Spiritual

ക്രിസ്മസ് ക്രിസ്ത്യാനികള്‍ക്കു മാത്രമല്ല, എല്ലാ ജനതകള്‍ക്കും ഉള്ള സുവിശേഷമാണ്. ആ ദിവ്യജനനം പല സമസ്യകള്‍ക്കുമുള്ള ഉത്തരമായിരുന്നു. ക്രിസ്മസ് എന്നത് മലയാളികളെ സംബന്ധിച്ചിടത്തോളം ഒരുപാട് ഓർമ്മകളുടെ വസന്തകാലമാണ്. ക്രിസ്മസ് അലങ്കാരങ്ങൾ അതിൽ പ്രധാപ്പെട്ട ഒന്നാണ്. ആഘോഷത്തിന്റെ ഓർമ്മകൾ നമ്മുടെ ജീവിതത്തിലേക്ക് ഓടിയെത്തുന്നു. ക്രിസ്തുദേവന്റെ ജനനം നാം ആഘോഷിക്കപ്പെടുമ്പോൾ നമ്മുടെ കുട്ടികൾക്കുള്ള വിശ്വാസപരിശീലനത്തിന്റെ ആദ്യക്ഷരങ്ങളാകുന്നു. അലങ്കാരങ്ങൾ പല തരത്തിൽ പ്രത്യക്ഷപ്പെടുന്നു… നക്ഷത്രങ്ങൾ, മനോഹരമായ നിറങ്ങളോടുകൂടിയ ബൾബുകൾ, ക്രിസ്മസ് ട്രീ എന്നിവയെല്ലാം ഇതിൽ ചിലതുമാത്രം.. എന്നാൽ ഇവയെല്ലാം സമന്വയിപ്പിച്ചു കാലിത്തൊഴുത്തിൽ പിറന്ന ഉണ്ണിയേശുവിന്റെ ഓർമ്മക്കായ് പുൽക്കൂടുകൾ നിർമ്മിക്കപ്പെടുബോൾ അതിൽ അത്യുത്സാഹം കാണിക്കുന്നത് കുട്ടികൾ തന്നെയാണ്.. പ്രവാസജീവിതത്തിൽ പുൽക്കൂടുകൾ ഉണ്ടാക്കാൻ സമയം കണ്ടെത്തുക അൽപം പ്രയാസമുള്ള കാര്യമാണ്. എന്നിരുന്നാലും നമ്മുടെ പ്രവാസജീവിതത്തിൽ സമയം കണ്ടെത്തി നമ്മുടെ ജീവിതത്തിലെ നല്ല ഓർമ്മകൾ സ്വന്തം കുട്ടികൾക്ക് പകർന്നുനൽകുവാൻ ഏറ്റവും അധികം ശ്രമിക്കന്നവരിൽ മലയാളികൾ മുൻപിൽ തന്നെ.. അത്തരത്തിൽ സ്റ്റോക്ക് ഓൺ ട്രെന്റ് മാസ്സ് സെന്ററിന്റെ നേതൃത്വത്തിൽ  നടന്ന പുൽക്കൂട്‌മത്സരം എന്തുകൊണ്ടും എല്ലാവരുടെയും ശ്രദ്ധയാകർഷിച്ചു.  അതിമോഹരമായ കരവിരുതുകൾ പുറത്തുവന്നപ്പോൾ പുൽക്കൂട്‌ മത്സരം കടുത്തതായി.. അവസാന ഫലം പുറത്തുവന്നപ്പോൾ ഒന്നാം സമ്മാനമായി റിജോ ജോൺ സ്‌പോർസർ ചെയ്‌ത £100 ഡും, ടി ജി ജോസഫ്    മെമ്മോറിയൽ എവർറോളിങ് ട്രോഫി ജെയിംസ് ആൻറണി കരസ്ഥമാക്കിയപ്പോൾ ജോഷി വർഗ്ഗീസ് സ്പോൺസർ ചെയ്‌ത £75 ഉം മേലേത്ത് വർഗ്ഗീസ് മെമ്മോറിയൽ എവർറോളിങ് ട്രോഫിയും ജോസ് ആൻറണി നേടിയെടുത്തു. മൂന്നാം സമ്മാനമായി ജോസ് വർഗ്ഗീസ് സ്പോൺസർ ചെയ്ത £50 ഉം ൈകമഠം തുരുത്തിൽ ഔസേപ്പ് വർഗ്ഗീസ് മെമ്മോറിയൽ എവർറോളിങ് ട്രോഫി ഡേവിഡ് എബ്രഹാം നേടിയെടുത്തു. ക്രിസ്മസ് കുർബാനക്ക് ശേഷം മാസ്സ് സെന്റിന്റെ നേതൃത്വം വഹിക്കുന്ന ഫാദർ ജയ്‌സൺ കരിപ്പായി സമ്മാനങ്ങൾ വിതരണം ചെയ്‌തു . പങ്കെടുത്ത എല്ലാവർക്കും പ്രോത്സാഹന സമ്മാനങ്ങൾ കൊടുക്കുകയും ചെയ്‌തു.ആഘോഷങ്ങൾ നല്ലതെങ്കിലും അതിന്റെ പൂർണ്ണത നേടുവാൻ ചില നല്ല ചിന്തകൾ കൂടി നമ്മൾ കുട്ടികൾക്കായി പങ്കുവയ്‌ക്കേണ്ടതുണ്ട്. ക്രിസ്മസിന്റെ ചൈതന്യം ആഡംബരത്തിലല്ല, ലാളിത്യത്തിന്റെ സൗകുമാര്യത്തിലാണ് അനുഭവിക്കേണ്ടത് എന്ന് മനസിലാക്കികൊടുക്കുവാൻ മറന്നുപോകരുത്. പരിമിതമായ സൗകര്യങ്ങള്‍ പരാതി കൂടാതെ സ്വീകരിക്കാന്‍ സാധിക്കുന്ന മാനസികാവസ്ഥ കുട്ടികൾക്ക്  അപരിചിതമാവരുത്. അനവധിയാളുകള്‍ ദാരിദ്ര്യത്തിലും മരണഭയത്തിലും  കഴിയുമ്പോൾ സുഖലോലുപതയും ധൂര്‍ത്തും നമ്മെയും നമ്മുടെ കുട്ടികളെയും  കീഴ്‌പ്പെടുത്താതിരിക്കട്ടെ. പങ്കുവയ്ക്കലിന്റെയും പരസഹായത്തിന്റെയും പാഠങ്ങളാണു യേശു നല്‍കിയത്. ക്രിസ്മസ് നല്‍കുന്നതു സ്വാര്‍ഥതയില്ലാത്ത ഉള്‍ച്ചേരലിന്റെയും വിശാലമായ കാഴ്ചപ്പാടുകളുടെയും ചൈതന്യമാണ് എന്ന കാര്യം മറക്കാതിരിക്കുക.ശാന്തരാത്രിയാണു വിശുദ്ധരാത്രിയായത്. ബലിയല്ല, കരുണയാണു ദൈവപുത്രന്‍ ആവശ്യപ്പെട്ടത്. യേശു ജനിച്ച പ്രശാന്ത രാത്രിയുടെ ഓര്‍മയിലൂടെ സമാധാനത്തിന്റെയും കരുണയുടെയും അലൗകിക പ്രഭ നമ്മളിലേക്കും നമ്മുടെ കുട്ടികളിലേയ്ക്കും പടരണം. ക്രിസ്മസ് ഒരു ദിവ്യജനനത്തിന്റെ അനുസ്മരണം മാത്രമല്ല, സംസ്‌കാരോദയത്തിന്റെ വിളംബരംകൂടിയാണ്. ജീവരക്ഷയ്ക്ക് ഉണ്ണിയേശു പലായനം ചെയ്യേണ്ടിവന്നു. അഭയം തേടുന്നവര്‍ക്കെതിരേ അതിര്‍ത്തിയില്‍ മുള്ളുകമ്പികൾ തീര്‍ക്കുന്നവരുണ്ട്; വാതില്‍പ്പാളികള്‍ കൊട്ടിയടയ്ക്കുന്നവരുണ്ട്. യൂറോപ്പിലെ ക്രസ്‌തവ  ഇടവകകള്‍ ഒരു അഭയാര്‍ഥികുടുംബത്തെയെങ്കിലും ദത്തെടുക്കണമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ കഴിഞ്ഞ വർഷം അഭ്യര്‍ഥിച്ചത് പൂല്‍ക്കൂടിന്റെ ചൈതന്യം ഉള്‍ക്കൊണ്ടാണ്. യൂറോപ്പിലെ ജീവിതത്തിലെ ആഘോഷവേളകളിൽ ഉള്ള സമ്മാന പെരുമഴയിൽ നമ്മുടെ കുട്ടികൾ വീണുപോവാതെ സൂക്ഷിക്കാൻ നമുക്കാവട്ടെ. പുതുവർഷത്തിലേക്കു നാം സഞ്ചരിക്കുമ്പോൾ നമ്മുടെ ചിന്താഗതികൾ മാറ്റുവാൻ കെൽപ്പുള്ളതായിരിക്കട്ടെ ഇത്തരം ക്രിസ്മസ് ചിന്തകൾ…

സന്ദര്‍ലാന്‍ഡ്: പുതുവര്‍ഷത്തെ പ്രാത്ഥനകളോടെ വരവേല്‍ക്കാന്‍ സന്ദര്‍ലാന്‍ഡ് സീറോ മലബാര്‍ കത്തോലിക്കാ സമൂഹം ഒരുങ്ങുന്നു. ഡിസംബര്‍ 31 ശനിയാഴ്ച വൈകുന്നേരം 7.30ന് തുടങ്ങുന്ന ആരാധനകള്‍ പാതിരാ കുര്‍ബാനയോടെയും സമാപിക്കുന്നു. പ്രാര്‍ത്ഥന നിര്‍ഭരമായ ശുശ്രൂഷകളിലേക്ക് ഏവരെയും യേശുനാമത്തില്‍ സ്വാഗതം ചെയ്യുന്നു. ജനുവരി 2 ചൊവ്വാഴ്ച, നടക്കുന്ന ക്രിസ്തുമസ് സംഗമത്തില്‍ സീറോ മലബാര്‍ ചാപ്ലയിന്‍ ബഹു. ഫാ. സജി തോട്ടത്തില്‍ ക്രിസ്തുമസ് സന്ദേശം നല്‍കും.

സെ. ജോസഫ്‌സ് ചര്‍ച്ച് വികാരി ബഹു. ഫാ. മൈക്കില്‍ മക്കോയ് മുഖ്യാതിഥിയായിരിക്കും. ക്രിസ്തുമസ് സംഗീതവും ആശസകളും കൊണ്ട് മുഖരിതമാകുന്ന സന്ധ്യയില്‍ ക്രിസ്തുമസ് ഡിന്നറോടെ പരിപാടികള്‍ക്ക് പരിസമാപ്തി കുറിക്കും. ഈ സ്‌നേഹ സംഗമത്തിലേക്ക് എല്ലാ അംഗങ്ങളെയും സ്വാഗതം ചെയുന്നു.

അഡ്രസ് : സെ. ജോസഫ്‌സ് ചര്‍ച്ച്, സന്ദര്‍ലാന്‍ഡ്- SR4 6HP

സന്ദര്‍ലാന്‍ഡ്: കേരളത്തിലെ വിവിധ ക്രൈസ്തവ സമൂഹങ്ങളുടെ നേതൃത്വത്തില്‍ വര്‍ഷം തോറും നടത്തിവരാറുള്ള എക്യുമെനിക്കല്‍ ക്രിസ്മസ് കരോള്‍ സംഗീത സന്ധ്യ ഈ വര്‍ഷം ജനുവരി 7 ഞായറാഴ്ച വൈകുന്നേരം 5.00ന് ന്യൂകാസില്‍ സെ. ജെയിംസ് & സെ. ബേസില്‍ ചര്‍ച്ച് ഹാളില്‍ വെച്ച് വിശിഷ്ട വ്യക്തികളുടെ മഹനീയ സാന്നിധ്യത്തില്‍ തുടക്കമാകുന്നു. ക്രൈസ്തവ വിശ്വാസവും പൈതൃകവും മുറുകെപ്പിടിച്ചുകൊണ്ട് തങ്ങള്‍ക്കു കിട്ടിയ വിശ്വാസദീപത്തെ വരും തലമുറയ്ക്ക് കൈമാറാനും അതനുസരിച്ച് ജീവിക്കാനും വെമ്പുന്ന മലയാളി ക്രൈസ്തവര്‍, സ്‌നേഹത്തിന്റെ ക്രിസ്മസ് സന്ദേശം സഹോദരങ്ങള്‍ക്ക് കൈമാറാനുള്ള എളിയ സംരംഭത്തില്‍ കത്തോലിക്ക, ഓര്‍ത്തഡോക്‌സ്, ജാക്കോബൈറ്റ്, മാര്‍ത്തോമ സഭകളുടെ സാന്നിധ്യം കൊണ്ട് സമ്പന്നമാകും.

വിവിധ സഭകളുടെ വൈദീക ശ്രേഷ്ഠന്മാരും മറ്റു വിശിഷ്ടാഥിതികളും സാക്ഷ്യം വഹിക്കുന്ന ചടങ്ങില്‍ നോര്‍ത്ത് ഈസ്റ്റിലെ മലയാളികളുടെ ശൈത്യകാല സമ്മേളനമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇത്തവണ പതിവിനു വിഭിന്നമായി ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടിക്കൊണ്ട്, കരോള്‍ ആഘോഷത്തില്‍ നിന്നും കിട്ടുന്ന വരുമാനം സമൂഹത്തിലെ അശരണരായവര്‍ക്കു കൈത്താങ്ങാകാന്‍ ഉപയോഗപ്പെടുത്താന്‍ ആഗ്രഹിക്കുന്നു. ക്രിസ്തീയ സ്‌നേഹത്തിന്റെ ചൈതന്യം മറ്റുള്ളവരില്‍ എത്തിക്കാനുള്ള എളിയ ശ്രമത്തിന് സമൂഹത്തിന്റെ നാനാവിഭാഗങ്ങളില്‍ നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നത്. ഇതൊരു വലിയ തുടക്കത്തിന്റെ ചെറിയ ആരംഭമാകെട്ടെയെന്നു ഇതിന്റെ സംഘാടകര്‍ ആശിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 07947947523

സംഗമ വേദി : St James & St Basil Church Hall, Fenham, Wingrove Road North,Newcastle upon Tyne. NE4 9EJ

മനുഷ്യനിൽ ദൈവത്തെ തേടാനുള്ള ആഹ്വാനമാണ് ക്രിസ്മസ്.. കാലിതൊഴുത്തോളം താണിറങ്ങുന്ന കരുണ്ണ്യത്തിന്റെ പേരാണ് ദൈവം.. ക്രിസ്മസ് മനുഷ്യജീവിതത്തിന്റെ ഏതൊരാവസ്ഥയിലും ദൈവം കൂടെയുണ്ട് എന്ന പ്രത്യാശ നൽകുന്നു.. ദൈവകാരുണ്യത്തിന് ഹൃദയം തുറക്കുന്നവർക്കുള്ളതാണ് സമാധാനം എന്നതാണ് ക്രിസ്മസിന്റെ സന്ദേശം… മഞ്ഞ് പെയ്യുന്ന രാവ്, മാനത്ത് തിങ്ങി നിൽക്കുന്ന നക്ഷത്രങ്ങൾ, ഉണ്ണിയേശുവിന്റെ വരവിന് സ്വാഗതമരുളുന്ന മഞ്ഞ്  പെയ്യുന്ന പുലരികൾ… സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ഓർമ്മകൾ ഉണർത്തുന്ന ക്രിസ്മസ്… സ്‌നേഹം മണ്ണില്‍ മനുഷ്യനായ് പിറന്നതിന്റെ ഓര്‍മ്മക്കായ്….നാടെങ്ങും ആഘോഷതിരികള്‍ തെളിയുന്ന ഈ വേളയില്‍ മാലാഖമാരുടെ സംഗീതവും കണ്ണുചിമ്മുന്ന താരകങ്ങളും മണ്ണിലും വിണ്ണിലും നിറയുന്ന ആഘോഷ വേളകൾ…

ക്രിസ്മസിന്റെ സംഗീതമെന്നാല്‍ കരോള്‍ ഗാനങ്ങളാണ്. പതിമൂന്നാം നൂറ്റാണ്ടു മുതല്‍ കരോള്‍ ഗാനങ്ങള്‍ പിറവിയെടുത്തു എന്നാണ് പറയുന്നത്. ആനന്ദംകൊണ്ട് നൃത്തം ചെയ്യുക എന്നര്‍ത്ഥം വരുന്ന carole എന്ന ഫ്രഞ്ച് വാക്കില്‍ നിന്നുമാണ് കരോള്‍ എന്ന വാക്കിന്റെ ഉത്ഭവം. ആദ്യകാലത്തെ കരോള്‍ ഗാനങ്ങളില്‍ ഭൂരിഭാഗവും ലാറ്റിന്‍ ഭാഷയില്‍ ഉള്ളവയായിരുന്നു.  രാത്രി രാത്രി രജത രാത്രി, യഹൂദിയായിലെ, പുല്‍കുടിലില്‍ തുടങ്ങിയ കേരളത്തിലെയും പ്രവാസി മലയാളുകളുടെയും ക്രിസ്മസ് രാത്രികളില്‍ ഉയര്‍ന്നു കേള്‍ക്കുന്ന സൂപ്പർ ഹിറ്റ് കരോൾ ഗാനങ്ങളിൽ പെടുന്നവയാണ്.

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ സ്റ്റോക്ക് ഓൺ ട്രെന്റ് മാസ്സ് സെന്ററിൽ ഇദംപ്രഥമമായി സംഘടിപ്പിച്ച കരോൾ ഗാനമത്സരം ഏവരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ പ്രഥമ അധ്യക്ഷനായ ജോസഫ് സ്രാമ്പിക്കൽ പിതാവ് സന്നിഹിതനായിരുന്ന കരോൾ ഗാനമൽസരം എല്ലാം കൊണ്ടും അനുഗ്രഹീതമായിരുന്നു. മാസ്സ്  സെന്റററിലെ എല്ലാ യൂണിറ്റുകളും വലിയ തോതിലുള്ള പരിശീലനപരിപാടികൾ നടത്തി ഒരേ തരത്തിലുള്ള കോസ്ട്യുമുകൾ ഉൾപ്പെടെയുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിക്കി മൽസര വേദിയിൽ എത്തിയപ്പോൾ ജഡ്ജുമാർ പോലും ആർക്ക് കൊടുക്കും എന്ന കാര്യത്തിൽ തീരുമാനം എടുക്കാൻ ബുദ്ധിമുട്ടി എന്ന് അവർതന്നെ സാക്ഷ്യപ്പെടുത്തുകയുണ്ടായി ഫലപ്രഖ്യാപനത്തിൽ…

വളരെ വാശിയേറിയ മത്സരത്തിനൊടുവിൽ സെക്രട്ട് ഹാർട്ട് ട്രെന്റ് വെയിൽ യൂണിറ്റ് ഒന്നാം സമ്മാനം കരസ്ഥമാക്കിയപ്പോൾ ഹോളി ഫാമിലി യൂണിറ്റ് ഹാൻഫോർഡ്, സെന്റ് മാർട്ടിൻ യൂണിറ്റ് മൈൽ ഹൗസ് എന്നിവർ യഥാക്രമം രണ്ടും മൂന്നും കരസ്ഥമാക്കി.

 

കോഓപ്പറേറ്റീവ് അക്കാദമിയിൽ മൂന്ന് മണിക്ക് ആരംഭിച്ച വിശുദ്ധ കുർബാനക്ക് ശേഷമായിരുന്നു കരോൾ മൽസരം നടത്തപ്പെട്ടത്. മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ്, മാസ്സ് സെന്ററിന്റെ ചുമതല വഹിക്കുന്ന ഫാദർ ജെയ്‌സൺ കരിപ്പായി, പിതാവിന്റെ സെക്രട്ടറി ഫാ: പതുവ പത്തിൽ, ഫാ: ജോർജ്,  ഫാ: വിൽഫ്രഡ് എന്നിവർ സന്നിഹിതരായിരുന്നു…

ലോകമെങ്ങും ക്രിസ്തു ദേവന്‍റെ തിരുപ്പിറവി ആഘോഷിക്കാന്‍ ഒരുങ്ങി കഴിഞ്ഞു. പ്രവാസ ജീവിതത്തിന്‍റെ തിരക്കുകള്‍ക്കിടയിലും ലോകമെങ്ങുമുള്ള മലയാളി സമൂഹവും ക്രിസ്തുമസിനെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ്. യുകെ മലയാളികള്‍ ക്രിസ്തുമസ് ആഘോഷിക്കുന്നതില്‍ മറ്റെല്ലായിടത്തും ഉള്ളവരെക്കാള്‍ ഒരു പടി മുന്‍പില്‍ തന്നെയാണുള്ളത്. തിരുപ്പിറവിയുടെ സന്ദേശവുമായി കരോള്‍ സംഘങ്ങള്‍ യുകെയിലെ എല്ലാ മലയാളി ഭവനങ്ങളിലും സന്ദര്‍ശനം നടത്തിക്കഴിഞ്ഞു.

ലെസ്റ്റര്‍ മലയാളികളും ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് വലിയ ഒരുക്കങ്ങള്‍ ആണ് നടത്തിയിട്ടുള്ളത്. ലെസ്റ്റര്‍ സീറോ മലബാര്‍ വികാരി ഫാ. ജോര്‍ജ്ജ് ചേലയ്ക്കലിന്റെ നേതൃത്വത്തില്‍ ആണ് ലെസ്റ്റര്‍ മലയാളികള്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് ഒരുങ്ങുന്നത്.  ലെസ്റ്റര്‍ മലയാളികളുടെ ക്രിസ്തുമസ് ആഘോഷങ്ങളുടെ പരിസമാപ്തിയ്ക്ക് ഇന്ന് ഒന്‍പത് മണിക്ക് ആരംഭിക്കുന്ന സംയുക്ത ക്രിസ്തുമസ് കരോള്‍ ഗാനാലാപനത്തോടെ തുടക്കം കുറിക്കും.

ഇന്ന് രാത്രി പത്തു മണിക്ക് ആരംഭിക്കുന്ന പാതിരാ കുര്‍ബ്ബാനയ്ക്ക് മുന്നോടിയായി മദര്‍ ഓഫ് ഗോഡ് ഓഡിറ്റോറിയത്തില്‍ ക്രിസ്മസ് കരോള്‍ (ഗ്ലോറിയ 2017) കൃത്യം ഒന്‍പതു മണിക്ക് തന്നെ ആരംഭിച്ച് ഒന്‍പത് അന്‍പതിന് അവസാനിക്കുന്നതായിരിക്കും. മനസ്സില്‍ എന്നും നിറഞ്ഞു നില്‍ക്കുന്ന ക്രിസ്മസ് ഗാനങ്ങളുമായി നിങ്ങളുടെ മുന്നിലേക്ക് എത്തുന്നത് ലെയ്‌സെസ്റ്ററിലെ തന്നെ കലാകാരന്‍മാര്‍ ആണ്. ലൈവ് ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടെ നടത്തുന്ന കരോള്‍ ഗാനാലാപനം ഏവരുടെയും മനം നിറയ്ക്കുമെന്നു ഉറപ്പാണ്‌.

ലെസ്റ്റര്‍ ലൈവ്, ലെസ്റ്റര്‍ മെലഡീസ്, എല്‍.എം.ആര്‍., കൂടാതെ ലെസ്റ്ററിലെ അനുഗ്രഹീത ഗായികാ ഗായകരും സംഗീതോപകരണ വിദഗ്ധരും പങ്കെടുക്കുന്ന ലൈവ് ഷോയ്ക്ക് ശബ്ദസംവിധാനം ഒരുക്കുന്നത് ജാസ് ലൈവ് ഡിജിറ്റല്‍ ആണ്.

ബെന്നി മേച്ചേരിമണ്ണില്‍

റെക്‌സം രൂപതയിലെ സേക്രഡ് ഹാര്‍ട്ട് ചര്‍ച്ച് ഹവാര്‍ഡനില്‍ കേരളാ കമ്മ്യൂണിറ്റി സംയുക്തമായി ആഘോഷമായ ക്രിസ്മസ് മലയാളം പാട്ടുകുര്‍ബാനയും പുതുവര്‍ഷ ആഘോഷവും ഡിസംബര്‍ മാസം 30-ാം തിയതി ശനിയാഴ്ച മൂന്നുമണിക്ക് ജപമാല പ്രാര്‍ത്ഥനയോടെ ആരംഭിക്കുന്നു. ശനിയാഴ്ച 3.30ന് നടക്കുന്ന ആഘോഷമായ പാട്ടുകുര്‍ബാനക്കു റെക്‌സം രൂപതാ കോര്‍ഡിനേറ്റര്‍ ഫാദര്‍ റോയ് കോട്ടക്കുപുറം മുഖ്യ കാര്‍മ്മികനാകുന്നതും രൂപതയിലുള്ള മറ്റു വൈദികര്‍ സഹകാര്‍മ്മികര്‍ ആകുന്നതും ക്രിസ്തുമസ് പുതുവത്സര സന്ദേശം നല്‍കുന്നതുമാണ്. കുര്‍ബാന മദ്ധ്യേ രൂപതയിലുള്ള കുട്ടികള്‍ക്ക് കാഴ്ച വൈപ്പിനുള്ള സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.

ആഘോഷമായ മലയാളം പാട്ടുകുര്‍ബാനയിലും മറ്റു പ്രാത്ഥന ശുശ്രൂഷകളില്‍ രൂപതയിലുള്ള മറ്റു കുര്‍ബാന സെന്ററുകളില്‍ നിന്നും അയല്‍ ഇടവകളില്‍ നിന്നും വിശ്വാസികള്‍ എത്തിച്ചേരുന്നതാണ്. കുര്‍ബാനക്ക് ശേഷം ക്രിസ്മസ് കേക്ക് മുറിക്കലും വൈന്‍ വിതരണവും തുടര്‍ന്ന് സ്നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്.

ആഘോഷമായ ക്രിസ്മസ് പാട്ടുകുര്‍ബാനയിലും പുതുവത്സര പ്രാര്‍ത്ഥനകളിലും പങ്കുചേര്‍ന്ന് പുല്‍ക്കൂട്ടില്‍ പിറന്ന ഉണ്ണി യേശുവിന്റെ അനുഗ്രഹം പ്രാപിക്കുവാനും ശാന്തിയും സമാധാനവും നിറഞ്ഞ ഒരു പുതുവത്സരത്തെ പ്രാര്‍ത്ഥനാ പൂര്‍വം വരവേല്‍ക്കുവാന്‍ റെക്‌സം രൂപതയിലും പരിസര പ്രദേശത്തുമുള്ള എല്ലാ വിശുവാസികളെയും സ്‌നേഹത്തോടെ സേക്രഡ് ഹാര്‍ട്ട് ചര്‍ച്ച് ഹവാര്‍ഡനിലേക്കു സ്‌നേഹത്തോടെ സ്വാഗതം ചെയ്യുന്നു.

ഫാദര്‍ റോയ് കോട്ടയ്ക്ക് പുറം Sdv 07763756881.

പള്ളിയുടെ വിലാസം പോസ്റ്റ് കോഡ് – SACRED HEART CHURCH , HAWARDEN _ CH53D

ഫാ. ബിജു കുന്നയ്ക്കാട്ട് പിആര്‍ഒ

നോര്‍ത്തലര്‍ട്ടണ്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയിലെ വിമെന്‍സ് ഫോറം പ്രസ്റ്റണ്‍ റീജിയണിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 29-ാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 5 മുതല്‍ 9 വരെ രാത്രി ജാഗരണ പ്രാര്‍ത്ഥന (നൈറ്റ് വിജില്‍) നടത്തപ്പെടുന്നു. നോര്‍ത്തലര്‍ട്ടണ്‍ സേക്രഡ് ഹാര്‍ട്ട് ദേവാലയത്തില്‍ വച്ച് നടക്കുന്ന വി. കുര്‍ബാനയ്ക്കും മറ്റു തിരുക്കര്‍മ്മങ്ങള്‍ക്കും റവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട്, റവ. ഫാ. സജി തോട്ടത്തില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

ജപമാല, പരി. കുര്‍ബാന, വചന പ്രഘോഷണം, ദിവ്യകാരുണ്യ ആരാധന, കുമ്പസാരം തുടങ്ങിയ ശുശ്രൂഷകള്‍ ഉണ്ടായിരിക്കും. പ്രസ്റ്റണ്‍ റീജിയണിലെ ഇരുപത്തിമൂന്ന് വി. കുര്‍ബാന സെന്ററുകളിലുമുള്ള എല്ലാ വനിതകളെയും ഈ ശുശ്രൂഷകളിലേയ്ക്ക് ക്ഷണിക്കുന്നതായി പ്രസിഡന്റേ ജോളി മാത്യു, സെക്രട്ടറി സിനി നോസി എന്നിവര്‍ അറിയിച്ചു. പള്ളിയുടെ അഡ്രസ്: സേക്രട്ട് ഹാര്‍ട്ട് കാത്തലിക് ചര്‍ച്ച്
41, Thirsk Road (തര്‍സ്‌ക് റോഡ്)
നോര്‍ത്തലര്‍ട്ടണ്‍, DL 6 1 PJ

ഫാ. ബിജു കുന്നയ്ക്കാട്ട് പിആര്‍ഒ

നോട്ടിംഗ്ഹാം: സകല ജനത്തിനും സന്തോഷവും രക്ഷയും പ്രദാനം ചെയ്ത് മനുഷ്യനായി മണ്ണിലവതരിച്ച ദൈവപുത്രന്‍ ഈശോയുടെ തിരുപ്പിറവിയുടെ ആഘോഷങ്ങള്‍ നോട്ടിംഗ്ഹാമിന്റെ വിവിധ ഭാഗങ്ങളിലുള്ള വി. കുര്‍ബാന സെന്ററുകളില്‍ നടക്കുന്നു. ക്ലേ ക്രോസ് സെന്റ് പാട്രിക് ആന്റ് സെന്റ് ബ്രിഡ്ജെറ്റ് കത്തോലിക്കാ ദേവാലയത്തില്‍ ഇന്ന് വൈകിട്ട് 6 മണിക്ക് തിരുപ്പിറവിയുടെ കര്‍മ്മങ്ങള്‍ ആരംഭിക്കും. തുടര്‍ന്ന് ആഘോഷമായ പരി. കുര്‍ബാന അര്‍പ്പിക്കപ്പെടും. (പള്ളിയുടെ അഡ്രസ്സ്: 50 Thanet Street, Clay Cross, Chester Field, S 45 9JT).

ഡെര്‍ബി സെന്റ് ജോസഫ്സ് കത്തോലിക്കാ ദേവാലയത്തില്‍ പാതിരാ കുര്‍ബാനയോടനുബന്ധിച്ച് നടക്കുന്ന തിരുക്കര്‍മ്മങ്ങള്‍ ഇന്ന് വൈകിട്ട് 10.30ന് കുട്ടികളുടെയും മുതിര്‍ന്നവരുടെയും കരോള്‍ ഗാനങ്ങളോടെ ആരംഭിക്കും. തുടര്‍ന്ന് ആഘോഷമായ ക്രിസ്തുമസ് പാട്ട് കുര്‍ബാനയും തിരുപ്പിറവിയുടെ കര്‍മ്മങ്ങളും നടക്കും. (പള്ളിയുടെ അഡ്രസ്: St. Joseph’s Catholic Church, Burton Road, Derby, DEI ITJ).

നോട്ടിംഗ്ഹാം സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ കമ്മ്യൂണിറ്റിയില്‍ പിറവിയുടെ തിരുക്കര്‍മ്മങ്ങളും ആഘോഷമായ ക്രിസ്തുമസ് കുര്‍ബാനയും നാളെ (തിങ്കള്‍) ഉച്ചകഴിഞ്ഞ് 2 മണി മുതല്‍ St. Paul’s Catholic Church, Lenton Boulevard ദേവാലയത്തില്‍ നടക്കും. വി. കുര്‍ബാനയ്ക്കും കുട്ടികളുടെ കരോള്‍ഗാനം അവതരിപ്പിക്കപ്പെടും. തുടര്‍ന്ന് ഇടവകയിലെ വിവിധ വാര്‍ഡുകളുടെ സൗഹൃദ കരോള്‍ഗാന മത്സരവും ഉണ്ടായിരിക്കും. തുടര്‍ന്ന് പാരിഷ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ തിരുപ്പിറവിയുടെ രംഗാവിഷ്‌കാരം, ക്രിസ്തുമസ് പാപ്പായുടെ സന്ദേശം തുടങ്ങിയവയും നടക്കും.

തിരുക്കര്‍മ്മങ്ങള്‍ക്ക് വികാരി ഫാ. ബിജു കുന്നയ്ക്കാട്ട്, കൈക്കാരന്മാര്‍, കമ്മിറ്റിയംഗങ്ങള്‍, വാര്‍ഡ് ലീഡേഴ്സ്, മതാധ്യാപകര്‍, വിമെന്‍സ് ഫോറം പ്രതിനിധികള്‍, വോളണ്ടിയേഴ്സ് തുടങ്ങിയവര്‍ നേതൃത്വം നല്‍കും. തിരുക്കര്‍മ്മങ്ങളില്‍ പങ്കുചേരാനും ഈശോയുടെ തിരുജനനത്തിന്റെ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാനും ഏവരെയും ഏറെ സ്നേഹത്തോടെ ക്ഷണിക്കുന്നു. (നോട്ടിംഗ്ഹാം പള്ളിയുടെ അഡ്രസ്: St. Paul’s Roman Catholic Church, Lenton Boulevard, Nottingham, NG 7 2 BY).

ഫാ.ഹാപ്പി ജേക്കബ്

മശിഹാ എന്ന കര്‍ത്താവ് ദാവീദിന്റെ പട്ടണത്തില്‍ ഇന്ന് നിങ്ങള്‍ക്കായി ജനിച്ചിരിക്കുന്നു, നിങ്ങള്‍ക്കടയാളമോ ശീലകള്‍ ചുറ്റി പശുത്തൊട്ടിയില്‍ കിടക്കുന്ന ഒരു ശിശുവിനെ നിങ്ങള്‍ കാണും. വി. ലൂക്കോസ് 2:11

ദൈവപുത്രന്റെ ജനനം സമാഗതമായി. തിരുപ്പ്ിറവി പെരുന്നാള്‍ ആഘോഷിക്കുവാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി. ഏവരുടേയും ഉള്ളില്‍ സന്തോഷത്തിന്റെ തിരിനാളം തെളിഞ്ഞു കത്തുന്നു. ഇരുപത്തിയഞ്ച് ദിവസത്തെ വ്രതനിഷ്ഠയില്‍ ആത്മീയ അനുഭവത്തിന്റെ സാക്ഷാത്കാരം.

ഇന്ന് നമ്മുടെ കാഴ്ചപ്പാടില്‍ സന്തോഷവും സമാധാനവുമാണല്ലോ ക്രിസ്തുമസിന്റെ കാതലായ സന്ദേശമായി കരുതുന്നത്. എന്നാല്‍ ഈ കാഴ്ചപ്പാടിന്റെ വിപരീത ദിശയിലും ക്രിസ്തുമസിന്റെ മഹത്വം നശിക്കുന്ന ദര്‍ശിക്കുന്ന അനുഭവങ്ങള്‍ നമുക്കു ചുറ്റും കാണാവുന്നതാണ്. യാദൃശ്ചികമായി സാഡ്‌നെസ്സും ക്രിസ്മസ് എന്ന് ഒരു ലഘുലേഖ കാണാനിടയായി. അതില്‍ നിന്നും കൂടുതല്‍ അന്വേഷിച്ചപ്പോള്‍ ഒരുപാട് കഥകള്‍, അല്ല ജീവിതാനുഭവങ്ങള്‍ തന്നെ വായിച്ചു ഈ ആഴ്ചയില്‍. അതിലേറെയും സ്‌നേഹബന്ധങ്ങളുടെ ഊഷ്മളതയും തീവ്രതയും നഷ്ടബോധങ്ങളുടെ നടുവിലും പ്രത്യാശ നല്‍കുന്ന അനുഭവങ്ങള്‍ ആയിരുന്നു. സന്തോഷിക്കാന്‍ വകയില്ലാതെ ജീവിക്കുന്ന അനേകായിരങ്ങളുടെ ഇടയില്‍ ക്രിസ്തുസ്‌നേഹത്തില്‍ ക്രിസ്തുമസ് ആചരിക്കുമ്പോഴാണ് ഈ ദിവസങ്ങള്‍ അര്‍ത്ഥപൂര്‍ണമാവുന്നത്. ക്രിസ്തുവിന്റെ ജനനവും ജീവിതവും ഇങ്ങനെയുള്ള പശ്ചാത്തലത്തിലും ആണ് എന്നുള്ളത് നാം വിസ്മരിക്കരുത്.

ലോക രക്ഷിതാവ്, മശിഹാ, ഇമ്മാനുവേല്‍, സമാധാനപ്രഭു, ദൈവ പുത്രന്‍ എന്ന് പറയുമ്പോഴും ജനിക്കുവാന്‍ ഇടം അന്വേഷിക്കുന്ന അനുഭവം. കഷ്ടതയുടെ പാരമ്യതയില്‍ തന്റെ പ്രസവത്തിനായി വാതിലുകള്‍ മുട്ടുന്ന ദൈവമാതാവ്. വരാവുന്ന പ്രതിസന്ധികളില്‍ പെടാതെ മാതാവിനേയും കുഞ്ഞിനേയും സംരക്ഷിക്കുന്ന വിശുദ്ധനായ ജോസഫ്. ഇതില്‍ എവിടെയാണ് നാം കാണുന്ന സന്തോഷവും സമാധാനവും. ഇതാണ് യാഥാര്‍ത്ഥ്യം എന്നറിഞ്ഞിട്ടും എന്തേ നമ്മുടെ ക്രിസ്തുമസ് ആഘോഷമായി മാറി. വര്‍ണപ്പൊലിമകളും ആഡംബരവും ധൂര്‍ത്തും എങ്ങനെ ക്രിസ്തുമസിന്റെ ഭാഗമായി.

അപ്പോള്‍ എവിടെയാണ് നമ്മുടെ ധാരണയ്ക്ക് തെറ്റുപറ്റിയത്. നൂറ്റാണ്ടുകളായി കാത്തിരുന്ന വിടുതല്‍ സാധ്യമായ ഈ ജ്ഞാന പെരുന്നാളില്‍ ഭൗതികത അല്ല ആത്മീയതയാണ് ജനന സന്ദേശമെന്ന് നാം മനസിലാക്കുക. വര്‍ണ കാഴ്ചകളല്ല പ്രത്യാശയുടെ പുഞ്ചിരിയാണ് ക്രിസ്തുമസിന്റെ അലങ്കാരം ആകേണ്ടത്.

ക്രിസ്തുമസില്‍ നമ്മുടെ സമ്പന്നതയില്‍ നിന്ന് ഒരു കഷണം കേക്ക്, ഒരു കാര്‍ഡിന് നാം ചിലവാക്കുന്ന തുക, ആഘോഷങ്ങളുടെ ചിലവില്‍ ഒരു ശതമാനം എങ്കിലും നാം യഥാര്‍ത്ഥ ക്രിസ്തുമസിന് വേണ്ടി മാറ്റിവച്ചേ മതിയാവൂ. ഒരു ആശ്വാസവാക്ക് കേള്‍ക്കുമ്പോള്‍ ക്ഷീണിതന്റെ മുഖത്ത് വിരിയുന്ന പുഞ്ചിരി, ഒരു പട്ടിണിപ്പാവത്തിന്റെ തൃപ്തി അത്രത്തോളം സംതൃപ്തി തരില്ല ഒരു ആഘോഷവും. ‘നന്മ ചെയ്യുവാനും കൂട്ടായ്മ കാണിക്കുവാനും മറക്കരുത്. ഈ വക യാഗത്തിലല്ലോ ദൈവം പ്രസാദിക്കുന്നത്” എബ്രയാര്‍ 13: 16.

ആത്മാവില്‍ നിറഞ്ഞ് ദൈവാലയത്തില്‍ ക്രിസ്തു പ്രസംഗിക്കുന്നതും ഇത് തന്നെയാണ്. വി. ലൂക്കോസ് 4: 18, 19 ദരിദ്രരോട് സുവിശേഷം അറിയിക്കുക, സന്ധന്മാര്‍ക്ക് വിടുതല്‍ നല്‍കുക, കുരുടര്‍ക്ക് കാഴ്ച കൊടുക്കുക, പീഡിതരെ വിടുവിക്കുക ഇതാകട്ടെ ഈ ക്രിസ്തുമസില്‍ നമ്മുടെ ശ്രമം.

അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വം; ഭൂമിയില്‍ ദൈവ പ്രസാദമുള്ള മനുഷ്യര്‍ക്ക് സമാധാനം. ഏവര്‍ക്കും നന്മയുടേയും സ്നേഹത്തിന്റെയും ക്രിസ്തുമസ് ആശംസകള്‍.

സ്നേഹത്തോടെ
ഹാപ്പി ജേക്കബ് അച്ചന്‍

ക്രിസ്തുമസിനോടനുബന്ധിച്ച് ഒരുക്കിയ പുല്‍ക്കൂടില്‍ അതിശയങ്ങള്‍ വിരിയിക്കുകയാണ് ഹെറെഫോര്‍ഡ്, ബ്രോഡ് സ്ട്രീറ്റ് സെന്റ് ഫ്രാന്‍സിസ് സേവിയേഴ്‌സ് ചര്‍ച്ച്. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളായി പള്ളിയില്‍ പുല്‍ക്കൂട് നിര്‍മിക്കുന്നുണ്ടെങ്കിലും ഈ വര്‍ഷം ഏറ്റനും വലിയ പുല്‍ക്കൂടാണ് നിര്‍മിച്ചിരിക്കുന്നത്. ഇത്തവണ പൂര്‍ണ്ണമായി കംപ്യൂട്ടറൈസ് ചെയ്ത പുല്‍ക്കൂടാണ് ആകര്‍ഷണം.

വെള്ളച്ചാട്ടവും മൃഗങ്ങളും രാത്രിയുടെ പശ്ചാത്തല ശബ്ദവും നദികളും മഞ്ഞുവീഴ്ചയും മൂടല്‍ മഞ്ഞും ജലധാരയും അടക്കമുള്ള സജ്ജീകരണങ്ങളാണ് ഇതില്‍ ഒരുക്കിയിരിക്കുന്നത്. ഫൈബര്‍ ഒപ്റ്റിക്‌സ് ഉപയോഗിക്കുന്ന ഡിഎംഎക്‌സ് ലൈറ്റിംഗ് സിസ്റ്റവും എല്‍ഇഡി ആകാശവും ഒരുക്കിയിട്ടുണ്ട്.

അഞ്ച് ദിവസം കൊണ്ടാണ് പാരിഷിലെ യുവാക്കള്‍ ഇത് ഒരുക്കിയത്. മെയിന്റനന്‍സ് എന്‍ജിനീയറായ മെല്‍ബിന്‍ തോമസും എയറോനോട്ടിക്കല്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയായ ലിയോനാര്‍ഡോ ബെന്റോയും ചേര്‍ന്നാണ് ഇത് ഡിസൈന്‍ ചെയ്തത്. ഇവര്‍ക്കൊപ്പം പാരിഷിലെ 14 യുവാക്കളും പുല്‍ക്കൂട് യാഥാര്‍ത്ഥ്യമാക്കാന്‍ ഒത്തു ചേര്‍ന്നു.

RECENT POSTS
Copyright © . All rights reserved