മറ്റക്കര സോമൻ 32 വർഷങ്ങൾക്ക് മുൻപ് തന്റെ ജീവിതത്തിൽ ഉണ്ടായ ഒരു ദാരുണ അനുഭവത്തെ കുറിച്ച് വേദനയോടെ ഓർക്കുകയാണ്. കോട്ടയം ജില്ലയിലെ മറ്റക്കര അമ്പലപ്പറമ്പിൽ ശ്രീധരകുറുപ്പിന്റെ മകൻ മറ്റക്കര സോമൻ ഇന്നും നാട്ടുകാർക്ക് ഒരു ദു:ഖകഥാപാത്രം മാത്രമാണ്. ഇങ്ങനെ ഒരു പാട്ടെഴുത്തുകാരനാണെന്ന അറിവ് അവിടുത്തെ പുതുതലമുറയെ അത്ഭുതപ്പെടുത്തുന്ന ഒന്നാണ്. കാരണം അങ്ങനെ ഒരു പേര് മലയാളഗാന ചരിത്രം പരിശോധിച്ചാൽ എവിടെയും കാണില്ല. അതിന് കാരണം ആണ് ഈ കൊടും ചതിയുടെ കഥ ……
കവിത എഴുത്തും നാട്ടിലെ നാടകങ്ങൾക്ക് പാട്ടെഴുത്തും ഒക്കെയായി കാലാസാഹിത്യ രംഗത്ത് സജീവമായിരുന്നു മറ്റക്കര സോമൻ കോട്ടയം ടിബി റോഡിൽ സർഗ്ഗ സീമ പ്രിന്റേഴ്സ് എന്ന സ്ഥാപനം നടത്തിയിരുന്നു കാലം. കലാ വർഷം 1986, കോട്ടയം സ്വദേശിയും അക്കാലത്ത് സംഗീത സംവിധാനരംഗത്ത് പ്രസിദ്ധനുമായിരുന്ന എ. ജെ. ജോസഫ് സോമനെ കാണാൻ പ്രസ്സിലെത്തി. എ.ജെ.ജോസഫ് പറഞ്ഞു, ‘ഒരു ക്രിസ്തീയ ഭക്തിഗാന കാസറ്റ് തരംഗിണിക്ക് വേണ്ടി ചെയ്യണം, കുറച്ച് പാട്ട് എഴുതാമോ എന്നും. അത് കേട്ടപ്പോൾ തെല്ല് അമ്പരന്നെങ്കിലും അങ്ങനെ ഒരു അവസരം ലഭിച്ചതിന്റെ അത്യാഹ്ലാദത്തിൽ എഴുതാമെന്ന് സോമൻ പറഞ്ഞു.
അങ്ങനെ പതിനാറ് ക്രിസ്തീയ ഭക്തിഗാനങ്ങള് സോമൻ എഴുതി എ.ജെ.ജോസഫിനെ ഏൽപ്പിച്ചു. തുടർന്ന് യേശുദാസും ജോസഫും കൂടിയാലോചിച്ച് അവയിൽ നിന്നും മികച്ചതെന്ന് തോന്നിയ പത്തുഗാനങ്ങൾ തെരഞ്ഞെടുത്തു. യഹുദിയായിലെ ഒരു ഗ്രാമത്തിൽ…., കാവൽ മാലാഖമാരെ കണ്ണടയ്ക്കതുതേ….., ഉണ്ണി ഉറങ്ങൂ….., ദൈവസ്നേഹം നിറഞ്ഞുനില്ക്കും….., അലകടലും എന്നിങ്ങനെ മലയാളികളുടെ ആസ്വാദക മനസിൽ ഇന്നും ഇടംലഭിച്ചു താലോലിക്കുന്ന മികച്ച പത്തു ക്രിസ്തീയ ഭക്തിഗാനങ്ങളാണ് തരംഗിണിക്കായി യേശുദാസ് തെരഞ്ഞെടുത്തത്. സ്നേഹപ്രതീകം എന്ന് കാസറ്റിന് പേരും കൊടുത്തു.
എ.ജെ.ജോസഫ് മറ്റക്കരസോമനെയും കൂട്ടി തരംഗിണിയിൽ ചെന്ന് യേശുദാസിനെ കണ്ടു. “പാട്ട് ഇഷ്ടപ്പെട്ടു. മറ്റന്നാൾ കരാർ ഒപ്പിടാം. ബാക്കിയൊക്കെ ഓഫീസിൽ നിന്നും പറയും”. യേശുദാസ് അറിയിച്ചു. ഒരു ഗാനത്തിന് ആയിരംരൂപാ ഗാനരചയിതാവിനും ആയിരം രൂപാ സംഗീതസംവിധാനകനും എന്ന കരാർ മറ്റക്കര സോമനും എ.ജെ.ജോസഫും അംഗീകരിച്ചെതിനെ തുടർന്ന് അടുത്തദിവസം കരാർ ഒപ്പിടാമെന്നും തരംഗിണിക്ക് വേണ്ടി സിനിമാനടൻ സത്യന്റെ മകൻ സതീഷ്സത്യനും, ജനറൽ മാനേജർ ബാലകൃഷ്ണൻ നായരും അറിയിച്ചു.
പക്ഷേ, വിധി ക്രൂരമായാണ് ഇടപെട്ടത്, പിറ്റേ ദിവസം ശ്വാസകോശസംബന്ധമായ രോഗത്തെ തുടർന്ന് സംസാരശേഷി നഷ്ടപ്പെട്ട സോമനെ അബോധാവസ്ഥയിൽ കോട്ടയം മെഡിക്കൽകോളേജില് പ്രവേശിപ്പിച്ചു. തുടർന്ന് തൊണ്ണൂറുദിവസം ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തെ ചികിത്സിച്ചത് കോഴിക്കോട്ടു സ്വദേശി ഡോ.അശോക് കുമാറായിരുന്നു. നീണ്ട രണ്ടരവർഷത്തെ വിശ്രമജീവിതത്തിനുശേഷം പതിയെ ഓർമ്മയും സംസാരശേഷിയും മടങ്ങിവന്നു.
ഇതിനോടകം തന്നെ തരംഗിണി സ്നേഹപ്രതീകം എന്ന കാസറ്റ് പുറത്തിറക്കിയിരുന്നു. അതിലെ ഗാനങ്ങളെല്ലാം മലയാളികൾ നെഞ്ചിലേറ്റിക്കഴിഞ്ഞിരുന്നു. മതാതീതമായിരുന്നു ആ ഗാനങ്ങളുടെ ആസ്വാദ്യത. പക്ഷെ തരംഗിണിയുടെ കാസറ്റിലും പരസ്യത്തിലും ഗാനരചന, സംവിധാനം എ.ജെ.ജോസഫ് എന്ന് അച്ചടിച്ചുവന്നു, എങ്ങും സോമന്റെ പേരില്ല. ഇതുമായി ബന്ധപ്പെട്ടുവന്ന പത്രപരസ്യം അനുജൻ ഉണ്ണിയുടെ ശ്രദ്ധയിൽപ്പെട്ടെങ്കിലും അബോധവസ്ഥയിലായിരുന്ന മറ്റക്കര സോമൻ ഇതൊന്നും അറിഞ്ഞില്ല.
ആരോഗ്യം വീണ്ടെടുത്ത അദ്ദേഹം തരംഗിണിയിൽ ചെന്നു “യേശുദാസിനോട് പറയൂ”, എന്ന് പറഞ്ഞ് അവിടെയുള്ളവർ കൈയൊഴിഞ്ഞു. യേശുദാസിനെ കാണാനൊരു അവസരം കാത്തിരിക്കുമ്പോൾ ആണ് ഏറ്റുമാനൂർ ഉത്സവത്തിന് കച്ചേരി അവതരിപ്പിക്കാൻ അദ്ദേഹം വരുന്നു എന്ന് അറിഞ്ഞത്
യേശുദാസിനെ ഏറ്റുമാനൂർ എത്തി സോമൻ കണ്ടു, മുറിയിൽ യേശുദാസും പ്രസിദ്ധ മൃദംഗവിദ്വാൻ തൃപ്പൂണിത്തുറ രാധാകൃഷ്ണനുമുണ്ടായിരുന്നു. തന്റെ അവസ്ഥയും അനുഭവവും യേശുദാസിനോടു വിശദമായി വിവരിച്ചു. അദ്ദേഹം ക്ഷമയോടെ മുഴുവൻ കേട്ടശേഷം പറഞ്ഞു. “ഈ രംഗത്ത് ഇതൊക്കെ സാധാരണമാണ്. നിങ്ങൾ ചെറുപ്പമല്ലെ, അവസരങ്ങൾ ഇനിയും ഉണ്ടാകും. പിന്നെ ഭിഷണിയുടെ സ്വരത്തിൽ പറഞ്ഞു അതല്ല കേസ്സിനും വഴക്കിനുമാണ് പ്ലാനെങ്കിൽ തരംഗിണിയുടെ കേസുകൾ നടത്തുന്നത് മദ്രാസിലാണ്, അവിടെ കേസുകൊടുക്കാം. പക്ഷേ ഒരു കാര്യം ഓര്ത്തോ, പിന്നെ എന്നെകൊണ്ട് എന്നെങ്കിലും ഒരു പാട്ടുപാടിക്കണമെന്ന് വിചാരിച്ചാൽ അത് ബുദ്ധിമുട്ടാകും.” സോമൻ മറുപടി ഒന്നും പറയാതെ അവിടെ നിന്നും ഇറങ്ങി.
കോട്ടയത്തെ പ്രമുഖ വക്കിൽ വി.കെ.സത്യവാൻ നായരെ പോയികണ്ടപ്പോൾ അദ്ദേഹം പറഞ്ഞു “ഒന്നിനും പോകേണ്ട അവരൊക്കെ വല്യ ആളുകളെല്ലെ”എന്ന്, തുടർന്ന് വീട്ടുകാരും കൂട്ടുകാരും നിരുത്സാഹപ്പെടുത്തി. അങ്ങനെ അസ്വസ്ഥതയുണ്ടാക്കുന്ന ഓർമ്മയായി അത് അവശേഷിച്ചു. യേശുദാസും സുജാതയും പാടി തരംഗിണി പുറത്തിറക്കിയ കാസറ്റ് ലക്ഷക്കണക്കിന് കോപ്പിയാണ് വിറ്റുപോയത്. ആ കാസറ്റിലൂടെ തനിക്ക് ലഭിക്കുമായിരുന്ന പ്രശസ്തി തന്റെ ജീവിതത്തെ മാറ്റിമറിക്കുമായിരുന്നു ഇന്നും മറ്റക്കര സോമൻ ഇന്നും നിരാശയോടെ വിശ്വസിക്കുന്നു. ഭക്തിയും ആശ്വാസവും ഒരുപോലെ പകർന്ന് നൽകുന്ന ആ ഗാനങ്ങൾ ഇന്നും മലയാളിയുടെ മനസിൽ ജീവിക്കുന്നു. മറ്റക്കര സോമന്റെ വിദ്യാഭ്യാസം കോട്ടയം സി.എം.എസ്.കോളേജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടിയ അദ്ദേഹം ദേശാഭിമാനി പത്രത്തിന്റെ ലേഖകനായും, ഈനാട് പത്രത്തിന്റെ സഹപത്രാധിപരായും പ്രവർത്തിച്ചിട്ടുണ്ട്, കൂടാതെ കണായാപുരം രാമചന്ദ്രന്റെ കൂടെ കുറെ അധികം കാലം പത്രരംഗത്തും ചില പ്രമുഖ നാടകങ്ങൾക്ക് ഗാനങ്ങൾ എഴുതിയതും ഇദ്ദേഹം ആണ്.
ഇപ്പോഴും പാട്ടെഴുതുകയാണ് അദ്ദേഹം, മുന്നൂറ് എപ്പിസോഡുള്ള മോശ എന്ന ടെലിഫിലിമിന് അവതരണഗാനം ഉൾപ്പെടേ ഒട്ടേറെ ഭക്തിഗാനങ്ങളും ലളിതഗാനങ്ങളും ഇതിനോടകം പുറത്തിറങ്ങി കഴിഞ്ഞു. ആരോടും പകയും വിദ്വേഷവും ഇല്ലെങ്കിലും അദ്ദേഹം ഇന്ന് നഷ്ടബോധത്തിന്റെ നടുവിലാണ്, താൻ സ്വന്തമായി ജന്മം നൽകിയ ഗാനങ്ങളിലൂടെ സംഗീതപ്രേമികളുടെ മനസിൽ ഇടം നേടാൻ കിട്ടിയ അവസരം നഷ്ടമായതിന്റെ തീരാ വേദന അവിവാഹിതൻ കൂടിയായ അദ്ദേഹത്തെ ഇന്നും വേട്ടയാടുന്നു. അന്യന്റെ കഴിവുകൾ തട്ടിപറിച്ചെടുത്തു തന്റേതു എന്ന് വീമ്പിളക്കി ആദർശത്തിന്റെ കസേരയിൽ ഞെളിഞ്ഞിരിക്കുന്നവർ മറക്കരുതേ തനിക്കും ഒരുനാൾ താഴെ ഇറങ്ങേണ്ടി വരുമെന്ന്. അന്ന് കൂടെ ഉണ്ടായിരുന്നവർ പോലും തിരിഞ്ഞു നോക്കിയില്ലന്നു വരും…..
ഈ ഗ്ളാസ് ഒരു പ്രത്യേക തരമാണ്. ഇത് ധരിച്ചാൽ മനുഷ്യരിട്ടിരിക്കുന്ന വസ്ത്രം ഒന്നും കാണില്ല. ശരീരം മാത്രമേ കാണൂ. ഞാനിപ്പോൾ താങ്കളുടെ വസ്ത്രങ്ങളൊന്നും കാണുന്നില്ല. ഒൺലി യുവർ ബോഡി, ഐ മീൻ യുവർ നേക്കഡ് ബോഡി’ നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിൽ പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച രംഗമായിരുന്നു ഇത്. ഗേളി മാത്യു എന്ന കഥാപാത്രത്തിന്റെ മുന്നിൽ ശ്രീ കുമാറിന്റെ ചമ്മൽ ഇന്നും യൂ ട്യൂബിലും ടിവിയിലും ആരാധകർ കണ്ടാസ്വദിക്കുന്നു. മോഹൻലാലും നദിയാ മൊയ്തുവും അഭിനയിച്ച ചിത്രം ഫാസിലിന്റെ ഹിറ്റ് ചിത്രങ്ങളൊലൊന്നായിരുന്നു.
വർഷങ്ങൾക്കിപ്പുറം ഒരിക്കൽക്കൂടി നദിയാ മൊയ്തു ആ ഗ്ളാസ് അണിഞ്ഞ് മോഹൻലാലിനെ പറ്റിക്കാനെത്തുന്നു. അജോയ് വർമ സംവിധാനം ചെയ്യുന്ന നീരാളി എന്ന ചിത്രത്തിലാണ് വീണ്ടും രംഗങ്ങൾ പുനരാവിഷ്കരിച്ചിരിക്കുന്നത്. ആയിരം കണ്ണുമായി എന്ന ഗാനവും ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചിത്രത്തിന്റെ ടീസർ മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തു. ഒരു മിനിറ്റ് ദൈർഘ്യമുള്ള ടീസറിൽ സുരാജ് വെഞ്ഞാറമൂടും ഇടംപിടിച്ചിട്ടുണ്ട്.
ത്രില്ലര്‍ കഥ പറയുന്ന നീരാളി ഹോളിവുഡ് ചിത്രങ്ങളോട് കിടപിടിക്കുന്ന ഗ്രാഫിക്സ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഒരുക്കിയിരിക്കുന്നത്. ദിലീഷ് പോത്തന്‍,തെന്നിന്ത്യന്‍ താരം നാസര്‍ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു . മോഹന്‍ലാല്‍ ശരീരഭാരം കുറച്ചതിന്ശേഷമെത്തുന്ന ആദ്യ ചിത്രം കൂടിയാണ് നീരാളി.
ദേശീയ അവാർഡ് ആര് തരുന്നു എന്നല്ല, അതിന്റെ മഹത്വത്തെക്കുറിച്ചാണ് നമ്മൾ ചിന്തിക്കേണ്ടത്. പുതിയ തലമുറയിലെ സിനിമാപ്രവർത്തകരെ ആരൊക്കെയോ ചേർന്ന് തെറ്റിദ്ധരിപ്പിക്കുകയാണ് ഉണ്ടായത്. ആ അംഗീകാരത്തിന്റെ വലുപ്പം തിരിച്ചറിയാതെ പോയതിൽ സങ്കടമുണ്ട്.
ഭാഗ്യവശാൽ 1996 മുതൽ ഏഴുപ്രാവശ്യം ദേശീയ അവാർഡ് നേടാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്. ഒരു സിനിമാപ്രവർത്തകൻ എന്ന നിലയിൽ സ്വപ്നതുല്യമായ രാഷ്ട്രത്തിന്റെ ആദരവാണത്. ആ ബഹുമതി പ്രഖ്യാപിക്കുന്ന സമയംമുതൽ അതിന്റെ വ്യാപ്തി തിരിച്ചറിയാം. അത് ആര് തരുന്നു എന്നതിനപ്പുറം അതിന്റെ മഹത്വം തന്നെയാണ് പ്രധാനം. അത് ഇന്ത്യയുടെ പരമോന്നത പൗരന്റെ കൈയിൽനിന്നാകുമ്പോൾ അതിന്റെ മാറ്റുകൂടും.
1996-ൽ മികച്ച പ്രാദേശിക ചിത്രത്തിനുള്ള അവാർഡാണ് എന്റെ ദേശാടനം നേടിയത്. ആ അംഗീകാരം എനിക്ക് തന്നത് രാഷ്ട്രപതിയായിരുന്നില്ല, അന്നത്തെ ദാദ സാഹിബ് ഫാൽക്കെ അവാർഡ് ജേതാവായ ഡോക്ടർ രാജ്കുമാറായിരുന്നു. പൊന്തൻമാടയ്ക്ക് അംഗീകാരം കിട്ടിയപ്പോൾ രാഷ്ട്രപതിക്ക് പകരം ദിലീപ് കുമാറാണ് അവാർഡ് സമ്മാനിച്ചതെന്ന് കേട്ടിട്ടുണ്ട്. അതിനാൽ ഇതൊന്നും പുതുമയുള്ള കാര്യങ്ങളല്ല. ദേശീയ അവാർഡുദാന ചടങ്ങിന്റെ റിഹേഴ്‌സലിൽ തന്നെ ചടങ്ങിന്റെ രീതികൾ വ്യക്തമാക്കിയിരുന്നു. രാഷ്ട്രപതി അതിനായി ഒരുമണിക്കൂർ സമയമാണ് അനുവദിച്ചത്. ആ സമയം 11 പേർക്ക് അവാർഡ് നൽകാനും ബാക്കിയുള്ളവർക്കൊപ്പമുള്ള ഫോട്ടോ ഷൂട്ടുമാണ് അവർ പ്ലാൻ ചെയ്തത്. പക്ഷേ, അവാർഡ് ജേതാക്കൾ രാഷ്ട്രപതിയിൽനിന്നുള്ള അംഗീകാരത്തിനായി ആഗ്രഹം പ്രകടിപ്പിച്ചു. കേന്ദ്ര മന്ത്രി സ്മൃതി ഇറാനി വന്ന് പരിമിതികൾ വ്യക്തമാക്കി.
അത് കഴിഞ്ഞ് അശോക ഹോട്ടലിലെത്തിയ അവാർഡ് ജേതാക്കൾ സംഘടിച്ചു. അതിൽ ഭൂരിഭാഗവും മലയാളികളായിരുന്നു. തുടർന്ന് രാഷ്ട്രപതിയിൽനിന്ന് അവാർഡ് സ്വീകരിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ടുള്ള നിവേദനം തയ്യാറാക്കാൻ പ്ലാൻ ചെയ്തു. എല്ലാവരുടേയും കൂട്ടായ്മ എന്ന നിലയിൽ സഹപ്രവർത്തകരുടെ വേദന പങ്കുവയ്ക്കുന്ന നിവേദനത്തിൽ ഞാനും ദാസേട്ടനും ഒപ്പുവെച്ചു. ഇത് നിവേദനം മാത്രമാണ്. ബഹിഷ്‌കരണം പാടില്ലെന്ന് ഞങ്ങൾ പലവട്ടം പറഞ്ഞിരുന്നു.
രണ്ട് മണിക്കായിരുന്നു ചടങ്ങ് തുടങ്ങുന്നത്. ഒപ്പുശേഖരണം സമർപ്പിച്ചത് ഒരു മണിക്ക്. അത് മിനിസ്ട്രിയിൽ നിന്ന് രാഷ്ട്രപതിയുടെ ഓഫീസിൽ പോയി മറുപടി വരുന്നതിന്റെ കാലതാമസം ആരും ആലോചിച്ചില്ല. തുടർന്ന് എല്ലാവരും പ്രസിഡന്റിന്റെ തീരുമാനത്തിനെതിരായി മാധ്യമങ്ങളിൽ സംസാരിക്കാൻ തുടങ്ങി. ആ പ്രതിഷേധം ഭരണഘടനയ്ക്ക് എതിരേയുള്ള സംസാരമാണെന്ന് ശേഖർ കപുർ പലവട്ടം ഓർമിപ്പിച്ചു. പക്ഷേ, ആത്മസംയമനത്തോടെ ഈ വിഷയം കൈകാര്യം ചെയ്യാതെ ചിലർ അവാർഡ് ചടങ്ങ് ബഹിഷ്കരിച്ചു. സാധാരണ തിരുവനന്തപുരത്ത് ഫിലിം ഫെസ്റ്റിവൽ നടക്കുമ്പോൾ നടത്തുന്ന പ്രതിഷേധംപോലെ അത് മാറി. അത് അങ്ങനെയാക്കി മാറ്റാനും രാഷ്ടീയവത്കരിക്കാനും ചിലർ ശ്രമിച്ചു. അവാർഡ് ജേതാക്കൾക്കൊപ്പം വന്ന കുടുംബാംഗങ്ങൾ അസുലഭമുഹൂർത്തത്തിന് സാക്ഷിയാകാതെ തിരിച്ചുപോകുന്നത് കണ്ട് സങ്കടം തോന്നിയിട്ടുണ്ട്.
കാലം കഴിഞ്ഞാലും ചരിത്രത്തിൽ രേഖപ്പെടുത്തുന്ന, മലയാള ഭാഷയ്ക്ക് കിട്ടിയ അംഗീകാരത്തെയാണ് ചിലർ ചേർന്ന് നിന്ദിച്ചത്. ഇന്ത്യൻ സിനിമാചരിത്രത്തിൽ ആദ്യത്തെ സംഭവമാണത്. അങ്ങനെ പാടില്ലായിരുന്നു. ബഹിഷ്കരിച്ചവർക്ക് അത് തീരാനഷ്ടമായിരിക്കും…
ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണത്തെ ചൊല്ലിയുണ്ടായ വിവാദത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് അതൃപ്തി. പ്രധാനമന്ത്രിയുടെ ഓഫീസിനെ അദ്ദേഹം അതൃപ്തി അറിയിച്ചു. പ്രോട്ടോകോള്‍ പ്രകാരം ചടങ്ങില്‍ ഒരു മണിക്കൂര്‍ മാത്രമേ പങ്കെടുക്കൂവെന്ന് വാര്‍ത്താ വിതരണ മന്ത്രാലയത്തെ നേരത്തെ അറിയിച്ചിരുന്നതാണ്. എന്നാല്‍ ഇത് അവസാന നിമിഷത്തെ മാറ്റമായി വാര്‍ത്താവിതരണ മന്ത്രാലയം അവതരിപ്പിച്ചതില്‍ അതൃപ്തിയുണ്ടെന്നും രാഷ്ട്രപതിയുടെ പ്രസ് സെക്രട്ടറി അശോക് മാലിക് സൂചിപ്പിക്കുന്നു.
പുരസ്‌കാര ജേതാക്കള്‍ക്ക് വാര്‍ത്താ വിതരണ മന്ത്രാലയം നല്‍കിയ ക്ഷണക്കത്തില്‍ രാഷ്ട്രപതി വിതരണം ചെയ്യുമെന്നായിരുന്നു. മേയ് ഒന്നിന് രാഷ്ട്രപതിയെ സന്ദര്‍ശിച്ച വാര്‍ത്താവിനിമയ മന്ത്രാലയം സെക്രട്ടറി എന്‍.കെ സിന്‍ഹ, രാഷ്ട്രപതി പുരസ്‌കാരം സമ്മാനിക്കേണ്ടവരുടെ പട്ടിക നല്‍കുകയും ചെയ്തിരുന്നു.
ദേശീയ പുരസ്‌കാര വിതരണത്തില്‍ ഒരു മണിക്കൂര്‍ മാത്രമേ പങ്കെടുക്കൂവെന്ന് മാര്‍ച്ച് അവസാനത്തില്‍ തന്നെ വ്യക്തമാക്കിയിരുന്നതാണ്. ചടങ്ങ് വിജ്ഞാന്‍ ഭവനില്‍ നിന്നും രാഷ്ട്രപതി ഭവനിലേക്ക് മാറ്റാനും നിശ്ചയിച്ചിരുന്നു. എന്നാല്‍ അനുയോജ്യമായ ഓഡിറ്റോറിയം രാഷ്ട്രപതി ഭവനില്‍ ഇല്ലാത്തതിനാല്‍ പിന്നീട് നടന്ന ചര്‍ച്ചയിലെ ധാരണപ്രകാരമാണ് വിജ്ഞാന്‍ ഭവനില്‍ തന്നെ ചടങ്ങ് നടത്തിയത്.
അതേസമയം, ദേശീയ പുരസ്‌കാര വിതരണത്തിന് അടുത്ത വര്‍ഷം മുതല്‍ പുതിയ പ്രോട്ടോക്കോള്‍ വരുമെന്ന് റിപ്പോര്‍ട്ടുണ്ട്. പ്രധാന പുരസ്‌കാരങ്ങള്‍ മാത്രമായിരിക്കും രാഷ്ട്രപതി നല്‍കുക. ദാദാസാഹിബ് ഫാല്‍ക്കേ പുരസ്‌കാരം മാത്രമായിരിക്കും രാഷ്ട്രപതി നല്‍കുക.
കഴിഞ്ഞ ദിവസം നടന്ന പുരസ്‌കാര ചടങ്ങില്‍ 11 പേര്‍ക്ക് മാത്രമാണ് രാഷ്ട്രപതി പുരസ്‌കാരങ്ങള്‍ സമ്മാനിച്ചത്. മറ്റുള്ളവര്‍ക്ക് വാര്‍ത്താ വിതരണ മന്ത്രി സ്മൃതി ഇറാനിയാണ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തത്. രാഷ്ട്രപതി ഒരു മണിക്കൂര്‍ മാത്രമേ ചടങ്ങില്‍ പങ്കെടുക്കൂവെന്ന് പുരസ്‌കാരം സ്വീകരിക്കാനായി രാജ്യതലസ്ഥാനത്ത് എത്തിയ ശേഷമാണ് അവാര്‍ഡ് ജേതാക്കള്‍ അറിഞ്ഞത്. ഇതില്‍ പ്രതിഷേധിച്ച് മലയാളികള്‍ അടക്കം 68 പേര്‍ പുരസ്‌കാരം സ്വീകരിക്കാന്‍ വിസമ്മതിക്കുകയായിരുന്നു.
അമ്മ മഴവില്‍ ഷോയുടെ പരിശീലനത്തിനിടെ ദുല്‍ഖര്‍ സല്‍മാന് പരിക്ക് . നൃത്ത പരിശീലനത്തിനിടെയാണ് ദുല്‍ഖറിന്റെ കാലുകള്‍ക്ക് പരിക്ക് പറ്റിയത്. ഉടനെ തന്നെ ദുല്‍ഖറിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. കാലുകള്‍ക്കേറ്റ പരിക്ക് സാരമുള്ളതല്ലെന്നും വിശ്രമം ആവശ്യമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരത്താണ് ഇനി തുടര്‍ന്നുള്ള റിഹേഴ്‌സല്‍ അതിനായി ദുല്‍ഖര്‍ അടുത്ത ദിവസം തന്നെ തിരിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
മഴവില്‍ മനോരമയ്ക്കു വേണ്ടി അഭിനേതാക്കളുടെ സംഘടനയായ അമ്മ, കാര്യവട്ടം രാജ്യാന്തര സ്റ്റേഡിയത്തില്‍ ഒരുക്കുന്ന മലയാളത്തിലെ നൂറിലേറെ താരങ്ങളാണ് അണിനിരക്കുന്നത്. അഞ്ചു മണിക്കൂറിലേറെ നീളുന്ന ദൃശ്യവിരുന്ന് ഈമാസം ആറിന് വൈകിട്ട് അഞ്ചരയ്ക്ക് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കും. ഷോയുടെ റിഹേഴ്‌സല്‍ ക്യാംപ് കൊച്ചിയില്‍ പുരോഗമിക്കുകയാണ്. മൂന്നാം തീയതി മുതല്‍ തിരുവനന്തപുരത്തേക്കു റിഹേഴ്‌സല്‍ ക്യാംപ് മാറും. തുടര്‍ന്നു സ്റ്റേജ് റിഹേഴ്‌സല്‍ ഉള്‍പ്പെടെയുള്ള ഒരുക്കങ്ങള്‍ ഉണ്ടാവും. അമ്മയുടെ നേതൃത്വത്തില്‍ നടത്തുന്ന ആറാമത്തെ മെഗാഷോയാണിത്.
പഴയകാലത്തു ചലച്ചിത്ര രംഗത്തു പ്രവര്‍ത്തിച്ചിരുന്ന 15 പേരെ ഷോയുടെ തുടക്കത്തില്‍ ആദരിക്കും. നടന്‍ മധുവിന്റെ നേതൃത്വത്തിലാണിത്. ഇവര്‍ക്കു മലബാര്‍ ഗോള്‍ഡും മഴവില്‍ മനോരമയും സ്വര്‍ണനാണയങ്ങള്‍ സമ്മാനിക്കും. ആധുനിക സാങ്കേതിക സംവിധാനങ്ങളോടെ പുതിയ രീതിയിലാണ് മെഗാ ഷോ ഒരുക്കുന്നത്. പുറത്തുനിന്നുള്ള സാങ്കേതിക വിദഗ്ദരാണ്.
വിവാദമായ ദേശീയ ചലച്ചിത്ര പുരസ്ക്കാര സമർപ്പണ ചടങ്ങില്‍ പങ്കെടുത്ത് അവാര്‍ഡ് സ്വീകരിച്ച ഗായകന്‍ കെ.ജെ.യേശുദാസിനെതിരെയും സംവിധായകന്‍ ജയരാജിനെതിരെയും പ്രതിഷേധം ശക്തമാവുന്നു. ഇരുവരുടെയും സമീപനം ദൗര്‍ഭാഗ്യകരമാണെന്നും പുതുതലമുറ കാണിച്ച ആര്‍ജവം അവര്‍ മനസിലാക്കുമെന്ന് കരുതുന്നതായും ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ പറഞ്ഞു
ദേശീയ പുരസ്ക്കാരം വിതരണം അവസാനിച്ചെങ്കിലും പ്രതിഷേധത്തിന്റെ ചൂട് കുറയുന്നില്ല . എല്ലാവരോടും ഒപ്പം നിന്നിട്ട് അവസാനം പുരസ്ക്കാരം വാങ്ങിയ യേശുദാസിന്റെയും ജയരാജിന്റെയും നിലാപാടുകളാണ് കൂടുതല്‍ വിമര്‍ശനവിധേയമാകുന്നത്. തീരുമാനം വ്യക്തിപരമാകാമെങ്കിലും അവര്‍ മറ്റുള്ളവര്‍ക്ക് മാതൃകയാകേണ്ടവരായിരുന്നുവെന്ന് കമല്‍ പറഞ്ഞു.
വ്യക്തിപരമായ കാര്യത്തിന് വേണ്ടിയുള്ള യേശുദാസിന്റെയും ജയരാജിന്റെയും സമീപനത്തില്‍ ദുഃഖമുണ്ടെന്ന് മുന്‍പുരസ്ക്കാര ജേതാവും ചിത്രസംയോജകയുമായ ബീന പോള്‍ പറഞ്ഞു . പ്രതിഷേധം ഉണ്ടായിട്ടും അത് ഗൗനിക്കാത്ത കേന്ദ്രസര്‍ക്കാര്‍ സമീപനം ആശങ്കയുണ്ടാക്കുന്നതാണെന്നാണ് സിനിമപ്രവര്‍ത്തകരുടെ പൊതുവികാരം.
ന്യൂഡൽഹി∙ ദേശീയ ചലച്ചിത്ര അവാര്‍ഡ്ദാനം പ്രതിസന്ധിയിൽ. 11 പേർക്കു മാത്രം രാഷ്ട്രപതിയും ബാക്കിയുള്ളവർക്കു വാർത്താ വിതരണ പ്രക്ഷേപണ മന്ത്രിയും അവാർഡ് സമ്മാനിക്കുമെന്ന തീരുമാനത്തിനെതിരെയാണ് അവാർഡ് ജേതാക്കളുടെ പ്രതിഷേധം. അനുനയിപ്പിക്കാൻ മന്ത്രി സ്മൃതി ഇറാനി നടത്തിയ ശ്രമം പരാജയപ്പെട്ടു. രാഷ്ട്രപതി നല്‍കിയില്ലെങ്കില്‍ ചടങ്ങ് ബഹിഷ്കരിക്കുമെന്നു ജേതാക്കള്‍ വ്യക്തമാക്കി. എല്ലാ ജേതാക്കളും ഒപ്പിട്ട പരാതി വാര്‍ത്താവിതരണ മന്ത്രാലയത്തിനു നല്‍കും. വൈകിട്ട് നാലിനു വിജ്ഞാൻ ഭവനിലാണ് അവാർഡ് ദാനം സംഘടിപ്പിച്ചിരിക്കുന്നത്.
വേർതിരിവു കാട്ടുന്ന നിലപാടിൽ സർക്കാർ ഉറച്ചുനിന്നാൽ ചടങ്ങു ബഹിഷ്കരിക്കുമെന്നു മന്ത്രിയിൽനിന്ന് അവാർഡ് സ്വീകരിക്കാൻ നിർദേശിക്കപ്പെട്ട മലയാളികളുൾപ്പെടെ പലരും വ്യക്തമാക്കി. ബുധനാഴ്ച ചടങ്ങിന്റെ റിഹേഴ്സലിനെത്തിയപ്പോഴാണു പുതിയ വ്യവസ്ഥ വ്യക്തമാക്കിയത്. രാഷ്ട്രപതിയിൽനിന്നു പുരസ്കാരം ഏറ്റുവാങ്ങുന്ന 11 പേരെ എന്തു മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണു തിരഞ്ഞെടുത്തതെന്ന ചോദ്യത്തിനു മന്ത്രി സ്മൃതി ഇറാനിക്കു മറുപടിയില്ലാതായതോടെ പ്രതിഷേധം കനത്തു.
ഈ വർഷം മുതലുള്ള പരിഷ്കാരമാണിതെന്നും പകരം ജേതാക്കളുടെ സംഘത്തിനൊപ്പം രാഷ്ട്രപതി ചിത്രമെടുക്കുമെന്നും മന്ത്രി അറിയിച്ചെങ്കിലും പ്രതിഷേധം തണുത്തില്ല. പുരസ്കാരത്തിനുള്ള ക്ഷണക്കത്തിൽ രാഷ്ട്രപതി വിതരണം ചെയ്യുമെന്നാണ് അറിയിച്ചിരുന്നതെന്നും അവസാന നിമിഷത്തെ പരിഷ്കാരം അംഗീകരിക്കാനാവില്ലെന്നും ജേതാക്കൾ ഉറച്ച നിലപാടെടുത്തു.
തിരഞ്ഞെടുക്കപ്പെട്ട 11 പേരിൽ കേരളത്തിൽനിന്നു സംവിധായകൻ ജയരാജ്, ഗായകൻ കെ.ജെ.യേശുദാസ്, സംവിധായകൻ സന്ദീപ് പാമ്പള്ളി, നിർമാതാവ് ഷിബുലാൽ എന്നിവർ മാത്രമാണുള്ളത്. വിനോദ് ഖന്നയ്ക്കു മരണാനന്തര ബഹുമതിയായി ദാദാ സാഹിബ് ഫാല്‍കെ പുരസ്‌കാരം, മികച്ച നടി ശ്രീദേവിക്കുള്ള മരണാനന്തര പുരസ്‌കാരം, മികച്ച നടന്‍ റിദ്ദി സെൻ തുടങ്ങിയവയാണു രാഷ്ട്രപതി സമ്മാനിക്കുന്ന മറ്റു പുരസ്കാരങ്ങൾ.
നീണ്ട ഒൻപത് വർഷത്തെ പോരാട്ടത്തിനൊടുവിലാണ് സംവിധായകന്‍ വിനയന്റെ വിലക്ക് നീങ്ങിയത്. എന്നാൽ വിലക്ക് നീക്കിയത്കൊണ്ട് തന്റെ നിലപാടുകളിൽ മാറ്റമുണ്ടാകില്ല എന്ന് പറഞ്ഞത് ഒരിക്കൽ കൂടി തെളിയിക്കുന്നതാണ് വിനയന്റെ പുതിയ വെളിപ്പെടുത്തൽ. മലയാളസിനിമാ രംഗത്തുനിന്ന് വിലക്കപ്പെടാനുള്ള സാഹചര്യങ്ങള്‍ വിശദീകരികരിക്കുകയാണ് വിനയന്‍. എല്ലാവരും ചേര്‍ന്ന് വിലക്കിയതിലല്ല, അതിനുവേണ്ടി പറഞ്ഞുപരത്തിയ നുണകളും അപവാദങ്ങളും വ്യക്തിഹത്യയുമാണ് തന്നെ വേദനിപ്പിച്ചതെന്ന് വിനയന്‍ പറയുന്നു.
വിനയന്റെ കുറിപ്പ് –
ഈ വിഡിയോ ക്ലിപ്പു കാണൂ..മലയാളസിനിമയിലെ ചില ചരിത്ര സത്യങ്ങള്‍ നിങ്ങള്‍ക്കു മനസ്സിലാക്കാം… കഴിഞ്ഞ ദിവസം ഇതെനിക്ക് അയച്ചുതന്ന സുഹൃത്തിനു നന്ദി..
14 വര്‍ഷങ്ങള്‍ക്കു മുന്‍പ് 2004ല്‍, സിനിമയില്‍ ഒരു എഗ്രിമെന്റും നിബന്ധനകളും വേണ്ട ഞങ്ങള്‍ അതിനു സമ്മതിക്കില്ല എന്നു വാശിപിടിച്ച് ഷൂട്ടിങില്‍ സഹകരിക്കാതെ സമരം ചെയ്ത നടീനടന്‍മാരുടെ സംഘടനയായ ‘അമ്മയുടെ’ പ്രസിഡന്റ് ശ്രീ ഇന്നസന്റ് ഈ വിഡിയോയില്‍ പറഞ്ഞവാക്കുകള്‍ ഒന്നു ശ്രദ്ധിച്ചാല്‍ ഇത്രയും വര്‍ഷമായിട്ടും തീരാത്ത പകയുമായി എന്റെ പിന്നാലെ കൂടിയവരുടെ പകയുടെ തുടക്കം എവിടുന്നാണന്നു നിങ്ങള്‍ക്കു കൃത്യമായും മനസ്സിലാകും..
ഒരു സംഘടന എന്ന നിലയില്‍ ‘അമ്മ’ 2004 ല്‍ എടുത്ത നിലപാടു ശരിയല്ല എന്നു ഞാന്‍ പറഞ്ഞിരുന്ന .. ലക്ഷങ്ങളും കോടികളും അഡ്വാന്‍സ് കൊടുക്കുന്ന നിര്‍മാതാക്കള്‍ക്ക് ഡേറ്റും, റേറ്റും ഒക്കെ രേഖപ്പെടുത്തുന്ന ഒരുഎഗ്രിമെന്റ് വേണമെന്നു അന്നു പറഞ്ഞത് തെറ്റാണോ?
ഇന്ന് അങ്ങനൊരു എഗ്രിമെന്റ് ഉണ്ടായിട്ടു പോലും നേരാംവണ്ണം ഒരു സിനിമ ചെയ്യാന്‍ ആരുടെ ഒക്കെ കാല് നിര്‍മാതാവു പിടിക്കണം എന്ന കാര്യം ഓര്‍ക്കേണ്ടതാണ്. 2004ലേ എഗ്രിമെന്റ് വിഷയത്തില്‍ വിനയന്‍ കൂടെ നില്‍ക്കണമെന്നും അമ്മയുടെ നിസ്സഹകരണത്തെ അതിജീവിച്ച് ഒരു സിനിമ ചെയ്യണമെന്നും അന്ന് എന്റെ വീട്ടില്‍ വന്ന് അഭ്യര്‍ത്ഥിച്ചത് ഇന്ന് ഫിലിം ചേമ്പര്‍ സെക്രട്ടറി ആയ ശ്രീ സാഗാ അപ്പച്ചനും, നിര്‍മാതാക്കളായ സിയദ് കോക്കറും. സാജന്‍ വര്‍ഗ്ഗീസും ആയിരുന്നു.അന്നു പ്രൊഡക്ഷന്‍ കണ്‍ട്രോളറും ഇന്ന് നിര്‍മാതാവുമായ ആന്‍േറാ ജോസഫും ആ കൂട്ടത്തില്‍ ഉണ്ടായിരുന്നു എന്നാണെന്റെ ഓര്‍മ്മ (അവരുടെ പേരുകള്‍ ഇവിടെഴുതാന്‍ കാരണം ഈ സംഭവങ്ങളുടെ നേര്‍ സാക്ഷ്യം വ്യക്തമാക്കാന്‍ മാത്രമാണ്).
അവര്‍ പറഞ്ഞത് കൊണ്ട് മാത്രമല്ല, ആ ഇഷ്യുവില്‍ അമ്മയുടെ ഭാഗത്തു ന്യായമില്ല എന്നെനിക്കും തോന്നിയതു കൊണ്ടാണ് പൃഥ്വി ൃരാജിനെയും, തിലകനെയും ലാലു അലക്‌സിനേയും ക്യാപ്റ്റന്‍ രാജുവിനേയും പുതുമുഖം പ്രിയാമണിയെയും ഒക്കെ പങ്കെടുപ്പിച്ച് ‘സത്യം’ എന്ന സിനിമ ചെയ്തത്. അതോടെ ആ സമരം പിന്‍വലിച്ച് നടീ നടന്‍മാര്‍ എഗ്രിമെന്റ് ഒപ്പിടാന്‍ തയ്യാറാകേണ്ടി വന്നു.
പിന്നീട് അമ്മ നേതാക്കള്‍ക്കു മാത്രമല്ല അവരുടെ ആജ്ഞാനുവര്‍ത്തികളായി നിന്ന് കാര്യം കണ്ടിരുന്ന പ്രമുഖ സംവിധായകര്‍ക്കും വിനയന്‍ ശത്രുപക്ഷത്തായി. ഇന്നത്തേ പോലുള്ള കാലമല്ലായിരുന്നു അത്. സൂപ്പര്‍സ്റ്റാറുകളുടെ കാല്‍ക്കല്‍ മലയാള സിനിമ സാഷ്ടാംഗം വീണിരുന്ന കാലം…. മേല്‍പ്പറഞ്ഞ നിര്‍മാതാക്കള്‍ എന്റെ വീട്ടില്‍ വന്ന ദിവസം ഉച്ചയ്ക്ക് നടന്‍ ജഗദീഷ് എന്നെ ഫോണില്‍ വിളിക്കുന്നു. ഒരാള്‍ക്ക് വിനയനോട് ഒന്നു സംസാരിക്കണം എന്നു പറഞ്ഞ് അദ്ദേഹത്തിനു ഫോണ്‍ കൊടുക്കുന്നു..
ഫോണ്‍ വാങ്ങിയ അമ്മയുടെ ജനറല്‍ സെക്രട്ടറി ആയിരുന്ന ശ്രീ മോഹന്‍ലാല്‍ വളരെ സ്‌നേഹപൂര്‍വം എന്നോടു സംസാരിച്ചു..അന്നു വൈകിട്ട് ഗോകുലം പാര്‍ക്കില്‍ അവരെല്ലാം കൂടി കൂടുന്നുണ്ടന്നും വിനയനും കൂടി ആ മീറ്റിങില്‍ വരാന്‍ പറ്റുമോ എന്നുമാണ് അദ്ദേഹം ചോദിച്ചത്. അദ്ദേഹം വിളിച്ചതിന് നന്ദി പറഞ്ഞുകൊണ്ട് ഞാനെന്റെ നിലപാടു വ്യക്തമാക്കുകയും ചെയ്തിരുന്നു..
പക്ഷേ അതിനൊക്കെ… ഞാന്‍ ഇത്രയും വലിയ വില കൊടുക്കേണ്ടി വരുമെന്നു പ്രതീക്ഷിച്ചില്ല .. സാരമില്ല.. ഇതൊക്കെ ജീവിതത്തില്‍ ഒരു സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോടു കൂടി കണ്ടാല്‍ പ്രശ്‌നമില്ല…
എന്റെ മനസ്സാക്ഷിക്കു ശരിയെന്നു തോന്നുന്ന വിഷയത്തില്‍ ഞാന്‍ എക്കാലവും ശക്തമായ നിലപാട് എടുത്തിട്ടുണ്ട്. അതില്‍ ലാഭ നഷ്ടങ്ങള്‍ നോക്കിയിരുന്നില്ല.. പിന്നീട് അമ്മയുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ ‘ഫെഫ്ക’ എന്ന സംഘടന ഉണ്ടാകുകയും അതിന്റെ ഏക അജണ്ട വിനയന്‍ എന്ന ‘ഏകാധിപതിയേ’ സിനിമയില്‍ നിന്നും കെട്ടു കെട്ടിക്കുക എന്നതാകുകയും ചെയ്തപ്പോള്‍ എന്നേ വീട്ടില്‍ വന്നു കണ്ട മേല്‍പ്പറഞ്ഞ സുഹൃത്തുക്കള്‍ ആരുടെ കൂടെ നിന്നു എന്നതും മറ്റൊരു ചരിത്ര സത്യം..
എനിക്കതിലൊന്നും ആരോടും ഒരു പരാതിയുമില്ല.. അവരൊക്കെ ഇപ്പോഴും എന്റെ സുഹൃത്തുക്കളാണ്. സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പമോ അവരുടെ കൂടെയുള്ള പ്രമുഖരായ സംവിധായകര്‍ക്കൊപ്പമോ നിന്നാല്‍ കിട്ടുന്ന ഗുണം അവര്‍ക്കെല്ലാം അനഭിമതനായ വിനയനേ സപ്പോര്‍ട്ടുചെയ്താല്‍ കിട്ടുമോ?
പക്ഷേ ഇവരൊക്കെ കൂടി വിലക്കിയതില്‍ അല്ലായിരുന്നു എനിക്കു വിഷമം.. അങ്ങനെ വിലക്കാന്‍ അവര്‍ പറഞ്ഞു പരത്തിയ നുണകള്‍ .. അപവാദങ്ങള്‍, വ്യക്തിഹത്യകള്‍.. ഇതിനെതിരേ ഒരു വാക്കു പറയാന്‍ സിനിമാ രംഗത്തെ ഒരാളുപോലും മുന്നോട്ടു വരാഞ്ഞ സാഹചര്യത്തിലാണ് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയെ എനിക്കു സമീപിക്കേണ്ടി വന്നത്..
അപവാദങ്ങള്‍ പറഞ്ഞു പരത്തിയ നുണയന്‍മാര്‍ക്ക് കമ്മീഷന്റെ മുന്നില്‍ ഏത്തമിടേണ്ടി വന്നു.. അവിടെ ഈ ശൂരന്‍മാര്‍ മലക്കം മറിഞ്ഞു.. വിനയന്‍ പ്രഗല്‍ഭ സംവിധായകനാണെന്നും അവര്‍ വിനയനേ വിലക്കിയിട്ടില്ലെന്നും ഈ കാലഘട്ടത്തില്‍ നാലു സിനിമകള്‍ വിനയന്‍ റിലീസ് ചെയ്‌തെന്നുമാണ് മലയാളസിനിമയിലെ എന്റെ സുഹൃത്തുക്കള്‍ അവിടെ വാദിച്ചത്.
ആ സിനിമകളൊക്കെ ഞാന്‍ എങ്ങനെയാണ് ചെയ്തു തീര്‍ത്തതെന്നും.. അതൊക്കെ മുടക്കാന്‍ ഈ കൂട്ടുകാര്‍ ഏതെല്ലാം വൃത്തികെട്ട രീതികള്‍ ഉപയോഗിച്ചെന്നും.. കോടതി ശരിയായ രീതിയില്‍ മനസ്സിലാക്കിയതുകൊണ്ടാണ് എല്ലാവരുടെയും പേരെടുത്ത് പറഞ്ഞ് പിഴ ഒടുക്കാന്‍ ശിക്ഷിച്ചത്.
‘അമ്മ’യെയും ‘ഫെഫ്ക’ യെയും അതിലേ പ്രമുഖരെയും പ്രതികളാക്കിയാണ് ഞാന്‍ കേസു കൊടുത്തത്.. സത്യത്തില്‍ പ്രൊഡ്യൂസേര്‍സ് അസ്സോസിയേഷന്റെ അന്നത്തെ ഭാരവാഹികള്‍ക്കെതിരെയും വ്യക്തമായ തെളിവുണ്ടന്നും, അവരെകൂടി പ്രതിയാക്കണമെന്നും എന്റെ അഡ്വക്കേറ്റ് എന്നോടു പറഞ്ഞിരുന്നു.. അസ്സോസിയേഷന്റെ ലെറ്റര്‍പാടില്‍ ഇവര്‍ ഒപ്പിട്ട് സൗത്തിന്ത്യന്‍ ഫിലിം ചേമ്പറിന് കത്തെഴുതിയിരുന്നു. എന്റെ സിനിമ നടത്തരുതെന്നും,എനിക്കു ക്യാമറ തന്ന രവിപ്രസാദിനെക്കൊണ്ട് ക്യാമറ പിന്‍വലിപ്പിക്കണമെന്നും ആയിരുന്നു ആ കത്ത്..
(ഇവര്‍ക്കു ശിക്ഷ കിട്ടാനായി ആ ഒരു തെളിവു മാത്രം മതിയായിരുന്നു) അമ്മയേക്കാളും, ഫെഫ്ക്കയേക്കാളും ആവേശത്തോടെ അവരേ സുഖിപ്പിക്കാനായി, നിര്‍മ്മാതാക്കളുടെ സംഘടന എടുത്തു ചാടിയതിന്റെ പിന്നില്‍ സംഘടനയുടെ തലപ്പത്തിരുന്ന ചിലരുടെ സ്വാര്‍ത്ഥ താല്‍പ്പര്യം മാത്രമായിരുന്നു എന്ന് ഞാന്‍ ശരിക്കും മനസ്സിലാക്കിയിരുന്നു.
ഇന്നും നടീനടന്‍മാരുടെ സംഘടക്കെതിരെ എന്തെങ്കിലും ചര്‍ച്ച വരുമ്പോള്‍ തന്നെ വേദി വിട്ട് ഇറങ്ങി പോകാന്‍ പോലും തയ്യാറാകുന്ന ആ പഴയഗ്രൂപ്പു തന്നാണല്ലോ മാറിയും മറിഞ്ഞും നിര്‍മാതാക്കളുടെ സംഘടന ഇപ്പോഴും നിയന്ത്രിക്കുന്നത്. പക്ഷേ അതിന്റെ പേരില്‍ ഞാനിപ്പോള്‍ സജീവമായി നില്‍ക്കുന്ന എന്റെ സംഘടനയായ producerse association നെ കോംപറ്റീഷന്‍ കമ്മീഷനില്‍ അമ്മയോടും ഫെഫ്കയോടുമൊപ്പം പ്രതിയാക്കി പിഴ അടപ്പിക്കാന്‍ എന്റെ മനസ്സനുവദിച്ചില്ല എന്നതാണു സത്യം..
വേറൊരു കാര്യം കൂടി സൂചിപ്പിക്കട്ടെ…ഇന്നത്തെ ഈ ആവേശം ഉണര്‍ത്തുന്ന ന്യൂ ജനറേഷന്‍ പ്രളയം 11 വര്‍ഷങ്ങള്‍ക്കു മുന്‍പെ ‘തുടങ്ങുമായിരുന്നു.. സിനിമാ ഫോറ’ മെന്ന മഹത്തായ ഒരു പദ്ധതിയേ ഇതേ producerse association ഭാരവാഹികള്‍ മറ്റു പലര്‍ക്കും വേണ്ടി തച്ചുടച്ചു തരിപ്പണമാക്കിയില്ലായിരുന്നുവെങ്കില്‍..
തീയറ്ററുകാരുടെ 50% ശതമാനം സാമ്പത്തിക ഷെയറോടെ അന്ന് ഒന്നരക്കോടി രൂപ വരെ ബഡ്ജറ്റുള്ള പുതുമുഖചിത്രങ്ങള്‍ നിര്‍മ്മിച്ചു വിതരണം ചെയ്യാന്‍ രൂപീകരിച്ച സിനിമാഫോറത്തിന്റെ ചെയര്‍മാനായിരുന്നു ഞാന്‍.
തീയറ്റര്‍ ഉടമ ടി.ടി.ബേബി ജനറല്‍ കണ്‍വീനറും സാഗ അപ്പച്ചന്‍ ഫിനാന്‍സ് കണ്‍വീനറുമൊക്കെയായി എല്ലാ വിഭാഗക്കാരെയും ഉള്‍പ്പെടുത്തി രൂപീകരിച്ച വലിയ കമ്മിറ്റിയായിരുന്നു അത്. ഒരാഴ്ച കഴിഞ്ഞ് ആ ഫോറത്തോടു സഹകരിക്കരുത് എന്നു കാണിച്ച് അന്നത്തെ producerse association അയച്ച കത്ത് ഇന്നും ഞാന്‍ സൂക്ഷിച്ചു വച്ചിട്ടുണ്ട്..
ആര്‍ക്കു വേണ്ടിയാണ് പുതുമുഖ സിനിമകളുടെ ആ സംരംഭം അന്ന് വേണ്ടന്നു വച്ചത്? കുന്നംകുളം തീയറ്റര്‍ ഉടമയായ ശ്രീ ടി.ടി ബേബിയേ ഒന്നു വിളിച്ചു ചോദിച്ചാല്‍ ഏതു സിനിമാക്കാരനേയും വേദനിപ്പിക്കുന്ന ആ വിവരം അറിയാന്‍ കഴിയും.
മലയാള സിനിമയ്ക്ക് വേണ്ടി ഒത്തിരി ത്യാഗം സഹിച്ചെന്നു പറയുന്ന പലരും ആര്‍ക്കുവേണ്ടിയാണ് ത്യഗം ചെയ്യുന്നതെന്ന് മലയാള സിനിമാ ചരിത്രം മറന്നു പോകുന്നവര്‍ ഒന്നോര്‍ക്കട്ടെ എന്നു കരുതിയാണ് യാതൊരു അതിശയോക്തിയുമില്ലാതെ സത്യസന്ധമായി ചിലകാര്യങ്ങള്‍ ഇവിടെ കുറിച്ചത്.
ഫിലിം ചേംബറിനോടുള്ള ദേഷ്യം തീര്‍ക്കന്‍ വേറെ ചേമ്പര്‍ തുടങ്ങുമെന്നു വരെ ചിലര്‍ പറഞ്ഞപോഴും ബാലിശമായ ആ നീക്കത്തെ ഞാന്‍ എതിര്‍ത്തിരുന്നു.. സിനിമയില്‍ ഇന്നും സംഭവിക്കുന്ന പല അപജയങ്ങള്‍ക്കും കാരണം നിലപാടുകള്‍ ഇല്ലാത്ത സ്വാര്‍ത്ഥരായ വ്യക്തികളുടെ പ്രവര്‍ത്തികളാണ്. അവരുടെ കൂട്ടായ്മക്കാണ് ഭൂരിപക്ഷവും പബ്ലിസിറ്റിയും എന്നതുകൊണ്ട് അവര്‍ക്ക് എന്നും ഇതു തുടരാന്‍ കഴിയുമെന്നു പ്രതീക്ഷിക്കണ്ട..
കാവ്യനീതി എന്നൊന്നുണ്ട്. ഇനിയും ധാരാളം സംസാരിക്കുന്ന തെളിവുകളും അനുഭവങ്ങളും ചൂണ്ടിക്കാണിക്കാനുണ്ട് സമയം ഇല്ലാത്തതിനാല്‍ പിന്നീടാകട്ടെ.. നന്ദി.. നമസ്‌കാരം…വിനയന്‍…..
[ot-video][/ot-video]
ഓസ്‌കാര്‍ അവാര്‍ഡ് ജേതാവ് റസൂല്‍ പൂക്കുട്ടിയുടെ സംവിധാനത്തിലൊരുങ്ങുന്ന സിനിമയില്‍ നായകനായി മോഹന്‍ലാലെത്തുന്നു. ഇതാദ്യമായാണ് ഒരു വെബ് സിനിമയില്‍ മോഹന്‍ലാല്‍ നായകനാകുന്നത്. ചിത്രത്തിനായി 45 ദിവസത്തെ ഡേറ്റാണ് മോഹന്‍ലാല്‍ നല്‍കിയിരിക്കുന്നത്. ഇത് ആദ്യമായാണ് മോഹന്‍ലാല്‍ ഒരു വെബ് സിനിമയില്‍ അഭിനയിക്കുന്നത്. ചിത്രത്തെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ വരുംദിവസങ്ങളില്‍ പുറത്തുവിടും.
2009ല്‍ റിലീസ് ചെയ്ത ഹോളിവുഡ് ചിത്രം സ്‌ളം ഡോഗ് മില്യണയറിലൂടെയാണ് മികച്ച സൗണ്ട് മിക്‌സിംഗിനുള്ള ഓസ്‌കാര്‍ അവാര്‍ഡ് റസൂലിന് ലഭിച്ചത്. സാവരിയ, യന്തിരന്‍, റാ വണ്‍, കൊച്ചടൈയാന്‍, നന്‍പന്‍, ഹൈവേ തുടങ്ങി ശ്രദ്ധേയമായ നിരവധി ചിത്രങ്ങള്‍ക്ക് സൗണ്ട് ഡിസൈന്‍ നിര്‍വഹിച്ച റസൂല്‍ പഴശിരാജ, ആദാമിന്റെ മകന്‍ അബു, കുഞ്ഞനന്തന്റെ കട, പത്തേമാരി, കമ്മാരസംഭവം തുടങ്ങിയ മലയാള ചിത്രങ്ങളിലും പ്രവര്‍ത്തിച്ചു. പ്രസാദ് പ്രഭാകര്‍ സംവിധാനം ചെയ്യുന്ന ദ സൗണ്ട് സ്റ്റോറിയിലൂടെ നായകനായും അരങ്ങേറാനുള്ള ഒരുക്കത്തിലാണ് റസൂല്‍ പൂക്കുട്ടി.
മോഹന്‍ലാലിനൊപ്പം ഇതുവരെ ഒരു ചിത്രങ്ങളിലും പ്രവര്‍ത്തിച്ചിട്ടില്ലെങ്കിലും തന്റെ കന്നി സംവിധാന സംരംഭത്തില്‍ മോഹന്‍ലാല്‍ തന്നെ നായകനാകണമെന്ന് റസൂലിന് മോഹമുണ്ടായിരുന്നു.
‘അമ്മ മഴവില്ല്’ ഷോയ്ക്കുവേണ്ടിയുള്ള മമ്മൂട്ടി ഡാന്‍സ് പ്രാക്ടീസ് ചെയ്യുന്ന വീഡിയോ വൈറലാകുന്നു. നിങ്ങള്‍ ഒന്നും ചെയ്യേണ്ട തലയാട്ടിയാല്‍ മതിയെന്ന് കൊറിയോഗ്രാഫര്‍ വീഡിയോയില്‍ പറയുന്നുണ്ട്. മഴവില്‍ മനോരമയ്ക്കു വേണ്ടി അഭിനേതാക്കളുടെ സംഘടനയായ അമ്മ, കാര്യവട്ടം രാജ്യാന്തര സ്റ്റേഡിയത്തില്‍ ഒരുക്കുന്ന മലയാളത്തിലെ നൂറിലേറെ താരങ്ങളാണ് അണിനിരക്കുന്നത്.
അഞ്ചു മണിക്കൂറിലേറെ നീളുന്ന ദൃശ്യവിരുന്ന് ഈമാസം ആറിന് വൈകിട്ട് അഞ്ചരയ്ക്ക് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കും. ഷോയുടെ റിഹേഴ്‌സല്‍ ക്യാംപ് കൊച്ചിയില്‍ പുരോഗമിക്കുകയാണ്. മൂന്നാം തീയതി മുതല്‍ തിരുവനന്തപുരത്തേക്കു റിഹേഴ്‌സല്‍ ക്യാംപ് മാറും. തുടര്‍ന്നു സ്റ്റേജ് റിഹേഴ്‌സല്‍ ഉള്‍പ്പെടെയുള്ള ഒരുക്കങ്ങള്‍ ഉണ്ടാവും. അമ്മയുടെ നേതൃത്വത്തില്‍ നടത്തുന്ന ആറാമത്തെ മെഗാഷോയാണിത്.
പഴയകാലത്തു ചലച്ചിത്ര രംഗത്തു പ്രവര്‍ത്തിച്ചിരുന്ന 15 പേരെ ഷോയുടെ തുടക്കത്തില്‍ ആദരിക്കും. നടന്‍ മധുവിന്റെ നേതൃത്വത്തിലാണിത്. ഇവര്‍ക്കു മലബാര്‍ ഗോള്‍ഡും മഴവില്‍ മനോരമയും സ്വര്‍ണനാണയങ്ങള്‍ സമ്മാനിക്കും. ആധുനിക സാങ്കേതിക സംവിധാനങ്ങളോടെ പുതിയ രീതിയിലാണ് മെഗാ ഷോ ഒരുക്കുന്നത്. പുറത്തുനിന്നുള്ള സാങ്കേതിക വിദഗ്ദരാണ്.