Movies

മോഹന്‍ലാലിന്റെ മാസ് കഥാപാത്രങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് സ്ഫടികത്തിലെ ആടു തോമ എന്ന തോമസ് ചാക്കോ. മോഹന്‍ലാലിന്റെ ഹീറോയിസത്തോടൊപ്പം തന്നെ ചിത്രത്തിലെ കുട്ടി തോമയും തുളസിയുമെല്ലാം പ്രേക്ഷക മനസില്‍ ഇടം നേടിയിട്ടുണ്ട്. ‘ഉപ്പുകല്ലില്‍ നിന്ന കൂട്ടുകാരന് വെള്ളം തന്ന എന്റെ തുളസിയെ എനിക്ക് വഞ്ചിക്കാന്‍ ആകില്ല’ എന്ന തോമയുടെ ഡയലോഗ് ഇന്നും പേക്ഷകന്‍ മറന്നിട്ടുണ്ടാകില്ല.

അന്ന് ആടു തോമയുടെ കുട്ടിക്കാലം അഭിനയിച്ച കൊച്ചു പയ്യനിന്ന് സംവിധായകനും നടനുമൊക്കെയാണ്. രൂപേഷ് പീതാംബരന്‍. മെക്‌സിക്കന്‍ അപാരതയിലൂടെ അഭിനയത്തിലേക്ക് തിരികെ എത്തിയ രൂപേഷ് വീണ്ടും സിനിമാ ലോകത്ത് സജീവമായിരിക്കുകയാണ്. എന്നാല്‍ ആരാധകരുടെ മനസില്‍ ഒരു ചോദ്യം അപ്പോഴും ബാക്കിയായിരുന്നു. എവിടെയാണ് തുളസി?

തുളസിയായി ചിത്രത്തിലെത്തിയ ഉര്‍വ്വശി ഇന്നും അഭിനയ രംഗത്തുണ്ടെങ്കിലും ഉര്‍വ്വശിയുടെ കുട്ടിക്കാലം അഭിനയിച്ച കുട്ടിയെ മാത്രം നാം പിന്നീട് കണ്ടില്ല. ഇപ്പോഴിതാ ആ അന്വേഷണവും അവസാനിച്ചിരിക്കുകയാണ്. തുളസിയുടെ കുട്ടിക്കാലം അഭിനയിച്ച ആര്യ വീണ്ടും പ്രേക്ഷകര്‍ക്കു മുന്നിലെത്തിയിരിക്കുകയാണ്.

വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള തോമസ് ചാക്കോയുടെയും തുളസിയുടേയും കൂടിക്കാഴ്ച്ച രൂപേഷ് പീതാംബരനാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വിട്ടത്. ആര്യയ്‌ക്കൊപ്പമുള്ള ചിത്രവും രൂപേഷ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ആര്യയിന്ന് സിനിമയില്‍ നിന്നെല്ലാം വളരെ അകലെയാണ്.

മാധവിക്കുട്ടിയുടെ ജീവിതം ആസ്പദമാക്കി നിര്‍മ്മിക്കുന്ന സിനിമയെക്കുറിച്ച് സംവിധായകന്‍ കമലിന്റെ പ്രതികരണത്തിനെതിരെ വിമര്‍ശനവുമായി ശാരദക്കുട്ടി. ആമിയില്‍ നിന്നും വിദ്യാ ബാലന്‍ പിന്‍മാറിയത് നന്നായെന്നും ഇല്ലെങ്കില്‍ ചിത്രത്തില്‍ ലൈംഗികത കടന്നു വരുമായിരുന്നുവെന്നുമായിരുന്നു കമലിന്റെ പ്രതികരണം. കഴിഞ്ഞ ദിവസം ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു കമല്‍ ഇക്കാര്യം പറഞ്ഞത്.

‘അസ്തമയ സൂര്യനെ നോക്കിയിരിക്കുന്ന കമലയോട് നീ ഏതു ദൈവത്തെയാണ് ധ്യാനിക്കുന്നത് എന്നു ചോദിച്ച അമ്മയോട് കമല പറഞ്ഞത്, ഞാനിഷ്ടപ്പെട്ട പുരുഷനുമായി രതിലീലകളാടുന്നത് ഭാവന ചെയ്യുകയാണ് എന്നാണ്. ആ മാധവിക്കുട്ടി ഇരുന്നിടത്ത് കമലിന്റെ പെണ്‍ സങ്കല്‍പത്തെ പിടിച്ചിരുത്തിയാല്‍ അതിന് വല്ലാതെ പൊള്ളും. ലൈംഗികത എന്തെന്നും സ്‌ത്രൈണത എന്തെന്നും തിരിച്ചറിയാനാകാത്തവര്‍ ഊര്‍ജവതികളായ ചില സ്ത്രീകളെ നേര്‍ക്കുനേര്‍ കാണുമ്പോള്‍ ഇതു പോലെ പരിഭ്രമമനുഭവിക്കാറുണ്ട്. മിടുക്കരായ പെണ്ണുങ്ങളെ തൊട്ടപ്പോഴൊക്കെ അവര്‍ വിറകൊണ്ടിട്ടുണ്ട്.’ എന്ന് ശാരദക്കുട്ടിയുടെ ഫേസ്ബുക്കില്‍ കുറിച്ചു.

മാധവിക്കുട്ടിയുടെ ജീവിതം പ്രമേയമാക്കി ഒരുക്കുന്ന ആമിയുടെ സംവിധായകനാണ് കമല്‍. നേരത്തെ വിദ്യാബാലനെയാണ് ചിത്രത്തിലേക്ക് നായികയായി പരിഗണിച്ചിരുന്നെങ്കിലും വിദ്യ പിന്മാറി. തുടര്‍ന്ന് മഞ്ജു വാര്യരാണ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

അസ്തമയ സൂര്യനെ നോക്കിയിരിക്കുന്ന കമലയോട് നീ ഏതു ദൈവത്തെയാണ് ധ്യാനിക്കുന്നത് എന്നു ചോദിച്ച അമ്മയോട് കമല പറഞ്ഞത്, ഞാനിഷ്ടപ്പെട്ട പുരുഷനുമായി രതിലീലകളാടുന്നത് ഭാവന ചെയ്യുകയാണ് എന്നാണ്. ആ മാധവിക്കുട്ടി ഇരുന്നിടത്ത് കമലിന്റെ പെണ്‍ സങ്കല്‍പത്തെ പിടിച്ചിരുത്തിയാല്‍ അതിന് വല്ലാതെ പൊള്ളും. ലൈംഗികത എന്തെന്നും സ്‌ത്രൈണത എന്തെന്നും തിരിച്ചറിയാനാകാത്തവര്‍ ഊര്‍ജവതികളായ ചില സ്ത്രീകളെ നേര്‍ക്കുനേര്‍ കാണുമ്പോള്‍ ഇതു പോലെ പരിഭ്രമമനുഭവിക്കാറുണ്ട്. മിടുക്കരായ പെണ്ണുങ്ങളെ തൊട്ടപ്പോഴൊക്കെ അവര്‍ വിറകൊണ്ടിട്ടുണ്ട്. ഒന്നു കൊതിക്കാന്‍ പോലും ധൈര്യമില്ലാതെ, വാ പൊളിച്ച് ഈത്തയൊലിപ്പിച്ചു നിന്നിട്ടുണ്ട്.

ഒരേ സമയം മാധവിക്കുട്ടിയെ ആരാധിക്കുന്നതായി ഭാവിച്ചപ്പോഴും, അവരുന്നയിച്ച സദാചാര പ്രശ്‌നങ്ങളെ പടിക്കു പുറത്തു നിര്‍ത്തി തങ്ങളുടെ ഭീരുത്വം ഇക്കൂട്ടര്‍ തെളിയിച്ചു കൊണ്ടിരുന്നു. മാധവിക്കുട്ടിയെ ആദ്യമായി സിനിമയിലാക്കാന്‍ ശ്രമിച്ചത് നിര്‍ഭാഗ്യവശാല്‍ കമല്‍ എന്ന ശരാശരി സംവിധായകനായിപ്പോയി. എടുത്താല്‍ പൊങ്ങാത്ത വി കെ എന്നിനെയും മാധവിക്കുട്ടിയേയും ഒക്കെ തൊട്ട് കാല്‍ വഴുതി വീഴുന്നു അദ്ദേഹം. മാധവിക്കുട്ടിയെ ‘സിനിമയിലെടുത്തു’ എന്ന ആ അന്ധാളിപ്പില്‍ നിന്ന് അദ്ദേഹം ഇനിയും പുറത്തു കടന്നിട്ടില്ല. അതാണദ്ദേഹം കുലീനത, നൈര്‍മല്യം, മൂക്കുത്തി, മഞ്ജു വാര്യര്‍ എന്നൊക്കെ പറയുന്നത്. വിദ്യാ ബാലന്‍ രക്ഷപ്പെട്ടു മഞ്ജു വാര്യര്‍ പെട്ടു എന്നു പറയുന്നതാകും ശരി.

പ്രമുഖനടന്‍ കലാശാല ബാബു ഗുരുതരാവസ്ഥയില്‍. ഹൃദയാഘാതത്തെ തുടര്‍ന്നു കൊച്ചിയിലെ അമൃത ആശുപത്രിയിലാണ് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. അടിയന്തര സര്‍ജറിക്കു വിധേയനാക്കുന്നതിനിടയില്‍ സ്‌ട്രോക്ക് കൂടി വന്നതോടെ ഗുരുതരാവസ്ഥയിലാകുകയായിരുന്നു എന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു.
1977 ല്‍ പുറത്തിറങ്ങിയ ഇണയെ തേടി എന്ന ചിത്രത്തിലൂടെയാണു സിനിമ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്നു നിരവധി മികച്ച കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ എത്തിച്ചിരുന്നു.

ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന നിവിന്‍ പോളി ചിത്രം ഹേ ജൂഡിന്റെ അവസാനവട്ട ചിത്രീകരണങ്ങള്‍ പുരോഗമിക്കുകയാണ്. അതിനിടയില്‍ നിവിന്‍ പോളി ഒപ്പിച്ച ഒരു ചെറിയ കുസൃതിയുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

സംവിധായകന്‍ ശ്യാമപ്രസാദും, ഛായാഗ്രാഹകന്‍ ഗിരീഷ് ഗംഗാധരനും ചേര്‍ന്ന് ഷോട്ട് പ്ലാന്‍ ചെയ്യുന്നതിനിടയില്‍ മൊബൈലില്‍ മുഴുകിയിരിക്കുന്ന തൃഷയെ കാണാം. ഇതിനിടയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്ന കാസ്റ്റിംഗ് ഡയറക്ടറെ നിവിന്‍ അടുത്തേക്ക് വിളിക്കുന്നു. തൃഷ ചിരിക്കുന്നത് കണ്ടോ, അവര്‍ ബോയ് ഫ്രണ്ടിന് മെസേജ് ചെയ്യുകയാണെന്നും സ്വകാര്യമായി നിവിന്‍ വീഡിയോയില്‍ പറയുന്നു.

രണ്ടു വട്ടം ഇത് ആവര്‍ത്തിക്കുന്ന നിവിന്‍ പോളിയുടെ കുസൃതിയെ ചിരിച്ച് കൊണ്ട് തന്നെയാണ് തൃഷ നേരിട്ടത്. ദയവ് ചെയ്ത് വീഡിയോ ഫെയ്‌സ്ബുക്കില്‍ ഇടരുതെന്നും അവര്‍ അപേക്ഷിക്കുന്നുണ്ട്. എന്നാല്‍ ഇത് ഫെയ്‌സ്ബുക്ക് ലൈവാണെന്ന് പറഞ്ഞതോടെ എല്ലാവരും കൂട്ടത്തോടെ ചിരിച്ചു. ഐ ലവ് സ്‌മൈലിങ് എന്ന് പറഞ്ഞ് തൃഷ തലയൂരി.

രാജാവിന്റെ മകൻ എന്നൊക്കെ ആരാധകർ ഇപ്പോഴെ സ്നേഹത്തോടെ വിളിച്ചു തുടങ്ങിയെങ്കിലും ലാളിത്യമാണ് അപ്പുവിന്റെ മുഖമുദ്രയെന്ന് അടുത്തറിയുന്നവർ പറയും. ആദിയുടെ ഷൂട്ടിങ് കാഴ്ച്ചകളെപ്പറ്റി സംവിധായകൻ ജിത്തു ജോസഫ് മനസുതുറക്കുന്നു പ്രണവ് മോഹൻലാലിനെ കുറിച്ചും , ഷൂട്ടിങ്ങു് ഇടയിൽ നടന്ന അപകടത്തെ കുറിച്ചും ജിത്തു ജോസഫ് പറയുന്നു.  ഫ്രാൻസിൽ നിന്നുള്ള പ്രത്യേക സംഘമാണ് ഇത് അപ്പുവിനെ പരീശീലിപ്പിച്ചത്. മികച്ച രീതിയിൽ അപ്പു ഇത് അവതരിപ്പിക്കുകയും ചെയ്തു. സ്വന്തം സിനിമകളിൽ ഡ്യൂപ്പിനെ പരമാവധി ഒഴിവാക്കുന്നയാളാണ് മോഹൻലാൽ. എന്നാൽ ആദിയിൽ ഡ്യൂപ്പിനെ വയ്ക്കണം എന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ പ്രണവ് അതിനോട് യോജിച്ചിരുന്നില്ല. ഡ്യൂപ്പില്ലാതെ അഭിനയിക്കാനായിരുന്നു അപ്പുവിന് ആഗ്രഹം. ഫ്രാൻസിൽ നിന്നുള്ള സംഘത്തിനൊപ്പം ഒരു ഡ്യൂപ്പുമുണ്ടായിരുന്നു. പക്ഷേ ഒരൊറ്റ രംഗത്തിലൊഴികെ ബാക്കി എല്ലാ രംഗങ്ങളിലും അപ്പു ഡ്യൂപ്പില്ലാതെയാണ് അഭിനയിച്ചത്.വലിയ രണ്ടു ചാട്ടങ്ങൾ അപ്പു വളരെ തന്മയത്വത്തോടെ ചെയ്തു. ഡ്യൂപ്പിനെ ഉപയോഗിച്ചതു പോലും താരതമ്യേന എളുപ്പമുള്ള രംഗത്തിലായിരുന്നു. അപകടം പിടിച്ച രംഗങ്ങൾ അപ്പു അനായാസം കൈകാര്യം ചെയ്തു. അപ്പുവിന് അപകടം പറ്റി എന്നറിഞ്ഞപ്പോൾ ഞാനാകെ വല്ലാണ്ടായി. ഒരു ഗ്ലാസ് പൊട്ടിക്കുന്ന സീൻ എടുത്തപ്പോഴാണ് സംഭവം. ഷോട്ട് എടുത്തതിനു ശേഷം ഗ്ലൗസ് ഉൗരി നോക്കിയപ്പോൾ കൈ നന്നായി മുറിഞ്ഞിരുന്നു. ഞാൻ ആശുപത്രിയിൽ പോയി വരാമെന്നു പറഞ്ഞ് അപ്പു പോയി.പക്ഷേ ഞാൻ അപ്പോഴും ലാലേട്ടനോട് എന്തു പറയുമെന്ന ആശങ്കയിലായിരുന്നു. പിന്നീട് കുറച്ചു കഴിഞ്ഞാണ് നേരെ ചിന്തിക്കാനും പ്രവർത്തിക്കാനും പോലും സാധിച്ചത്. ഒരു ഓൺലൈൻ മാധ്യമത്തിനു കൊടുത്ത ഇന്റർവ്യൂവിലാണ് ജിത്തു ഇത് പറഞ്ഞത്.

സെക്‌സ് സീനുകളില്‍ പ്രത്യക്ഷപ്പെടുന്ന നടിമാരെക്കൊണ്ട് യഥാര്‍ത്ഥത്തില്‍ സെക്‌സിന് പ്രേരിപ്പിക്കാറുണ്ടായിരുന്നുവെന്ന ആരോപണം ഹോളിവുഡ് നടന്‍ ജയിംസ് ഫ്രാങ്കോയെ വിവാദത്തിലാക്കി. അഞ്ച് നായികമാരാണ് ജയിംസ് ഫ്രാങ്കോയ്‌ക്കെതിരെ രംഗത്തുവന്നിരിക്കുന്നത്. ഇതില്‍ വയലറ്റ് പാലെ എന്ന നടി ഫ്രാങ്കോയുമായി പ്രണയത്തിലായിരുന്നു. എങ്കിലും തന്നെക്കൊണ്ട് കാറില്‍വെച്ച് ഓറല്‍ സെക്‌സിന് പ്രേരിപ്പിച്ചുവെന്ന ആരോപണം അവരും ഉന്നയിച്ചിട്ടുണ്ട്.

ഫ്രാങ്കോയുടെ ആക്ടിങ് സ്‌കൂളായിരുന്ന സ്റ്റുഡിയോ ഫോറിലെ വിദ്യാര്‍ത്ഥിനികളാണ് ശേഷിച്ച നാലുപേരും. ഇപ്പോള്‍ ഈ പരിശീലനക്കളരി പ്രവര്‍ത്തിക്കുന്നില്ല. ആക്ടിങ് ക്ലാസുകള്‍ നടക്കുമ്പോള്‍, മേല്‍വസ്ത്രമിടാതെയും ചിലപ്പോള്‍ പൂര്‍ണ നഗ്നരായി ഇരിക്കാനും ഫ്രാങ്കോ ആവശ്യപ്പെടാറുണ്ടായിരുന്നുവെന്ന് ഇവര്‍ ആരോപിക്കുന്നു. 30കാരനായ ജയിംസ് ഫ്രാങ്കോ മികച്ച അഭിനയത്തിന് ഓസ്‌കര്‍ നോമിനേഷന്‍ ലഭിച്ചിട്ടുള്ളയാളാണ്. കഴിഞ്ഞയാഴ്ച മികച്ച അഭിനയത്തിന് അദ്ദേഹത്തിന് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം ലഭിച്ചിരുന്നു.

ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരത്തിന് പിന്നാലെയാണ് വയലറ്റ് പാലെയും സാറ ടിതര്‍ കപ്ലാന്‍ എന്ന നടിയും ഫ്രാങ്കോയ്‌ക്കെതിരെ രംഗത്തെത്തിയത്. ഹിലാരി ഡുസോം, നതാലി ചിമെല്‍ എന്നിവരാണ് പരാതി ഉന്നയിച്ച മറ്റ് നടിമാര്‍. എന്നാല്‍, തന്റെ അഭിഭാഷകനായ മൈക്കല്‍ പ്ലോണ്‍സ്‌കറിലൂടെ ഈ ആരോപണങ്ങളെല്ലാം ഫ്രാങ്കോ നിഷേധിച്ചു. എന്നാല്‍, ഫ്രാങ്കോ തങ്ങളെ വിളിച്ച് മാപ്പുചോദിച്ചുവെന്ന് സാറായും വയലറ്റും അവകാശപ്പെട്ടു.

ദ ലോങ് ഫോം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഫ്രാങ്കോ തന്നെക്കൊണ്ട് യഥാര്‍ഥ സെക്‌സുകളില്‍ ഏര്‍പ്പെടാന്‍ പ്രേരിപ്പിച്ചതെന്ന് സാറ ആരോപിക്കുന്നു. ആക്ടിങ് സ്‌കൂളിലെ സെക്‌സ് സീന്‍ ക്ലാസുകളില്‍ താന്‍ ടോപ്ലെസ് ആയി ഇരിക്കുന്ന വീഡിയോ തന്റെ അനുവാദമില്ലാതെ വിമിയോയില്‍ പോസ്റ്റ് ചെയ്‌തെന്നും അവര്‍ പറയുന്നു. ഫ്രാങ്കോ സംവിധാനം ചെയ്യുകയും നായകവേഷത്തില്‍ അഭിനയിക്കുകയും ചെയ്ത ചിത്രം തന്റെ കരിയറിലെ ബ്രേക്ക് ത്രൂവായതുകൊണ്ടാണ് താന്‍ ഫ്രാങ്കോ പറയുന്നതിനൊക്കെ വഴങ്ങിക്കൊടുത്തതെന്നും അവര്‍ പറയുന്നു. സെക്‌സ് സീനുകള്‍ ചെയ്യുമ്പോള്‍ ഉപയോഗിക്കാറുള്ള പ്ലാസ്റ്റിക് കവചം ഒഴിവാക്കി നേരിട്ട് ചെയ്യാന്‍ ഫ്രാങ്കോ പ്രേരിപ്പിച്ചിരുന്നതായാണ് സാറയുടെ ആരോപണം.

തങ്ങളുടെ നഗ്‌നത ആസ്വദിക്കുന്നതിനായി ഫ്രാങ്കോ 2012ല്‍ ഒരു സ്ട്രിപ്പ് ക്ലബ്ബില്‍ ഷൂട്ടിങ് ഏര്‍പ്പെടുത്തിയിരുന്നതായി ഹിലാരിയും നതാലിയും ആരോപിക്കുന്നു. അതുകൊണ്ടുതന്നെ 2012ല്‍ ഇവര്‍ രണ്ടുപോരും സ്റ്റുഡോ ഫോറുമായുള്ള ബന്ധം വിഛേദിച്ചു. ഫ്രാങ്കോയുടെ ആക്ടിങ് ക്ലാസുകള്‍ പലതും ദുരുദ്ദേശത്തോടെയുള്ളതായിരുന്നുവെന്നും ഇരുവരും പറയുന്നു. എന്നാല്‍, ഈ ആരോപണങ്ങളൊന്നും അടിസ്ഥാനമില്ലാത്തതാണെന്ന് ഫ്രാങ്കോയുടെ അഭിഭാഷകന്‍ പറഞ്ഞു.

മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാലിന്റെ പിറന്നാൾ ആശംസയാണ് സമൂഹമാധ്യമങ്ങളിൽ ചർച്ച. മലയാളത്തിൽ മാത്രമല്ല ബോളിവുഡിലും. അതെ സൂപ്പർതാരം ഹൃതിക് റോഷന് പിറന്നാൾ ആശംസകൾ നേർന്ന് മോഹൻലാൽ ട്വീറ്റ് ചെയ്തിരുന്നു.

ഹൃതിക് റോഷന് ട്വീറ്റിന് മറുപടിയായി ഇങ്ങനെ പറഞ്ഞു. ‘എന്നെ ഒരുപാട് സ്പർശിച്ചു, പിറന്നാൾ ആശംസകൾ നേരാൻ താങ്കൾ എടുത്ത പരിശ്രമത്തിന് ഒരുപാട് നന്ദി സാർ.’–ഹൃതിക് പറഞ്ഞു.

അപ്രതീക്ഷിതമായ ഈ പിറന്നാള്‍ ആശംസയ്ക്ക് പിന്നില്‍ വേറെ എന്തെങ്കിലും കാരണമുണ്ടോ എന്ന അന്വേഷണത്തിലാണ് ആരാധകർ‍. മോഹൻലാൽ ഭീമനാകുന്ന മഹാഭാരതത്തില്‍ ഹൃതിക് റോഷനുണ്ട് എന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. അത് സത്യമാകണേ എന്ന ആഗ്രഹത്തിലാണ് സിനിമാലോകം.

പൊലീസ് ഓഫീസറായി, വില്ലത്തിയായി, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് പോലുള്ള ചിത്രങ്ങളിലെ ശക്തയായ സ്ത്രീ പ്രതിനിധിയായി ലെന തന്നേക്കാള്‍ മുതിര്‍ന്ന നടന്മാരുടെ അമ്മയായി, കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ കത്തിക്കയറുകയാണ്. ഇപ്പോള്‍ മുടി വെട്ടി ചെറുതാക്കി കൂടുതല്‍ മെലിഞ്ഞ് ഞെട്ടിക്കുന്ന മെയ്‌ക്കോവറുമായാണ് ലെന പ്രത്യക്ഷപ്പെടുന്നത്. ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍ എന്ന ലേബല്‍ ഈ നടിക്ക് ചേരുമെന്നതിന് തര്‍ക്കമില്ല. മലയാളവും കടന്ന് ബോളിവുഡിലും എത്തിനില്‍ക്കുന്ന നടി തന്റെ പുതിയ മെയ്‌ക്കോവറിനെക്കുറിച്ച് മനസ്സ് തുറന്നു.

കുറച്ച് കാലങ്ങളായുള്ള വലിയ ആഗ്രഹമായിരുന്നു ഭാരം കുറയ്ക്കണമെന്നുള്ളത്. പക്ഷേ നേരത്തേ ആസൂത്രണം ചെയ്തതല്ല. കൊച്ചിയില്‍ ആകൃതി തുടങ്ങിയപ്പോള്‍ കുറച്ച് കൂടി കാര്യങ്ങള്‍ എളുപ്പമായി. മെലിഞ്ഞപ്പോള്‍ എല്ലാ വേഷവും ചേരും. പണ്ടെനിക്ക് ചുരിദാറും സല്‍വാര്‍ കമ്മീസും മാത്രമേ ചേരൂ. ഭാരം കുറച്ചപ്പോള്‍ മുടി വെട്ടണമെന്ന് തോന്നി. പി.ജി.ക്കൊക്കെ പടിക്കുമ്പോള്‍ എനിക്ക് ഷോര്‍ട് ഹെയര്‍ ആയിരുന്നു. ഭയങ്കര സ്വാതന്ത്രമാണ് ഇത് നല്‍കുന്നത്. പല ചിത്രങ്ങള്‍ക്കും വേണ്ടി മുടിയില്‍ ഒരുപാട് പരീക്ഷണങ്ങള്‍ നടത്തിയിരുന്നു. കെമികല്‍സിന്റെ ഉപയോഗം മുടിയെ ശരിക്കും നശിപ്പിച്ചു. അപ്പൊ തോന്നി ഇനി ഫ്രഷ് ആയി വളര്‍ത്തി തുടങ്ങാമെന്ന്. ഇപ്പോള്‍ കുളിയ്ക്കാനൊക്കെ എളുപ്പമാണ്.നല്ല സ്വാതന്ത്ര്യം തോന്നുന്നുണ്ട് ഇപ്പോള്‍.

ഗെറ്റപ്പിലെ മാറ്റങ്ങള്‍ ദേഹത്തെ ടാറ്റൂസ് ഇതൊന്നും ഇപ്പോള്‍ സജീവമായിക്കൊണ്ടിരിക്കുന്ന ഫ്രീഡം മൂവ്‌മെന്റുകളുമായി ഒരു ബന്ധവുമില്ല. അങ്ങനൊരു സംഭവം എന്താണെന്ന് എനിക്കറിയില്ല. ഇടത് കയ്യിലെ മുകളിലെ ടാറ്റു ഇരുപത് കൊല്ലം മുന്‍പ് ചെയ്തതാണ്.

ഞാന്‍ ‘നന്നായി ഭക്ഷണം കഴിക്കില്ല’ എന്നാല്‍ ‘ഭക്ഷണം നന്നായി കഴിക്കും’. അതായത് അളവില്‍ അല്ല കഴിക്കുന്ന ഭക്ഷണത്തിന്റെ ക്വാളിറ്റിയില്‍ ആണ് കാര്യമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. സിനിമയ്ക്കായി ഒരുപാടു യാത്രകള്‍ ചെയ്തിട്ടുണ്ട്. എവിടെ പോയാലും കാര്യമാണ് അവിടുത്തെ ഭക്ഷണം ട്രൈ ചെയ്യുക എന്നത് എന്റെ അജണ്ടയിലുള്ള കാര്യമാണ്. ആദം ജോണിന്റെ ഭാഗമായി സ്‌കോട്‌ലന്‍ഡില്‍ പോയപ്പോള്‍ അവിടുത്തെ ലോക്കല്‍ ഭക്ഷണങ്ങള്‍ തേടിപ്പിടിച്ച് രുചിച്ച് നോക്കിയിരുന്നു. എനിക്ക് കുക്കിങില്‍ വലിയ താല്പര്യമില്ല. അതുകൊണ്ട് തന്നെ പാളിപ്പോയ പരീക്ഷണങ്ങളും അധികമില്ല.

ഓമനത്തിങ്കല്‍ പക്ഷിയില്‍ ഒരു കൊച്ചു കുഞ്ഞിന്റെ അമ്മയായിരുന്നു. ഇപ്പോള്‍ എനിക്ക് വലിയ മക്കളാണ്. പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍ ഇനി ഒരു പുതിയ മകന്‍ വരുന്നുണ്ട് ജനുവരിയില്‍. പ്രണവ് മോഹന്‍ലാല്‍. അമ്മ വേഷം ചെയ്യുന്നതില്‍ എനിക്ക് ദു:ഖമൊന്നുമില്ല. ഞാന്‍ കഥാപാത്രത്തെ മാത്രമേ നോക്കാറുള്ളൂ. വ്യത്യസ്ത വേഷങ്ങളാണ് ഇഷ്ടം.

കൊച്ചി: കണ്ണുരിന്റെ രാഷ്ട്രീയം പ്രമേയമാക്കി ബി.അജിത് കുമാര്‍ സംവിധാനം നിര്‍വ്വഹിച്ച ഈട കോടിയേരി ബാലകൃഷ്ണനും കുമ്മനം രാജശേഖരനും ഒരുമിച്ചിരുന്ന് കാണേണ്ട സിനിമയാണെന്ന് പി.സി.വിഷ്ണുനാഥ്. ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കണ്ണൂരിന്റെ മണ്ണിനെ രക്തപങ്കിലമാക്കിയ സിപിഎമ്മിനെയും സംഘപരിവാറിനെയും ഒരുപോലെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നു ഇതിവൃത്തമാണ് ഈട കൈകാര്യം ചെയ്യുന്നതെന്ന് പി.സി. വിഷ്ണു നാഥ് പറയുന്നു.

ഈട പ്രസരിപ്പിക്കുന്ന രാഷ്ട്രീയ ചിന്തയില്‍, മേല്‍ സൂചിപ്പിച്ച ഇരുപക്ഷത്തെയും കറുത്ത ഹാസ്യത്തോടെയാണ് സിനിമ സമീപിക്കുന്നത്. പകയുടെ കനലാട്ടത്തില്‍ രാഷ്ട്രീയ തെയ്യങ്ങള്‍ ആടിത്തിമര്‍ക്കുന്നതും ആര്‍ത്തലയ്ക്കുന്നതും ഞെട്ടലോടെ മാത്രമേ പ്രേക്ഷകന് കണ്ടിരിക്കാന്‍ സാധിക്കുകയുള്ളൂന്നുവെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു.

കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തെക്കുറിച്ച് ഒരു സിനിമ എടുക്കുമ്പോള്‍ സംഘപരിവാറും സിപിഎമ്മും മാത്രം രണ്ടു ഭാഗങ്ങളിലായി അതില്‍ കടന്നുവരുന്നത് നാം കാണാതെ പോകരുതെന്നും രാഷ്ട്രീയവും ജീവിതവും ഇഴനെയ്തു കിടക്കുന്ന ഒരു ഭൂമികയില്‍ അവര്‍ രണ്ടുകൂട്ടരുമാണ് പ്രശ്നങ്ങള്‍ക്ക് മൂലകാരണമെന്ന് ചിത്രവും ചരിത്രവും ഉറക്കെ വിളിച്ചു പറയുന്നതായി വിഷ്ണുനാഥ് പറയുന്നു.

പി.സി.വിഷ്ണുനാഥ് ഫേസ്ബുക്കിലെഴുതിയ എഴുതിയ കുറിപ്പ് പൂര്‍ണരൂപം

ചങ്കില്‍ തറയ്ക്കുന്ന ഒരു പ്രണയവും അതിന്റെ പരിണാമഗതിയില്‍ പൊള്ളിക്കുന്ന രാഷ്ട്രീയത്തിന്റെ കനല്‍പ്പാടുകളും. ഈട എന്ന ബി. അജിത്കുമാര്‍ ചിത്രം പങ്കുവയ്ക്കുന്ന രാഷ്ട്രീയം കണ്ണൂരിന്റെ മണ്ണിനെ രക്തപങ്കിലമാക്കിയ സിപിഎമ്മിനെയും സംഘപരിവാറിനെയും ഒരുപോലെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നു. ഈട പ്രസരിപ്പിക്കുന്ന രാഷ്ട്രീയ ചിന്തയില്‍, മേല്‍ സൂചിപ്പിച്ച ഇരുപക്ഷത്തെയും കറുത്ത ഹാസ്യത്തോടെയാണ് സമീപിക്കുന്നത്.

കൊലപാതകവും അതിനുവേണ്ടിയുള്ള ആസൂത്രണവും അത് സാധാരണക്കാരന്റെ കാല്‍പനിക സങ്കല്‍പങ്ങള്‍ക്കു മേല്‍ എപ്രകാരം കരിമേഘമായി പടരുന്നുവെന്ന് സിനിമ പറയുന്നു. പകയുടെ കനലാട്ടത്തില്‍ രാഷ്ട്രീയ തെയ്യങ്ങള്‍ ആടിത്തിമര്‍ക്കുന്നതും ആര്‍ത്തലയ്ക്കുന്നതും ഞെട്ടലോടെ മാത്രമേ പ്രേക്ഷകന് കണ്ടിരിക്കാന്‍ സാധിക്കുകയുള്ളൂ.

കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തെക്കുറിച്ച് ഒരു സിനിമ എടുക്കുമ്പോള്‍ സംഘപരിവാറും സിപിഎമ്മും മാത്രം രണ്ടു ഭാഗങ്ങളിലായി അതില്‍ കടന്നുവരുന്നത് നാം കാണാതെ പോകരുത്. രാഷ്ട്രീയവും ജീവിതവും ഇഴനെയ്തു കിടക്കുന്ന ഒരു ഭൂമികയില്‍ അവര്‍ രണ്ടുകൂട്ടരുമാണ് പ്രശ്നങ്ങള്‍ക്ക് മൂലകാരണമെന്ന് ചിത്രവും ചരിത്രവും ഉറക്കെ വിളിച്ചു പറയുന്നു. അസഹിഷ്ണുതയുടെ പെരുമ്പറകളാണ് ഓരോ നെഞ്ചിലും മുഴങ്ങുന്നത്.

കൂത്തുപറമ്പില്‍ ജീവച്ഛവമായി കിടക്കുന്ന പുഷ്പനെ മുതല്‍ പാര്‍ട്ടിയുടെ സംസ്ഥാന നേതാക്കളെ വരെ ഈടയില്‍ കാണാം. ‘ഇലക്ഷന്‍ കാലത്തു മാത്രം ചില നേതാക്കള്‍ വന്നുപോകാറുണ്ട്’ എന്ന് ജീവിക്കുന്ന രക്തസാക്ഷിയായി വീല്‍ചെറയില്‍ കഴിയുന്ന കഥാപാത്രം പറയുന്ന ഡയലോഗ് സിപിഎമ്മിനുള്ള കുറ്റപത്രമാണ്. പുഷ്പനെ കൂത്തുപറമ്പ് രക്തസാക്ഷിത്വ ദിനത്തിലും നോമിനേഷന്‍ കൊടുക്കുമ്പോഴും മാത്രം ഓര്‍ക്കുകയും അധികാരത്തിന്റെ ശീതളച്ഛായയില്‍ സ്വാശ്രയ കച്ചവടക്കാര്‍ക്ക് കുടപിടിക്കുകയും ചെയ്യുന്ന നേതൃത്വത്തിനെതിരായ കൂരമ്പ്.
ജയകൃഷ്ണന്‍ മാസ്റ്റര്‍ സ്‌കൂളില്‍ വെട്ടേറ്റു വീണ സംഭവത്തെ ദ്യോതിപ്പിച്ച് സ്‌കൂള്‍ കുട്ടിയായ തന്റെ മുമ്പില്‍ അധ്യാപകന്‍ വെട്ടേറ്റുവീണ ഓര്‍മ്മ അയവിറക്കുന്നുണ്ട് നായിക. അവളെ സംബന്ധിച്ച് കണ്ണൂര്‍ എന്നാല്‍ ജീവിക്കാന്‍ പറ്റാത്ത ഊരാണ്! അവളുടെ അച്ഛന്‍ പക്ഷെ, കമ്മ്യൂണിസ്റ്റാണെങ്കിലും വരട്ടുവാദ പ്രത്യയശാസ്ത്രത്തിന്റെ കഠാരി മുനകൊണ്ട് എതിരാളിയെ തീര്‍ക്കണമെന്ന് വിശ്വസിക്കുന്നയാളല്ല. മകള്‍ വിരുദ്ധചേരിയിലെ ഒരാളെ പ്രണയിക്കുമ്പോള്‍ അദ്ദേഹം വായിക്കുന്നത് മേരി ഗബ്രിയേല്‍ എഴുതിയ ‘പ്രണയവും മൂലധനവും’ എന്ന പുസ്തകമാണ്.

കോളിളക്കമുണ്ടാക്കിയ തലശ്ശേരിയിലെ മുഹമ്മദ് ഫസല്‍ വധത്തിനെ അനുസ്മരിപ്പിക്കും വിധത്തില്‍ എതിരാളിയെ വളഞ്ഞിട്ട് പിടിച്ച് ഗ്രൂപ്പ് സെല്‍ഫി എടുത്ത ശേഷം നേതാവിനെ വിളിച്ച് പറഞ്ഞാണ് അക്രമികള്‍ ആനന്ദിനെ കൊല്ലാന്‍ ശ്രമിക്കുന്നത്. കമ്മ്യൂണിസ്റ്റ് നേതാവ് ദിനേശനെ സംഘപരിവാറുകാര്‍ വെട്ടിക്കൊല്ലുന്നതാവട്ടെ പ്രാകൃതമായ രീതിയിലും. ബോംബെറിഞ്ഞു വീഴ്ത്തിയ ശേഷം വെട്ടിവെട്ടി തുണ്ടമാക്കാനുള്ള ചോദന സിപിഎമ്മിനു മാത്രമല്ല ആര്‍എസ്എസിനുമുണ്ടെന്ന് ചിത്രം വെളിവാക്കുന്നു.

കണ്ണൂരിലെ ബോംബ് രാഷ്ട്രീയത്തിന് കാരണക്കാരായ നേതാക്കള്‍, തിരിച്ചടിക്കുള്ള അവരുടെ ആഹ്വാനം, രക്തസാക്ഷികളുടെ ചോരയില്‍ കൈമുക്കി വീര്യം പ്രകടിപ്പിക്കുന്ന പാര്‍ട്ടി യോഗങ്ങള്‍, വിവാഹം പോലും പാര്‍ട്ടി തീരുമാനിക്കുമെന്ന തിട്ടൂരമിറക്കുന്ന പാര്‍ട്ടി കുടുംബങ്ങള്‍, പരിഹസിക്കപ്പെടുന്ന ഗോമൂത്രവും വിചാരധാരയും സംഘപരിവാര്‍ ചിഹ്നങ്ങള്‍, പാര്‍ട്ടിക്കുവേണ്ടി ജയിലില്‍ പോകാനുള്ള സംഘപരിവാര്‍ കാര്യദര്‍ശിയുടെ നിര്‍ദ്ദേശം അഭിമാനത്തോടെ അനുസരിക്കുന്ന പ്രവര്‍ത്തകന്‍ അങ്ങനെ എത്രയോ രാഷ്ട്രീയ ബിംബങ്ങള്‍ ചിത്രത്തില്‍ നിന്ന് കണ്ടെടുക്കാം.

കമ്മ്യൂണിസ്റ്റ് കുടുംബമായിട്ടും വിവാഹ തീയതി കുറിക്കാന്‍ പരപ്പനങ്ങാടിയിലെ ജോത്സ്യനെ കാണാന്‍ പോകുന്ന ടീച്ചര്‍, ശത്രുസംഹാര പൂജയും വഴിപാടും നടത്തുന്ന വര്‍ത്തമാനകാല നേതാക്കളെ ദയയില്ലാതെ അഭിസംബോധന ചെയ്യുന്നു. സവര്‍ക്കറുടെയും ഗോള്‍വാള്‍ക്കറുടെയും പുസ്തകം കൈയില്‍വച്ചാണ് സംഘപരിവാര്‍ അക്രമകാരികള്‍ ഒളിസങ്കേതത്തില്‍ വാളുമിനുക്കുന്നത്. ദണ്ഡും വാളും വീശി സംഘപരിവാറിന്റെ വളര്‍ച്ച ഇവിടെയെത്തിയെന്ന് അടയാളപ്പെടുത്തുമ്പോള്‍ ചുമരില്‍ മോദിയുടെ പടം വയ്ക്കാന്‍ മറന്നില്ല. അഥവാ ആസുരതയുടെ മോദി കാലത്തെ വ്യംഗ്യമായി സൂചിപ്പിക്കുന്നു ചിത്രം.

സൂപ്പര്‍ താരങ്ങളുടെയടക്കം ഫാന്‍സ് അസോസിയേഷനുകള്‍ കൂറ്റന്‍ കട്ടൗട്ടുകളില്‍ പാലഭിഷേകം നടത്തുന്നതിനെയും മറ്റും വിമര്‍ശിക്കുന്ന യുവജന സംഘടനകളും പാര്‍ട്ടികളും നേതാക്കള്‍ വെട്ടാനും കൊല്ലാനും പറയുമ്പോള്‍ ഫാന്‍സ് അസോസിയേഷനെ വെല്ലുന്ന വിധത്തില്‍ ചിന്താശേഷിയില്ലാത്ത അടിമപ്പറ്റമാകുന്നതിന്റെ നേര്‍ക്കാഴ്ചയാണ് ചിത്രത്തില്‍. ഇത്തരം പ്രജ്ഞാശേഷി മരവിച്ച അണികളെ സംഭാവന ചെയ്യുന്ന കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളാണ് കേരളത്തിന്റെ ശാപങ്ങളില്‍ ഒന്ന്.

പരസ്പരം ഇഷ്ടപ്പെടുന്ന അമ്മുവിനും ആനന്ദിനും കണ്ണൂരിനു പുറത്തുമാത്രം ലഭിക്കുന്ന സ്വാതന്ത്ര്യമാണ് സംവിധായകന്‍ കാണിക്കുന്നത്. അത് കണ്ണൂരിന് പൊതുവേ അപമാനകരമായ കാഴ്ചയാണ്. ആ കാഴ്ചയിലേക്ക് എത്തിച്ചതാവട്ടെ സംഘപരിവാറും സിപിഎമ്മുമാണ്.

റോമിയോ ജൂലിയറ്റ് പഠിച്ച സാഹിത്യ വിദ്യാര്‍ഥിയാണ് ഈടയുടെ സംവിധായകന്‍. കാല്‍പനികതയുടെ നിലാവൊളി ചിത്രത്തില്‍ ആദ്യാവസാനം അദ്ദേഹം കാത്തുസൂക്ഷിക്കുന്നു. രാഷ്ട്രീയം മാത്രം പറഞ്ഞ് വിരസമാക്കാനോ പ്രണയം മാത്രം പറഞ്ഞ് പൈങ്കിളി വത്കരിക്കാനോ തയാറാവാതെ റിയലിസ്റ്റികായ ജീവിതചിത്രത്തെയാണ് ഈട വരച്ചിടുന്നത്. ഷെയിന്‍ നിഗവും നിമിഷ സജയനും കേന്ദ്രകഥാപാത്രങ്ങളെ മനോഹരമാക്കിയ ചിത്രത്തില്‍ കവി അന്‍വര്‍ അലിയുടെ വരികളും ഹൃദയസ്പര്‍ശിയാണ്. തീര്‍ച്ചയായും കോടിയേരി ബാലകൃഷ്ണനും കുമ്മനം രാജശേഖരനും ഒരുമിച്ചിരുന്ന് കാണേണ്ട ചിത്രമാണ് ഈട

കൊച്ചി: പ്രേതബാധയുളള വീട്ടിലെ ഷൂട്ടിംഗ് അനുഭവങ്ങള്‍ പങ്കുവെച്ച് പ്രമുഖ നടി ലെന. പൃഥ്വിരാജ് ചിത്രം ആദം ജോണിലെ ഷൂട്ടിംഗിനായി തെരെഞ്ഞടുത്ത ബംഗ്ലാവ് യഥാര്‍ഥത്തില്‍ പ്രേതബാധയുള്ള വീടായി തോന്നിയെന്നാണ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നടി വെളിപ്പെടുത്തിയത്. സ്‌കോട്ട്‌ലന്‍ഡിലെ ബംഗ്ലാവായിരുന്നു ആദം ജോണിന്റെ ഷൂട്ടിംഗിനായി തെരെഞ്ഞെടുത്തത്.

പലപ്പോഴും അവിടെ പലരും നടക്കുന്നതായിട്ടും ലൈറ്റുകള്‍ തനിയെ കത്തുന്നതായിട്ടും കണ്ടിട്ടുണ്ടെന്ന് ബംഗ്ലാവിന്റെ ഉടമസ്ഥന്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നതായി ലെന പറയുന്നു. നിലവറയ്ക്കുള്ളില്‍ ഒറ്റയ്ക്കിരിക്കുന്ന സീനുകളിലൊക്കെ കുറച്ച് നേരം ഒരു പേടി എന്നെ പിടികൂടിയിരുന്നു. ഒരു തണുപ്പൊക്കെ അനുഭവപ്പെടുന്ന പോലെ തോന്നിയിരുന്നതായും ലെന പറയുന്നു.

ഒരുപക്ഷേ ഒറ്റയ്ക്ക് ആ നിലവറയ്ക്കുള്ളിലിരിക്കാന്‍ പറഞ്ഞാല്‍ ഞാന്‍ ചെയ്യില്ല. അഭിനയിക്കുമ്പോള്‍ കാര്യങ്ങള്‍ വ്യത്യസ്തമാണ് ഒരു ധൈര്യമൊക്കെ തോന്നും ലെന പറയുന്നു. ഞാന്‍ ഒരു റിസ്‌ക് ടേക്കര്‍ അല്ല. യാത്ര ചെയ്യുമ്പോഴൊക്കെ നമ്മളെ കാത്ത് സൂക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. വിദേശ രാജ്യങ്ങളില്‍ പോകുമ്പോള്‍ അക്കാര്യത്തില്‍ ഞാന്‍ വളരെ കോണ്‍ഷ്യസ് ആണ്. അറിയാത്ത സ്ഥലത്ത് പോയി കറങ്ങി നടന്ന് അപകടം ക്ഷണിച്ച് വരുത്തില്ലെന്നും അഭിമുഖത്തില്‍ ലെന കൂട്ടിച്ചേര്‍ത്തു.

RECENT POSTS
Copyright © . All rights reserved