Spiritual

അപ്പച്ചൻ കണ്ണഞ്ചിറ

ബെഡ്ഫോർഡ്: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയിലെ ബെഡ്ഫോർഡ് കേന്ദ്രമായുള്ള സെന്റ് അൽഫോൻസാ മിഷനിൽ കഴിഞ്ഞ മൂന്നു വർഷമായി സ്തുത്യർഹമായ നിലയിൽ അജപാലന സേവനം അനുഷ്ഠിക്കുകയും, സെൻറ് അൽഫോൻസാ കമ്മ്യൂണിറ്റിയെ മിഷൻ പദവിയിലേക്ക് ഉയർത്തുന്നതിൽ നിർണ്ണായക പങ്കു വഹിക്കുകയും ചെയ്ത എബിൻ നീറുവേലിൽ അച്ചൻ സ്ഥലം മാറി പോകുന്ന വേളയിൽ ഇടവകയുടെ നേതൃത്വത്തിൽ അച്ചന് ഹൃദ്യമായ യാത്രയയപ്പു നൽകും.

ഇതോടൊപ്പം ബെഡ്‌ഫോർഡ്‌ സെന്റ് അൽഫോൻസാ മിഷനിൽ ഇടവക വികാരിയായി ചാർജ് എടുക്കുന്ന ഫാ. എൽവിസ് ജോസ് കോച്ചേരി MCBS നു തഥവസരത്തിൽ ഊഷ്‌മള സ്വീകരണം ഒരുക്കുന്നതുമാണ്.
ഫാ. എൽവിസ് കോച്ചേരി MCBS നിലവിൽ എപ്പാർക്കിയൽ മീഡിയ കമ്മീഷൻ ചെയർമാനും, ലെസ്റ്റർ റീജണൽ കോർഡിനേറ്ററുമാണ്. എൽവിസ് അച്ചൻ കെറ്ററിംഗ്‌ & നോർത്താംപ്ടൺ മിഷനുകളിൽ അജപാലന ശുശ്രുഷ ചെയ്തുവരികയായിരുന്നു.

ബെഡ്ഫോർഡ് സെന്റ് അൽഫോൻസാ മിഷന്റെ ആല്മീയ തലത്തിലുള്ള സമഗ്ര വളർച്ചയ്ക്കു നേതൃത്വം വഹിച്ച ഫാ. എബിൻ, പ്രശസ്ത ധ്യാനഗുരുവും, വിൻസൻഷ്യൽ സഭാംഗവുമാണ്. കെറ്ററിംഗ്‌ & നോർത്താംപ്ടൺ മിഷൻറെ അജപാലന ശുശ്രുഷ എബിൻ അച്ചൻ ഏറ്റെടുക്കും.

ബെഡ്ഫോർഡിൽ അസിസ്റ്റന്റ് പാരീഷ് പ്രീസ്റ്റ് എന്ന നിലയിൽ സേവനം അനുഷ്‌ടിക്കുകയും, മിഷൻ പ്രവർത്തനങ്ങളിൽ എബിൻ അച്ചനെ സഹായിക്കുകയും ചെയ്തു വന്നിരുന്ന ജോബിൻ കൊശാക്കൽ അച്ചനും എബിൻ അച്ചനോടൊപ്പം ബെഡ്ഫോർഡിൽ നിന്നും മാറുകയാണ്. സഭ ഏല്പിച്ചിരിക്കുന്ന പുതിയ ദൗത്യം ഇരുവൈദികരും ഉടനെ ഏറ്റെടുക്കും. എബിൻ അച്ചന്റേയും ജോബിൻ അച്ചന്റേയും സ്ഥലം മാറ്റം മിഷനെ സംബന്ധിച്ചിടത്തോളം വലിയ നഷ്‌ടമാണെന്നും, അവരുടെ പുതിയ ദൗത്യത്തിൽ എല്ലാവിധ അനുഗ്രഹങ്ങളും, ആശംസകളും, പ്രാർത്ഥനകളും നേരുന്നതായും പള്ളിക്കമ്മിറ്റി അറിയിച്ചു.

ഷൈമോൻ തോട്ടുങ്കൽ

ബിർമിംഗ് ഹാം . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വിമൻസ് ഫോറത്തിന്റെ ഈ വർഷത്തെ വാർഷിക സമ്മേളനം ” THAIBOOSA ” നാളെ ബിർമിംഗ്ഹാമിലെ ബെഥേൽ കൺവെൻഷൻ സെന്ററിൽ നടക്കും , ബ്രിട്ടനിൽ നടക്കുന്ന ഏറ്റവും വലിയ മലയാളി വനിതാ കൂട്ടായ്മയിൽ പങ്കെടുക്കാൻ മറ്റെല്ലാ പരിപാടികളും മാറ്റിവച്ചുള്ള ഒരുക്കത്തിലാണ് ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ വനിതകൾ ബിർമിംഗ് ഹാം ബെഥേൽ കൺവെൻഷൻ സെന്ററിൽ നടക്കും .

സീറോ മലബാർ സഭയുടെ തലവനും പിതാവുമായ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ സമ്മേളനത്തിന്റെ ഔദ്യോഗിക ഉത്‌ഘാടനം നിർവഹിക്കുകയും , രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിനോടും രൂപതയിലെ വിവിധ ഇടവകകളിൽ നിന്നും മിഷനുകളിൽ നിന്നും ഉള്ള വൈദികരോടുമൊപ്പം വിശുദ്ധ കുർബാന അർപ്പിക്കുകയും ചെയ്യും . രാവിലെ എട്ട് മുപ്പത് മുതൽ വൈകുന്നേരം അഞ്ച് മണി വരെ നീണ്ടുനിൽക്കുന്ന സമ്മേളനത്തിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ അനുഗ്രഹ പ്രഭാഷണം നടത്തും .

മേജർ ആർച്ച് ബിഷപ് ആയി അഭിഷിക്തനായതിന് ശേഷം ആദ്യമായി ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ സന്ദർശനത്തിനെത്തുന്ന മേജർ ആർച്ച് ബിഷപ്പ് പങ്കെടുക്കുന്ന പരിപാടി എന്ന നിലയിൽ രൂപതയുടെ എല്ലാ ഇടവക മിഷൻ പ്രൊപ്പോസഡ്‌ മിഷനുകളിൽ നിന്നുള്ള ആയിരക്കണക്കിന് വനിതാ പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുവാനായുള്ള ഒരുക്കത്തിലാണ് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വിമൻസ് ഫോറത്തിന്റെ വിവിധ തലങ്ങളിൽ ഉള്ള ഭാരവാഹികളും രൂപതയിലെ വിമൻസ് ഫോറം അംഗങ്ങളും എന്ന് കമ്മീഷൻ ചെയർമാൻ ഫാ ജോസ് അഞ്ചാനിക്കൽ , വിമൻസ് ഫോറം ഡയറക്ടർ റെവ. ഡോ സി. ജീൻ മാത്യു എസ് എച്ച് . വിമൻസ് ഫോറം പ്രസിഡന്റ് ട്വിങ്കിൾ റെയ്‌സൺ, സെക്രെട്ടറി അൽഫോൻസാ കുര്യൻ എന്നിവർ അറിയിച്ചു .

ജെഗി ജോസഫ്

യുകെയിലെ സീറോ മലബാര്‍ സമൂഹത്തിന് ആകെ ഇത് അഭിമാന നിമിഷമാണ്. സ്വന്തമായി ദേവാലയം പണം നല്‍കി വാങ്ങിയ ആദ്യത്തെ ഇടവക സമൂഹമാണ് ബ്രിസ്റ്റോളിലേത്. യുകെയിലെ അഞ്ചോളം പള്ളികള്‍ സീറോ മലബാര്‍ സഭയ്ക്ക് ലഭിച്ചെങ്കിലും ബ്രിസ്റ്റോളിലേത് പണം നല്‍കി സ്വന്തമാക്കിയ ദേവാലയമാണ്. കുറേ കാലമായി ഉപയോഗിക്കാതിരുന്ന ദേവാലയം ഇപ്പോള്‍ വിശ്വാസികള്‍ക്ക് മുതല്‍കൂട്ടായ ആരാധനാലയമായി മാറ്റിയിരിക്കുകയാണ്. സീറാ മലബാര്‍ സഭയിലെ കൂദാശയും വെഞ്ചിരിപ്പും ആദ്യമായി നടത്തുന്ന യുകെയിലെ ദേവാലയമാണ് സെന്റ് തോമസ് സീറോ മലബാര്‍ കാതലിക് ചര്‍ച്ച്. വൈകിട്ട് ആറുമണിയോടെ ശുശ്രൂഷകള്‍ ആരംഭിച്ചു. ദേവാലയത്തില്‍ നിറഞ്ഞുകവിഞ്ഞ വിശ്വാസ സമൂഹത്തെ സാക്ഷിയാക്കിയായിരുന്നു ചടങ്ങുകള്‍ .

പള്ളിയില്‍ വിശ്വാസികള്‍ നിറഞ്ഞതിനാല്‍ അടുത്ത ഹാളില്‍ ചടങ്ങുകളുടെ ലൈവ് ടെലികാസ്റ്റിങ് ഉണ്ടായിരുന്നു. ആയിരത്തോളം പേര്‍ പങ്കെടുത്ത ചടങ്ങില്‍ സീറോ മലബാര്‍ സഭ അദ്ധ്യക്ഷന്‍ മാര്‍ റാഫേല്‍ തട്ടില്‍ പിതാവ് റിബണ്‍ മുറിച്ച് പള്ളിയിലേക്ക് പ്രവേശിച്ചു. തുടര്‍ന്ന് കൂദാശ കര്‍മ്മങ്ങള്‍ ആരംഭിച്ചു. സീറോമലബാര്‍ സഭയുടെ വലിയ പിതാവിനൊപ്പം ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ പിതാവ് മാര്‍ ജോസഫ് സ്രാമ്പിക്കലും വികാരി ഫാ പോള്‍ ഓലിക്കലും മറ്റ് പുരോഹിതന്മാരും ചേര്‍ന്ന് ചടങ്ങുകള്‍ പൂര്‍ത്തിയാക്കി.തുടര്‍ന്ന് തൈലം പൂശി കൂദാശ കര്‍മ്മം പൂര്‍ത്തിയാക്കി.

ദേവാലയത്തിന്റെ വെഞ്ചിരിപ്പും ബലി പീഢത്തിനും മറ്റും തൈലം പൂശുന്ന ചടങ്ങുകള്‍ ഭക്തിസാന്ദ്രമായി
ഫാ ജിബിന്‍ പോള്‍ വാമറ്റത്തില്‍, ഫാ ജോ മൂലാച്ചേരില്‍, ഫാ മാത്യു തുരുത്തിപ്പള്ളി , ഫാ ടോണി പഴയകളം, ഫാ ജിമ്മി പുളിക്കക്കുന്നേല്‍, ഫാ ബിനോയ് നെല്ലാറ്റിങ്കല്‍, ഫാ തോമസ് ലോവ്സ്, ഫാ മാത്യു എബ്രഹാം,, ഫാ എല്‍ദോസ് കറുകപ്പിള്ളില്‍ , ഫാദര്‍ മാത്യു പാലറക്കരോട്ട് ,ഫാ അജൂബ് , തുടങ്ങി നിരവധി പുരോഹിതര്‍ ചടങ്ങുകളില്‍ പങ്കെടുത്തിരുന്നു

കൂദാശ കര്‍മ്മങ്ങള്‍ക്ക് ശേഷം വചന സന്ദേശത്തില്‍ പിതാവ് ബ്രിസ്റ്റോളിലെ ഓരോ സഭാ വിശ്വാസികളുടെ സ്നേഹത്തേയും നിശ്ചയ ദാര്‍ഢ്യത്തേയും എടുത്തു പ്രശംസിച്ചു.ധാരാളം അനുഗ്രഹങ്ങള്‍ സഭാ അംഗങ്ങള്‍ക്കുണ്ടാകട്ടെയെന്നും അദ്ദേഹം പറഞ്ഞു. സീറോ മലബാര്‍ സമൂഹത്തിന്റെ ഏറ്റവും മൂല്യമേറിയ ഒന്നാണ് കുടുംബമെന്നും പിതാക്കന്മാരില്‍ നിന്ന് കിട്ടിയ മൂല്യങ്ങള്‍ മക്കളിലേക്ക് പകര്‍ന്നു നല്‍കുമ്പോള്‍ നല്ല മക്കളും വൈദീകരും ഉണ്ടാകുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

എല്ലാ ദിവസവും വൈകീട്ട് അത്താഴത്തിന് മുമ്പ് ദൈവത്തിന് മുന്നില്‍ മുട്ടുകുത്തുന്ന കൊച്ചു കുടുംബമാണ് നമ്മുടേത്. മാതാപിതാക്കളില്‍ നിന്ന് കിട്ടിയ നന്മ കുട്ടികളിലേക്ക് പകര്‍ന്നു നല്‍കുകയാണ് ചെയ്യുന്നത്. കുടുംബ പ്രാര്‍ത്ഥനകള്‍ വലിയൊരു പങ്കാണ് വഹിക്കുന്നതെന്നും ഈ ജീവിതചര്യകള്‍ നല്ലൊരു തലമുറയെ വാര്‍ത്തെടുക്കുമെന്നും പിതാവ് പറഞ്ഞു. ചടങ്ങില്‍ ദേവാലയം വാങ്ങുന്നതിനായി സഹായിച്ച ഓരോരുത്തരേയും നന്ദിയോടെ സ്മരിച്ചു. വലിയൊരു പ്രാര്‍ത്ഥനാ സാഫല്യത്തിന് ഏവര്‍ക്കും ആശംസകള്‍ അറിയിച്ചു.

ആത്മീയ തുളുമ്പി നില്‍ക്കുന്നതായിരുന്നു ദേവാലയ അന്തരീക്ഷം. ആദ്യമായിട്ടാണ് യുകെയില്‍ ഒരു കൂദാശ കര്‍മ്മം ഇങ്ങനെ നടക്കുന്നതെന്നും മറ്റൊരു പ്രത്യേകതയാണ്. രണ്ട് മില്യണ്‍ പൗണ്ട് വരുന്ന ദേവാലയം വാങ്ങാന്‍ നടത്തിയ ശ്രമം അഭിനന്ദിക്കാതെ പറ്റില്ലെന്നും പിതാവ് പറഞ്ഞു. തുടര്‍ന്ന് നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് വൈദീകര്‍ക്കൊപ്പം പിതാക്കന്മാരും കാര്‍മ്മികത്വം വഹിച്ചു. പിന്നീട് നടന്ന പൊതു യോഗത്തില്‍ പ്രൊജക്ടിനായി കൂടെ നിന്ന ഏവര്‍ക്കും ആശംസ അറിയിച്ചു. പൊതു സമ്മേളനത്തില്‍ ട്രസ്റ്റി ബിനു ജേക്കബ് ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. ട്രസ്റ്റി സിജി സെബാസ്റ്റ്യന്‍ 24 വര്‍ഷത്തെ സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ചിന്റെ വളര്‍ച്ചയുടെയും പ്രധാനപ്പെട്ട വിവരങ്ങളുടേയും റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രസ്റ്റി മെജോ ജോയി ഏവര്‍ക്കും നന്ദി പറഞ്ഞു.

തുടര്‍ന്ന് നടന്ന അദ്ധ്യക്ഷ പ്രസംഗത്തില്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് ബ്രിസ്റ്റോളിലെ ദേവാലയത്തിന് വേണ്ടി നടന്ന പ്രവര്‍ത്തനങ്ങളെയും അതിന് വേണ്ടി ബുദ്ധിമുട്ടിയവരേയും അഭിനന്ദിച്ചു. യുകെയിലെ കത്തോലിക്കാ സമൂഹത്തിന് ബ്രിസ്റ്റോള്‍ നല്‍കിയ സേവനം അദ്ദേഹം എടുത്തു പറഞ്ഞു. ഇനിയും കൂടുതല്‍ കെട്ടുറപ്പുള്ള നല്ല സമൂഹമായി ബ്രിസ്റ്റോള്‍ സമൂഹം മാറട്ടെയെന്ന് ആശംസിച്ചു.

ബ്രിസ്റ്റോള്‍ ദേവാലയ പദ്ധതിയുടെ ഭാഗമായി നടന്ന മെഗാ റാഫിള്‍ പ്രൊജക്ടിന്റെ നറുക്കെടുപ്പില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാന ദാനം പിതാവ് നിര്‍വ്വഹിച്ചു. യുകെയിലെ പ്രമുഖ മോര്‍ട്ട്‌ഗേജ് അഡൈ്വസിങ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്ന 25000 പൗണ്ടാണ് ഒന്നാം സമ്മാനം.
ലോ ആന്‍ഡ് ലോയേഴ്സ് സ്പോണ്‍സര്‍ ചെയ്ത 5000 പൗണ്ട് രണ്ടാം സമ്മാനവും എംജി ട്യൂഷണ്‍ സ്്പോണ്‍സര്‍ ചെയ്തിരിക്കുന്ന 1000 പൗണ്ട് വീതം 3 പേര്‍ക്ക് മൂന്നാം സമ്മാനങ്ങളും പിതാവ് വിതരണം ചെയ്തു
ബ്രിസ്റ്റോള്‍ വിശ്വാസ സമൂഹത്തിന് ദേവാലയ സ്വപ്നം യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. മുന്‍ വികാരിയായിരുന്ന ഫാ പോള്‍ വെട്ടിക്കാട്ടിലിന്റെ നേതൃത്വത്തില്‍ ട്രസ്റ്റിമാരായ സിജി സെബാസ്റ്റിയന്‍ ,ബിനു ജേക്കബ് ,മെജോ ജോയി എന്നിവരുടേയും ഫാമിലി യൂണിറ്റ് കോര്‍ഡിനേറ്റര്‍ ബെര്‍ലി തോമസ് എന്നിവരുടേയും നേതൃത്വത്തില്‍ വളരെ നാളത്തെ കൂട്ടായ പ്രയത്‌നത്തിന്റെ ഫലമാണ് സ്വന്തമായ ദേവാലയമെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകാന്‍ കാരണം.

വുമണ്‍സ് ഫോറത്തിന്റെയും കുട്ടികളുടേയും യുവജനങ്ങളുടേയും ഇന്റേണല്‍, എക്‌സ്റ്റേണല്‍ ഫണ്ട് റൈസിങ് കമ്മറ്റി അംഗങ്ങളുടേയും മെഗാ റാഫിള്‍ കമ്മറ്റി അംഗങ്ങളുടേയും തുടങ്ങി നിരവധി പേരുടെ വര്‍ഷങ്ങള്‍ നീണ്ട അദ്ധ്വാനമാണ് ദേവാലയമെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകാന്‍ കാരണം.

ജെഗി ജോസഫ്

ഗ്ലോസ്റ്റര്‍ വിശ്വാസ സമൂഹത്തിന് ഇത് മഹീനയ നിമിഷം .ഗ്ലോസ്റ്റര്‍ സെന്റ് മേരീസ് പ്രപ്പോസ്ഡ് മിഷനെ സെന്റ് മേരീസ് മിഷനായി പ്രഖ്യാപിച്ചു. ഇടവകയാകുന്നതിന് മുമ്പുള്ള പ്രഖ്യാപനം അക്ഷരാര്‍ത്ഥത്തില്‍ ഗ്ലോസ്റ്റര്‍ സമൂഹത്തിന് മറക്കാനാകാത്ത അനുഭവമായി.

നാട്ടില്‍ നിന്ന് യുകെയിലെത്തി ഗ്ലോസ്റ്ററില്‍ താമസമാക്കിയ മലയാളി സമൂഹം കഴിഞ്ഞ 20 കൊല്ലമായി പല വൈദീകരുടേയും കീഴില്‍ പലപ്പോഴായി പ്രാര്‍ത്ഥനകള്‍ അര്‍പ്പിച്ചിരുന്നത്. പിന്നീട് ഫാ ജിബിന്‍ പോള്‍ വാമറ്റത്തില്‍ വികാരിയായി എത്തിയ ശേഷം മൂന്നു വര്‍ഷമായി എല്ലാ ഞായറാഴ്ചകളിലും വിശുദ്ധ കുര്‍ബാനയും വേദപഠനവും ആഴ്ചയില്‍ നാലു ദിവസം വിശുദ്ധകുര്‍ബാന അര്‍പ്പിക്കുന്ന സമൂഹമായി വളര്‍ന്ന സെന്റ് മേരീസ് മിഷന് ഇതൊരു ചരിത്ര നിമിഷം കൂടിയാണ്.

സീറോ മലബാര്‍ സഭയുടെ തലവന്‍ ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പിതാവിന്റെ അനുഗ്രഹത്തോടെ മിഷനായി പ്രഖ്യാപിക്കുക എന്ന ഭാഗ്യവും ഉണ്ടായി. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ സഭ പിതാവ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം. വൈകീട്ട് ഏഴേ കാലോടെ രൂപത വികാരി ജനറല്‍ ഫാന്‍സ്വാ പത്തിലും വികാരി ജിബിന്‍ പോള്‍ വാമറ്റത്തിലും ചേര്‍ന്ന് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. തുടര്‍ന്ന് എട്ടരയോടുകൂടി മേജര്‍ ആര്‍ച്ച് ബിഷപ്പിന് മെഴുകുതിരി ദീപം കൈമാറിയും മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന് ബൊക്ക നല്‍കിയും അല്‍ത്താരയിലേക്ക് സ്വീകരിച്ചു.

ആദ്യകുര്‍ബാന സ്വീകരിച്ച കുട്ടികളും വുമണ്‍സ് ഫോറത്തിലെ അംഗങ്ങളും ചേര്‍ന്ന് പിതാക്കന്മാരെ പള്ളിയിലേക്ക് ആഘോഷപൂര്‍വ്വം വരവേറ്റത്. തുടര്‍ന്ന് ചടങ്ങില്‍ പിതാവിന്റെ സെക്രട്ടറി ഫാ ടോം ഒലിയകരോട്ട് മിഷന്‍ പ്രഖ്യാപന ഡിക്രി വായിച്ചു. ഫാദര്‍ ജിബിന്‍പോള്‍ ഏവരേയും ചടങ്ങിലേക്ക് സ്വാഗതം ചെയ്തു.തന്റെ ഗുരുനാഥനായ മാര്‍ തട്ടില്‍ പിതാവിന്റെ പഴയകാല ഓര്‍മ്മകള്‍ പങ്കുവച്ചുകൊണ്ടാണ് അദ്ദേഹം സ്വാഗതം ചെയ്തത്. മാര്‍ റാഫേല്‍ തട്ടിലും സ്രാമ്പിക്കല്‍ പിതാവും ഫാ ജിബിനുംട്രസ്റ്റിമാരായ ബാബു അളിയത്ത്, ആന്റണി ജെയിംസ് എന്നിവരും ചേര്‍ന്ന് നിലവിളക്കു കൊളുത്തി മിഷന്റെ ഔദ്യോഗിക ഉത്ഘാടനം നിര്‍വ്വഹിച്ചു. മിഷന്‍ പ്രഖ്യാപന ചടങ്ങുകളായിരുന്നു പിന്നീട്.

 

വചന സന്ദേശത്തില്‍ മാര്‍ റാഫേല്‍ തട്ടില്‍ സ്വതസിദ്ധമായ നര്‍മ്മത്തില്‍ ചാലിച്ച വാക്കുകളിലൂടെ പ്രവാസികളായ വിശ്വാസ സമൂഹത്തിന്റെ വചന പ്രഘോഷണത്തിന്റെ ഉത്തരവാദിത്വത്തെ കുറിച്ചും മാതൃ സഭയോട് ചേര്‍ന്ന് സഭാ പാരമ്പര്യത്തില്‍ മക്കളെ വളര്‍ത്തികൊണ്ടു വരേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ഓര്‍മ്മിപ്പിച്ചു

നര്‍മ്മം ചാലിച്ച് തന്റെ വാക്കുകളിലൂടെ സഭയോട് ചേര്‍ന്ന് നിന്ന് പാരമ്പര്യത്തേയും വിശ്വാസത്തേയും മുറുകി പിടിച്ച് ജീവിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഉത്ബോധിപ്പിച്ചു.രണ്ട് പിതാക്കന്മാരുടേയും ആറു വൈദീകരുടെ പ്രാര്‍ത്ഥനയോടൊപ്പമാണ് ചടങ്ങു നടന്നത്.

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഗ്ലോസ്റ്റര്‍ സെന്റ് മേരീസ് മിഷന് ആശംസകള്‍ അര്‍പ്പിച്ചു. നമ്മള്‍ വലിയ പിതാവിനായി കാത്തിരിക്കുകയായിരുന്നുവെന്നും വലിയൊരു ദൈവാനുഗ്രമാണ് നമുക്കുണ്ടായിരിക്കുന്നതെന്നും പ്രസംഗ വേളയില്‍ അദ്ദേഹം പറഞ്ഞു. ട്രസ്റ്റി ആന്റണി ജെയിംസ് പിതാക്കന്മാര്‍ക്കും പങ്കുചേര്‍ന്ന മറ്റ് വിശ്വാസകള്‍ക്കുമെല്ലാം നന്ദി പറഞ്ഞു. ജൂബി ബിജോയ് അവതാരികയായിരുന്നു.

ശേഷം ഏവര്‍ക്കും മധുരം വിതരണം ചെയ്തു. പിതാവിനൊപ്പം ഗായക സംഘം , കമ്മറ്റി അംഗങ്ങള്‍, വുമണ്‍സ് ഫോറം തുടങ്ങി ഏവരും ഫോട്ടോകള്‍ എടുത്തു. ഗ്ലോസ്റ്ററിലെ സെന്റ് മേരീസ് സീറോ മലബാര്‍ സമൂഹത്തിന് ഇതു സന്തോഷ നിമിഷമായിരുന്നു.ഫാ ജിബിന്‍ പോള്‍ വാമറ്റത്തിന്റെ നേതൃത്വത്തില്‍ ട്രസ്റ്റിമാര്‍ക്കൊപ്പം മുഴുവന്‍ കമ്മറ്റി അംഗങ്ങളുടേയും ഒത്തൊരുമയോടെയുള്ള പ്രവര്‍ത്തനമാണ് ചടങ്ങ് ഗംഭീരമാക്കിയത്.

 

ഷൈമോൻ തോട്ടുങ്കൽ

ബർമിംഗ് ഹാം . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ആസ്ഥാന മന്ദിരം മാർ യൗസേഫ് പാസ്റ്ററൽ സെന്ററിന്റെ ആശിർവാദവും , ഉത്‌ഘാടനവും ബിർമിംഗ്ഹാമിലെ ഓസ്കോട്ട് ഹില്ലിൽ സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ നിർവഹിച്ചു . ഗ്രേറ്റ് ബ്രിട്ടൻ രൂപത രൂപീകൃതമായി എട്ട് വർഷങ്ങൾ പൂർത്തീകരിച്ച സന്ദർഭത്തിൽ രൂപതയ്ക്ക് ലഭിച്ച ഈ വലിയ ദൈവാനുഗ്രഹത്തിന് നന്ദി അർപ്പിചു കൊണ്ട് ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ എല്ലാ മിഷനുകളിൽ നിന്നും ഇടവകകളിൽ നിന്നും എത്തിയ മുന്നൂറോളം പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിനോടൊപ്പം മാർ റാഫേൽ തട്ടിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെയും , സീറോ മലബാർ സഭയുടെയും ചരിത്രത്തിലെ നിർണ്ണയാകമായ ഈ മുഹൂർത്തം നാട മുറിച്ച് ഉത്‌ഘാടനം ചെയ്യുകയും തുടർന്ന് ആശിർവാദ കർമ്മം നിർവഹിക്കുയും ചെയ്തത് .സീറോ മലബാർ സഭയുടെ തലവനും പിതാവുമായ മാർ റാഫേൽ തട്ടിലിന്റെ കാർമ്മികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയോടെയാണ് ആശിർവാദ കർമ്മങ്ങൾ ആരംഭിച്ചത് . മാർ ജോസഫ് സ്രാമ്പിക്കൽ , രൂപതയിൽ സേവനം ചെയ്യുന്ന മറ്റ് വൈദികർ എന്നിവർ സഹ കാർമ്മികർ ആയിരുന്നു .പന്ത്രണ്ട് റീജിയനുകളിലായി ഗ്രേറ്റ് ബ്രിട്ടൻ മുഴുവനായി വ്യാപിച്ച് കിടക്കുന്ന ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ അജപാലന പ്രവർത്തനങ്ങളുടെ ഏകോപനം ലക്ഷ്യമാക്കി വാങ്ങിയ ഈ അജപാലന കേന്ദ്രം , പത്തൊൻപതാം നൂറ്റാണ്ട് മുതൽ ബ്രിട്ടനിലെ കത്തോലിക്കാ വിശ്വാസത്തിന്റെ പ്രധാന കേന്ദ്രമായിരുന്ന ബിർമിംഗ് ഹാമിലെ ഓൾഡ് ഓസ്‌കോട്ട് ഹില്ലിൽ 13 , 500 ചതുരശ്ര അടി വിസ്തൃതി യിൽ ആണ് സ്ഥിതി ചെയ്യുന്നത് , രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തിൽ മുഴുവൻ വൈദികരുടെയും സന്യസ്തരുടെയും എല്ലാ പ്രാർത്ഥനയുടെയും നിശ്ചയദാർഢ്യത്തോടെയുള്ള ധനസമാഹരണത്തിൻ്റെയും ഫലമായിട്ടാണ് ചുരുങ്ങിയ സമയത്തിനുള്ളിൽ 1.1 മില്യൺ പൗണ്ട് (ഏകദേശം 11 കോടി രൂപ) സമാഹരിച്ച് പാസ്റ്ററൽ സെന്റർ എന്ന ലക്ഷ്യം രൂപത സാധ്യമാക്കിയത് .

സിസ്റ്റേഴ്സ് ഓഫ് വിർജിൻ മേരി എന്ന സന്യാസിനി വിഭാഗത്തിൻ്റെ പ്രവർത്തനങ്ങളായിരുന്നു ഇതുവരെ ഇവിടെ നടന്നിരുന്നത്. ആംഗ്ലിക്കൻ സഭയിൽ നിന്നും കത്തോലിക്കാ വിശ്വാസം സ്വീകരിച്ചു വന്ന കന്യാസ്ത്രീകൾക്കായി സെൻ്റ് സിസിലിയ ആബിയാണ് ഈ കെട്ടിടം നിർമ്മിച്ചത്.

1.8 ഏക്കർ സ്ഥലവും കാർ പാർക്കും ഈ പ്രോപ്പർട്ടിയിൽ ഉൾപ്പെടുന്നു. കെട്ടിടത്തിൽ നിലവിൽ 22 ബെഡ്റൂമുകളും 50 പേർക്ക് താമസിക്കാൻ കഴിയുന്ന ഡോർമറ്ററിയും അനുബന്ധ ഹാളുകളും 50 പേർക്ക് ഒരേ സമയം ഭക്ഷണം കഴിക്കാൻ കഴിയുന്ന ഡൈനിംഗ് ഹാളും കിച്ചണും 100 പേരേ ഉൾക്കൊള്ളാവുന്ന ചാപ്പലുമുണ്ട്. നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായി കഴിയുമ്പോൾ ഇപ്പോഴുള്ളതിലേറെ സൗകര്യങ്ങൾ ബിൽഡിംഗിൽ ക്രമീകരിക്കാൻ കഴിയുമെന്നാണ് സഭാധികാരികൾ പ്രതീക്ഷിക്കുന്നത്.


ബ്രിട്ടണിൽ ചുരുങ്ങിയ വർഷങ്ങൾ കൊണ്ടാണ് മാർ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തിൽ എഴുപതിനായിരത്തിലധികം അംഗങ്ങളുള്ള വിശ്വാസ സമൂഹമായി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വളർന്നത്. ജോലി തേടിയും ഉന്നത വിദ്യാഭ്യാസത്തിനുമായി ബ്രിട്ടണിലെത്തിയ സീറോ മലബാർ സഭാംഗങ്ങളുടെ വിശ്വാസ പാരമ്പര്യം സംരക്ഷിക്കുന്നതിനും ഇവിടെ ജനിച്ചു വളരുന്ന പുതിയ തലമുറയുടെ ആത്മീയവും ഭൗതീകവുമായ ഉന്നമനവും ലക്ഷ്യമാക്കിയുമാണ് സഭയുടെ പ്രവർത്തനങ്ങൾ. രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെയും വിവിധ കമ്മീഷനുകളുടെയും നേതൃത്വത്തിൽ വിശ്വാസതീഷ്ണമായ പ്രവർത്തനങ്ങളാണ് ബ്രിട്ടണിലെ മുഴുവൻ മിഷനുകളിലും നടന്നുകൊണ്ടിരിക്കുന്നത്.

രൂപതാധ്യക്ഷന്റെ സ്ഥിരമായ താമസസ്ഥലം എന്നതിന് ഉപരിയായി ബ്രിട്ടണിലെ സീറോ മലബാർ രൂപതാ വിശ്വാസികളുടെയും വൈദികർ, സന്യസ്തർ എന്നിവരുടെയും ഔദ്യോഗിക ആസ്ഥാനമായാവും പാസ്റ്ററൽ സെന്ററിന്റെ പ്രവർത്തനം.

കുട്ടികൾ. യുവജനങ്ങൾ, കുടുംബ കൂട്ടായ്മകൾ എന്നിവർക്ക് ആവശ്യമായ പരിശീലനം നൽകുന്നതിനും അവർക്ക് ഒത്തുചേരാനുള്ള വേദിയായും പാസ്റ്ററൽ സെന്റർ മാറും. രൂപതയുടെ വിവിധ കമ്മിഷനുകളുടെ പ്രോഗ്രാമുകൾക്കും ധ്യാനങ്ങൾക്കും പൊതുവായ കൂടിച്ചേരലുകൾക്കും വിവാഹ ഒരുക്ക സെമിനാറുകൾക്കും പാസ്റ്ററൽ സെന്ററിൽ സൗകര്യമുണ്ടാകും. രൂപതയുടെ വിവിധ ആവശ്യങ്ങളിൽ വോളന്റിയർ ശുശ്രൂഷ ചെയ്യുന്ന ആളുകൾക്ക് സൗകര്യപ്രദമായി ഒത്തുചേരുന്നതിനും പാസ്റ്ററൽ സെന്റർ വേദിയാകും.രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ , പ്രോട്ടോ സിഞ്ചെല്ലൂസ് റെവ ഡോ ആന്റണി ചുണ്ടെലിക്കാട്ട് ,പാസ്റ്ററൽ കോഡിനേറ്റർ റെവ ഫാ ടോം ഓലിക്കരോട്ട് , , ചാൻസിലർ റെവ ഡോ മാത്യു പിണക്കാട്ട് , വൈസ് ചാൻസിലർ റെവ ഫാ ഫാൻസ്വാ പത്തിൽ ,ഫിനാൻസ് ഓഫീസർ റെവ ഫാ ജോ മൂലശ്ശേരി വി സി , പാസ്റ്ററൽ കൗൺസിൽ സെക്രെട്ടറി റോമിൽസ് മാത്യു , എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി .

ഷിബി ചേപ്പനത്ത്

ലണ്ടൻ:- പരിശുദ്ധ സുറിയാനി സഭയുടെ യുകെ ഭദ്രാസന കുടുംബ സംഗമം 2024 സെപ്റ്റംബർ 28, 29 ശനി, ഞായർ തീയതികളിൽ ലെസ്റ്റർ സെന്റ് മേരീസ് ഇടവകയുടെ ആതിഥേയത്വത്തിൽ ലെസ്റ്ററിലുള്ള പ്രജാപതി ഹാളിൽ വച്ചു നടത്തപ്പെടുന്നു. യുകെ ഭദ്രാസന കൗൺസിലിന്റെ നേതൃത്വത്തിൽ നടത്തുന്ന കുടുംബ സംഗമത്തിന്റെ മുഴുവൻ ക്രമീകരണങ്ങളും ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഐസക് മാർ ഒസ്താത്തിയോസ് തിരുമേനിയുടെ മേൽനോട്ടത്തിൽ വിവിധ കമ്മിറ്റികൾ ഏകോപിപ്പിച്ച് ഭംഗിയായി നടത്തിവരുന്നു.

28 ശനിയാഴ്ച രാവിലെ 8 മണി മുതൽ വിശ്വാസികളെ സ്വീകരിക്കുന്ന രീതിയിലാണ് ചടങ്ങുകൾ ക്രമീകരിച്ചിട്ടുള്ളത്. മുഖ്യാതിഥിയായി എഴുന്നുള്ളി വന്ന് പ്രസ്തുത ചടങ്ങിന്റെ ഉൽഘാടനം നിർവഹിക്കുന്നത് മാർത്തോമ്മാ സഭയുടെ നിലക്കൽ ഭദ്രാസനാധിപൻ റിട്ട. റവ.ഡോ. ജോസഫ് മാർ ബർണാബാസ് സഫ്രഗൻ മെത്രാപ്പോലീത്ത ആയിരിക്കും. ചടങ്ങിൽ ഇടവക മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. കേരളത്തിൽ നിന്നും വരുന്ന ഡോ. സി ഡി വർഗീസ് സാർ നയിക്കുന്ന കുടുംബ നവീകരണ സെമിനാറുകളും, കുട്ടികൾക്കും, കൗമാരക്കാർക്കും പ്രത്യേകം ബൈബിൾ ക്ലാസുകളും അന്നേദിവസം നടത്തപ്പെടും. വെകിട്ട് സന്ധ്യാപ്രാത്ഥനക്കു ശേഷം ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളിൽ നിന്നുമുള്ളവർ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ ചടങ്ങിനു മാറ്റു കൂട്ടും.

29 ഞായറാഴ്ച രാവിലെ 8.30 പ്രഭാത പ്രാത്ഥനയും മഹാ പരിശുദ്ധനായ യൽദോ മാർ ബസേലിയോസ് ബാവായുടെ ഓർമ്മപ്പെരുന്നാൾ ഭദ്രാസനടിസ്ഥാനത്തിൽ ഭദ്രാസന മെത്രാപ്പോലിത്ത അഭിവന്ദ്യ ഐസക് മാർ ഒസ്താത്തിയോസ് തിരുമേനിയുടെ മുഖ്യ കാർമ്മികത്വത്തിൽ വിശുദ്ധ അഞ്ചിൻമേൽ കുർബാനയോടും കൂടി നടത്തപ്പെടും. തുടർന്ന് പ്രദക്ഷിണം ആശീർവാദം പൊതു സമ്മേളനം ഉച്ചഭക്ഷണം കൊടിയിറക്ക് എന്നിവയോടുകൂടി കുടുംബസംഗമത്തിന് തിരശ്ശീല വീഴും.

ആയിരത്തിൽ പരം വിശ്വാസികൾ സെപ്റ്റംബർ 15 ന് അവസാനിക്കുന്ന ഓൺലൈൻ രജിസ്ട്രേഷൻ വഴിയായി ഇതിനോടകം പ്രസ്തുത ചടങ്ങിൽ പങ്കെടുക്കുന്നുണ്ടെന്ന വിവരം ഭഭ്രാസന നേതൃത്വം അറിയിച്ചു കഴിഞ്ഞു. ഇനിയും കുടുംബ സംഗമത്തിൽ പങ്കെടുക്കാൻ താൽപര്യപ്പെടുന്നവരും കൂടുതൽ വിവരങ്ങൾ ആഗ്രഹിക്കുന്നവരും താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടുക
Fr. ABIN MARKOSE- (GENERAL CONVENOR)
07404240659
SHIBI CHEPPANATH
(MSOC UK TREASURER)
07825169330.

ജിമ്മി മൂലംകുന്നം

യുകെയിൽ അജപാലന സന്ദർശനം നടത്തുന്ന സീറോ മലബാർ സഭയുടെ തലവനും പിതാവുമായ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ ബർമിംഗ്ഹാം മിഷനായ സാറ്റിലി ഇടവകയിൽ സ്വീകരണം നൽകും. സെപ്റ്റംബർ 16-ാംതീയതിയാണ് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ഇവിടെ എത്തിച്ചേരുന്നത് .

അന്നേ ദിവസം വൈകിട്ട് 6 മണിക്ക് നടക്കുന്ന വിശുദ്ധ കുർബാനയിൽ പരിശുദ്ധ പിതാവിനോടൊപ്പം രൂപത അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവും കാർമികത്വം വഹിക്കും. തദവസരത്തിൽ വിശുദ്ധ കുർബാനയിലും വിശുദ്ധ കർമ്മങ്ങളിലും ഇടവക ജനങ്ങൾ മുഴുവനും ഒന്നിച്ച് പങ്കെടുത്ത് ദൈവാനുഗ്രഹം പ്രാപിക്കാൻ എല്ലാ ഇടവക കുടുംബങ്ങളെയും വികാരി ഫാ. ടെറിൻ മുല്ലക്കര വളരെ സ്നേഹത്തോടെ ക്ഷണിച്ചു കൊള്ളുന്നു.

ബിനോയ് എം. ജെ.

മനുഷ്യരിൽ വിജ്ഞാനം എങ്ങനെ സംഭവിക്കുന്നു? പാശ്ചാത്യ ശാസ്ത്രകാരന്മാരുടെ അഭിപ്രായത്തിൽ ബാഹ്യലോകത്തിൽ നിന്നുള്ള സംവേദനങ്ങളെ പഞ്ചേന്ദ്രിയങ്ങളിലൂടെ ഗ്രഹിക്കുമ്പോൾ ഉള്ളിൽ അതിനെക്കുറിച്ചുള്ള അറിവ് നിറയുന്നു. എന്നാൽ പഞ്ചേന്ദ്രിയങ്ങളിലൂടെ അറിവ് പ്രവേശിക്കുന്നില്ലെന്നുള്ളത് നമുക്ക് വ്യക്തമായി അറിവുള്ള കാര്യമാണ്. ഉദാഹരണത്തിന് നിങ്ങൾ ഒരു വസ്തുവിനെ കാണുമ്പോൾ പ്രകാശം മാത്രമേ കണ്ണിലൂടെ പ്രവേശിക്കുന്നുള്ളൂ. ഒരു സ്വരം ശ്രവിക്കുമ്പോൾ വായു മാത്രമേ ചെവിയിലേക്ക് പ്രവേശിക്കുന്നുള്ളൂ. മറ്റിന്ദ്രിയങ്ങളുടെ കാര്യവും ഇതുപോലൊക്കെത്തന്നെ. ഭൗതിക ലോകത്തിൽ നിന്നും ഭൗതിക വസ്തുക്കൾ മാത്രമേ ഉള്ളിലേക്ക് പ്രവേശിക്കുന്നുള്ളൂ. വിജ്ഞാനം ഒരു വസ്തുവോ, പ്രകാശമോ, വായുവോ അല്ല. അത് ഭൗതിക വസ്തുക്കളിൽ നിന്നും തികച്ചും ഭിന്നമാണ്. ഇനി തലച്ചോറിലാണ് വിജ്ഞാനം സംഭവിക്കുന്നത് എന്നു വന്നാൽ അതും ഒരു ഭൗതിക വസ്തു തന്നെ. ഭൗതിക വസ്തുക്കൾക്ക് ചലിക്കുവാനേ കഴിയൂ. നമ്മുടെ തലച്ചോറിനുള്ളിൽ സംഭവിക്കുന്ന ചലനങ്ങളിൽ നിന്നുമാണ് അറിവ് സംഭവിക്കുന്നത് എന്നു വന്നാൽ അപ്പോഴും അറിവ് ചലനത്തിൽ നിന്നും ഭിന്നമാണ്. അപ്പോൾ അറിവിനെ സമ്മാനിക്കുന്ന മറ്റെന്തോ നമ്മുടെ ഉള്ളിൽ ഉണ്ടെന്നുള്ളത് സമ്മതിക്കേണ്ടി വരും. ഈയറിവാകട്ടെ അനന്തമാകുവാനേ വഴിയുള്ളൂ. കാരണം ഈ പ്രപഞ്ചത്തിൽ ഉള്ള എന്തിനെയും അറിയുവാനുള്ള കഴിവ് നമുക്കുണ്ട്. ആ കഴിവ് നമുക്കിപ്പോൾ അനുഭവവേദ്യമല്ലായിരിക്കാം. എങ്കിലും അതവിടെ ഉറങ്ങി കിടപ്പുണ്ട്. ബാഹ്യമായ എന്തെങ്കിലും സംവേദനം വരുമ്പോൾ അതുണരുന്നു.

അനന്തമായ വിജ്ഞാനം ഉള്ളിലുണ്ടെങ്കിലും നമുക്കത് അനുഭവവേദ്യമല്ലാത്തത് എന്തുകൊണ്ട്? മനസ്സ് അതിനെ മറക്കുന്നു! അത്യന്തം തേജസ്സോടെ പ്രകാശിക്കുന്ന സൂര്യനെ മേഘങ്ങൾ മറക്കുമ്പോൾ സൂര്യപ്രകാശം വേണ്ടവണ്ണം ഭൂമിയിൽ എത്തുന്നില്ല.ഇതുപോലെ മനസ്സാകുന്ന മേഘം ഉള്ളിലുള്ള വിജ്ഞാനസൂര്യനെ മറക്കുന്നു. ഇനി എന്താണ് മനസ്സ്? തെറ്റായ അറിവുകളുടെ സമാഹാരമാകുന്നു മനസ്സ്. അത് ആപേക്ഷികജ്ഞാനമാകുന്നു. നിർവ്വചിക്കുവാനാവാത്ത അനന്തജ്ഞാനത്തെ നിർവ്വചിക്കുവാനുള്ള പാഴ്ശ്രമത്തിൽ നിരപേക്ഷികജ്ഞാനം അപേക്ഷികജ്ഞാനമായി രൂപാന്തരപ്പെടുന്നു. ഈ അപേക്ഷികജ്ഞാനത്തിൽ പകുതിയോളം കളവുകളും തെറ്റുകളുമാകുന്നു. ഇപ്രകാരമുള്ള തെറ്റായ വിജ്ഞാനം മനുഷ്യനെ സദാ ആശയക്കുഴപ്പത്തിലാക്കുന്നു. ലോകത്തെക്കുറിച്ചുള്ള നമ്മുടെ അറിവ് പരിശോധിച്ചാൽ അതിൽ പകുതിയും നിഷേധാത്മകമാണെന്ന് കാണാം. ഈ നിഷേധാത്മക വിജ്ഞാനം എവിടെ നിന്നും കടന്നു കൂടുന്നു? തെറ്റായ അറിവ് അഥവാ അജ്ഞാനം നാം ബാഹ്യലോകത്തിൽ നിന്നും കടം വാങ്ങുന്നതാണ്. ഉദാഹരണത്തിന് ഏതെങ്കിലും ഒരു ശാസ്ത്രകാരൻ പറയുന്നു ‘ഭൂമിയെ ലക്ഷ്യം വച്ച് ഒരു ക്ഷുദ്രഗ്രഹം പാഞ്ഞു വരുന്നു. അത് അധികകാലം താമസിയാതെ ഭൂമിയിൽ പതിക്കും’. വേറെ കുറെ ശാസ്ത്രകാരന്മാർ അതിനെ ശരിവക്കുകയും ചെയ്യുന്നു. തീർന്നു! ലോകം മുഴുവൻ ഭീതിയുടെ മുൾമുനയിൽ നിൽക്കും. പിന്നീടിവിടെ ആർക്കും സമാധാനമുണ്ടാകില്ല. വിനോദങ്ങൾക്കും സർഗ്ഗാത്മകതയ്ക്കും പിന്നീടാരും പോകില്ല. ആനന്ദവും ആസ്വാദനവും തിരോഭവിക്കും. ഭൂമി ഒരു നരകമായി മാറും. കുറെ കാലം കഴിയുമ്പോൾ അതേ ശാസ്ത്രകാരന്മാർ തന്നെ തങ്ങൾക്ക് ചില തെറ്റുകൾ പറ്റിയതായി സമ്മതിക്കുന്നു. അങ്ങനെ ഒരു ക്ഷുദ്രഗ്രഹം പാഞ്ഞു വരുന്നില്ല. ഹൊ! രക്ഷപെട്ടു! സുഖത്തിന്റെയും, ആനന്ദത്തിന്റെയും, ശുഭാപ്തി വിശ്വാസത്തിന്റെയും ഒരു പുനർജ്ജന്മം! വീണ്ടും ജീവിതം ഭാവാത്മകമാകുന്നു. ഇപ്രകാരം ബാഹ്യവിജ്ഞാനം മനുഷ്യന് എന്നും ഒരു പ്രശ്നമാണ്.

ഉള്ളിലുള്ള അനന്തജ്ഞാനത്തിൽ അജ്ഞാനത്തിന്റെ കലർപേയില്ല. അത് അത്യന്തം പ്രകാശപൂരിതവും ഭാവാത്മകമാകുന്നു. അത് വ്യംഗ്യമാണ്(implicit). എന്നാൽ വ്യംഗ്യമായ ഈ അനന്തജ്ഞാനത്തെ മനസ്സിന് വേണ്ടാ. അതിന് പരിമിതികളാണ് വേണ്ടത്. കാരണം മനസ്സ് തന്നെ പരിമിതിയുടെ പര്യായമാണ്. അത് അനന്തജ്ഞാനത്തെ പരിമിതജ്ഞാനമാക്കി(explicit knowledge) മാറ്റുന്നു. ചെറുപ്പം തൊട്ടേ നമുക്ക് കിട്ടുന്ന വിദ്യാഭ്യാസം വാച്യമായ പരിമിതജ്ഞാനമാണ്. അതുകൊണ്ട് വലിയ പ്രയോജനമൊന്നുമില്ല. എത്ര പഠിച്ചാലും നാം പഴയ ആളുകൾ തന്നെ. പാശ്ചാത്യരിൽ നിന്നും കടമെടുത്ത ഈ വിദ്യാഭ്യാസസമ്പ്രദായം മാറേണ്ടിയിരിക്കുന്നു. മനസ്സിനെ ഏകാഗ്രമാക്കുവാനാണ് പരിശ്രമിക്കേണ്ടത്. മനസ്സ് തിരോഭവിക്കേണ്ടിയിരിക്കുന്നു. വാസ്തവത്തിൽ നമുക്ക് യാതൊന്നും പഠിക്കേണ്ടതായില്ല. പഠിച്ചവയെ മറക്കുകയാണ് വേണ്ടത്(unlearning). കാരണം നമുക്ക് എല്ലാമറിയാം. ആ അനന്തജ്ഞാനം പ്രകാശിക്കണമെങ്കിൽ അൽപജ്ഞാനം തിരോഭവിക്കേണ്ടിയിരിക്കുന്നു.

അതിനാൽ നാം ചെറുപ്പം തൊട്ടേ മനസ്സിൽ കയറ്റി വച്ചിരിക്കുന്ന മഠയത്തരങ്ങളെ ഓരോന്നായി എടുത്തു കളയുവിൻ. നാം ജീവിക്കുന്നത് നുണകളുടെ ഒരു ലോകത്താണ്. അത്യന്തം സത്യമെന്ന് കരുതി നാം മനസ്സിൽ പൂജിക്കുന്ന ആശയങ്ങളും നുണകൾ തന്നെ. ഒരാശയത്തെ എതിർത്തുകൊണ്ട് മറ്റൊരാശയം. പരസ്പരവിരുദ്ധമായ ഈ ആശയങ്ങളിൽ ഏതാണ് ശരി? രണ്ടും നുണകൾ തന്നെ. നുണകളെ സത്യമായി സ്വീകരിച്ചാൽ നാം പിന്നീട് ദു:ഖിക്കേണ്ടി വരും. അപ്പോൾ പിന്നെ എന്താണ് സത്യം? നുണയുടെ സ്പർശമേൽക്കാത്തതും പ്രപഞ്ചത്തെ മുഴുവൻ വിശദീകരിക്കുവാൻ കഴിവുള്ളതുമായ ഒരാശയം നമ്മുടെ ഉള്ളിൽ പ്രകാശിക്കുന്നുണ്ട്. അതിനു മുൻപിൽ ബാഹ്യമായ ലൗകിക വിജ്ഞാനങ്ങൾ തുച്ഛങ്ങളും നിഷ്പ്രഭങ്ങളുമാണ്. ആ മഹത്തത്വത്തെ കണ്ടെത്തുവാൻ ശ്രമിക്കുവിൻ. അത് കിട്ടിയാൽ പിന്നെ നിങ്ങൾ ഈശ്വരതുല്യനാണ്. ബാഹ്യലോകത്തെ കുറിച്ച് പഠിച്ചുകൊണ്ട് നിങ്ങൾക്ക് ഈ അനന്തജ്ഞാനത്തെ ആർജ്ജിച്ചെടുക്കുവാനാവില്ല. പകരം അവനവനിലേക്ക് തന്നെ തിരിയേണ്ടിയിരിക്കുന്നു.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

ഷൈമോൻ തോട്ടുങ്കൽ

ലണ്ടൻ : സീറോ മലബാർ സഭയിലെ പ്രവാസി രൂപതകളിൽ ഏറ്റവും സജീവവും ഊർജ്ജ സ്വലവുമായ രൂപതയാണ് ഗ്രേറ്റ് ബ്രിട്ടൻ രൂപതയെന്ന് സഭയുടെ തലവനും പിതാവുമായ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ . രൂപതയിൽ അജപാലന സന്ദർശനം നടത്തുന്ന അദ്ദേഹം റാംസ്‌ഗേറ്റിലെ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ രൂപതയുടെ വൈദിക സമിതിയെ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു . വിശ്വാസ പരിശീലനത്തിലും , അല്മായ ശുശ്രൂഷയിലും അജപാലന ശുശ്രൂഷയിലും യൂറോപ്പിലെ സഭയ്ക്ക് തന്നെ മാതൃകയാണ് ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ പ്രവർത്തനങ്ങൾ ഗ്രേറ്റ് ബ്രിട്ടനിലേക്ക് വിവിധ ജോലി മേഖലകൾ തേടി കുടിയേറിയിട്ടുള്ള എഴുപതിനായിരത്തോളം സഭാ മക്കളുണ്ട് ,അവരുടെ കുടിയേറ്റം സാമ്പത്തിക ഉന്നമനം മാത്രം ലക്ഷ്യമാക്കിയുള്ളതാകരുതെന്നും ദൈവം പ്രതീക്ഷിക്കുന്ന പ്രേഷിത ശുശ്രൂഷയ്ക്കായി നിയമിക്കപ്പെട്ട് അയക്കപ്പെട്ടവരാണ് തങ്ങളെന്ന് ബോധ്യപ്പെടണമെന്നും അദ്ദേഹം ഉത്‌ബോധിപ്പിച്ചു .

രൂപതയുടെ പ്രൗഢമായ വൈദിക സമിതിക്ക് ഈ നാടിന്റെ സംസ്കാരത്തിൽ വിശ്വാസ സമൂഹത്തെ പടുത്തുയർത്താനും നയിക്കാനുമുള്ള കടമയുണ്ട് . പുതിയ തലമുറക്ക് സ്വീകാര്യമാകുന്ന വിധത്തിൽ തദ്ദേശീയ സംസ്കാരത്തിലും ഭാഷയിലും അജപാലന ശുശ്രൂഷ നിർവഹിക്കാനുള്ള പരിശ്രമങ്ങൾ നടത്തേണ്ടതുണ്ട് , അതിനായി നിസ്വാർഥമായ ആത്മസമർപ്പണവും , കഠിനാദ്ധ്വാനവും വൈദിക സമൂഹം ഏറ്റെടുക്കേണ്ടതുണ്ട് .

പ്രതിസന്ധികളുടെയും ക്ലേശങ്ങളുടെയും മദ്ധ്യേ പ്രത്യാശാപൂർവം വൈദികർ ദൈവജനത്തിനായി ഏറ്റെടുക്കുന്ന അദ്ധ്വാനങ്ങൾ വിലമതിക്കേണ്ടവയാണെന്ന് പിതാവ് അനുസ്മരിച്ചു . രൂപതയെ ശ്രദ്ധാപൂർവം നയിക്കുന്നതിനും , ഒരു വ്യക്തി സഭയെന്ന നിലയിലുള്ള സീറോ മലബാർ സഭയുടെ തനിമയും വ്യതിരക്തതയും കാത്ത് സൂക്ഷിക്കുന്നതിനും രൂപതാധ്യക്ഷനായ മാർ ജോസഫ് സ്രാമ്പിക്കൽ നടത്തുന്ന പരിശ്രമങ്ങളെ മേജർ ആർച്ച് ബിഷപ് അനുമോദിച്ചു .

വൈദികസമ്മേളനത്തിൽ സംബന്ധിക്കുവാൻ എത്തിയ മേജർ ആർച്ച് ബിഷപ്പിനെ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ സ്വാഗതം ചെയ്തു , രൂപതയിലെ വൈദികരുമായി ഏറെ നേരം ആശയവിനിമയം നടത്തിയ ശേഷമാണ് മാർ തട്ടിൽ മടങ്ങിയത് . രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് റെവ ഡോ ആന്റണി ചുണ്ടെലിക്കാട്ട് നന്ദി അർപ്പിച്ചു .

ക്രിസ്തീയ ഭക്തിഗാന രംഗത്ത് മറ്റൊരു പൊൻതൂവൽ കൂടി ചാർത്തി ശ്രീ സാനു സാജൻ അവറാച്ചൻ , ഈ കഴിഞ്ഞ സെപ്റ്റംബർ എട്ടാം തീയതി പരിശുദ്ധ കന്യകാമറിയത്തിന്റെ ജനന തിരുനാളിനോട് അനുബന്ധിച്ച് ,സാനുവിന്റെ മറ്റൊരു ഗാനവും കൂടെ റിലീസ് ആയിരിക്കുകയാണ് . “നിത്യവും എൻ അമ്മ” . തൂവെള്ള അപ്പമായി എന്ന കെസ്റ്റർ ആലപിച്ച ഗാനവും , തിരുമുഖം കാണുമ്പോൾ എന്ന മധു ബാലകൃഷ്ണൻ ആലപിച്ച ഗാനവും സൂപ്പർ ഹിറ്റ് ആയി നിൽക്കുമ്പോഴാണ് – ‘അമ്മേ മാതാവേ’ എന്ന് തുടങ്ങുന്ന ” നിത്യവും എൻ അമ്മ” എന്ന ആൽബത്തിലെ ഗാനം ശ്രദ്ധേയമാകുന്നത് .

ഇതിലെ വരികളും സംഗീതവും സാനു സാജൻ അവറാച്ചൻ തന്നെയാണ് നിർവഹിച്ചിരിക്കുന്നത് , ഈ ഗാനത്തിന്റെ ഏറ്റവും പ്രത്യേകത പുതുമുഖ ഗായികയായ സെറീന സിറിൽ ഐക്കരയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത് . വർഷങ്ങളായി യുകെയിലെ സ്റ്റോക്ക് ഓൺ ട്രെൻഡിൽ താമസിച്ചുവരുന്ന സിറിൽ ഐക്കരയുടെയും ഷിബി സിറിലിന്റെയും മകളാണ് സെറീന .

തന്റെ ചെറുപ്രായം മുതൽ സംഗീതത്തെ ഇഷ്ടപ്പെടുകയും ആദ്യ പിന്നണി ഗാനത്തിന്റെ റിലീസിന്റെ സന്തോഷത്തിലും ആണ് സെറീന .

ശ്രീ ടോം പാലായുടെ ഓർക്കസ്ട്രേഷനിൽ Made 4Memories എന്ന യൂട്യൂബ് ചാനലിൽ ഇറങ്ങിയ ഈ ഗാനം ,വളരെ ജനശ്രദ്ധ നേടി മുന്നോട്ട് പോകുന്നു .

Copyright © . All rights reserved