില്ലറ പൊരുത്തക്കേടുകളായിരുന്നു അത്. സ്‌കൂൾ കലോത്സവവേദിയിൽ പൊട്ടിക്കരഞ്ഞ് നടി നവ്യ പറഞ്ഞത് ഇങ്ങനെയായിരുന്നു…
”മറ്റേ കുട്ടി ഒന്നും ചെയ്തില്ല. വേദിയിലുള്ള എല്ലാവരും പറഞ്ഞതാണത്. വെറുതെ ഫിലിം സ്റ്റാർ ആയതുകൊണ്ടു മാത്രം കിട്ടിയതാ ആ കുട്ടിക്ക്…” എന്നു കരഞ്ഞുവിളിച്ചു പറഞ്ഞത് പിന്നീടു സിനിമാലോകത്തെ മിന്നും താരമായി മാറി നവ്യയായിരുന്നു.
തൊടുപുഴയിൽ നടന്ന സ്‌കൂൾ കലോത്സവത്തിന്റെ അവസാന ദിവസമായിരുന്നു ഒന്നാം സമ്മാനിക്കാരിയായ അമ്പിളി ദേവിക്കെതിരെ ആലപ്പുഴക്കാരിയായിരുന്ന ധന്യയെന്ന നവ്യ നായർ ആരോപണം ഉന്നയിച്ചത്. സിനിമയിൽ ചെറിയ ചെറിയ വേഷങ്ങളിൽ അമ്പിളി അന്നു മുഖം കാണിച്ചു തുടങ്ങിയിരുന്നു. ഇതായിരുന്നു ആരോപണത്തിനു കാരണം. നൃത്ത നൃത്തേതര വിഭാഗങ്ങളിൽ മത്സരിച്ച് വിജയിക്കുന്നവർക്ക് മാത്രമേ തിലക പട്ടങ്ങൾ നൽകാവൂ എന്ന നിയമത്തെ തുടർന്നു 2001ലെ കലോത്സവം വിവാദത്തിലായിരുന്നു. അമ്പിളി ദേവിക്കായിരുന്നു അന്നു കലാതിലകപ്പട്ടം ലഭിച്ചത്.
ധന്യ എന്ന നവ്യ കലാതിലകപ്പട്ടത്തിനായി അമ്പിളിക്കൊപ്പമുണ്ടായിരുന്നു. അവസാന ഇനമായ മോണോ ആക്ടിൽ ഒന്നാം സ്ഥാനം ലഭിച്ചതോടെ അമ്പിളിക്കു കലാതിലകപ്പട്ടം സ്വന്തമായി. തുടർന്നാണു നവ്യ മാധ്യമങ്ങൾക്ക് മുമ്പിൽ പൊട്ടിക്കരഞ്ഞത്. അന്ന് എല്ലാ മാധ്യമങ്ങളും ഈ കരച്ചിൽ ഏറ്റെടുത്തിരുന്നു. പക്ഷെ അനുകരഞ്ഞ നവ്യക്ക് സിനിമാ രംഗത്ത് വച്ചടി വച്ചടി കയറ്റമായുന്നു. മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്‌നവും എന്ന ചിത്രത്തിൽ ശ്രദ്ധേയ വേഷത്തിൽ അമ്പിളി ദേവി അഭിനയിച്ചെങ്കിലും ബിഗ് സ്‌ക്രീനിൽ മങ്ങിയ ശോഭയായിരുന്നു താരത്തിന്.
പിന്നീട് സീരിയലിലൂടെ അഭിനയത്തിൽ സജീവമാവുകയായിരുന്നു. 2009ലാണ് കാമറാമാന്‍ ലോവലിനെ അമ്പിളിദേവി വിവാഹം കഴിച്ചത്. വീട്ടുകാര്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹമായിരുന്നിട്ടും പാതിയില്‍ അവസാനിപിച്ച് ആദിത്യനെ അമ്പിളി സ്വീകരിച്ചത്. അതേസമയം അമ്പിളി ദേവിയുടെയും ലോവലിന്റെയും ദാമ്പത്യ ബന്ധം തകര്‍ത്തതിന് പിന്നിലും ജയന്‍ ആദിത്യന്‍ ആണ് എന്നൊരു ആരോപണവും ഇപ്പോള്‍ ഇന്‍ഡസ്ട്രിയില്‍ ഉയരുന്നുണ്ട്. ആദിത്യനും അമ്പിളിയും കൊല്ലം സ്വദേശികളും കുടുംബസുഹൃത്തുകളുമാണ്. ലോവലുമായുള്ള വിവാഹസമയത്ത് തന്നെ അമ്പിളിദേവിയെയും ലോവലിനെയും ആദിത്യന് അറിയാം. ഇവരുടെ ബന്ധത്തില്‍ തെറ്റിധാരണകള്‍ ഉണ്ടാക്കിയത് ആദിത്യനാണെന്നാണ് സുഹൃത്തുകള്‍ ആരോപിക്കുന്നത്.
സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധ പിടിച്ചുപറ്റുകയെന്നത് ആദിത്യന്റെ ആദ്യത്തെ തന്ത്രമൊന്നുമായിരുന്നില്ല. ഇതിന് മുമ്പ് സീരിയല്‍ നടി ഉമ നായറും, ആദിത്യനും നടൻ ജയന്റെ ബന്ധുത്വത്തെ ചൊല്ലി പരസ്പരം പോരടിച്ചത് സോഷ്യൽ മീഡിയ കണ്ടതാണ്. ചാനല്‍ പരിപാടിയ്ക്കിടെ താന്‍ ജയന്റെ സഹോദരന്റെ മകളാണെന്നായിരുന്നു ഉമ നായര്‍ പറഞ്ഞിരുന്നു. തന്റെ അച്ഛന്റെ അമ്മയും ജയന്റെ അമ്മയും ചേട്ടത്തി അനിയത്തിമാരാണെന്നും അങ്ങനെ നോക്കുമ്പോള്‍ ജയന്‍ തന്റെ വല്ല്യച്ചനാണെന്നുമായിരുന്നു ഉമ പറഞ്ഞിരുന്നത്. എന്നാൽ ഉമ നായര്‍ തന്റെ കുടുംബവുമായി ബന്ധപ്പെട്ട് പറഞ്ഞ കാര്യങ്ങളെല്ലാം കുടുംബാംഗങ്ങളെയും വിഷമിപ്പിക്കുന്ന കാര്യമാണെന്ന് പറഞ്ഞ് ആദിത്യൻ സോഷ്യൽ മീഡിയയിൽ ഈ വിഷയം വഷളാക്കുകയായിരുന്നു.
ഈ വിഷയം കെട്ടടങ്ങി വന്നതിന് പിന്നാലെയാണ് ഒരു വിവാഹ തട്ടിപ്പ് കേസില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്ന ആദിത്യനെ അമ്പിളി ദേവി വിവാഹം കഴിച്ചുവെന്ന വാർത്ത സോഷ്യൽ മീഡിയയിൽ കത്തുന്നത്. ക്യാമറാമാന്‍ ലോവലുമായുള്ള ബന്ധത്തില്‍ അമ്ബിളി ദേവിക്ക് ഏഴു വയസ്സുള്ള ഒരു മകനുണ്ട്. കൊല്ലം കൊറ്റന്‍ കുളങ്ങര ദേവീക്ഷേത്രത്തില്‍ വെച്ചായിരുന്നു അമ്പിളി ദേവിയും ജയന്‍ ആദിത്യനും തമ്മിലുളള വിവാഹം നടന്നത്. അമ്പിളി ദേവിയുടെ വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. അതേ സമയം നടിയുടെ വിവാഹം മുന്‍ ഭര്‍ത്താവ് സീരിയല്‍ സെറ്റില്‍ ആഘോഷിച്ചതിന്റെ വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.
തന്റെ പുതിയ സീരിയലിന്റെ ലൊക്കേഷനിലാണ് ലോവലിന്റെ വക ആഘോഷങ്ങള്‍ നടന്നത്. സീ ടി.വിയില്‍ സംപ്രേഷണം ചെയ്യുന്ന ‘ അടുത്ത ബെല്ലോടു കൂടി ‘ എന്ന സീരിയലിന്റെ സെറ്റിലായിരുന്നു ലോവലിന്റെ കേക്ക് മുറിച്ചുള്ള ‘മധുര പ്രതികാരം’. സെറ്റിലെ മുഴുവന്‍ സഹപ്രവര്‍ത്തകരും മാനസിക പിന്തുണയുമായി ലോവലിന് ഒപ്പം ഉണ്ടായിരുന്നു. സെറ്റിലെ സീരിയല്‍ താരങ്ങളെ എല്ലാം സാക്ഷിയാക്കിയായിരുന്നു ലോവലിന്റെ ആഘോഷം. എന്തായാലും, സീരിയലില്‍ കാണുന്നതിനേക്കാളും വലിയ ട്വിസ്റ്റും കല്യാണ വാര്‍ത്തയും കണ്ട് ഞെട്ടിയിരിക്കുകയാണ് പ്രേക്ഷകരും സീരിയല്‍ ലോകവും.
ലൈംഗിക പീഡാനുഭവങ്ങള്‍ തുറന്നുപറയുന്ന മീ ടു ക്യാമ്പയിനില്‍ തനിക്ക് വിശ്വാസമില്ലെന്ന് നടി ഷക്കീല. പഴയ കാര്യങ്ങള്‍ പറയുന്നതില്‍ എനിക്ക് എന്തോ യോജിപ്പില്ല. ഇഷ്ടപ്പെടാത്ത രീതിയില്‍ ആരെങ്കിലും പെരുമാറിയാല്‍ അന്നേ ചെരുപ്പെടുത്ത് മുഖത്തടിക്കണമായിരുന്നു. എനിക്കും ഒരുപാട് ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അതെല്ലാം വെല്ലുവിളിയായി കരുതി ജീവിച്ചുകാണിക്കുകയാണ് ഞാന്‍ ചെയ്തത്- ഷക്കീല പറഞ്ഞു.
തന്റെ ജീവിതം ആസ്പദമാക്കി ഒരുങ്ങുന്ന സിനിമയുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തിലാണ് ഷക്കീല മനസ്സ് തുറന്നത്. മലയാള സിനിമയില്‍ ഒരുപാട് അഭിനയിച്ചെങ്കിലും ഇന്ന് തനിക്ക് സിനിമയുമായി ബന്ധപ്പെട്ട ആരുമായി ബന്ധമില്ലെന്നും ഷക്കീല പറഞ്ഞു. മലയാളത്തില്‍ എന്റെ സിനിമകള്‍ വിതരണം ചെയ്ത പലരും ഇന്ന് വലിയ പണക്കാരാണ്. എന്നാല്‍ അവര്‍ക്കാര്‍ക്കും എന്നെ ഓര്‍മ്മയില്ല. എനിക്ക് വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്യണമെന്നുണ്ടായിരുന്നു. എന്നാല്‍ ആഗ്രഹിച്ച വേഷങ്ങള്‍ കിട്ടിയില്ല. മലയാളത്തില്‍ നിന്ന് തമിഴിലേക്ക് വന്നപ്പോള്‍ എനിക്ക് അവസരങ്ങള്‍ കുറഞ്ഞു. നാല് വര്‍ഷത്തോളം ഞാന്‍ ജോലിയില്ലാതെ ഇരുന്നു- ഷക്കീല പറയുന്നു.
രാഷ്ട്രീയത്തില്‍ ഇറങ്ങുകയാണെങ്കില്‍ ഞാന്‍ പോരാടാന്‍ ആഗ്രഹിക്കുന്നത് കുട്ടികള്‍ക്ക് നേരെയുണ്ടാകുന്ന ലൈംഗിക അതിക്രമങ്ങള്‍ക്ക് എതിരെയാണ്. കൊച്ചുകുട്ടികളോട് ലൈംഗികമായി പെരുമാറുന്നവരോട് ക്ഷമിക്കാന്‍ കഴിയില്ല. ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ഉറങ്ങാന്‍ സാധിക്കാറില്ലെന്നും ഷക്കീല കൂട്ടിച്ചേര്‍ത്തു.
കമല്‍ഹാസന്റെ കടുത്ത ആരാധികയാണ് ഞാന്‍. അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകള്‍ക്കൊപ്പം നില്‍ക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ഷക്കീല പറഞ്ഞു.