ദുല്‍ഖര്‍ സല്‍മാന്‍ നായകനായി അഭിനയിച്ച പുതിയ ചിത്രമായ ചാര്‍ലിയുടെ വ്യാജ പതിപ്പ് വ്യാപകം. ബംഗളൂരുവിലാണ് ചാര്‍ലിയുടെ വ്യാജ സിഡി ഇറങ്ങിയിരിക്കുന്നത്. ചിത്രത്തിന്റെ വ്യാജ സിഡി ഇറങ്ങി എന്ന വാര്‍ത്ത ശരിയാണെന്നും സംഭവം സംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ടെന്നും ചിത്രത്തിലെ നടനും നിര്‍മാതാക്കളില്‍ ഒരാളുമായ ജോജു ജോര്‍ജ് പറഞ്ഞു. കേരളത്തില്‍ വന്‍ കളക്ഷന്‍ നേടി ചാര്‍ലി വമ്പന്‍വിജയത്തിലേക്കു നീങ്ങുന്നതിനിടെയാണ് ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇറങ്ങിയിരിക്കുന്നത്.
എന്നാല്‍, വ്യാജ സിഡിയുടെ ഉറവിടം എവിടെനിന്നാണെന്ന് ഇതുവരെ വ്യക്തമല്ല. വ്യാജ പതിപ്പിനെതിരേ കര്‍ണാടക ആഭ്യന്തരമന്ത്രിക്കും കേരളത്തിലെ സൈബര്‍ സെല്ലിനും പരാതി നല്‍കുമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പറഞ്ഞു. എന്നാല്‍ ഇതുവരെ പരാതിയൊന്നും ലഭിച്ചില്ലെന്ന് സൈബര്‍ സെല്‍ ഡിവൈഎസ്പി എം.ഇക്ബാല്‍ പറഞ്ഞു.
97 കേന്ദ്രങ്ങളില്‍ റിലീസ് ചെയ്ത ചിത്രം പത്തു ദിവസം കൊണ്ട് 9.60 കോടി രൂപ കളക്ഷന്‍ നേടിയെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ വന്‍ഹിറ്റിലേക്ക് പോകുന്നതിനിടെ പ്രേമത്തിന്റെ വ്യാജ പതിപ്പും ഇറങ്ങിയിരുന്നു. സെന്‍സര്‍ കോപ്പി എന്ന് രേഖപ്പെടുത്തിയ സിഡിയാണ് അന്ന് പ്രചരിച്ചിരുന്നത്. വ്യാജ സിഡി ഇറങ്ങിയതിനെത്തുടര്‍ന്ന് ചിത്രത്തിന്റെ കളക്ഷന്‍ വലിയ തോതില്‍ ഇടിഞ്ഞിരുന്നു. പ്രേമത്തിന്റെ വ്യാജ പതിപ്പ് പ്രചരിപ്പിച്ചതിന് സെന്‍സര്‍ ബോര്‍ഡിലെ ചില ജീവനക്കാര്‍ പിന്നീട് അറസ്റ്റിലായിരുന്നു.
2016 തുടക്കം തന്നെ ശ്രദ്ധാ കപൂറിനെ തേടി മികച്ച ഒരു വേഷമാണ് എത്തിയിരിക്കുന്നത്. ഇന്ത്യന്‍ നോവലിസ്റ്റായ ചേതന്‍ ഭഗത് സിങിന്റെ ഹാഫ് ഗേള്‍ ഫ്രണ്ടാണ് ശ്രദ്ധാ കപൂറിന്റെ പുതിയ ചിത്രം. മോഹിത് സൂരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആദിത്യ റോയ് യാണ് നായക വേഷം അവതരിപ്പിക്കുന്നത്. നേരത്തെ ദീപിക പദുക്കോണ്‍, കത്രീന കൈഫ് എന്നിവരെ ചിത്രത്തിലേക്ക് ക്ഷണിച്ചിരുന്നു. എന്നാല്‍ ഇരുവരും ചിത്രത്തില്‍ അഭിനയിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ശ്രദ്ധയെ ചിത്രത്തിലേക്ക് ക്ഷണിക്കുന്നത്.
ബീഹാര്‍, ന്യൂഡല്‍ഹി, ന്യൂയോര്‍ക്ക് എന്നിവടങ്ങളിലായി നടക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഉടന്‍ ആരംഭിക്കുമെന്ന് സംവിധായകന്‍ മോഹിത് സൂരി പറയുന്നു. ആഷിക് 2, ഏക് വില്ലന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ശ്രദ്ധാ കപൂറും മോഹിത് സൂരിയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചേതന്‍ ഭഗതിന്റെ ആറാമത്തെ നോവലാണ് ഹാഫ് ഗേള്‍ ഫ്രണ്ട്. ശ്രദ്ധിക്കപ്പെടാതെ പോകുന്ന അസാധാരണക്കാരുടെ കഥയാണ് നോവല്‍. മുമ്പും ചേതന്‍ ഭഗതിന്റെ നോവലിലൂടെ പിറന്ന എല്ലാ ചിത്രങ്ങളും വിജയമായിരുന്നു.
അങ്ങനെ 2015 ലെ സെലിബ്രിറ്റികളുടെ വിവാഹത്തിന്റെ നീണ്ട ലിസ്റ്റ് അവസാനിച്ചു. 2016 തുടക്കമായി. നടി ശ്രുതി ലക്ഷ്മിയാണ് ഈ വര്‍ഷം ആദ്യം വിവാഹിതയാകുന്ന സെലിബ്രിറ്റി. കളമശ്ശേരിയിലെ സെന്റ് ജോസഫ് ചര്‍ച്ചില്‍ വച്ച് ഡോ. അവിന്‍ ആന്റോയുടെയും ശ്രുതി ലക്ഷ്മി എന്ന ശ്രുതി ജോസിന്റെയും വിവാഹ നിശ്ചയം കഴിഞ്ഞു. നാളെ, ജനുവരി 3 നാണ് വിവാഹം. വിവാഹ ചടങ്ങുകള്‍ക്ക് ശേഷം ജനുവരി മൂന്നിന് വൈകിട്ട് തൃശ്ശൂര്‍, അഞ്ചേരി ചിറ സീവീസ് പ്രസിഡന്‍സി ഇന്റര്‍നാഷണല്‍ ഓഡിറ്റോറിയത്തില്‍ വച്ച് വിവാഹ സൽക്കാരം നടക്കും.
ടെലിവിഷന്‍ സീരിയലുകളില്‍ ബാലതാരമായിട്ടാണ് ശ്രുതിയുടെ അരങ്ങേറ്റം. പിന്നീട് സിനിമയിലേക്ക് ചുവടുമാറ്റി. വര്‍ണക്കാഴ്ചകള്‍, ഖരാക്ഷരങ്ങള്‍, സ്വര്‍ണ മെഡല്‍, മാണിക്യന്‍ എന്നീ ചിത്രങ്ങളില്‍ ബാലതാരമായി അഭിനയിച്ചു. ദിലീപ് നായകനായ റോമിയോ എന്ന ചിത്രത്തിലൂടെയാണ് നായികയായുള്ള അരങ്ങേറ്റം. പിന്നീട് കോളേജ് കുമാരന്‍ (മോഹന്‍ലാലിന്റെ സഹോദരി), ലവ് ഇന്‍ സിങ്കപ്പൂര്‍, ഭാര്യ സ്വന്തം സുഹൃത്ത് തുടങ്ങി പത്തേമാരി വരെ അഭിനയിച്ചു. സിനിമാഭിനയത്തിനൊപ്പം ടെലിവിഷനും ശ്രുതി തുടര്‍ന്ന് പോന്നു. നമ്മള്‍ തമ്മില്‍, യൂത്ത് ക്ലബ്ബ് എന്നീ ടെലിവിഷന്‍ പരിപാടികളിലും പങ്കെടുത്തു.
ശ്രുതിയുടെയും അവിന്റെയും പ്രി വെഡ്ഡിങ് ടീസര്‍ പുറത്തുവിട്ടു. പ്രശസ്ത സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ മഹാദേവന്‍ തമ്പിയാണ് ശ്രുതിയുടെയും അവിന്റെയും വിവാഹത്തിന് ക്യാമറ ചലിപ്പിയ്ക്കുന്നത്. വീഡിയോ കാണാം…
തമിഴിലും ബോളിവുഡിലും വെന്നിക്കൊടി പാരിച്ച മലയാളി സുന്ദരി അസിന്‍ വിവാഹ തിരക്കിലാണ്. ജനുവരി 23നു ഡല്‍ഹിയില്‍ വച്ചാണ് വിവാഹം. മൈക്രോമാക്‌സ് സ്ഥാപകനായ രാഹുല്‍ ശര്‍മയെയാണ് അസിന്‍ വിവാഹം കഴിക്കുന്നതെന്ന വാര്‍ത്ത കേട്ടപ്പോള്‍മുതല്‍ വിവാഹ ദിനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇരുവരുടെയും വിവാഹക്ഷണക്കത്താണ് ഇപ്പോഴത്തെ സംസാരവിഷയം.
ഹര്‍ഭജന്‍ സിംഗിന്റെയും ഗീത ബസ്രയുടെയും വിവാഹക്ഷണക്കത്തു തയ്യാറാക്കിയ ഇഡിസി ഡിസൈന്‍ തന്നെയാണ് അസിന്റെയും വിവാഹക്ഷണക്കത്തു തയ്യാറാക്കിയത്. വളരെ ലളിതവും മനോഹരവുമായ ഗോള്‍ഡ് പ്ലേറ്റ് കാര്‍ഡിന്റെ ചിത്രം ട്വിറ്ററിലൂടെയാണ് അസിന്‍ പങ്കുവച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ പ്രായം കുറഞ്ഞ സമ്പന്നരായ ബിസിനസ്സുകാരില്‍ ഒരാളാണ് രാഹുല്‍ ശര്‍മ്മ. നടന്‍ അക്ഷയ്കുമാറിന്റെ അടുത്ത സുഹൃത്തുകൂടിയായ രാഹുലിനെ അസിനു പരിചയപ്പെടുത്തിയതും അക്ഷയ് തന്നെയാണ്.