Spiritual

ബിനോയ് എം. ജെ.

മനോസംഘർഷങ്ങൾ (conflicts) മന:ശ്ശാസ്ത്രത്തിന്റെ ഒരു പ്രധാന പഠനവിഷയമാണ്. മനോസംഘർഷത്തിൽ നിന്നും മാനസിക അസ്വസ്ഥതകളും, രോഗങ്ങളും, എല്ലാ തരത്തിലുമുള്ള ദുഃഖങ്ങളും ഉണ്ടാകുന്നു. മനോസംഘർഷം ഇല്ലാത്തവരായി ആരും തന്നെ ഉണ്ടാവില്ല. മനോസംഘർഷങ്ങൾ എവിടെ നിന്നും വരുന്നു? അതിന്റെ കാരണവും പരിഹാരവും എന്താണ്? സാർവ്വലൗകീകമായ ഈ പ്രതിഭാസത്തിന് ഒരു പരിഹാരം നിർദ്ദേശിക്കേണ്ടത് കാലത്തിന്റെ ആവശ്യകതയാണ്. അത് മാനവരാശിയുടെ ചരിത്രത്തിൽ ഒരു നാഴികക്കല്ലും, സംസ്കാരത്തിൽ ഒരു പുത്തൻ സൂര്യോദയവും ആയിരിക്കും. ഈ പ്രതിഭാസത്തിലേക്ക് വിരൽ ചൂണ്ടുന്ന പല കണ്ടെത്തലുകളും ഇതിനോടകം തന്നെ നടന്നു കഴിഞ്ഞിട്ടുണ്ടെങ്കിലും ഇതിനുള്ള ശാശ്വതമായ ഒരു പരിഹാരത്തിന്റെ അഭാവത്തിൽ മാനസിക അസ്വസ്ഥതകളും ജീവിത പ്രശ്നങ്ങൾ പൊതുവെയും ഇന്നും ഒരു കീറാമുട്ടിയായി അവശേഷിക്കുന്നു. ഞാൻ ഉദ്ദേശിക്കുന്നത് എല്ലാ ജീവിതപ്രശ്നങ്ങൾക്കുമുള്ള ശാശ്വതമായ ഒരു പരിഹാരമാണ്. ഭാരതീയ സംസ്കാരം ഈയൊരാശയത്തിലേക്കാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അധികം ആർക്കും അറിവുള്ള കാര്യമല്ല. അവയാകട്ടെ പാശ്ചാത്യ മനസ്സിന് ഗ്രഹിക്കുവാൻ ആവാത്തവിധം ആത്രമാത്രം സങ്കീർണ്ണവും ആഴവും ഉള്ളതാണ്. സൂര്യനെ എത്ര നാൾ കൈപത്തികൊണ്ട് മറച്ചു പിടിക്കുവാനാകും? ഈ ആശയങ്ങൾ കാലാകാലങ്ങളിൽ പ്രകാശിക്കുകയും ആധുനിക മനുഷ്യന്റെ ജീവിതത്തിൽ ഗംഭീരമായ പുരോഗതികൾ കൊണ്ടുവരികയും ചെയ്യും.

മനോസംഘർഷങ്ങൾ എല്ലാവർക്കും തന്നെ ഉള്ളതിനാൽ അവയുടെയെല്ലാം പിറകിൽ അടിസ്ഥാനപരമായ ഒരു കാരണവും ഉണ്ടാവണം. മനുഷ്യൻ എപ്പോഴും സ്വന്തം ശരീരവുമായും മനസ്സുമായും താദാത്മ്യപ്പെടുവാൻ ശ്രമിക്കുന്നു. ‘ഞാൻ ഈ കാണുന്ന ശരീരമാണ്’, ‘ഞാനീ കാണുന്ന വ്യക്തിയാണ്’ എന്നും മറ്റും അവൻ സദാ ചിന്തിക്കുന്നു. അതേ സമയം ഈ ചിന്ത അത്ര ശരിയല്ലെന്നും തനിക്ക് മരണമോ അവസാനമോ ഇല്ലെന്നും ഉള്ളിലുള്ള ആത്മാവ് സദാ മന്ത്രിക്കുന്നു. എന്നാൽ അവന്റെ മനസ്സ് അത് സമ്മതിച്ചു കൊടുക്കുന്നില്ല. വാസ്തവത്തിൽ മനുഷ്യൻ ശരീരമനസ്സുകളാണോ? അതോ അതിലും ഉത്കൃഷ്ടമായ മറ്റെന്തെങ്കിലും ആണോ? അവൻ ശരീരമനസ്സുകളാണെങ്കിൽ തീർച്ചയായും മരിക്കും! ആ കാര്യത്തിൽ ഒരു സംശയവും വേണ്ടാ. അപ്പോൾ തനിക്ക് മരണമില്ലെന്ന് ഉള്ളിൽ നിന്നും ഒരു സ്വരം സദാ മന്ത്രിക്കുന്നതെന്തുകൊണ്ട്? ഇതിനൊരു വിശദീകരണം കൊടുക്കുവാൻ ഭൗതികതയിലൂന്നിയ പാശ്ചാത്യ ശാസ്ത്രങ്ങൾക്ക് കഴിയുകയില്ല. പാശ്ചാത്യ ചിന്താപദ്ധതി നാശത്തിലേക്കേ നയിക്കൂ. കാരണം അവരുടെ അഭിപ്രായത്തിൽ എല്ലാം ജഡമാണ്. മനുഷ്യനെ ഇപ്രകാരം ജഡമായി ചിത്രീകരിക്കുന്നത് മനുഷ്യവംശത്തിന്റെ ഉന്മൂലനാശത്തിലേക്കേ നയിക്കൂ.

ഇവിടുത്തെ പ്രശ്നം താദാത്മീകരണത്തിന്റെ(identification) പ്രശ്നമാണ്. താൻ അല്ലാത്ത എന്തെങ്കിലുമായി മനുഷ്യൻ താദാത്മീകരിക്കുമ്പോൾ അവന്റെ ജീവിതത്തിൽ സംഘർഷങ്ങൾ ഉണ്ടാകുന്നുവെന്ന സദ്ഗുരുവിന്റെ ആശയം ഇവിടെ എടുത്ത് പറയേണ്ടതാണ്. വാസ്തവത്തിൽ മനുഷ്യൻ ശരീരമോ മനസ്സോ അല്ല. മറിച്ച് അവൻ അത്മാവോ, ഈശ്വരനോ, സമഷ്ടിയോ ആണ്. അവനൊരു വ്യക്തി ബോധത്തെ വളർത്തിക്കൊണ്ടുവരുന്നുണ്ടെങ്കിലും വാസ്തവത്തിൽ അവനൊരു വ്യക്തിയല്ല. ഈ വ്യക്തിബോധവും സമഷ്ടി ബോധവും തമ്മിൽ സദാ സംഘർഷത്തിൽ വരുന്നു. ഇതാണ് എല്ലാ മനോസംഘർഷങ്ങളുടെയും അടിസ്ഥാനം. താൻ നശ്വരനാണെന്ന് മനസ്സ് പറയുമ്പോൾ അനശ്വരനാണെന്ന് ആത്മാവ് പറയുന്നു. താൻ മരിച്ചു പോകുമെന്ന് ചിന്തിക്കുന്ന മനുഷ്യൻ മിഥ്യയിലാണ് ജീവിക്കുന്നത്. പിന്നീട് അങ്ങോട്ടൊരു പൊരുതലാണ്. മരണത്തെ ജയിക്കുവാനുള്ള പൊരുതൽ. നിലനിൽപിനുവേണ്ടിയുള്ള പൊരുതൽ. മനുഷ്യന്റെ എല്ലാ പരിശ്രമങ്ങളും ശരീരത്തെ സംരക്ഷിക്കുവാൻ വേണ്ടിയുള്ളതിണ്. ആഹാരം സമ്പാദിക്കുന്നതും, വീട് കെട്ടുന്നതും, സുഖഭോഗങ്ങളിൽ മുഴുകുന്നതും എല്ലാം ശരീരത്തെ സംരക്ഷിക്കുവാൻ വേണ്ടി മാത്രം. ഇനി അൽപം കൂടി ഉയർന്ന പടിയിൽ ഉള്ളവർ മാനസികമായ ആവശ്യങ്ങൾക്ക് വേണ്ടി പ്രയത്നിച്ചേക്കാം. അതിനപ്പുറത്തേക്ക് മനുഷ്യപ്രയത്നങ്ങൾ നീളുന്നില്ല. കാരണം അവൻ ശരീരമനസ്സുകളുമായി താദാത്മ്യപ്പെട്ടു കഴിഞ്ഞിരിക്കുന്നു. എന്നാൽ ശരീരം വീഴും! അത് വീണേ തീരൂ. അതോടൊപ്പം മനസ്സും തിരോഭവിക്കും. എത്രയോ ഘോരമായ ഒരവസ്ഥയാണിത്? ഇതിൽ നിന്നും കരകയറുവാൻ മാർഗ്ഗമില്ലെന്ന് ഭൗതികവാദിയായ മനുഷ്യൻ മൂഢമായി വിചാരിക്കുന്നു. എന്നാൽ ഈ കാണുന്ന മരണം തന്റെ ആത്മസ്വരൂപത്തെ സ്പർശിക്കുകപോലും ചെയ്യുന്നില്ലെന്ന് അവൻ അറിയുന്നില്ല. കാരണം ഞാൻ എന്ന സത്തക്ക് ജനന മരണങ്ങൾ സംഭവിക്കുന്നില്ല. ഞാൻ അനാദിയും അനന്തവും ആകുന്നു! ഞാൻ ആ സർവ്വേശ്വരനിൽ നിന്നും ഒട്ടും തന്നെ ഭിന്നനല്ല. ക്ലേശങ്ങൾ എന്നെ ബാധിക്കുന്നുമില്ല! ഞാൻ ശരീരമനസ്സുകളുമായി താദാത്മ്യപ്പെടുന്നതുകൊണ്ടാണ് ജനനമരണങ്ങളും ക്ലേശങ്ങളും എന്നെ ബാധിക്കുന്നത്. ക്ലേശങ്ങളിൽ നിന്നെല്ലാം ഒരു മോചനവുമുണ്ട്.

ഞാൻ ഈശ്വരൻ ആണെന്നുള്ള ചിന്ത അത്യന്തം ഭാവാത്മകമാകുന്നു. അപ്രകാരം ഒരു ബോധ്യത്തിലേക്ക് വരുമ്പോൾ ഞാൻ സത്യത്തിൽ എന്താണോ അതായിത്തീരുന്നു. അവിടെ ആശയക്കുഴപ്പങ്ങളും മനോസംഘർഷങ്ങളും തിരോഭവിക്കുന്നു. ഒരുവൻ ഒരിക്കൽ ഈശ്വരനോട് ഇപ്രകാരം പ്രാർത്ഥിച്ചു “അങ്ങയെ കാണാതെ ഞാൻ മരിക്കുകയില്ല”. അപ്പോൾ ഈശ്വരൻ ഇപ്രകാരം മറുപടിപറഞ്ഞു “എന്നെ കണ്ടു കഴിഞ്ഞാൽ പിന്നെ നീ മരിക്കില്ല”. അതെ! സ്വന്തം സത്തയെ കണ്ടെത്തുന്നവന് പിന്നെ മരണമില്ല. ഇത് മാത്രമാണ് അമർത്യതയിലേക്കും നിത്യജീവിതത്തിലേക്കും ഉള്ള വഴി. യേശു ദേവൻ പറയുന്നു “സത്യം അറിയുവിൻ; സത്യം നിങ്ങളെ സ്വതന്ത്രരാക്കും “. ഈ പ്രകൃതി തീർക്കുന്ന കെട്ടുപാടുകളിൽ നിന്നും മോചനം പ്രാപിക്കണമെങ്കിൽ ഞാനാ പ്രകൃതിയുടെ ഭാഗമല്ലെന്ന സത്യം അറിയേണ്ടിയിരിക്കുന്നു. ഞാൻ ഒരിക്കലും ജഡമോ പ്രകൃതിയോ ആയിരുന്നില്ല. എന്നാൽ ഞാനവയാണെന്ന് ചിന്തിച്ചുതുടങ്ങിയാൽ അവയെന്നെ ബാധിക്കുവാനും തുടങ്ങുന്നു.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

 

ഷൈമോൻ തോട്ടുങ്കൽ

സ്കൻതോർപ്പ് . ദൈവ വചനത്തെ ആഘോഷിക്കാനും , പ്രഘോഷിക്കുവാനും ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത സ്കന്തോർപ്പിൽ ഒരുമിച്ച് കൂടിയത് ദൈവകരുണയുടെ വലിയ സാക്ഷ്യമാണെന്നും സജീവമായ ഒരു ക്രൈസ്തവ സംസ്കാരം രൂപപ്പെടുത്തുന്നതിനും സഹായകമാക്കുന്നുവെന്നും ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ. രൂപതയുടെ ഏഴാമത് ബൈബിൾ കലോത്സവം ഇംഗ്ലണ്ടിലെ സ്കൻതോർപ്പ് ഫ്രഡറിക് ഗോവ് സ്ക്കൂളിൽ ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . രൂപതയുടെ പന്ത്രണ്ടു റീജിയനുകളിലായി നടന്ന കലോത്സവങ്ങളിൽ വിജയികളായ രണ്ടായിരത്തോളം പ്രതിഭകളാണ് ഫ്രെഡറിക് സ്‌കൂളിലെ പന്ത്രണ്ട് വേദികളായി നടന്ന മത്സരങ്ങളിൽ മാറ്റുരച്ചത് .

രാവിലെ മുതൽ നടന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ഓവറോൾ കിരീടം ബ്രിസ്റ്റോൾ -കാർഡിഫ് റീജിയൻ കരസ്ഥമാക്കി . , രണ്ടാം സ്ഥാനം കേംബ്രിഡ്ജ് റീജിയനും മൂന്നാം സ്ഥാനം പങ്ക് വച്ച് ബിർമിംഗ് ഹാം കാന്റർബറി റീജിയനുകളും. കലോത്സവത്തിൽ മുൻ നിരയിലെത്തി , യൂറോപ്പിലെ ഏറ്റവും വലിയ കലോത്സവമായി വിലയിരുത്തപ്പെടുന്ന രൂപത ബൈബിൾ കലോത്സവത്തിന് മത്സരാർത്ഥികൾക്ക് പിന്തുണ നൽകാനായി അവരുടെ കുടുംബാംഗങ്ങളും ഏതാണ്ട് അയ്യായിരത്തോളം പേർ ഒന്ന് ചേർന്നതോടെ മത്സര നഗരി രൂപതയുടെ കുടുംബ സംഗമ വേദി കൂടിയായായി .

രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് റെവ ഡോ ആന്റണി ചുണ്ടെലിക്കാട്ട് ,ചാൻസിലർ റെവ. ഡോ മാത്യു പിണക്കാട് , പാസ്റ്ററൽ കോഡിനേറ്റർ റെവ ഡോ ടോം ഓലിക്കരോട്ട് ട് ,ഫിനാൻസ് ഓഫീസർ ഫാ . ജോ മൂലച്ചേരി വി സി, ഫാ. ഫാൻസ്വാ പത്തിൽ ,ബൈബിൾ അപോസ്റ്റലേറ്റ് ചെയർമാൻ ഫാ. ജോർജ് എട്ടുപറ ,ഫാ . ജോജോ പ്ലാപ്പള്ളിൽ സി .എം .ഐ , ഫാ ജോസഫ് പിണക്കാട് , ബൈബിൾ കലോത്സവം കോഡിനേറ്റർ ആന്റണി മാത്യു , ജോയിന്റ് കോഡിനേറ്റേഴ്‌സ്മാരായ ജോൺ കുര്യൻ , മർഫി തോമസ് , ബൈബിൾ കലോത്സവം ജോയിന്റ് കോഡിനേറ്റർ ജിമ്മിച്ചൻ ജോർജ് , ബൈബിൾ അപ്പോസ്റ്റലേറ്റ് കമ്മീഷൻ പ്രതിനിധികൾ , രൂപതയിലെ വിവിധ റീജിയനുകളിൽ നിന്നുള്ള വൈദികർ , അല്മായ പ്രതിനിധികൾ എന്നിവർ കലോത്സവത്തിന് നേതൃത്വം നൽകി.

ഷൈമോൻ തോട്ടുങ്കൽ
സ്കന്തോർപ്പ്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത യുടെ  ഏഴാമത് ബൈബിൾ കലോത്സവ മത്സരങ്ങൾനാളെ സ്കൻതോർപ്പിലെ   ഫ്രഡറിക് ഗൗ സ്‌കൂളിൽ നടക്കും   . പന്ത്രണ്ട് സ്റ്റേജുകളിലായി രൂപതയിലെ പന്ത്രണ്ട് റീജിയണുകളിൽ നിന്നുമുള്ള രണ്ടായിരത്തിലധികം മത്സരാർത്ഥികൾ പങ്കെടുക്കുന്ന  മത്സരങ്ങൾ  രാവിലെ 8.15 ന് രജിസ്‌ട്രേഷനോടെ  ആരംഭിക്കുകയും 9 മണിക്ക്  നടക്കുന്ന ബൈബിൾ പ്രതിഷ്ഠയോടുകൂടി ഉദ്‌ഘാടന സമ്മേളനം ആരംഭിക്കും. ബൈബിൾ പ്രതിഷ്ട പ്രദിക്ഷണത്തിൽ അഭിവന്ദ്യ പിതാവിനോട് ചേർന്ന് മിഷൻ ലീഗ് കുട്ടികളും വോളന്റീഴ്സും ബൈബിൾ അപ്പസ്റ്റോലേറ്റ് പ്രതിനിധികളും ബഹുമാനപ്പെട്ട സിസ്റ്റേഴ്സ്, വൈദീകർ എന്നിവരും അണിചേരും . തുടർന്ന് അഭിവന്ദ്യ പിതാവും മുഖ്യ വികാരിജനറൽ അച്ചനും പാസ്റ്ററൽ കോർഡിനേറ്ററും വൈദികരും സിസ്റേഴ്സും ബൈബിൾ അപ്പസ്റ്റോലേറ്റ് പ്രതിനിധികളും അൽമായ പ്രധിനിധികളും ചേർന്ന് തിരി തെളിക്കും.രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ ഉത്‌ഘാടന പ്രസംഗത്തിന് ശേഷം പത്തുമണി മുതൽ വിവിധ സ്റ്റേജുകളിലായി മത്സരങ്ങൾ ആരംഭിക്കും. കൂടുതൽ കോച്ചുകൾ കഴിഞ്ഞ വര്ഷങ്ങളിലേതിനേക്കാൾ എത്തുന്നതിനാൽ കോച്ചുകൾ സ്കൂൾ കോമ്പൗണ്ടിൽ തന്നെ പാർക്ക് ചെയ്യുവാനുള്ള ക്രമീകരങ്ങളാണ് പരമാവധി ചെയ്തിരിക്കുന്നത് . 20 പരം കോച്ചുകൾ സ്കൂൾ കോമ്പൗണ്ടിൽ പാർക്ക് ചെയ്യാവുന്ന രീതിയിലാണ് ക്രമീകരങ്ങൾ നടത്തിയിരിക്കുന്നത്. കാറുകളിൽ എത്തുന്നവർ ഗ്രാസ് ഏരിയയിലാണ് പാർക്ക് ചെയ്യേണ്ടത്. സുഗമമായ കാർ പാർക്കിംഗ് സൗകര്യങ്ങൾ ഒരുക്കുന്നതിനായി വോളന്ടീഴ്സിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്. പ്രധാന സ്റ്റേജുകളുടെ അടുത്ത് മുഴുവൻ സമയവും പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്ക് സജ്ജീകരിച്ചിട്ടുണ്ട് . മത്സരാർത്ഥികളുടെ ചെസ്സ് നമ്പറുകൾ ഓരോ റീജിയണുകളിൽ നിന്നും നിർദേശിക്കപ്പെട്ടവർ ഡൈനിങ് ഹാളിൽ സജ്ജീകരിച്ചിരിക്കുന്ന കൗണ്ടറുകളിൽ നിന്നും വാങ്ങേണ്ടതാണ് . റീജിയണലിൽ നിന്നും നിര്ദേശിക്കപ്പെട്ടവർ രാവിലെ 9.00 ന് മുന്പതന്നെ മത്സരാർത്ഥികളുടെ രജിസ്‌ട്രേഷൻ നമ്പർ കൈപ്പറ്റേണ്ടതാണ്. ഓരോ റീജിയനും നൽകുന്ന കവറിൽ ഓരോ മിഷനിൽ നിന്നും പങ്കെടുക്കുന്നവരുടെ ചെസ്സ് നമ്പറുകളും മത്സരാത്ഥികളോടൊപ്പം എത്തുന്ന മുൻ‌കൂർ രജിസ്റ്റർ ചെയ്തിരിക്കുന്നവർക്കുള്ള റിസ്റ് ബാൻഡും മിഷൻ അടിസ്ഥാനത്തിൽ പ്രത്യകം തിരിച്ചായിരിക്കും വച്ചിരിക്കുക. റിസ്റ്ബാൻഡിൽ കൊടുത്തിരിക്കുന്ന ക്യു ആർ കോഡുവഴി മത്സരങ്ങളുടെ ഫലങ്ങൾ അറിയാൻ സാധിക്കും. രാവിലെ എട്ട് മണിമുതൽ ചെയ്ഞ്ചിങ് റൂമുകൾ ഉപയോഗിക്കാവുന്നതാണ് . രണ്ട് റീജിയണുകൾക്ക് ഒരു ഫിമെയിൽ ചെയ്ഞ്ചിങ് റൂം എന്ന രീതിയിൽ ആറ് ഫീമെയില് ചെയ്ഞ്ചിങ് റൂമുകളും പുരുഷൻമാർക്കായി പൊതുവായി മൂന്ന് ചെയ്ഞ്ചിങ് റൂമുകളുമാണ് ഒരുക്കിയിരിക്കുന്നത്. താത്കാലികമായി ക്രമീകരിച്ചിരിക്കുന്ന ചാപ്പലിൽ അന്നേദിവസം രാവിലെ ഏഴുമണിക്ക് വോളന്റീർസിനായിട്ടുള്ള വിശുദ്ധകുർബാനയും തുടർന്ന് 10 മണിക്കും 12 മണിക്കും ഉച്ചക്കുശേഷം 2 മണിക്കും 4 മണിക്കും വിശുദ്ധ കുർബാന ഉണ്ടായിരിക്കുന്നതാണ്. ഇടവിട്ട സമയങ്ങളിൽ പരിശുദ്ധ കുർബാനയുടെ ആരാധനയും ഉണ്ടായിരിക്കുന്നതാണ്. പതിനൊന്നുമണിക്ക് ശേഷം ആദ്യ മത്സരങ്ങളുടെ ഫലം പുറത്തുവരും . ബൈബിൾ അപ്പസ്റ്റോലറ്റ് വെബ്‌സൈറ്റിൽ കൂടിയും ഡൈനിങ്ങ് ഹാളിൽ ക്രമീകരിച്ചിരിക്കുന്ന വലിയ ടെലിവിഷൻ സ്‌ക്രീനിലിലും ബൈബിൾ അപ്പസ്റ്റോലറ്റ് ജനറൽ ബോഡി ഗ്രൂപ്പിലും റിസ്റ് ബാൻഡിലുള്ള ക്യു ആർ കോഡിലും റിസൾട്ടുകൾ ലഭ്യമായിരിക്കും. മത്സരത്തിൽ പങ്കെടുത്ത ഷോർട് ഫിലിമുകൾ കലോത്സവ വേദിയിൽ പ്രത്യേകം ക്രമീകരിച്ചിരിക്കുന്ന സ്റ്റേജിൽ പ്രദർശിപ്പിക്കുന്നതാണ് . ഒന്നാം സ്ഥാനം നേടിയ ഷോർട്ട് ഫിലിം പ്രധാന വേദിയിൽ സമ്മാനദാനത്തിന് മുൻപ് പ്രദര്ശിപ്പിക്കും. അഞ്ചേമുക്കാലുമുതൽ സമ്മാനദാന ചടങ്ങുകൾ ആരംഭിച്ച് എട്ടുമണിക്ക് സമ്മാനദാനങ്ങൾ പൂർത്തിയാക്കും. രൂപത ബൈബിൾ കലോത്സവത്തിനുള്ള എല്ലാ ഒരുക്കങ്ങൾ പൂർത്തിയായതായി രൂപത ബൈബിൾ അപ്പസ്റ്റോലറ്റ് കോഓർഡിനേറ്റർ ആന്റണി മാത്യു അറിയിച്ചു.
രാവിലെ എട്ടുമണിമുതൽ ഡൈനിങ് ഹാളിൽ പ്രഭാതഭക്ഷണം തയ്യാറായിരിക്കും . വൈകുന്നേരം കലോത്സവം കഴിയുന്നതുവരെ ഭക്ഷണം വാങ്ങുന്നതിനുള്ള സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത് .
രൂപത ബൈബിൾ കലോത്സവത്തിന് നേതൃത്വം കൊടുക്കുന്നത് അഭിവന്ദ്യ പിതാവിന്റെ അനുഗ്രഹത്തോടെ പെരിയ ബഹുമാനപെട്ട പ്രോട്ടോസിഞ്ചെല്ലൂസ് ആന്റണി ചുണ്ടെലിക്കാട്ട് അച്ചന്റേയും പാസ്റ്ററൽ കോഓർഡിനേറ്റർ ടോം ഓലിക്കരോട്ട് അച്ചന്റേയും നേതൃത്വത്തിൽ ബഹുമാനപ്പെട്ട ജോർജ് എട്ടുപറയിൽ അച്ചൻ ചെയർമാനായിട്ടുള്ള പന്ത്രണ്ട് റീജിയണുകളിൽ നിന്നുമുള്ള 24 അംഗ കമ്മിഷൻ അംഗങ്ങളാണ് . ബഹുമാനപ്പെട്ട ജോൺ പുളിന്താനത് അച്ചനും ജോസഫ് പിണക്കാട്ട് അച്ചനും വർഗീസ് കൊച്ചുപുരക്കൽ അച്ചനും കലോത്സവ ജോയിന്റ് കോർഡിനേറ്റർസ് ആയി പ്രവർത്തിക്കുന്നു. ബൈബിൾ കലോത്സവമത്സരങ്ങൾ രൂപത ഫേസ്ബുക്കിലൂടെയും യു ട്യൂബ് ചാനലിലും മാഗ്‌നവിഷൻ ചാനലിൽ കൂടിയും ലൈവ് പ്രക്ഷേപണം ഉണ്ടായിരിക്കുന്നതാണ് . രൂപത ബൈബിൾ അപ്പൊസ്‌തലേറ്റിന്റെ  നേതൃത്വത്തിൽ നടക്കുന്ന ബൈബിൾ കലോത്സവത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ബൈബിൾ അപ്പൊസ്‌തലേറ്റിന് വേണ്ടി ജിമ്മിച്ചൻ ജോർജ് അറിയിച്ചു.

 

ഷൈമോൻ തോട്ടുങ്കൽ

ബിർമിംഗ്ഹാം .യൂറോപ്പിലെ ഏറ്റവും വലിയ മലയാളി കലാ മാമാങ്കത്തിന് തിരി തെളിയാൻ ഇനി മണിക്കൂറുകൾ മാത്രം .പ്രാതിനിത്യം കൊണ്ട് ബ്രിട്ടൻ മുഴുവൻ നിറഞ്ഞു നിൽക്കുന്ന സീറോ മലബാർ സഭ അംഗങ്ങളുടെ പ്രതിഭകൾ മാറ്റുരക്കുന്ന ഏഴാമത് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബൈബിൾ കലോത്സവത്തിന് തിരിതെളിയാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രമാണ് അവശേഷിക്കുന്നത് . നവംബർ 16 ന് ലീഡ്സ് റീജിയണിലെ സ്കെന്തോർപ്പിൽ വച്ച് നടത്തപ്പെടുന്ന കലോത്സവ മത്സരത്തിൽ രൂപതയിലെ പന്ത്രണ്ട് റീജിയണുകളിൽ നിന്നുമുള്ള ആയിരത്തിയഞ്ഞൂറിലധികം മത്സരാർത്ഥികൾ പങ്കെടുക്കും. പന്ത്രണ്ട് സ്റ്റേജുകളിലായിട്ടായിരിക്കും മത്സരങ്ങൾ നടക്കുക .

വിവിധ സ്റ്റേജുകളിലായി നടത്തപ്പെടുന്ന മത്സരങ്ങളുടെ സമയക്രമം പ്രസിദ്ധികരിച്ചു. രാവിലെ 8.15 ന് രജിസ്‌ട്രേഷൻ ആരംഭിക്കുകയും 9 .00 ന് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ നേതൃത്വത്തിൽ ബൈബിൾ കലോത്സവത്തിലെ ഏറ്റവും പ്രധാന ഭാഗമായ ആഘോഷമായ ബൈബിൾ പ്രതിഷ്ഠയും തുടർന്ന് ഉദ്‌ഘാടനവും നടക്കും . കൃത്യം പത്ത് മണിക്ക് തന്നെ മത്സരങ്ങൾ എല്ലാ സ്റ്റേജുകളിലും ആരംഭിക്കും . കലോത്സവ വേദിക്കരികിൽ വി കുർബാനയിലും ആരാധനയിലും പങ്കെടുക്കുന്നതിനുള്ള സൗകര്യങ്ങൾ ക്രമീകരിച്ചിട്ടുണ്ട്.

ഓരോ റീജിയണുകളിൽ നിന്നും മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയവരാണ് രൂപതതല മത്സരത്തിൽ യോഗ്യത നേടിയിരിക്കുന്നത്. അഭിവന്ദ്യ പിതാവിന്റെയും ബഹുമാനപ്പെട്ട വൈദീകരുടെയും ബഹുമാനപ്പെട്ട സിസ്റ്റേഴ്സിന്റെയും സാന്നിധ്യം കൊണ്ടും പ്രാർത്ഥനകൊണ്ടും അനുഗ്രഹീതമായിരിക്കും കലോത്സവ വേദികൾ . കാറുകൾ പാർക്ക് ചെയ്യുവാനുള്ള വിശാലമായ കാർപാർക്കിങ് സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട് .

കലോത്സത്തിൽ പങ്കെടുക്കുന്നവർക്ക് രുചികരമായ ഭക്ഷണം കഴിക്കാനുള്ള വിശാലമായ ഡൈനിങ് ഏരിയയും കലോത്സവ വേദിയിൽ ഒരുക്കിയിട്ടുണ്ട് . ഭക്ഷണം വാങ്ങുന്നതിനായി വിവിധ കൗണ്ടറുകൾ ഉണ്ടായിരിക്കുന്നതിനോടൊപ്പം മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്കായി പ്രേത്യക കൗണ്ടറുകൾ ഒരുക്കുന്നുമുണ്ട് . വൈകുന്നേരം 5.45 ന് മത്സരങ്ങൾ സമാപിച്ച് 8 മണിയോടുകൂടി സമ്മാനദാനങ്ങൾ പൂർത്തീകരിക്കത്ത രീതിയിലാണ് മത്സരങ്ങൾ ക്രമപ്പെടുത്തിയിരിക്കുന്നത് . ഒ

ന്നിൽകൂടുതൽ മത്സരങ്ങൾ ഒരേ മത്സരാർത്ഥികൾക്ക് ഒരേ സമയം വരാതിരിക്കാനുള്ള ക്രമീകരണങ്ങളാണ് ചെയ്തിരിക്കുന്നത് . ഏതെങ്കിലും മത്സരാത്ഥികൾക്ക് ഒരേസമയം ഒന്നിൽകൂടുതൽ മത്സരങ്ങൾ വന്നിട്ടുള്ളവർ റീജിയണൽ കോ ഓർഡിനേറ്റേഴ്‌സ് വഴി ബന്ധപ്പെടേടേണ്ടതാണ്. വിശ്വസ പ്രഘോഷണത്തിന്റെ വലിയ വേദിയാകുന്ന സ്കെന്തോർപ്പിലേക്ക് ഗ്രേറ്റ് ബ്രിട്ടൻ രൂപതമുഴുവനും എത്തുന്ന രൂപത കലോത്സവത്തിന് നേതൃത്വം കൊടുക്കുന്നത് രൂപത ബൈബിൾ അപ്പോസ്റ്റലേറ്റ് ആണ് .

വിവിധ സ്റ്റേജുകളിൽ നടക്കുന്ന പ്രോഗ്രാമുകളുടെ സമയക്രമത്തെക്കുറിച്ച് അറിയുന്നതിനായി ബൈബിൾ അപ്പസ്റ്റോലറ്റ് വെബ്സൈറ്റ് സന്ദർശിക്കുക . http://smegbbiblekalotsavam.com/?page_id=1600 . ബൈബിൾ അപ്പൊസ്‌തലേറ്റിന് വേണ്ടി ജിമ്മിച്ചൻ ജോർജ് അറിയിച്ചു.

കാത്തലിക് സീറോ മലബാർ എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടൻ CSMEGB കമ്മീഷൻ ഫോർ ചർച്ച് ക്വയർ,
നടത്തുന്ന കരോൾ ഗാനമത്സരം  ” Qandish 2024” ഡിസംബർ 7- ന് ലെസ്റ്ററിലെ മദർ ഓഫ് ഗോഡ് ദേവാലയത്തിൽ രാവിലെ 10 മണി മുതൽ നടക്കും .

രൂപതയിലെ എല്ലാ ഇടവകളിലെ, മിഷനുകളിലെ, പ്രൊപോസ്ഡ് മിഷനുകളിലെ, മാസ്സ് സെന്ററുകളിലെ ക്വയർ ടീമുകൾക്ക് പങ്കെടുക്കാം. നവംബർ 30-ന് മുൻപ് താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോം പൂരിപ്പിച്ച് രജിസ്റ്റർ ചെയ്യാം .

Google Form Registration
https://docs.google.com/forms/d/e/1FAIpQLScXMIfX8vh77RqA_wNqYe5zXGmbuZZGe-qGtmsZR8bB66cqzg/viewform

വിജയികൾക്കുള്ള സമ്മാനങ്ങൾ

ഒന്നാം സമ്മാനം: £500 + ട്രോഫി
രണ്ടാം സമ്മാനം: £300 + ട്രോഫി
മൂന്നാം സമ്മാനം: £200 + ട്രോഫി

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:

ഫാ. പ്രജിൽ പണ്ടാരപ്പറമ്പിൽ (Chairman, CSMEGB Commission For Church Choir)
07424 165013
ജോമോൻ മാമ്മൂട്ടിൽ
07930 431445

വേദിയുടെ വിലാസം:

Mother of God Church,
Leicester LE3 6NZ

ഗ്ലോസ്റ്ററിലെ സെന്റ് മേരീസ് മിഷന്‍ പാരിഷ് ഡേ ആഘോഷം വര്‍ണ്ണാഭമായി. രാവിലെ ഒക്ലാന്‍ഡ്സ് സ്നൂക്കേഴ്സ് ക്ലബില്‍ 11 മണിയോടെ വിശുദ്ധ കുര്‍ബാനയോടെ ഇടവകാ ദിന പരിപാടികള്‍ക്ക് തുടക്കമായി.
വികാരി ഫാ ജിബിന്‍ പോള്‍ വാമറ്റത്തിന്റെ മുഖ്യ കാര്‍മികത്വത്തില്‍ പാട്ടുകുര്‍ബാന നടന്നു. ശേഷം നടന്ന പൊതു സമ്മേളനത്തില്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപത വൈസ് ചാന്‍സലര്‍ ഫാ ഫാന്‍സ്വാ പത്തില്‍ മുഖ്യ അതിഥിയായിരുന്നു. യോഗത്തില്‍ എസ്എംസിസി ട്രസ്റ്റി ബാബു അളിയത്ത് ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് നടന്ന അദ്ധ്യക്ഷ പ്രസംഗത്തില്‍ വികാരി ഫാ ജിബിന്‍ പോള്‍ വാമറ്റത്തില്‍ ഇടവക അംഗങ്ങളുടെ കൂട്ടായ്മയുടെ ആവശ്യകതയെ കുറിച്ച് സംസാരിച്ചു.

 

ഒറ്റയ്ക്കാണെങ്കില്‍ എപ്പോഴും ബുദ്ധിമുട്ടാണെന്നും രണ്ടു പേര്‍ ചേര്‍ന്നാല്‍ നമുക്ക് എതിര്‍ത്ത് നില്‍ക്കാനാവുമെന്നും മൂന്നുപേര്‍ ചേര്‍ന്നാല്‍ നമുക്ക് എന്തിനെയും നേരിടാനുള്ള ധൈര്യവും ആത്മവിശ്വാസവുമുണ്ടാകുമെന്നും ഫാദര്‍ ഏവരേയും ഓര്‍മ്മിപ്പിച്ചു. ഒരുമിച്ച് നിന്നാല്‍ നമ്മളെ ആര്‍ക്കും തകര്‍ക്കാന്‍ കഴിയില്ലെന്നും ദൈവ വചനത്തെ ആസ്പദമാക്കി അദ്ദേഹം തന്റെ പ്രസംഗത്തില്‍ ഉദ്ബോധിപ്പിച്ചു.

തുടര്‍ന്ന് നടന്ന പ്രസംഗത്തില്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ വൈസ് ചാന്‍സലര്‍ ഫാ. ഫാന്‍സ്വാ പത്തില്‍ സംസാരിച്ചു. നമ്മള്‍ യുവാക്കളായിരുന്ന കാലഘട്ടത്തില്‍ പള്ളികളില്‍ സജീവമായിരുന്ന സമയത്തെ ഓര്‍മ്മകള്‍ നമ്മുടെ മനസില്‍ ഇപ്പോഴുമുണ്ടാകും. അതേപോലുള്ള ഓര്‍മ്മകള്‍ നമ്മുടെ മക്കള്‍ക്ക് നല്‍കാനായാല്‍ അത് അവരുടെ ജീവിതത്തിലെ ഏറ്റവും ഗുണം ചെയ്യും. കുട്ടിയായിരിക്കുമ്പോഴും യുവാക്കളായിരിക്കുമ്പോഴും അവര്‍ പള്ളിയോടു ചേര്‍ന്നു പ്രവര്‍ത്തിക്കുമ്പോള്‍ അവരുടെ ഭാവി ജീവിതത്തിലും സന്തോഷകരമായ ഓര്‍മ്മകളാകുമെന്നും നമ്മുടെ കുട്ടികള്‍ക്കും ആ സന്തോഷവും നന്മയും ലഭിക്കണമെന്നും തന്റെ ഉദ്ഘാടന സന്ദേശത്തില്‍ ഫാദര്‍ ഫാന്‍സ്വാ മാതാപിതാക്കളോടായി പറഞ്ഞു.

ഫാ. ഫാന്‍സ്വാപത്തിലും ഫാ. ജിബിന്‍ പോള്‍ വാമറ്റത്തിലും ട്രസ്റ്റിമാരായ ബാബു അളിയത്തും ആന്റണി ജെയിംസും വേദപാഠം ഹെഡ്ടീച്ചര്‍ ലൗലി സെബാസ്റ്റ്യനും കാറ്റികിസം പ്രതിനിധയായി രജ്ഞിത മൈക്കിളും വുമണ്‍സ് ഫോറം പ്രസിഡന്റ് ജിനു ബോബി, യൂത്ത് കോര്‍ഡിനേറ്റര്‍ ദിയ ബിനോയ്, ചെറുപുഷ്പമിഷന്‍ ലീഗിന്റെ പ്രസിഡന്റ് എഡ്വിന്‍ ജെഗിയും ചേര്‍ന്ന് രണ്ടാം ഇടവകാദിന ആഘോഷം ഉത്ഘാടനം ചെയ്തു. ജിസിഎസ്ഇ എ ലെവല്‍ പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ അനുമോദിച്ചു, ഒപ്പം ബൈബിള്‍ കലോത്സവത്തില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനവും പങ്കെടുത്തവര്‍ക്കുള്ള മെഡലുകളും നല്‍കി. വേദപാഠ പരീക്ഷയില്‍ മികച്ച മാര്‍ക്ക് നേടിയവര്‍ക്കും ഏറ്റവും അധികം അറ്റന്‍ഡന്‍സ് ഉള്ളവര്‍ക്കുമുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.

പൊതുയോഗത്തില്‍ പങ്കെടുത്ത ഏവര്‍ക്കും ട്രസ്റ്റി ആന്റണി ജെയിംസ് ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി.
തുടര്‍ന്ന് വേദിയില്‍ മനോഹരമായ കലാ വിസ്മയങ്ങള്‍ അരങ്ങേറി. 30 ഓളം കലാ പരിപാടികളാണ് വേദിയില്‍ അരങ്ങേറിയത്. വൈകീട്ട് ഏഴു മണിവരെ നീണ്ട പരാപിടികള്‍ ചിട്ടയായി അവതരിപ്പിച്ചു. പാട്ടും നൃത്തവും നാടകവും ഒക്കെയായി ഒട്ടേറെ മികവുറ്റപരിപാടികളാണ് വേദിയില്‍ എത്തിയത്.ഉച്ചയ്ക്ക് രുചികരമായ ഭക്ഷണം ഒരുക്കിയിരുന്നു.

വിവിധ ഫാമിലി യൂണിറ്റുകളുടെ പരിപാടികളും ബൈബിള്‍ കലോത്സവത്തില്‍ സമ്മാനം നേടിയ പ്രോഗ്രാമുകളും യുവാക്കളുടേയും മറ്റ് അംഗങ്ങളുടേയും ഹൃദ്യമായ പരിപാടികളാണ് വേദിയെ കീഴടക്കിയത്. ഫാമിലി യൂണിറ്റിന്റെ സ്‌കിറ്റും ശ്രദ്ധേയമായി. അവസാനമായി ഫാ ജിബിന്‍ പോള്‍ വാമറ്റത്തിലിന്റെ നേതൃത്വത്തില്‍ സംഘം അവതരിപ്പിച്ച മോഡേണ്‍ ഒപ്പനയിലൂടെയാണ് പരിപാടി അവസാനിപ്പിച്ചത്. വൈകീട്ട് ഏഴു മണിവരെ പരിപാടികള്‍ നീണ്ടു.

ഗോസ്റ്റര്‍ സീറോ മലബാര്‍ സമൂഹത്തെ സംബന്ധിച്ച് മിഷന്‍ ആയ ശേഷമുള്ള ആദ്യത്തെ ഇടവകാദിന ആഘോഷമാണ് അരങ്ങേറിയത്. ഫാ ജിബിന്‍ പോള്‍ വാമറ്റത്തിലിന്റെ നേതൃത്വത്തില്‍ മികച്ച ഒരുക്കങ്ങളാണ് നടത്തിയിരുന്നത്. ബിജോയ് യുടെ നേതൃത്വത്തില്‍ GM ലൈറ്റ് ആന്‍ഡ് സൗണ്ട്‌സ് ഒരുക്കിയിരുന്ന മനോഹരമായ എൽഇഡി വാള്‍ പരിപാടികള്‍ക്ക് മാറ്റ് കൂട്ടി. ജൂബി ബിജോയ് , രഞ്ജിത മൈക്കിള്‍, ലിയ ബിജു , ഏബല്‍ ജോജിന്‍ എന്നിവര്‍ അവതാരകരായിരുന്നു .

യുകെയിലെ പ്രമുഖ മോര്‍ട്ട്ഗേജ് അഡൈ്വസിങ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്ഗേജ് പരിപാടിയുടെ മുഖ്യ സ്പോണ്‍സേഴ്സായിരുന്നു. ലെജന്റ് സോളിസിറ്റേഴ്‌സ് ,നേപ്പാളി ഷെഫ്, സ്പൈസ് മര്‍ച്ചന്റ്, ബിടിവി പ്ലംബിംഗ് ആന്‍ഡ് ഹീറ്റിംഗ് സര്‍വ്വീസ് , ഫ്രണ്ട്‌സ് മലയാളി , ചിക്കിംഗ് ബ്രിസ്റ്റോള്‍ എന്നിവരും സ്‌പോണ്‍സേഴ്സായിരുന്നു. ബിനുമോന്‍ , ജെസ് വിന്‍ ജോസഫ് , ബില്‍ജി ലോറന്‍സ് , റെജി അജിമോന്‍ എന്നീ കോര്‍ഡിനേറ്റേഴ്‌സിന്റ നേതൃത്വത്തില്‍ ഗ്ലോസ്റ്റര്‍ കമ്യൂണിറ്റിയുടെ ഒത്തൊരുമയോടെയുള്ള മികച്ച പ്രവര്‍ത്തനങ്ങളാണ് പാരിഷ് ഡേ ഇത്രയും മനോഹരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചത്.

അനീഷ് കുര്യാക്കോസ് എടുത്ത ചിത്രങ്ങള്‍ കാണാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

https://photos.google.com/share/AF1QipPL1t_F5Y-3Pppc3WYQHkbNUsmlu-6DGeA-FuEiFULKN4P5X8tAc1SbvQqdsTcvEg?key=WWpEdVA4MWd0d3kwWWY3WXRxU3c1YTJIeTJXdjJR

 ഷൈമോൻ തോട്ടുങ്കൽ

ബിർമിംഗ്ഹാം . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ രണ്ടാം പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായി ഈ വര്ഷം ആചരിക്കുന്ന ദൈവശാസ്ത്ര വർഷത്തോടനുബന്ധിച്ച് കുടുംബങ്ങൾക്കായി നടക്കുന്ന ദൈവ ശാസ്ത്ര ക്വിസ് മത്സരങ്ങളുടെ ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു ഇടവക/ മിഷൻ /പ്രൊപ്പോസഡ്‌ മിഷൻ തലത്തിൽ നടന്ന വാശിയേറിയ മത്സരങ്ങൾക്ക് ശേഷം റീജിയണൽ തലങ്ങളിൽ നടന്ന ഇഞ്ചോടിഞ്ച് പോരാട്ടങ്ങൾക്കൊടുവിലാണ് ഫൈനലിസ്റ്റുകളായി 40 കുടുംബങ്ങൾ തിരഞ്ഞെടുക്കപ്പെട്ടത് .

 

രൂപതയുടെ രണ്ടാം പഞ്ച വത്സര അജപാലന പദ്ധതിയിൽ ആചരിക്കുന്ന ദൈവശാസ്ത്ര വർഷത്തിൽ രൂപതയിലെ മുഴുവൻ കുടുംബങ്ങളെയും സീറോ മലബാർ സഭയുടെ ദൈവശാസ്ത്രം കൂടുതൽ ആഴത്തിൽ പഠിപ്പിക്കുവാനും , സഭയുടെ ദൈവശാസ്ത്രത്തെപ്പറ്റിയുള്ള ധാരണകൽ കൂടുതൽ ബലപ്പെടുത്തുവാനും വേണ്ടി സംഘടിപ്പിച്ചിരിക്കുന്ന ക്വിസ് മത്സരത്തിന്റെ ഫൈനൽ മത്സരം ദൈവശാസ്ത്ര വർഷത്തിന്റെ സമാപനം കുറിക്കുന്ന നവമ്പർ മുപ്പതാം തീയതി ലിവർപൂൾ ഔർ ലേഡി ക്വീൻ ഓഫ് പീസ് ദേവാലയത്തിൽ വച്ച് ലൈവ് ആയിട്ടാണ് നടക്കുക .

 

രൂപതാ തല മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന ടീമിന് 3000 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും ,രണ്ടാം സ്ഥാനം ലഭിക്കുന്ന ടീമിന് 2000 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും , മൂന്നാം സ്ഥാനം നേടുന്ന ടീമിന് 1000 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും നൽകും .രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ വിജയികൾക്കും ,ഫൈനലിസ്റ്റുകൾക്കുമുള്ള സമ്മാനങ്ങൾ വിതരണം ചെയ്യും .

ഫൈനൽ മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ ടീമുകളെയും ഉൾപ്പെടുത്തി നടക്കുന്ന പ്രാഥമിക എഴുത്തു മത്സരത്തിൽ വിജയികളാകുന്ന ആറ് ടീമുകളാണ് ലൈവ് ഫൈനൽ മത്സരത്തിൽ പങ്കെടുക്കുന്നത് . മത്സത്തിന്റെ ലൈവ് സംപ്രേക്ഷണം രൂപത യുടെ ഔദ്യോഗിക യു ട്യൂബ് , സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ കൂടിയും സംപ്രേക്ഷണം ചെയ്യും . മുപ്പതാം തീയതി നടക്കുന്ന ക്വിസ് മത്സരത്തിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാതായി പാസ്റ്ററൽ കൗൺസിൽ സെക്രെട്ടറി റോമിൽസ് മാത്യു അറിയിച്ചു .

 

 

 

 

 

അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച മലയാളം ബൈബിൾ കൺവെൻഷൻ 9 ന് ബർമിങ്ഹാം ബെഥേൽ സെന്റെറിൽ നടക്കും.പ്രമുഖ വചന പ്രഘോഷകനും അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി യുകെ യുടെ നേതൃത്വവുമായ ഫാ.ഷൈജു നടുവത്താനിയിൽ കൺവെൻഷൻ നയിക്കും.
പ്രശസ്ത സുവിശേഷപ്രവർത്തകനും ഷെക്കീനായ് ടി വി യുടെ നേതൃത്വവുമായ ബ്രദർ സന്തോഷ്‌ കരുമത്ര ഇത്തവണത്തെ കൺവെൻഷനിൽ പങ്കെടുക്കും.

കുട്ടികൾക്കും കുടുംബങ്ങൾക്കും വേണ്ടിയുള്ള ഈ അനുഗ്രഹീത സുവിശേഷവേലയിൽ പങ്കാളികളായി യേശുവിൽ രക്ഷ പ്രാപിക്കുവാൻ അനേകായിരങ്ങൾക്ക് വഴിതുറന്ന ഈ കൺവെൻഷൻ യുകെ യിൽ നവസുവിശേഷ‌വത്ക്കരണത്തിന്റെ അടിസ്ഥാനമായി നിലകൊള്ളുകയാണ് .
“ദൈവവചനത്തിനായി സമയം കണ്ടെത്തുക.കർത്താവ് നിൻറെ ജീവിതത്തിൽ ഇടപെടും.“

”കര്‍ത്താവിനെ കണ്ടെത്താന്‍ കഴിയുന്ന ഇപ്പോള്‍ത്തന്നെ അവിടുത്തെ അന്വേഷിക്കുവിന്‍; അവിടുന്ന് അരികെയുള്ളപ്പോള്‍ അവിടുത്തെ വിളിക്കുവിന്‍.
ഏശയ്യാ 55 : 6.“
2009 ൽ ഫാ. സോജി ഓലിക്കൽ തുടക്കമിട്ട സെഹിയോൻ യുകെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 2023 മുതൽ റവ.ഫാ സേവ്യർ ഖാൻ വട്ടായിലിന്റെ ആത്മീയ നേതൃത്വത്തിൽ അഭിഷേകാഗ്നി എന്ന പേരിലാണ് പതിവുപോലെ എല്ലാ രണ്ടാം ശനിയാഴ്ച്ചകളിലും നടത്തപ്പെടുന്നത് .

5 വയസ്സുമുതലുള്ള കുട്ടികൾക്ക് ക്‌ളാസ്സ് അടിസ്ഥാനത്തിൽ പ്രത്യേക ശുശ്രൂഷ, മലയാളത്തിലോ ഇംഗ്ലീഷിലോ കുമ്പസാരത്തിനും സ്പിരിച്ച്വൽ ഷെയറിങിനും സൗകര്യം എന്നിവയും അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച കൺവെൻഷന്റെ ഭാഗമാകും . ശുശ്രൂഷകൾ രാവിലെ 8 ന് ആരംഭിച്ച് വൈകിട്ട് 4 ന് സമാപിക്കും .

സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെ യിൽ നിന്നും സോജിയച്ചന്റെ നേതൃത്വത്തിൽ ആരംഭിച്ച പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനും അനുബന്ധ ശുശ്രൂഷകളും യൂറോപ്പിലെ ക്രൈസ്തവ മാഹാത്മ്യത്തിന്റെ പുനഃരുദ്ധാരണത്തിന് സഭയ്‌ക്ക്‌ താങ്ങായി നിലകൊള്ളുകയാണ് . , വിവിധ പ്രദേശങ്ങളിൽനിന്നും കോച്ചുകളും മറ്റ്‌ വാഹനങ്ങളും വിശ്വാസികളുമായി കൺവെൻഷനിലേക്ക് എത്തിച്ചേരും . മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാന കാലത്തിന്റെ ആവശ്യകതയെയും മുൻനിർത്തി നടക്കുന്ന കൺവെൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കും AFCM മിനിസ്ട്രിയുടെ കിഡ്സ് ഫോർ കിങ്‌ഡം , ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും . കൺവെൻഷനിലുടനീളം കുമ്പസാരത്തിനും സ്‌പിരിച്വൽ ഷെയറിങിനും സൗകര്യമുണ്ടായിരിക്കുന്നതാണ് . ഇംഗ്ലീഷ് , മലയാളം ബൈബിൾ , മറ്റ്‌ പ്രാർത്ഥന പുസ്തകങ്ങൾ എന്നിവ ലഭ്യമാകുന്ന എല്‍ഷദായ്‌ ബുക്ക് മിനിസ്ട്രി കൺവെൻഷനിൽ പ്രവർത്തിക്കും.

അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന,രോഗപീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,ജപമാല , വി. കുർബാന,വചന പ്രഘോഷണം, ആരാധന, ദിവ്യ കാരുണ്യ പ്രദക്ഷിണം എന്നിവ ഉൾപ്പെടുന്ന അഭിഷേകാഗ്നി കൺവെൻഷനിലേക്ക് ,അഭിഷേകാഗ്നി യുകെ മിനിസ്ട്രിയുടെ നേതൃത്വം ഫാ ഷൈജു നടുവത്താനിയിലും AFCM യുകെ കുടുംബവും ഏവരെയും ക്ഷണിക്കുന്നു .

കൂടുതൽ വിവരങ്ങൾക്ക്;

ഷാജി ജോർജ് 07878 149670
ജോൺസൺ ‭+44 7506 810177‬
അനീഷ് ‭07760 254700‬
ബിജുമോൻ മാത്യു ‭07515 368239‬.

നിങ്ങളുടെ പ്രദേശങ്ങളിൽ നിന്നും കൺവെൻഷനിലേക്ക് ഏർപ്പെടുത്തിയിട്ടുള്ള വാഹന യാത്രാ സൗകര്യത്തെപ്പറ്റി അറിയുവാൻ ;

ജോസ് കുര്യാക്കോസ് 07414 747573.
ബിജുമോൻ മാത്യു 07515 368239

അഡ്രസ്സ്

Bethel Convention Centre
Kelvin Way
West Bromwich
Birmingham
B707JW.

കൺവെൻഷൻ സെന്ററിന് ഏറ്റവും അടുത്തായുള്ള ട്രെയിൻ സ്റ്റേഷൻ ;
Sandwell &Dudley
West Bromwich
B70 7JD.

സീറോ മലബാര്‍ സഭയുടെ ഇന്ത്യക്ക് പുറത്തുള്ള രണ്ടാമത്തെ രൂപതയായ ഓസ്‌ട്രേലിയായിലെ മെല്‍ബണ്‍ രൂപതയുടെ കത്തീഡ്രല്‍ ദൈവാലയത്തിന്റെ കൂദാശ നവംബര്‍ 23 ന് നടക്കുന്നു. സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടിലാണ് സെന്റ് അല്‍ഫോന്‍സ കത്തീഡ്രല്‍ ദൈവാലയത്തിന്റെ കൂദാശ കര്‍മ്മം നിര്‍വ്വഹിക്കുന്നത്. സ്വന്തമായ ഒരു ദൈവാലയം എന്ന കത്തീഡ്രല്‍ ഇടവാകാംഗങ്ങളുടെ വര്‍ഷങ്ങളായുള്ള പ്രാര്‍ത്ഥനകളുടെയും കാത്തിരിപ്പിന്റെയും പരിസമാപ്തിയിലാണ് സെന്റ് അല്‍ഫോന്‍സ കത്തീഡ്രല്‍ ദൈവാലയം കൂദാശക്കായി ഒരുങ്ങുന്നത്. 2013 ഡിസംബര്‍ 23 നാണ് മെല്‍ബണ്‍ ആസ്ഥാനമായും മെല്‍ബണ്‍ നോര്‍ത്ത് ഇടവക രൂപതയുടെ കത്തീഡ്രലായും മെല്‍ബണ്‍ സെന്റ് തോമസ് സീറോ മലബാര്‍ രൂപത ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ചത്.

രൂപതാസ്ഥാപനത്തിന്റെ 10-ാം വാര്‍ഷികവേളയിലാണ് മെല്‍ബണ്‍ സീറോ മലബാര്‍ രൂപത കുടുംബത്തിലെ ഓരോ അംഗങ്ങളുടെയും ഇടവകസമൂഹങ്ങളുടെയും സ്വപ്‌നമായിരുന്ന കത്തീഡ്രല്‍ ദൈവാലയം പൂര്‍ത്തീകരിക്കപ്പെടുന്നത്. 550 ഓളം കുടുംബങ്ങളുള്ള കത്തീഡ്രല്‍ ഇടവകയിലെ വിശ്വാസീസമൂഹത്തിന്റെ കഴിഞ്ഞ 15 വര്‍ഷങ്ങളായുള്ള പ്രാര്‍ത്ഥനയുടെയും ത്യാഗത്തിന്റെയും കൂട്ടായ്മയുടെയും ഫലമാണ് സെന്റ് അല്‍ഫോന്‍സ കത്തീഡ്രല്‍ ദൈവാലയം. 2020 ജൂലൈ മൂന്നിനാണ് മെല്‍ബണ്‍ സീറോ മലബാര്‍ രൂപതയുടെ പ്രഥമ രൂപതാധ്യക്ഷന്‍ ബോസ്‌കോ പുത്തൂര്‍ കത്തീഡ്രല്‍ ദൈവാലയത്തിന്റ ശിലാസ്ഥാപനം നിര്‍വ്വഹിച്ചത്. മെല്‍ബണ്‍ സിറ്റിയില്‍ നിന്നും മെല്‍ബണ്‍ എയര്‍പ്പോര്‍ട്ടില്‍ നിന്നും അധികം ദൂരത്തിലല്ലാതെ, എപ്പിങ്ങില്‍ ഹ്യും ഫ്രീവേക്ക് സമീപത്ത് 53 മക്കെല്ലാര്‍ വേയില്‍, കത്തീഡ്രല്‍ ഇടവക സ്വന്തമാക്കിയ മൂന്ന് ഏക്കറോളം വരുന്ന സ്ഥലത്താണ് കത്തീഡ്രല്‍ ദൈവാലയം പണി പൂര്‍ത്തിയായിരിക്കുന്നത്.

1711 സ്‌ക്വയര്‍ മീറ്ററില്‍ പൗരസ്ത്യപാരമ്പര്യ തനിമയോടെ അതിമനോഹരമായാണ് കത്തീഡ്രല്‍ ദൈവാലയം പണികഴിപ്പിച്ചിരിക്കുന്നത്. ബാല്‍ക്കണിയിലും കൈകുഞ്ഞുങ്ങളുള്ള മാതാപിതാക്കള്‍ക്കുള്ള മുറിയിലും ഉള്‍പ്പെടെ 1000 ഓളം പേര്‍ക്ക് ഒരേസമയം തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കാനുള്ള സൗകര്യം കത്തീഡ്രലിലുണ്ട്. പള്ളിയുടെ ഭാഗമായി തന്നെ നൂറോളം പേര്‍ക്കിരിക്കാവുന്ന ഒരു ചാപ്പലും 150 ഓളം കാര്‍ പാര്‍ക്കിങ്ങ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. വിശ്വാസപരിശീലനത്തിനു വേണ്ടിയുള്ള ക്ലാസ് മുറികളും അനുബന്ധ സൗകര്യങ്ങളും ദൈവാലയത്തോട് ചേര്‍ന്ന് നിര്‍മിച്ചിരിക്കുന്നു. 500 ഓളം പേര്‍ക്കിരിക്കാവുന്നതും സ്റ്റേജും ആധുനിക സൗകര്യങ്ങളോട് കൂടിയ അടുക്കളയുമുള്ള പാരീഷ് ഹാള്‍, നിര്‍മ്മാണം പൂര്‍ത്തിയാക്കി 2022 നവംബറില്‍ വെഞ്ചിരിച്ചിരുന്നു.

ഓസ്‌ട്രേലിയയിലെ പ്രമുഖ കണ്‍സ്‌ട്രെക്ഷന്‍ ഗ്രൂപ്പായ ലുമെയിന്‍ ബില്‍ഡേഴ്‌സിനാണ് കത്തീഡ്രലിന്റെ നിര്‍മാണ ചുമതല നല്കിയിരുന്നത്. മെല്‍ബണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ പനംതോട്ടത്തില്‍, മെല്‍ബണ്‍ രൂപതയുടെ പ്രഥമ ബിഷപ് മാര്‍ ബോസ്‌കോ പുത്തൂര്‍, ഉജ്ജയിന്‍ രൂപത ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍, മാനന്തവാടി രൂപത ബിഷപ് മാര്‍ ജോസ് പൊരുന്നേടം, കോതമംഗലം രൂപത ബിഷപ് മാര്‍ ജോര്‍ജ് മഠത്തികണ്ടത്തില്‍, യു.കെ. പ്രസ്റ്റണ്‍ രൂപത ബിഷപ് ജോസഫ് സ്രാമ്പിക്കല്‍, പാലക്കാട് രൂപത മുന്‍ ബിഷപ് ജേക്കബ് മനത്തോടത്ത്, മെല്‍ബണിലെ ഉക്രേനിയന്‍ രൂപത ബിഷപ്പും നിയുക്ത കര്‍ദിനാളുമായ ബിഷപ് മൈക്കോള ബൈചോക്ക്, മെല്‍ബണ്‍ ആര്‍ച്ചുബിഷപ് പീറ്റര്‍ കമെന്‍സോളി, ബ്രിസ്‌ബെന്‍ ആര്‍ച്ചുബിഷപ് മാര്‍ക്ക് കോള്‍റിഡ്ജ്, കാന്‍ബെറ ആര്‍ച്ചുബിഷപ് ക്രിസ്റ്റഫര്‍ പ്രൗസ്, ടുവൂംബ രൂപത ബിഷപ് കെന്‍ ഹൊവല്‍, ഓസ്‌ട്രേലിയന്‍ കാല്‍ദീയന്‍ രൂപത ബിഷപ് അമേല്‍ ഷാമോന്‍ നോണ, ഓസ്‌ട്രേലിയന്‍ മാറോനൈറ്റ് രൂപത ബിഷപ് ആന്റൊയിന്‍ ചാര്‍ബെല്‍ റ്റരാബെ, ഓസ്‌ട്രേലിയന്‍ മെല്‍ക്കൈറ്റ് രൂപത ബിഷപ് റോബര്‍ട്ട് റബാറ്റ്, ഓസ്‌ട്രേലിയന്‍ കാത്തലിക് ബിഷപ്പ് കോണ്‍ഫറന്‍സിലെ മെത്രാന്മാര്‍ എന്നിവര്‍ കൂദാശ കര്‍മത്തില്‍ സന്നിഹിതരായിരിക്കും.

കൂടാതെ മെല്‍ബണ്‍ രൂപത വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ ഫ്രാന്‍സിസ് കോലഞ്ചേരി, ചാന്‍സിലര്‍ ഫാ. സിജീഷ് പുല്ലന്‍കുന്നേല്‍, മെല്‍ബണ്‍ രൂപതയില്‍ സേവനം ചെയ്യുന്ന വൈദികര്‍, ഓസ്‌ട്രേലിയയില്‍ മറ്റു രൂപതകളില്‍ സേവനം ചെയ്യുന്ന മലയാളി വൈദികര്‍, ഫെഡറല്‍ സ്റ്റേറ്റ് മന്ത്രിമാര്‍, എം.പി.മാര്‍, പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങള്‍, മെല്‍ബണ്‍ രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നും മിഷനുകളില്‍ നിന്നുമുള്ള പ്രതിനിധികള്‍, ഹ്യും സിറ്റി വിറ്റല്‍സീ സിറ്റി കൗണ്‍സിലിലെ കൗണ്‍സിലേഴ്‌സ് എന്നിവരും പങ്കെടുക്കും. നവംബര്‍ 23 ന് രാവിലെ 9 മണിക്ക് മെത്രാന്മാരെ ദൈവാലയത്തിലേക്ക് സ്വീകരിച്ചാനയിക്കും. 9.30 ന് കത്തീഡ്രല്‍ ദൈവാലയത്തിന്റെ കൂദാശയും തുടര്‍ന്ന് മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷപൂര്‍വമായ വിശുദ്ധ കുര്‍ബാനയും അര്‍പ്പിക്കും.

മാര്‍ ജോണ്‍ പനംതോട്ടത്തില്‍, മോണ്‍. ഫ്രാന്‍സിസ് കോലഞ്ചേരി, ഫാ. സിജീഷ് പുല്ലന്‍കുന്നേല്‍, കത്തീഡ്രല്‍ ഇടവക വികാരി ഫാ. വര്‍ഗീസ് വാവോലില്‍, കൈക്കാരന്മാരായ ആന്റോ തോമസ്, ക്ലീറ്റസ് ചാക്കോ, ജനറല്‍ കണ്‍വീനര്‍ ഷിജി തോമസ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ കത്തീഡ്രലിന്റെ കൂദാശകര്‍മം മനോഹരമായും ഭക്തിനിര്‍ഭരമായും നടത്തുവാന്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. മെല്‍ബണ്‍ സീറോ മലബാര്‍ രൂപതയുടെ കത്തീഡ്രല്‍ ദൈവാലയം എന്ന സ്വപ്‌ന സാക്ഷാല്‍ക്കാരത്തിനായി പ്രാര്‍ത്ഥിക്കുകയും പ്രവര്‍ത്തിക്കുകയും സാമ്പത്തികമായി സഹകരിക്കുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി പറയുന്നതോടൊപ്പം ആത്മീയ ചൈതന്യം തുളുമ്പുന്ന കത്തീഡ്രല്‍ ദൈവാലയ കൂദാശകര്‍മങ്ങളിലേക്ക് ഏവരേയും ക്ഷണിക്കുന്നതായും മാര്‍ ജോണ്‍ പനംതോട്ടത്തില്‍, ഫാ. വര്‍ഗീസ് വാവോലില്‍ എന്നിവര്‍ അറിയിച്ചു.

ബിനോയ് എം. ജെ.

അമേരിക്കൻ പ്രസിഡന്റിനോ, ചൈനീസ് പ്രീമിയറിനോ, റഷ്യൻ പ്രസിഡന്റിനോ കോപം വന്നാൽ ഈ ഭൂമി കത്തിയെരിയും. ഈ വ്യക്തികളിൽ പ്രകാശിക്കുന്ന അതേ ഈശ്വരചൈതന്യം നമ്മിലും പ്രകാശിക്കുന്നു. വ്യക്തിഭേദം ആപേക്ഷികം മാത്രം. എല്ലാവരും ഈശ്വരന്റെ അവതാരങ്ങൾ തന്നെ. ബുദ്ധനും, ശങ്കരനും വിവേകാനന്ദനും എല്ലാം ആ ഈശ്വരചൈതന്യത്തെ സാക്ഷാത്ക്കരിച്ചവരാണ്. നമ്മിലും അതേ ഈശ്വരൻ തന്നെ വസിക്കുന്നു; നാമതിനെ ഇനിയും കണ്ടെത്തിയിട്ടില്ലെന്നു മാത്രം. കണ്ടെത്തിയില്ല എന്ന് കരുതി അതവിടെ ഇല്ലാതാകുന്നില്ല. അതപ്പോഴും അവിടെ ഉറങ്ങി കിടപ്പുണ്ട്. സുനാമികളും, ഭൂകമ്പങ്ങളും, കൊടുങ്കാറ്റുകളും ആദ്യമേ രൂപം കൊള്ളുന്നത് മനുഷ്യമനസ്സുകളിൽ ആണെന്ന് അമൃതാനന്ദമയി പറയുന്നു. അധർമ്മം വാഴുന്നിടത്ത് അവ രൂപംകൊണ്ടുകൊണ്ടേയിരിക്കും. അമേരിക്കൻ പ്രസിഡന്റായിരുന്ന ട്രൂമാന്റെ മനസ്സിൽ രൂപം കൊണ്ട ഉഗ്രകോപം ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ് വർഷിക്കപ്പെടുന്നതിനു കാരണമായി. അതിന്റെ അനന്തരഫലങ്ങളിൽ നിന്നും അവരിനിയും മോചിതരായിട്ടില്ല. അന്ന് ട്രൂമാൻ പറഞ്ഞു “പേൾ ഹാർബർ ആക്രമിച്ച ജപ്പാനോട് പകരം വീട്ടുകയാണ് നമ്മുടെ ലക്ഷ്യം.” ജപ്പാൻകാർ കാട്ടിയ ഒരു വിശ്വാസവഞ്ചനക്ക് ഇത്രയും വലിയ ശിക്ഷയോ? അതെ! അധർമ്മവും,ചതിയും,വഞ്ചനയും, പകയും, വിദ്വേഷവും നിറഞ്ഞ നമ്മുടെ സാമൂഹിക ജീവിതത്തിൽ അവ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെകുറിച്ച് ആരും ചിന്തിക്കുന്നുണ്ടാവില്ല. മനുഷ്യൻ വെറും കൃമിയല്ല. അവന്റെയുള്ളിൽ അനന്തശക്തികൾ ഉറങ്ങുന്നു. അവ നിഷേധാത്മകമായി പോകാതെ സൂക്ഷിക്കേണ്ടത് സമൂഹത്തിന്റെ കടമയും ഉത്തരവാദിത്വവുമാണ്.

മനുഷ്യ മനസ്സുകൾ പ്രക്ഷുബ്‌ധമാകാതെ സൂക്ഷിക്കുവിൻ. ഈഭൂമിയെ ഭസ്മമാക്കുവാനുള്ള ശക്തി ഓരോ വ്യക്തിയിലും ഉറങ്ങുന്നുണ്ട്. അവനെ പ്രകോപിപ്പിക്കാതെ സൂക്ഷിക്കുവിൻ. സമൂഹം എക്കാലവും വ്യക്തികളെ അടിച്ചമർത്തുന്നതായി കാണാം. ദുരന്തങ്ങൾ ഈ ഭൂമുഖത്തുനിന്നും വിട്ടു മാറുകയില്ല. സമൂഹം വ്യക്തികളെ നിഷ്കരുണം ചവിട്ടിത്തൂക്കുമ്പോൾ അതവന്റെ വംശനാശത്തിലേക്കേ നയിക്കൂ എന്നാരും ചിന്തിക്കുന്നുണ്ടാവില്ല. സമകാലീന സംഭവങ്ങളിലേക്ക് നോക്കുമ്പോൾ നാമൊരു ലോകമഹായുദ്ധത്തിലേക്ക് നടന്നടുക്കുകയാണോ എന്ന് സംശയം തോന്നുന്നു. ഇതിന്റെയൊക്കെ അടിസ്ഥാനപരമായ കാരണം അടിച്ചമർത്തപ്പെടുന്ന വ്യക്തികൾ തന്നെ. അവന്റെയുളളിലാണ് ആദ്യമേ അണുബോംബുകൾ പൊട്ടുന്നത്. വ്യക്തി എന്നാൽ ആറടി പൊക്കമുള്ള ഒരു മാംസപിണ്ഡമല്ല. മറിച്ച് അവന്റെയുള്ളിൽ ഈശ്വരൻ വസിക്കുന്നു.

നിഷേധാത്മകമായി പോകുന്ന വ്യക്തികളുടെ അനന്തശക്തിയെ ഭാവാത്മകമായിതിരിച്ചുവിടണമെങ്കിൽ വ്യക്തികളെ പൂജിക്കേണ്ടിയിരിക്കുന്നു. വ്യക്തികൾ ചവിട്ടിത്തൂക്കപ്പെടുകയല്ല വേണ്ടത് മറിച്ച് അവർ ആരാധിക്കപ്പെടുകയാണ് വേണ്ടത്. വ്യക്തിൾ പൂജിക്കപ്പെടുന്നിടത്ത് ഐശ്വര്യം വാഴുന്നു. അഹം ബ്രഹ്മാസ്മി എന്നും തത്ത്വമസി എന്നും ഭാരതീയ ആചാര്യന്മാർ പണ്ടുതൊട്ടേ ഉദ്ഘോഷിച്ചിരുന്നത് ഭാരതീയർ വ്യക്തി പൂജയിൽ എത്രയോ മുന്നിലായിരുന്നു എന്നതിന് തെളിവാണ്. പാശ്ചാത്യ ചിന്താപദ്ധതിയുടെ അതിപ്രസരത്തിൽ നാം അതൊക്കെ മറന്നു കളഞ്ഞു. വ്യക്തി പൂജ എന്ന അതേ ആശയം തന്നെ ഇന്ന് ‘അസ്ഥിത്വവാദം’ എന്ന പേരിൽ പാശ്ചാത്യ നാടുകളിൽ നിന്നും ഇറക്കുമതി ചെയ്യപ്പെടുന്നു. നമ്മെ ചതിക്കുന്നത് ധർമ്മശാസ്ത്രം തന്നെ. വ്യക്തി നന്നായാൽ സമൂഹം നന്നാകുമെന്നും അതിനാൽ വ്യക്തികളാണ് നന്നാകേണ്ടതെന്നും ഉള്ള വാദഗതികൾ സഹസ്രാബ്ദങ്ങളായി നമ്മുടെ കർണ്ണപുടങ്ങളിൽ പതിച്ചുകൊണ്ടേയിരിക്കുന്നു. ഇതിന്റെ ചുവടുപിടിച്ച് വ്യക്തികളെ നന്നാക്കുവാനും ആ കാരണം പറഞ്ഞ് അവരെ ക്രൂശിക്കുവാനും സമൂഹം നിയമങ്ങൾ നിർമ്മിച്ചു കൊണ്ടേയിരിക്കുന്നു. കാലക്രമേണ വ്യക്തി സമൂഹത്തിന്റെ അടിമയായി മാറി.

സ്വന്തം ഉള്ളിലുറങ്ങുന്ന അനന്തശക്തിയെ കണ്ടെത്തി അതിനെ ഭാവാത്മകമായി തിരിച്ചുവിടുന്നതിൽ യോഗികൾ വിജയം കണ്ടെത്തിയിരിക്കുന്നു. പ്രതിഭകളും ശാസ്ത്രകാരന്മാരും തങ്ങളറിയാതെ അൽപം യോഗ ചെയ്യുന്നുണ്ട്. അതാണ് അവരുടെ ധിഷണാശക്തിയുടെ രഹസ്യം. അവർക്കെല്ലാം , അവരോട് തന്നെ, എടുത്തു പറയത്തക്ക ആത്മസ്നേഹവും ആത്മബഹുമാനവും ഉണ്ടായിരുന്നു. ഈ ആത്മസ്നേഹമാകുന്നു ആദ്ധ്യാത്മികതയിലേക്കുള്ള പ്രവേശന കവാടം. അത് ഉള്ളിലുള്ള ജ്ഞാനത്തെയും ശക്തിയെയും ഉണർത്തുന്നു. മനുഷ്യൻ ശാസ്ത്രീയമായി വളരുകയാണ്. ഈ വിജ്ഞാനമെല്ലാം എവിടെ നിന്നും വരുന്നു? അത് വ്യക്തികളുടെ ഉള്ളിൽ നിന്നുമാണ് വരുന്നത്. ലോകത്തെ ഭസ്മമാക്കുവാൻ ശക്തിയുള്ള അണുബോംബ് പോലും എങ്ങനെ നിർമ്മിക്കപ്പെടുന്നു? അത് ഐൻസ്റ്റീന്റെയും, ഓപ്പൺ ഹീമറുടെയും, എന്റിക്കോ ഫെർമിയുടെയും മനസ്സിലുദിച്ച ചില ആശയങ്ങളാണ്. പോരാ..നാമിനിയും വളരെയധികം പുരോഗമിക്കേണ്ടിയിരിക്കുന്നു. ഈ പ്രപഞ്ചത്തെ നമ്മുടെ കാൽചുവട്ടിൽ കൊണ്ട് വരേണ്ടിയിരിക്കുന്നു. ഇതിനെല്ലാം വേണ്ടത് വ്യക്തികൾക്ക് തങ്ങളോട് തന്നെ തോന്നുന്ന അനന്തമായ ആത്മബഹുമാനമാണ്. അത് പിറക്കണമെങ്കിൽ ചെറുപ്രായം തൊട്ടേ വ്യക്തികൾ പൂജിക്കപ്പെടണം. അവർ ആരാധിക്കപ്പെടണം. ‘നിങ്ങൾ വെറും കൃമിയാണെന്ന’ മൂഢത കുട്ടികൾക്ക് പറഞ്ഞു കൊടുക്കാതിരിക്കുവിൻ. അവരെ നിന്ദിക്കുകയും പീഢിപ്പിക്കാതെയുമിരിപ്പിൻ. വിവേകാനന്ദൻ പറഞ്ഞത് പോലെ ഈ ഭൂമിയെ ഇളക്കുവാനും നക്ഷത്രങ്ങളെ തകർക്കുവാനും ഉള്ള ശക്തി അവരിലുണ്ടെന്ന് ബോധ്യപ്പെടുത്തി കൊടുക്കുവിൻ. തോൽക്കുവാൻ വേണ്ടിയല്ല നാം ജനിച്ചു വീണിരിക്കുന്നത്. മറിച്ച്, പ്രപഞ്ചത്തിനു മേലുള്ള അത്യന്തികമായ വിജയം – അതിൽ കുറഞ്ഞ യാതൊന്നു കൊണ്ടും നാം തൃപ്തിപ്പെടരുത്. ഉണരുവിൻ! ഉത്തിഷ്ഠത! ജാഗ്രത!

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

 

Copyright © . All rights reserved