ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: സ്‌കോട്‌ലന്‍ഡിലെ ഫോര്‍ട്ട് വില്യമിൽ താമസിച്ചിരുന്ന തിരുവനന്തപുരം സ്വദേശിയെ മരിച്ചനിലയിൽ കണ്ടെത്തി. കഫേ നടത്തിയിരുന്ന സുനില്‍ മോഹന്‍ ജോര്‍ജാണ്(45) മരിച്ചത്. ഏതാനും ദിവസമായി പനിയും അസ്വസ്ഥതയും ഉണ്ടായിരുന്ന സുനിലിന് ഉറക്കത്തില്‍ മരണം സംഭവിച്ചതായാണ് പ്രാഥമിക നിഗമനം. ആദ്യം ലണ്ടനില്‍ കുടുംബമായിട്ടായിരുന്നു താമസിച്ചിരുന്നത്. എന്നാൽ പിന്നീട് റെഡ്ഡിങ്ങിലേക്കു ഭാര്യയുമായി താമസം മാറുകയായിരുന്നു.
ഇവിടെ വെച്ച് ക്യാൻസർ രോഗം മൂലം ഭാര്യ റേയ്ചൽ മരണപ്പെട്ടു. തുടർന്ന് ഒരു റെസ്റ്റോറന്റ് നടത്തിയായിരുന്നു സുനിലിന്റെ ജീവിതം. ഏകദേശം ഒരു വര്‍ഷം മാത്രമേ ആയിട്ടുള്ളു സുനില്‍ ഇവിടെ എത്തിയിട്ട്. മറ്റു ആരോഗ്യപ്രശ്ങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല എന്നാണ് ബന്ധുക്കള്‍ പറയുന്നത്. കഠിനമായ തണുപ്പില്‍ പനി പിടിക്കുന്നവരുടെ ആരോഗ്യസ്ഥിതി വളരെ മോശമാകുന്ന രീതിയാണ് നിലവിൽ ഉള്ളത്. ഈ അടുത്തും സുനിൽ നാട്ടിൽ പോയിരുന്നു. ഇന്നലെ രാവിലെയാണ് മരണവിവരം പുറത്ത് വന്നത്.
കഫേയില്‍ ക്ലീനിംഗ് ജോലിക്കു രാവിലെ എത്തിയ ജോലിക്കാരി വാതില്‍ തുറക്കാതെ കിടക്കുന്നത് കണ്ടു മറ്റുള്ളവരെ അറിയിച്ചതോടെ പോലീസിനെ അറിയിക്കുക ആയിരുന്നു. തുടർന്നാണ് മരണം സ്ഥിരീകരിച്ചത്. ഔദ്യോഗിക നടപടി ക്രമങ്ങൾ പൂർത്തിയായതിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും.
തുർക്കിയിലെ യെനി മലതിയാസ്പോർ ക്ലബ് ഗോളി അഹ്മദ് അയ്യൂബ് തുർക്കസ്‍ലാൻ ഭൂകമ്പത്തിൽ മരിച്ചതായി സ്ഥിരീകരിച്ചു. തുർക്കിയിൽ രണ്ടാം ഡിവിഷൻ ക്ലബിനു വേണ്ടി 2021 മുതൽ കളിച്ചുവരികയായിരുന്നു. കഴിഞ്ഞ ദിവസമുണ്ടായ ഭൂചലനത്തിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ പെട്ടാണ് മരണം. 2013 മുതൽ പ്രഫഷനൽ ഫുട്ബാളിൽ സജീവമായ താരം രാജ്യത്തെ വിവിധ ക്ലബുകൾക്കു വേണ്ടി വല കാത്തിട്ടുണ്ട്.
ഹറ്റായ്സ്പോർ ക്ലബിനു വേണ്ടി കളിക്കുന്ന ഘാന ഫുട്ബാളർ ക്രിസ്റ്റ്യൻ അറ്റ്സു സമാനമായി അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയിരുന്നെങ്കിലും ചൊവ്വാഴ്ച രക്ഷപ്പെടുത്തിയിരുന്നു. താരത്തെ പുറത്തെത്തിച്ചതായി ഘാന ഫുട്ബാൾ അസോസിയേഷൻ സമൂഹമാധ്യമങ്ങളിൽ അറിയിച്ചിട്ടുണ്ട്.
യുഎഇയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മലപ്പുറം തിരൂര്‍ അന്നാര തവറന്‍കുന്നത്ത് അബ്ദുറഹ്‌മാന്റെ മകന്‍ മുഹമ്മദ് സുല്‍ത്താന്‍ ആണ് മരിച്ചത്. ഇരുപത്തിയഞ്ച് വയസ്സായിരുന്നു.
ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. അഞ്ചംഗ സംഘം ജബല്‍ ജൈസ് സന്ദര്‍ശിച്ച ശേഷം മടങ്ങിവരുന്നതിനിടെയാണ് അപകടത്തില്‍പെട്ടത്. യുഎഇയിലെ ഏറ്റവും ഉയരം കൂടിയ മലനിരയായ ജബല്‍ ജൈസില് ശനിയാഴ്ച എത്തിയ സംഘം രാത്രി അവിടെ തങ്ങുകയായിരുന്നു.
ഞായറാഴ്ച ഉച്ചയ്ക്ക് 12.30ഓടെ മലയിറങ്ങവെ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മുഹമ്മദ് സുല്‍ത്താനായിരുന്നു വാഹനം ഓടിച്ചിരുന്നത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് സുല്‍ത്താനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. സുഹൃത്തുക്കളായ അഖില്‍, മുഹമ്മദ് ഷഫീഖ്, സഹല്‍, ഹാദി എന്നിവരാണ് വാഹനത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍. ഇവരില്‍ ഗുരുതരമായി പരിക്കേറ്റ അഖില്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ്.
മറ്റുള്ളവരുടെ പരിക്കുകള് സാരമുള്ളതല്ല. അബുദാബിയിലെ വിടെക് കെയര്‍ എന്ന സ്ഥാപനത്തില്‍ ആര്‍ക്കൈവ്‌സ് ക്ലര്‍ക്ക് ആണ് മുഹമ്മദ് സുല്‍ത്താന്. റംലയാണ് മാതാവ്. സഹോദരങ്ങള് – ഷറഫുദ്ദീന്‍, ഷക്കീല, ഷഹന.
കാർ ഒട്ടകത്തെ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ 4 പ്രവാസി യുവാക്കൾക്ക് ദാരുണാന്ത്യം. സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിലെ ഖുറൈസ് റോഡിൽ ഹറാദിൽ ആണ് അപകടമുണ്ടായത്. മരിച്ചവരിൽ മൂന്ന് പേർ മംഗലാപുരം സ്വദേശികളാണ്. ഒരാൾ ബംഗ്ലാദേശ് സ്വദേശിയാണ്. ഇന്നലെ രാത്രിയായിരുന്നു സംഭവം.
നാലു പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചെന്നാണ് വിവരം.മംഗലാപുരം സ്വദേശികളായ അഖിൽ നുഅ്മാൻ, മുഹമ്മദ് നാസിർ, മുഹമ്മദ് റിദ് വാൻ എന്നിവരും ഒരു ബംഗ്ലാദേശ് സ്വദേശിയുമാണ് മരിച്ചത്. സാകോ കമ്പനി ജീവനക്കാരാണ് മരിച്ച എല്ലാവരും.അൽഅഹ്‌സ കിങ് ഫഹദ് ആശുപത്രിയിലാണ് മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. നടപടിക്രമങ്ങൾ പൂർത്തിയാക്കാനായി കമ്പനി ഉദ്യോഗസ്ഥരെ സഹായിക്കാൻ അൽഅഹ്‌സ കെ.എം.സി.സി നേതാക്കളും രംഗത്തുണ്ട്.
ഗായിക വാണി ജയറാമിന്റെ മരണകാരണം വീഴ്ചയിൽ തലയ്ക്കേറ്റ മുറിവെന്ന് പൊലീസ്. കിടക്കയിൽ നിന്ന് എഴുന്നേറ്റപ്പോൾ വീണതായും ആ വീഴ്ചയില്‍ തല മേശയിൽ ഇടിച്ചതാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് വിവരം. മരണത്തിൽ അസ്വഭാവികമായി മറ്റൊന്നും തന്നെയില്ലെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
ചെന്നൈ നുങ്കമ്പാക്കത്തെ ഹാഡോസ് റോഡിൽ ഉള്ള വസതിയിലാണ് വാണി ജയറാമിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ 11 മണിയോടെ സഹായിയായ സ്ത്രീ വീട്ടിലെത്തിയെങ്കിലും വാണി വാതിൽ തുറന്നില്ല. ഇതോടെ ഇവര്‍ ബന്ധുക്കളേയും പൊലീസിനേയും വിവരം അറിയിച്ചു. പിന്നീട് പൊലീസ് ഉദ്യോഗസ്ഥരെത്തി വാതിൽ പൊളിച്ച് അകത്ത് പ്രവേശിക്കുകയായിരുന്നു. കിടപ്പുമുറിയിലെ തറയിൽ മരിച്ച നിലയിലാണ് വാണിയെ കണ്ടെത്തിയത്.
പതിനായിരത്തിലധികം പാട്ടുകളിലൂടെ സംഗീതാസ്വാദകര്‍ക്കിടയില്‍ ചിരപ്രതിഷ്ഠ നേടിയ ഗായിക വാണി ജയറാം ഇനി മനുഷ്യ മനസുകളിലെ നിത്യഹരിത താരകം. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ചെന്നൈ ബസന്റ് നഗറിലെ വൈദ്യുതി ശ്മശാനത്തിലായിരുന്നു സംസ്കാരം. കേരളത്തെ പ്രതിനിധീകരിച്ച് മന്ത്രിമാരാരും സംസ്കാര ചടങ്ങളുകളില്‍ പങ്കെടുത്തില്ല. മുഖ്യമന്ത്രിക്കുവേണ്ടി നോര്‍ക്ക ഓഫിസര്‍ റീത്ത് വച്ച് ആദരമർപ്പിച്ചു.
ശനിയാഴ്ച രാത്രി ഏഴിനാണ് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി വാണി ജയറാമിന്റെ മൃതദേഹം നുങ്കംപാക്കത്തെ ഫ്ലാറ്റില്‍ അന്ത്യയാത്രയ്ക്കായി എത്തിച്ചത്. ഗവര്‍ണര്‍ ആര്‍.എന്‍. രവി അടക്കം പ്രമുഖര്‍ രാത്രി തന്നെ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി. രാവിലെ പത്തു മണിയോടെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ആദരാഞ്ജലി അർപ്പിക്കാനെത്തി. പത്മഭൂഷണ്‍ കൈയിൽ വാങ്ങുന്നതിനു മുന്‍പേയുള്ള നിര്യാണം വേദനാജനകമാണെന്ന് സ്റ്റാലിൻ പ്രതികരിച്ചു. ഗായകലോകത്തെ ചിലർ ഒഴികെ ചലച്ചിത്ര രംഗത്തെ പ്രമുഖർ ആരും പ്രിയഗായികയ്ക്ക് അന്ത്യയാത്ര നൽകാൻ എത്തിയിരുന്നില്ല.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മറാത്തി തുടങ്ങി 19 ഭാഷകളിലായി പതിനായിരത്തിലേറെ ഗാനങ്ങള്‍ വാണി ജയറാം ആലപിച്ചിട്ടുണ്ട്. സ്വപ്നം എന്ന ചിത്രത്തിലൂടെ സലില്‍ ചൗധരിയാണ് വാണിയെ മലയാളത്തില്‍ കൊണ്ടുവന്നത്. പുലിമുരുകനിലെ ‘മാനത്തെ മാരിക്കുറുമ്പേ എന്ന ഗാനമാണ് മലയാളത്തില്‍ അവസാനം പാടിയത് . മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം മൂന്നുതവണ നേടി. ഈ വര്‍ഷം പത്മഭൂഷണ്‍ പുരസ്കാരം പ്രഖ്യാപിച്ച് രാജ്യം ആദരിച്ചിരുന്നു. പുരസ്കാരം സ്വീകരിക്കും മുന്‍പാണ് അപ്രതീക്ഷിത വിയോഗം.
സ്വപ്നം എന്ന ചിത്രത്തിലൂടെ സലില്‍ ചൗധരിയാണ് വാണിയെ മലയാളത്തില്‍ കൊണ്ടുവരുന്നത്. തമിഴ്നാട്ടിലെ വെല്ലൂരിലായിരുന്നു വാണിയുടെ ജനനം. കലൈവാണി എന്നാണ് മാതാപിതാക്കൾ ഇട്ട പേര്. ഹിന്ദി സിനിമയിൽ പാടി തുടങ്ങിയപ്പോൾ ഭർത്താവിന്റെ പേര് കൂട്ടിച്ചേർത്ത് അത് വാണി ജയറാം എന്നാക്കി മാറ്റി.അച്ഛൻ ദൊരൈസ്വാമി കൊൽക്കത്ത ഇൻഡോ–ജപ്പാൻ സ്റ്റീൽസ് ലിമിറ്റഡിൽ ഉദ്യോഗസ്ഥനായിരുന്നു. അമ്മ പത്മാവതി പാടുകയും വീണ വായിക്കുകയും ചെയ്യുമായിരുന്നു. ഇക്കണോമിക്സിൽ ബിരുദം നേടിയ വാണിക്ക് എസ്ബിഐയിൽ ഉദ്യോഗസ്ഥയായി ജോലി ലഭിച്ചു. മുംബൈ സ്വദേശിയും ഇൻഡോ ബൽജിയം ചേമ്പർ ഓഫ് കൊമേഴ്സ് എക്സിക്യുട്ടീവ് സെക്രട്ടറിയുമായ ജയറാമിനെയാണ് വിവാഹം ചെയ്തത്. 1969 ഫെബ്രുവരി നാലിനായിരുന്നു ഇവരുടെ വിവാഹം, മരണം സംഭവിച്ചതാകട്ടെ 2023 ഫെബ്രുവരി നാലിനും. 2018ൽ ജയറാം അന്തരിച്ചു.
ഇന്ത്യയിൽ ജനിച്ച പർവേസ് മുഷറഫ് നാലു വർഷം ജീവിച്ചത് ഓൾഡ് ഡൽഹിയിലുള്ള ദരിയാഗഞ്ചിലെ വീട്ടിലായിരുന്നു. നഹർവാലി ഹവേലിയിൽ പഴയ വീടിന്റെ ചെറിയ ശേഷിപ്പുകൾ മാത്രമാണ് ഇപ്പോഴുള്ളത്. അവസാന മുഗൾ രാജാവ് ബഹദൂർ ഷാ സഫറിന്റെ കാലത്ത് മന്ത്രി മന്ദിരമായിരുന്ന കെട്ടിടം ബ്രിട്ടിഷ് ഭരണ കാലത്താണ് മുഷറഫിന്റെ മുത്തച്‌ഛൻ വാങ്ങിയത്. 1943 ൽ ജനിച്ച പർവേസ് മുഷറഫ് നാല് വയസുവരെ ദരിയാഗഞ്ചിലെ വീട്ടിൽ കഴിഞ്ഞു. പിന്നീട് ഇന്ത്യ-പാക് വിഭജന കാലത്ത് 1947ൽ മുഷറഫിന്റെ കുടുംബം വസ്ത്ര വ്യാപാരിയായ മദൻ ലാൽ ജെയിനു വിറ്റു. അദ്ദേഹത്തിന്റെ പിന്മുറക്കാരാണ് ഇപ്പോഴും ഇവിടെ വസിക്കുന്നത്.
2001ൽ പാകിസ്ഥാൻ പ്രസിഡന്റായിരിക്കെ തന്റെ ആദ്യ ഇന്ത്യാ സന്ദർശന വേളയിൽ മുഷറഫ് പഴയ വീട് സന്ദർശിക്കാൻ എത്തിയിരുന്നു. തന്റെ അയൽക്കാരോടും സുഹൃത്തുക്കളോടും അദ്ദേഹം സംസാരിച്ചിരുന്നു. പിന്നീട് 2005ൽ മുഷറഫിന്റെ അമ്മ സരിൻ, സഹോദരൻ ജാവേദ്, മുഷറഫിന്റെ മകൻ ബിലാൽ എന്നിവരും പൂർവിക ഭവനം സന്ദർശിച്ചു. വർഷങ്ങൾ കഴിഞ്ഞപ്പോൾ പല കാരണങ്ങൾ കൊണ്ട് പലതവണയായി പഴയ കുടുംബവീട് ഭൂരിഭാഗവും പൊളിച്ചു. ഇപ്പോൾ ചെറിയ ചില ഭാഗങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്.
മുഷറഫിന്റെ മൃതദേഹം പാക്കിസ്ഥാനിലേക്കു കൊണ്ടുപോകാൻ കുടുംബം താൽപര്യം അറിയിച്ചു. മൃതദേഹം ജന്മനാട്ടിലേക്കു കൊണ്ടുപോകുന്നതിനു ദുബായിലെ പാക്കിസ്ഥാൻ കോൺസുലേറ്റ് അനുമതി നൽകി. പാക്കിസ്ഥാൻ മുൻ ഭരണാധികാരി എന്ന നിലയിൽ, രാജ്യത്തിന്റെ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്കരിക്കണമെന്ന ആഗ്രഹപ്രകാരമാണ് നാട്ടിലേക്കു കൊണ്ടുപോകാനുള്ള നടപടികൾ ആരംഭിച്ചതെന്നു കുടുംബം അറിയിച്ചു. ദീർഘനാളായി രോഗക്കിടക്കയിലായിരുന്ന ജനറൽ മുഷറഫിന്റെ മരണം ഞായറാഴ്ച പുലർച്ചെയാണ് സ്ഥിരീകരിച്ചത്.
നാഡീവ്യൂഹത്തെ തളർത്തുന്ന അപൂർവ രോഗം ബാധിച്ച് ദുബായിൽ ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. രാജ്യത്തെ കരസേന മേധാവിയായിരുന്ന മുഷറഫ് 1999 ഒക്‌ടോബറിൽ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ പുറത്താക്കിയാണ് അധികാരം പിടിച്ചെടുത്തത്. 2001ൽ പാക്കിസ്ഥാൻ പ്രസിഡന്റായി. 2008ൽ ഇംപീച്മെന്റ് നടപടികൾ ഒഴിവാക്കാനായി സ്ഥാനമൊഴിഞ്ഞു. ഭാര്യ: സെഹ്ബ മുഷറഫ്. രണ്ടു മക്കളുണ്ട്.
പ്രസിഡന്റ് പദവി രാജിവച്ച് ദുബായിലെത്തിയശേഷം 2013ലാണ് പാക്കിസ്ഥാനിലേക്കു മടങ്ങിയെത്തിയത്. ഭരണഘടനാ വ്യവസ്ഥകൾ ലംഘിച്ച് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച കേസിലും മുൻ പ്രധാനമന്ത്രിയായിരുന്ന ബേനസീർ ഭൂട്ടോ വധിക്കപ്പെട്ട കേസിലും വിചാരണ നേരിടുന്നതിനിടെ, 2016 മാർച്ചിൽ ചികിത്സയ്ക്കായി ദുബായിൽ തിരിച്ചെത്തി. പിന്നീടു മടങ്ങിയിട്ടില്ല.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
നോട്ടിംഗ് ഹാമിൽ താമസിക്കുന്ന വിജയൻ ശ്രീധരൻ നായരുടെ സഹധർമ്മിണി പ്രസന്ന വിജയൻ അന്തരിച്ചു. കേരളത്തിൽ ഇടയാറൻമുളയാണ് സ്വദേശം . സംസ്കാരം സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.
മരണം തുടർക്കഥയാകുന്നതിന്റെ ഞെട്ടലിലാണ് യുകെ മലയാളികൾ . കഴിഞ്ഞദിവസം ബ്രിട്ടനിൽ താമസിക്കുന്ന തൊടുപുഴ വള്ളിയിൽ വിവിയൻ ജേക്കബിന്റെ മകൾ 16 വയസ്സുകാരിയായ കയേൽ പനിപിടിച്ച് മരണമടഞ്ഞത് തേങ്ങലോടെയാണ് യു കെ മലയാളി സമൂഹം ഏറ്റുവാങ്ങിയത്. ന്യൂ മിൽട്ടനിൽ താമസിക്കുന്ന നടുവട്ടം മാഞ്ഞൂരാൻ വീട്ടിൽ പോളി മാഞ്ഞൂരാൻ (55 ) ഇന്നലെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിലാഴ്ത്തി മരണം ഏറ്റുവാങ്ങിയിരുന്നു.
പ്രസന്ന വിജയൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം സുഹൃത്തുക്കളെയും ബന്ധുക്കളെയും അറിയിക്കുന്നു.
ന്യൂ മിൽട്ടൺ: മരണങ്ങൾ പതിവാകുന്ന വേദനാജനകമായ സാഹചര്യത്തിലൂടെ യുകെ മലയാളികൾ. ഇന്നലെ ലൂട്ടണിൽ പതിനാറുകാരി പെൺകുട്ടി പനിപിടിച്ചു മരിച്ചതിന് പിന്നാലെ അൽപം മുൻപ് ന്യൂ മിൽട്ടണിൽ താമസിച്ചിരുന്ന നടുവട്ടം മാഞ്ഞൂരാൻ വീട്ടിൽ പോളി മാഞ്ഞൂരാൻ (55) ആണ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ മരണമടഞ്ഞത്.
കഴിഞ്ഞ മൂന്നു ദിവസമായി രോഗം വഷളായി പോളി ബോൺമൗത്ത് റോയൽ ഹോസ്പിറ്റലിൽ വെന്റിലേറ്ററിൽ ആയിരുന്നു പോളി. ഭാര്യ ഷീബ. മക്കൾ ഗ്രേയ്സ്, റോസ്, പോൾ.
സംസ്ക്കാരം സംബന്ധിച്ച വിവരങ്ങൾ ഒന്നും തീരുമാനമായിട്ടില്ല. കൂടുതൽ വിവരങ്ങൾ പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും.
പോളിയുടെ വേർപാടിൽ ദുഃഖിച്ചിരിക്കുന്ന ബന്ധുമിത്രാദികളെ മലയാളം യുകെയുടെ അനുശോചനം അറിയിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: യുകെ മലയാളികളെ ഞെട്ടിച്ചു കൊണ്ട് മറ്റൊരു വേർപാട് കൂടി വന്നിരിക്കുകയാണ്. ലൂട്ടനിൽ താമസിക്കുന്ന തൊടുപുഴ വള്ളിയില്‍ വിവിയന്‍ ജേക്കബിന്റെ മകൾ കയേലയാണ്(16) പനിയെ തുടർന്ന് മരണത്തിനു കീഴടങ്ങിയത്.
കടുത്ത പനിമൂലം കുഴഞ്ഞുവീണ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം കവർന്നെടുക്കുകയായിരുന്നു. ഇന്നലെ രാത്രിയാണ് സംഭവം. വിവിയന്‍ ജേക്കബിന്റെ രണ്ടാമത്തെ മകളാണ് മരണപ്പെട്ട കയേല.
കയേലയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം സുഹൃത്തുക്കളെയും ബന്ധുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
കർട്ടൻ ലാൻഡ് ഉടമയും ഇംഗ്ലണ്ടിലെ ബർമിങ്ഹാമിനടുത്തുള്ള ടെൽഫോർഡ് നിവാസിയുമായ ഷാജു മാടപ്പള്ളിയുടെ മാതാവ് ഏല്യ (94 ) നിര്യാതയായി. പരേത മാടപ്പള്ളി പൗലോസിൻെറ ഭാര്യയും കാടുകുറ്റി മഞ്ഞളി കുടുംബാംഗവുമാണ്. മക്കൾ : ഫിലോമിന , സിസ്റ്റർ റീന പോൾ (ഹെൽപ്പേഴ്സ് ഓഫ് മേരി വെസ്റ്റ് ബംഗാൾ), സിസ്റ്റർ ലൂസി എം.പി (സേവ് മിഷൻ ഓഫ് ചെന്നൈ), ബാബു പോൾ (സൗദി), ജോയ് പോൾ, ഷാജു പോൾ (യുകെ), മിനി.
മരുമക്കൾ : ജേക്കബ് (മഞ്ഞപ്ര ), ട്രസ്റ്റി ബാബു (ആനന്തപുരം ), മോളി ജോയ് (പോട്ട ), കൊച്ചുറാണി ഷാജു (യുകെ ), ബാബു (പേരാമ്പ്ര)
സംസ്കാരകർമ്മം (4- 2 – 23 ) ശനിയാഴ്ച രാവിലെ 10.30ന് പഴൂക്കര സെൻറ് ജോസഫ് ദേവാലയ സെമിത്തേരിയിൽ നടത്തപ്പെടും
ഷാജു മാടപ്പള്ളിയുടെ മാതാവിൻറെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം സുഹൃത്തുക്കളെയും ബന്ധുക്കളെയും അറിയിക്കുന്നു.
ശവസംസ്കാര ശുശ്രൂഷയുടെ തൽസമയ സംപ്രേക്ഷണം താഴെ കൊടുത്തിരിക്കുന്ന യൂട്യൂബ് ലിങ്കിൽ ലഭ്യമാണ്.