സീരിയലുകളിലും സിനിമകളിലും ചോക്ലേറ്റ് പരിവേഷണുണ്ടായിരുന്ന നടൻ കൃഷ്ണ മുൻപ് അനിയത്തിപ്രാവ് താൻ ചെയ്യേണ്ടിയിരുന്ന സിനിമയാണെന്ന് വെളിപ്പെടുത്തിയിരുന്നു. താരത്തിന്റെ മാസങ്ങൾക്ക് മുൻപുള്ള ഈ വെളിപ്പെടുത്തൽ വലിയ രീതിയിൽ ചർച്ചയും ആയിരുന്നു.
ഇപ്പോഴിതാ കൃഷ്ണയെ അനിയത്തിപ്രാവ് സിനിമയിലേക്ക് പരിഗണിച്ചിട്ടേ ഇല്ലായിരുന്നെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ ഫാസിൽ ഒരു അഭിമുഖത്തിൽ ആണ് സംവിധായകന്റെ വെളിപ്പെടുത്തൽ.
അനിയത്തിപ്രാവിലേക്കല്ല ഹരികൃഷ്ണൻസിലേക്ക് ആണ് കൃഷ്ണയെ പരിഗണിക്കാൻ ആലോചിച്ചിരുന്നതെന്ന് വാർത്ത നിഷേധിച്ചുകൊണ്ട് ഫാസിൽ പറഞ്ഞത്. ഹരികൃഷ്ണൻസിൽ കുഞ്ചാക്കോ ബോബൻ ചെയ്ത വേഷം ചാക്കോച്ചന് ഡേറ്റ് ഇല്ലെങ്കിൽ കൃഷ്ണയെ കൊണ്ട് ചെയ്യിക്കാം എന്നായിരുന്നു ആലോചന.
എന്നാൽ, ആ വേഷം ചാക്കോച്ചൻ തന്നെ ചെയ്യാമെന്ന് പറഞ്ഞതോടെ പിന്നെ ആ വേഷത്തിലേക്ക് മറ്റാരെയും ചിന്തിച്ചില്ലെന്നും ഫാസിൽ പറയുന്നു. കൃഷ്ണ എന്റെ കുടുംബസുഹൃത്തും കൂടിയാണെന്നും തെറ്റിദ്ധാരണ തിരുത്തി ഫാസിൽ പ്രതികരിക്കുന്നു.
അനിയത്തിപ്രാവ് കഥ തയ്യാറായ ശേഷം പറ്റിയ ഒരു ആളെ തേടി നടന്നിരുന്നു. ആ സമയമാണ് പുതിയ വീട് വെച്ചത്. അന്ന് വീട് കാണാൻ അച്ഛനും അമ്മയ്ക്കും ഒപ്പം കുഞ്ചാക്കോ ബോബനും വന്നിരുന്നു. അന്നെടുത്ത ഒരു ഫോട്ടോ പിന്നീട് ആൽബത്തിൽ കണ്ടപ്പോൾ എന്റെ ഭാര്യയാണ് ചാക്കോച്ചനെ അനിയത്തിപ്രാവിലേക്ക് പരിഗണിച്ചാലോ എന്ന ആശയം പറഞ്ഞത്.
‘ആ ചിത്രം കണ്ടപ്പോൾ എനിക്കും ഇഷ്ടമായി. പിന്നെ ഞാൻ ചാക്കോച്ചന്റെ അമ്മയെയും അച്ഛനെയും വിളിച്ച് സംസാരിച്ചു. അങ്ങനെയാണ് അനിയത്തിപ്രാവിലേക്ക് അദ്ദേഹം എത്തുന്നത്. മറ്റാരെയും പരിഗണിച്ചിട്ടില്ല.’- ഫാസിൽ തുറന്നുപറയുന്നു.
രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ ന്നാ താൻ കേസു കൊട്’. ആൻഡ്രോയിഡ് കുഞ്ഞപ്പൻ, കനകം കാമിനി കലഹം എന്ന സൂപ്പർഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ ആണ് ഇദ്ദേഹം. പുതിയ ചിത്രത്തിൽ നായകനായ എത്തുന്നത് കുഞ്ചാക്കോ ബോബൻ ആണ്. ഇപ്പോൾ ഇതാ ചിത്രത്തിലെ ഒരു ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. കാതോട് കാതോരം എന്ന പഴയ മലയാള ചിത്രത്തിലെ ദേവദൂതർ പാടി എന്ന ഗാനം പുനരാവിഷ്കരിച്ചിരിക്കുകയാണ് ഈ ചിത്രത്തിൽ.
പുറത്തിറങ്ങിയ വീഡിയോയിൽ ഏറെ ശ്രദ്ധ നേടുന്നത് കുഞ്ചാക്കോ ബോബൻ തന്നെ. വ്യത്യസ്ത രൂപഭാവങ്ങളോടെ, നല്ല കിടിലൻ റോക്ക് ഡാൻസുമായി സ്ക്രീനിൽ നിറയുകയാണ് ചാക്കോച്ചൻ. റോക്ക് ഡാൻസ് എന്നതിലുപരി പാമ്പു ഡാൻസ് പ്ലസ് റോക്ക് ഡാൻസ് എന്ന് പറയുന്നതായിരിക്കും ഒരുപക്ഷേ കുറച്ചുകൂടി നല്ലത്. ഏതോ ഒരു ഉത്സവ ആഘോഷവേളയിൽ സ്റ്റേജിൽ ഒരുകൂട്ടം ഗായകർ ഗാനം ആലപിക്കുമ്പോൾ ആൾക്കൂട്ടത്തിനിടയിൽ നിന്ന് ഇതിനനുസരിച്ച് ചുവടുവെക്കുന്ന കഥാപാത്രത്തെ ചിത്രത്തിൽ കാണാം.
സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ ഇത് ട്രെൻഡിങ് ആയിക്കൊണ്ടിരിക്കുകയാണ്. ഇങ്ങനെയുള്ള സ്റ്റെപ്പുകൾ ഒക്കെ ഇത് എങ്ങനെ സാധിക്കുന്നു എന്നാണ് പലരും ചോദിക്കുന്നത്. ഉത്സവപ്പറമ്പുകളിൽ സ്ഥിരമായി കാണുന്ന പാമ്പ് ഡാൻസ് ആണല്ലോ ഇത് എന്നും ചിലർ കമൻറ് ചെയ്യുന്നുണ്ട്. എന്തായാലും സംഭവം കലക്കിയിട്ടുണ്ട് എന്ന് പ്രേക്ഷകർ ഒന്നടങ്കം പറയുന്നുണ്ട്.
എസ് ടി കെ ഫ്രെയിംസ് ബാനറിൽ സന്തോഷ് ടി കുരുവിള, കുഞ്ചാക്കോ ബോബൻ പ്രൊഡക്ഷൻസ്, ഉദയ പിച്ചേഴ്സ് എന്നീ ബാനറുകളിൽ കുഞ്ചാക്കോ ബോബനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൻറെ രചന നിർവഹിച്ചിരിക്കുന്നത് സംവിധായകൻ രതീഷ് ബാലകൃഷ്ണൻ തന്നെയാണ്. ആഗസ്റ്റ് 11നാണ് ചിത്രം തീയറ്ററുകളിൽ എത്തുന്നത്.
ഷെറിൻ പി യോഹന്നാൻ
ഒരു മലയോരഗ്രാമത്തിൽ ഇലക്ട്രോണിക്സ് ജോലികളുമായി ജീവിക്കുകയാണ് അനിക്കുട്ടൻ. നിർബന്ധ ബുദ്ധിയുള്ള, പ്രത്യേക സ്വഭാവക്കാരനായ അനി പുലർച്ചെ മൂന്നരയ്ക്ക് എണീറ്റാണ് ജോലി ചെയ്യുന്നത്. തന്റെ ജോലിക്ക് തടസ്സമാകുന്നവരോട് അയാൾ ദേഷ്യപ്പെടുന്നുണ്ട്. അസ്വസ്ഥമായ മനസ്സുമായി ജീവിക്കുന്ന, കടുത്ത ജാതീയത വച്ചു പുലർത്തുന്ന കഥാപാത്രത്തെ വ്യക്തമായി സ്‌ക്രീനിൽ എത്തിക്കുന്നുണ്ട് തിരക്കഥാകൃത്ത് മഹേഷ് നാരായണൻ.
റിലീസിന് മുൻപ്, ഒരു സർവൈവൽ ത്രില്ലർ എന്ന നിലയിലാണ് ‘മലയൻകുഞ്ഞ്’ സ്വീകാര്യത നേടിയത്. ഫഹദ്, എ ആർ റഹ്മാൻ, മഹേഷ് നാരായണൻ തുടങ്ങിയവർ ഒന്നിക്കുമ്പോൾ ഒരു നല്ല സിനിമയിൽ കുറഞ്ഞൊന്നും പ്രേക്ഷകൻ പ്രതീക്ഷിക്കില്ല. ആദ്യ പകുതിയിൽ അനിയുടെ ജീവിതം വളരെ വിശദമായി പകർത്തുന്നതിനൊപ്പം അയാളുടെ മാറ്റങ്ങൾക്ക് കാരണമായ ഭൂതകാല സംഭവങ്ങളെയും പരാമർശിക്കുന്നുണ്ട്. ഫ്ലാഷ്ബാക്ക് സീനിൽ മാത്രമാണ് ചിരിക്കുന്ന അനിയെ നാം കാണുന്നത്. ആ ചിരി മായാനുള്ള കാരണം സിനിമ പറയുമ്പോൾ അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുകൂടി ചിന്തിക്കാൻ പ്രേക്ഷകൻ തയ്യാറാകുന്നു.
അപ്രതീക്ഷിതമായ ദുരന്തത്തിൽ പെട്ടുപോകുന്ന അനിയുടെ കഥയാണ് രണ്ടാം പകുതിയിൽ. പ്രളയകാലത്തെ ഉരുൾപൊട്ടലാണ് സിനിമയുടെ പ്രധാന പ്ലോട്ട്. ആ ദുരന്തത്തിൽ അകപ്പെട്ടു പോകുന്ന അനി രക്ഷപെടാൻ പരിശ്രമിക്കുന്നുണ്ട്. അത് തിരിച്ചറിവിലേക്കുള്ള കരകയറ്റം കൂടിയാണ്. ഇവിടെയാണ് ‘മലയൻകുഞ്ഞ്’ ഒരു സർവൈവൽ ത്രില്ലർ എന്നതിലുപരി നല്ലൊരു ഡ്രാമയാകുന്നത്.
ഫഹദ് ഫാസിലിന്റെ ഗംഭീര പ്രകടനവും എ. ആർ റഹ്മാന്റെ പശ്ചാത്തലസംഗീതവുമാണ് രണ്ടാം പകുതിയെ താങ്ങിനിർത്തുന്നത്. സംവിധായകന്റെ ക്രാഫ്റ്റോ തിരക്കഥയുടെ മേന്മയോ രണ്ടാം ഭാഗത്തു കാണാൻ കഴിയില്ല. എന്നാൽ ഫഹദിന്റെ ഭാവപ്രകടനങ്ങളിലൂടെയും മികച്ച ബിജിഎമ്മിലൂടെയും പ്രേക്ഷകനെ പിടിച്ചിരുത്താൻ ചിത്രത്തിനാവുന്നുണ്ട്. ജാഫർ ഇടുക്കിയുടെ പ്രകടനവും നന്നായിരുന്നു. കാഴ്ചകാരനുമായി ഒരു വൈകാരിക ബന്ധം സൃഷ്ടിക്കാൻ ക്ലൈമാക്സിനാവുന്നു.
മഴയുടെ ഭീകരതയും കഥാപരിസരവും കൃത്യമായി സ്‌ക്രീനിൽ എത്തിക്കാൻ ഛായാഗ്രാഹകന് കഴിഞ്ഞിട്ടുണ്ട്. രണ്ടാം പകുതിയിലെ രംഗങ്ങളെല്ലാം എത്രമാത്രം ബുദ്ധിമുട്ടിയാണ് ചിത്രീകരിച്ചതെന്ന് സിനിമ കണ്ടാൽ ബോധ്യമാകും. സജിമോൻ എന്ന സംവിധായകന്റെ ക്രാഫ്റ്റ് കാണാനാകില്ലെങ്കിലും കഥ പറച്ചിലിലും ഈയൊരു വിഷയം കൈകാര്യം ചെയ്ത രീതിയിലും അദ്ദേഹം നീതി പുലർത്തിയിട്ടുണ്ട്.
തന്റെ ജീവിതാനുഭവങ്ങൾ കാരണം ഒതുങ്ങി, ഒറ്റപ്പെട്ട്, കടുത്ത ജാതീയതയിൽ ജീവിക്കുന്ന ഒരു മനുഷ്യൻ. പ്രകൃതി അയാളെ കൊണ്ടെത്തിക്കുന്നത് തിരിച്ചറിവുകളുടെ മലവെള്ളപാച്ചിലിലേക്കാണ്. ‘മലയൻകുഞ്ഞ്’ മികച്ച തിയേറ്റർ എക്സ്പീരിയൻസ് ആവുന്നതും അവിടെയാണ്.
Bottom Line – കഥാപാത്ര സൃഷ്ടിയിലും ആഖ്യാനത്തിലും മികച്ചു നിൽക്കുന്ന ചിത്രം സർവൈവൽ ത്രില്ലർ എന്നതിലുപരി നല്ലൊരു ഡ്രാമയായാണ് എനിക്ക് അനുഭവപ്പെട്ടത്. അനിയുടെ താഴ്ചയും ഉയർച്ചയും അടയാളപ്പെടുത്തുന്നതിനൊപ്പം കൃത്യമായ രാഷ്ട്രീയവും ചിത്രം മുന്നോട്ട് വയ്ക്കുന്നു.
മലയാള സിനിമയിലെ ഒരുകാലത്തെ നിറ സാന്നിധ്യമായിരുന്നു നടൻ ടി പി മാധവൻ. ഹാസ്യ കഥാപാത്രങ്ങളും, സീരിയസ് വേഷങ്ങളുമെല്ലാം ഭംഗിയായി അവതരിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു. സിനിമയിലേയ്ക്ക് പ്രവേശിച്ച സമയത്ത് വില്ലൻ കഥപാത്രങ്ങളിലായിരുന്നു കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചതെങ്കിൽ പിന്നീട് പതിയെ അത് കോമഡി വേഷങ്ങളിലേയ്ക്ക് മാറുകയായിരുന്നു.
അറുനൂറിലേറെ സിനിമകളിൽ അഭിനയിച്ച അദ്ദേഹമിപ്പോൾ പത്തനാപുരത്തെ ഗാന്ധിഭവൻ അന്തേവാസിയാണ്. ആരോഗ്യപരമായ ബുദ്ധിമുട്ടുകളും, കടുത്ത ദാരിദ്രവും അദ്ദേഹത്തെ അവിടേയ്ക്ക് കൊണ്ടെത്തിക്കുകയായിരുന്നു. ഇപ്പോഴിതാ തൻ്റെ മകനെ ഒരു നോക്ക് കാണണമെന്നുള്ള ആഗ്രഹം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം.
ഫ്ലവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്ത അമ്മമാരുടെ സംസ്ഥാന സമ്മേളനം എന്ന പരിപാടിയിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു പത്തനാപുരത്തെ ഗാന്ദിഭവൻ സ്ഥാപകനും, ടി പി മാധവൻ്റെ അടുത്ത സുഹൃത്തു കൂടിയായ പുനലൂർ സോമരാജൻ ഇക്കാര്യങ്ങളെല്ലാം പങ്കുവെക്കാനിടയായത് . ഫ്ലവേഴ്സിലെ പരിപാടിയിൽ പങ്കെടുക്കാൻ പോവുന്നുണ്ടെന്ന് അറിഞ്ഞ തന്നോട് ടി പി മാധവൻ സർ തന്നോട് രണ്ട് ആഗ്രഹങ്ങൾ ശ്രീകണ്ഠൻ നായരോട് പറയാൻ ആവശ്യപ്പെട്ടിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. ഒന്നാമത്തെ ആഗ്രഹം മോഹൻലാലിനെ ഒന്ന് കാണണമെന്നും, രണ്ടാമത്തെ ആഗ്രഹം മകനെ ഒന്ന് കാണണമെന്നത് ആണെന്നും വേദിയിൽ വെച്ച് പുനലൂർ സോമരാജ് പറഞ്ഞു.
ടി പി മാധവൻ്റെ മകൻ രാജകൃഷ്ണമേനോന് ബോളിവുഡിൽ അറിയപ്പെടുന്ന സംവിധായകനാണ്. മകന് കേവലം രണ്ടര വയസ് മാത്രം പ്രായമുള്ള സമയത്താണ് ടി പി മാധവൻ കുടുംബത്തെ ഉപേക്ഷിച്ച് സിനിമയ്ക്ക് മാത്രമായി ജീവിതം മാറ്റിവെക്കുന്നത്. ആ കാലത്ത് സിനിമ അദ്ദേഹത്തിന് ഒരു ഭ്രാന്തായിരുന്നു. സിനിമ മോഹം കൂടി പിന്നെ കുടുംബത്തെ അദ്ദേഹം പൂർണമായി ഉപേക്ഷിക്കുകയായിരുന്നു. വർഷങ്ങൾക്ക് ശേഷമാണ് തനിയ്ക്ക് മകനെ ഒന്ന് കാണണമെന്ന ആഗ്രഹം ടി പി മാധവൻ പങ്കുവെക്കുന്നത്. തന്നെയും കുടുംബത്തെയും വളരെ ചെറുപ്പത്തിൽ തന്നെ ഉപേക്ഷിച്ച് പോയ അച്ഛനെ തനിയ്ക്ക് കാണാൻ ആഗ്രഹമില്ലെന്ന് മകൻ രാജകൃഷ്‌ണമേനോൻ മുൻപൊരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
സിനിമയിൽ അഭിനയിക്കുന്ന ആളുകൾക്ക് ഭർത്താവോ, ഭാര്യയോ പാടില്ലെന്നും ഭർത്താവ് മറ്റൊരു സ്‌ത്രീയ്‌ക്കൊപ്പം ഇഴകിച്ചേർന്ന് അഭിനയിക്കുന്നത് ഏത് ഭാര്യയ്ക്കാണ് ഇഷ്ടപ്പെടുകയെന്നും, അവരും ഒരു സ്ത്രീയല്ലേ ? അത് മാത്രമല്ല മാഗസിനുകളിൽ വരുന്ന ഗോസിപ്പുകളെല്ലാം ഭാര്യമാർ വിശ്വസിക്കുമെന്നും, ഒരു നടി ഫോൺ വിളിച്ചാലോ, നടിമാർക്കൊപ്പം സഞ്ചരിച്ചാലോ എല്ലാം വലിയ പ്രശ്നങ്ങളാണെന്നും ഇതൊന്നും സഹിക്കാനോ നേരിടാനോ കഴിയാത്തത് കൊണ്ടാണ് താൻ പിന്നീട് വിവാഹബന്ധം വേർപ്പെടുത്തിയത് എന്നായിരുന്നു ടി പി മാധവൻ മുൻപൊരിക്കൽ പറഞ്ഞത്. പിപ്പ, ഷെഫ്, എയർലിഫ്റ്റ് തുടങ്ങി ശ്രദ്ധിക്കപ്പെട്ട നിരവധി ചിത്രങ്ങൾ ടി പി മാധവൻ്റെ മകൻ രാജാ കൃഷ്ണ മേനോൻ്റെ സംവിധാനത്തിൽ പിറന്ന ചിത്രങ്ങളാണ്. ബാംഗ്ലൂരിലാണ് അമ്മയ്‌ക്കൊപ്പം രാജകൃഷ്ണമേനോൻ പഠിച്ചതും, വളര്ന്നതും.
ജോഷി, സുരേഷ് ഗോപി, മമ്മൂട്ടി കൂട്ടുകെട്ടിൽ ഒരുക്കിയ ബോക്സോഫീസ് ചിത്രമായിരുന്നു നായർ സാഹിബ്. സിനിമയുടെ ചിത്രീകരണ സമയത്തെ രസകരമായ ഒരനുഭവം തുറന്ന് പറഞ്ഞിരിക്കുകയാണ് സുരേഷ് ഗോപി . അഭിമുഖത്തിലാണ് നടൻ പഴയ കഥ പറഞ്ഞത്. നായർ സാബിന്റെ ഷൂട്ടിങ്ങ് നടക്കുന്ന സമയത്താണ് താൻ ജോഷിയുടെ സെറ്റിൽ നിന്ന് ഇറങ്ങിയോടിയത്.
ഇന്ത്യ ഗേറ്റിന് മുന്നിൽ വെച്ചായിരുന്നു ഷൂട്ടിങ്ങ് നടക്കുന്നത്. തെലുങ്ക് വേർഷനും കന്നട വേർഷനും ഒന്നിച്ചാണ് ഷൂട്ട് ചെയ്യുന്നത്. രാത്രി മുഴുവൻ കാണാതെ പഠിച്ചിട്ടും ഷൂട്ടിങ്ങ് സമയത്ത് രണ്ട് ഭാഷകളും തമ്മിൽ മാറിപോകും. തെലുങ്കിൽ പറയേണ്ട ഡയലോഗ് കന്നടയിൽ പറയും. കന്നടയിൽ പറയേണ്ട ഡയലോഗ് തെലുങ്കിൽ പറയും അങ്ങനെ മാറിയും തിരിച്ചും പറഞ്ഞ് അഞ്ച് ആറ് ടേക്ക് എടുത്ത് കഴിഞ്ഞു.
ഇപ്പോഴത്തെ പോലെ അന്ന് ഡിജിറ്റൽ അല്ല. ഫിലിമാണ് അന്ന് ഉപയോഗിക്കുന്നത്. ഒരോ തവണയും ഫിലിം കട്ട് ചെയ്ത് അവസാനം ജോഷിക്ക് ദേഷ്യം വന്നെന്നും അപ്പോൾ അദ്ദേഹം ദേഷ്യത്തിൽ പറഞ്ഞു നീ മലയാളത്തിൽ പറ എന്നിട്ട് നമ്മുക്ക് ഡബ് ചെയ്യാമെന്ന്. അത് കേട്ടപ്പോൾ തന്നെ തനിക്ക് ദേഷ്യവും സങ്കടവും വന്നു.
താൻ ഉടൻ തന്നെ കേരളത്തിലേയ്ക്കുള്ള ഫ്ലെെറ്റിൽ നാട്ടിലെത്തിയെന്ന് അദ്ദേഹം പറഞ്ഞു. അവസാനം ജോഷി കേരളത്തിൽ നിന്ന് ആളെ വിളിപ്പിച്ച് തന്നോട് സംസാരിച്ചു അതോടെ വീണ്ടും അഭിനയിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
മികച്ച ഗായികക്കുള്ള ദേശീയ പുരസ്‌കാരം നഞ്ചിയമ്മക്ക് നല്‍കിയതില്‍ പരാതിയുമായി സംഗീതജ്ഞന്‍ ലിനുലാല്‍. സംഗീതത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചവര്‍ക്ക് നഞ്ചിയമ്മക്ക് അവാര്‍ഡ് നല്‍കിയത് അപമാനമായി തോന്നിയെന്ന് ലിനു ലാല്‍ പറഞ്ഞു. ഫേസ്ബുക്കില്‍ വീഡിയോയിലൂടെയായിരുന്നു ലിനു ലാലിന്റെ പ്രതികരണം.
മൂന്നും നാലും വയസ് മുതല്‍ സംഗീതം അഭ്യസിച്ച് അവരുടെ ജീവിതം സംഗീതത്തിനു വേണ്ടി മാത്രം മാറ്റിവെക്കുന്ന ഒരുപാട് പേരുണ്ട്. അവര്‍ തണുത്തതും എരിവുള്ളതും കഴിക്കില്ല, തണുപ്പുള്ള സ്ഥലത്തുപോകില്ല അങ്ങനെയൊക്കെയുള്ളവര്‍. പട്ടിണികിടന്നാലും മ്യൂസിക് അല്ലാതെ മറ്റൊന്നുമില്ലെന്ന് ചിന്തിക്കുന്നവര്‍.
അങ്ങനെ ഒരുപാട് ആളുകളുണ്ട്. അങ്ങനെയുള്ള ഒരുപാട് പേരുള്ളപ്പോള്‍ നഞ്ചിയമ്മ പാടിയ ഈ പാട്ടിന് മികച്ച ഗായികയ്ക്കുള്ള നാഷണല്‍ അവാര്‍ഡ് കൊടുക്കുക എന്നുപറഞ്ഞാല്‍. പുതിയൊരു സോങ് കമ്പോസ് ചെയ്ത് നഞ്ചിയമ്മയെ സ്റ്റുഡിയോയിലേക്ക് വിളിച്ച് ആ പാട്ട് പാടിപ്പിക്കാമെന്നുവച്ചാല്‍ അത് സാധിക്കുമെന്ന് തോന്നുന്നില്ലെന്നും ലിനുലാല്‍ പറഞ്ഞു.
ഒരാഴ്ചയോ ഒരുമാസം കൊടുത്ത് പഠിച്ചിട്ടുവരാന്‍ പറഞ്ഞാല്‍ പോലും സാധാരണ ഒരു ഗാനം പാടാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. ദാസ് സാറൊക്കെ ഒരു ദിവസം എട്ടും പത്തും പാട്ടൊക്കെ പാടിയിട്ടുണ്ട്. അതുപോലെ ചിത്ര ചേച്ചി. മധുബാലകൃഷ്ണനൊക്കെ 15 മിനിറ്റ് നേരം കൊണ്ട് ഒരു പാട്ട് പാടിപ്പോകും. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഗാനം 2020 ലെ ഏറ്റവും നല്ല പാട്ടായി തനിക്ക് തോന്നുന്നില്ലെന്നും ലിനു പറഞ്ഞു.
‘ഇന്ത്യയിലെ ഏറ്റവും നല്ല പാട്ടായിരുന്നോ അയ്യപ്പനും കോശിയിലെ നഞ്ചിയമ്മ പാടിയ പാട്ട്, അല്ലെങ്കില്‍ ഏറ്റവും നന്നായി പാടിയ പാട്ടായിരുന്നോ? എനിക്കതില്‍ സംശയമുണ്ട്. നഞ്ചിയമ്മയോട് എനിക്ക് യാതൊരു വിരോധവുമില്ല. അവരെ എനിക്ക് അധികം ഇഷ്ടമാണ്. ആ ഫോക് സോങ് അവര് നല്ല രസമായി പാടിയിട്ടുണ്ട്. ഞങ്ങളുള്ള ഒന്നു രണ്ടു വേദിയില്‍ ഈ അമ്മ വന്നിട്ടുണ്ട്. പിച്ച് ഇട്ടുകൊടുത്താല്‍ അതിനു അനുസരിച്ച് പാടാനൊന്നും കഴിയില്ല. അങ്ങനെയുള്ള ഒരാള്‍ക്കാണോ പുരസ്‌കാരം കൊടുക്കേണ്ടത്.
അയ്യപ്പനും കോശിയും സിനിമയിലെ ആ ഗാനം ആ അമ്മ നല്ല രസമായി പാടിയിട്ടുണ്ട്. അതുകൊണ്ടു ആ അമ്മയ്ക്ക് ഒരു സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം നല്‍കാമായിരുന്നു,’ ലിനു പറഞ്ഞു.
അതേസമയം, ഗായികമാരായ സിതാര കൃഷ്ണകുമാറും സുജാതയും മാത്രമായിരുന്നു പുരസ്‌കാര നേട്ടത്തില്‍ നഞ്ചിയമ്മക്ക് അഭനന്ദനവുമായി എത്തിയിരുന്നത്. സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയിലെ കലക്കാത്ത എന്ന ഗാനത്തിനാണ് മികച്ച ഗായികയ്ക്കുള്ള ദേശീയപുരസ്‌കാരം ഗായിക നഞ്ചിയമ്മയെ തേടിയെത്തിയത്. കഴിഞ്ഞ സംസ്ഥാന അവാര്‍ഡ് വേളയില്‍ പ്രത്യേക ജൂറി അവാര്‍ഡും നഞ്ചിയമ്മക്കുണ്ടായിരുന്നു.
ഷെറിൻ പി യോഹന്നാൻ
കേരളത്തിലെ ഒരു ക്ഷേത്രമുറ്റത്ത് ഒരു ദിവസം രാവിലെ അപൂർണാനന്ദൻ എന്ന സ്വാമി പ്രത്യക്ഷപ്പെടുന്നു. ആളുകളെല്ലാം വലിയ ആരാധനയോടെ ചുറ്റും കൂടി. അപ്പോഴാണ് ക്ഷേത്രത്തിലെ വിഗ്രഹം മോഷണം പോയതായി അറിയുന്നത്. വിഗ്രഹം സ്വാമിയുടെ അടുത്തുനിന്ന് കണ്ടെടുക്കുന്നതോടെ അദ്ദേഹം കള്ളനാകുന്നു. അങ്ങനെ സ്വാമി വിചാരണയ്ക്കായി കോടതിയിൽ എത്തുന്നു. ഇത് വർത്തമാനകാലത്തെ കഥയാണ്. ഭൂതകാലത്തെ കഥ പറഞ്ഞുകൊണ്ടാണ് ചിത്രം ആരംഭിക്കുന്നത്.
രുദ്ര മഹാവീര ഉഗ്രസേന മഹാരാജാവിന്റെ രോഗവും അതിന് പരിഹാരമാർഗം കാണാനുള്ള മന്ത്രിയുടെ ശ്രമവും തുടക്കത്തിൽ പറയുന്നുണ്ട്. ടൈം ട്രാവൽ, ഫാന്റസി എലമെന്റുകൾ ഉൾപ്പെടുന്ന ‘മഹാവീര്യർ’ ഒരു കോർട്ട് റൂം ഡ്രാമ എന്ന നിലയിൽ ശക്തമാണ്. ഒപ്പം കൃത്യമായ ആക്ഷേപഹാസ്യവും ചിത്രം ഒളിച്ചുവെക്കുന്നുണ്ട്. പരീക്ഷണ ചിത്രമെന്ന നിലയിൽ താല്പര്യമുണർത്തുമ്പോഴും ശരാശരി സിനിമ അനുഭവം സമ്മാനിക്കാനേ ‘മഹാവീര്യർ’ക്ക് സാധിക്കുന്നുള്ളൂ.
ചിരിയും ചിന്തയുമുണർത്തുന്ന ആദ്യ പകുതി മികച്ചു നിൽക്കുന്നു. കോടതി വിചാരണയിൽ ഉയരുന്ന ചോദ്യങ്ങളൊക്കെയും പ്രസക്തമാണ്. തിരക്കഥയുടെ ശക്തിയും സംഭാഷണങ്ങളും ആദ്യ പകുതിയെ സമ്പന്നമാക്കുന്നു. നിവിൻ പോളി, ലാലു അലക്സ്, മല്ലിക സുകുമാരൻ എന്നിവരുടെ പ്രകടനം ആദ്യ പകുതിയിൽ ശ്രദ്ധേയമാണ്. എല്ലാ കാലത്തും പ്രസക്തമായ വിഷയമാണ് സിനിമ സംസാരിക്കുന്നത്. എന്നാൽ പറയുന്ന രീതി വ്യത്യാസപ്പെട്ടിരിക്കും.
പരീക്ഷണത്തിൽ അധിഷ്ഠിതമായ രണ്ടാം പകുതിയാണ് എബ്രിഡ് ഷൈൻ നമുക്ക് മുന്നിലെത്തിക്കുന്നത്. രാജഭരണത്തിനു കീഴിലുള്ള വിചാരണയെ പറ്റി പറയുമ്പോഴും സംഭാഷണങ്ങളുടെ കാഠിന്യവും അതിനാടകീയതയിലേക്ക് വഴുതിപ്പോയ രംഗങ്ങളും ആസ്വാദനത്തെ ബാധിക്കുന്നു. സിനിമയുടെ ഗ്രാഫ് താഴുന്നതിനൊപ്പം അപൂർണാനന്ദനെ പോലെ സിനിമയും അപൂർണമായി അനുഭവപ്പെടും. രണ്ടാം പകുതിയിൽ നിവിൻ പോളി കഥാപാത്രത്തിന് കാര്യമായി ഒന്നും ചെയ്യാനില്ല. ആസിഫ് അലി, സിദ്ദിഖ്, ലാൽ എന്നിവർ തങ്ങളുടെ കഥാപാത്രങ്ങളെ പൂർണതയിൽ എത്തിച്ചിട്ടുണ്ട്.
സാങ്കേതിക വശങ്ങളിൽ മികവ് പുലർത്തുന്ന ചിത്രമാണ് ‘മഹാവീര്യർ’. ഛായാഗ്രഹണം, കലാസംവിധാനം, കളർ ഗ്രേഡിങ് എന്നിവയെല്ലാം ചിത്രത്തിന്റെ മൂഡ് നിലനിർത്തുന്നുണ്ട്. ‘വരാനാവില്ലേ’ എന്ന ഗാനം മനോഹരമാണ്.
രാജഭരണത്തിന് കീഴിൽ, ഏകാധിപത്യത്തിന് കീഴിൽ നിയമവും നിയമപാലകരും നിയമസംവിധാനവും നോക്കുകുത്തിയാവുന്ന സ്ഥിതിയെ ദൃശ്യവത്കരിക്കുകയാണ് ‘മഹാവീര്യർ’. അത് ഇന്നത്തെ സാമൂഹിക – രാഷ്ട്രീയ അവസ്ഥകളോട് ചേർന്ന് നിൽക്കുകയും ചോദ്യമുന്നയിക്കുകയും ചെയ്യുന്നു. ഭരണാധികാരിയുടെ അധികാരത്തിൻ കീഴിൽ കണ്ണീർ വറ്റി പോകുന്ന പ്രജകളെ ബിംബവത്കരിക്കുന്നതിനൊപ്പം അവരിൽ നിന്ന് സന്തോഷ കണ്ണീർ ഒഴുക്കാൻ ഭരണാധികാരികൾക്ക് കഴിയുമോ എന്ന ചോദ്യവും സിനിമ പ്രേക്ഷകന് മുന്നിലേക്ക് നീട്ടുന്നു.
Bottom Line – എം മുകുന്ദന്റെ കഥയിൽ എബ്രിഡ് ഷൈൻ സംവിധാനം നിർവഹിച്ച ‘മഹാവീര്യർ’ ആക്ഷേപ ഹാസ്യ ചിത്രം എന്ന നിലയിലും പരീക്ഷണ ചിത്രം എന്ന നിലയിലും മികവ് പുലർത്തുന്നു. എന്നാൽ രണ്ടാം പകുതിയിലെ പല രംഗങ്ങളും ആസ്വാദനത്തിന് വിലങ്ങുതടിയാവുന്നുണ്ട്. ഒരാത്മാവിനെയും അധികാരത്തിന്റെ ചാട്ടകളിൽ തളച്ചിടാനാവില്ലെന്ന് പറയുമ്പോഴും വീര്യം കുറഞ്ഞ മഹാവീര്യരാണ് പ്രേക്ഷകനുമായി സംവദിക്കുന്നത്.
എൺപതുകൾ മുതൽ മലയാള സിനിമയിൽ സജീവമായ നടിയാണ് സീമ. ഒരു കാലത്ത് മലയാള സിനിമയിലെ തന്റെടിയും മോഡോണുമായ നടി.
വിവിധ ഭാഷകളിലായി സീരിയലുകളിലും സിനിമയിലും സജീവ സാന്നിധ്യമായിരുന്ന സീമ ഇന്നും ഇടയ്ക്കിടയ്ക്ക് മലയാളത്തിൽ വന്ന് പോകാറുണ്ട്. സീമയെപ്പറ്റി മുകേഷ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
സീമയ്ക്കൊപ്പം നിരവധി സിനിമകളിൽ പ്രവർത്തിച്ചിട്ടുള്ള നടനാണ് മുകേഷ്. ഇപ്പോൾ സീമയും അന്തരിച്ച മുൻ മുഖ്യമന്ത്രി ഇ.കെ നായനാരും ഉൾപ്പെട്ട ഒരു രസകരമായ സംഭവത്തെ കുറിച്ച് പറയുകയാണ് നടൻ മുകേഷ്. തന്റെ യുട്യൂബ് ചാനലിലൂടെയാണ് മുകേഷ് ഈ വിശേഷം പങ്കുവെക്കുന്നത്.
ഇ.കെ നായനാർ കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനം അലങ്കരിക്കുമ്പോൾ അത് മനസിലാക്കാതെ അദ്ദേഹത്തോട് സംസാരിക്കുകയും ജോലി ബിസിനസാണോയെന്ന് ചോദിക്കുകയും ചെയ്ത വ്യക്തിയാണ് സീമ എന്നാണ് മുകേഷ് പറയുന്നത്. ഈ കഥ ദാമോദരൻ സാറാണ് സീമ ചേച്ചിയുടെ സാന്നിധ്യത്തിൽ ഞങ്ങളോട് പറഞ്ഞത്. ദമോദരൻ മാഷിനൊപ്പം ഒരു പുരസ്കാര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു സീമ ചേച്ചി. മൈതാനത്ത് ഒരുക്കിയ പുരസ്കാര ചടങ്ങിൽ അവാർഡ് വിതരണം ചെയ്യുന്നത് അന്നത്തെ മുഖ്യമന്ത്രി ഇ.കെ നായനാരാണ്. സീമ ചേച്ചിക്കും പുരസ്‌കാരം ഉണ്ടായിരുന്നു.
ദാമോദരൻ മാഷിനടുത്തായി സീമ ചേച്ചിയും ഇരുന്നു. മുഖ്യമന്ത്രി ഇ.കെ നായനാർ വന്ന് സീമ ചേച്ചിയുെട അടുത്തുള്ള സീറ്റിലിരുന്നു. അദ്ദേഹം വന്നപ്പോൾ ദാമോദരൻ മാഷ് സീമ ചേച്ചിയെ ഇ.കെ നായനാർ സാറിന് പരിചയപ്പെടുത്തി കൊടുത്തു. സീമ ചേച്ചിയുടെ സിനിമകൾ താൻ കണ്ടിട്ടുണ്ടെന്ന് ഇ.കെ നായനാറും പറഞ്ഞു. സീമ ചേച്ചിയും അദ്ദേഹം പ്രശംസിക്കുന്നത് കേട്ട് നന്ദിയൊക്കെ പറഞ്ഞു ദാമോദരൻ മാഷ് അതിനിടയിൽ സംഘാടകർക്ക് നിർദേശം നൽകുന്ന തിരക്കിലേക്ക് പോയെന്നും. അതിനിടയിൽ സീമ ചേച്ചി നായനാർ സാറിനോട് ചോദിക്കുകയാണ് എന്ത് ചെയ്യുന്നു ബിസിനസാണോയെന്നൊക്കെ… ചോദിച്ചു. ഇത് കേട്ട് ഇ.കെ നായനാർ സാറിന് ഒന്നും മനസിലായില്ല. അദ്ദേഹത്തെ കളിയാക്കിയയതാണോ… സീരിയസായിട്ട് ചോദിച്ചതാണോ എന്നൊന്നും മനസിലായില്ല.’
ഉടൻ ദാമോദരൻ സാർ ഇടപെട്ട് കാര്യങ്ങൾ കുളമാകുന്നതിന് മുമ്പ് ഇ.കെ നായനാർ കൂട്ടി വേദിയിലേക്ക് പോയെന്നും. അപ്പോഴും അദ്ദേഹത്തിന്റെ മുഖത്ത് സീമ എന്തുകൊണ്ട് അങ്ങനൊരു ചോദ്യം ചോദിച്ചുവെന്ന ഭാവമായിരുന്നുവെന്നും മുകേഷ് പറഞ്ഞു. ഈ കഥ ദാമോദരൻ സാറാണ് സീമ ചേച്ചിയുടെ സാന്നിധ്യത്തിൽ ഞങ്ങളോട് പറഞ്ഞത്.
കാരണം സീമ ചേച്ചിക്ക് ഇ.കെ നായനാർ കേരളത്തിന്റെ മുഖ്യമന്ത്രിയാണെന്ന് അന്ന് അറിയില്ലായിരുന്നു. ഈ സംഭവത്തെ കുറിച്ച് ഞങ്ങൾ ചോദിച്ചപ്പോൾ സീമ ചേച്ചി പറഞ്ഞത് ഇങ്ങനെയായിരുന്നു…. എനിക്കെങ്ങനെ അറിയാൻ പറ്റും. ഞാൻ അങ്ങ് ചെന്നൈയിലല്ലേ. എനിക്കറിയില്ലായിരുന്നു അദ്ദേഹം മുഖ്യമന്ത്രിയാണെന്ന്. ഒരു മനുഷ്യനാണെങ്കിൽ ആദ്യം പറയണ്ടെ പരിചയപ്പെട്ട് കഴിയുമ്പോൾ ഞാൻ മുഖ്യമന്ത്രിയാണെന്ന്. നമ്മളൊക്കെ പറയാറില്ലേ. അദ്ദേഹം ആരാണെന്ന് അദ്ദേഹം തന്റഎടുത്ത് പറയണമായിരുന്നു എന്നാണന്നും മുകേഷ് പറഞ്ഞു
68–ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച സംവിധായകനുള്ള പുരസ്കാരം അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ സംവിധായകനായ സച്ചി നേടി. മികച്ച നടനുള്ള പുരസ്കാരം സുര്യയും അജയ് ദേവ്ഗണും പങ്കിട്ടു. സൂരരൈ പോട്ര് എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച നടിയായി അപർണ ബാലമുരളിയും തിരഞ്ഞെടുക്കപ്പെട്ടു. ബിജു മേനോനാണ് മികച്ച സഹനടൻ. മികച്ച മലയാള സിനിമയ്ക്കുള്ള പുരസ്കാരം തിങ്കളാഴ്ച നിശ്ചയത്തിനു ലഭിച്ചു. മികച്ച സംഘട്ടനസംവിധാനത്തിന് അയ്യപ്പനും കോശിയും പുരസ്കാരം നേടി.
2020–ൽ പുറത്തിറങ്ങിയ 295 ഫീച്ചർ സിനിമകളും 105 നോൺ ഫീച്ചർ സിനിമകളുമാണ് പുരസ്കാരത്തിനായി മത്സരിച്ചത്.നിർമാതാവും സംവിധായകനുമായ വിപുൽ ഷാ ആയിരുന്നു ജൂറി ചെയർമാൻ. അനൂപ് രാമകൃഷ്ണൻ എഴുതി മലയാള മനോരമ പുറത്തിറക്കിയ ‘എംടി അനുഭവങ്ങളുടെ പുസ്തകം’ എന്ന പുസ്തകത്തിന് മികച്ച സിനിമാഗ്രന്ഥത്തിനുള്ള പ്രത്യേക പരാമർശം ലഭിച്ചു. മലയാളി ഛായാഗ്രാഹകനായ നിഖിൽ എസ് പ്രവീൺ മികച്ച നോൺ ഫീച്ചർ സിനിമ ഛായാഗ്രാഹകനുള്ള പുരസ്കാരം നേടി. ഫിലിം ഫ്രണ്ട്‌ലി സ്റ്റേറ്റിനുള്ള പുരസ്കാരം രസ്കാരം മധ്യപ്രദേശ് നേടി. ഉത്തർപ്രദേശും ഉത്തരാഖണ്ഡും വിഭാഗത്തിൽ പ്രത്യേര പരാമർശം നേടി. സംവിധായകൻ പ്രിയദർശൻ അധ്യക്ഷനായ ജൂറിയാണ് ഇൗ പുരസ്കാരങ്ങൾ തിരഞ്ഞെടുത്തത്.
കച്ച സിനിമ പുസ്‍തകം : അനൂപ് രാമകൃഷ്‍ണന്‍ എഴുതിയ എം ടി അനുഭവങ്ങളുടെ പുസ്‍തകം
നോണ്‍ ഫീച്ചറില്‍ മികച്ച ഛായാഗ്രാഹണം :നിഖില്‍ എസ് പ്രവീണ്‍
‘ശബ്‍ദിക്കുന്ന കലപ്പ’യുടെ ഛായാഗ്രാഹണത്തിന് ആണ് നിഖില്‍ എസ് പ്രവീണിനു പുരസ്‍കാരം ലഭിച്ചത്.
മികച്ച സംവിധായകന്‍ : സച്ചി (‘അയ്യപ്പനും കോശിയും’)
മികച്ച മലയാള ചിത്രം ‘തിങ്കളാഴ്ച നിശ്ചയം’
മികച്ച വിദ്യാഭ്യാസ ചിത്രം: ‘ഡ്രീമിംഗ് ഓഫ് വേര്‍ഡ്സ്’ (നന്ദൻ).
മികച്ച വിവരണം: ശോഭ തരൂര്‍ ശ്രീനിവാസന്‍
മലയാള ചലച്ചിത്രം ‘വാങ്കി’ന് ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ പ്രത്യേക പരാമര്‍ശം.
മികച്ച സങ്കട്ടന സംവിധാനം : മാഫിയ ശശി (അയ്യപ്പനും കോശിയും)
മികച്ച പ്രൊഡക്ഷൻ ഡിസൈനിങ്ങിനുള്ള പുരസ്കാരം കപ്പേളയ്ക്ക്
മികച്ച സംഗീത സംവിധാനം ജി വി പ്രകാശ് കുമാര്‍ (സൂരറൈ പോട്രു)
മികച്ച നടി: അപർണ ബാല മുരളി (സൂരറൈ പോട്രു)
മികച്ച നടന്മാർ: സൂര്യ (സൂരറൈ പോട്രു), അജയ് ദേവ്ഗൺ
മികച്ച സഹനടൻ: ബിജു മേനോൻ (അയ്യപ്പനും കോശിയും )
മികച്ച പിന്നണി ഗായിക : നഞ്ചിയമ്മ (അയ്യപ്പനും കോശിയും )
മികച്ച സംഗീത സംവിധായകൻ : ജീ വി പ്രകാശ് കുമാര്‍ (സൂരറൈ പോട്രു)
ഉലകനായകൻ കമൽഹാസനു പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് മലയാളികളുടെ അഭിമാനതാരമായ ഫഹദ് ഫാസിൽ. ഫഹദിലെ നടനോട് തനിക്കുള്ള ഇഷ്ടത്തെ കുറിച്ച് മുൻപും അഭിമുഖങ്ങളിൽ കമൽ തുറന്നു പറഞ്ഞിട്ടുണ്ട്. ആ ഇഷ്ടം തന്നെയാണ്, വിക്രം എന്ന ചിത്രത്തിലെ ഏറെ അഭിനയസാധ്യതയുള്ള വേഷത്തിലേക്ക് ഫഹദിനെ ക്ഷണിക്കാൻ കമലഹാസന് പ്രചോദനമായതും. ഫഹദിന്റെ കഥാപാത്രത്തിന് ‘വിക്ര’ത്തിൽ ലഭിക്കുന്ന പ്രാമുഖ്യവും ചേർത്തുനിർത്തലുകളും ഇരുതാരങ്ങൾക്കുമിടയിലെ സ്നേഹവായ്പു കൂടി വെളിവാക്കുന്നതായിരുന്നു.
ഫഹദിന്റെ പുതിയ ചിത്രം മലയൻകുഞ്ഞ് നാളെ തിയേറ്ററുകളിലേക്ക് എത്താനിരിക്കെ, തന്റെ പ്രിയപ്പെട്ട നടന് ആശംസകൾ നേർന്നുകൊണ്ട് കമൽഹാസൻ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നു. മലയൻകുഞ്ഞിന്റെ ട്രെയിലർ ട്വിറ്ററിൽ പങ്കുവെച്ചുകൊണ്ടായിരുന്നു കമലിന്റെ പ്രതികരണം. ഫാസിലിന്റെ കുഞ്ഞ് തന്റെയുമാണെന്നാണ് സ്നേഹവായ്പോടെ കമൽ കുറിച്ചത്.
“ഫാസിലിന്റെ കുഞ്ഞ് എന്റെയുമാണ്. എല്ലാ സമയത്തും മികവ് വിജയിക്കട്ടെ. ഫഹദ് മുന്നേറുന്നു. എന്റെ എല്ലാ ഏജന്റുമാരും വിജയിക്കണം. പരാജയം ഒരു തിരഞ്ഞെടുപ്പല്ല. ഒരു ടീം എന്താണെന്ന് അവരെ കാണിക്കൂ,” കമൽ കുറിക്കുന്നു.
Fazilinde kunju Endeyimanu = Fazil’s child is also mine.
Let excellence win all the time. Fahad forge ahead. All my agents should win. Failure is not a choice. Go show them what a team is all about. #FahaadhFaasil @maheshNrayanhttps://t.co/Sl4y19sFPH— Kamal Haasan (@ikamalhaasan) July 16, 2022
‘ഫാസിൽ സാറിനോട് സ്നേഹവും ആദരവും. ഫഹദ്, നിങ്ങൾ എപ്പോഴും പുതിയ കഥകൾ കൊണ്ട് എന്നെ ആശ്ചര്യപ്പെടുത്തുകയാണ്. തികച്ചും വ്യത്യസ്തത തീർക്കുന്ന ദൃശ്യങ്ങൾ കണ്ട് ഞാൻ അത്ഭുതപ്പെട്ടു’, എന്നാണ് സൂര്യ ട്വീറ്റ് ചെയ്തത്.
ഫഹദ് നായകനാകുന്ന ‘മലയൻകുഞ്ഞ്’ സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ സജിമോനാണ്. മഹേഷ് നാരായണൻ, വൈശാഖ്, വി.കെ. പ്രകാശ് എന്നിവരുടെ അസോഷ്യേറ്റ് ആയിരുന്നു സജിമോൻ. ഫാസിലാണ് ചിത്രം നിർമ്മിക്കുന്നത്. വലിയൊരു ഇടവേളയ്ക്ക് ശേഷം അച്ഛനും മകനും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.
ഉരുൾപ്പൊട്ടലിന്റെ പശ്ചാത്തലത്തിലുള്ള ഒരു സർവൈവൽ ത്രില്ലറാണ് ചിത്രം. “ഒരാളുടെ ജീവിതത്തെ ഏറ്റവും കൂടുതൽ അലട്ടിയ ശബ്ദം അയാളുടെ ജീവിതത്തിന്റെ പ്രതീക്ഷയായി മാറുകയാണ് ചിത്രത്തിൽ. നിങ്ങൾ ട്രെയിലറിൽ കണ്ടതെന്താണോ അതാണ് ഈ സിനിമ. പരസ്യങ്ങളിൽ പറയുന്നതുപോലെ ക്ലോസ്ട്രോഫോബിയ ഉള്ള ആളുകൾക്ക് ഈ സിനിമ ബുദ്ധിമുട്ടായിരിക്കും. പക്ഷേ അവർക്കേ ഇത് കുറച്ചുകൂടി മനസ്സിലാകൂ. ഇതുപോലൊരു സിനിമ മലയാളത്തിൽ വേറെ ഇല്ലെന്ന് എനിക്ക് പറയാനാകും,” എന്നാണ് ചിത്രത്തെ കുറിച്ച് ഫഹദ് അഭിമുഖത്തിൽ പറഞ്ഞത്.
രജിഷ വിജയൻ, ഇന്ദ്രൻസ്, ജാഫർ ഇടുക്കി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. മഹേഷ് നാരായണനാണ് മലയൻകുഞ്ഞിന്റെ തിരക്കഥയൊരുക്കിയത്. സീ യു സൂൺ, മാലിക് എന്നീ ചിത്രങ്ങൾക്കു ശേഷം ഇരുവരും ഒന്നിക്കുകയാണ് ‘മലയൻകുഞ്ഞി’ലൂടെ. ചിത്രത്തിന്റെ എഡിറ്റിംഗ് നിർവ്വഹിക്കുന്നതും മഹേഷ് ആണ്. എ ആര്‍ റഹ്‍മാനാണ് ചിത്രത്തിന്റെ സംഗീതസംവിധായകൻ. വിഷ്‍ണു ഗോവിന്ദും ശ്രീ ശങ്കറുമാണ് സൗണ്ട് ഡിസൈനര്‍മാർ.