മലയാള സിനിമയുടെ മുത്തച്ഛൻ കോറോം പുല്ലേരി വാധ്യാർ ഇല്ലത്ത് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി (98) അന്തരിച്ചു. കോവിഡ് നെഗറ്റിവായതു കഴിഞ്ഞ ദിവസമാണ്. 1923 ഒക്ടോബർ 19ന് പുല്ലേരി വാധ്യാർ ഇല്ലത്ത് നാരായണൻ വാധ്യാർ നമ്പൂതിരിയുടെയും ദേവകി അന്തർജനത്തിന്റെയും മകനായി ജനനം. യാഥാസ്ഥിതിക പുരോഹിത കുടുംബത്തിൽ ജനിച്ച് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി ചെറുപ്പത്തിൽ തന്നെ വേദമന്ത്രങ്ങൾ സ്വായത്തമാക്കിയിരുന്നു.
പയ്യന്നൂർ ഹൈസ്കൂളിലായിരുന്നു വിദ്യാഭ്യാസം. ഗോകർണത്ത് നിന്ന് ചിറക്കൽ തമ്പുരാൻ കൂട്ടിക്കൊണ്ടു വന്നതാണ് പുല്ലേരി വാധ്യാർ കുടുംബത്തെ. നിരവധി ക്ഷേത്രങ്ങളിലെ താന്ത്രിക അവകാശമുള്ള ഇല്ലത്തെ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി നിരവധി ക്ഷേത്രങ്ങളിലെ തന്ത്രി കൂടിയാണ്. 6 മാസം എയർഫോഴ്സിൽ ജോലി ചെയ്തു. തിരിച്ചു വന്ന് കർഷകനായി. തുടർന്ന് 22 വർഷം സ്കൂൾ ജീവനക്കാരനായിരുന്നു. കോറോം ദേവീ സഹായം യുപി സ്കൂൾ മാനേജരാണ്. നിരവധി വർഷക്കാലം വിദ്യാരംഭ ദിനത്തിൽ മലയാള മനോരമ അങ്കണത്തിൽ ഗുരുവായി കുട്ടികളെ എഴുത്തിനിരുത്തിയിരുന്നു.
1996ൽ ദേശാടനം എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് കടന്നു വന്നത്. 4 തമിഴ് സിനിമകൾ ഉൾപ്പെടെ 22 സിനിമകളിൽ അഭിനയിച്ചു. 2014ൽ അഭിനയിച്ച വസന്തതിന്തെ കനാൽ വാഹികലിൽ എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്. എകെജി, ഇഎംഎസ് ഉൾപ്പെടെയുള്ള കമ്യൂണിസ്റ്റ് പോരാളികൾക്ക് ഒളിത്താവളം ഒരുക്കിയ തറവാടാണ് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയുടേത്. അതുകൊണ്ടുതന്നെ കമ്യൂണിസ്റ്റ് നേതാക്കളുമായി അടുത്ത ബന്ധം പുലർത്തി വന്നു.
മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്ത സൗഹൃദമായിരുന്നു. ഭാര്യ: പരേതയായ ലീല അന്തർജനം. മക്കൾ: ദേവകി, ഭവദാസൻ (റിട്ട.സീനിയർ മാനേജർ, കർണാടക ബാങ്ക്), യമുന (കൊല്ലം), പി.വി.ഉണ്ണിക്കൃഷ്ണൻ (കേരള ഹൈക്കോടതി ജഡ്ജി). മരുമക്കൾ: കൈതപ്രം ദാമോദരൻ നമ്പൂതിരി (ഗാനരചയിതാവ്, സിനിമ പിന്നണി ഗായകൻ ഗായകൻ), ഇന്ദിര (അധ്യാപിക, കോറോം ദേവീ സഹായം യുപി സ്കൂൾ), പുരുഷോത്തമൻ (എൻജിനീയർ, കൊല്ലം), നീത (എറണാകുളം). സഹോദരങ്ങൾ: പരേതരായ വാസുദേവൻ നമ്പൂതിരി, അഡ്വ.പി.വി.കെ.നമ്പൂതിരി, സരസ്വതി അന്തർജനം, സാവിത്രി അന്തർജനം, സുവർണിനീ അന്തർജനം.
ഭാവാഭിനയ പ്രധാനമായ റോളുകളില്‍ തിളങ്ങിയിരുന്ന നടനായിരുന്നു ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. പ്രായത്തെ കടന്നു നില്‍ക്കുന്ന അഭിനയ താല്പര്യവും ആത്മവിശ്വാസവും അദ്ദേഹത്തെ ചലച്ചിത്രരംഗത്തെ വേറിട്ട വ്യക്തിത്വത്തിന് ഉടമയാക്കി. എന്നും ഇടതുപക്ഷ സഹയാത്രികനായിരുന്ന അദ്ദേഹം സിപിഎമ്മിനോട് ആത്മബന്ധം പുലര്‍ത്തി.
കലാലോകത്തിനു വലിയ നഷ്ടമാണ് ഈ വേര്‍പാട്. വ്യക്തിപരമായും ഇതൊരു നഷ്ടമാണ്. സാംസ്കാരിക രംഗത്ത് ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ വിയോഗംമൂലമുണ്ടായ വിടവ് എളുപ്പം നികത്താനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്റ്റോക്ക് ഓൺ ട്രെന്റ്: സ്റ്റോക്ക് ഓൺ ട്രെന്റ് മലയാളി അസോസിയേഷൻ മുൻ പ്രസിഡൻറ് ശ്രീ. വിനു ഹോർമിസിൻെറ മാതാവും പരേതനായ കെ എം ഹോർമീസിന്റെ ഭാര്യയുമായ ശ്രീമതി ലില്ലി ഹോർമിസ് (81 ) നിര്യാതയായി. പരേത എറണാകുളം തേവര സ്വദേശിയും പോളപ്പറമ്പിൽ കുടുംബാംഗവുമാണ്. ഇന്ത്യൻ സമയം വൈകീട്ട് 7.00 മണിയോടെയാണ് മരണമടഞ്ഞത്.
വാർദ്ധക്യ സഹജമായ ആരോഗ്യ പ്രശനങ്ങൾ കാരണം എറണാകുളം മെഡിക്കൽ ട്രസ്റ് ആശുപത്രിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രവേശിപ്പിച്ചത്. പിന്നീട് ആരോഗ്യ നില വഷളായതോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. എങ്കിലും ജീവൻ നിലനിർത്താൻ സാധിച്ചില്ല. അസുഖം കൂടുതൽ ആണ് എന്ന അറിയിപ്പിനെ തുടർന്ന് വിനു നാട്ടിലേക്ക് പുറപ്പെടുവാനുള്ള ഒരുക്കങ്ങൾ നടത്തവേയാണ് ഇന്ന് മരണ വാർത്തയെത്തിയത്.
സംസ്‌കാരം അടുത്ത ചൊവ്വാഴ്ച (26/12/2021) വൈകീട്ട് നാല് മണിക്ക് സ്വഭാവനത്തിൽ ആരംഭിക്കുകയും തുടർന്ന് കോന്തുരുത്തി സെന്റ് ജോൺസ് പള്ളി സെമിത്തേരിയിൽ നടത്തപ്പെടുന്നു.
മക്കൾ : മിനി പോൾ, ഷിബു ഹോർമീസ്, വിനു ഹോർമീസ്.
മരുമക്കൾ : പോൾ സേവ്യർ, പരേതയായ പ്രീതി ഷിബു, ഷിമ്മയ് വിനു.
വിനു ഹോർമിസിൻെറ മാതാവിൻെറ വിയോഗത്തിൽ മലയാളം യുകെ ന്യൂസിൻെറ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ലണ്ടനിലെ പ്രമുഖ ബിസിനസുകാരനും പുതിയ തലമുറ കുടിയേറ്റത്തിലെ ആദ്യകാല മലയാളിയുമായ ബോളിൻ മോഹനൻ (മോഹൻ കുമാരൻ-66) കോവിഡ് ബാധിച്ച് മരിച്ചു. ഈസ്റ്റ് ലണ്ടനിലെ എൻഎച്ച്എസ് ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം പിന്നീട്. ലണ്ടനിലെ എല്ലാ മലയാളികളുമായും തന്നെ സൗഹൃദവും ആത്മബന്ധവും പുലർത്തിയിരുന്നന മോഹനൻ ഏറെ നാളായി രോഗബാധിതനായി ചികിൽസയിലായിരുന്നു. ഇതിനൊപ്പം കോവിഡ് കൂടി ബാധിച്ചതാണ് മരണകാരണായത്.
ഈസ്റ്റ് ലണ്ടനിലെ അപ്റ്റൺ പാർക്കിൽ വെസ്റ്റ്ഹാം ഫുട്ബോൾ സ്റ്റേഡിയത്തിനോടു ചേർന്ന് ബോളീൻ എന്ന പേരിൽ സിനിമാ തിയറ്റർ നടത്തിയതോടെയാണ് അദ്ദേഹം ബോളിൻ മോഹൻ എന്ന് അറിയപ്പെട്ടു തുടങ്ങിയത്. തിയറ്ററിനൊപ്പം ഹോട്ടലും കംപ്യൂട്ടർ സെന്ററും മണി എക്സ്ചേഞ്ചും ഗ്രോസറി ഷോപ്പും മലയാളം ചാനലുകളുടെ വിതരണ ശൃംഖലയും റിക്രൂട്ട്മെന്റ് ഏജൻസിയും എല്ലാമായി വലിയൊരു ബിസിനസ് സാമ്രാജ്യം അദ്ദേഹം കെട്ടിപ്പെടുത്തെങ്കിലും അസുഖബാധിതനായതോടെ ബിസിനസുകൾ മരവിപ്പിക്കുകയായിരുന്നു. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയാണ്. ഭാര്യ: സുശീല മോഹൻ. മക്കൾ: ശ്രീലക്ഷ്മി, ശ്രീഹരി.
ലണ്ടനിലെ മലയാളികളുടെ കലാ- സാംസ്കാരിക പരിപാടികളിലും കൂട്ടായ്മകളിലുമെല്ലാം സജീവ സാന്നിധ്യമായിരുന്നു ഏവർക്കും പ്രിയങ്കരനായ മോഹനൻ.
യുകെ മലയാളികളുടെ അഭിമാനമായിരുന്ന മോഹൻ കുമാരൻെറ വിയോഗത്തിൽ മലയാളം യുകെ ന്യൂസിൻെറ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
പ്രശസ്ത ബൈക്ക് റൈഡർ കിങ് റിച്ചാർഡ് ശ്രീനിവാസൻ ബൈക്ക് അപകടത്തിൽ മരിച്ചു. ഒട്ടകവുമായി കൂട്ടിയടിച്ചായിരുന്നു അപകടം. ബെംഗളൂരു സ്വദേശിയായ ഇദ്ദേഹത്തിന് സമൂഹമാധ്യമങ്ങളിൽ ആരാധകർ ഏറെയാണ്. രാജസ്ഥാനിലെ ജയ്സാൽമീറിലേക്കുള്ള യാത്രക്കിടയിലാണ് ഒട്ടകവുമായി കൂട്ടിയിടിച്ചത്.
ജനുവരി 23ന് ബെംഗളൂരുവിൽ യാത്ര അവസാനിപ്പിക്കാനിരിക്കെയാണ് അപകടം തേടിയെത്തിയത്. ബൈക്കിൽ പോകുന്നതിനിടെ അപ്രതീക്ഷിതമായി ഒട്ടകം കുറുകേ ചാടുകയായിരുന്നു. അപകടത്തിൽ തലയ്ക്ക് ഗുരുതരപരുക്കേറ്റതാണ് മരണകാരണം. അപകടസ്ഥലത്ത് വച്ച് മരണം സംഭവിച്ചുവെന്നാണ് റിപ്പോർട്ട്.
പോസ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. ഏഷ്യ, യൂറോപ്പ്, അമേരിക്ക, ഓസ്‌ട്രേലിയ എന്നിവടങ്ങളിൽ ടൈഗർ 800 എന്ന ബൈക്കിൽ ഇദ്ദേഹം യാത്രപോയിരുന്നു. ആഫ്രിക്കൻ യാത്രയ്ക്ക് തയാറെടുക്കുമ്പോഴാണ് മരണം തേടിയെത്തിയത്. .
അമേരിക്കൻ യുവനടി ജെസീക്ക കാംപെൽ അന്തരിച്ചു. കുടുംബം തന്നെയാണ് താരത്തിന്റെ മരണ വിവരം പുറത്ത് വിട്ടത്. ഡിസംബർ 29 നായിരുന്നു മരണം സംഭവിച്ചതെന്ന് കുടുംബം വ്യക്തമാക്കി. നാച്ചുറോപതിക് ഫിസിഷ്യൻ കൂടിയായിരുന്ന ജെസീക്ക രോഗികളെ പരിശോധിക്കുന്നതിനിടയിൽ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ പ്രാഥമിക ശുശ്രൂഷകൾ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മരണ കാരണത്തെ സംബന്ധിച്ച് കൂടുതൽ വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല. 1992 ൽ പുറത്തിറങ്ങിയ ഇൻ ദി ബെസ്റ്റ് ഇൻറസ്റ്റ് ഓഫ് ദി ചിൽഡ്രൻ എന്ന ടിവി മൂവിയിലൂടെയാണ് ജെസീക്ക അഭിനയ രംഗത്തേക്ക് എത്തുന്നത്. മാത്യു ബ്രോഡെറിക്, റീസെ വിതെർസ്പൂൺ തുടങ്ങിയവർക്കൊപ്പം ഇലക്ഷൻ എന്ന കോമഡി സറ്റയറിന്റെ ഭാഗമാവുമായി. ഈ ചിത്രത്തിലൂടെയാണ് ജെസീക്ക ശ്രദ്ധ നേടുന്നത്.
തുടർന്ന് 2000 ൽ പുറത്തിറങ്ങിയ ഫ്രീക്ക്സ് ആൻഡ് ഗീക്ക്സ് എന്ന സീരിസിലും ശ്രദ്ധേയമായ വേഷം ലഭിച്ചു. ഡാഡ്സ് ഡേ, ജങ്ക് ദി സേഫ്റ്റി ഓഫ് ഒബ്ജെക്റ്റ് എന്നിവയാണ് ജെസീക്കയുടെ മറ്റ് പ്രധാന ചിത്രങ്ങൾ. കുറച്ച് നാൾ സിനിമയിൽ നിന്ന് ഇടവേളയെടുത്ത് നാച്ചുറോപതിക് ഫിസിഷ്യനായി ജോലി തുടരുമ്പോഴായിരുന്നു മരണം.
എം എം എ മുൻ എക്സിക്യൂട്ടീവ് അംഗം, ട്രേസ്റ്റ് മാഞ്ചസ്റ്റർ ഹിന്ദു കമ്യൂണിറ്റി ജനറൽ സെക്രട്ടറി രാധേഷ് നായരുടെ പിതാവ് തൃശ്ശൂർ പറപ്പൂക്കര പോത്തനേട്ട് വീട്ടിൽ വി. കെ. രാധാകൃഷ്ണൻ (69) നിര്യാതനായി. സംസ്കാരചടങ്ങുകൾ വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് വീട്ടുവളപ്പിൽ നടക്കും. വിജി രാധേഷ് മരുമകളാണ്.
രാധേഷ് നായരുടെ പിതാവിൻെറ വിയോഗത്തിൽ മലയാളം യുകെ ന്യൂസിൻെറ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
കുറവിലങ്ങാട് പള്ളിയിലെ ആർച്ച് പ്രീസ്റ്റ് റവ.ഡോ. അഗസ്റ്റിൻ കൂട്ടിയാനിയുടെ സഹോദരി മെറീന ഷാജി (43) അന്തരിച്ചു. സംസ്കാര ശുശ്രൂഷകൾ ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് വീട്ടിൽ ആരംഭിക്കുകയും തുടർന്ന് അന്ത്യകർമ്മങ്ങൾ കോണ്ടാട് സെന്റ് സെബാസ്റ്റ്യൻസ് ഇടവകപള്ളിയിൽ നടത്തപ്പെടുകയും ചെയ്യും. ഞായറാഴ്ച രാവിലെ 9 മണിക്ക് വീട്ടിൽ പൊതുദർശനത്തിന് സൗകര്യമുണ്ടായിരിക്കും.
മെറീന ഷാജിയുടെ വിയോഗത്തിൽ മലയാളം യുകെ ന്യൂസിൻെറ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
[ot-video][/ot-video]
ബെൽഫാസ്റ്: കൊറോണയുടെ വകഭേദം പടർന്നതോടെ മരണപ്പെടുന്ന മലയാളികളുടെ എണ്ണവും വർദ്ധിക്കുന്നു. കഴിഞ്ഞ കുറെ വര്‍ഷമായി ശാരീരിക അസ്വാസ്ഥ്യം ഉണ്ടായിരുന്ന ബല്‍ഫാസ്റ്റിലെ സോജന്‍ എന്ന മലയാളിയാണ് ഇന്നലെ രാവിലെ പത്തരയോടെ വിടപറഞ്ഞത്. അസുഖ ബാധിതനായിരുന്ന സോജൻ ചികിത്സയിൽ ഇരിക്കെ കഴിഞ്ഞ ദിവസം വീട്ടിലേക്ക് തിരികെ കൊണ്ടുവന്നിരുന്നു. എന്നാൽ കോവിഡ് ആണോ മരണ കാരണം എന്ന് വ്യക്തമല്ല.
ബെല്‍ഫാസ്റ്റില്‍ ഫിനഗേ എന്ന സ്ഥലത്താണ് സോജനും ഭാര്യ ലൂസിനയും കുടുംബവും താമസിക്കുന്നത്. ഇദ്ദേഹത്തിന് രണ്ടു ആണ്‍മക്കള്‍ ആണ് ഉള്ളത്. മൂത്തയാള്‍ തേജസ് കാനഡയില്‍ കുടുംബത്തോടൊപ്പം സ്ഥിര താമസമാക്കിയിരിക്കുകയാണ്. ഇളയ മകന്‍ ശ്രേയസ് യൂണിവേഴ്‌സിറ്റിയില്‍ ഗവേഷക വിദ്യാര്‍ത്ഥിയാണ്.
കുടുംബത്തിന് പ്രാദേശിക മലയാളി സമൂഹം ആവശ്യമായ സഹായവുമായി കൂടെയുണ്ട്. സംസ്‌കാരം സംബന്ധിച്ച വിവരങ്ങൾ തീരുമാനം ആയിട്ടില്ല.
സോജന്റെ നിര്യാണത്തിൽ മലയാളം യുകെയുടെ ആദരാഞ്ജലികൾ.
മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ.കെ രാമചന്ദ്രന്‍ മാസ്റ്റര്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു അന്ത്യം. 78 വയസ്സായിരുന്നു. കോഴിക്കോട് കക്കോടിയിലെ മകന്റെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം.
ജില്ലയുടെ രൂപീകരണ കാലം മുതല്‍ വയനാട് കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചിരുന്ന രാമചന്ദ്രന്‍ മാസ്റ്റര്‍ പൊതുജീവിതം അവസാനിപ്പിച്ച ശേഷം വിശ്രമജീവിതം നയിച്ചത് കോഴിക്കോടായിരുന്നു. കോഴിക്കോട് കക്കോടിയിലെ മകന്റെ വീട്ടില്‍ വെച്ച് കുഴഞ്ഞുവീഴുകയായിരുന്നു.
മൃതദേഹം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബത്തേരിയില്‍ നിന്നും കല്‍പ്പറ്റയില്‍ നിന്നുമായി ആറു തവണ എം.എല്‍.എ ആയിട്ടുണ്ട്. ആന്റണി, ഉമ്മന്‍ ചാണ്ടി മന്ത്രിസഭകളില്‍ അംഗമായിരുന്നു. 1991 മുതല്‍ തുടര്‍ച്ചയായി മൂന്നു തവണ കല്പറ്റ മണ്ഡലത്തില്‍ നിന്ന് വിജയിച്ചു.
1995-96 കാലത്ത് എ.കെ ആന്റണി മന്ത്രിസഭയില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയായിരുന്നു. 2004 ല്‍ ആന്റണി രാജിവച്ച ശേഷം വന്ന ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ ആരോഗ്യ വകുപ്പും അദ്ദേഹം കൈകാര്യം ചെയ്തു. 2011 ല്‍ അദ്ദേഹത്തെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. കോഴിക്കോട് ഡിസിസി സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.