Movies

അഭിനയ ജീവിതം അവസാനിപ്പിക്കുകയാണെന്ന തമിഴ് നടന്‍ കമല്‍ ഹാസന്റെ പ്രഖ്യാപനത്തില്‍ നടുക്കം രേഖപ്പെടുത്തി പ്രമുഖ സംവിധായകന്‍ ബി ഉണ്ണി കൃഷ്ണന്‍. താങ്കള്‍ അഭിനയം അവസാനിപ്പിക്കുന്നു എന്ന് പറയുമ്പോള്‍, തിരശീലയില്‍ ഇരുട്ട് നിറയുന്നപോലെ തോന്നുന്നുവെന്ന് ബി ഉണ്ണികൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചു. അങ്ങയോടുള്ള എല്ലാ ആദരവും നിലനിറുത്തിക്കൊണ്ട് പറയട്ടെ, രാഷ്ട്രീയത്തിന്റെ ദൈനംദിന ഗണിതങ്ങളിലോ കരുനീക്കങ്ങളിലോ പാടവമുള്ള ഒരു പ്രായോഗികമതിയല്ല, താങ്കള്‍.

താങ്കള്‍ ഒരു യുക്തിവാദി ആയിരിക്കാം. പക്ഷേ, മൗലികമായി താങ്കള്‍ അസാമാന്യമായ സര്‍ഗ്ഗശേഷിയുള്ള കലാകാരനാണ്. അത്തരമൊരു കലാകാരന്‍ അടിസ്ഥാനപരമായി അരാജകവാദി ആയിരിക്കും, സന്ദേഹി ആയിരിക്കും. താങ്കള്‍ക്ക്, കലയിലൂടെ താങ്കളെ പ്രകാശിപ്പിക്കും പോലെ ദീപ്തമായി മറ്റൊന്നിലും സ്വയം ആവിഷ്‌ക്കരിക്കാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാനുള്ള തീരുമാനം മാറ്റണമെന്നല്ല, ഇനിയൊരിക്കലും അഭിനയിക്കില്ല എന്ന തീരുമാനം ഒന്ന് പുന:രാലോചിക്കണമെന്നു മാത്രമാണ് അങ്ങയോടഭ്യര്‍ത്ഥിക്കാനുള്ളത് ഉണ്ണികൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ആദരണീയനായ ശ്രീ.കമല്‍ഹാസന്‍,

താങ്കള്‍ അഭിനയം നിറുത്തുന്നു എന്ന പ്രസ്താവന നടുക്കത്തോടേയും ദു:ഖത്തോടേയുമാണ് വായിച്ചത്. സിനിമ കാണാന്‍ തുടങ്ങിയനാള്‍ മുതല്‍ താങ്കള്‍ എന്റെ ഇഷ്ടനടനാണ്. ഞാന്‍ ആദ്യം കണ്ട കമല്‍ ചിത്രം വിഷ്ണുവിജയം എന്ന ബ്ലാക്ക് ആന്റ് വൈറ്റ് മലയാളചിത്രമാണ്. ഷീലയെ വശീകരിക്കുന്ന പ്രതിനായക സ്വഭാവമുള്ള വിഷ്ണുവിന്റെ കട്ടഫാനായി ആദ്യ കാഴ്ച്ചയില്‍തന്നെ ഞാന്‍ മാറി. മലയാളികള്‍ കണ്ടന്തം വിട്ട ആദ്യ സിക്‌സ് പാക്ക് നടന്‍ താങ്കളാണല്ലോ. പിന്നെ, വയനാടന്‍ തമ്പാനും, ആനന്ദം പരമാനന്ദവും, ഈറ്റയും അടക്കം എത്ര മലയാള പടങ്ങള്‍. താങ്കള്‍ തമിഴിന്റെ പ്രിയ നായകനായപ്പോഴും, എന്നെപ്പോലെ പതിനായിരക്കണക്കിന് മലയാളികള്‍ക്ക് താങ്കള്‍ ഇഷ്ടനടനായി തുടര്‍ന്നു. കേരളവും താങ്കളും തമ്മിലുള്ള ബന്ധം അന്നും ഇന്നും വളരെ, വളരെ സ്‌പെഷ്യല്‍ ആണ്. പതിനാറു വയതിനിലേയും, സിഗപ്പു റോജാക്കളും, വരുമയില്‍ നിറം സിഗപ്പും, ഇന്നും എന്റെ ഇഷ്ടചിത്രങ്ങളാണ്. സകലകലാ വല്ലഭന്‍, കോട്ടയം രാജ്മഹാളില്‍ ചുരുങ്ങിയത് പത്ത് തവണയെങ്കിലും ഞാന്‍ കണ്ടിട്ടുണ്ട്. മൂന്നംപിറ കണ്ട് ‘ഡെസ്പ’ടിച്ചു കിടന്നിട്ടുണ്ട്. പുഷ്പക വിമാനം, ഇന്ദ്രന്‍ ചന്ദ്രന്‍, മൈക്കള്‍ മദന കാമരാജന്‍, അപൂര്‍വ്വസഹോദരങ്ങള്‍, തെന്നാലി– അങ്ങ് നടത്തിയ വേഷപകര്‍ച്ചകള്‍ മറ്റാര്‍ക്കും കഴിയുന്നതല്ല. ശ്രീ.ഭരതന്‍ സംവിധാനം ചെയത തേവര്‍മകനില്‍, താങ്കളും മഹാനടനായ ശ്രീ.ശിവാജി ഗണേശനും ചേര്‍ന്നുള്ള കോംബോ സീന്‍സ്! ഓര്‍ക്കുമ്പോള്‍ ഇപ്പോഴും കോരിത്തരിപ്പുണ്ടാവുന്നുണ്ട്, സര്‍.

സാഗരസംഗമം, എക്കാലത്തേയും എന്റെ പ്രിയപ്പെട്ട പ്രണയചിത്രങ്ങളില്‍ ഒന്നാണ്. കമല്‍-ശ്രീദേവി ആണ് പലര്‍ക്കും പിടിച്ച ജോടി. എനിക്കത് കമല്‍-ജയപ്രദയാണ്. സാഗരസംഗമവും, നിനത്താലെ ഇനിക്കും എന്ന കെ ബാലചന്ദര്‍ സിനിമയും തന്ന പ്രണയാനുഭവം നിസ്തുലമാണ്. ഇന്ത്യന്‍, നായകന്‍, മഹാനദി, അന്‍പേശിവം: താങ്കളുടെ ഏറ്റവും ഗംഭീരമായ നാലു ചിത്രങ്ങള്‍. താങ്കള്‍ക്ക് തുല്യം താങ്കള്‍ മാത്രമെന്ന് വിളിച്ചു പറയുന്നുണ്ടവ. മഹാനദി, അന്‍പേശിവം,തേവര്‍മകന്‍, പുഷ്പകവിമാനം….താങ്കളെഴുതിയ തിരക്കഥകളും തമിഴ് സിനിമയുടെ ചരിത്രത്തിലെ ഏറ്റവും മികച്ചവ തന്നെ. ബാലചന്ദര്‍, ഭാരതിരാജ, മണിരത്‌നം, ശങ്കര്‍, കെ വിശ്വനാഥ്, ഐ വി ശശി, ഭരതന്‍….ഇവരോടൊക്കെ ഒപ്പം താങ്കള്‍ ചേര്‍ന്നപ്പോള്‍ സംഭവിച്ചത് അത്ഭുതങ്ങളാണ്. ഇളയരാജയുടെ സംഗീത മാന്ത്രികത ഏറ്റവും കൂടുതല്‍ അനുഭവിക്കാന്‍ കഴിഞ്ഞതും കമല്‍ ചിത്രങ്ങളില്‍ തന്നെ. കൂട്ടത്തില്‍ പറയട്ടെ, താങ്കളും ജാനകിയമ്മയും ചേര്‍ന്ന് പാടിയ ഗുണയിലെ ‘കണ്മണി…’ what a song! താങ്കളെ ഒന്ന് പരിചയപ്പെടണമെന്നുള്ള എന്റെ ഏറ്റവും വലിയ ആഗ്രഹം സാധിച്ചത് ട്രാഫിക് സിനിമയുടെ വിജയാഘോഷങ്ങള്‍ക്കായി താങ്കള്‍ കൊച്ചിയില്‍ വന്നപ്പോഴാണ്. അതിനു ശേഷം, ചലച്ചിത്ര പ്രവര്‍ത്തകരുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി, ഫിക്കിയുമായി ചേര്‍ന്ന് ചില കാര്യങ്ങള്‍ ചെയ്യാന്‍ താങ്കള്‍ തീരുമാനിച്ചപ്പോള്‍ കൂടിയാലോചനകള്‍ക്കായി എന്നെ വിളിച്ചു. അന്ന് എന്തെല്ലാം വിഷയങ്ങളെകുറിച്ചാണ് താങ്കള്‍ സംസാരിച്ചത്. സാഹിത്യം, തത്ത്വശാസ്ത്രം, മനോവിജ്ഞാനീയം, മാജിക്ക്…എല്ലാം വന്നവസാനിക്കുന്നത് സിനിമയിലും.

താങ്കള്‍ അഭിനയം അവസാനിപ്പിക്കുന്നു എന്ന് പറയുമ്പോള്‍, തിരശീലയില്‍ ഇരുട്ട് നിറയുന്നപോലെ തോന്നുന്നു, സര്‍. എന്തിനാണ് ഈ തീരുമാനം, സര്‍? അങ്ങയോടുള്ള എല്ലാ ആദരവും നിലനിറുത്തിക്കൊണ്ട് പറയട്ടെ, രാഷ്ട്രീയത്തിന്റെ ദൈനംദിന ഗണിതങ്ങളിലോ കരുനീക്കങ്ങളിലോ പാടവമുള്ള ഒരു പ്രായോഗികമതിയല്ല, താങ്കള്‍. താങ്കള്‍ ഒരു യുക്തിവാദി ആയിരിക്കാം. പക്ഷേ, മൗലികമായി താങ്കള്‍ അസാമാന്യമായ സര്‍ഗ്ഗശേഷിയുള്ള കലാകാരനാണ്. അത്തരമൊരു കലാകാരന്‍ അടിസ്ഥാനപരമായി അരാജകവാദി ആയിരിക്കും, സന്ദേഹി ആയിരിക്കും. താങ്കള്‍ക്ക്, കലയിലൂടെ താങ്കളെ പ്രകാശിപ്പിക്കും പോലെ ദീപ്തമായി മറ്റൊന്നിലും സ്വയം ആവിഷ്‌ക്കരിക്കാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാനുള്ള തീരുമാനം മാറ്റണമെന്നല്ല, ഇനിയൊരിക്കലും അഭിനയിക്കില്ല എന്ന തീരുമാനം ഒന്ന് പുന:രാലോചിക്കണമെന്നു മാത്രമാണ് അങ്ങയോടഭ്യര്‍ത്ഥിക്കാനുള്ളത്.

മോഹന്‍ലാലിനെ ചരിത്ര പുരുഷനാക്കി പ്രിയദര്‍ശന്‍ ഒരുക്കുന്ന ചരിത്ര സിനിമ കുഞ്ഞാലിമരയ്ക്കാര്‍ ഉടന്‍ ചിത്രീകരണം ആരംഭിക്കുമെന്ന് ഗായകന്‍ എംജി ശ്രീകുമാര്‍. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ശ്രീകുമാര്‍ ഇക്കാര്യം അറിയിച്ചത്.

‘ഞങ്ങളുടെ പുതിയ ചിത്രം ‘കുഞ്ഞാലിമരയ്ക്കാര്‍’ ഉടന്‍ ആരംഭിക്കും. ഞങ്ങളെ അനുഗ്രഹിക്കുക. നിങ്ങളെയെല്ലാം സ്നേഹിക്കുന്നു.’ -എം.ജി ശ്രീകുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു. മോഹന്‍ലാലും പ്രിയദര്‍ശനും ഒന്നിച്ചുള്ള ചിത്രവും അദ്ദേഹം പോസ്റ്റില്‍ പങ്കുവെച്ചിട്ടുണ്ട്. നാവികതലവനായ നാലാമത് കുഞ്ഞാലിമരയ്ക്കാറുടെ സംഭവബഹുലമായ കഥയാണ് ചിത്രം പറയുന്നത്.

നേരത്തെ മമ്മൂട്ടി- സന്തോഷ് ശിവന്‍ ടീമീന്റെ കുഞ്ഞാലിമരയ്ക്കാറും, മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ ടീമിന്റെ കുഞ്ഞാലിമരയ്ക്കാറും ഏകദേശം ഒരേ സമയത്ത് പ്രഖ്യാപിക്കപ്പെട്ടിരുന്നു, എന്നാല്‍ പിന്നീട് താന്‍ തന്റെ പ്രോജക്ടില്‍ നിന്ന് പിന്മാറുന്നെന്ന് പ്രിയദര്‍ശന്‍ അറിയിച്ചു. മലയാളത്തില്‍ രണ്ട് കുഞ്ഞാലിമരയ്ക്കാറുടെ ആവശ്യമില്ലെന്ന് പറഞ്ഞ പ്രയദര്‍ശന്‍ എട്ടുമാസം കാത്തിരിക്കുമെന്നും അതിനകം മമ്മൂട്ടി-സന്തോഷ് ശിവന്‍ ടീമിന്റെ ‘കുഞ്ഞാലിമരയ്ക്കാര്‍’ യാഥാര്‍ത്ഥ്യമായില്ലെങ്കില്‍ തന്റെ പ്രൊജക്റ്റുമായി മുന്നോട്ടു പോകുമെന്നും അറിയിച്ചിരുന്നു. അങ്ങനെയിരിക്കവെയാണ് എംജി ശ്രീകുമാറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

പ്രേക്ഷകര്‍ക്ക് വാലന്റൈസ് ഡേ സമ്മാനമായി തന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ദുല്‍ഖറിന്റെ ഏറ്റവും പുതിയ ചിത്രം കണ്ണും കണ്ണും കൊള്ളയടിത്താലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ദുല്‍ഖര്‍ ഫേസ്ബുക്ക് പേജിലൂടെ പുറത്തു വിട്ടിരിക്കുന്നത്. ചിത്രത്തിന്റെ തമിഴ്, ഇംഗ്ലീഷ് ഭാഷകളിലെ ടൈറ്റിലുകളോട് കൂടിയ പോസ്റ്ററാണ് പുറത്തു വന്നിരിക്കുന്നത്.

ദുല്‍ഖര്‍ സല്‍മാന്റെ സിനിമാ ജീവിതത്തിലെ 25ാം ചിത്രമാണ് കണ്ണും കണ്ണും കൊള്ളയടിത്താല്‍. ദേസിംഗ് പെരിയസാമി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് ഫ്രാന്‍സിസ് കണ്ണൂക്കാടനാണ്. റീതു വര്‍മ്മയാണ് ദുല്‍ഖറിന്റെ നായികയായി എത്തുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ സിനിമാ ജീവിതം ആരംഭിച്ച് ആറു വര്‍ഷം തികയുന്ന ദിവസമാണ് പുതിയ ചിത്രത്തിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

 

ഹൈദരാബാദ്: ഇന്റര്‍നെറ്റില്‍ തരംഗമായ അഡാറ് ലവിലെ ഗാനത്തിനെതിരെ ഹൈദരാബാദ് പൊലീസിന്‍ പരാതി. ഗാനം മുസ്ലിം വികാരത്തെ വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ഒരുപറ്റം യുവാക്കളാണ് ഗാനത്തിനെതിരെ പരാതിയുമായി രംഗത്തു വന്നിരിക്കുന്നത്. റിലീസ് ചെയ്ത് നാല് ദിവസത്തിനകം ഏതാണ്ട് 14 മില്ല്യണ്‍ ആളുകളാണ് അഡാറ് ലവിലെ പാട്ട് യൂടുബില്‍ കണ്ടത്.

മാണിക്യ മലരായ പൂവി മഹതിയാം ഖദീജ ബീവി എന്നു തുടങ്ങുന്ന അഡാറ് ലവിലെ ഗാനം ഇഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്യുമ്പോള്‍ പ്രവാചകന്‍ മുഹമ്മദ് നബിയെ അധിക്ഷേപിക്കുന്നതാണെന്നാണ് യുവാക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. എന്നാല്‍ കേസ് ഫയലില്‍ സ്വീകരിച്ചെങ്കിലും ഇതുവരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. ചിത്രത്തിലെ രംഗങ്ങളുമായി ബന്ധപ്പെട്ടല്ല ഇപ്പോള്‍ നല്‍കിയിരിക്കുന്ന പരാതിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

മുസ്ലിം മാപ്പിള ഗാനങ്ങളുടെ കൂട്ടത്തില്‍ വര്‍ഷങ്ങല്‍ക്ക് മുന്‍പ് തന്നെ പ്രസിദ്ധമായ പാട്ടാണ് ഇപ്പോള്‍ അഡാറ് ലവിലൂടെ റീമേക്ക് ചെയ്ത് പുറത്തിറക്കിയിരിക്കുന്നത്. ഗാനത്തിനെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ പരാതിക്കാര്‍ക്ക് അറിയില്ലെന്നും പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഇവര്‍ പരാതി നല്‍കിയിരിക്കുന്നതെന്നും നവ മാധ്യമങ്ങളില്‍ ആളുകള്‍ പ്രതികരിച്ചു.

അഡാറ് ലവ് എന്ന ചിത്രത്തിലെ പുറത്തിറങ്ങിയ ആദ്യ ഗാനത്തിലൂടെ പ്രശസ്തിയാര്‍ജിച്ച പ്രിയ പി വാര്യര്‍ക്ക് സെലിബ്രിറ്റി ഗ്രൂമിങ് ടിപ്പുകള്‍ നല്‍കിയ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍. ശ്രീഹരി ശ്രീധരന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത സെലിബ്രിറ്റി ഗ്രൂമിങ് ടിപ്പുകളാണ് വൈറലായിരിക്കുന്നത്. അഭിമുഖങ്ങളില്‍ നിന്നും പ്രധാനമായി നേരിടേണ്ടി വരുന്ന ചോദ്യങ്ങളും അതിനുത്തരവുമാണ് പോസ്റ്റില്‍ പറയുന്നത്. സൂപ്പര്‍ താരങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് സൂക്ഷിച്ചേ ഉത്തരം നല്‍കാവൂ എന്ന് ഹാസ്യ രൂപത്തില്‍ ശ്രീഹരി ശ്രീധരന്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം;

പ്രിയ പി. വാര്യര്‍ക്കുള്ള സെലിബ്രിറ്റി ഗ്രൂമിങ് ടിപ്പുകള്‍.

ശ്രീമതി പ്രിയ ഇപ്പോള്‍ ഓവര്‍നൈറ്റ് ഇന്റര്‍നെറ്റ് സെന്‍സേഷന്‍ ആയിരിക്കുക ആണല്ലോ. ‘വനിതാലക്ഷ്മി’ മാഗസീന്‍ കാര്‍ ഇതിനോടകം തന്നെ ഇന്റര്‍വ്യൂ ബുക്ക് ചെയ്തിരിക്കും എന്ന് കരുതുന്നു. സിമ്പിളായി എങ്ങിനെ ഇത്തരം ഇന്റര്‍വ്യൂകള്‍ കൈകാര്യം ചെയ്യണം എന്ന് ടിപ്പ് പങ്കു വെയ്ക്കുന്നു.

?? എക്പക്റ്റഡ് ചോദ്യം ഒന്ന് : ‘ ഫേസ്ബുക്കിലും യൂട്യൂബിലും ഇപ്പോള്‍ മൊത്തം പ്രിയ ആണല്ലോ. വീഡിയോ ഇത്ര ഹിറ്റാകുമെന്ന് കരുതിയിരുന്നോ?’

കൂട്ടത്തില്‍ ഉത്തരം പറയാന്‍ ഏറ്റവും എളുപ്പമുള്ള ചോദ്യം ഇതാണ്. ‘ഒട്ടും പ്രതീക്ഷിച്ചില്ല’, ‘എല്ലാം ദൈവാനുഗ്രഹം’ ഈ രണ്ട് കീവേഡുകള്‍ ഉള്ള ഒന്നോ രണ്ടോ സെന്റന്‍സ് പറയുക. എല്ലാം സേയ്ഫാണ്.

??എ.ചോ.രണ്ട് : ‘എങ്ങനെയുണ്ടായിരുന്നു ആദ്യ സിനിമയുടെ ഷൂട്ടിങ് അനുഭവം?’

ഇതിന് സൂക്ഷിച്ചേ മറുപടി പറയാവൂ. ഷൂട്ടിങ് സ്ഥലത്ത് നല്ല കൊതുകായിരുന്നു. സെറ്റിലെ ബിരിയാണി മോശം. ഷോട്ടിനു വെയ്റ്റ് ചെയതപ്പോള്‍ ബോറഡിച്ചു ചത്തു എന്ന കാര്യങ്ങള്‍ മിണ്ടുകയേ അരുത്. ‘ഭയങ്കര ഫണ്‍ ആയിരുന്നു’, ‘ഷൂട്ടിങ് കഴിയും വരെ എല്ലാവരും ഒരു ഫാമിലി പോലെ ആയിരുന്നു’, ‘ശരിക്കുള്ള ഒരു ക്യാമ്പസില്‍ ജീവിക്കുന്ന പോലെ ആയിരുന്നു’ , ‘എല്ലാവരും നല്ല പോലെ എഞ്ചോയ് ചെയ്തു’, ‘ടെന്‍ഷന്‍ ഉണ്ടായിരുന്നു. പക്ഷെ ആദ്യഷോട്ട് തന്നെ സംവിധായകന്‍ ഓകെ പറഞ്ഞപ്പോള്‍ ശ്വാസം നേരെ വീണു.’ ഇതൊക്കെ തരാതരം പോലെ ചേര്‍ത്തു പറയുക.

??എ.ചോ.മൂന്ന് : ആരാണ് പ്രിയയെ സപ്പോര്‍ട്ട് ചെയ്യുന്നത്.

ഇതും എളുപ്പമുള്ള ചോദ്യമാണ്. അച്ഛന്‍, അമ്മ, ഫ്രണ്ട്‌സ്, ദൈവം , ലാലേട്ടന്‍, മമ്മൂക്ക, സംവിധായകന്‍ എന്നീ ഓര്‍ഡറില്‍ പറയുക. അനിയനാണ് എന്റെ ഏറ്റവും വലിയ ക്രിട്ടിക് എന്ന് പറയാന്‍ മറക്കരുത്.

??എ.ചോ. നാല് : ‘മമ്മൂക്കയുടെ നായികയായി അഭിനയിക്കാന്‍ അവസരം കിട്ടിയാല്‍ സ്വീകരിക്കുമോ?’

വെരി ഡേഞ്ചറസ് ക്വസ്റ്റ്യന്‍. സൂക്ഷിച്ചേ അഭിപ്രായം പറയാവൂ. സത്യം ഒരിക്കലും പറയരുത്. സ്വന്തം അഭിപ്രായം പറയുകയേ ചെയ്യരുത്. പകരം താഴെ എഴുതിയത് ബൈഹാര്‍ട്ട് ചെയ്ത് വെച്ചേക്കുക. അതേ പടി പറയുക.

‘അയ്യോ ഞാന്‍ അത്രയ്ക്ക് വലിയ താരം ഒന്നും അല്ല കെട്ടോ. മമ്മൂക്കയെപ്പോലെ ഒരു ജീനിയസിന്റെ നായിക ആയി അഭിനയിക്കാന്‍ ആര്‍ക്കാണ് ആഗ്രഹമില്ലാതിരിക്കുക. വിളിച്ചാല്‍ തീര്‍ച്ചയായും പോകും.

??എ.ചോ. അഞ്ച് : ‘ മമ്മൂക്കയെ ആണോ ലാലേട്ടനെ ആണോ കൂടുതല്‍ ഇഷ്ടം’

പെട്ട്. പണി മില്‍ക്കും വെള്ളത്തില്‍ കിട്ടി എന്ന് കൂട്ടിയാല്‍ മതി. ഇതിനു ശരിയുത്തരം ഇല്ല.എനിക്ക് ടൊവീനോയെ ആണ് കൂടുതല്‍ ഇഷ്ടം എന്ന സത്യം ഒന്നും നാവില്‍ നിന്ന് വീഴരുത്. ഇതിന്റെയും ഉത്തരം ബൈഹാര്‍ട്ടാക്കുക.

‘രണ്ട് പേരും ആക്റ്റിങ് ജീനിയസുകള്‍ ആണ്. മലയാളികളുടെ മഹാഭാഗ്യമാണ് അവരെപ്പോലെ ഉള്ള ആക്‌റ്റേഴ്‌സ് ഇവിടെ ഉണ്ടായത്. എന്റെ ക്ലാസില്‍ പഠിച്ചിരുന്ന നോര്‍ത്ത് ഇന്ത്യയില്‍ നിന്ന് വന്നിരുന്ന കുട്ടികളൊക്കെ ഇക്കായുടെയും ഏട്ടന്റെയും ഫാന്‍ ആയിരുന്നു. ഹോളിവുഡ് ആക്‌റ്റേഴ്‌സ് പോലും അഭിനയത്തില്‍ നമ്മുടെ ലാലേട്ടന്റെയോ മമ്മൂക്കയുടെയോ അടുത്തെത്തുമോ?

??എ.ചോ.ആറ് : ‘ തമിഴില്‍ നിന്നും തെലുങ്കില്‍ നിന്നും ധാരാളംഅവസരങ്ങള്‍ വരുന്നുണ്ടാകുമല്ലോ’

ഒറ്റ നോട്ടത്തില്‍ വലിയ പ്രശ്‌നം ഇല്ലാത്ത ചോദ്യം എന്ന് തോന്നുമെങ്കിലും സൂക്ഷിച്ചേ മറുപടി പറയാവൂ. സ്വഭാവശുദ്ധിയെ കൂടെയാണ് ഉന്നംവെയ്ക്കുന്നത്. മലയാളികളെ പിണക്കാതിരിക്കാനും ശ്രദ്ധിക്കണം.

‘ചില ഓഫറുകള്‍ ഒക്കെ വന്നിരുന്നു. ഒന്നും ഇത് വരെ ആക്‌സ്പറ്റ് ചെയ്തിട്ടില്ല. നമുക്ക് കംഫര്‍ട്ടബിള്‍ ആയ റോള്‍ ആണെങ്കില്‍ മാത്രമേ അഭിനയിക്കൂ. ചെറുതാണെങ്കിലും അഭിനയപ്രാധാന്യമുള്ള റോളാണെങ്കില്‍ സ്വീകരിക്കും. മലയാളത്തില്‍ ആണ് നല്ല സ്ത്രീ കഥാപാത്രങ്ങള്‍ ഉണ്ടാകുന്നത്. അത് കൊണ്ട് കൂടുതല്‍ ശ്രദ്ധ മലയാളത്തില്‍ തന്നെ ആയിരിക്കും. എന്നാലും നല്ല റോളുകള്‍ കിട്ടിയാല്‍ എല്ലാ ഭാഷയിലും അഭിനയിക്കാം.

??എ.ചോ.ഏഴ്: ‘ വിജയ് സിനിമയില്‍ നിന്നും ഓഫറുണ്ടെന്ന് കേട്ടല്ലോ’

ആരും ഒന്നും കേട്ടിട്ടില്ല. ചുമ്മാ തള്ളുന്നതാണ്. എന്ന് കരുതി ഡിനൈ ചെയ്യണ്ട.

‘ജീവിതത്തില്‍ ഒന്നും പ്ലാന്‍ ചെയ്തിട്ടല്ല സംഭവിച്ചത്. എനിക്ക് വേണ്ടതെല്ലാം ദൈവം തരുമെന്ന പൂര്‍ണബോധ്യം ഉണ്ട്. എല്ലാം വരുന്നത് പോലെ നേരിടാന്‍ തയ്യാറാണ്. എല്ലാ ഫ്രീഫവും തന്നാണ് അച്ഛനും അമ്മയും വളര്‍ത്തിയത്. എന്റെ ഒരാഗ്രഹത്തിനുംഅവര്‍ നോ പറഞ്ഞിട്ടില്ല. വിജയ് സാര്‍ എത്ര ഗ്രേറ്റ് ആക്റ്ററാണ്. പക്ഷെ ഒട്ടും ജാഡയില്ല. റോളിന്റെ കാര്യം ഒന്നും തീരുമാനിച്ചിട്ടില്ല.

??എ.ചോ എട്ട്: ‘ ആരെയെങ്കിലും പ്രണയിക്കുന്നുണ്ടോ?’

ഒരുപാട് തരത്തില്‍ ഉത്തരം പറയാവുന്ന ചോദ്യമാണ്. ‘കോളേജില്‍ പഠിക്കുമ്പോള്‍ ഒന്ന് രണ്ട് പേരോട് ഇഷ്ടം തോന്നിയിരുന്നു. ഒക്കെ വണ്‍ വേ ആണ് കെട്ടോ’ ആ ഒരു ലൈന്‍ പിടിക്കുന്നതാണ് സേഫ്. ‘എന്നെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരാള്‍ വന്നാല്‍ പ്രേമിക്കുന്ന കാര്യം ആലോചിക്കും’ എന്ന് കൂടെ ചേര്‍ത്താല്‍ തെറ്റില്ല.

??എ.ചോ.ഒമ്പത് :’എന്തൊക്കെയാണ് പ്രിയയുടെ ഹോബീസ്’

ഇത് തകര്‍ക്കാന്‍ പറ്റിയ ചോദ്യമാണ്. ഡാന്‍സാണ് എന്റെ ഏറ്റവും വലിയ പാഷന്‍ എന്ന് തട്ടിയേക്കണം. സിനിമയേക്കാള്‍ ഇഷ്ടം ഡാന്‍സാണ് എന്ന് പറയാന്‍ മറക്കരുത്. പിന്നെ ഉറക്കം, സ്റ്റാമ്പ് കളക്ഷന്‍, ക്രിക്കറ്റ് അങ്ങനെ തരം പോലെ എന്താന്നച്ചാല്‍ പറയാം.
?
അപ്പൊ സര്‍വമംഗളാനു ഭവന്തു

അമലാ പോളിനോട് അശ്ലീലച്ചുവയോടെ സംസാരിക്കുകയും മോശമായി പെരുമാറുകയും ചെയ്ത കേസില്‍ അഴകേശന്‍ എന്നയാളെ അറസ്റ്റ് ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ചെന്നൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇവന്റ് മാനേജ്‌മെന്റ് കമ്പനിയിലെ ജീവനക്കാരന്‍ ഭാസ്‌കരന്‍ എന്നയാളും അറസ്റ്റിലായി. അതിനിടെ സെക്സ് റാക്കറ്റുമായി അമലയുടെ മാനേജർ പ്രദീപ് കുമാറിന് ബന്ധമുണ്ടെന്ന് വാർത്ത വന്നിരുന്നു. ഈ സാഹചര്യലാണ് വാർത്ത നിഷേധിച്ച് അന്ന് നടന്ന സംഭവങ്ങള്‍ വെളിപ്പെടുത്തി അമല പോൾ പത്രക്കുറിപ്പ് ഇറക്കിയത്. സംഭവത്തില്‍ നിരവധിപേരാണ് അമലയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയത്.

സംഭവത്തെക്കുറിച്ച് അമല പറഞ്ഞത് ഇങ്ങനെ:

‘ജനുവരി 31-ാം തിയതി ചെന്നൈയിലെ ഒരു ഡാന്‍സ് സ്റ്റുഡിയോയില്‍ പ്രാക്ടീസ് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. അവിടെ വന്ന ഒരാള്‍ (ബിസിനസുകാരന്‍ അഴകേശന്‍) തന്നോട് മലേഷ്യന്‍ ഷോയെക്കുറിച്ച് ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ സംസാരിക്കണമെന്ന് മാറ്റിനിര്‍ത്തി. മലേഷ്യയിലെ ഷോയ്ക്ക് ശേഷം സ്പെഷൽ ഡിന്നറിന് വരണമെന്ന് അയാൾ പറഞ്ഞു.

‘എന്താണ് അന്ന് പ്രത്യേക വിരുന്ന് എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ ‘നിനക്ക് അറിയില്ലേ, വെറുതെ പറയരുത് നീ കുട്ടിയൊന്നുമല്ലെന്ന് അറിയാം…’ എന്ന് പ്രത്യേക രീതിയില്‍ മറുപടി നല്‍കി. ‘ഞാന്‍ പെട്ടന്ന് പൊട്ടിത്തെറിച്ചു. കാരണം ആ സമയത്ത് എന്റെ അടുത്ത് ആരുമില്ലായിരുന്നു. എന്റെ നല്ല മറുപടിക്കായി കാത്തിരിക്കുന്നുവെന്ന് പറഞ്ഞ് അയാള്‍ സ്റ്റുഡിയോയുടെ പുറത്ത് നിന്നു. ഞാന്‍ അപ്പോഴേക്കും സുഹൃത്തുക്കളെ വിളിച്ചു. അരമണിക്കൂര്‍ കഴിഞ്ഞ് അവരെത്തുമ്പോഴും അയാള്‍ അവിടെ തന്നെ നില്‍ക്കുന്നുണ്ടായിരുന്നു. ‘ അവള്‍ക്ക് താല്‍പര്യമില്ലെങ്കില്‍ അത് പറഞ്ഞാല്‍ പോരെ, ഇതൊക്കെ വലിയ വിഷയമാണോ’ അയാള്‍ പറഞ്ഞു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ അയാളെ പിടിച്ചുകെട്ടി ഒരു മുറിയില്‍ അടച്ചു. പിന്നീട് അന്വഷിച്ചപ്പോഴാണ് ഇയാളുടെ സ്ഥിരം പരിപാടിയാണ് ഇതെന്ന് മനസ്സിലായി. മലേഷ്യന്‍ ഷോയില്‍ പങ്കെടുക്കുന്ന എല്ലാ നടിമാരുടെയും നമ്പര്‍ അയാളുടെ മൊബൈലില്‍ ഉണ്ടായിരുന്നു.

‘പിന്നീട് മാമ്പലം പൊലീസ് സ്റ്റേഷനില്‍ അയാളെ ഏല്‍പ്പിച്ചു. പരാതി നല്‍കാന്‍ ഞാന്‍ നേരിട്ട് പൊലീസ് സ്റ്റേഷനില്‍ പോയി. അന്വേഷണം തുടരുകയാണ്. ഈ വിഷയവുമായി കൂടുതല്‍ സംസാരിക്കാതിരുന്നത് കേസിനെ ബാധിക്കുമെന്ന് കരുതിയതുകൊണ്ടാണ്. മോശമായ വാര്‍ത്തകള്‍ നല്‍കിയാല്‍ അവര്‍ക്ക് നേരെ മാനനഷ്ടത്തിന് കേസ് കൊടുക്കും. ഇക്കാര്യത്തിൽ പെട്ടന്ന് നടപടിയെടുത്ത പൊലീസ് നന്ദി. ഇനിയും കൂടുതൽപേർ അറസ്റ്റിലായേക്കും. മാത്രമല്ല അറസ്റ്റിലായവരുടെ പേര് വിവരങ്ങൾ പൊതുജനങ്ങൾ മുന്നിൽ വെളിപ്പെടുത്തി തനിനിറം പുറത്തുകൊണ്ടുവരണം’. ചില മാധ്യമങ്ങൾ എന്റെ മാനേജറെക്കുറിച്ച് മോശമായി എഴുതുകയുണ്ടായി. അതിനെതിരെ ഞാൻ മാനനഷ്ടത്തിന് പരാതി നൽകും.’–അമല പോൾ വ്യക്തമാക്കി.

സിനിമ മാത്രമല്ല പരസ്യങ്ങളിലും ഫഹദ് ഫാസില്‍ തകര്‍ത്ത് അഭിനയിച്ചിരുന്നു. പരസ്യ ചിത്രത്തില്‍ അഭിനയിക്കാന്‍ വേണ്ടി തകര്‍പ്പന്‍ മേക്ക് ഓവര്‍ നടത്തിയ ഫഹദ് ഫാസിലിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
സിനിമയിലെ കഥാപാത്രത്തിനു വേണ്ടി എന്തു ത്യാഗവും ചെയ്യുന്ന ഫഹദ് അതേ പ്രയത്നം തന്നെയാണ് പരസ്യ ചിത്രങ്ങളില്‍ അഭിനയിക്കാനും എടുക്കുന്നത് എന്നു തെളിയിക്കുന്നതാണ് പുതിയ വിഡിയോ.
പുതിയ പരസ്യ ചിത്രത്തില്‍ പൊണ്ണത്തടിയനായാണ് ഫഹദ് എത്തുന്നത്. 41 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള പരസ്യ ചിത്രത്തിന് മണിക്കൂറുകളുടെ അധ്വാനമാണ് ഫഹദിനും മറ്റുള്ളവര്‍ക്കും വേണ്ടിവരുന്നത്.

മലരേ….. ഒറ്റ സിനിമ കൊണ്ട് മലയാളികളെ വട്ടം ചുറ്റിച്ച നായികയായിരുന്നു പ്രേമം എന്ന സിനിമയിലൂടെ എത്തിയ മലര്‍ എന്ന സായ് പല്ലവി. തൂവാനത്തുമ്പികളിലെ ക്ലാര ആയി എത്തിയ സുമലത കഴിഞ്ഞ് മലയാളികളുടെ ഹൃദയം കവര്‍ന്ന മറ്റൊരു നായിക ഉണ്ടായിട്ടില്ല. മലയാളത്തില്‍ മാത്രമല്ല അന്യഭാഷകളിലും മലര്‍ ഒരു വല്ലാത്ത ഫീല്‍ തന്നെയാണ് നല്‍കിയത്.

ദാ മലര്‍ കഴിഞ്ഞ് നോട്ടം കൊണ്ട് മലയാളികളെ മാത്രമല്ല സിനിമാ പ്രേമികളെ മൊത്തം കീഴ്പ്പെടുത്തിയിരിക്കുകയാണ് അഡാര്‍ ലൗ എന്ന ഒമര്‍ ലുലു സിനിമയിലെ നായിക പ്രിയ വാര്യര്‍. ഒറ്റ കണ്ണിറുക്കല്‍… ആളുകള്‍ നെഞ്ചും തല്ലി ഈ നായികയ്ക്ക് മുന്നില്‍ വീണെന്നതിന്‍റെ കണക്കുകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഒറ്റദിവസം കൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും അധികം ഫോളോവേഴ്സിനെ നേടിയ സെലിബ്രിറ്റികളുടെ പട്ടികയില്‍ മൂന്നാം സ്ഥാനമാണ് ഈ സുന്ദരി സ്വന്തമാക്കിയിരിക്കുന്നത്.

അഡാര്‍ ലൗവിലെ മാണിക്യ മലരേ എന്ന ഗാനം പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളിലാണ് താരം ആരാധകരുടെ ഹൃദയം കീഴടക്കിയത്. ഗാനത്തിനിടയില്‍ പ്രിയ പുരികം പൊക്കുന്നതിന്‍റേയും ഒരു കണ്ണ് ഇറക്കുന്നതിന്‍റേയും രംഗങ്ങളാണ് മണിക്കൂറുകള്‍ കൊണ്ട് വൈറലായത്. ഓഡിഷന്‍ വഴി ജൂനിയര്‍ ആര്‍ട്ടിസ്റ്റായാണ് പ്രിയ സിനിമയിലേക്ക് എത്തുന്നത്. പിന്നീട് സിനിമയുടെ സംവിധായകന്‍ ചിത്രത്തിലേക്ക് നായികമാരില്‍ ഒരാളായി തെരഞ്ഞെടുക്കുകയായിരുന്നു. ഷൂട്ടിങ്ങ് നിര്‍ത്തിവെച്ചാണ് ജൂനിയര്‍ ആര്‍ടിസ്റ്റുകളില്‍ നിന്ന് നായികയെ തെരഞ്ഞെടുക്കാനുള്ള ശ്രമം ഒമര്‍ ആരംഭിച്ചത്. പ്രിയയുടെ ആദ്യ സീനായിരുന്നു ഗാനരംഗത്തിനിടയിലെ കണ്ണോണ്ടുള്ള കുസൃതികള്‍.

ഷോര്‍ട്ട് ഫിലിമുകളില്‍ അഭിനയിച്ചിരുന്നെങ്കിലും തനിക്ക് സിനിമയില്‍ ഇത്ര പ്രാധാന്യമുള്ള റോള്‍ കിട്ടുമെന്നോ ഇത്രയധികം താന്‍ സ്വീകരിക്കപ്പെടുമോ എന്നോ കരുതിയിരുന്നില്ലെന്നും തൃശ്ശൂര്‍കാരിയായ പ്രിയ പറയുന്നു. ഇന്‍സ്റ്റഗ്രാമിലെ ഫോളേവേഴ്സിന്‍റെ കാര്യത്തില്‍ ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് താഴെയാണ് ഇപ്പോള്‍ പ്രിയയുടെ സ്ഥാനം. 6.5 ലക്ഷം പേരാണ് ഇന്‍സ്റ്റഗ്രാമില്‍ റൊണാള്‍ഡോയെ ഒറ്റ ദിവസം കൊണ്ട് പിന്തുടര്‍ന്നത്. പ്രിയയെ 6.06 ലക്ഷം പേരാണ് ഒറ്റദിവസം കൊണ്ട് പിന്തുടര്‍ന്നത്. 8.8 ലക്ഷം ഫോളോവ്ഴ്സുമായി അമേരിക്കന്‍ ടെലിവിഷന്‍ താരമായ കെയില്‍ ജെന്നറാണ് പട്ടികയല്‍ ഒന്നാം സ്ഥാനത്ത്.

ഹാപ്പി വെഡ്ഡിങ്ങ്, ചങ്ക്‌സ് എന്നീ ഹിറ്റ് സിനിമകള്‍ക്ക് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന സിനിമയാണ് ഒരു അഡാര്‍ ലൗ. റഫീക്ക് തലശ്ശേരിയുടെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ സംഗീതം പകര്‍ന്ന് വിനീത് ശ്രീനിവാസന്‍ ആലപിച്ച ‘മാണിക്യ മലരായ പൂവിലെ’ എന്ന ഗാനം ഒറ്റദിവസം കൊണ്ട് ഒരു മില്യണ്‍ പേരാണ് കണ്ടത്. പുതുമുഖ താരങ്ങളും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുമാണ് സിനിമയില്‍ അഭിനയിക്കുന്നത്.

സ്റ്റൈല്‍ മന്നന്‍ നായകനാവുന്ന “കാല” ഏപ്രില്‍ ഇരുപത്തിയേഴിന് തിയറ്ററുകളിലെത്തും. ചിത്രത്തിന്‍റെ നിര്‍മാതാവും നടനുമായ ധനുഷ് ട്വിറ്ററിലൂടെയാണ് റിലീസ് തിയ്യതി അറിയിച്ചത്. ആരാധകരോട് ആഘോഷം തുടങ്ങാനും ആഹ്വാനം ചെയ്തു. ധനുഷ് ട്വീറ്റ് ചെയ്ത, കറുത്ത മുണ്ടും കറുത്ത ജുബ്ബയുമിട്ടിരിക്കുന്ന രജനീകാന്തിന്‍റെ മാസ് ലുക്ക് പോസ്റ്റര്‍ ഇതിനോടകംതന്നെ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. മുബൈയില്‍ തമിഴ്നാട്ടുകാരുടെ രക്ഷയ്ക്കെത്തുന്ന അധോലോക നായകന്‍റെ കഥ പറയുന്ന “കാല” ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ്.

രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് തിരഞ്ഞെടുപ്പിനെ നേരിടുമെന്ന് പ്രഖ്യാപിച്ചതിന് ശേഷം ഇറങ്ങുന്ന രജനീകാന്തിന്‍റെ ആദ്യ ചിത്രമെന്ന പ്രത്യേകതയും കാലയ്ക്കുണ്ട്. നടനെന്ന നിലയില്‍ രജനിയെ ആരാധിച്ചിരുന്നവര്‍ , രജനി എന്ന രാഷ്ട്രീയക്കാരനെ ഉള്‍ക്കൊള്ളുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ലോകം. അതിനിടയിലാണ് പുതിയ ചിത്രമെത്തുന്നത്. രാഷ്ട്രീയക്കാരനായതിന് ശേഷമുള്ള ആദ്യ ചിത്രം എങ്ങനെ സ്വീകരിക്കും എന്ന ആകാംക്ഷ അണിയറപ്രവര്‍ത്തകര്‍ക്കുമുണ്ട്. എന്തായാലും ചിത്രത്തിനായി ഏപ്രില്‍ ഇരുപത്തിയേഴുവരെ കാത്തിരിക്കാം.

പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രം, നാനാ പഠേക്കര്‍, സമുദ്രകനി, ഹുമ ഖുറേഷി തുടങ്ങിയ വലിയ താരനിരയുമായാണ് എത്തുന്നത്. സ്റ്റൈല്‍മന്നന്‍റെ ബിഗ് ബജറ്റ് ചിത്രമായ 2.0 റിലീസ് ചെയ്തതിന് ശേഷമെ കാലയുടെ റിലീസ് പ്രഖ്യാപിക്കുള്ളൂ എന്നായിരുന്നു ആദ്യ തീരുമാനം. 2.0 ഏപ്രില്‍ തിയറ്ററിലെത്തുമെന്നാണ് ആരാധകര്‍ കരുതിയിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായാണ് കാലയുടെ റിലീസ് തിയ്യതി പ്രഖ്യാപിച്ചത്.

പുറത്തിറങ്ങി മണിക്കുറുകള്‍ക്കകം ഹിറ്റായി ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ‘ഒരു അഡാര്‍ ലവ്’ എന്ന ചിത്രത്തിലെ ‘മാണിക്ക മലരായ പൂവി മഹതിയാം ഖദീജ ബീവി’ എന്ന ഗാനം. ഇന്നലെ യൂടുബില്‍ റിലീസ് ചെയ്ത ഗാനം ഇതിനോടകം 10 ലക്ഷത്തിലധികം പേരാണ് കണ്ടത്. റഫീക് തലശ്ശേരിയുടെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് ഷാന്‍ റഹ്മാനാണ്.

വിനീത് ശ്രീനിവാസന്‍ പാടിയ ഗാനം ക്യാമ്പസ് പശ്ചാത്തലത്തെയാണ് ദൃശ്യവല്‍ക്കരിച്ചിരിക്കുന്നത്. ക്യാമ്പസിലെ ഒരു പരിപാടിക്കിടയില്‍ നടക്കുന്ന സംഭവങ്ങളെയാണ് ഗാനത്തില്‍ ദൃശ്യവല്‍ക്കരിച്ചിരിക്കുന്നത്. ചിത്രത്തിലെ നായികമാരില്‍ ഒരാളായ പ്രിയയുടെ ഗാനത്തിലെ അഭിനയത്തിന് വലിയ പ്രശംസയാണ് സോഷ്യല്‍ മീഡിയകളില്‍ നിന്ന ലഭിച്ചു കൊണ്ടിരിക്കുന്നത്. പ്രിയയുടെ ആദ്യ സിനിമയാണ് അഡാറ് ലവ്. ഓഡിഷന്‍ വഴിയാണ് പ്രിയ ചിത്രത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. തൃശൂര്‍ പൂങ്കുന്നം സ്വദേശിയായ പ്രിയ ബി.കോം ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്.

Copyright © . All rights reserved