ഫേസ്ബുക്ക് കൂട്ടായ്മയിലൂടെ രൂപം കൊണ്ട ഗോഡ്സ് ഓണ്‍ സിനിമ ആന്റ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ രണ്ടാമത് ഷോര്‍ട്ട് ഫിലിം ‘മഴയ്ക്കു മുന്നെ’ റിലീസ് ചെയ്യപ്പെടുകയാണ്. പ്രളയ ദുരന്തം വരുത്തിവെച്ച കൊടും നാശത്തില്‍ നിന്ന് ഇനിയും മുക്തമായിട്ടില്ലാത്ത നമ്മുടെ നാട്ടില്‍ ഇപ്പോള്‍ ഒരു വലിയപരിപാടി വെച്ച് ഇതിന്റെ റിലീസ് ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല. കേവലം സൊസൈറ്റി നടത്തുന്ന ചെലവ് കുറഞ്ഞ ഒരു സദാ ബോട്ട് യാത്രയില്‍ ഈ ഷോര്‍ട്ട് ഫിലിം റിലീസ് ചെയ്യാനാണ് തീരുമാനം. ഒക്ടോബര്‍ 18 ന് വ്യാഴം രാവിലെ 10 മണിക്ക് എറണാകുളം ബോട്ട് ജട്ടിയില്‍ നിന്നും മട്ടാഞ്ചേരി വരെ ഞങ്ങളുടെ സൗഹൃദ കൂട്ടായ്മ നടത്തുന്ന ബോട്ട് യാത്രയില്‍ യാത്രക്കാരുടെ സാന്നിധ്യത്തില്‍ ‘മഴയ്ക്ക് മുന്നെ’ റിലീസ് ചെയ്യും.
സിനിമ /ഷോര്‍ട്ട് ഫിലിം ഒരിക്കലും ഒരാളുടെ മാത്രം ആവില്ല എന്ന് എല്ലാവര്ക്കും അറിയാം. ഒരു സംഘഗാനം പോലെ ശ്രുതി ചേര്‍ന്ന പലരുടെ പ്രയത്നങ്ങള്‍ പുറകിലുണ്ടെങ്കില്‍ നല്ല സിനിമ പിറന്നേക്കാം. മാധ്യമ പ്രവര്‍ത്തകനായ സോണി കല്ലറക്കല്‍ എന്ന കോ-ഓര്‍ഡിനേറ്റര്‍ ആണ് ഞങ്ങള്‍ ഒരുമിക്കാന്‍ ഒരു സൊസൈറ്റി കൂര നിര്‍മ്മിച്ചത്. അതാണ് ഗോഡ്സ് ഓണ്‍ സിനിമ ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റി. ആദ്യം അത് സിനിയെ സ്നേഹിക്കുന്നവരുടെ ഫേസ് ബുക്ക് കൂട്ടായ്മയായി നിന്നു. പിന്നീട് ഗോഡ്സ് ഓണ്‍ സിനിമ $ ചാരിറ്റബിള്‍ സൊസൈറ്റിയായി വളരുകയായിരുന്നു. പിന്നീട് ചെയ്തത് ഒരു ഹോം സിനിമ. ‘മിറക്കിള്‍’. ഫേസ്ബുക്ക് കൂട്ടായ്മ വഴി സൃഷ്ടിക്കപ്പെട്ടതുകൊണ്ട് തന്നെ മിറക്കിളിന് വളരെയെറെ മാധ്യമ പബ്ലിസിറ്റി കിട്ടിയിരുന്നു. മഴയ്ക്ക് മുന്നെ ഞങ്ങടെ രണ്ടാമത്തെ സംരംഭം ആണ്.
ഇത് പുതുക്കക്കാരുടെ ആഗ്രഹത്തിന്റെ ഫലം
പല സാഹചര്യങ്ങളില്‍, പല നാടുകളില്‍ നിന്ന കുറച്ചു മലയാളികള്‍ ഒരുമിച്ചു. ദേശ-ജാതി-പ്രായ വ്യത്യാസമില്ലാതെ ഒരു മഴക്കാലത്ത് കണ്ണൂരില്‍ വിവിധ ലൊക്കേഷനുകളില്‍ മഴയ്ക്ക് മുന്നെ 3 ദിവസങ്ങളില്‍ ആയി ഷൂട്ട് ചെയ്തു. പിന്നെ ചില്ലറ ഫില്ലിംഗ് ഷോട്ടുകളും. സാമ്പത്തിക, സാങ്കേതിക പരാധീനതകളെ, കാലാവസ്ഥയെ അതിജീവിക്കല്‍ ഒരു പാഠമായി.
നിശോഭ് താഴെമുണ്ടയാട് എന്നDOP ഒപ്പം ലെജീഷ് പി വി ( അസോസിയേറ്റ് )ക്യാമറയുമായി മഴക്കുമുന്നെ ഓടിയ കഥാപാത്രങ്ങളെ ഒപ്പിയെടുത്തു. സുനീഷ് വടക്കുമ്പാടന് കലാസംവിധാനം ചെയ്തു മാത്രമല്ല, guest role ചെയ്തു തന്നും മഹാമനസ്കനായി. (ഷെറി സാറിന്റെ (ആദിമദ്ധ്യാന്തം) വരാനിരിക്കുന്ന സിനിമയുടെ പ്രവര്‍ത്തനത്തില്‍ ആണ് അദ്ദേഹം ഇപ്പോള്‍.)
സൗഹൃദ ബന്ധനത്താല്‍ സച്ചിന് ബാലു സംഗീത സംവിധായകനാവാന്‍ സമ്മതിച്ചതോടെ മറ്റൊരു പ്രൊഫഷണലിസം കൂടി ഇതിന്റെ ഭാഗമായി. ഗോഡ് സ് ഓണ്‍ സൊസൈറ്റിയുടെ ജനറല്‍ സെക്രട്ടറി ജോഷി സെബാസ്റ്റിന്, വൈസ് പ്രസിഡന്റ് മുബ് നാസ് കൊടുവള്ളി എന്നിവര്‍ ഈ ഷോര്‍ട്ട് ഫിലിമിന്റെ അസോസിയേറ്റ് ഡയറക്ടര്‍ ആയി രംഗത്തുവന്നപ്പോള്‍ ഒരു വനിത ഈ ഫിലിമിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ ആയി മാറിയത് ഈ ഫിലിമിന്റെ ഒരു പ്രത്യേകതയാണ്. സൊസൈറ്റിയുടെ വൈസ് – പ്രസിഡന്റും ഇരിങ്ങാലക്കുട സ്വദേശിനിയുമായ ജോളി ജോണ്‍സാണ് ഈ ഫിലിമില്‍ അസി.ഡയറക്ടറായി പ്രവര്‍ത്തിച്ചത്. ജോളി ജോണ്‍സ് ഇതില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്യുന്നു. മറ്റ് സൊസൈറ്റി ഭാരവാഹികളായ സി.ടി.വിബിഷ്, ആഷിഖ് അബ്ദുള്ള എന്നിവരും ഈ ഫിലിമിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍മാരാണ്. മഴയ്ക്ക് മുന്നെയിലെ ഗാനം രചിച്ചിരിക്കുന്നത് സൊസൈറ്റി ജനറല്‍ സെക്രട്ടറിയും കട്ടപ്പന സ്വദേശിയുമായ ജോഷി സെബാസ്റ്റിന് പരത്തനാല്‍. ഇതിലെ ‘മഴയൊരു നിറവായ് നിറയുന്നു’ എന്ന ഗാനം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയായില്‍ തരംഗമായി കഴിഞ്ഞു. ബാലതാരമായി ഡിയോണ്‍ ജിമ്മി എന്ന അഞ്ചാംക്ലാസുകാരനും ശ്രദ്ധയാകര്‍ഷിക്കുന്നു. ഫിലിമിലെ പ്രധാന കഥാപാത്രങ്ങളെയെല്ലാം അവതരിപ്പിച്ചിരിക്കുന്നത് ഗോഡ്സ് ഓണ്‍ സിനിമ ആന്റ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ വിവിധ ദേശങ്ങളിലുള്ള അംഗങ്ങള്‍ തന്നെയാണ്. ഒപ്പം സൊസൈറ്റിയുടെ പ്രസിഡന്റായ രെഞ്ചിത് പൂമുറ്റം എന്ന ഞാന്‍ ഇതിന്റെ ഡയറക്ടര്‍ ആകാന്‍ നിയോഗിക്കപ്പെടുകയായിരുന്നു. ഏറെ ആവകാശവാദങ്ങളോന്നും ഞങ്ങള്‍ നിരത്തുന്നില്ല. എങ്കിലും ഒന്നുണ്ട്, ഈ സിനിമ ഒരു കൂട്ടായ്മയുടെ കഠിനാദ്ധ്വാനത്തിന്റെ വിജയമാണ് എന്ന് മാത്രമേ എനിക്ക് പറയാനുള്ളു.
സിനിമ എന്ന ഈ ജനകീയകല എന്തെന്ന് അറിയാനാഗ്രഹം, ഒരുപക്ഷേ കടലോളം ആഗ്രഹം മാത്രം കൈമുതലാക്കി ഞങ്ങള്‍ ചെയ്ത സിനിമയില്‍ പോരായ്മകളേറെ കാണും. സിനിമ അറിയാവുന്ന സുഹൃത്തുക്കളുടെ ഉപദേശങ്ങള്‍ ഒരു പക്ഷെ ചിലയിടത്തെങ്കിലും ഗുണം ഉണ്ടാക്കിയിട്ടും ഉണ്ടാവാം. സുമനസ്സുകളുടെ, സഹൃദയരുടെ മുന്‍പിലേക്ക് ഗോഡ്സ് ഓണ്‍ സിനിമ സൊസൈറ്റി മഴയ്ക്ക് മുന്നെ അവതരിപ്പിക്കാനൊരുങ്ങുകയാണ്. അനുഗ്രഹിക്കുക. ‘മഴയ്ക്ക് മുന്നെ’ താമസിയാതെ നിങ്ങളുടെ മുന്നിലേക്ക്
മഴയ്ക്ക് മുന്നെ
ഇതിലെ പ്രമേയം സിമ്പിള്‍ ആവണം എന്ന് ഞങ്ങള്‍ തീരുമാനിച്ചിരുന്നു. സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന സാധാരണ ജീവിതത്തിലെ ഒരു ദിനം. പക്ഷെ അതില്‍ നിങ്ങളെ മാറ്റിമറിക്കുന്ന എന്തോ സംഭവം ഒളിച്ചിരിക്കുണ്ടാകണം. നമ്മള് ചെയ്യുന്നതെന്ത് എന്ന് അറിഞ്ഞു ചെയ്യുന്നവര്‍ വിരളം. എന്തൊക്കെയോ മറികടന്നു പോകാനുള്ള വെമ്പലാണ് ചില ജീവിതങ്ങള്‍. അവര്‍ക്കു തന്നെ നിശ്ചയമില്ലാത്ത അജ്ഞാത മത്സരത്തില്‍ അവര്‍ ആരെയൊക്കെയോ മറികടക്കുന്നു. ഏതോ വഴികളില്‍ തെറ്റിയൊഴുകുന്നു. തിരിച്ചൊഴുകാനാവാത്ത പുഴപോലെ അവര്‍ എവിടെ ഒടുങ്ങുന്നു. അവരാണോ കടലായി അലറുന്നത്?. ഇനി അവരാണോ അടുത്ത മഴക്കാലത്തേക്കുള്ള കാറായി കാത്തിരുന്നു കറുത്ത് പോയത്. അറിഞ്ഞു പെയ്യാനും ഒഴുകാനുമായി. പ്രിയ സഹൃദയരുടെ ഇടയിലേക്ക് ഈ മഴ. എല്ലാ നല്ല സുഹൃത്തുക്കളുടെയും അനുഗ്രഹവും പ്രോത്സാഹനവും പിന്തുണയും ഞങ്ങളുടെ ഈ എളിയ സംരംഭത്തിന് ഉണ്ടാകണമെന്ന് അപേക്ഷിക്കുന്നു. വിനയപുരസരം.
സ്നേഹത്തോടെ, രെഞ്ചിത് പൂമുറ്റം (ഡയറക്ടര്‍).
കൂടുതല്‍ അറിയാന്‍ വിളിക്കാം.
മൊബൈല്‍: 9496226485, 7907253875.
വാട്ട്സ് അപ്പ് നമ്പര്‍: 9447055711.
അസോസിയേഷനുകളും ക്യാമ്പയിനുകളുമൊക്കെ വരുന്നതിന് മുന്‍പ് തന്നെ പുരുഷാധിപത്യവും നടിമാര്‍ക്കെതിരെയുള്ള ചൂഷണവും മലയാള സിനിമയില്‍ നിലനിന്നിരുന്നുവെന്ന് തുറന്നു പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടി കെ.പി.എ.സി ലളിത. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് അടൂര്‍ ഭാസിയില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവത്തെ കുറിച്ച് കെ.പി.എസി ലളിത മനസ്സു തുറന്നിരിക്കുന്നത്.
ഭാസി ചേട്ടന്റെ താത്പര്യങ്ങള്‍ക്ക് വഴങ്ങാത്തത് കൊണ്ട് പല ചിത്രങ്ങളില്‍ നിന്നും എന്നെ മാറ്റി നിര്‍ത്തി. ഒരു ദിവസം അയാള്‍ വീട്ടില്‍ കയറി വന്നു മദ്യപിക്കാന്‍ തുടങ്ങി. ഞാനും എന്റെ ജോലിക്കാരി പെണ്ണും എന്റെ സഹോദരനും വീട്ടില്‍ ഉണ്ട്. ഇങ്ങേര് അവിടെയിരുന്നു കള്ള് കുടിയാണ്. എന്റെ വേലക്കാരിയെ വിളിച്ച് കഞ്ഞിയും ചമ്മന്തിയും ഒക്കെ ഉണ്ടാക്കി കൊടുക്കാന്‍ പറയുന്നുണ്ട്.
അന്ന് അയാള്‍ക്കെതിരേ ആര്‍ക്കും ഒന്നും പറയാനാകില്ല. അങ്ങേര് സിനിമാ ലോകം അടക്കിവാണിരുന്ന കാലമാണ്. നസീര്‍ സാറിന് പോലും അങ്ങനെ ഒരു സ്ഥാനം ഉണ്ടായിരുന്നില്ല എന്നാണ് തോന്നുന്നത്. ഭാസി ചേട്ടന് പറയുന്നതിന് അപ്പുറത്തേക്ക് വേറൊന്നുമില്ല അന്ന്. പല ചിത്രങ്ങളില്‍ നിന്നും എന്നെ ഒഴിവാക്കിയിട്ടുണ്ട്. അങ്ങേര് പറയുന്നത് അനുസരിച്ച് ജീവിക്കാമെങ്കില്‍ സിനിമയിലെടുക്കാം എന്ന് എന്നോട് പറഞ്ഞിരുന്നു. അതില്ലാത്തതിന്റെ പേരില്‍ ഒഴിവാക്കി. പരാതി പറഞ്ഞാലും കാര്യമൊന്നുമില്ല.
അന്ന് അയാളവിടെ ഇരുന്നു മദ്യപിച്ചു, ശര്‍ദ്ദിച്ച് കുളമാക്കി കൂടെ തെറി വിളിയും. പുലര്‍ച്ചെയായിട്ടും അവിടുന്ന് പോകാതായതോടെ ഞങ്ങള്‍ ബഹദൂറിക്കയുടെ വീട്ടില്‍ ചെന്നു. കരഞ്ഞ് കരഞ്ഞ് എന്റെ മുഖമാകെ വീര്‍ത്തിരിക്കുകയാണ്. ബഹദൂര്‍ക്ക ഞങ്ങളുടെ കൂടെ വന്നു. ഇങ്ങേരെ പൊക്കിയെടുത്ത് വണ്ടിയില്‍ കയറ്റി വിട്ടു. വീടൊക്കെ അടിച്ചു തെളിച്ചാണ് ഞങ്ങള്‍ക്കവിടെ കേറാന്‍ പറ്റിയത്.
അന്ന് ഇങ്ങനത്തെ അസോസിയേഷനൊക്കെ ഉണ്ടെങ്കില്‍ ഇതൊന്നും നടക്കില്ല. അന്നുണ്ടായിരുന്നു ഒരു ചലചിത്ര പരിഷത് എന്ന അസോസിയേഷന്. ഉമ്മറിക്കയായിരുന്നു സെക്രട്ടറി. ഈ സംഭവം കഴിഞ്ഞ് കുറേ പടത്തില്‍ നിന്നും എന്നെ ഒഴിവാക്കി. മെയ്ക്കപ്പ് ഇട്ട് വൈകുവോളം ഇരുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതിങ്ങനെ തുടര്‍ന്ന് പോകാന്‍ വയ്യെന്ന് കാണിച്ച് ഹരന് സാറും മറ്റും ഒപ്പിട്ടു തന്ന എന്റെ പരാതി ഞാന്‍ പരിഷത്തില്‍ കൊണ്ട് കൊടുത്തു. അന്ന് രാത്രി ഉമ്മറിക്ക എന്നെ വിളിച്ചു.
‘നിനക്കിതിന്റെ വല്ല ആവ്യവുമുണ്ടോ അങ്ങേര് ഇവിടെ വാഴുന്നോരാണ്, നീയാര്’ എന്ന് ചോദിച്ചു. ‘സഹിക്കാന്‍ വയ്യാതായോണ്ട് ചെയ്തതാണ് നടപടിയെടുക്കാന്‍ പറ്റുമോ ഇല്ലയോ’ എന്ന് ഞാന്‍ ചോദിച്ചു. ഉമ്മറിക്ക പറഞ്ഞു ‘പറ്റില്ല’എന്ന്..ഞാന്‍ പറഞ്ഞു ‘നട്ടെല്ലില്ലാത്തവര്‍ ഇവിടെ കേറി ഇരുന്നാല്‍ ഇങ്ങനെയൊക്കെ നടക്കും എന്നാലാവുന്നത് ഞാന്‍ ചെയ്തോളാം എന്ന്’. അന്ന് അത്രയും പറയാനുള്ള ധൈര്യം ഞാന്‍ കാണിച്ചു. എന്റൊപ്പം ഹരന് സാറൊക്കെ ഉണ്ടായിരുന്നു. അന്ന് തുടങ്ങിയതാണ് ഇയാളുടെ അധ:പതനം. ആശുപത്രിയില്‍ കിടന്ന സമയത്തു കാണാന്‍ ചെന്ന എന്നോട് ചോദിച്ചത് എന്തിനാ വന്നേ എന്നാണ്.
ശ്രുതി മധുരമായ ജീവിതം പകുതിയിൽ അവസാനിപ്പിച്ച് ബാലഭാസ്കർ വിടപറഞ്ഞത് ഇപ്പോഴും ഉൾക്കൊള്ളാൻ സുഹൃത്തുകൾക്കും ബന്ധുകൾക്കും സാധിച്ചിട്ടില്ല. ചിതയുടെ കനലെരിയുന്നതിന് മുമ്പേ ബാലഭാസ്കറിന് പകരക്കാരനായി ജീവിതമിത്രയേ ഒള്ളൂ എന്ന രീതിയിൽ ഒരു പരിപാടിയുടെ പോസ്റ്റർ വൈറലാകുന്നു. ഒക്ടോബർ ഏഴാം തീയതി ബംഗളൂരുവിൽ ബാലഭാസ്കർ നടത്താനിരുന്ന ഒരു സംഗീതനിശ മറ്റൊരു വയലിനിസ്റ്റായ ശബരീഷ് പ്രഭാകർ ഏറ്റെടുത്താണ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്. ഇതിനെതിരെ വിശദീകരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ശബരീഷ്. ശബരീഷിന്റെ വാക്കുകൾ ഇങ്ങനെ;
എന്റെ ജ്യേഷ്ഠതുല്യനാണ് ബാലുചേട്ടൻ. അദ്ദേഹത്തിന്റെ വിയോഗത്തിന്റെ വേദന എത്രമാത്രമാണെന്ന് പറഞ്ഞറിയിക്കാനാകില്ല. ഈ ഒരു അവസരത്തിൽ പകരക്കാരനായി, ഇത്രയേ ഒള്ളൂ ജീവിതം എന്ന രീതിയിലുള്ള പ്രചരണം വേദനിപ്പിക്കുന്നതാണ്. ഞാൻ എങ്ങനെയാണ് പകരമാകുന്നത്. കർണാടകസംഗീതം മാത്രം വയലിനിൽ വായിച്ചിരുന്ന ഒരാളാണ് ഞാൻ. അതുമാത്രമല്ല, സംഗീതത്തിന് അനന്തമായ സാധ്യതയുണ്ടെന്ന് എന്നെ പഠിപ്പിച്ചത് ബാലുചേട്ടനാണ്.
മുൻകൂട്ടി ടിക്കറ്റുകളെല്ലാം വിറ്റുപോയിരുന്നു. ഇനിയത് നടത്താതെയിരുന്നാൽ സംഘാടകർക്ക് ഭീമമായ നഷ്ടമാണുണ്ടാകുന്നത്. അതുകാരണം ബാലുചേട്ടന്റെ സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം അനുവദിച്ചതിന് ശേഷം മാത്രമാണ് ഞാൻ ഈ പരിപാടി ഏറ്റെടുത്തത്. അദ്ദേഹത്തിന് പ്രിയപ്പെട്ടവരോടൊല്ലാം അനുവാദം ചോദിച്ചിരുന്നു. കൂർഗിലെയും കേരളത്തിലെയും പ്രളയദുരിതത്തിന് കൈത്താങ്ങേകാൻ വേണ്ടിയുള്ള ഫണ്ട് റൈസിങ്ങ് പരിപാടിയാണിത്. ബാലഭാസ്കർ എന്ന മനുഷ്യസ്നേഹി ഏറ്റെടുത്ത പരിപാടി. കാശിന് വേണ്ടിയല്ല ഞാൻ അത് ഏറ്റെടുത്തത്. ഈ പരിപാടി ബാലുചേട്ടന് വേണ്ടി നടത്തിക്കൊടുക്കേണ്ടത് എന്റെ ബാധ്യതയാണ്. ദയവായി പകരക്കാരനെന്ന് വിളിച്ച് ക്രൂശിക്കരുത്. എനിക്കൊരിക്കലും ബാലഭാസ്കറിന് പകരമാകാൻ സാധിക്കില്ല. – ശബരീഷ് പറയുന്നു.
ഇപ്പോള്‍ ചലചച്ചിത്ര രംഗത്ത് ചൂടു പിടിക്കുന്നത് താരം സംവിധായകന്റെ കരണത്തടിച്ച സംഭവമാണ്. ഭാമയെ അടുത്തറിയുന്നവര്‍ ഞെട്ടലിലൂടെയാണ് ഈ കാര്യം ഉള്‍കൊള്ളുന്നത്. ആരോപണങ്ങള്‍ ശക്തി പ്രാപിച്ചതോടെ വിശദീകരണവുമായി താരം രംഗത്തെത്തിയിരിക്കുന്നത്.
ആരോപണങ്ങള്‍ തീര്‍ത്തും ശരിയാണെന്ന് താരം വ്യക്തമാക്കി. എന്നാല്‍ പ്രചരിക്കുന്ന തരത്തില്‍ അല്ല കാര്യങ്ങളെന്നും ഭാമ കൂട്ടിച്ചേര്‍ത്തു. ഷൂട്ടിംഗ് സെറ്റില്‍ മോശമായ പെരുമാറ്റത്തെ തുടര്‍ന്ന് ഭാമ സംവിധായകന്റെ കരണത്തടിച്ചു എന്ന രീതിയിലാണ് പ്രചരിച്ചിരുന്നത്.
ഇത് ഭാമ നിഷേധിച്ചു. ഒരു കന്നഡ സിനിമയുടെ ചിത്രീകരണവേളയിലാണ് സംഭവം. സിംലയില്‍ എത്തിയ താരം നടക്കാനിറങ്ങി. അതിനിടയില്‍ ആരോ ദേഹത്ത് തട്ടിയതായി അനുഭവപ്പെട്ടുവെന്ന് ഭാമ പറയുന്നു. ഉടനെ “എന്താടാ നീ കാണിച്ചത്?” എന്നു ചോദിച്ച് അവന്റെ കരണക്കുറ്റി നോക്കി രണ്ടെണ്ണം കൊടുത്തു. ഒപ്പം ഞാന്‍ ബഹളവും വച്ചു.
എല്ലാവരും ഓടിക്കൂടി. സംവിധായകനും ക്യാമറാമാനും എല്ലാം ഓടിയെത്തി. “അല്ലാതെ സംവിധായകന് എന്നോട് മോശമായി പെരുമാറുകയോ ഞാന്‍ അദ്ദേഹത്തെ അടിക്കുകയോ ചെയ്തിട്ടില്ല” ഭാമ പറഞ്ഞു. തിരക്കേറിയ സ്ഥലമായതിനാല്‍ സംഭവിച്ചു പോയ ഒരു തെറ്റായിരുന്നുവെന്ന് താരം കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം: കാറപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച പ്രശസ്ത സംഗീതജ്ഞന് ബാലഭാസ്കര്‍ ഒരിക്കലും ജീവിതത്തിലേക്ക് മടങ്ങി വരില്ലെന്ന് ഡോക്ടര്‍മാര്‍ നേരത്തെ തന്നെ ഉറപ്പിച്ചിരുന്നുവെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് സംസ്ഥാന സെക്രട്ടറി ഡോ.സുല്‍ഫി നൂഹു. ഇനി തിരിച്ചു വന്നാല്‍ വിജിറ്റേറ്റീവ് ആയ അവസ്ഥയില്‍ ആയിരിക്കുമെന്നും അദ്ദേഹം തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
പ്രിയപ്പെട്ട ബാലഭാസ്കര്‍ ഏറ്റവും കുറഞ്ഞത് താങ്കള്‍ അഞ്ച് പേരിലൂടെ എങ്കിലും ജീവിക്കേണ്ടതായിരുന്നു.!!
അവയവ ദാനത്തിലൂടെ!!
പ്രിയ ബാലഭാസ്കര്‍, ആദരാഞ്ജലികള്‍!!! .
പാട്ട് പാടാന്‍ തീരെ അറിയില്ലെങ്കിലും ഞാന്‍ ഒരു സംഗീത പ്രേമി ആയി തുടരുന്നു. താങ്കളുടെ മികച്ച സ്റ്റേജ് ഷോകള്‍ പലതവണ കാണുവാനും ആസ്വദിക്കുവാനുമുള്ള അവസരം എനിക്ക് ലഭിച്ചിട്ടുണ്ട്.
ഒരിക്കല്‍ പരിചയപ്പെട്ടപ്പോള്‍, കാറോടിക്കുമ്പോള്‍ മാത്രം പാടുന്ന പാട്ടുകാരന് ആണ് ഞാനെന്ന് സ്വയം പരിചയപ്പെടുത്തിയപ്പോള്‍,അത് ഉറക്കെ പാടണം എന്ന് താങ്കള്‍ ചിരിച്ചുകൊണ്ട് പറഞ്ഞത് ഇപ്പോഴും ഓര്‍ക്കുന്നു.
താങ്കള്‍ക്കും കുടുംബത്തിനുമുണ്ടായ ഗുരുതരമായ വാഹാനാപകടം എല്ലാ മലയാളികളേയും പോലെ, എല്ലാ സംഗീത പ്രേമികളെ പോലെ ഞാനും വ്യസനത്തോടെയാണ് കേട്ടത്. അതിന് ശേഷം താങ്കളുടെ രോഗാവസ്ഥയെകുറിച്ച് താങ്കളെ ചികിത്സിക്കുന്ന ഡോക്ടര്‍മാരില്‍ നിന്നും നിരന്തരം വിവരങ്ങള്‍ അറിഞ്ഞുകൊണ്ടേയിരുന്നു. താങ്കള്‍ ജീവിതത്തിലേക്ക് തിരിച്ച് വരില്ല എന്നും, തിരിച്ച് വന്നാല്‍ തന്നെ തീര്‍ത്തും വിജിറ്റേറ്റീവ് ആയ അവസ്ഥയിലേക്കാവും തിരിച്ച് വരിക എന്ന സത്യവും വളരെ നേരത്തെ ഞങ്ങള്‍ വ്യസന സമേതം മനസിലാക്കിയിരുന്നു.
താങ്കളോടുള്ള ആദരവും സ്നേഹവും നിലനിര്‍ത്തി കൊണ്ട് തന്നെ താങ്കള്‍ വീണ്ടും ജീവിച്ചിരിക്കണം എന്ന് വളരെ ആത്മാര്‍ത്ഥമായി ആഗ്രഹിച്ചിരുന്നു. അതുകൊണ്ട് തന്നെ താങ്കളുടെ അവയവങ്ങള്‍ മരണാന്തരം അഞ്ച് ജീവനുകളില്‍ തുടിക്കണം എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു. അതിന് വേണ്ടി ഒരു പക്ഷേ, മരണം സംഭവിച്ചാല്‍ താങ്കളുടെ അവയവങ്ങള്‍ അവരിലെത്തിക്കാന്‍ ഉള്ള മുന്നൊരുക്കവും അനൗദ്യോഗികമായി ചെയ്യുന്നുണ്ടായിരുന്നു.
താങ്കളുടെ അവയവങ്ങള്‍ക്കു പറ്റിയ ഗുരുതരമായ പരിക്കും അത് കാരണം ഉണ്ടായ സങ്കീര്‍ണ രോഗാവസ്ഥയുമൊക്കെ ഏറ്റവും മികച്ച അവയവ ദാതാവ് ആകില്ല താങ്കള്‍ എങ്കിലും, ഒരു പക്ഷേ ഒരു ചെറിയ സാധ്യത ഉണ്ടെങ്കില്‍ അത് കേരളത്തിലെ രോഗികള്‍ക്ക് പ്രതീക്ഷയുടെ പൊന്‍കിരണം ഉണ്ടാക്കുമെന്നും ഞങ്ങള്‍ കരുതി. അവയവ ദാനത്തിനെ കുറിച്ച് സമൂഹത്തില്‍ ആഴത്തില്‍ വേരോടുന്ന തെറ്റിദ്ധാരണകള്‍ മാറാന്‍ താങ്കളെ പോലുള്ള ഒരു പ്രശസ്ത വ്യക്തിത്വത്തിന്റെ അവയവ ദാനം സഹായിക്കുമെന്ന് കരുതി.
മസ്തിഷ്ക മരണം സ്റ്റിരീകരിക്കുവാന്‍ ലോകത്തു നിലവിലുള്ള നിയമങ്ങളില്‍ ഏറ്റവും സംങ്കീര്ണമായ നിയമമാണ് കേരളത്തില്‍ നിലവിലുള്ളത്. മസ്തിഷ്ക മരണം സ്ഥിരീകരിക്കുവാന്‍ ഡോക്ടര്‍മാര്‍ ഭയക്കുന്ന, കേസുകളില്‍ അകപ്പെട്ടുപോകുമോ എന്നു ആശങ്ക പെടുന്ന നിയമ സംവിധാനം ആണ് ഇന്ന് നിലവില്‍ ഉള്ളത്.
പക്ഷേ നിര്‍ഭാഗ്യവശാല്‍ താങ്കളുടെ അവയവങ്ങള്‍ നല്കാന് ഞങ്ങള്‍ക്ക് കഴിഞ്ഞില്ല എന്നത്, താങ്കള്‍ മറ്റുള്ള അഞ്ച് പേരിലൂടെ ജീവിച്ചിരിക്കുക എന്ന ഞങ്ങളുടെ ആഗ്രഹം, സാധിച്ചില്ല എന്നുള്ളത് വിഷമം തന്നെയാണ്. അവയവങ്ങള്‍ ലഭിക്കുന്നവര്‍ താങ്കളെ പോലെ വയലിന് വായിക്കില്ല എങ്കിലും, കലാബോധം ഉള്ളവരായിക്കണമെന്നില്ല എങ്കിലും താങ്കല്‍ അവരിലൂടെ ജീവിക്കണം എന്ന് ഞങ്ങള്‍ ആഗ്രഹിച്ചിരുന്നു.
അവരിലൂടെ ജീവിക്കുമ്പോള്‍ എല്ലാം നഷ്ടപ്പെട്ട പുതിയ അഞ്ച് ജീവനുകള്‍ ജീവിതത്തിലേക്ക് തിരിച്ച് വരുന്നതും ഏറ്റവും മഹനീയമായ കാര്യമായിരുന്നു. ഇല്ല താങ്കല്‍ ഞങ്ങളുടെ മനസില്‍ നിന്നും മരിക്കില്ല.
എങ്കിലും ഈ ലോകത്ത് അഞ്ച് ആളുകളിലൂടെ ജീവിച്ചിരിക്കാനുള്ള അവസരം നഷ്ടപ്പെട്ട് പോയതില്‍ കൂടി ഞങ്ങള്‍ക്ക് ദുഖമുണ്ട്.
പ്രിയപ്പെട്ട നല്ല പാട്ടുകാരാ. ഒരായിരം ആശ്രൂപൂജ, ആദരാജ്ഞലികള്‍…
ഡോ.സുല്‍ഫി നൂഹു.
കേരളത്തിന്റെ നെഞ്ചുരുകിയുള്ള പ്രാര്‍ഥനകള്‍ക്കും പ്രതീക്ഷകള്‍ക്കും ബാലഭാസ്കറിനെ തിരികകൊണ്ടുവരാനായില്ല. മകള്‍ തേജസ്വിനിയ്ക്ക് പിന്നാലെ ബാലുവും വിട പറയുമ്പോള്‍ വയലിനില്‍ വിസ്മയം തീര്‍ക്കുന്ന ആ സംഗീതത്തിന്റെ ആരാധകരും സുഹൃത്തുക്കളും കണ്ണിരിലാണ്. സെപ്റ്റംബര്‍ 25നുണ്ടായ വാഹനാപകടത്തില്‍ ഗുരുതരപരുക്കേറ്റു തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ബാലഭാസ്കര്‍ (40) ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് അന്തരിച്ചത്. സംസ്കാരം ഇന്നു രാവിലെ പതിനൊന്നരയ്ക്ക് തൈക്കാട് ശാന്തികവാടത്തില്‍ നടക്കും.
തിങ്കളാഴ്ച പൂര്‍ണമായ ബോധം വീണ്ടെടുത്തതോടെ തിരിച്ചുവരവിന്റെ പാതയിലാണെന്ന് ഉറ്റവര്‍ ആശ്വസിച്ചിരുന്നപ്പോഴാണ് ഹൃദയാഘാതത്തിലൂടെ മരണമെത്തിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കുശേഷം യൂണിവേഴ്സിറ്റി കോളജിലും കലാഭവനിലും മൃതദേഹം പൊതുദര്‍ശനത്തിനുവച്ചു. ആരാധകരും സുഹൃത്തുക്കളും സമൂഹത്തിന്റെ നാനാതുറകളിലുള്ള പ്രമുഖരും അന്ത്യാഞ്ജലി അര്‍പ്പിച്ചു.
തൃശൂരില്‍നിന്നു ക്ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങിയ ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാര്‍ തിരുവനന്തപുരം പള്ളിപ്പുറത്തുവച്ചാണു നിയന്ത്രണം വിട്ടു റോഡരികിലെ മരത്തില്‍ ഇടിച്ചത്. അപകടത്തില്‍ ഏകമകള്‍ രണ്ടുവയസുകാരി തേജസ്വിനി ബാല അന്നുതന്നെ മരിച്ചു. ഭാര്യ ലക്ഷ്മി ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററിലാണ്. ്രെഡെവര്‍ അര്‍ജുനും ചികിത്സയിലാണ്.
ബാലഭാസ്കറെന്ന കഴിഞ്ഞ പതിറ്റാണ്ടിന്റെ വയലിന് ചക്രവര്‍ത്തി മലയാളികളുടെ മനവും കാതുംകവര്‍ന്നത് വളരെ പെട്ടെന്നായിരുന്നു. ഗുരുവും വല്ല്യമ്മാവനും പ്രശസ്ത വയലിനിസ്റ്റുമായ ബി. ശശികുമാറാണ് ബാലയ്ക്ക് ഈ സംഗീതവില്ലിന്റെ മാസ്മരിക ശക്തി പകര്‍ന്നു നല്‍കിയത്. പരമ്പര്യം മുത്തച്ഛന് നാഗസ്വര വിദ്വാന് ഭാസ്കര പണിക്കരില്‍ നിന്നു ലഭിച്ചു. സപ്തസ്വരങ്ങള്‍ വഴങ്ങിയ കാലം മുതല്‍ വയലിനോട് ഒരു ദിവസം പോലും പിരിഞ്ഞിരുന്നിട്ടില്ല ബാല. എങ്ങനെ ഇത്ര സുന്ദരമായി വയലിന് വഴങ്ങുന്നുവെന്നു പലകുറി ആവര്‍ത്തിച്ച ചോദ്യത്തിന് ‘എനിക്കു വയലിനെ പേടിയില്ലെന്ന’ മറുപടിയാണ് എപ്പോഴും ബാല നല്‍കിയിരുന്നത്
ബാലഭാസ്കറിന്റെ സംഗീതംപോലെ സുന്ദരമായിരുന്നു ബാലുവിന്റെ പ്രണയവും ഒന്നരവര്‍ഷത്തോളം നീ പ്രണയത്തിനൊടുവിലാണ് ബാലഭാസ്കര്‍ ലക്ഷ്മിയെ ജീവിതസഖിയാക്കിയത്. വീട്ടുകാര്‍ എതിര്‍ത്തിട്ടും സംഗീതം ചതിക്കില്ലെന്ന ഉത്തമവിശ്വാസത്തില്‍ ചെറുപ്രായത്തില്‍ത്തന്നെ വിവാഹത്തിന് ബാലഭാസ്കര്‍ തയ്യാറായി. 22ാം വയസില്‍ എം.എ. സംസ്കൃതം അവസാനവര്‍ഷ വിദ്യാര്‍ഥിയായിരിക്കെയാണ് ബാലഭാസ്കര്‍ കുടുംബനാഥനായത്. നീണ്ട 16 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ബാലഭാസ്കറിനും ലക്ഷ്മിയ്ക്കും തേജസ്വിനിയെ ലഭിച്ചത്.
യൂണിവേഴ്സിറ്റി കോളേജില്‍ പഠിക്കുമ്പോള്‍ ബാലഭാസ്കര്‍ തുടങ്ങിയ ‘കണ്ഫ്യൂഷന്’ ആണ് ഒരുപക്ഷെ കേരളത്തിലെ കലാലയങ്ങളില്‍ ആദ്യത്തെ മ്യൂസിക് ബാന്‍ഡ്. ‘കോണ്സണ്ട്രേറ്റഡ് ഇന്‍ ടു ഫ്യൂഷന്‍’ എന്നതിന്റെ ചുരുക്കപ്പേരായി ബാന്റിന് പേരിട്ടതും ബാലുവാണ്. മൂന്ന് പാട്ടുകാര്‍ ഉള്‍പ്പെടെ എട്ട് സഹപാഠികളാണ് ബാന്‍ഡിലുണ്ടായിരുന്നത്.. ‘നിനക്കായി’, ‘നീ അറിയാന്‍’ തുടങ്ങി അന്ന് കലാലയങ്ങളില്‍ ഹിറ്റായ ആല്‍ബങ്ങളാണ് ‘കണ്ഫ്യൂഷന്’ പുറത്തിറക്കിയത്. ടെലിവിഷന്‍ ചാനലുകള്‍ ഈ ഗാനങ്ങള്‍ ആവര്‍ത്തിച്ച് പ്രക്ഷേപണം ചെയ്തു. പ്രണയിനി ലക്ഷ്മിക്കായി കമ്പോസ് ചെയ്ത ‘ആരു നീ എന്നോമലേ…..’ എന്നു തുടങ്ങുന്ന പാട്ട് പ്രതീക്ഷകളെയെല്ലാം കടത്തിവെട്ടി അന്ന് കാമ്പസുകള്‍ ഏറ്റെടുത്തു.
വയലിൻ കൊണ്ട് മായാജാലം തീർത്ത ബാലു ഓർമ്മയാകുമ്പോൾ നിറവോടെ തിരുവനന്തപുരത്തുകാരുടെയും സുഹൃത്തുക്കളുടെയും മനസ്സിൽ തെളിഞ്ഞു നിൽക്കുന്നതൊരു പ്രണയമുണ്ട്. ബാലഭാസ്കറിന്റെയും ഭാര്യ ലക്ഷ്മിയുടെയും പ്രണയം. 22–ാം വയസ്സിൽ വിദ്യാർഥിയായിരിക്കെയാണ് ബന്ധുക്കളുടെ എതിർപ്പിനെ വകവെയ്ക്കാതെ ബാലഭാസ്ക്കർ ലക്ഷ്മിയെ ജീവിതസഖിയാക്കിയത്. അപ്പോൾ ലക്ഷ്മിയും വിദ്യാർഥിനിയായിരുന്നു. ഒരു കയ്യില്‍ വയലിനും മറുകയ്യില്‍ ലക്ഷ്മിയെയും ചേര്‍ത്തുപിടിച്ച് കാമ്പസിലൂടെ നടന്നുനീങ്ങുന്ന ബാലുവിന്റെ ചിത്രം സുഹൃത്തുക്കളുടെ മനസ്സില്‍ ഇനി നീറ്റലായി ബാക്കിയാകും.
പ്രണയം നൽകിയ ധൈര്യവും സംഗീതം ഒപ്പമുണ്ടെന്ന ആത്മവിശ്വാസവും മാത്രമായിരുന്നു അന്ന് ബാലഭാസ്ക്കറിനും ലക്ഷ്മിക്കും കൂട്ടായി ഉണ്ടായിരുന്നത്. യൂണിവേഴ്സിറ്റി കോളജിലെ എംഎ സംസ്കൃത വിദ്യാർഥിയായ ബാലഭാസ്ക്കറും എംഎ ഹിന്ദി വിദ്യാർഥിനിയായ ലക്ഷ്മിയും ഒന്നരവർഷം നീണ്ട പ്രണയത്തിനൊടുവിലാണ് വിവാഹിതരായത്. പിന്നീട് കോൺസൺട്രേറ്റഡ് ഇൻ ടു ഫ്യൂഷൻ എന്ന മ്യൂസിക് ബാൻഡിലൂടെയും പ്രണയം തുളുമ്പുന്ന ആൽബങ്ങളിലൂടെയും ക്യാംപസിന്റെ ഹരമായി മാറുകയായിരുന്നു ബാലഭാസ്കർ. പ്രണയിനി ലക്ഷ്മിക്കായി എഴുതിയ ആരു നീ എന്നോമലേ എന്ന ഗാനം ഹിറ്റ് ചാർട്ടിലിടം പിടിക്കുകയും ക്യാംപസിന്റെ ഹൃദയം കവരുകയും ചെയ്തു.
സ്വന്തം സംഗീതപരിപാടികളുമായി ലോകം ചുറ്റുന്നതിനിടെ ഹിന്ദിയിൽ കൈയൊപ്പു പതിപ്പിക്കാനും അദ്ദേഹം മറന്നില്ല. സംഗീതത്തിലുള്ള അഭിരുചി ബാലഭാസ്കറിന് പാരമ്പര്യമായി കിട്ടിയതാണ്. ബാലഭാസ്ക്കറിന്റെ അമ്മയുടെ സഹോദരൻ വയലിനിൽ പ്രാവീണ്യം തെളിയിച്ചയാളാണ്. മൂന്നാം വയസ്സു മുതൽ വയലിൻ അഭ്യസിച്ച ബാലഭാസ്കറിന് ശാസ്ത്രീയ സംഗീതവും ഫ്യൂഷനും ഒരുപോലെ വഴങ്ങിയിരുന്നു. 17 വയസ്സുള്ളപ്പോഴാണ് മംഗല്യപ്പല്ലക്ക് എന്ന ചിത്രത്തിന് ബാലഭാസ്ക്കർ സംഗീത സംവിധാനം നിർവഹിച്ചത്. സംഗീത സംവിധാനത്തിനു പുറമേ അഭിനയത്തിലും മാറ്റുരച്ചിട്ടുണ്ട് ബാലഭാസ്കർ. രാജീവ് അഞ്ചലിന്റെ പാട്ടിന്റെ പാലാഴി എന്ന ചിത്രത്തിലാണ് അദ്ദേഹം അഭിനേതാവായത്.
നീണ്ട പ്രണയത്തിനൊടുവിൽ 2000 ൽ ആണ് ബാലഭാസ്കറും ലക്ഷ്മിയും വിവാഹിതരായത്. നീണ്ട 16 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് അവർക്ക് ഒരു മകളെ ലഭിച്ചത്. തേജസ്വിനി ബാല എന്ന മകൾ ജനിച്ചതിനു ശേഷം ഏറെ സമയവും ബാലഭാസ്കർ മകൾക്കൊപ്പമാണ് ചിലവഴിച്ചിരുന്നത്. മകളുടെ പേരിലുള്ള വഴിപാടുകൾക്കായാണ് സെപ്റ്റംബർ 23 ന് ബാലഭാസ്കറും കുടുംബവും തൃശ്ശൂരിൽ പോയത്. ക്ഷേത്ര ദർശനം കഴിഞ്ഞ് 24 ന് രാത്രിയിൽ തിരുമലയിലെ വീട്ടിലേക്ക് മടക്കയാത്രയാരംഭിച്ചു. 25 ന് പുലർച്ചെ അപകടസമയത്ത് ബാലഭാസ്കറും മകളും വാഹനത്തിന്റെ മുൻസീറ്റിലായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട കാർ റോഡിനു വലതുവശത്തേക്ക് തെന്നിമാറി റോഡരികിലെ മരത്തിലിടിച്ചാണ് അപകടമുണ്ടായത്. വാഹനത്തിന്റെ ഒരു ഭാഗം തകർത്തു പുറത്തെടുത്ത തേജസ്വിനിയെ പൊലീസ് വാഹനത്തിൽ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ബാലഭാസ്കറിനെയും ലക്ഷ്മിയെയും അർജുനെയും ആംബുലൻസുകളിൽ മെഡിക്കൽ കോളജിലും പിന്നീടു സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. അപകടത്തിൽ തലച്ചോറിനും കഴുത്തെല്ലിനും നട്ടെല്ലിനും ശ്വാസകോശത്തിനും സാരമായി ക്ഷതമേറ്റ ബാലഭാസ്കറിനെ രണ്ടു ശസ്ത്രക്രിയകൾക്കു വിധേയനാക്കിയിരുന്നു.
അപകടത്തിൽ മകളെ നഷ്ടപ്പെട്ട വിവരം അപകടത്തിൽ സാരമായി പരുക്കുപറ്റി ചികിത്സയിൽ കഴിഞ്ഞിരുന്ന ബാലഭാസ്കറും ഭാര്യ ലക്ഷ്മിയും അറിഞ്ഞിരുന്നില്ല. പോസ്റ്റുമാർട്ടത്തിനു ശേഷം കുഞ്ഞിന്റെ മൃതദേഹം ബന്ധുക്കൾ സംസ്കരിച്ചിരുന്നു. ഇന്ന് പുലർച്ചെ ബാലഭാസ്കറും മരിച്ചതോടെ പാട്ടീണങ്ങൾ നിറഞ്ഞ കുടുംബത്തിൽ ലക്ഷ്മി തനിച്ചായി. പ്രിയകലാകാരന്റെ വേർപാടിൽ നെഞ്ചുവിങ്ങുമ്പോഴും ഈ കൊടിയ ദുരന്തത്തെ അതിജീവിക്കാനുള്ള ശക്തി ആ പെൺകുട്ടിക്ക് നൽകണേയെന്ന പ്രാർഥനയിലാണ് കുടുംബവും ആരാധകരും
നഷ്ടങ്ങളുടെ ആഴം നമ്മൾ മനസിലാക്കുക, നഷ്ടപ്പെടുമ്പോൾ മാത്രം…….
സംവിധായകനും നിര്‍മാതാവുമായ തമ്പി കണ്ണന്താനം (65) കൊച്ചിയില്‍ അന്തരിച്ചു. കച്ചവട സിനിമകള്‍ക്ക് തന്റേതായ ഭാഷ തീര്‍ത്ത സംവിധായകനായിരുന്നു തമ്പി കണ്ണന്താനം. ഐവി ശശിക്ക് ശേഷം ആള്‍ക്കൂട്ട സിനിമകളുടെ സംവിധായകന്. രാജാവിന്റെ മകന്, വഴിയോരക്കാഴ്ചകൾ, ഇന്ദ്രജാലം, നാടോടി, മാന്ത്രികം, മാസ്മരം, ഒന്നാമന് എന്നിവ പ്രശസ്ത സിനിമകള്‍. അഞ്ച് സിനിമകള്‍ നിര്‍മിച്ചു, ജനനം കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ 1953 ഡിസംബര്‍ 11നായിരുന്നു. മോഹന്‍ലാലിനെ സൂപ്പര്‍സ്റ്റാറാക്കിയ ‘രാജാവിന്റെ മകന്’ ആണ് ഇക്കൂട്ടത്തില്‍ പ്രധാനചിത്രം. 1983ലാണ് അദ്ദേഹം തന്റെ കരിയര്‍ ആരംഭിക്കുന്നത്.
പതിനഞ്ചിലേറെ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ഹദ്–ലൈഫ് ഓൺ ദ എഡ്ജ് ഓഫ് ഡെത്ത് (2001) എന്ന ഹിന്ദി ചിത്രവും സംവിധാനം ചെയ്തു. മൂന്നു ചിത്രങ്ങൾക്കു തിരക്കഥ നിർവഹിച്ചു. അട്ടിമറി(1981), ഒലിവർ ട്വിസ്റ്റ് (2007) തുടങ്ങിയ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ഭാര്യ കുഞ്ഞുമോള്‍. ഐശ്വര്യ, ഏയ്ഞ്ചല്‍ എന്നിവർ മക്കളാണ്. സംസ്കാരം നാളെ കാഞ്ഞിരപ്പള്ളിയില്‍ നടക്കും.
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കില്‍ കണ്ണന്താനത്ത് ബേബിയുടെയും തങ്കമ്മയുടെയും ആറാമത്തെ മകനായി 1953 ഡിസംബര്‍ 11നാണു തമ്പി കണ്ണന്താനം ജനിച്ചത്. കോട്ടയം എംഡി സെമിനാരി ഹയര്‍ സെക്കൻഡറി സ്കൂള്‍, സെന്റ് ഡൊമിനിക് കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. സംവിധായകരായ ശശികുമാറിന്റെയും ജോഷിയുടെ സഹായിയായാണു ചലച്ചിത്ര ജീവിതം ആരംഭിക്കുന്നത്. 1983ല്‍ ‘താവളം’ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടു സ്വതന്ത്ര സംവിധായകനായി. 1986ല്‍ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം ‘രാജാവിന്റെ മകൻ’ ആണ് പ്രശസ്തനാക്കിയത്. മോഹന്‍ലാലിന്റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു ഇത്. ചിത്രം നിർമിച്ചതും തമ്പിയായിരുന്നു.
മോഹൻലാലിന്റെ മകൻ പ്രണവും അഭിനയ രംഗത്തേക്കെത്തുന്നതും 2001ൽ തമ്പി സംവിധാനം ചെയ്ത ‘ഒന്നാമനി’ലൂടെയായിരുന്ന. 1980-90 കാലഘട്ടത്തിൽ ഒട്ടേറെ സൂപ്പർ ഹിറ്റുകൾ തമ്പി കണ്ണന്താനത്തിന്റേതായി പുറത്തുവന്നു. ആ നേരം അല്പ നേരം, ജന്മാന്തരം, ഫ്രീഡം എന്നിവയാണു തിരക്കഥ രചിച്ച ചിത്രങ്ങള്‍. 2004ല്‍ പുറത്തിറങ്ങിയ ‘ഫ്രീഡം’ ആണ് ഒടുവിൽ സംവിധാനം ചെയ്ത ചിത്രം. അതിനു ശേഷം ചലച്ചിത്രരംഗത്തു സജീവമായിരുന്നില്ല.
സംവിധാനം ചെയ്ത സിനിമകൾ: പാസ്പോർട്ട് (1983), താവളം (1983), ആ നേരം അൽപദൂരം (1985), രാജാവിന്റെ മകൻ (1986), ഭൂമിയിലെ രാജാക്കന്മാർ (1987), വഴിയോരക്കാഴ്ചകൾ (1987), ജന്മാന്തരം (1988), പുതിയ കരുക്കൾ (1989), ഇന്ദ്രജാലം (1990), നാടോടി (1992), ചുക്കാൻ (1994), മാന്ത്രികം (1995), മാസ്മരം (1997), ഹദ്–ലൈഫ് ഓൺ ദ എഡ്ജ് ഓഫ് ഡെത്ത്, ഒന്നാമൻ (2002), ഫ്രീഡം (2004)
“ഞാൻ മരിക്കണമെങ്കിൽ എന്നെ ആരെങ്കിലും കൊല്ലണം, അത്ര പെട്ടന്ന് ഒന്നും ചാകില്ല, ഇരട്ടചങ്കനാണ്.” – എന്ന സിനിമയിലെ ഡയലോഗും ഇതിനകം ചർച്ചയായിക്കഴിഞ്ഞു.
ഒരു കലാകാരൻ അനശ്വരനാകുന്നത് മരണശേഷവും അദ്ദേഹത്തിന്റെ സംഭാവനകൾ ജനങ്ങൾ ഓർക്കുമ്പോഴാണ്. കലാഭവൻ മണിയെന്ന കലാകാരൻ ജീവിതത്തിന്റെ അരങ്ങൊഴിഞ്ഞ് രണ്ടുവർഷങ്ങൾക്ക് ശേഷമാണ് അദ്ദേഹത്തിന്റെ ജീവിതം പറയുന്ന ചാലക്കുടിക്കാരൻ ചങ്ങാതിയെന്ന ചിത്രം പുറത്തുവരുന്നത്. സിനിമയ്ക്ക് ലഭിക്കുന്ന മികച്ച പ്രതികരണങ്ങൾ മണിയോടുള്ള പ്രേക്ഷകരുടെ സ്നേഹം കൂടിയാണ്.
സംവിധായകൻ വിനയൻ മണിയുടെ ഗോഡ്ഫാദറും സുഹൃത്തും കൂടിയാണെന്ന വസ്തുതയും കാണികളെ സിനിമ കാണാൻ പ്രേരിപ്പിച്ചു. രണ്ടരമണിക്കൂറിലധികം നീളമുള്ള ചിത്രം കലാഭവൻ മണിയുടെ ജീവിതത്തിന്റെ നേർക്കാഴ്ചയാണ്. ചാലക്കുടിയിലെ സാധാരണതെങ്ങുകയറ്റക്കാരനിൽ താരത്തിന്റെ സിംഹാസനത്തിലേക്കുള്ള ജൈത്രയാത്ര അതിഭാവുകത്വമില്ലാതെയാണ് വെള്ളിത്തിരയിലെത്തുന്നത്. മണി ജീവിച്ച കാലഘട്ടത്തിലുള്ള പ്രേക്ഷകർക്ക് അറിയാവുന്ന കാര്യങ്ങൾ തന്നെയാണ് സിനിമയിലുമുള്ളത്.
സിനിമയുടെ ക്ലൈമാക്സിലെ വിവാദ രംഗങ്ങൾ കണക്കിലെടുത്ത് സംവിധായകൻ വിനയന്റെ മൊഴിയോടുക്കാനൊരുങ്ങുകയാണ് സിബിഐ. പുതിയ സംഭവവികാസങ്ങളോട് പ്രതികരിക്കുകയാണ് സംവിധായകൻ വിനയൻ.
സിനിമയുമായി ബന്ധപ്പെട്ട് ഞാൻ നടത്തിയ അന്വേഷണത്തിൽ എനിക്ക് ബോധ്യപ്പെട്ട കാര്യങ്ങളാണ് ഞാൻ ചാലക്കുടിക്കാരൻ ചങ്ങാതി എന്ന ചിത്രത്തിൽ കാണിച്ചത്. പിന്നെ സിനിനമയ്ക്ക് വേണ്ടതായ ചിലകാര്യങ്ങളും ചേർത്തിട്ടുണ്ട്. മണിയുടെ മരണം കൊലപാതകമായാണ് ചിത്രത്തിൽ കാണിച്ചിരിക്കുന്നത്. അതാണ് സിബിഐക്ക് സംശയമുണ്ടാക്കിയിരിക്കുന്നത്. എനിക്കറിയാവുന്ന കാര്യങ്ങൾ വെളിപ്പെടുത്തണമെന്ന് അവർ പറഞ്ഞിട്ടുണ്ട്. ബുധനാഴ്ച സിബിഐക്കുമുമ്പിൽ ഹാജരാകും.
താൻശക്തനാണെന്നും പെട്ടെന്ന് മരിക്കില്ലെന്നും അല്ലെങ്കിൽ ആരെങ്കിലും കൊല്ലണമെന്നും സിനിമയിൽ മണി പറയുന്നരംഗമുണ്ട്. അതേതുടർന്നുണ്ടാകുന്ന മണിയുടെ മരണവും വ്യക്തമായി സിനിമയിൽ കാണിക്കുന്നുണ്ട്. മണിയുടെ മരണം കാണിക്കേണ്ടത് അനിവാര്യമായിരുന്നു. ദുരൂഹമായി സിനിമ അവസാനിപ്പിക്കാൻ കഴിയില്ല. ക്ലൈമാക്സ് തിരക്കഥാകൃത്തിന്റെ വ്യാഖ്യാനമാണ്.
മണിയുടെ ആദ്യകാലം മുതൽ മരണം വരെയുള്ള സംഭവങ്ങൾ സിനിമയിൽ ചിത്രീകരിച്ചിട്ടുണ്ട്. കരിയറിൽ മണിയ്ക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ പരാമർശിക്കുന്ന ചിത്രത്തിലെ പല സംഭാഷണങ്ങളും വലിയ ചർച്ചയായിരുന്നു. രാജാമണിയാണ് സിനിമയിൽ കലാഭവൻമണിയുടെ വേഷം ചെയ്തിരിക്കുന്നത്. സിനിമ കണ്ട് എല്ലാവരും നിറകണ്ണുകളോടെയാണ് പുറത്തിറങ്ങുന്നത്.
ഒരു സിനിമയുടെ തിരക്കഥ സത്യസന്ധമാണെന്നു തോന്നിപ്പിക്കുക എന്നത് ഒരു കലാകാരന്റെ കഴിവാണ്, സിനിമ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്, വിനയൻ പറഞ്ഞു.
മണിയുടെ മരണം ദുരൂഹമായി ചിത്രീകരിക്കില്ല എന്ന് സിനിമ പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ വിനയൻ വ്യക്തമാക്കിയിരുന്നു. സി.ബി.ഐ വിനയനെ ചോദ്യം ചെയ്യാൻ വിളിച്ചതിനുള്ള കാരണവും ശക്തമായ ആ വ്യക്തമാക്കൽ തന്നെയാണ്. തിരക്കഥയുടെ പിൻബലത്തോടെ വിനയൻ ചുരളഴിക്കാൻ ശ്രമിച്ചത് മണിയുടെ മരണകാരണത്തിലേക്കുള്ള തുമ്പാകുമോയെന്ന കാത്തിരിപ്പിലാണ് ആരാധകർ.
ചലച്ചിത്രനടന്‍ അയ്യപ്പന്‍കാവ് പണിക്കശ്ശേരി പിവി ഏണസ്റ്റിനെ ആലുവാപ്പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി .73 വയസ്സായിരുന്നു ആദ്യമായി അദ്ദേഹം അഭിനയിച്ച നദി എന്ന സിനിമയുടെ ലൊക്കേഷനായ ആലുവാപ്പുഴയിലാണ് നടനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാന്‍സര്‍ ബാധിതനായിരുന്ന ഏണസ്റ്റ് അതു മൂലമുള്ള മനോവിഷമത്തില്‍ ആത്മഹത്യ ചെയ്തെന്ന നിഗമനത്തിലാണ് പൊലീസ്.
രാവിലെ ആലുവാ മണപ്പുറത്തെത്തിയ ഏണസ്റ്റ് പുഴയിലേക്ക് ഇറങ്ങുകയായിരുന്നു. നിരവധി സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഏണസ്റ്റിനെ കാണാനില്ലെന്ന വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. സംസ്കാരം ഇന്ന് സെമിത്തേരി മുക്കിലുള്ള സെന്റ് ഫ്രാന്‍സിസ് അസീസി പള്ളി സെമിത്തേരിയില്‍.