Movies

സൗദി അറേബ്യയുടെ പൗരത്വം നേടിയ ഹ്യൂമനോയിഡ് റോബോട്ടാണ് സോഫിയ. ഹാന്‍സണ്‍ റോബേട്ടിക്സാണ് സോഫിയയുടെ നിര്‍മ്മാതാക്കള്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച ഹ്യൂമനോയ്ഡ് റോബോട്ടിന് ഒക്ടോബറിലാണ് സൗദി അറേബ്യ പൗരത്വം നല്‍കിയത്. ചിരിക്കാനും ദേഷ്യപ്പെടാനടക്കമുള്ള 62 ല്‍ പരം കഴിവുകളാണ് സോഫിയ്ക്കുള്ളത്.

ഇപ്പോള്‍ നവമാധ്യമങ്ങളില്‍ തരംഗമാകുന്നത് ഹോളിവുഡില്‍ റോബോട്ടിക് ചിത്രങ്ങളിലെ നായകനാകുന്ന വില്‍സ്മിത്തും സോഫിയും തമ്മിലുളള ഡേറ്റ് വീഡിയോയാണ്. 62 ല്‍ പരം ഭാവങ്ങള്‍ മുഖത്ത് കൊണ്ടുവാരാന്‍ ശേഷിയുള്ള സോഫിയയില്‍ പ്രണയഭാവം കൊണ്ടു വരാനാണ് വില്‍ ശ്രമിച്ചത്.സോഫിയയുമൊത്തുള്ള ‘ഡേറ്റിങ്’ ദിനത്തിലെ ‘ മനോഹര നിമിഷങ്ങളുടെ’ ദൃശ്യം വില്‍ സ്മിത്ത് തന്നെയാണ് തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ചത്.

പണി പതിനെട്ടും ശ്രമിച്ചിട്ടും സോഫിയുടെ മുഖത്ത് പ്രണയം കൊണ്ടു വരാന്‍ വില്ലിനു കഴിഞ്ഞില്ല. ഇതില്‍ ഏറെ രസകരം പ്രണയത്തെ കുറിച്ചു സംസാരിച്ചു തുടങ്ങിയ വില്‍ സ്മിത്തിന് സോഫിയ നല്‍കിയ മറുപടിയായിരുന്നു. സംസാരത്തിനിടെ സോഫിയയെ ചുംബിക്കാന്‍ വില്‍സിമിത്ത് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അതേസമയം നിങ്ങള്‍ ഏന്റെ സുഹൃത്തുക്കളുടെ പട്ടികയിലുള്ള ആളാണെന്നാണ് വില്‍സ്മിത്തിന് സോഫിയ മറുപടി കൊടുത്തത്.

സംഘിയെന്ന് ഫേസ് ബുക്ക് ലൈവ് ഇടയിൽ വിളിച്ച യുവാവിന് വ്യക്തമായ മറുപടി നല്‍കി നടി അനുശ്രീ. ആരാധകര്‍ക്ക് ഈസ്റ്റര്‍ ദിന ആശംസകള്‍ പങ്കുവെക്കാന്‍ ഫേസ്ബുക്കില്‍ ലൈവിലെത്തിയ നടിയോടാണ് ഒരാള്‍ ഇപ്പോള്‍ ബാലഗോകുലത്തിന്റെ പ്രവര്‍ത്തക അല്ലേ എന്ന് കമന്റ് ചെയ്ത് ചോദിച്ചത്. ഇയാള്‍ ചോദ്യം വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ താന്‍ സംഘിയാണെന്ന പ്രചരണത്തിനോടുള്ള പ്രതികരണം അറിയിക്കുകയായിരുന്നു താരം. വീടിനടുത്ത് ക്രിസ്ത്യന്‍ പള്ളികള്‍ ഒന്നും ഇല്ല, അങ്ങനെയുണ്ടായിരുന്നെങ്കില്‍ ഞാന്‍ പള്ളിയില്‍ നടത്തുന്ന പരിപാടിയിലും പങ്കെടുക്കുമായിരുന്നു.

അനുശ്രീയുടെ വാക്കുകള്‍ ഇങ്ങനെ

ഞാന്‍ ഒരിക്കിലും ബാലഗോകുല പ്രവര്‍ത്തകയോ, സംഘിയോ അല്ല. നാട്ടില്‍ നടത്തിയ ഒരു പരിപാടിയില്‍ കുട്ടികളോടൊപ്പം ഞാനും പങ്കെടുത്തു. അടുത്ത വര്‍ഷവും അവിടെ പരിപാടി ഉണ്ടെങ്കില്‍ അന്നും ഞാന്‍ പങ്കെടുക്കും. അതിനര്‍ത്ഥം ഞാന്‍ ഒരു പ്രവര്‍ത്തകയാണെന്നല്ല, നാട്ടില്‍ നടക്കുന്ന ഒരു പരിപാടിയില്‍ പങ്കുകൊണ്ടു എന്ന് മാത്രം.

വീടിനടുത്ത് ക്രിസ്ത്യന്‍ പള്ളികള്‍ ഒന്നും ഇല്ല, അങ്ങനെയുണ്ടായിരുന്നെങ്കില്‍ ഞാന്‍ പള്ളിയില്‍ നടത്തുന്ന പരിപാടിയിലും പങ്കെടുക്കുമായിരുന്നു. എന്റെ ക്രിസ്ത്യന്‍ സുഹൃത്തുകള്‍ക്ക് ക്രിസ്മസിന് സര്‍പ്രൈസ് നല്‍കാനും, മുസ്ലീം സുഹൃത്തുക്കളോടൊപ്പം നോമ്ബ് മുറിക്കാനും പോകാറുണ്ട്. ഈരാറ്റുപ്പേട്ടയ്ക്കടുത്ത് ഷൂട്ടിംഗിന് പോയപ്പോള്‍ ഒരു സംഭവം നടന്നു.

ഞാന്‍ കാറില്‍ ഇരിക്കുകയാണ്, സഹോദരന്‍ ഭക്ഷണം മേടിക്കാന്‍ കടയിലേക്ക് പോയി, അതേ സമയം ബൈക്കിലെത്തിയ രണ്ടു യുവാക്കള്‍ എത്തി അവള് സംഘിയാടാ എന്ന് പറഞ്ഞ് വൈലന്റായി. ഒരു ഭീകരവാദിയോട് എന്ന പോലുള്ള സമീപനമായിരുന്നു അവരുടേത്. ഷുട്ടിംഗ് സംബന്ധമായി രാത്രിയില്‍ സഞ്ചരിക്കുന്ന സമയത്ത് ഇങ്ങനെയുള്ള ആളുകളുടെ മുന്നില്‍ ചെന്നുപെട്ടാല്‍ അവര്‍ തന്നെ കൊന്നു കളയുമല്ലോ എന്ന് വരെ ഞാന്‍ ചിന്തിച്ചു അനുശ്രീ പറഞ്ഞു.

മലയാളത്തിലെ യുവ നടന്‍ നീരജ് മാധവ് വിവാഹിതനായി. കോഴിക്കോട് കാരപ്പറമ്പ് സ്വദേശിനിയായ ദീപ്തിയാണ് വധു. കോഴിക്കോട് വെച്ചായിരുന്നു വിവാഹം. സിനിമാ മേഖലയില്‍ നിന്നുള്ള സുഹൃത്തുക്കളും ബന്ധുക്കളും ചടങ്ങില്‍ പങ്കെടുത്തു. മലയാളത്തില്‍ നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള നടനാണ് നീരജ് മാധവ്. ഡാന്‍സര്‍ കൂടിയായ നീരവ് അടുത്തിടെ പുറത്തിറങ്ങിയ ലവകുശ എന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിട്ടുണ്ട്. 1983, അപ്പോത്തിക്കിരി, ഒരു വടക്കന്‍ സെല്‍ഫി, ദൃശ്യം, അപ്പോത്തിക്കിരി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

ചിത്രങ്ങള്‍ കാണാം.

Photo credit: Magsman stories

സർക്കാർ നിരോധിച്ചിട്ടും അറുതിയില്ലാതെ നോക്കുകൂലി. നടൻ സുധീർ കരമനയുടെ വീട്ടിൽ മൂന്ന് ലക്ഷം രൂപയുടെ ഗ്രാനൈറ്റ് ഇറക്കാൻ ആവശ്യപ്പെട്ടത് ഒരു ലക്ഷം രൂപ. അവശ്യം നിരസിച്ചപ്പോൾ ഭീഷണിപ്പെടുത്തി ഇരുപത്തയ്യായിരം രൂപ വാങ്ങിയെന്നും പരാതി ഉയര്‍ന്നു.

തിരുവനന്തപുരം ചാക്കയിലെ വീട് നിർമാണത്തിനിടെയാണ് സുധീർ കരമന തൊഴിലാളി യൂണിയനുകരുടെ നോക്കുകൂലി തട്ടിപ്പിന് ഇരയായത്. ബെംഗളുരുവിൽ നിന്ന് ഗ്രാനൈറ്റ് കൊണ്ടുവന്നപ്പോളാണ് നോക്കുകൂലി ആവശ്യപ്പെട്ട് യൂണിയനുകളെല്ലാം ഒന്നിച്ചെത്തിയത്.

മൂന്ന് ലക്ഷം രൂപയ്ക്ക് വാങ്ങിയ ഗ്രാനൈറ്റിനാണ് ഒരു ലക്ഷത്തിന്റെ നോക്കുകൂലി. തരില്ലെന്ന് അറിയിച്ചു ഇതോടെ ഭീഷണിയും തെറി വികയുമായി. ഒടുവിൽ ഒരു ഗ്രാനൈറ്റ് പോലുമിറക്കാത്തവർക്ക് ഇരുപത്തയ്യായിരം രൂപ നൽകണ്ടി വന്നു. പിന്നീട് വെറും പതിനാറായിരം രൂപക്ക് ഗ്രാനൈറ്റ് കമ്പനിക്കാർ തന്നെ ലൊഡിറക്കി. നോക്കുകൂലി നിരോധിച്ചെന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം കൂടി പ്രഖ്യാപിച്ച ശേഷമാണ് യൂണിയനുകളുടെ കൊള്ള തുടരുന്നത്.

കോട്ടയം: കേരളത്തെ ഞെട്ടിച്ചുകൊണ്ടാണ് ‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിന്റെ അണിയറക്കാരില്‍ നിന്നും വംശീയ വിവേചനം നേരിട്ടുവെന്ന ആരോപണവുമായി നൈജീരിയന്‍ നടന്‍ സാമുവല്‍ റോബിന്‍സണ്‍ രംഗത്തെത്തിയത്. എന്നാല്‍ സുഡുമോന്റെ ആരോപണത്തിന് മറുപടിയുമായി എഴുത്തുകാരന്‍ പി. ജിംഷാര്‍ രംഗത്തെത്തി.

റോബിന്‍സന്റെ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കരുതുന്നില്ലെന്നാണ് ജിംഷാര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. സംവിധായകനും കാമറാമാനും സുഡാനി എന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കളില്‍ ഒരാളുമായ സമീര്‍ താഹിറിന്റെ അടുത്ത് മൂന്ന് വര്‍ഷം മുന്‍പ് കഥ പറയാന്‍ പോയ അനുഭവം വിവരിച്ചുകൊണ്ടാണ് ജിംഷാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

താന്‍ പറഞ്ഞ കഥ കേട്ട് നടക്കുമെന്ന് ഒരു ഉറപ്പുമില്ലാതിരുന്നിട്ടും പറഞ്ഞ കഥ കേട്ട് തിരക്കഥയുടെ വണ്‍ ലൈന്‍ തയ്യാറാക്കാന്‍ അദ്ദേഹം പോക്കറ്റില്‍ നിന്ന് മൂവായിരം രൂപ എടുത്തു തന്നുവെന്ന് ജിംഷാര്‍ പറഞ്ഞു. ചെയ്ത ജോലിക്ക് പോലും പ്രതിഫലം കിട്ടാത്ത സിനിമാ ലോകത്ത് നടക്കുമെന്ന് യാതൊരു ഉറപ്പുമില്ലാത്ത പ്രോജക്ടിന്റെ പേരില്‍ പണം നല്‍കിയ സമീര്‍ താഹിറും ഷൈജു ഖാലിദും നീതികേട് കാണിക്കില്ലെന്ന് താന്‍ വിശ്വസിക്കുന്നതായും ജിംഷാര്‍ കൂട്ടിച്ചേര്‍ത്തു.

പി. ജിംഷാറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ…

സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച സാമുവലിന്റെ പ്രതിഫലത്തര്‍ക്കത്തെ കുറിച്ചുള്ള പോസ്റ്റ് വായിക്കാന്‍ ഇടയായി. പോസ്റ്റില്‍ പരാമര്‍ശിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കളില്‍ നിന്നും ഇത്തരത്തിലൊരു മോശം അനുഭവം ഉണ്ടാകില്ലെന്ന് ഉറച്ച് വിശ്വസിക്കുന്നു. സംവിധായകനും ക്യാമറാമാനും സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളുമായ സമീര്‍ താഹിറിന്റെ അടുത്ത് മൂന്ന് വര്‍ഷം മുമ്പ് ഞാനൊരു കഥ പറയാന്‍ പോയിരുന്നു.

സുഹൃത്ത് ഫാസില്‍ വഴി, മാധ്യമപ്രവര്‍ത്തകന്‍ മനീഷ് നാരായണനാണ് സമീര്‍ താഹിറുമായുള്ള കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കിയത്. ഏകദേശം രൂപരേഖയുണ്ടായിരുന്ന, അന്ന്… എഴുതി തുടങ്ങിയിട്ടില്ലാത്ത ‘എഡിറ്റിംഗ് നടക്കുന്ന ആകാശം’ എന്ന നോവലിന്റെ കഥയാണ് അദ്ദേഹത്തോട് പറഞത് *(Dc books പുറത്തിറക്കാനിരിക്കുന്ന നോവല്‍).

നടക്കുമെന്ന് ഒരു ഉറപ്പുമില്ലാതിരുന്നിട്ടും പറഞ കഥകേട്ട്, തിരക്കഥയുടെ പ്രാക് രൂപമായ വണ്‍ലൈന്‍ തയ്യാറാക്കാനായി സ്വന്തം പോക്കറ്റില്‍ നിന്നും അദ്ദേഹം 3000രൂപ എടുത്ത് തരികയുണ്ടായി. ആ മൂലധനത്തിന്റെ പിന്‍ബലത്തില് ‘കേള്‍ക്കപ്പെടാത്തവര്‍ – വടക്കേക്കാട് ഗവണ്‍മെന്റ് കേളേജ് മാഗസിന്‍ 2014-15’ എന്ന തിരക്കഥയും ‘എഡിറ്റിംഗ് നടക്കുന്ന ആകാശം’ എന്ന നോവലും എഴുതാന്‍ കഴിഞു. തിരക്കഥയില്‍ സമീര്‍ താഹിര്‍ നിര്‍ദ്ദേശിച്ച മാറ്റങ്ങള്‍ വരുത്താന്‍ അന്ന് കഴിയാതെ വന്നതിനാല്‍, സിനിമ നടക്കാതെ പോവുകയായിരുന്നു.

അന്ന്, അദ്ദേഹത്തിന് വേണ്ടിയെഴുതിയ തിരക്കഥയില്‍ നിന്നാണ്, രണ്ട് വര്‍ഷത്തോളം സമയമെടുത്ത് ‘എഡിറ്റിംഗ് നടക്കുന്ന ആകാശം’ എന്ന നോവല്‍ സാധ്യമാക്കിയത്. കഥ പറയാനെത്തുന്ന നവാഗതര്‍ക്ക് പറയാന്‍ ഏറെ മോശം അനുഭവങ്ങളുള്ള സിനിമാലോകത്ത് ചെയ്ത ജോലികള്‍ക്ക് പോലും കൃത്യമായി കൂലി കിട്ടാത്ത ഇടത്തിലാണ്, നടക്കുമെന്ന് ഒരു ഉറപ്പുമില്ലാത്തൊരു സിനിമയ്ക്ക് വേണ്ടി, യാഥൊരു മുന്‍പരിചയവും ഇല്ലാത്തൊരാള്‍ക്കായി, സമീര്‍ താഹിര്‍ 3000രൂപ നല്‍കുന്നത്.

ഈയൊരു അനുഭവം ഉള്ളതിനാല്‍, സാമുവലിന്റെ കാര്യത്തില്‍ സമീര്‍ താഹിറും ഷൈജു ഖാലിദും നീതികേട് കാണിക്കില്ലെന്ന് ഉറച്ച് വിശ്വസിക്കുന്നു.

Nb ; സിനിമയിലെ പ്രതിഫലം താരമൂല്യത്തിന് അനുസരിച്ചാണ്.
*Dc books പ്രസിദ്ധീകരിക്കാനിരിക്കുന്ന, എഡിറ്റിംഗ് നടക്കുന്ന ആകാശം എന്ന നോവല്‍ അതിന്റെ പിറവിയ്ക്ക് കാരണക്കാരനായ സമീര്‍ താഹിറിന് സമര്‍പ്പിക്കുന്നു.

 

താര സംഘടനയായ ‘അമ്മ’യുടെ അദ്ധ്യക്ഷ പദവിയില്‍ നിന്ന്‍ ഒഴിയുമെന്ന്‍ നടനും എംപിയുമായ ഇന്നസെന്റ്‌. വ്യക്തിപരമായി ഒരുപാട് പ്രശ്നങ്ങളും തിരക്കുകളുമുണ്ടെന്നും സംഘടനയ്ക്കുള്ളിൽ പ്രശ്നങ്ങളുള്ളതിനാൽ സ്ഥാനത്ത് തുടരാൻ കഴിയില്ലെന്നും നേരത്തേ വ്യക്തമാക്കിയിരുന്നതായി അദ്ദേഹം സൂചിപ്പിച്ചു.

വർഷങ്ങളായി ഈ സ്ഥാനത്ത് തുടരുകയാണ്. കഴിഞ്ഞ നാല് തവണയും തന്നെ അദ്ധ്യക്ഷസ്ഥാനത്തുനിന്ന്‍ മാറ്റി നിർത്തണമെന്ന് അഭ്യർഥിച്ചിരുന്നു. എന്നാൽ സ്നേഹത്തിന്‍റെ സമ്മർദം കൊണ്ടു തുടരുകയായിരുന്നെന്നും ഇന്നസെന്റ്‌ വ്യക്തമാക്കി.

കേരള പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകം സംഘടിപ്പിച്ച ചടങ്ങിലാണ് ഇന്നസെന്റ്‌ ഇക്കാര്യം വ്യക്തമാക്കിയത്. പ്രസിഡന്റ് ആകാൻ കഴിവുള്ള ഒട്ടേറെ പേർ സംഘടനയിലുണ്ടെന്നും ജൂലൈയിൽ ചേരാനിരിക്കുന്ന ജനറൽ ബോഡി യോഗത്തില്‍ തന്‍റെ നിലപാട് വ്യക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതിഫലത്തിന്റെ കാര്യത്തില്‍ വര്‍ണ്ണവിവേചനം കാട്ടിയെന്ന നൈജീരിയന്‍ നടന്‍ സാമുവല്‍ റോബിന്‍സണിന്റെ ആരോപണത്തില്‍ പ്രതികരണവുമായി സുഡാനി ഫ്രം നൈജീരിയയുടെ നിര്‍മാതാക്കള്‍. നിര്‍മാണക്കമ്പനിയായ ഹാപ്പി അവേഴ്‌സ് എന്റര്‍ടെയിന്‍മെന്റിന്റെ ഫേസ്ബുക്ക് പേജിലാണ് വിശദീകരണവുമായി നിര്‍മാതാക്കളായ സമീര്‍ താഹിറും ഷൈജു ഖാലിദും രംഗത്തെത്തിയത്. ചെറിയ നിര്‍മ്മാണച്ചെലവില്‍ പൂര്‍ത്തീയാക്കേണ്ടിയിരുന്ന സിനിമ എന്ന നിലയില്‍ നല്‍കാന്‍ കഴിയുന്ന വേതനത്തെക്കുറിച്ച് വ്യക്തമായ ചിത്രം നല്‍കിയിരുന്നെന്നും ഒരു നിശ്ചിത തുകക്ക് സാമുവല്‍ സമ്മതിക്കുകയും ചെയ്തതിനു ശേഷമാണ് കരാര്‍ തയ്യാറാക്കിയതെന്ന് നിര്‍മാതാക്കള്‍ വിശദീകരിക്കുന്നു. ആ കരാറനുസരിച്ചുള്ള തുക അദ്ദേഹത്തിന് കൈമാറിയതുമാണ്. അര്‍ഹിക്കുന്ന പ്രതിഫലം നല്‍കിയില്ലന്ന ആരോപണം കരാറിനോടുള്ള അനീതിയായാണ് മനസിലാക്കുന്നത്.

സിനിമ വാണിജ്യവിജയം നേടിയാല്‍ അതില്‍ നിന്നുള്ള ഒരു അംശം സിനിമയുടെ ഭാഗമായ എല്ലാവര്‍ക്കും ലഭ്യമാക്കാന്‍ കഴിയുമെന്ന പ്രത്യാശ പങ്കുവെച്ചിരുന്നു. പക്ഷേ സിനിമാ വ്യവസായത്തിന്റെ സ്വാഭാവികമായ സമയക്രമങ്ങളോടെയല്ലാതെ ലാഭവിഹിതം തങ്ങളുടെ പക്കല്‍ എത്തുകയില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അത് ഞങ്ങളുടെ പക്കല്‍ എത്തി കണക്കുകള്‍ തയാറാക്കിയതിനു ശേഷം മാത്രമേ സമ്മാനത്തുകകളെ സംബന്ധിച്ച തീരുമാനങ്ങളിലെക്ക് പ്രവേശിക്കാന്‍ സാധിക്കുകയുള്ളൂവെന്നും പോസ്റ്റ് വിശദീകരിക്കുന്നു.

പ്രതിഫലത്തുക നിശ്ചയിച്ചതില്‍ വംശീയവിവേചനമുണ്ടെന്ന ആരോപണം വേദനാജനകമാണ്. വാഗ്ദാനം ചെയ്ത തുകയില്‍ അതൃപ്തിയുള്ള പക്ഷം ഞങ്ങളുമായി സഹകരിക്കേണ്ടതായ യാതൊരു സമ്മര്‍ദ്ദവും അദ്ദേഹത്തിനുമേല്‍ ചെലുത്തപ്പെട്ടിട്ടില്ല. ഈ സിനിമയുമായി സഹകരിക്കാന്‍ തയാറല്ല എന്നു പറയാനുള്ള സര്‍വ്വ വിധ അവകാശവും ഉണ്ടായിരിക്കെ തന്നെയാണ് അദ്ദേഹം കരാര്‍ അംഗീകരിച്ചത്. ഇതില്‍ വംശീയമായ വ്യാഖ്യാനങ്ങള്‍ ചേര്‍ക്കപ്പെടുന്നത് വേദനയോടെയും ആത്മനിന്ദയോടെയുമല്ലാതെ വായിക്കാനാവുന്നില്ല. തെറ്റായ വിവരങ്ങള്‍ ചില സ്രോതസ്സുകളില്‍ നിന്ന് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഉള്ള വ്യാഖ്യാനപ്പിഴകളാണ് അദ്ദേഹത്തിന്റ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത് എന്ന് കരുതുന്നുവെന്നും നിര്‍മാതാക്കള്‍ പറഞ്ഞു.

പോസ്റ്റ് വായിക്കാം

സാമുവൽ അബിയോള റോബിൻസൺ സോഷ്യൽ മീഡിയയിലൂടെ happy hours entertainment നെതിരെ ഉന്നയിച്ച ആരോപണങ്ങളോടുള്ള പ്രതികരണമാണിത്.

രണ്ട് ആരോപണങ്ങളാണ് happy hours entertainment നെതിരെ സാമുവൽ അബിയോള റോബിൻസൺ ഉന്നയിച്ചിരിക്കുന്നത് :
1. അദ്ദേഹത്തിന് കുറഞ്ഞ പ്രതിഫലമാണ് നൽകിയത്. 
2. കുറഞ്ഞ പ്രതിഫലം നൽകാൻ കാരണമായത് അദ്ദേഹത്തോടുള്ള വംശീയ വിവേചനമാണ്.

· മേൽ ആരോപണങ്ങൾക്കുള്ള ഞങ്ങളുടെ ഔദ്യോഗികമായ പ്രതികരണം താഴെ കുറിക്കുന്നു.

1. സാമുവൽ അബിയോള റോബിൻസണിന് കുറഞ്ഞ വേതനമാണോ നൽകിയത്?

ചെറിയ നി൪മ്മാണചെലവിൽ പൂ൪ത്തീയാക്കേണ്ടിയിരുന്ന ഒരു സിനിമ എന്ന നിലയിൽ ഞങ്ങൾക്ക് നൽകാൻ കഴിയുന്ന വേതനത്തെ സംബന്ധിച്ച വ്യക്തമായ ചിത്രം നൽകുകയും ഒരു നിശ്ചിത തുകക്ക് മേൽ അദ്ദേഹം രേഖാമൂലം സമ്മതിക്കുകയും ചെയ്തതിന് ശേഷമാണ് കരാ൪ തയാറാക്കിയത്. ആ കരാറനുസരിച്ചുള്ള തുക അദ്ദേഹത്തിന് കൈമാറിയതുമാണ്.
വേതനവുമായി ബന്ധപ്പെട്ട രണ്ടാമത്തെ ആരോപണം അദ്ദേഹം അ൪ഹിക്കുന്ന പ്രതിഫലം നൽകിയില്ല എന്നതാണ്. ഈ ആരോപണം കരാറിനോടുള്ള അനീതിയായാണ് ഞങ്ങൾ മനസ്സിലാക്കുന്നത്.
സിനിമ വാണിജ്യവിജയം നേടുന്ന പക്ഷം സിനിമയുടെ ഭാഗമായ എല്ലാ ആളുകൾക്കും ആ സന്തോഷത്തിൽ നിന്നുള്ള അംശം ലഭ്യമാക്കാൻ കഴിയട്ടെ എന്ന പ്രത്യാശ എല്ലാവരോടുമെന്ന പോലെ അദ്ദേഹവുമായി ഞങ്ങൾ പങ്കുവെച്ചിരുന്നു. സിനിമ നിലവിൽ വിജയകരമായി തിയറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുന്നു എന്നത് വസ്തുത തന്നെയാണ്. പക്ഷെ, സിനിമാ വ്യവസായത്തിന്റെ സ്വാഭാവികമായ സമയക്രമങ്ങളോടെയല്ലാതെ ലാഭവിഹിതം ഞങ്ങളുടെ പക്കൽ എത്തുകയില്ല എന്നതാണ് യാഥാ൪ത്ഥ്യം. അത് ഞങ്ങളുടെ പക്കൽ എത്തി കണക്കുകൾ തയാറാക്കിയതിനു ശേഷം മാത്രമേ സമ്മാനത്തുകകളെ സംബന്ധിച്ച തീരുമാനങ്ങളിലെക്ക് പ്രവേശിക്കാൻ സാധിക്കുകയുള്ളൂ. ഈ സിനിമയുടെ വിജയത്തിന് അദ്ദേഹം നൽകിയ വിലകൽപിക്കാനാവാത്ത പങ്കിനോട് നീതിപുല൪ത്താൻ കഴിയും വിധമുള്ള ഒരു സമ്മാനത്തുക നൽകണമെന്ന ആഗ്രഹം ഞങ്ങൾക്കുണ്ടായിരുന്നു. അതിന് സാധിക്കുമാറ് വിജയം സിനിമക്കുണ്ടാവട്ടെ എന്ന് ഞങ്ങൾ ഇപ്പോഴും പ്രാ൪ത്ഥിക്കുന്നു. ഇത് പക്ഷെ, കരാറിനു പുറത്തുള്ള ഒരു ധാ൪മ്മികമായ ചിന്ത മാത്രമാണ് എന്നത് അടിവര ഇട്ടു കൊള്ളട്ടെ.

2. വേതനം നിശ്ചയിച്ചത് വംശിയ വിവേചനത്തോടെയോ?

ഈ ആരോപണം ഏറെ വേദനാജനകമാണ്. ഞങ്ങൾ വാഗ്ദാനം ചെയ്ത തുകയിൽ അദ്ദേഹത്തിന് അതൃപ്തിയുള്ള പക്ഷം ഞങ്ങളുമായി സഹകരിക്കേണ്ടതായുള്ള യാതൊരു സമ്മ൪ദ്ദവും അദ്ദേഹത്തിനുമേൽ ചെലുത്തപെട്ടിട്ടില്ല. അദ്ദേഹത്തിന് ഈ സിനിമയുമായി സഹകരിക്കാൻ തയാറല്ല എന്നു പറയാനുള്ള സ൪വ്വ വിധ അവകാശവും ഉണ്ടായിരിക്കെ തന്നെയാണ് അദ്ദേഹം കരാ൪ അംഗീകരിച്ചത്.
ഇതിൽ വംശീയമായ വ്യാഖ്യാനങ്ങൾ ചേർക്കപ്പെടുന്നത് വേദനയോടെയും ആത്മനിന്ദയോടെയുമല്ലാതെ ഞങ്ങൾക്ക് വായിക്കാനാവുന്നില്ല.

തെറ്റായ വിവരങ്ങൾ ചില സ്രോതസ്സുകളിൽ നിന്ന് ലഭിച്ചതിൻറെ അടിസ്ഥാനത്തിൽ ഉള്ള വ്യാഖ്യാനപ്പിഴകളാണ് അദ്ദേഹത്തിൻറെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത് എന്ന് ഞങ്ങൾ കരുതുന്നു. ഒരു നല്ല സൗഹൃദത്തിന് ഇത്തരത്തിലൊരു ദൗ൪ഭാഗ്യകരമായ അവസ്ഥയിലൂടെ കടന്നുപോവേണ്ടി വരുന്നത് ഏറെ വേദനാജനകമാണ്. അദ്ദേഹത്തിന് തെറ്റിദ്ധാരണകൾ തിരുത്താനും ഞങ്ങളുമായുള്ള സൗഹൃദം പുനസ്ഥാപിക്കാനും സാധിക്കുമെന്ന് ഇപ്പോഴും ഞങ്ങൾ പ്രത്യാശിക്കുന്നു.

സസ്നേഹം,

ഹാപ്പി ഹവേഴ്സിന് വേണ്ടി,

സമീ൪ താഹി൪

ഷൈജു ഖാലിദ്.

https://www.facebook.com/happyhoursent/posts/347266735766810

 

തിരുവനന്തപുരം: മലയാള സിനിമയിലെ താരാധിപത്യത്തിനെതിരെ ശബ്ദയമുയര്‍ത്തിയതിന്റെ പേരില്‍ വര്‍ഷങ്ങളോളം തന്നെ അവഗണിച്ചതായി സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി. ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള ജെ.സി.ഡാനിയല്‍ പുരസ്‌കാരം ലഭിച്ചതിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മലയാള സിനിമയിലെ താരരാജാക്കന്മാരായ മമ്മൂട്ടിക്കും മോഹന്‍ലാലിനുമെതിരെ പ്രതികരിക്കാന്‍ ധൈര്യം കാണിച്ചയാളാണ് താനെന്ന് അദ്ദേഹം പറഞ്ഞു.

താരാധിപത്യം മലയാള സിനിമയെ നശിപ്പിക്കുമന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയ ആളുകളില്‍ ഒരാളായിരുന്നു ശ്രീകുമാരന്‍ തമ്പി. എന്നാല്‍ ഇത്തരം എതിര്‍പ്പുകള്‍ പ്രകടിപ്പിച്ചതിന് സിനിമാ മേഖലയില്‍ നിന്ന് കടുത്ത അവഗണന നേരിട്ടുവെന്ന് അദ്ദേഹം പറയുന്നു. താരമൂല്യം വര്‍ധിക്കുന്നതിന് അനുസരിച്ച് മലയാള സിനിമ തകരുകയാണ് ചെയ്തത്. അന്ന് ഞാന്‍ പറഞ്ഞ സത്യങ്ങള്‍ കേള്‍ക്കാന്‍ ആര്‍ക്കും ഇഷ്ടമായിരുന്നില്ല. എന്നാല്‍ ഞാന്‍ മുപ്പത് കൊല്ലം മുന്‍പ് പറഞ്ഞത് ഇപ്പോള്‍ പലരും ഏറ്റു പറയുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.

നിരവധി സിനിമകള്‍ നിര്‍മ്മിക്കുകയും ചെയ്തിട്ടുള്ള വ്യക്തിയാണ് ശ്രീകുമാരന്‍ തമ്പി. എങ്കിലും തനിക്കിപ്പോഴും സാമ്പത്തിക ബാധ്യതയുണ്ടെന്ന് അദ്ദേഹം പറയുന്നു. മുപ്പത് വര്‍ഷം മുന്‍പ് മോഹന്‍ലാലിനെ നായകനാക്കി യുവജനോത്സവം എന്ന സിനിമയും 1985ല്‍ മമ്മൂട്ടിയെ നായകനാക്കി ‘വിളിച്ചൂ വിളികേട്ടു’ എന്ന ചിത്രമെടുത്തു. അതിനു ശേഷം ഇരുവരെയും നായകന്‍മാരാക്കി ഒരു ചിത്രം പോലും ഇദ്ദേഹം എടുത്തിട്ടില്ല.

2018 മാര്‍ച്ച് 08 ടിവിയില്‍ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുന്നു, ‘മികച്ച നടന്‍ ഇന്ദ്രന്‍സ്. ചിത്രം ആളൊരുക്കം.

കഥയുടെ ഫ്ളാഷ് ബാക്ക് ഇങ്ങനെ …

ഇന്ദ്രന്‍സിന്റെ തിരുവനന്തപുരത്തെ വീട് ആര്‍പ്പുവിളികളിലേക്കമര്‍ന്നു. ഒന്നുംമിണ്ടാതെ നിറഞ്ഞ ചിരിയോടെ ജേതാവ് അതേ കസേരയില്‍തുടര്‍ന്നു. അഭിനന്ദനമറിയിക്കാന്‍ ആളുകളുടെ ഒഴുക്കായിരുന്നു പിന്നീട്. ഫോണ്‍ നിര്‍ത്താതെ ശബ്ദിച്ചുകൊണ്ടിരുന്നു. രാത്രി പിന്നിടുമ്പോഴും അത് തുടര്‍ന്നു. ഇതിനിടയില്‍ ഒരു ഫോണ്‍ കോള്‍ ഇന്ദ്രന്‍സിനെ പെട്ടെന്ന് നിശബ്ദനാക്കി. അങ്ങേത്തലയ്ക്കല്‍നിന്നുള്ള വാക്കുകള്‍ തലയാട്ടി കേട്ടു. പിന്നെ മൗനം വെടിഞ്ഞു… ‘അയ്യോ, എന്നോട് മാപ്പൊന്നും പറയല്ലേ. എനിക്കത് മനസ്സിലാകും. അതിലൊന്നും വിഷമമില്ല. എന്നോട് മാപ്പ് പറയരുത്..’ ഇന്ദ്രന്‍സിന്റെ വാക്കുകള്‍ മുറിഞ്ഞു. അംഗീകാരത്തിന്റെ ചവിട്ടുപടിയില്‍ ആഹ്ലാദത്തോടെനിന്ന നടനോട് ആരാണ് മാപ്പ് പറഞ്ഞത് ? ഇന്ദ്രന്‍സിനോട് അയാള്‍ ചെയ്ത തെറ്റ് എന്തായിരിക്കും ? ചോദ്യങ്ങളുടെ ഉത്തരംതേടിയുള്ള യാത്ര അവസാനിച്ചത് അനിശ്ചിതത്വങ്ങള്‍ വേട്ടയാടിയ ഒരു സിനിമയുടെ ലൊക്കേഷനിലാണ്. അതെ, ദിലീപിന്റെ ‘കമ്മാരസംഭവം’ എന്ന സിനിമയുടെ ഗോവയിലെ ലൊക്കേഷനില്‍ ! ഇന്ദ്രന്‍സിനോട് മാപ്പുപറഞ്ഞത് ഷഫീര്‍ സേഠ് ആണ്. അയാളാണ് ‘കമ്മാരസംഭവ’ത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. മാപ്പ് പറയാനെന്തായിരുന്നു കാരണം ?

മലയാളത്തിലെ മുന്‍നിര നിര്‍മാണക്കമ്പനിയുടെ പുതിയ ചിത്രം. വിജയം ആവര്‍ത്തിക്കാന്‍ കോപ്പുകൂട്ടി ജനപ്രിയനായകന്‍. കഥാപാത്രത്തിന് വിവിധ ഗെറ്റപ്പുകള്‍ ഉള്ളതിനാല്‍ കൃത്യമായ ഇടവേളകളെടുത്ത് ഷെഡ്യൂളുകളായാണ് ചിത്രീകരണം. രണ്ടാം ഷെഡ്യൂള്‍ മറ്റന്നാള്‍ തുടങ്ങാനുള്ള ഒരുക്കത്തിലാണ് സംവിധായകന്‍. നിര്‍മാണച്ചുമതല ഷഫീര്‍ സേഠിനാണ്. പ്രധാനതാരങ്ങള്‍ ഒന്നിച്ചുവരുന്ന രംഗങ്ങളാണ് അടുത്തദിവസങ്ങളില്‍ ചിത്രീകരിക്കേണ്ടത്. താരങ്ങളുടെ ഡേറ്റുകള്‍ തലവേദന സൃഷ്ടിക്കുന്ന സമയം. എങ്കിലും വന്‍ബഡ്ജറ്റ് സിനിമയായതിനാല്‍ എല്ലാവരും സഹകരിക്കാന്‍ തയ്യാറായി, ഒരാള്‍ ഒഴികെ !

ഇന്ദ്രന്‍സായിരുന്നു ആ നടന്‍. ഏതുനിമിഷം വിളിച്ചാലും പരിഭവമോ പരാതിയോ ഇല്ലാതെ എത്തുന്നയാളായതിനാലും വലിയ തിരക്കില്ല എന്ന മുന്‍വിധിയുള്ളതിനാലും ഷഫീര്‍ സേഠ് ഏറ്റവും ഒടുവിലാണ് ഇന്ദ്രന്‍സിനെ വിളിച്ചത്.

” ക്ഷമിക്കണം. നിങ്ങള്‍ പെട്ടെന്ന് പറഞ്ഞാല്‍ ബുദ്ധിമുട്ടാകും. മുന്‍കൂട്ടിപറയാത്തതുകൊണ്ട് വരുംദിവസങ്ങള്‍ മറ്റൊരു സിനിമയ്ക്ക് കൊടുത്തുപോയി.”

ഇന്ദ്രന്‍സിന്റെ വാക്കുകള്‍കേട്ട് ഷഫീര്‍ ചിരിച്ചു. ഇതൊക്കെ സിനിമയില്‍ സര്‍വസാധാരണമാണ്. “ആ സിനിമ ഒഴിവാക്കൂ. ഇല്ലെങ്കില്‍ ഞങ്ങളുടെ സിനിമ കഴിഞ്ഞ് തുടങ്ങാം എന്ന് പറയൂ. താങ്കളില്ലെങ്കില്‍ കമ്മാരസംഭവം മുടങ്ങും. പിന്നെയൊരിക്കലും മറ്റ് നടന്മാരുടെ ഡേറ്റ് ഇങ്ങനെ ഒന്നിച്ചുകിട്ടില്ല. വന്നേ പറ്റൂ”. ഷഫീര്‍ വാക്കുകള്‍ കടുപ്പിച്ചു. പക്ഷെ, ഇന്ദ്രന്‍സിന് ഒറ്റ മറുപടിയേ ഉണ്ടായിരുന്നുള്ളൂ. ” ഞാന്‍ വാക്കുകൊടുത്തതാണ്. വലിയ സിനിമയായാലും ചെറിയ സിനിമയായാലും എനിക്ക് ഒരുപോലെയാണ്. നിങ്ങള്‍ക്ക് വേണമെങ്കില്‍ ആ സംവിധായനോട് സംസാരിക്കാം. അയാള്‍ സമ്മതിച്ചാല്‍ ഞാന്‍ വരാം.”

സ്വന്തം സിനിമ പൂര്‍ത്തിയാക്കുക, അതുമാത്രമായിരുന്നു ഷഫീര്‍ സേഠിനുമുന്നില്‍. ഇന്ദ്രന്‍സിനൊപ്പം മുമ്പ് പ്രവര്‍ത്തിച്ചിട്ടുണ്ട്. പക്ഷെ, അതൊക്കെ മറന്ന് ഷഫീര്‍ ഇന്ദ്രന്‍സിനോട് സംസാരിച്ചു. ഇന്ദ്രന്‍സ് നിലപാടിലുറച്ചുനിന്നു. അടുത്ത നിമിഷം ഷഫീര്‍ ആ ചിത്രത്തിന്റെ സംവിധായകനെ ഫോണില്‍ ബന്ധപ്പെട്ടു. ഇന്ദ്രന്‍സിനെ വേണമെന്ന് ആവശ്യപ്പെട്ടു. ” ചേട്ടാ, ഇത് എന്റെ ആദ്യസിനിമയാണ്. ഇപ്പോള്‍ നടന്നില്ലെങ്കില്‍ പിന്നീട് നടക്കുമോ എന്ന് യാതൊരു ഉറപ്പുമില്ല. ഭാവി നശിപ്പിക്കരുത്.”

aalorukkam_Indran_VCAbhilash0

ഒന്നുംമിണ്ടാതെ ഫോണ്‍ കട്ടുചെയ്തു. സ്വന്തം സിനിമ എന്നതിനപ്പുറം ഒന്നിനെകുറിച്ചും ഷഫീര്‍ ചിന്തിച്ചില്ല. അതിനുവേണ്ടി ആര് ബലിയാടായാലും പ്രശ്നമില്ലെന്ന തോന്നലാണ് അയാളെ നയിച്ചുകൊണ്ടിരുന്നത്. വീണ്ടും ഇന്ദ്രന്‍സിനെ വിളിച്ചു. ഇന്ദ്രന്‍സ് നിലപാടോ ഭാഷയോ മാറാതെ പ്രതികരിച്ചു. ‘ആ സംവിധായകന്‍ ആഗ്രഹിച്ചുചെയ്യുന്ന സിനിമയാണ്. ഞാന്‍ പറഞ്ഞാല്‍ അയാള്‍ സിനിമ മാറ്റിവയ്ക്കും. പക്ഷെ, പ്രൊഡ്യൂസറെ നഷ്ടപ്പെട്ടേക്കാം. പിന്നീടൊരു പ്രൊഡ്യൂസറെ കൊടുക്കാന്‍ നിങ്ങള്‍ക്ക് കഴിയുമോ ? എങ്കില്‍ ഞാന്‍ വരാം. ഞാനിഷ്ടപ്പെട്ടുചെയ്യുന്ന കഥാപാത്രമായതിനാല്‍ കുറച്ച് തയ്യാറെടുപ്പുകള്‍ വേണ്ടിവന്നിട്ടുണ്ട്. അതിന്റെ മാറ്റങ്ങള്‍ ചിലപ്പോള്‍ നിങ്ങളുടെ ലൊക്കേഷനിലെത്തിയാലും പ്രതിഫലിച്ചേക്കാം. അതിന്റെ പേരില്‍ അപ്പോള്‍ വിരോധം തോന്നരുത്. ഇനി നിങ്ങള്‍ക്ക് തീരുമാനിക്കാം…”

ആ വാക്കുകളൊന്നും ഷഫീര്‍ സേഠ് കേട്ടില്ല. ഇന്ദ്രന്‍സിനോടുള്ള ദേഷ്യം അയാളില്‍ പകയായി മാറുകയായിരുന്നു. കാണിച്ചുതരാം എന്ന മുന്നറിയിപ്പോടെ സംഭാഷണം അവിടെ അവസാനിച്ചു. മുന്നില്‍ ഒറ്റ ലക്ഷ്യം മാത്രം. ആ സിനിമ മുടക്കിയായാലും സ്വന്തം സിനിമ നടത്തണം. ഷഫീര്‍ അതിനുള്ള നീക്കങ്ങള്‍ ആരംഭിച്ചു. ഇത്തരം ഘട്ടങ്ങളില്‍ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന സിനിമകള്‍ക്ക് അനുകൂലമായാണ് സംഘടനകള്‍ നിലപാട് സ്വീകരിക്കുക. അതിനാല്‍ ഇന്ദ്രന്‍സിന്റെ സിനിമ മാറ്റിവയ്ക്കേണ്ടിവരുമെന്നുറപ്പാണ്. സംഘടനാച്ചുമതലയുള്ള മുതിര്‍ന്ന നിര്‍മാതാവിനെ വിളിച്ച് കാര്യങ്ങള്‍ വിശദീകരിച്ചു. ഉടന്‍ നടപടി എടുക്കാമെന്ന ഉറപ്പുംവാങ്ങി. ഇന്ദ്രന്‍സിനെ ഉള്‍പ്പെടുത്തി കമ്മാരസംഭവം നിശ്ചിതസമയത്ത് തുടങ്ങാമെന്ന് അപ്പോള്‍തന്നെ സംവിധായകനെ അറിയിച്ചു. ഷഫീറിന് അഭിമാനനിമിഷങ്ങള്‍. ആഹ്ലാദത്തോടെ, ജേതാവിന്റെ മനസ്സോടെ ഉള്ളില്‍ച്ചിരിയുമായി താമസിക്കുന്ന ഹോട്ടലിലേക്ക് ഷഫീര്‍ സേഠ് കാറോടിച്ചു. പക്ഷെ, ആ ആനന്ദത്തിന് ആയുസ് കുറവായിരുന്നു. അപ്രതീക്ഷിതമായി എത്തിയ ഒരു വാര്‍ത്ത സകലസന്തോഷങ്ങള്‍ക്കും വിരാമമിട്ടു… ‘നടന്‍ ദിലീപ് അറസ്റ്റില്‍..’. ആ വാര്‍ത്തയും നായകന്റെ ജയില്‍വാസവും ‘കമ്മാരസംഭവ’ത്തെ ഇരുട്ടിലാക്കി !

kerala-int-1

ജാമ്യത്തില്‍ ദിലീപ് പുറത്തിറങ്ങിയതോടെ ‘കമ്മാരസംഭവം’ പുനഃരാരംഭിച്ചു. മറ്റുതാരങ്ങള്‍ക്കൊപ്പം ഇന്ദ്രന്‍സും ചിത്രീകരണത്തില്‍ പങ്കെടുത്തു. ഇന്ദ്രന്‍സും ഷഫീറും മുഖാമുഖം കണ്ടു. എങ്കിലും പരസ്പരം ഒന്നും ചോദിച്ചില്ല. ഒന്നും പറഞ്ഞതുമില്ല. പക്ഷെ, ദിവസങ്ങള്‍ക്കിപ്പുറം ഷഫീര്‍ സേഠ് ആ സത്യം തിരിച്ചറിഞ്ഞു…”ഞാന്‍ മുടക്കാന്‍ ശ്രമിച്ച ചിത്രം ‘ആളൊരുക്ക’മായിരുന്നു. സംവിധായകന്‍ വി.സി. അഭിലാഷിനെയായിരുന്നു ഞാന്‍ അന്ന് വിളിച്ചിരുന്നത് . ‘ആളൊരുക്കം’ ഇന്ദ്രന്‍സ് ചേട്ടന് മികച്ച നടനുള്ള അവാര്‍ഡ് നേടിക്കൊടുത്തപ്പോള്‍ ഇല്ലാതായത് എനിക്ക് അദ്ദേഹത്തോട് തോന്നിയ പകയോ ദേഷ്യമോ മാത്രമല്ല, നമ്മള്‍ നമ്മളെകുറിച്ച് സ്വയം കെട്ടിപ്പൊക്കുന്ന ചിലതുണ്ടല്ലോ, അതുകൂടിയാണ്. ചെയ്യുന്ന ജോലിയോട് നൂറുശതമാനം ആത്മാര്‍ഥത കാണിക്കുന്നയാളാണ് അദ്ദേഹം. എന്ത് കാരണത്തിന്റെ പേരിലായാലും എനിക്ക് അദ്ദേഹത്തോട് മോശമായി സംസാരിക്കേണ്ടിവന്നു. തിരികെ എന്നോട് മോശമായി ഒരുവാക്കുപോലും പറഞ്ഞതുമില്ല. ചെയ്തത് പൊറുക്കാന്‍ പറ്റാത്ത തെറ്റാണെന്ന് മനസ്സിലാക്കിയതുകൊണ്ടാണ് അദ്ദേഹത്തോട് മാപ്പിരന്നത്. കലാകാരനാണ് ഞാന്‍. മാപ്പുചോദിച്ചില്ലെങ്കില്‍ ഞാന്‍ മനുഷ്യനല്ലാതാവും.”

തുന്നിത്തഴമ്പിച്ച ഇന്ദ്രന്‍സിന്റെ കൈകള്‍ സംസ്ഥാനപുരസ്കാരം ഏറ്റുവാങ്ങുമ്പോള്‍ ‘കമ്മാരസംഭവം’ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ടാവും. ആ ചിത്രത്തില്‍ ഇന്ദ്രന്‍സ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് സുരേന്ദ്രന്‍ എന്നാണ്. ഇന്ദ്രന്‍സിന്റെ ജീവിതത്തിലെ യഥാര്‍ഥ പേര്. സിനിമയും ജീവിതവും കെട്ടുപിണഞ്ഞ സുരേന്ദ്രന്റെ യാത്ര പരിഭവങ്ങളില്ലാത്ത വീഥികളിലൂടെയാണ്. അവിടെ ശത്രുവിന് സ്ഥാനമില്ല. അതുകൊണ്ടുതന്നെ മാപ്പിന് പ്രസക്തിയുമില്ല.

കൊച്ചി: എസ്തര്‍ അനില്‍ ഇനിമുതല്‍ ബാലതാരമല്ല. പ്രമുഖ സംവിധായകന്‍ ഷാജി എന്‍. കരുണിന്റെ ചിത്രത്തിലൂടെ നായികയായി അരങ്ങേറാന്‍ ഒരുങ്ങുകയാണ് എസ്തര്‍. മലയാളത്തില്‍ പ്രമുഖരായ നടന്മാര്‍ക്കൊപ്പം ബാലതാരമായി അഭിനയിച്ചിട്ടുണ്ടെങ്കിലും നായികയാവുന്നത് ഇതാദ്യമാണ്. യുവ നടന്‍ ഷെയിന്‍ നിഗമാണ് ചിത്രത്തില്‍ എസ്തറിനൊപ്പമെത്തുക. ജെമിനി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കും.

ഒരുനാള്‍ വരും എന്ന മോഹല്‍ലാല്‍ ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറിയ എസ്തര്‍ പിന്നീട് നിരവധി ചിത്രങ്ങളില്‍ ബാലതാരമായെത്തി. ജീത്തു ജോസഫ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ദൃശ്യത്തിലെ അഭിനയത്തിലൂടെയാണ് എസ്തര്‍ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ദൃശ്യത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളിലും എസ്തര്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചു. എസ്തറിന്റെ നായികാ വേഷം ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

കമ്മട്ടിപ്പാടം, കിസ്മത്ത്, പറവ, ഈട എന്നീ ചിത്രത്തിലെ അവിസ്മരണീയ പ്രകടനത്തിന് ശേഷമാണ് ഷെയിന്‍ ജെമിനിയിലെത്തുന്നത്. ഷാജി എന്‍. കരുണിനെപ്പോലൊരു മികച്ച സംവിധായകന്‍ ഒരുക്കുന്ന ചിത്രം ആരാധക പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്നുണ്ട്. ജെമിനിയെ കൂടാതെ രണ്ട് തമിഴ് ചിത്രത്തിലും എസ്തര്‍ നായികാ വേഷത്തിലെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

RECENT POSTS
Copyright © . All rights reserved