Spiritual

ഫൈസല്‍ നാലകത്ത്

ഡിസംബര്‍ 1ന് ലണ്ടനില്‍ നടന്ന ആവേശകരമായ 10-ാമത് ലണ്ടന്‍ മീലാദ് മഹാസമ്മേളനത്തിന് പ്രൗഢോജ്വല സമാപനം. ഉച്ചസമയം 1ന് ആരംഭിച്ച പരിപാടികള്‍ രാത്രി 11 മണിവരെ നീണ്ടുനിന്നു. വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ ദഫ് മുട്ട്, ഓഫ് സ്റ്റേജ് മത്സര പരിപാടികള്‍, വലിയവരുടെ കലാപരിപാടികള്‍, മൗലിദ് സദസ്സ്, മദ് ഹുറസൂല്‍ പ്രഭാഷണങ്ങള്‍, ആത്മീയ മജിലിസ് പ്രാര്‍ത്ഥന സദസ്സുകള്‍ തുടങ്ങിയവയെ കൊണ്ട് സദസ്സ് ധന്യമായി.

തുടര്‍ന്ന് നടന്ന സംസ്‌കാരിക സമ്മേളനത്തിന് സുപ്രസിദ്ധ വാഗ്മിയും മത പണ്ഡിതനും ഇസ്ലാമിക ചരിത്രഗവേഷകനുമായ ചെറൂര്‍ അബ്ദുല്ല മുസ്ലിയാര്‍ നേതൃത്വം നല്‍കി. മത ജാതി ഭേദംമേനൃ മാനവകുലത്തിന് സമാധാനവും സ്‌നേഹവും പ്രധാനം നല്‍കുന്നതിനു വേണ്ടിയാണ് പ്രവാചകന്‍ നിയോഗിക്കപ്പെട്ടത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആധുനിക സമൂഹത്തില്‍ വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്നതാണ് ഇതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരിപാടിയുടെ മുഖ്യ ഇനമായ ആത്മീയ സദസ്സ് ജനങ്ങള്‍ വളരെ ആവശ്യത്തോടെയാണ് സ്വീകരിച്ചത്. യു.കെയുടെ പല ഭാഗങ്ങളില്‍, ഒരു മാസക്കാലമായി നടന്ന മീലാദ് പരിപാടികള്‍ക്കു ഇതോടെ പരിസപ്തിയായി. കഴിഞ്ഞ പത്തു വര്‍ഷമായി അല്‍-ഇഹ് സാന്‍ നടത്തിവരുന്ന മീലാദ് സമ്മേളനങ്ങള്‍ വളരെ വിജയകരമായാണ് സമാപിക്കാറുള്ളത്. യു.കെയിലെ രജിസ്‌ട്രേഡ് ചാരിറ്റിയായ അല്‍-ഇഹ് സാന്‍ സംഘടന വിവിധ സേവനങ്ങളാണ് മത ജാതി ഭേദമന്യേ സമൂഹത്തിനു നല്‍കിക്കൊണ്ടിരിക്കുന്നത്.

വിദ്യാര്‍ത്ഥികള്‍ക്കായുള്ള കരിയര്‍ വര്‍ക്ക് ഷോപ്പുകള്‍, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍, മലയാളഭാഷയെയും സംസ്‌കാരത്തെയും വിദ്യാര്‍ത്ഥികളില്‍ പരിചയപ്പെടുത്താനുള്ള മധുര മലയാളം പരിപാടികള്‍, ലൈബ്രറികള്‍ പഠന ക്യാമ്പുകള്‍, കുടുംബസംഗമങ്ങള്‍, വിദ്യാര്‍ഥികള്‍ക്കായുള്ള ആത്മീയ വിദ്യാഭ്യാസം, ഫാമിലി കൗണ്‍സിലിംഗ് പരിപാടികള്‍, സ്‌പോര്‍ട്‌സ് ആക്ടിവിറ്റി തുടങ്ങിയ ധാരാളം പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന് സമര്‍പ്പിച്ചിട്ടുണ്ട്.

അല്‍ ഇഹ്സാന്റെ കഴിഞ്ഞ 11വര്‍ഷത്തെ കമ്മ്യൂണിറ്റി സര്‍വീസുകള്‍ ഷാഹുല്‍ ഹമീദ് സദസ്സിന് മുമ്പില്‍ അവതരിപ്പിച്ചു. 200ല്‍പ്പരം കുട്ടികളുടെ കലാപരിപാടികള്‍ സദസ്സിന് പുതിയ അനുഭൂതി നല്‍കി. ഇനിയും ധാരാളം പദ്ധതികളും പ്രവര്‍ത്തനങ്ങളും ജനങ്ങളുടെ സഹകരണത്തോടെ നടത്തുമെന്ന് അല്‍-ഇഹ് സാന്‍ മുഖ്യ കാര്യദര്‍ശി ഖാരിഹ് അബ്ദുല്‍ അസീസ് അഭിപ്രായപ്പെട്ടു.

യുകെയുടെ വിവിധ ഭാഗങ്ങളില്‍നിന്നും വന്നെത്തിയ ജന സഞ്ചയം മീലാദ് മഹാസമ്മേളനത്തിനു സാക്ഷിയായി. പരിപാടികളുടെ വിജയത്തിനും സുഖകരമായ നടത്തിപ്പിനും പലവിധത്തിലുളള സഹായസഹകരണങ്ങള്‍ ചെയ്ത എല്ലാവര്‍ക്കും എല്ലാവിധ നന്ദിയും സന്തോഷവും അറിക്കുന്നതായി പരിപാടിയുടെ കോഡിനേറ്ററായ എ.സി.സി ഗഫൂര്‍ സൗത്താല്‍, പി.ര്‍.ഓ അപ്പഗഫൂര്‍, കണ്‍വീനറായ മുസ്തഫ വി.പി ഹെയ്‌സ് തുടങ്ങിയവര്‍ അറിയിച്ചു.

പരിപാടിക്ക് അല്‍-ഇഹ് സാന്‍ പ്രധാന കാര്യദര്‍ശി ഖാരിഹ് അബ്ദുല്‍ അസീസ് സ്വാഗതവും സിറാജ് ഓവണ്‍ നന്ദിയും അറിയിച്ചു.

വല്‍ത്താം സ്റ്റോ: സീറോ മലബാര്‍ സഭയുടെ തലവനായ അത്യുന്നത കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഔദ്യോഗിക അജപാലന സന്ദര്‍ശനം ലണ്ടനില്‍ മൂന്ന് നാള്‍ക്കകം. തിരുസഭയുടെ ചരിത്രത്തിന്റെ ഭാഗമായി മാറുന്ന ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ ലണ്ടന്‍ റീജിയനിലെ മിഷനുകളുടെ ഔദ്യോഗിക പ്രഖ്യാപനം ലണ്ടനിലെ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വല്‍ത്താംസ്റ്റോയിലെ ഔവര്‍ ലേഡി ആന്റ് സെന്റ് ജോര്‍ജ്ജ് ദേവാലത്തില്‍ ഡിസംബര്‍ മാസം 5-ാം തീയതി ബുധനാഴ്ച വൈകീട്ട് 6ന്.

ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ അജപാലന ശുശ്രൂഷയുടെ ഭാഗമായി വിഭാവനം ചെയ്ത മിഷനുകളുടെ സാക്ഷാല്‍ക്കാരത്തിന്റെ ദിനമായി മാറുകയാണ് ഡിസംബര്‍ 5. രൂപതയിലെ ലണ്ടന്‍ റീജിയനിലുള്ള മിഷനുകളുടെ പ്രഖ്യാപനം കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ഡിസംബര്‍ മാസം 5 ബുധനാഴ്ച 6.00 pm ന് വല്‍ത്താംസ്റ്റോയിലെ ഔവര്‍ ലേഡി ആന്റ് സെന്റ് ജോര്‍ജ്ജ് പള്ളിയില്‍ വെച്ച് മരിയന്‍ ദിന ശുശ്രൂഷയോടൊപ്പം നടത്തുന്നതാണ്.

കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെയും രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെയും അജപാലന സന്ദര്‍ശനത്തിന്റെ ഒരുക്കത്തിനായി ചാപ്‌ളയിന്‍ ഫാ.ജോസ് അന്ത്യാംകുളം MCBS ന്റെയും ഈ വിശുദ്ധ കുര്‍ബ്ബാന കേന്ദ്രങ്ങളിലെ ട്രസ്റ്റിമാരുടെയും കമ്മറ്റി അംഗങ്ങളുടെയും നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങളും അവലോകനങ്ങളും നടന്നുവരുന്നു.

വിശ്വാസ ജീവിതത്തിന്റെ പുതിയ പടവുകള്‍ കടന്ന് മുന്നേറുന്ന സഭയോടു ചേര്‍ന്ന് ഈ ചരിത്രമുഹൂര്‍ത്തത്തില്‍ പങ്കെടുക്കുവാന്‍ എല്ലാവരേയും സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി ചാപ്‌ളയിന്‍ ഫാ.ജോസ് അന്ത്യാംകുളം അറിയിച്ചു.

ഫാ. ബിജു കുന്നയ്ക്കാട്ട് പി. ര്‍. ഓ

ബര്‍മിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ പഞ്ചവത്സര അജപാലന പദ്ധതിയിലെ കുട്ടികളുടെ വര്‍ഷത്തിന്റെ സമാപനം ബിര്‍മിംഗ്ഹാമിലെ ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ഇന്നലെ നടന്നു. സീറോ മലബാര്‍ സഭയുടെ തലവനും പിതാവുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സമാപന ചടങ്ങുകളില്‍ മുഖ്യാഥിതി ആയിരുന്നു. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, വികാരി ജനറാള്‍മാരായ റവ. ഫാ. സജിമോന്‍ മലയില്‍ പുത്തന്‍പുരയില്‍, റവ. ഡോ. മാത്യു ചൂരപൊയ്കയില്‍, രൂപതയില്‍ ശുശ്രൂഷ ചെയ്യുന്ന വൈദികര്‍, സന്യാസിനികള്‍, രൂപതയുടെ എട്ടു റീജിയനുകളില്‍ നിന്നുള്ള പന്ത്രണ്ടുമുതല്‍ പതിനാറു വരെ പ്രായമുള്ള കുട്ടികള്‍, മതാധ്യാപകര്‍, മാതാപിതാക്കള്‍ തുടങ്ങിയവര്‍ ചടങ്ങുകളില്‍ പങ്കുചേര്‍ന്നു.

പന്ത്രണ്ട് വയസ് മുതല്‍ കുട്ടികള്‍ തങ്ങളുടെ ദൈവവിളിയെക്കുറിച്ചു ഗൗരവമായി ചിന്തിക്കണമെന്ന് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി സുവിശേഷസന്ദേശത്തില്‍ പറഞ്ഞു. ഈശോയെ പന്ത്രണ്ടാം വയസില്‍ കാണാതായതുമായി ബന്ധപ്പെട്ട സുവിശേഷഭാഗത്തെ അധികരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈശോയെ ദേവാലയത്തില്‍ വെച്ച് കാണാതാവുകയായിരുന്നില്ല മറിച്ചു ഈശോ ദേവാലയത്തില്‍ ദൈവപിതാവുമൊന്നിച്ച് ആയിരിക്കുവാന്‍ സ്വയം തീരുമാനിച്ചു തന്റെ വിളി തിരിച്ചറിയുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ അജപാലന സന്ദര്‍ശനം നടത്തുന്ന കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവ് ഈ രൂപതയിലെ കുട്ടികളായ നിങ്ങളെ കാണാനും ഈ സമാപനസമ്മേളനത്തില്‍ പങ്കെടുക്കാനുമായാണ് പ്രാധാനമായും വന്നിരിക്കുന്നതെന്നും, കുട്ടികളായ നിങ്ങളിലാണ് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ഭാവിയെന്നും ആമുഖ സന്ദേശത്തില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ കുട്ടികളോടായി പറഞ്ഞു.

ബെര്‍മിംഗ്ഹാമിലെ ബെഥേല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ നിറഞ്ഞു കുട്ടികളും മുതിര്‍ന്നവരും എത്തിയ സമ്മേളനത്തില്‍ വികാരി ജനറാള്‍ റവ. ഫാ. സജിമോന്‍ മലയില്‍പുത്തന്‍പുരയില്‍ എല്ലാവര്‍ക്കും സ്വാഗതമാശംസിച്ചു. ഉദ്ഘാടനനത്തിനു ശേഷം നടന്ന വി. കുര്‍ബാനയില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി കാര്‍മ്മികത്വം വഹിച്ചു. റവ. ഫാ. സെബാസ്റ്റ്യന്‍ ചാമക്കാലയുടെ ശിക്ഷണത്തില്‍ പരിശീലനം നേടിയ കുട്ടികളുടെ നേതൃത്വത്തിലുള്ള ഗായകസംഘം വി. കുര്‍ബാനയില്‍ ഗാനങ്ങള്‍ ആലപിച്ചത് മുക്തകണ്ഠ പ്രശംസ പിടിച്ചുപറ്റി.

ബൈബിള്‍ കലോത്സവത്തില്‍ ഒന്നാം സ്ഥാനം നേടിയ കുട്ടികള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ ഉച്ചകഴിഞ്ഞു നടന്നു. ഓല സ്റ്റെയിന്റെ അനുഭവസാക്ഷ്യം, പൗരസ്ത്യ സുറിയാനി പണ്ഡിതരായ ഡേവിഡ് വെല്‍സ്, സെബാസ്റ്റ്യന്‍ ബ്രോക് എന്നിവര്‍ നയിച്ച ക്ളാസ്സുകളും നടത്തപ്പെട്ടു. സീറോ മലബാര്‍ സഭയുടെ ലഘുചരിത്രവും ഭരണക്രമവും ഉള്‍ക്കൊള്ളിച്ചുള്ള ഡോക്യുമെന്ററി അവതരിപ്പിക്കപ്പെട്ടു.

രൂപതയുടെ പഞ്ചവത്സര പദ്ധതിയിലെ അടുത്തവര്‍ഷമായ യുവജനവര്‍ഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനവും കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് അലഞ്ചേരി നിര്‍വഹിച്ചു. രൂപതയുടെ വാര്‍ഷിക ബുള്ളറ്റിനായ ‘ദനഹ’യുടെ പ്രകാശനവും മാര്‍ ആലഞ്ചേരി നിര്‍വ്വഹിച്ചു. ഉച്ചകഴിഞ്ഞു നാല് മുപ്പത്തോടുകൂടി സമ്മേളനം സമാപിച്ചു. രണ്ടാഴ്ചയോളം യുകെയില്‍ അജപാലനസന്ദര്‍ശനം നടത്തുന്ന മാര്‍ ആലഞ്ചേരി രൂപതയുടെ പുതിയ കാല്‍വയ്പ്പായ മിഷന്‍ സെന്ററുകളുടെ ഔദ്യോഗിക ഉദ്ഘാടനങ്ങളും വിവിധ സ്ഥലങ്ങളില്‍ നിര്‍വഹിക്കുന്നുണ്ട്.

ഫാ. ഹാപ്പി ജേക്കബ്

ഒരു ക്രിസ്മസ് കൂടി പങ്കുകൊള്ളാന്‍ ഇടയാക്കിയ സര്‍വ്വശക്തന്റെ കൃപയില്‍ ആശ്രയിക്കുകയും ദൈവകൃപയില്‍ നിറഞ്ഞുള്ള അനുഗ്രഹിക്കപ്പെട്ട ഒരു ക്രിസ്മസ് ഏവര്‍ക്കും നേരുകയും ചെയ്യുന്നു. ആര്‍ഭാടത്തിന്റെയും പ്രൗഢിയുടേയും പ്രതീകമായി നാം ഇന്ന് ക്രിസ്മസിനെ കാണുകയും അപ്രകാരമുള്ള ഒരുക്കങ്ങള്‍ നാം നടത്തുകയുെ ചെയ്യുന്നു. അത് മാത്രമാണ് ക്രിസ്മസിനെക്കുറിച്ചുള്ള നമ്മുടെ ധാരണയും. അലങ്കാരങ്ങളും വര്‍ണങ്ങളും ഈ ആഘോഷത്തിന് മാറ്റുകൂട്ടുവാന്‍ നാം ഉപയോഗിക്കുമ്പോള്‍ എപ്പോഴെങ്കിലും നമ്മുടെ ചിന്തയില്‍ വന്നിട്ടുണ്ടോ ഇത് ത്യാഗത്തിന്റെയും വെറുമയാക്കപ്പെട്ടതിന്റെയും പെരുന്നാള്‍ ആണെന്ന്. ഇത് ഇല്ലായ്മയുടെയും ആകുലതയുടേയും ഓര്‍മ്മപ്പെടുത്തലാണെന്ന്. ‘അവന്‍ ദൈവ രൂപത്തിലിരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചുകൊള്ളണം എന്ന് വിചാരിക്കാതെ ദാസരൂപം എടുത്തു, മനുഷ്യ സാദൃശ്യത്തിലായി തന്നെത്താല്‍ ഒഴിച്ച് വേഷത്തില്‍ മനുഷ്യനായി വിളങ്ങി. തന്നെത്താന്‍ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നെ, അനുസരണയുള്ളവനായി തീര്‍ന്നു’ ഫിലിപ്യര്‍ 2.6-8.

അഞ്ചാം വാക്യത്തില്‍ ഓര്‍ക്കുന്നത് പോലെ ‘ക്രിസ്തു യോശുവിലുള്ള ഭാവം തന്നെ നിങ്ങളിലും ഉണ്ടായിരിക്കട്ടെ’ അതാകട്ടെ ഈ വര്‍ഷത്തെ ക്രിസ്മസില്‍ നിന്നും നാം സ്വീകരിക്കേണ്ടത്യ അതിനുവേണ്ടി നമുക്ക് ഒരുങ്ങാം. ഇരുപത്തിയഞ്ച് ദിവസം നോമ്പിലും പ്രാര്‍ത്ഥനയിലുമുള്ള ഒരുക്കം. ഭൗതികമായ ഒരുക്കത്തിനേക്കാള്‍ മനുക്ക് ആത്മീയമായ പുതുക്കം, അതാണ് ക്രിസ്മസ് നമുക്ക് തരുന്നത്. അത്ര നിസാരമല്ല ഈ ത്യാഗം. മനുഷ്യ വര്‍ഗത്തിന്റെ രക്ഷയ്ക്ക് വേണ്ടി ദൈവം തന്റെ ഏക ജാതനായ മനുഷ്യനാകുന്നു.

ദൈവ സ്‌നേഹത്തിന്റെ ഉദാത്തമായ മാര്‍ഗത്തിലേക്കുള്ള കാല്‍വെയ്പ്പ്. കാരണം ക്രിസ്തുവിന്റെ ജനനത്തില്‍ പങ്കാളിയാകാതെ എങ്ങനെ അവന്റെ കുരിശ് മരണത്തിലും പുനരുദ്ധാനത്തിലും നമുക്ക് പങ്കാളിത്വം ലഭിക്കും. ആയതിനാല്‍ ഈ ജനന പെരുന്നാളിലേക്ക് നമുക്ക് ഒരുങ്ങാം. അനുദിന ജീവിതത്തില്‍ ക്രിസ്തുവിന്റെ അതേഭാവം തന്നെ നമ്മില്‍ ഉയരട്ടെ. എന്തായിരുന്നു ആ ഭാവങ്ങള്‍? അതേ ഭാവത്തില്‍ എങ്ങെ ആയിത്തീരും.?

1. ക്രിസ്തു പൂര്‍ണ മുഷ്യനായി നമ്മുടെ ഇടയില്‍ പാര്‍ത്തു.

ചരിത്രത്തിന്റെ ഭാഗമായ വ്യക്തിത്വം. ഒരു സാധാരണക്കാരനെപ്പോലെ ജീവിച്ചുവെങ്കിലും തന്റെ സാന്നിധ്യവും പ്രവര്‍ത്തിയും അനേകര്‍ക്ക് ഉണര്‍വ്വായും പ്രചോദനമായും ഭവിച്ചു. മൂല്ല്യങ്ങള്‍ക്ക് കൈമോശം വരാതെ ജീവിതത്തില്‍ പകര്‍ത്തി.

2. ക്രിസ്തു ധാര്‍മ്മിക ഗുരുവായിരുന്നു

ശത്രുവിനെ സ്‌നേഹിക്കുവാനും അവന് വേണ്ടി പ്രാര്‍ത്ഥിക്കുവാനും, ഒരു ചെകിട്ടത്ത് അടിക്കുമ്പോള്‍ മറു ചെകിട് കാണിച്ചുകൊടുക്കുവാനും അവന്‍ പഠിപ്പിച്ചു. പാലിക്കപ്പെട്ടിരുന്ന പല ആചാരങ്ങളും പ്രവൃത്തികളും തന്റെ ഉത്‌ബോധനം മൂലം മാറ്റം വരുവാന്‍ ഇടയായി. അന്ധകാരം തിന്മയും അല്ല ജീവനും പ്രകാശവുമാണ് പ്രതീകങ്ങളെന്ന തിരിച്ചറിവ് നല്‍കി ലൂക്കോസ് 6:27-38.

3. ക്രിസ്തു ദൈവത്തിന്റെ പ്രവാചകനായിരുന്നു.

സാധാരണ മനുഷ്യരേക്കാള്‍ ഉയര്‍ന്ന ഒരവസ്ഥ. ദൈവത്തില്‍ നിന്നും താന്‍ പ്രാപിച്ച സത്യങ്ങളെ അവന്‍ ജീവിതത്തലൂടെ നല്‍കി. തന്നെ ഒറ്റിക്കൊടുക്കുമെന്നും തന്റെ മരണവുമെല്ലാം ജീവിത കാലത്ത് തന്നെ അവന്‍ അവന്‍ അരുളി ചെയ്തു. കല്ല് കല്ലിന്മേല്‍ ശേഷിക്കയില്ലയെന്നും ഈ മന്ദിരം പൊളിപ്പിന്ഡ മൂന്ന് ദിവസംകൊണ്ട് അതിനെ പണിയുമെന്നൊക്കെ താന്‍ അരുളി ചെയ്തത് പിന്‍പറ്റിയവര്‍ക്ക് പോലും ഉള്‍ക്കൊള്ളുവാന്‍ കഴിയാതെപോയി.

4. ക്രിസ്തു ദൈവ കൃപകളുടെ മൂര്‍ത്തിഭാവം ആയിരുന്നു.

വിശക്കുന്നവര്‍ക്ക് ആഹാരം നല്‍കുകയും രോഗികള്‍ക്ക് സൗഖ്യം നല്‍കുകയും മരിച്ചവരെ ഉയിര്‍പ്പിക്കുകയും ചെയ്തു. അസാധ്യമായതും മാനുഷിക ബലത്തിന് കഴിയാതിരുന്നതുമായ അത്ഭുതങ്ങളെ അവന്‍ നമുക്ക് നല്‍കി.

5. ക്രിസ്തു ദൈവമായിരുന്നു.

പിതാവിന്റെ അതേഭാവത്തില്‍ നിന്നും ധൃതിചലിക്കാതെ അവന്‍ നമ്മുടെ ഇടയില്‍ പാര്‍ത്തു. അവന്‍ സര്‍വ്വ ശക്തനായിരുന്നു. സര്‍വ്വവ്യാപിയായിരുന്നു, രാവും പകലും ആരാധിക്കിപ്പെടേണ്ടവനായിരുന്നു. മരണത്തെപ്പോലും തോല്‍പ്പിച്ച് ഉയിര്‍ത്തതോടെ എല്ലാ പ്രപഞ്ച നിയമങ്ങള്‍ക്കും താന്‍ അധീതനാണെന്ന് തെളിയിച്ചു.

ഇതേ ഭാവങ്ങള്‍ക്ക് അവകാശികളായി നമ്മെ ആക്കുവാനാണ് മാനുഷിക രൂപത്തില്‍ നമ്മുടെ ഇടയില്‍ അവന്‍ വന്നത്. അതായിരുന്നു ദൈവം നമുക്ക് നല്‍കിയ ഏറ്റവും വലിയ സമ്മാനവും. ആയതിനാല്‍ ഈ ക്രിസ്മസ് കാലങ്ങളില്‍ മറ്റെന്തിനേക്കാളും ആത്മീയമായ ഒരുക്കത്താല്‍ നമ്മെത്തന്നെ അലങ്കരിക്കുവാന്‍ നമുക്ക് ശ്രമിക്കാം. പ്രാര്‍ത്ഥനാപൂര്‍വ്വം നമുക്ക് ഒരുങ്ങാം. അല്‍പ്പായുസ്സും അല്‍പ്പസന്തോഷവും പകരുന്ന ഭൗതിക ഒരുക്കങ്ങളേക്കാള്‍ ഉപരിയായി നിത്യതയുടെ അനുഭവങ്ങളെ പ്രാപിക്കുവാന്‍ ഈ ക്രിസ്മസ് ഇടയാക്കട്ടെ.

അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വം, ഭൂമിയില്‍ ദൈവ പ്രസാദമുള്ള മനുഷ്യര്‍ക്ക് സമാധാനം.

ഫാ. ബിജു കുന്നയ്ക്കാട്ട് പി. ര്‍. ഓ

ബ്രിസ്റ്റോള്‍, പോര്‍ട്‌സ്മൗത്ത്: യു.കെയില്‍ സീറോ മലബാര്‍ വിശ്വാസികളുടെ സാന്നിധ്യം കൂടുതലുള്ള ബ്രിസ്റ്റോള്‍, പോര്‍ട്‌സ്മൗത്ത് എന്നിവിടങ്ങളില്‍ ഇന്ന് സീറോ മലബാര്‍ മിഷനുകള്‍ക്കു തുടക്കമാവും. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ സാന്നിധ്യത്തില്‍ സീറോ മലബാര്‍ സഭയുടെ തലവനും ശ്രേഷ്ഠപിതാവുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയാണ് മിഷനുകളുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിക്കുന്നത്. ബ്രിസ്റ്റോളില്‍ രാവിലെ 11.30 നും പോര്‍ട്‌സ്മൗത്തില്‍ വൈകിട്ട് 6.30 നുമാണ് ഉദ്ഘാടന തിരുക്കര്‍മ്മങ്ങള്‍. നിരവധി വൈദികരും അല്‍മായ വിശ്വാസികളും തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കും.

അഭിവന്ദ്യ പിതാക്കന്മാര്‍ക്കു സ്വീകരണം, സ്വാഗതം, മിഷന്‍ സ്ഥാപിച്ചുകൊണ്ടുള്ള ഡിക്രി വായന തുടങ്ങിയവ ഉദ്ഘാടനത്തിനു മുന്‍പ് നടക്കും. തുടര്‍ന്ന് മാര്‍ ആലഞ്ചേരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വി. കുര്‍ബാന നടക്കും. പ്രീസ്റ്റ് ഇന്‍ ചാര്‍ജ്ജുമാരായ റവ. ഫാ. പോള്‍ വെട്ടിക്കാട്ട് ഇടം, റവ. ഫാ. രാജേഷ് ആനത്തില്‍, മിഷന്‍ കമ്മറ്റി അംഗങ്ങള്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഏവരെയും ഏറെ സ്‌നേഹത്തോടെ ക്ഷണിക്കുന്നു.

തിരുക്കര്‍മ്മങ്ങള്‍ നടക്കുന്ന പള്ളികളുടെ വിലാസം

Bristol: St. Joseph’s Chruch,
232, Forest Road,
Fishpounds, Bristol,
BS16 3QT

Portsmouth: St. Paul’s Catholic Church,
Allaway Avenue,
Portsmouth,
PO6 4HB

ഫാ. ബിജു കുന്നയ്ക്കാട്ട് പി. ര്‍. ഓ

ബെര്‍മിംഗ്ഹാം: ദൈവകാരുണ്യത്തിനു നന്ദി പറഞ്ഞു ബെര്‍മിംഗ്ഹാമിലെ സീറോ മലബാര്‍ വിശ്വാസികള്‍. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി, ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ്ജ് സ്രാമ്പിക്കലിന്റെ സാന്നിധ്യത്തില്‍ ഇന്നലെ രണ്ടു മിഷനുകള്‍ കൂടി ബെര്‍മിംഗ്ഹാമില്‍ പ്രഖ്യാപിച്ചു. Saltely St. Benedict, Wolverhampton Our Lady of Perpetual Help എന്നീ മിഷനുകളാണ് പ്രഖ്യാപിച്ചത്. രണ്ടുവര്‍ഷം പ്രായമായ രൂപതയുടെ ആത്മീയ കുതിപ്പില്‍ പതിനാറു മിഷനുകള്‍ ഇതുവരെ പ്രഖ്യാപിച്ചു. ബെര്‍മിംഗ്ഹാമില്‍ മിഷന്‍ ഡയറക്ടര്‍ ആയി റവ. ഫാ. ടെറിന്‍ മുള്ളക്കരയെയും നിയമിച്ചു. നിരവധി വൈദികരും വിശ്വാസികളും തിരുക്കര്‍മ്മങ്ങളില്‍ പങ്കുചേര്‍ന്നു.

പ്രീസ്റ്റ് ഇന്‍ ചാര്‍ജ് റവ. ഫാ. ടെറിന്‍ മുള്ളക്കരയുടെ സ്വാഗത പ്രസംഗത്തിനു ശേഷം സാറ്റ്‌ലി സെന്റ് ബെനഡിക്ട് മിഷന്റെ ഡിക്രി റവ. ഫാ. ആന്റണി ചുണ്ടെലിക്കാട്ടും വോളെറാംപ്റ്റന്‍ ഔര്‍ ലേഡി ഓഫ് പെര്‍പ്പെചുല്‍ ഹെല്‍പ് മിഷന്റെ ഡിക്രി റവ. ഫാ. സോജി ഓലിക്കലും വായിച്ചു. ഡിക്രിയുടെ കോപ്പി കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി റവ. ഫാ. ടെറിന്‍ മുള്ളക്കരയ്ക്ക് നല്‍കി അദ്ദേഹത്തെ ഡയറക്ടര്‍ ആയി നിയമിച്ചു. തുടര്‍ന്ന് അഭി. പിതാക്കന്മാര്‍ തിരി തെളിച്ചു മിഷന്‍ ഔദ്യോഗികമായി ഉദ്ഘാടനം നിര്‍വ്വഹിച്ചു. തുടര്‍ന്ന് നടന്ന വി. കുര്‍ബാനയ്ക്കു കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി മുഖ്യകാര്‍മ്മികത്വം വഹിച്ചു വചനസന്ദേശം നല്‍കി. ബെര്‍മിംഗ്ഹാം ആര്‍ച്ചുബിഷപ്പ് ബെര്‍ണാഡ് ലോങ്ലി പുതിയ മിഷന് ആശംസകളര്‍പ്പിച്ചു സംസാരിച്ചു. സീറോ മലബാര്‍ വൈദികരെ കൂടാതെ, ബെര്‍മിംഗ്ഹാം അതിരൂപത വൈദികനായ ഫാ. ഡൊമിനിക്, ഫാ. ഫിലിപ്പ്, എന്നിവരും സഹകാര്‍മികരായിരുന്നു.

കുട്ടികളുടെ വര്‍ഷത്തിന്റെ സമാപനവും യുവജന വര്‍ഷത്തിന്റെ ഉദ്ഘാടനവും ഇന്ന് നടക്കും. രൂപതയുടെ വിവിധ സ്ഥലങ്ങളില്‍ നിന്നായി രണ്ടായിരത്തിയഞ്ഞൂറിലധികം കുട്ടികളും മാതാപിതാക്കളും അധ്യാപകരും ചടങ്ങുകളില്‍ പങ്കെടുക്കും. പരിപാടികളുടെ തത്സമയസംപ്രേഷണം (രൂപത ഫേസ്ബുക് പേജിലും യുട്യൂബിലും) താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ രാവിലെ മുതല്‍ ലഭ്യമായിരിക്കും.

https://youtube.com/watch?v=FILI5AHub3w

ഫാ. ബിജു കുന്നയ്ക്കാട്ട് പി. ര്‍. ഓ.

ബെര്‍മിംഗ്ഹാം: കഴിഞ്ഞ ഡിസംബറില്‍ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ ആരംഭിച്ച കുട്ടികളുടെ വര്‍ഷത്തിന്റെ ഔദ്യോഗിക സമാപനം ഇന്ന് ബര്‍മിങ്ഹാം ബെഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. രൂപത ആവിഷ്‌കരിച്ച ‘പഞ്ചവത്സര അജപാലന പദ്ധതി’യിലെ ആദ്യ വര്‍ഷമായിട്ടാണ് കുട്ടികളുടെ വര്‍ഷം ആചരിച്ചത്. അടുത്ത തലമുറയിലേക്കു വിശ്വാസവും ദൈവചിന്തയും പകരുകയാണ് രൂപതയുടെ പ്രധാന ദൗത്യമെന്ന തിരിച്ചറിവില്‍ നിന്നാണ് ആദ്യവര്‍ഷം കുട്ടികള്‍ക്ക് പ്രാധാന്യം നല്‍കുന്ന പരിപാടികള്‍ ആവിഷ്‌കരിച്ചത്. രൂപതയുടെ വിവിധ മിഷന്‍/വി.കുര്‍ബാന സെന്ററുകളില്‍ നിന്നായി ഏഴാം ക്ലാസ്സിനു മുകളില്‍ പഠിക്കുന്ന രണ്ടായിരത്തിയഞ്ഞൂറിലധികം കുട്ടികളും, മാതാപിതാക്കളും അധ്യാപകരും ചടങ്ങുകളില്‍ പങ്കുചേരും. ഇന്ന് തന്നെ യൂവജന വര്‍ഷത്തിന്റെ ആരംഭവും നടക്കും.

സീറോ മലബാര്‍ സഭയുടെ തലവന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയാണ് ചടങ്ങുകളില്‍ മുഖ്യാതിഥി. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, രൂപതയില്‍ ശുശ്രുഷ ചെയ്യുന്ന വൈദികര്‍, സന്യാസിനികള്‍, അല്‍മായര്‍ തുടങ്ങിയവര്‍ ചടങ്ങുകളില്‍ സംബന്ധിക്കും. ബൈബിള്‍ കലോത്സവത്തില്‍ മികച്ച പ്രകടനം നടത്തിയ കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരിക്കും. രൂപത ഗായകസംഘം ഡയറക്ടര്‍ റവ. ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല പരിശീലിപ്പിച്ച, നൂറ്റിയൊന്ന് കുട്ടികള്‍ നേതൃത്വം നല്‍കുന്ന ഗായകസംഘം തിരുക്കര്‍മ്മങ്ങള്‍ ഭക്തിസാന്ദ്രമാക്കും. വികാരി ജനറാള്‍ റവ. ഫാ. സജിമോന്‍ മലയില്‍ പുത്തന്‍പുരയിലിന്റെ നേതൃത്വത്തിലാണ് സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായിരിക്കുന്നത്.

പങ്കെടുക്കാനെത്തുന്നവരുടെ സൗകര്യാര്‍ത്ഥം വിപുലമായ ഒരുക്കങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. വാഹന പാര്‍ക്കിങ്ങിനും ഭക്ഷണത്തിനും സൗകര്യമൊരുക്കിയിട്ടുണ്ട്. മിതമായ നിരക്കില്‍ ഫുഡ് കൗണ്ടര്‍ തുറന്നു പ്രവര്‍ത്തിക്കുന്നതാണ്. ഭക്ഷണം വാങ്ങാനുള്ള താമസവും അതിനായുള്ള നീണ്ട ക്യുവും ഒഴിവാക്കാന്‍ കുട്ടികള്‍ രാവിലെയുള്ള രജിസ്ട്രേഷന്‍ സമയത്തുതന്നെ ഭക്ഷണസാധനങ്ങളുടെ ലിസ്റ്റ് നല്‍കുന്നത് സഹായകമാണെന്നു നിര്‍ദ്ദേശിച്ചിട്ടുണ്ട്. റീജിയന്‍ അടിസ്ഥാനത്തിലാണ് ഹാളില്‍ ഇരിക്കേണ്ടത്. കുട്ടികളുടെ മേല്‍നോട്ടത്തിനായി അധ്യാപകരും മാതാപിതാക്കളും ഉണ്ടാവണം. പത്തു മണിക്ക് മുന്‍പായി ഉള്ളവയും എത്തിച്ചേരാന്‍ ശ്രമിക്കണം. വി. കുര്‍ബാനയില്‍ പങ്കെടുക്കാന്‍ വരുന്ന വൈദികര്‍ തിരുവസ്ത്രങ്ങള്‍ കൊണ്ടുവരേണ്ടതാണ്. പരിപാടികളുടെ സുഗമമായ നടത്തിപ്പിനായി എല്ലാവരും സമയക്രമം കൃത്യമായി പാലിക്കണമെന്ന് സംഘാടകസമിതി ചെയര്‍മാന്‍ റവ. ഫാ. സജിമോന്‍ മലയില്‍പുത്തന്‍പുരയില്‍ അറിയിച്ചു.

പരിപാടി നടക്കുന്ന സ്ഥലത്തിന്റെ അഡ്രസ്:
Bethel Convention Center,
Kelvin Way,
Birmingham, B70 7JW.

ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്‍.ഒ

കേംബ്രിഡ്ജ്: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ വളര്‍ച്ചയിലെ നിര്‍ണ്ണായക കാല്‍വെപ്പായ മിഷന്‍ സെന്ററുകളുടെ സ്ഥാപനത്തില്‍, ഇന്നലെ രണ്ടു പുതിയ മിഷനുകള്‍ കൂടി ആരംഭിച്ചു. പീറ്റര്‍ബറോയും കേംബ്രിഡ്ജും കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മിഷനുകളുടെ സാരഥിയായി റവ. ഫാ. ഫിലിപ് പന്തമാക്കലിനെ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തിലൂടെ (ഡിക്രി) നിയമിച്ചു. ഇന്നലെ വൈകിട്ട് 7. 15 നു സെന്റ്. ജവശഹശു Howard Catholic Churchല്‍ നടന്ന ഭക്തിനിര്‍ഭരമായ തിരുക്കര്‍മ്മങ്ങളില്‍ സീറോ മലബാര്‍ സഭാതലവന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി മുഖ്യകാര്‍മ്മികനായിരുന്നു.

റവ. ഫാ. തോമസ് പാറക്കണ്ടം മിഷന്‍ സ്ഥാപന വിജ്ഞാപന വായനയെത്തുടര്‍ന്ന് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഡിക്രിയുടെ കോപ്പി ഫാ. ഫിലിപ്പ് പന്തമാക്കലിന് നല്‍കി മിഷന്‍ ഡയറക്ടറായി നിയമിച്ചു. കേംബ്രിഡ്ജ് കേന്ദ്രമാക്കി ‘ഔര്‍ ലേഡി ഓഫ് വാല്‍സിംഗ്ഹാം’ മിഷനും പീറ്റര്‍ബറോ കേന്ദ്രമാക്കി ‘ഔര്‍ ലേഡി ഓഫ് ലൂര്‍ദ്ദ്’ മിഷനുകളാണ് പ്രഖ്യാപിക്കപ്പെട്ടത്. തുടര്‍ന്ന് വിളക്ക് തെളിച്ചു ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിക്കപ്പെട്ടു. വി. കുര്‍ബാനക്കും കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി നേതൃത്വം നല്‍കി വചനസന്ദേശം പങ്കുവച്ചു. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, റവ. ഫാ. ജോര്‍ജ്ജ് പനയ്ക്കല്‍ വി. സി; റവ. ഫാ. ആന്റണി പറങ്കിമാലില്‍ വി. സി, റവ. ഫാ. ജിജി പുതുവീട്ടിക്കളം, റവ. ഫാ. തോമസ് പാറക്കണ്ടത്തില്‍, സെക്രട്ടറി റവ. ഫാ. ഫാന്‍സ്വാ പത്തില്‍, മിഷന്‍ ഡയറക്ടര്‍ റവ. ഫാ. ഫിലിപ് പന്തമാക്കല്‍ എന്നിവര്‍ സഹകാര്‍മികരായി. തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം സ്നേഹവിരുന്നും നല്‍കപ്പെട്ടു.

ഇന്ന് വൈകിട്ട് 6. 30ന് ബെര്‍മിംഗ്ഹാമില്‍ മിഷന്‍ പ്രഖ്യാപനം നടക്കും. Our Lady of the Rosary & St. Therese of Lisieux Church (Parkfield Road, Saltley, Birmingham, B8 3BB) ല്‍ നടക്കുന്ന തിരുക്കര്‍മ്മങ്ങളില്‍ റവ. ഫാ. ടെറിന്‍ മുള്ളക്കര ബെര്‍മിംഗ്ഹാം മിഷന്‍ ഡയറക്ടര്‍ ആയി നിയമിതനാകും. തിരുക്കര്‍മ്മങ്ങള്‍ക്ക് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി, മാര്‍ ജോസഫ് സ്രാമ്പിക്കല്‍ തുടങ്ങിയവര്‍ മുഖ്യകാര്‍മ്മികരായിരിക്കും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മിഷന്‍ കമ്മറ്റി അറിയിച്ചു. ഏവരെയും സ്‌നേഹത്തോടെ ക്ഷണിക്കുന്നു.

ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്‍.ഒ

ബെര്‍മിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത ആവിഷ്‌കരിച്ച ‘പഞ്ചവത്സര അജപാലന പദ്ധതിയിലെ ആദ്യ വര്‍ഷമായി ആചരിച്ചുവരികയായിരുന്ന ‘കുട്ടികളുടെ വര്‍ഷത്തിന്റെ ഔദ്യോഗിക സമാപനം നാളെ ബെര്‍മിംഗ്ഹാം ബെഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചു നടക്കും. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുന്ന കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് തിരുക്കര്‍മ്മങ്ങള്‍. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, പരിപാടിയുടെ കോ ഓര്‍ഡിനേറ്ററും വികാരി ജനറാളുമായ റവ. ഫാ. സജിമോന്‍ മലയില്‍ പുത്തന്‍പുരയില്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഒരുക്കങ്ങള്‍.

ഏഴുമുതല്‍ മുകളിലേക്കുള്ള ക്ലാസ്സുകളില്‍ മതപഠനം നടത്തുന്ന കുട്ടികളെയും അദ്ധ്യാപകരെയും മാതാപിതാക്കളെയുമാണ് അന്നേ ദിവസം പ്രധാനമായും പ്രതീക്ഷിക്കുന്നത്. കുട്ടികള്‍ നേതൃത്വം നല്‍കുന്ന ഗായകസംഘം വി. കുര്‍ബാനയില്‍ ഗാനങ്ങളാലപിക്കും. ഡേവിഡ് വെല്‍സ്, ഓല സ്‌റ്റൈന്‍ തുടങ്ങിയവരുടെ പ്രഭാഷണങ്ങളും രൂപത ബൈബിള്‍ കലോത്സവത്തില്‍ വിജയികളായവരുടെ കലാപ്രകടനങ്ങളും പരിപാടികള്‍ക്ക് മാറ്റ് കൂട്ടും. അന്നേദിവസം മറ്റു വി. കുര്‍ബാന കേന്ദ്രങ്ങളിലെ തിരുക്കര്‍മങ്ങള്‍ മാറ്റി വെയ്ക്കണമെന്നും രൂപതയുടെ ഈ പൊതു പരിപാടിയില്‍ സംബന്ധിക്കണമെന്നും രൂപതാധ്യക്ഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കുട്ടികളുടെ വര്‍ഷത്തിന്റെ സമാപനം കുറിക്കുന്നതോടൊപ്പം യൂവജനവര്‍ഷത്തിന്റെ ഉദ്ഘാടനവും മാര്‍ ആലഞ്ചേരി നിര്‍വഹിക്കും. രൂപത മൈനര്‍ സെമിനാരി റെക്ടര്‍ റവ. ഡോ. ബാബു പുത്തന്‍പുരക്കലാണ് യൂവജന വര്‍ഷത്തിന് രൂപതാതലത്തില്‍ നേതൃത്വം കൊടുക്കുന്നത്. കുട്ടികളുടെ വര്‍ഷത്തിന്റെ സമാപനത്തില്‍ പങ്കെടുക്കാനെത്തുന്ന എല്ലാ കുട്ടികളുടെയും പേരുവിവരങ്ങള്‍ മുന്‍കൂട്ടി നല്‍കണമെന്ന് രൂപതാകേന്ദ്രം നിര്‍ദ്ദേശിചിരുന്നു. യൂറോപ്പിലെ കത്തോലിക്കാ കുട്ടികളുടെ ഏറ്റവും വലിയ കൂട്ടായ്മയ്ക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും സാധിക്കുന്നത്ര നേരത്തെ എത്തണമെന്നും കോ ഓര്‍ഡിനേറ്റര്‍, റവ. ഫാ. സജിമോന്‍ മലയില്‍ പുത്തന്‍പുരയില്‍ അറിയിച്ചു.

ഫാ. ബിജു കുന്നയ്ക്കാട്ട് പി. ആര്‍. ഓ

ഇപ്സ്വിച്: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ രണ്ടു മിഷന്‍ സെന്ററുകള്‍ കൂടി ഇന്ന് പ്രഖ്യാപിക്കപ്പെട്ടു. ഇപ്സ്വിച്ച് സെന്റ് മേരീസ് കത്തോലിക്കാ ദൈവാലയത്തില്‍ നടന്ന ഭക്തിനിര്‍ഭരമായ ചടങ്ങുകളില്‍ സീറോ മലബാര്‍ സഭയുടെ പിതാവും തലവനുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയാണ് ഇപ്സ്വിച്ച് കേന്ദ്രമാക്കി ‘സെന്റ് അല്‍ഫോന്‍സാ’ മിഷനും നോര്‍വിച് കേന്ദ്രമാക്കി ‘സെന്റ് തോമസ്’ മിഷനും പ്രഖ്യാപിച്ചത്. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം. റവ. ഫാ. തോമസ് പാറക്കണ്ടത്തിലാണ് രണ്ടു മിഷനുകളുടെയും ഡയറക്ടര്‍. കേംബ്രിഡ്ജ് റീജിയണല്‍ കോ ഓര്‍ഡിനേറ്റര്‍ റവ. ഫാ. ഫിലിപ്പ് പന്തമാക്കല്‍ മിഷന്‍ സ്ഥാപന ഡിക്രികള്‍ വായിച്ചു. സെക്രട്ടറി റവ. ഫാ. ഫാന്‍സുവ പത്തിലും തിരുക്കര്‍മ്മങ്ങളില്‍ സഹകാര്‍മ്മികനായിരുന്നു.

തിരുക്കര്‍മ്മങ്ങളുടെ തുടക്കത്തില്‍ പ്രീസ്റ്റ് ഇന്‍ ചാര്‍ജ് റവ. ഫാ. തോമസ് പാറക്കണ്ടത്തില്‍, മിഷന്‍ സെന്ററുകളുടെ മുന്‍വര്‍ഷങ്ങളിലെ ചരിത്രം വിവരിച്ചു. വൈകിട്ട് 6.30ന് ആരംഭിച്ച തിരുക്കര്‍മ്മങ്ങളില്‍ ഡിക്രി വായനയ്ക്കു ശേഷം മിഷനുകളുടെ ഔദ്യോഗിക ഡയറക്ടര്‍ ചുമതലയുടെ നിയമനപത്രം റവ. ഫാ. തോമസ് പാറക്കണ്ടത്തിനു കര്‍ദ്ദിനാള്‍ കൈമാറി. മിഷന്‍ ഉദ്ഘാടനത്തിന് ശേഷം നടന്ന വി. കുര്‍ബാനക്ക് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി മുഖ്യകാര്‍മ്മികത്വം വഹിച്ചു. സെന്റ് മേരീസ് പള്ളി വികാരി റവ. ഫാ. ടോണി റോജേഴ്‌സും ചടങ്ങുകളില്‍ പങ്കുചേര്‍ന്നു. ഇംഗ്ലീഷ് കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ചു ഇടവകഅംഗങ്ങളും തിരുക്കര്‍മ്മങ്ങളില്‍ സന്നിഹിതരായിരുന്നു. തുടര്‍ന്ന് നടന്ന സ്‌നേഹവിരുന്നില്‍ പങ്കുചേര്‍ന്നു മിഷന്‍ സ്ഥാപന സന്തോഷം വിശ്വാസികള്‍ പങ്കുവച്ചു.

ഇന്ന് കേംബ്രിഡ്ജില്‍ രണ്ടു മിഷന്‍ സെന്ററുകളുടെ ഉദ്ഘാടനം നടക്കും. വൈകിട്ട് 7. 15 നു St. Philip Howard Catholic Church (33, Walpole Road, Cambridge, CH1 3TH) ല്‍ നടക്കുന്ന മിഷന്‍ ഉദ്ഘാടനത്തിനും വി. കുര്‍ബാനക്കുമുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി പ്രീസ്റ്റ് ഇന്‍ ചാര്‍ജ്, റവ. ഫാ . ഫിലിപ്പ് പന്തമാക്കല്‍, കമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ അറിയിച്ചു. മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ സാന്നിധ്യത്തില്‍, കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി കേംബ്രിഡ്ജ് കേന്ദ്രമാക്കി ‘ഔവര്‍ ലേഡി ഓഫ് വാല്‍സിംഗ്ഹാം’ മിഷനും പീറ്റര്‍ബറോ കേന്ദ്രമാക്കി ‘ഔവര്‍ ലേഡി ഓഫ് ലൂര്‍ദ്ദ്’ മിഷനാണ് ഇന്ന് പ്രഖ്യാപിക്കുന്നത്. ഏവരെയും തിരുക്കര്‍മ്മങ്ങളിലേക്കു സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.

RECENT POSTS
Copyright © . All rights reserved