മോഹന്‍ലാലിന്റെ ആരാധികമാരെ എണ്ണിയാല്‍ ഒടുങ്ങില്ല. മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹിക്കാത്ത നായികമാരും ഉണ്ടാകില്ല. ജയറാമിന്റെ പുതിയ ചിത്രമായ അച്ചായന്‍സിന്റെ ഓഡിയോ ലോഞ്ചിങ്ങിനിടെയായിരുന്നു അതു സംഭവിച്ചത്. ജയറാമും ചിത്രത്തിലെ നായികമാരും വേദിയില്‍ ഉണ്ടായിരുന്നു. പരിപാടിക്ക് അതിഥിയായി എത്തിയത് മോഹന്‍ലാലയിരുന്നു. ആ സമയം പരിപാടിയുടെ അവതാരകയായ പേളി മാണിക്ക് ഒരു ആഗ്രഹം. അച്ചായന്‍സിലെ നായികമാര്‍ എല്ലാവരും ചേര്‍ന്ന് മോഹന്‍ലാലിന് ഒരു ഉമ്മ കൊടുക്കണം.
പേളി തന്റെ ആഗ്രഹം തുറന്നു പറഞ്ഞു അതോടെ നായികമാര്‍ എല്ലാവരും മോഹന്‍ലാലിനു ഉമ്മ കൊടുക്കാന്‍ റെഡിയായി വേദിയില്‍ എത്തി. മോഹന്‍ലാലാകട്ടെ ചിരിച്ചു കൊണ്ടു നില്‍ക്കുകയാണ്. അല്‍പ്പം നാണത്തോടെ നിന്ന മോഹന്‍ലാലിനോടു പേളിയറിയിച്ചു പേടിക്കേണ്ട ലാലേട്ടാ ഫ്‌ളൈയിംഗ് കിസാണ് എന്ന്്. മോഹന്‍ലാലിനേ നോക്കി നായികമാര്‍ ഒരേ സ്വരത്തില്‍ പറഞ്ഞു ഉമ്മ… വേദിയില്‍ ഉണ്ടായിരുന്ന ജയറാം ഉടനെ പതിവു ശൈലിയില്‍ നായികകമാര്‍ക്കു മുന്നറിയിപ്പും നല്‍കി, ആരോടാണു മക്കളെ കളിക്കുന്നതെന്ന് ഇവര്‍ക്ക് അറിഞ്ഞു കൂടയെന്ന്. എന്തായാലും സംഭവം പൊട്ടിച്ചിരിക്കുള്ള അവസരമായി.
അങ്ങനെ കറുത്തമുത്തു സീരിയലിനു മറ്റൊരു ട്വിസ്റ്റ് കൂടി .മറ്റൊന്നും അല്ല നായകന്‍ ഡോക്ടര്‍ ബാലചന്ദ്രന്‍ സീരിയലില്‍ നിന്നും പിന്മാറി . പ്രതിഫലം കൂട്ടിചോദിച്ചത് കൊണ്ടാണ് ബാലചന്ദ്രനെ അവതരിപ്പിക്കുന്ന കിഷോര്‍ സത്യ പിന്മാറുന്നത് എന്നും ചിലര്‍ പറയുന്നുണ്ട് .എന്നാല്‍ കറുത്തമുത്ത് എന്ന മെഗാപരമ്പരയിലെ തന്റെ പിന്മാറ്റത്തെക്കുറിച്ച് കിഷോര്‍ പറയുന്നതു ഇങ്ങനെ :
കറുത്തമുത്ത് എന്ന മെഗാ പരമ്പരയിൽ നിന്ന് താൻ പടിയിറങ്ങുകയാണ് എന്ന് കിഷോർ തന്റെ ഫെയ്സ് ബുക്ക് പേജിലൂടെ അറിയിച്ചിരുന്നു. ഈ വാർത്ത പുറത്തുവന്ന ശേഷം കിഷോർ പ്രതിഫലം കൂട്ടി ചോദിച്ചുവെന്നും നിർമാതാവുമായി പിണങ്ങിയെന്നും വരെ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ എന്താണ് കാര്യം എന്നറിയാനായി നിരവധി ആരാധകർ കിഷോറിനെ വിളിച്ചിരിക്കുകയാണ്. സ്വാഭാവികമായ പിന്മാറ്റം മാത്രമാണിതെന്നാണ് കിഷോറിന്റെ പ്രതികരണം.
‘‘കറുത്തമുത്തിൽ കഴിഞ്ഞ രണ്ടര വർഷമായി ഞാൻ ഡോക്ടർ ബാലചന്ദ്രൻ എന്ന കഥാപാത്രമായി അഭിനയിച്ചു. കഥ പറഞ്ഞ് പോയതും ഇത് വരെ ഡോ. ബാലചന്ദ്രന്റെയും ഭരാ്യ കാർത്തികയുടെയും മകളുടെയും കഥയായിരുന്നു. എന്നാൽ കഥാഗതി മാറുകയാണ്. സീരിയലിന്റെ സ്വാഭാവികമായ പരിണാമത്തിൽ പല കഥാപാത്രങ്ങൾക്കും മാറി നിൽക്കേണ്ടി വരും. റേറ്റിങ്ങിൽ കറുത്തമുത്ത് ഏറെ മുന്നിലാണ് എന്നത് കൊണ്ട് തന്നെ മറ്റൊരു കഥാസന്ദർഭത്തിലൂടെ സീരിയൽ പുരോഗമിക്കും. അതിൽ എനിക്ക് റോളില്ല അത് കൊണ്ട് തന്നെയാണ് പടിയിറക്കം.
പെൺകുട്ടികൾക്കാണെങ്കിൽ അവരുടെ വിവാഹം കുടുംബ ജീവിതം ഒക്കെയായി മറി നിൽക്കേണ്ടി വരും. ഇതൊക്കെ സർവസാധാരണമാണ്. ഒരു സീരിയലിൽ നിന്ന് ഏതെങ്കിലും കഥാപാത്രം മാറുമ്പോൾ അതിന് മറ്റു പല വ്യാഖ്യാനങ്ങളും ദയവു ചെയ്ത് നടത്തരുത്. സിനിമയിൽ ഒരു കഥാപാത്രത്തിന്റെ റോൾ കഴിയുകയോ മരണപ്പെടുകയോ ചെയ്യുന്നതു പോലെയാണ് ഇതും.സീരിയലിന്റെ കഥ സ്നേഹിച്ച് ഞാൻ ചെയ്ത കഥപാത്രത്തെ ഇപ്പോഴും ഇഷ്ടപ്പെടുന്ന പ്രേക്ഷകർക്കെല്ലാം നന്ദി’’ കിഷോർ സത്യ പറയുന്നു.
അഹങ്കാരവും തലക്കനവും കാരണം ‘ചന്ദനമഴ’ സീരിയലില്‍ നിന്ന് മേഘ്ന വിന്‍സെന്റിനെ പുറത്താക്കിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സീരിയല്‍ സെറ്റിലെ നടിയുടെ അഹങ്കാരത്തോടെയുള്ള പെരുമാറ്റം അസഹ്യമായതോടെയാണ് നായികയെ ഒഴിവാക്കാന്‍ സീരിയലിന്റെ അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചതെന്നായിരുന്നു വാര്‍ത്തകള്‍. സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചാവിഷയമായ സംഭവത്തെപ്പറ്റി പ്രതികരിച്ച് മേഘ്ന രംഗത്ത് എത്തി .
‘സീരിയലില്‍ നിന്ന് എന്നെ ആരും പുറത്താക്കിയിട്ടില്ല. ചോദിച്ചപ്പോള്‍ ആവശ്യത്തിന് അവധി കിട്ടിയില്ല. പിന്നെ വിവാഹ തിരക്കുകള്‍ മാറ്റിവയ്ക്കാനും കഴിയില്ലായിരുന്നു. അതുകൊണ്ട് സീരിയലില്‍ നിന്നും ഞാന്‍ സ്വമേധയാ ഒഴിവായതാണ്. ഈ മാസം 30 നാണ് വിവാഹം. അതിന്റേതായ കുറേ തിരക്കുകളുണ്ട്. ഇപ്പോള്‍ ചെറിയൊരു ബ്രേക്ക് ആവശ്യമാണ്. മൂന്നു മാസത്തിനു ശേഷം ഞാന്‍ വീണ്ടും അഭിനയ രംഗത്തേക്ക് തിരിച്ചെത്തും. പുതിയ പ്രോജക്റ്റില്‍ ഒപ്പുവച്ചിട്ടുണ്ട്. ഇപ്പോള്‍ പുറത്തുവരുന്ന അപവാദങ്ങളെ കുറിച്ച് ഒന്നും പറയാനില്ല. എന്തെങ്കിലും ഒരു വിഷയം കിട്ടിയാല്‍ സോഷ്യല്‍ മീഡിയയിലൂടെ ഇത്തരം നുണപ്രചാരണം നടത്തുന്നത് സ്വാഭാവികമല്ലേ.’ അമൃതയായി തിളങ്ങിയ മേഘ്ന വിന്‍സന്റ് പറയുന്നു.
കുഞ്ചാക്കോ ബോബന്‍ എന്നും മലയാളത്തിലെ റൊമാന്റിക്ക് ഹീറോ തന്നെയാണ്. എന്നാല്‍ അടുത്ത കാലത്തായി ചാക്കോച്ചന്‍ തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങള്‍ ഒന്നിനൊന്നു വ്യത്യസ്തമായിരുന്നു. പല പ്രമുഖനടിമാരും അഭിനയ ജീവിതം തുടങ്ങിയതു ചാക്കോച്ചന്റെ കൂടെയാണ്. അസിനും സ്‌നേഹയുമൊക്കെ അവരുടെ അഭിനയ ജീവിതം തുടങ്ങിയത് ചാക്കോച്ചനൊപ്പമായിരുന്നു. എന്നാല്‍ ഇവരാരുമല്ല തന്നെ ശരിക്കും അത്ഭുതപ്പെടുത്തിയ നടിയെന്നു ചാക്കോച്ചന്‍ പറയുന്നു. ഒരു വാരികയ്ക്കു നല്‍കിയ അഭിമുഖത്തിലാണു ചാക്കോച്ചന്‍ ഇക്കാര്യം പറഞ്ഞത്.
പല നടിമാരും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. അസിന്‍ ആദ്യ സിനിമ എന്റെയൊപ്പമാണ് ചെയ്തത്. അതു പോലെ സ്‌നേഹ. അവരൊക്കെ ഇപ്പോള്‍ തമിഴിലെ മികച്ച നടിമാരാണ്. അതില്‍ എന്നെ ശരിക്കും അത്ഭുതപ്പെടുത്തിയത് പാര്‍വ്വതി രതീഷാണ്. പഴയ നടന്‍ രതീഷിന്റെ മകള്‍. മധുരനാരങ്ങ എന്ന സിനിമയില്‍ എന്റെ നായികയായിരുന്നു പാര്‍വ്വതി. അതില്‍ വളരെ വ്യത്യസ്ത വേഷമാണ് അവര്‍ ചെയ്തത്. ഒരു പ്രസവ സീന്‍ അതിലുണ്ട്. അത് എത്ര റിയലിസ്റ്റിക്കായാണ് അവര്‍ ചെയ്തത്. ഇരുപത്തിമൂന്നോ ഇരുപത്തിനാലോ വയസ്സുള്ള കുട്ടിയാണ് പാര്‍വ്വതി. പക്ഷേ അവള്‍ക്ക് കിട്ടിയ കഥാപാത്രം ഇത്രയും പക്വമായി കൈകാര്യം ചെയ്തപ്പോള്‍ അത്ഭുതം തോന്നി എന്നാണ് കുഞ്ചാക്കോ ബോബന്‍ പറയുന്നത് .
മോഹന്‍ലാലിനെ നായകനാക്കി ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബ ജറ്റ് ചിത്രം വില്ലന്റെ ടീസര്‍ പുറത്തിറങ്ങി. ഫോര്‍ കെയിലും ടുകെയിലുമാണ് ടീസര്‍ എത്തിയിരിക്കുന്നത്. 8 കെ റെസല്യൂഷനിലാണ് ചിത്രം ഒരുങ്ങുന്നത്. ഒരു സിനിമ പൂര്‍ണമായും 8 കെ റെസല്യൂഷനില്‍ ചിത്രീകരിക്കുന്നത് ഇന്ത്യയില്‍ ഇതാദ്യമാകും. വിണ്ണൈ താണ്ടി വരുവായാ, നന്‍പന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച മനോജ് പരമഹംസയാണ് ഛായാഗ്രഹണം. റെഡിന്റെ വെപ്പണ്‍ സീരീസിലുള്ള ഹെലിയം 8കെ ക്യാമറയാണ് വില്ലനില്‍ ഉപയോഗിക്കുന്നത്. സാങ്കേതികമായി ഒരുപാട് പ്രാധാന്യമുള്ള ചിത്രത്തിന്റെ ബജറ്റ് 2530 കോടിയാണ്. വിഎഫ്എക്‌സിനും സ്‌പെഷല്‍ ഇഫക്ടിനും പ്രാധാന്യമുള്ള ചിത്രം പെര്‍ഫെക്ട് ത്രില്ലറായാണ് ബി. ഉണ്ണികൃഷ്ണന്‍ അണിയിച്ചൊരുക്കുക. സിനിമയുടെ സാങ്കേതിക പ്രവര്‍ത്തകരെല്ലാം പുറത്തുനിന്നാണ്. പോളണ്ട് ആസ്ഥാനമായ കമ്പനിയാകും വിഎഫ്എക്‌സ് കൈകാര്യം ചെയ്യുക. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് മോഹന്‍ലാല്‍ എത്തുന്നത്. ‘ഗുഡ് ഈസ് ബാഡ്’ എന്നാണ് സിനിമയുടെ ടാഗ്ലൈന്‍. മഞ്ജു വാര്യര്‍ ചിത്രത്തില്‍ മോഹന്‍ലാലിന്റെ ഭാര്യയായി വേഷമിടുന്നു. ദീര്‍ഘനാളത്തെ ഇടവേളയ്ക്ക് ശേഷമാണ് മോഹന്‍ലാലും മഞ്ജുവും ഒരുമിച്ച് അഭിനയിക്കുന്നത്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ‘എന്നും എപ്പോഴും’ എന്ന സിനിമയിലാണ് അവസാനം ഇവര്‍ ഒരുമിച്ചത്. സിനിമയില്‍ വളരെ പ്രധാനപ്പെട്ടതും ശക്തവുമായ കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിക്കുന്നതെന്ന് ബി. ഉണ്ണികൃഷ്ണന്‍ പറയുന്നു. വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനായാണ് മോഹന്‍ലാല്‍ എത്തുക. തമിഴ് നടന്‍ വിശാല്‍ ആണ് മറ്റൊരു താരം. കൂടാതെ ഹന്‍സിക, തെലുങ്ക് നടി റാഷി ഖന്ന, തെലുങ്ക് താരം ശ്രീകാന്ത് എന്നിവരും അണിനിരക്കുന്നു. പുലിമുരുകനിലെ മാസ്മരിക സംഘട്ടനരംഗങ്ങള്‍ ഒരുക്കിയ സ്റ്റണ്ട് ഡയറക്ടര്‍ പീറ്റര്‍ ഹെയ്ന്‍ ആണ് ഈ സിനിമയുടെയും സംഘട്ടനം. സ്റ്റണ്ട് സില്‍വയും ചിത്രത്തിലെ സ്റ്റണ്ട് ഡയറക്ടര്‍മാരില്‍ ഒരാളാണ്. കഥാപാത്രത്തിനായി പ്രത്യേക തയാറെടുപ്പിലാണ് സൂപ്പര്‍താരം മോഹന്‍ലാല്‍. ഇതിനായി ആയുര്‍വേദ ചികിത്സയിലായിരുന്നു അദ്ദേഹം. പൂമുള്ളിയിലായിരുന്നു ചികിത്സ. മെലിഞ്ഞ ശരീരപ്രകൃതി കഥാപാത്രം ആവശ്യപ്പെടുന്നതിനാലാണ് ചികിത്സ തേടാന്‍ അദ്ദേഹം തീരുമാനിച്ചത്. ചിത്രം നിര്‍മിക്കുന്നത് ബജ്രംഗി ഭായിജാന്‍, ലിംഗ തുടങ്ങിയ ബ്രഹ്മാണ്ഡചിത്രങ്ങള്‍ നിര്‍മിച്ച റോക്ലൈന്‍ വെങ്കിടേഷ് ആണ്. കലാസംവിധാനം ഗോകുല്‍ ദാസ്. സംഗീതം ഫോര്‍ മ്യൂസിക് (ഒപ്പം ഫെയിം). വസ്ത്രാലങ്കാരം പ്രവീണ്‍ വര്‍മ. മിസ്റ്റര്‍ ഫ്രോഡിന് ശേഷം ബി. ഉണ്ണികൃഷ്ണനും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
ഒരുകാലത്ത് മലയാള സിനിമയുടെ പ്രിയതാരമായിരുന്നു വിധുബാല. ഇന്നും ടെലിവിഷന്‍ പരിപാടികളിലൂടെ അവര്‍ മലയാളി പ്രേക്ഷകരുടെ മുമ്പിലെത്തുന്നു. എന്നാല്‍ അഭിനയം നിര്‍ത്താനുണ്ടായ ആ പ്രത്യേക സാചര്യത്തേക്കുറിച്ചു വിധു ബാല പറഞ്ഞത് ഇങ്ങനെ. ഒരു വാരികയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് ഇവര്‍ ഈ കാര്യം പറഞ്ഞത്.
അച്ഛന്റെ വാക്കുകള്‍ പാലിച്ചുകൊണ്ടാണ് അഭിനയിച്ചുതുടങ്ങിയത്. പടം സൂപ്പര്‍ഹിറ്റായതോടെ എന്റെ ജാതകം തെളിഞ്ഞു. അതിന്റെ തുടര്‍ച്ചയെന്നോണം ഹരിഹരന്‍ സാറിന്റെ ‘കോളജ് ഗേള്‍’ തുടങ്ങി ഒരുപാടു സിനിമകള്‍. അതോടെ ഞാനും അറിയപ്പെടുന്ന താരമായി.അങ്ങനെയൊരു ലെവലില്‍ വരുമെന്ന് ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല.
78 സിനിമകളില്‍ അഭിനയിച്ചു. 1978 ഓടെ അഭിനയം നിര്‍ത്തി. ഏറ്റവുമൊടുവില്‍ ജയനൊപ്പം ‘അഭിനയ’ത്തില്‍. മുക്കം മൊയ്തീനായിരുന്നു നിര്‍മ്മാതാവ്. മലയാളസിനിമയെക്കുറിച്ച് മോശമായ അഭിപ്രായം വന്ന സമയമായിരുന്നു അത്. സെക്‌സ് ടച്ചുള്ള പടങ്ങള്‍ക്ക് അന്യസംസ്ഥാനങ്ങളില്‍ നല്ല മാര്‍ക്കറ്റാണ്.’സൈക്കോ’ എന്ന ചിത്രത്തില്‍ നല്ലൊരു ക്യാരക്ടര്‍ റോളിലാണ് ഞാന്‍ അഭിനയിച്ചത്. പക്ഷേ ഞാന്‍ അഭിനയിക്കാത്ത ഒരു സീന്‍ കട്ടൗട്ടാക്കി മോശമായ രീതിയില്‍ മദ്രാസ് നഗരത്തിലെ ഒരു തിയറ്ററിനുമുമ്പില്‍ വച്ചു. ഇതുകണ്ടിട്ട് ഒരുപാടുപേര്‍ എന്നെ വിളിച്ചു.
നിര്‍മ്മാതാവിനെതിരേ കേസ് കൊടുക്കണമെന്ന് തോന്നി. കട്ടൗട്ട് കണ്ടതിനുശേഷം എന്നെ പരിചയമുള്ള ചില സംവിധായകര്‍ വിളിച്ച് അതേപോലുള്ള സീനുകള്‍ ചെയ്യാമോ എന്ന് ചോദിച്ചു. ചെയ്യില്ലെന്ന് പറഞ്ഞപ്പോള്‍ കട്ടൗട്ടിലുണ്ടല്ലോ എന്നായി അവര്‍. പറഞ്ഞുപറഞ്ഞ് ഞാന്‍ തളര്‍ന്നു. മനസ് മടുത്തു. അഭിനയം നിര്‍ത്തണമെന്ന് നേരത്തെ തന്നെ ആഗ്രഹിച്ചിരുന്നു.
ഈ ഫീല്‍ഡിലേക്ക് മോഹിച്ചുവന്നയാളല്ല ഞാന്‍. അതുകൊണ്ടുതന്നെ ഒരേപോലുള്ള റോളുകള്‍ ചെയ്തപ്പോള്‍ മടുത്തു. കട്ടൗട്ട് സംഭവം കൂടിയായപ്പോള്‍ നിര്‍ത്താന്‍ തീരുമാനിച്ചു. മാത്രമല്ല, സിനിമയുടെ ബഹളങ്ങളില്‍നിന്ന് കുറച്ചുനാള്‍ മാറിനില്‍ക്കണമെന്നും സ്വന്തം ഇഷ്ടത്തിനനുസരിച്ച് ജീവിക്കണമെന്നും ആഗ്രഹം തോന്നി. വിവാഹം കഴിഞ്ഞ് കുടുംബജീവിതത്തിലേക്ക് കടന്നാല്‍ എന്റെ ഇഷ്ടങ്ങള്‍ക്ക് പ്രാധാന്യം ഇല്ലാതാവും. എനിക്ക് ഇഷ്ടമുള്ളപ്പോള്‍ ഉണരണം. ഇഷ്ടമുള്ളത് കഴിക്കണം. തോന്നുന്ന സ്ഥലത്തേക്ക് പോകണം. ഇഷ്ടമുള്ളത് പഠിക്കണം. അങ്ങനെ നാലുവര്‍ഷക്കാലം ജീവിച്ചു. അതിനു ശേഷം ആയിരുന്നു വിവാഹം എന്ന് വിധുബാല പറയുന്നു .ഇപ്പോള്‍ ഒരു ചാനലില്‍ ഒരു പരിപാടിയുടെ അവതാരികയാണ് വിധുബാല .
മലയാള ടെലിവിഷന്‍ ചരിത്രത്തില്‍ ഏറ്റവുമധികം ജനപ്രീതിയാര്‍ജിച്ച സീരിയലുകളിലൊന്നാണ് ചന്ദനമഴ. ഏറെനാളായി ബാര്‍ക്ക് റേറ്റിംഗില്‍ മുന്‍നിരയില്‍ തുടരുന്ന ചന്ദനമഴയില്‍ നിന്ന് പക്ഷേ ഇപ്പോള്‍ നല്ല വാര്‍ത്തകളല്ല കേള്‍ക്കുന്നത്. സീരിയയില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന മേഘ്‌ന വിന്‍സെന്റിനെ അണിയറക്കാര്‍ ഒഴിവാക്കിയെന്ന് ചില സിനിമ ഓണ്‍ലൈന്‍ സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സഹതാരങ്ങളോട് മേഘ്‌നയുടെ പെരുമാറ്റമാണത്രേ ഇത്തരത്തില്‍ നായികയെ മാറ്റാന്‍ സംവിധായകനെ പ്രേരിപ്പിച്ചത്.
സെറ്റില്‍ വളരെ അഹങ്കാരത്തോടെയും തലക്കനത്തോടെയുമാണ് മേഘ്‌ന പെരുമാറുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മുതിര്‍ന്ന താരങ്ങളോട് പോലും മര്യാദയോടെ പെരുമാറാറില്ലത്രെ. ചന്ദനമഴയുടെ തമിഴ് സീരിയലിലും മേഘ്‌ന തന്നെയാണ് നായിക. ഇതേ പെരുമാറ്റ രീതിയെ തുടര്‍ന്ന് തമിഴ് ചന്ദനമഴയില്‍ നിന്നാണ് ആദ്യം ഒഴിവാക്കിയത്. ഇപ്പോള്‍ മലയാളത്തില്‍ നിന്നും പുറത്താക്കിയത്രെ.
നായികയാണ് എന്ന അഹങ്കാരത്തോടെയാണ് സെറ്റില്‍ എല്ലാവരോടും പെരുമാറുന്നത്. ഇപ്പോള്‍ വിവാഹം ഉറപ്പിയ്ക്കുക കൂടെ ചെയ്തപ്പോള്‍ തലക്കനം കൂടി എന്നാണ് കേട്ടത്. എന്നാല്‍ അഹങ്കാരവും തലക്കനവുമൊന്നുമല്ല, വിവാഹം ഉറപ്പിച്ചതുകൊണ്ടാണ് മേഘ്‌നയെ സീരിയലില്‍ നിന്ന് ഒഴിവാക്കുന്നത് എന്നും കേള്‍ക്കുന്നുണ്ട്. ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടായിട്ടില്ല.
ഈ മാസം 30നാണ് മേഘ്‌നയുടെ വിവാഹം. വിവാഹ ശേഷം അഭിനയ നിര്‍ത്തുക എന്നത് മേഘ്‌നയുടെ തന്നെ തീരുമാനമാണത്രെ. സിനിമ സീരിയല്‍ താരം ഡിംപിള്‍ റോസിന്റെ സഹോദരനും ഡ്രീം ക്രിയേഷന്‍സ് എന്ന സ്ഥാപനത്തിന്റെ സിഇഒയുമായ ഡോണ്‍ ടോണിയാണ് വരന്‍. വിവാഹനിശ്ചയചടങ്ങുകള്‍ നടന്ന വിവരം മേഘ്‌ന തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. ഇടക്കൊച്ചി സ്വദേശിയാണ് മേഘ്ന.
അക്ഷയ് കുമാറിന് മികച്ച നടനുള്ള ദേശീയ അവാർഡ് കൊടുത്തതു കഷ്ടമായിപ്പോയി എന്നു പറയുന്നവരോട് താരത്തിന്റെ അപേക്ഷ: വേണമെങ്കിൽ പുരസ്കാരം തിരിച്ചെടുത്തോളൂ!
‘റസ്തം’ സിനിമയിലെ അഭിനയത്തിനാണ് അക്ഷയ് ഇക്കൊല്ലത്തെ മികച്ച നടനായത്. പുരസ്കാരത്തിന് അക്ഷയിനെ തിരഞ്ഞെടുക്കാനുള്ള തീരുമാനം ഉചിതമായില്ലെന്നു പറഞ്ഞായിരുന്നു പല കോണുകളിൽനിന്നു വിമർശനമുയർന്നത്.ജൂറി മെമ്പർ ആയ പ്രിയദർശന്റെ അടുത്ത സുഹൃത്തായതുകൊണ്ടാണ് അക്ഷയ്ക്ക് അവാർഡ് കിട്ടിയത് എന്നതായിരുന്നു പ്രധാന ആരോപണം
ദേശീയ അവാർഡ് പ്രഖ്യാപിക്കുമ്പോഴെല്ലാം പലരും വിമർശനവുമായി എത്തുന്നതു പതിവാണെന്നും എല്ലാ വർഷവും വിവാദമുണ്ടെന്നും അക്ഷയ് പറഞ്ഞു.
മൂവീ സ്റ്റണ്ട് ആർട്ടിസ്റ്റ്സ് അസോസിയേഷൻ സംഘടിപ്പിച്ച ചടങ്ങിൽ പ്രസംഗിക്കുമ്പോഴാണു വിവാദം കേട്ടു മടുത്തെന്നും വിമർശനമുള്ളവർ പുരസ്കാരം തിരിച്ചെടുക്കണമെന്നും താരം പറഞ്ഞത്. സിനിമയിലെ സ്റ്റണ്ട് ആർട്ടിസ്റ്റുകൾക്ക് ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്തുന്ന പദ്ധതി അക്ഷയ് മുൻകയ്യെടുത്തു രൂപീകരിച്ചിട്ടുണ്ട്.
മഞ്ജു വാര്യരെ ഒഴിവാക്കി കാവ്യ മാധ്യവനെ വിവാഹം കഴിച്ചതിന്റെ പേരില്‍ അമേരിക്കന്‍ മലയാളികള്‍ ബഹിഷ്കരിക്കും എന്ന് പറഞ്ഞ ദിലീപ് ഷോയില്‍ പങ്കെടുക്കാന്‍ കാവ്യയ്ക്ക് ഒപ്പം നടന്‍ ദിലീപ് അമേരിക്കയില്‍ എത്തി. നാദിര്ഷയാണ് പരിപാടിയുടെ സംവിധായകൻ. പിഷാരടി, റിമി ടോമി, നമിത പ്രമോദ്, ധര്‍മജന്‍ ബോള്‍ഗാട്ടി തുടങ്ങിയവരൊക്കെ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. ഈ ഷോയിലൂടെ കാവ്യാ വീണ്ടും അരങ്ങിലേക്ക് വരും എന്നും റിപ്പോര്‍ട്ട് ഉണ്ട്. അമേരിക്കന്‍ ഷോയുടെ നായകന്‍ നടന്‍ ദിലീപ് ആണെങ്കില്‍ നായിക സ്വന്തം ഭാര്യ കാവ്യ തന്നെ. ഇതിനെ കുറിച്ച് കാവ്യ മാധവൻ സംസാരിക്കുന്നു.
പൊതുവേദികളിൽ ഭാര്യയായ കാവ്യയെ പങ്കെടുപ്പിക്കുന്നില്ല എന്ന ആരോപണത്തിനാണ് ഇതിലൂടെ മറുപടി നൽകിയത്. അവസാനത്തെ റിപ്പോർട്ട് അനുസരിച്ചു് ഷോയുടെ ടിക്കറ്റുകൾ ചൂടപ്പം പോലെ വിറ്റുപോയി എന്നാണ്. എന്തായാലും കാവ്യയെ ദിലീപ് കൊണ്ടുവന്നതാണോ അതോ ഷോയിൽ പങ്കെടുക്കുന്നുണ്ടോ എന്നിങ്ങനെയുള്ള സംശയങ്ങളാണ് ആരാധകർക്കുള്ളത്…
രക്ഷാധികാരി ബൈജു (ഒപ്പ്) എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയപ്പോഴും പിന്നീട് ചിത്രം തീയറ്ററുകളിൽ നിറഞ്ഞോടുമ്പോഴും ജനങ്ങൾ എഴുന്നേറ്റു നിന്ന് കയ്യടിക്കുകയാണ്. അന്യഭാഷ ചിത്രത്തിനു വേണ്ടിയുള്ള മത്സരത്തിന്റെ തിരക്കിൽ നിൽക്കുന്നവർക്കിടയിൽ നിന്ന് ഈ സിനിമയെ സ്വീകരിക്കാനെത്തിയത് വളരെ കുറച്ച് തീയറ്ററുകളായിരുന്നു. എന്നാൽ അവിടങ്ങളിലും ഇപ്പോൾ പ്രശ്നമാണ്. സിനിമയുടെ ശബ്ദം ശരിയല്ല എന്നാണു കാരണം പറയുന്നത്. കേരളത്തിൽ വളരെ പണ്ടുനിർമിക്കപ്പെട്ടിട്ടുള്ള ചില തിയറ്ററുകളിലാണ് സിനിമയുടെ ശബ്ദത്തിന്റെ കാര്യത്തിൽ പ്രശ്നങ്ങൾ പറയുന്നത്. ഇതിന്റെ സത്യാവസ്ഥ എന്താണ്.
സംവിധായകൻ രഞ്ജൻ പ്രമോദ് സംസാരിക്കുന്നു……………..
റിലീസ് ചെയ്തതു തന്നെ കഷ്ടപ്പെട്ട്..എന്റെ സിനിമയ്ക്ക് വൈഡ് റീലീസ് മാത്രമാണു സാധിച്ചത്. അതായത് നല്ല തീയറ്ററുകൾ തിരഞ്ഞുപിടിച്ച് സിനിമ റിലീസ് ചെയ്യാനുള്ള സാഹചര്യം ഇല്ലായിരുന്നുവെന്നതാണ് കാര്യം. ആഗോളവൽക്കരണത്തിന്റെ കാലത്ത് ഏതൊരു പ്രാദേശിക സിനിമയും നേരിടേണ്ടി വരുന്ന വെല്ലുവിളിയാണ് അതിനു കാരണം. കിട്ടിയ തീയറ്ററിൽ റിലീസ് ചെയ്യുകയായിരുന്നു. മികച്ച തീയറ്റർ നോക്കി വൻകിട അന്യഭാഷ ചിത്രങ്ങൾ വൻ തുക നൽകി തീയറ്ററുകൾ പിടിച്ചെടുക്കുമ്പോൾ ഇതുപോലുള്ള ചെറിയ ചിത്രങ്ങൾക്ക് തീയറ്റർ ലഭിക്കാറില്ല. ബാഹുബലി വരുമ്പോൾ മാറിക്കൊടുക്കണം എന്നു സമ്മതിച്ചതു കൊണ്ടാണ് ചില തീയറ്ററുകൾ സമ്മതിച്ചതു തന്നെ. അവിടങ്ങളിലാണ് സിനിമ പ്രദര്‍ശിപ്പിക്കുന്നത്.
തീയറ്ററുകാർ പറയുന്നത് തെറ്റ്…
സിനിമ ഷൂട്ട് ചെയ്യുമ്പോൾ തന്നെ ശബ്ദവും റെക്കോർഡ് ചെയ്യുന്ന രീതിയാണ് രക്ഷാധികാരി ബൈജുവിൽ ഉപയോഗിച്ചത്. സിങ്ക് സൗണ്ട് റെക്കോർഡിങ് എന്നാണ് പറയുന്നത്. നല്ല സൗണ്ട് സിസ്റ്റം ഇല്ലാത്ത തീയറ്ററിൽ അല്ലെങ്കിൽ നല്ല സംവിധാനം ഉണ്ടായിട്ടും അതു വേണ്ട വിധത്തില്‍ ഉപയോഗിക്കാത്ത സ്ഥലങ്ങളിൽ ശബ്ദം വ്യക്തമായി നമുക്ക് കേൾക്കാനാകില്ല. കോഴിക്കോട് കൊറോണേഷൻ തീയറ്ററിൽ അതിന്റെ മാനേജർ എഴുതി വച്ചിരിക്കുന്നത് സിങ്ക് സൗണ്ട് സിസ്റ്റ് ആയതിനാല്‍ ചിത്രത്തിന്റെ ശബ്ദത്തിനു നിലവാരം ഇല്ലെന്നും കേൾക്കാൻ ബുദ്ധിമുട്ടുണ്ട് എന്നുമാണ്. തീർത്തും തെറ്റാണത്. തീയറ്ററിന്റെ ഭാഗത്തെ പ്രശ്നമാണ് അത്. അവർ അത് തിരിച്ചറിയുന്നില്ലെന്നതാണ് വാസ്തവം.
ഇതേ ചിത്രം അതേ നഗരത്തിലെ മറ്റൊരു തീയറ്ററിൽ അതിമനോഹരമായി ആസ്വദിക്കാനായി. ഒരു മൈതാനത്തിന്റെ നടുക്കിരിക്കുന്ന പോലെ സിനിമ കാണാന്‍ പറ്റിയെന്നായിരുന്നു ആളുകള്‍ എന്നോടു പറഞ്ഞത്. അങ്ങനെ തന്നെയാണ് ആ ചിത്രം ആസ്വദിക്കേണ്ടത്. ആ രീതിയിലാണു ഞങ്ങൾ സിനിമ എടുത്തിരിക്കുന്നതു തന്നെ.
പ്രൊജക്ടർ ഓപ്പറേറ്റർ വിചാരിച്ചാൽ തീരാവുന്ന പ്രശ്നം
സൗണ്ട് പ്രൊജക്ഷനും കെട്ടിടവും മാത്രം നവീകരിച്ച എറണാകുളം സരിതയിൽ ആദ്യ ഷോ കാണുമ്പോൾ എനിക്കു സങ്കടം വന്നു. പിക്ചറിനും സൗണ്ടിനും ക്വാളിറ്റിയില്ലെന്നാണ് എനിക്കു തോന്നിയത്. പക്ഷേ രണ്ടാമത്തെ ഷോയിൽ അത് മികച്ചതായി. അവിടത്തെ ഓപ്പറേറ്റർ സിനിമയ്ക്കു ചേരുന്ന പോലെ സൗണ്ടും ലൈറ്റുമൊക്കെ അഡ്ജസ്റ്റ് ചെയ്താണ് കാണിച്ചത്.
സിനിമയോടു സ്നേഹമുള്ള ഒരു പ്രൊജക്ടർ ഓപ്പേററ്റർക്കു ചെയ്യാവുന്നതേയുള്ളൂ സൗണ്ട് അഡ്ജസ്റ്റ്മെന്റ്. തീയറ്ററിന്റെ ഹോളിന് എത്ര വലിപ്പമുണ്ടോ ആ വലിപ്പത്തിന് അനുസരിച്ചു ഔട്ട്പുട്ട് വോളിയം അഡ്ജസ്റ്റ് ചെയ്തു വയ്ക്കണം. അതായത് ചെറിയ തീയറ്ററായാലും വലുതായാലും പ്രൊജക്ടർ ഓപ്പറേറ്റർ വിചാരിച്ചാൽ തീരാവുന്ന പ്രശ്നമേയുള്ളൂ.
എറണാകുളത്തെ ഒരു മൾടിപ്ലക്സ് തിയറ്ററിൽ സിനിമ കാണാൻ പോയപ്പോൾ ചിത്രം തലേദിവസം അവിടെ കണ്ട ബിജു മേനോൻ പറഞ്ഞിരുന്നു സൗണ്ട് മോശമാണ് എന്തെങ്കിലുമൊന്ന് ചെയ്യണമെന്ന്. അതുകൊണ്ട് അന്ന് ഞാൻ അവിടത്തെ ഓപ്പറേറ്ററുമായി സംസാരിക്കാനെത്തിയത്. കാരണം അപ്പുറത്തെ സ്ക്രീനിൽ ഓടുന്ന സഖാവിന്റെ സൗണ്ട് ഇപ്പുറത്ത് കേൾക്കാവുന്ന വിധത്തിലായിരുന്നു. എന്റെ സിനിമയുടെ സൗണ്ട് കേൾക്കാനേ കഴിയില്ലായിരുന്നു. പ്രൊജക്ട് ഓപ്പറേറ്ററുമായി സംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് സഖാവിന്റേയും രക്ഷാധികാരി ബൈജുവിന്റേയും സൗണ്ടിന്റെ ഔട്ട്പുട്ട് ലെവൽ ഒരേപോലെയാക്കി വച്ചിരിക്കുകയാണെന്നാണ്.
ഇതേ തീയറ്ററിൽ മറ്റൊരു സ്ക്രീനിൽ ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് ഓടുന്നുണ്ടായിരുന്നു. അതിന് എത്രയാണ് സൗണ്ട് ലെവൽ എന്നു ചോദിച്ചപ്പോൾ അഞ്ച് ആണെന്ന് പറഞ്ഞു. മുന്നിൽ കേൾക്കുന്ന ശബ്ദം, അകലെ നിന്നുള്ളത്, പിന്നിൽ നിന്നുള്ളത്, അടുത്ത് നിന്നുള്ളത്, ഇടതുഭാഗത്ത് നിന്നുള്ളത് പിറകിൽ നിന്നുള്ളത് ചെവിയ്ക്ക് അരികെ നിന്ന് നിശബ്ദത എന്നിവയൊക്കെ വ്യക്തമായി കേൾക്കുവാൻ പാകത്തിലൊരു ത്രീ ഡൈമെന്‍ഷണൽ സിസ്റ്റത്തിലാണ് ഇംഗ്ലിഷ് സിനിമകളിൽ സൗണ്ട് ക്രമീകരിച്ചിരിക്കുന്നത്.
അതുകൊണ്ട് ചിത്രം നല്ല തീയറ്ററിൽ നല്ല സൗണ്ട് സിസ്റ്റമാണെങ്കില്‍ സൗണ്ട് ലെവൽ അഞ്ചിൽ വച്ച് കാണുവാൻ സാധിക്കും. അങ്ങനെ ഞാൻ അദ്ദേഹത്തോടു പറഞ്ഞ് സൗണ്ട് ലെവൽ അഞ്ച് ആക്കി മാറ്റി. എനിക്ക് വളരെ സംതൃപ്തിയോടെ എന്റെ ചിത്രം കാണാനും സാധിച്ചു. നല്ല ഒരു ഇന്റർനാഷണൽ ചിത്രത്തിന്റെ അതേ നിലവാരത്തിലുള്ള സൗണ്ട് മിക്സിങാണ് രക്ഷാധികാരി ബൈജുവിനും നല്‍കിയത്. അതുകൊണ്ട് അതേ നിലവാരത്തിൽ വേണം തീയറ്ററുകളിൽ പ്രൊജക്ടർ ഓപ്പറേറ്റർമാർ എന്റെ ചിത്രത്തിനുള്ള ഔട്ട്പുട്ട് സൗണ്ട് ക്രമീകരിക്കുവാന്‍.
സിനിമയ്ക്ക് ഒരു മൂഡ് ഉണ്ട്. ആ തലത്തിലേക്കു ഓരോ പ്രേക്ഷകനും ഇറങ്ങിവന്ന് സിനിമയെ അനുഭവിക്കണം എന്ന ഉദ്ദേശത്തോടു കൂടിയാണ് സൗണ്ട് മിക്സിങിന് അത്രയേറെ വലിയ ഒരുക്കം നടത്തിയത്. കഥാപാത്രങ്ങൾ ചെവിയിൽ പറയുന്നത് മുറുമുറുക്കന്നത് എന്നിവയൊക്കെ ശ്രദ്ധിച്ചിരുന്നാലേ കേൾക്കാനാകൂ. ജാഗരൂകരായിരുന്നു ആസ്വദിച്ചു വേണം സിനിമ കാണാൻ. അതിനു നല്ല സൗണ്ട് സിസ്റ്റമുള്ള തീയറ്റർ തന്നെ വേണം. അറുപത് രൂപ ടിക്കറ്റെടുത്ത് 150 രൂപ ടിക്കറ്റിന്റെ നിലവാരത്തിലുള്ള സിനിമ കാണണമെന്ന് വാശിപിടിക്കരുത്. ലോകത്ത് ഒരിടത്തും അങ്ങനെ സാധിക്കില്ല.
ഒരു വലിയ മുറിയുടെ ഇങ്ങേയറ്റത്ത് ഇരിയ്ക്കുന്ന ആളിനും സിനിമയിലെ ശബ്ദത്തെ ശബ്ദത്തെ വ്യക്തമായി തിരിച്ചറിയും വിധമാണ് സൗണ്ട് ക്രമീകരിക്കേണ്ടത്. കോഴിക്കോട് കോർണേഷൻ തീയറ്റർ ഒരു വലിയ തീയറ്ററാണ്. അവിടെ സൗണ്ട് ക്രമീകരിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം.
ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച സൗണ്ട് മിക്സിങ് സ്റ്റുഡിയോയിലാണ് എന്റെ ചിത്രത്തിന്റെ സൗണ്ട് മിക്സിങും നടത്തിയത്. സിനിമയുടെ ശബ്ദത്തെ കുറിച്ച് അത്രയേറെ ആശങ്കയോടെ അവിടെയെത്തിയ എനിക്കു മനസു നിറഞ്ഞ് ചിരിച്ച് തിരികെ പോകാനായി. പ്രമോദ് തോമസ് എന്ന സൗണ്ട് മിക്സിങ് വിദഗ്ധന്റെ കൈകളിലേക്കാണു സിനിമയെത്തിച്ചത്. ചെയ്ത സിനിമകളിൽ മിക്കതിനും ദേശീയ പുരസ്കാരമോ സംസ്ഥാന പുരസ്കാരമോ നേടിയിട്ടുള്ളൊരാളാണ് അദ്ദേഹം.
അനുരാഗ് കശ്യപിന്റെ ദേവ് ഡി, രജനീകാന്തിന്റെ യന്തിരന്‍ തുടങ്ങിയ ചിത്രങ്ങൾക്ക് സൗണ്ട് മിക്സ് ചെയ്ത ആളാണ്. മന്ത്രയുടെ ഉടമയും എവിഎം സ്റ്റുഡിയോയിലെ സീനിയർ എഞ്ചിനീയറുമായ അങ്ങനെയുള്ളൊരാൾ ചെയ്ത മഹത്തായ ഒരു സൃഷ്ടിയെയാണ് മോശം എന്ന് ഇവിടെ സ്ഥാപിക്കാൻ ശ്രമിക്കുന്നത്. അല്ലെങ്കിൽ തെറ്റിദ്ധരിക്കുന്നത്. നല്ല സൗണ്ട് സിസ്റ്റമുള്ള തീയറ്ററിൽ ഒരു ഇംഗ്ലിഷ് ചിത്രത്തിന് എങ്ങനെയാണോ സൗണ്ട് ക്രമീകരിക്കുന്നത് ആ വിധത്തിൽ വേണം എന്റെ ചിത്രത്തിനും പ്രൊജക്ടർ ഓപ്പറേറ്റർമാർ ചെയ്യേണ്ടത്.
പലയിടത്തു നിന്നും സിനിമയുടെ ശബ്ദത്തെ കുറിച്ച് പരാതി വരുന്നുണ്ട്. എനിക്കൊന്നേ പറയാനുള്ളൂ. നിങ്ങൾ ഞങ്ങളോടു പറയൂ…എന്നെയോ പ്രൊഡക്ഷനിലെ ആരുടെയടുത്തെങ്കിലുമോ പറയൂ. എങ്ങനെയാണ് സൗണ്ട് ക്രമീകരിക്കേണ്ടതെന്ന് ഞങ്ങൾ പ്രൊജക്ടർ ഓപ്പറേറ്ററോടു പറയാം. ഡോൾബിയുടെ ഒറിജിനൽ സൗണ്ട് സിസ്റ്റമല്ല പലയിടത്തും ഉപയോഗിക്കുന്നത്. ഓരോ തീയറ്ററിലും പരമാവധി ഔട്ട്പുട്ട് സൗണ്ട് 6 വരെയാകാം. അതിൽ കൂടരുത്. 5,5.25,5.5,5.75 എന്നീ പോയിന്റുകളൊക്കെ പരീക്ഷിക്കാം.
ഒരുപാട് ശ്രമകരമായി എടുത്ത സൃഷ്ടിയെ ഈ വിധത്തിൽ കാണരുത്. സാങ്കേതിക മികവിൽ വിപ്ലവം തീർക്കുന്ന സിനിമകളാണു വരാനിരിക്കുന്നത്. അതിനെ തുറന്ന മനസോടെ കാണണം. നല്ല ചിന്താഗതിയോടെ അതിനെ സ്വീകരിക്കാം.
ചെന്നൈ ഉൾപ്പെടെ സിനിമ പ്രദർശിപ്പിച്ച തീയറ്ററുകളിലെല്ലാം ആളുകൾ എഴുന്നേറ്റു നിന്നാണ് കയ്യടിച്ചത്. അത് വല്ലാത്തൊരു ഊർജമാണ്. നിങ്ങൾ സിനിമ ഇഷ്ടപ്പെടുന്നുവെങ്കിൽ എഴുന്നേറ്റു നിന്ന് കയ്യടിക്കണം. നിങ്ങളുടെ ഇഷ്ടം ആവോളം പ്രകടിപ്പിക്കണം. ആസ്വദിച്ചുവെന്നു പറയാൻ ഇഷ്ടപ്പെട്ടുവെന്നത് പ്രകടിപ്പിക്കാൻ മടി കാണിക്കരുത്. അതിനോളം ഊർജം ഒരു കലാകാരനും കൊടുക്കാൻ മറ്റൊന്നിനും സാധിക്കില്ല. ഒരാൾ മരിച്ചു കഴിഞ്ഞിട്ട് സ്നേഹം പറഞ്ഞിട്ടോ കാണിച്ചിട്ടോ കാര്യമുണ്ടോ അതുപോലെ തന്നെയാണിതും…