Movies

അന്യഭാഷാ ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന പരിഗണന പോലും ഒരു നല്ല ചിത്രമായിട്ടും കൂദാശയ്ക്ക് നല്‍കിയില്ലെന്ന് നടന്‍ ബാബു രാജ്.  ഒരു  അഭിമുഖത്തിലാണ് ചിത്രത്തിന് നേരിട്ട പ്രതിസന്ധികളെക്കുറിച്ച് അദ്ദേഹം മനസ്സുതുറന്നത്. സത്യത്തില്‍ കൂദാശയുടെ ജാതകം ശരിയായില്ലെന്ന് വേണം പറയാന്‍. ഒരോ സിനിമയ്ക്കും ഒരോ ജാതകമുണ്ട്. അതിന്റെ വിതരണത്തില്‍ പാളിച്ചകള്‍ പറ്റിയിരുന്നു. റിലീസിന് മുന്‍പ് തന്നെ അതിന്റെ ഡിസ്ട്രീബൂട്ടറെ വിളിച്ച് തിയ്യറ്റര്‍ മര്യാദയ്ക്ക് കിട്ടിയിരുന്നോ എന്ന് ചോദിച്ചതാണ്. തിയേറ്റര്‍ മര്യാദയ്ക്ക് കിട്ടിയിട്ടില്ലെങ്കില്‍ ഇറക്കേണ്ടെന്നും പറഞ്ഞതാണ്. എന്നാല്‍ അദ്ദേഹം ഒരു ഷോ രണ്ട് ഷോ മാത്രമേ തിയ്യറ്ററില്‍ വെച്ചിരുന്നുള്ളു. എത്ര വലിയ സിനിമയാണെങ്കിലും തുടര്‍ച്ചയായി തിയ്യറ്ററില്‍ കളിച്ചില്ലെങ്കില്‍ ആ ചിത്രത്തിന് പിടിച്ച് നില്‍ക്കാന്‍ സാധിക്കില്ല.

Related image

സിനിമ കാണാന്‍ വരുന്നവര്‍ ഇന്ന് ഇനി ഷോയില്ല നാളെയേ ഇനി ഷോയുള്ളവെന്ന് മനസിലാക്കുമ്പോള്‍ അവര്‍ പിന്നെ വരുമോ? സിനിമയെ ആളുകള്‍ അറിഞ്ഞ് വരുമ്പോഴേക്ക് തിയ്യറ്ററില്‍ നിന്ന് പടം പോയി. രാക്ഷസന്‍, 96 തുടങ്ങിയ അന്യഭാഷ ചിത്രങ്ങള്‍ക്ക് നല്‍കിയ അവസരം പോലും കൂദാശയ്ക്ക് കിട്ടിയില്ല. എന്നിട്ട് മലയാള സിനിമ നന്നാവണം എന്ന് പറഞ്ഞിട്ട് കാര്യമില്ല.. ഹൗസ് ഫുള്‍ കളിച്ച തിയേറ്ററുകളില്‍ പിറ്റേന്ന് പോയി നോക്കുമ്പോള്‍ സിനിമയില്ല.

വ്യക്തിപരമായി എനിക്ക് സംതൃപ്തി നല്‍കിയ കഥാപാത്രമാണ് കൂദാശയിലേത്. ഇതിന്റെ പ്രിവ്യു കണ്ട ശേഷം വാണിയും എന്നെ അഭിനന്ദിച്ചിരുന്നു. പക്ഷേ തിയ്യറ്ററില്‍ നിന്ന് ഇത്തരത്തിലൊരു അനുഭവം ഉണ്ടായപ്പോള്‍ എന്റെ ജഡ്ജ്മെന്റ് തെറ്റായിരുന്നോ എന്നെനിക്ക് തോന്നി. ജിത്തു ജോസഫ് പറഞ്ഞ പോലെ ഞാനൊക്കെ ഇമേജിന്റെ തടവറയില്‍ പെട്ടുപോയ വ്യക്തിയാണ്. ആ എനിക്ക് കിട്ടിയ മനോഹരമായ ചിത്രമായിരുന്നു കൂദാശ. ബാബുരാജ് പറഞ്ഞു.

സോഷ്യല്‍ മീഡിയയിലൂടെ അവഹേളിക്കുന്ന സംഘികള്‍ക്ക് ചുട്ട മറുപടി നല്‍കി ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീകുമാരന്‍ തമ്പി. ശബരിമല വിഷയത്തിലും അടിക്കടി ഉണ്ടാകുന്ന ഹര്‍ത്താലിലും താന്‍ ഫെയ്‌സ്ബുക്കിലൂടെ നടത്തുന്ന പരാമര്‍ശങ്ങള്‍ സംഘികള്‍ രാഷ്ട്രീയലക്ഷ്യത്തിനായി ദുരുപയോഗം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ശ്രീകുമാരന്‍ തമ്പിയുടെ പോസ്റ്റ്. ഇത് പലപ്പോഴും പരിധി വിട്ട സാഹചര്യത്തിലാണ് ശ്രീകുമാരന്‍ തമ്പി പൊട്ടിത്തെറിച്ചത്. ഇതാണോ നിന്റെയോക്കെ ഹിന്ദുത്വം. ബംഗാളിലും ത്രിപുരയിലും ആവര്‍ത്തിച്ചത് കേരളത്തില്‍ ആവര്‍ത്തിക്കാമെന്ന് സ്വപ്‌നം കാണേണ്ട. നിങ്ങള്‍ എത്ര കൂകി വിളിച്ചാലും മലയാളികള്‍ അങ്ങനെ മാറാന്‍ പോകില്ല.,.എന്നായിരുന്നു പോസ്റ്റ്. ശബരിമലയില്‍ യുവതി വേഷം മാറി കയറിയതിനെ ശ്രീകുമാരന്‍ തമ്പി വിമര്‍ശിച്ചിരുന്നു. എന്നാല്‍ സംഘികള്‍ അത് പിണറായിക്കെതിരായ പോസ്റ്റ് എന്ന രീതിയിലാണ് പ്രചരിപ്പിച്ചത്. ഇത്തരത്തില്‍ നിരവധി സംഭവങ്ങള്‍ ആവര്‍ത്തിച്ചതോടെയാണ് അദ്ദേഹം എഫ്ബിയിലൂടെ സംഘികള്‍ക്കെതിരെ തുറന്നടിച്ചത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

ഞാന്‍ പറയാത്ത കാര്യങ്ങള്‍ എന്റെ ഒരു വാചകത്തോട് കൂട്ടിയൊട്ടിച്ച് നുണപ്രചാരണം നടത്തുന്നരീതി സംഘികള്‍ അവസാനിപ്പിക്കണം .ഇതാണോ നിന്റെയൊക്കെ ഹിന്ദുത്വം ?.എന്റെ ഫേസ് ബുക് പോസ്റ്റില്‍ പിണറായി എന്ന പേരോ കേരളസര്‍ക്കാര്‍ എന്ന വാക്കോ ഞാന്‍പറഞ്ഞിട്ടില്ല . മാന്യമായി ജീവിക്കുന്ന ഹിന്ദുക്കളെക്കൂടി നശിപ്പിച്ചു ഇവര്‍ എന്തു നേടാന്‍ പോകുന്നു? ഒരു കാര്യം സംഘികള്‍ ഓര്‍ത്തിരിക്കണം കേരളത്തില്‍ ബംഗാളും ത്രിപുരയും ആവര്‍ത്തിക്കാമെന്നു നിങ്ങള്‍ സ്വപ്നം കാണണ്ട .നിങ്ങള്‍ എത്ര കൂകി വിളിച്ചാലും മലയാളികള്‍ അങ്ങനെ മാറാന്‍ പോകുന്നില്ല . എല്ലാവരും ഓര്‍ത്തിരിക്കേണ്ട ഒരു സത്യമുണ്ട് . സനാതനധര്‍മ്മം തെമ്മാടിത്തവും നുണ പ്രചാരണവുമല്ല …പ്രിയ സുഹൃത്തുക്കളോട് ഞാന്‍ ആവര്‍ത്തിക്കട്ടെ …..മേക്കപ്പിട്ടു ക്ഷേത്രത്തില്‍ കയറിയതിനെ മാത്രമേ ഞാന്‍ എതിര്‍ത്തിട്ടുള്ളൂ .

തമിഴ് നടൻ അജിത്തിന്റെ കൂറ്റൻ കട്ടൗട്ടിൽ പാലഭിഷേകം നടത്തുന്നതിനിടെ അഞ്ചു പേർക്ക് പരുക്ക്. ഇന്നലെ പുറത്തിറങ്ങിയ വിശ്വാസം ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ടുള്ള ആഘോഷത്തിനിടെയായിരുന്നു അപകടം. മുളങ്കമ്പുകൾ ചേർത്ത് കെട്ടിയ ഉയരമുള്ള കട്ടൗട്ടായിരുന്നു. പാലഭിഷേകം നടത്താനായി അഞ്ചു പേർ മുകളിലേക്ക് വലിഞ്ഞു കയറിയതായിരുന്നു. ഭാരം താങ്ങാനാകാതെ കട്ടൗട്ട് നിലംപതിക്കുകയായിരുന്നു. സാരമായി പരുക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ വെല്ലൂരിൽ അജിത്തിന്റെ ആരാധകർ തമ്മിൽ ഏറ്റുമുട്ടയിരുന്നു. രണ്ടു പേർക്ക് കുത്തേൽക്കുകയും ചെയ്തു. വിശ്വാസത്തിന്റെ പുലർച്ചെ നടന്ന പ്രദർശനശേഷമാണ് ആരാധകർ തമ്മിൽ ഏറ്റുമുട്ടിയത്.

 

ഇന്ന് റിലീസായ രജനികാന്ത് ചിത്രം പേട്ട ഇന്റര്‍നെറ്റില്‍. രണ്ടുമണിയോടെയാണ് ചിത്രം തമിഴ് റോക്കേഴ്സില്‍ പ്രത്യക്ഷപ്പെട്ടത്. തിയേറ്ററില്‍നിന്ന് ചിത്രീകരിച്ച എച്ച്.ഡി പ്രിന്റാണ് പ്രചരിക്കുന്നത്. ചിത്രം മികച്ച അഭിപ്രായം നേടി വന്‍ഹിറ്റിലേക്ക് കുതിക്കുന്നതിനിടെയാണ് അണിയറ പ്രവര്‍ത്തകരെ അടക്കം ഞെട്ടിച്ച് സിനിമ തമിഴ് റോക്കേഴ്സില്‍ പ്രത്യക്ഷപ്പെട്ടത്. ആരാധകപ്രതീക്ഷകളെ നിരാശയിലാഴ്ത്താതെയാണ് രജനീകാന്ത് ചിത്രം ‘പേട്ട’യുടെ കുതിപ്പ്. ആരാധകർ മാത്രമല്ല, വലിയ താരനിരയാണ് ചിത്രം കാണാനെത്തിയത്. മോണിങ്ങ് ഷോ കാണാനെത്തിയവരിൽ നടി തൃഷയും ഉണ്ടായിരുന്നു. ചിത്രം കണ്ടതിനു ശേഷം സിനിമയിലെ ഡയലോഗിനൊപ്പം എപിക്, രജനിഫൈഡ് എന്നാണ് ധനുഷ് ട്വിറ്ററിൽ കുറിച്ചത്.

ചിത്രം കണ്ട് രജനിഫൈഡ് ആയത് ധനുഷ് മാത്രമല്ലെന്നാണ് ആദ്യപ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. ഒരുപാട് നാളുകൾക്കു ശേഷം തിയേറ്ററിലിരുന്ന് കയ്യടിക്കുകയും ആർപ്പവിളിക്കുകയും ചെയ്തെന്നാണ് വിനീത് ശ്രീനിവാസൻ ഫെയ്സ്ബുക്കിൽ കുറിച്ചത്. ചിത്രത്തിന്റെ റീലീസിനോടനുബന്ധിച്ച് തമിഴ്നാട്ടിലെ ചില കമ്പനികൾ ഇന്ന് അവധിദിനമായി പോലും പ്രഖ്യാപിച്ചു. നോട്ടീസ് ബോർ‍ഡുകളിൽ ദിവസങ്ങൾക്കു മുന്‍പേ അറിപ്പുകളും പ്രത്യക്ഷപ്പെട്ടു.

രജനീകാന്തിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് പേട്ടയുടെ ടീസർ റിലീസ് ചെയ്തത്. തമിഴിലെ മികച്ച യുവസംവിധായകൻ കാർത്തിക് സുബ്ബരാജ് ആണ് സംവിധാനം. വീണ്ടും സ്റ്റൈലിഷ് ഗെറ്റപ്പിൽ ചുറുചുറുക്കോടെ സ്റ്റൈൽമന്നൻ എത്തുന്നു എന്നതാണ് സിനിമയുടെ മറ്റൊരു പ്രത്യേകത. ചിത്രത്തിൽ രണ്ട് വ്യത്യസ്ത ഗെറ്റപ്പിലാണ് താരം എത്തുന്നത്.ബോളിവുഡ് നടൻ നവാസുദീൻ സിദ്ദിഖി, വിജയ് സേതുപതി, ബോബി സിംഹ, സനന്ത്, തൃഷ, സിമ്രാൻ, മേഘ ആകാശ് എന്നിങ്ങനെ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. അനിരുദ്ധ് സംഗീതം നിർവഹിക്കുന്ന ചിത്രത്തിന് മലയാളിയായ വിവേക് ഹർഷൻ എഡിറ്റിങ്. പീറ്റർ ഹെയ്ൻ ആക്ഷൻ. കലാനിധി മാരൻ ആണ് നിർമാണം.

ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ്, നാടോടിക്കാറ്റ്, പട്ടണപ്രവേശം..സത്യൻ അന്തിക്കാട്, മോഹൻലാൽ ശ്രീനിവാസൻ ത്രയം സമ്മാനിച്ച് ക്ലാസിക് ഹിറ്റുകളാണിവ. പതിനാറ് വർഷത്തെ ഇടവേളക്ക് ശേഷം സത്യൻ അന്തിക്കാട്–ശ്രീനിവാസൻ കൂട്ടുകെട്ടിൽ ‘ഞാൻ പ്രകാശൻ’ എത്തിയപ്പോഴും പ്രേക്ഷകർക്ക് അറിയേണ്ടത് മൂവരും ഒന്നിക്കുന്ന ചിത്രം ഇനിയെപ്പോഴാണ് എന്നായിരുന്നു. ആ ചോദ്യത്തിന് ഉത്തരം നൽകുകയാണ് ഫിലിം കംപാനിയന് നൽകിയ അഭിമുഖത്തിൽ സത്യൻ അന്തിക്കാട്.

‘ഞാൻ പ്രകാശന് വേണ്ടി അത്തരമൊരു ആലോചന നടത്തിയിരുന്നു. ശ്രീനിവാസനും ലാലും റെഡി ആയിരുന്നു. എന്നാൽ കഥ വന്നുചേർന്നത് ഒരു ചെറുപ്പക്കാരനിലാണ്. ആ കഥയ്ക്ക് ഏറ്റവും യോജിച്ച ആൾ ഫഹദ് ഫാസിലായിരുന്നു. എന്റെ വലിയ ആഗ്രഹമാണ് മൂവരും ഒന്നിച്ചൊരു ചിത്രമെന്നത്. അത് സംഭവിച്ചേക്കാം.

”മോഹൻലാലും ശ്രീനിവാസനും തമ്മിൽ യാതൊരു പ്രശ്നങ്ങളുമില്ല. തെറ്റിദ്ധാരണയാണത്. വാട്സ്ആപ്പിൽ അത്തരം പ്രചാരണങ്ങളൊക്കെ വന്നിട്ടുണ്ട്. ഈ സിനിമയിലുള്ള നിർദോഷമായ ഒരു തമാശ പോലും മോഹൻലാലിനെ കളിയാക്കിയതാണെന്ന് പറഞ്ഞവരുണ്ട്, ശ്രീനിവാസൻ പറഞ്ഞാലും ലാലിനെ കളിയാക്കാൻ ഞാൻ സമ്മതിക്കില്ലല്ലോ.

”ഫഹദിന്റെ കഥാപാത്രം ‘വീട്ടിൽ സ്വർണം വെച്ചിട്ടെന്തിന് എന്ന ഡയലോഗ് പറയുമ്പോൾ ‘അതാ പറഞ്ഞവന്റെ വീട്ടിലുണ്ടാകും’ എന്ന് ശ്രീനി മറുപടി നൽകുന്ന സീനുണ്ട്. അത് മോഹൻലാലിനെ ഉദ്ദേശിച്ചാണ് എന്ന തരത്തിലൊക്കെയാണ് വ്യാഖാനിച്ചത്. മോഹൻലാലിന്റെ ടാലന്റിന്റെ ആരാധകനാണ് ശ്രീനി, തിരിച്ചും അങ്ങനെ തന്നെയാണ്– സത്യൻ അന്തിക്കാട് പറഞ്ഞു.

മോഡലിങ് രംഗത്ത്‌ നിന്നാണ്‌ പ്രിയങ്ക സിനിമയിലെത്തിയത്‌. വിലാപങ്ങള്‍ക്കപ്പുറം എന്ന ചിത്രത്തിലൂടെ കേരള സംസ്ഥാന സര്‍ക്കാറിന്റെ മികച്ച നടിയ്ക്കുള്ള പുരസ്‌കാരം നേടി.കിച്ചാമണി എം.ബി.എ, ഭൂമി മലയാളം, സമസ്ത കേരളം പി.ഒ, ഇവിടം സ്വര്‍ഗമാണ്‌ തുടങ്ങിയ ചിത്രങ്ങളിലും പ്രിയങ്ക അഭിനയിച്ചിരുന്നു.

Related image

എന്നാൽ പ്രിയങ്ക നായര്‍ ഇപ്പോൾ വീണ്ടും സിനിമാരംഗത്ത് സജീവമാകുകയാണ് .
മുല്ലപ്പൂ പൊട്ട്, മാസ്‌ക്, പെങ്ങളില എന്നീ ചിത്രങ്ങളുമായി തിരക്കിലാണിപ്പോള്‍ പ്രിയങ്ക. എവിടെയായിരുന്നു ഇത്രയും നാള്‍ എന്ന ചോദ്യത്തിന്, ഭര്‍ത്താവിന്റെ തടങ്കലിലായിരുന്നു എന്ന് വേണമെങ്കില്‍ പറയാം.കാരണം അഭിനയം എന്റെ പാഷനാണ് അത് വേണ്ടെന്നു പറഞ്ഞതും തന്റെ സ്വകാര്യ ചിത്രങ്ങള്‍ ഇന്റര്‍നെറ്റിലൂടെ വെളിപ്പെടുത്തിയതും കൊണ്ടാണത്രെ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞത്.

ഈ സിനിമ തിരക്കുകൾക്കിടയിലും പ്രിയങ്ക വിവാഹ മോചനത്തിനുള്ള യഥാര്‍ത്ഥ കാരണം ഒരു അഭിമുഖത്തിലൂടെ വെളിപ്പെടുത്തി.2012 ലാണ് പ്രിയങ്കയും തമിഴ് യുവ സവിധായകന്‍ ലോറന്‍സ് റാമും വിവാഹിതരായത്. ആറ്റുകാല്‍ ദേവി ക്ഷേത്രത്തില്‍ വച്ച്അധികം ആര്‍ഭാടങ്ങളൊന്നുമില്ലാതെയാണ് വിവാഹം നടന്നത്. ഈ ബന്ധത്തില്‍ ഒരു മകനും ഉണ്ടായി. 2016 സെപ്റ്റംബറില്‍ പ്രിയങ്ക ഭര്‍ത്താവിനെതിരെ വിവാഹ മോചനത്തിന് കേസ് കൊടുത്തു. മാനസിക പീഡനമായിരുന്നു കാരണം. ആ വര്‍ഷം തന്നെ വേര്‍പിരിയുകയും ചെയ്തു.മകന്റെ കാര്യങ്ങള്‍ക്ക് വേണ്ടി സമയം കണ്ടത്തിയതിന് ശേഷം മാത്രമേ സിനിമയുള്ളൂ എന്നാണ് പ്രിയങ്ക പറഞ്ഞിരിയ്ക്കുന്നത്‌

അർച്ചന കവിയുടെ സ്വയംഭോഗത്തെ കുറിച്ചുള്ള തുറന്നെഴുത്ത് അമ്പരപ്പോടെയായാണ് മലയാളികൾ വായിച്ചത്. സ്വയംഭോഗത്തെ മുൻ‌പെഴുതിയ രണ്ട് ബ്ലോഗുകളും ഏറെ ചർച്ചയായിരുന്നു. ഇതിനു പിന്നാലെ ഇപ്പോൾ മൂന്നാമത്തെ ഭാഗവും എത്തിയിരിക്കുകയാണ്. സ്വയംഭോഗത്തെക്കുറിച്ചുള്ള തുറന്നു പറച്ചിലുകള്‍ക്ക് ഒടുവില്‍ തന്റെ ഊഴമെത്തുകയും അതില്‍ നിന്നും തടിയൂരിപ്പോരുകയും ചെയ്ത അനുഭവം അര്‍ച്ചന ആദ്യ ഭാഗത്തില്‍ വിശദീകരിക്കുന്നുണ്ട്.

തനിക്കൊരു മകനുണ്ടായാല്‍ അവനോട് ഇക്കാര്യങ്ങള്‍ സംസാരിക്കരുതെന്ന സുഹൃത്തിന്റെ ഉപദേശം ആദ്യം മുഖവിലയ്ക്കെടുക്കാതിരുന്നെങ്കിലും ഇക്കാര്യം മകനുമായി സംസാരിച്ചു കഴിഞ്ഞാല്‍ ഇതിനെക്കുറിച്ച്‌ ചിന്തിക്കുമ്പോഴെല്ലാം അവന് നിന്റെ മുഖം ഓര്‍മ വരും എന്ന സുഹൃത്തിന്റെ ഉപദേശത്തെക്കുറിച്ചും ചിന്തിക്കുന്നു. ആ രാത്രി തനിക്ക് പിറക്കാനിരിക്കുന്ന ആണ്‍കുഞ്ഞിനെ കുറിച്ച്‌ ഓര്‍ത്ത് വ്യാകുലപ്പെട്ടാണ് താന്‍ ഉറങ്ങിയതെന്ന് പറഞ്ഞാണ് രണ്ടാം ഭാഗം അര്‍ച്ചന അവസാനിപ്പിക്കുന്നത്.

ഇതേ വിഷയം പിന്നീട് തന്റെ വീട്ടില്‍ ചര്‍ച്ചയാകുന്നതാണ് മൂന്നാം ഭാഗത്തില്‍ അര്‍ച്ചന പറയുന്നത്. കുടുംബാംഗങ്ങള്‍ എല്ലാവരുമുള്ള സദസ്സില്‍ ഈ വിഷയം ചര്‍ച്ച ചെയ്തപ്പോഴുണ്ടായ രസകരമായ അനുഭവങ്ങളും അച്ഛന്റെയും അമ്മയുടെയും സഹോദരന്റെയുമെല്ലാം പ്രതികരണങ്ങള്‍ അര്‍ച്ചന രസകരമായി എഴുതിയിരിക്കുന്നു. പലപ്പോഴും പലരും തുറന്നു പറയാന്‍ മടിക്കുന്ന ഇത്തരം കാര്യങ്ങള്‍ വളരെ രസകരമായി അശ്ലീലച്ചുവയില്ലാതെ അവതരപ്പിച്ചതിന് നിരവധി അഭിനന്ദനങ്ങളാണ് അര്‍ച്ചനയെ തേടിയെത്തുന്നത്. കപട സദാചാരം ചമഞ്ഞ് അര്‍ച്ചനയെ വിമര്‍ശിക്കുന്നവര്‍ക്കും ഇവര്‍ മറുപടി നല്‍കുന്നുണ്ട്.

ബ്ലോഗിലെ പ്രസക്ത ഭാഗങ്ങള്‍

അടുത്ത ദിവസം എഴുന്നേറ്റ ഉടനെ ആണ്‍കുട്ടികള്‍ ഉള്ള എന്റെ കസിന്‍സിനെ വിളിച്ച്‌ ഞാന്‍ ഇക്കാര്യങ്ങള്‍ പങ്കുവച്ചു. അതിലൊരാള്‍ക്ക് ഒരു വയസുള്ള കുഞ്ഞാണുള്ളത്. മകനെ കുറിച്ചുള്ള അവരുടെ കാഴ്ചപ്പാട് ഞാന്‍ മാറ്റിയിട്ടില്ലെന്ന് തന്നെ കരുതട്ടെ. പതുക്കെ ചിന്തകള്‍ എന്നെ പിടികൂടാന്‍ തുടങ്ങി. എനിക്കൊരു പെണ്‍കുട്ടി ആണെങ്കില്‍ അവള്‍ക്കെപ്പോള്‍ ആര്‍ത്തവം ഉണ്ടാകും, ആ സമയങ്ങളില്‍ പാലിക്കേണ്ട വ്യക്തിശുചിത്വം എന്നിവയെ കുറിച്ചെല്ലാം എനിക്ക് എന്തെങ്കിലുമൊക്കെ പറയാനറിയാം. ഇത്തരത്തില്‍ അച്ഛന്മാര്‍ ആണ്മക്കളോട് വ്യക്തി ശുചിത്വത്തെ കുറിച്ച്‌ സംസാരിക്കാറുണ്ടോ? ഞാന്‍ എന്നോട് തന്നെ ചോദിച്ചു. എന്റെ സഹോദരനോട് എന്റെ അച്ഛനും അമ്മയും ആകെ കൂടി പറയാറുള്ളത് പോയി കുളിക്കെടാ എന്നാണ്. ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍ കൊണ്ട് എന്റെ മകള്‍ ദേഷ്യം പ്രകടിപ്പിച്ചാല്‍ ഞാനത് കാര്യമായി എടുക്കില്ല. ആര്‍ത്തവ സമയത്ത് അവളനുഭവിക്കുന്ന വേദന എനിക്ക് മനസ്സിലാക്കാനാകും. അതേ സമയം ഒരു ക്രിക്കറ്റ് ബോള്‍ എന്റെ മകന്റെ മര്‍മ്മസ്ഥാനത്ത് വന്നിടിച്ചാല്‍ അത് എത്രമാത്രം വേദനാജനകമാണെന്ന് എനിക്ക് ഒരിക്കലും മനസിലാകില്ല.

എനിക്ക് പരിചയ സമ്പന്നരായ ആരോടെങ്കിലും സംസാരിക്കണമായിരുന്നു. എന്റെ അമ്മ ഒരു ആണ്‍കുട്ടിയുടെ കൂടി അമ്മയാണ്. എന്റെ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം നല്‍കാന്‍ ഇതിലും മികച്ച വേറെ ആരാണ് ഉള്ളത്. ഞാന്‍ എന്റെ തൊണ്ട ശരിയാക്കി അമ്മയോട് പറഞ്ഞു..’അമ്മ കഴിഞ്ഞ ആഴ്ച അബീഷിന്റെ സുഹൃത്തുക്കള്‍ വന്നിരുന്നു’..എന്റെ അമ്മയുടെ കണ്ണുകള്‍ ഇനി ഇതിലും വലുതാകുമോ എന്നെനിക്കറിയില്ല.എന്റെ ചേട്ടന്‍ വിഷയം മാറ്റാന്‍ നോക്കി. പക്ഷെ അറിയണമെന്ന് എനിക്ക് നിര്‍ബന്ധം ഉണ്ടായിരുന്നു. എന്റെ ചോദ്യം കേട്ട് അമ്മ ചിരിക്കാന്‍ തുടങ്ങി. ചേട്ടന്‍ സോഫയില്‍ ഇരുന്ന് ഉറക്കെ പറഞ്ഞു ‘ഇവള്‍ക്ക് വട്ടാണ്’. ഞാനത് കാര്യമാക്കിയില്ല. ഞാന്‍ അമ്മയോട് വീണ്ടും ചോദ്യം ആവര്‍ത്തിച്ചു. അച്ഛന്‍ പതുക്കെ എഴുന്നേറ്റ് ചേട്ടന്റെ അടുത്ത് പോയിരുന്ന് പത്രം വായിക്കാന്‍ തുടങ്ങി. അപ്പോഴേക്കും ചേട്ടത്തി അമ്മയും ഞങ്ങളുടെ സംസാരത്തില്‍ പങ്കുചേര്‍ന്നു. അവര്‍ ചേട്ടനോട് ചോദിച്ചു.’ഏതൊക്കെ വിചിത്രമായ സ്ഥലങ്ങളില്‍ വച്ചാണ് നിങ്ങള്‍ സ്വയംഭോഗം ചെയ്തിട്ടുള്ളത്?’

എന്റെ വീട് ഇപ്പോള്‍ പ്രിയദര്‍ശന്‍ സിനിമയുടെ ക്ലൈമാക്‌സ് സീക്വന്‍സ് പോലെ ആണ്. ഞാന്‍ എന്റെ അമ്മയെ ഒന്നുകൂടി നോക്കി. അമ്മ പറഞ്ഞു ‘എന്റെ കുട്ടികള്‍ എന്നോട് ചോദ്യങ്ങള്‍ ചോദിക്കുമെന്ന് എനിക്ക് അറിയാമായിരുന്നു പക്ഷെ ഇങ്ങനെ ഒന്ന് പ്രതീക്ഷിച്ചില്ല’ ഈ സംസാരം എങ്ങനെയെങ്കിലും അവസാനിപ്പിക്കാന്‍ അച്ഛന്‍ എന്നെ നോക്കി പറഞ്ഞു ‘അര്‍ച്ചന അത് പാപമാണ്’. എന്റെ അമ്മയുടെ ചിരി ഒന്ന് കൂടി ഉച്ചത്തിലായി. ‘ഓ പിന്നെ ഒരു പുണ്യാളന്‍ ഒന്നും ചെയ്യാത്ത ഒരാള്‍.’ അമ്മ അച്ഛനോട് പറഞ്ഞു. ഞാന്‍ ഞെട്ടിപ്പോയി. എല്ലാവരും ചിരിക്കാന്‍ തുടങ്ങി. എന്ത് ചെയ്യുമെന്നോര്‍ത്ത് കണ്‍ഫ്യൂഷ്യനിലായിരുന്നു അച്ഛന്‍ അപ്പോഴും. ഇക്കാര്യത്തില്‍ എനിക്കെന്റെ മോനെക്കുറിച്ച്‌ ആകുലപ്പെടാം. പക്ഷെ എന്റെ അച്ഛന്‍ പോയിട്ടുള്ള വിചിത്രമായ സ്ഥലങ്ങളെക്കുറിച്ച്‌ എനിക്ക് ചിന്തിക്കുക പോലും വേണ്ട. അപ്പോള്‍ അത്രേള്ളൂ, അങ്ങനെ എന്റെ അന്വേഷണം അവസാനിപ്പിക്കാന്‍ ഞാന്‍ തീരുമാനിച്ചു.

തന്റെ ഭാഗം കഴിഞ്ഞെന്നും ഇനിയെല്ലാം മോഹൻലാലിന്റെ കയ്യിലാണെന്നും ഫെയ്സ്ബുക്കിൽ ആരാധകന്റെ ചോദ്യത്തിന് മറുപടി പറയവെ ഷമ്മി തിലകൻ പറഞ്ഞു.

തിലകനോട് സംഘടന കാണിച്ച അനീതിക്ക് പരിഹാരം നൽകാമെന്ന് മോഹൻലാലിന്റെ ഉറപ്പിന്മേലാണ് ഒടിയനിൽ പ്രകാശ് രാജിന് ഡബ്ബ് ചെയ്തതെന്ന് നടൻ ഷമ്മി തിലകൻ. അവസരങ്ങൾ വേണ്ടെന്ന് വെച്ച് ഒരുമാസത്തോളമാണ് ശ്രീകുമാർ മേനോനെ സഹായിക്കാൻ സ്റ്റുഡിയോയിലിരുന്നത്.

സംഘടനയുമായുള്ള പ്രശ്നം അവസാനിപ്പിച്ച് സിനിമയിലേക്ക് മടങ്ങിയെത്തണമെന്ന് പറഞ്ഞ ആരാധകനാണ് ഷമ്മി തിലകന്റെ മറുപടി.

”വ്യക്തിപരമായി എനിക്ക് സംഘടനയുമായി പ്രശ്നങ്ങൾ യാതൊന്നും തന്നെ ഇല്ല..!

എൻറെ പിതാവിനോട് സംഘടന കാട്ടിയ അനീതിക്ക് പ്രായശ്ചിത്തം മാത്രമായിരുന്നു ആവശ്യം.!!

അതിനൊരു ശാശ്വതപരിഹാരം ഉണ്ടാകുമെന്ന് 07/08/18-ലെ മീറ്റിങ്ങിൽ ലാലേട്ടൻ എനിക്ക് ഉറപ്പുനൽകുകയും ചെയ്തു. തുടർന്ന് അദ്ദേഹത്തിന്റെ താൽപ്പര്യാർത്ഥം ഞാൻ അദ്ദേഹത്തിന്‍റെ ‘ഒടിയൻ’ സിനിമയിൽ പ്രതിനായകന് ശബ്ദം നൽകുകയും(ക്ലൈമാക്സ് ഒഴികെ), മറ്റു കഥാപാത്രങ്ങൾക്ക് ശബ്ദം കൊടുക്കുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിട്ടുള്ളതാണ്. അഭിനയിക്കാൻ വന്ന അവസരങ്ങൾ പോലും വേണ്ടാന്ന് വെച്ച് ശ്രീ.ശ്രീകുമാർ മേനോനെ സഹായിക്കാൻ ഒരു മാസത്തോളം ആ സ്റ്റുഡിയോയിൽ പ്രതിഫലേച്ഛ ഇല്ലാതെ ഞാൻ കുത്തിയിരുന്നത് 07/08/18-ൽ എനിക്ക് ലാലേട്ടൻ നല്കിയ ഉറപ്പിന് ഉപകാരസ്മരണ മാത്രമാകുന്നു.

എന്‍റെ ഭാഗം കഴിഞ്ഞു..!

ഇനി ലാലേട്ടൻറെ കയ്യിലാണ്…!!

അനുഭാവപൂർവ്വം പരിഗണിക്കും എന്ന് പ്രതീക്ഷിക്കാം”-ഷമ്മി തിലകൻ കുറിച്ചു.

 

കാത്തിരുന്ന പ്രേക്ഷകര്‍ക്കിടയിലേക്ക് കുമ്പളങ്ങി നൈറ്റ്‌സിന്റെ ടീസര്‍ എത്തി. ഇതെന്താ ബ്ലാക് ആന്റ് വൈറ്റ് ചിത്രമാണോ എന്ന് തോന്നിപ്പോകാം. ദൂരദര്‍ശന്‍ ശബ്ദത്തിന്റെ പശ്ചാത്തലം ഉള്‍പ്പെടുത്തിയാണ് കുമ്പളങ്ങി നൈറ്റ്‌സിന്റെ ടീസര്‍ കടന്നുപോകുന്നത്. വ്യത്യസ്ഥമാര്‍ന്ന ഒരു ടീസര്‍. എന്താണ് കഥാസാരം എന്ന് കണ്ടുപിടിക്കാന്‍ പറ്റാത്തവിധം തിട്ടപ്പെടുത്തിയെന്നു തന്നെ പറയാം. ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറാണ് ഇറക്കിയിരിക്കുന്നത്.

ഷെയ്ന്‍ നിഗം, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി എന്നിവരാണ് ടീസറിലുള്ളത്. ആഫ്രിക്കന്‍ നായികയും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം അവതരിപ്പിക്കുന്നുണ്ട്. ശ്യാംപുഷ്‌കരന്റെ തിരക്കഥയില്‍ മധു.സി നാരായണനാണ് കുമ്പളങ്ങി നൈറ്റ്‌സ് ഒരുക്കുന്നത്. ഫഹദ് ഫാസില്‍, ഷെയ്ന്‍ നിഗം, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

ഫഹദ് ഫാസില്‍ വില്ലന്‍ വേഷത്തിലെത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. നസ്രിയയും ദിലീഷ് പോത്തനും ശ്യാം പുഷ്‌കറും ചേര്‍ന്നാണ് നിര്‍മ്മാണം.

കേരളത്തിലെ സമീപകാല സംഭവവികാസങ്ങളില്‍‌ ആധിയും ആശങ്കയും പങ്കിട്ട് മമ്മൂട്ടിയും ബാലചന്ദ്രന്‍ ചുള്ളിക്കാടും. സിനിമയുടെ ലൊക്കേഷനിലെ സൗഹൃദസംഭാഷണത്തിനിടെ മമ്മൂട്ടി പറഞ്ഞ വാക്കുകള്‍‌ ഹൃദ്യമായ ചെറുകുറിപ്പായി ചുള്ളിക്കാട് തന്നെയാണ് സുഹൃത്തിന് അയച്ചുകൊടുത്തത്. സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെ ഇത് അതിവേഗം വായനക്കാരെ നേടി. രണ്ടുവരിയില്‍ കേരളത്തിലെ ഓരോ മനുഷ്യന്റെയും ആധിയാണിതെന്നാണ് സമൂഹമാധ്യമത്തിലെ വായനക്കാര്‍ സാക്ഷ്യപ്പെടുത്തുന്നത്. കുറിപ്പ് ഇങ്ങനെ:

വൈപ്പിൻ ദ്വീപിലെ എടവനക്കാട്ട് കായൽക്കരയിലായിരുന്നു ഇന്നലെ എനിക്ക് ജോലി. മമ്മൂട്ടിയാണ് നായകൻ. ഉച്ചയ്ക്ക് ഷൂട്ടിംഗിന്റെ ഇടവേളയിൽ മറ്റുള്ളവരുമായി തമാശ പറഞ്ഞ് ഇരുന്ന അദ്ദേഹം ഇടയ്ക്ക് നിശ്ശബ്ദനായി. ചിന്താമഗ്നനായി. എന്നെ അരികിലേക്ക് വിളിച്ചു. ശബ്ദം അമർത്തി എന്നോടു ചോദിച്ചു:

“സോഷ്യൽ കണ്ടീഷൻ വളരെ മോശമാണ്. അല്ലേടാ?”

“അതെ.”

ഞാൻ ഭാരപ്പെട്ട് പറഞ്ഞു.

ഞങ്ങളപ്പോൾ മഹാരാജാസിലെ പൂർവവിദ്യാർത്ഥികളായി.

കനത്ത ഒരു മൂളലോടെ മമ്മുക്ക കായൽപ്പരപ്പിലേക്കുനോക്കി. ഒറ്റ മേഘവും ഇല്ലാത്ത നീലാകാശത്തിനുകീഴിൽ കത്തിക്കാളുന്ന ഉച്ചവെയിലിൽ വിഷനീലമായി വെട്ടിത്തിളങ്ങുന്ന കായൽപ്പരപ്പ്.

എന്നെ നോക്കി വിഷാദംനിറഞ്ഞ ഒരു ചിരിയോടെ മമ്മുക്ക ചോദിച്ചു:

” പണ്ടു ഞാൻ നിന്റെ വീട്ടിൽ വന്നാൽ അതു സൗഹൃദം. ഇന്നു വന്നാൽ അതു മതസൗഹാർദ്ദം. അല്ലേടാ?”

– ബാലചന്ദ്രൻ ചുള്ളിക്കാട്

 

Copyright © . All rights reserved