ബ്രെക്‌സിറ്റ് അനന്തര വ്യാപാര ചര്‍ച്ചകളില്‍ എന്‍എച്ച്എസില്‍ സ്വകാര്യ കമ്പനികളുടെ പങ്കാളിത്തം അമേരിക്ക ആവശ്യപ്പെടുമെന്ന് ആശങ്ക. വ്യാപാര ചര്‍ച്ചകളേക്കുറിച്ചുള്ള ചോദ്യോത്തര വേളയില്‍ എന്‍എച്ച്എസ് വിഷയം ട്രാന്‍സ് അറ്റ്‌ലാന്റിക് ചര്‍ച്ചയില്‍ നിന്ന് ഒഴിവാക്കുമോ എന്ന കാര്യത്തില്‍ പ്രധാനമന്ത്രി സ്ഥിരീകരണം നല്‍കാത്തതാണ് എംപിമാര്‍ക്കിടയില്‍ ആശങ്ക പടര്‍ത്തിയത്. എന്‍എച്ച്എസില്‍ പങ്കാളിത്തത്തിനും സ്വകാര്യ കമ്പനികളുടെ പ്രാതിനിധ്യത്തിനും അമേരിക്ക ശ്രമിക്കാന്‍ സാധ്യതയുണ്ടെന്ന് എംപിമാര്‍ പ്രധാനമന്ത്രിക്ക് മുന്നറിയിപ്പ നല്‍കി. വിഷയം ചര്‍ച്ചകളില്‍ ഉള്‍പ്പെടുത്തില്ല എന്ന് ഉറപ്പ് നല്‍കാന്‍ പ്രധാനമന്ത്രിക്ക് കഴിയുമോ എന്ന് ലിബറല്‍ ഡെമോക്രാറ്റ് നേതാവ് വിന്‍സ് കേബിള്‍ ചോദിച്ചു.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള ചര്‍ച്ചകളില്‍ എന്‍എച്ച്എസ് വില്‍പനക്കില്ലെന്ന കാര്യം വ്യക്തമാക്കാന്‍ തെരേസ മേയ്ക്ക് കഴിയുമോ എന്ന കാര്യം സ്ഥിരീകരിക്കണമെന്നാണ് കേബിള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ബ്രെക്‌സിറ്റ് അനന്തര വ്യാപാര ചര്‍ച്ചകളില്‍ അമേരിക്ക ഉന്നയിക്കുന്ന ആവശ്യങ്ങളേക്കുറിച്ച് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്ന മറുപടി മാത്രമാണ് മേയ് നല്‍കിയത്. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വേര്‍പെടുന്നതിനു മുമ്പ് തന്നെ ട്രാന്‍സ് അറ്റ്‌ലാന്റിക് വ്യാപാരക്കരാറിനായുള്ള ചര്‍ച്ചകള്‍ ആരംഭിക്കുമെന്നും അതിനായുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞെന്നും കോമണ്‍സില്‍ മറുപടി പറഞ്ഞ മേയ് പക്ഷേ എന്‍എച്ച്എസ് വിഷയത്തില്‍ നിശബ്ദത പാലിക്കുകയാണ് ഉണ്ടായത്.
അമേരിക്കയുമായി സ്ഥാപിക്കാനിരിക്കുന്ന സ്വതന്ത്ര വ്യാപാരക്കരാറില്‍ യുകെയുടെ താല്‍പര്യങ്ങള്‍ക്ക് യോജിക്കുന്ന ഉടമ്പടികളായിരിക്കും ഉണ്ടാകുകയെന്നും മേയ് പറഞ്ഞു. ഈ മറുപടിയിലൂടെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസില്‍ സ്വാധീനത്തിന് ആവശ്യമുന്നയിക്കാന്‍ ഡൊണാള്‍ഡ് ട്രംപിന് പ്രധാനമന്ത്രി പച്ചക്കൊടി കാട്ടിയിരിക്കുകയാണെന്നായിരുന്നു യൂറോപ്പ് അനുകൂല നിലപാടുകളുള്ള ലേബര്‍ എംപി പീറ്റര്‍ കൈല്‍ പറഞ്ഞത്. അമേരിക്കന്‍ ഹെല്‍ത്ത് ഭീമന്‍മാര്‍ എന്‍എച്ച്എസില്‍ സ്വാധീനത്തിന് ശ്രമിക്കില്ല എന്ന് ഉറപ്പ് നല്‍കാന്‍ പ്രധാനമന്ത്രിക്ക് കഴിയാത്തത് ധാരണാ ചര്‍ച്ചകളില്‍ അവര്‍ക്കുള്ള ദൗര്‍ബല്യമാണ് തെളിയിക്കുന്നതെന്നും കൈല്‍ പറഞ്ഞു.
എല്ലാ പ്രതിപക്ഷ കക്ഷികളും ഇക്കാര്യത്തില്‍ ആശങ്കയറിയിച്ച സാഹചര്യത്തില്‍ സംശയനിവാരണത്തിന് ശ്രമിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് രംഗത്തെത്തി. ബ്രെക്‌സിറ്റിനു ശേഷമുള്ള ഏത് വ്യാപാര ഉടമ്പടിയും പൊതുമേഖലയിലുള്ള ഒരു സ്ഥാപനത്തിലും വിദേശ പങ്കാളിത്തമുണ്ടാകുന്ന വിധത്തിലായിരിക്കില്ലെന്ന് നമ്പര്‍ 10 അറിയിച്ചു. എന്‍എച്ച്എസ് സ്വകാര്യവത്കരിക്കാനാണ് ടോറി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന ആരോപണങ്ങള്‍ക്കിടെയാണ് പ്രധാനമന്ത്രിയുടെ വ്യക്തതയില്ലാത്ത മറുപടി ആശങ്ക പരത്തിയത്.
മരണാസന്നനായ രോഗിയെ പരിചരിക്കുന്നതില്‍ വീഴ്ച്ച വരുത്തിയ നഴ്‌സിനെ സസ്‌പെന്റ് ചെയ്തു. സ്വന്തം മൂത്രത്തിലും ഛര്‍ദ്ദിയിലും കുതിര്‍ന്ന നിലയിലാണ് രോഗിയെ ആശുപത്രി മുറിയില്‍ കണ്ടെത്തിയത്. മരണമടുത്തതോടെ കൃത്യമായ പരിചരണം ലഭിക്കുന്നതിനായാണ് രോഗിയെ റോയല്‍ കോണ്‍വാള്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരുന്നത്. ഡെബോറാ ട്രെയിസി ക്രെയിന്‍ എന്ന നഴ്‌സിനായിരുന്നു ഇയാളെ പരിചരിക്കേണ്ട ചുമതല. മരണക്കിടക്കയിലായിരുന്ന രോഗിക്ക് കൃത്യമായ ഇടവേളകളില്‍ ശ്രുശ്രൂഷ ആവശ്യമായിരുന്നു.
രോഗിക്ക് രാത്രിയിലുള്‍പ്പെടെ നാല് മണിക്കുര്‍ ഇടവിട്ട് ശുശ്രൂഷകള്‍ നല്‍കേണ്ടതായിരുന്നു. ഇക്കാര്യത്തില്‍ നഴ്‌സ് വീഴ്ച്ച വരുത്തിയതായാണ് വ്യക്തമായത്. കഴിഞ്ഞ ക്രിസ്മസിനു ശേഷമുള്ള ദിവസങ്ങളില്‍ ഇയാളുടെ ആരോഗ്യനില വഷളായിരുന്നു. രോഗിയെ വൃത്തിഹീനമായ വസ്ത്രത്തിലും ബെഡ്ഷീറ്റിലുമായിരുന്നു കണ്ടെത്തിയത്. വേദനാസംഹാരികളൊന്നും രോഗിക്ക് നല്‍കിയിരുന്നില്ല, രോഗിയുടെ ശരീരത്തില്‍ വ്രണങ്ങള്‍ രൂപപ്പെട്ടതായും കണ്ടെത്തിയിരുന്നു.
മിസ്സ് ക്രയിനിനെ ഒമ്പത് മാസത്തേക്ക് സസ്‌പെന്റ് ചെയ്ത എന്‍എംസി പാനല്‍ രോഗിക്ക് രാത്രിയിലുള്‍പ്പെടെ കൃത്യമായ പരിചരണങ്ങള്‍ നല്‍കുന്നതില്‍ വീഴ്ച്ച വരുത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഡിസംബര്‍ 30ന് രോഗിക്ക് പരിചരണം നല്‍കിയിരുന്നുവെന്ന് തെളിയിക്കാന്‍ ആശുപത്രി രേഖകളില്‍ ഇവര്‍ കൃത്രിമത്വം കാട്ടാന്‍ ശ്രമിച്ചുവെന്നും തെളിഞ്ഞു. ഡിസംബര്‍ 30 ന് രാവിലെയാണ് ദയനീയമായ സാഹചര്യത്തില്‍ രോഗിയെ കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് ഡിസംബറില്‍ റോയല്‍ കോണ്‍വെല്‍ ആശുപത്രി അധികൃതര്‍ അന്വേഷണം നടത്തിയിരുന്നു. ഈ അന്വേഷണത്തില്‍ രോഗിക്ക് കൃത്യമായ പരിചരണം നല്‍കാന്‍ ക്രയിനിന് കഴിഞ്ഞിട്ടെല്ലെന്ന് വ്യക്തമായിരുന്നു.
ഒന്നലധികം തവണ ചോദിച്ചിട്ടും മറ്റു ആശുപത്രി ജീവനക്കാര്‍ക്ക് പോലും രോഗിയെ ശ്രുശ്രുഷിക്കാനുള്ള അനുവാദമോ നിര്‍ദേശമോ നഴസ് നല്‍കിയിരുന്നില്ലെന്നും ആരോപണമുണ്ട്. ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റ് ആയ ആശുപത്രിയിലെ മറ്റൊരു ജീവനക്കാരനെ രോഗിയെ പരിചരിക്കുന്നതില്‍ നിന്നും ക്രെയിന്‍സ് വിലക്കിയതായും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. നാല് പ്രധാനപ്പെട്ട എന്‍എംസി കോഡുകളുടെ ലംഘനമാണ് ഇവര്‍ നടത്തിയതെന്നും ഹിയറിംഗ് നടത്തിയ പാനല്‍ കണ്ടെത്തിയിട്ടുണ്ട്.
ന്യൂസ് ഡെസ്ക്
നൈറ്റ് ഡ്യൂട്ടി ചെയ്യുന്ന സ്ത്രീകൾക്ക് ക്യാൻസർ വരാൻ സാധ്യത കൂടുതലാണ് എന്ന് മുന്നറിയിയിപ്പ്. ദീർഘകാലം നൈറ്റ് ഷിഫ്റ്റ് ചെയ്ത നഴ്സുമാരിൽ ബ്രെസ്റ്റ് ക്യാൻസർ കൂടുന്നതായുള്ള കണക്കുകൾ പുറത്തു വന്നു. നിലവിൽ ആരോഗ്യ പ്രശ്നങ്ങളുള്ള നഴ്സുമാർ ഹെൽത്ത് സ്ക്രീനിംഗ് നടത്തണമെന്ന നിർദ്ദേശവുമുണ്ട്. സ്കിൻ ക്യാൻസർ 41 ശതമാനവും ബ്രെസ്റ്റ് ക്യാൻസർ 32 ശതമാനവും സ്റ്റോമക് ക്യാൻസർ 18 ശതമാനവും ബാധിക്കാനുള്ള സാധ്യത നൈറ്റ് ഷിഫ്റ്റ് ചെയ്യുന്ന വരിൽ കൂടുതലാണ്. നോർത്ത് അമേരിക്ക, യൂറോപ്പ്, ഓസ്ട്രേലിയ, ഏഷ്യ എന്നിവിടങ്ങളിൽ നടന്ന ദീർഘകാല പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ കണ്ടെത്തലുകൾ. 3,909,152 പേർ പങ്കെടുത്ത പഠനത്തിൽ 114,628 ക്യാൻസർ കേസുകൾ അപഗ്രന്ഥിച്ചാണ് വിദഗ്ദർ ക്യാൻസർ റിസ്ക് സാധ്യത കണ്ടെത്തിയത്.
നോർത്ത് അമേരിക്കയിലും യൂറോപ്പിലും നൈറ്റ് ഷിഫ്റ്റ് സ്ഥിരമായി ചെയ്യുന്ന ഫീമെയിൽ നഴ്സുമാരിൽ ബ്രെസ്റ്റ് ക്യാൻസർ സാധ്യത വളരെ കൂടുതലാണെന്ന് പഠനം എടുത്തു പറയുന്നു. നൈറ്റ് ചെയ്യാത്തവരുമായി താരതമ്യം ചെയ്യുമ്പോൾ നൈറ്റ് ചെയ്യുന്ന നഴ്സുമാരിൽ ബ്രെസ്റ്റ് ക്യാൻസർ സാധ്യത 58 ശതമാനവും ഗ്യാസ്ട്രോ ഇന്റസ്റ്റൈനൽ ക്യാൻസർ സാധ്യത 35 ശതമാനവും ശ്വാസകോശ ക്യാൻസർ സാധ്യത 28 ശതമാനവും കൂടുതലാണ്. സ്ഥിരം നൈറ്റ് സ്യൂട്ടി ചെയ്യുന്ന സ്ത്രീകൾക്ക് കൂടുതൽ ആരോഗ്യ സംരക്ഷണം നൽകണമെന്നതിന്റെ ആവശ്യകത പഠനം നടത്തിയ ചൈനയിലെ സിച്ചുവാൻ യൂണിവേഴ്സിറ്റിയിലെ അസിസ്റ്റന്റ് പ്രഫസർ സുലെയ് മാ എടുത്തു പറഞ്ഞു.
ജീവിത സാഹചര്യങ്ങളും കുടുംബസംരക്ഷണത്തിന്റെ സമ്മർദ്ദങ്ങളും മൂലമാണ് മിക്ക നഴ്സുമാരും നൈറ്റ് ഡ്യൂട്ടി ചെയ്യാൻ നിർബന്ധിതരാകുന്നത്. നൈറ്റ് ഡ്യൂട്ടി അലവൻസുകളും ചിലരെ ഇതിലേയ്ക്ക് ആകർഷിച്ചിട്ടുണ്ട്. മൂന്നു ഷിഫ്റ്റുകൾ ചെയ്താൽ ഒരാഴ്ചത്തെ ഡ്യൂട്ടി പൂർത്തിയാക്കാമെന്ന മെച്ചവും നൈറ്റ് ഡ്യൂട്ടിക്ക് ഉണ്ട്. പക്ഷേ ഭാവിയിൽ ഇത് ശരീരത്തിന്റെ ആരോഗ്യസ്ഥിതിയിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.
ലണ്ടന്‍: പതിനായിരക്കണക്കിന് ശസ്ത്രക്രിയകള്‍ മാറ്റി വെക്കേണ്ടി വന്ന സംഭവത്തില്‍ ക്ഷമാപണവുമായി ആരോഗ്യ സെക്രട്ടറി ജെറമി ഹണ്ട്. എന്‍എച്ച്എസ് നാഷണല്‍ എമര്‍ജന്‍സി പ്രഷര്‍ പാനലിന്റെ നിര്‍ദേശമനുസരിച്ചാണ് അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍ ജനുവരി അവസാനം വരെ നടത്തേണ്ടെന്ന് തീരുമാനിച്ചത്. ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സികളിലേക്ക് ആവശ്യത്തിന് ഡോക്ടര്‍മാരെയും നഴ്‌സുമാരെയും തിരികെ എത്തിക്കുന്നത് വരെ ഔട്ട് പേഷ്യന്‍ കണ്‍സള്‍ട്ടേഷനുകളിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
വിന്റര്‍ പ്രതിസന്ധി മൂര്‍ച്ഛിച്ചതോടെയാണ് ഇത്തരത്തിലുള്ള കടുത്ത നടപടികളിലേക്ക് എന്‍എച്ച്എസിന് നീങ്ങേണ്ടി വന്നത്. എന്നാല്‍ ഹെല്‍ത്ത് സെക്രട്ടറിയും ഇംഗ്ലണ്ടിലെ അക്യൂട്ട് കെയര്‍ ഡറക്ടര്‍ കെയ്ത്ത് വില്ലറ്റും ഈ നിയന്ത്രണങ്ങള്‍ കടുത്ത പ്രതിസന്ധിയുടെ ചിഹ്നങ്ങളാണെന്ന് സമ്മതിക്കാന്‍ തയ്യാറായില്ല. പദ്ധതിയനുസരിച്ച് തന്നെയാണ് ഓപ്പറേഷനുകള്‍ റദ്ദാക്കപ്പെടുന്നതെന്ന് ഹണ്ട് സ്‌കൈ ന്യസിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. പല ശസ്ത്രക്രിയകളും റദ്ദാക്കപ്പെട്ടത് അവസാന നിമിഷത്തിലാണ്. അതില്‍ ഖേദമുണ്ടെന്നും ഈ പ്രശ്‌നം അധികനാളുകള്‍ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ഓപ്പറേഷനുകള്‍ റദ്ദാക്കപ്പെട്ടവരോട് ക്ഷമ ചോദിക്കുന്നതായും ഹണ്ട് വ്യക്തമാക്കി. അതേസമയം ഈ വിന്ററില്‍ പ്രത്യേക തയ്യാറെടുപ്പുകള്‍ എന്‍എച്ച്എസ് നടത്തിയിരുന്നതായി പ്രധാനമന്ത്രി തെരേസ മേയ് പറഞ്ഞു. ചികിത്സ അവസാന സമയം നിഷേധിക്കപ്പെടുന്നത് നിരാശാജനകമാണെങ്കിലും എത്രയും പെട്ടെന്ന് തന്നെ ഈ വിഷയം പരിഹരിക്കപ്പെടുമെന്നും അവര്‍ പറഞ്ഞു. ഇതിനായി അധിക ഫണ്ടും വകയിരുത്തിയിരുന്നുവെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറില്‍ 15 ശതമാനം എന്‍എച്ച്എസ് അക്യൂട്ട് ഹോസ്പിറ്റല്‍ ട്രസ്റ്റുകളും ആംബുലന്‍സ് സര്‍വീസുകളും ബ്ലാക്ക് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ലണ്ടൻ∙ ലോകത്തെ ഏറ്റവും മികച്ച പൊതുജനാരോഗ്യ സേവന സംവിധാനമായ ബ്രിട്ടനിലെ നാഷണൽ ഹെൽത്ത് സർവീസിന് (എൻഎച്ച്എസ്) സപ്തതിയുടെ നിറവ്. യൂറോപ്പിലെ ഏറ്റവും വലിയ തൊഴിൽ ദാതാവായ പൊതുമേഖലാ സ്ഥാപനം എഴുപതു വർഷം പൂർത്തിയാക്കുമ്പോൾ ബ്രിട്ടീഷുകാർക്ക് അഭിമാനിക്കാൻ ഏറെയുണ്ട്. ഒപ്പം സ്ഥാപനത്തിന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കയും അവരെ അലട്ടുന്നു.
രാജ്യത്താകെ പതിനഞ്ച് ലക്ഷത്തോളം പേരാണ് എൻഎച്ച്എസിൽ ജോലി ചെയ്യുന്നത്. ലോകത്തെ എല്ലാ രാജ്യങ്ങളിൽനിന്നുമുള്ളവർ ഇതിൽപെടുന്നു. ബ്രിട്ടനിൽ ആകെയുള്ള ഒരുലക്ഷത്തി അറുപതിനായിരം മലയാളികളിൽ മഹാ ഭൂരിപക്ഷവും എൻഎച്ച്എസിലെ ജീവനക്കാരാണ്. അതിൽതന്നെ ഏറെപ്പേരും ആതുരശുശ്രൂഷയുടെ നെടുംതൂണായ നഴ്സുമാരും. 1995ൽ വിദേശനഴ്സുമാർക്കായി എൻഎച്ച്എസ് വാതിൽ തുറന്നതോടെയാണ് യുകെയിലേക്കുള്ള മലയാളികളുടെ രണ്ടാംഘട്ട കുടിയേറ്റം ആരംഭിച്ചതുതന്നെ. സിംഗപ്പൂർ, മേലേഷ്യ വഴി ബ്രിട്ടനിലെത്തിയ വളരെ കുറച്ചുപേർ മാത്രമായിരുന്നു അതുവരെ ബ്രിട്ടനിലുണ്ടായിരുന്ന മലയാളികൾ.
മലയാളികളെപ്പോലെ തന്നെ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽനിന്നും എൻഎച്ച്എസിൽ ജോലി ചെയ്യുന്നത് പതിനായിരങ്ങളാണ്. ഡോക്ടർമാരും നഴ്സുമാരും പാരാമെഡിക്കൽ സ്റ്റാഫും സാങ്കേതിക വിദഗ്ധരും ഉൾപ്പെടെ എൻഎച്ച്എസിനെ നയിക്കുന്നവരിൽ നല്ലൊരു ശതമാനം വിദേശികളാണ്. ഒരു പരിധിവരെ സ്ഥാപനത്തിന്റെ വിജയരഹസ്യവും ഇതുതന്നെ.
ഏഴു ദശാബ്ദങ്ങൾ നീണ്ട ചരിത്രത്തിൽ എൻഎച്ച്എസിന് നേട്ടങ്ങളുടെ പട്ടിക ഏറെയാണ്. ഹൃദയം, കരൾ, ശ്വാസകോശം മുതലായ അവയവങ്ങൾ മാറ്റിവയ്ക്കുന്ന സങ്കീർണമായ ശസ്ത്രക്രിയകൾ ലോകത്ത് ആദ്യം നടത്തിയത് എൻഎച്ച്എസിലായിരുന്നു. പോളിയോ, മലമ്പനി ഡിഫ്തീരിയ, തുടങ്ങിയ സാംക്രമിക രോഗങ്ങളുടെ നിർമാർജനം ഫലപ്രദമായി നടപ്പിലാക്കി ലോകത്തിനു മാതൃകയായതും എൻഎച്ച്എസ് ആണ്. എയ്ഡ്സിനും കാൻസറിനും മറ്റ് മാരക രോഗങ്ങൾക്കുമെല്ലാം ഇന്നും ലോകത്ത് മികച്ച ചികിൽസ ലഭ്യമാക്കാൻ എൻഎച്ച്എസിനെ വെല്ലാൻ മറ്റൊരു പൊതുമേഖലാ സംവിധാനമില്ല. കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളിൽ മരണത്തിന്റെ കൊടുങ്കാറ്റുവിതച്ച ഇബോള വൈറസിനെ നേരിടാനും ആദ്യം മുന്നിട്ടിറങ്ങിയത് എൻഎച്ച്എസ് സംഘമായിരുന്നു.
അഭിമാനിക്കാനും ആഘോഷിക്കാനും ഏറെയുണ്ടെങ്കിലും പുതിയ രാഷ്ട്രീയ –സാമൂഹിക കാലാവസ്ഥയിൽ എൻഎച്ച്എസിന്റെ നിലനിൽപും സൗജന്യ ചികിൽസയും ചോദ്യം ചെയ്യപ്പെടുകയാണ്. ഏവർക്കും ഒരുപോലെ ലഭ്യമാകുന്ന ഉദാത്തമായ ഈ ചികിൽസാ സംവിധാനത്തിന്റെ ദുരുപയോഗവും നടത്തിപ്പിലെ അപാകതുമാണ് ഇതിനെ പ്രതിസന്ധിയിലാക്കുന്നത്. മദ്യപരെക്കൊണ്ടും കിടപ്പാടവും ഭക്ഷണവും തേടിപ്പോലും ആശുപത്രിയിലേക്കെത്തുന്ന കുടിയേറ്റക്കാരെക്കൊണ്ടും നഷ്ടമാകുന്നത് വിലപ്പെട്ട സമയവും സംവിധാനങ്ങളുമാണ്. അത്യാഹിത വിഭാഗത്തിലെ കാത്തിരിപ്പുപോലും പരമാവധി അനുവദിനീയമായ നാലു മണിക്കൂറിൽനിന്നും ഒരോ ദിവസവും അഞ്ചും ആറും മണിക്കൂറിലേക്ക് നീളുന്നു.
ബ്രിട്ടീഷുകാരുടെ പഞ്ചസാര പ്രിയമാണ് എൻഎച്ച്എസിന്റെ രണ്ടാമത്തെ പ്രതിസന്ധി. ഷുഗർ രോഗികൾക്ക് നൽകേണ്ട പ്രത്യേക പരിചരണവും പരിഗണനയും ട്രസ്റ്റുകൾക്കുണ്ടാക്കുന്ന നഷ്ടം ശതകോടികളുടേതാണ്. രാജ്യത്തെ ജനസംഖ്യയിൽ മഹാ ഭൂരിപക്ഷവും മധ്യവയസ്കരും വൃദ്ധരുമാണെന്ന യാഥാർഥ്യമാണ് എൻ.എച്ച്.എസിനെ തളർത്തുന്ന മൂന്നാമത്തെ വെല്ലുവിളി. കുത്തഴിഞ്ഞ ലൈംഗിക ജീവിതത്തിന്റെ ഫലമായ എയ്ഡ്സും എൻഎച്ച്എസിന് വരുത്തിവയ്ക്കുന്ന നഷ്ടവും ദിവസേന ഇരട്ടിക്കുന്ന സ്ഥിതിയാണ്.
എൻഎച്ച്എസിലെ സൗജന്യ ചികിൽസ മാത്രം ലക്ഷ്യമിട്ടുള്ള യൂറോപ്യൻ കുടിയേറ്റവും പരമ്പരാഗത രീതികൾ പിന്തുടർന്നുള്ള പരിചരണ രീതികളും മറ്റൊരു പ്രതിസന്ധിയാകുന്നു. ഇവയ്ക്കെല്ലാമുപരി എക്കാലവും എല്ലാവർക്കും സൗജന്യ ചികിൽസ പ്രായോഗികമല്ലെന്ന രാഷ്ട്രീയ നിരീക്ഷണമാണ് ഈ മാതൃകാ സ്ഥാപനത്തിന്റെ നിലനിൽപിന് ഏറ്റവും വലിയ ഭീഷണി. നിലവിലെ ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിയുടേതാണ് ഈ വീക്ഷണം.
വെസ്റ്റ് മിനിസ്റ്റർ ആബിയിൽ പ്രത്യേക പ്രാർഥനയും ഓപ്പൺ ഡേയും അവാർഡ് ദാനങ്ങളും എല്ലാം നടത്തി ആഘോഷം പൊടിപൊക്കുമ്പോൾ ഈ ആശങ്കകൾക്കും പ്രതിസന്ധികൾക്കും പരിഹാരമുണ്ടാകുമോ എന്നാണ് കണ്ടറിയേണ്ടത്. ഇല്ലാത്തപക്ഷം മികച്ചൊരു സ്ഥാപനത്തിന്റെ അന്ത്യം കുറിക്കാലാകും ഈ ആഘോഷങ്ങൾ.
ഒപ്റ്റിക്കൽ, ഡെന്റൽ സർവീസുകൾക്കൊഴികെ 16 വയസിനു മുകളിൽ പ്രായമായ എല്ലാവർക്കും ഏല്ലാ രോഗങ്ങൾക്കും സൗജന്യ ചികിൽസ ലഭ്യമാക്കുന്ന സംവിധാനമാണ് എൻഎച്ച്എസ്. 1945 മുതൽ 51 വരെ പ്രധാനമന്ത്രിയായിരുന്ന ക്ലെമന്റ് ആറ്റ്ലിയാണ് ആതുരശുശ്രൂഷാ രംഗത്തെ ഈ മാതൃകാ സ്ഥാപനത്തിന് തുടക്കം കുറിച്ചത്. രാജ്യത്ത് തൊഴിലെടുക്കുന്ന എല്ലാവരും നിർബന്ധമായും നൽകേണ്ട നാഷണൽ ഇൻഷുറൻസ് ടാക്സിൽ നിന്നുള്ള വരുമാനം ഉപയോഗിച്ചാണ് എൻഎച്ച്എസിന്റെ പ്രവർത്തനം.
ലണ്ടന്‍: വിന്ററില്‍ രോഗികളുടെ തിരക്ക് മൂലമുണ്ടായ പ്രതിസന്ധി പരഹരിക്കാന്‍ പതിനായിരക്കണക്കിന് ശസ്ത്രക്രിയകള്‍ എന്‍എച്ച്എസ് മാറ്റിവെച്ചു. തിമിരം, ഇടുപ്പ്, മുട്ട് മാറ്റിവെക്കല്‍ തുടങ്ങിയ ശസ്ത്രക്രിയകള്‍ ജനുവരി പകുതി വരെ മാറ്റിവെക്കാനാണ് എന്‍എച്ച്എസ് ഇംഗ്ലണ്ട് നിര്‍ദേശിച്ചത്. ക്യാന്‍സര്‍ ശസ്ത്രക്രിയകള്‍ക്കും രോഗികളുടെ ജീവന്‍ രക്ഷിക്കാനായി നടത്തുന്ന അടിയന്തര ശസ്ത്രക്രിയകള്‍ക്കും മാത്രമേ ഇക്കാര്യത്തില്‍ ഇളവ് അനുവദിച്ചിട്ടുള്ളു.
ഈ വിന്ററില്‍ എന്‍എച്ച്എസ് നേരിടുന്ന സമ്മര്‍ദ്ദം എത്ര രൂക്ഷമാണെന്നും അക്കാര്യത്തില്‍ എന്‍എച്ച്എസ് നേതൃത്വത്തിനുള്ള ആശങ്ക എത്രമാത്രമുണ്ടെന്നും വ്യക്തമാക്കുന്നതാണ് ഈ നടപടി. രൂക്ഷമായ കാലാവസ്ഥയില്‍ ആശുപത്രികളിലും ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സികളിലും എത്തുന്ന രോഗികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്. രോഗികള്‍ നിറഞ്ഞു കവിയുന്നതു മൂലം എന്‍എച്ച്എസ് ട്രസ്റ്റുകള്‍ക്കു മേലുണ്ടാകുന്ന സമ്മര്‍ദ്ദവും കനത്തതാണ്.
കിടക്കള്‍ ഇല്ലാതാകുന്ന സാഹചര്യം ഒഴിവാക്കാനായി ക്ലിനിക്കുകളും ഡേ കേസ് സര്‍ജറികള്‍ക്കായി ഉപയോഗിച്ചിരുന്ന സ്ഥലങ്ങളും അധികം വരുന്ന രോഗികള്‍ക്കായി തയ്യാറാക്കിയിരിക്കുകാണ്. കഴിഞ്ഞ വിന്ററില്‍ ചില ആശുപത്രികള്‍ ജിമ്മുകളും സ്‌റ്റോറുകളും വാര്‍ഡുകളാക്കി മാറ്റിയിരുന്നു. അതേ സ്ഥിതിവിശേഷം തന്നെയാണ് ഇവിടെയും ഉണ്ടായിരിക്കുന്നതെന്നാണ് വിലയിരുത്തല്‍.
ലണ്ടന്‍: എന്‍ എച്ച് എസില്‍ ജോലി ചെയ്യുന്ന നേഴ്‌സുമാര്‍ക്ക് ശന്പളത്തില്‍ നിന്ന് നല്ലൊരു ശതമാനം പാര്‍ക്കിങ് ഫീസായി നല്‍കേണ്ടി വരുന്നുവെന്ന് പരാതി. എന്‍ എച്ച് എസിന്റെ കീഴിലുള്ള 247 ആശുപത്രികളിലാണ് ജോലി ചെയ്യാനെത്തുന്ന ജീവനക്കാരില്‍ നിന്ന് പാര്‍ക്കിംഗ് ഫീസ് ഈടാക്കുന്നത്. പാര്‍ക്കിംഗ് ഫീസുകളെക്കുറിച്ച് ആരാഞ്ഞു ജി എം ബി യൂണിയന്‍ ട്രസ്റ്റുകള്‍ക്ക് അയച്ച കത്തിന് മറുപടി നല്ലിയത് 131 ട്രസ്റ്റുകള്‍ മാത്രം. അതില്‍ തന്നെ 92 ട്രസ്റ്റുകള്‍ പാര്‍ക്കിംഗ് ഫീസ് ഈടാക്കുന്നുവെന്നാണ് അറിയിച്ചിട്ടുള്ളത്.
യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ ബ്രിസ്റ്റലാണ് ഇതില്‍ മുന്‍പില്‍. ഏകദേശം £1300 ആണ് ഇവര്‍ ഒരു വര്‍ഷത്തേക്ക് നേഴ്‌സില്‍ നിന്ന് പാര്‍ക്കിംഗ് ഇനത്തില്‍ ഈടാക്കുന്നത്. ബര്‍മിംഗ്ഹാമും ലെസ്റ്ററും തൊട്ടു പിന്നില്‍ തന്നെയുണ്ട്. മുന്‍ ടോറി മിനിസ്റ്റര്‍ റോബര്‍ട്ട് ഹല്‍ഫോണ്‍ പാര്‍ക്കിംഗ് ഫീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ അധികൃതരെ സമീപിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ പാര്‍ക്കിംഗ് ഫീസില്‍ വര്‍ദ്ധനവ് മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
ശമ്പളത്തില്‍ കാര്യമായ യാതൊരു വര്‍ദ്ധനയും കുറെ കാലങ്ങളായി നഴ്സുമാരുടെ കാര്യത്തില്‍ ഉണ്ടാകാത്തപ്പോഴും പാര്‍ക്കിംഗ് ഫീസ് ഈടാക്കാനും വര്‍ദ്ധിപ്പിക്കാനും എന്‍എച്ച്എസുകള്‍ യാതൊരു മടിയും കാണിക്കുന്നില്ല. മില്യന്‍ കണക്കിന് പൗണ്ട് ആണ് ഓരോ വര്‍ഷവും പാര്‍ക്കിംഗ് ഫീ ഇനത്തില്‍ വിവിധ ട്രസ്റ്റുകള്‍ നേടുന്നത്.
പാര്‍ക്കിംഗ് ചാര്‍ജ്ജിന്റെ പേരില്‍ നഴ്സുമാരെ പിഴിയുന്നത് പോലെ തന്നെയാണ് രോഗികളെയും സന്ദര്‍ശകരെയും പിഴിയുന്നതും. മണിക്കൂറിന് നാല് പൗണ്ട് വരെയാണ് പല ഹോസ്പിറ്റലുകളും സന്ദര്‍ശകരില്‍ നിന്നും ഈടാക്കുന്നത്.
ലണ്ടന്‍: വിന്ററിന്റെ ആദ്യ ആഴ്ചകളില്‍ത്തന്നെ എന്‍എച്ച്എസ് ആശുപത്രികള്‍ നിറഞ്ഞു കവിയുന്നു. അഞ്ചിലൊന്ന് ട്രസ്റ്റുകളും തങ്ങളുടെ പരമാവധി ശേഷിയില്‍ രോഗികളെ പ്രവേശിപ്പിച്ചു കഴിഞ്ഞതായി അറിയിച്ചു. വിന്റര്‍ മൂലമുണ്ടാകുന്ന അസുഖങ്ങള്‍ മൂലം ഹെല്‍ത്ത് സര്‍വീസിന്റെ പരമാവധി ശേഷിയിലാണ് ഇപ്പോള്‍ പ്രവര്‍ത്തനമെന്നാണ് വ്യക്തമാക്കപ്പെടുന്നത്. വിന്റര്‍ തുടങ്ങി രണ്ടാഴ്ച പിന്നിടുമ്പോള്‍ 137ല്‍ 25 ട്രസ്റ്റുകളും ബെഡുകള്‍ ഒന്നും ശേഷിക്കാതെ ഒന്നില്‍ കൂടുതല്‍ ദിവസങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ആകെ ആശുപത്രികളുടെ 18 ശതമാനം വരും ഇത്. 14 ദിവസങ്ങള്‍ക്കിടൈ 99 പ്രാവശ്യമെങ്കിലും നിറഞ്ഞു കവിഞ്ഞതായി ആശുപത്രികള്‍ റിപ്പോര്‍ട്ട് ചെയ്തു. 460 കിടക്കകളുള്ള നോര്‍ത്ത് മിഡില്‍സെക്‌സ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ എന്‍എച്ച്എസ് ട്രസ്റ്റില്‍ രണ്ടാഴ്ചക്കിടെ ബെഡുകള്‍ ഒഴിഞ്ഞിട്ടില്ലെന്നാണ് കണക്ക്. എല്ലാ എന്‍എച്ച്എസ് ട്രസ്റ്റുകളും രോഗികളുടെ തള്ളിക്കയറ്റമുണ്ടാകുന്നുവെന്ന വിവരമാണ് പങ്കുവെക്കുന്നത്.
സാധാരണ ഗതിയില്‍ 85 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികള്‍ വിന്ററില്‍ പ്രതിസന്ധിയിലാകുന്നത് സ്വാഭാവികമാണെന്നാണ് വിദഗദ്ധര്‍ പറയുന്നത്. ഇത് ആശുപത്രികളെ പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന് മാത്രമല്ല, ആശുപത്രികളില്‍ നിന്നുള്ള അണുബാധക്കുള്ള സാധ്യതകള്‍ ഉയര്‍ത്തുകയും ചെയ്യും. കഴിഞ്ഞയാഴ്ച വയറിളക്കവും ഛര്‍ദ്ദിയുമായി ഒട്ടേറെ രോഗികള്‍ എത്തിയപ്പോള്‍ ആശുപത്രികളില്‍ സ്ഥലമില്ലാത്ത അവസ്ഥ ഉണ്ടായിരുന്നു.
ബര്‍മിംഗ്ഹാം: രോഗികളില്‍ മാറ്റിവെച്ച കരളുകളില്‍ സ്വന്തം ഇനിഷ്യലുകള്‍ പതിപ്പിച്ചെന്ന ആരോപണത്തില്‍ കുറ്റസമ്മതം നടത്തി ഡോക്ടര്‍. രണ്ട് രോഗികളില്‍ നടത്തിയ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയകളിലാണ് പ്രശസ്തനായ കരള്‍, പ്ലീഹ, പാന്‍ക്രിയാസ് സര്‍ജനായ ഡോ.സൈമണ്‍ ബ്രാംഹാള്‍ തന്റെ ‘കയ്യൊപ്പ്’ പതിപ്പിച്ചത്. 2013 ഫെബ്രുവരി 9നും ഓഗസ്റ്റ് 21നും നടന്ന സംഭവങ്ങളില്‍ കുറ്റം ചെയ്തതായി ബര്‍മിംഗ്ഹാം ക്രൗണ്‍ കോടതിയില്‍ നടന്ന വാദത്തില്‍ ഡോക്ടര്‍ സമ്മതിക്കുകയായിരുന്നു. എന്നാല്‍ ശരീരത്തിന് ദോഷം വരുത്തുന്ന വിധത്തില്‍ പ്രവര്‍ത്തിച്ചു എന്നു തുടങ്ങിയുള്ള കൂടുതല്‍ ഗുരുതരമായ ആരോപണങ്ങള്‍ ബ്രാംഹാള്‍ നിഷേധിച്ചു.
കരള്‍ ശസ്ത്രക്രിയകള്‍ക്കിടെ രക്തസ്രാവം നിര്‍ത്തുന്നതിനായി ഉപയോഗിക്കുന്ന ആര്‍ഗോണ്‍ ലേസര്‍ ഉപയോഗിച്ചാണ് സ്വന്തം ഇനിഷ്യലുകളായ എസ്ബി എന്ന് കരളുകളില്‍ ആലേഖനം ചെയ്തത്. ഈ പാടുകള്‍ കരളുകള്‍ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടാക്കില്ലെന്നും സ്വയം ഇല്ലാതാകുന്നതുമാണെന്ന് വിശദീകരിക്കപ്പെടുന്നു. മാറ്റിവെച്ച കരളില്‍ ഈ പാടുകള്‍ ഒരു സഹപ്രവര്‍ത്തകന്‍ കണ്ടെത്തിയതോടെ 2013ല്‍ ഡോക്ടര്‍ ബ്രാംഹാളിനെ ബര്‍മിംഗ്ഹാമിലെ ക്വീന്‍ എലിസബത്ത് ആശുപത്രിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.
പിന്നീട് ഇതേക്കുറിച്ചുള്ള അന്വേഷണം നടക്കുന്നതിനിടെ ഇയാള്‍ ജോലി രാജിവെച്ചു. രോഗികളുടെ കരളില്‍ തന്റെ പേര് എഴുതിയത് വലിയ തെറ്റായിപ്പോയെന്ന് മാധ്യമങ്ങളോട് ഡോക്ടര്‍ പറയുകയും ചെയ്തു. കേസില്‍ കോടതി ജനുവരി 12ന് വിധി പറയും.
ലണ്ടന്‍: എന്‍എച്ച്എസ് ആശുപത്രികളിലെ കാര്‍പാര്‍ക്കിംഗ് ഫീസുകള്‍ ക്രിസ്തുമസ് കാലത്തും കുറയില്ലെന്ന് ഉറപ്പായി. ആശുപത്രി മാനേജ്‌മെന്റുകള്‍ ഈ കനത്ത ഫീസുകള്‍ കുറക്കാന്‍ തയ്യാറില്ലെന്ന് വ്യക്തമാക്കിയതോടെയാണ് ഇത്. മണിക്കൂറിന് 3.50 പൗണ്ടാണ് ആശുപത്രികളില്‍ പാര്‍ക്കിംഗിന് ഈടാക്കുന്നത്. ഇവ പാലിക്കാന്‍ സാധിച്ചില്ലെങ്കില്‍ 80 പൗണ്ട് വരെ പിഴയായി ഈടാക്കുകയും ചെയ്യുന്നു. കാര്‍പാര്‍ക്കിംഗിലൂടെ കഴിഞ്ഞ വര്‍ഷം 120 മില്യന്‍ പൗണ്ടാണ് എന്‍എച്ച്എസ് ആശുപത്രികള്‍ സമ്പാദിച്ചത്. ചില പാര്‍ക്കുകള്‍ സ്വകാര്യ വ്യക്തികളാണ് നിയന്ത്രിക്കുന്നത്.
രോഗികളില്‍ നിന്ന് അനാവശ്യമായി പണം പിടുങ്ങുന്നത് ഒഴിവാക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെങ്കിലും ചില ആശുപത്രികള്‍ പാര്‍ക്കിംഗ് ഫീസുകള്‍ വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പാര്‍ക്കിംഗ് ഫീസ് ഇനത്തില്‍ 3.6 മില്യന്‍ പൗണ്ട് സമ്പാദിച്ച ഈസ്റ്റ് കെന്റ് ഹോസ്പിറ്റല്‍സ് യൂണിവേഴ്‌സിറ്റി എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റും 3 മില്യന്‍ പൗണ്ട് സമാഹരിച്ചി യൂണിവേഴ്‌സിറ്റ് ഹോസ്പിറ്റല്‍സ് ഓഫ് നോര്‍ത്ത് മിഡ്‌ലാന്‍ഡ്‌സും ഈ ഫീസുകള്‍ അടിച്ചേല്‍പ്പിക്കുകയാണ്.
സ്റ്റോക്ക്‌പോര്‍ട്ടിലെ സ്‌റ്റെപ്പിംഗ് ഹില്‍ ഹോസ്പിറ്റല്‍ 3.5 പൗണ്ട് എന്ന ഫീസ് നടപ്പാക്കാന്‍ ഒരുങ്ങുന്നു. എസെക്‌സ് ആന്‍ഡ് ഗയ്‌സിലെ ബേസില്‍ഡണ്‍, തറോക്ക് ആശുപത്രികള്‍ തങ്ങളുടെ മണിക്കൂറിന് 3 പൗണ്ട് എന്ന പാര്‍ക്കിംഗ് ഫീസ് ക്രിസ്തുമസ് ദിവസത്തേക്ക് ഒഴിവാക്കിയതായി അറിയിച്ചിട്ടുണ്ട്. രോഗികളുടെയും കാര്‍പാര്‍ക്കുകളുടെയും സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനാണ് ഈ പണം ഉപയോഗിക്കുന്നതെന്നാണ് ട്രസ്റ്റുകള്‍ ന്യായീകരിക്കുന്നത്.