ഐഫൽ ഗോപുരം ഫ്രാൻസിന്റെ ദേശീയതയെ പ്രതിനിധീകരിക്കുന്നു. നോട്ടർഡാം കത്തീഡ്രലാകട്ടെ ഫ്രഞ്ച് സംസ്കാരത്തിന്റെ പ്രതീകമാണ്. ഫ്രഞ്ച് വിപ്ലവത്തെ അതിജീവിച്ച കത്തീഡ്രൽ പുനർനിർമാണത്തിനിടെ അഗ്നിബാധയ്ക്കിരയായത് ഫ്രഞ്ചുകാർക്കു സഹിക്കാനാവാത്ത നഷ്ടമാണു വരുത്തിയിരിക്കുന്നത്. അതുകൊണ്ടാണ് ഫ്രാൻസിനു മൊത്തം തീപിടിച്ചുവെന്ന സങ്കടം പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ പങ്കുവച്ചത്. ക്രിസ്തുവിനെ ധരിപ്പിച്ച മുൾക്കിരീടവും കുരിശിൽ തറയ്ക്കാനുപയോഗിച്ച ആണിയും അടക്കമുള്ള അമൂല്യവസ്തുക്കളുടെ സൂക്ഷിപ്പുകേന്ദ്രം.
1163-1345 നോട്ടർഡാം കത്തീഡ്രൽ നിർമാണം. പുരാതന ഗാളോ-റോമൻ പട്ടണമായ ല്യുട്ടേഷ്യയുടെ സ്ഥാനത്താണ് ഇതു പണിതത്. 127 മീറ്റർ നീളം, 48 മീറ്റർ വീതി, 47 മീറ്റർ ഉയരം. ഗോപുരങ്ങൾക്ക് 68 മീറ്റർ ഉയരം. പടിഞ്ഞാറേ ഗോപുരം 1200-ൽ നിർമാണം തുടങ്ങി. 1240-ൽ വടക്കേ ഗോപുരം തീർന്നു. 1250-ൽ തെക്കേ ഗോപുരവും. ഫ്രഞ്ച് ഗോഥിക് വാസ്തുവിദ്യയുടെ മകുടോദാഹരണമാണ് ഈ ദേവാലയം. 1789-93 ഫ്രഞ്ച് വിപ്ലവം. കലാപകാരികൾ കത്തീഡ്രലിനു നാശനഷ്ടം വരുത്തി. ബൈബിളിലെ രാജാക്കന്മാരുടെ 28 പ്രതിമകളുടെ ശിരസ് തകർത്തു. ഇവയിൽ 21 എണ്ണം 1977-ൽ സമീപത്തു നടത്തിയ ഖനനത്തിൽ കണ്ടെത്തി. ഇവ ക്ലൂണി മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. കത്തീഡ്രലിലെ മണികൾ ഉരുക്കി പീരങ്കിയുണ്ടകൾ നിർമിച്ചു. 1804: നെപ്പോളിയൻ ചക്രവർത്തി ദേവാലയം ആരാധനയ്ക്കായി വിട്ടുകൊടുത്തു. ചക്രവർത്തിയുടെ കിരീടധാരണം ഈ ദേവാലയത്തിൽ നടത്തി. 1831: വിക്തോർ യൂഗോയുടെ നോട്ടർഡാമിലെ കൂനൻ എന്ന നോവൽ പ്രസിദ്ധീകരിക്കുന്നു. അക്കാലമായപ്പോഴേക്ക് ദേവാലയം ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. കൂനൻ ക്വാസിമോന്തോയുടെ കഥ ദേവാലയ പുനരുദ്ധാരണത്തിലേക്ക് ജനശ്രദ്ധ ആകർഷിച്ചു.
1844: ദേവാലയ പുനരുദ്ധാരണം ആരംഭിച്ചു. ഴാങ് ബപ്തീസ്ത് ലാസൂസും യൂജീൻ എമ്മാനുവലും നേതൃത്വം നൽകി. 1905: ദേവാലയം ഫ്രഞ്ച് സർക്കാർ ഏറ്റെടുത്തു. ചരിത്രസ്മാരകമായി പ്രഖ്യാപിച്ചു. 1909: ജോവാൻ ഓഫ് ആർകിനെ പത്താം പിയൂസ് മാർപാപ്പ ഈ ദേവാലയത്തിൽവച്ച് വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. 1944 ഓഗസ്റ്റ്: ജർമൻ പിടിയിൽനിന്നു പാരീസ് മോചനം നേടിയതിനു കൃതജ്ഞതാബലി നോട്ടർഡാം കത്തീഡ്രലിൽ. ജനറൽമാരായ ചാൾസ് ഡിഗോളും ഫിലിപ്പ് ലെക്ലറും പങ്കെടുത്തു. 1991: നോട്ടർ ഡാം കത്തീഡ്രൽ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ. 2012-13: കത്തീഡ്രലിന്റെ 850-ാം വാർഷികം
പാരീസിന്റെ കാവൽവിശുദ്ധരായ ഡെനിസിന്റെയും ജനവീവിന്റെയും തിരുശേഷിപ്പുകൾ സൂക്ഷിച്ചിരിക്കുന്ന സ്ഥലം. നെപ്പോളിയൻ ഫ്രാൻസിന്റെ ചക്രവർത്തിയായി കിരീടം ധരിച്ച വേദി. ജർമനിയുടെ ആധിപത്യത്തിൽനിന്നു പാരീസ് മോചിതമായതിന്റെ കൃതജ്ഞതാബലി നടന്ന സ്ഥലം. ഗോഥിക് വാസ്തുവിദ്യയുടെ മനോഹാരിത. മനോഹരമായ ചില്ലുജനാലകൾ. മണികൾ, 8000 പൈപ്പുകൾ ഉള്ള ഓർഗൻ തുടങ്ങി പുരാതന സാങ്കേതികത്തികവു നിറഞ്ഞ ഉപകരണങ്ങൾ. വിക്തർ യൂഗോയുടെ നോട്ടർഡാമിലെ കൂനൻ എന്ന നോവൽ. പാരീസ് അതിരൂപതയുടെ കത്തീഡ്രൽ. പാരീസിൽ ഏറ്റവും കൂടുതൽ പേർ സന്ദർശിക്കുന്ന സ്ഥലം (വർഷം 1.2 കോടി പേർ).നോട്ടർഡാം കത്തീഡ്രലിനെ വ്യത്യസ്തമാക്കുന്ന, ലോകപൈതൃക കേന്ദ്രങ്ങളിലൊന്നായി മാറ്റുന്ന അനേകം സവിശേഷതകളുണ്ട്.
കർത്താവിന്റെ മുൾക്കിരീടം യേശുവിന്റെ പീഡാനുഭവവുമായി ബന്ധപ്പെട്ട തിരുശേഷിപ്പുകളാണ് കത്തീഡ്രലിന്റെ പ്രധാന പ്രത്യേകത. യേശുവിന്റെ തലയിൽ ചൂടിച്ച മുൾക്കിരീടത്തിന്റെ ഭാഗമാണ് ഇതിലൊന്ന്. മുൾക്കിരീടത്തിൽ ചുറ്റിയ നാട ജറുസലേമിൽനിന്നു കൊണ്ടുവന്നതാണെന്നു വിശ്വസിക്കപ്പെടുന്നു. പ്രത്യേകമായി അലങ്കരിച്ചാണ് സംരക്ഷിച്ചിരിക്കുന്നത്. യേശുവിനെ തറച്ച കുരിശിന്റെ ഒരു കഷണം, തറയ്ക്കാനുപയോഗിച്ച ആണികളിലൊന്ന് എന്നിവയും ഇവിടെയുണ്ട്. വിശുദ്ധ ലൂയിയുടെ ലിനൻ വസ്ത്രവും ഇവിടെ സൂക്ഷിക്കുന്നു. പതിമ്മൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ലൂയി രാജാവ് വിശുദ്ധ പദവിയിലേക്കുയർത്തപ്പെട്ട ഏക ഫ്രഞ്ച് അധികാരിയാണ്.
തിരുശേഷിപ്പുകളെല്ലാം സുരക്ഷിതമാണെന്നാണ് പാരീസ് അധികൃതർ അറിയിച്ചത്. ചില്ലുജനാലകൾ സ്റ്റെയിൻഡ് ഗ്ലാസ് പാനലുകൾ ഉപയോഗിച്ചു നിർമിച്ച മൂന്നു റോസ് വിൻഡോ (പള്ളികളിൽ കാണുന്ന വലിയ വൃത്താകൃതിയിലുള്ള ജനാല)കൾ ഇവിടെ ഉണ്ടായിരുന്നു. പൂക്കളുടെ ദളങ്ങൾ പോലെയുള്ള ഓരോ ഭാഗത്തും ചിത്രങ്ങളുണ്ട്. പഴയ നിയമത്തിലെയും പുതിയ നിയമത്തിലെയും അപ്പസ്തോലന്മാരുടെ ജീവിതത്തിലെയും കഥകളാണ് ചിത്രങ്ങളായി അവതരിപ്പിച്ചിരിക്കുന്നത്.
പടിഞ്ഞാറ്, തെക്ക്, വടക്കു ഭാഗത്തായിട്ടാണ് റോസ് വിൻഡോകൾ. തെക്കു ഭാഗത്തുള്ള 43 അടി വ്യാസമുള്ള ഏറ്റവും വലുത് ടൂറിസ്റ്റുകളുടെ പ്രധാന ആകർഷകകേന്ദ്രമാണ്. ജനാലകൾ തീപിടിത്തത്തെ അതിജീവിച്ചെന്നാണു റിപ്പോർട്ട്. മണിഗോപുരങ്ങൾ ഇരട്ട മണിഗോപുരങ്ങളാണ് കത്തീഡ്രലിന്റെ മുഖമുദ്ര. രണ്ടു ഗോപുരങ്ങൾക്കും 68 മീറ്റർ ഉയരം. 387 പടികൾ കയറിയാൽ പാരീസ് നഗരം മുഴുവൻ കാണാം. മണിഗോപുരങ്ങൾ തീപിടിത്തത്തിൽനിന്നു രക്ഷപ്പെട്ടു. മണികൾ
പത്തു മണികളാണുള്ളത്. ഇമ്മാനുവൽ എന്നു പേരുള്ള ഏറ്റവും വലിയ മണിക്ക് 23 ടൺ ഭാരമുണ്ട്. 1685ലാണ് ഇതു സ്ഥാപിച്ചത്. ഫ്രഞ്ച് ചരിത്രത്തിലെ സുപ്രധാന നിമിഷങ്ങളിൽ ഇമ്മാനുവലിന്റെ മുഴക്കം പാരീസ് നിവാസികൾ കേട്ടു. രണ്ടു ലോകമഹായുദ്ധങ്ങളും അവസാനിച്ചപ്പോൾ മുഴങ്ങിയതടക്കം. ദ ഗ്രേറ്റ് ഓർഗൻ ദ ഗ്രേറ്റ് ഓർഗൻ എന്നു വിളിക്കുന്ന പള്ളിയിലെ ഓർഗൺ 1403ലാണ് ആദ്യം നിർമിച്ചത്. പിന്നീടിങ്ങോട്ട് പലപ്പോഴായി അറ്റകുറ്റപ്പണിയും നവീകരണവും നടത്തി. ഏറ്റവും അവസാനം 2013ലായിരുന്നു. 8000 പൈപ്പുകളാണ് ഓർഗനു ശബ്ദം നല്‍കുന്നത്. ചില പൈപ്പുകൾക്ക് എണ്ണൂറിലധികം വർഷം പഴക്കമുണ്ട്. ഓർഗൻ സുരക്ഷിതമാണെന്നാണ് പാരീസ് ഡെപ്യൂട്ടി മേയർ ഇമ്മാനുവൽ ഗ്രിഗറി അറിയിച്ചത്. പള്ളിയുടെ മധ്യത്തിൽ, മേൽക്കൂരയിൽനിന്ന് ആകാശത്തേക്ക് ഉയർന്നുനിൽക്കുന്ന സ്തൂപിക തീപിടിത്തത്തിൽ നശിച്ചു. പാരീസിന്റെ സംരക്ഷക വിശുദ്ധരുടെ തിരുശേഷിപ്പുകൾ സ്തൂപികയിലാണു സൂക്ഷിച്ചിരുന്നത്. സ്തൂപിക പലപ്പോഴായി മാറ്റങ്ങൾക്കു വിധേയമായിരുന്നു. ഫ്രഞ്ച് വിപ്ലവത്തിൽ നശിപ്പിക്കപ്പെട്ട ഇത് 1860ൽ പുനർനിർമിച്ചതായിരുന്നു.
അലക്സ് വര്‍ഗീസ്
ലണ്ടൻ:- സീറോ മലങ്കര കത്തോലിക്കാ സഭയുടെ ഈസ്റ്റ് ലണ്ടൻ സെന്റ്.ജോസഫ് മലങ്കര കാത്തലിക് മിഷനിൽ വലിയ ആഴ്ചയിലെ എല്ലാ തിരുക്കർമ്മങ്ങളും പ്രത്യേകം ക്രമീകരിച്ചിരിക്കുന്നു.
ശുശ്രൂഷകൾക്ക് തിരുവനന്തപുരം മലങ്കര മേജർ സെമിനാരി റെക്ടർ ഫാ.കുര്യാക്കോസ് തടത്തിലും, ഫാ.തോമസ് മടുക്കംമൂട്ടിലും നേതൃത്വം നൽകും.
ഓശാന ഞായർ: – ഓശാനയുടെ പ്രത്യേക ശുശ്രൂഷയും വി.കുർബാനയും 14 ന് ഞായറാഴ്ച 11 am ന് ആരംഭിക്കും.
പെസഹാ വ്യാഴം:- പെസഹായുടെ പ്രത്യേക ശുശ്രൂഷയും വി.കുർബ്ബാനയും 18 ന് വ്യാഴാഴ്ച വൈകുന്നേരം 6.30ന് തുടക്കം കുറിയ്ക്കും.
ദുഃഖവെള്ളി:- ദു:ഖവെള്ളിയുടെ പ്രത്യേക ശുശൂഷകൾ 19 ന് രാവിലെ 8.30 മുതൽ ആരംഭം കുറിക്കും.
ഉയിർപ്പ്:- ഉയിർപ്പിന്റെ പ്രത്യേക ശുശ്രൂഷയും വി.കുർബാനയും 20 ന് രാത്രി 9 മണിക്ക് ആരംഭിക്കുന്നു.
വലിയ ആഴ്ചയിലെ മറ്റ് ദിവസങ്ങളിൽ വൈകുന്നേരം 7 മണിക്ക് സന്ധ്യാപ്രാർത്ഥനയും വചന പ്രഘോഷണവും ക്രമീകരിച്ചിരിക്കുന്നു. ശുശ്രൂഷകളിൽ സംബന്ധിച്ച് ദൈവാനുഗ്രഹം പ്രാപിക്കാൻ ഏവരേയും സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക്:-
ഷീൻ – 075 44547007,
സജി – 07951221914
ദേവാലയത്തിന്റെ വിലാസം:-
St. Anns Church – Mar lvanious Centre,
Degenham,
RM9 4SU.
രാജേഷ് ജോസഫ്
‘എല്ലാ മനുഷ്യരും അവിടുത്തെ പ്രകീർത്തിക്കട്ടെ, ജറുസലെമില്‍ അവിടുത്തേക്കു കൃതജ്ഞതയര്‍പ്പിക്കട്ടെ’ എന്ന തോബിത് വചനത്തിലധിഷ്ഠിതമാക്കി ലെസ്റ്ററിൽ ഗ്രാൻഡ് മിഷൻ ധ്യാനത്തിന് തുടക്കമായി.ലെസ്റ്ററിലെ മദർ ഓഫ് ഗോഡ് ദേവാലയത്തിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപത അദ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യ കാർമികത്വത്തിൽ വാർഷിക ധ്യാന ശുശ്രുഷകൾക്കു തുടക്കം കുറിച്ചു. നോമ്പുകാലം സഹനത്തിന്റെ ക്ഷമയുടെ അനുസ്മരണമാക്കാൻ അഭിവന്ദ്യ പിതാവ് ആവശ്യപ്പെട്ടു. ഈശോയുടെ പീഡാനുഭവ സഹനങ്ങൾ നമ്മുടെ അനുദിന ജീവിതത്തോട് താതാത്മ്യപെടുത്തി ക്ഷമയുടെ കാത്തിരിപ്പിന്റെ വക്താക്കളായി മാറുവാൻ അവിടുന്ന് ഉത്ബോധിപ്പിച്ചു
ഫാദർ സോജി ഓലിക്കൽ നേതൃത്വത്തില്‍ സെഹിയോൻ മിനിസ്ട്രി ടീമും ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്കുന്നു.
വൈകുന്നേരം അഞ്ചിന് ആരംഭിച്ച് ഒന്‍പതു മണിയോടെ എല്ലാ ശുശ്രൂഷകളും സമാപിക്കുന്നു. കുട്ടികള്‍ക്ക് പ്രത്യേക ശുശ്രൂഷ ഉണ്ടായിരിക്കും ഏപ്രിൽ 16 കുമ്പസാരത്തിനുള്ള സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നു.
ന്യൂസ് ഡെസ്ക്
പാരിസിലെ പ്രശസ്തമായ നോട്ടർ ഡേം കത്തീഡ്രലിൽ വൻ അഗ്നിബാധ റിപ്പോർട്ട് ചെയ്തു. ഫ്രാൻസിലെ കാത്തലിക് ചർച്ചിന്റെ അധീനതയിലുള്ളതാണ് ഈ കത്തീഡ്രൽ. 850 വർഷം പഴക്കമുള്ള ചർച്ച് പുരാതന ഗോതിക് മാതൃകയിൽ നിർമ്മിച്ചതാണ്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. നടന്നുകൊണ്ടിരിക്കുന്ന പുനർനിർമ്മാണ പ്രവർത്തനങ്ങളാകാം അഗ്നി ബാധയ്ക്ക് കാരണമെന്നു കരുതുന്നു.
ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവേൽ മക്രോൺ സംഭവസ്ഥലത്തേയ്ക്ക് തിരിച്ചിട്ടുണ്ട്. രാജ്യത്തെ അഭിസംബോധന ചെയ്യാനിരുന്നത് അദ്ദേഹം മാറ്റി വച്ചിട്ടുണ്ട്. അതിഭയാനകമായ രീതിയിലുള്ള അഗ്നിബാധയാണ് ഉണ്ടായിട്ടുള്ളതെന്ന് പാരിസ് മേയർ പറഞ്ഞു.
രാജേഷ് ജോസഫ്
വിശുദ്ധ വാരാചരണത്തിന് തുടക്കം കുറിക്കുന്ന കുരുത്തോല പെരുന്നാള്‍ ലെസ്റ്ററിലെ മദർ ഓഫ് ഗോഡ് ദേവാലയത്തിൽ നടത്തുകയുണ്ടായി . ദേവാലയ അങ്കണത്തിൽ തിങ്ങി നിറഞ്ഞ വിശ്വാസ സമൂഹം യേശുദേവന്റെ ജറുസലേമിലെ രാജകീയ പ്രവേശ അനുസ്മരണം ഓശാന ഗീതികളാൽ സിറോമലബാർ ആരാധന അധിഷ്ഠിതമായ കുരുത്തോല പ്രദിക്ഷിണം, ആനവാതിൽ പ്രവേശനം എന്നി ചടങ്ങുകളാൽ ഭക്തി സാന്ദ്രമാക്കി. വിശുദ്ധ കുർബാനയിലെ തിരുവചന സന്ദേശത്തിൽ വികാരി ഫാദർ ജോർജ് തോമസ് ചേലക്കൽ സമൂഹത്തിൽ പാർശ്വവത്കരിക്ക പെട്ടവരുടെ അടിച്ചമർത്ത പെട്ടവന്റെ ദീനരോദനം കരുണയുടെ ഓശാനയായി മാറ്റുവാനും യേശുവിന്റെ രാജത്വത്തെ കരുണയുടെ അനുഭവമായി ഉൾകൊള്ളാനും ഉദ്ബോധിപ്പിച്ചു.
കുരുത്തോലകൾ നെഞ്ചോടു ചേർത്ത് പിടിച്ചു ദാവീദിന്റെ പുത്രന് ഓശാന പാടിയും ആശംസകൾ കൈമാറിയും നസ്രാണി പാരമ്പര്യ അധിഷ്ഠിതമായ കൊഴുക്കട്ട ഭക്ഷണം പങ്കുവെച്ചു കുരുത്തോല തിരുന്നാൾ വേറിട്ടൊരു അനുഭവമായി ലെസ്റ്ററിൽ. ചിത്രങ്ങളിലേക്ക്
ഷിബു മാത്യൂ
ഇന്ന് ഓശാന ഞായര്‍. രാവിലെ തന്നെ ഫേസ്ബുക്കിലും വാട്ട്സ്ആപ്പിലും പ്രത്യക്ഷപ്പെട്ട ചിത്രമാണിത്. ഒരു പാട് വിശേഷണങ്ങളുള്ള ഈ ചിത്രം സോഷ്യല്‍ മീഡിയയെ തള്ളിപ്പറയുന്ന കേരള കത്തോലിക്കര്‍ ഒന്നടങ്കം ഏറ്റെടുത്തു. ഓശാന ഞായറിന്റെ ആശംസകള്‍ അറിയ്ച്ചതും ഈ ചിത്രം മുന്നില്‍ നിര്‍ത്തി തന്നെ. സോഷ്യല്‍ മീഡിയ ഒന്നടങ്കം ഏറ്റെടുത്ത ഈ ചിത്രത്തിന് ഒരു പാട് പ്രത്യേകതകള്‍ ഉണ്ട്. ചരിത്രപ്രസിദ്ധമായ അതിരമ്പുഴ പളളിയാണ് ചിത്രത്തിന്റെ പശ്ചാത്തലം. പാരമ്പര്യമുള്ള അതിപുരാതന കത്തോലിക്കാ കുടുംബങ്ങളുടെ ജീവിത രീതി ആധുനീക തലമുറയ്ക്ക് വഴിമാറിക്കൊടുത്തപ്പോള്‍ കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്ന ചട്ടയും മുണ്ടും. ഈ തലമുറയില്‍ അവസാനിക്കാനൊരുങ്ങുന്ന ചട്ടയും മുണ്ടും വരും തലമുറയ്ക്ക് ചരിത്രം പഠിക്കാനുള്ള ഒരു വിഷയമായി ചുരുങ്ങും. ഒരു കാലത്ത് കത്തോലിക്കാ സഭയുടെ പ്രൗഡിയും ഈ ചട്ടയിലും മുണ്ടിലുമായിരുന്നു. എന്തു കാരണം കൊണ്ട് ഈ വസ്ത്രം കത്തോലിക്കാ സമൂഹത്തില്‍ നിന്ന് പാടേ തുടച്ച് നീക്കപ്പെടുന്നു എന്നതിന് വ്യക്തമായ ഒരു നിര്‍വ്വജനവുമില്ല. പരമ്പരാകതമായി ഈ വസ്ത്രം തുന്നിയിരുന്നവര്‍ അത് കാലഹരണപ്പെടുന്നതിന് വളരെ മുമ്പേ തന്നെ കടന്നു പോവുകയും ചെയ്തു.
ഒരു പാട് പ്രത്യേകതകള്‍ ഈ ചിത്രത്തിനുണ്ട്. നിഷ്കളങ്കമായ സ്നേഹത്തിന്റെ ഉദാത്തമായ ഉദാഹരണമാണിത്. ദാരിദ്രം അനുഭവിച്ചറിഞ്ഞ അമ്മച്ചിമാര്‍തമ്മില്‍ അവരുടെ സങ്കടങ്ങള്‍ പങ്കുവെച്ചിരുന്നത് ഞായറാഴ്ച കുര്‍ബാനയ്ക്കെത്തുമ്പോഴാണ്. എല്ലാവരും അന്യകുടുംബങ്ങളില്‍ നിന്ന് വന്നവരാണല്ലോ! കൂടാതെ തുല്യ ദു:ഖിതരും. ചിത്രത്തിലേയ്ക്ക് കൂടുതല്‍സമയം നോക്കുമ്പോള്‍ മനസ്സില്‍ മാറി മറയുന്ന ചിന്തകള്‍ ചിത്രങ്ങള്‍. ആറു വയസ്സിലെ നിഷ്കളങ്കത അറുപതാം വയസ്സിലും പുനര്‍ജ്ജനിക്കുകയാണ്. ആ ചിരിയിലും ആലിംഗനത്തിലും കാലഹരണപ്പെട്ടു പോകുന്ന ഒരു കാലഘട്ടം ആധുനിക തലമുറയിലെ അധികം പേരും കണ്ടു കഴിഞ്ഞു. അത് തന്നെയാണ് കുറഞ്ഞ സമയം കൊണ്ട് ഈ ചിത്രം വാര്‍ത്തയായതും. ഇതുപോലൊരു ചിത്രം ഇനി ഓര്‍മ്മകളില്‍ മാത്രമായി ഒതുങ്ങും. ഈ ചിത്രമെടുത്തത് ആരായാലും അഭിനന്ദനം മാത്രം.
ഒരു കാര്യം വ്യക്തമാണ്.
ക്രൈസ്തവര്‍ ഓശാന ഞായര്‍ ആഘോഷിക്കുമ്പോള്‍ ഈ ചിത്രം നല്കുന്ന സന്ദേശത്തേക്കാള്‍ മറ്റെന്തുണ്ട്?
കടപ്പാട്: എന്റെ അതിരമ്പുഴ
ഫാ. ബിജു കുന്നയ്ക്കാട്ട് PRO
നോട്ടിംഗ്ഹാം/ ഡെര്‍ബി: മനുഷ്യരക്ഷയ്ക്കായി ഭൂമിയിലവതരിച്ച ദൈവപുത്രനായ ഈശോമിശിഹായുടെ രക്ഷാകരരഹസ്യങ്ങളെ അനുസ്മരിക്കുന്ന വിശുദ്ധവാര ആചരണം നോട്ടിംഗ്ഹാം, ഡെര്‍ബി മിഷനുകളില്‍ ഭക്ത്യാദരപൂര്‍വ്വം നടക്കുന്നു. നോട്ടിംഗ്ഹാമില്‍ സെന്റ് പോള്‍സ് (Lenton Boulevard, NG7 2BY) ദൈവാലയത്തിലും ഡെര്‍ബിയില്‍ സെന്റ് ജോസഫ്സ് (Burton Road, DE1 1TQ) ദൈവാലയത്തിലുമാണ് തിരുക്കര്‍മ്മങ്ങള്‍ നടക്കുന്നത്. മിഷന് ഡയറക്ടര്‍ റെവ. ഫാ. ബിജു കുന്നയ്ക്കാട്ട്, റെവ. ഫാ. വില്‍ഫ്രഡ് പെരേപ്പാടന് ട. ഇ. ഖ. എന്നിവര്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും. ശുശ്രുഷകളിലേയ്ക്ക് ഏവരെയും സ്നേഹത്തോടെ ക്ഷണിക്കുന്നു.
രണ്ടു മിഷനുകളിലെയും വിശുദ്ധവാര ശുശ്രുഷകളുടെ സമയവിവരം ചുവടെ:
14 ഞായര്‍ : ഓശാന ഞായര്‍ – 01.30 പി.എം.
17 ബുധന്‍: കുമ്പസാരദിനം – 05.00 — 10.00 പി.എം.
18 വ്യാഴം: പെസഹാവ്യാഴം – 03.00 പി.എം.
19 വെള്ളി: ദുഃഖവെള്ളി – 02.00 പി.എം.
20 ശനി: ദുഃഖശനി & ഉയിര്‍പ്പുഞായര്‍ – 02.00 പി.എം.
14 ഞായര്‍ : ഓശാന ഞായര്‍ – 03.00 പി.എം.
16 ചൊവ്വ: കുമ്പസാരദിനം – 05.00 — 10.00 പി.എം.
18 വ്യാഴം: പെസഹാവ്യാഴം -10.00 എ. എം.
19 വെള്ളി: ദുഃഖവെള്ളി – 09.00 എ. എം.
20 ശനി: ദുഃഖശനി & ഉയിര്‍പ്പുഞായര്‍ – 10.00 പി.എം.
ന്യൂസ് ഡെസ്ക്
ലോകമെമ്പാടും ക്രൈസ്തവര്‍ ഇന്ന് ഓശാന ഞായര്‍ ആചരിക്കുന്നു. വിശുദ്ധ വാരത്തിന് തുടക്കംകുറിച്ചു യുകെയിലെ ക്രൈസ്തവ ദേവാലയങ്ങളില്‍ ഇന്ന് പ്രത്യേക തിരുകര്‍മ്മങ്ങള്‍ നടക്കും. യേശുദേവന് ജറുസലേമിലേക്ക് യാത്ര ചെയ്തതിന്റെ ഓര്‍മ്മയ്ക്കായാണ് ഓശാന ഞായര്‍ ആചരിക്കുന്നത്. സമാധാനത്തിന്റെയും എളിമയുടെയും ദിനം കൂടിയാണ് ഓശാന ഞായര്‍. കേരളത്തില്‍ കുരുത്തോല പെരുന്നാള്‍ എന്നറിയപ്പെടുന്ന ഈ ദിനത്തോടെ ക്രൈസ്തവ സമൂഹം വിശുദ്ധ വാരാചരണത്തിന് തുടക്കമിടും. ഈസ്റ്ററിന് തൊട്ടുമുമ്പുള്ള ഞായറാണ് ഓശാന ഞായറായി ആചരിക്കുന്നത്. രാവിലെ ക്രൈസ്തവ ദേവാലയങ്ങളില്‍ നടക്കുന്ന കുരുത്തോല പ്രദക്ഷിണവും പ്രത്യേക പ്രാര്‍ത്ഥനയും ഈ ദിനത്തിന്റെ സവിശേഷതകളാണ്.
രക്ഷകനെ പ്രതീക്ഷിച്ചിരുന്ന യഹൂദ ജനതയ്ക്ക് പുത്തന്‍ പ്രതീക്ഷയായിരുന്നു ക്രിസ്തു ദേവന്റെ ജറുസലേം പ്രവേശനം. വിനയത്തിന്റെ അടയാളമായ കഴുതപ്പുറത്ത് ജറുസലേമിലേക്ക് എഴുന്നള്ളിയ ക്രിസ്തു ദേവനെ ഒലിവിലകള്‍ കൈയിലേന്തി, ഓശാന ഗീതികള്‍ പാടിയായിരുന്നു ജനം എതിരേറ്റത്. ഓശാന പെരുന്നാളിനോട് അനുബന്ധിച്ച് വിശ്വാസികള്‍ ദേവാലയങ്ങളില്‍ കുരുത്തോലയുമായി പ്രദക്ഷിണം നടത്തും. ക്രിസ്തുദേവന്റെ ജറുസലേമിലേക്കുള്ള രാജകീയ പ്രവേശനത്തെ സൂചിപ്പിക്കുന്നതിനു വേണ്ടിയാണിത്.
ഓശാന ഞായര്‍ മുതലുള്ള ഒരു ആഴ്ച തീവ്ര നോമ്പിന്റെയും, പീഡാസഹന ഓര്‍മ്മ ആചരണത്തിന്റെയും പുണ്യ ദിവസങ്ങളാണ്. പെസഹാ വ്യാഴാഴ്ചയും, ദു:ഖവെള്ളിയും, ഈസ്റ്ററും ഓരോ ക്രൈസ്തവനും ഏറെ പ്രാധാന്യമുള്ളതാണ്. കേരളത്തിലെ സുറിയാനി കത്തോലിക്കരുടെ ഇടയിൽ, പെസഹ വ്യാഴാഴ്ച ആചരണത്തില്‍ അന്ത്യ അത്താഴത്തിന്റെ സ്മരണയ്ക്കായി ഉണ്ടാക്കുന്ന കുരിശപ്പത്തിന്റെ മുകളില്‍ കുരിശാകൃതിയില്‍ വെയ്ക്കാനും, പാലില്‍ ഇടാനും ഓശാന ഞായറാഴ്ച ലഭിക്കുന്ന കുരുത്തോലയാണ് ഉപയോഗിക്കുക.
ഓരോ ക്രൈസ്തവന്റെയും ജീവിതത്തിലെ ഏറ്റവും പ്രാധാന്യമുള്ള ആഴ്ചയാണ് ഓശാന ഞായര്‍ മുതല്‍ ഈസ്റ്റര്‍ വരെയുള്ള ഒരാഴ്ച. ആണ്ടിലൊരിക്കലെങ്കിലും കുമ്പസാരിക്കുകയും പെസഹക്കാലത്ത് കുര്‍ബാന കൈക്കൊള്ളുകയും ചെയ്യണം എന്ന തിരുസഭയുടെ കല്പന വ്യക്തമാക്കുന്നതും ക്രൈസ്തവര്‍ക്കിടയിലുള്ള വിശുദ്ധവാരത്തിന്റെ ഈ പ്രാധാന്യം തന്നെയാണ്.
വിശുദ്ധവാരത്തിന് തുടക്കം കുറിച്ച് ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു. ഈസ്റ്ററിന് മുന്‍പുള്ള ഞായറാഴ്ചയാണ് ഓശാന ഞായര്‍. കേരളത്തില്‍ കുരുത്തോല പെരുന്നാള്‍ എന്നറിയപ്പെടുന്ന ഈ ദിനത്തോടെയാണ് ക്രൈസ്തവ സമൂഹം വിശുദ്ധ വാരാചരണത്തിന് തുടക്കം കുറിക്കുന്നത്.
ഈസ്റ്ററിനു മുൻപുള്ള ഞായറാഴ്ച, ക്രിസ്തീയ വിശ്വാസികൾ ഓശാന ഞായർ(Palm Sunday) അഥവാ കുരുത്തോലപ്പെരുന്നാൾ ആചരിക്കുന്നു. കുരിശിലേറ്റപ്പെടുന്നതിനു മുൻപ് ജറുസലേമിലേക്കു കഴുതപ്പുറത്തേറി വന്ന യേശുവിനെ, സൈത്തിന് കൊമ്പ് വീശി, ‘ദാവീദിന് സുതന് ഓശാന’ എന്ന് ജയ് വിളിച്ചുകൊണ്ടാണ് ജനക്കൂട്ടം എതിരേറ്റത്. ഈശോ നടന്ന് വരുന്ന വഴിയില്‍ ഒലിവ് മരച്ചില്ലകളും, ഈന്തപ്പനയോലകളും വിരിച്ചിരുന്നു. ഈ സംഭവം പുതിയ നിയമത്തിലെ നാല് സുവിശേഷകരും ഒരുപോലെ രേഖപ്പെടുത്തിയിട്ടുണ്ട്. ദൈവത്തിന്റെ പുത്രന്റെ രാജകീയ പ്രവേശനത്തിന് തിരഞ്ഞെടുത്തത്, പൊതുവെ പരിഹാസ പാത്രമായ കഴുതക്കുട്ടിയെയാണ്.
ഓശാന ഞായറാഴ്ച പ്രത്യേക പ്രാര്‍ഥനകളാണ് ക്രൈസ്തവ ദേവാലയങ്ങളില്‍. വെഞ്ചിരിച്ച കുരുത്തോലകള്‍ വിശ്വാസികള്‍ക്ക് നല്കുന്നു. ഈ കുരുത്തോലയുമേന്തിയുളള പ്രദക്ഷിണമാണ് പ്രധാന ചടങ്ങ്.ഓരോ വര്‍ഷത്തെ കുരുത്തോലയും ക്രൈസ്തവ ഭവനങ്ങളില്‍ ഭക്തിയോടെ സൂക്ഷിക്കും. വലിയ നോമ്പിന് തുടക്കും കുറിക്കുന്ന വിഭൂതി ബുധനാഴ്ച (കുരിശുവരപ്പെരുന്നാള്‍) ഈ കുരുത്തോലകള്‍ കത്തിച്ചുള്ള ചാരം കൊണ്ടാണ് വൈദികന് വിശ്വാസികളുടെ നെറ്റിയില്‍ കുരിശുവരച്ച് നല്‍കുന്നത്. വീടുകളില്‍ സൂക്ഷിച്ചിരിക്കുന്ന കുരുത്തോലകള്‍ വിഭൂതി ബുധന്‍ മുന്‍പായി ദേവാലയങ്ങളിലെത്തിക്കാന്‍ വൈദികര്‍ ആവശ്യപ്പെടും. തീര്‍ന്നില്ല, ഈ കുരുത്തോല മുറിച്ച് ചെറിയ കഷ്ണങ്ങള്‍ പെസഹാ വ്യാഴാഴ്ച ഉണ്ടാക്കുന്ന പെസഹാ അപ്പത്തിന്റെ (ഇന്‍ട്രിയപ്പം) നടുക്ക് കുരിശാകൃതിയിലും അപ്പത്തോടൊപ്പം കാച്ചുന്ന പാലിലും ഇടും.
കുരുത്തോലയ്ക്ക് പകരം റഷ്യൻ ഓർത്തഡോക്സ് സഭ, യുക്രേനിയൻ ഓർത്തഡോക്സ് സഭ, യുക്രേനിയൻ കത്തോലിക്കാ സഭ തുടങ്ങിയ വിഭാഗങ്ങൾ പുസി വില്ലോ എന്ന ചെടിയാണ് ഓശാന ദിവസം ഉപയോഗിക്കുന്നത്. മറ്റു ചില ഓർത്തഡോക്സ് സഭകളിലാകട്ടെ ഒലിവുമരച്ചില്ലകളും. നിശ്ചിത തീയതിയിലല്ല ഓശാന ഞായര്‍ ആചരിക്കുന്നത്. ഈസ്റ്റര്‍ കണക്കാക്കി അതിന് മുന്‍പുള്ള ഞായറാഴ്ചയാണ് ഓശാന ഞായറായി ആചരിക്കുന്നത്. അതുകൊണ്ട് മാറ്റപ്പെരുന്നാള്‍ എന്ന വിഭാഗത്തില്‍പ്പെടുന്നതാണ് ഓശാന ഞായര്‍.
മിക്ക രാജ്യങ്ങളും ഓശാന ഞായര്‍ ആചരിക്കാറുണ്ട്. ഇംഗ്ലണ്ടിലെ കുട്ടികള്‍ പരസ്പരം പാം ചെടിയുടെ ഇലകള്‍ കൈമാറിയാണ് ഈ ദിവസത്തെ വരവേല്‍ക്കുന്നത്. പാരിസിലാകട്ടെ പാം ചെടിയുടെ ഇലകള്‍ വീശി പാട്ട് പാടുകയാണ് പതിവ്.
ലാസറിന്റെ ശനിയാഴ്ച എന്ന് വിളിക്കുന്ന, കേരളത്തില്‍ ‘കൊഴുക്കട്ട ശനിയാഴ്ച’യെന്ന് അറിയപ്പെടുന്ന ശനിയാഴ്ചയുടെ പിറ്റേന്നാണ് ഓശാന ഞായര്‍.ശനിയാഴ്ച വൈകുന്നേരം ക്രൈസ്തവ ഭവനങ്ങളില്‍ കൊഴുക്കട്ട ഉണ്ടാക്കും. കൊഴുക്കട്ട പെരുന്നാളിന് പിന്നിലൊരു കഥയുണ്ട്. പെസഹായ്ക്ക് ആറു ദിവസം മുൻപ്, ജറുസലേമിലേക്കുള്ള യാത്രയ്ക്കിടയില്‍ ഈശോ ലാസറിന്റെ(ഈ ലാസറിനെയാണ് മരിച്ച് മൂന്നാം ദിവസം ഈശോ ഉയര്പ്പിച്ചത്) ഭവനത്തിലെത്തുമ്പോൾ ലാസറിന്റെ സഹോദരിമാരായ മര്‍ത്തായും മറിയവും തിടുക്കത്തില്‍ മാവുകുഴച്ചുണ്ടാക്കിയ വിഭവം കൊണ്ട് ഈശോയ്ക്ക് വിരുന്നു നൽകി. വലിയ വിരുന്നായ പെസഹായ്ക്കു മുൻപ് ഈശോ ഭക്ഷിച്ച അവസാനത്തെ വിരുന്നായിരുന്നു അത്. ആ വിരുന്നിന്റെ ഓര്‍മയാണ് കൊഴുക്കട്ട ശനിയാഴ്ചകളില്‍ അനുസ്മരിക്കുന്നത്.
ഫാ. ഹാപ്പി ജേക്കബ്
മരിച്ചവനായ ലാസറിനെ ഉയിര്‍പ്പിച്ച കര്‍ത്താവ് തനിക്ക് മരണത്തിന്റെ മേലും അധികാരമുണ്ടെന്ന് അവരെ അറിയിച്ചു്. അനേകം ആളുകള്‍ തന്റെ പ്രവൃത്തിയില്‍ അദ്ഭുതപ്പെട്ടെങ്കിലും മറ്റ് ചിലര്‍് അവനെ കൊല്ലുവാന്‍ വട്ടംകൂടി. പലരാജ്യങ്ങളില്‍ നിന്നും വന്നവര്‍ കൈയില്‍ കുരുത്തോലയുമായി അവനെ എതിരേല്ക്കുവാന് വന്നു. ഇസ്രായേലിന്റെ രാജാവായി അവര്‍ അവനെ സ്വീകരിച്ച ആനയിക്കുന്നു. എങ്ങും ആഘോഷവും സന്തോഷവും.
ആരവങ്ങള്‍ക്കിടയിലും നമ്മുടെ കര്‍ത്താവ് എളിമയുടെ പ്രതീകമായ കഴുതയെ തെരഞ്ഞെടുത്ത് ദേവാലയത്തിലേക്ക് യാത്ര ആരംഭിക്കുന്നു. അത്യുന്നതങ്ങളില്‍ ഓശാനയെന്ന് പാടി ജനം അവരുടെ വസ്ത്രങ്ങള്‍ വഴിയില്‍ വിതറി അവനെ സ്വീകരിക്കുന്നു. വി. മാര്‍ക്കോസ് 11: 1-1 വരെയുള്ള വാക്യങ്ങള്‍. നിന്ദ്യമായ കഴുതയെ തെരഞ്ഞെടുക്കുന്നതിലൂടെ പുതിയൊരു വാക്യം കര്‍ത്താവ് നമുക്ക് നല്കുന്നു.
അവനെ വഹിക്കുവാന്‍ തയ്യാറെങ്കില്‍ നമ്മുടെ മാനവും അപമാനവും എല്ലാം മാറ്റി നമ്മെ അവന് തെരഞ്ഞെടുക്കും. എന്നാല്‍ ഈ സന്തോഷം നമ്മില്‍ നിലനില്ക്കണമെങ്കില് നാം വായിച്ചു ശീലിച്ചുകൊണ്ടിരിക്കുന്ന പല വ്യാപാരങ്ങളും നാം ഒഴിവാക്കേണ്ടിവരും. ദേവാലയത്തില്‍ പ്രവേശിച്ച ഉടന്‍ അവിടെ വില്ക്കുന്നവരെയും വാങ്ങുന്നവരെയും അടിച്ചുപുറത്താക്കി. വില്‍പ്പനക്കാരുടെ മേശകളെയും പീഠങ്ങളെയും മറിച്ചിട്ടു. ദേവാലയം പ്രാര്‍ത്ഥനാലമാവാന്‍ അവന് സകലതും അവരെ ഉപദേശിച്ചു.
നമ്മുടെ ശരീരമാകുന്ന ഈ ആലയത്തില്‍ കര്‍ത്താവിന്റെ വഹിക്കണമെങ്കില്‍ പൂര്‍ണമായും വിശുദ്ധീകരിച്ചേ മതിയാവൂകയുള്ളു. മനോവിചാരങ്ങളെയും വ്യാപാരങ്ങളെയും വിശുദ്ധീകരിക്കുക. പ്രവര്‍ത്തിയും ചിന്തയും പരിപാവനമാക്കുക. ഈ ഓശാന പെരുന്നാളില്‍ പങ്കെടുക്കുന്ന നാം ഓരോരുത്തരും യഥാര്‍ത്ഥത്തില്‍ നമ്മുടെ ശരീരമാകുന്ന ദേവാലയത്തിലേക്ക് കര്‍ത്താവിനെ ആനയിക്കുക. അവന് അവിടെ വസിക്കുവാനുള്ള വിശുദ്ധി നേടുക.
നമ്മുടെ ശീലങ്ങള്‍ വിട്ടുമാറാന്‍ നമുക്ക് മടിയും അതേസമയം ആ ആഴ്ച്ച ശുശ്രൂഷയില്‍ പങ്കുകാരാവുകയും വേണം. ഇതങ്ങനെ സാധിക്കും. കര്‍ത്താവിന്റെ യാത്രയില്‍ ധാരാളം ആളുകള്‍ കാഴ്ച്ചക്കാരായി വഴിയോരങ്ങളില്‍ നില്ക്കുന്നുണ്ടായിരുന്നു. യാതൊരു മനംമാറ്റവും അവര്‍ പ്രകടിപ്പിച്ചില്ല. അതുപോലെയല്ലേ നാം ഓരോരുത്തരും. കുരുത്തോല പിടിച്ച് പ്രദക്ഷിണം നടത്തുന്ന സാമൂഹ്യമാധ്യമങ്ങളിലിട്ട് സായൂജ്യം അടയുന്ന ദിനമായി നാം ഇതിനെ ആക്കരുതേ.
നാല്‍പ്പത് നോമ്പില്‍ നേടിയ ആത്മീയത യഥാര്‍ത്ഥമായും ക്രിസ്തുവിനെ വഹിക്കുവാനും അവന് വസിക്കുവാനുമുള്ള ഒരുക്കമായി നമുക്ക് ഓശാന പാടാം. ഇനി ഈ ഒരാഴ്ച്ച ഏറ്റവും വിശുദ്ദമായ അവനോടൊപ്പം നമുക്ക് സഞ്ചരിക്കാം.
അനുഗ്രഹിക്കപ്പെടട്ടെ കഷ്ടാനുഭവമേ സമാധാനാത്താലേ വരിക!